2021 മാർച്ച് 31, ബുധനാഴ്‌ച

നങ്കി 6️⃣



©️Copyright protected 


........✍️


"എന്തിന് !"


"അദ്...ഇങ്ങനൊക്കെ പറഞ്ഞപ്പോ...."


"ഏയ്....ഒരിക്കലുമില്ല. ഇത്ര ധൈര്യവും ആത്മവിശ്വാസവുമുള്ള ഒരാളെ എന്തിനാ പറഞ്ഞു വിടുന്നെ. നങ്കി അതോർത്ത് ടെൻഷൻ ആകണ്ടാ. ഞങ്ങൾക്ക് അഭിമാനം അല്ലെ, ഒരു പെണ്ണ് ഞങ്ങളുടെ ഹോസ്പിറ്റൽ മോർച്ചറിയുടെ കാവൽക്കാരിയായ് ജോലി ചെയ്യുന്നത്.."


നങ്കി മന്ദഹസിച്ചു.


"പിന്നെ, ഇന്നലെ ഓരോന്ന് സംസാരിച്ച കൂട്ടത്തിലാ വിക്കി പറഞ്ഞത് നങ്കി സ്കൂളിൽ ഒക്കെ പോയിട്ടുണ്ടെന്നും അച്ഛന്റെ മരണത്തോടെ പഠിപ്പ് നിർത്തിയെന്നുമൊക്കെ. നങ്കിയ്ക്ക് ഇനി പഠിക്കണം എന്നുണ്ടോ?"


ജാൻസിയുടെ ചോദ്യം നങ്കിയെ ശരിക്കും അമ്പരപ്പിച്ചു.


"ഞാ ഇനി.... ഈ ഊരില പെണ്ണുങ്ങ വേലക്ക് പോന്നതേ വലിയ വിഷയം. അതില ഞാ കല്യാണം കഴിഞ്ഞിട്ട് യിനി പഠിക്കണോന്ന് പറഞ്ഞാ....ങ്ഹും...." ഒരു തണുത്ത ചിരിയോടെ നങ്കി പറഞ്ഞു നിർത്തി.


"ഇങ്ങനെയും കുറേ ആളുകൾ... അതുപോട്ടെ, വേറൊരു കാര്യം ചോദിക്കട്ടെ..." ജാൻസി മുഖവുരയിട്ടു.


"എന്താ !?"


"അത്...നങ്കീടെ കുഞ്ഞ് എങ്ങനാ.. എന്തുപറ്റിയതാ?"


പ്രതീക്ഷിക്കാത്ത ചോദ്യം കേട്ടത് പോലെ നങ്കി നെറ്റി ചുളിച്ചു.


"മുരുകൻ ഇച്ചായനോടും വിക്കിയോടും പറഞ്ഞിരുന്നു കുറേശ്ശേ ഒക്കെ. എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നോ നങ്കിയ്ക്ക് "


മറുപടി പറയാതെ ഇല്ലെന്നർത്ഥത്തിൽ നങ്കി തല ചലിപ്പിച്ചു.


"പിന്നെ..?"


"ഓര്...ഓര്....ഒരീസം രാത്തിറി കുടിച്ചിട്ട് പിന്നേം ...." നങ്കിയുടെ തല താഴ്ന്നു. "രാത്തിറിയെ വയറു വേതനിച്ച് ചോര ഒക്കെ വന്ന്. പിന്നെ വെളുപ്പിന് ആറ്റീന്ന് വെള്ളം കോരി കൊണ്ടു വര്ന്ന വഴി പെട്ടെന്ന് വയറ്റി വേതന കൂടി...." ഒരു തേങ്ങൽ നങ്കിയിൽ നിന്നുമുയർന്നു.


ജാൻസി പെട്ടെന്ന് എഴുന്നേറ്റ് നങ്കിയ്‌ക്കരികിലേക്ക് വന്നു. അവളുടെ ചുമലിൽ കൈ വച്ച് ആശ്വസിപ്പിച്ചു.


"ഹേയ്.. നങ്കി കരയാതെ. ഞാൻ വിഷമിപ്പിക്കാൻ ചോദിച്ചതല്ല... വെറുതെ. സോറി നങ്കി "


സാരിത്തലപ്പു കൊണ്ട് മുഖം അമർത്തി തുടച്ച് നങ്കി ജാൻസിയെ നോക്കി.


"ഇല്ല... കൊഴപ്പോയില്ല... ഞാ വെറ്തെ....ഓർക്കുമ്പോ ഒക്കെ സങ്കടം വരും " അവൾ ചുണ്ടിൽ ചിരി നിറച്ചു.


"ശരി നങ്കി ചെല്ല്.. പിന്നെ രാത്രി ആഹാരം കഴിക്കാൻ ക്യാന്റീനിൽ ചെന്നാൽ മതി. മോർച്ചറിക്ക് മുന്നിൽ തന്നെ ചടഞ്ഞ് ഇരിക്കണോന്ന് ഇല്ല.. ഒന്ന് ഇവിടെയൊക്കെ നടക്കുക ഒക്കെ ആകാം കേട്ടോ..."എങ്കിൽ ശരി ചെല്ല്..." ജാൻസി ചിരിച്ചു കൊണ്ട് തലയാട്ടി."


"ഉം..." ഒരു മൂളലോടെ നങ്കി എഴുന്നേറ്റു ചിരിച്ചു കൊണ്ട് പുറത്തേക്ക് നടന്നു.


      

                ⬛️◼️◾️▪️◾️◼️⬛️


തന്നെ കാത്തു നിൽക്കുന്ന ആളെ കണ്ട് നങ്കി ചിരി തൂകി. അവൾ ആശുപത്രി മുറ്റത്തേക്ക് ഇറങ്ങി.


"നിയ്യ് എന്നെ കാത്ത് നിക്കയാരുന്നോ.. ങ്കി വാ.." നങ്കി ആശുപത്രിയ്ക്കു പിന്നിലേക്ക് നടന്നു. പിന്നാലെ ആ ഞാവലിയും.


"ഞാ നെന്നയൊരു പേര് വിളിക്കാം.. അതാകുമ്പോ മിണ്ടാൻ എളുപ്പാകും.. ന്തേ.."


മറുപടിയായ് നീണ്ട വാലാട്ടൽ മാത്രം.


"ഉം... എന്തു പേരാ ഇടാ...ഉം..." നങ്കി ആലോചനാ ഭാവത്തിൽ നടക്കവേ പെട്ടെന്ന് ഒരു ശബ്ദം കേട്ട് ആശുപത്രി വരാന്തയിലേക്ക് നോക്കി.


