2020 ഓഗസ്റ്റ് 15, ശനിയാഴ്‌ച

അറവാണി [ഭാഗം -7️⃣]


©️ Copyright Protected

..............

       "എന്താ ബാലാ, എന്തുപറ്റി....? "

    ശ്രീബാലയുടെ നിൽപ്പ് കണ്ട് ലൈല നടന്നരികിലെത്തി ചോദിച്ചു. അവളുടെ ദൃഷ്ടി അപ്പോഴും ആൾക്കൂട്ടത്തിനിടയിലായിരുന്നു.

     "ഇവിടെ വന്നപ്പോ തൊട്ടേ ഇവള് പ്രേതം പിടിച്ച പോലെയാ നടക്കുന്നെ " കാഞ്ചന സ്വതവേയുള്ള ചിരിയോടെ പറഞ്ഞു.

   "മറ്റുള്ളോരെയൊക്കെ കണ്ടോ ലൈലാ.. "

    "ഉം... ചാന്തും വളേo മാലേമൊക്കെ വാങ്ങാൻ നിൽക്കുന്ന കണ്ടു..

    "എങ്കിൽ ഞാനുമൊന്നു കറങ്ങിയേച്ചു വരാം " സാരിത്തുമ്പ് കറക്കിക്കൊണ്ട് മൂളിപ്പാട്ടുമായി കാഞ്ചന തിരക്കിലേക്ക് ഊളിയിട്ടു.

     ലൈല ശ്രീബാലയുടെ മുഖത്തേക്ക് നോക്കി ; "നീയെന്താ നോക്കിക്കൊണ്ട് നിൽക്കുന്നെ ? "

      "ആരെയോ കിച്ചാന്നു വിളിച്ചു. ആ വിളി കേട്ടപ്പോ... " വാക്കുകൾ മുറിച്ച് അവൾ നിന്നു.

    "ശ്രീബാലയ്ക്ക് പഴയ കിഷോറിനെ ഓർമ വന്നോ.. "

     ഇല്ലെന്നർത്ഥത്തിൽ തലയാട്ടിക്കൊണ്ടു ശ്രീബാല തിരിഞ്ഞ് ലൈലയെ നോക്കി.

     "...ഇല്ലാ... അമ്മയെ ഓർമ വന്നു. കിച്ചുവെന്ന്  വിളിക്കുന്ന അമ്മയുടെ സ്വരവും... മുഖവും....." അവളുടെ ശബ്ദമിടറി, കൺകോണിൽ ഈറൻ തെളിഞ്ഞു.

  ലൈല പെട്ടെന്ന് വിഷയം മാറ്റാൻ ശ്രദ്ധിച്ചു.

    "കിച്ചാ....ങ്ഹാ നീ കിച്ചാമണിയെ കണ്ടുവല്ലേ. ഞാൻ കുറച്ചു മുമ്പവനെ കണ്ടതേയുള്ളൂ. പിള്ളേരോടെന്തോ കുസൃതി ഒപ്പിച്ചതിന് അവര് പിടികൂടാൻ വന്നപ്പോ സംസാരിക്കാൻ നിൽക്കാതവൻ ഓടിക്കളഞ്ഞു "

    "ഏത് കിച്ചാമണി.. !! "

    "ഇവിടെ വരുമ്പോ നിനക്കവനെ പരിചയപ്പെടുത്തിത്തരണമെന്ന് തീരുമാനിച്ചിരുന്നതാ. കഴിഞ്ഞ കൊല്ലമാ ഞാനവനെ  പരിചയപ്പെട്ടത്. അവനൊരു മലയാളിയല്ലാത്ത മലയാളിയാ. പക്ഷേ ജന്മം കൊണ്ട് തമിഴൻ. മലയാളം നന്നായി സംസാരിക്കും. അവനും നിന്നെപ്പോലെ ലൈലാക്കാ എന്നായെന്നെ വിളിക്കുന്നേ... "

     ഒന്നും വ്യക്തമായില്ലെങ്കിലും, അറിയാതെ മനസ്സിനുള്ളിൽ ഒരാനന്ദം പിറവിയെടുക്കുന്നത്  ശ്രീബാലയറിഞ്ഞു.
 
