2021 ജൂലൈ 7, ബുധനാഴ്‌ച

നങ്കി 1️⃣4️⃣


©️ Copyright Protected

<a href="http://www.copyscape.com/"><img src="//banners.copyscape.com/img/copyscape-seal-blue-120x100.png" width="120" height="100" border="0" alt="Protected by Copyscape" title="Protected by Copyscape - Do not copy content from this page." /></a>

ഭാഗം 1️⃣4️⃣


നങ്കി തിരിഞ്ഞ് ജോസഫിനെ നോക്കി.


"സാറെ ഞാ യിനി പോട്ടെ. ഡോക്ട്ടറെ സ്കാൻ ചെയ്ത പേപ്പറ് കാണിക്കണം. യീൾട പ്രസവം അട്ത്തിരിക്കയാ. തീയതി ചോയിച്ചറിയണം.."


"ശരി.. പൊക്കോ "


നങ്കി ജാൻസിയെ നോക്കി തലയാട്ടി തിരിഞ്ഞു നടന്നു. ഒന്നു രണ്ട് ചുവട് മുന്നോട്ടു വച്ചതും ജോസഫിന്റെ പിൻവിളി പ്രതീക്ഷിക്കാതെ വന്നു.


"നങ്കീ..."


.........✍️


നങ്കി തിരിഞ്ഞു നോക്കി, മല്ലികയും.


"ഒരു മിനുട്ട് ഒന്ന് വന്നിട്ട് പോ. ഒരു കാര്യം കൂടി ചോദിക്കാനുണ്ട്.."


അമ്പരപ്പോടെ നങ്കി മല്ലികയെ നോക്കി.


"നിയ്യ് നില്ല് ഞായിപ്പോ വരാം.."


നങ്കി തിരികെ ചെന്നു.


"ന്താ സാറെ!?"


"നിന്റെ അനിയത്തിക്ക് എത്ര വയസ്സുണ്ട് ?"


"പതിനാറു "


"പതിനാറ് വയസ്സ്..ഒരു പെൺകുട്ടിക്കുള്ള കല്യാണപ്രായമല്ല. ഒരു നിയമലംഘനമാണ് നടന്നിരിക്കുന്നത്. അതും പോരാഞ്ഞ് ഗർഭിണി കൂടി ആയിരിക്കുന്നു. നിന്റെ ഭ.. ഹ് ശിവനെ പൂട്ടു വീഴാൻ ഇതൊക്കെ തന്നെ ധാരാളം. ആട്ടെ നിനക്കെത്ര വയസ്സുണ്ട്..?"


നങ്കിയുടെ തല താഴ്ന്നു.


"ചോദിച്ച കേട്ടില്ലേ ?"


"പത്തൊമ്പത്.."


"ആഹാ...നീ.." പറയാൻ വന്നത് പൂർത്തിയാക്കാതെ ജോസഫ് ജാൻസിയെയും വിക്ടറിനെയും നോക്കി.


"ആദിവാസി ഊരുകളില് ഇദൊക്ക സാധാരണാ സാർ.. സൊപ്നം കാണുന്ന തന്നെ ഒര് വല്യ സ്വപ്നാ ഈടത്തെ പെണ്ണുങ്ങക്ക്..."


"ഭർത്താവിന്റെ ജോലി സംരക്ഷിക്കാൻ ഇറങ്ങി പുറപ്പെട്ടപ്പോ ഉണ്ടായ ധൈര്യവും ചങ്കൂറ്റവും എവിടുന്നെങ്കിലും വാടകയ്ക്ക് എടുത്തതാണോ ?"


"അറീല്ല... ധൈര്യോക്കെ നെറയെ ഒണ്ടാര്ന്ന്. പണ്ട് അപ്പനൊണ്ടാരുന്ന് ധൈര്യത്തിന് കൂട്ടായി. പശ്ശെ... യിപ്പോ..എല്ലാത്തിനും വെലങ്ങൊണ്ട്.."


ജോസഫ് നങ്കിയുടെ വാക്കുകളെ ആഴത്തിൽ കേട്ടു കൊണ്ടു നിന്നു.


"പതിനെട്ടാം വയസ്സീ കെട്ടി ആദിലത്തെ ഗർഭോണ്ടായപ്പോ സൊപ്നങ്ങളൊക്കെ ആ കുഞ്ഞിലാരുന്ന്. പശ്ശെ, കൊച്ചിന വയറ്റീ തന്നവൻ തന്ന ആ ഉയിര് പോഗാനും കാരണായപ്പോ ഒറക്കെ ആരോടും ഒന്നും പറാനും പറ്റീല്ല... പഴി എന്റ മേല വീണിട്ടു പോലും..."


നങ്കിയുടെ കണ്ണുകൾ ജാൻസിയിലൂടെ വഴുതി അകന്നു.


"ഇനി ഒരിക്ക കൂടി ഞാൻ ആ പഴി കേക്കണം.. ഒര് കുഞ്ഞിന്റ കൂടി മരണത്തിന്റ പഴി..."


ഇടറിയ ശബ്ദത്തോടെ നിർത്തി നങ്കി, ജോസഫിനെ നോക്കി.


"മല്ലി കൊച്ചുപെണ്ണാ. യ്യി പ്രായത്തീ ഒര് കൊച്ച്...ഓൾക്ക് ഒര് അമ്മയാകാനൊള്ള പക്കൊത ഒന്നും ഒണ്ടായിട്ടില്ല, എനിക്കറിയ്യാം. ഞാൻ ഓളെ പറ്റി അലോയ്ക്കുന്നോണ്ട്. പശ്ശെ..ഓൾടേം കുഞ്ഞിന്റേം ആരോഗ്യത്തിന് ഒര് കേടും ഒണ്ടാവാതെ പ്രസവം നടക്കണോന്ന് മാത്തറ ഇപ്പൊ പ്രാർത്തിക്ക്ന്നെ...വേറൊന്നും ഇപ്പൊ ചെയ്യാനൂല്ല.."


"നങ്കീ..." വളരെ ആർദ്രമായി ജോസഫ് വിളിച്ചു.


നിറഞ്ഞ മിഴികൾ തുളുമ്പാതെ നങ്കി ജോസഫിനെ നോക്കി.


എന്തൊക്കെയോ പറയാനുള്ള ഭാവത്തിൽ നിന്നെങ്കിലും ജോസഫ് മൂകാനായി. പിന്നെ നിശ്വാസത്തിന്റെ അകമ്പടിയോടെ ചോദിച്ചു ;


"അത്.... നങ്കീടെ വയറ്റിലുള്ള കുഞ്ഞ് ആണാണോ പെണ്ണാണോ... എന്നറിയാമോ ?"


ഞെട്ടലോടെ ജാൻസി ജോസഫിനെ നോക്കി.


"ചേട്ടായീ..!!!?"


"നിങ്ങൾ ഇവളോട് പറഞ്ഞിട്ടില്ല എന്നറിയാം. നങ്കി അറിയുന്നത് കൊണ്ട് എന്തെങ്കിലും പ്രശ്നമുണ്ടാകൂന്ന് എനിക്ക് തോന്നുന്നില്ല.." ജോസഫിന്റെ സ്വരത്തിൽ അമർഷം പ്രകടമായി.


അന്ധാളിപ്പോടെ നങ്കി ജോസഫിനെ തന്നെ നോക്കി നിന്നു.


"നിനക്കറിയാണോ നിന്റെ വയറ്റിലുള്ള കുഞ്ഞിനെപ്പറ്റി.. ?"


"വേണ്ടാ സാർ..."


"അതെന്താ..?"


"അദ് തെറ്റാ..."


"തെറ്റോ !!?"


"മ്മ്... നിയമം പറേന്നൊണ്ടല്ലോ "


"ഓ.... നിയമം.., ഉം. അപ്പൊ നിങ്ങള് ചെയ്തിരിക്കുന്ന കാര്യമോ. രഹസ്യമായി... അത് ശരിയാണോ ?"


നങ്കിയുടെ തല താഴ്ന്നു. ജാൻസിയും വിക്ടറും പരസ്പരം നോക്കി.


"അദിന പറ്റി ഒക്ക ന്നലെ സമ്സാരിച്ച അല്ലെ സാർ.. യിനീം ന്തിനാ വെറ്തെ.." കുനിഞ്ഞ ശിരസ്സോടെ നങ്കി പറഞ്ഞു നിർത്തി.


"ഭർത്താവിന്റെ ജോലി സംരക്ഷിക്കാൻ പകരക്കാരിയായി വന്ന നിനക്ക് ജോലി നൽകാൻ തീരുമാനിച്ചതിന് ഒരു കാരണേ ഉണ്ടായിരുന്നുള്ളൂ. തല ഉയർത്തി കണ്ണിൽ നോക്കി സംസാരിച്ചതു കൊണ്ട്.. പക്ഷേ, ഇന്ന്..നാളെ നിനക്ക് വേണ്ടപ്പെട്ടവർക്ക് മുന്നിലും ഇങ്ങനെ നിൽക്കാൻ ഇടവരരുത്.."


നിറഞ്ഞു തുളുമ്പിയ കണ്ണുകളോടെ നങ്കി തല ഉയർത്തി.


"ഞാ പോട്ടെ സാർ..."


" ഉം... " സൗമ്യമായി ജോസഫ് മൂളി.


നങ്കി പെട്ടെന്ന് നടന്നു നീങ്ങി.


"നിസ്സഹായ ആയ ഒരു പെണ്ണിൽ നിന്നും നിങ്ങളീ നേടിയെടുത്തതിനു പിന്നിൽ അവളുടെ കണ്ണീരിനാണ് മൂല്യം കൂടുതൽ.."


"അച്ചായാ..."


"ഭർത്താവെന്ന് പറയുന്നവൻ അധികാരം പ്രയോഗിച്ചപ്പോ, നിങ്ങളാ അവസരം മുതലാക്കി... പക്ഷേ തന്റേടിയായ ആ പെണ്ണ് നൽകിയ ഔദാര്യമാണ് അവൾ ചുമക്കുന്ന നിങ്ങളുടെ കുഞ്ഞ്.."


മറുപടിയ്ക്കു കാത്തു നിൽക്കാതെ ജോസഫ് നടന്നകന്നു.


വിതുമ്പലോടെ ജാൻസി മുറിയിലേക്ക് ഓടി. വിക്ടർ നെടുവീർപ്പോടെ നങ്കി നടന്നു മറഞ്ഞ വഴിയിലേക്ക് കണ്ണയച്ചു നിന്നു.


             

                  ⬛️◼️◾️ ▪️◾️◼️⬛️


പിന്നാലെ വരുന്ന കൊലുസ്സിനെ കണ്ട് പരിഭ്രമിച്ച് മല്ലിക അടിക്കടി തിരിഞ്ഞു നോക്കി നടന്നു.


"നിയ്യെന്തിനാ മല്ലീ പേടിക്ക്ന്നേ. ഞാ പറഞ്ഞില്ലേ ഓളൊന്നും ചെയ്യില്ലാന്ന്. ആശ്പത്രീലക്ക് വര്മ്പഴും നമ്മട കൂട തന്ന ഒണ്ടാര്ന്നല്ലോ.."


"ച്ചേയിക്ക് പേടിയില്ലേ. പണ്ട് പട്ടീനേം പൂച്ചേനേം ഒക്ക പേടി ആര്ന്നല്ലോ.."


"അദ് പണ്ടല്ലേ. പ്പോ പേടി മനുശ്ശരയാ.. പ്പോ.. ന്താ.. ങ്ങനാ.. ന്നൊന്നും പറാൻ പറ്റാത്തത് മനുശ്ശര പറ്റിയാ "


"ച്ചേയി പറേന്നഒന്നും എൻക്ക് തിരിയൂല്ല.."


നങ്കി ചിരിച്ചു.


കുറച്ചു ദൂരം നടന്നതും, എതിരെ വരുന്ന ആളെ കണ്ട് നങ്കി ഒന്ന് പതറി.


മണിയൻ !!


'ന്തേലും പറേം... ഒറപ്പാ. ഓര്ക്ക് പഗരം ജോലിക്ക് ചെന്നപ്പോ തന്ന പുച്ചിക്ക്ന്ന പോല സമ്സാരിച്ച ആളാ... ഒക്കയും അറിഞ്ഞിട്ടൊണ്ടാകും. മല്ലിയെ ന്തേലും പറയോ മാടൻ തമ്പ്രാനേ..' മനസ്സിൽ ഓരോന്ന് ശങ്കിച്ച് നങ്കി മുന്നോട്ട് നടന്നു.


നങ്കിയ്ക്ക് അഭിമുഖമായി വന്നതും ഒരു നേർത്ത ചിരി നൽകി മണിയൻ കടന്നു പോയി.


അമ്പരപ്പോടെ നങ്കി മണിയനെ നോക്കി തിരിഞ്ഞു.


"മണിയണ്ണാ..." ഒന്നുമാലോചിക്കാതെ നങ്കി വിളിച്ചു.


മണിയൻ തിരിഞ്ഞു നോക്കി.


"ജോലിക്ക് പോന്നേ ഒള്ളോ..വൈഗീല്ലോ.."


"ങ്ഹാ.... യിന്നല കയ്ച്ചത് കൊറച്ച് കൂടിപ്പോയീ.... രാവില എണീക്കാൻ വൈഗി.."


"മ്മ്.." മന്ദഹാസത്തോടെ തലയാട്ടി നങ്കി തിരിഞ്ഞു.


"നെനക്ക് സുഗാണോ ?"


അതിശയത്തോടെ നങ്കി മണിയനെ നോക്കി.


മറുപടിയെന്നോണം അതെ എന്നർത്ഥത്തിൽ തല ഒന്നു കുലുക്കുക മാത്രം ചെയ്തു.


നങ്കിയുടെ ഉത്തരത്തിന് ഒരു ചിരി തിരികെ നൽകി മണിയൻ, മല്ലികയുടെ മുഖത്തേക്ക് ഒന്നു നോക്കി. മല്ലികയുടെ ശ്രദ്ധ കൊലുസ്സിന്റെ മേലായിരുന്നു.


"അപ്പൊ സരി...." നങ്കിയോടായി യാത്ര പറഞ്ഞ് മണിയൻ നടന്നകന്നു.


കൊലുസ്സിനും മല്ലികയ്ക്കുമൊപ്പം നങ്കിയും നീങ്ങി.


                                 ▪️


മുറ്റത്തു നിൽക്കുകയായിരുന്ന തങ്കം, നങ്കിയെ കണ്ട് ഓടിവന്നു.


"ഏട പോയ്‌ നങ്കീ നിയ്യ്..?"


"മല്ലീനേം കൊണ്ട് ആശ്പത്രീ പോയക്കാ.. യീൾട പ്രസവം അട്ത്തിരിക്കയാ..."


"ഞാ മാടൻ കോവിലീ പോയ്‌ വെളുപ്പിന തന്ന...പൊങ്കാല ഒക്ക ചെയ്ത് വന്നപ്പോ നേരം കൊറേ ആയി " തങ്കം മല്ലികയെ തീരെ അവഗണിച്ചു കൊണ്ട് സമ്സാരിച്ചു.


"ഞാ ഇദ് വഴി പോയപ്പോ നോക്കി. അക്കേം മുരുഗണ്ണനേം കണ്ടില്ല.. അപ്പഴേ നിരീച്ച്... കോവിലീ പോയ്‌ കാണൂന്ന്.."


"ആ... വേറ എവ്ട പോഗാനാ..."


"ഞാ പിന്ന വരാക്കാ. നടന്ന് ഷീണിച്ച് ഈള്. കഴിക്കാനെന്തേലും കൊട്ത്തിട്ട് ഒന്ന് ഒറങ്ങുമ്പഴേക്കും ഞാ വരാം.."


"ഒരീസം കൊണ്ട് നിയ്യ് ആഗ ശീണിച്ചല്ലോ പെണ്ണേ. നെന്റ വയറ്റി ഒര് കൊച്ചൊള്ള കാരിയം മറന്നാ നിയ്യ്.. എല്ലാരിക്കും വേണ്ടി ഓടി നടക്കുമ്പോ നെന്റേം കൊച്ചിന്റേം കാരിയം ഗവ്‌നിക്കാത വരര്ത്.."


സ്നേഹപൂർവ്വമുള്ള തങ്കത്തിന്റെ ശാസനയെ നേർത്ത ചിരിയോടെ സ്വീകരിച്ച്, കൺകോണിലെ നനവിനെ തുടച്ചു മാറ്റി നങ്കി നിശ്വസിച്ചു.


"പിന്നെ വരാക്കാ..."


"ഉം... ചെല്ല്.."


നങ്കി മുന്നേ നടന്നു. പിന്നാലെ മല്ലികയും.


മുറ്റത്തേക്ക് കയറിയതും,  ലക്ഷ്മിയമ്മ കാർക്കിച്ചു തുപ്പുന്ന ശബ്ദമാണ് കാതിൽ മുഴങ്ങിയത്.


ഒന്നും ഗൗനിക്കാതെ നങ്കി വീടിനുള്ളിലേക്ക് നടന്നു.


"നിയ്യ് കൊറച്ചു നേരം കെടക്ക്‌. കഴിക്കാൻ നേരാകുമ്പോ ഞാ വിളിക്കാം.."


"ഉം..."


മല്ലിക മുറിയിലേക്ക് നടന്നു. നങ്കി അടുക്കളയിലേക്ക് പോകാൻ തിരിഞ്ഞതും മല്ലിക വിളിച്ചു.


"ച്ചേയീ.."


മുറിയുടെ വാതിൽക്കൽ പരുങ്ങി നിൽക്കുന്ന മല്ലിയ്‌ക്കരികിലേക്ക് നങ്കി നടന്നു ചെന്നു.


കട്ടിലിൽ നീണ്ടു നിവർന്നു കിടക്കുന്ന ശിവനിൽ പതിഞ്ഞിരിക്കുന്ന മല്ലികയുടെ കണ്ണുകളിൽ പരിഭ്രാന്തി നിഴലിച്ചു.


നങ്കി മുറിക്കുള്ളിലേക്ക് കയറി.


ശിവൻ തല ഉയർത്തി നോക്കി.


"ന്താ ?"


"മല്ലിക്ക് കെടക്കണം.."


"അദിന് ?"


"ഓൾക്ക് ശീണോണ്ട്. നെലത്ത് കടക്കാൻ ഒക്കൂല്ല. നെറവയറാ. നിങ്ങള് മാറണം.."


ശിവൻ എഴുന്നേറ്റിരുന്നു.


"ഓളോട് ഈട വന്ന് കടക്കാൻ പറ. ഞാ ഓള കൂടി പുരുഷൻ അല്ലേ ?"


പുച്ഛത്തോടെ നങ്കി ശിവനെ നോക്കി.


"അവക്കൊറങ്ങണം.. നിങ്ങള കൂട കടന്നാ ച്.." വാക്കുകൾ വിഴുങ്ങി നങ്കി മല്ലികയെ നോക്കി.


ശിവൻ പെട്ടെന്ന് ചാടിയെണീറ്റു.


"ന്റ കൂട കെടന്നാ... ന്താടി പറാത്തെ..? ന്റ കൂട കടന്നിട്ട് തന്നാ..യീൾടെ വയറ്റീ കൊച്ചൊണ്ടായേ. പശ്ശെ നെന്റ വയറ്റിലോ ?"


തുറിച്ച കണ്ണുകളോടെ നങ്കി ശിവനെ നോക്കി. ആ നോട്ടത്തിൽ ശിവൻ എരിഞ്ഞടങ്ങുമെന്ന് തോന്നി.


"ന്താടീ മിണ്ടാത്ത.. നെന്റ വാ മൂടാനൊള്ളത് ന്റേൽ ഒണ്ടന്ന കാരിയം മറക്കണ്ട.."


"ന്നാ ഞാ ഒര് നേര് പറേട്ടെ.. നിങ്ങട കൊച്ചിനെ പേറുന്നേലും അന്തസ്സൊണ്ടിപ്പ എനിക്ക്, ഇങ്ങന ഗർഭം ഒണ്ടായതില്. നിങ്ങക്ക് വേണ്ടത് ഒര് പെണ്ണോ കുടുമ്പോ കൊച്ചോ ഒന്നുവല്ല..."


"ഓ... ന്തേ.., പ്പോ വന്നെറങ്ങിയ സാറിനും നെന്റ വയറ്റീന്ന് കൊച്ച് വേണന്ന് പറഞ്ഞാ.. അദാണാ നെനക്ക് യിപ്പോ പെട്ടെന്ന് യീ ചൊമക്കുന്നേല് അന്തസ്സ് തോന്നി തൊടങ്ങിയെ..."


"ഛീ...


"ച്ചേയീ...." ഭയപ്പാടോടെ മല്ലിക വിളിച്ചപ്പോഴാണ് ഇരുവരും സമനില വീണ്ടെടുത്തപോലെ ചുറ്റുപാടും നോക്കിയത്.


തറ ചവിട്ടി മെതിച്ചു കൊണ്ട് ശിവൻ മുറിവിട്ടിറങ്ങി പോയി.


മല്ലിക നങ്കിയ്‌ക്കരികിലേക്ക് നടന്നു വന്നു.


"ച്ചേയീ... ഒരിക്ക വീട്ടീ വച്ച് ശിവാണ്ണൻ എന്ന പിന്നേം കേറി പിടിച്ച്. കല്യാണം കഴിഞ്ഞ ഒരീസമാ. പഷേൽ അന്ന് എൻക്ക്... മ്മ്... ഹാ.. രണ്ട് മാസാരുന്നു ഗർഫം. ന്റ നെലവിളി കേട്ട് അമ്മ വന്ന് ശിവാണ്ണനെ ഒത്തിരി ചീത്ത വിളിച്ച്. ഇനി പേറ് കഴീന്ന വര ന്റ കൂട കെടക്കല്ലൂന്നും പറഞ്ഞ്..." നിഷ്ക്കളങ്കമായി ഭീതി കലർന്ന സ്വരത്തിൽ മല്ലിക പറഞ്ഞു തീർത്തു.


"നിയ്യ് പേടിക്കണ്ട, ഓരിനി നെന്റ കൂട കെടക്കില്ല..."


"ച്ചേയീ നിങ്ങള് ന്തോ പറഞ്ഞാ ചണ്ട കൂടിയേ.. എൻക്ക് ഒന്നും തിരിഞ്ഞില്ല.."


നങ്കിയിൽ നിന്നും ഒരു നെടുവീർപ്പ് ഉണർന്നു.


"അദ്... വെറ്തെ... ഒന്നൂല്ല. ദേഷ്യം വരുമ്പോ ന്തേലും വിളിച്ചു പറേന്നതാ.. നിയ്യ് ചെന്ന് കെടക്ക്‌..." 


നങ്കി പെട്ടെന്ന് മുറി വിട്ടിറങ്ങി.


അപ്പൻ മരുന്നുകളുടെ കനിവ് നൽകിയ മയക്കത്തിലാണ്. മറ്റാരും പരിസരത്തെങ്ങുമില്ല. ആശ്വാസത്തിന്റെ ഉമിനീരിറക്കി നങ്കി അടുക്കളയിലേക്ക് നടന്നു.


മോരുമായി നങ്കി മുറിയിലെത്തിയപ്പോ മല്ലിക ഏതൊക്കെയോ ചിന്തകളുടെ കനത്തിൽ ആണ്ടിരിക്കുകയായിരുന്നു.


"നിയ്യ് കടന്നില്ലേ.. ന്നാ യീ മോര് കുടിച്ചേച്ച് കെട..."


മോര് ഒരിറക്ക് കുടിച്ചു കൊണ്ട് മല്ലിക നങ്കിയെ നോക്കി.


"ച്ചേയീ ഇന്ന് ആശ്പത്രീല് നിന്ന ആ ആള് ഏദാ..?"


"ഏതാള് !?"


"ച്ചേയീന പേര് വിളിച്ച് ന്തോ ചോയ്ക്കാനൊണ്ടെന്ന് പറഞ്ഞ ആള്  "


"അത്..ആശ്പത്രീട ഒര് സാറാ.. ഊം... ന്തേ ചോയ്ച്ചേ..?"


"നല്ല രസോണ്ടാര്ന്ന് കാണാൻ.. പിന്ന ച്ചേയീ, വഴീ വച്ച് സമ്സാരിച്ച ആളേദാ..?"


"ആ ആശ്പത്രീ വേല ചെയ്യ്ന്ന ആളാ. പിന്ന യീ ഊര്ക്കാരനും.. ന്താ രസോണ്ടാരുന്നാ കാണാൻ..?"


മല്ലിക ഒരു ചിരിയിൽ മറുപടി ഒതുക്കി.


"നെനക്ക് ന്തേലും തിന്നാൻ കൊതീണ്ടോ?"


"തിന്നാനാ.... മ്മ്.... ആ ച്ചേയീ എൻക്ക് പായസം കുടിക്കാൻ കൊത്യാവും ചെലപ്പോക്കെ..."


"ഉം.. ന്നാ ഞാ യിന്ന് വയ്ഗിട്ട് പായസം വച്ചരാം.."


മല്ലിക ആവേശത്തോടെ തല കുലുക്കി.


"നീ കെടന്നോ. തിന്നാൻ കാലാകുമ്പോ ഞാ വിളിക്കാം.."


നങ്കി മുറിക്ക് പുറത്തേക്ക് നടന്നു.


മനസ്സിൽ, ജോസഫ് ചോദിച്ച ചോദ്യങ്ങളും നിറച്ച്..


            

                     ⬛️◼️◾️▪️◾️◼️⬛️


ലേബർ റൂമിന് പുറത്ത് ഒരമ്മയുടെ സകല ആധിയോടെയും നങ്കി നിന്നു.


വെളുപ്പിനാണ് മല്ലികയ്ക്ക് പ്രസവ വേദന തുടങ്ങിയത്. ശിവൻ വീട്ടിലുണ്ടായിരുന്നില്ല. മുരുകനെ വിളിച്ച് എങ്ങനെയൊക്കെയോ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ശിവന്റെ അമ്മ കൂടെ വരാൻ താല്പര്യം കാട്ടിയില്ല. നങ്കി തനിച്ചാണെന്ന് കണ്ട് തങ്കം ഒപ്പം കൂടി.


"ന്തായീ ?" മുറുക്കാൻ ചവച്ചു കൊണ്ട് മുരുകൻ ലേബർ റൂമിന് മുന്നിലേക്ക് നടന്നു വന്നു.


"നിങ്ങ ഈത് ഏട പോയ്‌ര്ന്ന് മനിച്ചാ..."


"മുറുക്കാൻ പോയാടീ... സിവനേട ?"


"ഈട ഒണ്ടാരുന്ന്. പ്പോ ങ്ങോട്ടോ പോയീ "


"യ്യി പ്പെണ്ണ് ആഗ നെരുപ്പീ ചവുട്ടി നിക്കുമ്പ ഈനെവിടാ പോയേ ?"


"ആര്ക്കറിയ്യാം " തങ്കം ഈർഷ്യോടെ പറഞ്ഞു. "കൊച്ചിന കീറിയേ പൊറത്തെട്ക്കത്തോള്ള്, പെണ്ണിന് അല്ലാത പേറു നടക്കത്തില്ലാന്നാ ഡോട്ടറ് പറഞ്ഞേ. ഏതോ കടലാസ്സീ കെട്ടിയവൻ ഒപ്പിടണോന്ന് പറഞ്ഞപ്പോ, ഒപ്പ് കൊടുത്തേച്ച് പോയോനാ.."


