2022, ഫെബ്രുവരി 22, ചൊവ്വാഴ്ച

നങ്കി 3️⃣0️⃣

#അവസാനഭാഗം




©️Copyright Protected



.........✍️



ജയിലിലെ അധ്വാനത്തിന്റെ കൂലിയും സ്വീകരിച്ച് 

സൂപ്രണ്ട് നീട്ടിയ രജിസ്റ്ററിൽ ഒപ്പും വെച്ച്, സൂപ്രണ്ടിനോടും യാത്ര പറഞ്ഞ് നങ്കിയും സെലീനയും പുറത്തേക്ക് നടന്നു. മാലതി സൂപ്രണ്ടിന്റെ ഡ്യൂട്ടി കഴിയാനായി കാത്തിരുന്നു. തന്റെ അഭയകേന്ദ്രത്തിലേക്ക് തിരിക്കാനായി.


ജയിൽ കവാടം കഴിഞ്ഞതും കണ്ടു, കാറുമായി കാത്തു നിൽക്കുന്ന ജോസഫിനെ.


സെലീന, നങ്കിയോട് യാത്ര പറഞ്ഞ് ബസ് സ്റ്റോപ്പ്‌ ലക്ഷ്യമാക്കി പാഞ്ഞു. നങ്കി ജോസിനരികിലേക്കും നടന്നു.


കണ്ണുകളിലെ ആഹ്ലാദം മുഖത്ത് പ്രകടിപ്പിക്കാതെ ജോസഫ് കാറിന്റെ ഡോർ തുറന്നു കൊടുത്തു.


"കേറ്..."


ഒന്നും മിണ്ടാതെ കാറിനുള്ളിലേക്ക് കയറിയപ്പോൾ നങ്കിയെ മൂകത മൂടി. ഇങ്ങനെയൊരു പ്രതികരണം പ്രതീക്ഷിച്ചിരുന്നില്ല.


കുറച്ചേറെ ദൂരം പോയതിന് ശേഷമാണ് ജോസഫ് മുരടനക്കത്തോടെ തുടങ്ങിയത്.


"നീ സംസാരിക്കാനുള്ള കഴിവ് ജയിലിൽ പണയം വച്ചോ...?"


മറുപടി പറയാതെ പുറത്തേക്ക് നോട്ടമയച്ചിരുന്ന നങ്കിയുടെ കണ്ണുകൾ ഈറനണിഞ്ഞു.


"എന്റെ ഒരു സുഹൃത്തിന്റെ വീട്ടിലേക്കാ ഇപ്പൊ നിന്നെ കൂട്ടിക്കൊണ്ട് പോകുന്നത്.."


എന്തിനെന്ന ഭാവത്തിൽ ഞെട്ടിത്തിരിഞ്ഞ് നോക്കിയപ്പോഴേക്കും, ഇലത്തുമ്പിൽ നിന്നും ഇറ്റുവീണ പോലെ കവിളിലേക്ക് നീർത്തുള്ളി അടർന്നു വീണു.


"ഓ.. കരയുകയാണോ... മ്മ്... ജയിലീന്ന് ഇറങ്ങിയതില് ഇത്രയും സങ്കടമുണ്ടായിരുന്നോ.. തിരികെ കൊണ്ടുവിടണോ...?"


ശുണ്ഠിയോടെ നങ്കി മുഖം തിരിച്ചിരുന്നു.


പെട്ടെന്ന് തന്നെ കാർ ബ്രേക്കിട്ടു.


"ഇറങ്ങ്... " ജോസഫ് നിർദേശം നൽകി.



"ഇവിടെന്തിനാ ഇറങ്ങുന്നേ..!!?" നങ്കിയുടെ ചോദ്യത്തിൽ അന്ധാളിപ്പ് നിറഞ്ഞു.



"ഉത്തരം കിട്ടിയിട്ടേ ഇറങ്ങുള്ളൂ എന്നുണ്ടോ...?


എന്റെ ഒരു സുഹൃത്തിന്റെ വീടാ.. അവന്റെ ഭാര്യയും മക്കളുമുണ്ട് കൂടെ.


.. നിന്റെ ഈ വേഷമൊന്ന് മാറണം. നിന്നെ കാത്തിരിക്കുന്ന മക്കൾ ഒരിക്കലും നിന്നെ പ്രതീക്ഷിക്കുന്നത് ഈ വേഷത്തിലല്ല.  ജയിലെന്താണെന്നോ.. അമ്മ ജയിലിലായിരുന്നെന്നോ അവർക്കറിയില്ല..


പക്ഷേ, ഇന്ന് അമ്മ വരുമെന്ന് അവർക്കറിയാം. അമ്മയെ അവർ ആവേശത്തോടെയാണ് കാത്തിരിക്കുന്നതും. കുട്ടികളാണ്... അവർ ഇഷ്ടപ്പെടുന്നത് നിറമുള്ള കാഴ്ചകളാണ്. നീയും ഒന്ന് വർണ്ണാഭമായാൽ മതി...


പേടിക്കണ്ട.. സാരി തന്നെയാണ് വേഷം..


വാ..."


ജോസഫ് വീടിനുള്ളിലേക്ക് നടന്നു. പിന്നാലെ പതർച്ചയോടെ നങ്കിയും.


സങ്കോചത്തോടെയെങ്കിലും പെട്ടെന്ന് തന്നെ വേഷം മാറി നങ്കി ഹാളിലേക്ക് തിരികെ വന്നു. എത്രയും പെട്ടെന്ന് അവിടെ നിന്നും പുറപ്പെടണമെന്ന് മാത്രമേ നങ്കിയുടെ മനസ്സിലുണ്ടായിരുന്നുള്ളു.


അവർ നൽകിയ ചായ എങ്ങനെയൊക്കെയോ കുടിച്ചു തീർത്ത് നങ്കി എഴുന്നേറ്റു.


സുഹൃത്തിനോടും ഭാര്യയോടും യാത്ര പറഞ്ഞ് കാറിനുള്ളിലേക്ക് കയറിയതും നങ്കിയിൽ നിന്നും നെടുവീർപ്പുയർന്നു. 


ജോസഫ്, നങ്കിയുടെ മുഖത്തേക്ക് നോക്കി. കോട്ടൺ സാരിയിൽ നങ്കി, മുതിർന്ന ഒരു സ്ത്രീയെ പോലെ കാണപ്പെട്ടു.


"നീയെന്താ മറ്റൊരുക്കങ്ങളൊന്നും വേണ്ടെന്ന് നിർബന്ധം പിടിച്ചത്.


"ഞാനെന്താണോ ആ കോലത്തിൽ എന്റെ മക്കൾ എന്നെ കാണുന്നതും സ്വീകരിക്കുന്നതുമല്ലേ സാർ നല്ലത്..."


"അങ്ങനെയെങ്കിൽ നീയെന്തിനാ വേഷം മാറിയത്... " ജോസഫ് ചൊടിച്ചു കൊണ്ട് ചോദിച്ചു.


"ആ ചേലയ്ക്ക് ജയിലിന്റെ മണമുണ്ടായിരുന്നു.. ഒരു കുറ്റവാളിയുടെ... അത് എനിക്ക് തന്നെ അനുഭവപ്പെടുകയാ...


ഞങ്ങളിറങ്ങിയപ്പോ ജയിലിന്റെ വാതിലടഞ്ഞില്ലേ.. അപ്പൊ മറയപ്പെട്ടത് എന്റെ ഭൂതകാലം കൂടിയാണെന്ന് ഞാൻ വിശ്വസിക്കയാ..."


തിരിച്ചൊന്നും പ്രതികരിക്കാതെ ജോസഫിരുന്നു.


നിശബ്ദതയുടെ ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും ജോസഫിന്റ സ്വരമുണർന്നു.


"ഒരു പൊട്ടെങ്കിലും തൊടാമായിരുന്നു..."


"അത്... ഞങ്ങളുടെ വിശ്വാസം അനുസരിച്ച് പുരുഷൻ മരിച്ച പെണ്ണുങ്ങള് പൊട്ട് തൊട്ടുകൂടാ..."


"ഓ... അത് പുരുഷൻ 'മരിച്ച' പെണ്ണുങ്ങൾക്കുള്ള ആചാരമല്ലേ... പുരുഷനെ 'കൊന്ന' പെണ്ണുങ്ങളും പാലിക്കണമെന്നുണ്ടോ...?" നിരുപദ്രവമായ തമാശയെന്നുദ്ദേശിച്ച് ജോസഫ് വായിൽ വന്നത് പറഞ്ഞു.


നങ്കിയുടെ മുഖം മ്ലാനമായത് പെട്ടെന്നാണ്. അത് ജോസഫിലേക്കും പടർന്നു.


"ഞാനൊരു.. തമാശ പറഞ്ഞതാണ്.. " 


"മക്കൾക്ക് എന്തെങ്കിലും സമ്മാനം വാങ്ങണം സാർ.. കാശ് എന്റെ കൈയ്യിലുണ്ട്.." വിഷയത്തിൽ നിന്നും വ്യതിചലിച്ച് നങ്കി പറഞ്ഞു.


"മക്കൾക്കുള്ള സമ്മാനമൊക്കെ ഞാൻ വാങ്ങിയിട്ടുണ്ട്. ഒക്കെ പിൻസീറ്റിലുണ്ട്.  നീ നൽകിയാൽ മതി... നിന്റേതായിട്ട്..."


എന്ത്‌ പറയണമെന്നൊ എങ്ങനെ പ്രതികരിക്കണമെന്നോ നിശ്ചയമില്ലാതെ നങ്കി വീർപ്പുമുട്ടി.


"നീ അധ്വാനിച്ചതിന്റെ കൂലിയല്ലേ ഇത്... ഇരിക്കട്ടെ ഒരു കരുതലിനായി സൂക്ഷിച്ചു വയ്ക്കാം.."


ഒന്നും മിണ്ടാതെ നങ്കി പുറത്തേക്ക് നോട്ടമയച്ചിരുന്നു.


അകന്നു മറയുന്ന പുറം കാഴ്ചകളിലേക്ക് മനസ്സ് അപ്പോഴാണ് ശ്രദ്ധ കൊടുത്തത്. വർഷങ്ങൾക്ക് ശേഷം ഒരു നവ്യാനുഭൂതി തന്നെ പുല്കുന്നതായി നങ്കിയ്ക്ക് തോന്നി.


"നീ വരുന്നുണ്ടെന്ന കാര്യം ആദ്യം ആരെയും അറിയിക്കേണ്ടെന്നാ വിചാരിച്ചിരുന്നത്.. പിന്നെ തോന്നി എല്ലാവരെയും അറിയിക്കണമെന്ന്. നിന്നെ സ്വീകരിക്കാനായി എല്ലാവരും ഒരുമിച്ചു നിൽക്കണമെന്ന്.."


മന്ദഹാസത്തോടെ നങ്കി നിശ്വസിച്ചു.


"മയങ്ങണമെങ്കിൽ ഒന്ന് മയങ്ങിക്കോ.. വീടെത്തുമ്പോൾ ഞാൻ വിളിക്കാം.."


ജോസഫിന്റെ വാക്കുകളിൽ നിന്നും രക്ഷപെടാനുള്ള വ്യഗ്രതയോടെ നങ്കി പെട്ടെന്ന് കണ്ണുകളടച്ചു.


സുഖമുള്ളൊരു ഉറക്കത്തിലേക്ക് വഴുതി വീണത് ക്ഷണ നേരത്തിലാണ്.


അപ്പോൾ വിരുന്നെത്തിയ കനവിൽ, തന്നെ കാത്തിരിക്കുന്നവരുടെയൊക്കെ മുഖങ്ങൾ നിറഞ്ഞാടി. ആ കൂട്ടത്തിൽ അപ്പനും മല്ലിയും മുരുകനും ചിത്തിരയും കൊലുസ്സുമൊക്കെയുണ്ടായിരുന്നു.

നങ്കി എല്ലാരോടും കുശലാന്വേഷണം നടത്തി.


ആ സ്വപ്നത്തിനിടയിൽ തന്നെ, തന്റെ കരവിരുത് പതിപ്പിച്ച ഉപഹാരം രാഷ്ട്രപതി സന്തോഷത്തോടെ സ്വീകരിക്കുന്നതും അനുമോദിക്കുന്നതും നങ്കി കണ്ടു.


പൊടുന്നനെ ആ സന്തോഷത്തിലേക്ക് വിനോദിനി ഓടിവരികയും കൈയ്യിൽ കടന്നു പിടിക്കുകയും ചെയ്തതും നങ്കി ഞെട്ടിത്തിരിഞ്ഞു നോക്കി.  പിന്നിൽ കണ്ടത് വക്രിച്ച ചിരിയുമായി നിൽക്കുന്ന ശിവനെയാണ്.


"...ആ....))))))...." നങ്കിയുടെ നിലവിളി അന്തരീക്ഷത്തിലേക്ക് ഊളിയിട്ടു പോയി.


"നങ്കീ... നങ്കീ..."  ജോസഫിന്റെ കൈകൾ ചുമലുകളെ പിടിച്ചു കുലുക്കിയപ്പോഴാണ് നങ്കി ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നത്.


കാർ നിർത്തിയിട്ടിരിക്കുകയാണ്. വിയർത്തു പരവശയായി നങ്കി ചുറ്റും നോക്കി. ഇരുൾ വീണു തുടങ്ങിയിരുന്നു ആകമാനം. 


"നീയെന്താ സ്വപ്നം കണ്ടോ...?"


"മ്മ്... " സാരിയുടെ തലപ്പിൽ വിയർപ്പ് ഒപ്പിയെടുത്ത് നങ്കി കിതപ്പടയ്ക്കാൻ ശ്രമിച്ചു.


"വളരെ നല്ല സ്വപ്നമാണല്ലോ കണ്ടത്.. വിയർത്തു വാരിയല്ലോ..


മ്മ്.. സ്വപ്നങ്ങൾക്കൊക്കെ തത്കാലം ഇടവേള കൊടുക്ക്. വീടെത്തി.." സംസാരിച്ചു കൊണ്ടു തന്നെ ജോസഫ് തുറന്നു കിടന്ന ഗേറ്റിനുള്ളിലേക്ക് കാർ കയറ്റി.


ഗേറ്റ് കടന്നതും നങ്കിയുടെ കണ്ണുകൾ ഇരുനില ബംഗ്ലാവിന് മുന്നിൽ നിരന്നു നിൽക്കുന്നവരിലേക്കാണ് ഓടിയണഞ്ഞത്.


ഹൃദയം നിറഞ്ഞു തുളുമ്പി താനിപ്പോൾ തന്നെ മരിച്ചു പോകുമോ എന്ന് നങ്കി ഭയന്നു.


കാർപോർച്ചിലേക്ക് കയറാതെ മുറ്റത്ത് തന്നെ കാർ നിർത്തി ജോസഫിറങ്ങി. വിറയാർന്ന കൈകളാൽ ഡോർ തുറന്ന് തൊട്ടു പിന്നാലെ നങ്കിയും.



🎊🎉🎊🎉



എല്ലാ മുഖങ്ങളിലൂടെയും നങ്കിയുടെ കണ്ണുകൾ ഓടിനടന്നു. തങ്കത്തിനെ കണ്ണുകളാൽ ആശ്ലേഷിച്ച്...  നിച്ചുവിനും മുരുകനും നിറഞ്ഞ പുഞ്ചിരിയും നൽകി നങ്കി, തന്റെ മുന്നിൽ അപരിചിത്വത്തിന്റെ ഭാവങ്ങളുമായി നിൽക്കുന്ന രണ്ട് കുരുന്നു മുഖങ്ങളിലേക്ക് മിഴിയൂന്നി.


നിയന്ത്രിക്കാൻ ശ്രമിച്ചിട്ടും പരാജയപ്പെട്ട് നങ്കി പൊട്ടിക്കരഞ്ഞു. ആനന്ദാശ്രുക്കൾ നങ്കിയുടെ മുഖമാകെ മൂടി.


നിച്ചൂട്ടനും മണിക്കുട്ടിയ്ക്കും മുന്നിൽ മുട്ടിലിരുന്ന് അവരെ തന്റെ മാറോട് ചേർത്തണച്ചു. വർഷങ്ങളായി കാത്തുവച്ച സ്നേഹവും വാത്സല്യവും ഇരുവരുടെയും മുഖങ്ങളിലാകമാനം മുത്തത്താൽ പകർന്നു നൽകി.


"മക്കളേ..."


കാത്തിരുന്ന സമാഗമത്തിന്റെ സാഫല്യ വേളയിൽ ആഹ്ലാദവായ്പ്പോടെ നങ്കി വിതുമ്പി.


ച്ചേയിയേയും മക്കളെയും സ്വന്തം കരവലയത്തിലൊതുക്കി നിച്ചു തന്റെ സന്തോഷം പ്രകടമാക്കി.


ആ കാഴ്ചയിൽ തങ്കം മനസ്സ് നിറഞ്ഞു ചിരിച്ചു. 


"നങ്കീ....." തങ്കത്തിന്റെ വിളി കാതിലേക്ക് നൂഴ്ന്നിറങ്ങിയപ്പോഴാണ് നങ്കി മറ്റുള്ളവരെക്കുറിച്ച് ഓർത്തത്.


പെട്ടെന്ന് തന്നെ പൂർവസ്ഥിതിയിലേക്ക് മാറി, കണ്ണും മുഖവും അമർത്തി തുടച്ച് എഴുന്നേറ്റു നിന്നു.


തങ്കത്തിന്റെ കൈയിലിരുന്ന ആരതി തട്ടം നങ്കിയെ ഉഴിഞ്ഞു. തട്ടത്തിൽ നിന്നും ഒരു നുള്ള് കുങ്കുമം എടുത്ത് നങ്കിയുടെ നെറ്റിയിൽ ചാർത്താനായി തുനിഞ്ഞതും നങ്കി തടഞ്ഞു.


"അക്കാ.. ഞാൻ..."


"എന്താ പൊട്ട് തൊട്ടാല്.. നീ പഴയ നങ്കിപ്പെണ്ണല്ല.. കൈ മാറ്റ്.." അധികാരത്തോടെ തന്നെ തങ്കം, നങ്കിയുടെ നെറ്റിയിൽ തിലകം തൊട്ടു.


ഇടം കണ്ണാൽ ജോസഫിലേക്ക് നങ്കിയുടെ നോട്ടം പാളി വീണു.


ആ കണ്ണുകൾ നങ്കിയുടെ മുഖത്തായിരുന്നു.


"അകത്തേക്ക് കയറ്..." ജോസഫ് നിർദ്ദേശിച്ചു.


മക്കളുടെ കൈ പിടിച്ചു കൊണ്ട് നങ്കി ആ വലിയ ബംഗ്ലാവിനുള്ളിലേക്ക് കാലെടുത്തു വച്ചു.


"ദാ... നങ്കീ മക്കൾക്കുള്ള സമ്മാനം.. നീ വാങ്ങിയതല്ലേ.. നീ തന്നെ കൊടുക്ക്.. " ജോസഫ് കൈയിലിരുന്ന സമ്മാനപൊതികളിൽ ഒന്ന് നങ്കിയുടെ കൈയിലേക്ക് നൽകി.


ലേശം ജാള്യത തോന്നിയെങ്കിലും, ജോസഫ് നൽകിയ ആദ്യത്തെ സമ്മാനം നങ്കി ഇതളിന് നേരെ നീട്ടി.


സമ്മാനം വാങ്ങി ചാടിത്തുള്ളി കളിക്കുന്ന മകളെ കൗതുകത്തോടെ നോക്കി നിൽക്കെ നങ്കി അറിയാതെ ചിരിച്ചു പോയി.


ജോസഫ് നീട്ടിയ അടുത്ത പൊതി ഹരിക്കും നൽകി.


"താങ്ക് യൂ..." ഔപചാരികതയോടെ നന്ദി പറഞ്ഞ നിച്ചൂട്ടനെ ഒന്ന് തലോടി നന്ദി മന്ദഹസിച്ചു.


"ദാ ഒന്നുകൂടിയുണ്ട്.." ജോസഫ് മൂന്നാമതൊരു പൊതി കൂടി നങ്കിയ്ക്ക് നേരെ നീട്ടി.


ഇനിയിതാർക്കെന്ന സന്ദേഹത്തോടെ വാങ്ങിയ സമ്മാനപ്പൊതിയുമായി നങ്കി നിന്നു.


"എനി.. ക്ക്... താ..." കൊഞ്ചലോടെ ഒരു സ്വരം നങ്കിയ്ക്ക് പിന്നിലുയർന്നു.


തിരിഞ്ഞു നോക്കിയതും ആദ്യം കണ്ടത് വിക്ടറിന്റെ മുഖമാണ്. തൊട്ടരികിൽ ജാൻസിയെ കണ്ടതും, തനിക്ക് മുന്നിൽ നിൽക്കുന്ന ചെറിയ രൂപത്തിലേക്ക് നങ്കിയുടെ കണ്ണുകൾ പാഞ്ഞു.


"അത് ഇസക്കുള്ള സമ്മാനമാ നങ്കീ കൊടുത്തേക്ക്..." ജോസഫ് കളിയായി പറഞ്ഞു.


അപ്രതീക്ഷിതമായി ഒരു സമ്മാനം തന്നെ തേടി വന്നതിന്റെ അനുഭൂതിയിൽ നങ്കി ഇസക്ക് മുന്നിൽ മുട്ടുകുത്തി നിന്നു.


"മോളേ..." തേങ്ങലോടെ ആ കുഞ്ഞു മുഖം കൈയ്യിലേക്കെടുത്ത് കടമായി കിടന്നിരുന്ന ചുംബനങ്ങളൊക്കെ കവിളിലും നെറ്റിയിലും തുരുതുരെ നൽകി.


നിച്ചൂട്ടനും മണിക്കുട്ടിയും അത്ഭുതത്തോടെ ആ രംഗം നോക്കി നിന്നു.


നങ്കിയുടെ സ്നേഹവായ്പ്പിൽ വീർപ്പുമുട്ടി ഇസ ജാൻസിയെ ഏന്തി നോക്കി.


"മമ്മീ..."


പെട്ടെന്ന് നങ്കി അപരാധിയെ പോലെ തരിച്ചു നിന്നു.


"സ്.. സോറീ..." ഇസയിൽ നിന്നും വിട്ടുമാറി നങ്കി ആരോടെന്നില്ലാതെ പറഞ്ഞു.


"എന്തിനാ സോറി... മോൾക്ക് നിന്നെ പരിചയമില്ലല്ലോ. കൂട്ടായി കഴിഞ്ഞാൽ പിന്നെ മാറില്ല നങ്കീ.. നീ നോക്കിക്കോ.." ജാൻസി, നങ്കിയെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.


ഒരു ചിരിയോടെ സ്വയം ശാന്തമാകാൻ ശ്രമിച്ച് നങ്കി നിശ്വസിച്ചു.


"ചേച്ചീ.. നങ്കിയ്ക്ക് മുറി കാണിച്ചു കൊടുക്ക്.. ഒന്ന് ഫ്രഷാകട്ട്.. അതിന് ശേഷം നമുക്ക് ആഹാരം കഴിക്കാം. എനിക്ക് നന്നായിട്ട് വിശക്കുന്നു..." ജോസഫ് തങ്കത്തിനോടായി പറഞ്ഞു.


"വാ നങ്കീ.." തങ്കം ആ വീട്ടിലെ ഗൃഹനാഥയെ പോലെ മുകൾ നിലയിലേക്കുള്ള പടിക്കെട്ടിനു നേർക്ക് നടന്നു. പിന്നാലെ നങ്കിയും.


പിന്നിൽ നിന്നും പപ്പാ' എന്നൊരു നീട്ടിവിളി കേട്ടു. ബാലികയുടെ സ്വരത്തിൽ. 


"പപ്പാ...


എന്റെ ഗിഫ്റ്റ് ബോക്സ്‌ തുറന്നു താ.. "  ഇസ, വിക്ടറിനോടാണെന്ന ധാരയിൽ നങ്കി പിന്തിരിഞ്ഞു നോക്കാതെ തങ്കത്തിനെ അനുഗമിച്ചു.


മുകൾ നിലയിലെത്തി ഹാളിലേക്കൊരു പിൻനോട്ടമയച്ചപ്പോൾ കണ്ടത് ജാൻസിയ്ക്കരികിൽ നിൽക്കുന്ന ഇസയെയും , ഇതളിന് സമ്മാനപ്പൊതി തുറന്നു കൊടുക്കുന്ന ജോസഫിനെയുമാണ്.


അമ്പരപ്പോടെ നങ്കി പെട്ടെന്ന് നടത്തം നിർത്തി.


"വാ നങ്കീ.." തങ്കം ഒരു മുറിയുടെ വാതിൽക്കൽ ചെന്നു നിന്ന് വിളിച്ചതും നങ്കി പെട്ടെന്ന് തങ്കത്തിനരികിലേക്ക് ചെന്നു.


"ഇത്രയും കൊല്ലത്തെ വർത്താനോക്കെ പറയാനൊണ്ട്. നാളെയാകട്ട് കേട്ടോ നങ്കിപ്പെണ്ണേ..."


"ആക്കാട സംസാര രീതിയൊക്കെ മാറീട്ടുണ്ട്.. " നങ്കി അഭിപ്രായപ്പെട്ടു.


"കൊറേ കൊല്ലായില്ലേ ഇവ്ട വന്നിട്ട്...


നീയും മാറീട്ടൊണ്ട്... ഇപ്പൊ പഴയ ആ കൊച്ച്പെണ്ണല്ല.. " നങ്കിയുടെ കൈവെള്ള കവർന്നു കൊണ്ട് തങ്കം പറഞ്ഞു.


ചിരിച്ചു കൊണ്ട് നങ്കി നിശ്വസിച്ചു.


മുറിയിലെ ചുമരാകെ ചിത്രങ്ങളായിരുന്നു. കുട്ടികളുടെ പല പ്രായത്തിലുള്ള ചിത്രങ്ങൾ. നങ്കി ഓരോ ചിത്രവും സാകൂതം നോക്കി നിന്നു. കൈക്കുഞ്ഞുങ്ങളായിരുന്നപ്പോ താൻ വിട്ടു പോന്ന മക്കളുടെ ഓരോ വളർച്ചയും നങ്കി ചിത്രങ്ങളിലൂടെ അടുത്തറിഞ്ഞു.


ഹരിക്ക്, നിച്ചുവിന്റെ ചെറിയ ഛായയുണ്ട്... പിന്നെ ചില നോട്ടങ്ങളിൽ അപ്പന്റെയും...' നങ്കി ഓർത്തു.

ഇതൾ.. ചിത്തിരയുടെ തനി പകർപ്പാണ്.. കണ്ണുകൾ പോലും...


ഒരു വശത്തെ ചുമരിൽ ജോസഫിനൊപ്പമുള്ള ചിത്രങ്ങൾ മാത്രമാണ്. കുട്ടികൾക്കൊപ്പമുള്ള ജോസഫിന്റെ ചിരിച്ചുല്ലസിച്ച മുഖം നങ്കി വിസ്മയത്തോടെ ഉറ്റു നോക്കി.


ഇത്രയധികം ഉല്ലാസവാനായി ഒരിയ്ക്കലും ഈ മനുഷ്യനെ കണ്ടിട്ടേയില്ലല്ലോ എന്ന നിനച്ചപ്പോഴാണ്, കുറച്ചു മുമ്പ് കേട്ട 'പപ്പാ' എന്നുള്ള വിളിയും ഇതളിനൊപ്പം ജോസഫിരുന്ന കാഴ്ചയും മനസ്സിലൊരു ചിത്രമായി തെളിഞ്ഞത്.


മനസ്സ് പിരിമുറുക്കത്തിലമരുന്നത് നങ്കി തിരിച്ചറിഞ്ഞു.


കുളിച്ചു വേഷം മാറി ഊണുമേശയ്‌ക്കരികിലെത്തുന്നതു വരെ ചിന്തകളിലുഴറുകയായിരുന്നു നങ്കിയുടെ മനസ്സ്.


നിച്ചൂട്ടനും മണിക്കുട്ടിയ്ക്കും നടുവിലായി ഒഴിഞ്ഞിട്ട കസേരയിലേക്ക് നങ്കിയെ നിച്ചു പിടിച്ചിരുത്തി.


നങ്കി ഊണുമേശയിലേക്ക് മിഴി പായിച്ചു. വിഭവസമൃദ്ധമായ ഭക്ഷണങ്ങളാൽ അലങ്കരിച്ച ഊണുമേശ നങ്കിയ്ക്ക് പുതുമയുള്ളതായിരുന്നു.


തങ്കവും ജാൻസിയും ചേർന്ന് എല്ലാവർക്കുമായി ഭക്ഷണം വിളമ്പി.


"ഇച്ചായനെ കഴിഞ്ഞാഴ്ച വിളിച്ചപ്പോഴാ,  വൈസ്പ്രസിഡന്റ്‌ ജയിലിലേക്ക് വരുന്നുണ്ടെന്നും.. മൂന്ന് തടവുകാർക്ക് ശിക്ഷാ ഇളവ് കിട്ടുമെന്നൊക്കെ അറിഞ്ഞത്. നിന്റെ പേരും പരിഗണിച്ചിട്ടുണ്ടെന്ന് അറിഞ്ഞപ്പോഴേ നാട്ടിൽ വരാൻ ഞങ്ങൾ തീരുമാനിച്ചു.


മൂന്നു പേരിലൊരാളായി നിന്നെ തെരെഞ്ഞെടുത്തു എന്ന് ഇച്ചായൻ വിളിച്ചു പറഞ്ഞപ്പോഴാ ഒന്ന് മറഞ്ഞു നിന്ന് നിനക്കൊരു സർപ്രൈസ് തരാന്ന് വിചാരിച്ചേ..." ജാൻസി ചിരിച്ചു കൊണ്ട് പറഞ്ഞു നിർത്തി.


"ഞാൻ ശരിക്കും ഞെട്ടി.. ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല ചേച്ചി....." നങ്കി ഇസയെ നോക്കി മന്ദസ്മിതം തൂകി പറഞ്ഞു.


"പപ്പാ.. എനിക്ക് സാലഡ് വേണ്ടാ..." ഇതൾ,  ജോസഫിനെ നോക്കി ചിണുങ്ങിക്കൊണ്ട് അറിയിച്ചു.


"എങ്കിൽ കഴിക്കണ്ട...." ജോസഫ് ഇതളിനെ ആശ്വസിപ്പിച്ചു.


വല്ലാത്ത പരവശത്തോടെ നങ്കി ഗ്ലാസിലിരുന്ന വെള്ളം വായിലേക്ക് കമിഴ്ത്തി.


എല്ലാ കണ്ണുകളും നങ്കിയിലേക്ക് നോട്ടമെറിഞ്ഞു.


നിച്ചൂട്ടൻ, നങ്കിയുടെ മുഖത്തേക്ക് ഇടയ്ക്കിടെ പാളിനോക്കി. ഇസയ്ക്ക് ആഹാരം വാരി നൽകുന്ന ജാൻസിയിലേക്കും കുഞ്ഞു നിച്ചുവിന്റെ നോട്ടം തെന്നി നീങ്ങുന്നുണ്ടായിരുന്നു.


"എന്താ നിച്ചൂട്ടാ.... അമ്മയെ ഒളികണ്ണിട്ടു നോക്കുന്നേ... അമ്മയോടെന്തെങ്കിലും സംസാരിക്ക്. ഇനി എന്തിനും ഏതിനും കൂടെത്തന്നെ അമ്മയുമുണ്ടാകും.." വിക്ടർ ഉറക്കെ പറഞ്ഞു.


നാണം വന്നത് പോലെ കുഞ്ഞു നിച്ചു മുഖം കുനിച്ചു.


"ഇവനല്പം നാണക്കാരനാ നങ്കീ..." മുരുകൻ അഭിപ്രായപ്പെട്ടു.


"അല്ലാ..." തന്റെ അഭിമാനത്തിന് ക്ഷതമേറ്റ പോലെ  നിച്ചൂട്ടൻ തല ഉയർത്തി.


"അമ്മേ.. എനിക്ക് ചോറ് വാരിത്തരോ..." കുഞ്ഞു നിച്ചുവിന്റെ നിഷ്കളങ്കമായ ആഗ്രഹം പുറത്തേക്ക് വന്നു.


"അമ്മ..." ആ വിളി മെല്ലെ ആവർത്തിച്ച് നങ്കി നിച്ചൂട്ടന്റെ കവിളിൽ തലോടി. തന്റെ കണ്ണും മനസ്സും നിറഞ്ഞു തൂകുന്നതായി നങ്കിയ്ക്ക് തോന്നി.


