2020 നവംബർ 3, ചൊവ്വാഴ്ച

കാഴ്ചകൾക്കുമപ്പുറം 6️⃣


©️ Copyright Protected


..................


                 കാറുമായി സലിം സാർ പുറത്തു കാത്തു നിൽപ്പുണ്ടായിരുന്നു. കെട്ടിപ്പുണർന്നു കൊണ്ടാണ് സാർ നിരഞ്ജനെ സ്വീകരിച്ചത്.


             "സാർ ബുദ്ധിമുട്ടണ്ടായിരുന്നു. ഞാൻ ഒരു ടാക്സിയിൽ വന്നേനെ "


              "എന്ത് ബുദ്ധിമുട്ട്.. തന്നെ ഇവിടെ നിന്നും യാത്രയാക്കാൻ ഞാനുണ്ടായിരുന്നു. അതുകൊണ്ടു തിരിച്ചു വരുമ്പോ  സ്വീകരിക്കാനും എനിക്ക് തന്നെ വരണമെന്ന് തോന്നി... അതിൽ സന്തോഷം മാത്രേയുള്ളൂ.


             പിന്നെ ഒരു സങ്കടം.... തോമസ് ആണ്... അവന്റെ വിയോഗം. ങ്ഹാ... എല്ലാം ദൈവേച്ഛ പോലെയാണല്ലോ.. " സലിം സാർ നിശ്വസിച്ചു.


                                     ▪️


                പടിക്കൽ തന്നെ കാത്തുനിൽപ്പുണ്ടായിരുന്നു അമ്മയും ചേച്ചിയും. ആനന്ദാശ്രുക്കളോടെ തൊട്ടു തലോടി കെട്ടിപ്പിടിച്ച്  അമ്മ, മൂന്നര കൊല്ലത്തെ കാത്തിരുപ്പിന്റെ കഥ ഒറ്റ ശ്വാസത്തിൽ പറഞ്ഞു. മോശായി, 'കോലം കെട്ടു....' ചേച്ചിയുടെ വക വാത്സല്യം അങ്ങനെയും.


                പായസം കൂട്ടിയുള്ള സദ്യയും കഴിച്ചാണ് സലിം സാർ മടങ്ങിയത്. പോകും മുമ്പ്, റിട്ടയർമെന്റ് ചടങ്ങിൽ തീർച്ചയായും പങ്കെടുക്കണമെന്ന നിർദേശവും തന്നു. 'മ്മ് ' എന്ന മൂളലിൽ മറുപടി ഒതുക്കിയെങ്കിലും, മനസ്സ് മുഴുവൻ ആ ഒരു ദിവസത്തിനായുള്ള കാത്തിരുപ്പിലായിരുന്നു. 

                 

               രണ്ടാഴ്ച, നിരഞ്ജനെ സംബന്ധിച്ച് രണ്ടു കൊല്ലത്തെ ദൈർഘ്യമുള്ളതായി തോന്നി. കഴിഞ്ഞു പോകുന്ന ഓരോ ദിവസവും കലണ്ടറിൽ വട്ടമിട്ട് അടയാളപ്പെടുത്തുന്നത് കണ്ടപ്പോൾ ചേച്ചി ചോദിച്ചു, 'എന്താ കാട്ടിക്കൂട്ടുന്നേ എന്ന് '. ചിരിച്ചു കൊണ്ട് ഒഴിഞ്ഞു മാറിയതല്ലാതെ അവനൊന്നും മിണ്ടിയില്ല.


                കാത്തു കാത്തിരുന്ന ദിവസത്തിന് ഒരു രാവ് പുലരാനുള്ള മണിക്കൂറുകൾ മാത്രമായപ്പോൾ നിരഞ്ജൻ,  ആവേശവും ആകാംഷയും കൂടിക്കലർന്ന അവസ്ഥയിലായി. പാതിരാവിലും ഉറക്കമുപേക്ഷിച്ച കണ്ണുകളിൽ ഗൗരിയുടെ മുഖം പ്രതിഷ്ഠിച്ചു കൊണ്ട് അവൻ ചിന്താമഗ്നനായി.


                വെളുപ്പിനു തന്നെ വിളിച്ചുണർത്തണമെന്ന് ചേച്ചിയെ പറഞ്ഞ് ചട്ടം കെട്ടിച്ചാണ് ഉറങ്ങാൻ കിടന്നതെങ്കിലും, അമ്മയ്ക്കും ചേച്ചിയ്ക്കും മുമ്പേ ഉണർന്നു അവൻ സലിം സാറിന്റെ റിട്ടയർമെന്റിനു പോകാൻ തയ്യാറായി.


            "നീയെന്താ ഇത്ര നേരത്തെ... ഞങ്ങളും കൂടി റെഡിയാകട്ടെ. സലിം സാർ ഞങ്ങളെയും വിളിച്ചതാ.. " ചായയുമായി വന്ന ചേച്ചി പറഞ്ഞു.


            "അമ്മേം ചേച്ചിയും കൂടി ഒരോട്ടയിൽ അങ്ങു വാ... സാറിന്റെ കാര്യത്തിന് സമയത്തിനാണോ ഞാൻ ചെല്ലണ്ടേ... "


             ചായ കുടിച്ച്, പ്രാതൽ കഴിച്ചെന്നു വരുത്തി അവനിറങ്ങി. 

              

                                      🖤


                കോളേജ് കവാടത്തിനരികിൽ തന്നെ സലിം സാറിനു യാത്രാമൊഴി നേർന്നു കൊണ്ട് വലിയ ബാനർ പ്രതിഷ്ഠിച്ചിരുന്നു. ഗേറ്റ് കടന്ന് പാർക്കിങ്ങിലേക്ക് ബൈക്കിൽ പോകുമ്പോഴും നിരഞ്ജന്റെ കണ്ണുകൾ പരിസരമാകമാനം ചൂഴ്ന്നു.


                 ബൈക്ക് പാർക്ക് ചെയ്ത് കോളേജ് മുറ്റത്തേക്ക് കാലെടുത്തു വച്ചതും വല്ലാത്തൊരു അനുഭൂതി തന്നെ പിടികൂടിയതായി നിരഞ്ജനു തോന്നി. മുന്നോട്ടുള്ള ഓരോ കാൽച്ചുവടിലും, മനസ്സു കൊണ്ട് കോളേജ് കാലത്തേക്ക് അവൻ പിൻതിരിഞ്ഞു.


               കണ്ണിൽ ഇരുട്ട് നിറയും മുമ്പേ കണ്ട് കീഴടക്കി, ആ കാഴ്ചയിലൂടെ കുറിക്കുന്ന വരികൾക്ക് മാത്രമായാണ് ഈ പ്രകൃതിയെ പ്രണയിച്ചിരുന്നതെന്ന് നിരഞ്ജന് തോന്നി. പല വർഷം ഈ കോളേജും മണ്ണും മരങ്ങളും തണലുകളും... പിന്നെ.. എന്തെല്ലാമൊക്കെയോ എന്റേത് മാത്രമാക്കി വച്ചിരുന്നു. എന്നിട്ടും, ഈ തിരിച്ചു വരവിൽ ഇതൊന്നും ഹൃദ്യസ്ഥമാകുന്നില്ല. എല്ലാത്തിലും  ഒരപരിചിത ഭാവം മാത്രം നിറഞ്ഞു നിൽക്കുന്നതായി...


              പക്ഷേ, ആ ദിവസം.... ഒരാളെ മാത്രം സാക്ഷിയാക്കി  കോളേജിൽ നിന്ന് പടിയിറങ്ങിയ അവസാന ദിവസം...അതിന്നും മായാതെ നിൽക്കുന്നു. മനസ്സിൽ ആണിയിട്ട് തറപ്പിച്ച ചിത്രം പോലെ..പോറലേൽക്കാതെ...


              കോളേജ് ഓഡിറ്റോറിയത്തിലേക്ക് നടന്നു ചെന്നതും പഴയ മുഖങ്ങളിൽ ചിലരെയൊക്കെ കണ്ടു. സുഖാന്വേഷണങ്ങളോടെ പലരും കെട്ടിപ്പുണർന്നും കൈ കൊടുത്തും കടന്നു പോയി. സ്റ്റേജിലെ ശേഷിക്കുന്ന അലങ്കാര പണികളുടെ തിരക്കിലമർന്നവരുടെ കൂടെ നിരഞ്ജനും കൂടി.


               "ഒപ്പം പഠിച്ചിരുന്നവരെയെല്ലാം ക്ഷണിച്ചിട്ടുണ്ടോ ? " നിരഞ്ജൻ തൊട്ടടുത്തുണ്ടായിരുന്ന സഹപാഠിയോട്  ജിജ്ഞാസയോടെ ചോദിച്ചു.


              "ഒരാളേം വിട്ടിട്ടില്ല, ഇനി വരുന്ന പോലെയിരിക്കും "


               "മ്മ്.... "


            പത്തു മണിയോടെ ഓഡിറ്റോറിയത്തിലേക്ക് ആളെത്തി തുടങ്ങി. നീണ്ട പത്തു മുപ്പതു കൊല്ലത്തെ അധ്യാപന ജീവിതത്തിന് സമാപ്തി കുറിക്കുന്ന ചടങ്ങിലേക്ക്  സലിം സാർ  കുടുംബസമേതനായാണ് വന്നത്. അമ്മയും ചേച്ചിയും എത്തിയപ്പോൾ നിരഞ്ജൻ അവരെ ഓഡിറ്റോറിയത്തിനുള്ളിൽ കൊണ്ടിരുത്തി.


               ഓഡിറ്റോറിയത്തിന്റെ കവാടത്തിനു മുന്നിൽ നിരഞ്ജൻ അക്ഷമനായി വന്നു നിന്നു.   പെട്ടെന്നാണ് പരിചയമുള്ള ഒരു പെൺമുഖം എതിരെ കണ്ടത്. പേര് ഓർത്തെടുക്കാൻ നന്നേ ബുദ്ധിമുട്ടി അവൻ തല പുകച്ചു.


             "ഹായ് നിരഞ്ജൻ.... എന്നെ ഓർമയുണ്ടോ, പഴയ ഒരു സഹപാഠിയാണ്.. " പേര് പറയാതെ അവൾ പരിചയപ്പെടുത്തി.


            തലയാട്ടിക്കൊണ്ട് നിരഞ്ജൻ അപ്പോഴും പേര് ഓർത്തെടുക്കാൻ പരിശ്രമിക്കുകയായിരുന്നു. ഗൗരിയുടെ അടുത്ത കൂട്ടുകാരിയാണെന്നും, ക്ലാസ്സിലെ ഏക ആംഗ്ലോ ഇന്ത്യൻ സഹപാഠിയാണെന്നും അവൻ ഓർത്തെടുത്തു.


             "വേണി സെബാസ്റ്റ്യൻ.. " അവൾ പേര് കൂടി വെളിപ്പെടുത്തി 

   

             "ഹാ വേണി... സത്യത്തിൽ പേര് എനിക്ക് കിട്ടിയില്ല, അതാ മിണ്ടാതെ നിന്നേ.. സോറി "


            "അതിനെന്തിനാ സോറി. ക്ലാസ്സിലെ അന്തർമുഖനിൽ നിന്ന് ഇതിലധികമൊന്നും ഞാൻ പ്രതീക്ഷിക്കുന്നില്ല.."


            വേണിയുടെ നാവിനിന്നും നല്ല കസർത്തുണ്ടെന്ന് നിരഞ്ജന് തോന്നി. സൗഹൃദപരമായ സുഖാന്വേഷണങ്ങൾക്കൊടുവിൽ അവൻ വളരെ യാദൃശ്ചികമെന്നോണം ഗൗരിയിൽ സംഭാഷണം കൊണ്ടെത്തിച്ചു.


             "ഇപ്പോഴെന്തിനാ ഗൗരിയെ അന്വേഷിക്കുന്നത് ? " ഗൗരിയുടെ അടുത്ത കൂട്ടുകാരി എന്ന നിലയ്ക്കുള്ള അധികാര ഭാവത്തിലായിരുന്നു വേണിയുടെ ചോദ്യം.


       അതിനുത്തരമായി വഴുതി വീണതു പോലെയൊരു മറുചോദ്യമാണ് അവൻ നൽകിയത് ; "ഗൗരിയുടെ കല്യാണം കഴിഞ്ഞോ...? "


             പരിഹാസം കലർന്ന ചിരി തിരികെ നൽകി വേണി, ആണെന്നോ അല്ലെന്നോ ഉള്ള അർത്ഥത്തിൽ തല ചലിപ്പിച്ചു.


            "ഗൗരി ഇപ്പോ എവിടെയാ... എന്തു ചെയ്യുന്നു... ഇന്ന് വരുമോ ഇവിടെ? "


           "നിരഞ്ജൻ എല്ലാം നേരിട്ട് കണ്ട് അനുഭവിച്ച് ആസ്വദിക്കാൻ ഇഷ്ടപ്പെടുന്നയാളല്ലേ... ഐ മീൻ.... ഒരു കവിയുടെ മനോഭാവമാണല്ലോ നിരഞ്ജനിൽ കൂടുതൽ. അതുകൊണ്ട് ഞാൻ പറഞ്ഞറിയുന്നതിനേക്കാളും നന്ന് നേരിട്ട് കണ്ട് വിശേഷങ്ങളൊക്കെ ചോദിച്ചറിയുന്നതല്ലേ.... "


           "അപ്പൊ ഗൗരി ഇന്ന് വരുമല്ലേ !!" നിരഞ്ജന്റെ സ്വരത്തിൽ ആവേശം തുടിച്ചു.


            "വരാതെ പിന്നെ...... അവളീ കോളേജിൽ തന്നെ  ലക്ച്ചറർ ആയി വർക്ക്‌ ചെയ്യുകയാ.. "


            "ഇവിടെയോ !!! അപ്പൊ ഇന്നിവിടെ വരുമല്ലോ... അല്ലാ,  ഇപ്പോ കോളേജിലുണ്ടോ ഗൗരി.... " അത്ഭുതത്തോടെ ആഹ്ലാദത്തോടെ നിരഞ്ജൻ ആകാംഷാഭരിതനായി.


              "നിരഞ്ജാ... വാ,  ഫങ്ഷൻ തുടങ്ങാറായി. " മഹേഷ്‌ ധൃതിയിൽ നടന്നു വന്ന് അവന്റെ ചുമലിലൂടെ കൈയ്യിട്ട് ഓഡിറ്റോറിയത്തിനുള്ളിലേക്ക് കൂട്ടിക്കൊണ്ടു പോയി. ഒരു മറുപടി പ്രതീക്ഷിച്ച് നിരഞ്ജൻ തിരിഞ്ഞു നോക്കിയെങ്കിലും വേണി മറ്റൊരു വശത്തേക്ക് നടന്നു നീങ്ങി. 

           

                                  🖤


        

               "ഞാനിവിടെയിരിക്കാം " ഒഴിഞ്ഞ കസേര ചൂണ്ടി നിരഞ്ജൻ പറഞ്ഞു.


              "നീയിന്ന് ഇരിക്കേണ്ടത് ഇവിടെയല്ല. വാ, ഞാൻ കാണിച്ചു തരാം " മഹേഷ്‌ അവന്റെ കൈയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് വേദിയിലേക്ക് നടന്നു കയറി. അന്ധാളിപ്പോടെ നിരഞ്ജൻ സുഹൃത്തിനെ അനുഗമിച്ചു.


              വേദിയിലിരിക്കുന്ന വിശിഷ്ട വ്യക്തികൾക്കിടയിലേക്കാണ് മഹേഷ്‌ തന്നെ കൊണ്ടു പോകുന്നതെന്ന് മനസ്സിലാക്കിയപ്പോൾ നിരഞ്ജൻ പെട്ടെന്ന് നിന്നു.


              "വേദിയിലേക്ക് എന്നെയെന്തിനാ കൂട്ടുന്നേ? "


             "പറഞ്ഞില്ലേ നിന്റെ സ്ഥാനം ഇന്നവിടെയാണെന്ന് "


              "എന്തിന്  !!? "


               "സലിം സാറിനടുത്തുള്ള ഒഴിഞ്ഞ കസേര നിനക്കുള്ളതാണ്. അവിടെ ചെന്നിരിക്ക്. വഴിയേ മനസ്സിലാകും "


           വീണ്ടുമെന്തോ ചോദിക്കാൻ തുനിഞ്ഞ നിരഞ്ജനെ തടഞ്ഞു കൊണ്ട് സലിം സാർ അടുത്തേക്ക് വന്നു.


               "എന്താ നിരഞ്ജാ,  എന്തുപറ്റി.. "


               "സാർ, എന്നെയെന്തിനാ വേദിയിലേക്ക് ക്ഷണിക്കുന്നേ? "


                "ഞാൻ പറഞ്ഞു തരാം, താൻ വാ " സലിം സാർ അവന്റെ കൈയിൽ പിടുത്തമിട്ടു.  എതിർക്കാനാകാതെ നിരഞ്ജൻ അയാളെ അനുസരിച്ചു.


                   സലിം സാറിനുള്ള, യാത്രയയപ്പായിരുന്നു ആദ്യത്തെ ചടങ്ങ്. ഈശ്വര പ്രാർത്ഥനയ്ക്കു ശേഷം, കോളേജ് പ്രിൻസിപ്പാളും, സഹ അധ്യാപകരുമൊക്കെ സാറിന്റെ അധ്യാപന ജീവിതത്തെക്കുറിച്ചും വ്യക്തി വൈഭവങ്ങളെ പറ്റിയും വാചാലരായി സദസ്സിനോട് സംസാരിച്ചു. തുടർന്ന് അദ്ദേഹത്തിന് പൊന്നാട ചാർത്തി, ഉപഹാരം സമ്മാനിച്ചു.


                 നിരഞ്ജന്റെ കണ്ണുകൾ സദസ്സിലാകമാനം ഓടിക്കളിച്ചു. വേദിയിലെ തന്റെ സ്ഥാനം എന്തെന്ന് അവനിനിയും വ്യക്തമായിട്ടില്ല. സലിം സാർ പറഞ്ഞതുമില്ല. പക്ഷേ, സദസ്സാകമാനം കാണാം എന്നതു കൊണ്ട് അവനാ ഇരിപ്പിടം നന്നേ ബോധിച്ചു. അധ്യാപകർക്കിടയിലും വിദ്യാർത്ഥികൾക്കിടയിലുമൊക്കെ ഒരേ ഒരു മുഖം തിരഞ്ഞു കൊണ്ട് നിരഞ്ജൻ അക്ഷമനായി.


              മൈക്കിനു മുന്നിലേക്ക് സലിം സാർ നടന്നു പോയതും, തന്റെ കോളേജ് ജീവിത കാലത്തെക്കുറിച്ച് വാചാലനായി സംസാരിക്കുന്നതുമൊന്നും നിരഞ്ജൻ ശ്രദ്ധിച്ചില്ല. അവന്റെ മനസ്സിൽ ഗൗരി മാത്രമായിരുന്നു.


             "നിരഞ്ജാ... "  മൈക്കിലൂടെ സാറിന്റെ ശബ്ദം മുഴങ്ങിയതും, നിരഞ്ജൻ ചിന്തകളിൽ നിന്നും ഞെട്ടിയുണർന്നു. അവൻ അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കി.


         വേദിക്ക് പിന്നിലേക്ക് സാർ കൈ ചൂണ്ടിയ ഇടത്തേക്ക് അവൻ മുഖം തിരിച്ചു. 

ഒരു ചെറിയ തിരശ്ശീല മാറ്റപ്പെട്ടു അപ്പോൾ. അതിനു പിന്നിൽ പതിച്ചിരുന്ന വലിയ ബാനറിൽ സ്വന്തം മുഖം കണ്ട് നിരഞ്ജൻ അമ്പരന്നു. അതിൽ കുറിച്ചിരുന്ന അക്ഷരങ്ങളിലൂടെ അവന്റെ കണ്ണുകൾ പാഞ്ഞു. 


                       'പുസ്തക പ്രകാശനം 

             യുവ കവി ശ്രീ. നിരഞ്ജൻ ദാസിന്റെ           

                 കവിതകൾ കോർത്തിണക്കി

                      'കാഴ്ചകൾക്കുമപ്പുറം'

                 അക്ഷരങ്ങളിലൂടെ തീർത്ത 

              വാക്കുകളുടെ വർണ്ണ വസന്തം 


         സലിം സാറിന്റെ വാക്കുകൾ വീണ്ടും മൈക്കിലൂടെ മുഴങ്ങി 


        "ഇങ്ങനെയൊരു ചടങ്ങു കൂടി എന്റെ റിട്ടയർമെന്റ് നാളിൽ നടക്കുന്നതിൽ അധികം സന്തോഷം വേറെയില്ല. ഇന്നിവിടെ കൂടിയിരിക്കുന്നവരിൽ ഈ പുസ്തക പ്രകാശനത്തെപ്പറ്റി അജ്ഞാതനായ ഒരേ ഒരു വ്യക്തി 'കാഴ്ചകൾക്കുമപ്പുറം ' എന്ന കവിതാ സമാഹാരത്തിന്റെ രചയിതാവും, വളർന്നു വരുന്ന യുവ കവിയുമായ ശ്രീ. നിരഞ്ജൻ ദാസ് മാത്രമാണ്. 


           അദ്ദേഹത്തിന്റെ അനുമതിയില്ലാതെ ചെയ്ത ഈ അധികാര വിനിയോഗത്തിൽ  എന്റെ പ്രിയ ശിഷ്യന് എന്തെങ്കിലും അതൃപ്തിയോ അനിഷ്ടമോ ഉണ്ടെങ്കിൽ ഈ വേദിക്ക് മുന്നിൽ നിന്നു തന്നെ ഞാൻ ക്ഷമ ചോദിക്കുന്നു... "


               "സാർ... പ്ലീസ്..... " നിരഞ്ജന്റെ ശബ്ദം വിനയാന്വിതമായി. 


           സലിം സാർ ചിരിച്ചു കൊണ്ട് തുടർന്നു ; "നിരഞ്ജൻ സന്തോഷവാനാണെന്ന് അറിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. എങ്കിൽ നമുക്ക് വൈകാതെ പുസ്തക പ്രകാശനത്തിന്റെ ഉദ്ഘാടന വേളയിലേക്ക് കടക്കാം. അതിനു ശേഷം നിരഞ്ജൻ നമ്മോട് സംസാരിക്കുന്നതായിരിക്കും. 


               ഈ കവിതാ സമാഹാരം ബഹുമാന്യനായ നമ്മുടെ പ്രിൻസിപ്പാൾ ശ്രീ. രാമചന്ദ്രൻ സാറിന് നൽകി പ്രകാശനം ഉദ്ഘാടനം ചെയ്യുന്നത് മറ്റാരുമല്ല, ഈ കോളേജിന്റെ കണ്ണിലുണ്ണിയും വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട അധ്യാപികയും അധ്യാപകരുടെ പ്രിയപ്പെട്ട സഹ പ്രവർത്തകയുമായ നമ്മുടെ സ്വന്തം ഗൗരി ടീച്ചർ ആണ്....... "


         സദസ്സിൽ ഉയർന്ന കൈയ്യടിക്കും ഹർഷാരവത്തിനും മേലെ, സലിം സാറിന്റെ വാക്കുകൾ കാതിൽ ആയിരം തവണ അലയടിച്ചതായി നിരഞ്ജന് തോന്നി. ഉള്ളാകെ കുളിർ മഴ പെയ്തതു പോലെ. അവന്റെ ഹൃദയമിഡിപ്പ് ഉയർന്നു.  ശ്വാസോച്ഛ്വാസം കൂടി....'ഗൗരി....' നിരഞ്ജന്റെ മനസ്സിൽ ആ പേര് മാത്രമായി... 


           "ഗൗരി ടീച്ചറെ വേദിയിലേക്ക് സ്വാഗതം ചെയ്യുന്നു.. " മഹേഷിന്റെ സ്വരം ഉച്ചത്തിൽ ഓഡിറ്റോറിയത്തിനുള്ളിൽ പ്രതിധ്വനിച്ചു. 


            സ്റ്റേജിനു പിന്നിൽ നിന്നും വേദിയിലേക്ക് നടന്നു വരുന്ന രൂപം നിരഞ്ജൻ തിരിച്ചറിഞ്ഞു. സദസ്സിൽ വിദ്യാർത്ഥികളുടെ ആർപ്പു വിളി. ഗൗരിയെ കണ്ട മാത്രയിൽ നിരഞ്ജൻ അറിയാതെ എഴുന്നേറ്റു പോയി. 


                                    🖤


                                                            (തുടരും)




2020 ഒക്‌ടോബർ 10, ശനിയാഴ്‌ച

കാഴ്ചകൾക്കുമപ്പുറം 5️⃣


.........................


                   മൂന്നര വർഷം.....ഓർത്തു നോക്കുമ്പോൾ, കണ്ണടച്ച് തുറക്കുന്ന വേഗമായിരുന്നില്ല ഈ കാലയളവിനെങ്കിലും, ഇടം വലം ഗൗനിക്കാതെ ഓടിത്തീർത്ത ഒരു മാരത്തോൺ പോലെയാണ് നിരഞ്ജന് അനുഭവപ്പെട്ടത്.


                നാട്ടിൽ നിന്നും കാനഡയിലേക്കുള്ള യാത്ര ജീവിതത്തെ പ്രതീക്ഷിക്കാത്ത വഴിത്തിരിവിൽ കൊണ്ടെത്തിക്കുമെന്ന് അവൻ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല.


                സർജറിക്കു മുമ്പും ശേഷവുമായി  ആറു മാസം തോമസ് ഡോക്ടറുടെ വീട്ടിൽ ഒരംഗത്തെ പോലെ താമസം. ഔദ്യോഗിക ജീവിതത്തിന്റെ തിരക്കുകളിൽ മുഴുകിയ ഡോക്ടർ,  സ്വന്തം വീട്ടിൽ സൃഷ്ടിച്ച അഭാവത്തിലേക്കാണ് നിരഞ്ജൻ ചെന്നു കയറിയത്.


         അദ്ദേഹത്തിന്റെ തളർവാതം ബാധിച്ച  അമ്മയ്ക്ക് മറ്റൊരു മകനായും, ഭാര്യയ്ക്ക്  സഹോദരനായും മക്കൾക്ക്‌ നല്ലൊരു കളിക്കൂട്ടുകാരനായും ലഭിച്ച തസ്തിക ശരിക്കും ആസ്വദിച്ച ആറു മാസം. വിജയകരമായ സർജറിക്കു ശേഷമുള്ള വിശ്രമത്തിനുമൊടുവിൽ നാട്ടിലേക്ക് തിരിച്ചു പോകാൻ തയ്യാറെടുത്തപ്പോൾ സ്നേഹപൂർവമായി തടഞ്ഞ കുടുംബത്തോട്  യാത്ര പറഞ്ഞിറങ്ങിയത് നന്നേ ക്ളേശപ്പെട്ടാണ്. 


              തോമസ് ഡോക്ടർ വച്ചു നീട്ടിയ ജോലിക്ക് ഒരു ചെറിയ കാലതാമസം ആവശ്യപ്പെട്ടത്,  നാട്ടിലെത്തി അമ്മയെയും ചേച്ചിയെയും കണ്ട് വിധിയെ മറികടന്ന സന്തോഷം പങ്കു വെക്കുവാൻ മാത്രമായിരുന്നില്ല, ഗൗരി..... അവളെ കാണണമെന്ന അതിയായ മോഹം ചിന്തകളെ അലോസരപ്പെടുത്താൻ തുടങ്ങിയത് കൊണ്ടു കൂടിയാണ്.


               മടങ്ങി വരുമെന്ന് വാക്ക് നൽകി ഡോക്ടർക്കൊപ്പം വിമാനത്താവളത്തിലേക്ക് പുറപ്പെട്ടപ്പോൾ അറിഞ്ഞിരുന്നില്ല ആ കുടുംബത്തിലേക്കുള്ള തിരിച്ചു പോക്കിന് മണിക്കൂറുകളുടെ താമസമേ ഉണ്ടായിരുന്നുള്ളൂ എന്ന്.


               എയർപോർട്ടിലേക്ക് അര കിലോമീറ്റർ ശേഷിക്കേ കാത്തിരുന്ന ദുരന്തം തോമസ് ഡോക്ടറുടെ ജീവൻ മാത്രമല്ല കവർന്നത് അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ആത്മാവ്  കൂടിയായിരുന്നു. ഡോക്ടറുടെ അമ്മയുടെ  ശരീരത്തിന്റെ തളർച്ച അവരുടെ  മനസ്സിനെക്കൂടി കീഴ്പ്പെടുത്തി. അദ്ദേഹത്തിന്റെ ഭാര്യയ്ക്കേറ്റ ആഘാതമായിരുന്നു കഠിനം. മനോനില നഷ്ടപ്പെട്ട അവസ്ഥയിൽ സ്വന്തം കുട്ടികളെപ്പോലും അവർ മറന്നു.  കുട്ടികളാകട്ടെ ഏതോ തുരുത്തിൽ ഒറ്റപ്പെട്ട പോലെയും.


             പെട്ടെന്നൊരു തിരിച്ചുപോക്ക് അസാധ്യമെന്ന് തിരിച്ചറിഞ്ഞ ദിവസങ്ങൾ. അപകടത്തിൽ നിന്ന് തല നാരിഴക്ക് രക്ഷപെട്ടത് ദൈവനിയോഗം പോലെയാണ്  തോന്നിയത്. ആറു മാസം ആ വീട്ടിൽ വഹിച്ചിരുന്ന താത്കാലിക സ്ഥാനം അവനിലേക്ക്‌ വീണ്ടും എത്തപ്പെട്ടു.  കാണണമെന്ന അമ്മയുടെ മോഹത്തെപ്പോലും നീട്ടിവെച്ചു കൊണ്ട് മൂന്നരക്കൊല്ലം....ഡോക്ടറിനു വേണ്ടി.. അദ്ദേഹത്തിന്റെ എല്ലാമെല്ലാമായ കുടുംബത്തിനു വേണ്ടി..


            ഡോക്ടർ തോമസിനോടുള്ള കടപ്പാട് എന്നിട്ടും ശേഷിക്കുന്ന പോലെ. അദ്ദേഹത്തിന്റെ ഭാര്യ സാധാരണ ജീവിതത്തിലേക്ക് മടങ്ങി വന്ന നാൾ, വീണ്ടുമാ വീട്ടിൽ ആർത്തനാദം മുഴങ്ങി. അനാഥയായ അന്യമതക്കാരിയെ ജീവിതത്തിലേക്ക് കൈ പിടിച്ചു കയറ്റിയ തോമസ് എന്ന മനുഷ്യനായിരുന്നു റംസിയ എന്ന വീട്ടമ്മയുടെ ലോകം. ഓർമ്മകളിൽ കുഴഞ്ഞു വീണ് ആ പാവം അലമുറയിട്ടു.


            സ്വയം പ്രാപ്തരായി മാറിയ ഡോക്ടറുടെ മക്കൾ അച്ഛന്റെ നന്മയെ പിന്തുടരുന്നവരാണെന്ന് മനസ്സിലാക്കിയ നിമിഷം നാട്ടിലെ പ്രിയപ്പെട്ടവർക്കിടയിലേക്ക് തിരിച്ചു പോകാൻ നിരഞ്ജൻ തീരുമാനിച്ചു. പക്ഷേ, വിധി വീണ്ടും അവനെ തടഞ്ഞു. ഡോക്ടറുടെ അമ്മയുടെ വിയോഗത്തിന്റെ രൂപത്തിൽ. ഒന്നര മാസം വീണ്ടും.... 


              മൂന്നരക്കൊല്ലത്തെ ജീവിതത്തിലൂടെ മനസ്സിനെ ഒന്ന് പിൻ ചലിപ്പിച്ച് നിരഞ്ജൻ നിശ്വസിച്ചു. നഷ്ടമൊന്നുമുണ്ടായിട്ടില്ല. ഡോക്ടർ വെച്ചു നീട്ടിയ ജോലി സ്വീകരിച്ച് സ്വന്തം കുടുംബത്തിനു വേണ്ടി സമ്പാദിച്ചിട്ടുണ്ട്. ചേച്ചിയുടെ കല്യാണത്തെക്കുറിച്ചോർത്ത് ഇപ്പോ ആവലാതിയും ഇല്ല. 


           നഷ്ടങ്ങളൊക്കെയും ഡോക്ടർ തോമസിനാണ് ഉണ്ടായത്. സ്വന്തം ജീവൻ പോലും.... പ്രതീക്ഷ നഷ്ടപ്പെട്ട ജീവിതത്തിൽ നിന്നും എന്നെ കൈ പിടിച്ചു കയറ്റിയ മനുഷ്യൻ.... ' നിരഞ്ജന്റെ കൺകോണുകൾ നനഞ്ഞു. 

                                          

                ഡോക്ടറുടെ ഭാര്യയോടും മക്കളോടും യാത്ര പറഞ്ഞിറങ്ങവേ അവൻ മൂകനായി. വിമാനത്താവളത്തിലേക്ക് ഒപ്പം  വരാമെന്നുള്ള അദ്ദേഹത്തിന്റെ മക്കളുടെ അഭിപ്രായത്തെ സ്നേഹപൂർവം നിരസിച്ചു. ടാക്സിയിലേക്ക് കയറും മുമ്പ് ഒരിക്കൽ കൂടി ആ വീട്ടിലേക്ക് നോക്കി. അമ്മയ്ക്കും മക്കൾക്കും പിന്നിൽ ഡോക്ടറും അദ്ദേഹത്തിന്റെ അമ്മയും കൈ വീശി യാത്രയയപ്പ് നൽകി നിൽക്കുന്നതായി അവന് തോന്നി. നൊമ്പരത്തോടെ തലയാട്ടി യാത്ര പറഞ്ഞ് നിരഞ്ജൻ ടാക്സിയിലേക്ക് കയറി. 


                                   🖤


            

                  നാട്ടിലേക്ക് തിരിക്കാൻ തീരുമാനമെടുത്ത് രണ്ടു ദിവസം കഴിഞ്ഞപ്പോഴാണ്, സലിം സാറിന്റെ വിളി വന്നത്. വിദ്യാർത്ഥികൾക്കൊക്കെ പ്രിയങ്കരനായ സാറിന്റെ റിട്ടയർമെന്റിനോടനുബന്ധമായി ആ പഴയ കെമിസ്ട്രി  ബാച്ചിന്റെ ഒരു റീ യൂണിയൻ സംഘടിപ്പിച്ചിരിക്കുന്നുവെന്ന്. 


          സാറിനായിരുന്നു ഞങ്ങളുടെ ക്ലാസ്സിന്റെ ചുമതല. മഹേഷിന്റെതാകും റീ യൂണിയനു പിന്നിലെ തല. 'സാറിന്റെ വിരമിക്കൽ ഞങ്ങൾ  അവിസ്മരണീയമാക്കും... ' ഒരിക്കൽ ക്ലാസ്സിൽ വച്ച് അവൻ പ്രഖ്യാപിച്ചിരുന്നു. പിന്നീടങ്ങോട്ടുള്ള ദിവസങ്ങളിൽ എന്നോ നടക്കേണ്ടുന്ന സാറിന്റെ റിട്ടയർമെന്റായിരുന്നു അവന്റെ ചിന്തകളിൽ പോലും... 


                

               'ഗൗരി.. ' നിരഞ്ജന്റെ മനസ്സ് പെട്ടെന്ന് തുടിച്ചു. അവളെപ്പറ്റി യാതൊരു വിവരവും അവനറിയുമായിരുന്നില്ല. അന്വേഷിച്ചിരുന്നില്ല എന്നത് മറ്റൊരു സത്യം. അല്ലെങ്കിൽ, ആരോടന്വേഷിക്കണമെന്ന് അവന് ഗ്രാഹ്യമില്ലായിരുന്നു....റീ യൂണിയന്റെ അന്ന് ഗൗരിയെ കാണാം.. അവളറിഞ്ഞിട്ടുണ്ടാകുമോ എന്റെ കാഴ്ചയെ ബാധിക്കാനിരുന്ന ഗ്രഹണത്തെ തോൽപ്പിച്ച കഥ. എന്നെപ്പറ്റി അവളന്വേഷിച്ചിരിക്കണം ആരോടെങ്കിലും.... എനിക്കല്ലേ ഒന്നും സാധ്യമാകാതെ പോയത്. 


                  ഗൗരിയുടെ മുഖം ഓർത്തു കൊണ്ട് നിരഞ്ജൻ പുഞ്ചിരിച്ചു. ഫ്ലൈറ്റിനുള്ളിലുള്ളതിനേക്കാൾ  കുളിർമ നിരഞ്ജന്റെ മനസ്സിനെ പൊതിഞ്ഞു.  നാട്ടിലെത്തിയാൽ ആദ്യം കാണണമെന്ന് കൊതിച്ചിരുന്ന മുഖം. ഇനി നേരിട്ടുള്ള കാഴ്ച അന്നാകട്ടെ, സലിം സാറിന്റെ റിട്ടയർമെന്റ് നാളിൽ. അവന്റെ ചുണ്ടിൽ വീണ്ടും ചിരി നിറഞ്ഞു. 


                                    🖤


  

               വിമാനത്താവളത്തിൽ നിന്നും പുറത്തേക്കിറങ്ങി നിരഞ്ജൻ ചുറ്റും നോക്കി. ഇവിടേക്കുള്ള ആദ്യ പ്രവേശനം നടന്നത് മൂന്നരക്കൊല്ലം മുമ്പായിരുന്നു. അന്ന് കണ്ടതിൽ നിന്നും ഒരു മാറ്റവും ഉണ്ടായിട്ടില്ല. 


               മൂന്നരക്കൊല്ലം അതൊരു വലിയ അകലമായി നിരഞ്ജന് തോന്നിയില്ല. ആ വിശ്വാസം ഉള്ളത് കൊണ്ടാണ് ഗൗരിയെ കാണാനും മനസ്സ് വെമ്പുന്നത്. ഗൗരിയുടെ മനസ്സിനും മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടാകില്ല എന്നതാണ് അവന്റെ വിശ്വാസം... പ്രതീക്ഷ.. 


                വർണ്ണങ്ങൾ മാഞ്ഞു തുടങ്ങിയ അവന്റെ മനസ്സിലേക്ക് പ്രതീക്ഷ നഷ്ടപ്പെടാത്ത  ജീവിതത്തിന്റെ ചിത്രങ്ങൾ കോറിവരച്ചിട്ടത് ഗൗരിയാണ്. അവൾ തന്നെ എല്ലാം മറക്കുമോ... ഇല്ല, ഒരിക്കലുമില്ല... ' നിരഞ്ജൻ ഉറച്ച വിശ്വാസം കലർന്ന നെടുവീർപ്പിട്ടു. 


                                      🖤


                                                               (തുടരും)



2020 ഒക്‌ടോബർ 8, വ്യാഴാഴ്‌ച

കാഴ്ചകൾക്കുമപ്പുറം 4️⃣


................ 

  

             വീടിനുള്ളിലേക്ക് വീണ്ടും ഒതുങ്ങിക്കൂടിയ നാളുകൾ.. ഇത്തവണ,  കാത്തിരിക്കുന്ന വിധിയുടെ ആത്മസംഘർഷം മാത്രമായിരുന്നില്ല നിരഞ്ജനെ വേട്ടയാടിയിരുന്നത്. ഹൃദയം തുറന്നു നൽകിയ ഒരു പ്രണയം നഷ്ടപ്പെടുത്തിയതിന്റെ നൊമ്പരവും അവന് തീരാവേദനയായി.


