അവസാനഭാഗം
*****************
©️Copyright Protected
...................
കോട്ടൺ സാരി, പക്വത വിളിച്ചോതുന്ന മുഖഭാവം. അവളേറെ മാറിയിരിക്കുന്നു....അവളിൽ ദൃശ്യമായ ശാരീരികമായ മാറ്റം നിരഞ്ജനെ അക്ഷരാർത്ഥത്തിൽ തളർത്തി കളഞ്ഞു .
അവളുടെ തിളക്കമേറിയ, ചുറുചുറുക്കാർന്ന കണ്ണുകൾക്ക് ചുറ്റും കറുത്ത വലയം ചായം തേച്ചിരിക്കുന്നു . ആ കണ്ണുകളിൽ നിരഞ്ജൻ ഒരു കാഴ്ചയായി തെളിഞ്ഞതേയില്ല .അവളുടെ വിരലുകൾ മുറുകെ കോർത്തു പിടിച്ചിരുന്ന നീണ്ട സ്റ്റീൽ ദണ്ഡ്, അവളുടെ വഴികാട്ടി പോലെ മുന്നിലെന്തിനെയോ പരതി നീങ്ങുന്നു .
"ഗൗരി ...." നിരഞ്ജന്റെ സ്വരത്തിൽ അവിശ്വസനീയത കൂടിക്കലർന്നു .
ചുണ്ടിലെ നിറഞ്ഞ പുഞ്ചിരി മെല്ലെയൊന്നു വാടിയ പോലെ ഗൗരിയുടെ മുഖമൊന്നു മങ്ങി .
"ഗൗരി ടീച്ചർ നമ്മളോട് രണ്ടു വാക്ക് സംസാരിച്ചതിന് ശേഷം, പ്രകാശനം ഉൽഘാടനം ചെയ്യുന്നതാണ് " മഹേഷ് അനൗൺസ് ചെയ്തതും , സദസ്സിൽ നിന്നും കരഘോഷം മുഴങ്ങി .
ഗൗരി വീണ്ടെടുത്ത ചിരിയോടെ സദസ്സിനെ നോക്കി കൈ ഉയർത്തി കാണിച്ചു . മഹേഷ് മൈക്ക് ഗൗരിയുടെ കൈയ്യിലേക്ക് വച്ചു കൊടുത്തു .
"നമസ്കാരം ..." അവളുടെ സ്വരം ഉണർന്നു .
പ്രജ്ഞ നഷ്ടപ്പെട്ടവനെപ്പോലെ നിന്ന നിരഞ്ജനെ, സലിം സാർ തട്ടിയുണർത്തി.
"ഇവിടെയിരിക്ക് ..."
യാന്ത്രികമായി നിരഞ്ജൻ തിരികെയിരുന്നു .
"ക്ലാസ്സിലെ അന്തർമുഖനെ, ആൾ കുറിച്ച കവിതയിലൂടെ തന്നെ ഒരു സദസ്സിനു മുന്നിൽ കൊണ്ടു വരാൻ കഴിഞ്ഞതിന്റെ ആവേശം തെല്ലൊന്നുമല്ല ഇപ്പോ എനിക്കുള്ളേ ..." ഗൗരി സംസാരിച്ചു തുടങ്ങി.
"നിരഞ്ജൻ എന്ന ഞങ്ങളുടെ സഹപാഠിയെ യുവകവി ശ്രീ നിരഞ്ജൻ ദാസായി ഇവിടെ പരിചയപ്പെടുത്താൻ മുന്നിൽ നിന്ന് സഹായിച്ച ഞങ്ങളുടെ പ്രിയ അധ്യാപകൻ ശ്രീ സലിം സാറിന് പ്രത്യേക നന്ദി പറഞ്ഞു കൊണ്ട്, എന്നെ ഏൽപ്പിച്ച കർത്തവ്യത്തിലേക്ക് കടക്കയാണ്..നന്ദി....ഒപ്പം, ശ്രീ നിരഞ്ജന് എല്ലാവിധ ആശംസകളും ..." വാക്കുകൾ അവസാനിപ്പിച്ച് ഗൗരി, മൈക്ക് എങ്ങോട്ടെന്നില്ലാതെ നീട്ടി. മഹേഷ് മൈക്ക് വാങ്ങി ഗൗരിയെ വേദിക്ക് ഒത്ത നടുക്ക് കൊണ്ടു വന്നു നിർത്തി .
"അങ്ങനെ കവിതാ പ്രകാശനത്തിലേക്ക് നമ്മൾ കടക്കുകയാണ്....
സാർ പ്ലീസ് ....." മഹേഷ്, പ്രിൻസിപ്പാളിനെ ക്ഷണിച്ചു.
പ്രിൻസിപ്പാളിനൊപ്പം, സലിം സാറും മറ്റു വിശിഷ്ട വ്യക്തികളും എഴുന്നേറ്റു നിന്നു. അവരെ അനുകരിച്ചു കൊണ്ട് നിരഞ്ജനും.
സദസ്സിന്റെ നിറഞ്ഞ കൈയ്യടിക്കു മുന്നിൽ ഗൗരി, നിരഞ്ജന്റെ കവിതകളുടെ സമാഹാരം പ്രിൻസിപ്പാൾ രാമചന്ദ്രൻ സാറിന് കൈമാറി ഉൽഘാടനം ചെയ്തു .
നിരഞ്ജന്റെ കണ്ണുകൾ പുസ്തകത്തിന്റെ പുറം ചട്ടയിലേക്ക് നീണ്ടു. 'കാഴ്ചകൾക്കുമപ്പുറം' നിരഞ്ജൻ ദാസ്...എന്ന വാക്കുകളേക്കാളേറെ അവനെ ആകർഷിച്ചത് മുഖച്ചിത്രമായിരുന്നു. വിടർന്ന മിഴിക്ക് മുന്നിൽ കാഴ്ചക്കാരനായിരിക്കുന്ന ചെറുപ്പക്കാരൻ...' നിരഞ്ജന്, അത് സ്വന്തം ചിത്രമാണെന്ന് തോന്നി.
"അടുത്തതായി നിരഞ്ജൻ നമ്മളോട് സംസാരിക്കുന്നു ..."
