2020 ഒക്‌ടോബർ 4, ഞായറാഴ്‌ച

കാഴ്ചകൾക്കുമപ്പുറം 2️⃣


©️Copyright Protected 


..................... 


            ഒരാഴ്ച്ച കൂടി കഴിഞ്ഞാൽ പരീക്ഷ തുടങ്ങുകയാണ്. ഗൗരിക്ക് ഒന്നിലും മനസ്സിരുത്താനേ കഴിഞ്ഞില്ല. അവളുടെ ചിന്ത മുഴുവൻ നിരഞ്ജനിൽ കുരുങ്ങി കിടന്നു. 


             ഒരു മാസത്തിനുള്ളിൽ എല്ലാം അവസാനിക്കും. ഈ കോളേജും ക്ലാസ്സ് മുറിയും സൗഹൃദങ്ങളുമൊക്കെ  ഭൂതകാലത്തിലേക്ക് ചേക്കേറും. പിന്നെ, നിരഞ്ജനും... അതവൾക്ക് സങ്കല്പിക്കാനേ ആയില്ല. 


          ഓരോന്ന് ആലോചിച്ചിരിക്കവെ നിരഞ്ജൻ ഇടനാഴിയിലൂടെ നടന്നു വരുന്നത് കണ്ടതും പെട്ടെന്ന് തന്നെ ഗൗരി ക്ലാസ്സിൽ നിന്നും വരാന്തയിലേക്ക് ഓടിയിറങ്ങി. തൊട്ടുമുന്നിൽ പ്രതീക്ഷിക്കാതെ അവളെ കണ്ടതും ആദ്യമൊരു അമ്പരപ്പായിരുന്നു നിരഞ്ജന്റെ മുഖത്ത്. പിന്നെ അതൊരു മന്ദഹാസമായി മാറി. 


           നിരഞ്ജൻ നടന്നകന്നിട്ടും ഗൗരി അതേ നിൽപ്പ് തുടർന്നു. എന്തെങ്കിലും സംസാരിക്കാം എന്നു കരുതി ഓടി വന്നതാണ്. പക്ഷേ, അപ്രതീക്ഷിതമായി ഒരു ചിരി നൽകി കൊണ്ട് നിരഞ്ജൻ പോയിരിക്കുന്നു. അവൾക്കതൊരു ശുഭ സൂചനയായി തോന്നി. അവൻ നടന്നു മറഞ്ഞ വഴിയിലേക്ക് കണ്ണയച്ച് അവൾ ചെറു പുഞ്ചിരി തൂകി. 


              വീട്ടിലെത്തിയിട്ടും നിരഞ്ജന്റെ ചിരിക്കുന്ന മുഖം മുന്നിൽ നിറഞ്ഞു നിൽക്കുന്നതായ് ഗൗരിക്ക് തോന്നി. പരീക്ഷയ്ക്കു പഠിക്കാൻ പുത്തൻ ഉന്മേഷം കിട്ടിയ പോലെ അവൾ ആഹ്ലാദത്തിലായി. 


              മുന്നിലിരുന്ന പുസ്തകം മടക്കി വച്ച്   അവൾ മേശയ്ക്കുള്ളിൽ ഭദ്രമായി സൂക്ഷിച്ചിരുന്ന മാഗസിൻ പുറത്തേക്കെടുത്തു. ഓരോ താളുകളും മറിച്ചു കൊണ്ട് അവളുടെ വിരലുകൾ 25 ആം താളിൽ നിശ്ചലമായി. ഗൗരിയുടെ കണ്ണുകൾ നനവാർന്നു. 


              കവിതയിലേക്ക് മിഴി പൂണ്ടിരിക്കവേ ഉതിർന്നു വീണ നീർത്തുള്ളി അവൾ മെല്ലെ തുടച്ചു മാറ്റി. നിരഞ്ജന്റെ വരികൾക്കു മേലെ അതൊരു പാടായി അവശേഷിച്ചു. 