            എപ്പോഴോ മനസ്സിലുടക്കിയ സംശയമായിരുന്നു ഗൗരിയുടെ സമീപനം. അവളെന്തോ പറയാതെ പറയുന്നതായ് തോന്നിയിരുന്നു പലപ്പോഴും. മനഃപൂർവം ഒഴിവാക്കി മാറി നടക്കുമ്പോഴും ഉള്ളിൽ സന്ദേഹത്തിന്റെ കനലെരിയുന്നുണ്ടായിരുന്നു. ഒരുപക്ഷേ, തിരിച്ചും അങ്ങനെയൊരു ഇഷ്ടം ഹൃദയത്തിൽ മറച്ചു പിടിച്ചതു കൊണ്ടാകാം.


            അവളുടെ മുഖം ഓർമയിൽ നിറയുമ്പോഴൊക്കെ  നിരഞ്ജന്റെ കണ്ണുകൾ ആർദ്രമായി.


                                     🖤


            ഓർമ്മകളുടെ ചാരത്തിൽ മുങ്ങിക്കിടന്ന ദിവസങ്ങളിലെ ഒരു പകൽ നേരത്താണ് സലിം സാർ വീട്ടിലേക്ക് കയറി വന്നത്. കോളേജിനുള്ളിലെ  ഗുരുശിഷ്യ ബന്ധം  ഒരാത്മബന്ധമായി വളരാൻ തുടങ്ങിയത് ആശുപത്രി വരാന്തയിൽ വച്ചാണ്. കോളേജിനുള്ളിൽ തന്റെ സത്യമറിഞ്ഞിരുന്ന ഒരേയൊരു വ്യക്തി. 


          നേത്ര രോഗ വിദഗ്ദന്റെ മുറിയിൽ നിന്നും നിരഞ്ജൻ ഇറങ്ങി വന്നത് ഒരു അസാധാരണ ഭാവത്തിൽ ആയിരുന്നു. എതിരെ വരുന്ന ആളെ കാണാതെ തീർത്തും അജ്ഞനായ ഒരു കുട്ടിയെപ്പോലെ. അവന്റെ അമ്മയുടെയും ചേച്ചിയുടെയും പിൻവിളി തിരിച്ചറിയാത്തവനെപ്പോലെ...


           സലിം സാർ കൈയിൽ പിടിച്ച് തടഞ്ഞു നിർത്തിയപ്പോൾ രൂക്ഷത്തോടെയാണ് അവൻ തല ഉയർത്തിയത്. 'എന്തുപറ്റി' എന്ന സാറിന്റെ ചോദ്യത്തിനൊടുവിൽ, നഷ്ടമായ അച്ഛന്റെ വാത്സല്യവും ലഭിച്ചിട്ടില്ലാത്ത സഹോദരന്റെ തണലും,  ഒടുവിൽ തേടി വന്നതു  പോലെ നിരഞ്ജൻ അദ്ദേഹത്തിന്റെ ചുമലിലേക്ക്  ഒരു കൊച്ചു കുട്ടിയുടെ ഏങ്ങലോടെ വീണു.


            ആരെ ആശ്വസിപ്പിക്കണമെന്ന് അദ്ദേഹത്തിന് നിശ്ചയമില്ലായിരുന്നു. കരഞ്ഞു തളർന്ന അമ്മയും, വിതുമ്പി തേങ്ങുന്ന ചേച്ചിയും മാത്രമായിരുന്നു അവന്റെ മുതൽക്കൂട്ട്. ഡോക്ടറിൽ നിന്നും എല്ലാം ചോദിച്ചറിഞ്ഞ ശേഷം സ്വന്തം കാറിൽ അവരെ വീട്ടിൽ കൊണ്ടു വിടുമ്പോഴേക്കും സലിം സാർ ആ കുടുംബത്തിന്റെ ഒരു ഭാഗമായി കഴിഞ്ഞിരുന്നു.


             നിരഞ്ജനെ പഠനത്തിലേക്കും കവിതയിലേക്കും നിർബന്ധപൂർവം തിരികെ കൊണ്ടു വന്നത് തന്നെ ആ അമ്മയ്ക്കും മകൾക്കും അദ്ദേഹത്തോടുള്ള ആദരവിനും കടപ്പാടിനും വാക്കുകളില്ലാതാക്കി.


            "എന്താടോ കോളേജ് വിട്ടതോടെ വീണ്ടും ഉൾവലിയാൻ തുടങ്ങിയോ? "


           നിരഞ്ജൻ നിശബ്ദനായി നിന്നു.


           "ശരി.. താൻ റെഡിയാക്. നമുക്ക് ഒരാളെ കാണണം.. "


            "ആരെയാ സാർ ? " അവന്റെ ശബ്ദമുണർന്നു.


            "താൻ റെഡിയാകെടോ, പോകുന്ന വഴിക്ക് നമുക്ക് സംസാരിക്കാം "


             "മ്മ്... "


            വൈകാതെ തന്നെ കുളിച്ചൊരുങ്ങി നിരഞ്ജൻ,  സലിം സാറിനൊപ്പം പുറപ്പെട്ടു. അവന്റെ അമ്മയും ചേച്ചിയും പ്രതീക്ഷയുടെ കൺ തിളക്കവുമായി നിന്നു.


                                    🖤


              "ഇന്നലെ ഞങ്ങളുടെ സ്കൂൾ റീ- യൂണിയൻ ആയിരുന്നു. എഴുത്തുകാരനായ ഒരു സുഹൃത്തിന്റെ പുസ്തക പ്രകാശനവും ഒക്കെയായി ഒരു ആഘോഷ ദിനം.. " ഡ്രൈവിംഗിനിടയിൽ സലിം സാർ പറഞ്ഞു തുടങ്ങി.


            "പഴയ സുഹൃത്തുക്കളെയൊക്കെ കണ്ടു. ആ നൊസ്റ്റാൾജിയ മൂഡിൽ നിന്ന് ഇനിയും പുറത്തു കടന്നിട്ടില്ല.. തിരിച്ചു കിട്ടാത്ത കാലങ്ങൾക്കൊക്കെയും മധുരം കൂടുതലാണല്ലോ... " സലിം സാർ ഓർമ്മകൾ നുണഞ്ഞു ചിരിച്ചു.


            നിരഞ്ജൻ ചിരിക്കാൻ ശ്രമിച്ചു 


        "പരിപാടികൾ ഒക്കെ കഴിഞ്ഞുള്ള സൗഹൃദ സംഭാഷണത്തിനിടയിലാ ഞാൻ തന്റെ കാര്യമെടുത്തിട്ടത്. തന്റെ കവിതകൾ ചേർത്തൊരു പുസ്തകം പബ്ലിഷ് ചെയ്യുന്നതിനെപ്പറ്റിയുള്ള വിവരങ്ങൾ പറയുന്ന കൂട്ടത്തിൽ,  തന്നെ പിടിമുറുക്കിയിരിക്കുന്ന രോഗാവസ്ഥയെ കുറിച്ചും ഞാൻ പറഞ്ഞു. 


            പഴയ സുഹൃത്തുക്കളിൽ ഒരാൾ കണ്ണ്  ഡോക്ടറാണ്. തോമസ്. കാനഡയിൽ താമസം. അവൻ കാര്യങ്ങളൊക്കെ ചോദിച്ചു. വിശദമായിത്തന്നെ എല്ലാം ഞാൻ പറഞ്ഞിട്ടുണ്ട്. ആളിന് നിരഞ്ജനെ ഒന്ന് കാണണമെന്ന് പറഞ്ഞു. 


              അവന്റെ വാക്കുകളിൽ ഞാൻ പ്രതീക്ഷയ്ക്കുള്ള വക കാണുന്നുണ്ട്. കാരണം, ഇതുപോലെയുള്ള കേസ് അവൻ ചികിത്സിച്ച് സുഖപ്പെടുത്തിയിട്ടുണ്ടെന്ന്.. " സലിം സാർ പറഞ്ഞു നിർത്തിയപ്പോൾ, വിശ്വാസിക്കാനാകാത്ത എന്തോ കേട്ടത് പോലെ നിരഞ്ജൻ അദ്ദേഹത്തെ നോക്കി. 


             "സാർ...!!! "


             "അതേടോ സത്യമാ. എന്റെ ഊഹം വെച്ച് അവൻ തന്നെ കാനഡയിലേക്ക് കൂട്ടിക്കൊണ്ട് പോകും. തനിക്ക് പാസ്പോർട്ടും  വിസയുമൊക്കെ തരപ്പെടുത്തുന്ന കാര്യം പറഞ്ഞാ ഞങ്ങളിന്നലെ സംസാരം നിർത്തിയത്. പക്ഷേ, അവന് തന്നെയൊന്നു കാണണം. ഇപ്പോഴത്തെ അവസ്ഥ അറിയണം. 


               തന്റെ മെഡിക്കൽ റിപ്പോർട്ട് എല്ലാം ചേച്ചി എടുത്തു തന്നു. അതും അവന് കാണണം എന്നു പറഞ്ഞു.. "


               നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് നിരഞ്ജൻ ചിരിച്ചു. പിന്നെ പെട്ടെന്നെന്തോ ഓർത്തത് പോലെ സാറിനെ നോക്കി. 


              "പക്ഷേ സാർ, യാത്രയ്ക്കും ചികിത്സക്കും ഒക്കെയുള്ള ചിലവ് ഇത്ര പെട്ടെന്ന് ഒപ്പിക്കാൻ.....ആകെയുള്ളത് വീടും സ്ഥലവുമാ. ചേച്ചീടെ കല്യാണത്തിന് മുന്നിലുള്ള ഒരേ ഒരു വഴിയാ.... അതിൽ ഞാൻ കൈ വയ്ക്കില്ല.."


            "ഇപ്പൊ നമ്മൾ ഡോക്ടർ തോമസിനെ കാണുന്നു. താൻ അതിനെപ്പറ്റി മാത്രം ചിന്തിക്ക്... " സലിം സാർ ബ്രേക്കിൽ കാലമർത്തി നിരഞ്ജനെ നോക്കി. 


                  നിരഞ്ജൻ പുറത്തേക്ക് നോക്കി. 


          "എന്റെ വീടാടോ. താൻ വന്നിട്ടില്ലല്ലോ..വാ ഇറങ്ങ്.  അവനിവിടെയാ സ്റ്റേ "


             നിരഞ്ജൻ പ്രാർത്ഥനയോടെ പുറത്തേക്കിറങ്ങി. 


                                     🖤


      

              മെഡിക്കൽ റിപ്പോർട്ട് പരിശോധിച്ചതിനു ശേഷമാണ് ഡോക്ടർ തോമസ്,  നിരഞ്ജന്റെ കണ്ണുകൾ നോക്കിയത്. എല്ലാത്തിനുമൊടുവിൽ  സലിം സാറിനും നിരഞ്ജനും അഭിമുഖമായിരുന്നു കൊണ്ട് ഡോക്ടർ സംസാരിക്കാൻ തുടങ്ങി. 


            "അപ്പോ എങ്ങനാ നിരഞ്ജൻ എനിക്കൊപ്പം കാനഡയിലേക്ക് വരികയല്ലേ.. "


            "ഡോക്ടർ  !"


             "മ്മ്.... ഒരു സർജറി നടത്തണം. റിസ്ക് ഉള്ളതാണ്. പക്ഷേ പ്രതീക്ഷയുണ്ട്. ഇതിലും അവസാന സ്റ്റേജിൽ എത്തിയവർക്ക് ട്രീറ്റ്മെന്റ് ചെയ്തതിന്റെ ആത്മവിശ്വാസം...."


             സലിം സാർ ആഹ്ലാദത്തോടെ തോമസിന്റെ കൈയ്യിൽ പിടിച്ചു കുലുക്കി. 


           "നിരഞ്ജൻ എന്താ ആലോചിക്കുന്നേ? "


            "ഡോക്ടർ അത്.... ഒരു വർഷത്തിനുള്ളിൽ സർജറി നടത്തിയാൽ മതിയാകുമോ? "


           "എന്ത് വിഡ്ഢിത്തമാ നിരഞ്ജാ പറയുന്നേ.. ഒരു വഴി ദൈവമായി കൊണ്ടു  തന്നപ്പോ...മാറ്റി വച്ചു നടത്താൻ ഇത് കല്യാണമൊന്നുമല്ല... " സലിം സാർ രോഷപ്പെട്ടു. 


               "സാറിന് അറിയാല്ലോ എന്റെ അവസ്ഥ. യാത്രയ്ക്കും ചികിത്സക്കും ഒക്കെ വേണ്ട പണം സ്വരൂപിക്കാനുള്ള സാവകാശമാ ഞാൻ പറഞ്ഞ ഒരു വർഷം "


             "നമ്മുടെ സൗകര്യം നോക്കി രോഗാവസ്ഥ ഇരിക്കില്ലല്ലോ നിരഞ്ജാ " ഡോക്ടർ ഓർമപ്പെടുത്തി. 


             "കാശിന്റെ കാര്യമോർത്ത് താൻ വേവലാതിപ്പെടണ്ട. അതൊക്കെ ഞങ്ങള് ആലോചിച്ചു വച്ചിട്ടുണ്ട്.. " സലിം സാർ അവന്റെ ചുമലിൽ തട്ടി ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു. 


              "സാർ ...... "


               "അതേടോ... താനിപ്പോ യാത്രയ്ക്ക് പോകാനുള്ള തയ്യാറെടുപ്പുകളെ പറ്റി ചിന്തിച്ചാൽ മതി. വീട്ടിൽ ചെന്ന് അമ്മയോടും ചേച്ചിയോടും കാര്യം പറയണം. അവരോട് ചികിത്സയെപ്പറ്റി ഞാൻ സൂചിപ്പിച്ചിരുന്നു. ഡോക്ടറെ കണ്ടതിനു ശേഷമുള്ള റിസൾട്ടിനായ് കാത്തിരിക്കയാവും രണ്ടാളും "


              നിരഞ്ജൻ പെട്ടെന്ന് തന്റെ അധ്യാപകനെ കെട്ടി പുണർന്നു. അവന്റെ കണ്ണുകൾ നീർച്ചാലായി പരിണമിച്ചു. സലിം, തോമസിനെ നോക്കി മന്ദഹസിച്ചു. 


              രണ്ടാഴ്ചക്കുള്ളിൽ കാനഡയിലേക്കുള്ള യാത്രയ്ക്കായി നിരഞ്ജൻ തയ്യാറായി. പോകുന്നതിനു മുമ്പ് ഗൗരിയെ ഒന്നു കാണണമെന്ന് അവന് തോന്നി. പിന്നെ കടിഞ്ഞാണില്ലാത്ത ചിന്തയ്ക്കൊടുവിൽ വേണ്ടെന്നു തീരുമാനിക്കുകയും ചെയ്തു. 


            ' നേരിട്ട് യാത്ര ചെന്നു പറഞ്ഞാൽ അവൾ കാത്തിരിക്കും. അതു വേണ്ട.. ഒരുപക്ഷേ, സർജറി പരാജയമാണെങ്കിൽ ....'  നിരഞ്ജന്റെ ചിന്തകൾ കാടു കയറി. ശുഭാപ്തി വിശ്വാസം എന്നോ എവിടെയോ നഷ്ടപ്പെട്ടതാണ് ജീവിതത്തിൽ. 


             എങ്കിലും അവൻ ഒന്ന് തീരുമാനിച്ചുറപ്പിച്ചു. എല്ലാം നന്നായിട്ടാണ് തിരിച്ചു വരുന്നതെങ്കിൽ ആദ്യം കാണുക ഗൗരിയെ ആയിരിക്കും. നിശ്വാസത്തോടെ നിരഞ്ജൻ പുഞ്ചിരിച്ചു. 


                                    🖤


            കോളേജിലെ അവസാന ഗെറ്റ് ടുഗെതറിനും, ടീ സിക്കു വരേണ്ടി വന്ന ദിവസവുമൊക്കെ ഒരാളുടെ അഭാവം മാത്രമേ ഗൗരിയെ ആകുലപ്പെടുത്തിയുള്ളൂ. 


             വളരെ നേരത്തെ വന്നും,  വളരെ വൈകി മടങ്ങിയും നിരഞ്ജനെ മാത്രം പ്രതീക്ഷിച്ച് ഗൗരി കോളേജിൽ പല ദിവസങ്ങളിലും കാത്തു നിന്നു. പക്ഷേ, അവളുടെ പ്രതീക്ഷകൾ നീളുക മാത്രമായിരുന്നു. അതിന് അടിവരയിടാനോ പൂർത്തീകരിക്കാനോ നിരഞ്ജൻ വന്നില്ല. 


            എം എസ് സി റിസൾട്ട്‌ വന്നപ്പോൾ റാങ്കോടു കൂടി തന്നെ അവൾ പാസ്സായി. അതിന്റെ മധുരം പങ്കിടാനായി കോളേജിൽ ചെന്നപ്പോഴാണ് നിരഞ്ജനും മികച്ച മാർക്കുണ്ടെന്ന വിവരം അറിഞ്ഞത്. ഒപ്പം സലിം സാറിൽ നിന്ന് മറ്റൊരു കാര്യവും അറിഞ്ഞു. 


               ചികിത്സയ്ക്കായി നിരഞ്ജൻ കാനഡയിലേക്ക് പോയെന്ന്. പോയിട്ട് ഒരു മാസമാകുന്നു. കേട്ട വാർത്ത ഗൗരിക്ക് നൽകിയ സന്തോഷം അളവറ്റതായിരുന്നു. പക്ഷേ തൊട്ടു പിന്നാലെ ഒരു നൊമ്പരവും അവളെ വരിഞ്ഞു മുറുക്കി. 'ഒന്നു കാണാനോ ഒരു വാക്ക് പറയാനോ നിരഞ്ജൻ ശ്രമിച്ചില്ല... തീർത്തും അവഗണിക്കുകയാണോ.... ' ഗൗരിക്ക് വിങ്ങലടക്കാനായില്ല. 


               അച്ഛനെയും അമ്മയെയും വിട്ടു നിൽക്കാൻ ഒട്ടും ആഗ്രഹമില്ലാഞ്ഞിട്ടും ഗൗരി പിജി ചെയ്യാൻ തീരുമാനിച്ചത് നാടിനു പുറത്ത് എവിടെയെങ്കിലുമാണ്. നിരഞ്ജന്റെ ചിന്തകളിൽ നിന്നും കര കയറാത്ത മനസ്സ്, തന്നെ  ഓർമ്മകളിൽ  തളച്ചിടുമോ എന്നവൾ ഭയന്നു. മകളുടെ ആഗ്രഹത്തിന് ഇഷ്ടമില്ലാതിരുന്നിട്ട് കൂടി ആ അച്ഛനും അമ്മയും മൗനസമ്മതം മൂളി. 


                                  🖤

         

                                                             (തുടരും)




2020 ഒക്‌ടോബർ 5, തിങ്കളാഴ്‌ച

കാഴ്ചകൾക്കുമപ്പുറം 3️⃣


.....................


                   ചൂട് കലർന്ന നെടുവീർപ്പിനൊടുവിൽ നിരഞ്ജൻ സ്വന്തം കണ്ണുകൾ അമർത്തി തുടച്ചു കൊണ്ട് ഗൗരിയുടെ മുഖത്തേക്ക് നോക്കി.


            "എന്താ എന്റെ പ്രശ്നമെന്ന് ചോദിച്ചില്ലേ... ഇത് തന്നെയാ എന്റെ പ്രശ്നം..

            ഇപ്പോഴെന്റെ കാലിടറിയത് കണ്ണു നിറഞ്ഞ് കാഴ്ച മങ്ങിയത് കൊണ്ടല്ല. വിധി കരുതി വച്ചിരിക്കുന്ന ഇരുട്ട് മെല്ലെ കണ്ണിലേക്ക് അരിച്ചിറങ്ങുന്നത് കൊണ്ടാ....