"അമ്മ കരേന്ന എന്തിനാ..?" നിച്ചൂട്ടൻ വ്യാകുലപ്പെട്ട് ആരാഞ്ഞു.


"ഒന്നൂല്ല... എന്റെ കുഞ്ഞിന് അമ്മ.. ചോറ് വാരിത്തരാം..." കൈത്തണ്ട കൊണ്ട് മുഖം തുടച്ച ശേഷം, നങ്കി ഒരുപിടി ചോറെടുത്ത് ഉരുളയാക്കി കുഞ്ഞു നിച്ചുവിന്റെ വായിലേക്ക് വച്ചു നൽകി.


ആ കുഞ്ഞിക്കണ്ണുകളും നീർമണിയാൽ തിളങ്ങിയത് നങ്കി അടുത്തറിഞ്ഞു.


"എനിക്കും വേണം..." ഇരുന്നിടത്തു നിന്നും ചാടിയെഴുന്നേറ്റ് ഇതൾ, നങ്കിയ്ക്കും നിച്ചൂട്ടനുമിടയിലായി വന്നു നിന്നു.


"ഇവളൊരു കുശുമ്പിക്കോതയാ കേട്ടോ നങ്കീ..." ജാൻസി, ഇതളിനെ ശുണ്ഠി പിടിപ്പിക്കാനായി പറഞ്ഞു.


"അമ്മേ.. എനിക്കും.." ഇതൾ ചിണുങ്ങാൻ തുടങ്ങി.


"അമ്മേടെ മോൾക്കും തരാല്ലോ...


ദാ.. ഇതമ്മേടെ കുഞ്ഞിപ്പെണ്ണിനുള്ള ഉരുള.." നങ്കി ഒരു കുഞ്ഞുരുള ഇതളിന്റെ വായിലേക്കും നൽകി.


ജാൻസിയുടെ മടിയിലിരിക്കുന്ന ഇസയുടെ മുഖത്തേക്ക് നങ്കിയുടെ നോട്ടം വീണപ്പോൾ,  തന്റെ മുഖത്തേക്ക് ഉറ്റു നോക്കിയിരിക്കുകയായിരുന്ന കണ്ണുകൾ ജാൻസിയിലേക്ക് പെട്ടെന്ന് തിരിഞ്ഞതായി നങ്കി കണ്ടു.


ചുണ്ടിലെ ചിരി മായാതെ തന്നെ കണ്ണുകൾ പിൻവലിച്ച് നങ്കി, ഹരിയുടെയും ഇതളിന്റെയും മുഖത്തേക്ക് നോക്കി. തന്നെ ഒപ്പിയെടുക്കുന്ന നാലു കണ്ണുകൾ കണ്ടതും നങ്കിയുടെ മുഖം പ്രകാശപൂരിതമായി.




🖤



അത്താഴം കഴിഞ്ഞ് ഹാളിൽ എല്ലാവരും ഒന്നുചേർന്നിരുന്ന് വാർത്തമാനമൊക്കെ കഴിഞ്ഞപ്പോഴേക്കും,  നങ്കിയോടുള്ള അപരിചിത്വമൊക്കെ മാറി ഹരിയും ഇതളും  മുറ്റത്തെ പുൽത്തകിടിയിലേക്ക് നങ്കിയെ കൂട്ടിക്കൊണ്ടു വന്നു.


"അമ്മ ഇനി എവിടെയും പോകര്തേ... പോകുവോ..?" നിച്ചൂട്ടൻ ആശങ്കയോടെ തിരക്കി.


"അത്..


അമ്മ ഇവിടുന്ന് പോയാല് മക്കള്..  അമ്മയ്‌ക്കൊപ്പം വരുമോ..." കുട്ടികളുടെ ഉള്ളറിയാനായി നങ്കി ചോദിച്ചു.


"എവ്ട പോയാല്... അപ്പൊ അമ്മ ഇനീം പോകുവോ..?" മണിക്കുട്ടി ചോദ്യമുതിർത്ത് ചിണുങ്ങാൻ തുടങ്ങി.


"പപ്പാ..." നിച്ചൂട്ടൻ നീട്ടിവിളിച്ചു കൊണ്ട് ഓടിയപ്പോഴാണ്, മുറ്റമിറങ്ങി തങ്ങൾക്കരികിലേക്ക് വരുന്ന ജോസഫിനെ നങ്കി കണ്ടത്.


പരുങ്ങലോടെ നങ്കി വിളറി നിന്നു. കുട്ടികളോട് ഇവിടെ നിന്നും പോകുന്നതിനെ കുറിച്ച് ഇപ്പൊ സംസാരിക്കേണ്ടിയിരുന്നില്ലെന്ന് നങ്കിയ്ക്ക് തോന്നി.


"എന്താ മോനേ.. എന്തിനാ കരയുന്നെ..?"


"പപ്പാ.., അമ്മ ഇനിയും ഞങ്ങളെ വിട്ടേച്ചു പോകുമോ.."


"ആരു പറഞ്ഞങ്ങനെ..?"


"അമ്മ... ഞങ്ങള് കൂടെ ചെല്ലുമോന്നും ചോദിച്ചു..." ഹരിയുടെ സ്വരം കരച്ചിലിന്റെ വക്കോളമെത്തി.


ജോസഫ് നങ്കിയുടെ മുഖത്തേക്ക് രൂക്ഷമായി നോക്കി. അയാളെ അഭിമുഖീകരിക്കാനാകാതെ നങ്കിയുടെ തല താഴ്ന്നു.


"മണിക്കുട്ടീ.. ഇങ്ങ് വാ..."


നങ്കിയ്ക്കരികിൽ നിന്നിരുന്ന ഇതളിനെ ജോസഫ് തനിയ്ക്കടുക്കലേക്ക് വിളിച്ചു.


"രണ്ട് പേരും അകത്തേക്ക് ചെല്ല്... ഇസ നിങ്ങളെ നോക്കിയിരിക്കയാ..


പപ്പ, അമ്മയോടൊന്ന് സംസാരിക്കട്ടെ. നിങ്ങളെ പറ്റിച്ചതിന് രണ്ട് വഴക്ക് കൊടുക്കണം.."


"അമ്മ ഞങ്ങളെ പറ്റിച്ചയാണോ...ഹേയ്...!!?" ഇതൾ ആഹ്ലാദം കൊണ്ട് തുള്ളിച്ചാടി.


"എങ്കി അമ്മേ വഴക്ക് പറയണ്ട പപ്പാ..." നിച്ചൂട്ടൻ വിഷമത്തോടെ പറഞ്ഞു.


"ഇല്ല. വഴക്ക് പറയില്ല... നിങ്ങള് ചെല്ല്..." ജോസഫ് മക്കളെ ആശ്വസിപ്പിച്ചു വിട്ടു.


കുട്ടികൾ പോയി കഴിഞ്ഞതും, കുനിഞ്ഞ ശിരസ്സോടെ നിൽക്കുന്ന നങ്കിയ്ക്കരികിലേക്ക് ജോസഫ് പാഞ്ഞു വന്നു.


"എന്തുദ്ദേശത്തിലാ കുട്ടികളോട് ഇവിടെ നിന്നും പോകുന്നതിനെ കുറിച്ച് പറഞ്ഞത്..?" ദേഷ്യം കൊണ്ട് വിറച്ചിരുന്നു ജോസഫ്.


തല ഉയർത്തി നങ്കി ജോസഫിന്റെ മുഖത്തേക്ക് നോക്കി. ആ കണ്ണുകളിലെ ഭാവം നങ്കിയെ ഞെട്ടിച്ചു.


"ചോദിച്ച കേട്ടില്ലേ....?" ജോസഫിന്റെ ശബ്ദമുയർന്നു.


"എന്നായാലും പോകേണ്ടതല്ലേ സാർ... ഇനിയും സാറിനെ ബുദ്ധിമുട്ടിക്കുന്നത് ശരിയായി തോന്നിയില്ല..."


"ഓ...


എന്നെ... ബുദ്ധിമുട്ടിക്കാതിരിക്കാനാണോ..


അല്ല.. ഇത്രയും കൊല്ലം ആ കുഞ്ഞുങ്ങളെ ഞാൻ സംരക്ഷിച്ചപ്പോൾ എനിക്ക് ബുദ്ധിമുട്ട് ഉണ്ടാകുമെന്നൊന്നും നീ ചിന്തിച്ചില്ലേ..

ഇന്ന് പെട്ടെന്ന് ഇതേ കുറിച്ച് ആലോചിക്കാൻ എന്താ കാരണം...


..ങ്ഹും... ഒരു ഭാഗ്യക്കുറി പോലെ ശിക്ഷയിൽ ഇളവ് കിട്ടി പുറത്തു വന്നത് കൊണ്ടാണോ.. ഇനി, നീ നിന്റെ കുഞ്ഞുങ്ങൾ എന്ന ചിന്ത വന്നത്...


ഇന്നിങ്ങനെയൊരു ഇളവ് കിട്ടിയിരുന്നില്ലെങ്കിൽ, നീയെന്ത് ചെയ്യുമായിരുന്നു..? ങ്‌ഹേ..?" അമർഷത്തോടെ ചോദ്യമുതിർത്ത് ജോസഫ് ഉത്തരത്തിനായി കാത്തു.


"സാറിനെ എന്റെ മക്കൾ .... .... .... പപ്പാ'ന്ന് വിളിക്കുന്നത്.... " വാക്കുകളിൽ പതറി പതറി നങ്കി ഉഴറി.


ജോസഫ് നങ്കിയിൽ തന്നെ ദൃഷ്ടി ഉറപ്പിച്ചു നിന്നു.


"അതായിരുന്നോ നിന്റെ പ്രശ്നം...?


അങ്ങനെ ഒരു വിളി... അതവരെ ആരും തല്ലിയോ.. ചൊല്ലിയോ പഠിപ്പിച്ചതല്ല... അവരായി വിളിച്ചു തുടങ്ങിയതാ...


തിരുത്താൻ ശ്രമിച്ചില്ല... അതിന് തോന്നിയതുമില്ല... ഇനി തോന്നുകയുമില്ല...


എനിക്കൊരു ബുദ്ധിമുട്ടായി തോന്നിയിരുന്നെങ്കിൽ, എന്നേ ഏതെങ്കിലും അഭയകേന്ദ്രത്തിലേക്ക് മാറ്റി പാർപ്പിക്കുമായിരുന്നു ആ മക്കളെ...


സത്യത്തിൽ.. ബുദ്ധിമുട്ട് അനുഭവിക്കുന്നത് നീയാ.. കുട്ടികളെന്നെ അച്ഛനായി കാണുന്നതിൽ... നേര് അതല്ലേ നങ്കീ..."


"ജയിലിൽ വച്ച് ആരോ പറഞ്ഞു കേട്ട ഒരു പഴഞ്ചൊല്ലാണ് സാർ, 'ഏച്ചു കെട്ടിയാൽമുഴച്ചിരിക്കു'മെന്ന്... എന്തിനാണ് വെറുതെ..."


നങ്കിയുടെ മറുപടി കേട്ട പാടെ ജോസഫ് പുഞ്ചിരി തൂകി മറുചോദ്യമുതിർത്തു. 


"ഏച്ചു കെട്ടിയാലല്ലേ മുഴച്ചിരിക്കൂ... താനേ ചേർന്നാലോ...,?"


മനസ്സിലാകാതെ നങ്കി നെറ്റി ചുളിച്ചു.


"പത്താം ക്ലാസ്സ്‌ നല്ല മാർക്കോടെ ജയിച്ചിട്ടും,  തുടർന്നു പഠിക്കുന്നില്ലെന്ന് നീ  തീരുമാനിച്ചെന്ന് അറിഞ്ഞപ്പോൾ ഓടി വന്ന് എന്റെ മമ്മയുടെ കഥ പറഞ്ഞത്, നിനക്കൊരു പുനർചിന്തനം ഉണ്ടാകാൻ വേണ്ടി തന്നെയാ... അത് പഠിത്തത്തിന്റെ കാര്യത്തിൽ മാത്രമായിരുന്നില്ല.


... തുടർന്നുള്ള ജീവിതത്തിന്റെ കാര്യത്തിൽ കൂടിയായിരുന്നു...


കൗമാരത്തിൽ മാനഭംഗത്തിന് ഇരയാകേണ്ടി വന്ന എന്റെ അമ്മയോളം വേദന നീ അനുഭവിച്ചിട്ടുണ്ടോ.. ആരുടേതെന്നറിയാത്ത കുഞ്ഞിനെ പ്രസവിക്കേണ്ടി വന്നിട്ടുണ്ടോ... ആ വേദനകൾക്കുമപ്പുറം, ആ കുഞ്ഞിന്റെ മരണവും നേരിടേണ്ടി വന്ന അവസ്ഥ ഒന്നാലോചിച്ചു നോക്ക്...


എല്ലാ യാതനകളും താണ്ടികടന്നാണ് മമ്മ വിജയിച്ചത്. നല്ലൊരു ഭാര്യയും അമ്മയുമായത്. 


ഒരാളുടെ ഭാര്യാ പദവിയിലൂടെ മാത്രമാണ് ജീവിതത്തിൽ വിജയമുണ്ടാകുന്നതെന്ന് ഞാനൊരിക്കലും പറയില്ല. പക്ഷേ, ആ സ്ഥാനത്തിലൂടെ പുതിയ ബന്ധങ്ങളെയും സ്വപ്നങ്ങളെയുമൊക്കെ നേടാനാവുമെങ്കിൽ... അതും വിജയം തന്നെയാണ്... "


ജോസഫിന്റെ വാക്കുകൾ നൽകുന്ന ഭാരം തന്നെ മൂടുന്നതായി നങ്കിയ്ക്ക് തോന്നി.


"സാർ... പ്ലീസ്... നമുക്ക് ഈ സംസാരം ഇവിടെ നിർത്താം..."


"ശരി...


പക്ഷേ അതിന് മുമ്പ് ഒരു കാര്യം കൂടി.


കുട്ടികളെ എന്നിൽ നിന്ന് വേർപെടുത്താൻ നിനക്കാവില്ല നങ്കീ. നീ അതിനായി ശ്രമിച്ചാൽ അതിലും വലിയൊരു നൊമ്പരം ആ കുരുന്നു മനസ്സുകൾക്ക് വേറെയുണ്ടാകില്ല... " ജോസഫ് ആത്മവിശ്വാസത്തോടെ പറഞ്ഞു.


"ജയിൽ തന്നെയായിരുന്നു... അതായിരുന്നു നല്ലത്..." ചിലമ്പിച്ച ശബ്ദത്തിൽ നങ്കി മന്ത്രിച്ചു.


"ങ്ഹും.... ഒരിക്കലും ഈ ജീവിതം നിനക്ക് ജയിലാകില്ല നങ്കീ... ചുമരുകളാൽ ബന്ധിച്ച ജയിലിനുള്ളിലെ ജീവിതത്തിൽ നിന്നും ഇന്ന് നീ പുറത്തേക്ക് വന്നത് ഭൂതകാലത്തെ കൂടി അവിടെ ഉപേക്ഷിച്ചിട്ടല്ലേ...


ഒരു സ്വാർത്ഥ ചിന്തയുടെയും ഞാൻ നിന്നെ സമീപിച്ചിട്ടില്ല.


പക്ഷേ... " വാക്കുകളിൽ പതറി ജോസഫ് നിർത്തി.


"പക്ഷേ.. സാറിന്റെ അമ്മ ഒരു കൊലപാതകി ആയിരുന്നില്ല... സാറിന്റെ അപ്പന്റെ ജീവിതത്തിലേക്ക് പോരുമ്പോ മക്കളോ..  പ്രാരാബ്ധമോ ഒന്നും ആ അമ്മക്ക് കൂട്ടില്ലായിരുന്നു.


പിന്നെ... അറിവില്ലാത്ത പ്രായത്തിലല്ലേ ആ അമ്മ ഒക്കെ അനുഭവിച്ചത്.. 


എന്നാലെന്റെ ജീവിതത്തിൽ നടന്നതൊക്കെയോ... ഞാൻ കാരണമാ എന്റെ മല്ലീടേം.. പിന്നെ മണിയണ്ണന്റേം ഉയിര് പോയത്. അതിനു കാരണക്കാരനായവനെ ആണെങ്കിലും... കൊലയ്ക്ക് കൊടുത്തവളാ ഞാൻ..." വിതുമ്പലോടെ നങ്കി പറഞ്ഞു. 


"ആന്റണി എന്ന എന്റെ മനുഷ്യൻ മേരിയെ ഇഷ്ടപ്പെട്ടത് ഒരു കഥയും അറിയാതെയാ.. പിന്നീട് മേരിയുടെ കഴിഞ്ഞ കാലം അറിഞ്ഞപ്പോഴും.. രണ്ടും കൈയ്യും നീട്ടി സ്വീകരിക്കാൻ നിന്നതല്ലാതെ പിന്തിരിഞ്ഞില്ല...


ആ ആന്റണിയുടെ മകനാ ഞാൻ..


നിനക്ക് ചുറ്റുമുള്ള നിന്റെ പ്രിയപ്പെട്ടവരേക്കാളേറെ നിന്നെ അറിഞ്ഞവനാ ഞാൻ...


ഒരുകാര്യം ചോദിക്കട്ടെ...


പത്താം ക്ലാസ്സ്‌ പരീക്ഷ ജയിച്ചിട്ടും തുടർന്നു പഠിക്കുന്നില്ലെന്ന് നീ ശഠിച്ചതിന്റെ കാരണമെന്താ...?" ജോസഫ് ചോദ്യമുതിർത്ത് നങ്കിയെ നോക്കി മന്ദഹസിച്ചു.


"അത്...." നങ്കി ഉത്തരത്തിനായി പരതി.


"എങ്കിലിത് പറ...


നിച്ചുവിനൊപ്പം ജയിൽ വരെ വന്നിട്ടും, നിന്നെ കാണാൻ ഞാൻ കൂട്ടാക്കാതിരുന്നതിൽ നീ ആശങ്ക പെട്ടില്ലേ... വിഷമിച്ചില്ലേ...


ഞാൻ കാണാൻ വരാതിരുന്നതിലുള്ള പ്രതിഷേധമല്ലേ, നീ തുടർന്നു പഠിക്കുന്നില്ലെന്ന് പ്രഖ്യാപിച്ചത്.. നിന്റെ ആ തീരുമാനം അറിഞ്ഞാൽ ഉറപ്പായും ഞാൻ നിന്നെ കാണാൻ വരുമെന്ന് നിനക്ക് അറിയാമായിരുന്നു... സത്യമല്ലേ...?" ജോസഫിന്റെ സ്വരമുയർന്നു.


"അല്ലാ..." നങ്കി നിഷേധിക്കും മട്ടിൽ തല കുലുക്കി.


"എങ്കിൽ സത്യം ചെയ്യ്... നിന്റെ മക്കളെ കൊണ്ട്...." ജോസഫ് കൈവെള്ള നങ്കിയ്ക്ക് നേരെ നീട്ടി.


അങ്ങനെയൊരു നീക്കം നങ്കി പ്രതീക്ഷിച്ചിരുന്നില്ല.

നിറഞ്ഞ കണ്ണുകൾ ജോസഫിൽ നിന്ന് മറച്ച് നങ്കി തിരിഞ്ഞു നിന്നു.


"എപ്പോഴൊക്കെയോ എന്നെ കാണണമെന്ന് നീയും ആഗ്രഹിച്ചിരുന്നല്ലോ അത് മതി... " ജോസഫ് നിശ്വസിച്ചു.


പിന്നീടൊരു വാക്കും മിണ്ടാതെ ജോസഫ് വീടിനുള്ളിലേക്ക് നടന്നു.


ജോസഫ് നടന്നകലുന്നതും നോക്കി നങ്കി നിന്നു.




💫



ഹാളിനുള്ളിലെ വലിയ ഛായ ചിത്രത്തിലേക്ക് നോക്കി നിൽക്കുമ്പോൾ നങ്കിയുടെ കണ്ണുകൾ മേരിയെ ഒപ്പിയെടുക്കുകയായിരുന്നു. സ്കൂളിൽ തന്നെ പ്രശംസകൾ കൊണ്ട് മൂടിയ ആന്റണിയെപ്പോലും ആ കണ്ണുകൾ ഗൗനിച്ചില്ല.


ഏറെ നേരത്തെ നിൽപ്പിന് ശേഷം, കണ്ണുകൾ പിൻവലിച്ചതും മറ്റൊരു ചിത്രത്തിലേക്ക് കാഴ്ച ഉടക്കി.


അതിൽ മേരിയുടെ ചുമലിലേക്ക് ചാഞ്ഞു കിടക്കുന്ന ചെറുപ്പക്കാരനിൽ നങ്കിയുടെ മിഴിയുടക്കി.


അലസമായ മുടിയും കുസൃതി നിറഞ്ഞ കണ്ണുകളും.


"നങ്കീ..." പിന്നിൽ നിന്നും ജാൻസി മൃദുവായി വിളിച്ചു.


നങ്കി ഞെട്ടിത്തിരിഞ്ഞു നോക്കി. ജോസഫിന്റെ ചിത്രത്തിലേക്ക് ആണ്ടിരുന്ന കണ്ണുകൾ ഒളിക്കാൻ ഇടം കിട്ടാതെ പരുങ്ങി. ആ പതർച്ച കണ്ടില്ലെന്ന് ഭാവിച്ച് ജാൻസി തുടർന്നു.


"മമ്മയുള്ളപ്പോൾ ഇങ്ങനെയായിരുന്നു ഇച്ചായൻ.. മമ്മയുടെ മരണത്തോടെ ഇച്ചായൻ മാറി. രൂപത്തിലും ഭാവത്തിലും വേഷത്തിലുമൊക്കെ...


നിന്റെ ഊരിൽ വച്ച് ഇച്ചായനെ ആദ്യമായി കണ്ടത് ഓർമ്മയുണ്ടോ.. അന്നൊക്കെ, പലരും തെറ്റദ്ധരിച്ചിട്ടുണ്ട് എന്റെ പപ്പയാണോന്ന്..


... ആ കോലത്തിൽ നിന്നൊക്കെ ഇച്ചായൻ വീണ്ടും മാറി... മമ്മയുടെ പഴയ ജോജുവായി. പക്ഷേ... " ജാൻസിയുടെ സ്വരമിടറി.


"മമ്മീ..." ഇസ ജാൻസിക്കരികിലേക്ക് ഓടി വന്നു.


"മമ്മി എന്തിനാ കരേന്നെ...?"


"ഏയ്... മമ്മി കരഞ്ഞില്ല... " ജാൻസി പെട്ടെന്ന്  മുഖത്ത് സന്തോഷം പ്രകടിപ്പിച്ചു.


ഇസയുടെ നോട്ടം നങ്കിയിലേക്ക് പാളി വീണു. നങ്കി പുഞ്ചിരി തൂകിയതും ഇസ ജാൻസിയുടെ കൈയ്യിൽ പിടിച്ചു വലിച്ചു. 


"വാ മമ്മീ.. ഉറങ്ങാം..." 


"മമ്മി ദാ വരുന്ന്... മോള് റൂമിലേക്ക് ചെല്ല്..."


"ഇല്ല... മമ്മീം..  വാ... " ഇസ നിർബന്ധം പിടിച്ചു.


"ചെല്ല് ചേച്ചി.. മോളെ കരയിപ്പിക്കണ്ട... "  ജാൻസിയുടെ വാക്കുകളിൽ നിന്നും രക്ഷ നേടാനായി നങ്കിയും ശ്രമിച്ചു.


ആ ഒഴിഞ്ഞുമാറൽ മനസ്സിലാക്കിയിട്ടെന്ന വണ്ണം ജാൻസി ഇസയുമായി മുറിയിലേക്ക് നടന്നു.


തനിയ്ക്കായി കാട്ടിത്തന്ന മുറിയിലേക്ക് നങ്കിയും.


മുകൾ നിലയിലെത്തിയപ്പോഴേ ഇതളിന്റെ ചിണുങ്ങൽ കേൾക്കാൻ തുടങ്ങി. നങ്കി കാതോർത്തു.


"ഇസേം ജാൻസിയാന്റീം വിറ്ററങ്കിളും ഒരു മുറീലാണല്ലോ കിടക്കുന്നേ.. പിന്നെന്താ ഞാനും പപ്പേം നിച്ചൂട്ടനും അമ്മേം ഒരു മുറീ കിടന്നാ... " ഇതൾ കരച്ചിലിന്റെ വാക്കോളമെത്തിയിരുന്നു.


നങ്കിയുടെ നെഞ്ചിലൂടെ കൊള്ളിയാൻ പാഞ്ഞു. 


"മണിക്കുട്ടീ... " ജോസഫിന്റെ സ്വരം നങ്കിയുടെ കാതിൽ മെല്ലെ പതിഞ്ഞു. ചുമ്മാ വാശി പിടിക്കാതെ ഇന്ന് അമ്മയ്‌ക്കൊപ്പം ഉറങ്ങാൻ നോക്ക്... എത്ര നാൾ കഴിഞ്ഞാ അമ്മ വന്നേക്കുന്നെ.. ഇന്ന് അമ്മയ്ക്ക് നിങ്ങളെ കെട്ടിപ്പിടിച്ച് ഉറങ്ങണോന്ന് പറഞ്ഞതാ... ചെല്ല്.. അമ്മേടെ മുറീലേക്ക് ചെല്ല്..." 


"അപ്പൊ പപ്പ ഒറ്റയ്ക്കാവൂല്ലേ..." നിച്ചൂട്ടൻ ആരാഞ്ഞു.


"അതിനെന്താ...


പാവം അമ്മ ഇത്രയും നാൾ ഒറ്റയ്ക്കായിരുന്നില്ലേ... ഇന്ന് അമ്മയെ തനിച്ച് കിടത്തരുത്... മക്കള് ചെല്ല്..."


"പപ്പയും അമ്മയും വഴക്ക് കൂടിയോ...?"


"എന്തിന്...!!?"


"അമ്മ ഞങ്ങളെ പറ്റിച്ചേന് പപ്പ വഴക്ക് പറഞ്ഞോ..?" 


"ഇല്ലെടാ... പപ്പ വാക്ക് തന്നതല്ലേ വഴക്ക് പറയില്ലെന്ന്..."


"ഉം... അപ്പൊ ഓക്കേ...


മണിക്കുട്ടീ... നമുക്കിന്ന് അമ്മേന്റെ കൂടെ കിടക്കാം..." നിച്ചൂട്ടൻ, മണിക്കുട്ടിയോടായി പറഞ്ഞു. 


"ആന്നോ... ഉം...." മനസ്സില്ലാ മനസ്സോടെ മണിക്കുട്ടി സമ്മതം മൂളി.


ആ സംഭാഷണം അവസാനിച്ചതും നങ്കി പെട്ടെന്ന് തിരിഞ്ഞു. മുന്നിൽ തങ്കത്തിനെ കണ്ടതും മറഞ്ഞു നിന്നു കേട്ടതിന്റെ ജാള്യതയോടെ തല കുനിച്ചു.


"അവ്ന് നിന്റെ സൊഭാവാ നങ്കീ.. പഷേ മണിക്കുട്ടി കൊറച്ച് വാഷിക്കാരിയാ... കണ്ടില്ലേ.." തങ്കം ജോസഫിന്റെ മുറിയിലേക്ക് തല നീട്ടിക്കൊണ്ട് പറഞ്ഞു.


"ഉം..."


"നീ വാ..." നങ്കിയ്ക്കായി ഒരുക്കിയ മുറിയിലേക്ക് നടന്നു കൊണ്ട് തങ്കം വിളിച്ചു.


മുറിയിലെത്തി കട്ടിലിലേക്ക് നങ്കിയേയും പിടിച്ചിരുത്തി തങ്കം നിശ്വസിച്ചു.


"നീ പോയേ പിന്ന ഒര് കോവിലിലും പോയിട്ടില്ല ഞാൻ... പഷേ ഇനി പോണം.. ഇന്ന് നിന്ന തൊണച്ചേന്... നന്ദി പറയാന്.."


നങ്കി തല കുനിച്ചു.


"പക്ഷേ... അക്കാ... എനിക്ക് .. ഇപ്പൊ... തിരികെ ജയിലീ തന്നെ പോണോന്നാ തോന്നുന്നേ " നങ്കിയുടെ വാക്കുകൾ വിറയാർന്നിരുന്നു.


താടിയിൽ പിടിച്ച് നങ്കിയുടെ മുഖമുയർത്തി തങ്കം ഉറ്റു നോക്കി.


"നിന്റ മക്കളെ ഇട്ടിട്ട് ഇനി നിനക്ക് പോഗാൻ ഒക്കുവോ..."


തുളുമ്പിയ കണ്ണുകൾ തങ്കത്തിൽ നിന്ന് മറയ്ക്കാനാകാതെ നങ്കി വിതുമ്പി.


"മണിക്കുട്ടിക്ക് അവള്ട പപ്പാന്നാ ജീവനാ... ജോസ്സില്ലാതെ ഓൾക്ക് പറ്റില്ല..."


നങ്കി അതിശയത്തോടെ തങ്കത്തിനെ നോക്കി.


"എന്തേ... നിന്റ ജോസ്സാറിന.. പേര് വിളിച്ചതിന്റ അൽബുദാണോ..


ഇവ്ട താമസം തൊടങ്ങി കൊറച്ചു നാള് കയ്ഞ്ഞപ്പോ എന്നോടും നിന്റ മുരുഗണ്ണനോടും കട്ടായം പറഞ്ഞു.. ജോസന്ന് വിളിച്ചാ മദീന്ന്... ഞങ്ങളേക്കാളും എളേതല്ലേ... ഒരേ വീട്ടീ താമസിക്കുമ്പോ സാറേ എന്നൊന്നും വിളിക്കരുതെന്ന്... അത്ര നല്ല മനിഷനാ നങ്കീ... നിന്റ ജോസ്സാറ്..."


നങ്കിയുടെ തല വീണ്ടും കുനിഞ്ഞു.


"മണിയൻ കൊട്ത്ത സിനേഹത്തിന്റ ഓർമ്മ കൊണ്ടാകും... മണിക്കുട്ടിക്ക് ജോസിനോട് ഇത്ര അടുപ്പം...


നിന്റെ നിച്ചുവും പറയും... നിങ്ങട അപ്പൻ പോയേ പിന്ന ആദ്യായിട്ടാ ഇത്ര സിനേഹോം കരുതലും ഒരാളീന്ന് കിട്ടുന്നേന്ന്...


വേറൊന്നും ആലോയ്ക്കണ്ട...

മല്ലീം.. മണിയനും അവസാനായി നിന്നോട് പറഞ്ഞ ആഗിറഹം എന്താരുന്നെന്ന് ഒന്ന് ഓർത്ത് നോക്ക്... ചത്ത് പോയോണ്ട് അവര്ട വാക്കിനൊന്നും വെല കൊടുക്കേണ്ടെന്നാണേൽ... നിന്റ ഇഷ്ട്ടം പോല..."


"അക്കാ.." നങ്കി നിസ്സഹായയെപ്പോലെ വിളിച്ചു.


നിശബ്ദതയുടെ മൂടുപടമണിഞ്ഞ് ഇരുവരും മൂകരായി.


"അക്കാ... എന്റെ..കൊലുസ്സെന്നെ തെരെയുമായിരുന്നോ...?" നങ്കി ഓർമ്മയിൽ നിന്നെന്ന പോലെ ആരാഞ്ഞു.


നിറഞ്ഞ മിഴികളോടെ തങ്കം തല കുലുക്കി.


"നീ പോയേ പിന്ന ഞങ്ങട കൂടെ നിന്നിട്ടില്ല. ആശ്പത്രീ തന്നായിരുന്ന് കിടപ്പൊക്കെ. കൂടെ കൊണ്ട് വരാൻ കൊറേ നോക്കീതാ. പഷേ അവ്ള് വരാൻ കൂട്ടാക്കിയില്ല...


പിന്നെ നിന്റെ ജോസ്സാറ് പറഞ്ഞിട്ട് എന്നും ആശ്പത്രീലോട്ട് പോകുമ്പോ അവള്ക്കൊള്ള ചോറ് കൂടെ കൊട്ത്ത് വിടും...


എന്തോ ദീനം വന്നതാ.. നിന്നെ കാണാഞ്ഞ സങ്കടോം ഉണ്ടാകും... നിങ്ങള് ചെടിയൊക്കെ നട്ടിടത്താ അവളെ അടക്കിയെ..." തങ്കത്തിന്റെ സ്വരമിടറി.


"ഒരിക്കൽ  കാണാൻ വന്നപ്പോ മുരുകണ്ണൻ പറഞ്ഞിരുന്നു..." വിതുമ്പലോടെ നങ്കി പറഞ്ഞു.