                                      🖤


          " ഇനിയൊരു പ്രാക്ടിക്കൽ പരീക്ഷ കൂടിയേ  ഉള്ളൂ. അതും കഴിഞ്ഞാൽ....ഞാൻ സംസാരിക്കട്ടെ നിരഞ്ജനോട്‌.. " 

     

          വേണിയുടെ ചോദ്യം കാതിലെത്തിയിട്ടും ഗൗരി നിശബ്ദയായിരുന്നു. 

     

         "നീയെന്താ ആലോചിക്കുന്നേ...? ഇനി എന്ന് പറയാമെന്നാ. ഞാൻ തന്നെ മുൻകൈ എടുക്കേണ്ടി വരും "

        

           "വേണ്ട... ഞാൻ സംസാരിച്ചോളാം "

        

            "എപ്പോ "

          

            "നാളെ "

       

             "നാളെ ലാബ് എക്സാം ഉള്ളതല്ലേ.... അതുകൂടി കഴിഞ്ഞാൽ പിന്നെ എന്നാ " വേണിയുടെ ക്ഷമ കെട്ടു.

          

             "നാളെത്തന്നെ.. പ്രാക്ടിക്കൽ കഴിയുമ്പോ...."ഗൗരിയുടെ ശബ്ദം ഉറച്ചു നിന്നു.

       

           "മ്മ്.... നാളെ നീ പറഞ്ഞില്ലേൽ, വിഷയം ഞാൻ  പൊട്ടിക്കും. നിന്നെ മുന്നിൽ നിർത്തി അവനോട് നാലു വർഷത്തെ പ്രണയ കഥ ഒന്നൊഴിയാതെ ഞാൻ പറയും " വേണിയുടെ സ്വരത്തിൽ താക്കീത് നിറഞ്ഞു.

       

              "ഉം.. " ഗൗരി മൂളി 


                                    🖤

        

               പ്രാക്ടിക്കൽ ചെയ്തു കഴിഞ്ഞ് പേപ്പർ എക്സാമിനറെ ഏൽപ്പിച്ചു കൊണ്ട് ഗൗരി ലാബിൽ നിന്നും പുറത്തേക്ക് നടന്നു. വാതിലിനരികിൽ എത്തിയതും അവൾ തിരിഞ്ഞു നോക്കി. എഴുതിയ പേപ്പറുകൾ വീണ്ടും മറിച്ചു നോക്കിക്കൊണ്ട് നിൽക്കുകയാണ് നിരഞ്ജൻ. അവൾ പുറത്തേക്കിറങ്ങി. 


               ഇടനാഴിയിലെ തൂണിൽ തല ചായ്ച്ചു നിൽക്കവെ അവളുടെ ഹൃദയം പെരുമ്പറ മുഴക്കാൻ തുടങ്ങി. ഏതു നിമിഷവും നിരഞ്ജൻ പുറത്തേക്ക് വരാം. സകല ദൈവങ്ങളേയും മനസ്സിൽ കുടിയിരുത്തി അവൾ എള്ളോളം ധൈര്യത്തിനായി കേണു. 


              പേന പോക്കറ്റിനുള്ളിലേക്ക് തിരുകി വച്ചു കൊണ്ട് നിരഞ്ജൻ പുറത്തേക്ക് വന്നു. ഗൗരിയെ കണ്ടതും മന്ദഹാസത്തോടെ തലയാട്ടി,  ഔപചാരികമായ വിട ചൊല്ലൽ പോലെ. അവൾ ശ്വാസമടക്കി പിടിച്ചു നിന്നതല്ലാതെ പ്രതികരിച്ചില്ല. അത് ഗൗനിക്കാതെ അവൻ നടന്നു നീങ്ങി. 