             ഇനിയെത്ര നാളെന്നറിയില്ല, എന്റെ കാഴ്ചകളെ കരിമ്പുതപ്പണിയിച്ചു കൊണ്ട് ഇരുട്ടെന്റെ ജീവിതപങ്കാളിയാകാൻ... " വാക്കുകൾക്ക് ഇടവേള നൽകി നിരഞ്ജൻ മന്ദഹസിച്ചു.


            "നിരഞ്ജാ... എന്തൊക്കെയാ ഈ പറയുന്നേ... " ഗൗരിയുടെ സ്വരത്തിൽ അവിശ്വസനീയത നിറഞ്ഞു.


            "മനസ്സിലായില്ലേ...,  മെല്ലെ മെല്ലെ ഒരു കണ്ണു പൊട്ടന്റെ രൂപത്തിലേക്ക് പോകുന്നവനാണ് ഞാനെന്ന്... "


            "നിരഞ്ജാ.... "


            "താനെന്തിനാടോ ഞെട്ടുന്നത്...എന്നെ കാത്തിരിക്കുന്ന വിധി ഞാൻ ആദ്യമായി കേട്ട നിമിഷം ഗൗരിക്ക് ചിന്തിക്കാനാകുന്നുണ്ടോ?

            സർവ്വതിനോടും വെറുപ്പും നിരാശയും... ഭ്രാന്ത്‌ പിടിക്കുമെന്ന് പോലും തോന്നിപ്പോയി. മരണം മാത്രം  മുന്നിൽ കണ്ട ദിവസങ്ങൾ..

            പിന്നെ എങ്ങനെ ഇങ്ങനെയായി എന്ന് എനിക്ക് തന്നെ അറിയില്ല.. എപ്പോഴോ ഉപേക്ഷിച്ച കവിതാ ഭ്രാന്തിനെ കൂടെ കൂട്ടി. ഒരുതരം വാശി, കണ്ണിൽ ഇരുട്ട് കൂടു കൂട്ടും മുമ്പേ വായിക്കാൻ കഴിയുന്നതിലധികം വായിക്കണം, എഴുതാനുള്ളതത്രയും എഴുതി തീർക്കണം. പക്ഷേ... പക്ഷേ, മതിയാകുന്നില്ല. എത്ര എഴുതിയിട്ടും.

           ഇടയ്ക്കിടയ്ക്ക് ഒരു മുന്നറിയിപ്പ് പോലെ, ദാ കുറച്ചു മുമ്പേ കണ്ടില്ലേ.. അതുപോലെ കണ്ണിലേക്കു ഇരുട്ട് ഒഴുക്കി വിട്ട് എന്നെ ഭയപ്പെടുത്തും. ക്ലാസ്സിനുള്ളിൽ വെച്ച് എത്ര തവണ ഞാൻ ഭയപ്പെട്ടിട്ടുണ്ടെന്നറിയാമോ... ആരും ഒന്നുമറിയാതിരിക്കാൻ എത്ര പണിപ്പെട്ടിട്ടുണ്ടെന്നും... "


            ഗൗരിയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. അതു കാൺകെ നിരഞ്ജൻ അരുതെന്ന് തല  ചലിപ്പിച്ചു വിലക്കി.


          "എന്നോട് സഹതപിക്കരുത് ഗൗരി. അതെന്നെ തളർത്തും. എന്റെ കവിതകളെ ഇഷ്ടപ്പെടുന്ന ഗൗരി,  മാഗസീനിൽ ഞാൻ അവസാനമായെഴുതിയ  കവിത ഓർക്കുന്നുണ്ടോ... 'ലാസ്റ്റ് ട്രാക്ക് ഓഫ് മൈ വിഷൻ.., അതെ എന്റെ കാഴ്ച അവസാന ട്രാക്കിലാണ്. അതിലെ ഓരോ വരികളും ഞാൻ കാത്തിരിക്കുന്ന എന്റെ വിധിയെക്കുറിച്ചുള്ളതാണ്...

            ഇതിലധികം ഇനി ഞാൻ പറയണോ ഗൗരിയോട് എന്റെ പ്രശ്നത്തെക്കുറിച്ച്.... "


            ഒരു ഞൊടി നേരം  അവൾ  മൗനം പൂണ്ടു. ശബ്ദമിടറാതെ പറഞ്ഞു തുടങ്ങാൻ വേണ്ടി മാത്രം. പിന്നെ മുരടനക്കി തുടങ്ങി ;


            "സത്യത്തിൽ നിരഞ്ജനെ ഞാൻ എത്രയധികം സ്നേഹിക്കുന്നുണ്ടെന്ന് എനിക്ക് തന്നെ ബോധ്യമായത് ഇപ്പോഴാ.... നിരഞ്ജന്റെ കൂടെ  ഞാനുണ്ടാകണമെന്ന് എനിക്കിപ്പോ തീർച്ചയായി...അല്ലാതെ എനിക്ക് പറ്റില്ലെന്നും... "


          "സ്റ്റോപ്പിറ്റ്..... " നിരഞ്ജന്റെ സ്വരം ഉയർന്നു.


           "ഇപ്പോ ഞാൻ നിർത്തിയാൽ, പിന്നീടൊരിക്കലും എനിക്ക് നിരഞ്ജനെ പറഞ്ഞ് മനസ്സിലാക്കാൻ കഴിയാതെ വരും.. അതുകൊണ്ടെനിക്ക് സംസാരിച്ചേ പറ്റൂ.. " ഗൗരി ഉറച്ച സ്വരത്തിൽ പറഞ്ഞു.

           "ഇരുട്ട് പരക്കുന്നത് നിരഞ്ജന്റെ കണ്ണിനാണ്, മനസ്സിനല്ല. എനിക്കാ മനസ്സു മതി"


             നിരഞ്ജന്റെ രൂക്ഷമായ നോട്ടത്തെ അവഗണിച്ചു കൊണ്ടു തന്നെ ഗൗരി തുടർന്നു.


             "സുഖത്തിലും സന്തോഷത്തിലും മാത്രം വേണ്ടുന്ന ഒന്നല്ല സ്നേഹം. ഇഷ്ടപ്പെടുന്നവരുടെ കുഞ്ഞു കുഞ്ഞു കഷ്ടതകൾക്കും  വല്യ വല്യ സങ്കടങ്ങൾക്കും  ഒക്കെ മരുന്ന് സ്നേഹമാണ്.

          നിരഞ്ജന്റെ കാഴ്ച നഷ്ടപ്പെട്ടാലും ഒരു താങ്ങായി ഞാൻ കൂടെ ഉണ്ടാകും. അങ്ങനെയൊരാളുടെ സഹായം ആവശ്യവുമാണ്. അത് ഞാനായിക്കൂടെ ?

           ഓരോ ചുവടിലും ഞാൻ കൂടെ കാണും. എന്റെ കണ്ണുകൾ  നിരഞ്ജന്റെ കാഴ്ചകൾക്കായി മാത്രം തുറക്കും. ഞാൻ കാണുന്ന കാഴ്ചകളും വായിക്കുന്ന വാക്കുകളും നിരഞ്ജന് വേണ്ടി മാത്രമായിരിക്കും " ആത്മവിശ്വാസത്തോടെ ഗൗരി പറഞ്ഞു നിർത്തി.


         നിരഞ്ജന്റെ ചുണ്ടിൽ ചിരി വിടർന്നു.   "പറയാനെളുപ്പമാണ് ഗൗരി... നമുക്ക് മുന്നിൽ കിടക്കുന്ന ജീവിതത്തിൽ ഇതൊന്നും സാധ്യമല്ല. ഒരു കണ്ണു പൊട്ടന്റെ കൂടെ... ങ്ഹും.... ഒരു ജീവിതമെന്ന് പറയുന്നത് നമ്മൾ രണ്ടു പേർ മാത്രമടങ്ങുന്നതല്ലല്ലോ..

          ... എന്റെ അന്ധത ഭാവിയിൽ ഒരുപക്ഷേ, പലതിനേയും ബാധിച്ചേക്കാം. ഏതെങ്കിലും ഒരവസരത്തിൽ ഗൗരിക്ക് തന്നെയത് ഭാരമായിത്തീരാം.. "


          "നിരഞ്ജാ.. " വിങ്ങലോടെ ഗൗരി വിളിച്ചു ; "സ്വന്തം കുറവിനെ ഇത്രയും ബലഹീനമായി കാണരുത്. സത്യത്തിൽ ഇതൊരു കുറവല്ലല്ലോ.., എത്ര പേർ ജീവിക്കുന്നു കുടുംബം കുട്ടികളായി.  എനിയ്ക്കുറപ്പുണ്ട്  നമ്മളും ജീവിക്കും... പിന്നെന്താ ?"


           "എനിക്കിനി ഒന്നും സംസാരിക്കാനില്ല ഗൗരി.  ഇനി നമ്മൾ കാണില്ല..... മ്മ്... ബൈ.. "


            ഗൗരി പെട്ടെന്ന് നിരഞ്ജന്റെ കൈയ്യിൽ പിടുത്തമിട്ടു. അവൻ അസ്വസ്ഥതയോടെ ചുറ്റും നോക്കി.


            "കൈ വിട് ഗൗരി "


            "ഇല്ല.... നിരഞ്ജനെന്നെ മനസ്സിലാക്കാൻ ശ്രമിക്കാദ്യം. എന്റെ ജീവിതം നല്ലതാകണം എന്ന ആഗ്രഹമുള്ളത് കൊണ്ടല്ലേ ആരോടും പറയാത്ത രഹസ്യം എന്നോട് പറഞ്ഞത്?  പക്ഷേ, നിരഞ്ജനെ കൂടാതെ ഒരു ജീവിതം എനിക്കില്ലെങ്കിലോ.."


             "തനിക്ക് ഭ്രാന്താ..." നിരഞ്ജൻ അമർഷത്തോടെ പറഞ്ഞു.


            "അതേ ഭ്രാന്ത്‌. നാലു കൊല്ലമായി ഈ ഭ്രാന്ത് തുടങ്ങിയിട്ട്. എന്റെ ഭ്രാന്ത് ഭേദമാകണമെങ്കിൽ  നിരഞ്ജനെന്റെ കൂടെയുണ്ടാകണം..

          ഒരേ ഒരു ചോദ്യം... എന്റെ സ്ഥാനത്ത് നിരഞ്ജനായിരുന്നെങ്കിൽ...  ഇങ്ങനെയൊരവസ്ഥ എനിക്കായിരുന്നെങ്കിൽ... നിരഞ്ജനെന്നെ മറക്കാൻ കഴിയുമോ? ഉള്ളിലെ സ്നേഹം ഉപേക്ഷിക്കാൻ തയ്യാറാകുമായിരുന്നോ..പറയ്യ്? "


           മറുപടി ഇല്ലാതെ നിരഞ്ജൻ നിന്നപ്പോൾ, ഗൗരിയുടെ ചുണ്ടിൽ പുഞ്ചിരി വിരിയാൻ തുടങ്ങി. എന്നാൽ വൈകാതെ തന്നെ  നിരഞ്ജന്റെ ഉത്തരം പുറത്തേക്ക് വന്നു ;


          "ഈ ചോദ്യം തന്നെയാണ് ഗൗരി എന്റെ ഉത്തരം. എന്റെ സ്ഥാനത്ത് ഗൗരിയായിരുന്നെങ്കിൽ സ്നേഹിക്കുന്നയാളുടെ ജീവിതത്തെ കൂടി ഇരുട്ടിലേക്ക് വലിച്ചിഴക്കുമായിരുന്നോ..? തനിക്കതിന് കഴിയുമെന്നാണ് മറുപടിയെങ്കിൽ.. തന്റെ ചോദ്യത്തിനുള്ള എന്റെ ഉത്തരം എല്ലാം മറക്കാനും, ആ സ്നേഹം ഉപേക്ഷിക്കാനും എനിക്കും കഴിയും എന്ന് തന്നെയാണ്.... 

           ഇനി ഒരു ചോദ്യോത്തരം നമുക്കിടയിൽ ആവശ്യമില്ലെന്ന് തോന്നുന്നു... "


           ഗൗരിയുടെ കൈ വേർപെടുത്തി നിരഞ്ജൻ നടന്നകന്നു. ഒരു ശില കണക്കെ നിശ്ചലയായി ഗൗരിയും. 


                                   🖤


                ഓർമ്മകളിൽ വേദനയുണർത്താനായ് ഇങ്ങനെയൊരു ദിവസം വേണ്ടിയിരുന്നില്ല എന്ന് നിരഞ്ജന് തോന്നി. പിന്നെ സമാധാനിച്ചു, തന്നെ ഓർക്കാനും തന്റെ കവിതകളെ ആരാധിക്കാനും ഇങ്ങനെ  ഒരാളുണ്ടെന്ന് സന്തോഷിക്കാമല്ലോ.. 


            മുന്നിലെ കാഴ്ച മങ്ങിത്തുടങ്ങിയപ്പോൾ, നിരഞ്ജൻ കണ്ണുകൾ അമർത്തി തുടച്ചു. ഇപ്പോൾ തന്റെ കാഴ്ചകളെ മറയ്ക്കുന്നത് വിധിയുടെ ഇരുട്ടല്ല നിറഞ്ഞ കണ്ണുകളാണെന്ന് മനസ്സിലാക്കിയതും, ഗൗരിയുടെ മുഖം ഒരിക്കൽ കൂടി അവസാനമായി ഒന്നു കാണണമെന്ന് അവന് തോന്നി. പക്ഷേ,  തിരിഞ്ഞു നോക്കാതെ അവൻ വേഗത്തിൽ നടന്നു. ഒരു പിൻനോട്ടം പ്രതീക്ഷിച്ച് അവൾ അവിടെത്തന്നെയുണ്ടാകുമെന്ന് ഭയന്ന്... 


            മുന്നോട്ട് നീങ്ങാനാവാത്ത വിധം കാലുകൾക്ക് ഭാരം അനുഭവപ്പെടുന്നതായി ഗൗരിക്ക് തോന്നി. കാലിലെ മരവിപ്പ് മനസ്സിലേക്കും പടർന്നിരിക്കുന്നു. തളർച്ച ബാധിച്ച ശരീരത്തെ ചുമരിലേക്ക് ചായ്ച്ച് അവൾ നിന്നു. 


            കാഴ്ചയിൽ നിന്ന് മറയും മുമ്പ് വരെയും  അവൾ പ്രതീക്ഷിച്ചു, നിരഞ്ജൻ ഒരു തവണയെങ്കിലും തിരിഞ്ഞു നോക്കുമെന്ന്. അറിയാതെയെങ്കിലും അവന്റെ കണ്ണുകൾ അവളെ തിരയുമെന്ന് ആഗ്രഹിച്ചു. പക്ഷേ.... 


                                    🖤

                                                              (തുടരും)





2020 ഒക്‌ടോബർ 4, ഞായറാഴ്‌ച

കാഴ്ചകൾക്കുമപ്പുറം 2️⃣


©️Copyright Protected 


..................... 


            ഒരാഴ്ച്ച കൂടി കഴിഞ്ഞാൽ പരീക്ഷ തുടങ്ങുകയാണ്. ഗൗരിക്ക് ഒന്നിലും മനസ്സിരുത്താനേ കഴിഞ്ഞില്ല. അവളുടെ ചിന്ത മുഴുവൻ നിരഞ്ജനിൽ കുരുങ്ങി കിടന്നു. 


             ഒരു മാസത്തിനുള്ളിൽ എല്ലാം അവസാനിക്കും. ഈ കോളേജും ക്ലാസ്സ് മുറിയും സൗഹൃദങ്ങളുമൊക്കെ  ഭൂതകാലത്തിലേക്ക് ചേക്കേറും. പിന്നെ, നിരഞ്ജനും... അതവൾക്ക് സങ്കല്പിക്കാനേ ആയില്ല. 


          ഓരോന്ന് ആലോചിച്ചിരിക്കവെ നിരഞ്ജൻ ഇടനാഴിയിലൂടെ നടന്നു വരുന്നത് കണ്ടതും പെട്ടെന്ന് തന്നെ ഗൗരി ക്ലാസ്സിൽ നിന്നും വരാന്തയിലേക്ക് ഓടിയിറങ്ങി. തൊട്ടുമുന്നിൽ പ്രതീക്ഷിക്കാതെ അവളെ കണ്ടതും ആദ്യമൊരു അമ്പരപ്പായിരുന്നു നിരഞ്ജന്റെ മുഖത്ത്. പിന്നെ അതൊരു മന്ദഹാസമായി മാറി. 


           നിരഞ്ജൻ നടന്നകന്നിട്ടും ഗൗരി അതേ നിൽപ്പ് തുടർന്നു. എന്തെങ്കിലും സംസാരിക്കാം എന്നു കരുതി ഓടി വന്നതാണ്. പക്ഷേ, അപ്രതീക്ഷിതമായി ഒരു ചിരി നൽകി കൊണ്ട് നിരഞ്ജൻ പോയിരിക്കുന്നു. അവൾക്കതൊരു ശുഭ സൂചനയായി തോന്നി. അവൻ നടന്നു മറഞ്ഞ വഴിയിലേക്ക് കണ്ണയച്ച് അവൾ ചെറു പുഞ്ചിരി തൂകി. 


              വീട്ടിലെത്തിയിട്ടും നിരഞ്ജന്റെ ചിരിക്കുന്ന മുഖം മുന്നിൽ നിറഞ്ഞു നിൽക്കുന്നതായ് ഗൗരിക്ക് തോന്നി. പരീക്ഷയ്ക്കു പഠിക്കാൻ പുത്തൻ ഉന്മേഷം കിട്ടിയ പോലെ അവൾ ആഹ്ലാദത്തിലായി. 


              മുന്നിലിരുന്ന പുസ്തകം മടക്കി വച്ച്   അവൾ മേശയ്ക്കുള്ളിൽ ഭദ്രമായി സൂക്ഷിച്ചിരുന്ന മാഗസിൻ പുറത്തേക്കെടുത്തു. ഓരോ താളുകളും മറിച്ചു കൊണ്ട് അവളുടെ വിരലുകൾ 25 ആം താളിൽ നിശ്ചലമായി. ഗൗരിയുടെ കണ്ണുകൾ നനവാർന്നു. 


              കവിതയിലേക്ക് മിഴി പൂണ്ടിരിക്കവേ ഉതിർന്നു വീണ നീർത്തുള്ളി അവൾ മെല്ലെ തുടച്ചു മാറ്റി. നിരഞ്ജന്റെ വരികൾക്കു മേലെ അതൊരു പാടായി അവശേഷിച്ചു. 


                                      🖤


          " ഇനിയൊരു പ്രാക്ടിക്കൽ പരീക്ഷ കൂടിയേ  ഉള്ളൂ. അതും കഴിഞ്ഞാൽ....ഞാൻ സംസാരിക്കട്ടെ നിരഞ്ജനോട്‌.. " 

     

          വേണിയുടെ ചോദ്യം കാതിലെത്തിയിട്ടും ഗൗരി നിശബ്ദയായിരുന്നു. 

     

         "നീയെന്താ ആലോചിക്കുന്നേ...? ഇനി എന്ന് പറയാമെന്നാ. ഞാൻ തന്നെ മുൻകൈ എടുക്കേണ്ടി വരും "

        

           "വേണ്ട... ഞാൻ സംസാരിച്ചോളാം "

        

            "എപ്പോ "

          

            "നാളെ "

       

             "നാളെ ലാബ് എക്സാം ഉള്ളതല്ലേ.... അതുകൂടി കഴിഞ്ഞാൽ പിന്നെ എന്നാ " വേണിയുടെ ക്ഷമ കെട്ടു.

          

             "നാളെത്തന്നെ.. പ്രാക്ടിക്കൽ കഴിയുമ്പോ...."ഗൗരിയുടെ ശബ്ദം ഉറച്ചു നിന്നു.

       

           "മ്മ്.... നാളെ നീ പറഞ്ഞില്ലേൽ, വിഷയം ഞാൻ  പൊട്ടിക്കും. നിന്നെ മുന്നിൽ നിർത്തി അവനോട് നാലു വർഷത്തെ പ്രണയ കഥ ഒന്നൊഴിയാതെ ഞാൻ പറയും " വേണിയുടെ സ്വരത്തിൽ താക്കീത് നിറഞ്ഞു.

       

              "ഉം.. " ഗൗരി മൂളി 


                                    🖤

        

               പ്രാക്ടിക്കൽ ചെയ്തു കഴിഞ്ഞ് പേപ്പർ എക്സാമിനറെ ഏൽപ്പിച്ചു കൊണ്ട് ഗൗരി ലാബിൽ നിന്നും പുറത്തേക്ക് നടന്നു. വാതിലിനരികിൽ എത്തിയതും അവൾ തിരിഞ്ഞു നോക്കി. എഴുതിയ പേപ്പറുകൾ വീണ്ടും മറിച്ചു നോക്കിക്കൊണ്ട് നിൽക്കുകയാണ് നിരഞ്ജൻ. അവൾ പുറത്തേക്കിറങ്ങി. 


               ഇടനാഴിയിലെ തൂണിൽ തല ചായ്ച്ചു നിൽക്കവെ അവളുടെ ഹൃദയം പെരുമ്പറ മുഴക്കാൻ തുടങ്ങി. ഏതു നിമിഷവും നിരഞ്ജൻ പുറത്തേക്ക് വരാം. സകല ദൈവങ്ങളേയും മനസ്സിൽ കുടിയിരുത്തി അവൾ എള്ളോളം ധൈര്യത്തിനായി കേണു. 


              പേന പോക്കറ്റിനുള്ളിലേക്ക് തിരുകി വച്ചു കൊണ്ട് നിരഞ്ജൻ പുറത്തേക്ക് വന്നു. ഗൗരിയെ കണ്ടതും മന്ദഹാസത്തോടെ തലയാട്ടി,  ഔപചാരികമായ വിട ചൊല്ലൽ പോലെ. അവൾ ശ്വാസമടക്കി പിടിച്ചു നിന്നതല്ലാതെ പ്രതികരിച്ചില്ല. അത് ഗൗനിക്കാതെ അവൻ നടന്നു നീങ്ങി. 


              താഴേക്കിറങ്ങാനുള്ള പടിക്കെട്ടിനടുത്തെത്തിയതും പിന്നിൽ നിന്നുമുള്ള വിളി കേട്ട് നിരഞ്ജൻ തിരിഞ്ഞു നോക്കി. ഗൗരി അവനരികിലേക്ക് നടന്നു വന്നു. എങ്ങനെ തുടങ്ങണമെന്നറിയാതെ അവൾ നിന്നു പരുങ്ങി. 


             "എന്താ ഗൗരി? " നിരഞ്ജന്റെ ശബ്ദം, മൂകമായ ഇടനാഴിയുടെ തൂണുകളും ചുമരുകളും പ്രതിധ്വനിപ്പിച്ചു. 

          

             "അത്.... "


             "ഉം...? "


             "അത് പിന്നെ... ഒര്.. ങ്ഹാ...ഓ.. 

ഓട്ടോഗ്രാഫ്... അതിനാ വിളിച്ചത് " നാവിൽ വന്നത് പെട്ടെന്ന് പറഞ്ഞു കൊണ്ട് അവൾ ബാഗിനുള്ളിലിരുന്ന ഡയറി പുറത്തെടുത്ത്  നിരഞ്ജന് നേരെ നീട്ടി. 


          "ഇപ്പോ മനസ്സിൽ തോന്നുന്ന രണ്ടു വരി,  കവിതയായ് ഇതിൽ എഴുതണം..... എനിക്കു വേണ്ടി... "


          ഗൗരിയുടെ മുഖത്തു നിന്നും നിരഞ്ജന്റെ കണ്ണുകൾ വഴുതിയകന്നു. 


          " നിരഞ്ജന് ഓട്ടോഗ്രാഫ് വേണ്ടേ, എഴുതിപ്പിക്കുന്നത് കണ്ടില്ലല്ലോ  "


          അവളുടെ മുഖത്തു നോക്കാതെ ഡയറിയുടെ ഓരോ താളുകളായി മറിച്ചു കൊണ്ട് തന്നെ അവന്റെ മറുപടി വന്നു ;


           "ഓർമ്മിക്കാൻ വരികൾ വേണമെന്നുണ്ടോ. ജീവിതത്തിന്റെ  തിരക്കൊഴിഞ്ഞ ഏകാന്തതയിൽ ഒരു ഓട്ടോഗ്രാഫ് തുറന്നു നോക്കാതെ തന്നെ ഈ ക്യാമ്പസ്‌ ജീവിതം എന്റെ മനസ്സിൽ ചിറകടിച്ചു കിടക്കും.. "


          ഒരു പുതിയ പേജ് തുറന്നു കൊണ്ട് അവൻ, പോക്കറ്റിനുള്ളിലിരുന്ന പേന കൈയ്യിലെടുത്തു. 


           "എന്നെയും അങ്ങനെ.... ഓർക്കുമോ? " ഗൗരി പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു. 


            അപ്രതീക്ഷിതമായ ചോദ്യം കേട്ടത് പോലെ നിരഞ്ജൻ അവളെ രൂക്ഷമായി നോക്കി. 


                 "എനിക്ക് നിരഞ്ജന്റെ കവിതകളിഷ്ടമാണ്. അതിനേക്കാളേറെ...., ഇനി നമ്മൾ കാണുമോ എന്നറിയില്ല. അതുകൊണ്ടാ.. ഞാൻ... "


             "മനസ്സിലായില്ല "


             "മനസ്സിലായില്ല..... ഇതിലധികമായി എങ്ങനെയാ ഞാൻ പറയേണ്ടേ.. മനസ്സിലാകാത്തതല്ല, നിരഞ്ജൻ മനസ്സിലാക്കാൻ ശ്രമിക്കാത്തതാ.... 


            ഇനിയും തുറന്നു പറയാം, എന്റെ  ഇഷ്ടം ഞാനെന്റെ വീട്ടിൽ അറിയിച്ചിട്ടുണ്ട്. ഇനി അറിയേണ്ടത് നിരഞ്ജന്റെ നാവിൽ നിന്നാണ്..... " ഗൗരി ഇടറിയ ശബ്ദത്തിൽ പറഞ്ഞു നിർത്തി. 


            നെടുവീർപ്പു കലർന്ന മന്ദഹാസം മാത്രമായിരുന്നു അവൾക്ക് കിട്ടിയ മറുപടി. 

നോവ് കലർന്ന അരിശത്തോടെ ഗൗരി നിരഞ്ജനെ നോക്കി. 


          "എന്താ നിരഞ്ജൻ ഇങ്ങനെ... ഒരു പെണ്ണായിട്ടു കൂടി  മനസ്സിലുള്ളത് ഞാൻ തുറന്നു പറഞ്ഞില്ലേ.. നാലു വർഷം ഹൃദയത്തിൽ സൂക്ഷിച്ചതിന്റെ നൂറിൽ ഒന്നു പോലും മനസ്സിലാക്കിത്തരാൻ എനിക്കായിട്ടില്ല. ഹൃദയം തുറന്ന് കാണിക്കാനും കഴിവില്ല... " ഗൗരിയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. 


         "നാലു വർഷം... ങ്ഹും.. താൻ തെറ്റ് ചെയ്തു ഗൗരി. ഒരിക്കലെങ്കിലും ഇങ്ങനെയൊരു ഇഷ്ടത്തെപ്പറ്റിയുള്ള സൂചന എനിക്ക് തന്നിരുന്നെങ്കിൽ ഞാൻ വിലക്കുമായിരുന്നു. തന്റെ ഹൃദയത്തിൽ,  നൂറിൽ ഒരംശമായിപ്പോലും ഞാൻ അവശേഷിക്കുമായിരുന്നില്ല... അതിനുള്ള അവസരം ഞാൻ ഉണ്ടാക്കുമായിരുന്നില്ല...."


         "നിരഞ്ജാ... " ഗൗരിയുടെ സ്വരം ദയനീയമായി. 


         "ഗൗരി ഞാൻ തനിച്ചു ജീവിക്കാനാണ് ഇഷ്ടപ്പെടുന്നത്.. " സംഭാഷണത്തിന് ഒരു അടിവരയിട്ടതു പോലെ നിരഞ്ജന്റെ ശബ്ദം കനത്തു. പിന്നെ ഡയറിയിൽ എന്തോ എഴുതി തുടങ്ങി. 


        വിട്ടു കളയാൻ മനസ്സില്ലാത്തതു പോലെ, ഗൗരിയുടെ ശബ്ദം ഉയർന്നു ;


         "എന്താ നിരഞ്ജന്റെ പ്രശ്നം? ആരോടും ഒന്നും മിണ്ടാതെ എല്ലാത്തിൽ നിന്നും ഓരൊളിച്ചോട്ടം നടത്തുകയാ നിരഞ്ജനെന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്. ആ ഏകാന്തത തന്നെയാ നിരഞ്ജനെ നയിക്കുന്നതും. എന്തിനാ ഇങ്ങനെ അകലുന്നത്..  കവിത മനസ്സിൽ നിറയാനോ.. 


              കളിചിരിയില്ലാതെ സൗഹൃദങ്ങളില്ലാതെ,  എഴുത്തും വായനയും ഏകാന്തതയും മാത്രം നിറഞ്ഞാൽ ജീവിതമാക്വോ... 


           കുറച്ചു മുൻപേ പറഞ്ഞില്ലേ, ഓട്ടോഗ്രാഫിലെ വരികളില്ലാതെ തന്നെ ക്യാമ്പസ്‌ ജീവിതത്തിന്റെ ഓർമ്മകൾ മനസ്സിൽ ചിറകടിച്ചു നിൽക്കുമെന്ന്. അങ്ങനെ ഓർമ്മിക്കാൻ നിരഞ്ജന് എന്താണുള്ളത്.. 


             ഒരു ലൈബ്രറിയും അതിനുള്ളിലെ പുസ്തകങ്ങളും പിന്നെ മണ്ണും മാനവും കുറേ മരങ്ങളുമല്ലാതെ എന്തെങ്കിലുമുണ്ടോ? സൗഹൃദത്തിന്റെ ഇണക്കമോ പിണക്കമോ ഒന്നുമില്ല... 


              വർഷങ്ങൾക്ക് ശേഷം  മനസ്സിനുള്ളിൽ ചിറകടിച്ചു നിൽക്കുമെന്ന് പറഞ്ഞ ഓർമ്മകളെ പകുത്തു നോക്കുമ്പോ, കെട്ടിയിട്ടിരുന്ന ആ ചിറകുകൾക്ക് കിടന്നു പിടയ്ക്കാനേ കഴിയൂ. ഒരിക്കലും നിരഞ്ജന്റെ കോളേജ് ജീവിതത്തിലേക്ക് പറന്നുയരാൻ കഴിയില്ല... "


         നിരഞ്ജന്റെ മിഴികൾ നനവാർന്നു. 


       "ഒരിക്കൽ കൂടി പറയട്ടെ ഗൗരി, താൻ തെറ്റ് ചെയ്തു... ഈ അഞ്ചു വർഷത്തിനുള്ളിൽ തനിക്കെന്റെ നല്ലൊരു സുഹൃത്തായിട്ടെങ്കിലും കടന്നു വരാമായിരുന്നു... "


         "ഇനിയും വരാമല്ലോ....ഒരു 

ജീവിതപങ്കാളിക്ക് ഏറ്റവും നല്ലൊരു സുഹൃത്താകാനും കഴിയും... "


         "അതെ...പക്ഷേ, നല്ലൊരു സുഹൃത്തെന്നാണ് ഞാൻ പറഞ്ഞത്.. കൂട്ടുകാരി. അതുമതി എനിക്ക് "


         "എന്നിട്ടും.. " ഗൗരി കരച്ചിലിന്റെ വാക്കോളമെത്തി ; "എനിക്കെന്തേലും കുറവുണ്ടോ? അതോ നിരഞ്ജന് എന്തെങ്കിലും പ്രശ്നമോ... പറഞ്ഞു കൂടേ.. "


          ഡയറി മടക്കി അവളുടെ കൈയ്യിൽ നൽകി അവൻ മന്ദഹസിച്ചു, നൊമ്പരം കലർന്ന മന്ദഹാസം. 


           "നല്ലൊരു ഭാവി നേരുന്നു തനിക്ക്... ബൈ.... "


          തിരിഞ്ഞ് പടിയിറങ്ങാൻ തുടങ്ങവേ പെട്ടെന്ന് കാലിടറി നിരഞ്ജൻ വീഴാൻ ഭാവിച്ചതും ഗൗരി അവന്റെ കൈയ്യിൽ മുറുകെ പിടിച്ചു. നേരെ നിലയുറപ്പിച്ച് അവൻ അവളുടെ മുഖത്തേക്ക് നോക്കി. 


          "താങ്ക് യൂ..... "


         അവളുടെ കൈ സ്വന്തം കൈയ്യിൽ  നിന്നും വേർപെടുത്തവേ, പെട്ടെന്ന് രണ്ടു തുള്ളി കണ്ണുനീർ അവന്റെ കൈയ്യിൽ വീണു ചിതറി. തല ഉയർത്തി നിരഞ്ജൻ അവളുടെ മുഖത്തേക്ക് നോക്കി. പെയ്യാൻ വിതുമ്പി നിൽക്കുന്ന രണ്ടു കണ്ണുകൾ അവനെ അസ്വസ്ഥനാക്കി.

   

         "ഗൗരി പ്ലീസ്...... "


                          

                                       🖤


                                                            (തുടരും)




2020 ഒക്‌ടോബർ 1, വ്യാഴാഴ്‌ച

കാഴ്ചകൾക്കുമപ്പുറം 1️⃣


©️ Copyright Protected 

                            

                                     🌷


          

          'The Last track of my Vision '

                       By,  Niranjan 


            മാഗസീനിലെ , 25ആം താളിനുള്ളിലെ ഈ കവിത ഗൗരി ഇതിനോടകം ഒരൻപതു തവണയെങ്കിലും വായിച്ചിട്ടുണ്ടാകും. വീണ്ടുമാ വരികളിലൂടെ കണ്ണോടിക്കുമ്പോഴും അവൾക്കൊരു മടുപ്പും അനുഭവപ്പെട്ടില്ല. കവിതയിലൂടെയും, അതെഴുതിയ ആളിന്റെ പേരിലൂടെയും അവൾ സദാ തന്റെ വിരലുകൾ തഴുകി രസിച്ചു. 


              ഈ കവിതയും അവളും തമ്മിൽ യാതൊരു ബന്ധവുമില്ല. അവളുടെ സ്വപ്നങ്ങളോ, ചിന്തകളോ, അവളോ തന്നെ അതിലെ വരികളാകുന്നുമില്ല. എന്നിട്ടും, ഗൗരിക്ക് ഈ കവിത പ്രിയപ്പെട്ടതാണ്.... അതിനെക്കാളേറെ അതെഴുതിയ വ്യക്തിയും. 


                                    🖤

 

                  അഞ്ച് വർഷമായി ഒരേ കോളേജിൽ, ഒരേ ക്ലാസ്സിൽ പഠിക്കുന്നു. എന്നിട്ടും, ഒരു അപരിചിതത്വ ഭാവമാണ് നിരഞ്ജന്. ഗൗരിയോട് മാത്രമല്ല ക്ലാസ്സിലെ സകല കുട്ടികളോടും. 


                 ലാബുകളും പരീക്ഷണങ്ങളും അടങ്ങിയ കെമിസ്ട്രി ക്ലാസ്സുകളുടെ ഇടവേളകളിലെപ്പോഴും നിരഞ്ജൻ ലൈബ്രറിക്കുള്ളിലാണ്. പുസ്തകങ്ങൾ മാത്രം നിറഞ്ഞ ലോകമാണ് അവൻ ഇഷ്ടപ്പെടുന്നതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. 


                ലൈബ്രറി അവന്റ ലോകവും, പുസ്തകങ്ങൾ സുഹൃത്തുക്കളും, അവൻ രചിക്കുന്ന കവിതകൾ അവന്റ സന്തതസഹചാരിയും... ' ഗൗരി ചിരിച്ചു കൊണ്ട് ആലോചിച്ചു. 


               ബി. എസ്. സി ക്കു പഠിക്കുമ്പോ അവനിങ്ങനെ  ഉൾവലിഞ്ഞ പ്രകൃതക്കാരനായിരുന്നില്ല. രണ്ടാം വർഷം മുതൽ അവനോട് തോന്നിയ ഇഷ്ടം, അവസാന വർഷവും പറയാൻ കഴിയാതെ പോയത് ക്യാമ്പസ് രാഷ്ട്രീയത്തിലെ ക്ഷോഭിക്കുന്ന യുവ നേതാവിനോട്  ചെറിയൊരു ഭയം കൂടി തോന്നിയത് കൊണ്ടാണ്. 


               എം. എസ്. സി ക്കും ഒരുമിച്ചാണെന്നറിഞ്ഞപ്പോൾ അനുഭവിച്ച സന്തോഷം... നഷ്ടമാകുമെന്ന് കരുതിയ വിലപിടിച്ച പൊരുൾ തിരിച്ചു കിട്ടിയ ആഹ്ലാദം ആയിരുന്നു. 


              ഗൗരിക്ക് നിരഞ്ജനോട്‌ സംസാരിക്കണമെന്നുണ്ട്. അവന്റെ  കവിതകളെപ്പറ്റി അഭിപ്രായം പറയാനും  ഒരുമിച്ച് നടക്കാനും,  ചില സമയം അവനൊപ്പം ചിലവഴിക്കാനും അവൾക്ക് ആഗ്രഹമുണ്ട്. പക്ഷേ.... അവനാകെ മാറിപ്പോയി. 


                മുഴങ്ങുന്ന വാക്കുകൾ പ്രസംഗിക്കുന്ന നേതാവിൽ നിന്നും, അർത്ഥമുള്ള വരികൾ നിശബ്ദമായി കുറിക്കുന്ന കവിയിലേക്കുള്ള ചുവടു മാറ്റം. ഇപ്പോഴുള്ള നിരഞ്ജൻ അവനെ അറിഞ്ഞിരുന്നവർക്കെല്ലാം അപരിചിതനാണ്. 

 എങ്കിലും.... ഗൗരിക്കെന്നും പ്രിയപ്പെട്ടവൻ തന്നെ... 'അവളുടെ ചുണ്ടിൽ മൃദു മന്ദഹാസം പൊടിഞ്ഞു. 


            ഓരോന്നോർത്ത് ഗൗരി മാഗസീനിൽ തന്നെ തല ചായ്ച്ച് കിടന്നുറങ്ങി. 


                                     🖤


                  രാവിലെ കോളേജിലേക്ക് നടക്കവെ കണ്ടു നിരഞ്ജനെ. അവന്റെ കണ്ണുകൾ ചുറ്റും എന്തോ നിരീക്ഷിക്കുകയായിരുന്നു. വെമ്പലോടെ എന്തോ തേടുന്നത് പോലെ.


             ഗൗരിക്ക് ആദ്യം ചിരിയാണ് വന്നത്. എന്നും കാണുന്ന ഈ കോളേജും  അതിനു മുന്നിലെ വഴിയും, ഇവിടെ എന്താണിത്ര കാണാനുള്ളത്... പെട്ടെന്നവൾക്കൊരു സംശയം തോന്നി. 'ഇനി ഒരുപക്ഷേ ഏതെങ്കിലും പെണ്ണിനെയാണ് തേടുന്നതെങ്കിൽ.... ' അവളുടെ ഉള്ളിൽ ഒരാന്തൽ ഉണ്ടായി. അടുത്ത നിമിഷം തന്നെ, അവളുടെ കണ്ണുകൾ നിരഞ്ജന്റെ കണ്ണുകളെ ചൂഴ്ന്നു.                