നിരഞ്ജൻ ചിന്തയിൽ നിന്നും ഞെട്ടിയുണർന്ന് ചുറ്റും നോക്കി. ഗൗരിയെ അവൻ വേദിയിൽ കണ്ടില്ല. സദസ്സിലേക്ക് അവന്റെ കണ്ണുകൾ ശര വേഗത്തിൽ പാഞ്ഞു. ഏതോ വിദ്യാർത്ഥിനിയുടെ സഹായത്തോടെ ഓഡിറ്റോറിയത്തിനു പുറത്തേക്ക് പോകുന്ന ഗൗരി കണ്ണിലുടക്കിയതും
അവൾക്കരികിലെത്താൻ അവന്റെ ഹൃദയം തുടിച്ചു.
"നിരഞ്ജാ..." മഹേഷ് അവനെ സംസാരിക്കാനായി ക്ഷണിച്ചു.
"ചെല്ല് ..." സലിം സാറിന്റെ ശബ്ദം കാതിലെത്തിയപ്പോൾ നിരഞ്ജൻ എഴുന്നേറ്റു.
🖤
മൈക്കിനു മുന്നിൽ വന്നു നിന്ന് നിരഞ്ജൻ സദസ്സിനെയാകമാനം നോക്കി. പിന്നെ പതിഞ്ഞ സ്വരത്തിൽ സംസാരിച്ചു തുടങ്ങി ;
"നമസ്കാരം ....
ഹൃദയം നിറഞ്ഞ നന്ദിയല്ലാതെ മറ്റൊന്നും എനിക്കീ നിമിഷത്തിൽ പറയാനില്ല. അത് ആരോട് എന്ന് ചോദിച്ചാൽ.....ഒരാളോടു മാത്രമായല്ല...ഞാനീ വേദിയിൽ ഇങ്ങനെ നിൽക്കാൻ കാരണക്കാരായ ഓരോരുത്തരോടും...സലിം സാറിനോടും എന്റെ സഹപാഠികളോടും ഡോക്ടർ തോമസ് എന്ന അതുല്യനായ മനുഷ്യനോടുമൊക്കെ എനിക്കുള്ള കടപ്പാട് ഈ ജന്മത്തിൽ തീരുന്നതല്ല.
വാക്കുകളെ വിരലുകൾക്ക് വിട്ടു കൊടുത്തതിനു ശേഷം, ഒരുപാട് സംസാരിക്കാനുള്ള സാമർത്ഥ്യം ഞാനെന്നോ ഉപേക്ഷിച്ചിരുന്നു. അതുകൊണ്ടു തന്നെ ഏറെ സംസാരിച്ച് നിങ്ങളെ അലോസരപ്പെടുത്തുന്നില്ല. എങ്കിലും ഒരു കാര്യം കൂടി ഇവിടെ പറയാതെ വയ്യ..." നിരഞ്ജൻ വാക്കുകൾക്ക് ഇടവേള നൽകി നിർത്തി. പിന്നെ തുടർന്നു ;
"എന്റെ കവിതകളെ ഏറെ ഇഷ്ടപ്പെടുന്ന ഒരാളുടെ സ്വപ്നമാണ് ഇന്നിവിടെ യാഥാർഥ്യമായത്. നിരഞ്ജൻ എന്ന വ്യക്തി നിരഞ്ജൻ ദാസ് എന്ന കവിയായി നിങ്ങൾക്ക് മുന്നിൽ നിൽക്കുന്നതിനു പിന്നിൽ ആ വ്യക്തിക്കുള്ള പങ്ക് ...അതേറെയാണ്... "
".....ആരാ ആ വ്യക്തീന്നു കൂടി ഒന്നു പറയാമോ......കവീ ....." സദസ്സിലെ ആൾക്കൂട്ടത്തിനിടയിൽ നിന്നും ഒരു വിരുതന്റെ ശബ്ദമുയർന്നു വന്നു .
മന്ദഹാസത്തോടെ നിരഞ്ജൻ നിശ്വസിച്ചു, പിന്നെ അവനുള്ള ഉത്തരമെന്ന പോലെ പറഞ്ഞു; "പറയാം ...ഇപ്പോഴല്ല, ആ ആളിന്റെ കൂടി സമ്മതത്തോടെ....പിന്നീട്.....
അപ്പോ ഞാനെന്റെ വാക്കുകൾ നിർത്തുന്നു. ഒരിക്കൽ കൂടി, നന്ദി .....നമസ്കാരം"
നിരഞ്ജൻ കൂപ്പു കൈകളോടെ തിരിഞ്ഞ് സലിം സാറിനരികിൽ വന്നിരുന്നു.
അവന്റെ നിശബ്ദതയെ മനസിലാക്കി കൊണ്ട് സലിം സാർ മുഖവുര കൂടാതെ പറഞ്ഞു ; "ഇവിടെ ജോയിൻ ചെയ്ത നാൾ മുതൽ ഗൗരി തന്നെക്കുറിച്ച് എന്നോട് അന്വേഷിക്കുമായിരുന്നു. ഈ പുസ്തക പ്രകാശനത്തിന്റെ പിന്നിൽ ഗൗരി തന്നെയാണ്....
നിരഞ്ജൻ അത്ഭുതത്തോടെ സാറിനെ നോക്കി ; "പക്ഷേ, സാർ ഒരിക്കൽ പോലും ഗൗരിയെപ്പറ്റി എന്നോട് സൂചിപ്പിച്ചില്ലല്ലോ.."
"ഉം...ഗൗരി എന്നോട് ആവശ്യപ്പെട്ട ഒരേ ഒരു കാര്യം അതു മാത്രമായിരുന്നു. എപ്പോഴെങ്കിലും താൻ അവളെപ്പറ്റി അന്വേഷിക്കുകയാണെങ്കിൽ മാത്രമേ അവളെക്കുറിച്ച് തന്നോട് പറയാവൂ എന്ന്. ഒരു വാശിയോ ആഗ്രഹമോ നിരാശയോ ഒക്കെ ചേർന്നതായിരുന്നു അവളുടെ തീരുമാനം.
നിരഞ്ജൻ പറഞ്ഞതു പോലെ ഗൗരിയുടെ സ്വപ്നം തന്നെയായിരുന്നു തന്റെ കവിതകളുടെ പ്രകാശനം. പക്ഷേ, അവളുടെ പ്രതീക്ഷകളൊക്കെയും താൻ ഒരിക്കലെങ്കിലും അവളെവിടെയുണ്ടെന്നെങ്കിലും ഒന്ന് അന്വേഷിക്കുമെന്നതായിരുന്നു...പക്ഷേ അതുണ്ടായില്ല. അതുകൊണ്ടു തന്നെ ഗൗരിയെപ്പറ്റി തന്നോട് പറയാനുള്ള അവസരവും എനിക്ക് ലഭിച്ചില്ല. അവളുടെ ജീവിതം പ്രതീക്ഷിക്കാതെ മാറി മറിഞ്ഞിട്ടു പോലും..." സലിം സാറിന്റെ ശബ്ദം താഴ്ന്നു .
"എങ്ങനെ സാർ ....?" നിരഞ്ജൻ വേദനയുടെ കയത്തിൽ വീണ പോലെ ചോദിച്ചു
"ഇനിയെങ്കിലും തനിക്ക് സംസാരിച്ചു കൂടെ ....നേരിട്ട് ...." സലിം സാർ അമർഷപ്പെട്ടു.
മറുപടി പറയാതെ നിരഞ്ജൻ തലയാട്ടി .
🖤
കെമിസ്ട്രി ഡിപ്പാർട്ട്മെന്റിനു പുറത്ത് നിരഞ്ജൻ കാത്തു നിന്നു. എല്ലാ പരിപാടിയും കഴിഞ്ഞ്, അമ്മയെയും ചേച്ചിയെയും ഓട്ടോയിൽ വീട്ടിലേക്ക് തിരിച്ചയച്ചതിനു ശേഷമാണ് അവൻ ഗൗരിയെ തേടി വന്നത്. പ്യൂൺ അകത്തേക്ക് കയറിയതും നിരഞ്ജൻ കണ്ണുകളടച്ച് ഗൗരിയെ അഭിമുഖീകരിക്കാൻ തയ്യാറെടുത്തു.
പിന്നിലെ കാലൊച്ച കേട്ട് നിരഞ്ജൻ തിരിഞ്ഞു നോക്കി. പ്യൂൺ അകത്തേക്ക് കൈ കാണിച്ചു കൊണ്ട് നടന്നു പോയി. നിരഞ്ജൻ ആകാംഷയോടെ നോക്കി.
ഒരു നിഴൽച്ചിത്രം പോലെ ഗൗരി ഡിപ്പാർട്ട്മെന്റിനുള്ളിൽ നിന്നും പുറത്തേക്ക് വരുന്നു. അവൾക്കും മുമ്പേ അവളുടെ വഴികാട്ടിയായ സ്റ്റീൽ ദണ്ഡ് പുറത്തേക്ക് ചുവടു നീട്ടി വച്ചു. തൊട്ടു പിന്നാലെ വരാന്തയിലേക്ക് അവൾ നടന്നു വന്നു നിന്നതും നിരഞ്ജൻ മെല്ലെ വിളിച്ചു ; "ഗൗരീ ..."
വിളി കേട്ടതും ഒരു പുഞ്ചിരി തിരിച്ചു നൽകി അവൾ പ്രതികരിച്ചു.
" എന്താ ഗൗരി ഈ കാണുന്നേ.. എനിക്ക് വിശ്വസിക്കാനെ കഴിയുന്നില്ല...."
വീണ്ടും ഒരു ചിരിയോടെ പ്രതികരിച്ച് അവൾ തുടങ്ങി ;
"നമ്മുടെ കോളേജിൽ തന്നെ ജോലി കിട്ടണമെന്നത് എന്റെ ആഗ്രഹമായിരുന്നു നിരഞ്ജാ. അത് ഈശ്വരൻ സാധിച്ചു തന്നു. അങ്ങനെ ഉപേക്ഷിച്ചോ മറന്നോ കളയാൻ കഴിയുമായിരുന്നില്ല ഇവിടവുമായുള്ള ബന്ധം.."
"ഞാൻ തന്റെ ജോലിയെക്കുറിച്ചല്ല പറഞ്ഞത് "
"മനസ്സിലായി. ആദ്യം നിരഞ്ജന്റെ വിശേഷങ്ങൾ കേൾക്കട്ടെ. നിരഞ്ജനല്ലേ ഇന്നത്തെ താരം..അതിഥി.."
"എന്നെക്കുറിച്ച് താനെന്താ ഇനി അറിയാനുള്ളത്. സലിം സാർ പറഞ്ഞറിഞ്ഞതിനേക്കാളേറെ ഒന്നുമില്ല..അല്ല, സാറിനോട് താൻ അന്വേഷിച്ചറിഞ്ഞതിനേക്കാളേറെ ഒന്നുമില്ല..."
"ഓ....' ഗൗരി ചിരിച്ചു കൊണ്ട് തല കുലുക്കി ; "മ്മ് .....ശരിയാ ഞാനെല്ലാം അറിഞ്ഞിരുന്നു. ഹാ, ലാസ്റ്റ് ട്രാക്കിൽ ആയിരുന്ന കാഴ്ച പുതിയ ട്രാക്കിലേക്ക് വന്നില്ലേ..അതായിരുന്നു അന്വേഷിച്ചറിഞ്ഞതിൽ ഏറ്റവും സന്തോഷം തന്ന വിശേഷം...പിന്നെ വേദനിപ്പിച്ചത്, ഈശ്വര തുല്യനായ ഡോക്ടറുടെ മരണ വാർത്തയും.."
നിശ്വാസത്തോടെ നിരഞ്ജൻ ഡോക്ടർ തോമസിനെ മനസ്സാൽ സ്മരിച്ചു. പിന്നെ ഗൗരിയുടെ മുഖത്തേക്ക് നോക്കി.
"താനെല്ലാം അറിയുന്നുണ്ടായിരുന്നു. ഒന്നുമറിയാതെ പോയത് ഞാൻ മാത്രമാണ് "
"അതാരുടെ തെറ്റ് ?" ഗൗരി പൊടുന്നനെ ചോദിച്ചപ്പോൾ, നിരഞ്ജൻ ഉത്തരമില്ലാതെ നിന്നു.
"അന്വേഷിപ്പിൻ കണ്ടെത്തും എന്നാണല്ലോ.."
"മ്മ് ..നേര്. തേടുന്നവനെ കണ്ടെത്തൂ. തെറ്റ് എന്റേത് തന്നെയാണ് "
"ഏയ്, ഞാൻ നിരഞ്ജനെ കുറ്റപ്പെടുത്തിയതല്ല. ജീവിത സാഹചര്യം എല്ലാർക്കും ഒരുപോലെയല്ലല്ലോ "
"താനാകെ മാറിയിട്ടുണ്ട് ഗൗരി. പക്വത പാകം വന്ന ഒരു മുതിർന്ന സ്ത്രീയെപ്പോലെ തോന്നുന്നു "
ഗൗരി ചിരിച്ചു ; "മാറാതെ പിന്നെ, കോളേജ് ലക്ച്ചറർ ആയില്ലേ "
"ഗൗരീ....തനിക്കെന്ത് സംഭവിച്ചതാണെന്ന് ഇനിയും പറഞ്ഞില്ല. അതോ ഒന്നും അന്വേഷിക്കാതിരുന്നവനോടുള്ള പ്രതിഷേധമോ "
നെറ്റിയിലേക്ക് പാറിവീണ മുടിയിഴകളൊതുക്കി ഗൗരി നെടുവീർപ്പിട്ടു.
"ഒരുപാട് പ്രാർത്ഥിച്ചിരുന്നു വിധി ഇരുട്ടെഴുതും മുമ്പേ കണ്ണുകളിൽ വെളിച്ചവുമായി നിരഞ്ജൻ തിരികെ വരാൻ. വിഫലമായ കാത്തിരുപ്പെന്ന് പറഞ്ഞ് പലരും എതിർത്തു..ഉപദേശിച്ചു. പക്ഷേ, കാത്തിരിക്കണമെന്നുള്ളത് എന്റെ വാശിയായിരുന്നു. ഒരിക്കൽ നിരഞ്ജനെന്നെ തേടി വരുമെന്നുള്ള വിശ്വാസം..പ്രതീക്ഷ..
ഒരുപക്ഷേ അതൊരു അഹങ്കാരമായി ദൈവത്തിനു തോന്നിയിരിക്കാം..അറിയില്ല. സ്നേഹിക്കുന്ന പ്രിയപ്പെട്ടവരെയെല്ലം മറന്ന്..എതിർത്ത് രണ്ടു വർഷം. ഇനിയും ഇരുപത് കൊല്ലം കാത്തിരിക്കാനുള്ള മനസ്സുണ്ടായിരുന്നു. പക്ഷേ .....കഴിഞ്ഞ വർഷം എന്റെ പ്രതീക്ഷകൾക്കും ആഗ്രഹത്തിനുമൊക്കെ ദൈവം അടിവരയിട്ടു " ചുമരിലേക്ക് ചാഞ്ഞ് ഗൗരി കൺകോണുകൾ തുടച്ചു.
"ലാബ് പ്രാക്ടിക്കലിനിടയിൽ ഒരു കുട്ടിക്ക് പറ്റിയ കൈപ്പിഴ. നഷ്ടമായത് എന്റെ കണ്ണുകളിലെ പ്രതീക്ഷ മാത്രമായിരുന്നില്ല, അവളുടെ ജീവൻ കൂടിയായിരുന്നു. എന്തോ പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ട് ഓടിച്ചെന്നപ്പോ ചുറ്റിനും ഒന്നും തിരിച്ചറിയാനാകാത്ത അവസ്ഥയായിരുന്നു. മറ്റു കുട്ടികളെ പുറത്തിറക്കി അവൾക്കരികിലേക്ക് എത്തിയതും വീണ്ടും പൊട്ടിത്തെറിക്കുന്ന ശബ്ദവും, കാഴ്ച മറച്ച പുകയിൽ ചൂടോടെ കണ്ണിലേക്കു എന്തോ തെറിച്ചു വീണ ഓർമയും മാത്രമേ പിന്നീടുള്ളൂ. പിന്നെയൊന്നും ഓർമയില്ല..
പാതിയായ ജീവൻ നഷ്ടപ്പെടുമെന്ന് മനസ്സിലാക്കിയിട്ടോ എന്തോ അവളുടെ കണ്ണുകൾ എനിക്ക് നൽകണമെന്ന് ആശുപത്രി കിടക്കയിൽ കിടന്ന് അവൾ പറഞ്ഞുവത്രെ. പക്ഷേ..ദൈവം എന്റെ കണ്ണിലെഴുതിയ കരിമഷി അത് മായ്ക്കാനാകാത്ത വിധം എന്റെ കാഴ്ചയിൽ പടർന്നിരുന്നു...
കുറച്ചു നാൾ മാത്രേ ഞാൻ കരഞ്ഞുള്ളൂ, തളർന്നിരുന്നുള്ളൂ...ചിന്തിച്ചപ്പോൾ, നഷ്ടം എന്നെക്കാളേറെ ആ കുട്ടിക്കും അവളുടെ വീട്ടുകാർക്കുമാണെന്ന് മനസ്സിലായി. അവളുടെ നഷ്ടമായ ജീവനേക്കാളേറെ വിലയില്ലല്ലോ എന്റെ കാഴ്ചക്ക്.
പിന്നെ ഓർത്തിരുന്ന് ദുഃഖിക്കാതെ, അന്ധതയെ സന്തതസഹചാരിയാക്കാൻ ശീലിച്ചു. ഒരു സങ്കടമേ ഇപ്പോഴുമുള്ളു..അവസാന നിമിഷം പോലും ആ കുട്ടിയെ ഒന്നു കാണാൻ സാധിച്ചില്ല. അവളോട് ദേഷ്യമോ വിരോധമോ ഒന്നുമില്ലെന്ന് പറയാൻ കഴിഞ്ഞില്ല...ഒരുപാട് വേദനിച്ചാണ് ആ കുട്ടി മരിച്ചത്...." ഗൗരിയുടെ ശബ്ദമിടറി.
"ഗൗരീ...." എന്തു പറയണമെന്നറിയാതെ നിരഞ്ജൻ വിളിച്ചു.
മുരടനക്കി സ്വരം നേരെയാക്കി മന്ദഹാസത്തോടെ ഗൗരി തുടർന്നു ;
"ഇവിടെ നിന്നും പോകണമെന്നേ പിന്നെ തോന്നിയുള്ളൂ. പക്ഷേ, ഈ കോളേജ്....അത്ര പെട്ടെന്ന് ഇവിടം വിട്ടു പിരിയാൻ മാനസികമായി കഴിയുകയുമില്ലായിരുന്നു.
വലിയൊരു തമാശ കാട്ടിയതു കൊണ്ടാകാം, ഈശ്വരൻ ഒരു കരുണ ചെയ്തു തന്നു.റാങ്ക് ജേതാവായതു കൊണ്ടും എല്ലാവർക്കും പരിചിതയായതു കൊണ്ടും തുടർന്നും മുന്നോട്ടു തന്നെ പോകാൻ എല്ലാവരും പ്രോത്സാഹിപ്പിച്ചു.
പ്രിൻസിപ്പാൾ, മാനേജ്മെന്റ്, സഹ പ്രവർത്തകർ...എല്ലാത്തിനേക്കാളുമേറെ കുട്ടികളും അവരുടെ മാതാപിതാക്കളും. കുട്ടികൾ വീട്ടിലെത്തി എന്റെ സമ്മതമറിയുന്നതു വരെ കാത്തുനിന്നു. അവർക്ക് ഗൗരി ടീച്ചർ ഇത്രയ്ക്കും പ്രിയപ്പെട്ടതായിരുന്നോ എന്ന് ശരിക്കും ഞാൻ അതിശയിച്ചു.
നിരഞ്ജൻ അന്ന് പറഞ്ഞിരുന്നില്ലേ, കണ്ണിൽ ഇരുട്ട് വിധി എഴുതും മുമ്പേ വിജയിക്കണമെന്ന്...അത് മാത്രമാണ് ലക്ഷ്യമെന്ന്. നിരഞ്ജന്റെ ആ ലക്ഷ്യത്തെ ഞാനെന്റെ ജീവിതത്തോട് ഒന്നു മാറ്റി ചേർത്തു പിടിച്ചു. വിധി എഴുതിയ ഇരുട്ടു കൊണ്ടു തന്നെ വിജയിക്കണമെന്ന്. ആ ഇരുട്ടിലൂടെ മുന്നേറണമെന്ന്. അതിൽ ഞാൻ ജയിച്ചു എന്നാണ് എന്റെ വിശ്വാസം. അതിന്റെ റിസൾട്ട് ആണ് കുട്ടികൾ എന്നോട് കാട്ടുന്ന സ്നേഹം. കണ്ണിൽ ഇരുട്ടുമായി വെളിച്ചത്തിലേക്ക് അവരെ നയിക്കാൻ എനിക്ക് കഴിയുന്നത്.." നിശ്വാസത്തോടെ പറഞ്ഞു നിർത്തി ഗൗരി പുഞ്ചിരിച്ചു.
"അങ്ങനെ ഇതൊക്കെയാണ് എന്റെ ജീവിതത്തിലുണ്ടായ സംഭവവികാസങ്ങൾ...എന്താ നിരഞ്ജൻ ഇത്രയും അറിഞ്ഞത് പോരേ...
നിരഞ്ജനിൽ നിന്നും ഒരു ചെറു നെടുവീർപ്പാണ് അവൾക്കാദ്യം കിട്ടിയ പ്രതികരണം.
"..ങ്ഹും...., ഗൗരി ഞാൻ വന്നത്.... കാനഡയിൽ നിന്നും പുറപ്പെട്ടപ്പോഴല്ല, അങ്ങോട്ടേക്കുള്ള യാത്രയ്ക്കു മുമ്പേ തന്നെ ഞാൻ മനസ്സിൽ കുറിച്ച ഒരു തീരുമാനം ഉണ്ടായിരുന്നു. സർജറി വിജയിച്ചാണ് മടങ്ങി വരുന്നതെങ്കിൽ ആദ്യം കാണുന്നത് തന്നെയാകണമെന്ന്. പക്ഷേ വിധി കാത്തു വച്ചിരുന്നത് നമ്മൾ പ്രതീക്ഷിക്കാത്ത കാര്യങ്ങളായിരുന്നല്ലോ... മൂന്നര കൊല്ലം...
കഴിഞ്ഞതൊക്കെ പോട്ടെ, മുഖവുരയില്ലാതെ പറയാം. ഞാൻ വന്നത് തന്നെ കാണാൻ വേണ്ടി മാത്രമാണ്. തന്റെ ഇഷ്ടത്തോട് എന്റെ ഇഷ്ടം ചേർത്തു വയ്ക്കാനായി.. "
മറുപടി പ്രതീക്ഷിച്ചു നിന്ന നിരഞ്ജന് തണുത്ത ഒരു മന്ദഹാസം മാത്രമാണ് അവൾ നൽകിയത്.
"അന്ന് ആ ഇടനാഴിയിൽ നിന്നും തന്നോട് ബൈ പറഞ്ഞു പോയതിനു ശേഷം, കോളേജ് കാലമോർക്കുമ്പോഴൊക്കെയും ഗൗരി.. താൻ മാത്രേ മനസ്സില് നിറയാറുണ്ടായിരുന്നുള്ളൂ...ഒരുപക്ഷേ, ഹൃദയത്തിനുള്ളിൽ മറച്ചു പിടിച്ച ഇഷ്ടം പറയാതെ പോയത് കൊണ്ടാകാം..
അതുകൊണ്ടു തന്നെയാ മൂന്നര കൊല്ലത്തിനു ശേഷമുള്ള ഈ തിരിച്ചുവരവിൽ ഇയാള് കാത്തിരിക്കുന്നുണ്ടോ എന്നു പോലുമറിയാതെ, തന്നെ കാണാനായി മാത്രം മനസ്സ് വെമ്പി ഓടി വന്നത്. മനസ്സിൽ ആഴ്ന്നിറങ്ങിയ ഇഷ്ടത്തോടുള്ള വിശ്വാസം അത്രയ്ക്കുണ്ടായിരുന്നു.. " നിരഞ്ജൻ ആത്മവിശ്വാസത്തോടെ ഗൗരിയുടെ കണ്ണുകളിലേക്ക് ഉറ്റു നോക്കി.
ഒരു നിമിഷം നിശബ്ദയായി നിന്നതിനു ശേഷം ഗൗരി ചിരിച്ചു കൊണ്ട് തുടങ്ങി ;
"ഒന്നു പറയട്ടെ നിരഞ്ജാ...എനിക്കായ് മാത്രമാണ് നിരഞ്ജൻ തിരിച്ചു വന്നതെങ്കിൽ, താൻ തെറ്റ് ചെയ്തു. ഈ വരവ് അർത്ഥശൂന്യമുള്ളതായി പോയി.. "
"എങ്ങനെ !!? " നിരഞ്ജൻ അമ്പരപ്പോടെ ആരാഞ്ഞു
"കുറച്ചു മുമ്പ് പറഞ്ഞില്ലേ ഇഷ്ടം പറയാതെ പോയി എന്ന്. അതിനു പകരമായി, കാത്തിരിക്ക് ഞാൻ വരാം എന്നൊരു വാക്കെങ്കിലും പറഞ്ഞിരുന്നെങ്കിൽ....പക്ഷെ, എന്നിട്ടും ഞാൻ കാത്തിരുന്നു. ഇനിയും കാത്തിരിക്കുമായിരുന്നു....പക്ഷേ... വിധി അതിന് അനുവദിച്ചില്ല.... "
"ഇനിയെന്തിനു കാത്തിരിക്കണം !! ഞാൻ വന്നില്ലേ.... അതും തന്നെ തേടി മാത്രം... "
"വൈകിപ്പോയി നിരഞ്ജാ... ഏറെ വൈകി.. ഇനി എനിക്ക് നിരഞ്ജന്റെ ജീവിതത്തിലേക്ക് വരാൻ കഴിയില്ലല്ലോ... "
"ബട്ട് വൈ....? എന്തേ തന്റെ കണ്ണുകളെ ബാധിച്ച ഇരുട്ടിനെ ജീവിതത്തിലേക്കും പകർത്താൻ ശ്രമിക്കയാണോ..
ഗൗരി ഇയാള് തന്നെ പറഞ്ഞില്ലേ, വിധി എഴുതിയ ഇരുട്ട് കൊണ്ട് വിജയിക്കണമെന്ന്. അത് തന്റെ പ്രൊഫഷണിൽ മാത്രാണോ.. ജീവിതത്തിൽ വേണ്ടേ... " നിരഞ്ജന്റെ സ്വരത്തിൽ ആശങ്ക നിഴലിച്ചു.
"എന്റെ പ്രൊഫഷൻ തന്നെയാണ് ഇപ്പോഴെന്റെ ജീവിതം... " ഗൗരി ഒരു തീർപ്പു പോലെ പറഞ്ഞു.
നിരഞ്ജൻ അസ്വസ്ഥതയോടെ മുടിയിഴകളിലൂടെ വിരലോടിച്ചു. മുഖത്തു നിന്നും കണ്ണടയൂരി കൈയ്യിൽ പിടിച്ചു.
"ഗൗരി.. ഞാൻ തന്നെ എന്റെ ജീവിതത്തിലേക്കാണ് ക്ഷണിക്കുന്നത്. നമുക്കൊരുമിച്ചൊരു ജീവിതം തുടങ്ങാനായ്.."
ഗൗരി ചിരിച്ചു കൊണ്ട് തല ചലിപ്പിച്ചു
"മൂന്നരക്കൊല്ലം മുമ്പ് ഇതേയിടത്തു വച്ച് ഞാനിതാവശ്യപ്പെട്ടപ്പോൾ നിരഞ്ജൻ എന്നെ നിരുത്സാഹപ്പെടുത്തിയതെന്തു കൊണ്ടാ....അക്കാരണം മാത്രമേ ഇപ്പോ എനിക്കും പറയാനുള്ളൂ. ഒന്നും ഞാൻ ആവർത്തിക്കേണ്ടല്ലോ, സ്വന്തം വാചകങ്ങളല്ലേ ഒന്ന് ഓർത്തു നോക്കൂ.... "
"അതെ, വാചകങ്ങൾ.... ഒക്കെ വെറും വാചകങ്ങളായിരുന്നു. അന്നത്തെ മാനസികാവസ്ഥയിൽ പറഞ്ഞ കാരണങ്ങൾ...അതൊന്നും ആവർത്തിക്കുകയോ ഓർത്തെടുക്കുകയോ ചെയ്യേണ്ട ആവശ്യമില്ല ഗൗരി...
തനിക്ക് താങ്ങായി ഓരോ ചുവടിലും കൂടെ കാണണമെന്ന് ആഗ്രഹിക്കുന്നു. ഗൗരി, താൻ അന്ന് പറഞ്ഞതു പോലെ ഇതൊരു കുറവായി, ബലഹീനമായി കാണരുത്. എത്ര പേർ ജീവിക്കുന്നു കുടുംബം കുട്ടികളായി ഇല്ലെങ്കിൽ, നമുക്ക് നമ്മൾ മതി... " നിരഞ്ജൻ ഗൗരിക്ക് തൊട്ടു മുന്നിലായി വന്നു നിന്നു.
അവന്റെ സമീപനം അടുത്തറിഞ്ഞതു പോലെ ഗൗരി പിന്നിലേക്ക് നടന്നു മാറി.
"അന്ന് ഞാൻ പറഞ്ഞപ്പോ നിരഞ്ജൻ എന്തേ ഇതൊന്നും അംഗീകരിച്ചില്ല. പകരമൊരു ചോദ്യം ചോദിച്ചു. ഓർമയുണ്ടോ എന്താന്ന് ? മറന്നെങ്കിൽ ഓർമപ്പെടുത്താം...