              താഴേക്കിറങ്ങാനുള്ള പടിക്കെട്ടിനടുത്തെത്തിയതും പിന്നിൽ നിന്നുമുള്ള വിളി കേട്ട് നിരഞ്ജൻ തിരിഞ്ഞു നോക്കി. ഗൗരി അവനരികിലേക്ക് നടന്നു വന്നു. എങ്ങനെ തുടങ്ങണമെന്നറിയാതെ അവൾ നിന്നു പരുങ്ങി. 


             "എന്താ ഗൗരി? " നിരഞ്ജന്റെ ശബ്ദം, മൂകമായ ഇടനാഴിയുടെ തൂണുകളും ചുമരുകളും പ്രതിധ്വനിപ്പിച്ചു. 

          

             "അത്.... "


             "ഉം...? "


             "അത് പിന്നെ... ഒര്.. ങ്ഹാ...ഓ.. 

ഓട്ടോഗ്രാഫ്... അതിനാ വിളിച്ചത് " നാവിൽ വന്നത് പെട്ടെന്ന് പറഞ്ഞു കൊണ്ട് അവൾ ബാഗിനുള്ളിലിരുന്ന ഡയറി പുറത്തെടുത്ത്  നിരഞ്ജന് നേരെ നീട്ടി. 


          "ഇപ്പോ മനസ്സിൽ തോന്നുന്ന രണ്ടു വരി,  കവിതയായ് ഇതിൽ എഴുതണം..... എനിക്കു വേണ്ടി... "


          ഗൗരിയുടെ മുഖത്തു നിന്നും നിരഞ്ജന്റെ കണ്ണുകൾ വഴുതിയകന്നു. 


          " നിരഞ്ജന് ഓട്ടോഗ്രാഫ് വേണ്ടേ, എഴുതിപ്പിക്കുന്നത് കണ്ടില്ലല്ലോ  "


          അവളുടെ മുഖത്തു നോക്കാതെ ഡയറിയുടെ ഓരോ താളുകളായി മറിച്ചു കൊണ്ട് തന്നെ അവന്റെ മറുപടി വന്നു ;


           "ഓർമ്മിക്കാൻ വരികൾ വേണമെന്നുണ്ടോ. ജീവിതത്തിന്റെ  തിരക്കൊഴിഞ്ഞ ഏകാന്തതയിൽ ഒരു ഓട്ടോഗ്രാഫ് തുറന്നു നോക്കാതെ തന്നെ ഈ ക്യാമ്പസ്‌ ജീവിതം എന്റെ മനസ്സിൽ ചിറകടിച്ചു കിടക്കും.. "


          ഒരു പുതിയ പേജ് തുറന്നു കൊണ്ട് അവൻ, പോക്കറ്റിനുള്ളിലിരുന്ന പേന കൈയ്യിലെടുത്തു. 


           "എന്നെയും അങ്ങനെ.... ഓർക്കുമോ? " ഗൗരി പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു. 


            അപ്രതീക്ഷിതമായ ചോദ്യം കേട്ടത് പോലെ നിരഞ്ജൻ അവളെ രൂക്ഷമായി നോക്കി. 


                 "എനിക്ക് നിരഞ്ജന്റെ കവിതകളിഷ്ടമാണ്. അതിനേക്കാളേറെ...., ഇനി നമ്മൾ കാണുമോ എന്നറിയില്ല. അതുകൊണ്ടാ.. ഞാൻ... "


             "മനസ്സിലായില്ല "


             "മനസ്സിലായില്ല..... ഇതിലധികമായി എങ്ങനെയാ ഞാൻ പറയേണ്ടേ.. മനസ്സിലാകാത്തതല്ല, നിരഞ്ജൻ മനസ്സിലാക്കാൻ ശ്രമിക്കാത്തതാ.... 


            ഇനിയും തുറന്നു പറയാം, എന്റെ  ഇഷ്ടം ഞാനെന്റെ വീട്ടിൽ അറിയിച്ചിട്ടുണ്ട്. ഇനി അറിയേണ്ടത് നിരഞ്ജന്റെ നാവിൽ നിന്നാണ്..... " ഗൗരി ഇടറിയ ശബ്ദത്തിൽ പറഞ്ഞു നിർത്തി. 