                 

            'അല്ലാ .... ആ കണ്ണുകൾ ഒരു പെണ്ണിനെയും തേടുന്നില്ല. അത് ഈ പ്രകൃതിയെ ചുറ്റിപ്പറ്റി നിറയുകയാണ്. എന്നെപ്പോലും ആ കണ്ണുകൾ ഗൗനിക്കുന്നില്ല... പിന്നെയെങ്ങനെ മറ്റൊരു പെണ്ണിനെ ! ഇതൊരു കവിയുടെ തേടലാണ്.. ' ഗൗരി ഒരു അനുമാനത്തിലെത്തി. 

                                        

                                         🖤

                                 

                  "നിരഞ്ജാ... "

          ക്ലാസ്സ്‌ മുറിയിലേക്ക് പോകാനുള്ള ഇടനാഴിയിലേക്ക് കാലെടുത്തു വച്ചതും ഗൗരി ഉറക്കെ വിളിച്ചു. അവനുമായി നടക്കാൻ ഒരവസരം കിട്ടിയത് മുതലാക്കണമെന്ന് അവൾക്ക് തോന്നി. 

         നിരഞ്ജൻ തിരിഞ്ഞു നോക്കി. ഗൗരി അവനരികിലേക്ക് വേഗത്തിൽ നടന്നടുത്തു. 

         "ഞാനും ക്ലാസ്സിലേക്കാ, നമുക്കൊരുമിച്ച് പോകാം.. "

         അമ്പരപ്പോടെ തലയാട്ടി അവൻ മുന്നോട്ടു നടന്നു. 

         "മാഗസീനിലെ പുതിയ കവിത കൊള്ളാം.. ഞാൻ വായിച്ചു.. " 

        ഒരു സംഭാഷണത്തിന് തുടക്കമിടാനുള്ള വ്യഗ്രതയോടെ അവൾ പറഞ്ഞു. 

        "താങ്ക്സ് " നിരഞ്ജൻ മറുപടി ഒരു നന്ദി വാക്കിലൊതുക്കി.

         "നിരഞ്ജൻ പണ്ടേ കവിതയൊക്കെ എഴുതുമോ... ബി എസ് സി ക്കു പഠിക്കുമ്പോ ഇങ്ങനെ ഒരു കവിയെ ഞാൻ നിരഞ്ജനിൽ കണ്ടിട്ടേയില്ല അതുകൊണ്ട് ചോദിച്ചതാ. "

        "മ്മ്.. എഴുതാറുണ്ടായിരുന്നു "

         "അതേയോ...." ഗൗരിക്ക് ആവേശം കൂടി. എങ്ങനെയും സംസാരം നീട്ടണം. 

          "ഒരു  പുസ്തകം ഇറക്കാലോ എല്ലാ കവിതയും ചേർത്ത്. അങ്ങനൊരു പ്ലാനുണ്ടോ നിരഞ്ജന് "

          അതിനു മറുപടി പറയാതെ അവൻ അവളുടെ മുഖത്തേക്ക് നോക്കി. 

           "ഇണ്ടേൽ പറയണം.. എന്റെ ഒരങ്കിളിന് ഇതിലൊക്കെ വല്യ താല്പര്യാ. ആളോട് പറഞ്ഞാ മതി. എന്തു സഹായവും ചെയ്തു തരും "

          "ഗൗരി ക്ലാസ്സിലേക്കല്ലേ,  പൊയ്ക്കോളൂ, ഞാൻ ലൈബ്രറിയിലേക്കാ. ഒരു ബുക്ക്‌ വയ്ക്കാനുണ്ട് " അത്രയും പറഞ്ഞു കൊണ്ട് നിരഞ്ജൻ ലൈബ്രറിയിലേക്കുള്ള വഴിയിലേക്ക് തിരിഞ്ഞു നടന്നു. 

            അവൻ പോകുന്നതും നോക്കി ഗൗരി മിണ്ടാതെ നിന്നു. 

           ആദ്യത്തെ പീരിയഡ് തുടങ്ങുന്നതിനു മുമ്പേ തന്നെ നിരഞ്ജൻ ക്ലാസ്സിലെത്തി. അവന്റെ വരവും നോക്കിയിരുന്ന ഗൗരിയുടെ ചുണ്ടിൽ ചിരി വിരിഞ്ഞു. ലൈബ്രറിയിൽ നിന്നും പുതിയ പുസ്തകവും കൈയ്യിൽ കരുതി നിരഞ്ജൻ തന്റെ ഇരിപ്പിടത്തിൽ വന്നിരുന്നു. 

            "എത്ര നാളായി തുടങ്ങിയിട്ട്... നീയിങ്ങനെ നോക്കിയിരുന്ന് കാലം കഴിക്കത്തെയുള്ളൂ " വേണിയുടെ സ്വരം കാതിൽ നുഴഞ്ഞു കയറിയപ്പോൾ, ഗൗരി നിരാശയോടെ കൂട്ടുകാരിയെ നോക്കി. 

         "ഇഷ്ടപ്പെട്ട കവിതകളെ കുറിച്ച്  സംസാരിക്കാൻ ചെന്നപ്പോ തന്നെ ലൈബ്രറിയിൽ പോണം എന്ന് പറഞ്ഞ് ഒഴിഞ്ഞ ആളോട്, ഞാനെന്തു പറയാനാ "

        " ഇത് അവസാന വർഷമാ. ഇനി പി ജി ക്ക് ഒരുമിച്ച് പഠിക്കുമ്പോ പറയാം എന്നാണോ. അത് നടക്കുമെന്ന് ഒരു വിശ്വാസോം എനിക്കില്ല. എം എസ് സി തന്നെ ഒരുമിച്ച് കിട്ടിയത് എന്തോ നിന്റെ ഭാഗ്യമാ മോളേ...കിട്ടിയ അവസരം പാഴാക്കാതെ എന്തേലും വേഗം ചെയ്യാൻ നോക്ക്.. 

          രണ്ടു മാസം കൂടി കഴിഞ്ഞാ ഫൈനൽ എക്സാം ഇങ്ങെത്തും. അതു കൂടി കഴിഞ്ഞാൽ പലരും പല വഴിക്കാകും. പിന്നെ കിടന്നു നിലവിളിച്ചിട്ട് ഒരു കാര്യോം ഇല്ല.. " വേണി ഒരുപദേശം നൽകുന്ന മട്ടിൽ പറഞ്ഞു. 

         "അല്ലേൽ തന്നെ കവിക്ക് ആരാധികമാർ കൂടുതലാ.. നമ്മുടെ ക്ലാസ്സിലും കോളേജിലും, അതു മറക്കണ്ട " റസിയയുടെ വകയും ഓർമപ്പെടുത്തൽ വന്നു. 

          ഗൗരി കൂട്ടുകാരികളെ ദയനീയമായി നോക്കി. 

          "നീ ബേജാറാകാൻ പറഞ്ഞതല്ല, ഇനിയും വൈകരുതെന്ന് ഓർമിപ്പിച്ചതാ.. " റസിയ ഗൗരിയുടെ ചുമലിൽ തട്ടി ആശ്വാസിപ്പിച്ചു. 

              നെടുവീർപ്പോടെ തല കുലുക്കി ഗൗരി, നിരഞ്ജനിലേക്ക് മിഴി പറിച്ചുനട്ടു. 


                                   🖤


             കൂട്ടുകാർ പകർന്നു നൽകിയ ധൈര്യവും മുറുകെ പിടിച്ച്, ഗൗരി വൈകുന്നേരം ക്ലാസ്  കഴിഞ്ഞതും  നിരഞ്ജനെ തേടിയിറങ്ങി. കോളേജ് ഗേറ്റ് കടക്കും മുമ്പ് തന്നെ അവൾ അവനെ കണ്ടെത്തി. 

                      "നിരഞ്ജാ.. "

           അവന്റെ നോട്ടം പതിഞ്ഞപ്പോൾ അവളൊന്നു പതറി. 

           "കവിതകൾ പബ്ലിഷ് ചെയ്യുന്ന കാര്യം പറയാനാണേൽ ഗൗരി,  ഞാനിപ്പോ അതിനൊന്നും പറ്റിയ ഒരു സാഹചര്യത്തിലല്ല. എനിക്കു വേണ്ടി ഇത്രയും ചിന്തിക്കുന്ന ഒരു സുഹൃത്തുണ്ടായതിൽ സന്തോഷമുണ്ട് "

           "അത് ഞാൻ... "

           "കവിത ഇങ്ങനെയെങ്കിലും എഴുതാനാകുന്നതിൽ തൃപ്തനാ ഞാൻ. നാളെ ജീവിതം അതുകൂടി നിഷേധിച്ചാൽ..." നിരഞ്ജൻ ഒരു ഞൊടി നിർത്തി. 

            "....എന്നെപ്പോലുള്ളവരുടെ ജീവിതപ്രശ്നങ്ങൾ കവിതയിൽ കുറിക്കുന്ന വരികൾക്കും മേലെയാണ് ഗൗരി. അതൊന്നും തന്നെപ്പോലൊരാൾക്ക് പറഞ്ഞാൻ മനസ്സിലാവില്ല. 

            "എനിവേ..താങ്ക്സ്.... എന്റെ കവിതകൾ ഇത്രയേറെ ഇഷ്ടപ്പെടുന്നതിന്.. " ഒരു മന്ദഹാസം കൂടി അവൾക്ക് നൽകി നിരഞ്ജൻ നടന്നകന്നു. 

            ഗൗരിയുടെ കണ്ണുകൾ ഈറനായി. നിരഞ്ജന്റെ വാക്കുകൾ പകുതിയും അവളുടെ  തലയിലേറിയതേയില്ല. അവൾ പറയാൻ വന്നതെന്തെന്ന് മനസ്സിലാക്കാൻ അവൻ ശ്രമിച്ചതുമില്ല. അവളുടെ വേദന അതുമാത്രമായിരുന്നു. 


                                  🖤


                പിറ്റേന്ന് ഗൗരിയെ കണ്ടപ്പോൾ നിരഞ്ജന്റെ ചുണ്ടിൽ അവൾക്കായി ഒരു പുഞ്ചിരി പൊഴിഞ്ഞു. അതുകണ്ട മാത്രയിൽ ഗൗരി ആനന്ദത്തിന്റെ നെറുകയിൽ ഊഞ്ഞാലാടി. അവളുടെ സ്വപ്‌നങ്ങൾക്കും പ്രതീക്ഷകൾക്കും ആയിരം ചിറക് വച്ചു. 

               ഫൈനൽ പരീക്ഷക്കുള്ള തീയതി അന്ന് പ്രഖ്യാപിച്ചു. 

            "അവന്റെ മുമ്പിൽ ചെല്ലുമ്പോ എന്തോ എന്നെ തടയും... കവിത എഴുതാനുള്ള കഴിവുണ്ടായിരുന്നേൽ, അങ്ങനെ എഴുതി കുറിച്ച് കൊടുക്കാമായിരുന്നു.. "

           "ഹോ... അവൻ കവി ആയത് കാര്യായി.. കരാട്ടെ ബ്ലാക്ക് ബെൽറ്റ്‌ ആയിരുന്നേലോ " വേണി ഉറക്കെ ചിരിച്ചു കൊണ്ട് പറഞ്ഞു. 

           ഗൗരി അവളുടെ തലയ്ക്കു ഒരു കിഴുക്ക് കൊടുത്തു. 

          "നിങ്ങൾ നോക്കിക്കോ ഞാനവനോട്‌ ഉടനെത്തന്നെ എന്റെയിഷ്ടം തുറന്നു പറയും.."

           "ഉവ്വുവ്വേ..... " വേണി തല കുലുക്കി. 

           എന്തോ തീരുമാനിച്ചുറപ്പിച്ച പോലെ ഗൗരി നെടുവീർപ്പിട്ടു. 


                                    🖤


              അത്താഴം കഴിക്കാൻ ഇരുന്നപ്പോൾ  മുഖവുര ഒന്നുമില്ലാതെ തന്നെ അവൾ തന്റെ ഇഷ്ടത്തെക്കുറിച്ച് വീട്ടിൽ അവതരിപ്പിച്ചു. 

             മിശ്ര വിവാഹത്തിലൂടെ കോളിളക്കം സൃഷ്ടിച്ച അച്ഛനും അമ്മയും നിശബ്ദരായിരുന്നു. ആ പ്രതികരണം അവൾക്ക് തീരെ ഇഷ്ടമായില്ല. കഴിക്കുന്നത് നിർത്തി എഴുന്നേൽക്കാൻ ഭാവിച്ചപ്പോൾ അച്ഛൻ കൈയ്യിൽ പിടിച്ചിരുത്തി. 

           "ഇപ്പോ എന്റെ മോള് അത്താഴം കഴിക്ക്.. കല്യാണം എന്തായാലും ഉടനെ കഴിക്കില്ലല്ലോ.. "

           "അച്ഛാ ഞാൻ... "

           "സ്നേഹിക്കുന്നവനോട് ഇഷ്ടം തുറന്നു പറയാൻ ധൈര്യമില്ല, ഇവിടെ ഞങ്ങളോട് നീ നടത്തുന്ന ഭരണം അപാരമാണല്ലോ " അമ്മയുടെ വക മറുപടി. 

           "എന്തായാലും ഇത്രയും നാള് കാത്തില്ലേ.. പരീക്ഷ ഇങ്ങ് ആയ സ്ഥിതിക്ക് ഇനി അത് കഴിയട്ടെ... എന്താ അത് പോരേ " 

          ഗൗരി അച്ഛന്റെ മുഖത്തേക്ക് ഉറ്റു നോക്കി. 

             "ഉം..... മോള് കഴിക്ക്, നാലു വർഷമായി മനസ്സിൽ കൊണ്ടു നടക്കുന്ന ഇഷ്ടമല്ലേ, നമുക്ക് നോക്കാം.." അച്ഛന്റെ വാക്കുകൾ അവൾക്ക് ആശ്വാസം പകർന്നു. 

              രാത്രി കിടക്കാൻ നേരമാണ് ആനി ഭർത്താവിനോട്‌ മകളെപ്പറ്റി സംസാരിച്ചത്.  മാധവൻ ചിരിയോടെ ഭാര്യയെ നോക്കി. 

             "എന്റെ മോൾ ശരിക്കും ഒരു പാവമാ. അവൾടെ അമ്മേടെ സ്വഭാവത്തിന്റെ പകുതി പോലും അവൾക്ക് കിട്ടിയിട്ടില്ല "

            "അതിന് അവൾടെ അമ്മയ്ക്കെന്താ ഒരു കുഴപ്പം? "

             "അവൾടെ അമ്മ ഒരു ചട്ടമ്പി ആയിരുന്നില്ലേ... ഇഷ്ടം തോന്നിയ പുരുഷനെ ഭീഷണിപ്പെടുത്തി ഇഷ്ടം സ്വന്തമാക്കിയ വില്ലത്തി.... അത് വെച്ച് നോക്കുമ്പോ എന്റെ മോള് പാവമാ. നാലു കൊല്ലമായി മനസ്സിൽ തന്നെ അടക്കി വച്ചിരിക്കുന്ന ഇഷ്ടം.. "

          "ചട്ടമ്പി... ഞാനോ? " ആനി ഭർത്താവിന്റെ കൈയ്യിൽ ആഞ്ഞു പിച്ചി. 

          "ഹാ.... ഞാൻ പറഞ്ഞില്ലേ ചട്ടമ്പി എന്ന്.. ചട്ടമ്പി മാത്രമല്ല, ദുഷ്ടയും " മാധവൻ കൈ തടവി കൊണ്ട് പറഞ്ഞു. പിന്നെ, ഉറക്കെ ചിരിച്ചു. 

          "ആ പയ്യനെ ഒന്ന് കാണണ്ടേ... നമ്മുടെ മോളേ നാലു കൊല്ലം തളച്ചിട്ടവനെ " ആനി ഭർത്താവിനെ വിഷയത്തിലേക്ക് തിരിച്ചു കൊണ്ടു വന്നു. 

             "മ്മ്...... "

             "എന്താ ഒരു ആലോചന.. "

             "നിനക്ക് തോന്നുന്നുണ്ടോ ആനി, അവൻ ആ ഇഷ്ടം തിരിച്ചറിഞ്ഞിട്ടില്ല എന്ന്. ഒരുമിച്ച് ഇത്ര കൊല്ലം കൂടെയുണ്ടായിട്ടും... "

             "അതിന് മോള് അവളുടെ ഉള്ളിലുള്ളത്  ഇതുവരെ തുറന്നു പറഞ്ഞിട്ടേയില്ലല്ലോ, പിന്നെ അവള് പറഞ്ഞില്ലേ അവനാരുമായും വല്യ കൂട്ടില്ല എന്ന്. അങ്ങനെയുള്ള ആള് എങ്ങനെ അറിയാനാ?  "

           മറുപടി പറയാതെ മാധവൻ മന്ദഹസിച്ചു. 

             "എന്താ.... "

              "ചിലതൊക്കെ പറയാതെ തന്നെ മനസ്സിലാക്കുന്ന കാര്യങ്ങളല്ലേ ആനി. പ്രണയമെന്നത് നിശബ്ദമായി അനുഭവിച്ചറിയുന്ന ഒന്നാ.... പറയാതെ അറിയുന്ന ഒന്ന്.. "

               "അപ്പൊ മോൾടെ ഇഷ്ടം ആ പയ്യൻ അറിഞ്ഞിട്ടുണ്ടാകുമെന്നാണോ.. !"

             "അവൻ മനസ്സിലാക്കിയിട്ടുണ്ടാകും...പക്ഷേ, അറിഞ്ഞില്ലെന്നു ഭാവിക്കുന്നു....  " 

         ആനി ഭർത്താവിനെ ഉറ്റു നോക്കി. 

        "എന്തായാലും പരീക്ഷ തീരും വരെ കാത്തിരിക്കാം.. എന്തു നടക്കൂന്ന് നോക്കട്ടെ, ഗൗരിക്കുട്ടി ആയിട്ടു തന്നെ തുറന്നു പറയുമോ,  അതോ കവി...... മ്മ്... നോക്കാം "വാക്കുകൾ അപൂർണ്ണമാക്കി മാധവൻ നിശ്വസിച്ചു.  


                                     🖤


                                                             (തുടരും)     



                                                         



2020 സെപ്റ്റംബർ 26, ശനിയാഴ്‌ച

അറവാണി[ഭാഗം -1️⃣9️⃣]

 അറവാണി : അവസാന ഭാഗം 

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

©️ Copyright Protected


.......................


         തളർച്ചയോടെയാണെങ്കിലും ശ്രീബാലയുടെ കാലുകൾ പായുകയായിരുന്നു. എത്രയും പെട്ടെന്ന് അവിടെ നിന്നും ഓടിയകലണം എന്ന വ്യഗ്രതയോടെ. നിറഞ്ഞു തുളുമ്പിയ കണ്ണുകളും വിറയാർന്ന ചുണ്ടുകളും അവളുടെ വേദനയുടെ ഉറവ  പുറത്തേക്കൊഴുക്കി വിട്ടു കൊണ്ടേയിരുന്നു.


         'കിച്ചാമണിയും കൂവാഗവും കൂത്താണ്ടർ കോവിലുമൊക്കെ തനിക്ക് അന്യമായിരിക്കുന്നു. അരവാന്റെ വധു ദീർഘ സുമംഗലിയാകാൻ മോഹിക്കരുതായിരുന്നു... ശ്രീബാല വിങ്ങലടക്കി പിടിച്ചു കരഞ്ഞു. കാഞ്ചന മരണത്താൽ അനുഗ്രഹിക്കപ്പെട്ടുവെന്നു പോലും അവൾക്കു തോന്നാതിരുന്നില്ല.


         അച്ഛന്റെ ചിതയ്ക്കു മുന്നിൽ നിന്ന നിമിഷങ്ങൾ തലച്ചോറിൽ ചികഞ്ഞു വന്നു. ഒന്നുറക്കെ കരയാൻ കൊതിച്ച നിമിഷങ്ങൾ... വീണ്ടും അതേ വികാരങ്ങൾ മാത്രം ഹൃദയത്തിൽ....