നങ്കിയുടെ ഉള്ളം കൊലുസ്സിന്റെ ഓർമ്മകളിൽ തേങ്ങി. 


"അമ്മാ..." നിച്ചൂട്ടന്റെ വിളി മുറിയിലേക്ക് ഇരച്ചു വന്നു.


പെട്ടെന്ന് കണ്ണും മുഖവും അമർത്തി തുടച്ച് നങ്കി നേരെയിരുന്നു.


മണിക്കുട്ടിയുമായി മുറിയിലേക്ക് ഓടിക്കയറി ഇരുവരും തുള്ളിച്ചാടി.


"ഇന്ന് അമ്മേ കെട്ടിപ്പിടിച്ചാ ഞങ്ങളുറങ്ങുന്നേ തങ്കാമ്മാമേ..." നിച്ചൂട്ടൻ ഉറക്കെ പറഞ്ഞു.


ചിരിച്ചു കൊണ്ട് തങ്കം എഴുന്നേറ്റു.


"എങ്കില് നിങ്ങള് കിടന്നോ... " ഒരോർമ്മപ്പെടുത്തലെന്നോണം നങ്കിയ്ക്കായി ഒരു നോട്ടമെറിഞ്ഞ് തങ്കം മുറി വിട്ടു.


മക്കൾക്കായി നിറഞ്ഞ പുഞ്ചിരി അപ്പോഴേക്കും നങ്കിയുടെ ചുണ്ടിൽ വിരിഞ്ഞിരുന്നു.


കട്ടിലിൽ അമ്മയ്ക്കിരുപുറവും ഒട്ടിച്ചേർന്ന് കിടന്ന് വാതോരാതെ പുന്നാരം പറഞ്ഞും ഓരോ കുഞ്ഞു വിശേഷങ്ങളും തങ്ങളെ കാണാൻ വരാതിരുന്നതിന്റെ പരിഭവവുമൊക്കെ പങ്കുവെച്ച് നിച്ചൂട്ടനും മണിക്കുട്ടിയും നങ്കിയുടെ കാതുകളെ പുളകം  കൊള്ളിച്ചു.


മക്കളെ നെഞ്ചോടു ചേർക്കാനായി കാത്തിരുന്ന ഈ നിമിഷം.. ഒരു സ്വപ്നമല്ലെന്ന തിരിച്ചറിവിൽ നങ്കി ആത്മനിർവൃതിയണഞ്ഞു. കാലങ്ങൾക്കിപ്പുറവും തന്റെ മാറിൽ പാൽമണം നിറയുന്നതായി നങ്കിയ്ക്ക് തോന്നി.


നാവിലൊരു താരാട്ട് തത്തിക്കളിക്കുന്നുണ്ട്. ചുണ്ടിൽ ഒരായിരം മുത്തമൂറുന്നുണ്ട്. രണ്ട് കുഞ്ഞിക്കൈകളെ തന്റെ വയറിലേക്ക് ചേർത്ത് വച്ച്... മാറിലേക്ക് കുരുന്നോമൽ മുഖങ്ങൾ അണച്ചു പിടിച്ച് നങ്കി പുഞ്ചിരിച്ചു. ആ മന്ദസ്മിതത്തിന് അകമ്പടിയായി കണ്ണുകൾ നീർമണി പൊഴിച്ചു.


'ഇല്ലാ... എന്റെ മക്കളെ വിട്ട് ഇനി എവിടേം.. എനിക്ക് പോകണ്ട... ഞാൻ പോകില്ല.... " മനസ്സിൽ വാക്കുകൾ ഊട്ടിയുറപ്പിച്ച് നങ്കി തല ചലിപ്പിച്ചു.


ജയിലിൽ നിന്ന് പുറത്തിറങ്ങേണ്ടിയിരുന്നില്ല എന്ന് ചിന്തിച്ച നിമിഷങ്ങളെ പഴിച്ച് നങ്കി, മക്കളെ കൂടുതൽ കൂടുതൽ തന്നോട് ചേർത്തണച്ചു.




☘️🍀☘️🍀☘️




"ച്ചേയീ.....!!!"


നങ്കി ഞെട്ടിപ്പിടഞെണീറ്റു.  മല്ലിയുടെ ശബ്ദം കാതിൽ മുഴങ്ങുന്നുണ്ട്. ആർത്തു നിലവിളിക്കുന്ന മല്ലിയുടെ രൂപ കണ്ണിൽ നിന്നും മറയുന്നതായി നങ്കിയ്ക്ക് തോന്നി. വിയർത്തു പരവശയായി ചുറ്റിനും നോക്കി.


മക്കൾ അഗാധ നിദ്രയിലാണ്. സാരിയുടെ തലപ്പുകൊണ്ട് മുഖം തുടച്ച് നങ്കി കട്ടിലിൽ നിന്നും മെല്ലെയിറങ്ങി.


കാറ്റിൽ ജനൽപ്പാളി വലിയ ശബ്ദത്തോടെ തുറന്നടഞ്ഞപ്പോൾ നങ്കി അങ്ങോട്ടേക്ക് നടന്നു. കൈ നീട്ടി ജനാല അടയ്ക്കാൻ തുനിഞ്ഞപ്പോഴാണ് താഴെ മുറ്റത്ത് മിഴിയുടക്കിയത്.


പുൽത്തകിടിയ്ക്കപ്പുറമുള്ള സിമന്റ് ബഞ്ചിൽ നീണ്ടു കിടക്കുന്ന ജോസഫിനെ കണ്ടതും നങ്കിയ്ക്ക് കുറ്റബോധം തോന്നി. ആ മനുഷ്യന്റെ ഉറക്കത്തെ നശിപ്പിച്ചതിൽ, നല്ല നാളുകളെ കവർന്നതിൽ..


ഉറക്കത്തിലാണ്ട മക്കളെ സുരക്ഷിതമായി കിടത്തി, അവരിലേക്ക് നോട്ടമൊന്നുറപ്പിച്ച് നിന്നതിന് ശേഷം  നങ്കി മുറിയ്ക്ക് പുറത്തേക്ക് നടന്നു.


ഹാളിൽ പതിപ്പിച്ചിരുന്ന മേരിയുടെയും ആന്റണിയുടെയും ചിത്രത്തിന് മുന്നിൽ വന്ന് ഒരു ഞൊടി കൈകൂപ്പി തൊഴുതതിന് ശേഷം, നങ്കി ജോസഫിനരികിലേക്ക് നടന്നു. 




🔥💦🔥💦🔥💦🔥





അടുത്തടുത്തായി വരുന്ന കാൽപ്പെരുമാറ്റം കേട്ട് ജോസഫ് തല ഉയർത്തി നോക്കി. മുന്നിലേക്ക് വന്നു നിന്ന നങ്കിയെ കണ്ട് അയാൾ അമ്പരപ്പോടെ എഴുന്നേറ്റു.


"നീ ഉറങ്ങീല്ലേ...


ജയിലീന്ന് ഇറങ്ങേണ്ടിയിരുന്നില്ലെന്ന ആലോചനയിലാണോ ഇപ്പോഴും...?"


"സാർ... എനിക്ക് ഊരിലൊന്ന് പോകണം..." നങ്കി പൊടുന്നനെ പറഞ്ഞു.


"ലക്ഷ്മിയമ്മയെയും മക്കളെയും കാണണം...

പിന്നെ, എന്റെ കൊലുസ്സിനെ അടക്കിയയിടത്തും പോകണം...."


"അവരുടെ കാര്യങ്ങളൊക്കെ അറിഞ്ഞിരുന്നോ നീ..."


"ഉം. ഒരിക്കൽ കാണാനായി ജയിലിൽ വന്നപ്പോൾ മുരുകണ്ണൻ പറഞ്ഞു..


അപ്പൻ മരിച്ചതും... ലക്ഷ്മിയമ്മയ്ക്ക് മാനസികമായി സുഖമില്ലാതായതുമൊക്കെ... ഒരുതരത്തിൽ അവരിരുവരും രക്ഷപെട്ടു... ഒരാൾ മരണത്തിലൂടെയും മറ്റൊരാൾ സ്വയം മറന്ന ഭ്രാന്തിലൂടെയും...


പക്ഷേ... ആ പെൺകുട്ടികൾ... അവരെന്ത് പിഴച്ചു... അവരെ സുരക്ഷിതമാക്കണം സാർ..  എന്നെ ആട്ടിയാലും തല്ലിയാലും ആ വീട്ടിലെനിക്ക് ചെല്ലണം. എന്റെ മല്ലിയെപ്പോലെ കണ്ട രണ്ടു പേരാ അവിടെയുള്ളത്... ഇപ്പൊ ഏത് അവസ്ഥയിലാണെന്ന് പോലുമറിയില്ല.. "  പ്രതീക്ഷയോടെ നങ്കി ജോസഫിനെ നോക്കി.


"പ്രായശ്ചിത്തമാണോ...?" ജോസഫ് തിരക്കി.


"അല്ല... എന്റെ കടമയാണ്.


അവരെ ഞാൻ രക്ഷിച്ചിട്ടേയുള്ളൂ. ഒരു വേട്ടനായയുടെ കണ്ണിൽ നിന്നും..


ഇപ്പോഴുമുണ്ട് സാർ ഊരിലെ ഓരോ കോണിലും ശിവനെപ്പോലെ ചിലർ... ഓരോ കൂരയിലുമുണ്ടാകും ഇനിയും രക്ഷപെടാനാകാത്ത നങ്കിയും മരണത്തെ കാത്ത് മല്ലിയും... മേരിയെ പോലെ വീർത്ത വയറുമായി നിൽക്കുന്ന ബാല്യങ്ങളും...


ബാധിക്കപ്പെട്ടതിന് ശേഷം വിജയിക്കാനായി പ്രയത്നിച്ച മേരിയോ നങ്കിയോ ആകാതെ, ഓരോ പെൺകുരുന്നുകളെയും ചേർത്ത് പിടിക്കണം... സാർ.. ഇനിയൊരു ശിവനും ഉരുവാകാതെ ഊരിലെ ആൺമക്കളെയും കൂടെ നിർത്തണം...


ഇതിനൊക്കെ എന്താ വേണ്ടതെന്ന് എനിക്ക് നിശ്ചയമില്ല.. വിദ്യാഭ്യാസം മാത്രം പോരാ എന്ന് ഞാൻ വിശ്വസിക്കുന്നു. അഭ്യസ്തവിദ്യർക്കിടയിലും ഇതൊക്കെ നടക്കുന്നുണ്ടല്ലോ... " നെടുവീർപ്പിൽ വാക്കുകൾ അപൂർണ്ണമാക്കി നങ്കി ജോസഫിനെ നോക്കി.


വളരെ താല്പര്യത്തോടെ തന്നെ നങ്കിയുടെ വാക്കുകൾ ശ്രവിച്ചു കൊണ്ടു നിന്ന ജോസഫ് തല കുലുക്കി.


"എല്ലാത്തിനും വഴിയുണ്ട്... നിന്റെ കേസ് അന്വേഷിച്ച ഇൻസ്‌പെക്ടറുമായി ഞാനിപ്പൊ നല്ല സൗഹൃദത്തിലാണ്. നിയമത്തിന്റെ സഹായവും കൗൺസിലിംഗ് ഒക്കെ കൂടി വേണ്ടി വരും. ശ്രമിക്കാം... പരമാവധി...


പിന്നെ... നാളെത്തന്നെ ഊരിലേക്ക് പോയി ലക്ഷ്മിയമ്മയേയും മക്കളെയും കാണാം..."


ആശ്വാസപൂർവം നങ്കി പുഞ്ചിരിച്ചു.


"ഇനി നിന്ന് മഞ്ഞ് കൊള്ളാതെ പോയി കിടന്നുറങ്ങാൻ നോക്ക്... " 


"സാറിന്.. കിടക്കണ്ടേ.."


"ഞാൻ കിടക്കുകയായിരുന്നല്ലോ... നീയല്ലേ വന്ന് എഴുന്നേൽപ്പിച്ചേ.." ജോസഫ് കളിയായി പറഞ്ഞു. 


"ഉറങ്ങുന്നില്ലേ എന്നാ ചോദിച്ചേ..." 


"മ്മ്... ഉറങ്ങണം..."


"സാറിന്.. എന്നോട് ദേഷ്യമുണ്ടോ..?" നങ്കി പതിഞ്ഞ സ്വരത്തിൽ ചോദിച്ചു.


"ഉം... പിന്നില്ലാതെ..." ഒരാലോചനയ്ക്ക് മുതിരാതെ ജോസഫ് പെട്ടെന്ന് തന്നെ മറുപടി നൽകി.


"സ്കൂളിൽ പഠിക്കുന്ന ഒരു നരുന്ത് പെണ്ണിനെ കാട്ടി, കോളേജ് വിദ്യാർത്ഥിയായിരുന്ന  എന്നോട് അവളെ കണ്ട് പഠിക്കെടാ എന്ന് പറഞ്ഞാൽ... നിന്നോട് മാത്രമല്ല എന്റപ്പനോടും ദേഷ്യമായിരുന്ന്.."


തിരിച്ചൊന്നും പ്രതികരിക്കാതെ നങ്കി നിശബ്ദയായി നിന്നു. 


"പക്ഷേ, ആ നരുന്ത് പെണ്ണ് പിന്നൊരു കനലായി  മുന്നിൽ വരുമെന്ന് ഞാൻ നിനച്ചിരുന്നില്ല... പപ്പയുണ്ടായിരുന്നെങ്കിൽ എനിക്ക് മുന്നേ നിനക്ക് വേണ്ടി ഏറെ ചെയ്തു കഴിഞ്ഞേനെ......" ജോസഫിന്റെ കണ്ണിൽ കന്നിന്മേൽ ആന്റണിയുടെ മുഖം നിറഞ്ഞു.


നങ്കിയുടെ മനസ്സിലും ആ വലിയ മനുഷ്യന്റെ രൂപം തെളിഞ്ഞു വന്നു.


മൗനം കടന്നു പോയ നിമിഷങ്ങൾ...


"സാർ..."  നങ്കിയുടെ സ്വരം ഇരുളിന്റെ സീമകളെ മറികടന്ന് ജോസഫിന്റെ കാതിലണഞ്ഞു.


"നാളെ... നാളെ... ഊരിലേക്ക് പോകും മുമ്പ്... സാറിന്റെ... പപ്പയുടേം മമ്മയുടേം കല്ലറയിലൊന്നു പോകണം...


പ്രാർത്ഥിക്കണം...


അനുഗ്രഹം വാങ്ങണം....." ദൃഡതയേറിയ വാക്കുകളിൽ നങ്കി പറഞ്ഞു നിർത്തി. 


നിലാവെട്ടത്തേക്കാളേറെ ശോഭ ജോസഫിന്റെ മുഖത്ത് പരക്കുന്നതായി നങ്കി കണ്ടു.


ഉടലിനെ ദഹിപ്പിക്കുന്ന ശിവന്റെ തീക്ഷ്ണതയേറിയ നോട്ടം മാത്രം നേരിട്ടിരുന്ന നങ്കി ആദ്യമായി, ഒരു പുരുഷന്റെ പ്രണയാദ്രമായ കണ്ണുകളെ അഭിമുഖീകരിച്ചു. 


നങ്കിയുടെ മുഖത്തേക്ക്, ഇമവെട്ടാതെ പതിഞ്ഞ ജോസഫിന്റെ കണ്ണുകൾ മൂകമായി ഒരു ചോദ്യമുതിർത്തു.


ആ ചോദ്യത്തിനുത്തരം അശ്രുകണങ്ങൾ നിറഞ്ഞ മിഴികളാലെ തന്നെ നങ്കി നൽകി.


അവരുടെ ഹൃദയങ്ങൾക്ക് മാത്രം കേൾക്കാൻ പാകത്തിൽ മൗനമായിരുന്നു മറുപടി..



🖤



നിലാവും നിഴലും ചേർന്ന് സൃഷ്ടിച്ച മനോഹര ചിത്രം പോലെ നങ്കിയും ജോസഫും ഒരുമിച്ച് വീടിനുള്ളിലേക്ക് നടന്നു.


പ്രതീക്ഷകളുടെ നാളേയ്ക്കായി....



💜



ശുഭം....✍️



🙂


"എത്രയേറെ വിജയകരമായി പൂർത്തിയാക്കാനായെന്ന് അറിയില്ല.. 

വെറുമൊരു വാക്കിൽ നിന്ന് തുടങ്ങിയ 'നങ്കി'യെ കൂടെക്കൂട്ടിയ എല്ലാവരോടും സ്നേഹം മാത്രം....

ഒത്തിരി ഒത്തിരി ഒത്തിരി നന്ദി...🙏

നിറഞ്ഞ സ്നേഹം....💜


നങ്കി പൂർത്തിയാക്കാൻ സഹായിച്ച ഓരോ സുഹൃത്തുക്കളെയും മറന്നിട്ടില്ല... സംശയവുമായി ഓടിച്ചെല്ലുമ്പോ മടികൂടാതെ സഹായിച്ച എല്ലാ കൂട്ടുകാർക്കും ഹൃദയം നിറഞ്ഞ നന്ദിയുണ്ട്...🤗



ഏകജ...✍️




2022, ഫെബ്രുവരി 21, തിങ്കളാഴ്‌ച

നങ്കി 2️⃣9️⃣

 ©️Copyright Protected

...............✍️

🎲🎲🎲🎲🎲🎲

ജയിലിനുള്ളിലെ തടവുകാരി നേടിയ ഉന്നത വിജയത്തെക്കുറിച്ച് വാർത്തയാക്കാൻ വന്ന മാധ്യമപ്രവർത്തകനോട് സംസാരിക്കാൻ പോലും കൂട്ടാക്കാതെ നങ്കി സെല്ലിനുള്ളിൽ കഴിച്ചു കൂട്ടി.

തുടർപഠനത്തിന് താല്പര്യമില്ലെന്ന് സൂപ്രണ്ടിനെ അറിയിച്ചപ്പോൾ, അവർ ശാസിക്കുകയാണുണ്ടായത്.

"പഠിച്ച് ഡോക്ടറോ കളക്ടറോ.. അങ്ങനെ എന്തെങ്കിലുമോ ആകണോന്ന് ഞാൻ പറയുന്നില്ല... പക്ഷേ, ഒരടിസ്ഥാന വിദ്യാഭ്യാസം... അത് നേടുന്നത് കൊണ്ട് ദോഷങ്ങളൊന്നും നിനക്ക് സംഭവിക്കില്ല... നിന്റെ മക്കൾക്കും അത് ഉപകാരപ്പെടുകയെ ഉള്ള്..

ആദിവാസി ഊരുകളില്, നിന്നെപ്പോലെ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട ഒരുപാട് പെൺകുട്ടികളില്ലേ... നാളെ അവർക്കൊരു പാഠമാകണം നീ...

എത്ര വലിയ പ്രതിസന്ധികൾക്കിടയിലാ നീയീ വിജയം നേടിയേ... അത് കാണുമ്പോ അവരിൽ പലർക്കും, അല്ലെങ്കിൽ ചില മാതാപിതാക്കൾക്കെങ്കിലും തോന്നും അവരുടെ മകളെ പഠിപ്പിക്കണമെന്ന്...."

തല കുനിച്ചു നിന്നതല്ലാതെ നങ്കി ഒരു പ്രതികരണവുമുതിർത്തില്ല.

"ശരി.. ഇനി നിന്റെ ഇഷ്ടം...

പൊക്കോ..."

സെല്ലിനുള്ളിൽ എത്തിയപ്പോഴും ഉപദേശവും ശാസനയുമായി കൂടപ്പിറപ്പുകളെ പോലായവർ ചുറ്റും കൂടി.

ഉച്ചയൂണ് കഴിഞ്ഞിരുന്ന നേരത്താണ് സന്ദർശകനുണ്ടെന്ന അറിയിപ്പ് വന്നത്.  നിച്ചുവിനെയല്ലാതെ മറ്റാരെയും പ്രതീക്ഷിക്കാനില്ലാതെ നങ്കി മന്ദം നടന്നു. ഉള്ളിൽ നേരിയ ചിന്താകുഴപ്പത്തോടെ, 'നിച്ചു വന്നിട്ട് പോയിട്ട് രണ്ടു ദിവസം കഴിഞ്ഞതേയുള്ളൂ... മാസത്തിൽ ഒരിക്കലാണ് അവൻ വരുന്നതും... പിന്നെ എന്താ ഇത്ര പെട്ടെന്ന്...!!!?'

വിദൂരമല്ലാതെ, അഴികൾക്കപ്പുറം ജോസ്സിന്റെ മുഖം കണ്ടതും അമ്പരപ്പോടെ ചുറ്റിനും നോക്കി. തനിച്ചാണെന്ന് മനസ്സിലായപ്പോൾ വിളറിയ മുഖത്തോടെ ചെന്നു നിന്നു.

"നിച്ചുവിനോട് എന്നെപ്പറ്റി തിരക്കിയോ..?" മുഖവുരയൊന്നും കൂടാതെ ജോസഫ് ആരാഞ്ഞപ്പോൾ പതർച്ചയോടെ നങ്കി മുഖം കുനിച്ചു.

"നിന്നെ അന്ന് കണ്ടിട്ട് തിരികെ പോകുന്ന വഴിക്കാ അവനെന്നോട് പറഞ്ഞത്...

എന്താ കാര്യം...?" തികഞ്ഞ ഗൗരവത്തോടെയുള്ള ചോദ്യം വന്നതും, എന്തു പറയണമെന്ന് നിശ്ചയമില്ലാതെ നങ്കി അയാളുടെ മുഖത്തേക്ക് നോക്കി.

"അത്... പിന്നേ... വെറ്തെ..

..സാറ് എപ്പഴും കൂട വന്നിട്ടും... പുറത്ത്  നിൽക്കയാണെന്ന് നിച്ചു പറഞ്ഞപ്പോ... ചോദിച്ചതാ... അറിയാതെ..."

"ഉം....

നിന്നോടെനിക്കൊരു കാര്യം പറയാനുണ്ട്...."

എന്തെന്ന ഭാവത്തിൽ നങ്കി കണ്ണ് കൂർപ്പിച്ചു.

"ഇവിടെ നിന്നും പുറത്തിറങ്ങുമ്പോ പറയാന്ന് തീരുമാനിച്ചിരുന്നതാ... പക്ഷേ ഇപ്പോ അത് പറയേണ്ടത് അനിവാര്യമാണെന്ന് തോന്നി..

ഒരു കഥ പോലെ കേൾക്കാം നിനക്ക്... എല്ലാ കഥകൾക്കു പിന്നിലും തള്ളേണ്ടേം കൊള്ളേണ്ടേം ഒരു പാഠം കാണുമല്ലോ... ഞാൻ പറയുന്നത് കേട്ടിട്ട് നിനക്ക് തോന്നുന്നതെന്തോ അത് നിന്റെ ജീവിതത്തിൽ പ്രാവർത്തികമാക്കാം... കേട്ടതൊക്കെ അവഗണിക്കുകയാണെങ്കിൽ കൂടി അങ്ങനെയുമാകാം... നിന്റെ ഇഷ്ടം...

ങ്ഹും.." ഒരു ചെറു നിശ്വാസമുതിർത്ത് ജോസഫ് തയ്യാറെടുത്തു.

"കുറേ കൊല്ലം മുമ്പ് നടന്ന സംഭവമാണ്... നിങ്ങളുടെ ഊരിൽ നിന്നും...." ഒരു കഥയുടെ ആമുഖത്തോടെ ജോസഫ് തുടങ്ങി. അയാളുടെ വിരലുകൾ മുന്നിലെ അഴികളിൽ മുറുകി.

"ദാരിദ്ര്യവും പട്ടിണിയും രോഗവും മരണവും പിടിമുറുക്കിയ ആദിവാസി ഊരിൽ, സന്നദ്ധ പ്രവർത്തനങ്ങൾക്കെത്തിയ സാമൂഹ്യ പ്രവർത്തകർ ഒരു കൂരയിൽ നിന്നും കണ്ടെത്തിയത് പുഴുവരിച്ച ഒരു പതിനാല്കാരിയെയാ.. അഞ്ചു മാസം ഗർഭിണി കൂടിയായ ആ പെൺകുട്ടിയെ അവർ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി രക്ഷപെടുത്തി..

അച്ഛനാരെന്നറിയാത്ത കുഞ്ഞിനെ ചുമക്കുന്ന പതിനാല്കാരിക്ക് ശാരീരികമായി മാത്രമല്ല... മാനസികമായും ഒരുപാട് പീഡനനങ്ങളേറ്റിട്ടുണ്ടെന്ന് മനസ്സിലാക്കി പള്ളി വക ഒരാനാഥാലയത്തിലേക്ക് മാറ്റി പാർപ്പിച്ചു.

ഉറ്റവരും ഉടയവരുമൊന്നും തേടി വരാനില്ലാത്ത.. സ്വന്തം പേര് പോലും അറിയാത്ത പെൺകുട്ടിക്ക് മേരി എന്ന് പേര് നൽകി, അനാഥാലയത്തിന്റെ മകളാക്കി.

പരിചരണങ്ങൾക്കും വാത്സല്യത്തിനും നടുവിൽ മേരി പ്രസവിച്ചു. പ്രസവിച്ച വയറിന്റെ ദൗർബല്യവും മാനസിക സംഘർഷവും പ്രായക്കുറവുമൊക്കെ കുഞ്ഞിനേയും ബാധിച്ചു. മാനസികമായും ശാരീരികമായും വൈകല്യവുമുള്ള ഒരാൺകുഞ്ഞ്... അവന് പേരുമിട്ടു, ജോൺ. രണ്ടര വയസ്സിൽ ജന്നി വന്ന് ആ കുഞ്ഞ് മരിക്കുമ്പോ, അമ്മയായ മേരിക്ക് പതിനാറ് വയസ്സ്.

പിന്നെ നിരന്തരമായ കൗൺസിലിംഗും പ്രാർത്ഥനകളും. ഒടുവിൽ ജീവിതത്തിലേക്ക് പിടിച്ചു കയറിയത് പിച്ച വയ്ക്കുന്ന കുഞ്ഞിനെപ്പോലെ.

പിന്നീട് ചുറ്റുമുള്ളവരുടെ പ്രേരണയും സ്നേഹവും ജീവിതത്തിന്റെ പുതിയ പടവുകളിലേക്ക് കാലെടുത്തു വയ്ക്കാൻ മേരിയ്ക്ക് പ്രചോദനമായി.

ഒരു നേഴ്സായി സേവനമനുഷ്ഠിക്കുന്നതിനിടയ്ക്കാ നാട്ടില് അറിയപ്പെടുന്ന വലിയ കുടുംബമായ കന്നിന്മേലിലെ ഔസേപ്പിന്റെ മകൻ ആന്റണിയ്ക്ക് മേരിയോട് ഇഷ്ടം തോന്നിയത്.

കുടുംബക്കാരോട് വാശി പിടിച്ച് സമ്മതം വാങ്ങി മേരിയെ ചെന്ന് കണ്ടപ്പോ, മേരിക്ക് സമ്മതമല്ല. എന്തൊക്കെ പറഞ്ഞിട്ടും ഒഴിയില്ലെന്ന് മനസ്സിലായപ്പോ, തന്റെ ഭൂതകാലം മുഴുവൻ ആന്റണിയോട് മേരി വെളിപ്പെടുത്തി.

ആദിവാസി സമുദായത്തിൽ പെട്ടതാണെന്ന് തൊട്ട് ആരാലൊക്കെയോ ഗർഭം ധരിച്ച കൗമാരവും പ്രസവവും കുഞ്ഞിന്റെ മരണവും അങ്ങനെ.. അങ്ങനെ എല്ലാം തുറന്നു പറഞ്ഞു.

ഒക്കെയും കേട്ടിട്ട് ആന്റണി തിരികെ പോകുമെന്നാ മേരി കരുതിയത്. പക്ഷേ, മേരിയെ മാത്രമേ വിവാഹം കഴിക്കൂ എന്ന തീരുമാനം അണുവിട മാറ്റാതെ ആന്റണി മേരിയ്ക്ക് മുന്നിൽ നിലയുറപ്പിച്ചു. എന്നിട്ടും വഴങ്ങാത്ത മേരിയോട് കട്ടായം തന്റെ നിലപാട് അറിയിച്ചു.

ഒന്നുകിൽ മേരിയെ കെട്ടും... അല്ലെങ്കിൽ പുരോഹിതനാകും..

കന്നിന്മേൽ തറവാട്ടിലെ ഔസേപ്പിന് നാല് പെണ്ണും ഒരാണുമാ മക്കൾ. ആകെയുള്ള ഒരേ ഒരാൺതരിയെ കൈവിട്ടു പോകാതിരിക്കാൻ ഔസേപ്പ് തന്നെ മുൻകൈയെടുത്ത് മേരിയെ കൊണ്ട് വിവാഹത്തിന് സമ്മതിപ്പിച്ചു.

മേരിയുടെ കഴിഞ്ഞു പോയ കാലം ആന്റണിയെപ്പോലെ തന്നെ മനസ്സിലാക്കിയ ഔസേപ്പിന്, മകനെ ബാധിക്കാത്ത മേരിയുടെ പോയ കാലം ഒരു പ്രശ്നമായി തോന്നിയില്ല. ആന്റണിയെ തിരുത്താനാകില്ല എന്ന തിരിച്ചറിവ്‌ കൂടി കൊണ്ടാകാം, മേരിയുടെ സമ്മതം കിട്ടിയ പാടെ കല്യാണം നടത്തി.

രണ്ടു മൂന്ന് കൊല്ലങ്ങൾക്കിപ്പുറം ആദ്യത്തെ മകൻ ജനിച്ചു.  ആറു വർഷം കഴിഞ്ഞ് മകളും. ആ മകനാണ് ഇപ്പോ നിനക്ക് മുന്നിൽ നിൽക്കുന്ന ജോജു എന്ന ജോസഫ് ആന്റണി.. മകളെയും നീയറിയും... ജാനി എന്ന ജാൻസിആന്റണി.... "

അവിശ്വസനീയതയോടെ നങ്കിയുടെ കണ്ണുകൾ ജോസഫിൽ ചൂഴ്ന്നു.

"സാർ...!!!!"

"മമ്മയുടെ ആഗ്രഹമായിരുന്നു സ്വന്തം ഊരിലെ കുട്ടികൾക്കായി ഒരു സ്കൂൾ... പപ്പ, മമ്മയ്ക്ക് ആദ്യമായി സാധിച്ചു കൊടുത്ത ആഗ്രഹം അതായിരുന്നു. ആ സ്കൂളിലാണ് നീ പഠിച്ചത്..
പിന്നെ ഒരു ഹോസ്പിറ്റൽ പണിയണമെന്ന ആഗ്രഹം വർഷങ്ങൾക്കു ശേഷം അറിയിച്ചപ്പോഴും പപ്പയ്ക്ക് രണ്ടാമതൊന്ന് ആലോചിക്കാനുണ്ടായിരുന്നില്ല. അതിനുള്ള സ്ഥലവും സാഹചര്യവും സൗകര്യവുമൊക്കെ ഒത്തു വന്നത് ചീനൂരിലും. പക്ഷേ... ഉദ്ഘാടനത്തിന് മുമ്പേ പപ്പ പോയി...

ജാൻസി മെഡിസിന് പഠിക്കുമ്പോഴാ മമ്മ ഹോസ്പിറ്റൽ പണിയുന്ന ആഗ്രഹം പറയുന്നത്. ഒരു ആദിവാസി ഊരിനോട് ചേർന്ന് അങ്ങനെയൊന്ന് ചെയ്യുന്നതിനോട് ജാൻസിക്ക് എതിർപ്പായിരുന്നു.

അവൾക്കു വേണ്ടി വക്കാലത്ത് പിടിച്ച് ഒടുവിൽ തർക്കം മൂത്തപ്പോഴാ മമ്മ തന്നെ സ്വന്തം കഥ എന്നോട് പറയുന്നത്. എന്തിനും പപ്പയോട് തർക്കിക്കുന്ന താന്തോന്നിയായ മകനെ പിടിച്ചു നിർത്താൻ മമ്മയ്ക്ക് വേറെ വഴി കണ്ടില്ല എന്ന് പറയുന്നതാവും ശരി.

പഴയ ദുരനുഭവങ്ങൾ മമ്മയുടെ ആരോഗ്യത്തെ അപ്പോഴേക്കും വേട്ടയാടി തുടങ്ങിയിരുന്നു.