            നെടുവീർപ്പു കലർന്ന മന്ദഹാസം മാത്രമായിരുന്നു അവൾക്ക് കിട്ടിയ മറുപടി. 

നോവ് കലർന്ന അരിശത്തോടെ ഗൗരി നിരഞ്ജനെ നോക്കി. 


          "എന്താ നിരഞ്ജൻ ഇങ്ങനെ... ഒരു പെണ്ണായിട്ടു കൂടി  മനസ്സിലുള്ളത് ഞാൻ തുറന്നു പറഞ്ഞില്ലേ.. നാലു വർഷം ഹൃദയത്തിൽ സൂക്ഷിച്ചതിന്റെ നൂറിൽ ഒന്നു പോലും മനസ്സിലാക്കിത്തരാൻ എനിക്കായിട്ടില്ല. ഹൃദയം തുറന്ന് കാണിക്കാനും കഴിവില്ല... " ഗൗരിയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. 


         "നാലു വർഷം... ങ്ഹും.. താൻ തെറ്റ് ചെയ്തു ഗൗരി. ഒരിക്കലെങ്കിലും ഇങ്ങനെയൊരു ഇഷ്ടത്തെപ്പറ്റിയുള്ള സൂചന എനിക്ക് തന്നിരുന്നെങ്കിൽ ഞാൻ വിലക്കുമായിരുന്നു. തന്റെ ഹൃദയത്തിൽ,  നൂറിൽ ഒരംശമായിപ്പോലും ഞാൻ അവശേഷിക്കുമായിരുന്നില്ല... അതിനുള്ള അവസരം ഞാൻ ഉണ്ടാക്കുമായിരുന്നില്ല...."


         "നിരഞ്ജാ... " ഗൗരിയുടെ സ്വരം ദയനീയമായി. 


         "ഗൗരി ഞാൻ തനിച്ചു ജീവിക്കാനാണ് ഇഷ്ടപ്പെടുന്നത്.. " സംഭാഷണത്തിന് ഒരു അടിവരയിട്ടതു പോലെ നിരഞ്ജന്റെ ശബ്ദം കനത്തു. പിന്നെ ഡയറിയിൽ എന്തോ എഴുതി തുടങ്ങി. 


        വിട്ടു കളയാൻ മനസ്സില്ലാത്തതു പോലെ, ഗൗരിയുടെ ശബ്ദം ഉയർന്നു ;


         "എന്താ നിരഞ്ജന്റെ പ്രശ്നം? ആരോടും ഒന്നും മിണ്ടാതെ എല്ലാത്തിൽ നിന്നും ഓരൊളിച്ചോട്ടം നടത്തുകയാ നിരഞ്ജനെന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്. ആ ഏകാന്തത തന്നെയാ നിരഞ്ജനെ നയിക്കുന്നതും. എന്തിനാ ഇങ്ങനെ അകലുന്നത്..  കവിത മനസ്സിൽ നിറയാനോ.. 


              കളിചിരിയില്ലാതെ സൗഹൃദങ്ങളില്ലാതെ,  എഴുത്തും വായനയും ഏകാന്തതയും മാത്രം നിറഞ്ഞാൽ ജീവിതമാക്വോ... 


           കുറച്ചു മുൻപേ പറഞ്ഞില്ലേ, ഓട്ടോഗ്രാഫിലെ വരികളില്ലാതെ തന്നെ ക്യാമ്പസ്‌ ജീവിതത്തിന്റെ ഓർമ്മകൾ മനസ്സിൽ ചിറകടിച്ചു നിൽക്കുമെന്ന്. അങ്ങനെ ഓർമ്മിക്കാൻ നിരഞ്ജന് എന്താണുള്ളത്.. 