'ഗൗരിയ്ക്കായിരുന്നു ഈ വിധിയെങ്കിൽ, സ്നേഹിക്കുന്നയാളുടെ ജീവിതം കൂടി ഇരുട്ടിലാക്കാൻ ശ്രമിക്കുമോന്ന്...' ഉത്തരവും നിരഞ്ജൻ തന്നെ അന്ന് പെട്ടെന്ന് പറഞ്ഞു ; 'ഇല്ല' എന്ന്. അതാണ് സത്യമെന്നും'...അതെ അതാണ് സത്യം. നിരഞ്ജന്റെ ജീവിതം ഇരുട്ടിലാക്കാൻ ഞാൻ ശ്രമിക്കില്ല...പ്ലീസ്.. " നിറഞ്ഞു വന്ന കണ്ണുകൾ നിരഞ്ജനിൽ നിന്നും മറച്ചു പിടിക്കാനായി അവൾ തിരിഞ്ഞു നിന്നു.
"ഗൗരീ... എന്റെ കുറവ് മനസ്സിലാക്കിയിട്ടും ഉള്ളിലെ ഇഷ്ടം മറക്കാനോ ഉപേക്ഷിക്കാനോ തനിക്ക് കഴിഞ്ഞില്ലല്ലോ. ആ സ്നേഹം ഒരു തരി പോലും കുറഞ്ഞതുമില്ല...അതു നേരല്ലേ..., എനിക്കും കഴിയില്ല തന്നെ മറക്കാനോ ഉപേക്ഷിക്കാനോ... "
"ആരു പറഞ്ഞു മറന്നില്ലെന്ന്... " ഗൗരിയുടെ സ്വരം കനത്തുയർന്നു ; " അന്ന് എന്റെ നല്ലതിന് വേണ്ടി എല്ലാം മറക്കാനും ഉപേക്ഷിക്കാനും നിരഞ്ജന് കഴിഞ്ഞില്ലേ..അതുപോലെ തന്നെ ഇപ്പൊ എനിക്കും കഴിയും.
"മറന്നു എല്ലാം.. അന്നു തന്നെ, എന്റെ കണ്ണിലെ ഇരുട്ട് ഇനിയൊരിക്കലും ഭേദമാകില്ലെന്ന് അറിഞ്ഞ നിമിഷം തന്നെ. ഇനി എന്നോടൊന്നും പറയരുത് നിരഞ്ജാ പ്ലീസ്... " ഗൗരി കൈകൾ കൂപ്പി.
🖤
ചുറ്റും നിശബ്ദത തളം കെട്ടി.
"ഞാനിപ്പോ വരാം... " ഗൗരി ഡിപ്പാർട്ട്മെന്റിനുള്ളിലേക്ക് നടന്നു കയറി. നിരഞ്ജൻ ചുമരിലേക്ക് തല ചായ്ച്ചു നിന്നു. ഏറെ വൈകാതെ കൈയ്യിലൊരു ഡയറിയുമായി അവൾ തിരികെ വന്നു.
"ഇത് നിരഞ്ജന് വേണ്ടി കരുതിയതാണ്. സലിം സാറിന്റെ റിട്ടയർമെന്റിന് നിരഞ്ജൻ വരുമെന്ന് ഉറപ്പായിരുന്നു.." ഡയറി അവന് നേർക്ക് നീട്ടി അവൾ തുടർന്നു ; " വെറുതെ താളുകൾ മറിക്കാനായ് എനിക്കെന്തിനാ ഇനിയിത്..മയിൽപ്പീലിത്തണ്ടു പതിച്ച ഒരു താളുണ്ട്..അത് നിരഞ്ജനുള്ളതാണ്..അന്ന് ആരിൽ നിന്നും ഓട്ടോഗ്രാഫ് എഴുതിച്ചിരുന്നില്ലല്ലോ.. "
ഡയറി വാങ്ങി നിരഞ്ജൻ ഗൗരിയുടെ കണ്ണുകളിലേക്ക് ഉറ്റു നോക്കി ; "സാറിന്റെ റിട്ടയർമെന്റിന് മാത്രമല്ല തന്നെ കാണാനും ഞാൻ വരുമെന്ന് ഉറപ്പുണ്ടായിരുന്നു. അതുകൊണ്ടല്ലേ ഡയറി എനിക്കായ് കൈയ്യിൽ കരുതിയത്...അതും നിഷേധിക്കില്ലല്ലോ..."
ഗൗരി നിശബ്ദയായി നിന്നു.
ആ മൗനം സ്വീകരിച്ചു കൊണ്ട് നിരഞ്ജൻ മന്ദഹസിച്ചു ; "ഞാൻ കാത്തിരിക്കും ഗൗരി.... "
"എന്തിന് ? ഈ കണ്ണുകളിൽ ഇനി വെളിച്ചം വരില്ല.. "
"എന്റെ കണ്ണുകളിൽ വെളിച്ചം വരുമെന്ന് ഞാൻ തന്നെ പ്രതീക്ഷിച്ചിരുന്നില്ല... താനും. എന്നിട്ടും, എനിക്ക് വേണ്ടി കാത്തിരുന്നില്ലേ... "
"അതിന് പ്രത്യുപകാരമോ....അതോ പ്രായശ്ചിത്തമോ? " ഗൗരി ചിരിച്ചു കൊണ്ട് ചോദിച്ചു.
"രണ്ടുമല്ല. ഒന്നും മറക്കാൻ എനിക്ക് കഴിയില്ല. കഴിയുമായിരുന്നെങ്കിൽ പ്രതീക്ഷിക്കാത്ത ഭാവത്തിൽ തന്നെ കണ്ടതും എനിക്ക് പിൻതിരിയാമായിരുന്നു. എല്ലാം മറന്ന പോലെ ഭാവിക്കാമായിരുന്നു.
തന്റെ കണ്ണുകൾ തന്നെ പറയുന്നുണ്ട് ഗൗരി, ഇപ്പോഴും തനിക്കെന്നോടുള്ള ഇഷ്ടം. അതുകൊണ്ടാ ആ കണ്ണുകൾ മറച്ചു പിടിക്കാൻ താൻ ശ്രമിക്കുന്നത്. അന്ന് ഞാനും ചെയ്തിരുന്നു. മനസ്സ് കൊതിച്ചിട്ടും ഒന്നു തിരിഞ്ഞു നോക്കുക പോലും ചെയ്യാതെ നടന്നു പോയി. ഇപ്പോ അറിയുന്നുണ്ട് തെറ്റ് ചെയ്തു എന്ന്. തിരുത്താനാകാത്ത തെറ്റ്...