പിന്നെ എനിക്കൊന്നും പറയാനുണ്ടായിരുന്നില്ല... എതിർക്കാനോ വാദിക്കാനോ നിൽക്കാതെ ഞാനും പപ്പയ്ക്കൊപ്പം കൂടി. ജാൻസിക്ക് ഇന്നുമറിയില്ല പഴങ്കഥകളൊന്നും. അറിയിക്കേണ്ടെന്ന് ഞാനും തീരുമാനിച്ചു.." നേർത്ത ശബ്ദത്തിൽ പറഞ്ഞു നിർത്തി ജോസഫ് നിശ്വസിച്ചു.

ജോസഫ് കാണാതെ കൺകോണിലെ നനവ് പെട്ടെന്ന് തുടച്ചു മാറ്റി നങ്കി നിന്നു.

"പഠിച്ച് നീ.. ഐ എ എസ്സോ, ഐ പി എസ്സോ ഒന്നുമാകണ്ട.. ജയിലിൽ വെറുതെ പാഴാക്കുന്ന സമയത്തിന്റെ പാതി പഠിക്കാനായി ഉപയോഗിക്കണോന്ന് പറയുന്നത്, അതിന് കഴിവുള്ളവളാണ് നീയെന്ന ഉത്തമ ബോധ്യമുള്ളത് കൊണ്ടാ.

ആഗ്രഹിച്ചിട്ടും പഠിക്കാൻ സാധിക്കാത്ത ആയിരക്കണക്കിന് കുട്ടികളുള്ള നാട്ടിൽ, ഒരവസരം നിനക്ക് മുന്നിൽ കൈ നീട്ടി വിളിക്കുമ്പോ നിരസിച്ചു കളഞ്ഞിട്ട് പിന്നീടൊരിക്കൽ അതോർത്ത് ദുഃഖിക്കാൻ ഇടവരരുത്...

എന്റെ മമ്മ വിജയിച്ചവളാ.. ആ വിജയം എല്ലാവർക്കും ഒരു പ്രചോദനമാകണമെന്നേയുള്ളൂ.." പറഞ്ഞു നിർത്തി ജോസഫ്, നങ്കിയെ ഒരു നിമിഷം നോക്കി നിന്നു.

നങ്കിയുടെ കണ്ണുകൾ ജോസഫിൽ നിന്നും ഉൾവലിഞ്ഞു.

"ഒരു കാര്യം കൂടി...

ഞാനീ കഥ നിന്നോട് പറഞ്ഞതിന് പിന്നിൽ പല കാരണങ്ങളുണ്ട്....

.......

സമയം കിട്ടുമ്പോ ഒന്ന് ആലോചിച്ചു നോക്ക്..."

മിഴികളുയർത്താതെ നങ്കി കേട്ടു നിന്നു.

"പിന്നെ... മക്കൾക്കൊക്കെ സുഖമാ... സന്തോഷമായിരിക്കുന്നു. അവർക്ക് അറിവായിട്ടില്ലല്ലോ...

അറിവായവർ... നിന്നെ... കാത്തിരിക്കയാണ്... നീ തിരികെ വരുമ്പോ മാത്രം തിരിച്ചു കിട്ടുന്ന സന്തോഷത്തെയും..." അർദ്ധോക്തിയിൽ ജോസഫ് പറഞ്ഞു നിർത്തി.

"തങ്കാക്കയോട് വെഷമിക്കാതിരിക്കണോന്ന് പറയണം സാർ... ഞാനൊടനെ തിരിച്ചു വരൂന്നും..." നങ്കിയുടെ മറുപടി ഉടനെ വന്നു.

"ഓ...

മ്മ്... പറയാം..

.......

എങ്കിൽ, വേറെയൊന്നുമില്ലല്ലോ... എനിക്കിനി പോകാല്ലോ..." ജോസഫ് അനുമതിയ്ക്കായെന്നോണം ചോദിച്ചു.

"സാർ...ജാൻസി ചേച്ചിയും മോളും സുഖായിരിക്കുന്നോ..?

ചേച്ചി അറിഞ്ഞോ... ഇതൊക്കെ...?" ഉദ്വേഗത്തോടെ നങ്കി ആരാഞ്ഞു.

"ഉം... സുഖം..

ഞാനെല്ലാം അവളെ അറിയിച്ചു. ശിവൻ ചത്തതിൽ സന്തോഷമുണ്ടെങ്കിലും നീ ജയിലിലായതിന്റെ വിഷമമുണ്ട്..."

തണുത്ത മന്ദഹാസത്തോടെ നങ്കി അഴികളിലേക്ക് തല ചായ്ച്ചു.

"മോൾടെ പേരെന്താ സാർ...?"

"ഇസബെല്ല..."

"ഇസബെല്ല...!!" നങ്കി പേര് ആവർത്തിച്ചു.

"ഉം. ഒരുപാട് അർത്ഥമുള്ള പേരാ..."

"ആണോ...നല്ല പേരാ. ഇസ എന്ന് വിളിക്കാല്ലേ.... ഇസ മോൾ..." സ്വരത്തിലെ വിറയൽ പാട് പെട്ടൊതുക്കി നങ്കി പറഞ്ഞു.

"നങ്കീ..." ജോസഫ് മൃദുലമായി വിളിച്ചു.

"നങ്കി... ഒരർത്ഥവുമില്ലാത്ത എന്റെ പേര് പോലെ തന്നെയായി എന്റെ ജീവിതവും... പക്ഷേ.. എന്റെ മക്കള്ടെ ജീവിതം അങ്ങനെയാകരുതെന്നുണ്ട്.. "

"നിന്റെ ജീവിതത്തിന് ഒരർത്ഥവുമില്ലെന്ന് ആരാ പറഞ്ഞത്...

നിനക്കായ് രണ്ട് മക്കളില്ലേ... "

"ആ മക്കൾ അനാഥരാകാൻ ഒരുവിധത്തിൽ കാരണക്കാരി ഞാൻ തന്നെയല്ലേ.. വളർന്നു വലുതായിട്ട്  ഒരുനാൾ അവരിതെന്നോട് ചോദിച്ചാ..." ആശങ്ക തൂകിയ കണ്ണുകളോടെ നങ്കി ജോസഫിനെ നോക്കി.

"അവർ നിന്റെ മക്കളാ നങ്കീ.. നീ വളർത്തുന്ന മക്കൾ.. അവരൊരിക്കലും നിന്നെ തള്ളിപറയില്ല.. "

എന്തു പറയണമെന്നറിയാതെ നങ്കി തല ചലിപ്പിച്ചു.

"നിന്റെ പേരിന് ഒരർത്ഥവുമില്ലെന്ന് ആരാ പറഞ്ഞത്. ഓരോരുത്തരും ജീവിച്ചു കാട്ടുന്നതിനനുസരിച്ചാണ്  അവനവന്റെ പേരിന് പോലും പേരും പെരുമയും ഉണ്ടാകുന്നത്.

അങ്ങനെ വച്ചു നോക്കിയാൽ നിന്റെ പേരിന് ഏറെ അർത്ഥമുണ്ട്... ആത്മവിശ്വാസവും ചങ്കൂറ്റവും മാത്രമല്ല... അതിലേറെ നൈർമല്യമുള്ള പെണ്ണാ നീ..

ഒരുപാട് പേരുടെ മനസ്സിൽ ഒത്തിരി സ്നേഹത്തോടെയും ബഹുമാനത്തോടെയും നിന്റെ പേര് കുറിച്ചിടുന്ന ഒരു നാൾ തീർച്ചയായും വരും നങ്കി..."

ജോസഫ് എന്ന പരുക്കനായ മനുഷ്യന്റെ വാക്കുകൾ നങ്കി സാകൂതം കേട്ടു നിന്നു.

"സമയം കഴിഞ്ഞു...." അഴികളിൽ ലാത്തി തട്ടി കാവൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥ ഇരുവരോടുമായി പറഞ്ഞു.

"എങ്കിൽ ശരി... ഇനി ഞാനിറങ്ങുന്നു.."

"മ്മ്..."

"ഇനി നിച്ചുവുമായി വരാം..."

"ശരി സാർ..." നങ്കി തലയാട്ടി.

ജോസഫ് നടന്നകലുന്നതും നോക്കി നങ്കി നിന്നു. കണ്ണിൽ നിന്നും ആ രൂപം മാഞ്ഞതും തിരികെ സെല്ലിലേക്ക് നടന്നു.

⛈️ ⛅️ ⛈️ ⛅️ ⛈️ ⛅️

ഓടി മറയുന്ന മാസങ്ങൾക്കൊപ്പം നങ്കിയും ഓടിത്തുടങ്ങിയിട്ട് വർഷങ്ങളായിരിക്കുന്നു.

ഹയർ സെക്കന്ററിയുടെ റിസൾട്ട് പ്രതീക്ഷിച്ച പോലെ തന്നെയായിരുന്നു. പത്താം ക്ലാസ്സിൽ നേടിയ അത്ര വിജയം ഉണ്ടായില്ല. 75% എന്നത് നങ്കിയെ സംബന്ധിച്ച് വളരെ വലിയ നേട്ടമായിരുന്നു.

ജയിലിൽ നൽകുന്ന തൊഴിൽ പരിശീലനങ്ങളിൽ ഏതെങ്കിലുമൊന്ന് സായത്തമാക്കണമെന്ന് തോന്നിയപ്പോൾ, തുടർന്ന് പഠിക്കണമെന്ന ആഗ്രഹത്തെ തല്ക്കാലത്തേക്ക് ഒതുക്കി വച്ചു. 

ജയിലിലെ ജോലികൾക്കും പരിശീലനങ്ങൾക്കുമിടയിലെ ഒഴിവു നേരങ്ങളിൽ അക്ഷരം പോലുമറിയാത്ത സഹതടവുകാരെ പഠിപ്പിക്കുന്ന ടീച്ചറായി മാറി നങ്കി.

മാസത്തിലൊരിക്കൽ സന്ദർശകരായി നിച്ചുവും ഒപ്പം ജോസ്സാറും വന്നു പോയി. നിനച്ചിരിക്കാതെ ചിലപ്പോഴൊക്കെ  ജോസ് തനിച്ച് വരും.

എന്തെങ്കിലുമൊക്കെ കുറ്റപ്പെടുത്തി ശകാരിച്ച് കുറേ ഉപദേശിച്ച് തിരികെ പോകും. ചെറിയ രീതിയിലുള്ള വാഗ്വാദം നടത്തി നങ്കിയും തർക്കിക്കും.

ആറു വർഷങ്ങൾ ചാറ്റൽ മഴ പോലെ പെയ്തു തോർന്നു. സെല്ലിനുള്ളിലിരുന്ന് നേരം തെറ്റി പെയ്ത വേനൽ മഴയെ ആസ്വദിക്കുമ്പോഴാണ് സൂപ്രണ്ടിന്റെ വിളി വന്നത്.

"മേഡം..."

"ഹാ... നങ്കീ വാ...

നിന്നോട് ഒരത്യാവശ്യ കാര്യം പറയാനുണ്ടായിരുന്നു.  ഈ വരുന്ന നവംബർ ഒന്ന്,  കേരള പിറവി ദിനത്തിൽ നമ്മുടെ ജയിലിലേക്ക് ഒരു വിശിഷ്ഠാതിഥി വരുന്നുണ്ട്. കേരളം അറുപതാണ്ട് തികയ്ക്കുന്ന ആഘോഷത്തിന്റെ ഭാഗമായി കേരളത്തിലേക്ക് വരുമ്പോ സന്ദർശിക്കാൻ തെരെഞ്ഞെടുത്തിരിക്കുന്ന ആറു സ്ഥലങ്ങളിൽ ഒന്ന് നമ്മുടെ ജയിലാണ്..."

"ആരാ മേഡം അതിഥി...!!!?" നങ്കി ആകാംഷയോടെ തിരക്കി.

"ഇന്ത്യൻ വൈസ് പ്രസിഡന്റ്‌... ശങ്കര നായിഡു.."

അതിശയത്തോടെ നങ്കി ചിരിച്ചു.

" ശരിക്കും...!!! അതെന്താ മേഡം നമ്മുടെ ജയിൽ തെരെഞ്ഞെടുത്തെ..? "

"ഇത് കേരളത്തിലെ ആദ്യത്തെ വനിതാ ജയിലാണ് നങ്കീ. ഇവിടുത്തെ തടവുകാരുടെ നല്ല പ്രവർത്തനങ്ങളെ കുറിച്ച് വാർത്ത വരെ വന്നതല്ലേ... ഞാൻ നിന്നെ കാട്ടിയില്ലേ പത്രവാർത്ത...'

നങ്കി തലയാട്ടി.

"അതുമാത്രമല്ല... ഒരു ജയിൽ പുള്ളി പരീക്ഷ എഴുതി ഉന്നത വിജയം നേടിയതൊക്കെ അസാധാരണ സംഭവമല്ലേ... "

നങ്കിയുടെ ചുണ്ടിൽ അഭിമാനത്തിന്റെ പുഞ്ചിരി തിളങ്ങി.

"ഞാൻ നിന്നെ വിളിപ്പിച്ചത് രണ്ട് കാര്യങ്ങൾ പറയാനായിട്ടാ. നമ്മുടെ അതിഥിക്ക് നല്ലൊരു ഉപഹാരം നൽകണം. പുറത്ത് നിന്നുള്ള ഒന്നുമല്ല... നമ്മുടെ വീട്ടിലെത്തുന്ന അതിഥിക്ക് വീട്ടിലുള്ളത് കൊടുക്കുന്ന പോലെ, ജയിലിലേക്കെത്തുന്ന ഉപരാഷ്ട്രപതിക്ക് നമ്മുടെ ജയിലിലെ തന്നെ..,  ഇവിടുള്ള തടവുകാരുടെ കയ്യൊപ്പ് പതിഞ്ഞ നിർമ്മിതി തന്നെ സമ്മാനമായി കൊടുക്കണം.

കൈത്തറിയിൽ അദ്ദേഹത്തിന് നല്ലൊരു കുർത്ത തയ്യാറാക്കണം. അതിൽ നിന്റെ ഹൃദ്യമായ ഒരു ഡിസൈനിംഗ് വർക്കുണ്ടായിരിക്കണം..

പിന്നെ നമ്മുടെ സ്പെഷ്യൽ വാഴക്ക അച്ചാറും. എന്തു പറയുന്നു...?"

"നല്ല ഉപഹാരങ്ങളാണ് മേഡം.." നങ്കിയും ആവേശത്തിലായി.

"ഒരു കാര്യം കൂടിയുണ്ട്..

അന്നേ ദിവസം അറുപതാം കേരളപ്പിറവി പ്രമാണിച്ച് തെരെഞ്ഞെടുക്കുന്ന മൂന്ന് തടവുകാരെ വിടുതൽ ചെയ്യും...

നിന്റെ പേരും പരിഗണിച്ചിട്ടുണ്ട്...."

അവസാനം പറഞ്ഞ വാക്കുകൾ നങ്കിയെ അമ്പരപ്പിച്ചു.

"ഞാൻ.... കൊലപാതകം ചെയ്ത എന്നെ വെറുതെ വിടുമോ...?" സന്ദേഹത്തോടെയെങ്കിലും, നേരിയ പ്രതീക്ഷയോടെ നങ്കി ചോദിച്ചു.

"വെറുതെയല്ലല്ലോ... ആറു കൊല്ലം കഴിഞ്ഞില്ലേ തടവിലായിട്ട്. ജയിലിലെ നല്ല നടപ്പും സ്വഭാവവുമൊക്കെ നോക്കിയാണ് ശിക്ഷയിലെ ഇളവിന് പരിഗണിക്കുന്നത്. അങ്ങനെ നോക്കുമ്പോ ഏറ്റവും മുന്നിൽ നിൽക്കുന്നത് നീയാണ് നങ്കീ...

രണ്ടായിരത്തി ഒൻപതിലാ നീ ശിക്ഷ കിട്ടി ഈ ജയിലിലെത്തിയത്. ഇപ്പോ രണ്ടായിരത്തി പതിനാറായി... ഇനി കൂടിപ്പോയാ മൂന്നു കൊല്ലം. അതുവരെ നിനക്ക് കാത്തിരിക്കാൻ ഇടവരാതിരിക്കട്ടെ...

ആ മൂന്നു പേരിൽ ഒരാൾ നീയാകണമെന്നാ എന്റെ ആഗ്രഹം..." സൂപ്രണ്ട് തികഞ്ഞ ആത്മാർത്ഥതയോടെ പറഞ്ഞു.

കണ്ണിലെ തിളക്കം മായാതെ തന്നെ നങ്കി ചിരി തൂകി.

"ശരി നീ ചെല്ല്... നാളെ എല്ലാവരോടുമായി ഞാനിത് അറിയിക്കാം. നീ ആ കുർത്തയിൽ ചെയ്യേണ്ട വിശിഷ്ടമായ ഡിസൈനെ കുറിച്ച് ഒന്ന് ആലോചിച്ചു നോക്ക്... മ്മ്... പൊക്കോ.."

"മേഡം ഒരു കാര്യം... എന്റെ പേര് വിടുതലിനായി പരിഗണിച്ച കാര്യം ജോസ് സാറിനോട് ഇപ്പൊ പറയരുത്.. ഒരുപക്ഷേ, എനിക്കാ ഭാഗ്യം കിട്ടിയില്ലെങ്കിൽ.. കാത്തിരിക്കുന്ന എല്ലാവർക്കും അത് വലിയ വിഷമമാകും... അതുകൊണ്ട്... മേഡം..."

"ഞാനായിട്ട് പറയില്ല പോരേ..."

"ഉം... താങ്ക് യൂ മേഡം..."

"മ്മ്.. നീ ചെല്ല്... ഞാൻ പറഞ്ഞതിനെ കുറിച്ച് നന്നായിട്ടൊന്ന് ചിന്തിക്ക്..."

തല കുലുക്കി അനുസരിച്ചു കൊണ്ട് സെല്ലിലേക്ക് നടക്കുമ്പോ നങ്കി കിനാവ് കാണുകയായിരുന്നു. മക്കൾക്കരികിലേക്ക് ഓടി ചെല്ലുന്ന നിമിഷം.

പലതവണ ജോസ് സാർ പരോളിലിറങ്ങുന്നതിനെ കുറിച്ച് സൂചിപ്പിച്ചിരുന്നു. അപ്പോഴൊക്കെ അത് നിരുത്സാഹപ്പെടുത്തുക മാത്രമേ ചെയ്തിട്ടുള്ളു.

മക്കളെ കണ്ട്.. അടുത്തറിഞ്ഞ ശേഷം, വീണ്ടുമൊരു അകൽച്ച... അത് ചിന്തിക്കാൻ കൂടി കഴിയാത്തത് കൊണ്ട് പരോളിലിറങ്ങാൻ മനസ്സ് അനുവദിച്ചതേയില്ല. തിരികെ പോകുന്നത്, ഇനി അവരെ വിട്ടകലുന്ന ഒരു സാഹചര്യം മുന്നിൽ കണ്ടു കൊണ്ടാകരുതെന്ന് തീരുമാനിച്ചുറപ്പിച്ചതാണ്.

ഒരുപാട് ശ്രമപ്പെട്ടാണ് നിച്ചുവിന്റെയും ജോസ്സാറിന്റെയുമൊക്കെ നിർബന്ധത്തെ മറികടന്നത്. പക്ഷേ, ഇപ്പോൾ സൂപ്രണ്ട് പറഞ്ഞിരിക്കുന്നത് വച്ച്... കേരളപ്പിറവി ദിനത്തിൽ ഉപരാഷ്ട്രപതി തെരെഞ്ഞെടുക്കുന്ന മൂന്നു പേരിൽ ഒന്ന് തന്റേതാണെങ്കിൽ... ആ ചിന്ത തന്നെ നങ്കിയെ പുളകം കൊള്ളിച്ചു.

എന്നോ മറന്നു പോയ ദൈവങ്ങളെയൊക്കെ നങ്കി ആ നിമിഷം ഓർത്തു.

🌴🌴🌄🌴🌴

കുർത്തയിൽ കേരളത്തിന്റെ പ്രകൃതിരമണീയത നങ്കി വരച്ചു ചേർത്തത് സൂപ്രണ്ട് വിസ്മയത്തോടെ നോക്കി കണ്ടു.

"അതിമനോഹരം നങ്കീ.... ശരിക്കും നീ ഞെട്ടിച്ചു.."

"താങ്ക് യൂ... മേഡം..."

"തുടർന്നു പഠിക്കാൻ നീ വിസമ്മതിച്ചത് നല്ലൊരു ട്യൂട്ടർ ഇല്ലാതെ മുന്നോട്ടു പോകാൻ കഴിയില്ലെന്ന ആശങ്കയിലല്ലേ...

ജയിലിൽ നിന്നും പുറത്തിറങ്ങുമ്പോ നിന്റെ പഠിത്തം മാത്രമല്ല, ഈ കഴിവും കൂടി പരിഭോഷിപ്പിക്കണം... കേട്ടോ.." വാത്സല്യത്തോടെ സൂപ്രണ്ട് നങ്കിയുടെ ചുമലിൽ തട്ടി.

സൂപ്രണ്ടിന്റെ അഭിപ്രായം കിട്ടിയതും ആവേശത്തോടെ നങ്കി തന്റെ കരവിരുത് കൂട്ടുകാരെ കാണിക്കാനായി ഓടി.

ഒരു ആഘോഷത്തിനുള്ള കാത്തിരുപ്പ് എല്ലാവരിലും പ്രകടമായി. സ്വാതന്ത്ര ജീവിതത്തിൽ നിന്നു പോലും കിട്ടാത്ത സന്തോഷവും സമാധാനവും ജയിലിലെ തടവ് ജീവിതത്തിൽ നിന്നും കണ്ടെത്തിയ ഒരുപാട് മനുഷ്യ കോലങ്ങൾ ആവേശപൂർവ്വം കേരളപ്പിറവി ദിനത്തിനായി കാത്തിരുന്നു.

അങ്ങനെയൊരു ദിവസമുണ്ടെന്നും, അത് ആഘോഷിക്കപ്പെടേണ്ടതാണെന്നും ആദ്യമായി അറിയുകയായിരുന്നു അവരിൽ ഭൂരിഭാഗം പേരും.

നങ്കിയും കാത്തിരുന്നു... ഒരു സ്വപ്നം നെയ്തു കൂട്ടി.

🌈🌈

പോലീസ് ഉദ്യോഗസ്ഥരും കറുത്ത യൂണിഫോം ധരിച്ച സുരക്ഷാ ഭടന്മാരും  തീർത്ത സംരക്ഷണ കവചത്തിനുള്ളിൽ ഇന്ത്യൻ ഉപരാഷ്ട്രപതി ജയിൽ വളപ്പിലേക്ക് സന്നിഹിതനായി.

രാഷ്ട്രീയ - മാധ്യമ രംഗത്തുള്ളവരും സാമൂഹ്യ പ്രതിനിധികളും ഉൾപ്പെടെ ഒരു ചെറു നിര തന്നെ താത്കാലികമായി കെട്ടി പൊക്കിയ വേദിയിലും സദസ്സിലും കാണപ്പെട്ടു.

നങ്കി ഉൾപ്പെടെയുള്ള തടവുകാരുടെ കണ്ണിൽ വിസ്മയം ജനിപ്പിക്കുന്നതായിരുന്നു ഓരോ കാഴ്ചയും. ഉപരാഷ്ട്രപതിയെ കണ്ണിമയ്ക്കാതെ നോക്കുമ്പോഴും നങ്കിയുടെ ചുണ്ടുകൾ ഒരേ ഒരു പ്രാർത്ഥന ഇടതടവില്ലാതെ ചൊല്ലിക്കൊണ്ടിരുന്നു.

"ആ ക്യാമറേ കൂടി നമ്മളെയും ടീവീലൊക്കെ കാണിക്കുമാരിക്കും അല്ലേ നങ്കീ... എന്റെ മക്കള് കാണുമോ എന്തോ..." റഷീദയുടെ സ്വരത്തിൽ ആശങ്ക നിറഞ്ഞു.

"പിന്നേ നമ്മളെ കാണിക്കാൻ ഇരിക്കുവല്ലേ അവന്മാര്... ഒന്നു പൊടീ പെണ്ണേ.." മാലതി ആശ്വസിപ്പിക്കാനെന്നോണം പറഞ്ഞു.

"നറുക്കിട്ടെടുക്കുന്ന കൂട്ടത്തിൽ എന്റെ പേരുണ്ടേൽ.. എനിക്കെന്റെ മക്കളെ കാണാമാര്ന്ന്... കൊച്ചുങ്ങട വാപ്പ സമ്മതിക്കുമോന്നാ..."

"നീ വെറുതെ മനസ്സില് ആശയൊന്നും ഇട്ട് നിറയ്ക്കണ്ട... അതൊക്കെ ഒരു ഭാഗ്യമാ.. പേര് വീണില്ലേ പിന്നെ ചങ്ക് തകരാൻ വേറൊന്നും വേണ്ടല്ലോ. അതൊണ്ട് ഒന്നും പ്രതീക്ഷിക്കാതിരിക്ക്...

ദാ ഇവിടെ നിറഞ്ഞിരിക്കുന്ന എല്ലാത്തിന്റേം മനസ്സിൽ ഈയൊരു പ്രാർത്ഥനയേ ഇപ്പൊ കാണൂ. സ്വന്തം പേര് വിളിക്കുന്നത്..

ഞാനൊഴിച്ച്..." മാലതിയുടെ പരുപരുത്ത ശബ്ദത്തിൽ വിള്ളൽ വീണു.

നങ്കിയുടെ ചുണ്ടുകൾ പെട്ടെന്ന് നിശബ്ദമായി. മാലതി പറഞ്ഞത് ശരിയാണെന്ന് നങ്കിയ്ക്കും തോന്നി. ഏറെ പ്രതീക്ഷിച്ചിട്ട് ഒടുവിൽ ദൈവം തുണച്ചില്ലെങ്കിൽ...

ഇവിടിരിക്കുന്ന എല്ലാവരും പ്രാർത്ഥിക്കുന്നുണ്ടാകും.. വിധി പോലെ വരട്ടെ... ' മനസ്സിനെ സ്വാന്തനിപ്പിച്ച് നിർത്തി, റഷീദയുടെ മുഖത്തേക്ക് നോക്കിയപ്പോൾ നിറഞ്ഞ കണ്ണുകൾക്ക് വല്ലാത്തൊരു ഭാവമായിരുന്നു. ഒരുപക്ഷേ റഷീദ തന്നെക്കാളേറെ മോഹിക്കുന്നുണ്ടാകാം മക്കൾക്കരികിലെത്താൻ.

നിരന്തരം ശല്യമായ ഭർത്താവിന്റെ അനിയൻ ഒരിക്കൽ കേറി പിടിച്ചപ്പോൾ കൈയ്യിലിരുന്ന കറിക്കത്തിക്ക് ഒന്ന് പേടിപ്പിടിച്ചതാ റഷീദ. പക്ഷേ വിധി കരുതി വച്ചത് അവന്റെ മരണമായിരുന്നു. കഴുത്തിലൂടെ കത്തി കേറിയിറങ്ങിയപ്പോൾ അവനെക്കാളേറെ ഉച്ചത്തിൽ നിലവിളി,  റഷീദയുടെ തൊണ്ടക്കുഴിയിൽ നിന്നുമുയർന്നു.

എട്ടു കൊല്ലമായി ജയിലിലെത്തിയിട്ട്. ഇന്നേവരെ കാണാനായി ഒരാൾ പോലും വന്നിട്ടില്ല. സ്വന്തം വാപ്പയോ ഉമ്മയോ സഹോദരങ്ങളോ... എന്തിന് ഭർത്താവ് പോലും..'

സൂപ്രണ്ടിന്റെ സ്വാഗത പ്രസംഗം കഴിഞ്ഞു. ഉപരാഷ്ട്രപതി സംസാരിക്കാൻ തുടങ്ങി.

നമസ്കാരം എന്ന് പറഞ്ഞു കൈകൂപ്പി കൊണ്ട് അദ്ദേഹം തുടർന്നു. ഹിന്ദിയിലായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. അത് മലയാളീകരിച്ച് ഒരു ചെറുപ്പക്കാരനുമുണ്ടായിരുന്നു വേദിയിൽ. കേരളപ്പിറവി ആശംസ തൊട്ട് സ്ത്രീകളുടെ ഉന്നമനവും ജയിലിന്റെ മികവുറ്റ പ്രവർത്തന രീതികളും തടവുകാർ കൈവരിച്ച പ്രാവീണ്യങ്ങളുമൊക്കെ വാക്കുകളിലൂടെ കടന്നു പോയി.

ഏറെ ദീർപ്പിക്കാതെ വാക്കുകൾ ചുരുക്കി അദ്ദേഹം അടുത്ത കർമ്മത്തിലേക്ക് കടന്നു. ഇതിന് ശേഷം ഉപരാഷ്ട്രപതിക്ക് മറ്റെവിടെയോ സന്ദർശിക്കാനുണ്ടെന്ന് സൂപ്രണ്ട് എല്ലാവരോടുമായി സൂചിപ്പിച്ചു.

ഒരു ചെറിയ പ്ലാസ്റ്റിക് ഡബ്ബ വേദിയിൽ ഹാജരായി. പ്രതീക്ഷ തുളുമ്പിയ കണ്ണുകളൊക്കെയും ആ ഡബ്ബയിൽ കുരുങ്ങിക്കിടന്നു. ഉപരാഷ്ട്രപതിയുടെ മുന്നിലേക്ക് സൂപ്രണ്ട് ഡബ്ബ നീട്ടിയതും സദസ്സിൽ നിന്നും സീൽക്കാരങ്ങളും മൃദുമന്ത്രണങ്ങളും ഉരുവായി.

ഒന്നു കുലുക്കിയുഴിഞ്ഞ് മുന്നിലേക്ക് നീണ്ട ഡബ്ബയിലേക്ക് ഉപരാഷ്ട്രപതി ശങ്കര നായിഡുവിന്റെ കൈകൾ നീണ്ടതും സദസ്സ് നിശബ്ദമായി. ഡബ്ബയിൽ നിന്നും പുറത്തേക്കെടുത്ത കടലാസ് തുണ്ട് നിവർത്തി, ഇംഗ്ലീഷിലെഴുതിയ പേര് മൈക്കിലൂടെ അനൗൺസ് ചെയ്തത് നിമിഷ നേരങ്ങളിലാണ്.

"സെലീന...!!!!"

ആദ്യത്തെ പേര് ജയിൽ വളപ്പിൽ മുഴങ്ങി കേട്ടു. കൈയ്യടിയോടെ ആ പേര് സ്വീകരിക്കപ്പെട്ടു.

നങ്കിയുടെ കണ്ണുകൾ സെലീനയെ തിരഞ്ഞു. തങ്ങളുടെ കൂട്ടത്തിൽ നിന്നും സന്തോഷക്കണ്ണീരരോടെ എഴുന്നേറ്റ സെലീനയെ കണ്ടപ്പോൾ നങ്കിയുടെ കണ്ണുകളും ഈറനണിഞ്ഞു.

ബുദ്ധിമാന്ദ്യമുള്ള മകളെ പീഡിപ്പിക്കാൻ ശ്രമിച്ച ഭർത്താവിനെ വെട്ടിക്കൊന്നതിനാണ് സെലീന ജയിലിലായത്. എട്ടു വർഷം കഴിഞ്ഞു ശിക്ഷ കിട്ടിയിട്ട്. ഒരു മകനുള്ളത് അനാഥാലയത്തിലാണ്. ജയിലിൽ നിന്ന് പുറത്തിറങ്ങിയിട്ട് വേണം മകനെ ഒപ്പം കൂട്ടി ഒരു പുതിയ ജീവിതം കെട്ടിപ്പടുക്കാൻ.

സെലീനയുടെ കണ്ണുകളിലെ ആനന്ദ ബാഷ്പം കണ്ടു നിന്നവരുടെ മനസ്സിനെയും പിടിച്ചു കുലുക്കി .

അടുത്ത പേര് മുഴുങ്ങിയത് അപ്രതീക്ഷിതമായിട്ടായിരുന്നു. സെലീനയിൽ പതിഞ്ഞിരുന്ന കണ്ണുകളും കാതുകളും അടുത്ത പേര് തെരെഞ്ഞെടുക്കുന്ന ഭാഗ്യക്കുറിയിലേക്ക് നോക്കാൻ മറന്നു പോയി.

"നങ്ങി....! ! ! !....." ഉപരാഷ്ട്രപതി പേര് ഉറക്കെ അനൗൺസ് ചെയ്തതും, സൂപ്രണ്ട് അദ്ദേഹത്തിനോട് എന്തോ മെല്ലെ പറഞ്ഞു.

"ഓ.. സോറി... നങ്കീ...! ! ! !" അദ്ദേഹം തന്റെ ഉച്ചാരണ പിഴവ് പെട്ടെന്ന് തിരുത്തി.