നങ്കി ചുമരിലേക്ക് തല ചായ്ച്ചു നിന്നു.


മണിക്കൂറുകളുടെ നീണ്ട യാത്രയ്ക്കൊടുവിൽ ലേബർ റൂമിന്റെ വാതിൽ തുറന്നു.


തുടരും......



നങ്കി 1️⃣3️⃣


©️ Copyright Protected


ഭാഗം 1️⃣3️⃣


"നെന്റ വയറ്റിലും ഓന്റ കൊച്ച് തന്നാ. അല്ലാത കാക്കേടോ പരുന്തിന്റോ അല്ലാ. ഏൻക്ക് ആ കൊച്ച് മദീ.."


നങ്കിയുടെ തല പെട്ടെന്ന് താഴ്ന്നു.


"ന്താഡീ മിണ്ടാത്ത.. യീൾട പേറ് ഞാ നോക്കത്തും യില്ല. ആ കൊച്ചിന തൊടത്തൂമില്ല "


ഉതിർന്നു വീഴാറായ കണ്ണീരോടെ നങ്കിയുടെ തല ഉയർന്നു.


............✍️


"പ്രസവം കഴിഞ്ഞ് കൊച്ച് ഉയിരോട ഒണ്ടാകുന്നതൊക്ക ഒടേതമ്പ്രാന്റ കൈയ്യിലാ. ചെലപ്പോ മല്ലീട കൊച്ചിന സ്നേഹിക്കാനൊള്ള യോഗാ നമ്മക്കെങ്കിലോ.."


"പ്ഫാ എരണം കേട്ടോളേ... വയറ്റില കൊച്ചിന വച്ചോണ്ട് പറാൻ കൊള്ളാന്ന ആണോഡീ നിയ്യ് പറഞ്ഞേ. ങ്ഹാ പണ്ടേ എൻക്ക് സമ്സയോം ഒണ്ടാരുന്ന്, ആദിലത്തെ കൊച്ചിന നിയ്യ് അറിഞ്ഞോണ്ട് തന്ന വയറ്റീ വച്ച് കൊന്ന യാണോന്ന്..


നെന്റ സല്യം ഒയ്ക്കാന് നെന്റ ചിന്നമ്മ നടത്തീതാണ് യ്യി കല്യാണം. നെനക്ക് ഇസ്ട്ടല്ലാരുന്നല്ലോ കല്യാണത്തിന്. നെനക്ക് പള്ളിക്കൂടത്തീ പോണം പടിച്ച് എന്തരോ ആകണം.. അദാരുന്നില്ലേ ഡീ നെന്റ ഇസ്ടം..


ന്റ സിവന് പടിപ്പൂല്ല.. ബങ്ങീല്ല. നിയ്യ് ഏതോ ലോഗ സുന്തരി.. അദൊക്ക കൊണ്ട് ഓന്റ കൊച്ചിന വേണ്ടാന്ന് ഒറപ്പിച്ചു വച്ചേക്കുവാണാ നിയ്യ് പറേഡീ.." ലക്ഷ്മിയമ്മ മല്ലികയെ മറന്ന് നങ്കിയ്ക്ക് നേരെ കുതിച്ചു.


"ന്റ പ്പനൊണ്ടാരുന്നേൽ ന്ന പഠിപ്പിച്ചേന. അപ്പൻ പോയപ്പോ ന്റ സൊപ്നങ്ങളും കൂടാ അപ്പന്റ ചിതേല് ഞാ എരിച്ചേ . പിന്ന ഞാ സൊപ്നം കാണാൻ തൊടങ്ങീത് ന്റ വയറ്റീ ഒര് ജീവൻ വച്ചൂന്ന് അറിഞ്ഞ നാള് തൊട്ടാ. പശ്ശെ അതും...." ഏങ്ങലോടെ കരഞ്ഞു കൊണ്ട് നങ്കി മുറിയിലേക്ക് ഓടി.


മല്ലികയെ രൂക്ഷമായി നോക്കിക്കൊണ്ട് ലക്ഷ്മിയമ്മ അടുക്കള മുറ്റത്തേക്ക് ചാടിത്തുള്ളി പോയി.


മല്ലിക നങ്കിയുടെ മുറിയിലേക്ക് നടന്നു.


തടി കൊണ്ടുള്ള പുത്തൻ കട്ടിലും മേശയും കസേരയുമൊക്കെ മുറിയിൽ കിടപ്പുണ്ട്. കട്ടിലിൽ ഒരു പഴന്തുണി പോലെ നങ്കിയും.


അനിയത്തിയെ കണ്ട് നങ്കി എഴുന്നേറ്റിരുന്നു.


"നിയ്യ് കൊറച്ചു നേരം കടക്ക് മല്ലീ. ശീണം ഒണ്ട് നെന്റ മുഖത്ത്.."


നിലത്തേക്കിരിക്കാൻ തുനിഞ്ഞ മല്ലികയെ നങ്കി കട്ടിലിൽ പിടിച്ചിരുത്തി.


"ഇവ്ട കെട.. എനി നെനക്കും... നെനക്ക് അവകാശ ഒള്ളതല്ലേ ഇദൊക്ക.."


"ച്ചേയി ന്താ പറേന്നേ..എൻക്ക് ഒന്നിലും അവകാശോന്നും വേണ്ടാ.."


"നിച്ചു സ്കൂളില് പോന്നില്ലേ യിപ്പോ ?" നങ്കി വിഷയം മാറ്റാനായി ചോദിച്ചു.


"ഏടന്ന്...ഓനിപ്പോ കൊടീം പിടിച്ച് ന്തോ സമരത്തിനും ജാതക്കും ഒക്ക പോഗുവാ. ഒരീസം നിച്ചു ഒര് വേല ഒപ്പിച്ച് ച്ചേയി. അമ്മേന്റ പുത്യ ഫർത്താവിന്റ തലമണ്ട കൊടി കെട്ടിയ വടി കൊണ്ടടിച്ച്  പൊട്ടിച്ച്. കവലെ വച്ചാരുന്ന്... പശ്ശെ ന്തോ ഭാഗ്യം കേസ്സൊന്നും ആയില്ല.


പശ്ശെ... പിന്ന അമ്മക്ക് നിച്ചൂന കണ്ടൂടാതായി. പണ്ടേ അവര് രണ്ടും പോരാ. ച്ചേയീട കാരിയം പറഞ്ഞ് ഓനെപ്പോം അമ്മോട് ചണ്ടയാ. ഇദൂട ആയപ്പോ അമ്മ ഓനോട്‌ വീട്ടീന്ന് എറങ്ങി പോഗാൻ പറഞ്ഞ്. ന്റ കാരിയത്തി ഒര് തീര്മാനം അറിഞ്ഞട്ടേ ഓൻ പോത്തോളന്നു പറഞ്ഞ്. അദാ അയാള് ന്നേം കൂട്ടി പെട്ടെന്ന് ഈടക്ക് വന്നേ.."


അമ്പരപ്പായിരുന്നു നങ്കിയുടെ മുഖത്ത്. 'നിച്ചു.. ഓനെത്ര വയസ്സൊണ്ട്... പെറ്റ അമ്മ തന്ന വീട്ടീന്ന് എറങ്ങി പോകാൻ പറഞ്ഞേക്കുന്നു... എത്തറ നാളായ്‌ ഓന കണ്ടിട്ട്... ഒന്ന് വരുക കൂടീല്ല... ഈടൊള്ളോര ഓന് ഇഷ്ടല്ല... ഓര ഒട്ടും കണ്ടൂട.. '


"ച്ചേയീ... "


മല്ലികയുടെ സ്വരം നങ്കിയുടെ ചിന്തകൾക്ക് വിരാമമിട്ടു.


"ഉം..."


"ചെലപ്പോ തോന്നും ച്ചേയീട മാത്രല്ല ന്റേം നിച്ചൂന്റേം കൂട ചിന്നമ്മയാ അമ്മേന്ന്..."


നങ്കി വാത്സല്യത്തോടെ അനിയത്തിയുടെ മുഖത്തേക്ക് നോക്കി.


"കൊച്ചിന്റ അനക്കോക്കെ ഗൗനിക്കൊന്നൊണ്ടാ നിയ്യ് ?"


മറുപടി പറയാതെ മല്ലിക മന്ദഹസിച്ചു.


"നിയ്യ് കൊറച്ചു നേരം കെടന്നൊറങ്ങ്...ഉം..." നങ്കി മല്ലികയുടെ കൈയിൽ തലോടി പറഞ്ഞു.


തല കുലുക്കി കൊണ്ട് മല്ലിക ചരിഞ്ഞു കിടന്നു.


ഉച്ചവെയിൽ നീങ്ങിത്തുടങ്ങിയപ്പോ നങ്കി എഴുന്നേറ്റു. മല്ലികയ്ക്കു കൂടി കട്ടിൽ പങ്കിട്ടു കൊണ്ടാണ് കിടന്നത്. അഴിഞ്ഞു വീണ മുടി വാരിക്കെട്ടി കട്ടിലിൽ നിന്നും ഇറങ്ങവേ മല്ലികയുടെ മുഖത്തേക്കൊന്നു നോക്കി. ഉറക്കത്തിന്റെ അടിവാരത്തിലെവിടെയോ മേഞ്ഞലയുകയാണ് മല്ലിയെന്ന് നങ്കിയ്ക്ക് തോന്നി.


നടുമുറിയിൽ നിലത്ത് ഉച്ചമയക്കത്തിൽ ആണ്ടു കിടക്കുന്ന ശിവന്റെ എളേതുങ്ങളെയും കയറ്റു കട്ടിലിൽ കിടക്കുന്ന അപ്പനെയും മറികടന്ന് നങ്കി പുറത്തേക്കിറങ്ങി. അമ്മേ കാണുന്നില്ല. അയല്പക്കത്തെവിടെയെങ്കിലുമിരുന്ന് പതം പറഞ്ഞ് കരയുന്നുണ്ടാകും. 


തങ്കത്തിന്റെ വീട്ടിലേക്ക് പോകാനിറങ്ങവേയാണ് നടവഴി ഇറങ്ങി വരുന്ന ശിവനെ കണ്ടത്. ദേഹത്തൂടെ എന്തോ അരിച്ചു കയറുന്നത് പോലെ നങ്കി മേലൊന്ന് കുടഞ്ഞു. പിന്നെ ദ്രുതഗതിയിൽ ശിവനരികിലേക്ക് നടന്നു.


മുറ്റത്തേക്കെത്തും മുമ്പേ അതിരിലെ വേലിക്കെട്ടിനരികെ ശിവന് മുന്നിൽ വഴി തടസ്സമായി നങ്കി നിന്നു.


നങ്കിയുടെ ചുവന്നു കലങ്ങിയ കണ്ണുകളിലും കണ്ണീർച്ചാലുണങ്ങിക്കിടക്കുന്ന കവിളുകളിലും വിറപൂണ്ട അധരങ്ങളിലും നോക്കി ശിവൻ ചിരിച്ചു.


കുറ്റബോധം ലവലേശം തീണ്ടാത്ത മുഖത്തു നിന്നും തനിക്കു നേരെ വന്ന ചിരിയോട്, മണ്ണിലേക്ക് കാർക്കിച്ചു തുപ്പി നങ്കി പ്രതിഷേധം പ്രകടമാക്കി.


"ഡീ..." കലിപൂണ്ട പോലെ ശിവൻ വിളിച്ചു.


"പ്പോ ന്ന നോക്കി ചിരിച്ച ചിരി യില്ലേ അദ് ന്റ മുഖത്തേക്ക് തുപ്പിയ പോലാ എനിക്ക് തോന്നീത്. അദ് ഞാ തിരിച്ച് തന്നതാ..." പുച്ഛത്തോടെ നങ്കി പറഞ്ഞു.


"നെന്റ അനീത്തിക്ക് കൂടി ഒര് ജീവിദം കൊട്ത്ത് ഞാ അത്തറെ ഒള്ള്..."


"ജീവിതോ !!? ങ്ഹും. ജീവിതം കൊട്ക്കയല്ല കെടുത്തുവാ ചെയ്‌തേ...


എനിക്ക് എത്തറ വയസ്സൊണ്ടന്ന് അറിയോ നിങ്ങക്ക്..? പത്തൊമ്പത്...

 ഓൾക്ക് പതിനഞ്ചോ... പതിനാറോ. കൊച്ച് പെണ്ണാ ഓള്. കല്യാണം കഴിക്കാനൊള്ള പ്രായാണോ ഓൾടെ.. "


"നെന്റ ചിന്നമ്മേട രണ്ടാം സമ്പന്തക്കാരന്റ കൈയ്യീന്ന് രച്ചിക്കയാ ചെയ്തേ. യില്ലേ ഓൻ അമ്മേം പെണ്ണിനേം വച്ചോണ്ടിര്ന്നേന "


"ഓ... പശ്ശെ യിപ്പോ ഓളെ കാണുമ്പോ തോന്നുന്നേ പുലീടത്ത്ന്ന് നരി രഷിച്ച മാങ്കുട്ടീന പോലാ.."


"യെടീ...."


"സത്ത്യല്ലേ...ഈടേം രണ്ട് പെങ്കൊച്ചുങ്ങ ഒണ്ടല്ലോ. അദുങ്ങ്ളിലൊന്നിൻ്റ പ്രായല്ലേ ന്റ മല്ലിക്കൊള്ള്. രശ്ശിക്കാനാരുന്നേൽ അവരപ്പോലെ ഓളേം കണ്ടേന... അല്ലാത ഒര് കൊച്ചുപെണ്ണിന്റ വയറ്റില് ഒര് കൊച്ചിന ഒണ്ടാക്കുവല്ല ചെയ്യ്ന്നേ "


"നെനക്ക് സഗിക്കാൻ പറ്റുന്നില്ലെ ഓളോട് ഓള വീട്ടീ പൊക്കൊള്ളാൻ പറ. എൻക്ക് പ്രച്ചന ഒന്നൂല്ല "


നങ്കി അറപ്പോടെ ശിവനെ നോക്കി.


"പശ്ശെ എനിക്ക് പ്രശ്നോണ്ട്.."


നങ്കിയെ തള്ളിമാറ്റി മുമ്പോട്ട് പോകാൻ തുനിഞ്ഞ ശിവന്റെ കൈയിൽ നങ്കി കയറി പിടിച്ചു. ഒരു കൈ വേലിക്കമ്പിൽ പിടുത്തമിട്ട് വീഴാതിരിക്കാനും നങ്കി ശ്രമിച്ചു.


"എൻക്ക് വേലക്ക് പോണം "


"നിച്ചൂന് വേല തരാക്കാന്ന് വാക്ക് കൊട്ത്താര്ന്നോ ?"


"ങ്ഹും... വേലയോ! ഓനോ...! ന്ന ഒര് വെലേം നെലേം കൽപ്പിക്കാത്തോന് വേല അല്ല തരാക്ക്ന്നേ "


"അപ്പൊ കാരിയ സാദ്യത്തിനൊള്ള അടവാര്ന്ന് അതും.. അല്ലേ?"


പല്ലിറുമ്മി അരിശത്തോടെ ശിവൻ നങ്കിയുടെ കൈ തട്ടിമാറ്റി.


"യെന്നക്കാളും ആസ്പത്രീല മൊതലാളിമാരോട് നെനക്കല്ലേ അടുപ്പം. നിയ്യ് ഒര് വാക്ക് പറഞ്ഞാ മദീ വേലേം കിട്ടും യില്ലേ, വേല ചെയ്യാത കൂലീം കിട്ടും.."


നങ്കിയെ വകഞ്ഞു മാറ്റി ശിവൻ നടന്നു പോയി.


ശരീരം തളർന്ന പോലെ വേലിക്കമ്പിൽ പിടിച്ച് പിന്നെയും കുറച്ചു നേരം കൂടി നങ്കി നിന്നു,  എന്തൊക്കെയോ ചിന്തകളിൽ മുഴുകി. പിന്നെ വീട്ടിലേക്ക് തന്നെ തിരികെ നടന്നു.


                     ⬛️◼️◾️▪️◾️◼️⬛️


സ്കാനിംഗിനായി മല്ലികയെ നേഴ്സിനൊപ്പം വിട്ട് ജാൻസി നങ്കിയുമായി മുറിയിലേക്ക് നടന്നു.


വരാന്തയുടെ ഓരം ചേർന്ന് വരുന്ന ജോസഫിനെ കണ്ട് നങ്കി പെട്ടെന്ന് തല കുനിച്ചു. അവർക്കരികിലെത്തി ജോസഫ് നിന്നു .


"നങ്കീടെ അനിയത്തിയെ ചെക്കപ്പിന് കൊണ്ടു വന്നു. സ്കാനിംഗിന് പോയിരിക്കയാ "


"ഉം..." നങ്കിയുടെ മുഖത്തേക്ക് നോക്കി ജോസഫ് മൂളി.


"എനിക്ക് നങ്കിയോടൊന്ന് സംസാരിക്കണം. തനിച്ച്..."


"ചേട്ടായീ..."


"എന്തേ ഞാൻ സംസാരിക്കുന്നതിൽ നിനക്ക് ബുദ്ധിമുട്ടുണ്ടോ  ?"


"എനിക്കൊണ്ട്..." നങ്കി തല ഉയർത്തി ജോസഫിനെ നോക്കി.


"എനിക്ക് ഒന്നും സമ്സാരിക്കാനില്ല.."


"പക്ഷേ എനിക്കുണ്ട്. ജാനി നീ റൂമിലേക്ക് പൊക്കോ. നങ്കിയെ ഞാൻ വിട്ടോളാം "


"പശ്ശെ.." നീരസത്തോടെ നങ്കി ജാൻസിയെ നോക്കി.


നിസ്സഹായയെപ്പോലെ ജാൻസി തലയാട്ടി. പിന്നെ മുറിയിലേക്ക് നടന്നു.


"ന്താ പറാനുള്ളേ..?" അനിഷ്ടം പ്രകടമാക്കിക്കൊണ്ട് തന്നെ നങ്കി ചോദിച്ചു.


"പറയാനല്ല, ചിലത് ചോദിക്കാനും കുറച്ചു സംസാരിക്കാനും..


നെറ്റി ചുളിച്ച് ചോദ്യഭാവത്തിൽ നങ്കി ജോസഫിനെ നോക്കി.


"നീ ചേനില ഗവണ്മെന്റ് ഹൈ സ്കൂളിൽ പഠിച്ചിട്ടുണ്ടോ ?"


മറുപടി പറയാതെ നങ്കിയുടെ കണ്ണുകൾ വിസ്മയം പൂണ്ടു.


"ചോദിച്ച കേട്ടില്ലേ ?"


"മ്മ്... ആ പഠിച്ചിട്ടൊണ്ട് "


ഇത്തവണ അത്ഭുതം കൂറിയത് ജോസഫിന്റെ കണ്ണുകളാണ്.


"എത്ര വരെ പഠിച്ചു !?"


"പത്തില് പാതി "


"അതെന്താ പാതിക്ക് പഠിപ്പ് നിർത്തിയെ !!?"


"ന്തിനാ യിദൊക്കെ ചോയ്ക്ക്ന്നേ. ഞാ യിനി ഈട ജോലിക്ക് വര്ന്നില്ലല്ലോ " നങ്കി സംശയത്തോടെ ചോദിച്ചു.


ഒരു മന്ദഹാസത്തോടെ ജോസഫ് പാന്റ്സിന്റെ പോക്കറ്റിൽ നിന്നും പേഴ്‌സ് പുറത്തെടുത്തു. പിന്നെ അതിനുള്ളിൽ നിന്നും ഒരു ഫോട്ടോയും. അയാളത് നങ്കിയ്ക്ക് അഭിമുഖമായി പിടിച്ചു. നങ്കി ആ ഫോട്ടോയിലേക്ക് ചൂഴ്ന്നു നോക്കി.


"ഇദ്ദേഹത്തെ ഓർമ്മയുണ്ടോ ?"


ഫോട്ടോയിലേക്ക് നോക്കി നിൽക്കേ നങ്കിയുടെ കണ്ണുകൾ വിടർന്നു. ഒരു പുഞ്ചിരിയോടെ തല കുലുക്കി നങ്കി ജോസഫിനെ നോക്കി.


"യ്യി സ്സാറ്... ന്റ സ്കൂളിൽ വന്നിട്ടോണ്ട്. എനിക്ക്.. എനിക്ക് സമ്മാനോം തന്നിട്ടൊണ്ട് "


"ഞങ്ങളുടെ പപ്പയാണ്. എന്റെയും ജാൻസിയുടേം "


ആശ്ചര്യത്തോടെ നങ്കി ജോസഫിനെ നോക്കി. അന്നാദ്യമായി നങ്കിയുടെ കണ്ണിൽ അയാളോടുള്ള ബഹുമാനം തിളങ്ങി.


"ഞാ... ജാൻസിയേച്ചി..!!"


"മ്മ്.."


"സ്സാറിപ്പോ ?"


"പപ്പാ...മരിച്ചിട്ട് ഒന്നര കൊല്ലമായി. പപ്പേടെ സ്വപ്നമായിരുന്നു, മമ്മേടെ ഓർമ്മയ്ക്കായി ഒരു ഹോസ്പിറ്റൽ. അതും ഒരു ട്രൈബൽ ഏരിയ കേന്ദ്രീകരിച്ച് വേണോന്നും. പക്ഷേ ഹോസ്പിറ്റലിന്റെ ഉൽഘാടനത്തിനു മുമ്പേ പപ്പാ പോയി.."


നങ്കിയുടെ കണ്ണിൽ നീർ പൊടിഞ്ഞു.


"നീ പഠിപ്പ് നിർത്തിയതിന്റെ കാരണം പറഞ്ഞില്ല " ജോസഫ് ചോദ്യം ഓർമപ്പെടുത്തി.


"അത്.. പത്തില് പഠിക്കുമ്പഴാ അപ്പൻ മരിച്ചേ. പിന്ന ചിന്നമ്മ പഠിക്കാൻ വിട്ടില്ല.."


"ഓ..."


"സാറിന് എന്ന എങ്ങന...?" ചോദ്യം അപൂർണമാക്കി നങ്കി നിന്നു.


"ശിവനെ തിരക്കി വീട്ടിൽ വന്നപ്പോഴല്ല, ജോലിക്കാര്യത്തിനായി നീ ഇവിടെ വന്നപ്പോഴാ എവിടെയോ മുൻപ് കണ്ട മുഖപരിചയം തോന്നിയത്. അന്ന് ചോദിച്ചില്ല.. പിന്നെ ഓർത്തതുമില്ല..


പിന്നെ ഈ വരവിൽ നിന്നെപ്പറ്റി ജാൻസിയും വിക്ടറും പറഞ്ഞറിഞ്ഞ ശേഷമാ നിന്നെ ഓർത്തെടുക്കാൻ ശ്രമിച്ചത്..


പപ്പാ നിന്റെ സ്കൂളിൽ വന്നിട്ടുണ്ട്, സമ്മാനം തന്നിട്ടുണ്ടെന്ന് പറഞ്ഞില്ലേ.. അന്ന് പപ്പയ്ക്കൊപ്പം ഞാനുമുണ്ടായിരുന്നു. ഇല്ലായ്മകളിൽ നിന്നും പഠിച്ചു ജയിക്കുന്ന ഒരാദിവാസി പെൺകുട്ടിയെ, മൊത്തതിൽ ഉഴപ്പനായ മകന് കാട്ടി കൊടുക്കാൻ കൂടെ കൂട്ടിയതാ പപ്പ. ഞാനന്ന് കോളേജ് സ്റ്റുഡന്റാ. സപ്ലി എഴുതി നടന്ന എനിക്കുള്ള കുത്തിക്കാട്ടലായിരുന്നു നിനക്കുള്ള സമ്മാനം.. " ജോസഫ് ഓർമ്മകളിൽ മന്ദഹസിച്ചു.


നങ്കിയുടെ ചുണ്ടിലും ചിരി വിരിഞ്ഞു.


"നിങ്ങൾ തമ്മിലുള്ള പ്രശ്നമൊക്കെ ഒത്തു തീർപ്പായോ ?" വിക്ടറിന്റെ ശബ്ദം അവർക്കിടയിലേക്ക് കടന്നു വന്നു. ജാൻസിയും അയാൾക്കൊപ്പം ഉണ്ടായിരുന്നു. 


"ഹാ...തീർപ്പായി വരുന്നു.." ജോസഫ് മറുപടി നൽകി. "നീ ഇവനേം കൂട്ടി വന്നതാ അല്ലേ. നങ്കിയോട് ഞാനെങ്ങനെ പെരുമാറൂന്ന് പേടിച്ച്.." ജോസഫ് ജാൻസിയോടാരാഞ്ഞു.


"അത് പിന്നെ...." ജാൻസി നിന്നു പരുങ്ങി.


"ഹാ.. അതുപോട്ടെ, നിങ്ങൾക്കൊരു കാര്യം അറിയണോ.. ജില്ലാ തലത്തിൽ സ്പെല്ലിങ് ബീ കോംപറ്റീഷന് ഒന്നാം സ്ഥാനം നേടിയ ആളാ മുന്നിൽ നിൽക്കുന്നത് "


അവിശ്വസനീയ ഭാവത്തോടെ വിക്ടർ നങ്കിയെ നോക്കി.


"ശരിക്കും !!"


"ഹാ... അതേ. നിന്റെ അമ്മായിഅച്ഛനീന്ന് ട്രോഫി വരെ വാങ്ങീട്ടുണ്ട് "


"ഹേ !! ഇത് ഞെട്ടിപ്പിക്കുന്ന വാർത്ത ആണല്ലോ..." ജാൻസി അതിശയിച്ചു.


"അപ്പൊ ഏത് ഇംഗ്ലീഷ് വേർഡ് പറഞ്ഞാലും കറക്റ്റ് സ്പെല്ലിങ് പറയോ ?"


"ഇല്ല സാർ... അതൊക്കെ വിട്ടു പോയി.. മറന്നു "


"എന്ത് മറക്കാൻ.. ഇതൊക്കെ എല്ലാർക്കും കിട്ടുന്ന കഴിവൊന്നമല്ല നങ്കീ. ജില്ലയിൽ ഒന്നാം സ്ഥാനം എന്നൊക്കെ വെച്ചാ.. അത്രക്കും കഴിവുണ്ടായിട്ടല്ലേ...എത്ര പേർക്ക് സാധിക്കുന്ന കാര്യമാ..തെറ്റാതെ ഒരു വാക്കിന്റെ സ്പെല്ലിങ് പറയുക എന്നത്. അതും ഒരു ലിമിറ്റഡ് ടൈമിൽ ഒട്ടും പരിചയമില്ലാത്ത വാക്കുകളൊക്കെ അല്ലേ മത്സരത്തിൽ ചോദിക്കുന്നത്.." വിക്ടർ ആരാഞ്ഞു.


"മ്മ്..."


"രാജ്യാന്തര തലത്തിലൊക്കെ മത്സരങ്ങളുണ്ടല്ലോ. അതിലൊന്നും പങ്കെടുത്തിട്ടില്ലേ.."


"ഇല്ലാ ചേച്ചി.."


"അതെന്താ !!"


"ഒര് പെങ്കൊച്ചിന് അതും ആദിവാസി പെങ്കൊച്ചിന് അദൊക്ക സൊപ്നം കാണുന്നേനും മേലയാര്ന്ന്..."


