................
വീടിനുള്ളിലേക്ക് വീണ്ടും ഒതുങ്ങിക്കൂടിയ നാളുകൾ.. ഇത്തവണ, കാത്തിരിക്കുന്ന വിധിയുടെ ആത്മസംഘർഷം മാത്രമായിരുന്നില്ല നിരഞ്ജനെ വേട്ടയാടിയിരുന്നത്. ഹൃദയം തുറന്നു നൽകിയ ഒരു പ്രണയം നഷ്ടപ്പെടുത്തിയതിന്റെ നൊമ്പരവും അവന് തീരാവേദനയായി.
എപ്പോഴോ മനസ്സിലുടക്കിയ സംശയമായിരുന്നു ഗൗരിയുടെ സമീപനം. അവളെന്തോ പറയാതെ പറയുന്നതായ് തോന്നിയിരുന്നു പലപ്പോഴും. മനഃപൂർവം ഒഴിവാക്കി മാറി നടക്കുമ്പോഴും ഉള്ളിൽ സന്ദേഹത്തിന്റെ കനലെരിയുന്നുണ്ടായിരുന്നു. ഒരുപക്ഷേ, തിരിച്ചും അങ്ങനെയൊരു ഇഷ്ടം ഹൃദയത്തിൽ മറച്ചു പിടിച്ചതു കൊണ്ടാകാം.
അവളുടെ മുഖം ഓർമയിൽ നിറയുമ്പോഴൊക്കെ നിരഞ്ജന്റെ കണ്ണുകൾ ആർദ്രമായി.
🖤
ഓർമ്മകളുടെ ചാരത്തിൽ മുങ്ങിക്കിടന്ന ദിവസങ്ങളിലെ ഒരു പകൽ നേരത്താണ് സലിം സാർ വീട്ടിലേക്ക് കയറി വന്നത്. കോളേജിനുള്ളിലെ ഗുരുശിഷ്യ ബന്ധം ഒരാത്മബന്ധമായി വളരാൻ തുടങ്ങിയത് ആശുപത്രി വരാന്തയിൽ വച്ചാണ്. കോളേജിനുള്ളിൽ തന്റെ സത്യമറിഞ്ഞിരുന്ന ഒരേയൊരു വ്യക്തി.
നേത്ര രോഗ വിദഗ്ദന്റെ മുറിയിൽ നിന്നും നിരഞ്ജൻ ഇറങ്ങി വന്നത് ഒരു അസാധാരണ ഭാവത്തിൽ ആയിരുന്നു. എതിരെ വരുന്ന ആളെ കാണാതെ തീർത്തും അജ്ഞനായ ഒരു കുട്ടിയെപ്പോലെ. അവന്റെ അമ്മയുടെയും ചേച്ചിയുടെയും പിൻവിളി തിരിച്ചറിയാത്തവനെപ്പോലെ...
സലിം സാർ കൈയിൽ പിടിച്ച് തടഞ്ഞു നിർത്തിയപ്പോൾ രൂക്ഷത്തോടെയാണ് അവൻ തല ഉയർത്തിയത്. 'എന്തുപറ്റി' എന്ന സാറിന്റെ ചോദ്യത്തിനൊടുവിൽ, നഷ്ടമായ അച്ഛന്റെ വാത്സല്യവും ലഭിച്ചിട്ടില്ലാത്ത സഹോദരന്റെ തണലും, ഒടുവിൽ തേടി വന്നതു പോലെ നിരഞ്ജൻ അദ്ദേഹത്തിന്റെ ചുമലിലേക്ക് ഒരു കൊച്ചു കുട്ടിയുടെ ഏങ്ങലോടെ വീണു.
ആരെ ആശ്വസിപ്പിക്കണമെന്ന് അദ്ദേഹത്തിന് നിശ്ചയമില്ലായിരുന്നു. കരഞ്ഞു തളർന്ന അമ്മയും, വിതുമ്പി തേങ്ങുന്ന ചേച്ചിയും മാത്രമായിരുന്നു അവന്റെ മുതൽക്കൂട്ട്. ഡോക്ടറിൽ നിന്നും എല്ലാം ചോദിച്ചറിഞ്ഞ ശേഷം സ്വന്തം കാറിൽ അവരെ വീട്ടിൽ കൊണ്ടു വിടുമ്പോഴേക്കും സലിം സാർ ആ കുടുംബത്തിന്റെ ഒരു ഭാഗമായി കഴിഞ്ഞിരുന്നു.
നിരഞ്ജനെ പഠനത്തിലേക്കും കവിതയിലേക്കും നിർബന്ധപൂർവം തിരികെ കൊണ്ടു വന്നത് തന്നെ ആ അമ്മയ്ക്കും മകൾക്കും അദ്ദേഹത്തോടുള്ള ആദരവിനും കടപ്പാടിനും വാക്കുകളില്ലാതാക്കി.
"എന്താടോ കോളേജ് വിട്ടതോടെ വീണ്ടും ഉൾവലിയാൻ തുടങ്ങിയോ? "
നിരഞ്ജൻ നിശബ്ദനായി നിന്നു.
"ശരി.. താൻ റെഡിയാക്. നമുക്ക് ഒരാളെ കാണണം.. "
"ആരെയാ സാർ ? " അവന്റെ ശബ്ദമുണർന്നു.
"താൻ റെഡിയാകെടോ, പോകുന്ന വഴിക്ക് നമുക്ക് സംസാരിക്കാം "
"മ്മ്... "
വൈകാതെ തന്നെ കുളിച്ചൊരുങ്ങി നിരഞ്ജൻ, സലിം സാറിനൊപ്പം പുറപ്പെട്ടു. അവന്റെ അമ്മയും ചേച്ചിയും പ്രതീക്ഷയുടെ കൺ തിളക്കവുമായി നിന്നു.
🖤
"ഇന്നലെ ഞങ്ങളുടെ സ്കൂൾ റീ- യൂണിയൻ ആയിരുന്നു. എഴുത്തുകാരനായ ഒരു സുഹൃത്തിന്റെ പുസ്തക പ്രകാശനവും ഒക്കെയായി ഒരു ആഘോഷ ദിനം.. " ഡ്രൈവിംഗിനിടയിൽ സലിം സാർ പറഞ്ഞു തുടങ്ങി.
"പഴയ സുഹൃത്തുക്കളെയൊക്കെ കണ്ടു. ആ നൊസ്റ്റാൾജിയ മൂഡിൽ നിന്ന് ഇനിയും പുറത്തു കടന്നിട്ടില്ല.. തിരിച്ചു കിട്ടാത്ത കാലങ്ങൾക്കൊക്കെയും മധുരം കൂടുതലാണല്ലോ... " സലിം സാർ ഓർമ്മകൾ നുണഞ്ഞു ചിരിച്ചു.
നിരഞ്ജൻ ചിരിക്കാൻ ശ്രമിച്ചു
"പരിപാടികൾ ഒക്കെ കഴിഞ്ഞുള്ള സൗഹൃദ സംഭാഷണത്തിനിടയിലാ ഞാൻ തന്റെ കാര്യമെടുത്തിട്ടത്. തന്റെ കവിതകൾ ചേർത്തൊരു പുസ്തകം പബ്ലിഷ് ചെയ്യുന്നതിനെപ്പറ്റിയുള്ള വിവരങ്ങൾ പറയുന്ന കൂട്ടത്തിൽ, തന്നെ പിടിമുറുക്കിയിരിക്കുന്ന രോഗാവസ്ഥയെ കുറിച്ചും ഞാൻ പറഞ്ഞു.