ചുറ്റിനും മുഴങ്ങിയ ഹർഷാരവത്തിൽ നങ്കി പ്രജ്ഞ അറ്റ പോലെ നിന്നു. വിശ്വസിക്കാനാകാത്ത എന്തോ കേട്ടത് പോലെ.. സത്യമാണോ സ്വപ്നമാണോ എന്ന് നിർവചിക്കാനാകുന്നില്ല. ഒരിക്കൽ കൂടി അദ്ദേഹം ആ പേര് വിളിച്ചിരുന്നെങ്കിൽ എന്ന് ഓർത്ത നിമിഷം മാലതിയുടെ കൈകൾ നങ്കിയെ തട്ടിയുണർത്തി വലിച്ചെന്നേൽപ്പിച്ചു.

"പിന്നെ കിനാവ് കാണാം.. എഴുന്നേൽക്ക് പെണ്ണേ..."

കവിളിലൂടെ ഉരുണ്ടിറങ്ങിയ കണ്ണീർ തുള്ളികൾ ആഹ്ലാദത്തോടെ കഴുത്തിലേക്ക് ചിന്നിച്ചിതറി വീണു.

സൂപ്രണ്ടിന്റെ കണ്ണുകൾ ആനന്ദത്തോടെ തന്നിലുടക്കിയപ്പോൾ മാത്രമാണ്, യാഥാർഥ്യമായ സ്വപ്നത്തിൽ നിന്നും നങ്കിയുണർന്നത്.

മക്കളും നിച്ചുവും തങ്കവും മുരുകനും ജോസുമൊക്കെ ആ നിമിഷം നങ്കിയുടെ മുന്നിലേക്ക് ഓടിയെത്തിയതായി നങ്കിയ്ക്ക് തോന്നി. കൈകൾ കൂപ്പി ആരോടെല്ലാമോ നന്ദി പ്രകടിപ്പിച്ച് കൊണ്ട് കണ്ണുകളടച്ചതും, കവിളിലൂടെ നനുത്ത പളുങ്ക് മണി പോലെ കണ്ണീർ ഒഴുകിയിറങ്ങി..

നങ്കിയെ പിടിച്ചു നിർത്തിയതിനു ശേഷം ഇരിക്കാനായി തുനിഞ്ഞ മാലതിയെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കൊണ്ട് മൂന്നാമത്തെ പേര് പ്രഖ്യാപിച്ചു.

"മാലതി..! ! !.."

വീണ്ടും സദസ്സ് ശബ്ദമുഖരിതമായി.

"ഞാ... ഞാനോ... എനിക്ക് പോകണ്ട... വേണ്ട..." ആരോടെന്നില്ലാതെ പറഞ്ഞു കൊണ്ട് മാലതിയിൽ നിന്നുമൊരു ഏങ്ങലുയർന്നു. ഒപ്പം, നെഞ്ചു തകർന്ന നൊമ്പരത്തോടെ റഷീദയുടെ കരച്ചിലും...

🦋🦋🦋

ആഘോഷമൊക്കെ അവസാനിച്ച് അതിഥികൾ മടങ്ങിയതിനു ശേഷം വിടുതലിനായി തെരെഞ്ഞെടുത്ത മൂന്നുപേരെയും സൂപ്രണ്ട് ഓഫീസ് മുറിയിലേക്ക് വിളിപ്പിച്ചു.

മാലതി കരഞ്ഞു കൊണ്ട് അപേക്ഷിച്ചു, തനിക്ക് കിട്ടിയ ഇളവ് റഷീദയ്ക്കായി നൽകണമെന്ന്. ജയിലിൽ നിന്നിറങ്ങിയാൽ പോകാനൊരിടമില്ലന്ന സത്യം തേങ്ങലോടെ പറഞ്ഞു കൊണ്ട് മാലതി പൊട്ടിക്കരഞ്ഞു. തന്റേടിയായ മാലതിയിൽ നിന്നും അങ്ങനെയൊരു പ്രതികരണം ആരും പ്രതീക്ഷിച്ചില്ല.

വിടുതൽ കിട്ടിയ മാലതിക്ക് പകരക്കാരിയായി മറ്റൊരാളെ വിടാനാവില്ലെന്ന് സൂപ്രണ്ട് വ്യക്തമാക്കിയപ്പോഴും മാലതി കരയുകയായിരുന്നു. നിയമം അനുവദിക്കാത്ത ആ പ്രവൃത്തി ചെയ്യാൻ സൂപ്രണ്ട് തയ്യാറായില്ല.
ഒടുവിൽ മാലതിയെ ഒരു അഭയകേന്ദ്രത്തിലാക്കാമെന്ന് സൂപ്രണ്ടിന്റെ വാക്കുകളെ നങ്കി ആശ്വാസപൂർവം കേട്ടു നിന്നു. അപ്പോൾ മാത്രമാണ് മാലതിയിൽ നിന്നും ഒരു നേർത്ത മന്ദഹാസമെങ്കിലും ഉതിർന്നത്.

സെലീന ആവേശത്തിലായിരുന്നു. മകനരികിലേക്ക് ഓടിച്ചെല്ലാൻ.

എല്ലാവരോടും യാത്ര പറഞ്ഞ്, വേഷം മാറി വരാൻ സൂപ്രണ്ട് നിർദ്ദേശിച്ചപ്പോൾ നങ്കി പരുങ്ങലോടെ നിന്നു.

"മേഡം... ജോസ് സാർ അറിഞ്ഞില്ലല്ലോ ശിക്ഷയിൽ ഇളവ് കിട്ടിയ കാര്യം. സാർ വരാതെ ഞാൻ എങ്ങനെയാ പോകുക..." ആശങ്കയോടെ നങ്കി ആരാഞ്ഞതും സൂപ്രണ്ട് ചിരിച്ചു.

"നിന്റെ ജോസ് സാർ ജയിലിന് പുറത്തു നിൽപ്പുണ്ട് നിന്നെയും കാത്ത്..."

"സാറോ..!!!!!" അതിശയം കൊണ്ട് നങ്കിയുടെ കണ്ണുകൾ വിടർന്നു.

"അതെ...

നമ്മുടെ അതിഥി നിസാരക്കാരനായിരുന്നില്ലല്ലോ നങ്കീ...

ഉപരാഷ്ട്രപതി ജയിലിലേക്കെത്തുന്നതും തെരെഞ്ഞെടുക്കുന്ന മൂന്നു തടവുകാർക്ക് വിടുതൽ കിട്ടുമെന്നുമുള്ളതൊക്കെ പത്രത്തിലും ടീവിയിലുമൊക്കെ വാർത്തയായി വന്നു നങ്കി. അത് കണ്ടതും ജോസ് എന്നെ വിളിച്ചിരുന്നു. നിന്റെ പേരും പരിഗണിച്ചിട്ടുണ്ടെന്ന് അറിഞ്ഞപ്പോ ആള് അന്നേ നിന്നെക്കാണാൻ വരാനിരുന്നതാ... ഞാനപ്പോ നീ പറഞ്ഞ കാര്യമറിയിച്ചു.

ഒരുപക്ഷേ ഭാഗ്യം തുണച്ചില്ലെങ്കിൽ അതൊരു വേദനയാകുമെന്ന് പറഞ്ഞതും ജോസാ പറഞ്ഞത്. ഇന്നേ ദിവസം ഇവിടെ വരാമെന്നും നിന്നെ കാത്ത് നിൽക്കാമെന്നും. നിന്റെ പേര് തെരെഞ്ഞെടുക്കപ്പെട്ടില്ലെങ്കിൽ നീയറിയാതെ തന്നെ മടങ്ങി പോകാനായിരുന്നു തീരുമാനം.

എന്തായാലും ദൈവം തുണച്ചു.. ഞാൻ ജോസിനെ വിവരമറിയിച്ചിട്ടുണ്ട്.. ഇനി നീ പുറത്തോട്ട് ഇറങ്ങിച്ചെന്നാൽ മാത്രം മതി..."

നന്ദിയോടെ നങ്കി സൂപ്രണ്ടിനെ നോക്കി.

"മക്കളെയും കൂട്ടി എന്റെ വീട്ടിലേക്ക് ഒരു ദിവസം പോരണം.. ജോസിനോട് ഞാൻ പറഞ്ഞിട്ടുണ്ട്.."

"ഉം... " ഗദ്ഗദത്താൽ വാക്കുകൾ കിട്ടാതെ നങ്കി മൂളി.

"മ്മ്... ചെല്ല്.. കൂട്ടുകാരോടൊക്കെ യാത്ര പറഞ്ഞിട്ട് വാ..."

"മേഡം.. ഉപരാഷ്ട്രപതി നമ്മുടെ ഉപഹാരം തുറന്നു നോക്കിയില്ലല്ലോ.. അദ്ദേഹത്തിന് അത് ഇഷ്ടപ്പെടുമോ എന്തോ... " നങ്കി നിരാശയോടെ പറഞ്ഞു.

"അദ്ദേഹത്തിന് തീർച്ചയായും ഇഷ്ടപ്പെടും. നീ അതോർത്ത് വിഷമിക്കണ്ട..

ചെല്ല്.. പെട്ടെന്ന് പോകാൻ തയ്യാറായി വാ... ഇനിയും വൈകിയാ  വീടണയാൻ പാതിരാവാകും..."

നിറഞ്ഞ പുഞ്ചിരിയോടെ നങ്കി സൂപ്രണ്ടിന്റെ മുറി വിട്ടിറങ്ങി.

🖤🖤🖤🖤🖤

റഷീദയെ കെട്ടിപ്പിടിച്ച് കരയുമ്പോൾ തന്റെ ഹൃദയത്തിന് ആഴത്തിലൊരു മുറിവേറ്റതായി നങ്കിയ്ക്ക് അനുഭവപ്പെട്ടു. ആശ്വാസവാക്കുകൾ പോലും ശാന്തത നൽകില്ലെന്ന് അറിഞ്ഞിട്ടും നങ്കിയും മാലതിയും, റഷീദയെ സ്വാന്തനിപ്പിക്കാൻ ശ്രമിച്ചു. ഒടുവിൽ ചിരിയുടെ ഒരു നുണ സൃഷ്ടിച്ചു റഷീദ കൂട്ടുകാർക്ക് യാത്രയയപ്പ് നൽകി. റഷീദയുടെ കുടുംബത്തെ പോയി കാണാമെന്ന് മാലതി വാക്ക് കൊടുത്തപ്പോൾ വാടിത്തളർന്ന ആ മുഖത്ത് നേരിയ പ്രസരിപ്പ് വിരിഞ്ഞു.

നങ്കി ഓടിനടന്ന് എല്ലാവരോടും യാത്ര പറഞ്ഞു. അടുത്ത പരിചയക്കാരെ പോലായ പോലീസുകാരോടും യാത്ര പറയാൻ മറന്നില്ല. വിനോദിനിയുടെ സെല്ലിന് മുന്നിലെത്തി ഉള്ളിലേക്ക് നോട്ടമെറിഞ്ഞു. ഒരു നിഴൽ പോലെ വിനോദിനി അഴികൾക്ക് മുന്നിൽ പ്രത്യക്ഷമായതും നെഞ്ചിടിപ്പോടെ നങ്കി പെട്ടെന്ന് ഓടിയകന്നു.

തുടരും.....✍️

സത്യത്തിൽ അന്വേഷിച്ചപ്പോൾ അറിഞ്ഞത്, ജയിലിൽ നിന്നും തടവ് പുള്ളികളെ ഇങ്ങനെ വിടുതൽ ചെയ്യുന്നത് നിർത്തലാക്കിയിട്ട് കുറേക്കാലമായെന്നാണ്. പിന്നെ കേരളപ്പിറവി ദിനത്തിൽ ഇങ്ങനെയൊരു കാര്യം പരിഗണിക്കാറില്ലെന്നുമറിഞ്ഞു. എങ്കിലും, കഥയിൽ ചോദ്യമില്ലെന്ന വാദത്തെ കൂട്ട് നിർത്തി ഞാൻ നങ്കിയ്ക്ക് വിടുതൽ വാങ്ങി നൽകി...




  അടുത്ത ഭാഗത്തിൽ നങ്കി യാത്ര പറയുകയാണ്.....✍️💜


നങ്കി 2️⃣8️⃣

 



©️Copyright Protected



.............



"പോകാം സ്സാർ..."  കൂപ്പു കൈകളോടെ, കണ്ണുകളിലെ ഈറൻ മറച്ചു പിടിച്ച് നങ്കി പറഞ്ഞു.




"ഓക്കേ...  ദെൻ, ബൈ മിസ്റ്റർ ജോസഫ്..." ജോസഫിനോട് യാത്ര പറഞ്ഞ് സിഐ തിരിഞ്ഞു നടന്നു. 



ഇൻസ്‌പെക്ടർക്ക് പിന്നാലെ നടന്നു നീങ്ങുമ്പോൾ നങ്കിയുടെ കണ്ണുകൾ തോരാതെ പെയ്യാൻ തുടങ്ങിയിരുന്നു.



................✍️





ഊര് വിട്ട് ഇത്ര ദൂരെ... ഇത്ര ദൂരം  നീണ്ട യാത്ര ആദ്യമായിട്ടായിരുന്നു. പുറം കാഴ്ചകളിലേക്കാണ് കണ്ണ് നട്ടിരിക്കുന്നതെങ്കിലും, നങ്കിയുടെ മനസ്സും ചിന്തകളും ഊര് വിട്ട് പുറത്തേക്ക് വന്നില്ല.



ശിവൻ താലി കെട്ടിയ പെണ്ണായി ആ ഊരിലേക്ക് വന്നത് മുതൽ,  നാലു മാസം മുമ്പ് അതേ ശിവന്റെ കൊലപാതകിയായി കൈ വിലങ്ങണിഞ്ഞ് ഊരിന് പുറത്തേക്ക് വന്നത് വരെയുള്ള സംഭവങ്ങൾ നങ്കിയുടെ ചിന്തകളിലൂടെ കടന്നു പോയി.



കാടിനുള്ളിൽ നിന്നും പോലീസുകാർക്കൊപ്പം പുറത്തേക്ക് വന്ന രംഗം നങ്കിയുടെ കണ്ണിൽ വീണ്ടും തെളിഞ്ഞു.




🍂🍂🍂🍂🍂





കാട്ടുതീ പോലെ പടർന്ന വാർത്ത കേട്ടാകും ഊരാളുകൾ മുഴുവനും കാഴ്ചക്കാരാകാൻ ഉണ്ടായിരുന്നു. 



പോലീസ് ജീപ്പിലേക്ക് കയറാൻ നേരമാണ്  ലക്ഷ്മിയമ്മയും പെണ്മക്കളും പാഞ്ഞു വന്നത്.



"ന്റ ചെക്കന കൊന്നാടീ എരണം കെട്ടോളേ..." അലമുറയോടെ ലക്ഷ്മിയമ്മ നങ്കിയുടെ മുടിയിൽ കുത്തിപ്പിടിച്ചു.


"നെന്ന കെട്ടീതാഡീ എന്റ ചെക്കന്റ ഉയിര് പോഗാന് കാരണം...


ഓന കൊല്ലാത വിടാര്ന്നില്ലേഡീ പാവി നെനക്ക്..."


വനിതാ പോലീസ് ബലമായി അവരെ പിടിച്ചു മാറ്റുമ്പോഴും കല്ല് കണക്കെ നിശ്ചലമായി നങ്കി നിന്നു.



"നിയ്യ് തൊലഞ്ഞ് പോഗൂഡീ... " നിലത്ത് നിന്നും മണ്ണ് വാരി നങ്കിയുടെ മേലേക്ക് വാരിയെറിഞ്ഞ് ലക്ഷ്മിയമ്മ ശാപമുതിർത്തു.



"നിങ്ങള് ശപിക്കയാണോ..?" പുച്ഛത്തോടെ ചോദ്യമുതിർത്ത് ജോസഫ് മുന്നിലേക്ക് വന്നു.


"നിങ്ങൾടെ ശാപമൊന്നും ഇനി ഇവൾക്ക് ഏൽക്കില്ല... വലിയൊരു ശാപം ഇന്നിവൾടെ ജീവിതത്തിൽ നിന്ന് ഒഴിഞ്ഞു പോയീ.. ഇനിയുള്ള കാലം ജയിലിൽ ആണെങ്കിൽ കൂടി, സ്വസ്ഥമായിരിക്കും ഇവളുടെ ജീവനും ജീവിതവും...


പിന്നെ..


നിങ്ങൾടെ തല തെറിച്ച മോൻ ചത്തോണ്ട്, രക്ഷപെട്ടിരിക്കുന്നത് നിങ്ങളുടെ ഈ രണ്ട് പെണ്മക്കളും കൂടിയാ... പെണ്ണിന്റെ ശരീരത്തോട് വെറി പിടിച്ചവന് അമ്മയെന്നോ കൂടപ്പിറപ്പെന്നോ ഒന്നും കാണില്ല..." ജോസിന്റെ സ്വരം ഉയർന്നു.



ലക്ഷ്മിയമ്മ പെണ്മക്കളെ കെട്ടിപ്പിടിച്ച് ആർത്തലച്ചു കരഞ്ഞു.



സി ഐ യും ഫോറൻസിക് ഉദ്യോഗസ്ഥരും കാട്ടിൽ നിന്നുമിറങ്ങി വന്നു. അവർക്ക് പിന്നിൽ സ്ട്രക്ച്ചറിൽ വെള്ള പുതച്ച് ശിവന്റെ ശരീരവും.



"അയ്യോ....... സിവോ...." ലക്ഷ്മിയമ്മയുടേ രോദനം കാട്ടിനുള്ളിലേക്ക് ചൂളിയിട്ടു പോയി.



"ഇവരെ പിടിക്ക്... കാണാൻ പറ്റുന്ന കോലത്തിലല്ല രൂപം.. " ഇൻസ്‌പെക്ടർ വനിതാ പോലീസിന് നിർദേശം നൽകി.



നിലത്തേക്ക് ഊർന്നു വീണ് ലക്ഷ്മിയമ്മ നെഞ്ചത്തടിച്ച് അലമുറയിട്ടു. 




🍁🍁🍁🍁🍁




ജയിലിനുള്ളിലേക്ക് കാലെടുത്ത് വക്കുമ്പോഴും, ഓർമ്മകളുടെ ചുഴിയിൽ നിന്ന് കര കയറിയിരുന്നില്ല നങ്കിയുടെ മനസ്സ്.



അപരിചിതവും നിഗൂഢവും ഭീകരതയും നിറഞ്ഞ വിദൂര ലോകത്തെങ്ങോ അകപ്പെട്ടത് പോലെ ഒരു വിഭ്രാന്തി ഉടലാകെ മൂടുന്നതായി അനുഭവപ്പെട്ടതും ചിന്തകളെ വലിച്ചെറിഞ്ഞ് ബോധമണ്ഡലത്തിലേക്ക് ഇഴഞ്ഞു കയറി. 



എല്ലാ നടപടി ക്രമങ്ങളും പൂർത്തിയാക്കി  ജയിലഴിയ്ക്കുള്ളിലേക്ക് അടക്കപ്പെട്ടപ്പോൾ നങ്കി അറിയാതെ തന്നെ വിതുമ്പിപ്പോയി.



നവാഗതരായ ഒന്നാം വർഷക്കാരെ ക്യാമ്പസിനുള്ളിൽ റാഗിംഗിന് വിധേയരാക്കുന്നതിന് സമമായി, ജയിലിലെ പുതുമുഖമായ നങ്കിയ്ക്ക്, നാലു ചുമരുകൾക്കുള്ളിലെ തടങ്കലിലേക്ക് കയറിയ ഞൊടി മുതൽ തന്നെ ഏറെ ചോദ്യവും കുറച്ചു പ്രതിസന്ധികളും നേരിടേണ്ടി വന്നു.



കൊലപാതകമാണ് കുറ്റമെന്ന് അറിഞ്ഞപ്പോൾ അമ്പരന്ന് നിശബ്ദരായവർ, നിമിഷങ്ങൾക്കുള്ളിൽ തന്നെ, ഇത്ര ചെറിയ പ്രായത്തിലേ ഭർത്താവിനെ കൊന്നവളെ മോശക്കാരിയാക്കാനും മറന്നില്ല.



ജയിലറയുടെ ഇരുൾ നിറഞ്ഞ കോണിൽ, കാലിലേക്ക് മുഖം പൂഴ്ത്തിയിരുന്നു കരയുമ്പോൾ, നങ്കി എന്ന പത്തൊൻപതുകാരി അപ്പന്റെ പ്രിയപ്പെട്ട കൊച്ചുപെണ്ണ് മാത്രമായിരുന്നു.




🥀.


🥀🥀..


🥀🥀🥀...




ദിവസങ്ങളുടെ തിരിഞ്ഞു നോട്ടമില്ലാത്ത ഓട്ടത്തിനിടയിൽ, ജയിലിലെ പരിചിത മുഖങ്ങളിൽ ഒന്നായി മാറി നങ്കിയുടെ മുഖവും.



എന്തൊക്കെയോ കാരണങ്ങളാൽ ചിലർക്ക് പ്രിയപ്പെട്ടവളായി മാറിയപ്പോൾ തന്നെ, ഒരു കാരണവുമില്ലാതെ മറ്റു പലർക്കും ചതുർത്ഥിയും തോന്നി നങ്കി എന്ന കാട്ടുപെണ്ണിനോട്.



കലണ്ടറിൽ മാറി മറിയുന്ന ദിവസങ്ങൾ ജീവിതത്തെ ബാധിക്കാത്തത് കൊണ്ട് രാവും പകലും മാത്രമേയുണ്ടായിരുന്നുള്ളൂ ജയിൽ പുള്ളികൾക്ക്.



രണ്ട് മാസത്തോളമായ ജയിൽ ജീവിതത്തിന്റെ ഒരു പകൽ നേരത്താണ്, ഏതോ സന്ദർശകനുണ്ടെന്ന അറിയിപ്പ് കിട്ടുന്നത്.



മുരുകനോ തങ്കത്തിനോ ഇവിടെ വരെ വരാനുള്ള കാര്യപ്രാപ്തിയില്ലെന്ന തിരിച്ചറിവോ.. എന്തോ..,  ജോസഫിന്റെ മുഖമാണ് നങ്കിയുടെ മനസ്സിലേക്ക് ഓടി വന്നത്.



കുഞ്ഞുങ്ങളുടെ വിശേഷങ്ങളൊക്കെ ചോദിച്ചറിയാമെന്ന ചിന്ത തന്നെ കാലുകളുടെ വേഗത കൂട്ടി.



മുറ്റമിറങ്ങി ഇടനാഴിയിലേക്ക് കയറി മുന്നോട്ടു നടക്കുമ്പോൾ ഹൃദയതാളം പതിവില്ലാതെ പെരുമ്പറ മുഴക്കാൻ തുടങ്ങി. ആദ്യത്തെ തിരിവ് കഴിഞ്ഞപ്പോൾ തന്നെ കണ്ടു, അഴികൾക്കപ്പുറം നിൽക്കുന്ന രൂപത്തെ. നങ്കിയുടെ കാലുകൾ പെട്ടെന്ന് നിശ്ചലമായി.



"നിച്ചൂ.... !!!!" തൊണ്ടക്കുഴിയിൽ കുരുങ്ങിയ വിളിയിൽ അത്ഭുതവും അമ്പരപ്പും വേദനയും നിറഞ്ഞു തൂവി.



പിന്നെ, അഴികൾ തീർത്ത അതിര് പോലും മറന്ന് ഏങ്ങലോടെ മുന്നോട്ടു കുതിച്ചു. അഴിയിൽ പാഞ്ഞു വന്നിടിച്ചതും ആണിമുന കൊണ്ട് നെറ്റി പോറി.



"അയ്യോ.... ച്ചേയീ...." നൊമ്പരത്തോടെ നിച്ചു അഴികളിൽ മുറുകെ പിടിച്ചു.



"നിച്ചൂ... സുഗാണോടാ... എത്റ നാളായി കണ്ടിട്ട്... നാളല്ല... ഒര് കൊല്ലം കഴിഞ്ഞ്... ച്ചേയിയെ മറന്നോ നിയ്യ്... എന്ന വേണ്ടാദായോ...??? " പരിഭവത്തോടെ അതിലേറെ സങ്കടത്തോടെ നങ്കി ചോദിച്ചു.



"ച്ചേയീ... ഞാ.. ഞാ ഊര് വിട്ട് പോയിട്ട് കൊറേ മാസായി.. മദ്റാസ്സിലാര്ന്ന്... ഊരില് നിക്കാൻ തോന്നീല... മല്ലീന കൂട ആ നെറി കെട്ടവൻ കെട്ടിയേ പിന്ന, ഏടേലും പോയാ മദീന്ന് ആര്ന്ന്.. അങ്ങനാ മദ്റാസ്സീ പോയേ..


പഷേ..., ഞാ പോഗര്താര്ന്ന് അല്ലേ ച്ചേയീ...


മല്ലീന കേറി പിടിച്ച അന്നേ ഓന്റ കഴ്ത്ത് ഞാ വെട്ടീര്ന്നെങ്കി ഇങ്ങന ഒന്നും വര്ത്തില്ലാര്ന്ന്..." കുറ്റബോധത്തോടെ നിച്ചു തല കുനിച്ചു.



"തലേല് വരച്ച വര മാറ്റാൻ പറ്റില്ലല്ലോ.. ഇദൊക്ക ഇങ്ങന തന്നെ നടക്കേണ്ടതാര്ന്ന്... നിയ്യ് ഊര് വിട്ട് പോയത് നന്നായീന്നാ എനിക്ക് തോന്ന്ന്നത്... കൊച്ച് ചെക്കനല്ലേ നിയ്യ്.. നിയ്യ് ജയിലീ കെടക്ക്‌ന്നത് കാണേണ്ടി വന്നില്ലല്ലോ എനിക്ക്...


പിന്നെ... പിന്നങ്ങനാ നിയ്യ് ഒക്ക അറിഞ്ഞേ..?"




"കഴ്ഞ്ഞ വാരം ഒര് കടേന്ന് ഉച്ചക്ക് തിന്നാന് ചോറ് വാങ്ങീത് പൊതിഞ്ഞിര്ന്ന മലയാളം പേപ്പറില് ച്ചേയീട ഫോട്ടോ കണ്ടാ ഞാ നോക്കീത്.. കൊറച്ചു മാസം പഴേ പത്രായിര്ന്ന്, അതില വാർത്ത വായിച്ചപ്പോ ഞാ കരഞ്ഞ് പോയി..


പിന്ന.. എങ്ങനേം തിരിച്ച് വരണോന്നായി. മൂന്നീസം മുമ്പാ വന്നത്. ഊരില് ചെന്ന് തെരക്കീപ്പോ ആശ്പത്രീല സാറിന്റ കാര്യമാ അറിഞ്ഞേ.. ജോസച്ചായന്റ.. പിന്ന ഇച്ചായന പോയി കണ്ട്.. ഇച്ചായന്റ കൂട ആയിര്ന്ന്.. ഇത്രീസം.."



"ഇ.. ഇച്ചായൻ... !!!!?" അതിശയത്തോടെ നങ്കി നിച്ചുവിനെ നോക്കി.



"ഉം... ഇച്ചായനാ പറഞ്ഞേ അങ്ങന വിളിച്ചാ മദീന്ന്.."



"ഓ... എന്നിട്ട് സ്സാ.. സ്സാറിന് സുഗാണോ..?"



"ഇച്ചായൻ ഇവ്ട നിപ്പോണ്ടല്ലോ.. ച്ചേയി ചോദിച്ചോ..." നിച്ചു തന്റെ വലതു വശത്തേക്ക് കൈ ചൂണ്ടി പറഞ്ഞു.



അപ്പോൾ മാത്രമാണ് നങ്കി ജോസിനെ കണ്ടത്. ഒതുങ്ങി മാറി നിൽക്കുന്ന ജോസഫിനെ കണ്ട് നങ്കിയുടെ കണ്ണുകൾ വിടർന്നു.



"ഇച്ചായന് തെരക്കായോണ്ടാ ച്ചേയിയെ വന്ന് കാണാൻ പിന്നേം വൈഗിയേ...


നമ്മളെപ്പോലൊള്ളോരെ കൂട നിർത്താനും മനസ്സൊള്ള മന്ഷ്യരൊണ്ടെന്ന് ഇച്ചായന കണ്ടപ്പോഴാ മനസ്സിലായെ.."



നിച്ചുവിന്റെ വാക്കുകൾക്ക് കാതു കൊടുത്ത് നങ്കി തല കുനിച്ചു.



"ച്ചേയി എന്താ മിണ്ടാതെ നിക്കുന്നേ..!!?"



"ങ്‌ഹേ... ഹ്.. ഒന്നൂല്ല... കൊച്ചുങ്ങള കണ്ടാ നിയ്യ്... എന്റ മക്കക്ക് സുഗാണോ..?"



"ഉം... കണ്ട്... രണ്ട് പേരേം എന്റ കൈയ്യിലെട്ത്ത്..


മല്ലീട മോന് എന്റ പേരാല്ലേ... 


ച്ചേയി ആശിച്ച് ഇട്ട പേരാന്ന് തങ്കം മാമി പറഞ്ഞ്..." നിച്ചുവിന്റെ സ്വരമിടറി.



"നിന്ന ഒന്ന് കാണണോന്ന് ആശ ഉണ്ടാര്ന്ന് മല്ലിക്ക്.. എപ്പഴും ചണ്ട കൂടൂങ്കിലും നിന്ന ഒത്തിരി ഇഷ്ടാര്ന്ന്... നിയ്യ് മിണ്ടാത്ത സങ്കടം പറഞ്ഞിര്ന്ന് എന്നോട്... ഓൾഡ ഇഷ്ടത്തോടേം സമ്മദത്തോടേം നടന്ന കല്യാണായിരുന്നില്ലല്ലോ.. ചിന്നമ്മ പറഞ്ഞിട്ടല്ലേ മല്ലി കല്യാണത്തിന് നിന്ന് കൊട്ത്തേ..പിന്ന നിയ്യെന്തിനാ ഓളോട് പിണങ്ങിയെ.."



"അമ്മ... അവര് തന്നാ ഒക്കത്തിനും കാരണം... ദേഷ്യാര്ന്ന് അപ്പൊ എല്ലാരോടും...

മല്ലി ചാകാനും ച്ചേയി ജയിലിലാകാനും ഒക്ക അവര് തന്നാ കാരണം... 


നമ്മ്ട അപ്പനൊണ്ടാര്ന്നേ ഇങ്ങനൊന്നും വര്ത്തില്ലാര്ന്ന്..." നിച്ചു എന്ന പതിനാറുകാരനിൽ നിന്നും വിതുമ്പലുയർന്നു. 



കൺകോണിലെ നീർ തുടച്ച് നങ്കി നെടുവീർപ്പിട്ടു.



"ചേച്ചിയും അനിയനും കരഞ്ഞും ചിണുങ്ങിയും തീർന്നോ..?" ജോസഫ് മുന്നിലേക്ക് നീങ്ങി നിന്ന് ചോദിച്ചു.



മുഖം അമർത്തി തുടച്ച് നിച്ചു തല ഉയർത്തി.


"അയ്യോ.. ഇച്ചായനൊണ്ടെന്ന കാര്യം മറന്നു പോയീ.."



"ഉം... മറക്കും...


മറക്കാനും.. കണ്ടില്ലെന്ന് നടിക്കാനുമൊക്കെയാണല്ലോ എളുപ്പം.." ജോസഫ് ആരോടെന്നില്ലാതെ പറഞ്ഞു.



ഒന്നും മനസ്സിലാകാതെ നിച്ചു നെറ്റി ചുളിച്ചപ്പോൾ, നങ്കി എങ്ങനെ പ്രതികരിക്കണമെന്നറിയാതെ നിന്നുഴറി.



"ച്ചേയീ.. സുഗാണോന്ന് തിരക്കീട്ട്, ഇച്ചായനോട് ഒന്നും മിണ്ടീലല്ലോ..." നിച്ചു ഓർമ്മപ്പെടുത്തി.



"അദ്.. പിന്ന..."


എന്ത്‌ ചോദിക്കണമെന്നറിയാതെ പരുങ്ങി നിന്ന നങ്കിയ്ക്ക് മുന്നിലേക്ക് ജോസഫ് വന്നു നിന്നു.



അഴികൾ തീർത്ത അതിരുകൾക്കപ്പുറം നിൽക്കുന്ന നങ്കിയുടെ നെഞ്ചിടിപ്പ് ജോസഫിന്റെ കാതിൽ മുഴങ്ങി കേട്ടു.



കൈകൾ കൂപ്പി നങ്കി മിഴികളുയർത്തി.


