©️ Copyright Protected
............
ചിന്തകളിൽ മുഴുകി ശ്രീബാല വീണ്ടും നിശ്വസിച്ചു. ലൈലയുടെ സ്വരം കാതിലെത്തിയതും അവൾ തല തിരിച്ച് പിൻസീറ്റിലേക്ക് നോക്കി. ലൈല കൂവാഗത്തെ കഥ പറയുകയാണ്. മൂന്നു വർഷം തുടർച്ചയായി കൂവാഗത്തു വന്ന പരിചയത്തിന്റെ ഓർമ്മകളിലാണ് ലൈല.
ലൈലയ്ക്കൊപ്പം കൂടിയിട്ട് ഒരു വർഷമായില്ലെങ്കിലും കൂടെപ്പിറപ്പായ ചേച്ചിയുടെ സ്ഥാനമാണ് ലൈലയ്ക്ക് ശ്രീബാലയുടെ മനസ്സിൽ. 'ലൈലാക്ക' എന്ന വിളിയിൽ ആ അടുപ്പം അവൾ കൂട്ടിച്ചേർക്കുന്നുമുണ്ട്. കൂവാഗത്തെക്കുറിച്ചുള്ള ലേഖനം വായിച്ചറിഞ്ഞതിനു ശേഷമാണ് ലൈലാക്കയുടെ കൂവാഗ യാത്രയെക്കുറിച്ചുള്ള വിവരങ്ങൾ അറിഞ്ഞത്. കേട്ടപ്പോഴുണ്ടായ സന്തോഷം, 'രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും പാല്' എന്ന പോലെ. ഓർമ്മകളിൽ ചിരിച്ച് ശ്രീബാല ലൈലയുടെ വാക്കുകൾക്ക് കാതോർത്തു.
ഒരു നിശ്വാസത്തോടെ ലൈല തന്നോടു തന്നെ സംസാരിക്കുന്ന ഭാവത്തിൽ ഇരുന്നു ;
"ങ്ഹും... ഒരുപക്ഷേ നമ്മളെപ്പോലുള്ള ജന്മങ്ങൾക്കായ് ആ പടച്ചോൻ കരുതി വെച്ചതാവാം അരവാന്റെ ഒരുനാൾ മംഗല്യ ജീവിതം. ഒരിക്കലും അമ്മയാകാൻ കഴിയാത്ത സ്ത്രീകളാണ് നമ്മൾ.. ഹിജഡകൾ. മാതൃത്വം സ്വപ്നമായത് കൊണ്ടാകാം, ഒരു ദിവസം മാത്രം ആയുസ്സുള്ള ദാമ്പത്യത്തിനെങ്കിലും ദൈവം വഴിയൊരുക്കി തന്നത്.. "
പത്മിനി കൈയ്യിലിരുന്ന നെയിൽ പോളിഷ് അടച്ചുവെച്ച് ലൈലയുടെ മുഖത്തേക്ക് നോക്കി ; "ലൈല ഇപ്പൊ മൂന്നാമത്തെ കൊല്ലമല്ലേ വരുന്നേ ? "
ലൈല കണ്ണുകളുയർത്തി പത്മിനിയെ നോക്കി 'അല്ലാ' എന്ന ഭാവത്തിൽ തലയാട്ടി നാലു വിരലുകൾ ഉയർത്തി കാട്ടി.
"ഓ... അപ്പൊ ആ മൂന്നു തവണയും ഭർത്താവായ് ഒരാളെയാണോ തെരഞ്ഞെടുത്തേ.. പിന്നെ അവിടുത്തെ സ്ത്രീകൾക്കൊന്നുമിതിൽ വിരോധമില്ലേ? "
പത്മിനിയുടെ ചോദ്യം കേട്ട് ലൈല ഒന്നു ചിരിച്ചു. പിന്നെ ആഴം നിറഞ്ഞ ചിന്താഭാരത്തിൽ ഗൗരവം പൂണ്ടു. "നമ്മുടെ സ്വർഗമാണ് കൂവാഗം. ഒരു ദിവസത്തെയെങ്കിലും കതിർ മണ്ഡപം തീർക്കുന്ന ഗ്രാമം. നമുക്ക് ചുറ്റുമുള്ളവരെപ്പോലെ അവർ പൊരുതുന്നത് പണത്തിനോടും സുഖത്തിനോടുമല്ല. മണ്ണിനോടും വെയിലിനോടുമാണ്. ശേഷിപ്പായ് നേടുന്നതോ പട്ടിണിയും. അങ്ങനെയുള്ള അവരുടെ ഉത്സവമാണ് എല്ലാ വർഷവും നമുക്കായി മംഗല്യമൊരുക്കുന്നത്. എല്ലാ സ്ത്രെെണതയും ഏറ്റു വാങ്ങിയിട്ടും ഹിജഡകളെന്നു മുദ്രകുത്തപ്പെട്ട നമ്മുടെ ദുഃഖം അവർ പങ്കിട്ടെടുക്കുന്നു. ഒരു ദിവസത്തെ ഭാഗ്യവും സന്തോഷവും നിറഞ്ഞ ഓർമ്മകൾ നമുക്കായി സമ്മാനിക്കുന്നു. ആർക്കും വേണ്ടാതെ ജീവിക്കുന്ന ആ ഗ്രാമവാസികളും, പരിഷ്കൃതരുടെ മുന്നിൽ പരിഹാസപാത്രമായ് ജീവിക്കുന്ന നമ്മളും പരസ്പരം എന്ത് വിരോധം കാട്ടാനാണ്..... "
കൂവാഗത്തെ ജനങ്ങളെക്കുറിച്ച് കേട്ടതും ശ്രീബാലയുടെ കണ്ണുകൾ ഈറനണിഞ്ഞു. അവളത് ആരും കാണാതിരിക്കാനായ് തുടച്ചു കൊണ്ട്, സൈഡ് ഗ്ലാസ്സുകൾ തള്ളി നീക്കി പുറത്തേക്ക് നോട്ടമയച്ചു. ചെമ്മണ്ണ് നിറഞ്ഞ പാതയിലൂടെയുള്ള യാത്ര ക്ളേശകരമായിരിക്കുന്നു. വഴിയോരങ്ങളിലായി നിറഞ്ഞു പരന്നു കിടക്കുന്ന കരിമ്പിൻ പാടങ്ങളിലേക്ക് അവൾ കണ്ണുകൾ ചലിപ്പിച്ചു.
"ലൈലാ പറഞ്ഞില്ലല്ലോ മൂന്നു തവണയും ഒരാളെത്തന്നെയാണോ ഭർത്താവായ് സ്വീകരിച്ചതെന്ന്... "ഓർമപ്പെടുത്തൽ പോലെ പത്മിനി ചോദിച്ചു.
(തുടരും)
![]() |
| Add caption |

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