"പിന്നെ പഠിത്തവും നിർത്തേണ്ടി വന്നല്ലേ..?"


മറുപടിയായ് നങ്കി മന്ദഹസിക്കുക മാത്രം ചെയ്തു.


"ച്ചേയീ.." മല്ലിക നങ്കിയെ വിളിച്ചു കൊണ്ട് നടന്നു വന്നു.


"സ്കാനിംഗ് കഴിഞ്ഞാ ?"


"ഉം.."


നങ്കി തിരിഞ്ഞ് ജോസഫിനെ നോക്കി.


"സാറെ ഞാ യിനി പോട്ടെ. ഡോക്ട്ടറെ സ്കാൻ ചെയ്ത പേപ്പറ് കാണിക്കണം. യീൾട പ്രസവം അട്ത്തിരിക്കയാ. തീയതി ചോയിച്ചറിയണം.."


"ശരി.. പൊക്കോ "


നങ്കി ജാൻസിയെ നോക്കി തലയാട്ടി തിരിഞ്ഞു നടന്നു. ഒന്നു രണ്ട് ചുവട് മുന്നോട്ടു വച്ചതും ജോസഫിന്റെ പിൻവിളി പ്രതീക്ഷിക്കാതെ വന്നു.


"നങ്കീ..."


തുടരും......






നങ്കി 1️⃣2️⃣



©️ Copyright Protected


ഭാഗം ️1️⃣2️⃣


...........✍️


നങ്കിയുടെ കണ്ണുകൾ പതർച്ചയോടെ ആ കൈയ്യിനുടമയിൽ ആഴ്ന്നു.


വെളുത്തു മെലിഞ്ഞ ഒരു പെണ്ണ്. അവളുടെ വിളർത്ത മുഖത്തും കുഴിഞ്ഞ കണ്ണുകളിലും കണ്ണീർച്ചാലുണങ്ങിപ്പിടിച്ച കവിളുകളിലും നോട്ടം പായിച്ച് നങ്കിയുടെ കണ്ണുകൾ മറ്റെന്തിലേക്കോ ഓടിയിറങ്ങി.


        

                          ◼️▪️◼️


മാറിൽ ചായുന്ന മഞ്ഞച്ചരടിലെ താലിക്കു താഴെ, മെലിഞ്ഞ കൈവിരലുകൾ നിറവയറിനെ തൊട്ടുഴിയുന്നു.


നങ്കിയ്ക്ക് കണ്ണിൽ ഇരുട്ട് മൂടുന്നത് പോലെ തോന്നി.


"മല്ലീ..." തൊണ്ടക്കുഴിയിൽ നിന്നും ശബ്ദം വലിച്ചെടുത്ത് നങ്കി വിളിച്ചു.


"നെന്റ കല്യാണം കയ്ഞ്ഞാ പെണ്ണേ..!?" ലക്ഷ്മിയമ്മ സന്ദേഹത്തോടെ ചോദിച്ചു.


"നിങ്ങൾക്കറിയോ ഇവളെ ?" ജോസഫ് ഉറക്കെ ചോദിച്ചതും, നങ്കി തല താഴ്ത്തി.


"ഓ... നങ്കീഡ എളേതാ. ഓൾഡപ്പന്റ രണ്ടാ കെട്ടിലൊണ്ടായതാ... യീളെന്താ യ്യി കോലത്തീ ഈട.."


പ്രതീക്ഷിക്കാത്തത് കേട്ടത് പോലെ ജോസഫും ജാൻസിയും വിക്ടറും അമ്പരപ്പോടെ പരസ്പരം നോക്കി.


'യിപ്പോ പ്രസവിക്കും എന്ന ഭാവത്തിൽ ഇടിഞ്ഞു തൂങ്ങിയ വയറുമായി നിൽക്കുന്നത് എന്റ അനിയത്തി തന്നെ. എന്റപ്പന്റെ ചോര...ചിന്നമ്മ പെറ്റ മകൾ...'


നങ്കി മല്ലികയുടെ കൈയ്യിൽ പിടിച്ചിരിക്കുന്ന ആളിന്റെ മുഖത്തേക്ക് നോക്കി.


"ഞങ്ങട ഊരില മുരുഗൻ കോവിലീ വച്ച് നിങ്ങടെ ചെക്കൻ താലി കെട്ടിയതാ ഇവളെ..."


കേട്ടത് അവ്യക്തമായത് പോലെ നങ്കി കാത് കൂർപ്പിച്ചു.


"പ്ഫാ... തോന്ന്യാസം പറേന്നാ.. ന്റ ചെക്കന്റ പെണ്ണാ ദാ യ്യീ നിക്കുന്നെ... നങ്കീ.." ലക്ഷ്മിയമ്മ ഒരങ്കത്തിനെന്ന പോലെ ചേല പൊക്കി ഇടുപ്പിൽ കുത്തി, മുടി അഴിച്ച് ഒന്നുകൂടി കൊണ്ട കെട്ടി.


"തോന്ന്യാസം കാട്ടീത് നിങ്ങട ചെക്കനാ. ഒരു രാത്ത്റീല, കള്ളു മോന്തി വെളിവില്ലാത ഞങ്ങട വീട്ടീ വന്ന് ലഹള ഒണ്ടാക്കി. കെട്ടിയവൾടെ വയറ്റീ കെടന്ന കൊച്ച് ചത്ത്.. ഓള് പെഴച്ചതോണ്ടാന്ന് പതം പറഞ്ഞ് നെലവിളിച്ച്...


നങ്കി തിരിഞ്ഞ് ശിവനെ നോക്കി. തല താഴ്ത്തി ശിവൻ ആ നോട്ടത്തെ അതിജീവിച്ചു.


"നെഞ്ചു പൊട്ടുമ്പോലെ കരേന്ന കണ്ട് ആശൊസിപ്പിച്ച് രാത്ത്റി തങ്ങാൻ എടം കൊട്ത്ത്. പഷേല് പാതിരാത്തിറി ആയപ്പോ യിവൻ കെണറ്റീ ചാടി ചാവാൻ നോക്കി. എങ്ങനോ പിടിച്ച് കേറ്റി, പിന്ന കൊറേ നാള് ഞങ്ങട വീട്ടീ തന്നായി താമസം.


ആ താമസിക്കുന്നേനു എടേല ഒരീസം യിവള കേറി പിടിച്ചേ. പെണ്ണിന്റ നെലവിളി കേട്ട് നാട്ടാരൊക്കെ ഓടികൂടി.. അപ്പൊ യിവൻ തന്നാ പറഞ്ഞേ മല്ലിയെ കെട്ടി കൂട പൊറുപ്പിച്ചോളാന്നു...കെട്ടാത വേറ വഴീയില്ല. പെണ്ണിന കേറി പിടിച്ചേന് നാട്ടാര് മൊത്തം സാച്ചിയായില്ലേ.


അടുത്തീസം തന്ന മുരുഗൻ കോവിലീ വച്ച് താലീം കെട്ടി. പിന്നേം കൊറേ നാള് അവ്ട തങ്ങി. പിന്ന യിവൾടമ്മ പറഞ്ഞ് വേലേം കൂലീം ഒന്നൂല്ലാത അങ്ങന അവ്ടെ തങ്ങാൻ പറ്റൂല്ലാന്ന്. പെണ്ണിനേം കൂട്ടി ഇങ്ങോട്ട് പോരാൻ പറഞ്ഞപ്പോ നിങ്ങട മോനാ പറഞ്ഞേ യിവന ചതിച്ച ആദിയ കെട്ടിലൊള്ളോള് വീട്ടിലൊണ്ട്. ഓളെ എറക്കി വിട്ടേച്ച് രണ്ടാകെട്ടിന വീട്ടീ കേറ്റാന്ന്..


പിന്ന വന്നിട്ട് പറഞ്ഞ് വീട്‌ പുതുക്കി പണിയ്യാണ്...പുത്യ വീട്ടില് പുത്യ പൊറുതി തൊടങ്ങാം. കൊറച്ച് കാത്തിരീന്ന്. അതിനെടേല് പെണ്ണിന്റ കുളി തെറ്റി. മൊടങ്ങാത ആയ്ച്ച തോറും എവൻ അവ്ട വരേം ചെയ്യുവാരുന്ന്. പശ്ശെ.. കയ്ഞ്ഞ മാസം ഒരീസം വന്നിട്ട് പിന്ന അങ്ങോട്ട് തിരിഞ്ഞു നോക്കീട്ടില്ല.. മാസം ഒന്നാവാറായി പെണ്ണിനെ കാണാൻ വന്നേച്ച്.


രഗസ്യായി തെരക്കി വന്നപ്പഴല്ലേ കാരിയം അറിഞ്ഞേ..വീടു പണീം കയ്ഞ്ഞ് പൊറുതീം തൊടങ്ങി. ആദിയ സമ്പന്തത്തിനു വയറ്റിലും ഒണ്ടായീന്ന്.. പിന്നൊന്നും നോക്കീല്ല ഊരില് പോയി പെണ്ണിനേം നാട്ടാരേം കൂട്ടികൊണ്ട് വന്ന്. എതിനൊരു തീർപ്പ് ആവണ്ടേ... ഓന്റെ കൊച്ചാ ഞങ്ങട പെണ്ണിന്റെ വയറ്റില്. അല്ലാന്ന് തൊള്ള തൊറന്ന് ഓനൊന്ന് പറേട്ട..


പറേഡാ.... "


ശിവൻ അപരാധിയെപ്പോലെ തല കുനിച്ചു.


"ന്റ മാഡത്തമ്പിരാനേ..." ലക്ഷ്മിയമ്മ നെഞ്ചത്ത് ആഞ്ഞടിച്ചു കൊണ്ട് നിലത്തേക്ക് കുത്തിയിരുന്ന് കരയാൻ തുടങ്ങി. തങ്കം അവർക്കരിലേക്ക് ഓടിച്ചെന്നു.


"കേട്ടതൊക്ക സത്യാണാ !!?" നങ്കി ശിവന്റെ ചുമലിൽ പിടിച്ചു കുലുക്കി ഉറക്കെ ചോദിച്ചു.;


പെട്ടെന്ന് ശിവൻ നങ്കിയുടെ കൈയ്യിൽ പിടുത്തമിട്ടു. ബലമായി. വേദന കൊണ്ട് നങ്കിയുടെ പാദമുയർന്നു.


"ന്തേലും പറഞ്ഞ് പ്റച്ച്‌ന ഒണ്ടാക്ക്യാ നെന്റ വയറ്റീ കെടക്ക്‌ന്നേ യെന്റ കൊച്ചല്ലാന്ന് ഞാ ഒറക്കെ പറേം.. നൊണയാന്നു പറാൻ നെനക്കും പറ്റൂലാല്ലോ.."


പല്ല് കടിച്ചു പിടിച്ചു കൊണ്ട് ശിവൻ പതിയെ പറഞ്ഞ വാക്കുകൾ നങ്കിയ്ക്ക് അടിവയറ്റിൽ ആഞ്ഞു ചവിട്ട് കിട്ടിയ പോലെയായി.


"നായിന്റെ മോനേ...." ജോസഫിന്റെ ശബ്ദം മുരണ്ടു.


ശിവൻ തല ചരിച്ചു നോക്കി. ജോസഫും ജാൻസിയും താൻ പറഞ്ഞത് കേട്ടിരിക്കുന്നു എന്ന് മനസ്സിലാക്കിയതും നങ്കിയുടെ കൈയ്യിലെ പിടുത്തം വിട്ട് ശിവൻ ആൾക്കൂട്ടത്തിനു നേർക്ക് തിരിഞ്ഞു.


"ഒരാക്ക് രണ്ട് സമ്പന്തം ഒണ്ടാക്ന്നത് പുത്യ കാരിയം ഒന്നുവല്ല. ഈളും ഈട നിക്കും.. നങ്കീട അനീത്തി അല്ലേ.. നങ്കിക്ക് കൊയപ്പം ഒന്നൂല്ല. വേണങ്കി ഓളോട് ചോയിച്ചി നോക്കീ..." കൂസലോടെ ശിവൻ പറഞ്ഞത് കേട്ട് ലക്ഷ്മിയമ്മ ചാടി എണീറ്റു.


"പ്ഫാ... നെനക്ക് നാണം ഒണ്ടാടാ യിതു പറാൻ.... രണ്ട് പെണ്ണുങ്ങക്ക് ഒരേ പോല വയറ്റിലൊണ്ടാക്കീട്ട് ഓൻ നിക്കുന്ന്. നെന്റപ്പനെ തളന്നു കെടപ്പോള്ള് നെന്ന പെറ്റ ഞാ യീട നിപ്പോണ്ട്. ഉസിരൊള്ള വര യീള ഈട കേറ്റാൻ ഞാ സമ്മയ്ക്കൂല്ല.."


"ന്റ വീഡ്.. ഞാ അല്ലേ നിങ്ങക്കൊക്കെ തിന്നാൻ കൊണ്ട് തര്ന്നേ. അപ്പൊ ഞാ യീട ആര്ട സമ്മദാ ചോയ്ക്കണ്ടേ. ആര്ടേം വേണ്ടാ. മല്ലി എനി തൊട്ട് യീട പൊറുക്കും. ഇസ്‌ട്ടോല്ലാത്തർക്ക് ഈടുന്ന് പോഗാം." ഒരു തീർപ്പ് പോലെ ശിവൻ പറഞ്ഞു നിർത്തി.


ലക്ഷ്മിയമ്മ ഇടിത്തീ വീണ കണക്കെ നിശ്ചലയായി നിന്നു.


നങ്കിക്ക് വലിയൊരു ഇരുട്ട് തന്നെ വിഴുങ്ങാൻ വരുന്നതായി തോന്നി. ഇരുട്ടിന്റെ കരിമ്പടം ശരീരത്തെ മുഴുവൻ പൊതിയുന്നതു പോലെ. കണ്ണുകളെ കറുത്തിരുൾ കവർന്നതും നങ്കി എങ്ങോട്ടെന്നില്ലാതെ മറിഞ്ഞു.


                  ⬛️◼️◾️▪️◾️◼️⬛️


ഇരുമ്പ് വാതിൽ മലർക്കേ തുറക്കുന്ന പെടാപ്പാടോടെ നങ്കി കണ്ണുകൾ വലിച്ചു തുറന്നു.


കട്ടിലിലേക്ക് താങ്ങി കിടത്തുന്ന രണ്ടു കൈകളിലേക്കാണ് കണ്ണ് ചാഞ്ഞു വീണത്. പെട്ടെന്ന് ഒരാന്തലോടെ കൈകൾ തട്ടി മാറ്റി നങ്കി ചാടിപ്പിടഞ്ഞെണീറ്റു.


അന്ധാളിപ്പോടെ ജോസഫ് പിന്നിലേക്ക് മാറി.


"നങ്കീ തല ചുറ്റി വീഴാൻ പോയ നിന്നെ ചേട്ടായി താങ്ങിപ്പിടിച്ചു കൊണ്ടു വന്ന് കിടത്തിയതാ ഇവിടെ.." ജാൻസി നങ്കിയ്ക്കൊരു വിശദീകരണം നൽകി.


"ഞാ കൊറച്ചു കെടന്നോട്ടെ..." ആർക്കും മുഖം നൽകാതെ നങ്കി പറഞ്ഞൊപ്പിച്ചു.


മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങാൻ നേരം ജോസഫ് നങ്കിയുടെ മുഖത്തേക്കൊന്ന് തിരിഞ്ഞു നോക്കി.


വല്ലാത്തൊരു ഭാവത്തോടെ ചുമരിലേക്ക് കണ്ണുകൾ തുറിച്ചു നീട്ടി നങ്കി കിടക്കുന്നു. വീർത്ത വയറിന്റെ ഉയർച്ച താഴ്ച്ചകൾ മാത്രമാണ് കട്ടിലിൽ കിടക്കുന്നത് ഒരു ശവമല്ലെന്ന് വെളിവാക്കുന്നത്.


"നമുക്ക് പോകാം.." വിക്ടർ പതിയെ ചോദിച്ചു.


"ഉം...." ജോസഫ് കനത്തിലൊന്ന് മൂളി.


അടുക്കളയിൽ നിന്നും ലക്ഷ്മിയമ്മയുടെ കരച്ചിൽ കേൾക്കാം. ഒരു പ്രദർശന വസ്തു കണക്കെ മല്ലിക വരാന്തയിൽ തന്നെ നിൽപ്പുണ്ട്. ശിവന്റെ എളേതുങ്ങൾ മല്ലികയെ വീക്ഷിച്ച് എതിർവശത്തും നിലയുറപ്പിച്ചു. കൂടി നിന്ന ആൾക്കൂട്ടത്തെയും ശിവനെയും കാണുന്നില്ല. മുരുകനും തങ്കവും സംസാരിച്ചു കൊണ്ട് മുറ്റത്തു നിൽക്കുന്നു.


"ശിവനെവിടെ പോയീ ?" ജോസഫ് മുരുകനോടായി ചോദിച്ചു.


"അറീല്ല സാർ.."


"കള്ള് മോന്താന് പോയി കാണും " പുച്ഛത്തോടെ തങ്കം പറഞ്ഞു.


"കണ്ണീച്ചോരയില്ലാത്തോൻ.. ആ പാവം നങ്കിപ്പെണ്ണിനോട് ഓനിതു ചെയ്തല്ലോ..മാടൻ തമ്പിരാൻ ചോയ്ക്കും ഓനോട്‌ "


"തങ്കം..."


"ഞാ പറേം. അന്നേ ഞാ പറഞ്ഞ് ഓന്റെ യ്യി പോക്ക് അത്തറ നല്ലയല്ലെന്ന്. അന്ന് നിങ്ങ ന്റ മേത്ത് ചാടിക്കേറി. യിപ്പോ കണ്ട ഓനൊപ്പിച്ച വേല.. കെട്ടിയ പെണ്ണിന്റേം ഓൾടെ എളേതിന്റേം വയറ്റിലൊണ്ടാക്കി. നെറികേട് കാട്ടിയോനെ മുക്കാലി കെട്ടി പൊറം പൊളിക്കയാ വേണ്ടേ..." സകല വിദ്വേശത്തോടെയും തങ്കം ചീറി.


"നങ്കിപ്പെണ്ണിന്റ കാരിയം ഓർത്തിട്ടാ സാറേ.. ഓളൊരു പാവ്വാ... എനി അതിന്റ നെല എന്താകോ എന്തോ " ഒരു നെടുവീർപ്പോടെ മുരുകൻ പറഞ്ഞു.


"പോവാം " ജോസഫ് നടവഴിയിലേക്ക് തിരിഞ്ഞു നടന്നു.


പരസ്പരം മുഖത്തു നോക്കി തലയാട്ടി ജാൻസിയും വിക്ടറും അനുഗമിച്ചു.


      

                           ▪️◼️▪️


സൂര്യൻ തിളച്ചു നിൽക്കുന്ന നട്ടുച്ച നേരത്താണ് നങ്കി മുറിവിട്ടിറങ്ങിയത്. ശിവന്റെ എളേതുങ്ങൾ അടുക്കളയിലിരുന്ന് ചോറ് കഴിക്കുന്നുണ്ടായിരുന്നു. അമ്മയെ എങ്ങും കണ്ടില്ല. അപ്പൻ കണ്ണടച്ച് അതേ കിടപ്പ് തന്നെ.


മുടി വാരിക്കെട്ടി നങ്കി വരാന്തയിലേക്കിറങ്ങി. വാടിത്തളർന്ന് ചുമരും ചാരി നിലത്തിരിക്കുന്ന മല്ലികയെ നോക്കി നിന്നു. വീർത്തു തൂങ്ങിയ നിലയിലെത്തിയ വയർ ഇപ്പോ പൊട്ടുമെന്ന പോലെയുണ്ട്. ഈ കൊച്ചുപെണ്ണിന് താങ്ങാനാവുന്നതല്ല വയറ്റിലെ ഭാരമെന്ന് നങ്കിക്ക് തോന്നി.


"മല്ലീ.." ഏറ്റവും ശാന്തമായ സ്വരത്തിൽ നങ്കി വിളിച്ചു.


ഞെട്ടിപ്പിടഞ്ഞ് ചാടി എഴുന്നേൽക്കാൻ തുനിഞ്ഞ മല്ലികയെ നങ്കി കൈകളിൽ പിടിച്ച് തടഞ്ഞു.


"പതിയെ... നിയ്യെന്താ കാട്ടുന്നേ പെണ്ണേ.. യിങ്ങനെ ചാടി എയ്ന്നേക്കരുത്. വയറ്റില് കൊച്ചൊള്ളതാ "


പരിഭ്രമം തെല്ലൊന്നൊതുക്കി മല്ലിക നങ്കിയെ സൂക്ഷിച്ചു നോക്കി. പിന്നെ ആർത്തലയ്ക്കാൻ വെമ്പി നിന്ന മഴമേഘം പോലെ പെയ്യാൻ തുടങ്ങി. മല്ലികയുടെ കണ്ണ് പെയ്തു തോരുന്നത് വരെ നങ്കി കാത്തു നിന്നു.


ഊണ് കഴിഞ്ഞ് ശിവന്റെ എളേതുങ്ങൾ വാതിൽപ്പടിയിൽ കാഴ്ചക്കാരായി നിലയുറപ്പിച്ചു.


ഏറെ നേരമെടുത്തു മല്ലികയുടെ കണ്ണീർ മഴ തോരാൻ. പിന്നെ, പെയ്തൊഴിഞ്ഞ തീരം കണക്കെയായ ഈറൻ മുഖം ചേലത്തലപ്പിൽ ഒപ്പിയെടുക്കുമ്പോലെ അമർത്തി തുടച്ചു.


"ന്റ ഇശ്ട്ടത്തോടല്ല ച്ചേയി യ്യിക്കല്യാണം നടന്നെ. അമ്മക്ക് ഒരു ഭാരം കൂടി ഒയ്ഞ്ഞു പോയി.. അത്തറെ ഒള്ള്. എനി നിച്ചു കൂടി ഏടേലും പോയാ അമ്മക്ക്...ഓന് ആശ്പത്രീ തന്ന ഒര് വേല തരാക്കാന്ന് ശിവാണ്ണൻ.. " പെട്ടെന്ന് എന്തോ ഓർത്തത് പോലെ മല്ലിക നിർത്തി. പിന്നെ കൂട്ടിച്ചേർത്തു ; 


"..ഓര് അമ്മോട് പറഞ്ഞാരുന്നു.."


നങ്കിയുടെ ചുണ്ടിന്റെ കോണിൽ വെറുതെ ഒരു പ്രതികരണത്തിനായെന്നോണം ചിരി നിഴലിച്ചു.


"ആ ആളില്ലേ.. ഈട നിന്ന് സമ്സാരിച്ച ആള് അമ്മേന കെട്ടീതാ.. പുത്യ സമ്പന്തം...നിച്ചൂന് ആളേം ഇശ്ട്ടല്ല അമ്മേനേം ഇശ്ടല്ല..ഓൻ എടക്കിടെ പറേം അമ്മേനേം ആ ആളേം ഓൻ കൊല്ലൂന്ന് "


കണ്ണിൽ ഉരുവായ ഭീതിയോടെ നങ്കി അനിയത്തിയെ നോക്കി.


"നിച്ചൂപ്പോ എന്നോടും മിണ്ടത്തില്ല..ച്ചേയീട ജീവിതം ഞാ കുട്ടിച്ചോറാക്കീന്നാ ഓൻ പറേന്നേ. ഓന് പണ്ടേ ച്ചേയിയെ അല്ലേ കൂടുതല് ഇഷ്ടം..."


"നിയ്യ് വാ വയറു കായാതെ ന്തേലും കഴിക്ക്.." നങ്കി എഴുന്നേറ്റു നിന്നു.


"ലച്ച്മി മാമി.."


"അമ്മ... ഒന്നും മിണ്ടില്ല. നിയ്യ് വാ വയറ്റി കൊച്ചൊള്ള അല്ലേ തിന്നാതേം കുടിക്കാതേം ഇര്ന്നൂട.."


നങ്കി അകത്തേക്ക് നടന്നു. പിന്നാലെ മല്ലികയും.


"നെന്റ പ്രസവം എന്നാ പറഞ്ഞേക്കുന്നെ ?" ചോറിനു മേലെ കറി ഒഴിച്ചു കൊണ്ട് നങ്കി ചോദിച്ചു.


"ഒടനെ ഒണ്ടാകും. അടുത്ത മാസം ആദിയമാ ആശ്പത്രീന്ന് പറഞ്ഞേ "


"ഉം..,

ഡോക്ടറെയൊക്കെ മൊടങ്ങാതെ കാണാൻ പോയോ ?"


"കയ്ഞ്ഞ മാസം തൊട്ട് പോയിട്ടില്ല. ശിവാണ്ണൻ വരാത്തോണ്ട്... അമ്മ ഒന്നിനും മെനക്കെട്ടീട്ടില്ല.." ചോറുരുള വാരി വായിലേക്ക് വച്ച് മല്ലിക പറഞ്ഞു.


"ഓ..ഓരാണോ നെന്ന...ആശ്പത്രീ കൊണ്ടു പോയ്രുന്നേ ?"


"ഉം.. തിന്നാനൊക്കെ ഒള്ളത് വാങ്ങിച്ചോണ്ട് വരും. പഴങ്ങളും പലഹാരോം ഒക്കെ. നിച്ചൂന് ഞാ അദീന്ന് എട്ത്ത് കൊടുക്കും. പശ്ശെ ഓൻ തൊട കൂടിയില്ല.."


നങ്കിയുടെ കണ്ണിൽ നീരുറവ നിറഞ്ഞു.


കഴിക്കുന്നതിലായിരുന്നു മല്ലികയുടെ ഗൗനം മുഴുവനും. ആഹാരം ശരിക്കുമൊന്ന് കണ്ടിട്ട് നാളേറെയായ പോലെയുണ്ട്.


നങ്കി എഴുന്നേറ്റ് അടുക്കള വാതിൽക്കൽ വന്നു നിന്ന് മുറ്റത്തേക്ക് കണ്ണു നട്ടു.


"ച്ചേയി തിന്നാ ?"


"ഉം.." നങ്കി വെറുതെ മൂളി.


"മൂദേവീ.. വീട്ടിന്നാത്ത് കേറി എടോം പിടിച്ചാ. എറങ്ങി പ്പോടീ.."


ലക്ഷ്മിയമ്മയുടെ ആക്രോശം നങ്കിയെ ചിന്തകളിലേക്ക് വഴി തിരിച്ചു വിടാതെ പിടിച്ചുണർത്തി.


ഭയന്നു വിറച്ച് അടുക്കളയുടെ ഒരു മൂലയിലേക്ക് ചേക്കേറി കഴിഞ്ഞിരുന്നു മല്ലിക.


"അമ്മാ.." നങ്കി ഉച്ചത്തിൽ വിളിച്ചു.


"യീള ഈട പൊറുപ്പിക്കത്തില്ല ഞാ.."


"ഓൾടെ കഴുത്തീ താലി കെട്ടിയ അമ്മേന്റെ മോൻ തന്നാ ഓളോട് യ്യി വീട്ടീ പൊറുത്തോളാ പറഞ്ഞേ "


"ഓ.. നിയ്യത് ഒടനെ സമ്മയ്ക്കേം ചെയ്ത്. ന്താ നിന്റനീത്തീ ആയോണ്ടാകും. ആണാഡീ.."


