©️ Copyright Protected
...........
ലൈല നാണത്തോടെ ചിരിച്ചു കൊണ്ട് തല കുനിച്ചു. ചുറ്റിനുമിരുന്നവർ ആവേശത്തോടെ പറയാൻ നിർബന്ധം പിടിച്ചു. ശ്രീബാല തല തിരിച്ച് ലൈലയുടെ മുഖത്തേക്ക് നോക്കി.
"ഇഷ്ടമുള്ളയാളെ നമുക്ക് തെരഞ്ഞെടുക്കാം. ഞാൻ മൂന്നു കൊല്ലവും മൂന്നു പേരെയാ തെരഞ്ഞെടുത്തേ.."
ശ്രീബാല ആശ്ചര്യത്തോടെ ലൈലയെ നോക്കി ; "താലികെട്ടിയ ആളെത്തന്നെയല്ലേ ലൈലാക്കാ തെരഞ്ഞെടുത്തത്..അപ്പോ അയാളല്ലേ ഭർത്താവ്.. !!"
"പത്തും പന്ത്രണ്ടുമല്ല ആയിരങ്ങളാ മംഗല്യം തേടി കൂത്താണ്ടർ കോവിലിലേക്കെത്തുന്നത്. കോവിലിലെ പൂജാരിമാരാ താലി ചാർത്തുന്നത്. ആ നിമിഷം താലി കെട്ടിയ ആളെ അരവാനായ് കരുതി നമ്മൾ അറവാണിയാകണം. അതിനുശേഷമാണ് ആഘോഷം, ആട്ടവും പാട്ടുമൊക്കെയായി... എല്ലാത്തിനുമൊടുവിൽ ഇഷ്ടപ്പെട്ട പുരുഷനെ ഭർത്താവായി തെരഞ്ഞെടുക്കാം. ശേഷം മണിയറയിലേക്ക്..
ആ ഒരു രാത്രിയോടെ തീരും ഒരു വർഷം കാത്തിരുന്ന ഉത്സവത്തിന്റെ ആഘോഷം.. നമ്മുടെ സ്വപ്‌നങ്ങളിൽ ചാലിച്ച ആഗ്രഹങ്ങളുടെ പൂർത്തീകരണം... അങ്ങനെ എല്ലാം. പിറ്റേന്ന് മടങ്ങണം, ഒരു ദിവസത്തെ ദാമ്പത്യവും താലിച്ചരടുമെല്ലാം ഉപേക്ഷിച്ച് വിധവകളെപ്പോലെ.. " നെടുവീർപ്പോടെ ലൈല നിർത്തി.
ശ്രീബാല നിശബ്ദം വീണ്ടും പുറത്തേക്ക് നോട്ടമയച്ചു.
"എന്താ ബാലാ മണവാളനെ കിനാവു കാണുകയാണോ ? " മാധുരി ഇടം കണ്ണിട്ട് മറ്റുള്ളവരെ നോക്കി ചിരിച്ചുകൊണ്ട് ചോദിച്ചു.
നീരസത്തോടെ ശ്രീബാല രൂക്ഷമായി മാധുരിയെ നോക്കി.
പത്മിനിയുടെ ശ്രദ്ധ അപ്പോഴാണ് അവളുടെ കൈയ്യിലിരുന്ന ചെറിയ ബാഗിൽ പതിഞ്ഞത്.
"ഈ ബാഗിലെന്താ ബാലാ, വിവാഹത്തിനുള്ള ആഭരണങ്ങളാണോ. നീയിത് നെലത്തു വെച്ച് കണ്ടതേയില്ലല്ലോ.. "
"ബാലാ നിനക്ക് മമ്മൂട്ടിയെപ്പോലുള്ള ആൾ വേണോ, അതോ മോഹൻലാലോ.."
"ഞാൻ ശിവാജി ഗണേശൻ മാതിരി ആളെയാ തേടുന്നേ " പത്മിനി പൊടുന്നനെ പറഞ്ഞു.
"എനിക്ക് നവരസ നായകൻ കാർത്തിക്കിനെ പ്പോലുള്ള ആളാ വേണ്ടേ "കാഞ്ചനയും ആഗ്രഹം വെളിപ്പെടുത്തി.
"എനിക്ക് ഷാരൂഖാനെപ്പോലെ ചിരിക്കുന്ന ആള് മതി.. " മാധുരി ഉറക്കെ ചിരിച്ചുകൊണ്ട് പറഞ്ഞു.
കുപ്പിവള കിലുക്കത്തിനും മിനുങ്ങുന്ന ചേലകൾക്കുമിടയിൽ നിന്ന് പൊട്ടിച്ചിരി ഉയർന്നു. ശ്രീബാലയ്ക്ക് അല്പനേരം തനിച്ചിരിക്കാനാണ് തോന്നിയത്.
കരിമ്പിൻ പാടങ്ങൾ കഴിഞ്ഞു. ഇപ്പോൾ ഉണങ്ങിയ നെൽപ്പാടങ്ങളാണ് പുറത്ത്. പത്മിനിയുടെയും മറ്റും ശബ്‌ദം വീണ്ടും കാതുകളെ അലോസരപ്പെടുത്തിയതും കണ്ണുകളടച്ചു കൊണ്ട് അവൾ സീറ്റിലേക്ക് ചാഞ്ഞുകിടന്നു
🔶
( തുടരും )

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