വരാന്തയിൽ തുള്ളി കളിക്കുന്ന ഒരു പെൺ കുട്ടിയിൽ നങ്കിയുടെ ശ്രദ്ധ പതിഞ്ഞു. കളിച്ചു ചിരിക്കുന്ന കുട്ടിയുടെ കൊഞ്ചലിനൊപ്പം അവളുടെ കുരുന്നു പാദങ്ങളിലെ വെള്ളിക്കൊലുസ്സും മണിയൊച്ച മുഴക്കി ചിരി തൂകുന്നു. ആ കാഴ്ച കണ്ടതും നങ്കിയുടെ കണ്ണുകൾ വിടർന്നു. പെട്ടെന്ന് എന്തോ ഓർത്ത പോലെ അവൾ തന്റെ പുതിയ കൂട്ടിനെ നോക്കി.


"കൊലുസ്സ്..... നെനക്ക് ഞാ ഇടുന്ന പേര് കൊലുസ്സ്. യിനി ഞാ അങ്ങനേ നെന്നെ വിളിക്കൂ. ഇശ്ട്ടായോ .."


വീണ്ടും അതേ വാലാട്ടൽ മാത്രം.


"അദു മതി. എനിക്ക് ഇശ്ട്ടായി.. കൊലുസ്സ്... കൊലുസ്സേ..." പേര് ഉറക്കെ വിളിച്ച് നങ്കി മുത്തു പൊഴിക്കും പോലെ പൊട്ടിച്ചിരിച്ചു.


ഇരുവരും നടന്ന് മോർച്ചറിയ്ക്ക് മുന്നിലെത്തി. മണിയൻ മോർച്ചറിയ്ക്കു സമീപം മൂടിക്കിടന്ന കുറ്റിക്കാടൊക്കെ വെട്ടിത്തെളിച്ചതിനു ശേഷം ബീഡിയും തീപ്പെട്ടിയുമായി ഒന്നു പുകവലിയ്ക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. നങ്കിയെ കണ്ടതും അയാളുടെ മുഖത്തു പുച്ഛവും പരിഹാസവും നിറഞ്ഞു.


"ഓ വന്നാ ചോലിക്കാരി..."


നങ്കി അയാൾക്ക് മുഖം കൊടുക്കാതെ മോർച്ചറി വരാന്തയിലേക്ക് നടന്നു.


"സിവൻ ഒടനെങ്ങാനും തിരിച്ചു വരുവോ..ആര്ക്കറിയാം ഓൻ ഉയിരോടൊണ്ടെന്ന്..."


നങ്കി പെട്ടെന്ന് തിരിഞ്ഞു നോക്കി.


"സിവൻ പോയേന്റ ശീണം നെനക്ക് ഒണ്ടോടി നങ്കീ....ഏഹ് "


മണിയന്റെ ചുണ്ടിലെ വഷളൻ ചിരിയെ അവജ്ഞയോടെ നോക്കി നങ്കി ഒരു ചുവട് മുന്നോട്ടു വച്ചു.


"ശീണം ഒണ്ട് ഇപ്പൊ ഇങ്ങളോട് സമ്സാരിക്കുന്നേനു.."


"ഓ....ഞാ പാവം. പച്ചേല് ആ മുരുഗനോട് മിണ്ടുന്നേനും കൂടെ നടക്കുന്നേനും ശീണം ഇല്ലാ.... ഊം......."


തറച്ചൊരു നോട്ടം മാത്രം മറുപടിയായ് നൽകി നങ്കി തിരിഞ്ഞു നടന്നു.


മണിയൻ ബീഡി കത്തിച്ച് ഒന്നാഞ്ഞുവലിച്ചു കൊണ്ട് പിന്തിരിഞ്ഞു നടക്കുന്ന നങ്കിയെ അടിമുടി നോക്കി. പിന്നെ ബീഡി കാൽക്കീഴിലേക്ക് ഇട്ട് ചവിട്ടി തേച്ചതിനു ശേഷം നടന്നു പോയി.


നങ്കി പടിക്കെട്ടിലേക്ക് വന്നിരുന്നു. അവളുടെ ചുണ്ടുകൾ വിറച്ചു കൊണ്ടിരുന്നു. അവളുടെ കണ്ണുകൾ നടന്നകലുന്ന മണിയനിൽ ആഴ്ന്നു. അമർഷത്തോടെ അവൾ ചിറി കോട്ടി.


നാലു മാസം മുമ്പാണ് മണിയന്റെ ഭാര്യ പാറമടയിൽ ജോലിക്കു വന്ന ലോറിക്കാരന്റെ കൂടെ ഒളിച്ചോടിയത്. അതിൽ പിന്നെ മണിയൻ സ്ത്രീ വിരോധിയായി മാറി. പുച്ഛം മാത്രമാണ് അയാൾക്കിപ്പോൾ പെണ്ണുങ്ങളോട്.


"കൊലുസ്സേ...."


മണിയൻ വെടിപ്പാക്കിയ പറമ്പിൽ മണത്തു കൊണ്ടു നിന്ന തന്റെ മിത്രത്തെ നോക്കി നങ്കി ഉറക്കെ വിളിച്ചു.


"കൊലുസ്സേ...."  അവൾ വീണ്ടും വിളിച്ചു.


രണ്ടാമത്തെ വിളിയിൽ ആ നാൽക്കാലി തിരിഞ്ഞു നോക്കി. നങ്കി കൈ മാടി വിളിച്ചതും അവൽക്കരികിലേക്ക് ഓടി വന്നു.


"നെന്റെ പേര് കൊലുസ്സ്... കൊ.. ലു.. സ്സ്..." അവൾ വീണ്ടും പറഞ്ഞു.


"കൊച്ചിലേ ഞാ ഒത്തിരി കൊതിച്ചതാ കൊലുസ്സിടാൻ.. പച്ചേല് പറ്റീട്ടില്ല. നെറയെ മുത്തുള്ള കൊലുസ്സ്.... അദാ യിപ്പോ നെനക്ക് യീ പേരിട്ടെ. ഒത്തിരി ഇശ്ട്ടം തോന്നിയേന്റെ പേര് തന്നെ നെനക്കിരിക്കട്ടെ.. കൊലുസ്സ്.." നങ്കിയുടെ ചിരി ആയിരം മുത്തു പൊഴിച്ചു.


വാലാട്ടി ആ ജീവൻ അവളെ തന്നെ തൊട്ടുരുമ്മി നിന്നു.


       

                      ⬛️◼️◾️▪️◾️◼️⬛️


ഒളിഞ്ഞും തെളിഞ്ഞും തനിക്കെതിരെ ഉയരുന്ന മുറുമുറുപ്പുകളും പരിഹാസങ്ങളും ആക്ഷേപങ്ങളും നങ്കി സ്വതസിദ്ധമായ മന്ദാഹാസത്തിലൂടെ അവഗണിച്ചു. വിമർശനങ്ങൾക്കിടയിലും അവളുടെ ശമ്പളത്തിന്റ ഒരു പങ്ക് കടമായി ചോദിക്കാനും ആളുണ്ടായി. പണം കൈ നീട്ടി വാങ്ങിയതിനു ശേഷം തിരിഞ്ഞു നിന്ന് അവളെ താഴ്ത്തിക്കെട്ടുന്നവർക്കും നിശബ്ദത മാത്രമായിരുന്നു നങ്കിയുടെ മറുപടി.