"ഞാ സമ്മയ്ച്ചാലും യില്ലേലും.. ഓര്ടെ കൊച്ച് ..യീൾട വയറ്റിലൊണ്ട്..." 


"നെന്റ വയറ്റിലും ഓന്റ കൊച്ച് തന്നാ. അല്ലാത കാക്കേടോ പരുന്തിന്റോ അല്ലാ. ഏൻക്ക് ആ കൊച്ച് മദീ.."


നങ്കിയുടെ തല പെട്ടെന്ന് താഴ്ന്നു.


"ന്താഡീ മിണ്ടാത്ത.. യീൾട പേറ് ഞാ നോക്കത്തും യില്ല. ആ കൊച്ചിന തൊടത്തൂമില്ല "


ഉതിർന്നു വീഴാറായ കണ്ണീരോടെ നങ്കിയുടെ തല ഉയർന്നു.


തുടരും....



2021 ജൂലൈ 6, ചൊവ്വാഴ്ച

നങ്കി 1️⃣1️⃣

 


©️ Copyright Protected 

 

ഭാഗം 1️⃣️1️⃣


"ആരോ വര്ന്നക്കാ.." വെയിൽ മഞ്ഞളിപ്പിച്ച കണ്ണ് ചുളിച്ച് നങ്കി നടവഴിയിലേക്ക് കൂർത്തു നോക്കി.


തങ്കം എണീറ്റു നിന്നു.


"അദ് നെന്റ ആസ്പത്രി സാറും ഓര്ടെ പെണ്ണും.... പിന്ന വേറ ആരോ പുത്യാള് കൂട ഒണ്ടല്ലോ.."


നങ്കി എണീറ്റു. ജാൻസിയ്ക്കും വിക്ടറിനും ഒപ്പം വരുന്ന ആളെ നങ്കി തിരിച്ചറിഞ്ഞു.


                               ▪️◼️▪️


......✍️


കണ്ണട ഊരി കൈയ്യിൽ പിടിച്ചു കൊണ്ട് ജോസഫ് മുറ്റത്തേക്ക് കയറി. പിന്നാലെ വിക്ടറും ജാൻസിയും.


നങ്കി പരിഭ്രാന്തിയോടെ ജാൻസിയെ നോക്കി.


'ഓരെ തിരക്കി അന്ന് വീട്ടിൽ വന്നപ്പോഴേ യ്യി കണ്ണടക്കാരൻ കൊറച്ചു ദേശ്യക്കാരനാന്ന് മനസ്സിലായതാ. പശ്ശേ... എനിക്ക് ജോലി തരായതും ഇയ്യാള് കാരണോല്ലേ...എന്തിനാ ഇയ്യാള് ഈട വന്നേ..അപ്പൊ ജാൻസി ചേച്ചി പറഞ്ഞത് ഇയ്യാളെ പറ്റിയാരുന്നോ..താങ്കോക്ക കൂട നിപ്പോണ്ട് ഇയ്യാള് ദേശിച്ച് എന്തേലും വിളിച്ചു പറയോ മാടൻ തമ്പ്രാനെ... ' മനസ്സിൽ സംശയങ്ങളുടെ കൂട് പണിത് നങ്കി നിന്നു വിയർത്തു.


"തങ്കം ചേച്ചി.. ഇതെന്റെ ചേട്ടനാ. ജോസഫ്.. ജോസ് എന്ന് വിളിക്കും " ജാൻസി തങ്കത്തിന് പരിചയപ്പെടുത്തി കൊടുത്തു.


"ഓ...ഞാ ബെൻചെടുക്കാം.. കസേര എല്ലാരിക്കും കൂടി പറ്റത്തില്ല..." തങ്കം വെപ്രാളത്തിൽ അകത്തേക്ക് ഓടി.


കത്തുന്ന വെയിലിന്റെ ദൃഷ്ടിയിൽ നിന്നും നടന്നു മാറി ജോസഫ് പുളിമരച്ചോട്ടിലേക്ക് വന്നു നിന്നു.


നങ്കി ജാൻസിയേയും വിക്ടറിനേയും മാറി മാറി നോക്കി. അവരിരുവരും ജോസഫിനെ അനുഗമിച്ച് പുളിമരച്ചോട്ടിലേക്ക് നടന്നു.


തങ്കം ബെഞ്ചുമായി പുറത്തേക്ക് വന്നു. പുളിമരത്തിന്റെ ചുവട്ടിൽ ബെഞ്ച് കൊണ്ടിട്ട് നങ്കിയ്ക്ക് അരികിലേക്ക് പതിയെ ചെന്ന് കാതോരം രഹസ്യമായി ചോദിച്ചു ;


"പെണ്ണേ... യ്യി നേരത്തെങ്ങാനാ കട്ടൻ കൊട്ക്കുന്നേ... സമ്പാരം മധ്യോ..? എട്ക്കട്ടേ..?"


"ഉം..."


തങ്കം വീണ്ടും അകത്തേക്ക് തിടുക്കത്തിൽ നടന്നു. നങ്കി മന്ദം പുളിമരച്ചോട്ടിലേക്കും.


നിശബ്ദതയുടെ ചൂട് കഠിനമായപ്പോൾ ജാൻസി ചേട്ടനെ നോക്കി.


"ചേട്ടായി നങ്കിയെ കണ്ട് എന്തോ ചോദിക്കണോന്ന് പറഞ്ഞിട്ട്..."


"ഉം.... ശിവൻ വീട്ടിലുണ്ടോ ?" നങ്കിയോടായി ജോസഫ് ആരാഞ്ഞു.


"യില്ല.. കവലേലോട്ട് പോയി.."


"ഉം... രണ്ടു പേരേം ഒരുമിച്ച് നിർത്തി ചോദിക്കാനാ വന്നത്...ശരി, മ്മ്ഹ്.... നീ പറ നിന്റെ പൂർണ്ണ സമ്മതത്തോടാണോ ഇതിന് തയ്യാറായേ ?" തികഞ്ഞ ഗൗരവത്തിൽ ജോസഫ് ചോദിച്ചു.


നങ്കി ജാൻസിയെ നോക്കി.


"ചോദിച്ചത് കേട്ടില്ലേ..?"


"ഉം..."


"എന്ത് ?...ചോദിച്ചത് കേട്ടെന്നോ... പൂർണ്ണ സമ്മതത്തോടെയായിരുന്നെന്നോ..?"


"ന്റ സമ്മദത്തോടാ..."


"ഇവര് നീട്ടിയ പണമാണോ നിന്നെ കൊണ്ട് സമ്മതിപ്പിച്ചത് ?"


നങ്കി രൂക്ഷമായി ജോസഫിനെ നോക്കി.


"എന്താ...മറുപടി ഇല്ലേ ?"


"എനിക്ക് ആര്ടേം പണം വേണ്ടാ..."


"പിന്നെ പരോപകാരമായിട്ടോ... എങ്കിൽ നിന്റെ കൂര എങ്ങനാ പുത്തൻ വീടായത് ?"


"ചേട്ടായി പ്ലീസ്...." ജാൻസി പതിയെ വിളിച്ചു.


"ആരുടേയും പണം വേണ്ടെന്ന് ധിക്കാരത്തിൽ പറഞ്ഞതു കൊണ്ട് ചോദിച്ചതാ" ജോസഫ് അമർഷത്തോടെ പറഞ്ഞു.


"കെട്ടിയ ആണിന്റെ അധിഗാരത്തിനു മുമ്പീ ചെലപ്പോ ഒരു പെണ്ണ് എന്തിനും സമ്മയ്ച്ചു പോഗും സാർ.."


"എന്തോന്ന് അധികാരം? കെട്ടിയവന് തീറെഴുതി കൊടുത്തതാണോ നിന്നെ...അവൻ പറഞ്ഞാ എന്തും സമ്മതിക്കണോന്നാണെങ്കിൽ നാളെ അവൻ വേറൊരുത്തന്റെ കൂടെ കിടക്...


ജോസഫിന്റെ വാക്കുകൾ പൂർത്തിയാകുന്നതിനു മുമ്പേ നട്ടുച്ചക്ക് അപ്രതീക്ഷിതമായി ഒരു ഇടി വെട്ടിയ മാതിരി ഒച്ച ഉയർന്നു.


ഞെട്ടിത്തരിച്ച് ജാൻസി വാ പൊത്തി. വിക്ടറും തരിച്ചു നിന്നു പോയി.


നങ്കിയുടെ കൈപ്പടം കരണത്തു നിന്നും തെന്നി മാറിയപ്പോൾ ജോസഫ് കവിളിൽ കൈ അമർത്തി.


"നിങ്ങടെ പെങ്ങടെ കൊച്ചാ ന്റ വയറ്റീ കെടക്കുന്നേ... ഒരു ചേച്ചീടെ സിനേഹം വച്ചു നീട്ടീത് ന്ന കൊണ്ട് ആ സിനേഹത്തിന്റെ  കടം ഇങ്ങനെ വീട്ടിക്കാനാരുന്നൂന്ന് ഞാ പിന്ന അറിഞ്ഞേ.." നങ്കിയുടെ സ്വരമിടറി.


"യ്യി പ്രസവം കഴിയുമ്പഴേക്കും ന്റ ജീവിതം എന്താകൂന്ന് ഒരു പിടീയൂല്ല നിക്ക്.. യ്യി കോലം കെട്ടിച്ചോൻ തന്ന ഇപ്പോ..." തൊണ്ടയിൽ വാക്കുകൾ കുരുങ്ങിയ പോലെ നങ്കി വിമ്മിഷ്ടപ്പെട്ടു.


"നങ്കീ..." ജാൻസി അനുകമ്പയോടെ വിളിച്ചു.


"നിക്ക് ആരോടും പരാതീം യില്ല വഴക്കൂല്ലാ.. പശ്ശെ ഇങ്ങനെ ദ്റോഹിക്കരുത്.." കൈകൾ കൂപ്പി നങ്കി തേങ്ങി.


"ആ ചേച്ചി വരുന്നുണ്ട് " വിക്ടർ മുന്നറിയിപ്പ് കൊടുത്തു.


നങ്കി പെട്ടെന്ന് കണ്ണും ചിറിയും തുടച്ചു.


മൂന്നു ഗ്ലാസ്സിൽ സംഭാരം പകർന്ന് ഒരു പാത്രത്തിൽ നിരത്തി വച്ചു കൊണ്ട് തങ്കം വന്നു.


"അപ്പറത്ത ചീനൂട്ടീട അങ്ങ് ഗിളാസ്സിന് പോയി അതാ വൈഗ്യേ..." തങ്കം മുറുക്കാൻ കറ പുരണ്ട പല്ലുകൾ മുഴുക്കെ കാട്ടി ചിരിച്ചു.


"നങ്കി പെണ്ണേ.... നെനക്കൊള്ളത് അഗത്തിരുപ്പോണ്ട് കേട്ടാ.. യിങ്ങട്ട് കൊണ്ടരണോ ?"


"വേണ്ടക്കാ..."


"യിങ്ങനൊക്കെ പാത്തിറത്തില് ഗിളാസ്സ്  വച്ച് വരുന്നോർക്ക് വെള്ളം കൊട്ക്കാനൊക്ക നങ്കിയാ പടിപ്പിച്ചേ. ഈൾക്ക് അറിയാത്ത കാരിയം ഒന്നൂല്ല "


"അക്കാ...." നങ്കി മെല്ലെ വിളിച്ചു.


തങ്കം വെളുക്കനെ ചിരിച്ചു.


ഒരു നെടുവീർപ്പോടെ നങ്കി തിരിഞ്ഞു നടന്നു. ആരോടും ഒന്നും മിണ്ടാതെ, മുറ്റമിറങ്ങി വീട്ടിലേക്കുള്ള നടവഴിയേ നടന്നു.


"ന്താ പറ്റിയേ ഓൾക്ക്... ഒന്നും മിണ്ടാതെ പോന്നേ..!!!" തങ്കം അതിശയപ്പെട്ടു.


"അത്... ശ്.. ശിവനെ കുറിച്ച് സംസാരിക്കയായിരുന്നു.." ജാൻസി പെട്ടെന്ന് തോന്നിയത് പറഞ്ഞു.


"ഓ... യെന്തോ പറാനാ... ഓൻ ഒത്തിരി മാറിപ്പോയീ. കൊറച്ചു കാലായി എടയ്ക്കെട ഏടെങ്കിലും പറാതെ പോന്ന ഒരു സൂക്കേട് തൊടങ്ങീട്ട്. കയിഞ്ഞ മാസം അതേപ്പറ്റി ഞാ നങ്കീടുത്ത് ചോയിക്കണ ഓൻ കേട്ട്. അത് ഓന് പിടിച്ചില്ല. പിന്ന യീട കേറാതായി. നങ്കീടുത്തും കേറല്ലൂന്ന് പറഞ്ഞയാ. ഓളെന്തോ തിരിച്ച് പറഞ്ഞപ്പോ കലി തുള്ളിപ്പോയി.


പച്ചേല് അദീ പ്പിന്ന ഒരു ഗൊണം ഒണ്ടായി. യ്യി ന്നാട് വിട്ട ഓൻ പിന്ന ഏടേം പോയില്ല. " തങ്കത്തിന്റെ വാക്കുകളിൽ ആശ്വാസം നിശ്വാസമിട്ടു.


"ശിവൻ ഇപ്പോ എവിടെ കാണും ?" ജോസഫ് ആരാഞ്ഞു.


"ഒന്നേല് കവലെ.. യില്ലേ.. യില്ല ആട തന്ന കാണും " തങ്കം തറപ്പിച്ചു പറഞ്ഞു.


" ശിവനെ കാണാനാണേൽ ഇന്ന് വൈകുന്നേരം ഡ്യൂട്ടിക്ക് വരുമ്പോ കാണാലോ " വിക്ടർ അഭിപ്രായപ്പെട്ടു.


'അതെ' എന്നർത്ഥത്തിൽ ജാൻസി തല കുലുക്കി.


"ഉം...." നീട്ടിമൂളിക്കൊണ്ട് ജോസഫ് കവിൾ ഒന്നുകൂടി തടവി.


"എന്നാ നമുക്ക് പോകാം ചേട്ടായി..."


"മ്മ്.."


പുളിമരച്ചോട്ടിൽ നിന്നും മുറ്റത്തേക്ക് നടന്നതും, പെട്ടെന്ന്, അകലെ നിന്നും  തിരമാല കണക്കെ ഉയർന്നു വന്ന ഒച്ച എല്ലാവരുടെയും ശ്രദ്ധ തിരിച്ചു.


പൊതുവഴിയിൽ നിന്നും നടവഴിയിലേക്ക് ഇറങ്ങി വരുന്ന ആൾക്കൂട്ടത്തിനു മുന്നിൽ നടക്കുന്നത് മുരുകനാണ്. അതു കണ്ടതും തങ്കം നെഞ്ചത്തു കൈ വച്ചു.


"ന്റ മാടൻ തമ്പിരാനെ ന്തോ കൊയപ്പം പറ്റീട്ടൊണ്ടല്ലോ..." തങ്കം മുമ്പോട്ടോടി.


" എന്താ പറ്റിയേ...? "


ആൾക്കൂട്ടം തങ്കത്തിനു മുന്നിൽ ഒന്നു നിശ്ചലമായി.


മുറ്റത്തു നിൽക്കുന്നവരെ കണ്ട് മുരുകൻ ചുറ്റുപാടും ഒന്നു കണ്ണോടിച്ചു. പിന്നെ തങ്കത്തിനു നേരെ നോക്കി.


"നങ്കി ഒണ്ടാ ഈടെ..?"


"ഓളിപ്പോ പോയേ ഒള്ള്. എന്തോ പറ്റി..?"


"സിവൻ കൂരേലൊണ്ടാ "


"ആ... ആരിക്കറിയ്യാം.. നിങ്ങ കാരിയം തെളീച്ചു പറ മനിസനെ " തങ്കത്തിന്റെ ക്ഷമ കെട്ടിരുന്നു.


" ദാ സിവനെ തെരഞ്ഞ് വന്നതാ യീവര് "


മുരുകൻ പിന്നിലേക്ക് കൈ ചൂണ്ടി.


പരിചയമില്ലാത്ത കുറച്ചു മുഖങ്ങൾ പലവിധ ഭാവങ്ങളിൽ തങ്കത്തിനെ നോക്കി. ആണും പെണ്ണുമടങ്ങിയ അപരിചിതരുടെ കൂട്ടത്തിലെ വാടിത്തളർന്ന ഒരു മുഖത്ത് തങ്കത്തിന്റ കണ്ണുകൾ തറഞ്ഞു.  പന്തികേടോടെ ആ മുഖത്തിനുടമയെ അടിമുടി നോക്കവേ ഒരാന്തലോടെ തങ്കം വീണ്ടും നെഞ്ചത്തു കൈ വച്ചു.


                   ⬛️◼️◾️▪️◾️◼️⬛️


വീടിനുള്ളിലേക്ക് കയറിയപ്പോഴാണ് നിലത്ത് നീണ്ടു മലർന്നു കിടക്കുന്ന ശിവനെ കണ്ടത്. അമ്പരപ്പോടെ നങ്കി അയാളെത്തന്നെ നോക്കി നിന്നു.


'പഴങ്കഞ്ഞി കുടിച്ചേച്ച് കവലേലോട്ട് പോണ കണ്ടിട്ടാണ് ഞാ തങ്കാക്കയ്ക്കടുത്തേക്ക് പോയത്. അവ്ട മുറ്റത്തിരുന്നിട്ടും ഈവര് മടങ്ങി വര്ന്ന കണ്ടില്ലല്ലോ...' നങ്കി ആലോചിച്ചു.


വേല കഴിഞ്ഞ് വന്നാൽ കുളിച്ച് പഴങ്കഞ്ഞിയും കുടിച്ച് കവലയിലോട്ടിറങ്ങും. പിന്നെ ഉച്ചക്ക് ഉണ്ണാൻ നേരാകുമ്പോ മടങ്ങി വരും. ഉണ്ടു കഴിഞ്ഞ് പിന്നെ ഉറക്കം. വൈകുന്നേരം കാപ്പി കുടിക്കാൻ നേരമാകുമ്പോ എഴുന്നേറ്റ് കുളിച്ച് കാപ്പി കുടിയും കഴിഞ്ഞ് ആശുപത്രിയിലേക്ക് തിരിക്കും. ഇതാണ് ഇപ്പോ കുറേ നാളായിട്ടുള്ള ശിവന്റെ രീതികള്.


നങ്കി ശബ്ദമുണ്ടാക്കാതെ മുറിയിലേക്ക് നടക്കാൻ ഭാവിച്ചതും, ശിവന്റെ സ്വരം ആജ്ഞ പോലെ ഉണർന്നു.


"നില്ല്..."


നങ്കി തിരിഞ്ഞു നോക്കി.


"മൊതലാളിമാരോടക്കെ വിസേസം പറഞ്ഞ് കയ്ഞ്ഞാ... കൊണ്ടു പിടിച്ച ചറ്ച്ച ആരുന്നല്ലോ... എന്താരുന്ന്... യിനീം ആര്ക്കേലും വേണ്ടീട്ട് കൊച്ചിന ഒണ്ടാക്കണോ? അല്ല.., സലത്തില്ലാരുന്ന ആള് വരെ നെന്നത്തേടി വന്നേക്ക്ന്നല്ലോ " ശിവന്റെ ചുണ്ടിൽ പുച്ഛം നാമ്പിട്ടു.


"അവര് എന്ന മാത്തറല്ല കാണാൻ വന്നേ...നിങ്ങ്ളേം കൂഡ്യാ.. പിന്ന, നിങ്ങക്ക് വീഡു വെച്ച പോലെ  യിനീം എന്തേലും സാദിക്കാനൊണ്ടോന്ന് നെക്കറീല.. അങ്ങന ഒണ്ടേലല്ലേ വല്ലവരിക്കും വേണ്ടീട്ട് കൊച്ചിന ഒണ്ടാക്കേണ്ടി വരത്തൊള്ള്..."


നങ്കിയുടെ വാക്കുകൾ ശരം പോലെ വന്നതും ശിവൻ പതർച്ചയോടെ ചുറ്റിനും നോക്കി.


"പശ്ശെ.. യിനി അങ്ങനൊന്ന് ഒണ്ടാകൂല്ലാ...എന്ന കിട്ടൂല്ലാന്ന് " തറപ്പിച്ചു പറഞ്ഞു കൊണ്ട് നങ്കി മുറിയിലേക്ക് കയറിപ്പോയി.


അമർഷത്തോടെ ശിവൻ വീണ്ടും നിലത്തേക്ക് ചാഞ്ഞു.


കണ്ണടക്കാരന്റെ വാക്കുകൾ ഉള്ളിനെ നീറ്റിപ്പുകച്ചു കൊണ്ടിരിക്കുമ്പോഴാണ് ശിവൻ, വാക്കുകൾ ചെത്തി മിനുക്കിയ കഠാര നീട്ടിയെറിഞ്ഞത്. ഒക്കെ കൂടി നങ്കിയ്ക്ക് താങ്ങാവുന്നതിലും അപ്പുറത്തായിരുന്നു.


ജനാലപടിയിൽ ചാഞ്ഞിരുന്ന് നങ്കി അപ്പനെ ഓർത്തു. ഒത്തിരി പഠിക്കണമെന്ന് പറഞ്ഞപ്പോ, ഇഷ്ടമുള്ളത്രയും പഠിപ്പിക്കാമെന്ന് പറഞ്ഞ അപ്പൻ. ഒരു നേരം പോലും പട്ടിണിക്കിടാതെ, ഒഴിഞ്ഞ വയറുമായിരുന്ന് ഊട്ടിക്കുന്ന അപ്പൻ.


 'ഒന്നും വേണ്ടാരുന്ന്.. പഠിക്കേം വേണ്ടാ.. വയറു നെറേ തിന്നാനും വേണ്ടാ.. പുത്യ ഉടുപ്പോ.. കൊലുസ്സോ.. ഒന്നും വേണ്ടാരുന്ന്... ന്റപ്പനെ തിരിയെ തന്നാ മദ്യാരുന്ന് ദെയ്വ്വം..' ഏറെ നാളുകൾക്ക് ശേഷം നങ്കിയുടെ കണ്ണുകൾ ആർത്തു പെയ്തു. അപ്പന്റെ പഴയ കുഞ്ഞിപ്പെണ്ണായി..


    

                           ▪️◼️▪️


അസാധാരണമായി മുറ്റത്തു നിന്നുയർന്ന കോലാഹലം ശിവന്റെ ഉച്ച മയക്കത്തെ പോറലേൽപ്പിച്ചു. അരിശത്തോടെ ചാടി എണീറ്റ് വരാന്തയിലേക്ക് ചെന്ന് നോക്കിയതും, കനലിൽ ചവിട്ടിയ പോലെ മുഖം വിളർത്ത് ശിവൻ തറഞ്ഞു നിന്നു.


അയല്പക്കത്തെ വീട്ടു മുറ്റത്ത് നിന്നിരുന്ന ശിവന്റെ അമ്മ ആൾക്കൂട്ടം കണ്ട് ഓടി വന്നു. ശിവന്റെ എളേതുങ്ങളും മുറ്റത്തേക്ക് എവിടുന്നോ പാഞ്ഞു വന്നു നിന്നു. തളർന്നു കിടക്കുന്ന അപ്പന്റെ കണ്ണുകൾ മാത്രം ആവുന്നത്ര കാഴ്ചയിലേക്ക് ഏന്തി വലിഞ്ഞു നോക്കി.


"ന്താ..ന്താ..പറ്റിയെ..? യെല്ലാരും കൂട യീട വന്ന യെന്താ ?" ലക്ഷ്മിയമ്മ ആശങ്കയോടെ ചോദിച്ചു.


"സിവനെ തെരക്കി വന്നയാ ലച്ച്മീക്കാ.." മുരുകൻ മുമ്പോട്ട് നീങ്ങി നിന്നു.


"സിവനെയാ...! ഊം.. ന്താ കാരിയം?"


രൂക്ഷമായൊരു നോട്ടം ശിവനു നേരെ നീട്ടി തങ്കം വീടിനകത്തേക്ക് കയറി. പിന്നാലെ ജാൻസിയും.


അവർക്കെതിരെ നങ്കി പുറത്തേക്ക് നടന്നു വന്നു. ആൾക്കൂട്ടവും തങ്കത്തിന്റെയും ജാൻസിയുടെയും മുഖഭാവവും എന്തോ പന്തികേട് ഉളവാക്കുന്നതായി നങ്കിയ്ക്ക് തോന്നി.


'യിനി എല്ലാരും സത്യങ്ങള് അറിഞ്ഞോ തമ്പ്രാനെ...' നങ്കി വെപ്രാളത്തോടെ ജാൻസിയെ നോക്കി.


"നങ്കി നിയ്യ് വാ.." തങ്കം നങ്കിയെ മുറിയിലേക്ക് തിരികെ നടത്താൻ ശ്രമിച്ചു.


"എന്താക്കാ... എന്താ..?"


"നിയ്യ് വാ..."


"മുറിയിലേക്ക് വാ നങ്കി, ടെൻഷൻ കൂടി ബിപി എങ്ങാനും ഹൈ ആയാലോ.. ശരീരം മാത്രല്ല, മനസ്സും ആരോഗ്യപരമായി ഇരിക്കേണ്ട സമയമാ.." ജാൻസി വ്യാകുലപ്പെട്ടു.


"മനസ്സ്ന്റെ ആരോഗ്യം നമ്മക്ക് ചുറ്റിനും ഒള്ളോർടെ കയ്യിലല്ലേ..അവര്ടെ വാക്കിലും ചെയ്ത്തിലും ഒക്കെയല്ലേ.. അദ് കൂട ഒള്ളോരായാലും പുറത്തൊള്ളോരായാലും..." നങ്കിയുടെ നോട്ടം പുറത്ത് പടിക്കെട്ടിനോരം നിന്ന കണ്ണടക്കാരനിലൂടെ തെന്നി നീങ്ങി.


ജാൻസി പെട്ടെന്ന് തല കുനിച്ചു.


നങ്കി ഉമ്മറത്തേക്ക് നടന്നു.


നങ്കിയുടെ സാമീപ്യം അടുത്തറിഞ്ഞതും ശിവൻ പരുങ്ങലോടെ തല തിരിച്ചു നോക്കി.


നങ്കി മുന്നിലെ ആൾക്കൂട്ടത്തിലൂടെ കണ്ണോടിച്ചു.


"ചോയിച്ച കേട്ടില്ലേ മുരുഗാ നിയ്യ്.. പ്രച്ച്ന യെന്തുവാ ?" ലക്ഷ്മിയമ്മ കുറച്ചുറക്കെ ചോദിച്ചു.


മുരുകൻ നങ്കിയുടെ മുഖത്തേക്ക് നോക്കി.


"നിയ്യങ്ങ് കേറി പോ നങ്കിപ്പെണ്ണേ.."


അന്ധാളിപ്പോടെ നങ്കി പടിക്കെട്ടിലേക്കിറങ്ങി നിന്നു.


"എന്താ മുരുഗണ്ണാ.. ഞാ നിക്കുന്നേന് എന്താ... ഞാ അഗത്തു പോയാലും ഈട യിപ്പോ എന്തോ സമ്സാരിച്ചാലും ആടെ കേക്കും പിന്നെന്താ !?"