             ഒരു ലൈബ്രറിയും അതിനുള്ളിലെ പുസ്തകങ്ങളും പിന്നെ മണ്ണും മാനവും കുറേ മരങ്ങളുമല്ലാതെ എന്തെങ്കിലുമുണ്ടോ? സൗഹൃദത്തിന്റെ ഇണക്കമോ പിണക്കമോ ഒന്നുമില്ല... 


              വർഷങ്ങൾക്ക് ശേഷം  മനസ്സിനുള്ളിൽ ചിറകടിച്ചു നിൽക്കുമെന്ന് പറഞ്ഞ ഓർമ്മകളെ പകുത്തു നോക്കുമ്പോ, കെട്ടിയിട്ടിരുന്ന ആ ചിറകുകൾക്ക് കിടന്നു പിടയ്ക്കാനേ കഴിയൂ. ഒരിക്കലും നിരഞ്ജന്റെ കോളേജ് ജീവിതത്തിലേക്ക് പറന്നുയരാൻ കഴിയില്ല... "


         നിരഞ്ജന്റെ മിഴികൾ നനവാർന്നു. 


       "ഒരിക്കൽ കൂടി പറയട്ടെ ഗൗരി, താൻ തെറ്റ് ചെയ്തു... ഈ അഞ്ചു വർഷത്തിനുള്ളിൽ തനിക്കെന്റെ നല്ലൊരു സുഹൃത്തായിട്ടെങ്കിലും കടന്നു വരാമായിരുന്നു... "


         "ഇനിയും വരാമല്ലോ....ഒരു 

ജീവിതപങ്കാളിക്ക് ഏറ്റവും നല്ലൊരു സുഹൃത്താകാനും കഴിയും... "


         "അതെ...പക്ഷേ, നല്ലൊരു സുഹൃത്തെന്നാണ് ഞാൻ പറഞ്ഞത്.. കൂട്ടുകാരി. അതുമതി എനിക്ക് "


         "എന്നിട്ടും.. " ഗൗരി കരച്ചിലിന്റെ വാക്കോളമെത്തി ; "എനിക്കെന്തേലും കുറവുണ്ടോ? അതോ നിരഞ്ജന് എന്തെങ്കിലും പ്രശ്നമോ... പറഞ്ഞു കൂടേ.. "


          ഡയറി മടക്കി അവളുടെ കൈയ്യിൽ നൽകി അവൻ മന്ദഹസിച്ചു, നൊമ്പരം കലർന്ന മന്ദഹാസം. 


           "നല്ലൊരു ഭാവി നേരുന്നു തനിക്ക്... ബൈ.... "


          തിരിഞ്ഞ് പടിയിറങ്ങാൻ തുടങ്ങവേ പെട്ടെന്ന് കാലിടറി നിരഞ്ജൻ വീഴാൻ ഭാവിച്ചതും ഗൗരി അവന്റെ കൈയ്യിൽ മുറുകെ പിടിച്ചു. നേരെ നിലയുറപ്പിച്ച് അവൻ അവളുടെ മുഖത്തേക്ക് നോക്കി. 


          "താങ്ക് യൂ..... "


         അവളുടെ കൈ സ്വന്തം കൈയ്യിൽ  നിന്നും വേർപെടുത്തവേ, പെട്ടെന്ന് രണ്ടു തുള്ളി കണ്ണുനീർ അവന്റെ കൈയ്യിൽ വീണു ചിതറി. തല ഉയർത്തി നിരഞ്ജൻ അവളുടെ മുഖത്തേക്ക് നോക്കി. പെയ്യാൻ വിതുമ്പി നിൽക്കുന്ന രണ്ടു കണ്ണുകൾ അവനെ അസ്വസ്ഥനാക്കി.

   

         "ഗൗരി പ്ലീസ്...... "


                          

                                       🖤


                                                            (തുടരും)




1 അഭിപ്രായം: