കൂവാഗത്തേക്കുള്ള യാത്ര പകുതി ദൂരം പിന്നിട്ടിരിക്കുന്നു. സേലം വഴി വില്ലുപുരത്തെത്തി. ഇനി 30 കിലോമീറ്റർ കൂടി.
ശ്രീബാല സീറ്റിലേക്ക് തല ചായ്ച്ചിരുന്നു. അരവാനെക്കുറിച്ചായിരുന്നു അവളുടെ ചിന്ത മുഴുവൻ. വ്യാസന്റെ മഹാഭാരതത്തിൽ പ്രസിദ്ധനാകാതെ പോയ പോരാളി. അർജുനന്റെയും നാഗസുന്ദരി ഉലൂപിയുടെയും മകൻ. കൈയ്യിലിരുന്ന പത്രത്താളിലേക്ക് ശ്രീബാല നോക്കി. അതിലെ ലേഖനത്തിൽ കണ്ണയച്ചു കൊണ്ട് അവളൊന്നു നിശ്വസിച്ചു. ആദ്യമായി അരവാനെ വായിച്ചറിഞ്ഞത് ഈ ലേഖനത്തിലൂടെയാണ്. 'അരവാനെ മാത്രമോ? ' മനസ്സ് ചോദിച്ച ചോദ്യത്തിന് 'അല്ലാ 'എന്ന് മനസ്സാലെ ഉത്തരം നൽകി കൊണ്ട് അവൾ തലയാട്ടി.
അരവാനെ മാത്രമല്ല, കൂവാഗം എന്ന ഉൾനാടൻ ഗ്രാമവും അവിടെ മണ്ണിനോടും വെയിലിനോടും മല്ലിട്ടു ജീവിക്കുന്ന ജനങ്ങളും അവരുടെ കൂത്താണ്ടർ കോവിലുമൊക്കെ വായിച്ചറിഞ്ഞത് ഈ പത്രത്താളിലൂടെയാണ്. വായിച്ചു കഴിഞ്ഞതും മനസ്സിലൊരാരാധനാ മൂർത്തിയായ് അരവാൻ വളരുകയായിരുന്നു. ആരാധനയ്ക്കൊപ്പം തന്നെ, സ്വയമേ ബലിയാടാവാൻ തയ്യാറായ ധീരനോട് ബഹുമാനവും ഇഷ്ടവും നന്ദിയുമെല്ലാം തോന്നി. നന്ദി.... അതു പറഞ്ഞാലും മതിയാവില്ല. കാരണം, സമൂഹം 'ഹിജഡ'കളെന്നു അകറ്റി നിർത്തിയ തന്നെപ്പോലുള്ളവരുടെ വിവാഹം എന്ന സ്വപ്നം യാഥാർത്ഥ്യമാകാൻ കാരണക്കാരനായ പോരാളിയല്ലേ. ഒരു ദിവസം മാത്രം ആയുസ്സുള്ള മംഗല്യമെങ്കിലും അത് അരവാൻ തങ്ങളെപ്പോലുള്ളവർക്ക് തരുന്ന സൗഭാഗ്യമാണ്.
അരവാന്റെ നാട്ടിലേക്കുള്ള ആദ്യത്തെ യാത്രയാണെങ്കിലും കൂത്താണ്ടർ കോവിലിൽ അരവാന്റെ പ്രതിഷ്ഠയ്ക്കു മുന്നിൽ എത്തിപ്പെട്ട പോലെ ശ്രീബാല ഭക്തിപൂർവം കണ്ണുകളടച്ചു.
🔶
കുരുക്ഷേത്ര യുദ്ധത്തിൽ പാണ്ഡവ വിജയത്തിന് ഒരാളെ ബലി കൊടുക്കേണ്ടതായ് വന്ന അവസരത്തിലാണ് സ്വയമേ അതിനു തയ്യാറാവുന്ന അരവാൻ ശ്രദ്ധിക്കപ്പെടുന്നത്. പക്ഷേ മരണം വരിക്കുന്നതിന് മുമ്പ് അവസാനമായൊരാഗ്രഹം സാധ്യമാകണം. ആ മോഹം പാർത്ഥസാരഥിയെ അറിയിക്കുകയും ചെയ്യുന്നു. ഒരു ദിവസമെങ്കിലും വിവാഹിതനായി ജീവിക്കണം. എന്നാൽ, ഒരുനാൾ മാത്രം സുമംഗലിയായും പിന്നെ ശേഷിക്കുന്ന കാലം മുഴുവൻ വൈധവ്യo അനുഭവിച്ച് ജീവിക്കാനും ഒരു പെണ്ണും തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് അരവാന്റെ അവസാന ആഗ്രഹ സാഫല്യത്തിനായ് ശ്രീകൃഷ്ണൻ മാർഗം കണ്ടെത്തുന്നത്. അരവാന്റെ വധുവായ അറവാണിയായ് ഭഗവാൻ മോഹിനീ രൂപം പൂണ്ടു.
🔶
(തുടരും)

നല്ല എഴുത്ത് ����
മറുപടിഇല്ലാതാക്കൂ🙂💜🙏🙏🙏🙏🙏
ഇല്ലാതാക്കൂ