"കാരിയം എന്താന്ന് ഞാൻ പറയാം.." കൂട്ടത്തിൽ നിന്നും തലമുടി നരച്ച ഒരപരിചിതൻ മുന്നിലേക്ക് നീങ്ങി നിന്നു.


അയാളുടെ കൈ മറ്റാരുടെയോ കൈയ്യിൽ പിടുത്തമിട്ടിട്ടുണ്ടായിരുന്നു. 


നങ്കിയുടെ കണ്ണുകൾ പതർച്ചയോടെ ആ കൈയ്യിനുടമയിൽ ആഴ്ന്നു.


വെളുത്തു മെലിഞ്ഞ ഒരു പെണ്ണ്. അവളുടെ വിളർത്ത മുഖത്തും കുഴിഞ്ഞ കണ്ണുകളിലും കണ്ണീർച്ചാലുണങ്ങിപ്പിടിച്ച കവിളുകളിലും നോട്ടം പായിച്ച് നങ്കിയുടെ കണ്ണുകൾ മറ്റെന്തിലേക്കോ ഓടിയിറങ്ങി.


തുടരും.....




നങ്കി 1️⃣0️⃣

 


©️Copyright Protected


നങ്കി 1️⃣0️⃣


.........✍️


നങ്കി തല കുനിച്ചു. മുരുകന് മുന്നിൽ വച്ച് തങ്കം ഇങ്ങനെയൊക്കെ പറഞ്ഞത് നങ്കിയ്ക്ക് നാണക്കേട് പോലെയായി.


"നിയ്യെന്താ പറേന്നേ ?" മുരുകൻ നെറ്റി ചുളിച്ചു.


"അല്ലാ..നങ്കി യിങ്ങനിരിക്കുന്ന സിദിക്ക് സിവൻ ഒരാണല്ലേ.. യിനി ചെലപ്പോ ഓന് വേറേതേലും..


"പ്ഫാ... നിറ്ത്തെഡീ... വയറ്റീ കൊച്ചുവായി യീപ്പെണ്ണ് ഇവ്ട നിക്കുമ്പ തന്ന തോന്നീത് പറേന്നോ..." മുരുകൻ ദേഷ്യത്തോടെ കൈയ്യോങ്ങി.


    

                             ▪️◼️▪️


"അയ്യോ അണ്ണാ..." നങ്കി തടയാനെന്നോണം വിളിച്ചു.


"അടിക്കൂല്ല നങ്കി വെറ്തെ കാണിക്കുവാണ്.." തങ്കം കൂസലോടെ പറഞ്ഞു.


"ങ്ഹാ കാണായ്ര്ന്ന്... യീ പെണ്ണ് വിളിച്ചോണ്ടാ. യില്ലേ നിയ്യീ പറഞ്ഞേന് ഒന്ന് തരണ്ടതാ..."


"ഞാ ന്റ മനസ്സേ തോന്നീത് പറഞ്ഞയല്ലേ.."


" തോന്നീത് പോലും. ഈള്ടെ യിപ്പോ ഒള്ള അവസ്തക്ക് പറാൻ പറ്റിയ കാരിയം ആണല്ലോ നിയ്യ് പറഞ്ഞേ " മുരുകൻ അരിശത്തോടെ പറഞ്ഞു.


"നെനക്ക് കൊച്ചൊണ്ടാവത്തില്ലല്ലോ.. യെന്നിട്ട് ഞാ വേറ സുഗം തേടി പോയാ...പറേഡി..."


തങ്കത്തിന്റെ കണ്ണുകൾ നീർച്ചാലുകളായി. മുരുകൻ അങ്ങനെ പറയുമെന്ന് തങ്കം നിനച്ചതേയില്ല.


"അക്കാ പറഞ്ഞതില് തെറ്റൊന്നും ഇല്ലല്ലോ മുരുഗണ്ണാ... ചെല ആണുങ്ങ അങ്ങനാണല്ലോ...വെറ്തെ ഓരോന്ന് പറഞ്ഞ് അക്കയെ വെഷമിപ്പിക്കാതെ.." നങ്കി തങ്കത്തിനെ ആശ്വസിപ്പിക്കാനും മുരുകനെ ശാന്തനാക്കാനുമായി പറഞ്ഞു.


"നങ്കീ...." ശിവന്റെ വിളി അപ്രതീക്ഷിതമായി വന്നതും നങ്കി ഞെട്ടിത്തിരിഞ്ഞു നോക്കി.


മുറ്റത്തേക്ക് കയറാനായി ചാക്കിനുള്ളിൽ മണൽ നിറച്ചുണ്ടാക്കിയ ചവിട്ടു പടിയിൽ ഒരു കാൽ പൊക്കി വച്ച് നിൽക്കുകയാണ് ശിവൻ.


തങ്കം ആശങ്കയോടെ മുരുകനെ നോക്കി.


"ബാ വീട്ടില് പോഗാം.." ശിവന്റെ സ്വരം കനത്തിരുന്നു.


"അക്കാ.. ഞാ യിനി നാളെ വരാം..." നങ്കി തങ്കത്തെ നോക്കി തലയാട്ടി യാത്ര പറഞ്ഞു കൊണ്ട് ശിവനരികിലേക്ക് നടന്നു.


"നിയ്യിനി ഇങ്ങോട്ടേക്ക് വരല്ലും നങ്കീ..." ആജ്ഞ എന്ന പോലെ ശിവൻ പറഞ്ഞു.


നങ്കി മുന്നോട്ട് വച്ച ചുവട് പിൻവലിച്ചു നിന്നു.


"വരല്ലൂന്നാ...!!?"


"ഉം....കുടുമ്പം നച്ചിപ്പിക്കാനായിട്ട് യിങ്ങനെ ഓരോന്ന് പറേന്നിടത്ത് നിയ്യിനി വരണ്ടാ..."


"സിവാ... ഞാ... അങ്ങനൊന്നും നിരീച്ചില്ല... നിയ്യ് ചമി..." തങ്കം മുന്നോട്ടാഞ്ഞ് ചിലമ്പിച്ച ശബ്ദത്തിൽ ക്ഷമാപണം നടത്തി.


"നിങ്ങ നിരീച്ചത് ഞാ യിപ്പോ കേട്ടല്ലോ.., നങ്കി നിയ്യ് ബാ.."


"നാളെ വര്ണേ നങ്കീ..." അപേക്ഷയുടെ സ്വരത്തിൽ വീണ്ടും തങ്കം പറഞ്ഞു.


"യിനി ഓള് വരില്ല. ഓളെ താലി കെട്ടീത് സിവനാ... ഞാ പറേന്ന ഓള് കേക്കും. കേക്കണം "


"ഞാ കേക്കാം... പച്ചേല് ഞാ യിപ്പോ പറേന്ന നിങ്ങ കേക്കണം..." നങ്കി ശിവന്റെ മുന്നിലേക്ക് ചെന്നു നിന്നു.


നെറ്റി ചുളിച്ച്, പുരികം കൂർപ്പിച്ച് ശിവൻ നങ്കിയെ നോക്കി.


"എടയ്ക്കിട ഒന്നും പറാതെ ഏടോ പോന്നില്ലേ.. അദ് നിറ്ത്തണം. ഏടാന്ന് ഞാ ചോയ്ക്കണില്ലാ പച്ചേല് യിനി അങ്ങനെ പോഗാൻ പാടില്ല.. പിന്ന എന്റ കൂട മിണ്ടാനും  യിരിക്കാനും കൊറച്ചു നേരം കണ്ടെത്തണം..ഇത്തറ മാത്രം ചെയ്താ ഞാ വേറ എങ്ങട്ടും പോഗാത നിങ്ങ പറേന്ന കേട്ട് വീട്ടീ തന്ന യിരിക്കാം.."


 "വെറ്തെ നെന്റ കൂട യിരുന്നാ എന്താ കിട്ടാനാ..എന്ക്ക് വേണ്ടത് തരാൻ പറ്റൂലല്ലോ.." പതിഞ്ഞ ശബ്ദത്തിൽ നങ്കിയ്ക്ക് മാത്രം കേൾക്കാൻ തക്കത്തിൽ ശിവൻ അവജ്ഞയോടെ പറഞ്ഞു.


"യെങ്കി നിങ്ങക്ക് പോഗാം..." സ്വരമിടറിയെങ്കിലും കണ്ണു നനയാതിരിക്കാൻ പരിശ്രമിച്ചു കൊണ്ട് നങ്കി മറുപടി നൽകി.

 

മുഖം വെട്ടിത്തിരിച്ച് ശിവൻ നടവഴി ഇറങ്ങി പോയി.


"ഓനെന്താ പറഞ്ഞേ നങ്കി ? "


"ഒന്നൂല്ലണ്ണാ..." മുരുകന് മുഖം കൊടുക്കാതെ മറുപടി നൽകി നങ്കി മുറ്റമിറങ്ങി.


തങ്കം അപരാധിയെപ്പോലെ മുരുകനെ നോക്കി. ഒന്നും മിണ്ടാതെ മുരുകൻ കൂരയ്ക്കുള്ളിലേക്ക് കയറിപ്പോയി.


                                 ▪️

തങ്കം പറഞ്ഞ വാക്കുകൾ ആയിരുന്നു നങ്കിയുടെ മനസ്സിനെ അലട്ടി കൊണ്ടിരുന്നത്. ഒന്നും കഴിക്കാതെ കുടിക്കാതെ നങ്കി ഒരേ കിടപ്പ് കിടന്നു.


"നിയ്യൊന്നും തിന്നുന്നില്ലേ ഡീ..." ശിവന്റെ അമ്മ അരിശത്തോടെ ചോദിച്ചു.


"വേണ്ടാ.. വെശപ്പില്ല..."


"വെസപ്പ് ഏടെ പോയി.... ചത്തു കുത്തി യിര്ക്കാതെ ബന്ന് എന്തേലും തിന്നഡീ ... നെനക്കില്ലേലും നെന്റ വയറ്റീ കെടക്കുന്ന കൊച്ചിന് വെസക്കൂല്ലേ..." ശാസനയുടെ സ്വരം ശിവന്റെ അമ്മയിൽ നിന്നും ഉയർന്നതും നങ്കി അതിശയത്തോടെ മിഴികളുയർത്തി.


ആദ്യമായിട്ടാണ് ലക്ഷ്മിയമ്മ ഇങ്ങനെ സംസാരിക്കുന്നത്. തിന്നോ കുടിച്ചോ എന്നൊന്നും ഇതുവരെ ഒരു നോക്ക് കൊണ്ടുപോലും അന്വേഷിക്കാത്ത അമ്മ.


"യിനി യിതിന കൂടി വയറ്റി യിട്ട് കൊല്ലാത എയുന്നേറ്റ് തിന്നാൻ നോക്കഡീ.." അവർ മുറുമുറുത്തു കൊണ്ട് നടന്നു പോയി.


നങ്കി വയർ താങ്ങി പിടിച്ച് എണീറ്റു. അടുക്കളയിലേക്ക് നടക്കവേയാണ് ചിന്തിച്ചത്..


'മോന്റെ കൊച്ചിനായുള്ള കരുതലാണ് അമ്മ പറഞ്ഞത്.....ആദിലത്തെ കൊച്ച് മരിച്ചപ്പോ തന്നെ കലി ഇളകിയ മട്ടായിരുന്നു. വയറ്റിലുണ്ടായ പെണ്ണിന്റെ കളങ്കമാണ് കൊച്ച് ചാകാൻ കാരണോന്ന് മോന്റൊപ്പം വിശോസിച്ചിരുന്ന അമ്മ...യിനി അപ്പൊ പ്രസവത്തോടെ ഈ കൊച്ച് മരിച്ചൂന്ന് അറിയുമ്പോ... നേര് പറയാൻ ആ മോൻ ദയ്രിയം കാണിക്കുവോ...???' നങ്കിയുടെ ഉള്ളൊന്ന് ആളി.


ആരോടൊക്കെയോ ഉള്ള വാശിപ്പുറത്ത് സമ്മതം മൂളിയപ്പോ പിന്നീട് നേരിടേണ്ടി വരുമായിരുന്ന കൂരമ്പുകളുടെ ചോദ്യങ്ങളും സംശയങ്ങളും മുള്ളുവച്ച നോട്ടങ്ങളുമൊക്കെ ഓർക്കാൻ മറന്നു.


നങ്കി വർധിച്ച നെഞ്ചിടിപ്പോടെ വയറിനു മേലെ കൈ വച്ചു. പെട്ടെന്ന് ഒരുൾത്തുടിപ്പ് കൈയ്യനുഭവിച്ചതും ആനന്ദത്തോടെ വയറിൽ വിരലുകൾ അമർന്നു.


പുത്തൻ അനുഭൂതി നൽകിയ ആഹ്ലാദത്തിന്റെ പാരമ്യതയിൽ നങ്കിയുടെ കണ്ണിൽ നീർ പൊടിഞ്ഞു. മാനസികമായി ഒരടുപ്പവും തോന്നരുതെന്ന് കരുതി തന്നിൽ തന്നെയുണ്ടായിരുന്ന കുഞ്ഞിനെ ഇതുവരെ അവഗണിച്ചിട്ടേ ഉള്ളൂ. അധികാരവും അവകാശവും തനിക്കന്യമാണെന്ന തിരിച്ചറിവിൽ, ഒരു യാത്രയുടെ പാതിയിൽ ഉപേക്ഷിക്കേണ്ട ചുമടു മാത്രമാണ് താൻ താങ്ങുന്നതെന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചിരുന്നു. പക്ഷേ....


മുറിയ്ക്കുള്ളിൽ കയറി ഏങ്ങലടിച്ചു കരയുമ്പോഴും നങ്കിയുടെ കൈ വയറിനെ തലോടിക്കൊണ്ടിരുന്നു.


                     ⬛️◼️◾️▪️◾️◼️⬛️


ചെക്കപ്പ് കഴിഞ്ഞിറങ്ങിയപ്പോ പതിവ് പോലെ ജാൻസി നങ്കിയെ ഒപ്പം കൂട്ടി.


"ഇനി വളരെ ശ്രദ്ധിക്കേണ്ടതാ നങ്കി... ഞാൻ പറഞ്ഞതല്ലേ ഹോസ്പിറ്റലിൽ വരേണ്ട ദിവസം കാറുമായി ഞാൻ വന്ന് കൂട്ടിക്കൊണ്ട് വരാന്ന്... വെറുതെ ഇത്ര ദൂരം വെയിലത്തു ഇങ്ങോട്ടും അങ്ങോട്ടും നടക്കണോ..."


ഒന്നും മിണ്ടാതെ കൂടെ നടക്കുക മാത്രമേ നങ്കി ചെയ്തുള്ളൂ.


ജാൻസി ഇടയ്ക്കിടെ വയറിലേക്ക് കണ്ണു പായിച്ചു.


"നങ്കീ എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു.... നിന്റെ ഒരു സഹായം വേണം..." പതർച്ചയോടെ ജാൻസി പറഞ്ഞു.


ഇനിയുമെന്തെന്ന ഭാവത്തിൽ നങ്കി നോക്കി.


"അത്.... ഞങ്ങളുടെ കുഞ്ഞല്ലേ നിന്റെ വയറ്റിൽ... കുഞ്ഞിന്റെ ഓരോ വളർച്ചയും അച്ഛനും അമ്മയും ആകാൻ പോകുന്നവർ കണ്ടറിയണ്ടേ... അങ്ങനെ ആഗ്രഹിക്കില്ലേ... കുഞ്ഞിന് അനക്കം വെച്ചു തുടങ്ങിയതല്ലേ...


ഒന്നും തുറന്നു പറഞ്ഞിട്ടില്ല എങ്കിലും,

എന്നെപ്പോലെ തന്നെ വിക്കിക്കും ആഗ്രഹം കാണില്ലേ കുഞ്ഞിന്റെ അനക്കം കാണണോന്നും... കുഞ്ഞിനോട് സംസാരിക്കണം എന്നുമൊക്കെ....


നീ സമ്മതിക്കയാണെങ്കിൽ ഇന്ന് വിക്കി കൂടി കണ്ടോട്ടെ നിന്റെ വ... അല്ല ഞങ്ങളുടെ കുഞ്ഞിനേം അതിന്റെ അനക്കോം... "


നങ്കി ജാൻസിയുടെ മുഖത്തേക്ക് കണ്ണിമക്കാതെ നോക്കി നിന്നു.


ആ നോട്ടം അഭിമുഖീകരിക്കാൻ കഴിയാതെ ജാൻസി തല താഴ്ത്തി.


"ഉം...."


ഏറെ വൈകാതെ അഗാധതയിൽ നിന്നെന്ന പോലെ നങ്കിയുടെ സമ്മതം വന്നു.


ജാൻസി തല ഉയർത്തി നോക്കി.


നങ്കിയുടെ മുഖത്ത് യാതൊരു ഭാവ വ്യത്യാസവും ഉണ്ടായിരുന്നില്ല. ആ നോട്ടം പോലും അങ്ങനെ തുടർന്നു.


"താങ്ക്യൂ നങ്കി...." ജാള്യത മറച്ചു പിടിച്ച് ജാൻസി പറഞ്ഞു.


നങ്കിയുടെ ചുണ്ടിന്റെ കോണിൽ പരിഹാസ രൂപേണ ഒരു ചിരി വിരിഞ്ഞു. അതു കണ്ടില്ലെന്ന് ഭാവിച്ച് ജാൻസി നോട്ടം പിൻവലിച്ചു മുറിയിലേക്ക് നടന്നു.


അവരെ പ്രതീക്ഷിച്ചെന്ന വണ്ണം വിക്ടർ മുറിയിൽ ഇരിപ്പുണ്ടായിരുന്നു.


നങ്കി ഒന്നു പതറി. ഇത്ര പെട്ടെന്ന് വിക്ടറിനെ അഭിമുഖീകരിക്കേണ്ടി വരുമെന്ന് നങ്കി നിനച്ചിരുന്നില്ല.


വിക്ടറിന്റെ മുഖത്ത് ആശങ്ക നങ്കൂരമിട്ട പോലെ കനത്തു കിടന്നു.


"എന്താ വിക്കി ഒരു ടെൻഷൻ..? "


"അച്ചായൻ വരുന്നുണ്ട്..."


"ജോസേട്ടനോ...!!!!! എപ്പോ..?" ജാൻസി ആവിശ്വസനീയതയോടെ ചോദിച്ചു.


"നാളെ.."


"നാളെയോ !!! എന്താ വിക്കി പറയുന്നേ... ഇന്നലെ കൂടി ചേട്ടായി എന്നെ വിളിച്ചതല്ലേ. എന്നിട്ടൊന്നും പറഞ്ഞില്ലല്ലോ..മാത്രല്ല, സാധാരണ ചേട്ടായി പോയാൽ മിനിമം ഒരു കൊല്ലം കഴിഞ്ഞല്ലേ വരുള്ളൂ... പിന്നെന്താ ഇപ്പോ പെട്ടെന്ന്..." ജാൻസി അക്ഷമയോടെ ചോദിച്ചു.


"ഞാനുമിപ്പോഴാ അറിഞ്ഞത്. നിനക്ക് സർപ്രൈസ് തരാനാ വരുന്ന കാര്യം മറച്ചു വച്ചതെന്ന്. എന്നോട് പറയരുതെന്ന് ചട്ടം കെട്ടിയേക്കുവാ. ആള് ഇന്ത്യയിൽ ലാൻഡ് ചെയ്തിട്ടുണ്ട്. എവിടാന്ന് പറഞ്ഞില്ല. നാളെ ഇവിടെ വരുമെന്ന് പറഞ്ഞു..


നീ പ്രെഗ്നന്റ് ആണെന്ന് അറിയിച്ചപ്പോഴേ വരാൻ ഇരുന്നതല്ലേ. തിടുക്കപ്പെട്ട് വരേണ്ടാന്ന് നമ്മൾ പറഞ്ഞതു കൊണ്ട് മാത്രമാ ഇത്രയും നാൾ ക്ഷമിച്ചിരുന്നത്.. "


ജാൻസി പരവേശത്തോടെ ചെയറിലേക്കിരുന്നു.


"ചേട്ടായീടെ മുന്നിൽ അഭിനയിക്കാൻ എനിക്ക് കഴിയില്ല വിക്കീ... ആ കണ്ണുകൾ ആദ്യ നോട്ടത്തിൽ തന്നെ എന്റെ കള്ളത്തരം കണ്ടുപിടിക്കും..."


ഒന്നും മനസ്സിലാകാതെ നങ്കി നിന്നു.


"നമുക്ക് അച്ചായനോട് സത്യം തുറന്നു പറയാം "


"ചേട്ടായി ക്ഷമിക്കില്ല.. ഇത്രയും നാൾ എല്ലാം മറച്ചു വച്ചതിന്.." ജാൻസി കരച്ചിലിന്റെ വക്കോളമെത്തി.


"ഞാ പോട്ടെ..തെരക്കൊണ്ടാര്ന്ന്.." നങ്കി ആരോടെന്നില്ലാതെ ചോദിച്ചു.


"ഉം... താൻ പൊക്കോ.. പിന്നെ മരുന്നുകളൊക്കെ ഫാർമസീന്ന് വാങ്ങിച്ചിട്ട് പോണം " വിക്ടർ നിർദ്ദേശിച്ചു.


നങ്കി തലയാട്ടി. എല്ലാത്തവണയും ജാൻസി കൂടെ വന്ന് എല്ലാം ചെയ്തു തരും.


പോകുന്നുവെന്ന അർത്ഥത്തിൽ ജാൻസിയെ നോക്കി തല ചലിപ്പിച്ച് നങ്കി മുറിക്ക് പുറത്തേക്കിറങ്ങി.


മുറ്റത്ത് കൊലുസ്സ് കാത്തിരുപ്പുണ്ടായിരുന്നു.


"കൊലുസ്സേ വാ.."


നങ്കി മോർച്ചറിയുടെ ഭാഗത്തേക്ക്‌ നടന്നു. പിന്നാലെ കൊലുസ്സും.


   

                             ◼️▪️◼️


നങ്കിയും കൊലുസ്സും ചേർന്നു നിർമ്മിച്ച പൂന്തോട്ടത്തിൽ നിൽക്കുകയായിരുന്നു മണിയൻ. മണ്ണ് വെട്ടുകയും കിളക്കുകയും ഒക്കെ ചെയ്യുന്നുണ്ട്.


കൊലുസ്സിന്റെ ശബ്ദമാണ് മണിയന്റെ ശ്രദ്ധയെ തിരിച്ചത്.


"ഹാ... വന്നാ...അക്കയും തങ്കയും... ഞാ രണ്ട് പേരേം കാണണോന്ന് നിരീച്ച് ഇരിക്കുവാരുന്നു.." മണിയൻ തിരിഞ്ഞു നിന്നു.


"കൊറേ ചെടിയൊക്ക നട്ടേച്ച് രണ്ടും കൂടി ഒരു പോക്ക് അങ്ങ് പോയി. യിപ്പോ മൊത്തത്തില് എന്റ തലേല് ആയി. ഞാ യീട  വെറ്തെ യിരിക്കുവാന്ന് നിരീച്ച് എന്ന കൊയപ്പത്തിലാക്കീതാല്ലേ..."


"ഞാ.. ഞങ്ങ ആരേം കൊഴപ്പത്തിലൊന്നും ആക്കീട്ടില്ല.. യ്യി ചെടിയൊക്കെ നട്ടത് ആരോടും ചോയ്ച്ചിട്ടല്ല. അപ്പൊ വെട്ടിക്കളയാനും ആര്ടേം സമ്മദം വേണ്ട. നിങ്ങ ഒക്കെയും വെട്ടി മൂഡിയേര.." നങ്കി തോട്ടമൊന്നാകെ നോക്കിക്കൊണ്ട് പറഞ്ഞു.


മണിയൻ നിശബ്‍ദനായി നിന്നു. പിന്നെ മണ്ണിൽ ആഞ്ഞുവെട്ടി. അയാളുടെ ശബ്ദം അതിനു മേലെ ഉയർന്നു.


"ഓ അപ്പോയിത്തെ ആവേസേ ഒള്ളാരുന്നോ.. ങ്ഹും...ദോ ആ ചെടി നോക്ക്.."


മണിയൻ കൈ ചൂണ്ടിയിടത്തേക്ക് നങ്കി നോക്കി. കൊലുസ്സും.


ഒണക്കു പിടിച്ച പാരിജാത ചെടി ഒരു കമ്പിനാൽ താങ്ങി നിർത്തിയിരിക്കുന്നു.


"നെന്റ കണവനോട് എന്നും പറേം രാവില വേല കയിഞ്ഞ് എറങ്ങുമ്പോ ഇദിനൊക്കെ വെള്ളം ഒയിക്കണോന്ന്... ആര് കേക്കാൻ. ഒരീസം ഓനോട്‌ ദേസിക്കേണ്ടി വന്ന്. നെന്റ പെണ്ണ് നട്ട് പിടീപ്പിച്ചതാ യിദൊക്കേന്ന് പറേണ്ട താമസം ഓൻ കലി പൂണ്ട പോലാ ആ ചെടി പിയ്തെടുത്തേ.. ആ ഒന്നേ ഓന് തൊടാൻ ഒത്തോള്ള്... പിന്ന ഓനാ മണ്ണില് വീണേ.. മണിയനോടാ ഓന്റെ കളി..." പുച്ഛത്തോടെ പറഞ്ഞു നിർത്തി മണിയൻ നങ്കിയെ നോക്കി.


നങ്കിയുടെ കണ്ണുകൾ ആ ചെടിയെ പുണർന്നു നിന്നു. ചുണ്ടിൽ പുഞ്ചിരി വിടർന്നു.


വേലയ്ക്ക് ഒരിടവേള നൽകി ചിരിയോടെ മണിയൻ മോർച്ചറിയുടെ പടിക്കെട്ടിലേക്ക് ചെന്നിരുന്നു. തിരിഞ്ഞു നടക്കാൻ തുടങ്ങിയ നങ്കിയെ വിളിച്ചു നിർത്തി.


"നങ്കിപ്പെണ്ണേ.. യ്യീ ചെടി ഒക്ക ഈട നിക്കും. മണിയൻ ഈട ഒള്ള കാലത്തോളം. ഞാ ചത്താ യീട കുയ്ച്ചിടാൻ സമ്മയിക്കണോന്ന് മൊദലാളി സാറിനോട് ഞാ പറഞ്ഞു വച്ചേക്കുവാ...ചെലപ്പോ ആരും യില്ലാത്ത മണിയൻ ചത്താ യ്യി ചെടികളൊക്ക കരഞ്ഞാലാ..." മണിയൻ ചിരിച്ചു.


കണ്ണുകൾ കലങ്ങിയെങ്കിലും നങ്കി മന്ദഹസിച്ചു..


"ചെലപ്പോ എനിക്കു വേണ്ടീം കരയാൻ യ്യി ചെടികളേ ഒണ്ടാവൂ അണ്ണാ.."


മണിയൻ അമ്പരപ്പോടെ നങ്കിയെ നോക്കി.


കൊലുസ്സുമായി നങ്കി തിരികെ നടന്നു.