     തമിഴ്നാട്ടിലെ ഈ ഉൾനാടൻ ഗ്രാമത്തിലും ഒരു മലയാളി സാന്നിധ്യമോ !! അത്ഭുതം നിറഞ്ഞ ആകാംഷയോടെ അവൾ നിന്നു.

     അവളുടെ ഭാവമാറ്റം മനസ്സിലാക്കിയിട്ടെന്ന പോലെ ലൈല ചിരിച്ചു കൊണ്ട് തുടർന്നു ;

     "ഒരു സിനിമ പോലെയാ അവന്റെ കഥ. നീ വാ ഞാൻ പറഞ്ഞു തരാം " ലൈല അവളുമായി തിരക്കൊഴിഞ്ഞിടത്തേക്ക് നടന്നു നീങ്ങി.
                                   🔹

       "കിച്ചാമണിയുടെ അച്ഛൻ ഇരുപതാം വയസ്സിൽ കൂവാഗം വിട്ടയാളാ. ഒരുപാട് നാടുകളിൽ അലഞ്ഞു തിരിഞ്ഞ് ഒടുവിൽ കേരളത്തിലെത്തി.

      അവിടെ പല പല പണികൾ ചെയ്ത് ഒന്നു പച്ച പിടിച്ചു തുടങ്ങിയപ്പോ തിരിച്ചു കൂവാഗത്തേക്കു വന്ന് മല്ലികയെന്ന മുറപ്പെണ്ണിനെ മുറപോലെ ചോദിച്ചു. പക്ഷേ, കൂവാഗം എന്ന കൊച്ചു ഗ്രാമത്തിന്റെ മനസ്സുമായി ജീവിക്കുന്ന മല്ലികയുടെ അച്ഛന് മകളെ നാടുവിട്ടവന് കൊടുക്കാൻ സമ്മതമായിരുന്നില്ല....

     "എന്നിട്ട്....? " ശ്രീബാല ആകാംഷയോടെ ചോദിച്ചു.

    "എന്നിട്ടെന്താ, മല്ലികയുമായി മുത്തുപാണ്ടി നാടുവിട്ടു...രഹസ്യമായി. ആ യാത്രയും ചെന്നവസാനിച്ചത് കേരളമെന്ന ഇന്ത്യക്കാരുടെ ഗൾഫിൽ തന്നെയായിരുന്നു...

     അവരുടെ ആ ജീവിതയാത്രയിൽ മൂന്നു മക്കളും കൂട്ടു വന്നു. രണ്ടു പെണ്ണും ഒരാണും. കിച്ചാമണി പത്തിൽ പഠിക്കുമ്പോഴാ മുത്തുപാണ്ടി മഞ്ഞപ്പിത്തം വന്ന് മരിച്ചത്. പിന്നെ മല്ലികയ്ക്ക് കേരളത്തിൽ ജീവിക്കാൻ വയ്യെന്നായ്.

     രണ്ടു പെൺകുട്ടികളുമായി ദൈവത്തിന്റെ സ്വന്തം നാട്ടിൽ ജീവിക്കാൻ ഭയം. അങ്ങനെ പത്തിൽ പഠിച്ചു കൊണ്ടിരുന്ന ഇളയമകന്റെ പരീക്ഷ തീർന്നതും അവർ കേരളം ഉപേക്ഷിച്ച് ഉറ്റവരും ഉടയവരും വാഴുന്ന കൂവാഗത്തേക്കു തിരിച്ചു. പിന്നെ കൂവാഗത്തിന്റെ മക്കളായി ജീവിതം തുടങ്ങി... ഇതാണ് കിച്ചാ.....എന്ന കിച്ചാമണിയുടെ ജീവിതകഥ  "

   "ലൈലാക്കയ്ക്ക് ഇതൊക്കെ എങ്ങനെയറിയാം? "

  "ഞാൻ പറഞ്ഞില്ലേ കഴിഞ്ഞ കൊല്ലമാ അവനെ പരിചയപ്പെട്ടതെന്ന്. എന്റെ മലയാളം പാട്ടുകേട്ടാ അവനെന്റെയരികില് വന്നത്. സംസാരിച്ചു സംസാരിച്ചു ലൈലാക്ക എന്ന വിളിയിൽ എത്തി നിൽക്കുന്ന കൂട്ടായി.