"ഒര്പാട് നന്ദിയുണ്ട് സ്സാർ.. എന്റനിയനെ കൂട നിർത്തിയേന്...


....


പിന്ന....


..........


അദ്.... ഒര് സഹായം കൂട ചോദിക്കയാ... ബുദ്ധിമുട്ടാവൂലേ.. ഇവ്ന്.. ഒര് ജോലി കൂട കൊട്..ക്കണം.. ഇങ്ങന അലയാത ഏടേലും തങ്ങൂലോ.. ഞാ തിരിയെ വര്ന്ന വര.. ഏടെയും പോഗാത പിടിച്ച് നിർത്താനാ... " സഹായമഭ്യർത്ഥിച്ചതിന്റെ ജാള്യതയോടെ നങ്കി തല കുനിച്ചു.



"ജോലിയോ... ഇവനോ... എന്ത്‌ ജോലിയാണ് ഉദ്ദേശിക്കുന്നത്...?" ജോസഫ് പരിഹാസ രൂപേണ ചോദിച്ചു. 



"ഞാ ഇനി എവ്ടേം പോഗില്ല ച്ചേയീ.. ച്ചേയി തിരിച്ച് വര്ന്ന വര മണിക്കുട്ടിയേം നിച്ചൂനേം നോക്കി കഴിയും...."



നങ്കി, നിച്ചുവിന്റെ മുഖത്തേക്ക് നോക്കി.



"ഇവനെത്ര വയസ്സുണ്ട്...?" ജോസഫ് നങ്കിയോടായി ചോദിച്ചു. 



"പത്.. -



"നിന്നോടല്ല... നിന്റെ ച്ചേയിയോടാ..." മറുപടി പറയാനാഞ്ഞ നിച്ചുവിനെ ജോസഫ് തടഞ്ഞു.



"പതിനാറ്..." പതർച്ചയോടെ നങ്കി പറഞ്ഞു .



"പതിനാറാം വയസ്സില് ഇവനെന്ത് ജോലിയാ കൊടുക്കേണ്ടേ.. ഹാ... ഒരൊഴിവുണ്ട്... നിനക്കറിയാവുന്ന ജോലിയാ... ആശുപത്രി മോർച്ചറിക്ക് ഒരു സെക്യൂരിറ്റിയുടെ വേക്കൻസിയുണ്ട്.. അതുമതിയോ... ങ്‌ഹേ..?"



നങ്കിയുടെ കണ്ണുകൾ ജോസഫിന്റെ മുഖത്ത് തറഞ്ഞിരുന്നു.



"എന്താ നോക്കി പേടിപ്പിക്കുന്നെ...


പതിനാറല്ല.. പത്ത് വയസ്സിലും ജോലി ചെയ്യുന്ന പിള്ളേരുണ്ട്.. പഠിക്കാൻ വേണ്ടി ജോലി ചെയ്ത് കഷ്ടപ്പെടുന്നവരുമുണ്ട്... ആദ്യം ഇവൻ പടിക്കട്ടെ.. എന്നിട്ടാകാം, ഉദ്യോഗസ്ഥനാകുന്നത്.."



വിടർന്ന മിഴികളോടെ നങ്കി ജോസഫിനെ തന്നെ ഉറ്റുനോക്കി നിന്നു.



ആ നോട്ടത്തെ അവഗണിക്കുന്ന മട്ടിൽ അയാൾ നിച്ചുവിന് നേരെ തിരിഞ്ഞു.


"നിനക്ക് പഠിക്കാനുള്ള ഏർപ്പാടൊക്കെ ഞാൻ ചെയ്യാം.. പഠിത്തമൊക്കെ കഴിഞ്ഞിട്ട് മതി ചേച്ചീടെ മക്കൾക്ക് കൂട്ടിരിക്കുന്നത്... ഇപ്പോ അവരെ നോക്കാൻ രണ്ടു പേരുണ്ടല്ലോ. അതുതന്നെ ധാരാളം..


ഊര് തെണ്ടി നടക്കാൻ നിൽക്കാതെ മര്യാദയ്ക്ക് പഠിക്കാൻ നോക്ക്... മനസ്സിലായോ..?"



"ഉം... " അനുസരണയുള്ള കുട്ടിയെപ്പോലെ നിച്ചു തലകുലുക്കി.



തികഞ്ഞ ഗൗരവത്തോടെ ജോസഫിന്റെ ദൃഷ്ടി നങ്കിയ്ക്ക് മേലെ വീണു.


"ഇനി നിന്റെ ഉദ്ദേശമെന്താ... ശിക്ഷ കഴിയുന്നത് വരെ ജയിലിലെ ശാപ്പാടും തിന്ന് കഴിഞ്ഞു കൂടാന്നോ...?"



"ഇവ്ടെ വയറും നെറച്ച് ആരും വെറ്തെയിരിക്ക്ന്നില്ല.. മേലനങ്ങി വേലയും ചെയ്യ്ന്നൊണ്ട്..." നങ്കി തെല്ല് അരിശത്തോടെ പറഞ്ഞു.



"ഓ... എങ്കിൽ വേലയും ശാപ്പാടും കഴിഞ്ഞ് കിട്ടുന്ന നേരത്ത്, ചുരുണ്ടു കൂടി ഉറങ്ങാതെ വല്ലതും പഠിക്കാൻ നോക്ക്.."



അമ്പരപ്പോടെ നങ്കി നെറ്റി ചുളിച്ചു.



"മനസ്സിലായില്ലേ...?


പത്താം ക്ലാസ്സിൽ പാതിക്ക് നിർത്തിയ പഠിപ്പ് ഇവിടെ തുടങ്ങാൻ.. വെറുതെ കിടന്ന് ഉറങ്ങുന്ന സമയം മതി പഠിക്കാൻ.. "



"ഞാ... ഇനി..!!!"



"എന്തേ വയ്യേ... രണ്ട് കൊച്ചുങ്ങളുടെ അമ്മ ആയത് കൊണ്ടോ അതോ ജയിൽ പുള്ളിയാണെന്ന കാരണമോ... എന്തായാലും നിന്റെ മനസ്സ് പോലെ..


മന്ത്രിയെ വരെ പോയി കണ്ട് നിനക്ക് ജയിലിനുള്ളിൽ പഠിക്കാനുള്ള അനുമതിയും സംവിധാനങ്ങളുമൊക്കെ ശരിയാക്കിയിട്ടുണ്ട്. സൂപ്രണ്ടിനോട് എല്ലാം സംസാരിച്ചും കഴിഞ്ഞു. ബാക്കിയൊക്കെ സൂപ്രണ്ട് നിന്നോട് പറയും...


പിന്നെ നിനക്ക് തീരുമാനിക്കാം.. എന്തു വേണമെന്ന്...


ശരി... ഞങ്ങൾ... ഇറങ്ങുകയാ...


തീരുമാനം സൂപ്രണ്ടിനോട് പറഞ്ഞാൽ മതി..." 



എന്തുപറയണമെന്നറിയാതെ നങ്കി തല കുലുക്കി.



"വാടാ.." നിച്ചുവിനെ വിളിച്ചു കൊണ്ട് ജോസഫ് തിരിഞ്ഞു നടന്നു.



"ച്ചേയീ...


പോഗുവാ... ഇനി.. പിന്ന വരാം..


മനസ്സ് വെശമിപ്പിക്കര്ത്...


പിന്ന...


ച്ചേയിക്ക് പഠിക്കണോന്ന് വലിയ ആശ ആയിര്ന്നില്ലേ... ഇച്ചായൻ പറഞ്ഞ പോല ച്ചേയി പഠിക്ക്... ഞാനും പഠിക്കാം... പഠിച്ച് ജോലി കിട്ടി കഴ്ഞ്ഞാ കൊച്ചുങ്ങളെ നമ്മക്ക് നല്ല പോല വളത്താലോ..."



"മ്മ്..."



"അപ്പൊ പോട്ടെ ച്ചേയീ...."



"നിച്ചൂ... സ്സാറ് പറേന്ന അന്സരിച്ച് നിക്കണം നിയ്യ്.. ഒര് ബുദ്ധിമുട്ടും ഒണ്ടാക്കര്ത് സാറിന്...മനസ്സിലായാ..."



"ആ... ച്ചേയീ..."



"ശരി ചെല്ല്...." നങ്കിയുടെ കണ്ണുകൾ മുമ്പേ പോയ ജോസഫിലേക്ക് നീണ്ടു.



തലയാട്ടി ഒരിക്കൽ കൂടി യാത്ര ചോദിച്ചു കൊണ്ട് നിച്ചു ജോസഫിനെ അനുഗമിച്ചു.



കണ്ണിൽ ഉരുണ്ടു കൂടിയ നീർമുത്തുകളെ പൊഴിച്ചുടച്ചു കൊണ്ട് നങ്കി ജയിലറയിലേക്ക് ചുവടുകൾ പിൻവലിച്ചു.





⏳️⏳️⏳️⏳️⏳️






ഒരു കൊച്ചുകുട്ടിയുടെ ഉത്സാഹത്തോടെ പഠിക്കാൻ തുടങ്ങിയപ്പോൾ, കാത്തിരുപ്പിന് പുതിയൊരു ഭാവവും വന്നതായി നങ്കിയ്ക്ക് തോന്നി.



ജയിൽ വളപ്പിലെയും അടുക്കളയിലേയുമൊക്കെ ജോലി കഴിഞ്ഞ് കിട്ടുന്ന നേരങ്ങളിലൊക്കെ പുസ്തകങ്ങളായി നങ്കിയുടെ കൂട്ട്.



നിച്ചുവുമായി ഒരു തവണ വന്നതിൽ പിന്നെ ജോസഫ്, ഒരിക്കൽ പോലും നങ്കിയെ കാണാനായി വന്നതേയില്ല. മുരുകൻ രണ്ടു തവണ നിച്ചുവിനോപ്പം വന്നു.


ജയിലിനുള്ളിലായ നങ്കിയെ കാണാൻ മനസ്സുറപ്പില്ലാത്തതിനാൽ തങ്കം വരില്ലെന്ന ഉറച്ച തീരുമാനത്തിലാണ്. നങ്കിയും ആ തീരുമാനത്തിനോട് യോജിച്ചു.



തങ്കത്തിനെ കണ്ടാൽ കുഞ്ഞുങ്ങളെ കാണണമെന്ന മോഹമുദിക്കുമെന്ന് നങ്കിയ്ക്കറിയാം. അതുകൊണ്ട്  തങ്കത്തിന് സന്ദർശന വിലക്ക് നങ്കി തന്നെ ഏർപ്പെടുത്തി.



പക്ഷേ നങ്കിയുടെ മനസ്സിനെ എന്തുകൊണ്ടോ ജോസഫിന്റെ അഭാവം അലട്ടാൻ തുടങ്ങി.


നിച്ചുവിനെയും മുരുകണ്ണനെയും പല തവണ  കൂട്ടിക്കൊണ്ട് വന്നിട്ടും ജയിലിനുള്ളിലേക്ക് വരാതെ പുറത്ത് തന്നെ അവർക്കായ് കാത്തു നിൽക്കുന്നു. അന്വേഷിക്കാതെ തന്നെ നിച്ചു എല്ലായ്പോഴും പറയും ഇച്ചായൻ പുറത്ത് കാത്ത് നിൽക്കയാന്ന്...



എത്ര ആലോചിച്ചിട്ടും ജോസ്സാറ് തന്നെ കാണാൻ കൂട്ടാക്കാത്തതിന്റെ കാരണം നങ്കിയ്ക്ക് പിടികിട്ടിയില്ല.



തുടർന്ന് പഠിക്കണമെന്ന നിർദേശം അതേപടി അനുസരിക്കുകയാണുണ്ടായത്.. 'പിന്നേമെന്താ പെട്ടെന്ന്....?' 



രാവിലെ നിച്ചു വന്നു പോയതിന് ശേഷം നങ്കിയുടെ തലയെ ചൂടു പിടിപ്പിക്കുന്ന മട്ടിൽ ഈ ചോദ്യം, മനസ്സ് ആവർത്തിച്ചു കൊണ്ടിരുന്നു.



നാളെ അവസാന വർഷ പരീക്ഷ തുടങ്ങുകയാണ്. പുസ്തകം തുറന്നു വച്ചിട്ടും ചിന്തകൾ കാടു കയറാൻ തുടങ്ങി. ഒടുവിൽ പുസ്തകമടച്ചു വച്ച്, ഇരുൾ പരക്കുന്ന ജയിൽ വളപ്പിലേക്ക് മിഴി നീട്ടി അഴികളിൽ തല ചായ്ച്ചിരുന്നു. നിച്ചുവിനോട് പലയാവർത്തി ചോദിക്കണമെന്ന് നിനച്ചിട്ടും ചോദിച്ചില്ല... മനസ്സ് നിർബന്ധിച്ചിട്ടും വിവേകം എതിർത്തു. സ്വയമൊരു തിരിച്ചറിവ്‌ തോന്നുമ്പോൾ മനസ്സിനെ വിലക്കും..



കാട്ടുപെണ്ണ്... വിവാഹിത... രണ്ടു കുട്ടികളുടെ അമ്മ...വിധവ... ഇപ്പോ  കൊലപാതകിയായി ജയിലിലും... ' ഇങ്ങനെയുള്ള തനിക്ക്, പ്രതിസന്ധികളിൽ താങ്ങായ പുരുഷനോട് ആരാധനയോ..!!??? സ്വയം നിഷേധിക്കും മട്ടിൽ നങ്കി തല ചലിപ്പിച്ചു.



രാത്രിയാഹാരം കഴിഞ്ഞ് കിടന്നപ്പോൾ കടന്നു വന്ന ജീവിതാനുഭാവങ്ങളുടെ ഓർമ്മകൾ ഒരു ചിതൽപ്പുറ്റ് പോലെ മനസ്സിൽ ഉയർന്നു വന്നു.



ശിവനും മല്ലിയും മണിയനും ലക്ഷ്മിയമ്മയും പെൺമക്കളുമൊക്കെ ആ വാല്മീകത്തിൽ നിന്നും ചിതലുകളായ് പുറത്തേക്ക് വന്നു. ശിവന്റെ രൂപത്തിലുള്ള ചിതല് കണങ്കാലിലൂടെ മെല്ലെ നങ്കിയുടെ മേലേക്ക് നുഴഞ്ഞു കയറി. 



അരയിലൂടെ ആ ചിതൽ ഇഴഞ്ഞു നടക്കാൻ തുടങ്ങിയതും ഞെട്ടിപ്പിടഞ്ഞ് നങ്കി ഉണർന്നു. ആരുടെയോ കൈകൾ വയറിനെ ചുറ്റിപ്പിണഞ്ഞിരിക്കുന്നു. ഒരുൾക്കിടിലത്തോടെ കുതറി മാറാൻ ശ്രമിച്ചപ്പോൾ പിടി മുറുകി. ഉറക്കെ നിലവിളിച്ചു കൊണ്ട് സർവ്വശക്തിയുമെടുത്ത് കാല് പിന്നിലേക്ക് ആഞ്ഞു ചവിട്ടി.



ജയിൽ വളപ്പ് ആകമാനം ഉണർന്നു. നങ്കിയ്ക്കൊപ്പം സെല്ലിലുണ്ടായിരുന്ന മറ്റ് സഹതടവുകാരും ഒച്ചപ്പാടോടെ ഉണർന്നു. ബൾബുകൾ തെളിഞ്ഞു.



നിലത്ത് നിന്നും ചാടിഎഴുന്നേറ്റ് നങ്കി പിന്നിലേക്ക് നോക്കി. അടിവയറിൽ പൊത്തിപ്പിടിച്ച് ഞരങ്ങുന്ന വിനോദിനിയെയാണ് കണ്ടത്. രണ്ടാഴ്ച ആയിട്ടേയുള്ളൂ വിനോദിനി ജയിലിലെത്തിയിട്ട്. ആരോടും മിണ്ടാട്ടമില്ലാതെ ഉൾവലിഞ്ഞ പ്രകൃതക്കാരിയായ വിനോദിനി എന്തിന് തന്നെ കയറി പിടിച്ചു എന്ന് നങ്കിയ്ക്ക് മനസ്സിലായില്ല.



"എന്താ പെണ്ണേ... എന്തോ പറ്റീ...!!?" കൂട്ടത്തിൽ സീനിയറായ മാലതി തിരക്കി.



പതർച്ചയോടെ നങ്കി നടന്നത് പറഞ്ഞു. അപ്പോഴേക്കും സൂപ്രണ്ടും കാവൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരും സെല്ലിലേക്കെത്തി.



സംഭവം കേട്ടതും സൂപ്രണ്ട് വിനോദിനിയുടെ മുടിക്കെട്ടിൽ കുത്തിപ്പിടിച്ചു.



"എന്തിനാടീ നീയീപ്പെണ്ണിനെ കേറിപ്പിടിച്ചേ...?" സൂപ്രണ്ടിന്റെ ഒച്ച സെല്ലിൽ മുഴങ്ങി.



"ഇവൾടെ സൂക്കേട് മറ്റേത് സാറേ... വന്നിട്ട് കൊറച്ചീസം ആയില്ലേ.. ഒറക്കം കിട്ടിക്കാണില്ല... എരപ്പ..." മാലതി ആക്രോശിച്ചു.



"ഇനി എത്ര കൊല്ലം കടക്കണോടീ നീയിതിനകത്ത്.." മറ്റൊരു സഹതടവുകാരിയായ റഷീദ പല്ല്ഞെരിച്ചു.



"നിന്റെയൊന്നും ചോദ്യം ചെയ്യല് വേണ്ട... കിടന്നുറങ്ങാൻ നോക്ക് എല്ലാണോം...


നങ്കീ നിനക്ക് കുഴപ്പമൊന്നുമില്ലല്ലോ..."



മറുപടി പറയാതെ ഇല്ലെന്നർത്ഥത്തിൽ നങ്കി തലയാട്ടി.



"ഇനി ഇവള് ഇവിടെ കിടക്കണ്ട... ഒറ്റയ്ക്കൊരു സെല്ലിലിട്ടാ മതി. നാളെത്തന്നെ ഡോക്ടറെ വിളിക്കണം ഇവൾക്ക് നല്ലൊരു ചികിത്സേടെ കുറവുണ്ട്... "



"എന്നെ വിട്... എനിക്കിവിടെ കിടന്നാ മതി.." വിനോദിനി ചീറി.



"നിന്നെ എവിടെ കിടത്തണോന്ന് ഞാൻ തീരുമാനിച്ചോളാം.. വാടീ ഇവിടെ... ആണെന്നോ പെണ്ണെന്നോ ഇല്ലാത്ത കുറേ ജന്മങ്ങള്...


ഇവളെ പിടിച്ചോണ്ട് വാ.." സൂപ്രണ്ട് വിനോദിനിയെ ചുമരിലേക്ക് പിടിച്ചു തള്ളി, കാവൽ പോലീസിനോട് ആജ്ഞ നൽകി സെല്ല് വിട്ടിറങ്ങിപ്പോയി.



നങ്കിയെ ദഹിപ്പിക്കുന്ന തരത്തിൽ നോട്ടമയച്ച് വിനോദിനി സെല്ല് വിട്ടിറങ്ങി.



"ഹോ... എന്നാലുമെന്റെ മാലതീ... ഇങ്ങനേമുണ്ടോ പെണ്ണുങ്ങള്.. " റഷീദ അന്ധാളിപ്പോടെ താടിക്ക് കൈ കൊടുത്തു.



"കാമുകന്റ കൂട ചേർന്ന് പതിനൊന്ന് വയസ്സൊള്ള മോള കൊന്നതാ അവൾടെ കുറ്റം.." മാലതി തന്റെ അറിവ് പങ്ക് വച്ചു.



"എന്നാലും നമ്മളിത്ര പേര് കൂടുണ്ടായിട്ടും ഈ പെണ്ണിന കേറി പിടിച്ചല്ലോ... " റഷീദ നങ്കിയെ അടിമുടി നോക്കി പറഞ്ഞു.



"അവളെ കുറ്റം പറയാൻ പറ്റുവോ.. കുറച്ചു ദിവസായില്ലേ ജയിലീ വന്നിട്ട്. മനുഷ്യനല്ലേ... ഓരോരോ ആഗ്രഹങ്ങള് തോന്നൂല്ലേ..." അതുവരെ നിശബ്ദയായി നിന്ന റീന തമാശ കണക്കെ പറഞ്ഞു.



"ആണോ.. എങ്കി കുറച്ചു മുന്നേ നിനക്കിത് പറയാര്ന്ന്... അവള ഒറ്റയ്ക്കൊരു സെല്ലീ ആക്കത്തില്ലാര്ന്ന് നിന്നെ കൂട വിട്ടേനേ... " തെല്ല് അരിശത്തോടെ മാലതി, റീനയ്ക്കുള്ള മറുപടി കൊടുത്തു.



അതിഷ്ട്പ്പെടാതെ റീന തന്റെ പായിലേക്ക് ചുരുണ്ടു കൂടി.



"നീ കിടക്കാൻ നോക്ക് നങ്കീ... അവള് പോയില്ലേ..." നങ്കിയുടെ ചുമലിൽ തട്ടി മാലതി ആശ്വസിപ്പിച്ചു.



"ഉം..." മൂളലോടെ നങ്കി പുറത്തേക്ക് ദൃഷ്ടി നീട്ടി.



ഏറെ നാളുകൾക്ക് ശേഷം നങ്കിയുടെ കണ്ണിൽ കാർമേഘം മൂടി. പിന്നെ വെളുക്കുവോളം അത് തോരാതെ പെയ്യാൻ തുടങ്ങി.





🕛🕧🕐🕒🕕





എസ് എസ് എൽ സി യുടെ റിസൾട്ടിനായുള്ള കാത്തിരുപ്പിലായിരുന്ന ജയിൽ അങ്കണത്തിലേക്ക് സൂപ്രണ്ട് വന്നത്, പത്താം ക്ലാസ്സ്‌ 82% മാർക്കോടെ നങ്കി വിജയിച്ചിരിക്കുന്നു എന്ന വാർത്തയുമായാണ്. 



മധുരം നങ്കിയ്ക്ക് പങ്കിട്ടു കൊണ്ട് സൂപ്രണ്ട് ആശംസ അറിയിച്ചു.



നിറഞ്ഞു തൂകിയ നീർകണങ്ങൾ കാഴ്ച മറച്ചുവെങ്കിലും, തടങ്കലിനുള്ളിൽ തനിക്ക് അമ്മയുടെയും സഹോദരിയുടെയുമൊക്കെ സ്നേഹം തന്ന മുഖങ്ങളിലെ ആഹ്ലാദം നങ്കി അടുത്തറിഞ്ഞു.



"ആങ്ങളക്കൊച്ചൻ വന്നിട്ടുണ്ട് കാണാൻ.." സന്തോഷ പ്രകടനത്തിനിടയ്ക്ക് സൂപ്രണ്ട് അറിയിച്ചു.



ഇടനാഴിയിലൂടെ നടക്കുമ്പോൾ ജോസഫ് വന്നിട്ടുണ്ടാകുമോ എന്ന ചോദ്യം നങ്കിയെ അലട്ടാൻ തുടങ്ങി. നിച്ചുവിന്റെ രൂപം കണ്ണിൽ വെളിവായതും തികട്ടി വന്ന സങ്കടമൊതുക്കി ചുണ്ടിൽ ചിരി വിരിയിച്ചു.



"ച്ചേയീ...." ആഹ്ലാദവും ആവേശവും നിറഞ്ഞു കവിഞ്ഞ ശബ്ദത്തിൽ നിച്ചു ഉറക്കെ വിളിച്ചു.



"ഞങ്ങള് രാവില തൊട്ടേ പുറത്തൊണ്ടാര്ന്ന്... ച്ചേയി ജയിക്കൂന്ന് ഒറപ്പാര്ന്ന്... പഷേ ഇച്ചായൻ പറഞ്ഞ് റിസൾട്ട്‌ അറിഞ്ഞിട്ട് കേറി കണ്ടാ മതീന്ന്..


ച്ചേയി ലഡു കഴിച്ചോ...?"



"ഉം..."



"ഇച്ചായൻ വാങ്ങീതാ.. സൂപ്രണ്ടിന്റെ കയ്യീ കൊട്ത്തിട്ട് അകത്തെല്ലാർക്കും കൊട്ക്കണോന്ന് പറഞ്ഞ്...


ച്ചേയിക്കൊരു കാര്യറിയ്യോ.. ഇച്ചായന്റെ അകന്ന ബന്തുവാ സൂപ്രണ്ട്... ഇന്ന് അവര് സമ്സാരിക്ക്ന്ന കേട്ടപ്പഴാ ഞാനറിഞ്ഞേ..."



നിച്ചുവിന്റെ വാക്കുകളെ അതിശയത്തോടെ ശ്രവിച്ചു നിന്ന നങ്കി തെല്ല് മൗനത്തിന് ശേഷം ചോദിച്ചു ;



"സാറെന്താ.. എന്നെക്കാണാൻ വരാത്തെ...?" പതിഞ്ഞ സ്വരത്തിൽ ചോദ്യമുതിർത്ത് നങ്കി അഴികളിൽ വിരലമർത്തി.



"അറീല്ല... ച്ചേയിയെ കണ്ടിട്ട് ഞാൻ ചെല്ലുമ്പോ ഇച്ചായൻ എല്ലാം ചോദിച്ചറിയും. ച്ചേയി എന്തൊക്കെ പറഞ്ഞ്... എന്തൊക്കെ ചോദിച്ച് എന്നൊക്കെ..."



നങ്കി മിഴികൾ താഴ്ത്തി. നങ്കിയുടെ ഭാവമാറ്റം മനസ്സിലാക്കി നിച്ചു പറഞ്ഞു തുടങ്ങി.



"ച്ചേയി എല്ലാരെപ്പറ്റീം തെരക്കില്ലേ.. കൊച്ചുങ്ങളെ മുരുകമ്മാമനേം തങ്കമ്മാമിയേം ഒക്കെ അതൊക്കെ ഞാൻ പറയും...


തങ്കം മാമീം ചോദിക്കും...


ഒരിക്ക മാമി പറഞ്ഞ്, ഇച്ചായൻ ചോദിക്കുമ്പോ ച്ചേയി ഇച്ചായനേം തിരക്കിയെന്നു പറയണോന്ന്... കഴിഞ്ഞ വന്നിട്ട് പോയപ്പോ ഞാൻ അങ്ങനെ പറഞ്ഞ്...


പഷേ ഇച്ചായൻ എന്ന തറപ്പിച്ച് നോക്കീട്ട് ചോദിച്ചു തിരക്കിയോന്ന്... അപ്പൊ ഞാൻ ഇല്ലെന്ന് സത്യം പറഞ്ഞ്... മേലാൽ നുണ പറയര്തെന്ന് പറഞ്ഞ്..."



"നീയ്യെന്തിനാ നുണ പറഞ്ഞേ..?" നങ്കി ശാസനയോടെ ചോദിച്ചപ്പോൾ നിച്ചുവിന്റെ തല കുനിഞ്ഞു.



"ഇന്ന് ഞാൻ പറയാം ച്ചേയി ഇച്ചായനെ തിരക്കീന്ന്..."



"വേണ്ട... പറയണ്ട... " നങ്കിയുടെ ശബ്ദം കനത്തു.


"നിയ്യ് പൊക്കോ നിച്ചൂ..."



"ച്ചേയീ...!!"



"എന്റ മക്കക്ക് സുഖല്ലേ...?"



"ഉം..."



"ശരി നിയ്യ് ചെല്ല്...


പിന്നെ...,


ഞാൻ പറഞ്ഞ മനസ്സിലായോ... സാറിനെ ഞാൻ തിരക്കിയെന്നു നിയ്യ് പറയണ്ട..."



അനുസരണയുള്ള കുട്ടിയെപ്പോലെ നിച്ചു തല കുലുക്കി. 


തുടരും......✍️

💜





നങ്കി 2️⃣7️⃣

 ©️ Protected


🌺🌺🌺🌺


ഉറച്ച കാൽവെപ്പുകളോടെ മുന്നോട്ടു നടക്കുമ്പോഴും, ഇനിയെന്ത്...  എന്ന്  നങ്കിയ്ക്ക് തീരെ നിശ്ചയമില്ലായിരുന്നു. എങ്കിലും, ഇനി അവശേഷിക്കുന്ന പ്രിയപ്പെട്ടവരുടെ ജീവൻ രക്ഷിക്കാൻ ഈ പോക്ക് കൊണ്ട് കഴിയണം എന്ന തീരുമാനം ഉറച്ചതായിരുന്നു.

ശിവനെ നേരിടാൻ ആയുധമോ കരുത്തോ കൈമുതലായില്ല. പക്ഷേ, മനസ്സ് കൈവരിച്ച ധൈര്യം... അത് തന്നെ ധാരാളമാണ്. അവന്റെ കൈ കൊണ്ട് ചത്താലും ഉയിർ പോകും മുമ്പേ അവന്റെ ശ്വാസം നിലച്ചിരിക്കണം...'

ചിന്തകളുടെ കനത്തോടെ നങ്കി ഇരുട്ടിനെ വകഞ്ഞു നടന്നു.

പാറമട ലക്ഷ്യം വച്ചാണ് നങ്കി നടന്നു നീങ്ങുന്നത്. കാട്ടിലേക്ക് കടക്കാൻ അതിലും സുരക്ഷിതമായ മറ്റൊരു വഴിയില്ല. മണിയനെ കാണാതായ കുളത്തിനോട് ചേർന്നുള്ള കാട്ടു വഴിയിലൊക്കെ പോലീസ് കാവലുണ്ടെന്ന് അറിഞ്ഞപ്പോഴേ പാറമട നങ്കിയുടെ മുന്നിൽ തെളിഞ്ഞു വന്നതാണ്.

കാട്ടുമുയലിന്റെയും പന്നിയുടെയുമൊക്കെ ഇറച്ചിക്ക് വേണ്ടി വേട്ടയാടാൻ ശിവനും കൂട്ടരും അത് വഴിയാണ് പോയിരുന്നത്.

പാറമടയ്ക്ക് അപ്പുറമുള്ള ചെങ്കുത്തായ ഇറക്കമിറങ്ങിയാലെ കാട്ടിനുള്ളിൽ എത്തിപ്പെടാൻ പറ്റൂ. പാറമടയിൽ നിന്നുള്ള ഒച്ചയും പൊട്ടിത്തെറിയും ലോറികളുടെ നിരന്തര സഞ്ചാരവുമൊക്കെ കൊണ്ട്, അതിനോട് ചേർന്നുള്ള കാട്ട് പ്രദേശത്ത് വന്യമൃഗങ്ങൾ ഇറങ്ങാറില്ലെന്നാണ് കേട്ടു കേഴ്‌വി. പിന്നെ, കാട്ടരുവിക്ക് ഇപ്പുറം പുതുതായി തീർത്ത കമ്പിവേലിയുടെ അതിർത്തിയും മൃഗങ്ങൾക്ക് ആ ഭാഗത്തേക്കുള്ള പ്രവേശനത്തെ തടഞ്ഞിരിക്കുകയാണ്. 

പോലീസ് അതുവഴിയും അന്വേഷണം നടത്തിയെന്നാണ് പറയുന്നത്. പക്ഷേ, ഒരു മനുഷ്യൻ താമസിക്കുന്നതിന്റെ ഒരു ലക്ഷണവും അവർക്ക് കണ്ടെത്താനായില്ല.

"ഒരുവേള അവൻ കാട്ടില് ഇല്ലാരിക്കുമോ.... പഷേ.. മണിയണ്ണൻ ചത്തത് കാട്ടില് വച്ചല്ലേ...

ഇല്ല.. അവൻ ആട തന്നൊണ്ട്... വേറ ഏടേം പോയിട്ടില്ല.. പോലീസിന്റ കണ്ണില് പെടാത ഏടോ ഒളിച്ചിരിക്കയാ. കാട് അവന് പുതിയ എടം അല്ലല്ലോ... " ഊഹാപോഹങ്ങൾ നിറഞ്ഞ ചിന്തകളിൽ മനസ്സൂന്നി നങ്കി നടത്തത്തിന്റെ വേഗത കൂട്ടി.

'തങ്കാക്കയോ മണിയണ്ണനോ കൊച്ചുങ്ങളോ... ആര് മുന്നേ ഒണന്നാലും എല്ലാരും അറിയും ഞാ ആട ഇല്ലെന്ന വിവരം.. പിന്ന എന്ന തെരയാനും തൊടങ്ങും. ഒക്കത്തിനും മുന്നേ കാട്ടിനുള്ളീ കേറണം.. " നങ്കി ഓടിത്തുടങ്ങി.


