.....................
ചൂട് കലർന്ന നെടുവീർപ്പിനൊടുവിൽ നിരഞ്ജൻ സ്വന്തം കണ്ണുകൾ അമർത്തി തുടച്ചു കൊണ്ട് ഗൗരിയുടെ മുഖത്തേക്ക് നോക്കി.
"എന്താ എന്റെ പ്രശ്നമെന്ന് ചോദിച്ചില്ലേ... ഇത് തന്നെയാ എന്റെ പ്രശ്നം..
ഇപ്പോഴെന്റെ കാലിടറിയത് കണ്ണു നിറഞ്ഞ് കാഴ്ച മങ്ങിയത് കൊണ്ടല്ല. വിധി കരുതി വച്ചിരിക്കുന്ന ഇരുട്ട് മെല്ലെ കണ്ണിലേക്ക് അരിച്ചിറങ്ങുന്നത് കൊണ്ടാ....
ഇനിയെത്ര നാളെന്നറിയില്ല, എന്റെ കാഴ്ചകളെ കരിമ്പുതപ്പണിയിച്ചു കൊണ്ട് ഇരുട്ടെന്റെ ജീവിതപങ്കാളിയാകാൻ... " വാക്കുകൾക്ക് ഇടവേള നൽകി നിരഞ്ജൻ മന്ദഹസിച്ചു.
"നിരഞ്ജാ... എന്തൊക്കെയാ ഈ പറയുന്നേ... " ഗൗരിയുടെ സ്വരത്തിൽ അവിശ്വസനീയത നിറഞ്ഞു.
"മനസ്സിലായില്ലേ..., മെല്ലെ മെല്ലെ ഒരു കണ്ണു പൊട്ടന്റെ രൂപത്തിലേക്ക് പോകുന്നവനാണ് ഞാനെന്ന്... "
"നിരഞ്ജാ.... "
"താനെന്തിനാടോ ഞെട്ടുന്നത്...എന്നെ കാത്തിരിക്കുന്ന വിധി ഞാൻ ആദ്യമായി കേട്ട നിമിഷം ഗൗരിക്ക് ചിന്തിക്കാനാകുന്നുണ്ടോ?
സർവ്വതിനോടും വെറുപ്പും നിരാശയും... ഭ്രാന്ത് പിടിക്കുമെന്ന് പോലും തോന്നിപ്പോയി. മരണം മാത്രം മുന്നിൽ കണ്ട ദിവസങ്ങൾ..
പിന്നെ എങ്ങനെ ഇങ്ങനെയായി എന്ന് എനിക്ക് തന്നെ അറിയില്ല.. എപ്പോഴോ ഉപേക്ഷിച്ച കവിതാ ഭ്രാന്തിനെ കൂടെ കൂട്ടി. ഒരുതരം വാശി, കണ്ണിൽ ഇരുട്ട് കൂടു കൂട്ടും മുമ്പേ വായിക്കാൻ കഴിയുന്നതിലധികം വായിക്കണം, എഴുതാനുള്ളതത്രയും എഴുതി തീർക്കണം. പക്ഷേ... പക്ഷേ, മതിയാകുന്നില്ല. എത്ര എഴുതിയിട്ടും.
ഇടയ്ക്കിടയ്ക്ക് ഒരു മുന്നറിയിപ്പ് പോലെ, ദാ കുറച്ചു മുമ്പേ കണ്ടില്ലേ.. അതുപോലെ കണ്ണിലേക്കു ഇരുട്ട് ഒഴുക്കി വിട്ട് എന്നെ ഭയപ്പെടുത്തും. ക്ലാസ്സിനുള്ളിൽ വെച്ച് എത്ര തവണ ഞാൻ ഭയപ്പെട്ടിട്ടുണ്ടെന്നറിയാമോ... ആരും ഒന്നുമറിയാതിരിക്കാൻ എത്ര പണിപ്പെട്ടിട്ടുണ്ടെന്നും... "
ഗൗരിയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. അതു കാൺകെ നിരഞ്ജൻ അരുതെന്ന് തല ചലിപ്പിച്ചു വിലക്കി.
"എന്നോട് സഹതപിക്കരുത് ഗൗരി. അതെന്നെ തളർത്തും. എന്റെ കവിതകളെ ഇഷ്ടപ്പെടുന്ന ഗൗരി, മാഗസീനിൽ ഞാൻ അവസാനമായെഴുതിയ കവിത ഓർക്കുന്നുണ്ടോ... 'ലാസ്റ്റ് ട്രാക്ക് ഓഫ് മൈ വിഷൻ.., അതെ എന്റെ കാഴ്ച അവസാന ട്രാക്കിലാണ്. അതിലെ ഓരോ വരികളും ഞാൻ കാത്തിരിക്കുന്ന എന്റെ വിധിയെക്കുറിച്ചുള്ളതാണ്...
ഇതിലധികം ഇനി ഞാൻ പറയണോ ഗൗരിയോട് എന്റെ പ്രശ്നത്തെക്കുറിച്ച്.... "
ഒരു ഞൊടി നേരം അവൾ മൗനം പൂണ്ടു. ശബ്ദമിടറാതെ പറഞ്ഞു തുടങ്ങാൻ വേണ്ടി മാത്രം. പിന്നെ മുരടനക്കി തുടങ്ങി ;
"സത്യത്തിൽ നിരഞ്ജനെ ഞാൻ എത്രയധികം സ്നേഹിക്കുന്നുണ്ടെന്ന് എനിക്ക് തന്നെ ബോധ്യമായത് ഇപ്പോഴാ.... നിരഞ്ജന്റെ കൂടെ ഞാനുണ്ടാകണമെന്ന് എനിക്കിപ്പോ തീർച്ചയായി...അല്ലാതെ എനിക്ക് പറ്റില്ലെന്നും... "
"സ്റ്റോപ്പിറ്റ്..... " നിരഞ്ജന്റെ സ്വരം ഉയർന്നു.
"ഇപ്പോ ഞാൻ നിർത്തിയാൽ, പിന്നീടൊരിക്കലും എനിക്ക് നിരഞ്ജനെ പറഞ്ഞ് മനസ്സിലാക്കാൻ കഴിയാതെ വരും.. അതുകൊണ്ടെനിക്ക് സംസാരിച്ചേ പറ്റൂ.. " ഗൗരി ഉറച്ച സ്വരത്തിൽ പറഞ്ഞു.
"ഇരുട്ട് പരക്കുന്നത് നിരഞ്ജന്റെ കണ്ണിനാണ്, മനസ്സിനല്ല. എനിക്കാ മനസ്സു മതി"
നിരഞ്ജന്റെ രൂക്ഷമായ നോട്ടത്തെ അവഗണിച്ചു കൊണ്ടു തന്നെ ഗൗരി തുടർന്നു.
"സുഖത്തിലും സന്തോഷത്തിലും മാത്രം വേണ്ടുന്ന ഒന്നല്ല സ്നേഹം. ഇഷ്ടപ്പെടുന്നവരുടെ കുഞ്ഞു കുഞ്ഞു കഷ്ടതകൾക്കും വല്യ വല്യ സങ്കടങ്ങൾക്കും ഒക്കെ മരുന്ന് സ്നേഹമാണ്.
നിരഞ്ജന്റെ കാഴ്ച നഷ്ടപ്പെട്ടാലും ഒരു താങ്ങായി ഞാൻ കൂടെ ഉണ്ടാകും. അങ്ങനെയൊരാളുടെ സഹായം ആവശ്യവുമാണ്. അത് ഞാനായിക്കൂടെ ?
ഓരോ ചുവടിലും ഞാൻ കൂടെ കാണും. എന്റെ കണ്ണുകൾ നിരഞ്ജന്റെ കാഴ്ചകൾക്കായി മാത്രം തുറക്കും. ഞാൻ കാണുന്ന കാഴ്ചകളും വായിക്കുന്ന വാക്കുകളും നിരഞ്ജന് വേണ്ടി മാത്രമായിരിക്കും " ആത്മവിശ്വാസത്തോടെ ഗൗരി പറഞ്ഞു നിർത്തി.
നിരഞ്ജന്റെ ചുണ്ടിൽ ചിരി വിടർന്നു. "പറയാനെളുപ്പമാണ് ഗൗരി... നമുക്ക് മുന്നിൽ കിടക്കുന്ന ജീവിതത്തിൽ ഇതൊന്നും സാധ്യമല്ല. ഒരു കണ്ണു പൊട്ടന്റെ കൂടെ... ങ്ഹും.... ഒരു ജീവിതമെന്ന് പറയുന്നത് നമ്മൾ രണ്ടു പേർ മാത്രമടങ്ങുന്നതല്ലല്ലോ..
... എന്റെ അന്ധത ഭാവിയിൽ ഒരുപക്ഷേ, പലതിനേയും ബാധിച്ചേക്കാം. ഏതെങ്കിലും ഒരവസരത്തിൽ ഗൗരിക്ക് തന്നെയത് ഭാരമായിത്തീരാം.. "
"നിരഞ്ജാ.. " വിങ്ങലോടെ ഗൗരി വിളിച്ചു ; "സ്വന്തം കുറവിനെ ഇത്രയും ബലഹീനമായി കാണരുത്. സത്യത്തിൽ ഇതൊരു കുറവല്ലല്ലോ.., എത്ര പേർ ജീവിക്കുന്നു കുടുംബം കുട്ടികളായി. എനിയ്ക്കുറപ്പുണ്ട് നമ്മളും ജീവിക്കും... പിന്നെന്താ ?"
"എനിക്കിനി ഒന്നും സംസാരിക്കാനില്ല ഗൗരി. ഇനി നമ്മൾ കാണില്ല..... മ്മ്... ബൈ.. "
ഗൗരി പെട്ടെന്ന് നിരഞ്ജന്റെ കൈയ്യിൽ പിടുത്തമിട്ടു. അവൻ അസ്വസ്ഥതയോടെ ചുറ്റും നോക്കി.
"കൈ വിട് ഗൗരി "
"ഇല്ല.... നിരഞ്ജനെന്നെ മനസ്സിലാക്കാൻ ശ്രമിക്കാദ്യം. എന്റെ ജീവിതം നല്ലതാകണം എന്ന ആഗ്രഹമുള്ളത് കൊണ്ടല്ലേ ആരോടും പറയാത്ത രഹസ്യം എന്നോട് പറഞ്ഞത്? പക്ഷേ, നിരഞ്ജനെ കൂടാതെ ഒരു ജീവിതം എനിക്കില്ലെങ്കിലോ.."
"തനിക്ക് ഭ്രാന്താ..." നിരഞ്ജൻ അമർഷത്തോടെ പറഞ്ഞു.
"അതേ ഭ്രാന്ത്. നാലു കൊല്ലമായി ഈ ഭ്രാന്ത് തുടങ്ങിയിട്ട്. എന്റെ ഭ്രാന്ത് ഭേദമാകണമെങ്കിൽ നിരഞ്ജനെന്റെ കൂടെയുണ്ടാകണം..
ഒരേ ഒരു ചോദ്യം... എന്റെ സ്ഥാനത്ത് നിരഞ്ജനായിരുന്നെങ്കിൽ... ഇങ്ങനെയൊരവസ്ഥ എനിക്കായിരുന്നെങ്കിൽ... നിരഞ്ജനെന്നെ മറക്കാൻ കഴിയുമോ? ഉള്ളിലെ സ്നേഹം ഉപേക്ഷിക്കാൻ തയ്യാറാകുമായിരുന്നോ..പറയ്യ്? "
മറുപടി ഇല്ലാതെ നിരഞ്ജൻ നിന്നപ്പോൾ, ഗൗരിയുടെ ചുണ്ടിൽ പുഞ്ചിരി വിരിയാൻ തുടങ്ങി. എന്നാൽ വൈകാതെ തന്നെ നിരഞ്ജന്റെ ഉത്തരം പുറത്തേക്ക് വന്നു ;
"ഈ ചോദ്യം തന്നെയാണ് ഗൗരി എന്റെ ഉത്തരം. എന്റെ സ്ഥാനത്ത് ഗൗരിയായിരുന്നെങ്കിൽ സ്നേഹിക്കുന്നയാളുടെ ജീവിതത്തെ കൂടി ഇരുട്ടിലേക്ക് വലിച്ചിഴക്കുമായിരുന്നോ..? തനിക്കതിന് കഴിയുമെന്നാണ് മറുപടിയെങ്കിൽ.. തന്റെ ചോദ്യത്തിനുള്ള എന്റെ ഉത്തരം എല്ലാം മറക്കാനും, ആ സ്നേഹം ഉപേക്ഷിക്കാനും എനിക്കും കഴിയും എന്ന് തന്നെയാണ്....
ഇനി ഒരു ചോദ്യോത്തരം നമുക്കിടയിൽ ആവശ്യമില്ലെന്ന് തോന്നുന്നു... "
ഗൗരിയുടെ കൈ വേർപെടുത്തി നിരഞ്ജൻ നടന്നകന്നു. ഒരു ശില കണക്കെ നിശ്ചലയായി ഗൗരിയും.
🖤
ഓർമ്മകളിൽ വേദനയുണർത്താനായ് ഇങ്ങനെയൊരു ദിവസം വേണ്ടിയിരുന്നില്ല എന്ന് നിരഞ്ജന് തോന്നി. പിന്നെ സമാധാനിച്ചു, തന്നെ ഓർക്കാനും തന്റെ കവിതകളെ ആരാധിക്കാനും ഇങ്ങനെ ഒരാളുണ്ടെന്ന് സന്തോഷിക്കാമല്ലോ..
മുന്നിലെ കാഴ്ച മങ്ങിത്തുടങ്ങിയപ്പോൾ, നിരഞ്ജൻ കണ്ണുകൾ അമർത്തി തുടച്ചു. ഇപ്പോൾ തന്റെ കാഴ്ചകളെ മറയ്ക്കുന്നത് വിധിയുടെ ഇരുട്ടല്ല നിറഞ്ഞ കണ്ണുകളാണെന്ന് മനസ്സിലാക്കിയതും, ഗൗരിയുടെ മുഖം ഒരിക്കൽ കൂടി അവസാനമായി ഒന്നു കാണണമെന്ന് അവന് തോന്നി. പക്ഷേ, തിരിഞ്ഞു നോക്കാതെ അവൻ വേഗത്തിൽ നടന്നു. ഒരു പിൻനോട്ടം പ്രതീക്ഷിച്ച് അവൾ അവിടെത്തന്നെയുണ്ടാകുമെന്ന് ഭയന്ന്...
മുന്നോട്ട് നീങ്ങാനാവാത്ത വിധം കാലുകൾക്ക് ഭാരം അനുഭവപ്പെടുന്നതായി ഗൗരിക്ക് തോന്നി. കാലിലെ മരവിപ്പ് മനസ്സിലേക്കും പടർന്നിരിക്കുന്നു. തളർച്ച ബാധിച്ച ശരീരത്തെ ചുമരിലേക്ക് ചായ്ച്ച് അവൾ നിന്നു.
കാഴ്ചയിൽ നിന്ന് മറയും മുമ്പ് വരെയും അവൾ പ്രതീക്ഷിച്ചു, നിരഞ്ജൻ ഒരു തവണയെങ്കിലും തിരിഞ്ഞു നോക്കുമെന്ന്. അറിയാതെയെങ്കിലും അവന്റെ കണ്ണുകൾ അവളെ തിരയുമെന്ന് ആഗ്രഹിച്ചു. പക്ഷേ....
🖤
(തുടരും)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