2020 ജനുവരി 31, വെള്ളിയാഴ്‌ച

മൗനം


"പറയുവാനേറെയുണ്ടായിട്ടും വാക്കുകൾ നിശ്ചലമായപ്പോൾ അവർക്കിടയിൽ മൗനം തിരശ്ശീലയിട്ടു. ഇരുവർക്കുമിടയിലെ മൗനം,  ശബ്ദം നഷ്ടപ്പെട്ട വാദ്യം പോലെയായി.
നിഴൽ വീണ വഴിയിൽ മൗനത്തിന്റെ അകമ്പടിയോടെ പല പാദങ്ങളും നടന്നകന്നു. കുളിർത്തെന്നലിനും കൊടുങ്കാറ്റിനും സാമ്യം പകർന്നത് വാക്കുകളുടെ ശൂന്യത മാത്രമായിരുന്നു. ചെറു മൂളലിലൂടെയും, വൻ   ആക്രോശത്തോടെയും കാറ്റ് എന്തൊക്കെയോ പറയാനാഗ്രഹിച്ച് ഒഴുകി അലഞ്ഞു. എന്നാൽ മൗനത്തിനപ്പോഴും നഷ്ടപ്പെട്ട വാക്കുകളെ വീണ്ടെടുക്കാനായില്ല.
മൗനം സാക്ഷിയായി പലതും നടന്നു ; നിശബ്ദതയുടെ പുതപ്പിൽ കൂനിപ്പിടിച്ച്‌, പല വിരഹങ്ങൾക്കും കൂടിച്ചേരലുകൾക്കും, ഏറ്റു പറച്ചിലിനും മനം മാറ്റലിനും മൗനം സാക്ഷിയായി. മൗനത്തിന്റെ തിരശ്ശീല വലിച്ചു മാറ്റാൻ പലരും കൊതിച്ചു.. ശ്രമിച്ചു... എന്നാൽ, വാക്കുകൾ പരതി ഇരുട്ടിലൊളിച്ച മൗനത്തെ ജയിക്കാനായത് പലരിൽ ചിലർക്ക് മാത്രം.
പുഞ്ചിരിയിലൊളിപ്പിച്ച വേദനയും വിദ്വേഷവും  അവഗണനയിൽ മറഞ്ഞിരുന്ന സ്നേഹവും കരുതലും തിരിച്ചറിഞ്ഞത് മൗനത്തിന്റെ നെടു നിശ്വാസങ്ങൾ  മാത്രമായിരുന്നു. എന്നിട്ടും, എന്തുകൊണ്ടോ.... വാക്കുകൾ അനിവാര്യമായ അവസാന ഞൊടികളിൽ പോലും മൗനം പലപ്പോഴും മൂകത തുടർന്നു. 
അക്ഷരങ്ങൾ അന്യമായതു പോലെ......"

മഷി


"പുസ്തകം ചോദിച്ചു: ' എന്തിനാണ് നീയെന്നെ കോറി വേദനിപ്പിക്കുന്നത്?

പേന പറഞ്ഞു : 'ശൂന്യമായ നിന്നിലേക്ക് ഞാനെന്റെ പ്രാണനെയാണ് നിറയ്ക്കുന്നത്,ഒടുവിലത് നിലയ്ക്കുമ്പോൾ ഞാൻ ഉപേക്ഷിക്കപ്പെടും.അപ്പോഴേക്കും ഞാൻ കുറിച്ച വരികളിലൂടെ നീയും ഞാനും ഒരു പുതിയ അധ്യായം തുടങ്ങിയിരിക്കും...."


2020 ജനുവരി 30, വ്യാഴാഴ്‌ച

അമ്മുക്കുട്ടി


കൈക്കൂലി
*************

     "കൈക്കൂലീന്ന് വെച്ചാ എന്താച്ഛാ "

ചായയും പത്രവാർത്തയും ഒരേ സമയം ഉള്ളിലാക്കിക്കൊണ്ടിരുന്ന സാഗർ തിരിഞ്ഞു നോക്കി. അമ്മു വാതിൽക്കൽ അച്ഛനെത്തന്നെ നോക്കി നിൽക്കുന്നു.

       "കൈക്കൂലി വാങ്ങിച്ചാ പോലീസ് പിടിക്കുവല്ലേ.. "

      "ഇതെവിടുന്നു കിട്ടി ഈ കൈക്കൂലി സംശയം "രോഹിണി  ചോദിച്ചു

      "എന്റെ ക്ലാസിലെ ഒരു കുട്ടീന്റെ അച്ഛനെ പോലീസ് പിടിച്ചു. കൈക്കൂലി വാങ്ങിയോണ്ടാന്ന് " അമ്മു സങ്കടത്തോടെ പറഞ്ഞു

      "കൈക്കൂലി വാങ്ങുന്നത് മാത്രല്ല കൊടുക്കുന്നതും കുറ്റമാ" സാഗർ നാലാം ക്ലാസ്സുകാരിയായ മകളുടെ അറിവിലേക്കായി ചേർത്തു.

വൈകുന്നേരം ഓഫീസിൽ നിന്നും മടങ്ങി വന്നതും അമ്മു അമ്പലത്തിൽ നിന്നുള്ള പ്രസാദവുമായി അച്ഛനരികിലേക്ക് ഓടി വന്നു, ഒപ്പം ഒരു ചോദ്യവും;                  "ദൈവങ്ങളിലെ പോലീസ് ആരാ അച്ഛാ "

          "ദൈവങ്ങളിലെ പോലീസോ !!!!? "

        "മ്...ഇന്നമ്പലത്തീ പോയപ്പോ അമ്മ വെള്ളി കൊണ്ടുള്ള വേല് ഭഗവാന്  നേർന്നു. അച്ഛന് പ്രൊമോഷൻ കിട്ടാനാത്രെ "അപ്പൊ ഭഗവാൻ കൈക്കൂലി മേടിച്ചിട്ടല്ലേ അച്ഛന് പ്രൊമോഷൻ വാങ്ങിച്ചു തരുക.. അപ്പൊ ഭഗവാനെ പിടിക്കുന്ന പോലീസാരാ..ഭഗവാനെ പിടിച്ചിട്ടു പിന്നെ പോലീസ് ആരെയാ പിടിക്ക്യ അമ്മയോ അച്ഛനെയോ.." അമ്മുവിന്റെ കുഞ്ഞു സ്വരത്തിൽ പേടി നിഴലിച്ചു.

എന്തു പറയണമെന്നറിയാതെ സാഗർ നിശബ്ദനായി നിന്നു..

                             

ചിതൽ

"ചിതലരിച്ചുതീരാറായ പുസ്തകം ചിതലിനോട്‌ ചോദിച്ചു : 'എന്നിൽ നിന്ന് നിനക്ക് കിട്ടിയ ഏറ്റവും വലിയ അറിവ് എന്താണ്?

ചിതൽ പറഞ്ഞു ; 'കൂട്ടി വെച്ച അറിവിൽ കാര്യമില്ല.. ഒന്നു ശ്രദ്ധിക്കാൻ ആളില്ലേൽ ഇത്രേ ഉള്ളൂ ജീവിതമെന്ന്'.. 📖 "