©️Copyright Protected
....................
ലൈല വീട്ടുകാരോട് പരിചയം പുതുക്കിക്കൊണ്ടിരിക്കെ, മറ്റെല്ലാവരും ഉത്സവ നിരത്തിലേക്ക് ഇറങ്ങി.
കാഞ്ചനയ്ക്കൊപ്പമാണ് ശ്രീബാല നടന്നത്. കാഞ്ചനയുടെ കൈയിൽ പിടിച്ചു കൊണ്ട് അവൾ കൂത്താണ്ടർ കോവിലിനു മുന്നിൽ വന്നു. നടവാതിൽ പൂട്ടിക്കിടക്കുകയായിരുന്നു. അവൾ വെറുതെ അങ്ങോട്ടേക്ക് തന്നെ നോക്കി നിന്നു.
അരവാൻ മയങ്ങുകയാണ്. അതോ, അടച്ചിട്ട വാതിലിനപ്പുറം മറഞ്ഞു നിന്ന് സുന്ദരിമാരെ നോക്കിക്കാണുന്നോ..... ' ശ്രീബാലയ്ക്ക് ഓർത്തപ്പോൾ ചിരി തോന്നി.
"ഇതു സാധാരണ തമിഴല്ല ബാലാ, എല്ലാം കൂട്ടിക്കുഴച്ച ഒരു ഓണസദ്യ പോലത്തെ തമിഴ്... " കാഞ്ചന കൂവാഗത്തുകാരുടെ ഭാഷാപ്രയോഗത്തെപ്പറ്റി അഭിപ്രായം പറഞ്ഞ് തനിയെ ചിരിച്ചു.
ശ്രീബാല പ്രതികരിച്ചില്ല. അവൾ സ്വയം മറന്ന ഭാവത്തിൽ, ചുറ്റിനും നടക്കുന്നതൊന്നും അറിയാതെ ശ്രീകോവിലിലേക്ക് തന്നെ നോക്കി നിൽക്കുകയായിരുന്നു. മുന്നിലെന്തൊക്കെയോ കാഴ്ചകൾ തെളിയുന്നതു പോലെ അവൾ മന്ദഹസിച്ചു.
അന്തരീക്ഷമാകമാനം വാദ്യമേളങ്ങൾ ഉയർന്നു. കോവിലിനു മുന്നിലുയർന്ന മണ്ഡപത്തിനു ചുറ്റും നിറഞ്ഞ നിൽക്കുന്ന ആളുകൾ. എല്ലാവർക്കും മുന്നിലായി അച്ഛനും അമ്മയും ചേട്ടന്മാരും പിന്നെ കുഞ്ഞുപെങ്ങളും.
കുങ്കുമ നിറത്തിലുള്ള പട്ടുസാരിയണിഞ്ഞ്, അച്ഛന്റെയും അമ്മയുടെയും അനുഗ്രഹം വാങ്ങി അവൾ മണ്ഡപത്തിലേക്ക്.... ശ്രീബാലയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. അധികനേരം അവളാ കാഴ്ച കണ്ടില്ല. കാഞ്ചനയുടെ കൈ ശക്തമായി അവളുടെ ചുമലുകളെ പിടിച്ചുലച്ചു.
"നീയെന്താ ഉണർന്നോണ്ട് സ്വപ്നം കാണുന്നോ. സ്വപ്നമൊക്കെ രാത്രീലാവാം. നീയിപ്പോ ചുറ്റിനും നോക്കിയേ, ഇഷ്ടപ്പെട്ടൊരാളെ കണ്ടു വയ്ക്കണ്ടേ.. കാണാനഴകുള്ള ആരേലുമുണ്ടായാ മതിയായിരുന്നു... " കാഞ്ചന തലപൊക്കി തിരക്കിലേക്ക് നോട്ടമയച്ചു. ശ്രീബാല ചിരിച്ചതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല.
കാഞ്ചനയെ അവൾക്കിഷ്ടമാണ്. ലൈല കഴിഞ്ഞാൽ പിന്നെ കൂട്ടത്തിൽ കൂടുതൽ അടുപ്പം കാഞ്ചനയോടാണ്. എപ്പോഴും സംസാരിച്ചു കൊണ്ടിരിക്കുന്ന കാഞ്ചന. എല്ലാവരും സന്തോഷത്തോടെയിരിക്കണം. അതാണവൾക്കിഷ്ടം.
🔹
ശ്രീബാലയോർത്തു. രണ്ടു മാസം മുൻപാണ്, അമ്മയുടെ പിറന്നാൾ ദിവസം. കാഞ്ചന തനിക്കു പ്രിയങ്കരിയായത് അന്നു മുതൽക്കാണ്. അമ്മയോടൊന്നു സംസാരിക്കാൻ കഴിയാതെ വിഷമിച്ചിരുന്നപ്പോഴാണ്, അധികാരപൂർവ്വം എന്റെ ഡയറിയിൽ നിന്നും വീട്ടിലെ നമ്പർ കണ്ടെത്തി അവൾ വിളിച്ചത്. ഏതോ സംഘടനയിൽ നിന്നും പിറന്നാൾ ആശംസകൾ അറിയിക്കുവാൻ വിളിച്ചതാണെന്ന് പറയുവാനുള്ള ബുദ്ധിയും ഉപദേശിച്ച് റിസീവർ എന്റെ നേർക്കു നീട്ടി.
എനിക്കെല്ലാം തിരിയുന്നതിനു മുൻപേ തന്നെ മറുതലയ്ക്കൽ അമ്മയുടെ ശബ്ദമുണർന്നപ്പോൾ റിസീവർ എന്റെ കൈയിൽ വെച്ചു തന്ന് സംസാരിക്കെന്ന് ആംഗ്യവും കാട്ടി കാഞ്ചന നിശബ്ദയായി.
കുറച്ചു വെപ്രാളത്തോടെയാണെങ്കിലും, മൂന്നാംലിംഗക്കാരിലൊരാളാവാനുള്ള യാത്രയ്‌ക്കിടയിൽ മാറ്റം വരുത്തിയ ശബ്ദം അമ്മയെ കബളിപ്പിക്കുമെന്ന വിശ്വാസത്തിൽ എന്റെ സ്വരവും ജീവൻ വച്ചു.
"ഹലോ.....
പക്ഷേ,
'കിച്ചൂ... 'എന്നുള്ള അമ്മയുടെ ആദ്യ പ്രതികരണം തന്നെ കാഞ്ചനയുടെ തിരക്കഥയെ വെട്ടി നീക്കി.
🔹
"കിച്ചാ.....
ഒരു വിളി ശ്രീബാലയുടെ കാതിൽ വന്നു തട്ടി. അവൾ ഉത്സവമേളം നിറഞ്ഞ ആൾക്കൂട്ടത്തിനിടയിലേക്ക് ചിന്നിച്ചിതറി നോക്കി.
പെട്ടെന്ന് ആരോ അവളെ വകഞ്ഞു മാറ്റിക്കൊണ്ട് മുന്നോട്ടോടി. ഒരു നിമിഷത്തെ അമ്പരപ്പിൽ പകച്ചുപോയ ശ്രീബാല വീഴാതിരിക്കാനായി കാഞ്ചനയുടെ കൈയിൽ മുറുകെ പിടിച്ചു.
തൊട്ടുപിന്നാലെ, കുറച്ചു കുട്ടികൾ അവർക്കരികിലൂടെ ഓടിയകന്നു. അവളുടെ നോട്ടം കുട്ടികളോടിയ ഭാഗത്തേക്ക് നീണ്ടു. അപ്പോഴാണ് കുട്ടികളേക്കാളും മുന്നിലായി ഓടുന്ന ചെറുപ്പക്കാരനിൽ നോട്ടം ചെന്നു പതിഞ്ഞത്, പ്രതീക്ഷിക്കാതെ അയാൾ തിരിഞ്ഞു നോക്കി. ഓടി മറയുന്നതിനു മുമ്പ് അവരുടെ കണ്ണുകൾ കൂട്ടിമുട്ടുകയും ചെയ്തു.
🔶
(തുടരും)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