         ഈ വേദനയിൽ നിന്നും രക്ഷനേടാൻ എങ്ങോട്ടോടി മറയണമെന്ന് നിശ്ചയമില്ലാത്തതു പോലെ, അവൾ  മുമ്പോട്ട് കുതിച്ചു.


                                        🔸


            ഏറെ ദൂരം പോകേണ്ടി വന്നില്ല. അതിനു മുമ്പേ ആൽബർട്ടിന്റെ കണ്ണുകൾ ശ്രീബാലയെ കണ്ടെത്തി. പിന്നെ അയാളുടെ കണ്ണും മനസ്സും  ആവേശത്തോടെ അവൾക്കരികിലേക്ക്  കുതിക്കാൻ വെമ്പുകയായിരുന്നു. ആഹ്ലാദത്തോടെ ആൽബർട്ട് ആകാശത്തേക്ക് നോക്കി സ്ത്രോത്രം ഉരുവിട്ടു. പിന്നെ മുന്നോട്ട് ചുവടുകൾ നീട്ടി വച്ചു.


          കണ്ണെത്തും ദൂരത്തു നിന്നും ശ്രീബാല ദൂരേക്ക് ഓടി മറയുകയാണെന്ന് ആൽബർട്ടിനു തോന്നി. പിടിച്ചു നിർത്താനാകില്ല എന്ന ഉൾഭയം മനസ്സിലുരുവായപ്പോൾ, ശബ്ദമുണരാത്ത നാവിൻ തുമ്പിൽ തുടിച്ചു നിന്ന അവളുടെ പേര് ഉറക്കെ വിളിക്കാൻ ശ്രമിച്ചു. അത് പാഴ്ശ്രമമായിരുന്നു എന്ന് ഞൊടിയിട വൈകാതെ ബോധം വന്നപ്പോൾ മാത്രമാണ് തന്റെ നാവിന്റെ വൈകല്യം ആൽബർട്ട് ഓർമിച്ചത്. പെട്ടെന്ന് അയാളുടെ കാലുകളും  മൂകമായി നിന്നു.


           നിരാശയോടെയും തന്നോട് തന്നെ തോന്നിയ സഹതാപത്തോടെയും അയാൾ മന്ദഹസിച്ചു. പിന്നെ, ശ്രീബാലയെ നോക്കി.


      'സ്വരം നിഷേധിക്കപ്പെട്ട തന്റെ നാവ് അവളെ പിടിച്ചു നിർത്തില്ല... ',


         ആലോചിച്ചു നിൽക്കാൻ മുതിരാതെ ആൽബർട്ട് തന്റെ രണ്ടു കൈകളും ഉയർത്തി. കഴിയുന്നത്ര ശക്തിയോടെ ഇരു കൈപ്പത്തികളും ഒന്നോടൊന്നു ചേർത്തു, ഒന്നല്ല മൂന്നു തവണ.


           ഏറെ ദൂരെയല്ലാതെ പിന്നിൽ നിന്നുമുയർന്ന കൈയ്യടി ശബ്ദം കേട്ട മാത്രയിൽ, ഒരു പിൻവിളിക്കായി കാത്തിരുന്നതു പോലെ ശ്രീബാല ഞെട്ടിത്തിരിഞ്ഞു നോക്കി.


            അവളുടെ നോട്ടം പതിഞ്ഞ മാത്രയിൽ ആൽബർട്ട് നേരിയ അണപ്പോടെ അവൾക്ക് മുന്നിലേക്ക് ഓടി വന്നുനിന്നു.


             യാതൊരു ഭാവഭേദവുമില്ലാതെ ശ്രീബാല മൂകയായ് നിന്നു. അവളുടെ ചുവന്നു കലങ്ങിയ കണ്ണുകളും, കണ്ണീർച്ചാൽ തെളിഞ്ഞ കവിളുകളും ഹൃദയം നുറുങ്ങിയ വേദനയുടെ ഓർമപ്പാടുകളായ് വിളങ്ങി. അവളുടെ മൊഴികളും മിഴികളും ഒരുപോലെ നിശബ്ദത പാലിച്ചപ്പോൾ,  ആൽബർട്ട് ആ മൗനത്തെ മാനിച്ചു കൊണ്ട് ചെറു നിശ്വാസമുതിർത്തു.


                                     🔸


              മുതുകിൽ തൂക്കിയിട്ടിരുന്ന ബാഗിനുള്ളിൽ നിന്നും ഒരു ചെറിയ കവർ പുറത്തേക്കെടുത്ത് ആൽബർട്ട് ശ്രീബാലയ്ക്കു നേരെ നീട്ടി. അതിനോട് പ്രതികരിക്കാതെ അവൾ നിർവികാരതയോടെ അയാളെ നോക്കി നിൽക്കുക മാത്രം ചെയ്തു.


             ആ അവഗണനയും പരിഗണിച്ചു കൊണ്ട് ആൽബർട്ട് പുഞ്ചിരിച്ചു. പിന്നെ സ്വയം കവറിനുള്ളിൽ നിന്നും അവൾക്കായ് കരുതി വച്ചിരുന്നവ പുറത്തേക്ക് എടുത്തു. കൈയ്യിൽ തടഞ്ഞ കുങ്കുമച്ചെപ്പ് അതിനുള്ളിൽ തന്നെ തിരികെ വച്ചു. അത് സമ്മാനിക്കാനുള്ള സമയമായില്ലെന്ന് അയാൾക്ക് തോന്നി. അവളുടെ മുഖം അത് വിളിച്ചോതുന്നുമുണ്ട്.


              കൈയിലെടുത്ത ഫോട്ടോ ഓരോന്നായി അയാൾ അവൾക്കു നേരെ കാണിച്ചു. ശ്രീബാലയുടെ കണ്ണുകൾ ഫോട്ടോയിലൂടെ സഞ്ചരിക്കുന്നതു കണ്ടപ്പോൾ, ആൽബർട്ടിന് ആത്മസംതൃപ്തി തോന്നി. ആവേശത്തോടെ അയാൾ ഓരോന്നായി അവൾക്കു മുന്നിലേക്ക് നീട്ടി.


             മിസ് കൂവാഗം മത്സരത്തിൽ പങ്കെടുത്തപ്പോഴുള്ള ചിത്രങ്ങൾ അവൾ പ്രതീക്ഷിക്കാത്തതാണെന്ന് ഓർത്തപ്പോൾ ആൽബർട്ടിന് തന്നോട് തന്നെ അഭിമാനം തോന്നി.


              മറക്കാനാഗ്രഹിക്കുന്ന ഓർമ്മകൾ ചിത്രങ്ങളായ് മുന്നിൽ നിരന്നപ്പോൾ ശ്രീബാലയുടെ കണ്ണിൽ നൊമ്പരത്തിന്റെ ചുടുനീർ  നിറഞ്ഞു. പൊള്ളിക്കുന്ന ഓർമ്മകൾ... അവളുടെ ചുണ്ടുകൾ വിറയാർന്നു. ശരീരമാസകലം ചുട്ടു പൊള്ളുന്നതു പോലെ...


               ആൽബർട്ട് ആവേശത്തിൽ ആയിരുന്നു. തീർച്ചയായും അവളെ സന്തോഷിപ്പിക്കുന്ന ഒന്ന് തന്റെ കൈവശമുണ്ടെന്ന വിശ്വാസത്തിന്റെ ആവേശം. 


              ഒടുവിലായി കരുതി വച്ചിരുന്ന അപ്രതീക്ഷിത സമ്മാനം ആൽബർട്ട്, ശ്രീബാലയ്ക്കു മുന്നിലേക്ക് നീട്ടി.  നീല നിറത്തിൽ, ഇംഗിഷ് അക്ഷരങ്ങളാൽ 'എറൗണ്ട് ' എന്ന് പേര് കുറിക്കപ്പെട്ടിരുന്ന മാഗസിൻ. മുഖച്ചിത്രമായി അവളുടെ ഫോട്ടോ. മിസ്സ്‌ കൂവാഗമായി, ചിരിച്ചു കൊണ്ടു നിൽക്കുന്നു. ശ്രീബാലയുടെ കണ്ണുകൾ ആ ചിത്രത്തെ ചൂഴ്ന്നെടുത്തു. 


            നിറഞ്ഞ പുഞ്ചിരി. അമിത ആഹ്ലാദവും, ആവേശവും അഹങ്കാരവുമൊക്കെ ശ്രീബാല സ്വന്തം  ചിത്രത്തിൽ കണ്ടെത്തി. പുച്ഛം കലർന്ന മന്ദഹാസം ചുണ്ടിന്റെ കോണിൽ സ്വയം സമർപ്പിച്ചു കൊണ്ട് അവൾ ആൽബർട്ടിനെ രൂക്ഷമായി നോക്കി. ഒരു കനൽ പൊട്ടിത്തെറിക്കുകയായിരുന്നു, അനിയന്ത്രിതമായി.


                                      🔸


             "വേണ്ടാ.... ഒന്നും വേണ്ട, ഒന്നും കാണണ്ട..... എനിക്കൊന്നും കാണണ്ടാ... " ഏങ്ങലോടെ അവൾ ആക്രോശിച്ചു.

             "ഒന്നും ആഗ്രഹിക്കാൻ അർഹതയില്ലാഞ്ഞിട്ടും, വെറുതെ സ്വപ്‌നങ്ങളൊക്കെ നെയ്തു കൂട്ടി. ഞാനാരാണെന്ന് ശരിക്കും ആലോചിക്കേണ്ടിയിരുന്നു.

            അറവാണിയാണ് ഞാൻ, ഒരു നാൾ മംഗല്യത്തിന് വിധിക്കപ്പെട്ടവൾ...അരവാന്റെ വധു കൂടുതലൊന്നും മോഹിച്ചു കൂടായിരുന്നു..." കൊച്ചുകുട്ടിയെ പോലെ അവൾ പുലമ്പി.


             അവൾ പറയുന്നതൊന്നും മനസ്സിലായില്ലെങ്കിലും, ആൽബർട്ട് നല്ലൊരു കേൾവിക്കാരനായി നിന്നു. അവളുടെ വേദന പങ്കിട്ടെടുക്കുന്നത് പോലെ. എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അയാൾക്ക്‌ നിശ്ചയമില്ലായിരുന്നു. പക്ഷേ, അവളുടെ നെഞ്ചിലെ ഭാരത്തിന്  ഈ പൊട്ടിത്തെറിയിലൂടെ തെല്ലൊരു സാന്ത്വനം കിട്ടുമെന്ന് ആൽബർട്ടിന് ഉറപ്പായിരുന്നു.


              മുന്നിൽ നിൽക്കുന്നതാരെന്നോ, അയാളുടെ പ്രതികരണം എന്തെന്നോ ചിന്തിക്കാനുള്ള മാനസികാവസ്ഥ ശ്രീബാലയ്ക്കെപ്പോഴോ നഷ്ടമായി.


           കരച്ചിലിന്റെ ആധിക്യത്തിൽ, വാക്കുകൾ ഉച്ചരിക്കാൻ ശ്വാസം അവളെ അനുവദിച്ചില്ല. വിമ്മിഷ്ടത്തോടെ അവൾ നിന്നു കിതച്ചു. പിന്നെ, സ്വയം അപരാധിയെപ്പോലെ സ്വന്തം മുടിയിൽ പിടിച്ചു വലിക്കുകയും, നെറ്റിയിൽ ആഞ്ഞടിക്കുകയും ചെയ്തു. അതു കണ്ടതും ഉള്ളു പിടഞ്ഞതു പോലെ ആൽബർട്ട് അവളുടെ കൈയ്യിൽ പിടിച്ച് തടയാൻ ശ്രമിച്ചു. 

            

             പെട്ടെന്ന്, കലിരൂപം പൂണ്ടതു പോലെ ശ്രീബാല, ആൽബർട്ടിന്റെ കൈ തട്ടിയകറ്റി. അവളുടെ കണ്ണുകളിലെ രോഷം അയാളെ ഭയപ്പെടുത്തി. വിറക്കുന്ന ഉടലോടെ, ശമിക്കാത്ത അണപ്പോടെ അവൾ കൈ ആഞ്ഞു വീശി.


            പ്രതീക്ഷിക്കാതെയുള്ള പ്രതികരണത്തിൽ അന്ധാളിച്ചു പോയ ആൽബർട്ടിന്, കൈയിൽ നിന്നും തട്ടിത്തെറിക്കപ്പെട്ട ഫോട്ടോകളിലോ  മാഗസീനിലോ ഒന്നും തന്നെ പിടിമുറുക്കാനായില്ല. മുഖത്തേക്ക്  ചുകപ്പിന്റെ ധൂളീപടലങ്ങൾ പടർന്നു വീണപ്പോഴാണ് കുങ്കുമച്ചെപ്പിന്റെയും, അതിനുള്ളിൽ കരുതി വച്ചിരുന്ന മോതിരത്തിന്റെയും കാര്യമോർത്തത്. അയാളുടെ കണ്ണുകൾ വ്യഥാ  മൺപാതയിലേക്കും വഴിയോരത്തെ കുറ്റിക്കാട്ടിലേക്കും ചിതറി പാഞ്ഞു.


         ശ്രീബാലയുടെ സ്വരം ചിലമ്പിച്ചുണർന്നു ; "എനിക്കിവിടുന്നു പോണം, എല്ലാം മറക്കണം.. ഓർമ്മിക്കാനായി ഒന്നും വേണ്ട ഈ ശ്രീബാലയ്ക്ക്..ഒന്നും..." ശബ്ദവും ശ്വാസവും ഒരുപോലെ ആയാസത്തിലായപ്പോൾ  അവൾ കിതപ്പോടെ താങ്ങി നിൽക്കാനൊരിടം നോക്കി.


         മുന്നിൽ നിൽക്കുന്ന ആൽബർട്ടിന്റെ നെഞ്ചിലേക്ക്  കൈ അമർത്തി അവൾ തന്നെ ഒരാശ്വാസം കണ്ടെത്തി. ആൽബർട്ട് ഒരു തണൽ മരം കണക്കെ അനങ്ങാതെ നിലയുറപ്പിച്ചു. ശ്വാസോച്ഛ്വാസം സാധാരണ ഗതിയിലായപ്പോ, ശ്രീബാല കൈ അടർത്തി മാറ്റി തിരിഞ്ഞു നടന്നു. തളർന്ന ശരീരം വേച്ച് വേച്ചു, ഒന്നുമുരിയാടാതെ ..


          ആൽബർട്ട് മുഖമൊന്നുമർത്തി തുടച്ച് അവൾ നടന്നകലുന്നത് നോക്കി നിന്നു. കണ്ണിൽ നിന്നും ശ്രീബാല മറഞ്ഞതും അയാൾ  നിലത്തേക്ക് കുനിഞ്ഞു ചിതറി കിടക്കുന്ന ഫോട്ടോകൾ ഓരോന്നായി മണ്ണിൽ നിന്നും കുടഞ്ഞെടുത്തു. മാഗസീനും വീണ്ടെടുത്ത് കൊണ്ട്, ആൽബർട്ടിന്റെ കണ്ണുകൾ ചുറ്റിനും ഒരിക്കൽ കൂടി പരതി. ഒഴിഞ്ഞ കുങ്കുമച്ചെപ്പ് കണ്ണിൽ തടഞ്ഞപ്പോൾ വേദന കലർന്ന ഒരു നിശ്വാസം അയാളിൽ നിന്ന് മൂകമായ് ഉണർന്നു.


                                       🔸


            ലൈലയുടെ മടിയിൽ മുഖമമർത്തി ഒരു കുഞ്ഞിനെപ്പോലെ ശ്രീബാല  ഏങ്ങലടിച്ചു കരഞ്ഞു. അവളെ ആശ്വസിപ്പിക്കാനോ കുറ്റപ്പെടുത്താനോ മുതിരാതെ ലൈല മൗനം പാലിച്ചു. എന്നാലവരുടെ വിരലുകൾ, അവളുടെ മുടിയിഴകളെ തഴുകി തലോടിക്കൊണ്ടിരുന്നു. ഒരമ്മയുടെ സ്നേഹവായ്പ്പോടെ.


         "സ്വപ്നം കാണുന്നതിനും,  ഇഷ്ടപ്പെടുന്നതിനും,  ആഗ്രഹിക്കുന്നതിനും, ഒരതിരുണ്ടെന്നും..അർഹതയുണ്ടെന്നും, മനസിലാക്കാൻ ഒരാൾ വേണ്ടി വന്നു ജീവിതത്തിൽ......"

          ഇടയ്ക്കിടെ ഓരോന്ന് പുലമ്പി ശ്രീബാല അവരുടെ മടിത്തട്ടിൽ തന്റെ വേദനയുടെ ഈറൻ ചാലൊഴുക്കി.

           "ലൈലാക്ക പറഞ്ഞതു ശരിയാ നമ്മൾ സാധാരണ സ്ത്രീകൾ അല്ല. വികാരത്തോടെയല്ല, വിവേകത്തോടെ വേണം നമ്മൾ ചിന്തിക്കാൻ... ഇല്ലെങ്കിൽ...

            കാഞ്ചന ഭാഗ്യം ചെയ്തവളാ അല്ലേ ലൈലാക്കാ....

            മരിക്കാൻ എനിക്കു പേടിയാ... അതിനു കഴിയുമായിരുന്നെങ്കിൽ എന്നേ..

             ചിലപ്പോ.. ഒരുപക്ഷേ, അരവാന്റെ വധുവാകാൻ വന്നവൾ, മറ്റൊരാളെ ഇഷ്ടപ്പെട്ടത് അരവാന് സഹിച്ചിട്ടുണ്ടാകില്ല അല്ലേ... "


           അങ്ങനെ എത്ര നേരം കടന്നു പോയെന്ന് ലൈല അറിഞ്ഞില്ല. പുറത്ത് ഉത്സവത്തിന്റെ സന്തോഷാരവം മുഴങ്ങി കേൾക്കുന്നുണ്ട്. കൂവാഗം ഉറങ്ങുകയില്ല, അരവാന്റെ ഉത്സവനാൾ തീരുന്നതു വരെ.


           കാഞ്ചനയുടെ മരണത്തിനോടുള്ള അഞ്ജലിയായി ഇക്കൊല്ലം ഉത്സവത്തിൽ പങ്കുകൊള്ളില്ലെന്ന് ലൈല മുന്നേ കൂട്ടി തീരുമാനിച്ചതാണ്. അതുകൊണ്ട് തന്നെ, കൂവാഗത്തെത്തിയിട്ടും പുറത്തേക്കിറങ്ങാതെവീടിനുള്ളിൽ തന്നെ കഴിയുകയായിരുന്നു.


        പക്ഷേ, ഈ യാത്രയിൽ  ഒപ്പം കൂടിയത് ശ്രീബാലയ്ക്കു വേണ്ടി മാത്രമായിരുന്നു. അവളെ തനിച്ചു വിടാൻ മനസ്സ് തയ്യാറാകാതിരുന്നത് എത്രയോ നന്നായെന്ന് ഇതിനോടകം ഒരായിരം തവണ ലൈല അത്ഭുതത്തോടെ മനസ്സിലോർത്തു. തനിച്ചായിരുന്നെങ്കിൽ അവളുടെ മനോനില എന്താകുമായിരുന്നു... ' ആലോചിച്ചപ്പോൾ തന്നെ ലൈലയ്ക്കു ആധിയായി.


          മണിക്കൂറുകൾ കഴിഞ്ഞപ്പോഴാണ് സ്വബോധം വീണ്ടെടുത്തതു പോലെ ശ്രീബാല  തല ഉയർത്തിയത്.


          "നമുക്കിവിടുന്ന് പോകാം ലൈലാക്കാ..." അവളുടെ സ്വരത്തിൽ അപേക്ഷ കലർന്നിരുന്നു.


             "മ്മ്... പോകാം " ലൈലയുടെ മറുപടി വിളംബമില്ലാതെ വന്നു "നേരം വെളുക്കട്ടെ "


              നേർത്ത പുഞ്ചിരിയോടെ ശ്രീബാല അവരുടെ മടിയിലേക്ക് ഒന്നുകൂടി ചുരുണ്ടു.


                                      🔸


               പുലർച്ചെ തന്നെ കൂവാഗത്തോട് യാത്ര പറഞ്ഞ് ഇരുവരും സിറ്റിയിലേക്കുള്ള ബസ്സിൽ സ്ഥാനമുറപ്പിച്ചു.


            കൂത്താണ്ടർ കോവിലിൽ അവസാനമായി ഒരിക്കൽ കൂടി പോകണമെന്ന് മോഹമുണ്ടായിരുന്നെങ്കിലും, സ്വയം അത് അവഗണിക്കാൻ തന്നെ  ശ്രീബാല നിശ്ചയിച്ചിരുന്നു. എത്ര ശ്രമിച്ചിട്ടും മാറാതെ  ഉള്ളിന്റെയുള്ളിൽ  അരവാനോട് ചെറിയൊരു പരിഭവം നിറഞ്ഞു നിൽക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ഒരു പ്രതിഷേധം കണക്കെ അരവാന് മുഖം കൊടുക്കേണ്ടെന്നു അവൾ  ഉറച്ച തീരുമാനം തന്നെ എടുത്തു.


                ആളൊഴിഞ്ഞ ബസ്സിനുള്ളിൽ ചൂടുകാറ്റ്  ഒരു തടസ്സവുമില്ലാതെ സ്വൈര്യവിഹാരം നടത്തി. നേരം ശരിക്കുമൊന്നു പുലരാൻ ഇനിയും മണിക്കൂറുകൾ ശേഷിക്കെ പൊള്ളുന്ന ചൂട് ശരീരത്തെ വിയർപ്പിൽ മുക്കി.

 

                 ചൂടിനേക്കാൾ കഠിനമായി ശ്രീബാലയ്ക്കു അസഹനീയമായി തോന്നിയത്, കൊല്ലുന്ന നിശബ്ദതയായിരുന്നു. കടിഞ്ഞാണില്ലാത്ത ഓർമ്മകളിലേക്ക് മനസ്സിനെ വലിച്ചിടാൻ കെൽപ്പുള്ള നിശബ്ദത. കാഞ്ചനയുടെ അഭാവത്തെ ഓർമിപ്പിച്ചു ആ മൂകത.


              ലൈലയുടെ നോട്ടം ശ്രീബാലയുടെ കൈത്തണ്ടയിലേക്ക് പാളി വീണു. തീച്ചൂടിൽ കരിഞ്ഞ പാട് വീണ കൈത്തണ്ട, മനസ്സിൽ കോറിവീണ മായാത്ത മുറിവിന്റെ  ഒരു നേർ ചിത്രമാണെന്ന് ലൈലയ്ക്കു തോന്നി. സഹാനുഭൂതിയോടെ അവർ അവളുടെ കൈയിൽ മുറുകെ പിടിച്ചു.             


              ശ്രീബാല ലൈലയുടെ മുഖത്തേക്ക് നോക്കി. അവരുടെ ചുണ്ടിൽ അവൾക്കായ്  ഒരു ചിരി വിരിഞ്ഞു. മറു പുഞ്ചിരിയിലൂടെ അവളത് ഹാർദ്ദവമായി സ്വീകരിച്ചു.


               ബസ്സിനുള്ളിലേക്ക് ഡ്രൈവർ കയറിയതും, കൂവാഗത്തു നിന്നും യാത്ര പുറപ്പെടാനുള്ള  മണി മുഴങ്ങി. നിശ്വാസത്തോടെ ശ്രീബാല പുറത്തേക്ക് നോട്ടമയച്ചു. സുന്ദരിമാരുടെ വർണ്ണം വിരിഞ്ഞ  കൂവാഗം. യാത്രയാവുകയാണ്, അരവാന്റെ മണ്ണിൽ നിന്നും...


                  തല പിന്നിലേക്ക് ചായ്ച്ച് അവൾ കിടന്നു. ഓർമ്മകളൊക്കെയും ഇവിടെ ഉപേക്ഷിക്കപ്പെട്ടെങ്കിൽ...              

     

                 "എന്ന സാർ, നീങ്ക പേസറതേ മനുസ്സനുക്ക് പുരിയാത്... ഇതില ഉങ്കളുക്ക് പേച്ചേ കേടയാത്... നാനെന്ന സൊല്ലി എന്ന ഉങ്കള പുരിയ വെക്കുറത്... ഇല്ലേ നീങ്ക താൻ എന്ന സൊല്ലുറത്... കടവുളേ... "        


             കണ്ടക്ടറുടെ ശബ്ദം പിന്നിൽ നിന്നുമുയർന്നു. ശ്രീബാല തിരിഞ്ഞു നോക്കി.


             പ്രതീക്ഷിക്കാത്ത മുഖത്ത് ദൃഷ്ടി ഉടക്കിയപ്പോൾ, അവളുടെ കണ്ണുകൾ വിടർന്നു. പെട്ടെന്നവൾ തല തിരിച്ചു. എന്തിനെന്നറിയാതെ നെഞ്ചം പടപടാ മിടിച്ചപ്പോൾ ശ്രീബാല നെഞ്ചിൽ കൈ അമർത്തി. ഒരിക്കൽ കൂടി തിരിഞ്ഞു നോക്കാൻ ധൈര്യമില്ലാതെ കണ്ണുകളടച്ച് അവൾ പിന്നിലേക്ക് തല ചായ്ച്ചു.


          'തന്റെ മുഖം  ആ കണ്ണുകളിൽ പതിഞ്ഞിട്ടുണ്ടാകുമോ.. ' അവളാലോചിച്ചു.


           ഒന്നുകൂടി തിരിഞ്ഞു നോക്കാൻ തോന്നിയെങ്കിലും കണ്ണുകളിറുകെയടച്ച് ശ്രീബാല മനസ്സിനെ വിലക്കി.


                                     🔸

            എങ്ങനെയോ ടിക്കറ്റ് തരപ്പെടുത്തി ആൽബർട്ട് സീറ്റിലേക്ക് ചാരിയിരുന്നു.


            അയാളുടെ കണ്ണുകൾ ശ്രീബാലയിൽ തന്നെ നങ്കൂരമിട്ടു കിടന്നു. ശ്രീബാല തന്നെ കണ്ടതും, പെട്ടെന്ന് തിരിഞ്ഞിരുന്നതും ഒക്കെ,  മനസ്സിലാക്കിയിരുന്നെങ്കിലും ഒന്നും അറിയാത്തതായ് ഭാവിച്ച് ആൽബർട്ട് മന്ദഹസിച്ചു. പിന്നെ എന്തോ ഓർത്തെടുത്തതു പോലെ ഷർട്ടിനു മേലെ ഇട്ടിരുന്ന കോട്ടിന്റെ പോക്കറ്റിനുള്ളിലേക്ക് കൈയ്യിട്ടു.


           അറിയാതെ അവൾ  തട്ടിയെറിഞ്ഞ കുങ്കുമത്തിനും മോതിരത്തിനും പകരമായ് ഇത്തവണ അവൾക്ക് സമ്മാനിക്കാൻ അയാൾ കരുതി വച്ചിരിക്കുന്ന താലി പുറത്തേക്കെടുത്തു.  മഞ്ഞച്ചരടിലും അതിൽ കൊരുത്തിരുന്ന താലിയിലും ആൽബർട്ടിന്റെ വിരലുകൾ ഒഴുകി നടന്നു. 


               അവൾ പോകുന്നിടം വരെ പിറകെ ചെല്ലണം. പിന്നെ,  ഇത് സമ്മാനിക്കണം. നിരസിച്ചില്ലെങ്കിൽ, പിന്നീടുള്ള യാത്ര പിന്നാലെയാക്കാതെ കൂടെയാക്കണം. നെടുനിശ്വാസത്തോടെ ആൽബർട്ട് താലി തിരികെ പോക്കറ്റിനുള്ളിലേക്ക് വച്ചു.


                                      🔸

                പുറത്ത് അപ്രതീക്ഷിതമായി ചാറിയ മഴയുടെ ഈറൻ കൈകൾ ശ്രീബാലയുടെ ശരീരത്തെ  മാത്രമല്ല,  മനസ്സിനെയും കുളിരണിയിപ്പിച്ചു. അരവാന്റെ ആശീർവാദം തന്നെ തേടി വന്നതു പോലെ അവൾക്കു തോന്നി.


          അവളെ തഴുകിയ കാറ്റ് ആൽബർട്ടിനെയും പുണർന്നു കൊണ്ട് കടന്നു പോയി. 


                         🔶🙏പൂർണ്ണം🙏🔶






2020 സെപ്റ്റംബർ 22, ചൊവ്വാഴ്ച

അറവാണി [ഭാഗം -1️⃣8️⃣]


©️ Copyright Protected

......................

           തിരിഞ്ഞു നടക്കാൻ തുടങ്ങവേ കിച്ചാമണിയുടെ ശബ്ദം വീണ്ടും കാതുകളിലെത്തി. ഇഴഞ്ഞു നീങ്ങി തന്നെ പരിക്കേൽപ്പിക്കുന്ന നിമിഷങ്ങളെ മനസ്സിൽ ശപിച്ചു കൊണ്ട് ശ്രീബാല തിരിഞ്ഞു നോക്കി.

         "ഒരു കാര്യം പറയാൻ വിട്ടു പോയി.. "

         ഇനിയുമെന്തെന്ന ഭാവത്തിൽ അവളയാളെ നോക്കി.

         "കഴിഞ്ഞ കൊല്ലം ബാലയെപ്പറ്റി തിരക്കി ഒരാൾ  എന്റെയടുത്ത് വന്നിരുന്നു.

            ഒരു വെള്ളക്കാരനാ... വിദേശി. ആള് ഊമയായിരുന്നു "

           ആൽബർട്ടിന്റെ മുഖം ശ്രീബാലയുടെ മുന്നിൽ തെളിഞ്ഞു.

            "മ്മ്.... " ഒരു മൂളൽ മാത്രം നൽകി  അവളതിനോട്‌ പ്രതികരിച്ചു.

             "ബാലേടെ കുറച്ചു ഫോട്ടോ അയാൾടെ കൈയിൽ ഉണ്ടായിരുന്നു. ഫോട്ടോ കാട്ടിയാ തിരക്കിയേ... ഉത്സവം തുടങ്ങിയ നാളു തൊട്ട് അവസാനിച്ച നാളു വരെ ദിനവും എന്നെ തേടി വന്ന് ഫോട്ടോ കാണിക്കുമായിരുന്നു. ഒന്നും അറിയാതെന്ന് പറയുമ്പോ,  സങ്കടപ്പെട്ട പോലെ പോകും...."
  
         ഒരു പ്രതികരണവുമില്ലാതെയുള്ള ശ്രീബാലയുടെ നിൽപ്പിൽ അമ്പരപ്പെട്ടു കൊണ്ടു കിച്ചാമണി തുടർന്നു ;

        "ഇക്കൊല്ലവും അയാൾ എന്നെ കാണാൻ വന്നു.. ഇന്ന് രാവിലെ കൂടി വന്നു. ഒരുവേള അയാൾക്ക് ബാലയോട്... " വാക്കുകൾ പാതി വഴിയിൽ മുറിച്ച് കിച്ചാമണി നിശബ്ദനായി.

          തന്റെ വാക്കുകളും  , വാക്കുകൾക്കിടയിൽ വന്ന നിശബ്ദതയും  ശ്രീബാലയിൽ ഒരു തരത്തിലുമുള്ള ഭാവമാറ്റവും സൃഷ്ടിച്ചില്ലെന്ന്  കിച്ചാമണിക്ക് മനസ്സിലായി. അവളുടെ മനസ്സും ചിന്തകളും മറ്റെങ്ങോ അലയാൻ വിട്ടതു പോലെയുണ്ട്.

        "ബാലാ....." കിച്ചാമണി സ്വരമല്പം ഉയർത്തി തന്നെ വിളിച്ചു. അയാൾ ഊഹിച്ചതു പോലെ തന്നെ, ഒരു സ്വപ്നത്തിൽ നിന്നെന്നെ പോലെ ശ്രീബാല ഞെട്ടിയുണർന്നു.

        "എന്താ ആലോചിക്കുന്നെ ? "

        "ങ്‌ഹേ.... മ്മ്.. ഞാൻ പോണു കിച്ചാമണി. നേരം വൈകി. ലൈലാക്ക കാത്തിരിക്കുന്നണ്ടാകും... ബൈ.... "

            കിച്ചാമണിയുടെ മറുപടിക്ക് കാത്തു നിൽക്കാതെ, തുടർന്നൊന്നും സംസാരിക്കാനോ കേൾക്കാനോ താല്പര്യമില്ലാത്തതു പോലെ ശ്രീബാല തിരിഞ്ഞു.

              പൂഴി മണലിൽ കാലുടക്കി വീഴാൻ പോയത് പെട്ടെന്നായിരുന്നു. ഇടറിയ പാദങ്ങൾ  മുന്നിലേക്ക് മടങ്ങിയതും കിച്ചാമണി പെട്ടന്നവളുടെ കൈയിൽ കടന്നു പിടിച്ചു.

                                      🔸

               കിച്ചാമണിയുടെ കൈപ്പിടിയിൽ  ഞെരുങ്ങി ഉടഞ്ഞ കുപ്പിവളകൾ ശ്രീബാലയുടെ കൈത്തണ്ടയിൽ പോറലേൽപ്പിച്ചെങ്കിലും, ഒരു വീഴ്ചയിൽ നിന്നും അവളെ താങ്ങി നിർത്തി. നേരെ നിന്നുകൊണ്ട് ശ്രീബാല കിച്ചാമണിയെ നോക്കി. അയാളുടെ ദൃഷ്ടി ആഴ്ന്നിരുന്നത്  അവളുടെ വെളുത്ത കൈത്തണ്ടയിലെ മുറിപ്പാടിലേക്കായിരുന്നു.

             ചോര പൊടിഞ്ഞ കൈത്തണ്ടയിൽ തെളിഞ്ഞ, ഞരമ്പുകൾക്കിടയിൽ തന്റെ പേര് പച്ച കുത്തിയിരിക്കുന്നത് കിച്ചാമണി വ്യക്തമായി കണ്ടു. അയാളുടെ ചുണ്ടുകൾ അത് മന്ത്രിച്ചപ്പോൾ ശ്രീബാല ശരവേഗത്തിൽ കൈ പിൻവലിച്ചു.

            "താങ്ക് യൂ..... " പതറിയ സ്വരത്തിൽ നന്ദി പറഞ്ഞൊപ്പിച്ച് അവൾ പെട്ടെന്ന് തിരിഞ്ഞു നടന്നു.

                                       🔸
       
            മുൻ പിൻ  നോക്കാതെ മുമ്പോട്ടു നടക്കവെ എന്തോ ഓർമയിൽ തികട്ടി വന്നത് പോലെ ആകാശത്തേക്ക് നോക്കി. കിച്ചാമണി യെ കാണാൻ പുറപ്പെട്ടപ്പോൾ ആശീർവാദം ചൊരിഞ്ഞു കൊണ്ട്  ഉദിച്ചു നിന്ന പൗർണമി ശോഭയുള്ള  നക്ഷത്രത്തെ മിഴികൾ തിരഞ്ഞു.

          മേഘക്കീറുകൾക്കിടയിലേക്ക് മറഞ്ഞു കൊണ്ടിരുന്ന താരകത്തെ കണ്ടെത്തിയപ്പോൾ, അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. അതു കാണാതിരിക്കാനെന്നവണ്ണം, ആ നക്ഷത്രത്തെ മറച്ചു കൊണ്ട് കാർമേഘം തിരശ്ശീലയിട്ടു. കണ്ണുകൾ താഴ്ത്തി മുഖം കുനിച്ച് ശ്രീബാല നടന്നു നീങ്ങി.

            നടന്നു നീങ്ങുന്ന ശ്രീബാലയിൽ മാത്രം ദൃഷ്ടി പതിപ്പിച്ച് കിച്ചാമണി നിന്നു. അവളുടെ ഭാവവും പെരുമാറ്റവും മാത്രമല്ല, കൈത്തണ്ടയിൽ പച്ചകുത്തി തെളിഞ്ഞിരുന്ന സ്വന്തം പേരും അയാളെ ചിന്താക്കുഴപ്പത്തിലാക്കിയിരുന്നു. മനസ്സിനുള്ളിൽ എവിടെയോ ഒരു നൊമ്പരം കൊളുത്തി വലിക്കുന്നതായ് കിച്ചാമണിക്ക് തോന്നി.

             നോക്കി നിൽക്കവേ അവളുടെ ചുവടുകൾ ഒരിടത്ത് നിലയുറപ്പിച്ചു. കിച്ചാമണി കണ്ണുകൾ കൂർപ്പിച്ചു.

             ഒരുനാൾ മാത്രം ആയുസ്സുള്ള മംഗല്യത്തിന്റെ  ഉപേക്ഷിക്കപ്പെടുന്ന താലിച്ചരടുകൾ,  കാലാകാലങ്ങളായ് ഏറ്റുവാങ്ങുന്ന മരത്തിനു മുന്നിൽ ശ്രീബാല നിശ്ചലയായി. ഇലകൾ പൊഴിഞ്ഞ മരത്തിൽ തൂങ്ങിയാടുന്ന വർണ്ണ ബൾബുകൾക്കിടയിൽ അവളെന്തോ കൊരുത്തിട്ടു. പിന്നെ, ഒരു ഞൊടിനേരം മരത്തിന്റെ നിഴലിനോട് അഭയം പ്രാപിച്ച ശേഷം അവൾ നടന്നകന്നു.

                കണ്ണിൽ നിന്നും ശ്രീബാല മറഞ്ഞതും കിച്ചാമണി മരത്തിനെ ലക്ഷ്യം വച്ചു നടന്നു. അയാളുടെ കാലുകൾ ദ്രുതഗതിയിലായിരുന്നു, ശ്വാസം പോലും അനിയന്ത്രിതമായി ഉയർന്നു താണു.  എന്നാൽ പെട്ടെന്ന് ആരോ തടയിട്ടതു പോലെ കിച്ചാമണി നിന്നു. മരത്തിനരികിൽ പ്രതീക്ഷിക്കാതെ മറ്റൊരു സാന്നിധ്യം  കിച്ചാമണി കണ്ടു. ആ രൂപം മുന്നോട്ടുള്ള അയാളുടെ ചലനത്തെ വിലക്കി.

                                   🔸

               ഇക്കൊല്ലത്തെ ആദ്യ താലി ഉത്സവത്തിനു മുമ്പേ സ്വീകരിച്ച്,  കൂവാഗത്തിന്റെ നിശ്വാസമുതിർത്ത ചൂടുകാറ്റേറ്റ് മരം ചില്ലയൊന്നുലച്ചു. കാറ്റിലാടിയ മഞ്ഞച്ചരടിൽ കോർത്തിരുന്ന  താലിയിൽ പൂശിയിരുന്ന കുങ്കുമം ആൽബർട്ട് തൊട്ടു നോക്കി. പിന്നെ, തല ഉയർത്തി ശ്രീബാല നടന്നു നീങ്ങിയ വഴിയിലെ തിരക്കിലേക്ക് നോട്ടമയച്ചു. അറവാണികളാകാൻ വന്ന സുന്ദരിമാരുടെ ചിരിക്കുന്ന മുഖങ്ങൾ മാത്രം മുന്നിൽ.

                                     🔶

                                                       (തുടരും)

✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️

🙂 "അടുത്ത ഭാഗത്തിൽ കഥ പൂർണ്ണമാകുന്നതാണ്. ഇതുവരെയുള്ള അഭിപ്രായങ്ങൾക്കും പിന്തുണയ്ക്കും വളരെ നന്ദി..."🙏

✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️