ആശുപത്രിയിൽ എത്തുന്ന ദിവസങ്ങളിലൊക്കെയും ജാൻസി നങ്കിയെ കൂടെക്കൂട്ടി. തങ്കത്തിനും മണിയനും ശേഷം, അതേ സ്നേഹവും കരുതലും ജാൻസിയിൽ നിന്നും വിക്ടറിൽ നിന്നും നങ്കിക്ക് ലഭിച്ചു.


"കൊലുസ്സേ.." നങ്കി ഉറക്കെ വിളിച്ചു.


പറമ്പിൽ മാന്തി കുഴി ഉണ്ടാക്കി കൊണ്ടിരുന്ന കൊലുസ്സ് നങ്കിക്കരികിലേക്ക് ഓടി വന്നു.


"ദാ കൊറച്ചു വെള്ളം കുടി. അപ്പഴേക്കും നിയ്യ് കുഴിച്ചിട്ടേടത്തൊക്കെ ഞാ യീ വിത്തും തയ്യുമൊക്കെ നടാം.."


കൊലുസ്സ് വെള്ളം കുടിക്കാൻ തുടങ്ങിയതും നങ്കി കൈയ്യിലെ കവറുമായി പറമ്പിലേക്ക് നടന്നു. കുറച്ചു ദിവസം മുമ്പേ നട്ട കാക്കപ്പൂവും വാടാമുല്ലയുമൊക്കെ അവിടവുമായി പൊരുത്തപ്പെട്ട് ഉല്ലാസഭരതരായി നിൽപ്പുണ്ട്. നങ്കി ചെടി നടീലിലേക്ക് കടന്നതും കൊലുസ്സ് തന്റെ ക്ഷീണം മാറ്റി അവൽക്കരികിലേക്ക് ഓടി വന്നു. ഇരുവരും ഒരുമിച്ച് തങ്ങളേർപ്പെട്ട ജോലി തുടർന്നു.


എന്നും രാവിലെ വീട്ടിലേക്ക് മടങ്ങുമ്പോൾ നങ്കിയെ അനുഗമിച്ച് കൊലുസ്സും ഉണ്ടാകും. വീട്ടിലേക്കുള്ള നടവഴി എത്തുമ്പോൾ കൊലുസ്സ് തിരിച്ചു ആശുപത്രിയിലേക്ക് മടങ്ങും. പിന്നെ വൈകുന്നേരമാകുമ്പോൾ ആശുപത്രി ഗേറ്റിനു മുന്നിൽ നങ്കിയ്ക്കായി കാത്തു നിൽക്കും. വരേണ്ട സമയം കഴിഞ്ഞിട്ടും കണ്ടില്ലെങ്കിൽ നങ്കിയുടെ വീട്ടിലേക്കുള്ള വഴിയേ പതിയെ നടക്കും. നങ്കിയുടെ നിഴലായ് കൊലുസ്സ് മാറിയത് വളരെ പെട്ടെന്നായിരുന്നു. കുറച്ചു ദിവസങ്ങൾക്കുള്ളിൽ രൂപപ്പെട്ട ഈ ആത്മാർത്ഥ സൗഹൃദം പലരെയും അത്ഭുതപ്പെടുത്തിക്കളഞ്ഞു.


കൊലുസ്സിനോട് യാത്ര പറഞ്ഞ് നടവഴി ഇറങ്ങി കൂരയ്ക്കു മുന്നിലെത്തിയപ്പോഴാണ് നങ്കി, വരാന്തയിലിരുന്ന് മയങ്ങുന്ന ആളെ കണ്ടത്. മുറ്റത്തേക്ക് കയറാൻ ഉയർത്തിയ കാൽച്ചുവട് അവളെറിയാതെ താണു.


                    ⬛️◼️◾️▪️◾️◼️⬛️


"എപ്പോ വന്ന്..?"


നങ്കിയുടെ സ്വരം കേട്ടതും ശിവൻ ഞെട്ടിയുണർന്ന് അന്ധാളിപ്പോടെ ചുറ്റും നോക്കി. തൊട്ടു മുന്നിൽ നങ്കിയെ കണ്ടതും അയാൾ പെട്ടെന്ന് ദൃഷ്ടി മാറ്റി.


"ഇന്നലെ പാതിരാ ആയി " താഴ്ന്ന സ്വരത്തിൽ ശിവന്റെ മറുപടി വന്നു.


"എന്തേലും കഴിച്ചാ ?"


"കഞ്ഞി കുടിച്ച് രാത്തിറി.."


"ഞാ കുളിച്ചിട്ട് കട്ടൻകാപ്പി യെട്ക്കാം.." നങ്കി പിന്നാമ്പുറത്തേക്ക് നടന്നു.


ശിവൻ നെടുവീർപ്പോടെ കസേരയിലേക്കിരുന്നു.


കുളി കഴിഞ്ഞ് കാപ്പിയുമായി നങ്കി വരാന്തയിലേക്ക് വന്നപ്പോഴേക്കും ശിവൻ വായും മുഖവുമൊക്കെ കഴുകി മുറ്റത്തൂടെ ഉലാത്താൻ തുടങ്ങി.


കാപ്പി നൽകി നങ്കി തിരിഞ്ഞതും പിൻവിളി എത്തി.


"നങ്കീ...നിയ്യ് യിനി വേലക്ക് പോണ്ട... ഞാ വന്നില്ലേ.."


"ഉം." ഒന്നു മൂളി തലയാട്ടി നങ്കി കൂരയ്ക്കുള്ളിലേക്ക് നടന്നു കയറി.


                                   ▪️


തുടരും.......





നങ്കി 5️⃣

 

©️ Copyright protected

...........✍️


വീട്ടിലേക്ക് നടക്കുമ്പോഴും രാവിലെ കണ്ട കാഴ്ചകൾ ആയിരുന്നു നങ്കിയുടെ മനസ്സ് നിറയെ. തലേന്ന് മോർച്ചറിയിൽ കയറ്റിയ ശവശരീരം രാവിലെ ആംബുലൻസിലേക്ക് എടുത്തപ്പോൾ നെഞ്ചത്തടിച്ചു കരഞ്ഞ സ്ത്രീയും പത്തു വയസ്സ് പ്രായം തോന്നിക്കുന്ന മോനും അവളുടെ മനസ്സിനെ മഥിച്ചു കൊണ്ടിരുന്നു. 