ഓർമ്മയിൽ മല്ലിയുടെയും മണിയന്റെയും മുഖങ്ങൾ നോവുണർത്തുമ്പോൾ നങ്കിയുടെ കണ്ണിലും നെഞ്ചിലും പകയുടെ കനലെരിയാൻ തുടങ്ങും. ശിവന്റെ മരണം കൊണ്ട് മാത്രം അണയാനായി ആ കനൽ ആഞ്ഞു കത്തിക്കൊണ്ടിരുന്നു.


🔥🔥🔥🔥


പാറമടയിലേക്കുള്ള തിരിവിനു മുന്നിലാണ് നങ്കിയുടെ ഓട്ടം നിന്നത്. കിതപ്പടക്കുന്ന നേരവും  കണ്ണുകൾ ചുറ്റിനും നിരീക്ഷിക്കാൻ മറന്നില്ല.


ഇരുളിന്റെ രണ്ട് വ്യത്യസ്ത പുതപ്പണിഞ്ഞ് കിടക്കുന്ന മട്ടിലാണ് പാറമടയുടെയും  കാടിന്റെയും രാത്രികാല ദൃശ്യം വെളിവായത്.


ദൂരെ  നിർത്തിയിട്ടിരിക്കുന്ന ലോറികൾ കണ്ടതും നങ്കി കൂടുതൽ ജാഗരൂകയായി മുന്നോട്ട് നടന്നു. കുറ്റിച്ചെടികളുടെ മറവിലൂടെ കാട്ടിലേക്ക് ഇറങ്ങാനുള്ള ഒരു വഴി തിരയവേ പെട്ടെന്നാണ് കാല് എന്തിലോ ചെന്നിടിച്ചത്. വേദനയോടെ കുനിഞ്ഞിരുന്നു പോയി.


കാൽവിരലിൽ അമർത്തി പിടിച്ചു കൊണ്ട് നിലത്ത് പരതിയപ്പോൾ കൈയ്യിൽ തടഞ്ഞത് കൂർത്ത പാറക്കഷ്ണത്തിന്റെ ഒരു ചീളാണ്. വിരൽത്തുമ്പിൽ ചോര പൊടിയുന്നത് ഇരുളിലും നങ്കിയറിഞ്ഞു.


ചേലത്തലപ്പ് കൊണ്ട് വിരൽ പൊതിഞ്ഞ ശേഷം പാറക്കഷ്ണം കാട്ടിലേക്ക് വലിച്ചെറിയാൻ ആഞ്ഞപ്പോഴാണ് ഒരു കരുതലിനായി തന്റെ പക്കൽ ഒന്നുമില്ലെന്ന്  ഓർത്തത്.


ഈ പാറയുടെ കൂർത്ത ആഗ്രം കൊണ്ട് ഒരു മനുഷ്യന്റെ വയറോ.. തലയോ.. കഴുത്തോ കുത്തിപൊളിക്കാമെന്ന് നങ്കിയ്ക്ക് തോന്നി. ആ തോന്നലിനൊടുവിൽ, ശിവന്റെ മുഖം മനസ്സിൽ തെളിഞ്ഞതും, പാറക്കഷ്ണം ചേലയുടെ മറവിൽ ഇടുപ്പിലേക്ക് തിരുകി വച്ചു. പിന്നെ നിശ്വാസത്തോടെ എഴുന്നേറ്റു.


മുറിവേറ്റ വിരലിൽ നിന്നും നീറ്റലനുഭവപ്പെട്ടെങ്കിലും, അതിലേറെ മുറിവേറ്റ മനസ്സിന്റെ നീറ്റലിനുള്ള ശമനമായിരുന്നു നങ്കിയുടെ ചിന്തകളിലൊക്കെയും. അതുകൊണ്ടു തന്നെ മനസ്സും ശരീരവും കാട്ടിലേക്കിറങ്ങാൻ വെമ്പൽ പൂണ്ടു.


ഏറെ നടക്കേണ്ടി വന്നില്ല. കാട്ടിലേക്ക് ഇറങ്ങാനുള്ള ഒരു ചെറിയ ചരിവ് നിലാ വെട്ടത്തിൽ വ്യക്തമായതും നങ്കിയുടെ മുഖം പ്രകാശിച്ചു.


ചരുവിൽ നിന്ന ചെടിയിൽ മുറുകെ പിടിച്ച് താഴേക്ക് നൂഴ്ന്നിറങ്ങാനായി അടുത്ത ശ്രമം. പക്ഷേ ഏതോ മുൾച്ചെടിയിൽ കൈമുട്ടുരസിയതും അസഹനീയമായ വേദനയിൽ പുളഞ്ഞ്  ചെടിയിലെ പിടുത്തം വിട്ട് താഴേക്ക് ഊർന്നു വീണു.


പാറയിലും മരക്കുറ്റികളിലുമൊക്കെ ദേഹമുരസി കരിയില കൂട്ടത്തിനു മേലേക്ക് നങ്കി തെറിച്ചു വീണു. താഴ്ച്ച ഏറെയുണ്ടായിരുന്നില്ലെങ്കിലും, വീഴ്ചയുടെ ആഘാതവും ശരീരത്തിനേറ്റ പോറലുകളും അവിടെ തന്നെ ഏതാനും നിമിഷത്തേക്ക് തളർത്തി കിടത്തി.


പ്രസവം കഴിഞ്ഞ് അധിക കാലമാകാത്തതിന്റെ ശാരീരിക ബുദ്ധിമുട്ടുകളും ആ നിമിഷത്തിൽ നങ്കിയെ അലട്ടി. എല്ലാ അസ്വസ്ഥതകൾക്കും നേരിയ ശമനം തോന്നിയപ്പോൾ നിലത്ത് കൈകുത്തി എണീറ്റു.


കാടിന്റെ ഇരുണ്ട ഭയാനകത അപ്പോഴാണ്  അടുത്തറിഞ്ഞത്. നിലാവെട്ടം ആ ഇരുളിമയ്ക്ക് കൂടുതൽ നിഗൂഢത നൽകുന്നു. ഇടതൂർന്ന മരങ്ങളും കുറ്റിച്ചെടികളും മാത്രം മുന്നിൽ. 


ചീവീടും മൂങ്ങയും കുറുക്കനുമൊക്കെ സൃഷ്ടിക്കുന്ന ശബ്ദ വ്യതിയാനങ്ങൾ നങ്കി സസൂക്ഷ്മം ശ്രദ്ധിച്ചു. പിന്നെ ഓരോ ചുവട് വച്ചു നീങ്ങി. ഇടുപ്പിലെ പാറക്കല്ലിൽ പിടുത്തമുറപ്പിച്ചിരുന്നു. വന്യമൃഗങ്ങളെ കുറിച്ച് ആലോചിച്ചപ്പോൾ, അറിയാതെ തന്നെ നങ്കിയുടെ ഉള്ളിൽ ഭീതി ഉലലെടുത്തു.


തപ്പിയും തടഞ്ഞും തട്ടി വീണും മുന്നോട്ടു നീങ്ങുമ്പോൾ ശിവനെവിടെയായിരിക്കുമെന്ന ശങ്കയും മനസ്സ് കീഴടക്കാൻ തുടങ്ങി. എത്ര നേരം.. ഇനിയുമെത്ര ദൂരം പോകണമെന്ന് യാതൊരുറപ്പുമില്ലാതെ ഇങ്ങനെ നടക്കണം...? തളർച്ചയോടെ നങ്കി അടുത്തു കണ്ട മരത്തിലേക്ക് ചാഞ്ഞു.


വെള്ളം കുടിക്കണമെന്നും, അല്പനേരം ഇരിക്കണമെന്നുമൊക്കെ ശരീരത്തിന്റെ ക്ഷീണം ഓർമ്മപ്പെടുത്തുന്നുണ്ട്. പക്ഷേ, വൈകുന്ന ഓരോ നിമിഷവും, തന്റെ ലക്ഷ്യത്തിനരികിലെത്താനുള്ള സാധ്യതയെ സാരമായി ബാധിക്കുമെന്ന തിരിച്ചറിവ്  നങ്കിയെ മുന്നോട്ടേക്ക് തന്നെ നയിച്ചു.


ഒരു കിലോമീറ്ററോളം പിന്നെയും നടന്നതായി നങ്കിയ്ക്ക് തോന്നി. ഏതോ ദിക്കിൽ നിന്നും അരുവിയുടെ ആരവം കേൾക്കുന്നുണ്ട്. പക്ഷേ ഇരുട്ടിൽ ദിക്കും ദിശയും.. ഒന്നും തന്നെ വ്യക്തമല്ല.


അണപ്പോടെ നടത്തം നിർത്തി ചുറ്റിനും വീക്ഷിച്ചപ്പോൾ കാടൊട്ടുക്കും കേൾക്കുമാറ് അലറണമെന്ന് തോന്നി. ആ ഒച്ച ഈ കാട്ടിൽ പതിയിരിക്കുന്ന ഏറ്റവും നികൃഷ്ടനും നിർദ്ദയനുമായ ശിവനെന്ന വെറി പിടിച്ച മൃഗത്തിന്റെ കാതിലെത്തുമെങ്കിൽ അതാണ് തനിക്ക് എളുപ്പമെന്ന് നങ്കി ചിന്തിച്ച മാത്രയിൽ തന്നെ, എന്തോ ഭാരമേറിയ വസ്തു നിലത്തേക്ക് വീഴുന്ന ശബ്ദം കാതിലേക്ക് ഇടിച്ചു കയറി.


അവിചാരിതമായി കാടിന്റെ നിശബ്ദതയെ കീറിമുറിച്ച ശബ്ദം നങ്കിയിൽ തെല്ല് ഞെട്ടലുളവാക്കി. എവിടെ നിന്നാണെന്ന് വ്യക്തമായില്ലെങ്കിലും, അരികിലെവിടെയോ ആണ്  എന്തോ വീണതെന്ന് നങ്കിയ്ക്ക് ബോധ്യമായി.


നെറ്റിയിൽ പൊടിഞ്ഞ വിയർപ്പ് ഒഴുകി കഴുത്തിലേക്കിറ്റു വീണു. ഉമിനീരിറക്കാൻ പോലും ത്രാണിയില്ലാതെ ഒരു ഞൊടി സംഭ്രമിച്ചു നിന്നുവെങ്കിലും, മല്ലികയുടെയും മണിയന്റെയും മുഖങ്ങൾ നൽകിയ ആത്മധൈര്യം ഉള്ളിലെ നെരിപ്പോടിനെ വീണ്ടുമുണർത്തിയപ്പോൾ, നങ്കി കണ്ണും കാതും കൂർപ്പിച്ചു.


കരിയില അമരുന്ന ശബ്ദം കാതിൽ മൃദുവായി പതിഞ്ഞു. ആരോ അടുത്തേക്ക് വരികയാണ്.  ശ്വാസമടക്കി പിടിച്ച്  കാതോർത്തു. ഇനി ഏതെങ്കിലും കാട്ടു മൃഗമാണെങ്കിൽ..


കാതിനു പിന്നിലായി കഴുത്തിലെ വിയർപ്പ് കണങ്ങൾക്ക് മേലെ ചുടു നിശ്വാസമുതിർന്നു വീണതും നങ്കി ഞെട്ടിത്തിരിഞ്ഞു നോക്കി.


വക്രിച്ച ചിരിയോടെ മുന്നിൽ നിൽക്കുന്ന രൂപത്തെ കണ്ട് പകച്ച് നങ്കി പിന്നിലേക്ക് ഒരു ചുവട്  വേച്ചു പോയി.


"ശിവൻ.... !!!! " ചുണ്ടുകൾ മെല്ലെ മന്ത്രിച്ചു. 


ഇരുട്ടും നിലാ വെട്ടവും ചേർന്ന് ശിവന്റെ മുഖത്ത് സൃഷ്ടിച്ച അവ്യക്ത ചിത്രങ്ങൾ ആ രൂപത്തിന് കൂടുതൽ ഭീകരത നൽകി. ചോര കല്ലിച്ചു കിടക്കുന്ന ഇടതു കൺതടം നങ്കിയുടെ കണ്ണിലുടക്കി. 


"നിയ്യ് എന്ന തെരക്കി വന്നേദാ നങ്കീ...?" ചുണ്ടിന്റെ കോണിൽ വികൃതമായ ഒരു ചിരി വരുത്തിക്കൊണ്ട് ശിവൻ ആരാഞ്ഞു. പിന്നെ ഒരു ചുവട് നങ്കിയ്ക്കരികിലേക്ക് നീങ്ങി.


നങ്കി പിന്നിലേക്ക് രണ്ട് ചുവട് വച്ചു.


"ന്തേ.. രാത്തിറി കെടന്നിട്ട് ഒറക്കം വന്നില്ലേ..


ഇന്നല വര കൂട കെടന്ന പുത്യ സമ്പന്തക്കാരൻ ചത്തോണ്ടാണാ നിയ്യ് എന്ന തെരക്കി എറങ്ങീത്.. മ്മ്ഹ്..?"


"ച്ചി.. എല്ലാരും നെന്ന പോല ആന്ന് കര്തിയാ...?" അവജ്ഞയോടെ നങ്കി ശിവനെ നോക്കി.


"പെണ്ണെന്നാ കൂട കെടക്കാൻ മാത്രം ഒള്ളയാന്ന് വിജാരിക്ക്ന്ന നെന്ന പോല ഒര്ത്തനായിര്ന്ന്ല്ല.. മണിയണ്ണൻ... കൂടപ്പെറപ്പിന പോല പെണ്ണിന കാണാൻ മനസ്സൊള്ള ആണായിര്ന്ന്..."


പരിഹാസത്തോടെ ശിവൻ കൈയ്യിലിരുന്ന ആയുധം നിലത്തേക്ക് ആഞ്ഞിടിച്ചു. അപ്പോഴാണ് നങ്കി അത് ശ്രദ്ധിക്കുന്നത്.


പാറമടയിൽ പാറ അടിച്ചു പൊട്ടിക്കാനായി ഉപയോഗിക്കുന്ന കൂടം. തടിയിൽ തീർത്ത കൈപ്പിടിയുടെ അറ്റത്ത് ഇരുമ്പ്കട്ട പിടിപ്പിച്ചിരിക്കുന്നു.


നങ്കിയുടെ നോട്ടം കണ്ട് ശിവൻ കൂടം മണ്ണിൽ നിന്നും വലിച്ചുയർത്തി നങ്കിയുടെ മുഖത്തിന് നേരെ നീട്ടി.


"ഒന്ന് മണത്ത്  നോക്കടി നങ്കീ... നിയ്യ് പറഞ്ഞ ആണിന്റ ചോരേട മണമുണ്ടിതേല്... "


തുറിച്ച കണ്ണുകളോടെ നങ്കി, കൂടത്തിലേക്കും ശിവന്റെ മുഖത്തേക്കും മാറി മാറി നോക്കി. നിയന്ത്രിച്ചിട്ടും കണ്ണുകൾ അണപ്പൊട്ടി ഒഴുകി. ചുണ്ടുകൾ വിറയാർന്നു.


"ഓന് വേണ്ടിയാണാ നിയ്യ് കരേന്ന... താലി കെട്ടിയ എന്നവിട എന്നാടീ ഓൻ നെനക്ക് വലുതായേ..." ചോദ്യത്തിനൊപ്പം ശിവന്റെ തഴമ്പിച്ച കൈകൾ നങ്കിയുടെ കരണം പുകച്ചു.


അടി കൊണ്ട് കറങ്ങിപ്പോയി നങ്കി പിന്നിലുണ്ടായിരുന്ന മരത്തിലേക്ക് ഇടിച്ച് നിലത്തേക്ക് വീണു.


"വേലക്കെന്നും പറഞ്ഞ് രാത്തിറി രാത്തിറി പൊരേന്ന് എറങ്ങിപ്പോയദ് ഓന്റ കൂട കെടക്കാനാര്ന്നന്ന് അല്ലെടീ... അദോണ്ടാന്നല്ലോ എന്ന അടിച്ചിട്ട് എറങ്ങി പോയ രാത്തിറീം നിയ്യ് ഓന്റടുക്ക തന്ന ചെന്നേ..."  ശിവൻ ക്രൂദ്ധനായി അലറി.


"ഓന അന്നേ കൊല്ലണോന്ന് നിരീച്ചതാ.. പച്ചേല് ഇന്നലയാ അദ്ന് ഒത്തത്... ഓന്റ ഒടല് പോലും നെന്റ കണ്ണീ യിനി കിട്ടാതിരിക്കാനാ ഉൾക്കാട്ടീ കൊണ്ടിട്ടെ... വല്ല പുലിയോ കുറുക്കനോ തിന്നൂന്നും നിരീച്ച്... പച്ചേ നടന്നില്ല..." അമർഷത്തോടെ നിരാശ കലർന്ന സ്വരത്തിൽ പറഞ്ഞു നിർത്തി ശിവൻ നങ്കിയ്ക്കരികിലേക്ക് ചെന്നു.


"ഞാ കാണയാ പോലീസ്സ്കാര് എന്ന തെരക്കി യ്യി കാട്ടീ കൂട പോയതൊക്ക. ആര്ട കണ്ണിലും പെടാത ഞാ ഒളിച്ച് നിന്നതേ.. നെന്ന ഒരിക്ക കൂട കാണാൻ വേണ്ടീട്ടാര്ന്ന്.. എന്റ കൂട കെടത്താനായിട്ട്..." ശിവന്റെ കണ്ണിലും ചുണ്ടിലും തെളിഞ്ഞ ആവേശം നങ്കിയെ പരിഭ്രമിപ്പിച്ചു.


"ആര്ക്കും കാണാൻ പറ്റാത്ത ഒയരത്തില് ഏറുമാടം കെട്ടി മാത്തറല്ല.. വെള്ളത്തിന്റ അടീല് എത്തറ നേരം വേണേലും സ്വാസം പിടിച്ചു കെടക്കാനും യ്യി സിവന് അറിയ്യാം.. അങ്ങനൊക്ക ഞാ ആര്ക്കും പിടി കൊട്ക്കാത നിന്നധ് തന്ന നെന്ന ഒരിക്ക കൂട എന്റ കയ്യീ കിട്ടാനാഡീ..." നങ്കിയുടെ കവിളിൽ ശിവന്റെ പരുപരുത്ത വിരലുകൾ അമർന്നു.



"എന്ന അടിച്ച ഒരേ ഒര് പെണ്ണ് നീയ്യാ... നെന്റ ആദിലത്ത കൊച്ച് ചത്തേന്റ അന്നും... പിന്ന, എന്റ പൊരേന്ന് നിയ്യ് ഒടുക്കം എറങ്ങിപ്പോയ തിവസോം..

അദൊക്ക യ്യി സിവൻ അങ്ങ് മറന്നോഗൂന്ന് നിരീച്ചാ നിയ്യ്..

നെന്ന ആ പൊരേന്ന് ഓട്ടിക്കാൻ നെന്റ അനീത്തി കൊറേ പാട് പെട്ട്... എൻക്ക് ഒന്നും തിരീല്ലാന്ന് നെനച്ച് ആ പൊടിപ്പെണ്ണ്.. അദാ ഓൾക്കൊള്ളൊദ് ആദിയം കൊട്ത്തേക്കാന്ന് തീര്മാനം ചെയ്ദെ....

പച്ചേ ചത്ത് കളഞ്ഞ്... ഇല്ലാര്ന്നേ കൊറേ കാലം കൂട ഓള ... -


പറഞ്ഞു വന്നത് മുഴുമിപ്പിക്കും മുമ്പേ, നെഞ്ചിലേക്ക്  ആഞ്ഞൊരു  പ്രഹരത്തിലൂടെ  നങ്കി ശിവന്റെ വാക്കുകൾക്കുള്ള പ്രതികരണമറിയിച്ചു.


അപ്രതീക്ഷിതമായി കിട്ടിയ അടിയിൽ വേച്ചു പോയി ശിവൻ ഊക്കോടെ പിന്നിലേക്ക് തെറിച്ചു. കൈയ്യിലിരുന്ന കൂടം മറ്റൊരു ഭാഗത്തേക്കും. 


നങ്കി ചാടിയെഴുന്നേറ്റു.


"ഡീ... " വീണ അതേ കിടപ്പിൽ കിടന്ന് ശിവൻ പല്ല് ഞെരിച്ചു.


"എന്റ മല്ലിയെ നിയ്യ് കൊന്നപ്പഴേ നെന്റ ചാവ് ഞാ മനസ്സീ ഒറപ്പിച്ചതാ... നിയ്യ് എന്താ കര്തിയേ.. നിയ്യ് അടിച്ചിട്ടാ ഞാ പേടിച്ച് കെടക്കൂന്നാ... ങ്ഹും... നെന്റ ചാവ് കണ്ടേ നങ്കി  ഇനി അടങ്ങൂ..." നങ്കിയുടെ കണ്ണുകൾ ജ്വലിച്ചു.


"ഹാ.. ഹാഹാ.. എന്ന നിയ്യ് കൊല്ലാനാ.... കൊള്ളാം..." ആർത്തട്ടഹസിച്ച് ശിവൻ എഴുന്നേറ്റിരുന്നു.

"ഞാ മുന്നേ തന്ന ഒരടി.. നെന്ന എത്തറ നേരമാ എയ്ന്നേൽപ്പിക്കാത കെടത്തിയെ.. ങ്‌ഹേ... മറന്ന് പോയാടീ പെണ്ണേ നിയ്യ്... അദ് കൂട്ട് ഒന്ന് കൂട തന്നാ പിന്ന നിയ്യ് ഈട കെടന്ന് നെരങ്ങേ ഒള്ള്..

ഒര്പാട് തുള്ളാതടീ... ഈട നെന്ന രച്ചിക്കാൻ ഒര്ത്തനും വര്ത്തില്ല... എവനേലും എന്ന പിടിക്കും വര യ്യി കാട്ടീ എങ്ങന വെറ്തെ തങ്ങൂന്നാര്ന്ന് എന്റ ആലോയ്ന. ഇപ്പോ നിയ്യായിട്ട് എന്റ മുന്നീ വന്ന്... ഇനി.. ചാകും വര...  നിയ്യ് ചാക്ന്ന വര..ഈട തന്ന കയ്ഞ്ഞ് പോഗാം.. " സംസാരിച്ചു കൊണ്ട് ശിവൻ നങ്കിയ്‌ക്കരികിൽ വന്നു നിന്നു.


നിലാവെട്ടത്തിൽ ശിവന്റെ കണ്ണുകൾ തിളങ്ങി. ഇരയെ കണ്ട ചെന്നായയെ പോലെ.


"എന്ന കാണാതായീന്ന് ഇപ്പോ തന്ന എല്ലാരും അറിഞ്ഞ് കാണും...


എന്ന തെരക്കി വരാനും ആളൊണ്ട്... എന്റ ഒടലിനും ഉയിരിനും.. നെന്റ ചാവ് കൊണ്ട് പഗരം ചോയ്ക്കാനും ആളൊണ്ട്..." തെല്ല് പോലും പതറാതെ നങ്കി പറഞ്ഞു.


"ആര് വരാനാടി... നെന്റ മണിയണ്ണൻ  ചത്ത് തൊലഞ്ഞില്ലേ... ഓ... ഇനി ഒള്ള മൊരഗണ്ണനാര്ക്കും... ഓന്റേം ചാവ് ഒറപ്പിച്ചിര്ന്നതാ ഞാ... എന്റ ഒരടി താങ്ങുവോ നെന്റ മുരുഗണ്ണാ... ത്ഫൂ..." പുച്ഛത്തോടെ ശിവൻ നീട്ടി തുപ്പി.


നങ്കി അതിന് സൗമ്യമായി മന്ദഹസിച്ചു.

ആ ചിരി ശിവന്റെ മുഖത്തെ കൂടുതൽ ഇരുണ്ടതാക്കി. 


"ഓ... നെന്റ മറ്റോൻ ആരിക്കും... ജോസ്സാറ്.. ക്രാ.. ത്ഫൂ.. ഓന് ഞാ വച്ചിട്ടോണ്ട്...


ദാ ഇദ് നെന്റ മൊണിഒണ്ണൻ തന്നതാ .." ശിവൻ ചോര കല്ലിച്ചു കിടക്കുന്ന കൺതടം തൊട്ടു കാട്ടി.  പിന്നെ വായതുറന്ന് മുൻനിരയിലെ ഒടിഞ്ഞു പോയ പല്ലുകളിൽ തൊട്ടു.


"ഇദ് നെന്റ ചാറും...


ഇദൊക്ക എൻക്ക്..തിരിച്ച് കൊട്ക്കണം.. 


നെന്റ മണി അണ്ണൻ കൊറേ തിരിച്ച് തന്ന്... പച്ചേ.. കണ്ണീ മണ്ണെറിഞ്ഞപ്പോ ഓന് പിന്ന ഒന്നും ചെയ്യാന് പറ്റീല്ല.. അദ് പോല നെന്റ ചാറിനേം തീർക്കും ഞാ... കേട്ടാഡീ..." നങ്കിയുടെ കഴുത്തിൽ ശിവന്റെ കൈ മുറുകി.


ശ്വാസം കിട്ടാതെ പിടച്ചു കൊണ്ട് നങ്കി കണ്ണുകൾ തുറിച്ചു.


പെട്ടെന്ന് കഴുത്തിലെ പിടുത്തം വിട്ട് ശിവൻ ചിരിച്ചു.


"ഇത്തറേ ഒള്ള്... നീ... ഒര് പെണ്ണ്... വെറും പെണ്ണ്..." പരിഹാസത്തിനൊടുവിൽ നങ്കിയുടെ മുഖം തന്നിലേക്ക് വലിച്ചടുപ്പിച്ചു.


ഒരുതരത്തിലുമുള്ള എതിർപ്പും കാട്ടാതെ നങ്കി ജീവച്ഛവം പോലെ നിന്നു.


"യ്യി ഊരില നെന്നപ്പോലൊര് പെണ്ണ് വേറ യില്ലടീ നങ്കീ.. എന്നും കുളിച്ച് വെടിപ്പായ് ചേലയൊക്ക നല്ലാ ചുറ്റീ.. നിയ്യ് അട്ത്ത് വന്നാലേ സൊഗോള്ള ഒര് മണം വരും.. ദാ ഇപ്പോ ചേറും പൊടീമൊക്ക പറ്റി ഇങ്ങന നിക്കുമ്പ പോലും ആ മണോണ്ട്... " ശിവൻ ശ്വാസം ആഞ്ഞു വലിച്ചു.


"ഹാ.... ഈ മണോം.. നെന്ന പോല നിയ്യ് മാത്തറേ ഒള്ള് നങ്കീ.... എന്ന കൊതിപ്പിക്ക്ന്ന മണം... ഇദ് അങ്ങന  മൂക്കീ കേറുമ്പ നെന്ന എട്ത്ത് തിന്നാന് തോന്നും... " ഒടിഞ്ഞ പല്ലുകൾ വെളുക്കെ കാട്ടി ചിരിച്ച്.. ചുണ്ടിനെ നാവ് കൊണ്ടുരസി ശിവൻ നങ്കിയുടെ മുഖത്തേക്ക് മുഖമടുപ്പിക്കാനാഞ്ഞു.


ചെന്നായയുടെ ശൗര്യത്തോടെ നങ്കിയിലേക്കടുത്ത നേരം, തന്റെ പള്ളയിലേക്ക് എന്തോ ആഴ്ന്നിറങ്ങിയതായി ശിവനറിഞ്ഞു. ഒരലർച്ചയോടെ പിന്നിലേക്ക് മാറുമ്പോൾ വയറിൽ തറഞ്ഞിരുന്ന പാറച്ചീളിലൂടെ ചുടുചോര തുടയെ നനച്ച് മണ്ണിലേക്ക് ഒഴുകി വീഴാൻ തുടങ്ങി. കണ്ണിറുക്കെ അടച്ച് വയറ്റിൽ നിന്നും ചീള് വലിച്ചൂരുമ്പോൾ ശിവൻ അമറുകയായിരുന്നു. 


അലർച്ചയുടെ മുഴക്കത്തിൽ മരച്ചില്ലകളിൽ നിന്നും പക്ഷിക്കൂട്ടം ഭയചകിതരായി പറന്നകന്നു. 



വയറിൽ കൈ അമർത്തി ശിവൻ നങ്കിയെ നോക്കി. മുടിയുലച്ച്  രക്തത്തിനായി വെമ്പി നിൽക്കുന്ന യക്ഷിയെ പോലെ തോന്നി നങ്കിയുടെ ഭാവം.


"എടീ...." വേദനയിലും പല്ലിറുമ്മി ശിവൻ കോപത്താൽ വിറച്ചു. പാഞ്ഞു ചെന്ന് നങ്കിയുടെ മുടിയിൽ പിടുത്തമിട്ടത് പെട്ടെന്നായിരുന്നു.

തിരിച്ചെന്തെങ്കിലും ചെയ്യും മുന്നേ നങ്കിയുടെ വയറ്റിലേക്ക് ശിവന്റെ ഉയർന്ന കാൽ ആഞ്ഞു പതിഞ്ഞിരുന്നു.


വേദനയിൽ പുളഞ്ഞ് നങ്കി നിലത്തേക്ക് ഊർന്നു വീണു.


"പ്‌ഫാ... തൊലഞ്ഞവളേ.. നെന്റ ശവത്തിന്റ കൂട കെടക്കാനാ തലേ വരച്ചേങ്കീ അദ് മദീഡീ എൻക്ക്.. എന്റ ഉയിര് നിയ്യ് എട്ത്താലും, അദ്ന് മുന്നേ ഈ സിവൻ നെനച്ചത് നടത്തീരിക്കും... കേട്ടാഡീ... @#₹##@@...... "


ഉടുത്തിരുന്ന ലുങ്കി അഴിച്ച് വയറിനു മേലെ വരിഞ്ഞു കെട്ടി ശിവൻ നിവർന്നു നിൽക്കാൻ ശ്രമിച്ചു.


നങ്കിയുടെ കാൽച്ചുവടുകളെ നനച്ച് രക്തമരിച്ചിറങ്ങി വന്നു. വയറിൽ കൈ അമർത്തി എഴുന്നേൽക്കാൻ പരിശ്രമിച്ചെങ്കിലും ശരീരമാസകലം ഒരു തളർച്ച മൂടുന്നതായി നങ്കിയ്ക്ക് തോന്നി.



മുടിക്കുത്തിൽ വീണ്ടും ശിവന്റെ കൈ മുറുകിയപ്പോൾ പ്രതിരോധിക്കാനാകാതെ നങ്കി നിലത്തേക്ക് ചുരുണ്ടു. മുടിക്കെട്ടിൽ പിടിച്ചു വലിച്ച് മണ്ണിലൂടെ നങ്കിയെ വലിച്ചിഴയ്ക്കുമ്പോൾ ശിവന്റെ കണ്ണുകളിൽ പകയുടെ കനൽ ചുകന്നു.


ശിവന്റെ മുരടിച്ച കൈകൾ, ഏതോ മരത്തിന്റെ  തടിയിലേക്ക് തല ചേർത്തിടിച്ചപ്പോൾ നങ്കിയുടെ തൊണ്ടയിൽ നിന്നും മരവിച്ച ശബ്ദം പുറത്തേക്ക് വന്നു. തലയിൽ നിന്നും പെരുപ്പ് കാൽവിരൽ തുമ്പു വരെ പടരുന്ന അനുഭൂതി.


വീണ്ടും വീണ്ടും  തല മരത്തിലേക്ക് ആഞ്ഞടിച്ച് ശിവൻ അട്ടഹസിച്ചു. ഒരു ഞരക്കത്തോടെ നങ്കി തല പൊത്തിപ്പിടിച്ചു.


"കൊല്ലടീ... എന്ന കൊല്ലാൻ വന്ന്ട്ട് കൊല്ലടീ... ഒണ്ടാക്കിയോളേ... "


അണപ്പോടെ നങ്കി മരത്തിന്റെ വേരിലേക്ക് ചാഞ്ഞു  കിടന്നു. ഓരോ അണപ്പിലും ഉയർന്നു താഴുന്ന മാറിലേക്ക് നോക്കി ശിവൻ കുനിഞ്ഞു.


"ആ..." വയറിലെ മുറിവിനു മേലെ കെട്ടിയ ലുങ്കിയെ നനച്ച് ചോര പടർന്നു. വേദന കൊണ്ട് ചുളിഞ്ഞ മുഖത്തോടെ നങ്കിയെ നോക്കിയപ്പോൾ ചുണ്ടിൽ വിടർന്ന പുഞ്ചിരിയാണ് കണ്ടത്.