പഴയ സുഹൃത്തുക്കളിൽ ഒരാൾ കണ്ണ് ഡോക്ടറാണ്. തോമസ്. കാനഡയിൽ താമസം. അവൻ കാര്യങ്ങളൊക്കെ ചോദിച്ചു. വിശദമായിത്തന്നെ എല്ലാം ഞാൻ പറഞ്ഞിട്ടുണ്ട്. ആളിന് നിരഞ്ജനെ ഒന്ന് കാണണമെന്ന് പറഞ്ഞു.
അവന്റെ വാക്കുകളിൽ ഞാൻ പ്രതീക്ഷയ്ക്കുള്ള വക കാണുന്നുണ്ട്. കാരണം, ഇതുപോലെയുള്ള കേസ് അവൻ ചികിത്സിച്ച് സുഖപ്പെടുത്തിയിട്ടുണ്ടെന്ന്.. " സലിം സാർ പറഞ്ഞു നിർത്തിയപ്പോൾ, വിശ്വാസിക്കാനാകാത്ത എന്തോ കേട്ടത് പോലെ നിരഞ്ജൻ അദ്ദേഹത്തെ നോക്കി.
"സാർ...!!! "
"അതേടോ സത്യമാ. എന്റെ ഊഹം വെച്ച് അവൻ തന്നെ കാനഡയിലേക്ക് കൂട്ടിക്കൊണ്ട് പോകും. തനിക്ക് പാസ്പോർട്ടും വിസയുമൊക്കെ തരപ്പെടുത്തുന്ന കാര്യം പറഞ്ഞാ ഞങ്ങളിന്നലെ സംസാരം നിർത്തിയത്. പക്ഷേ, അവന് തന്നെയൊന്നു കാണണം. ഇപ്പോഴത്തെ അവസ്ഥ അറിയണം.
തന്റെ മെഡിക്കൽ റിപ്പോർട്ട് എല്ലാം ചേച്ചി എടുത്തു തന്നു. അതും അവന് കാണണം എന്നു പറഞ്ഞു.. "
നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് നിരഞ്ജൻ ചിരിച്ചു. പിന്നെ പെട്ടെന്നെന്തോ ഓർത്തത് പോലെ സാറിനെ നോക്കി.
"പക്ഷേ സാർ, യാത്രയ്ക്കും ചികിത്സക്കും ഒക്കെയുള്ള ചിലവ് ഇത്ര പെട്ടെന്ന് ഒപ്പിക്കാൻ.....ആകെയുള്ളത് വീടും സ്ഥലവുമാ. ചേച്ചീടെ കല്യാണത്തിന് മുന്നിലുള്ള ഒരേ ഒരു വഴിയാ.... അതിൽ ഞാൻ കൈ വയ്ക്കില്ല.."
"ഇപ്പൊ നമ്മൾ ഡോക്ടർ തോമസിനെ കാണുന്നു. താൻ അതിനെപ്പറ്റി മാത്രം ചിന്തിക്ക്... " സലിം സാർ ബ്രേക്കിൽ കാലമർത്തി നിരഞ്ജനെ നോക്കി.
നിരഞ്ജൻ പുറത്തേക്ക് നോക്കി.
"എന്റെ വീടാടോ. താൻ വന്നിട്ടില്ലല്ലോ..വാ ഇറങ്ങ്. അവനിവിടെയാ സ്റ്റേ "
നിരഞ്ജൻ പ്രാർത്ഥനയോടെ പുറത്തേക്കിറങ്ങി.
🖤
മെഡിക്കൽ റിപ്പോർട്ട് പരിശോധിച്ചതിനു ശേഷമാണ് ഡോക്ടർ തോമസ്, നിരഞ്ജന്റെ കണ്ണുകൾ നോക്കിയത്. എല്ലാത്തിനുമൊടുവിൽ സലിം സാറിനും നിരഞ്ജനും അഭിമുഖമായിരുന്നു കൊണ്ട് ഡോക്ടർ സംസാരിക്കാൻ തുടങ്ങി.
"അപ്പോ എങ്ങനാ നിരഞ്ജൻ എനിക്കൊപ്പം കാനഡയിലേക്ക് വരികയല്ലേ.. "
"ഡോക്ടർ !"
"മ്മ്.... ഒരു സർജറി നടത്തണം. റിസ്ക് ഉള്ളതാണ്. പക്ഷേ പ്രതീക്ഷയുണ്ട്. ഇതിലും അവസാന സ്റ്റേജിൽ എത്തിയവർക്ക് ട്രീറ്റ്മെന്റ് ചെയ്തതിന്റെ ആത്മവിശ്വാസം...."
സലിം സാർ ആഹ്ലാദത്തോടെ തോമസിന്റെ കൈയ്യിൽ പിടിച്ചു കുലുക്കി.
"നിരഞ്ജൻ എന്താ ആലോചിക്കുന്നേ? "
"ഡോക്ടർ അത്.... ഒരു വർഷത്തിനുള്ളിൽ സർജറി നടത്തിയാൽ മതിയാകുമോ? "
"എന്ത് വിഡ്ഢിത്തമാ നിരഞ്ജാ പറയുന്നേ.. ഒരു വഴി ദൈവമായി കൊണ്ടു തന്നപ്പോ...മാറ്റി വച്ചു നടത്താൻ ഇത് കല്യാണമൊന്നുമല്ല... " സലിം സാർ രോഷപ്പെട്ടു.
"സാറിന് അറിയാല്ലോ എന്റെ അവസ്ഥ. യാത്രയ്ക്കും ചികിത്സക്കും ഒക്കെ വേണ്ട പണം സ്വരൂപിക്കാനുള്ള സാവകാശമാ ഞാൻ പറഞ്ഞ ഒരു വർഷം "
"നമ്മുടെ സൗകര്യം നോക്കി രോഗാവസ്ഥ ഇരിക്കില്ലല്ലോ നിരഞ്ജാ " ഡോക്ടർ ഓർമപ്പെടുത്തി.
"കാശിന്റെ കാര്യമോർത്ത് താൻ വേവലാതിപ്പെടണ്ട. അതൊക്കെ ഞങ്ങള് ആലോചിച്ചു വച്ചിട്ടുണ്ട്.. " സലിം സാർ അവന്റെ ചുമലിൽ തട്ടി ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു.
"സാർ ...... "
"അതേടോ... താനിപ്പോ യാത്രയ്ക്ക് പോകാനുള്ള തയ്യാറെടുപ്പുകളെ പറ്റി ചിന്തിച്ചാൽ മതി. വീട്ടിൽ ചെന്ന് അമ്മയോടും ചേച്ചിയോടും കാര്യം പറയണം. അവരോട് ചികിത്സയെപ്പറ്റി ഞാൻ സൂചിപ്പിച്ചിരുന്നു. ഡോക്ടറെ കണ്ടതിനു ശേഷമുള്ള റിസൾട്ടിനായ് കാത്തിരിക്കയാവും രണ്ടാളും "
നിരഞ്ജൻ പെട്ടെന്ന് തന്റെ അധ്യാപകനെ കെട്ടി പുണർന്നു. അവന്റെ കണ്ണുകൾ നീർച്ചാലായി പരിണമിച്ചു. സലിം, തോമസിനെ നോക്കി മന്ദഹസിച്ചു.
രണ്ടാഴ്ചക്കുള്ളിൽ കാനഡയിലേക്കുള്ള യാത്രയ്ക്കായി നിരഞ്ജൻ തയ്യാറായി. പോകുന്നതിനു മുമ്പ് ഗൗരിയെ ഒന്നു കാണണമെന്ന് അവന് തോന്നി. പിന്നെ കടിഞ്ഞാണില്ലാത്ത ചിന്തയ്ക്കൊടുവിൽ വേണ്ടെന്നു തീരുമാനിക്കുകയും ചെയ്തു.