ഓഫീസിൽ നിന്ന് ആദ്യ ദിവസത്തെ ശമ്പളം വാങ്ങുമ്പോഴും ആ അമ്മയും മകനുമായിരുന്നു മനസ്സിൽ. നങ്കി നെടുവീർപ്പോടെ മുന്നോട്ടു നടന്നു. ചിന്തകൾ വഴി മാറിയപ്പോഴാണ്. പിന്നിലെ പതിഞ്ഞ കാലൊച്ചകൾ കാതുകൾ കേട്ടെടുത്തത്. നങ്കി പൊടുന്നനെ തിരിഞ്ഞു നോക്കി. 


ഇന്നലെ രാത്രി കിട്ടിയ മസാല വടയുടെ രുചി നാവിൽ നിന്ന് മാഞ്ഞിട്ടും മറക്കാത്ത നന്ദിയോടെ വെളുക്കുവോളം തനിക്കു കാവലിരുന്ന അതേ നാൽക്കാലി വീണ്ടുമിതാ... 


നങ്കി അതിന് ആഭിമുഖമായി തിരിഞ്ഞു നിന്നു. കൃതജ്ഞതയോടെ വാലാട്ടിക്കൊണ്ട് ആ മിണ്ടാപ്രാണിയും അവളെ തന്നെ ഉറ്റു നോക്കി നിന്നു. 


"തിരിച്ചു പോ... ഇനീ വൈകീട്ട് കാണാം. എന്റ കൂട വരണ്ട. പിള്ളേര് കണ്ടാ കല്ലെറിയും.. പുരേ വന്നാ അമ്മ മഡലിനടി തരും... പോ... " നങ്കി കൈ നീട്ടി കാണിച്ചു കൊണ്ട് പറഞ്ഞു. 


അത് അവളെത്തന്നെ നോക്കി വാലാട്ടി നിന്നു. 


"പോ ഞാ വൈകീട്ട് വരാന്നു പറഞ്ഞില്ലേ. ഉം... നിനക്ക് വയറു നിറയെ കഴിക്കാനും കൊണ്ടരാം " ഏറെ നാളായി പരിചയമുള്ള ഒരാളോടെന്ന പോലെ നങ്കി പറഞ്ഞു. 


അവൾ പറഞ്ഞത് മനസ്സിലാക്കിയിട്ടെന്ന പോലെ അത് പിന്തിരിഞ്ഞു നടന്നു. ഒന്നു രണ്ടടി വെച്ചിട്ട് വീണ്ടും തിരിഞ്ഞു നോക്കി. നങ്കി ചിരിച്ചു കൊണ്ട് തലയാട്ടിയതും അത് വാല് ഒന്നുകൂടി ആഞ്ഞു വീശി കാട്ടി വന്ന വഴി തിരിച്ചോടി. 


പുരയ്ക്കുള്ളിലേക്ക് കയറാതെ അവളാദ്യം കുളിപ്പുരയിലേക്ക് കയറി. കുളിച്ചു വേഷം മാറിയതിനു ശേഷമാണ് പുരയ്ക്കകത്തു കയറിയത്. കട്ടൻ കാപ്പിയിട്ട് അപ്പന് കൊടുത്തു. ശിവന്റെ അമ്മ എന്തൊക്കെയോ പിറു പിറുക്കുന്നുണ്ടായിരുന്നു. അത് ഗൗനിക്കാതെ അവർക്കും കാപ്പി നൽകി ശിവന്റെ എളേതുങ്ങളെ വിളിച്ചുണർത്തി. പിന്നെ ശമ്പളവുമായി കടയിലേക്ക് നടന്നു. 


നാന്നൂറ്റി അമ്പതു രൂപ തന്നു ശമ്പളമായി. ശിവന്റെ ശമ്പളം എത്ര ഉണ്ടെന്ന് അവൾക്കറിയില്ല. അവൻ പറഞ്ഞിട്ടുമില്ല, അവൾ ചോദിച്ചിട്ടുമില്ല. കടയിലെ പറ്റ് കുറച്ചു കൊടുത്തു. പിന്നെ അത്യാവശ്യ അരിയും സാധനങ്ങളും വാങ്ങി. അപ്പന്റെ മരുന്നിന്റെ തുണ്ട് ഇന്നലെ കൈയിൽ കരുതിയിരുന്നത് കൊണ്ട് ആശുപത്രിയിൽ നിന്നു തന്നെ മരുന്നും വാങ്ങി. എന്തോ മറന്ന പോലെ തോന്നി നങ്കി നിന്നു. അമ്മയ്ക്കുള്ള മുറുക്കാന്റെ കാര്യം ഓർത്തെടുത്തപ്പോൾ അടുത്തുള്ള പീടികയിൽ കയറി മുറുക്കാനും എളേതുങ്ങൾക്ക് തേൻ മിട്ടായിയും വാങ്ങി അവൾ തിരിച്ചു വന്നു. 


എന്തൊക്കെയോ പറഞ്ഞ് പഴിച്ചു കൊണ്ടിരുന്ന അമ്മ മുറുക്കാൻ കൂട്ടം കണ്ടതും നിശബ്ദയായി. പിന്നീടൊന്നും അവർ മിണ്ടിയില്ല. വേലയൊക്കെ ഒരുവിധം ഒതുക്കി കഴിഞ്ഞപ്പോഴാണ് തങ്കം കയറി വന്നത്. നങ്കിയോട് ഇന്നലത്തെ വിശേഷങ്ങൾ ചോദിച്ചറിയണം. 


"പറ നങ്കീ പേടിക്കാൻ ഒന്നൂല്ലാരുന്നോ. ചത്തതുങ്ങളുടെ കൂടെ ഇരുന്നിട്ടും നിയ്യ് പ്രേതത്തെ കണ്ടില്ലേ..? "


തങ്കത്തിന്റെ അപ്പോഴത്തെ മുഖഭാവം കണ്ടപ്പോ നങ്കിയ്ക്ക് ശരിക്കും ചിരി വന്നു. പക്ഷേ തന്നോടുള്ള അവരുടെ കരുതലാണ് ആ അന്വേഷണം എന്നോർത്തപ്പോൾ അവൾ തങ്കത്തിന്റെ കൈയിൽ മുറുക്കെ പിടിച്ചു. 


"ഇല്ലക്കാ... അങ്ങനൊന്നൂല്ല. പേടിക്കാൻ ഒന്നൂല്ലാരുന്നു. ഞാ മോർച്ചറിയ്ക്ക് പുറത്താ ഇരിക്കുന്നെ. മോർച്ചറിയ്ക്കകത്താ ചത്തവരെ കിടത്തിയേക്കുന്നെ.. "


"ങ്ഹാ... അദു നന്നായി. പിന്നേ ഓരു പറഞ്ഞ് നീ പള്ളിക്കൂടത്തിൽ പോയ കാര്യമൊക്കെ കേട്ടപ്പോ ആ സാറ് ഞെട്ടിപ്പോയെന്ന്. നെനക്ക് വേറെ നല്ല വേല തരാന്ന് പറഞ്ഞെന്നുമൊക്കെ പറഞ്ഞ്."


"മ്മ്... എനിക്ക് വേല യെന്തിനാക്കാ.. ഓരു വരുന്ന വരെ ആ വേല കളയാതെ നോക്കണം. അത്രേ ഒള്ള് മനസ്സില്.."


"സിവൻ തിരിച്ചു വരട്ടെ. ഓന് ന്റെ വായീന്ന് നല്ല ചീത്ത കേക്കും അന്ന് നീ നോയ്ക്കോ പെണ്ണേ. കണ്ടൊരുട വാക്കും കേട്ട് ഓൻ പോയേക്കുന്ന്.."


"എന്തിനാക്കാ വെറ്തെ... കണ്ടൊരുട വാക്കിന്റെ വെലയെ ഓരുടെ വിച്ചാസത്തിന് ഒള്ളാരുന്നു. അത്രന്നെ "


"നിന്റെ അപ്പൻ ഒണ്ടാരുന്നേൽ നെനക്ക് ഈയ്ലും നല്ല ബന്തം കിട്ടിയേന നങ്കി "


അതിനു മറുപടിയായ് നങ്കി ഒന്ന് ചിരിക്കുക മാത്രം ചെയ്തു.


"നങ്കിയേ..." മുരുകന്റെ സ്വരം പെട്ടെന്ന് നടവഴിയിൽ മുഴങ്ങി.


"ഓ... വരുന്നാ മുക്കിയണ്ണൻ " തങ്കം തല പൊക്കി നോക്കി.


"മുക്കിയണ്ണനോ.. "


"ഉം... അദൊക്കെയൊണ്ട്. ഞാ നെന്നോട് പിന്ന പറയാ..." തങ്കം കണ്ണിറുക്കി കാട്ടി പറഞ്ഞു.


"നങ്കിയേ, ഞാ ഒരു കാരിയം പറയാൻ വന്നതാ. വര്ന്ന വഴിക്ക് ഞാ ആ വിട്ടർ സാറിനെ കണ്ടാരുന്നു. ഓരു പറഞ്ഞ് നെനക്ക് തെരക്കൊന്നുമില്ലേ വൈയിട്ട് കൊറച്ചു നേരത്തെ ആസ്പത്രീ ചെല്ലാവോന്ന് "


"അതെന്തോത്തിനാ " തങ്കം പുരികം ചുളിച്ചു.


"ആ... എന്തേലും വേല ചെയ്യിക്കാനാവും "


"വേലയാ "


"നെനക്ക് വേറെ വേലയില്ലേ..തങ്കോം ഇങ്ങനെ ഓരോന്ന് ചോയിച്ചിരിക്കാതെ.."


"ഓ...." തങ്കം ചിറി കോട്ടി


"ഞാ പോകാം അണ്ണാ"


"ഇങ്ങളും കൂടി പോ മനുച്ചാ കൂട്ടിന്. ഓളെ തനിയെ വിടാതെ "


"വേണ്ടാക്കാ..ആശ്പത്രീല് അല്ലേ അക്കാ പേടിക്കാൻ ഒന്നൂല്ലാ. തനിയെ പോകാനും പടിക്കണ്ടേ. ഞാ പോകാം "


മുരുകനും തങ്കവും മുഖത്തോടു മുഖം നോക്കി.


"കൂട്ടിന് ആരേലും ഒണ്ടേ ദയ്ര്യയം ഒന്നും തോന്നൂല്ല. തനിച്ചായാ ദയ്ര്യയമാ നല്ല കൂട്ട്.."


"നീ പറേന്ന ഒന്നും ഞങ്ങക്ക് തിരിയൂല്ല നങ്കി. പച്ചേല് നീ പറേന്ന കാരിയങ്ങളൊക്കെ സരിയാണെന്നറിയാം... നല്ലയാണെന്നും " മുരുകന്റെ വാക്കുകൾ നങ്കിയുടെ കണ്ണുകളെ ഈറനാക്കി.


            

                       ⬛️◼️◾️▪️◾️◼️⬛️


ആശുപത്രി ഗേറ്റ് കടന്നതും നങ്കിയെ സ്വീകരിച്ചത് ഇന്നലെ രാത്രി അവൾക്ക് കിട്ടിയ പുതിയ കൂട്ട് ആയിരുന്നു. അത് അവൾക്ക് മുന്നിലെത്തി വാലാട്ടി തന്റെ സ്നേഹം പ്രകടിപ്പിച്ചു. നങ്കി ഒരു ചിരിയോടെ അതിനെ നോക്കി.


"ന്നെ നോക്കി നിക്കയായിരുന്നോ. വാ " നങ്കി മുന്നേ നടന്നു. പിന്നാലെ ആ ഞാവാലിയും.


ഓഫീസിനു മുന്നിലെത്തിയപ്പോ നങ്കി തിരിഞ്ഞു നോക്കി.


"നിയ്യ് ഇവിടെ നില്ല്. ഞാ ഇപ്പോ വരാം."


ഞാവാലി വാലാട്ടി അനുസരിച്ചു.


നങ്കി ഓഫീസ് മുറിക്ക് മുന്നിൽ വന്നു നിന്നു. അകത്തു നിന്നും സംസാരം കേൾക്കുന്നുണ്ട്. അവൾ വാതിൽക്കലേക്ക് തല നീട്ടി.


"ഹാ നങ്കി വാ " ജാൻസിയുടെ കണ്ണുകളിൽ നങ്കിയുടെ മുഖം പതിഞ്ഞു.


ജാൻസിയ്ക്ക് എതിർവശമിരുന്ന വിക്ടർ തിരിഞ്ഞു നോക്കി.


"മുരുഗണ്ണൻ പറഞ്ഞു നേര്ത്തെ ആശ്പത്രീലേക്ക് വരാൻ പറഞ്ഞൂന്ന്. അദാ.."


"അതിന് ആദ്യം അകത്തേക്ക് വാ നങ്കി "


വാതിൽക്കൽ തന്നെ നിന്ന നങ്കിയെ നോക്കി വിക്ടർ പറഞ്ഞു.


നങ്കി അകത്തേക്ക് നടന്നു വന്നു നിന്നു.


"ഇരിക്ക് " ഒഴിഞ്ഞു കിടന്ന കസേര ചൂണ്ടി ജാൻസി പറഞ്ഞു.


"വേണ്ടാ.. ഞാ നിന്നോളാം "


"ഇരിക്ക് നങ്കി... ജാൻസിക്ക് നങ്കിയോട് സംസാരിക്കണമെന്ന്. അതിനാ വിളിപ്പിച്ചേ "


എന്തിനെന്ന ഭാവത്തിൽ നങ്കി നിന്നു.


"നങ്കി ഇരിക്കുന്നില്ലേൽ നിന്ന് സംസാരിക്കാം ഞാനും" ജാൻസി എഴുന്നേറ്റു.


"അയ്യോ വേണ്ടാ.... ഞാ ഇരിക്കാം " നങ്കി കസേരയിൽ പിടിച്ചു കൊണ്ട് പറഞ്ഞു.


"എങ്കിൽ ഇരിക്ക് "


നങ്കി അമാന്തിച്ചിരുന്നു. അവളെ നോക്കി ചിരിച്ചു കൊണ്ട് ജാൻസിയും.


"നിങ്ങള് സംസാരിക്ക്, ഞാൻ ഒന്ന് റൗണ്ടടിച്ചിട്ട് വരാം " വിക്ടർ മുറിക്ക് പുറത്തേക്കിറങ്ങി കൊണ്ട് പറഞ്ഞു.


"എങ്ങനെയുണ്ട് നങ്കി ജോലി " മുഖവുര കൂടാതെ ജാൻസി ചോദിച്ചു.


"നല്ല ജോലീന്ന് പറേന്ന എങ്ങനാ... ഓരു വര്ന്ന വരെ ചെയ്യണം സാറേ..."


"ആദ്യം തന്നെ ഒരു കാര്യം പറയാം, എന്നെ ചേച്ചീന്ന് വിളിച്ചാ മതി നങ്കി "


"ചേച്ചീ...ന്ന്...."


"അത് മോശം വിളിയല്ല നങ്കി. ധൈര്യമായിട്ട് വിളിച്ചോ "


നങ്കിയുടെ കൺകോണിൽ നനവ് പടർന്നു.


"വിളിക്കാൻ ബുദ്ധിമുട്ടുണ്ടോ?"


"ഇല്ല ചേച്ചി "


"അപ്പൊ ഓക്കേ " ജാൻസി ചിരിച്ചു കൊണ്ട് തല കുലുക്കി. "ആ മണിയൻ ഒരു ദിവസം രാത്രി മോർച്ചറീടെ വാതിൽ പൂട്ടീല്ല. ശിവന് പകരം ഒരു രാത്രി ഡ്യൂട്ടി ഏൽപ്പിച്ചതാ, അയാള് കുടിച്ച് ബോധമില്ലാതെ കിടന്നു. അന്ന് രാത്രി മോർച്ചറീല് പട്ടി കേറി.. കുഴപ്പം ഒന്നും ഉണ്ടാക്കീല്ല എങ്കിലും ഒരുപക്ഷേ എന്തേലും സംഭവിച്ചിരുന്നെങ്കിലോ... അതാ ഇച്ചായൻ, ശിവൻ ജോലിക്കു കയറാൻ ഇത്ര കടുംപിടുത്തം നടത്തിയേ..പക്ഷേ ഞങ്ങള് പ്രതീക്ഷിക്കാതെ വന്നത് നങ്കിയും "


"ന്നെ ജോലീന്ന് പറഞ്ഞു വിട്വോ..." നങ്കിയുടെ സ്വരത്തിൽ ആശങ്ക നിഴലിച്ചു.


                                  ▪️


തുടരും.....




നങ്കി 4️⃣

 

©️Copyright Protected

.....✍️


തിരിഞ്ഞു നടക്കും മുമ്പേ വിക്ടർ മുരുകനെ നോക്കി. 



"തങ്കോം...തങ്കോം... " നടവഴി എത്തിയപ്പോഴേ മുരുകൻ നീട്ടി വിളിച്ചു. 


മുറ്റം തൂത്തുവാരിക്കൊണ്ടു നിന്ന തങ്കം കഴുത്തുയർത്തി നോക്കി. 


"നിങ്ങ എന്തുവാ മനുച്ചനേ വിളിച്ചു കൂവുന്നേ "


മുരുകൻ മുറ്റത്തേക്ക് നടന്നു കയറി. 


"ഡീയേ നെന്നോട് ഒരു കാരിയം പറയട്ടെ. ഇനി മുതല് നീയെന്നെ മുക്കീന്നു വിളിച്ചാ മതി "


"മുക്കീന്നാ.. നിങ്ങ എന്തോന്നാ യീ പറേന്നെ? "


"എടിയേ വിട്ടറിനെ വിക്കീന്ന് വിളിക്കാങ്കി മുരുഗനെ മുക്കീന്ന് വിളിച്ചൂടെ " മുരുകൻ പുരികമുയർത്തി ചോദിച്ചു. 


"വിട്ടറോ അതെന്തുവാ സാതനം "


"അത് സാതനം ഒന്നുവല്ലടി പെണ്ണേ. സിവൻ വേല ചെയ്യണ ആസ്പത്റീല സാറിന്റെ പേരാ വിട്ടറ്. ആ സാറിനെ സാറിന്റെ പെണ്ണ് വിളിക്കുന്നേ വിക്കീന്നും. കൊള്ളാല്ലേ .ങ്ഹാ "


തങ്കം മൂക്കത്ത് വിരൽ വച്ചു. "ഇതെന്തോന്ന് പേരാ.. ഒരു ചേലും ചെവ്ത്തേമില്ലാത്ത പേര് "


"ഓ.... നെനക്ക് എന്തോ വെവരമൊണ്ട് പെണ്ണേ "


"എനിക്ക് വെവരമില്ല... നിങ്ങ നങ്കീടെ വിസേസം പറ മനുച്ചാ "


"നങ്കിക്ക് എന്താ വിസേസം... ഓള് വേലക്ക് കേറി"


"കേറിയാ... പാവം പെണ്ണ്. ആ തല തെറിച്ച സിവൻ ഏട പോയോ ന്തോ...അല്ലണ്ണാ നങ്കി... ഓൾക്ക് കൊയപ്പം ഒന്നൂല്ലാല്ലോ അല്ലേ "


"യെന്ത് കൊയപ്പം.. ആ മണിയന്റെ നാവിന്റെ കൊയപ്പേ ആസ്പത്റിക്ക് ഒള്ളൂ. വേറെ ഒരു പ്രച്ചനയും ഇല്ല. ഞാ രാത്തിരി കഴിക്കാന് വട വാങ്ങിച്ചു കൊടുത്തേച്ചാ വര്ന്നേ.. " 


"എനിക്ക് എന്തോ പേടി... രാത്തിരി മോച്ചറീന്ന് പ്റേതം ഒന്നും എറങ്ങി വരൂല്ലല്ലോ അല്ലേ "


"ഒന്നു പോടീ പ്റേതം.... " മുരുകൻ തങ്കത്തിന്റെ തലയിൽ ഒന്നു കൊട്ടി കൊണ്ട് കൂരക്കുള്ളിലേക്ക് കയറി. 


