2020 ഓഗസ്റ്റ് 20, വ്യാഴാഴ്‌ച

അറവാണി [ഭാഗം -8️⃣]


©️Copyright Protected

..................
    
      പൂച്ചനടത്തവുമായി ഓരോ സുന്ദരിമാരും റാംപിലേക്ക് വന്നു കൊണ്ടിരുന്നു. താത്കാലികമായി കെട്ടിയുണ്ടാക്കിയ റാംപിൽ മിസ് കൂവാഗമാകാൻ ഹിജഡ സുന്ദരിമാർ മത്സരിച്ചണിഞ്ഞൊരുങ്ങിയാണ് നിന്നത്.

     ഓരോ സുന്ദരിമാരുടെ വരവിലും ആർപ്പുവിളിയും കൈയ്യടിയും ഉയർന്നു കൊണ്ടേയിരുന്നു. പത്മിനിയും സെലീനയും ഡയാനയുമെല്ലാം  റാംപിൽ നിരന്നു നിന്നു.

      മാമ്പഴമഞ്ഞ നിറത്തിലുള്ള സിൽക്ക് സാരിയുമുടുത്ത് ശ്രീബാല നടന്നു വരുന്നത് കണ്ടതും കാഴ്ചക്കാരുടെ ഇടയിൽ നിന്നും ലൈലയും കാഞ്ചനയും ഉറക്കെ ആർപ്പുവിളിച്ചു. ശ്രീബാല വിടർന്ന പുഞ്ചിരിയോടെ കാണികളെ നോക്കി കൈകൂപ്പി നമസ്കരിച്ചു. പിന്നെ തിരിച്ചു നടന്ന് സുന്ദരിമാരുടെ നിരയിൽ ചേർന്നു നിന്നു.

       അവൾ വന്നു നിന്നതും,  അതുവരെ മുഴങ്ങി കേട്ടു കൊണ്ടിരുന്ന തമിഴ് ഗാനം നിലച്ചു. കുറച്ചു നിമിഷത്തെ ഇടവേളയ്ക്കു ശേഷം പുതിയ പാട്ട് മുഴങ്ങുകയും ചെയ്തു. അപ്രതീക്ഷിതമായി ഒരു മലയാളഗാനം കാതോരത്തെത്തിയതും ശ്രീബാല തലവെട്ടിത്തിരിച്ച്  റാംപിനു സമീപം പാട്ടുകൾ പ്ലേ ചെയ്തു കൊണ്ടിരിക്കുന്ന ചെറുപ്പക്കാരെ നോക്കി. പെട്ടെന്നവളുടെ കണ്ണുകൾ വിടർന്നു.

     "കിച്ചാമണി... " അവളറിയാതെ തന്നെ ആ പേര് അവളുടെ നാവിൽ നിന്നും പുറത്തേക്ക് വന്നു. അവളിലെ ഭാവമാറ്റം ലൈലയുടെ ശ്രദ്ധ യേയും കിച്ചാമണിയിലേക്ക് തിരിച്ചു.

       ഓരോ റൗണ്ടുകളും കടന്നു പൊയ്ക്കൊണ്ടിരിക്കെ, ശ്രീബാലയുടെ ഓരോ  വരവിലും പാട്ടുകൾ മാറി മാറി വന്നു. അവൾ വരുമ്പോൾ മാത്രമുള്ള ഈ മാറ്റം അവൾ ആസ്വദിക്കവേ, ലൈല എന്തിനെന്നറിയാതെ പിരിമുറുക്കത്തിലമരുകയായിരുന്നു.

      മണിക്കൂറുകൾ നീണ്ട മത്സരത്തിനൊടുവിൽ, വിധി പ്രഖ്യാപിക്കുന്ന നേരം കടന്നു വന്നു. അവസാന റൗണ്ടിലെത്തിയ അഞ്ചുപേർ നിരന്നു നിന്നു. അതിൽ ശ്രീബാലയും പത്മിനിയും ഡയാനയുമുണ്ടായിരുന്നു. എല്ലാവരെയും ആകാംഷയുടെ മുൾമുനയിൽ നിർത്തി ഫലപ്രഖ്യാപനം വന്നപ്പോൾ ലൈലയും കാഞ്ചനയും ആർത്തലച്ചു. ശ്രീബാലയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.

      ഹിജഡ സുന്ദരികളിലെ സുന്ദരികളിൽ സുന്ദരിയായി... മിസ് കൂവാഗമായി തന്നെ തെരഞ്ഞെടുത്തിരിക്കുന്നു. വികാരവായ്പോടെ അവൾ കൈകൂപ്പി റാംപിൽ മുട്ടുകുത്തി. പിന്നെ ശിരസ്സു നമിച്ച് ആ വേദിയിൽ ചുണ്ടുകളമർത്തി.

        അവസാന നിമിഷം തോൽവിയേറ്റവരും ആദ്യം പുറത്തായവരുമെല്ലാം കണ്ണീരും വേദനയുമായി പരിസരങ്ങളിൽ മാറി നിന്നു. അസൂയ മുറ്റുന്ന കണ്ണുകളുമായി ചിലർ രോഷപ്പെടുന്നു. മറ്റു ചിലർ നിയന്ത്രിക്കാനാകാതെ പൊട്ടിക്കരയുന്നു.

     മികച്ച സുന്ദരിക്കുള്ള കിരീടം നേടി ശ്രീബാല ലൈലയുടെ മുഖത്തേക്ക് നോക്കി ചിരിച്ചു. പിന്നെ, പതിയെ റാംപിനു സമീപത്തിരിക്കുന്ന ചെറുപ്പക്കാരുടെ കൂട്ടത്തിലേക്ക് നോക്കി. കിച്ചാമണിയുടെ മന്ദഹാസം അവൾക്കുള്ള മറ്റൊരു സമ്മാനമായി മാറി. അവളും ചിരിച്ചു, മനസ്സ് നിറഞ്ഞ സംതൃപ്തിയോടെ.

                                     🔶

                                                         (തുടരും)


1 അഭിപ്രായം: