©️ Copyright Protected
...............
അസ്തമയ സൂര്യൻ ഒരു ചിത്രം പോലെ കൂത്താണ്ടർ കോവിലിനു മുകളിൽ മറഞ്ഞു നിൽക്കുന്നതും നോക്കി ശ്രീബാല നിന്നു.
തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട മുഹൂർത്തം നടക്കാൻ പോകുന്നത് ഈ സായം സന്ധ്യയിലാണ് അവൾ ഓർത്തു. ഈ ദിവസം മാത്രമല്ല, ഈ അസ്തമയവും.. സന്ധ്യയുമെല്ലാം ഇനി ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ടവയായി മാറാൻ പോകുകയാണ്.
വളകളുടെയും പാദസരങ്ങളുടെയും കിലുക്കത്തിനൊപ്പം സുന്ദരിമാരുടെ ചിരികളും കൂത്താണ്ടർ കോവിൽ പരിസരത്തെ ശബ്ദമുഖരിതമാക്കി മാറ്റി. പരിചയപ്പെടലും പരിചയം പുതുക്കലും നിറഞ്ഞ ക്ഷേത്ര പരിസരത്ത് എങ്ങും, അണിഞ്ഞൊരുങ്ങിയതിൽ മത്സരഭാവം കാട്ടി സുന്ദരിമാർ ഒഴുകി നടന്നു.
കുങ്കുമ നിറത്തിലുള്ള പട്ടുസാരിയണിഞ്ഞ്, കൈ നിറയെ കുപ്പിവളകളും മുടിയിൽ മുല്ലപ്പൂവും ചൂടി ശ്രീബാല ക്ഷേത്രത്തിനുള്ളിലേക്ക് നടന്നു കയറി. അരവാന്റെ പ്രതിഷ്ഠയ്ക്കു മുന്നിൽ കണ്ണുകളടച്ച് നിൽക്കവേ, അവളുടെ മുന്നിലേക്ക് അച്ഛനും അമ്മയും ഇറങ്ങി വന്നു. മനസ്സാലെ ആശീർവാദം നേടി അവൾ കൺകോൺ തുടച്ചു.
മഞ്ഞളിന്റെയും കർപ്പൂരത്തിന്റെയും സുഗന്ധം നിറഞ്ഞ കൂത്താണ്ടർ കോവിലിനകത്ത് വളരെ കുറച്ച് സ്ഥലമേയുണ്ടായിരുന്നുള്ളൂ. അതുകൊണ്ട് തന്നെ തിരക്ക് നന്നായി അനുഭവപ്പെട്ടു. പൂജ കഴിഞ്ഞതിനു ശേഷം താലി ചാർത്തുന്ന തിരക്കിലേക്കിറങ്ങി മൂന്നു പൂജാരിമാരും. സന്ധ്യ ഇരുട്ടി തുടങ്ങിയതോടെ തിരക്കുമേറുകയായി. ക്ഷേത്രത്തിനു പുറത്തും താലികെട്ട് നടക്കുന്നുണ്ട്.
സന്ധ്യയ്ക്കു തന്നെ ക്ഷേത്രത്തിനകത്ത് വന്നു നിന്നതു കൊണ്ട് ശ്രീബാലയ്ക്ക് അരവാന്റെ പ്രതിഷ്ഠയുടെ മുന്നിൽ തന്നെ മംഗല്യവതിയാകാനുള്ള ഭാഗ്യവും ലഭിച്ചു. താലി കഴുത്തിനോട് ചേർന്നതും അവൾ കണ്ണുകളടച്ചു നിന്നു.
ചുറ്റിനും അലയടിച്ചു കൊണ്ടിരുന്ന താളമേളങ്ങളും ശബ്ദ കോലാഹലങ്ങളും പെട്ടെന്ന് നിശ്ചലമായത് പോലെ. ഒരു നിമിഷം അവളാ സാങ്കൽപിക മൗനാങ്കണത്തിൽ ലയിച്ചു നിന്നു. പിന്നെ, മെല്ലെ കണ്ണു തുറന്ന് കോവിലിനുള്ളിലേക്ക് നോക്കി. അരവാന്റെ പ്രതിഷ്ഠയിൽ എന്തെന്നില്ലാത്ത ചൈതന്യം. കണ്ണിമയ്ക്കാതെ ആ കാഴ്ച നോക്കി നിൽക്കെ അച്ഛന്റെയും അമ്മയുടെയും മുഖം മനസ്സിനെ വീണ്ടും തൊട്ടുണർത്തി. ഈറനായ മിഴികൾ അമർത്തി തുടച്ചു കൊണ്ട്, പ്രതിഷ്ഠയെ ഒന്നുകൂടി നമിച്ചു. കോവിലിനുള്ളിലെ ഉന്തിത്തള്ളലിനെ അവഗണിച്ച് ശ്രീബാല തനിക്കു മുന്നിൽ നിന്ന പൂജാരിയുടെ പാദം തൊട്ടു വണങ്ങി.
തിരക്കും ബഹളവും അസഹനീയമായപ്പോൾ അവൾ കോവിൽ മുറ്റത്തേക്കിറങ്ങി. കടന്നൽ കൂടിളകിയതു പോലെ എങ്ങും ആരവം മാത്രം.
🔹
രാത്രിയുടെ യാത്ര പാതിവഴിയിലെത്തിയിരിക്കുന്നു കൂവാഗം ഉറക്കമെത്താത്ത ഉത്സവത്തിമിർപ്പിലാണ്. പാട്ടും ആട്ടവും മേളവുമായി അറവാണികളായി മാറിയ ഹിജഡ സുന്ദരികൾ തങ്ങളുടേത് മാത്രമാക്കി മാറ്റുകയാണ് കൂവാഗത്തെ ഉത്സവരാത്രി.
ചമയങ്ങളുമായി ആരെയും വെല്ലുന്ന സൗന്ദര്യത്തോടെ നടന്ന സുന്ദരികൾ ഇപ്പോൾ തീക്കുണ്ഡത്തിനു ചുറ്റും നൃത്തമാടുന്നത് ഉഗ്രസംഹാരിണികളെപ്പോലെയാണ്. മുടിയഴിച്ച് ചമയങ്ങളലങ്കോലമാക്കി രാത്രിയുടെ സൗന്ദര്യത്തെ ആവാഹിച്ചെടുക്കുന്ന രക്തരക്ഷസ്സുകളെ പോലെ.
ശ്രീബാലയ്ക്ക് ഈ ആനന്ദനൃത്തം ഭീതിയും അറപ്പുമുളവാക്കുന്ന വിധത്തിലാണ് അനുഭവപ്പെട്ടത്. അതാസ്വദിക്കാൻ കഴിയാത്ത ഭാവത്തിൽ അവൾ തന്റേതായ ചിന്തകളിൽ മുഴുകിയിരുന്നു.
'ലൈലാക്ക പറഞ്ഞതു പോലെ ഇനി ഇഷ്ടമുള്ള പുരുഷനെ തെരഞ്ഞെടുക്കുകയാണ് വേണ്ടത്.... ' അവൾ ചുറ്റിനും നിരീക്ഷിച്ചു.
'എങ്ങനെ തെരഞ്ഞെടുക്കും... ഒരാളെ കണ്ട് ഇഷ്ടപ്പെട്ടാൽ അങ്ങോട്ട് പോയി പരിചയപ്പെടണമോ... അതിന് ഒരാളെ എങ്ങനെ ഇഷ്ടപ്പെടും. വെറുതെ കണ്ട് മാത്രമോ ? അങ്ങനെ കണ്ടു മാത്രം ഇഷ്ടപ്പെട്ടാൽ അയാളെ മനസ്സിലാക്കണ്ടേ.. അതിനെന്തു ചെയ്യും...?
ശ്രീബാല തന്റെ ചിന്തകളിൽ നിറഞ്ഞ സംശയങ്ങളെ സമസ്യ പോലെയാക്കി. പിന്നെയൊരു നിശ്വാസത്തോടെ എഴുന്നേറ്റു തിരിഞ്ഞതും കണ്ടത് അവൾക്കരികിലേക്ക് നടന്നടുക്കുന്ന ഒരു വിദേശിയെയാണ്. അയാളുടെ ചുണ്ടിൽ നനുത്ത മന്ദഹാസം വിടർന്നു സ്ഫുരിച്ചിരുന്നു. എങ്ങനെ പ്രതികരിക്കണമെന്നറിയാതെ ശ്രീബാല അമ്പരന്നു നിന്നു.
🔶
(തുടരും)