    കൃഷ്ണമണിയെന്നാ മുത്തുപാണ്ടി മകനിട്ട പേര്.കൂവാഗത്തെത്തിയപ്പോഴാത്രേ അത് കിച്ചാമണിയായത്. കൃഷ്ണന്റെയും മണികണ്ഠസ്വാമീടേം കടുത്ത ഭക്തനായതു കൊണ്ട് മുത്തുപാണ്ടി പക്ഷഭേദം കാട്ടാതെ,  ഒരേ ഒരു മകന് രണ്ടു പേരുടെയും പേര് ചേർത്ത് കൃഷ്ണമണിയെന്നു പേരിട്ടെന്നാ കിച്ചാമണി എന്നോട് പറഞ്ഞിട്ടുള്ളത്. അതു കൊള്ളാമല്ലേ.... " ലൈല ചിരിച്ചു കൊണ്ട് ശ്രീബാലയുടെ മുഖത്തേക്ക് നോക്കി.

       ശ്രീബാലയുടെ മുഖത്തും ഒരു ചെറുപുഞ്ചിരി വിടർന്നു. അതുകണ്ടതും ലൈല ഒരു ചെറുനിശ്വാസത്തോടെ അവളുടെ കൈയിൽ പിടിച്ചു.
                                     🔹

      "ങ്ഹും.. അങ്ങനെ കിച്ചാമണിയുടെ കഥ കേട്ടല്ലോ. ശരി നീ വാ,  നാളെ മിസ് കൂവാഗം മത്സരത്തിൽ പങ്കെടുക്കേണ്ടതല്ലേ. ഉറക്കമിളയ്ക്കണ്ട.. പിന്നെ ഒന്നു കൂടി...." ലൈലയുടെ സ്വരത്തിൽ ഗൗരവം നിഴലിച്ചു.

    "നീ വളരെ സെൻസിറ്റീവ് ആണ് ബാലാ. പെട്ടെന്നാ നിന്റെ മനസ്സ് വികാരത്തിന് അടിമപ്പെടുന്നത്. ഒരു പക്ഷേ നിയന്ത്രിക്കാൻ പറ്റാത്ത അവസ്ഥയും ഉണ്ടാകാം. അതുകൊണ്ട്, ഒരിക്കലും വികാരത്തിന് നമ്മൾ കീഴ്പ്പെടാൻ പാടില്ല. ജീവിതത്തിൽ വികാരത്തെ നമ്മൾ കീഴ്പ്പെടുത്തുകയാണ് വേണ്ടത്... "

      "സ്ത്രീകൾക്ക് വികാരം സ്വാഭാവികമല്ലേ ലൈലാക്കാ.. വികാരത്തിന് അടിമപ്പെടാത്ത സ്ത്രീകളുണ്ടോ..? "

     സംശയം കലർന്ന ഭാവത്തിൽ ശ്രീബാല ചോദ്യമുതിർത്തതും, ലൈല ഒരു ഞൊടിനേരം   നിശബ്ദതയിൽ മുഴുകി. പിന്നെ പറഞ്ഞു ;

    "സ്ത്രീകൾക്ക് വികാരം സ്വാഭാവികമാണ്. പക്ഷേ, ഈ ലോകത്തിനു മുന്നിൽ നമ്മൾ സാധാരണ സ്ത്രീകളല്ലല്ലോ ബാലാ.. നമ്മുടെ വേദനകളും വികാരങ്ങളും മറ്റുള്ളവർക്ക് കാഴ്ച്ചക്കുള്ള നേരമ്പോക്കു മാത്രമാണ്. ങ്ഹും....അധികമൊന്നും എനിക്ക് പറയാനില്ല. നിനക്ക് മനസ്സിലായെന്നു കരുതുന്നു "

      എന്തു പറയണമെന്നറിയാതെ ശ്രീബാല നിൽക്കെ, തുടർന്നൊന്നും സംസാരിക്കാൻ നിൽക്കാതെ ലൈല നടന്നു നീങ്ങി.

                                    🔶

                                                        (തുടരും) 


   

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