"ന്റെ മാടൻ തമ്പ്രാനേ...നങ്കിയെ കാത്തു രച്ചിക്കണേ.." തങ്കം നെഞ്ചിൽ കൈ വച്ചു പ്രാർത്ഥിച്ചു. 


                     

                        ⬛️◼️◾️▪️◾️◼️⬛️


മോർച്ചറിയ്ക്കു മുന്നിൽ ഒരു നിഴൽച്ചിത്രം കണക്കെ നങ്കി നിന്നു. ഒരു മേശയും കസേരയും ബെഞ്ചും പിന്നെ കുറച്ചു സ്ട്രെക്ചറുകളും മോർച്ചറി വരാന്തയിൽ കിടപ്പുണ്ട്. ആശുപത്രിയുടെ പിറകിലാണ് മോർച്ചറി. ഒരു ഇടനാഴിയി ആശുപത്രിയെയും മോർച്ചറിയെയും തമ്മിൽ ബന്ധിപ്പിക്കാനുണ്ട്. 


അത്ര വലിയ ആശുപത്രി ഒന്നുമല്ല. പക്ഷേ, ഈ ഓണം കേറാ മൂലയിലെ ജനങ്ങൾക്കും അടുത്ത പ്രദേശങ്ങളിൽ ഉള്ളവർക്കും ഇതൊരു വലിയ ആശ്രയം തന്നെയാണ്. 


നങ്കി കൈയ്യിലിരുന്ന കവർ മേശപ്പുറത്തേക്ക് വച്ചു കൊണ്ട് കസേരയിൽ ഇരുന്നു. 


മണിയൻ പറഞ്ഞത് പ്രകാരം വലിയ ആയാസപ്പെട്ട ജോലിയൊന്നുമില്ല. അങ്ങനെയാണെങ്കിൽ തന്നെയും അത് ചെയ്യാനുള്ള മനസ്സുറപ്പോടെയാണ് നങ്കി ആശുപത്രിയിലേക്ക് വന്നത്. അവൾ ഇടനാഴിയുടെ നീങ്ങി ശൂന്യതയിലേക്ക് നോക്കിയിരുന്നു. 


                    ⬜️◻️◽️▫️◽️◻️⬜️ 


"ഞാ ഒരു കാരിയം ചോയിക്കട്ടെ നങ്കി.. നെനക്ക് ആരോടേലും വേറെ ഇസ്ട്ടം ഒണ്ടോ... "


നീട്ടിപ്പിടിച്ച കാപ്പി ഗ്ലാസുമായി നിന്നതല്ലാതെ നങ്കി ഒന്നും ഉരിയാടിയില്ല. ഗ്ലാസ്‌ കൈയ്യിലേക്ക് വാങ്ങാതെ ശിവൻ തല കുനിച്ചിരുന്നു. 


"ഓരോത്തര് പറേന്നെ... വയറ്റി കെടന്നു കൊച്ചു ചാകുന്നെ പെഴച്ച പെൺ- "പറഞ്ഞു തീരും മുമ്പേ ശിവന്റെ മുഖം കാപ്പിയുടെ ചൂടറിഞ്ഞു. 


അന്ന് പോയതാണ് എവിടേക്കെന്നോ എന്നു വരുമെന്നോ പറയാതെ... 


വലിച്ചു കൊണ്ടു വരുന്ന സ്ട്രെക്ചറിന്റെ മുരൾച്ച നങ്കിയെ ഓർമ്മകളിൽ നിന്നും പിടിച്ചുണർത്തി. 


                     ⬜️◻️◽️▫️◻️⬜️


മോർച്ചറിയുടെ വാതിൽ അവൾ മലർക്കെ തുറന്നു കൊടുത്തു. പെട്ടെന്ന് തണുപ്പ് അവളുടെ പാദത്തിലേക്ക് അരിച്ചു കയറി. പൊള്ളലേറ്റതു പോലെ നങ്കി കാലുകൾ പൊക്കി മാറ്റി. അവൾ സ്ട്രെക്ചറിൽ കിടത്തിയിരുന്ന വെള്ളത്തുണിയാൽ മൂടിയിരുന്ന ശരീരത്തിലേക്കൊന്നു പാളി നോക്കി. 


"പേടിയുണ്ടോ " സ്ട്രെക്ചറിന്റെ ഒരു തലയ്ക്കൽ നിന്ന അറ്റൻഡർ നേരിയ ചിരിയോടെ ചോദിച്ചു. 


"ഇല്ല " 


"നാളെ വെളുപ്പിന് കൊണ്ടു പോകേണ്ട ബോഡിയാ.." മോർച്ചറിക്കുള്ളിലേക്ക് കയറുന്നതിനിടയിൽ അയാൾ പറഞ്ഞു. 


ഏതാനും നിമിഷങ്ങൾക്കകം ഒഴിഞ്ഞ സ്ട്രെക്ചറുമായി അവർ തിരിച്ചു വന്നു. നങ്കി മോർച്ചറിയുടെ വാതിൽ വലിച്ചടച്ചു. 


"അടുത്ത ഊരിലുള്ള ആളാ. ഇന്നിനി ഈ രാത്രി കാട്ടുമൂലയിലേക്ക് ആംബുലൻസ് വിടണ്ടാന്നാ ജോസ് സാറിന്റെ ഓഡർ... "


പരസ്പരം സംസാരിച്ചു കൊണ്ട് അവർ ഇടനാഴിയിലൂടെ തിരിച്ചു പോയി. 

 

നങ്കി കസേരയിൽ തിരികെ വന്നിരുന്നു. മണിയൻ പറഞ്ഞു തന്ന കാര്യങ്ങളിലേക്ക് ചിന്ത വിട്ടു. അങ്ങനെ ചിന്തകളുടെ മണൽപ്പരപ്പിലേക്ക് മനസ്സിനെ മേയാൻ വിട്ട് 

നങ്കി ഇരുന്നു. 


പട്ടിയുടെ ഉച്ചത്തിലുള്ള കുര കേട്ടാണ് നങ്കി ഞെട്ടി ഉണർന്നത്. മോർച്ചറിയിൽ നിന്നും ആശുപത്രിയ്ക്കു പിറകിലുള്ള റോഡിലേക്കുള്ള ഗ്രില്ലിട്ട വാതിലിനപ്പുറം നിന്നാണ് പട്ടി ഒച്ച വയ്ക്കുന്നത്. അതിനു നുഴഞ്ഞു കയറാൻ തക്കവണ്ണം വിടവ് ഗ്രില്ലിന് ഇടയിലുണ്ട്. അവൾ അതിനെ നോക്കി ഇരുന്നു. 