താനില്ലാത്ത ജീവിതമാണ് ജീവിച്ചു തീർക്കേണ്ടതെങ്കിൽ, ശരിക്കും ഇപ്പോഴാണ് ഗൗരി...വിധി എന്നെ അന്ധനാക്കിയത്..."
ഗൗരി ഒരു ചെറു ചിരിയോടെ തല ചലിപ്പിച്ചു. അത് തന്നോടുള്ള പരിഹാസമാണോ എന്ന് നിരഞ്ജൻ സംശയിച്ചു.
"അപ്പൊ ശരി നിരഞ്ജൻ.... ബൈ, ഉച്ചക്ക് ശേഷം എനിക്ക് ക്ലാസ്സുണ്ട്. അതിന് തയ്യാറെടുക്കണം.
പിന്നെ, കല്യാണമൊക്കെ ആയാൽ അറിയിക്കണം....ദെൻ, ഓക്കേ.... ബൈ... "
സംഭാഷണം നീട്ടിക്കൊണ്ടു പോകാൻ താല്പര്യമില്ലാത്തതു പോലെ യാത്രാ പറഞ്ഞ് ഗൗരി തിരിഞ്ഞു. നിരഞ്ജൻ പെട്ടെന്ന് അവളുടെ കൈയ്യിൽ കടന്നു പിടിച്ചു.
"മുന്നിൽ ചുമരാണ് ഗൗരി... " പകച്ചു നിൽക്കുന്ന അവളോട് നിരഞ്ജൻ തടഞ്ഞു നിർത്തിയതിനു പിന്നിലെ കാരണം വ്യക്തമാക്കി.
"ഓ.. താങ്ക് യൂ.... " കൈ അവനിൽ നിന്നും വേർപെടുത്തി ഗൗരി തന്റെ ദണ്ഡ് നീട്ടി വഴി തിരഞ്ഞു കൊണ്ട് മുന്നോട്ടു നടന്നു. പിടുത്തം വിട്ട അവളുടെ കൈ ഉപേക്ഷിച്ച അതേ നിലയിൽ തന്റെ കൈ നീട്ടി വച്ചു കൊണ്ട് നിരഞ്ജൻ മൂകനായി.
ഒരു പിൻനോട്ടമില്ലാതെ ഗൗരി ഡിപ്പാർട്ട്മെന്റിനുള്ളിലേക്ക് നടന്നു മറഞ്ഞതും നിരഞ്ജൻ തല കുനിച്ചു. ഡയറിയുടെ പുറം ചട്ടയിൽ രണ്ടു തുള്ളി കണ്ണുനീർ ഉതിർന്നു വീണു ചിന്നിച്ചിതറി.
'മയിൽപ്പീലിത്തണ്ടു പതിച്ച ഒരു താളുണ്ട്..അത് നിരഞ്ജനുള്ളതാണ്..' ഗൗരിയുടെ വാക്കുകൾ ഓർമയിൽ നിറഞ്ഞു. നിരഞ്ജൻ ഡയറി തുറന്നു. മയിൽപ്പീലിത്തണ്ടു പതിച്ച താളിൽ വിരലുകൾ ആർദ്രമായി. സ്വന്തം കൈയ്യക്ഷരത്താൽ കുറിക്കപ്പെട്ട വരികളിലേക്ക് അവന്റെ കണ്ണുകൾ നീണ്ടു. ഗൗരിയ്ക്കായി എഴുതിയ ഓട്ടോഗ്രാഫ്..
'എന്റെ പുഞ്ചിരിയും സന്തോഷവും
കണ്ണുകളിലെ നനവും പരിഭവവും
നീ കാണും...
എന്നാൽ, നിന്റെ സന്തോഷവും വേദനയും
ഞാൻ അറിയില്ല...
എന്റെ കണ്ണുകളിലെ ഇരുട്ടിൽ നീ
സ്നേഹവും വെളിച്ചവും നൽകും
എന്നാൽ, നിന്റെ ജീവിതത്തിൽ വെളിച്ചം
പകരാൻ എന്റെ കണ്ണുകൾക്കാവില്ല.
അതിനാൽ വർണ്ണങ്ങൾ തേടി നീ
പോകുക...
എന്റെ ഇരുൾ ലോകത്തിൽ ഒരു
നിഴൽച്ചിത്രമായി മറഞ്ഞു പോകാതെ....'
നിരഞ്ജൻ
ഡയറി മടക്കി പടിക്കെട്ടിലേക്ക് നടക്കവേ, അവന്റെ മനസ്സ് മൂന്നരക്കൊല്ലം പിന്നിലേക്ക് ചുവട് വച്ചു. 'ഇപ്പോ മനസ്സിൽ തോന്നുന്ന രണ്ടുവരി കവിത എനിക്ക് മാത്രമായ്... ' ഗൗരിയുടെ പതിഞ്ഞ സ്വരം കാതോരത്ത്..
'എൻ മിഴികളിൽ തുളുമ്പിയ വിരഹദുഃഖത്തെ, തഴുകി തലോടിയ തെന്നൽ നീയോ....'
പടിക്കെട്ടിൽ കാലിടറി തെന്നി വീഴാൻ തുടങ്ങിയതും ചുമരിൽ പിടുത്തമിട്ടു കൊണ്ട് നിരഞ്ജൻ നേരെ നിന്നു. താങ്ങിപ്പിടിക്കാൻ ഒരു കൈ സ്പർശം വരുമെന്ന് അവൻ വ്യഥാ മോഹിച്ചു.
ശൂന്യമായ ഇടനാഴിയിലേക്ക് വെറുതെ നോട്ടമയച്ച് അവൻ നിന്നു. കൺകോണിൽ ചുടു നനവ് പടർന്നതും കണ്ണുകൾ അമർത്തി തുടച്ചു കൊണ്ട് നിരഞ്ജൻ പടിയിറങ്ങി.....
🖤🖤🖤🖤🖤🖤പൂർണ്ണം🖤🖤🖤🖤🖤🖤
💜💜💜💜