' നേരിട്ട് യാത്ര ചെന്നു പറഞ്ഞാൽ അവൾ കാത്തിരിക്കും. അതു വേണ്ട.. ഒരുപക്ഷേ, സർജറി പരാജയമാണെങ്കിൽ ....' നിരഞ്ജന്റെ ചിന്തകൾ കാടു കയറി. ശുഭാപ്തി വിശ്വാസം എന്നോ എവിടെയോ നഷ്ടപ്പെട്ടതാണ് ജീവിതത്തിൽ.
എങ്കിലും അവൻ ഒന്ന് തീരുമാനിച്ചുറപ്പിച്ചു. എല്ലാം നന്നായിട്ടാണ് തിരിച്ചു വരുന്നതെങ്കിൽ ആദ്യം കാണുക ഗൗരിയെ ആയിരിക്കും. നിശ്വാസത്തോടെ നിരഞ്ജൻ പുഞ്ചിരിച്ചു.
🖤
കോളേജിലെ അവസാന ഗെറ്റ് ടുഗെതറിനും, ടീ സിക്കു വരേണ്ടി വന്ന ദിവസവുമൊക്കെ ഒരാളുടെ അഭാവം മാത്രമേ ഗൗരിയെ ആകുലപ്പെടുത്തിയുള്ളൂ.
വളരെ നേരത്തെ വന്നും, വളരെ വൈകി മടങ്ങിയും നിരഞ്ജനെ മാത്രം പ്രതീക്ഷിച്ച് ഗൗരി കോളേജിൽ പല ദിവസങ്ങളിലും കാത്തു നിന്നു. പക്ഷേ, അവളുടെ പ്രതീക്ഷകൾ നീളുക മാത്രമായിരുന്നു. അതിന് അടിവരയിടാനോ പൂർത്തീകരിക്കാനോ നിരഞ്ജൻ വന്നില്ല.
എം എസ് സി റിസൾട്ട് വന്നപ്പോൾ റാങ്കോടു കൂടി തന്നെ അവൾ പാസ്സായി. അതിന്റെ മധുരം പങ്കിടാനായി കോളേജിൽ ചെന്നപ്പോഴാണ് നിരഞ്ജനും മികച്ച മാർക്കുണ്ടെന്ന വിവരം അറിഞ്ഞത്. ഒപ്പം സലിം സാറിൽ നിന്ന് മറ്റൊരു കാര്യവും അറിഞ്ഞു.
ചികിത്സയ്ക്കായി നിരഞ്ജൻ കാനഡയിലേക്ക് പോയെന്ന്. പോയിട്ട് ഒരു മാസമാകുന്നു. കേട്ട വാർത്ത ഗൗരിക്ക് നൽകിയ സന്തോഷം അളവറ്റതായിരുന്നു. പക്ഷേ തൊട്ടു പിന്നാലെ ഒരു നൊമ്പരവും അവളെ വരിഞ്ഞു മുറുക്കി. 'ഒന്നു കാണാനോ ഒരു വാക്ക് പറയാനോ നിരഞ്ജൻ ശ്രമിച്ചില്ല... തീർത്തും അവഗണിക്കുകയാണോ.... ' ഗൗരിക്ക് വിങ്ങലടക്കാനായില്ല.
അച്ഛനെയും അമ്മയെയും വിട്ടു നിൽക്കാൻ ഒട്ടും ആഗ്രഹമില്ലാഞ്ഞിട്ടും ഗൗരി പിജി ചെയ്യാൻ തീരുമാനിച്ചത് നാടിനു പുറത്ത് എവിടെയെങ്കിലുമാണ്. നിരഞ്ജന്റെ ചിന്തകളിൽ നിന്നും കര കയറാത്ത മനസ്സ്, തന്നെ ഓർമ്മകളിൽ തളച്ചിടുമോ എന്നവൾ ഭയന്നു. മകളുടെ ആഗ്രഹത്തിന് ഇഷ്ടമില്ലാതിരുന്നിട്ട് കൂടി ആ അച്ഛനും അമ്മയും മൗനസമ്മതം മൂളി.
🖤
(തുടരും)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