ആ പരിഹാസം തന്റെ മുഖത്തേക്കുള്ള പ്രഹരമാണെന്ന് ശിവന് തോന്നി. ഉള്ളിൽ നിന്നും നുരഞ്ഞു പൊന്തിയ വെറിയുടെ ആധിക്യത്തിൽ വേദന പോലും അവഗണിച്ച് ശിവന്റെ കൈ നങ്കിയുടെ ചേലയിൽ പിടുത്തമിട്ടു.


പെട്ടെന്നാണ് നങ്കി കൈ ഉയർത്തി വീശിയത്. ഒരടി പ്രതീക്ഷിച്ച ശിവനെ ഞെട്ടിച്ചു കൊണ്ട് കണ്ണിലേക്ക് മണൽത്തരികൾ പറന്നു വീണു. കണ്ണുകൾ തിരുമ്മി പകച്ചു നിന്ന ശിവന്റെ നാഭിക്ക് താഴേക്ക്  ആഞ്ഞു ചവിട്ടി നങ്കി എഴുന്നേറ്റു.


സ്ഥലകാല ബോധം നഷ്ടപ്പെട്ടവനെ പോലെ ശിവൻ നിന്നുഴറി. തനിക്ക് കിട്ടിയ അവസരത്തിലേക്ക് നങ്കി ആവേശപൂർവ്വം പിടിച്ചു കയറി.


അരികിൽ കിടന്ന കൂടം പൊക്കിയെടുത്തപ്പോൾ, അതിന്റെ ഭാരത്തിൽ ശരീരമൊന്ന് ആടിയുലഞ്ഞെങ്കിലും, നങ്കി അടിപതറാതെ നിന്നു.


ശിവന്റെ മുട്ടുകാലിന് താഴേക്ക് കൂടം ആഞ്ഞു പൊക്കിയടിച്ചപ്പോൾ, മനസ്സ് നിറയെ മല്ലിയും മണിയനും മാത്രമായിരുന്നു. കുഴഞ്ഞു പോയത് പോലെ നങ്കി കൂടം താങ്ങി നിന്നു.


അടിയിൽ വേച്ചു പോയി ശിവൻ മുട്ടുകുത്തി വീണു. കാലിലെ അസ്ഥിയും മാംസവും ഒടിഞ്ഞു ചതഞ്ഞ് ഇഞ്ച പരുവമായി കഴിഞ്ഞിരുന്നു. 


"ഡീ...." തളരാത്ത ശൗര്യം ശിവനിൽ വീണ്ടും അവശേഷിച്ചു.


"ഇദ് കൊണ്ടല്ലേ നിയ്യ് മണിയണ്ണന കൊന്ന... ഇന്ന് ഇദില് നിന്റ ചോരേട മണാണ് നെറയാൻ പോന്നേ..." നങ്കിയുടെ കണ്ണുകൾ തിളങ്ങി.


"നിന്ന പോലീസ്സിന് കൊട്ക്കില്ല ഞാ... എന്റ മല്ലീടേം പാവം മണിയണ്ണന്റേം ചാവിന് നെനക്കുള്ള ശിഷ ഞാ തന്ന തരും...


യ്യി കൈ കൊണ്ടല്ലേ നിയ്യെന്റ മല്ലിയെ വേദനിപ്പിച്ചേ... " നിലത്ത് കിടന്ന ശിവന്റെ, ഉള്ളംകൈയ്യിലേക്കും കൂടം ഉയർന്നു താണു. 


കാടൊട്ടുക്കും കേൾക്കുമാറ് അലറിക്കൊണ്ട് ശിവൻ നിലത്ത് കിടന്ന് പുളഞ്ഞു.


അഴിഞ്ഞ കേശത്തോടെ എഴുന്നേറ്റു നിന്ന നങ്കിയെ കണ്ട് ശിവൻ പകച്ചു. കാളിയെ പോലെ സംഹാര രുദ്രയെന്ന് തോന്നിക്കുമാറ് ഭാവപ്പകർച്ച വന്നിരുന്നു നങ്കിയ്ക്ക്.


കൂടം വലിച്ചെറിഞ്ഞ് ശിവനരികിലേക്ക് കുത്തിയിരുന്ന് നങ്കി കിതച്ചു.


ഷർട്ടിന്റെ കോളറിൽ കുത്തിപ്പിടിച്ച് കവിളിലേക്ക് തുരുതുരാ മർദ്ധനം തുടങ്ങിയപ്പോഴേക്കും നങ്കി ആർത്തു കരയാൻ തുടങ്ങിയിരുന്നു.


തിരിച്ചൊന്നും പ്രതികരിക്കാനാകാതെ ശിവനും തളർന്നിരുന്നു. മുറിവിന് മേലെ വരിഞ്ഞു കെട്ടിയ ലുങ്കി അഴിച്ചെടുക്കുന്നതിനിടയിലും നങ്കി എന്തൊക്കെയോ പുലമ്പുന്നുണ്ടായിരുന്നു. ഇടയ്ക്കിടെ അവ്യക്തമായി 'മല്ലി ' എന്ന് മാത്രം ശിവന്റെ കാതിൽ വന്നു തട്ടി.


വയറ്റിൽ നിന്നും ചോര കുതിച്ചു ചാടാൻ തുടങ്ങിയതും ശിവൻ ഞരങ്ങി.


"വെറ്പ്പോടാ കെട്ടീര്ന്നേലും നിന്ന ഞാ ഒരിക്ക സ്നേഹിച്ചിര്ന്ന്... നിന്ന കാണാതായപ്പോ ഒത്തിരി വേദനിക്കേം ചെയ്ദ്...

പഷേ...

കാഷിന് വേണ്ടി.. മറ്റൊര്ത്തന്റ കൊച്ചിന പെറാൻ പറഞ്ഞപ്പഴും...

എന്റനീത്തിയെ കെട്ടിയപ്പഴും.... 

പിന്ന... പിന്ന ഒരിക്കലും നീയ്യെന്റ മനസ്സീ ഒണ്ടാര്ന്നില്ല...

ഒടല് തര്ന്ന കൊറച്ചു നേരത്തെ സുഗത്തിന് വേണ്ടീട്ട്... എന്തും ചെയ്യ്ന്ന നിന്ന പേടിയാര്ന്ന്...

പഷേ ഇപ്പൊ ആ പേടി ഇല്ല.... " സംസാരത്തിനിടയിൽ തന്നെ, ലുങ്കി കൊണ്ട് ശിവന്റെ കാലുകളെ ബന്ധിക്കുന്നതിൽ വ്യാപൃതയായിരുന്നു നങ്കി.

"എന്റ കൊച്ചുങ്ങള നോക്കണം എനിക്ക്... അദ്ന് ഞാ ഉയിരോട വേണം... കൊറച്ചു കാലം ജയിലീ കെടന്നാലും തിരിച്ച് വരാമ്പറ്റൂലോ... " കാലിലെ കേട്ട് മുറുക്കി ശിവനെ നോക്കി നങ്കി ചിരിച്ചു.


നിസ്സഹായത എല്ലാത്തരത്തിലും ശിവനെ മൂടിക്കളഞ്ഞിരുന്നു.


വലിച്ചെറിഞ്ഞ കൂടം പരതി എടുത്ത് ഒരു കൈയ്യിൽ പിടിച്ച് , ലുങ്കിയുടെ ഒരറ്റം മറുകൈയ്യിൽ മുറുകെ പിടിച്ചു ശിവന്റെ ശരീരത്തെ വലിച്ചിഴച്ച്  മുന്നോട്ട് നടന്നു. അരുവിയുടെ ശബ്ദത്തിന് കാതോർത്തു മുന്നോട്ടാഞ്ഞു നടക്കുമ്പോൾ, ഇരുകൈകളിലേയും ഭാരം നങ്കിയെ കീഴ്പ്പെടുത്താൻ ശ്രമിക്കുന്നുണ്ടായിരുന്നു.


കല്ലിലും മുള്ളിലും ദേഹമുരസുന്നതിന്റെ കൂടി അസഹ്യമായ വേദനയിൽ പുളഞ്ഞ് ശിവൻ ബലം പ്രയോഗിക്കാനും രക്ഷപെടാനും ശ്രമിച്ചു. ഒന്നും ഗൗനിക്കാതെ മുന്നോട്ട് നീങ്ങുന്നതിനിടയിൽ നങ്കി തല ഉയർത്തി നോക്കി.


കാട് പുലരാറായിരിക്കുന്നു. പെട്ടെന്ന് നങ്കിയുടെ കാലുകൾക്ക് വേഗത കൂടി.


"ഏട കൊണ്ട് പോന്നെടീ എന്ന... #@@*%%*..." അസഭ്യമായ തെറിയോടെ ശിവൻ ശബ്ദമുയർത്തി.


ഒരു ചിരി മറുപടിയായ് നൽകി നങ്കി തിരിഞ്ഞു നോക്കി.


അരുവിക്ക് മുന്നിലെത്തി കഴിഞ്ഞിരുന്നു. ശിവൻ പതർച്ചയോടെ ചുറ്റിനും നോക്കി. മണിയന്റെ ശവം ഇവിടെയാണ്‌ കൊണ്ടിട്ടത്.


"ഓ... നെന്റ മറ്റോന കൊന്നിട്ടേടത്ത് വച്ച് എന്ന കൊല്ലാനാണാ... "


കൈയ്യിലിരുന്ന കൂടം അരുവിയിലേക്ക് വലിച്ചെറിഞ്ഞു കൊണ്ട് നങ്കി തല കുലുക്കി ;


"ഉം.. നി ചാക്കേണ്ടത് ഈട വച്ച് തന്നാ... പഷേ എന്റ കയ്യ് കൊണ്ടല്ല..."


അന്ധാളിപ്പോടെ ശിവൻ നങ്കിയുടെ ചെയ്തികൾ വീക്ഷിച്ചു.


അരുവിക്കെതിരായുള്ള കമ്പി വേലിയ്ക്കരികിലേക്ക് ശിവനെ വീണ്ടും വലിച്ചിഴച്ചു.  വേലിക്കമ്പിയിലേക്ക് ലുങ്കിയുടെ അറ്റം മുറുകെ കെട്ടുന്നത് കണ്ടതും ശിവൻ ഭീതിയോടെ നങ്കിയെ നോക്കി.


"എന്ന നെന്റ കയ്യ് കൊണ്ട് കൊല്ലടീ..."


"എന്തേ നിനക്ക് പേടി തോന്ന്ന്നൊണ്ടാ.. കൊറച്ച് മുന്നേ പറഞ്ഞയാ... ഞാ വെറും ഒര് പെണ്ണാന്ന്.. യ്യി വെറും പെണ്ണ് ചെയ്യ്ന്ന എന്താന്ന് നിയ്യ് നോക്ക്..." നങ്കിയുടെ ചുണ്ടിൽചിരി മറയാതെ നിന്നു.


വേലിയോട് ശിവനെ ബന്ധിച്ച ശേഷം, ഒരു കൈയ്യും കാലും വേലിക്കമ്പികൾക്കിടയിലൂടെ മറുപുറത്തേക്ക് കുത്തിയിറക്കാനായി അടുത്ത ശ്രമം. ബലമായി അതിനെതിരെ പ്രതിരോധിക്കുന്നുണ്ടെങ്കിലും, ചതഞ്ഞ കൈയ്യും കാലുകളും ശിവനെ പരാജയപ്പെടുത്തി കൊണ്ടിരുന്നു.


നങ്കിയുടെ കഠിന പ്രയത്നത്തിനൊടുവിൽ, കൂർത്ത കമ്പികൾ  ഉരസിയും തുളഞ്ഞും ശിവന്റെ ശരീരത്തിലവശേഷിക്കുന്ന ചോരയേയും പുറത്തേക്ക് ചിന്തിച്ച് കൈയ്യും കാലും വേലിക്കെട്ടിനപ്പുറമായി.


അണപ്പിനിടയിലും ഒരു ദീർഘനിശ്വാസമുതിർത്ത് നങ്കി തല ഉയർത്തി.


"പെണ്ണിന്റ ഒടല് വെറി പിടിച്ച് തിന്നുന്ന നിനക്കൊള്ള ശിഷ ഇദാ..

താമസിയാതെ ഏതേലും മൃഗം വരും... അദ്ന്റ വെശപ്പ് മാറാനാ നെന്റ ഒടല്.. രശ്ശപെടാനൊള്ള ഒര് പഴ്തും നെനക്ക് കിട്ടര്ത്... പെട്ടന്ന് ചാവേം ചെയ്യര്ദ്.. അദ്നാ.. ഇങ്ങന കുരുക്കി കെടത്തിയെ...

എങ്ങനൊണ്ട്.. പെണ്ണായ എന്റ ബുദ്ധീ...

പെണ്ണെന്നാ വെറും പെണ്ണല്ല... അദ് മനസ്സിലാക്കാത്തതാ നിയ്യ് ഇങ്ങന ആകാൻ കാരണം.

നിയ്യീ ഭൂമീലോട്ട് തള്ളി വന്നതും ഒര് പെണ്ണിന്റ ഒടലീന്നാ... നിന്ന പെറ്റ നിന്റ അമ്മേട ഒടലിലൊള്ളതേ എന്ന പോല എല്ലാ പെണ്ണുങ്ങളിലും ഒള്ള്...

നിന്നപ്പോലൊള്ള ആണിന്റ വെറി തീർക്കാനൊള്ള കളിക്കോപ്പല്ല പെണ്ണ്...

നിനക്കൊണ്ടായ എന്റ മല്ലീട മോന ആണായിട്ട് വളത്തണം എനിക്ക്... പെണ്ണിന മാനിക്ക്ന്ന ആണായിട്ട്...

നിന്നപ്പോല ആകര്ത് എന്റ കൊച്ച്...."

നിന്ന ഉയിരോട വിട്ട ഇനീം ഏതേലും പെണ്ണുങ്ങള് അന്ഭവിക്കേണ്ടി വരും... പിന്ന.. എനിക്കും എന്റ കൊച്ചുങ്ങക്കും സമാധാനോണ്ടാകില്ല..." കിതപ്പോടെ പറഞ്ഞു നിർത്തി നിഗൂഢമായ മന്ദഹാസത്തോടെ നങ്കി ശിവനെ നോക്കി. 


"നങ്കീ..." പല്ല് കടിച്ച് ഞെരിച്ച് ശിവൻ വിളിച്ചു.


"ഞാ പോന്ന് എന്റ കൊച്ചുങ്ങള് ഒണർന്ന് കരേയ്യാവും..." ഒരിക്കൽ കൂടി നിറഞ്ഞ പുഞ്ചിരി ഉതിർത്ത് നങ്കി തിരിഞ്ഞു നടന്നു.


"ഡീ.... നെന്ന ഞാ വെറ്തെ വിടത്തില്ല... ഈടന്ന് സിവൻ എയ്ന്നേക്കും... നെന്ന ഉയിരോട കത്തിക്കേം ചെയ്യും..." വീണു കിടക്കുന്ന കിടപ്പിലും ശിവൻ ആക്രോശിച്ചു.


ഒരു പിൻനോട്ടത്തിനും മുതിരാതെ, വാക്കുകൾക്ക് കാതു കൊടുക്കാതെ നങ്കി തിരിയെ നടന്നു. മനസ്സ് ശാന്തമായിരുന്നു.


തിരികെ പോകാനുള്ള വഴി തിട്ടമില്ലായിരുന്നെങ്കിൽ കൂടി, ഇരുണ്ടു വെളുത്ത കാട് നങ്കിയ്ക്ക് കുറച്ചു കൂടി ആത്മവിശ്വാസം നൽകി.


വേച്ചു വേച്ചു മുന്നോട്ട് നടക്കവേ കാടിനുള്ളിൽ മാറ്റാരുടെയൊക്കെയോ സാമീപ്യം നങ്കി തിരിച്ചറിഞ്ഞു. ആരുടെയൊക്കെയോ സംസാരങ്ങളും കാലടി ശബ്ദങ്ങളും അവിചാരിതമായി നങ്കിയെ തേടി വന്നു.


ശാരീരികമായും മാനസികമായും ഒരു തളർച്ച തന്നെ മൂടുന്നതായി നങ്കിയ്ക്ക് തോന്നി. അടിവയറ്റിനുള്ളിൽ ആകെ പുകച്ചിൽ പോലെ..

എന്തിനെയും അഭിമുഖീകരിക്കാനുള്ള തയ്യാറെടുപ്പോടെ മുന്നിൽ കണ്ട മരത്തിന്റെ ചുവട്ടിലേക്ക് ചാഞ്ഞിരുന്നു.


രാത്രിയിൽ അരങ്ങേറിയ  സംഭവവികാസങ്ങളുടെ ആധിക്യത്തിൽ, ക്ഷീണം കണ്ണുകളെ മൂടി മയക്കത്തിലേക്ക് വീഴ്ത്തിയത് ഞൊടിയിടയിലാണ്. സ്വപ്നം പോലും എത്തി നോക്കാത്ത നിദ്രയിലേക്ക് നങ്കി കൂപ്പ് കുത്തി.


💦💦💦💦💦


ചുമലിൽ അമർന്ന ഉള്ളംകൈയ്യുടെ സുഖമാർന്ന ചൂടിന് പിന്നാലെ പരിഭ്രമം കലർന്ന നേർത്തൊരു ശബ്ദവും നങ്കിയെ ഉറക്കത്തിൽ നിന്നും വിളിച്ചുണർത്തി.


തൂങ്ങിയടയുന്ന കൺപോളകളെ വലിച്ചു തുറന്ന് നോക്കിയിട്ടും ഒന്നും വ്യക്തമായില്ല.


"നങ്കീ..." ആശങ്കയോടെ ജോസ് വീണ്ടും വിളിച്ചു.


ഇത്തവണ നങ്കി ഞെട്ടിയുണർന്നു. പരിഭ്രാന്തിയോടെ ചുറ്റും നോക്കി. തന്റെ മുന്നിൽ നിരന്നു നിൽക്കുന്നവരിലൂടെ കണ്ണോടിച്ചു.


ജോസ്സും പോലീസുകാരും ഏതാനും നാട്ടുകാരും ബോധമണ്ഡലത്തിലേക്ക് ഇരച്ചു കയറിയപ്പോൾ നങ്കി പിടഞ്ഞെണീറ്റു. തളർച്ച ബാധിച്ച ശരീരം കാലുകളെ വഴുതിച്ചതും നങ്കി വീഴാനാഞ്ഞു. പെട്ടെന്ന് ജോസ്സിന്റെ കൈകൾ നങ്കിയെ താങ്ങിപ്പിടിച്ചു.

"നങ്കീ പതുക്കെ..."


ജോസഫിന്റെ കൈകളെ വിടുവിച്ച് മരത്തിലേക്ക് ചാരി നിൽക്കുമ്പോൾ നിസംഗതയുടെ കൊടുമുടിയിലെത്തിയിരുന്നു നങ്കിയുടെ ഭാവം.


"നീയെന്തിനാ ഇവിടെ വന്നത് നങ്കീ...?" ജോസ് ശാന്തനായി തിരക്കി.


നങ്കിയുടെ നോട്ടം ജോസ്സിലേക്ക് പാളി വീണു.

അത്രയും ശാന്തതയോടെ അയാൾ സംസാരിക്കുന്നത് ആദ്യമായിട്ടായിരുന്നു.


"ഓന കൊല്ലാന്.... " നിർവികാരതയോടെ നങ്കി പറഞ്ഞ വാക്കുകൾ, ജോസ്സിൽ വലിയ വികാരക്ഷോഭം തന്നെ ഉണ്ടാക്കി.


"ശിവനെ കണ്ടോ... അവനെവിടെ?" ഇൻസ്‌പെക്ടർ കടുത്ത ശബ്ദത്തിൽ ചോദിച്ചു.


മറുപടി പറയാതെ നങ്കി ഒരു ദിശയിലേക്ക് കൈ ചൂണ്ടി കാട്ടി.


"നീ... നീ അവനെ കൊന്നോ...!!?" പരിഭ്രമത്തോടെ, അതിലേറെ ആകാംക്ഷയോടെ ജോസഫ് ചോദിച്ചു.


"ഇല്ല... ചാകാന് കൊണ്ടിട്ടിട്ടോണ്ട്.. "


ഇൻസ്‌പെക്ടറും ജോസ്സും അമ്പരപ്പോടെ മുഖത്തോട് മുഖം നോക്കി.


തൊട്ടടുത്ത നിമിഷം, അകലെ നിന്നെവിടെയോ ഒരു മനുഷ്യന്റെ അലർച്ച അവരുടെ കാതുകളിലേക്ക് തുളഞ്ഞു കയറി.


ഞെട്ടലോടെ എല്ലാവരും ചുറ്റുപാടും മിഴി പായിച്ചു.


"ശിവനെവിടെ... എവിടെയെന്ന്..?" ഇൻസ്‌പെക്ടർ കോപത്തോടെ നങ്കിയ്ക്ക് നേരെ തിരിഞ്ഞു.


"ഓന പുലി പിടിച്ചെന്ന് തോന്ന്ന്ന്..." സരളമായ ഭാവത്തോടെ നങ്കി മറുപടി നൽകി.


കാടിനെ പ്രകമ്പനം കൊള്ളിക്കുമാറ് വീണ്ടും അലർച്ച  മുഴുങ്ങി കൊണ്ടിരുന്നു.


അസഹനീയമായ അസ്വസ്ഥതയോടെ ജോസ് നെറ്റിയിൽ കൈ അമർത്തി.


"ഇന്നല മണിയണ്ണന കൊന്നിട്ടിടത്ത് തന്ന ഓൻ കെടപ്പോണ്ട് സ്സാർ... ആട ഏതോ കാട്ട്മൃഗം വന്നിട്ടോണ്ട്... ഇപ്പോ ആടോട്ട് പോണ്ട.. "


ഇൻസ്‌പെക്ടർ അതിശയത്തോടെ നങ്കിയെ നോക്കി.


"ഇവൾക്ക് വിലങ്ങിട്ട് ഇവിടെ തന്നെ നിർത്തിയേക്ക്. ഞങ്ങൾ പോയിട്ട് വന്നിട്ടാകാം ചോദ്യം ചെയ്യലൊക്കെ.. നിങ്ങള് രണ്ടാളും ശ്രദ്ധിച്ചോണം.." വനിതാ പോലീസിന് നിർദ്ദേശം നൽകി ഇൻസ്‌പെക്ടർ മറ്റുള്ളവർക്ക് നേരെ തിരിഞ്ഞു.


"വാ പോയി നോക്കാം... പല്ലോ മുടിയോ എന്തേലും കിട്ടാതിരിക്കില്ല.."


ഇൻസ്‌പെക്ടറും കൂട്ടരും കാടിനുള്ളിലേക്ക് നടന്നകന്നു.


വിലങ്ങണിഞ്ഞ കൈകളോടെ നങ്കി നിലത്തേക്ക് ഊർന്നിരുന്നു.


"എന്തിനാ നങ്കീ നീയിങ്ങനെ ചെയ്തേ...?"


ജോസിന്റെ ചോദ്യത്തിന് നേർത്ത മന്ദഹാസം തൂകി നങ്കിയിരുന്നു.


"ആ കുഞ്ഞുങ്ങളെ കുറിച്ച് ഓർക്കാമായിരുന്നില്ലേ..."


"എന്റ കൊച്ചുങ്ങള പറ്റി ഓർത്തിട്ട് തന്നാ സ്സാർ.. ഞാ ഓന തെരക്കി എറങ്ങീത്.. ഇനി ഒര് ഉയിർ കൂട ഞാ കാരണം പോഗല്ലൂന്നേ മാത്രേ മനസ്സിലൊണ്ടാര്ന്നൊള്ള്..."


"നിനക്കെന്തെങ്കിലും സംഭവിച്ചിരുന്നെങ്കിലോ...?'


"എന്റ ഉയിർ പോകും മുന്നേ.. ഓന ഞാ തന്ന കൊന്നേന.."


"ഇനി എത്ര കാലം ജയിലിൽ കഴിയേണ്ടി വരുമെന്ന് ചിന്തിച്ചോ നീ..?" നിരാശയും സങ്കടവും പിടിമുറുക്കിയ ശബ്ദത്തിൽ ജോസഫ് ചോദിച്ചു.


നങ്കിയുടെ നോട്ടം തന്റെ കൈ വിലങ്ങുകളിലേക്ക് നീണ്ടു.


"എന്ന... തൂക്കി കൊല്ലുവോ സ്സാർ...." നിറഞ്ഞ മിഴികളിൽ ആകാംക്ഷ തൂകി നങ്കി തിരക്കി.


എന്തുപറയണമെന്നറിയാതെ ജോസഫ് മരത്തിലേക്ക് തല ചായ്ച്ചു നിന്നു.


"കനലാണ് പെണ്ണേ നീ...

ആളുന്ന തീയ്യുടെ-

ചൂടും ചുമപ്പുമണിഞ്ഞ പെണ്ണ്....


സാറൊരിക്ക ചൊല്ലിയ കവിതയാ.... എന്റ മനസ്സീ എപ്പഴും മുഴങ്ങി കേക്കും ഓരോ വാക്കും വരിയും...  ഞാ തളരില്ല സ്സാർ..." നിശ്വാസത്തോടെ കണ്ണുകളടച്ച് നങ്കി മനസ്സിന്റെ ആകുലതകളെ മറക്കാൻ ശ്രമിച്ചു.


🥀🥀🥀🥀🥀


കോടതി മുറ്റത്ത് ജോസഫിനൊപ്പം തങ്കവും മുരുകനും കുഞ്ഞുങ്ങളുമുണ്ടായിരുന്നു. ഇൻസ്‌പെക്ടറുടെ സമ്മതത്തോടെ അവർക്കരികിലേക്ക് നടക്കുമ്പോൾ, മനസ്സ് പതറാതിരിക്കാൻ കിണഞ്ഞു ശ്രമിക്കുന്നുണ്ടായിരുന്നു നങ്കി.


"നങ്കീ...." നിയന്ത്രിക്കാനാകാതെ തങ്കത്തിന്റെ ദുഃഖം പുറത്തു ചാടി.

"അക്കാ.. എന്തിനാ കരേന്നേ.. പത്ത് കൊല്ലം... അദ് പെട്ടെന്ന് കടന്നു പോകും... ഞാ ഓടി വരൂല്ലേ അപ്പൊ..." ശബ്ദത്തിൽ നേരിയ ഇടർച്ച പോലും വരാതെ നങ്കി പറഞ്ഞൊപ്പിച്ചു.

"എന്റ.. കൊച്ചുങ്ങള പിരിയുന്ന ഓർത്തിട്ടാ എനിക്ക്... സാരോല്ല.. ഇനി എല്ലാർക്കും പേടിക്കാത കഴിയാല്ലോ..

ഞാ പറാതെ തന്നെ നോക്കൂന്ന് അറിയ്യാം. എന്നാലും പറയ്യാ... എന്റ കൊച്ചുങ്ങള പൊന്ന് പോല നോക്കണേ.. രണ്ട് പേരേം പഠിപ്പിക്കണം...

വളന്ന് വര്മ്പോ, അമ്മ ഏട പോയ ആന്ന് ചോദിച്ചാ... ന്തേലും നൊണ... അല്ലേ വേണ്ടാ.. നേര് പറഞ്ഞ് കൊട്ക്കണം... ഒര് മറയും ഇല്ലാത എന്റ മക്കള് എന്ന സ്നേഹിക്കണം... അദാ എനിക്ക് വേണ്ടേ.. "

"മുരുഗണ്ണാ..." യാത്ര ചോദിക്കുമ്പോലെ നങ്കി മുരുകനെ നോക്കി.


നിറഞ്ഞ കണ്ണുകൾ അമർത്തി തുടച്ച് മുരുകൻ തലയാട്ടി.

ഏങ്ങലോടെ തങ്കം ചേലത്തലപ്പ് കൊണ്ട് വായ പൊത്തി. 


വിലങ്ങണിഞ്ഞ കൈകൾ കൊണ്ട് കുഞ്ഞുങ്ങളെ തലോടി ചുംബനം കൊണ്ട് മൂടി  മാറോട് ചേർത്തപ്പോൾ നങ്കി വിതുമ്പിപ്പോയി.


പിന്നെ, നിശബ്ദനായി നിൽക്കുന്ന ജോസഫിനെ നോക്കി.


ആ മുഖത്തെ ഭാവം നങ്കിയ്ക്ക് നിർവചിക്കാനായില്ല.


എന്തൊക്കെയോ പറയണമെന്ന് തോന്നിയെങ്കിലും, വിലങ്ങ് കൈകൾക്ക് മാത്രമല്ല നാവിനെയും മനസ്സിനെയും ബന്ധിച്ചത് പോലെ നങ്കിയ്ക്ക് തോന്നി.


"ഹൈക്കോടതിയിൽ പോയാലും ശിക്ഷയിൽ ഇളവ് ഉണ്ടാകില്ല..." ഇൻസ്‌പെക്ടറുടെ ശബ്ദം അനുവാദമില്ലാതെ അവർക്കിടയിലേക്ക് കടന്നു വന്നു.


ജോസഫിന് അഭിമുഖമായി നിന്ന് സി ഐ തുടർന്നു.


"കുറ്റം നങ്കി സമ്മതിച്ചത് കൊണ്ടു മാത്രമല്ല. സ്വയരക്ഷയ്ക്ക് വേണ്ടി ചെയ്ത കൊലപാതകമല്ലല്ലോ. കൊല്ലാനായ ഉദ്ദേശത്തോടെ തന്നെ ചെയ്തു കൂട്ടിയതല്ലേ എല്ലാം. ചത്തവൻ എത്ര കൊള്ളരുതാത്തവനാണെങ്കിലും കോടതി അതൊന്നും മുഖവിലയ്‌ക്കെടുക്കില്ല. നങ്കി കരുതിക്കൂട്ടി ശിവനെ കൊല്ലാൻ കൊണ്ടിടുക മാത്രമല്ല ചെയ്തേ, അവന് രക്ഷപെടാനുള്ള അവസരങ്ങളും ഇല്ലാതാക്കിയില്ലേ...

പിന്നെ, ഞങ്ങൾ തയ്യാറാക്കിയ കുറ്റപത്രത്തിൽ, നങ്കിയ്ക്ക് വേണ്ടി നേരിയ പഴുതുകൾ ഉണ്ടാക്കിയത് കൊണ്ടും നങ്കിയുടെ പ്രായം പരിഗണിച്ചുമാണ് ശിക്ഷ ഇത്രെയെങ്കിലും കുറഞ്ഞത്..

അവനെപ്പോലൊരുത്തൻ ജീവിച്ചിരുന്നിട്ട് നാടിന് ഒന്നും കിട്ടാനില്ല... നങ്കിയെ ഈ കുഞ്ഞുങ്ങൾക്ക് ആവശ്യമാണ്‌.. പിന്നെ, പത്തൊൻപത് വയസ്സിനുള്ളിൽ നമ്മളെയൊക്കെക്കാളേറെ  ഇവളനുഭവിച്ച് കഴിഞ്ഞില്ലേ... അതുകൊണ്ടാ ചില പഴുതുകൾ ഞങ്ങളായിട്ട് ഉണ്ടാക്കിയത്.." മധ്യവയസ്ക്കനായ ഇൻസ്‌പെക്ടറുടെ സംസാരത്തിൽ കുറ്റബോധം ഒട്ടും തന്നെയില്ലായിരുന്നു. 


"താങ്ക് യൂ... സാർ ..."  ജോസഫ് നെടുവീർപ്പോടെ പറഞ്ഞു.


"എന്തിന്.... നിയമത്തെ മാനിക്കുന്ന പോലീസ് ഉദ്യോഗസ്ഥനാണ് ഞാനും.. പക്ഷേ, സാഹചര്യം കുറ്റവാളികളാക്കുന്ന ചില നിസ്സഹായ ജീവനുകളെ കണ്ടില്ലെന്ന് നടിക്കാനും കഴിയില്ല... അതുകൊണ്ട് മാത്രമാണ്.. " നങ്കിയുടെ മുഖത്തേക്ക് നോക്കി അദ്ദേഹം പറഞ്ഞു നിർത്തി.


"പോകാം സ്സാർ..."  കൂപ്പു കൈകളോടെ, കണ്ണുകളിലെ ഈറൻ മറച്ചു പിടിച്ച് നങ്കി പറഞ്ഞു.


"ഓക്കേ...  ദെൻ, ബൈ മിസ്റ്റർ ജോസഫ്..." ജോസഫിനോട് യാത്ര പറഞ്ഞ് സിഐ തിരിഞ്ഞു നടന്നു. 

ഇൻസ്‌പെക്ടർക്ക് പിന്നാലെ നടന്നു നീങ്ങുമ്പോൾ നങ്കിയുടെ കണ്ണുകൾ തോരാതെ പെയ്യാൻ തുടങ്ങിയിരുന്നു.



തുടരും.....✍️💜