                           ◼️▪️◼️


"ഏള്മാസ പൊങ്കാല നടത്താറായി നങ്കി... ലച്ച്മീക്കാ യെന്തോ പറേന്ന്..." തങ്കം പുളിങ്കുരു വെയിലത്ത് ഉണക്കാൻ നിരത്തി കൊണ്ട് ചോദിച്ചു.


"അമ്മ നേരം നോക്കണ കാരിയം പറഞ്ഞ് "


"ഉം... യിപ്പൊ ലച്ച്മീക്കാക്ക് നെന്റ കാരിയത്തില് വല്യ ഗൗവ്നമാ നങ്കി.. ഞാ അദ് സ്രദിച്ച്‌... പച്ചേല് സിവൻ... ഓന് നെന്റ കാരിയത്തില് ഒരു ഗൗവ്നവോം യില്ല.."


നങ്കി വെയിലിന്റെ ഓളപ്പരപ്പിലേക്ക് മിഴി നട്ടിരുന്നു.


"അന്ന് ഞാ ഓൻ എടക്കെട ഏടോ പോണ കാരിയത്തെ പറ്റി പറഞ്ഞേന പിന്ന ഓൻ എങ്ങും പോയിട്ടില്ല അല്ലേ നങ്കീ.. അദു പോല യിനി നെന്ന നോക്കാത്ത കാരിയം കൂടി ഓൻ കേക്ക പറേണം.. അപ്പൊ ഓന് മാറ്റം വല്ലോം ഒണ്ടായാലാ..."


"ആരോ വര്ന്നക്കാ.." വെയിൽ മഞ്ഞളിപ്പിച്ച കണ്ണ് ചുളിച്ച് നങ്കി നടവഴിയിലേക്ക് കൂർത്തു നോക്കി.


തങ്കം എണീറ്റു നിന്നു.


"അദ് നെന്റ ആസ്പത്രി സാറും ഓര്ടെ പെണ്ണും.... പിന്ന വേറ ആരോ പുത്യാള് കൂട ഒണ്ടല്ലോ.."


നങ്കി എണീറ്റു. ജാൻസിയ്ക്കും വിക്ടറിനും ഒപ്പം വരുന്ന ആളെ നങ്കി തിരിച്ചറിഞ്ഞു.


                               ▪️◼️▪️


തുടരും....



നങ്കി 9️⃣

 

©️ Copyright Protected


നങ്കി 9️⃣


......✍️


വളരെ സ്നേഹാദ്രമായ സ്വീകരണമാണ് ജാൻസി നങ്കിയ്ക്ക് നൽകിയത്. ഒന്നിനോടും ഊഷ്മളമായി പ്രതികരിക്കാതെ നങ്കി നിർവികാരതയോടെ നിന്നു. വിക്ടറിന് മുഖം കൊടുക്കാതെ.., ഒരു നോട്ടം പോലും ശിവനിലേക്ക് നീളാതെ..തികഞ്ഞ അവഗണനയോടെ നങ്കി തനിക്കു മുന്നിലായി തുറക്കപ്പെട്ട വാതിലിലൂടെ ലേബർ റൂമിനുള്ളിലേക്ക്  കയറി.


                    ⬛️◼️◾️▪️◾️◼️⬛️


"നെനക്ക് കുളി തെറ്റീന്ന് തോന്നുന്നല്ലോ നങ്കി... ഒള്ളതാണോ... ഏഹ്...?" തങ്കം ചുണ്ടിൽ ചിരി ഒളിപ്പിച്ചു വച്ച് ചോദിച്ചു.


നങ്കി മിണ്ടാതെ ചിന്തയിൽ ആണ്ടിരുന്നു.


അന്ന് ആശുപത്രീന്ന് വന്നതിൽ പിന്നെ എവിടേക്കും പോയിട്ടില്ല. കൊലുസ്സും തങ്കവും എന്നും വൈകുന്നേരം കൂരയ്ക്കു മുന്നിൽ ഹാജരാകും. കൊലുസ്സ് അടിയ്ക്കടി വന്നെത്തി നോക്കുമായിരുന്നു. ശിവന്റെ അമ്മ ഒരിയ്ക്കൽ മടലെടുത്തെറിഞ്ഞതോടു കൂടി കൊലുസ്സിന്റെ വരവ് തങ്കത്തിനൊപ്പമായി.


മിക്കവാറും ദിവസങ്ങളിൽ രാവിലെ ജോലി കഴിഞ്ഞ് ശിവൻ മടങ്ങി വരുക വിക്ടറിന്റെ കാറിലാണ്. ജാൻസിയും ഒപ്പം കാണും. വിക്ടർ കാറിൽ തന്നെയിരിക്കും. ജാൻസി നടവഴി ഇറങ്ങി വീട്ടിലേക്ക് വരും. കൈയ്യിൽ പഴങ്ങളുടെയും പലഹാരങ്ങളുടെയും പൊതി ഉണ്ടാകും.


തങ്ങളുടെ കുഞ്ഞിന്റെ വരവിന്റെ ശുഭ വാർത്തയും പ്രതീക്ഷിച്ചാണ് ഓരോ തവണയും ജാൻസി വരിക. നങ്കിയുടെ ആരോഗ്യം നങ്കിയെക്കാളേറെ പ്രാധാന്യമുള്ളതായി മാറി ജാൻസിക്ക്.


കൂര പൊളിച്ച് പുതിയ വീട്‌ പണിയാൻ തുടങ്ങിയപ്പോ താൽക്കാലികമായി പിന്നാമ്പുറത്തു കെട്ടിയ ഷെഡിലായി എല്ലാവരുടെയും താമസം. സൗകര്യപ്രദമായ താമസത്തിന് ഒപ്പം വരാൻ നങ്കിയെ ആവതും വിളിച്ചു ജാൻസി. ഒപ്പം പോകാൻ കൂട്ടാക്കിയില്ലെന്ന് മാത്രമല്ല, എപ്പോഴുമുള്ള വരവ് നിർത്തണമെന്നും നങ്കി ആവശ്യപ്പെട്ടു. നിരാശയോടെ ആണെങ്കിലും ജാൻസിക്ക് സമ്മതം മൂളേണ്ടി വന്നു.


നങ്കിയ്ക്കും ശിവനും മാത്രമായി വീടു വെച്ചു നൽകുന്ന ആശുപത്രിക്കാരുടെ മനോഭാവത്തെ ഒളിഞ്ഞും തെളിഞ്ഞും ചോദ്യം ചെയ്യപ്പെട്ടപ്പോ നങ്കിയോടുള്ള ജാൻസിയുടെ പ്രത്യേക ഇഷ്ടമാണ് വീടു പണിക്കു പിന്നിലെ പ്രത്യേക താല്പര്യമെന്ന് ശിവൻ തുറന്നു ചോദിച്ചവരോടൊക്കെ വീമ്പു പോലെ പറഞ്ഞു.


"നീയ്യെന്താ പെണ്ണേ യീ അലോയിച്ച് കൂട്ടുന്നേ " തങ്കം കുറച്ചുറക്കെ ചോദിച്ചതും നങ്കി ഞെട്ടിയുണർന്നു.


"ഒന്നൂല്ലാക്കാ..."


"ഞാ ചോയിച്ച നീ കേട്ടാ..കുളി തെറ്റിയോന്ന് "


"ഉം.... രണ്ടീസായി "


തങ്കത്തിന്റെ കണ്ണുകളിൽ വിസ്മയം വിടർന്നു.


"നിയ്യെന്താ നങ്കീ ചെറീയ കാരിയം പോലെ പറേന്നെ..നെനക്ക് വിസേസം ഒണ്ടാ?"


"ഉം..." നങ്കി പതിഞ്ഞ സ്വരത്തിൽ മൂളി.


"ന്റെ മാടൻ തമ്പിരാനെ...എന്നിട്ടാണോ പെണ്ണേ നീയിങ്ങനിരിക്കുന്നെ..."


നങ്കി ചോദ്യ ഭാവത്തിൽ തങ്കത്തിനെ നോക്കി.


"ആദിയത്തെ കൊച്ച് വയറ്റി കെടന്ന് പോയ സിതിക്ക് ഇദ് സൂച്ചിക്കണം പെണ്ണേ... മാടിനെപ്പോലെ കെടന്ന് യിനി പണിയൊന്നും എട്ക്കര്ത്.. അല്ലാ സീവൻ അറിഞ്ഞാ ദ് "


"ഊ..ഹും..."


"യില്ലേ!! നിയ്യെന്താ പറാഞ്ഞേ..മുന്നത്തെ കാരിയം ഓർത്താണാ... അദ് കള നിയ്യ്.. ഓന്റെ മനസ്സീ പഴേതൊന്നും യില്ല അദോണ്ടല്ലേ ങ്ങനൊരു വിസേസം പെട്ടന്നൊണ്ടായേ. നിയ്യ് നാളെ ഓൻ വേല കൈഞ്ഞ് വരുമ്പോ കാരിയം പറഞ്ഞു നോക്ക് അപ്പൊ അറിയാം ഓന്റെ സന്തോസം "


"ഉം.... പറേണം " നങ്കി നിർവികാരതയോടെ പറഞ്ഞു.


തിരിച്ച് വീട്ടിലേക്ക് നടക്കാൻ നടവഴി ഇറങ്ങി നങ്കി തിരിഞ്ഞു നോക്കി. കൊലുസ്സ് വേലിക്കെട്ടിനരികെ നിൽപ്പുണ്ടായിരുന്നു. നങ്കി കൈ മാടി വിളിച്ചതും കാത്തു നിന്നതു പോലെ കൊലുസ്സ് ഓടിയെത്തി.


"നിയ്യുമെന്ന വേണ്ടാന്ന് വെച്ചോ കൊലുസ്സേ..?" നങ്കിയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.


കൊലുസ്സ് വാലാട്ടി നങ്കിയെ തൊട്ടുരുമ്മി. തന്റെ സ്നേഹം പ്രകടിപ്പിക്കാൻ മറ്റൊരു വഴിയുമില്ലെന്ന പോലെ.


കൊലുസ്സിന്റ തലയിൽ മെല്ലെ തഴുകി ചിരിച്ചു കൊണ്ട് നങ്കി തിരിഞ്ഞു നടന്നു.


                          

                            ▪️◼️▪️


രാവേറെ കനത്തപ്പോൾ തകരത്തിന്റെ കതകിൽ ആരോ തട്ടി വിളിക്കുന്ന ശബ്ദം നങ്കി കേട്ടു. ഉറക്കമില്ലാതെ കിടന്നതു കൊണ്ട് ആദ്യത്തെ മുട്ട് തന്നെ കാതിൽ പതിഞ്ഞു. ശിവനാണ് പുറത്തെന്ന് മനസ്സിലായപ്പോ നങ്കി എഴുന്നേറ്റു.


ഷെഡിനുള്ളിൽ ഒരു മുറിയും അടുക്കളയും നടുത്തളവുമാണ് ഉള്ളത്. നങ്കി മുറിയിൽ നിന്നും പുറത്തേക്കിറങ്ങി. നടുത്തളത്തിൽ കിടക്കുന്ന നാലു ജീവനുകൾ, മരിച്ചവരെ പോലെ ഉറങ്ങി കിടക്കുന്നത് അവൾ നോക്കി നിന്നു.


തകര വാതിൽ രാത്രിയുടെ നിഗൂഢ നിശബ്ദതയെ ഭേദിച്ച് വലിച്ചു തുറന്നിട്ടും നാലു ശരീരങ്ങൾക്കും ജീവൻ വച്ചില്ല എന്നത് നങ്കിയെ അത്ഭുതപ്പെടുത്തി.


ഇരുളിൽ ശിവന്റെ രൂപം തെളിയുന്നതിന് മുമ്പേ ചെത്തു കള്ളിന്റെ രൂക്ഷ ഗന്ധം നങ്കിയുടെ ശരീരത്തെ പൊതിഞ്ഞു. ശിവൻ അകത്തേക്ക് കയറി നങ്കിയെ നോക്കി.


"കതകടച്ചേക്ക് നങ്കി..."


ശിവന്റെ ശ്വാസം മുഖത്തേക്കടിച്ചപ്പോ നങ്കി തല ചരിച്ചു. ഉറച്ച കാൽവയ്പ്പുകളോടെ ശിവൻ മുറിയിലേക്ക് നടന്നു.


നങ്കിയുടെ ഹൃദയം പെരുമ്പറ മുഴക്കി തുടങ്ങി. ചില രാത്രികളിൽ ശിവനിങ്ങനൊരു വരവുണ്ട്. പാതിരാവാകുമ്പോ കാവൽപ്പണി നിർത്തി, കള്ളു മോന്തി നങ്കിയെ തേടി വരും. എത്ര കുടിച്ചാലും പതറാത്ത കാലും കുഴയാത്ത നാവും നങ്കിയ്ക്ക് ആശ്ചര്യമാണ്. പിന്നെ പുലരും മുമ്പേ കുടിച്ചതിന്റെ ഉണർവ്വും ആലസ്യവും നങ്കിയ്‌ക്കൊപ്പം പുൽപ്പായയിൽ ഉപേക്ഷിച്ച് മോർച്ചറിയുടെ കാവൽക്കാരനിലേക്ക് വേഷപ്പകർച്ച നടത്തും.


നങ്കി ഇടറിയ കാൽച്ചുവടോടെ മുറിയിലേക്ക് നടന്നു. ഇതു പോലൊരു രാത്രിയിലാണ് ഉണ്ടാക്കിയവൻ തന്നെ തന്റെ കുഞ്ഞിന്റെ കാലനായി മാറിയിട്ട് തന്റെ സ്വഭാവശുദ്ധിയെ ചോദ്യം ചെയ്തത്. അതോർത്തപ്പോൾ നങ്കി  നിന്നു. വയറിനു മേലെ ഒന്നു തൊട്ടു കൊണ്ട് നിശ്വസിച്ചു. പിന്നെ ഉറച്ച ചുവടുകളോടെ മുമ്പോട്ട് നടന്നു.


പുല്പായയിൽ ശിവനിരിപ്പുണ്ടായിരുന്നു. നങ്കി കേറി വന്നതും അടിമുടി ഒന്നുഴിഞ്ഞു നോക്കി.


"ബാ..."


ശിവന്റെ സ്വരത്തിലെ ആവേശവും അധികാരവും തിരിച്ചറിഞ്ഞിട്ടെന്ന പോലെ നങ്കി പുച്ഛത്തിൽ അയാളെ നോക്കി.


"യെന്തിന്..??? എനിക്കൊരു കാരിയം പറയാനൊണ്ട്.."


"സമ്സാരിക്കാനൊന്നും നേരമില്ല നങ്കീ.. ബാ. യെനിക്ക് പോണ്ടതാ "


"പശ്ശെ ഞാ പറേന്ന നിങ്ങ കേക്ക തന്ന വേണം.."


അരിശത്തോടെ ശിവൻ ചാടിയെഴുന്നേറ്റതും, നങ്കി പിന്നിലേക്ക് ഒരു ചുവട് മാറി.


"എന്റ കുളി തെറ്റി. വിശ്ശേഷം ഒണ്ട്.."


"യെന്താ പറഞ്ഞേ..! ?"


"യെന്റ വയറ്റീ കൊച്ചൊണ്ടായിട്ടൊണ്ടെന്ന്.." അമർഷത്തോടെയെന്ന പോലെ നങ്കി കടുപ്പിച്ചു പറഞ്ഞു.


പ്രതീക്ഷിക്കാത്ത എന്തോ കേട്ടത് പോലെ ശിവൻ സംശയത്തോടെ നോക്കി. പിന്നെ പൊടുന്നനെ നങ്കിയുടെ കൈയ്യിൽ കടന്നു പിടിച്ചു.


"അദൊന്നും കൊയപ്പോയില്ല.. നിയ്യ് ബാ..."


നങ്കിയുടെ പ്രതികരണം ശരവേഗത്തിൽ ആയിരുന്നു. ശിവനെ പിന്നിലേക്ക് തള്ളിമാറ്റി നങ്കി ചീറി ;


"കൊഴപ്പോണ്ട്.... നിങ്ങക്ക് പ്രച്ചനയില്ലേലും ഈ കൊച്ചിനെ വേണ്ടവരൊണ്ട്... യിനി യിദിന പെറണ വരെ ഒന്നുവ്വേണ്ടാ... എന്റ കൊച്ചിനെയോ കാക്കാൻ പറ്റീല്ലാ..." നങ്കിയുടെ സ്വരമിടറി.


കലിയോടെ ഉറഞ്ഞു തുള്ളി ശിവൻ മുറിവിട്ടിറങ്ങി പോയി.


നങ്കി പായയിലേക്കിരുന്നു. കണ്ണുകളിൽ ഉരുവായ നീരുറവയെ തടസ്സമില്ലാതെ ഒഴുക്കി.


                   

                    ⬛️◼️◾️▪️◾️◼️⬛️


മുറ്റം തൂക്കുകയായിരുന്ന നങ്കിയെ ജാൻസി ഓടി വന്ന് കെട്ടിപ്പുണർന്നു.


"എന്താ അനൂ ഇത്.. സൂക്ഷിച്ച്.." വിക്ടർ ശാസിച്ചു.


അമ്പരപ്പോടെ നങ്കി ഇരുവരെയും നോക്കി. വിക്ടറിനെ നങ്കി പ്രതീക്ഷിച്ചിരുന്നില്ല.


"ഓ.. സോറി വിക്കി.. ഞാൻ ആകെ എക്സൈറ്റഡ് ആയിപ്പോയി. അത്രയ്ക്കും ഹാപ്പി ആണ്  ഞാൻ.."


ജാൻസി തിരിഞ്ഞ് നങ്കിയെ ഒരിക്കൽ കൂടി കെട്ടിപ്പിടിച്ചു. പിന്നെ കവിളിൽ ഒരു മുത്തവും നൽകി.


ജാൻസിയുടെ ആഹ്ലാദം കാണെ നങ്കിയുടെ ഹൃദയം തണുത്തു. കൺകോണിൽ നീർ പൊടിഞ്ഞു.


"രാവിലെയാ ശിവൻ പറഞ്ഞത്. ഇന്നലെ വൈകിട്ട് കണ്ടിട്ടും ഒന്നും പറഞ്ഞില്ല. അറിഞ്ഞിരുന്നേൽ ഇന്നലെ തന്നെ വന്നേനെ. ആട്ടെ എപ്പഴാ അറിഞ്ഞേ... എന്തായാലും ഹോസ്പിറ്റലിൽ വന്ന് ഒരു ഡീറ്റൈൽഡ്‌ ചെക്കപ്പ് നടത്തണം.. ഇനി വളരെ ശ്രദ്ധിക്കേണ്ടതാ. ആദ്യം പറ്റിയത് പോലത്തെ അബദ്ധമൊന്നും വരാതെ സൂക്ഷിക്കണം.."


"അനൂ..." വിക്ടറിന്റെ ശബ്ദമുയർന്നു.


"ഓ സോറി... വീണ്ടും ആവേശം മൂത്തു.." ജാൻസി നെറ്റിയിൽ കൈ വച്ചു.


തന്റെ കുഞ്ഞ് നഷ്ടപ്പെട്ടതെങ്ങനെ എന്നുള്ള വിവരം ജാൻസി വിക്ടറിനോട് പറഞ്ഞിരിക്കുന്നു എന്ന് മനസ്സിലായതും നങ്കിയ്ക്ക് വിക്ടറിന്റെ മുന്നിൽ നിന്നും ഓടി ഒളിക്കാൻ തോന്നി.


നങ്കിയുടെ മുഖഭാവം മാറിയത് മനസ്സിലാക്കിയിട്ടെന്നവണ്ണം വിക്ടർ വീണ്ടും ജാൻസിയെ വിളിച്ചു.


"അനൂ..ഞാൻ മുരുകന്റെ വീട്ടിൽ നിൽക്കാം. നീ അങ്ങോട്ട്‌ വന്നാൽ മതി. ആൻഡ്... കണ്ട്രോൾ യുവർ സെൽഫ് "


ജാൻസി കുട്ടിയെപ്പോലെ തലയാട്ടി.


വിക്ടർ മുറ്റമിറങ്ങിയതും നങ്കി ജാൻസിയെ അകത്തേക്ക് ക്ഷണിച്ചു.


വിസ്മയത്തോടെ ജാൻസി നങ്കിയെ ഉറ്റു നോക്കി. ഏറെ നാളുകൾക്ക് ശേഷമാണ്  നങ്കിയിൽ നിന്നും ഇങ്ങനൊരു പെരുമാറ്റം.


നടുത്തളത്തിലെ അരണ്ട വെളിച്ചത്തിൽ കസേരയിലിരുന്നു കൊണ്ട് ജാൻസി കാപ്പി കുടിച്ചു. ജാൻസിയുടെ സംസാരത്തിൽ നിന്നും നങ്കിയ്ക്ക് വിശേഷം ഉണ്ടെന്നറിഞ്ഞ ശിവന്റെ അമ്മ അടുക്കള കോണിലിരുന്ന് എന്തൊക്കെയോ പിറുപിറുത്തു.


"ശിവനെ കൂടെ വിളിച്ചിട്ട് വന്നില്ല.. കവലയില് പോണോന്ന് പറഞ്ഞു.." ജാൻസി കാപ്പി കുടിച്ചു കൊണ്ട് പറഞ്ഞു.


"മ്മ്..." നങ്കി വിരസമായി മൂളി.


"..ഇനി നന്നായി ശ്രദ്ധിക്കണം കേട്ടോ നങ്കി.." ജാൻസിയുടെ സ്വരത്തിൽ ആശങ്ക നിഴലിച്ചു.


"ഇന്നു തന്നെ ഹോസ്പിറ്റലിൽ വാ...


"നങ്കിയേ..." മുറ്റത്തു നിന്നും തങ്കത്തിന്റെ വിളി മുഴങ്ങിയതും, കൈയ്യിലൊരു ഉരുളിയുമായി അകത്തേക്ക് വന്നതും ഒരുമിച്ചായിരുന്നു.


ജാൻസിയെ നോക്കി വെളുക്കെ ചിരിച്ചു കൊണ്ട് തങ്കം ഉരുളി നങ്കിയ്ക്ക് നേരെ നീട്ടി.


"വെളുപ്പിന തന്ന മാടൻ കോവില് പോയി നെന്റ പേരില് ഒര് പൊങ്കാല ചെയ്ത് നങ്കി. ഒര് കൊയപ്പോം ഇല്ലാണ്ട് കൊച്ചിന കിട്ടാന്.."


"അക്കാ...." ആർദ്രമായി നങ്കി വിളിച്ചു.


"ഓ നാട്ടാരോടൊക്കെ ഓള് വിസേസം വിളിച്ച് കൂവി. ഇവ്ടെ കെടക്ക്ന്ന നമ്മള് അറീന്നത് കണ്ടോര് പറഞ്ഞിട്ടും.." ശിവന്റെ അമ്മയുടെ  ഒച്ച ഉയർന്നു.


"നിങ്ങള് യീ നല്ല കാരിയോക്കെ അറിയണേല് യ്യിപ്പെണ്ണിനോട് കൊറച്ച് സിനേഹത്തിലൊക്കെ സമ്സാരിക്കണം ലച്ച്മീക്കാ... നിങ്ങ യെപ്പളും ഈള പഴി പറാനല്ലേ വാ പൊളിക്കൂ.." തങ്കത്തിന്റെ മറുപടി വീണതും അവർ നിശബ്ദയായി.


"അക്കാ വേണ്ടാക്കാ..."


"നിയ്യ് നിന്ന് കിണുങ്ങാതെ പായസം കൊറച്ചെടുത്ത് യീ പെങ്കൊച്ചിനൂട കൊട്.. സ്സാറ് പറഞ്ഞ് മോള്ക്കും വിസേസം ഒണ്ടെന്ന്.."


അന്ധളിപ്പോടെ ജാൻസി നങ്കിയെ നോക്കി. നങ്കിയുടെ മുഖത്തും അമ്പരപ്പ് തെളിഞ്ഞു.


"എന്തായാലും രണ്ട് പേര്ക്കും ഒര്മിച്ചായത് അൽബുദാണെ.." തങ്കം വീണ്ടും ചിരിച്ചു.


അപ്പോഴാണ് തങ്ങൾ മുൻകൂട്ടി തയ്യാറാക്കി വച്ചിരുന്ന പദ്ധതിയെക്കുറിച്ച് ഇരുവരും ഓർത്തത്.


നങ്കി പിന്നെ അവിടെ നിൽക്കാതെ അടുക്കളയിലേക്ക് നടന്നു.


"ഞങ്ങക്കോ കൊച്ചുങ്ങ യില്ല. യിനി നങ്കീടേം സിവന്റേം കൊച്ച് വര്ന്ന കാത്തിരിപ്പാ ഞാള് രണ്ടും..." തങ്കം നിഷ്ക്കളങ്കമായി ചിരിച്ചു കൊണ്ട് പറഞ്ഞു.


ചുണ്ടിലെ ചിരി മായാതിരിക്കാൻ നന്നേ പാടുപെട്ട് ജാൻസിയിരുന്നു.


      

                   ⬛️◼️◾️▪️◾️◼️⬛️


ആശുപത്രി വരാന്തയിൽ നങ്കിയുടെ വീർത്ത വയറും ജാൻസിയുടെ വീർപ്പിച്ച വയറും കണ്ടുമുട്ടുമ്പോഴൊക്കെ നെടുവീർപ്പിന്റെയും പ്രതീക്ഷയുടെയും നിശ്വാസങ്ങൾ ഒരുമിച്ചുയരും.


നങ്കിയെ തനിച്ച് ഒരു മുറിയിൽ കൊണ്ടിരുത്തി ജാൻസി നങ്കിയുടെ ചേല മാറ്റി വയറു കാണുകയും കുഞ്ഞിനോട് സംസാരിക്കുകയും ചെയ്യും. നങ്കി ഒരു കൽ പ്രതിമ കണക്കെ ഇരുന്നു കൊടുക്കും.


കൊലുസ്സിന്റെ അകമ്പടിയിലാണ് നങ്കിയുടെ സഞ്ചാരം. ശിവൻ ആശുപത്രിയിലേക്ക് ഒപ്പം വരാറില്ല. നങ്കിയെ തീരെ അവഗണിച്ച മട്ടിലാണ് ശിവന്റെ നടപ്പ്. ഇടയ്ക്കിടെ എങ്ങോട്ടെന്ന് പറയാതെ ഒരു യാത്ര പോകും. ദിവസങ്ങൾ കഴിഞ്ഞ് മടങ്ങി വരുമ്പോഴും മാറ്റങ്ങളേതുമില്ലാതെ പെരുമാറും.


നിർബന്ധിച്ച്‌ ഇങ്ങനൊരു കോലം കെട്ടിച്ചിട്ട് എന്തിനാണിങ്ങനെ പെരുമാറുന്നതെന്ന് ചോദിക്കണമെന്ന് പലയാവർത്തി മനസ്സ് ശഠിച്ചിട്ടും നങ്കി മൗനം പാലിച്ചു.


തനിച്ചിരിക്കുമ്പോഴൊക്കെ ആലോചിക്കും ജീവിതത്തിന്റെ പോക്ക് എങ്ങോട്ടേക്കാണെന്ന്...ശിവന്റെ പെരുമാറ്റം ജീവിതത്തെ ഒരു നിലയില്ലാ കയത്തിൽ കൊണ്ടെത്തിച്ച പോലെ നങ്കിയ്ക്ക് തോന്നി.


ചെത്തു കള്ളിന്റെ ലഹരി നുണഞ്ഞു വരുന്ന രാത്രികളിൽ ശിവൻ നങ്കിയെ തിരയാറുണ്ട്. ഒരു തലോടൽ മോഹിക്കുമ്പോഴും നങ്കി എതിർപ്പ് പ്രകടിപ്പിച്ച് പുറം തിരിഞ്ഞ് കിടക്കും. ആ എതിർപ്പുകൾ ശിവനിൽ വിദ്വേഷമുരുവാക്കുകയേ ചെയ്തുള്ളു.


വീടുപണി പൂർത്തിയായി അതിനുള്ളിൽ താമസം തുടങ്ങിയപ്പോ, ഒരു വേലക്കാരിയുടെയോ അഭയാർത്ഥിയുടെയോ സ്ഥാനം മാത്രമേ ആ വീടിനുള്ളിൽ തനിക്കുള്ളൂവെന്ന് നങ്കിയ്ക്ക് ബോധ്യമായി.


"നീയ്യെപ്പഴും വല്യ അലോയ്നയിലാണല്ലോ നങ്കി?" മുരുകൻ വരാന്തയിലേക്ക് വന്നിരുന്നു കൊണ്ട് ചോദിച്ചു.


നങ്കി ചിന്തകളുടെ വിഴുപ്പ് മാറ്റി വച്ച് മന്ദഹസിച്ചു.


"മുരുഗണ്ണൻ വന്നേ ഒള്ളാ.."


"ഉം.. തങ്കം എന്തിയേ "


"അക്ക കുളിക്കയാ. അദാ ഞാ ഇവ്ടിരുന്നേ "


"നങ്കീ ഞാ നെന്നോട് ഒരു കാരിയം ചോയ്ക്കാൻ ഇരിക്കുവായ്രുന്നു.."


"എന്താ അണ്ണാ "


"സിവൻ എടയ്ക്കെട യെങ്ങോട്ടാ പോന്നാ.. പോയാ പിന്ന കൊറച്ചു നാള് കയിഞ്ഞല്ലേ മടങ്ങി വര്ന്നേ... ഏടാ പോന്നേന്ന് നെനക്കറിയോ ?"


"അറീല്ലണ്ണാ.."


"പച്ചേല് ഞാ ഒരു സമ്സയം പറേട്ടെ.."


കുളി കഴിഞ്ഞ് കേറി വന്ന തങ്കം അവർക്കിടയിലേക്ക് നടന്നു വന്നു.


"യെന്ത്..." മുരുകൻ ചോദിച്ചു


"ചെല ആണുങ്ങക്ക് ഒരു സൊവാവം ഒണ്ട്, അവര്ക്ക് യെപ്പളും സുഗം വേണം. പെണ്ണ് തീണ്ടകലാണേലും വയറ്റീ ഒണ്ടാര്ന്നാലും അവര്ക്ക് വേണ്ടത് കിട്ടണം.. ഞാ പറേന്ന എന്താന്ന് നിങ്ങക്ക് രണ്ടാളുക്കും മനസ്സിലാകുന്നൊണ്ടല്ലോ..." തങ്കം നങ്കിയെയും മുരുകനേയും മാറി മാറി നോക്കി.


നങ്കി തല കുനിച്ചു. മുരുകന് മുന്നിൽ വച്ച് തങ്കം ഇങ്ങനെയൊക്കെ പറഞ്ഞത് നങ്കിയ്ക്ക് നാണക്കേട് പോലെയായി.


"നിയ്യെന്താ പറേന്നേ ?" മുരുകൻ നെറ്റി ചുളിച്ചു.


"അല്ലാ..നങ്കി യിങ്ങനിരിക്കുന്ന സിദിക്ക് സിവൻ ഒരാണല്ലേ.. യിനി ചെലപ്പോ ഓന് വേറേതേലും..


"പ്ഫാ... നിറ്ത്തെഡീ... വയറ്റീ കൊച്ചുവായി യീപ്പെണ്ണ് ഇവ്ട നിക്കുമ്പ തന്ന തോന്നീത് പറേന്നോ..." മുരുകൻ ദേഷ്യത്തോടെ കൈയ്യോങ്ങി.


                             ▪️◼️▪️


തുടരും.....



നങ്കി 8️⃣



©️Copyright Protected


ഭാഗം 8️⃣


..........✍️


നങ്കി ശിവന്റെ മുഖത്തേക്ക് നോക്കി.


കൈയ്യിലിരുന്ന ഗ്ലാസ്‌ മേശമേൽ വച്ചു കൊണ്ട് ശിവൻ എഴുന്നേറ്റു.


"സാറ് പറഞ്ഞു കൊയപ്പം ഒന്നുമൊണ്ടാവില്ലന്ന്.. പിന്നെ നമ്മ്‌ടെ കൂര പുദുക്കി വീഡ് വെച്ച് തരാന്ന് പറഞ്ഞ്. കായി തരാന്നും പറഞ്ഞ്. യെത്തറേന്ന് പറഞ്ഞില്ല. ന്നാലും ഞാ സമ്മയിച്ച്.."


ശിവന്റെ വാക്കുകൾ അവജ്ഞയോടെ മാത്രമേ നങ്കിയ്ക്ക് കേൾക്കാൻ ആയുള്ളൂ.


"നിയ്യും സമ്മയിക്കണം നങ്കി.. ഞാ വാക്കു കൊട്ത്തദാ.."


"നങ്കീ..." ജാൻസി പതിഞ്ഞ സ്വരത്തിൽ വിളിച്ചു.


                                   ⬛️


"എന്തു വേണേലും തരാം.. എത്ര വേണേലും തരാം.. ഒരു കുഞ്ഞ്.. അതുമാത്രം എനിക്ക്... ഞങ്ങൾക്ക്..പ്ലീസ്..."


നങ്കിയുടെ ചുണ്ടിൽ പുച്ഛം കലർന്ന ചിരി വിരിഞ്ഞു.


"ചേച്ചി യെന്ന ബന്തം വച്ച് നീട്ടീദ് ഇദിനാരുന്നല്ലേ?"


"അല്ല നങ്കീ.. അങ്ങനല്ല. നിന്നെപ്പറ്റി വിക്കി പറഞ്ഞറിഞ്ഞതിനു ശേഷമാ ഞാൻ നിന്നോട് കൂട്ടു കൂടിയത്. നിന്റെ പെരുമാറ്റവും നിഷ്കളങ്കതയുമൊക്കെ ഇഷ്ടപ്പെട്ടിട്ടാ അനിയത്തിയായി കരുതിയത്. നിന്നെപ്പോലൊരു പെണ്ണ്.. അങ്ങനെ നീ മാത്രേയുള്ളൂ നങ്കി..."


"യീ കാട്ടുമൂലേ കെടക്ക്ന്ന യെനിക്ക് ഒരു യോഗ്യതേം യില്ല... ഈശൊരനെ ഓർത്ത് യെന്നെ വിഡണം... " കൈകൾ കൂപ്പി നങ്കി നിന്നു. എങ്ങനെയെങ്കിലും ഒഴിഞ്ഞു മാറണം എന്നത് മാത്രമായിരുന്നു അവളുടെ ചിന്ത.


"നങ്കീ... നീ സമ്മയിച്ചേ ഒക്കൂ.." ശിവന്റെ സ്വരം കനത്തു.


"ശിവാ... ഇരിക്ക്, ഞാൻ സംസാരിക്കാം. വെറുതെ നിങ്ങൾക്കിടയിൽ ഒരു പ്രശ്നം സൃഷ്ടിക്കണ്ട.." വിക്ടർ രംഗം ശാന്തമാക്കാൻ ശ്രമിച്ചു.


"ഞാ പറഞ്ഞ ഈള് അന്സരിക്കണ്ടേ സാറേ.." ശിവൻ അമർഷത്തോടെ പറഞ്ഞു.


"അങ്ങനെയൊരു നിയമം ഇല്ല ശിവാ. പരസ്പരം മനസ്സിലാക്കയും വിട്ടുകൊടുക്കയും ചേർത്തു വയ്ക്കുകയും ചെയ്യുന്നതിലാ വിവാഹ ജീവിതം വിജയിക്കുന്നെ.. അല്ലാതെ അടിച്ചേൽപ്പിക്കുന്നതിലും അധികാരം പ്രയോഗിക്കുന്നതിലുമല്ല.." വിക്ടർ കനത്ത സ്വരത്തിൽ പറഞ്ഞു.


ശിവൻ തല കുനിച്ചു നിന്നു. വിക്ടർ നങ്കിയുടെ മുഖത്തേക്ക് നോക്കി. അവളിൽ ഒരു ഭാവ വ്യത്യാസവും ഉരുവായില്ല.


"നങ്കീ തന്നെ ഞങ്ങൾ നിർബന്ധിക്കില്ല. പക്ഷേ എനിക്ക് പറയാനുള്ളത് മുഴുവൻ കേൾക്കണം.


ഞങ്ങളുടെ ഈ ആവശ്യത്തിന് വേണ്ടി ഞങ്ങൾക്ക് എവിടെ വേണമെങ്കിലും പോകാം. വിദേശത്തു പോകാനും ഞങ്ങൾ തയ്യാറാ. പക്ഷേ അങ്ങനെ ഒരു യാത്ര സ്വന്തങ്ങളും ബന്ധങ്ങളുമൊക്കെ ധാരാളമുള്ള ഏതെങ്കിലും സ്ഥലത്തേക്കേ കൊണ്ടെത്തിക്കൂ. അത് ഞങ്ങളാഗ്രഹിക്കുന്നില്ല.


കാരണം.....,  എല്ലാവർക്കും മുന്നിൽ ഞങ്ങൾക്ക് കാട്ടേണ്ടത് ഞങ്ങളുടെ സ്വന്തം കുഞ്ഞിനെ തന്നെയാകണമെന്നാ ആഗ്രഹം. അതിന് ഞങ്ങൾക്ക് ഇവിടെ നിൽക്കണം. എങ്കിലേ അത് സാധിക്കൂ. ജാൻസിയുടെ മമ്മയുടെ ഓർമ്മയ്ക്കായി നിർമ്മിച്ച ഈ ഹോസ്പിറ്റലിൽ.


ആരും ഒന്നുമറിയില്ല. നമ്മൾ നാലു പേരും പിന്നെ, ഇവിടുത്തെ ഏറ്റവും അടുത്ത വിശ്വസ്ഥരായ രണ്ടോ മൂന്നോ സ്റ്റാഫും. മറ്റെല്ലാവർക്കും മുന്നിൽ ജാൻസി ഗർഭിണിയായി തന്നെ അറിയപ്പെടും. നങ്കി സമ്മതിക്കുകയാണെങ്കിൽ...


.....നങ്കിയുടെ ഗർഭ കാലം, ജാൻസി ഗർഭിണിയായി മറ്റുള്ളവർക്ക് മുന്നിൽ അനുകരിക്കും. നങ്കിയെ പ്രസവത്തിനായി കയറ്റുമ്പോ തന്നെ ജാൻസിയെയും ലേബർ റൂമിൽ കയറ്റും. പിന്നെ പ്രസവം കഴിയുമ്പോ... " വിക്ടർ വാക്കുകൾക്ക് ഇടവേള നൽകി നങ്കിയെ നോക്കി.


നങ്കിയുടെ മുഖത്ത് മിന്നി മറഞ്ഞ ഭാവങ്ങൾ അയാൾ നോക്കി കണ്ടു.


"അപ്പൊ ഞാ പ്രസവിച്ച കൊച്ച് എന്തിയേന്ന് മറ്റുള്ളോര് ചോദിച്ച എന്താ പറയ്യാ..?"


"ചത്തു പോയീന്ന് പറേണം.." ശിവൻ വളരെ ലാഘവത്തോടെ പറഞ്ഞു.


തുറിച്ച കണ്ണുകളോടെ നങ്കി രൂക്ഷമായി ശിവനെ നോക്കി. അവളുടെ ആ നോട്ടത്തിൽ ശിവൻ ദാഹിച്ചു പോകുമോയെന്ന് ജാൻസി സന്ദേഹപ്പെട്ടു.


"ഗർഭോണ്ടായ പെണ്ണിന്റെ കൊച്ച് വയറ്റീ കെടന്ന് ചത്താ ആ പെണ്ണ് പെഴ്ച്ചതാണെന്ന് വിശോസിക്കുന്ന നിങ്ങക്ക് ഇദ് കൊഴപ്പോയില്ലേ...?" നങ്കി പുച്ഛവും വെറുപ്പും കലർന്ന സ്വരത്തിൽ ചോദിച്ചു.


"അയിന് ഈ കൊച്ചൊണ്ടാകാൻ നിയ്യ് യീ സാറിന്റെ കൂട കടക്കുവൊന്നും വേണ്ടന്നാ സാറ് പറഞ്ഞേ. വേറെന്തോ വൈത്യം ചെയ്താ മദീന്ന്..."


നങ്കിയ്ക്ക് തല പെരുക്കുന്നത് പോലെ തോന്നി.


ശിവന്റെ സംസാരം നങ്കിയുടെ എതിർപ്പിന്റെ ശക്തി കൂട്ടുക മാത്രമേ ചെയ്യൂവെന്ന് ജാൻസിക്ക് തോന്നി. അമർഷത്തോടെ ജാൻസി ശിവനെ നോക്കി.


"നങ്കീ...ശിവന്റെ അറിവില്ലായ്മ നിനക്കറിയില്ലേ.. പറയുന്ന രീതിയിലെ കുഴപ്പമാണ്.." ജാൻസി നങ്കിയെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.


"ഞങ്ങളീക്കാര്യം ആദ്യം നങ്കിയോട് സംസാരിക്കാനിരുന്നതാ..പിന്നെ തീരുമാനിച്ചു ശിവൻ കൂടി വന്നിട്ട് ആകാമെന്ന്. അതാ ഇന്ന് രാവിലെ തന്നെ ശിവനോട് കാര്യങ്ങളൊക്ക സംസാരിച്ചേ. ഒട്ടും വൈകരുതെന്ന് തോന്നി. ചിലപ്പോ നിങ്ങൾക്കിടയിൽ എന്തെങ്കിലും ശാരീരി...' വിക്ടറിന് മുഴുമിപ്പിക്കാനായില്ല 


"മദീ.... മദി.." നങ്കി പെട്ടെന്ന് ഇരു ചെവികളും പൊത്തിപ്പിടിച്ചു കൊണ്ടലറി. പിന്നെ പെട്ടെന്ന് മുറി വിട്ട് പുറത്തേക്ക് ഓടിയിറങ്ങി.


    

                    ⬛️◼️◾️▪️◾️◼️⬛️


നങ്കിയ്ക്ക് പിന്നാലെ കൊലുസ്സും ഓടി. മോർച്ചറിയ്ക്കു മുന്നിൽ അവർ തീർത്ത പൂന്തോട്ടത്തിനു മുന്നിൽ നങ്കി ഓടി വന്നു നിന്നു. കൊലുസ്സ് അങ്കലാപ്പോടെ നങ്കിയെ പകച്ചു നോക്കി നിന്നു.


കൊലുസ്സിന്റെ ഉറക്കെയുള്ള കുര കേട്ട് മണിയൻ പുറത്തേക്ക് ഇറങ്ങി വന്നു. വാവിട്ടു കരയുന്ന നങ്കിയെ കണ്ട് മണിയൻ അമ്പരന്നു.


"വേലയ്ക്ക് വരാൻ പറ്റാത്തേന്റെ സങ്കടം തീര്ക്കുവാണോ യിങ്ങനെ നെലവിളിച്ച്.." മണിയൻ പരിഹാസത്തോടെ ചോദിച്ചു.


മറുപടിയൊന്നും പറയാതെ നങ്കി തന്നെ തൊട്ടുരുമ്മി നിന്ന് കരയുന്ന കൊലുസ്സിനെ കെട്ടിപ്പിടിച്ച് ഏങ്ങലടിച്ചു.


"രണ്ട്നും പ്റാന്തായാ....!"  മണിയൻ അന്ധാളിപ്പോടെ മോർച്ചറിയുടെ ചവിട്ടു പടിയിൽ കാഴ്ചക്കാരനായി വന്നിരുന്നു.


നങ്കിയുടെ കരച്ചിൽ കാണക്കാണെ മണിയന് അവളോട് സഹതാപം തോന്നി.


ഏറെ നേരമെടുത്താണ് നങ്കി സംയമനം പാലിച്ചത്. ചേലത്തലപ്പു കൊണ്ട് മുഖം അമർത്തി തുടച്ചതിനു ശേഷം എന്തൊക്കെയോ ചിന്തകളിൽ ആണ്ട് കുറച്ചു നേരം കൂടി ഇരുന്നു. പിന്നെ ഒരു നെടുവീർപ്പോടെ കൊലുസ്സിനെ മാറ്റി, മണ്ണിൽ കൈ കുത്തി എഴുന്നേൽക്കാൻ നേരത്താണ് മണിയനെ കാണുന്നത്.


"തീര്ന്നാ കരച്ചിലും നെലവിളീം.. കൊറച്ചു നേരം കൂടി ഒണ്ടാര്ന്നേൽ കാണാര്ന്ന്..."


നങ്കി ദേഷ്യത്തോടെ മണിയനെ നോക്കിക്കൊണ്ട് എഴുന്നേറ്റു.


"യീ മോർച്ചറീ ശവങ്ങളൊന്നും യിപ്പോയില്ല, ഒണ്ടാര്ന്നേൽ നിങ്ങക്ക് രണ്ടാക്കും ഒര് കൂട്ടിന് എണീറ്റ് വന്നിര്ന്ന് കരഞ്ഞേനെ " ബീഡി കൈയിലെടുത്തു കൊണ്ട് മണിയൻ പറഞ്ഞു.


ഒന്നും മിണ്ടാതെ തുറിച്ച നോട്ടം മാത്രം മറുപടിയായ് നൽകി നങ്കി തിരികെ നടന്നു. ഓഫീസ് മുറി ലക്ഷ്യമാക്കി. നിഴലായ് കൊലുസ്സും.


ബീഡി കൈയിൽ തന്നെ ചുരുട്ടി പിടിച്ച് മണിയൻ നങ്കിയെ നോക്കിയിരുന്നു.


                              ◼️▪️◼️


ഓഫീസ് മുറിയ്ക്കുള്ളിൽ നങ്കിയാൽ ഉപേക്ഷിക്കപ്പെട്ട പോലെ മൂന്നു ശരീരങ്ങൾ അപ്പോഴും അവശേഷിച്ചിരുന്നു.


വിക്ടർ നിശബ്ദനായി ചിന്തകളിൽ മുഴുകിയും ജാൻസി കണ്ണുകളെ തോരാതെ പെയ്യിച്ചും, ശിവൻ പതിഞ്ഞ ശബ്ദത്തിൽ എന്തൊക്കെയോ മുറുമുറുത്തു കൊണ്ടുമിരുന്നു. 


അനുമതിയ്ക്ക് കാത്തു നിൽക്കാതെ നങ്കി മുറിക്കുള്ളിലേക്ക് കയറി. നങ്കിയുടെ തിരിച്ചുവരവ് അപ്രതീക്ഷിതമായതു പോലെ മൂന്നു പേരും അമ്പരപ്പോടെ എഴുന്നേറ്റു. ജാൻസിയുടെ കണ്ണുകളിൽ പ്രതീക്ഷയുടെ തിളക്കം തുളുമ്പി.


നങ്കി ജാൻസിയുടെ മുഖത്തേക്ക് കണ്ണുകളുടക്കി.


"ഞാ സമ്മദം പറയാൻ വന്നതാ..ന്റെ സമ്മദം നിങ്ങക്കും ന്റെ വീട്ടിലൊള്ളോർക്കും സന്തോശം തര്ന്നതാണേൽ അദു മതി യെനിക്ക്...


യിനി യെന്താ ചെയ്യണ്ടെന്ന് ഓരോട് പറഞ്ഞാ മതി. ഞാ യിപ്പോ പോഗുവാ.." മറുപടിയ്ക്ക് കാത്തു നിൽക്കാതെ നങ്കി മുറി വിട്ടിറങ്ങി.


ജാൻസി ആഹ്ലാദത്തോടെ വിക്ടറെ ഓടിച്ചെന്നു പുണർന്നു. തെളിഞ്ഞ ചിരിയോടെ ശിവൻ നെഞ്ചു വിരിച്ച് നിന്നു.


തങ്കത്തിന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ നിൽക്കാതെ നങ്കി വേഗം കൂരയിലേക്ക് നടന്നു. പിന്നാലെ നടന്നു വന്നിരുന്ന കൊലുസ്സിനെയും അവഗണിച്ചു കൊണ്ട് നങ്കി കൂരയ്ക്കുള്ളിലേക്ക് ഓടി കയറി.


                     ⬛️◼️◾️▪️◾️◼️⬛️


ഇരുൾ മൂടിയ മുറിയ്ക്കുള്ളിൽ തീർത്തും അന്യരായി മാറിക്കഴിഞ്ഞിരുന്നു നങ്കിയും ശിവനും.


ഒരാഴ്ച്ചയ്ക്കുള്ളിൽ തന്നെ വിക്ടറിന്റെയും ജാൻസിയുടെയും കുഞ്ഞിനായുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായി.


വയറു വേദനയ്ക്കു മരുന്ന് വാങ്ങണം എന്ന് അപ്പനേം അമ്മേം പറഞ്ഞ് വിശ്വസിപ്പിച്ചു ശിവൻ നങ്കിയുമായി ആശുപത്രിയിലേക്ക് പുറപ്പെട്ടു. പിന്നാലെ കൂടിയ കൊലുസ്സിന് നേർക്ക് കല്ലെടുത്തെറിയാൻ തുനിഞ്ഞ ശിവനെ നങ്കി രൂക്ഷമായി നോക്കിയതും ശിവൻ ആ ഉദ്യമത്തിൽ നിന്നും പിന്മാറി.


വളരെ സ്നേഹാദ്രമായ സ്വീകരണമാണ് ജാൻസി നങ്കിയ്ക്ക് നൽകിയത്. ഒന്നിനോടും ഊഷ്മളമായി പ്രതികരിക്കാതെ നങ്കി നിർവികാരതയോടെ നിന്നു. വിക്ടറിന് മുഖം കൊടുക്കാതെ.., ഒരു നോട്ടം പോലും ശിവനിലേക്ക് നീളാതെ..തികഞ്ഞ അവഗണനയോടെ നങ്കി തനിക്കു മുന്നിലായി തുറക്കപ്പെട്ട വാതിലിലൂടെ ലേബർ റൂമിനുള്ളിലേക്ക്  കയറി.


  

                              ◾️◾️◾️


തുടരും.....




നങ്കി 7️⃣



©️Copyright Protected


    ഭാഗം 7️⃣


........✍️


കുളി കഴിഞ്ഞ് കാപ്പിയുമായി നങ്കി വരാന്തയിലേക്ക് വന്നപ്പോഴേക്കും ശിവൻ വായും മുഖവുമൊക്കെ കഴുകി മുറ്റത്തൂടെ ഉലാത്താൻ തുടങ്ങി.


കാപ്പി നൽകി നങ്കി തിരിഞ്ഞതും പിൻവിളി എത്തി.


"നങ്കീ...നിയ്യ് യിനി വേലക്ക് പോണ്ട... ഞാ വന്നില്ലേ.."


"ഉം." ഒന്നു മൂളി തലയാട്ടി നങ്കി കൂരയ്ക്കുള്ളിലേക്ക് നടന്നു കയറി.


     

                      ⬛️◼️◾️▪️◾️◼️⬛️


എന്തൊക്കെ ചോദിച്ചിട്ടും മൗനിയായി ഇരിക്കുന്ന ശിവനെ ഒന്നു തറപ്പിച്ചു നോക്കിയതിനു ശേഷം മുരുകൻ എഴുന്നേറ്റു പോയി. തങ്കം നങ്കിയോട് പുറത്തേക്ക് വരാൻ കണ്ണുകൊണ്ട് ആംഗ്യം കാട്ടിക്കൊണ്ട് പുറത്തേക്കിറങ്ങി. തങ്കത്തിന് പിന്നാലെ തന്നെ നങ്കി വെളിയിലേക്കിറങ്ങി.


"എന്താക്കാ "


"സീവന് എന്തോ പറ്റീട്ടൊണ്ട് നങ്കി. നെനക്ക് തോന്നീല്ലേ..! ചെക്കൻ വല്ല പ്റേതത്തേം കണ്ട് പേടിച്ചോ യെന്തോ..."


മറുപടി പറയാതെ നങ്കി മന്ദഹസിച്ചു.


"നിയ്യ് യിനി വേലക്ക് പോന്നണ്ടോ... യില്ലേ ഇന്ന് വൈയ്യുന്നേരം നമ്മക്ക് മാടൻ കോവിലേല് ഒന്ന് പോഗാം. ഓന്റെ പേര്ല് എണ്ണേം തിരീം മേടിച്ചു വക്കാം "


നങ്കി യാന്ത്രികമായിട്ടെന്ന പോലെ തല കുലുക്കി.


"നിയ്യ് യെന്താ പെണ്ണേ മിണ്ടാതെ നിക്കുന്നെ.."


"ഒന്നൂല്ലാക്കാ..."


"ഉം. സരി ഞാ പിന്ന വരാം "


തങ്കം മുറ്റമിറങ്ങി പോകുന്നത് നോക്കി നങ്കി നിന്നു.


വൈകുന്നേരം വരെ ശിവൻ കൂരക്കുള്ളിൽ തന്നെ കഴിച്ചു കൂട്ടി. ആരോടും ഒന്നും സംസാരിക്കാനോ പറയാനോ മെനക്കെടാതെ അയാൾ ആ പകൽ ഉറങ്ങി തീർത്തു. നങ്കിയാകട്ടെ ഒന്നും ചോദിക്കാനും ചെന്നില്ല.


വേലക്ക് പോകാനായി ശിവൻ കുളിച്ചു തയ്യാറായി ഇറങ്ങിയപ്പോ നങ്കി പണ്ടത്തെപ്പോലെ അത്താഴം പൊതി കെട്ടിയെടുത്തു. നങ്കിയുടെ മുഖത്തു നോക്കാതെ പൊതിയ്ക്കായി കൈ നീട്ടിയ ശിവന്റെ കൈയിലേക്ക് നങ്കി ഒന്നും മിണ്ടാതെ പൊതി വച്ചു നൽകി. ശിവനുള്ള പൊതിച്ചോറിനൊപ്പം മറ്റൊരു പൊതി കൂടി അവൾ കൈയ്യിൽ കരുതിയിരുന്നു എങ്കിലും, ശിവന്റെ അസാധാരണമായ പെരുമാറ്റം അവളെ ആ പൊതിക്കെട്ട് ശിവനെ ഏൽപ്പിക്കുന്നതിൽ നിന്ന് വിലക്കി.


ഒന്നും മിണ്ടാതെ ശിവൻ ഇറങ്ങി പോയപ്പോൾ നങ്കി ചാണകം മെഴുകിയ വരാന്തയിലേക്ക് ഇരുന്നു. അരികിൽ തന്നെ ആ പൊതിയും വച്ചു. അവളുടെ നോട്ടം ശിവൻ നടന്നു മറഞ്ഞ നടവഴിയിൽ കുരുങ്ങി കിടന്നു.


എപ്പോഴോ മയക്കത്തിലേക്ക് ഊർന്നു വീണ നങ്കിയെ തങ്കം വിളിച്ചുണർത്തി.


"നീയ്യിത് യെന്തോന്ന് ഇരുപ്പാ പെണ്ണേ. കോവില് പോണ്ടേ..."


പെട്ടെന്ന് വേലിപ്പത്തലിനരികെ ഒരനക്കം കേട്ട് തങ്കം തിരിഞ്ഞു നോക്കി.


"യിതേതാ യീ പട്ടി..?"


നങ്കി പെട്ടെന്ന് എത്തി നോക്കി


"കൊലുസ്സേ...." ആവേശത്തോടെ വിളിച്ചു കൊണ്ട് നങ്കി പൊതിക്കെട്ടുമായി കൊലുസ്സിനരികിലേക്ക് ഓടി.


തങ്കം അമ്പരപ്പോടെ നോക്കി നിന്നു.


"യെനിക്കറിയാരുന്ന് നിയ്യ് ന്നെ തേടി വരൂന്ന്. ദാ ഞാ നെനക്ക് കഴിക്കാനൊള്ള എട്ത്ത് വച്ചിര്ന്ന് കണ്ടാ..." നങ്കി പൊതി നീട്ടി കാണിച്ചു.


കൊലുസ്സ് നങ്കിയെ തൊട്ടുരുമ്മി ദയനീയമായി കരഞ്ഞു.


"നിയ്യെന്തിനാ കരേന്നെ.. ഞാ യിനി അവ്ടെ വരില്ലാന്നേയൊള്ള്. നെനക്ക് ന്നെ വന്ന് കാണാലോ... ഞാ നെനക്ക് കഴിക്കാനുള്ള എന്നും എട്ത്ത് വച്ചേക്കാം. ബാ ആദിയം ഇദ് കഴിക്ക്. നെനക്ക് പിടിച്ച ഒണക്കമീനൊണ്ടിതിൽ. ബാ.. " നങ്കി പൊതി കൊലുസ്സിന് മുന്നിൽ തുറന്നു വച്ചു.


പക്ഷേ ഒന്ന് മണത്തു പോലും നോക്കാതെ കൊലുസ്സ് നങ്കിയെ തൊട്ടുരുമ്മി തന്റെ സ്നേഹം പ്രകടിപ്പിച്ചു നിന്നു.


"മദി നെന്റ സിനേഹം. കഴിക്കാൻ നോക്ക് പെണ്ണേ.." നങ്കി കൊലുസ്സിന്റെ തലയിൽ തലോടി.


"യിതാണാ ഓര് പറഞ്ഞ പട്ടി.." തങ്കം മൂക്കത്ത് വിരൽ വച്ചു.


"കൊലുസ്സ്... ഇവൾടെ പേര് അതാ അക്കാ.."


തങ്കം ചിരിച്ചു.


കൊലുസ്സ് മെല്ലെ കഴിച്ചു തുടങ്ങി. ഇടയ്ക്കിടെ തല ഉയർത്തി നങ്കിയെ നോക്കി. നങ്കിയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. കൊലുസ്സിന്റെയും.


എത്ര പറഞ്ഞിട്ടും ആശുപത്രിയിലേക്ക് കൊലുസ്സ് മടങ്ങിപ്പോയില്ല. ഇരുട്ടിയിട്ടും വേലിക്കെട്ടിനരികെ ചുരുണ്ടു കിടന്നു. ആരെങ്കിലും കല്ലെടുത്ത് എറിയുമോ എന്ന ഭയമായിരുന്നു നങ്കിയ്ക്ക്. ഒടുവിൽ എങ്ങനെയൊക്കെയോ കൂടെ കൂട്ടി മുരുകന്റെയും തങ്കത്തിന്റെയും അടുത്തെത്തിച്ചു.


"ഓള് ഒരു ശല്യോം ഒണ്ടാക്കത്തില്ല മുരുഗണ്ണാ. കഴിക്കാനും കൊടുക്കണ്ടാ. ഞാ കൊടുത്തിട്ടുണ്ട്. യിന്നീ വെളീല് കെടന്ന് ഒറങ്ങിക്കോട്ടെ... ആശ്പത്രീ തിരിച്ച് പോകാൻ പറഞ്ഞിട്ട് പോകുന്നൂവില്ല. വഴീ കെടന്നാ ആരേലും കല്ലെങ്ങാനും എറിഞ്ഞാ..." നങ്കി അപേക്ഷയോടെ മുരുകനെ നോക്കി.


"നിയ്യ് വെസമിക്കണ്ട നങ്കി. ഇന്നല്ല വേണേലെന്നും ഇവ്ടെ കെടന്നോട്ടെ. ഞങ്ങക്ക് ഒരു പ്രച്നേം യില്ല. ഇവ്ടെ ഞങ്ങ രണ്ടു പേരും മാത്തറല്ലേ ഒള്ള് " തങ്കം നങ്കിയെ ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു.


നങ്കി മുരുകനെ നോക്കി.


മുരുകൻ ചിരിച്ചു കൊണ്ട് തലയാട്ടി. ഒരു മന്ദാഹാസത്തോടെ നങ്കിയുടെ കണ്ണുകൾ ഈറനായി.


കൊലുസ്സിന്റെ തലയിൽ ഒന്നു തലോടിക്കൊണ്ട് നങ്കി മുറ്റമിറങ്ങി.


വരാന്തയുടെ കോണിൽ തങ്കം ചണച്ചാക്ക് വിരിച്ച് കൊലുസ്സിന് കിടക്ക ഒരുക്കി. നങ്കി കണ്ണിൽ നിന്നും മറഞ്ഞതും കൊലുസ്സ് തന്റെ പുതിയ കിടക്കയിലേക്ക് ചുരുണ്ടു.


   

                    ⬛️◼️◾️▪️◾️◼️⬛️


വെളുപ്പിനെ തന്നെ കൊലുസ്സ് നങ്കിയുടെ കൂരയ്ക്കു മുന്നിൽ ഹാജരായി. ഒരു പാത്രത്തിൽ കട്ടൻകാപ്പി ഒഴിച്ചു കൊടുത്തിട്ട് നങ്കി തന്റെ ജോലിയിലേക്ക് കടന്നു.


ജോലി കഴിഞ്ഞ് മടങ്ങി വരേണ്ട സമയം കഴിഞ്ഞും ശിവനെ കാണാഞ്ഞ് നങ്കിയ്ക്ക് ആധിയായി. അവൾ നടവഴി കയറി തങ്കത്തിന്റെ വീട്ടിലേക്ക് നടന്നു പിന്നാലെ കൊലുസ്സും.


മുറ്റത്തു തന്നെ നിൽപ്പുണ്ടായിരുന്നു മുരുകനും തങ്കവും.


"ഓര് വേല കഴിഞ്ഞ് ഇതുവരെ വന്നില്ല മുരുഗണ്ണാ"


"ന്റെ മാടൻ തമ്പിരാനേ... ചെക്കൻ പിന്നേം നാട് വിട്ടാ " തങ്കം നെഞ്ചത്ത് കൈ വച്ചു.


"ഓ... നീയ്യൊന്ന് മിണ്ടാണ്ടിരി താങ്കോം. ഓന് വേല വല്ലോം അദികം കാണും നങ്കി. നിയ്യ് വെസമിക്കാതെ " മുരുകൻ നങ്കിയെ അശ്വസിപ്പിക്കാൻ ശ്രമിച്ചു.


"സമയം കൊറേ ആയി അദാ.." നങ്കി വേവലാതിപ്പെട്ടു.


ഈ സമയം നടവഴി തുടങ്ങുന്നിടത്ത് ഒരു കാറ് വന്നു നിന്നു. കാറിൽ നിന്നും ആദ്യം വിക്ടർ പുറത്തേക്കിറങ്ങി തൊട്ടുപിന്നാലെ ജാൻസിയും. വിക്ടർ കാറിനു പിറകിലെ ഡോർ തുറന്നതും ശിവൻ അമാന്തിപ്പോടെ പുറത്തിറങ്ങി. ശിവനെ കണ്ടപാടെ കൊലുസ്സ് കുരച്ച് ഒച്ചയുണ്ടാക്കാൻ തുടങ്ങി.


"ദോണ്ടേ സിവൻ " തങ്കം റോഡിലേക്ക് കൈ ചൂണ്ടി.


"വിട്ടർ സാറും പെണ്ണും കൂടൊണ്ടല്ലോ " മുരുകൻ കൈലിയുടെ മടക്കിക്കുത്തഴിച്ചിട്ടു.


വിക്ടർ ജാൻസിയോട് എന്തോ പറഞ്ഞതും ശിവൻ പെട്ടെന്ന് തല ഉയർത്തി നോക്കുന്നത് മൂന്നു പേരും കണ്ടു.


നടവഴി ഇറങ്ങി വീട്ടു പടിക്കലെത്തി വിക്ടർ മുരുകനെ നോക്കി ;


"ഞങ്ങൾക്ക് അങ്ങോട്ടേക്ക് വരുമല്ലോ അല്ലേ മുരുകാ "


"അയ്യോ സാറേ ബാ സാറെ... വര്ന്നേല് പ്രച്ന ഒന്നൂല്ല. കേറി ഇരിക്കാന് വെടിപ്പൊള്ള കസേരയൊന്നൂല്ലാന്നേ ഒള്ള് "


"ഇരിക്കുന്ന ഒന്നുമില്ല മുരുകാ. അതിനുള്ള സമയമില്ല "


നങ്കിയുടെ നോട്ടം ശിവനിൽ തറഞ്ഞു നിന്നു. ശിവനാകട്ടെ മറ്റെവിടെക്കോ ദൃഷ്ടി ഒളിപ്പിച്ചും.


"മുരുകന്റെ മക്കളുണർന്നില്ലേ?" വിക്ടർ കൂര മൊത്തത്തിൽ ഒന്ന് ഉഴിഞ്ഞു നോക്കി ചോദിച്ചു.


"ഞങ്ങക്ക് കൊച്ചുങ്ങ ഇല്ല സാറേ. ഞങ്ങ രണ്ട് പേരും മാത്തറെ ഒള്ളിവ്ടെ "


"പച്ചേല് യിന്നലെ ഞങ്ങക്കൊരു കൊച്ചിനെ കിട്ടി. യീ നങ്കിപ്പെണ്ണ് തന്നതാ " തങ്കം ആവേശത്തോടെ പറഞ്ഞു.


"കൊച്ചിനെയോ..!!?" ജാൻസിയുടെ സ്വരം അതിശയത്തോടെ ഉണർന്നു.


"ഉം... ദാ നിക്കുന്നു... കൊലുസ്സ്.." തങ്കം നിഷ്‌ക്കളങ്കമായ ചിരിയോടെ നങ്കിയ്‌ക്കരികിൽ നിൽക്കുന്ന കൊലുസ്സിനെ ചൂണ്ടി പറഞ്ഞു.


"ഹാ ഇത് നമ്മുടെ ഹോസ്പിറ്റലിലെ അന്തേവാസി അല്ലേ ?"


"അതെ നങ്കീടെ അടുത്ത ആളാ " ജാൻസി ചിരിച്ചു കൊണ്ട് വിക്ടറിനെ നോക്കി.


"മ്മ്... പിന്നെ ഞങ്ങൾ വന്നത് നങ്കിയെ ഒന്നു കാണാനാ  " വിക്ടർ ഗൗരവത്തോടെ നങ്കിയെ നോക്കി "ഇന്നലെ ശിവൻ ഓഫീസിൽ വന്നപ്പോഴാ നങ്കി ഇനി അങ്ങോട്ടേക്ക് ഇല്ല എന്ന് മനസ്സിലായെ. ശിവൻ മടങ്ങി വരുന്നത് വരെ മാത്രമായിരുന്നല്ലോ നങ്കിയുടെ സേവനം.."


"എന്താ സാർ..?"


"അത്... ഇവിടെ വച്ചല്ല. വൈകുന്നേരം ശിവനൊപ്പം നങ്കിയും ഹോസ്പിറ്റലിലേക്ക് വാ. നമുക്ക് അവിടെ വച്ച് സംസാരിക്കാം. എന്തു പറയുന്നു "


"ങ്ഹാ വരാം സാർ.."


"എങ്കിൽ ശരി, ഞങ്ങളിറങ്ങുന്നു മുരുകാ.." വിക്ടർ മുരുകന്റെ ചുമലിൽ ഒന്നു തട്ടി ചിരിച്ചു കൊണ്ട് തിരിഞ്ഞു.


"നങ്കീ..." ജാൻസി നങ്കിയുടെ കൈകളിൽ മുറുകെ പിടിച്ചു. ജാൻസിയുടെ അപ്പോഴത്തെ ഭാവം നങ്കിയെ ശരിക്കും അമ്പരപ്പിച്ചു.


"ഒന്നു വര്വോ.." ആളൊഴിഞ്ഞിടത്തേക്ക് ജാൻസി നങ്കിയെ ക്ഷണിച്ചു.


സംശയത്തോടെ നങ്കി ജാൻസിക്കൊപ്പം മാറി നിന്നു.


വളരെ പതുക്കെയാണ് ജാൻസി സംസാരിച്ചത്. അവളുടെ പെരുമാറ്റം നങ്കിയ്ക്ക് ശരിക്കും അത്ഭുതമായി.


"ശിവനോട് ഞങ്ങൾ കാര്യം പറഞ്ഞിട്ടുണ്ട്. ശിവൻ നങ്കിയോട് അതിനെപ്പറ്റി സംസാരിക്കയാണെങ്കിൽ പ്ലീസ്...പോസിറ്റീവ് ആയൊരു തീരുമാനം എടുക്കണം.."


ഒന്നും പിടികിട്ടാതെ നങ്കി നെറ്റി ചുളിച്ചു.


"പിന്നെ... ആരോടും ഇക്കാര്യത്തെപ്പറ്റി ഒന്നും പറയരുത്. നമ്മൾ നാലു പേരൊഴിച്ച് വേറാരും, പ്രത്യേകിച്ച്... നിങ്ങളുടെ സൈഡിലുള്ള ആരും ഒന്നും അറിയരുത്...


"അനൂ.." വിക്ടർ ജാൻസിയെ വിളിച്ചു കൊണ്ട് വലതു കൈ ഉയർത്തി വാച്ചിൽ തൊട്ടു കാണിച്ചു.


"ഹാ ദാ വരുന്നു വിക്കി... ഒരു മിനുട്ട്.

ഉപേക്ഷ വിചാരിക്കരുതേ നങ്കി. നിന്റെ ഈ കൈകൾ കാലിനു സമമായി പിടിച്ച് അപേക്ഷിക്കയാ...


ജാൻസി നങ്കിയുടെ ഇരു കൈകളും കൂട്ടിപ്പിടിച്ചു. നങ്കി പെട്ടെന്ന് കൈകൾ പിൻവലിച്ചു.


"ചേച്ചീ.. എന്താദ്...?"


"ഇപ്പോ പ്രാർത്ഥനയോടെ ഞാൻ മുന്നിൽ കാണുന്ന ദൈവം നീയാ നങ്കി. ഇനിയും നിന്ന് സംസാരിക്കുന്നില്ല. വൈകുന്നേരം ഹോസ്പിറ്റലിൽ വച്ച് കാണാം. പിന്നെ ഇപ്പൊ മുരുകനും വൈഫും എന്തേലും ചോദിച്ചാ നിനക്കൊരു ജോലിക്കാര്യത്തെ പറ്റി സംസാരിച്ചതാണെന്ന് പറഞ്ഞാൽ മതി. അപ്പൊ പോട്ടെ നങ്കി.." ജാൻസി ഒരിക്കൽ കൂടി നങ്കിയുടെ കൈകളിൽ മുറുകെ അമർത്തി കൊണ്ട് തിരിഞ്ഞു നടന്നു.


വിക്ടറും ജാൻസിയും നടവഴി കയറിയതും തങ്കം നങ്കിക്ക് അരികിലേക്ക് വന്നു.


"ആ പെങ്കൊച്ച് എന്തോന്നാ നങ്കി പറഞ്ഞേ "


"അറീല്ലക്കാ... ഒന്നും മനസ്സിലായില്ല. എന്തൊക്കെയോ പറഞ്ഞു "


"എന്തടാ സിവാ കാരിയം.. നെനക്ക് അറിയൂല്ലേ ?" മുരുകൻ ശിവനോടായി ചോദിച്ചു.


"ആ... അറീല്ല. ഞാ ഒന്ന് കുളിക്കട്ടെ " ശിവൻ ധൃതിയിൽ വീട്ടിലേക്ക് നടന്നു.


നങ്കി മുരുകനെയും തങ്കത്തെയും മാറി മാറി നോക്കി. എന്തോ പന്തികേടുണ്ടെന്ന് ഇരുവർക്കും തോന്നി.


"ഞാ പിന്ന വരാം..." നങ്കിയും ശിവനെ അനുഗമിച്ച് മുറ്റമിറങ്ങി.


          

                 ⬛️◼️◾️▪️◾️◼️⬛️


തലേന്നാൾ പോലെ തന്നെ ശിവന്റെ മൂകതയിലൂടെ ഒരു പകൽ കൂടി സായംസന്ധ്യയ്ക്കായ് വഴി മാറി കൊടുത്തു.


നങ്കിയുടെ മനസ്സ് ആകെ കലുഷിതമായിരുന്നു. ജാൻസിയുടെ വാക്കുകളും ശിവന്റെ പെരുമാറ്റവും നങ്കിയെ ചിന്താ കുഴപ്പത്തിലാക്കി. ഒരുതരം ഒളിച്ചോട്ടം അല്ലെങ്കിൽ ഒഴിഞ്ഞു മാറൽ ശിവൻ നടത്തുന്നതായി അവൾക്ക് തോന്നി.

എത്രയും പെട്ടെന്ന് വൈകുന്നേരമാകാൻ അവൾ കാത്തിരുന്നു.


കുളിച്ചൊരുങ്ങി ശിവനൊപ്പം പുറപ്പെടുമ്പോഴും നങ്കിയുടെ മനസ്സിൽ ചോദ്യോത്തരങ്ങളുടെ പിടിവലി നടക്കുകയായിരുന്നു.


ശിവനു പിന്നിലായി നങ്കിയും നങ്കിയ്‌ക്കൊപ്പം കൊലുസ്സും 'മേരി മെമ്മോറിയൽ ഹോസ്പിറ്റൽ ' ലക്ഷ്യമാക്കി നടന്നു.


ഓഫീസ് മുറിക്ക് മുന്നിലെത്തി ശിവൻ ശങ്കിച്ചു നിന്നു.


"കേറ്ന്നില്ലേ..." നങ്കി മുന്നോട്ട് നീങ്ങി നിന്നു ചോദിച്ചു.


"ങ്‌ഹേ.... ഹാ.... കേറുവാ "


ശിവൻ മെല്ലെ വാതിൽക്കലേക്ക് നടന്നപ്പോൾ നങ്കി തിരിഞ്ഞ് കൊലുസ്സിനെ നോക്കി. വരാന്തയ്ക്കപ്പുറം മുറ്റത്ത് സ്ഥാനമുറപ്പിച്ച് ഇരുന്നു കഴിഞ്ഞിരുന്നു കൊലുസ്സപ്പോൾ.


"നങ്കീ.. ബാ.." ശിവന്റെ വിളി കാതിൽ വന്നു തറച്ചു.


ഓഫീസ് മുറിയ്ക്കുള്ളിൽ ജാൻസിയും വിക്ടറും മാത്രമേ ഉണ്ടായിരുന്നുള്ളു. നങ്കിയെ കണ്ടതും ജാൻസി എഴുന്നേറ്റ് ചെന്ന് അവളുടെ കൈയിൽ പിടിച്ചു കസേരയിൽ കൊണ്ടിരുത്തി. ശിവനും അവൾക്ക് സമീപമിരുന്നു.


"നങ്കിയോട് ശിവൻ എന്തെങ്കിലും സൂചിപ്പിച്ചിരുന്നോ... ഇന്നിവിടെ വരാൻ പറഞ്ഞതിനെപ്പറ്റി..?" വിക്ടർ നേരം പാഴാക്കാതെ വിഷയത്തിലേക്ക് കടക്കാൻ ശ്രമിച്ചു.


"ഇല്ല സാർ " നങ്കി പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.


"ഉം.... എങ്കിൽ ഞങ്ങൾ തന്നെ പറയാം. ആവശ്യക്കാർ ഞങ്ങളാണല്ലോ..." വിക്ടറിന്റെ സ്വരത്തിലുണ്ടായ വ്യതിയാനം നങ്കി തിരിച്ചറിഞ്ഞു.


"നങ്കിയ്ക്ക് നല്ല പൊതുവിജ്ഞാനമുണ്ടെന്ന് എനിക്കറിയാം. എന്നും വൈകുന്നേരം ജോലിക്കായ് വരുമ്പോ അന്നന്നത്തെ പത്രം ഓഫിസിൽ നിന്ന് എടുത്ത് വായിക്കുന്നത് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. അപ്പൊപ്പിന്നെ....'വാടക ഗർഭപാത്രം' എന്നാലെന്താണെന്നും അറിയാമായിരിക്കുമല്ലോ അല്ലേ.....?"


ഒരു ഞെട്ടൽ നങ്കിയ്ക്കുള്ളിൽ പിറവി കൊണ്ടു. നെറ്റി ചുളിച്ച് കണ്ണും കാതും കൂർപ്പിച്ച് അവൾ വിക്ടറിനെ തന്നെ ഉറ്റു നോക്കി.


"എന്റെയും ജാൻസീടേം കല്യാണം കഴിഞ്ഞിട്ട് മൂന്നു വർഷം കഴിഞ്ഞു. കുട്ടികളില്ല. വിശേഷം ചോദിച്ചു കൊണ്ടേയിരിക്കുന്ന വീട്ടുകാരോടും നാട്ടുകാരോടും ഇപ്പൊ കുട്ടികളൊന്നും വേണ്ടെന്നാ ഞങ്ങൾ തീരുമാനിച്ചിരിക്കുന്നതെന്ന് നുണയും തറപ്പിച്ചു പറഞ്ഞിട്ടുണ്ട്. പക്ഷേ...."വാക്കുകൾക്ക് ഇടവേള നൽകി വിക്ടർ ജാൻസിയുടെ മുഖത്തേക്ക് നോക്കി.


ജാൻസിയുടെ കണ്ണുകൾ നങ്കിയിൽ അഭയം കണ്ടെത്തിയ ഭാവത്തിൽ നങ്കിയുടെ മുഖത്തു പതിഞ്ഞിരുന്നു.


"ജാൻസിക്ക്... അമ്മയാകാൻ കഴിയില്ല...അതിനുള്ള ഭാഗ്യം കർത്താവ് ഞങ്ങൾക്ക് നൽകീല്ല..


വിക്ടറിന്റെ ആ വാക്കുകൾ നങ്കിയുടെ ഹൃദയത്തിൽ മുള്ളായി തറച്ചു. അവൾ ജാൻസിയുടെ മുഖത്തേക്ക് നോക്കി. ആ കണ്ണുകൾ പെയ്തു തുടങ്ങിയിരുന്നു. നങ്കിയുടെ ഹൃദയം ആർദ്രമായി.


"ഒരു കുഞ്ഞിനെ ദത്തെടുക്കുന്നതിനെ കുറിച്ചൊക്കെ ഞങ്ങൾ ആലോചിച്ചതാ. പിന്നെ ജാൻസി തന്നെ അത് വേണ്ടെന്ന് തീരുമാനിച്ചു. ഞങ്ങളുടെ തന്നെ അംശത്തിലുള്ള ഒരു കുഞ്ഞ്... അതാണവളുടെ ആഗ്രഹം. അവൾക്ക് അതിന് കഴിയില്ലെങ്കിലും...എനിക്ക്... എന്റെ..." വാക്കുകൾ മുറിച്ച് വിക്ടർ നെടുവീർപ്പിട്ടു.


"വെള്ളം... കുഡിക്കാന്. വെള്ളം വേണം.." ശിവന്റെ സ്വരമുണർന്നു.


നങ്കി ശിവന്റെ മുഖത്തേക്ക് നോക്കി. അങ്ങനെ ഒരാൾ കൂടി അവിടെ ഉണ്ടായിരുന്നു എന്ന് അപ്പോഴാണ് അവർ മൂന്നുപേരും ഓർത്തത്.


വിക്ടർ മുന്നിലിരുന്ന ഗ്ലാസ്സിൽ വെള്ളം പകർന്ന് ശിവന് നൽകി.


"വാടക ഗർഭപാത്രം എന്നൊരു മാർഗം ഞങ്ങൾക്ക് മുന്നിൽ തെളിഞ്ഞു. സത്യത്തിൽ ഒരാലോചന മാത്രേ ഞങ്ങൾക്ക് ഉണ്ടായിരുന്നുള്ളു. പിന്നെ നങ്കിയെ കണ്ടപ്പോൾ...അറിഞ്ഞപ്പോൾ... ജാൻസി തന്നെയാണ്...ഞങ്ങളുടെ സ്വപ്നം യഥാർത്ഥ്യമാക്കാനായി കർത്താവ് കാണിച്ചു തന്നതാണ് നങ്കിയെ എന്ന്...


പെട്ടെന്ന് പൊള്ളലേറ്റ പോലെ നങ്കി ചാടിയെണീറ്റു. അവളുടെ കണ്ണുകൾ കൂരമ്പുകളായ് വിക്ടറിലും ജാൻസിയിലും തറഞ്ഞു.


"സാറെന്താ പറേന്നെ....?"


"ഞങ്ങളിന്ന് രാവിലെ ശിവനോട് സംസാരിച്ചിരുന്നു നങ്കി..." ജാൻസിയും എഴുന്നേറ്റു, "ശിവന് പ്രശ്നമൊന്നുമില്ല. സമ്മതാണ്. ഇനി നങ്കി കൂടി....


കേട്ട വാക്കുകൾ വിശ്വസിക്കാനാകാതെ നങ്കി ജാൻസിയെ രൂക്ഷമായി നോക്കി.


"അതെ നങ്കി ശിവൻ സമ്മതിച്ചു.." വിക്ടറിന്റെ ശബ്ദം.


നങ്കി ശിവന്റെ മുഖത്തേക്ക് നോക്കി.


കൈയ്യിലിരുന്ന ഗ്ലാസ്‌ മേശമേൽ വച്ചു കൊണ്ട് ശിവൻ എഴുന്നേറ്റു.


"സാറ് പറഞ്ഞു കൊയപ്പം ഒന്നുമൊണ്ടാവില്ലന്ന്.. പിന്നെ നമ്മ്‌ടെ കൂര പുദുക്കി വീഡ് വെച്ച് തരാന്ന് പറഞ്ഞ്. കായി തരാന്നും പറഞ്ഞ്. യെത്തറേന്ന് പറഞ്ഞില്ല. ന്നാലും ഞാ സമ്മയിച്ച്.."


ശിവന്റെ വാക്കുകൾ അവജ്ഞയോടെ മാത്രമേ നങ്കിയ്ക്ക് കേൾക്കാൻ ആയുള്ളൂ.


"നിയ്യും സമ്മയിക്കണം നങ്കി.. ഞാ വാക്കു കൊട്ത്തദാ.."


"നങ്കീ..." ജാൻസി പതിഞ്ഞ സ്വരത്തിൽ വിളിച്ചു.


                                  


തുടരും........