പിന്നെ പെട്ടെന്ന് എന്തോ ഓർത്തതു പോലെ മേശപ്പുറത്തിരുന്ന കവറിനുള്ളിൽ നിന്നും ഒരു പൊതി പുറത്തേക്കെടുത്തു. തിരിച്ചു പോകും മുമ്പ് മുരുകൻ വാങ്ങിച്ചു കൊടുത്ത മസാല വട പൊതി തുറന്നെടുത്ത് അവൾ പട്ടിക്കരികിലേക്ക് ചെന്നു. ഗ്രില്ലിന്റെ വിടവിലൂടെ വട അതിനു നേരെ നീട്ടി. ഭയത്തോടെ മുരണ്ടു കൊണ്ട് പിന്നിലേക്ക് മാറിയെങ്കിലും പിന്നെ വാലാട്ടി മെല്ലെ മുന്നോട്ടു വന്ന് വട വായ്ക്കുള്ളിലാക്കി. 


                      ⬛️◼️◾️▪️◾️◼️⬛️


തുടരും....... 



നങ്കി 3️⃣



©️Copyright Protected 

.......✍️


"അച്ചായാ.. "


"ആ പെണ്ണിന്റ കണ്ണിൽ നല്ല ദൃഡനിശ്ചയമുണ്ട്. അവൾക്കത്ര ധൈര്യമുണ്ടേൽ പിന്നെ നമ്മളെന്തിനാ പിന്തിരിപ്പിക്കുന്നേ. എന്തായാലും ഇന്നത്തേക്ക് ഒരു കാവൽക്കാരൻ.. അല്ല കാവൽക്കാരിയെ കിട്ടിയില്ലേ.. " ചിരിച്ചു കൊണ്ട് വിക്ടറിന്റെ ചുമലിൽ ഒന്നു തട്ടി അയാൾ നടന്നകന്നു. 


ഓഫീസ് മുറിയുടെ വാതിൽക്കൽ തന്നെ അവർ കാത്തു നിന്നു. വിക്ടർ മുറിക്കുള്ളിലേക്ക് കയറി കൊണ്ട് അവരെ അകത്തേക്ക് ക്ഷണിച്ചു. അയാൾ രജിസ്റ്റർ എടുത്ത സമയം നങ്കി തന്റെ കൈയ്യിലിരുന്ന കവറിനുള്ളിൽ നിന്നും ഒരു പേപ്പർ പുറത്തെടുത്തു. 


"നങ്കി ശിവൻ എന്നെഴുതിയാൽ മതിയല്ലോ? "വിക്ടർ പേന കൈയ്യിൽ എടുത്തു കൊണ്ട് ചോദിച്ചു. 


"മ്മ് മതി "


പേര് എഴുതി ചേർത്തു കൊണ്ട് അയാൾ രജിസ്റ്റർ നങ്കി ക്ക് മുന്നിലേക്ക് നീക്കി വച്ചു. 


"ഒപ്പിടണം ദാ ഇവിടെ "


 ഒപ്പിട്ടു രജിസ്റ്റർ തിരികെ നൽകിയപ്പോൾ വിക്ടർ ചിരിച്ചു ;


"സ്കൂളിൽ ഒക്കെ പഠിച്ചയാൾക്ക് ഇംഗ്ലീഷിൽ പേരെഴുതി ഒപ്പിടാൻ അറിയില്ലേ "


"അറിയാം. പശ്ശേ മലയാളത്തിൽ ഒപ്പിടാൻ എല്ലാർക്കുമറീലല്ലോ.. "


വിക്ടർ അത്ഭുതത്തോടെ നങ്കിയെ നോക്കിയിരുന്നു. 


ഏറിയാൽ പതിനെട്ടോ പത്തൊമ്പതോ വയസ്സ് പ്രായം മാത്രം. പക്ഷേ ആ മുഖത്ത് തെളിഞ്ഞു കാണുന്ന ഭാവത്തിനും അവളുടെ സംസാരത്തിനും പെരുമാറ്റത്തിനും പ്രായം അൻപതാണ്. 


നങ്കി കവറിൽ നിന്നുമെടുത്ത പേപ്പർ വിക്ടറിനു നേരെ നീട്ടി. 


"എന്തായിത്? " അയാളത് വാങ്ങിക്കൊണ്ടു തന്നെ ചോദിച്ചു. 


"തിരിച്ചറിയൽ രേഖ തരണോന്ന് ആ സാറ് പറഞ്ഞില്ലേ.. "


"അതും കൊണ്ടു വന്നിരുന്നോ !!" 


"ഹാ... നങ്കി ക്ക് നല്ല പുത്തിയാ സാറേ. പള്ളിക്കൂടത്തിൽ ഒക്കെ പോയ അല്ലേ ഓള് " മുരുകൻ വാചാലനായി. 


"നിങ്ങള് രണ്ടുമിരിക്ക് " വിക്ടർ തനിക്കെതിർ വശത്തെ കസേരകൾ ചൂണ്ടി കാട്ടി പറഞ്ഞു. 


"അയ്യോ വേണ്ടാ സാറെ "


"ഇരിക്ക് മുരുകാ.. ഒരാളെ ജോലിക്കു കയറ്റുന്നതിനു മുമ്പ് ഒന്ന് ഇന്റർവ്യൂ ചെയ്യണ്ടേ. കുറച്ചു ചോദ്യങ്ങൾ ഒക്കെ ചോദിക്കണം. ഇരിക്ക് "


"ആണോ സാറേ? "


"മ്മ്.. അതെ "


മുരുകൻ പെട്ടെന്ന് ഇരുന്നു. പിന്നാലെ നങ്കി യും. 


"സാറെ ഞാ ആദിയം ചോയിക്കട്ടെ? " മുരുകൻ വിക്ടറിനെ നോക്കി. 


"എന്ത് !"


"സാറ് പറഞ്ഞില്ലേ ചോദിയൊക്കെ ചോയിക്കണോന്ന്. ഞാ ഒന്ന് ചോയിക്കട്ടെ "


"മുരുഗണ്ണാ.. " നങ്കി അയാളെ പതിയെ വിളിച്ചു. 


വിക്ടർ ചിരിച്ചു കൊണ്ട് തല കുലുക്കി. 


"മ്മ്. ചോദിക്ക് "


"സാറിന്റെ പേരെന്താ... മറ്റേ സാറ് വിളിച്ച പേര്? " 


"എന്റെയോ ! വിക്ടർ "


"ഹാ നല്ല പേരാ. ഇങ്ക്ലീസ് പേര്... വിട്ടർ സാർ.. " മുരുകൻ കറ കവർന്ന പല്ലുകൾ മുഴുക്കെ കാട്ടി ചിരിച്ചു. 


വിക്ടറും ചിരിച്ചു. മേശ മേൽ കൈ അടിച്ചു കൊണ്ട് ഉറക്കെ. 


"മറ്റേ സാറിന്റെ പേരോ " മുരുകന്റെ അടുത്ത ചോദ്യം. 


"ജോസ് "


"മ്മ്... പച്ചേല് സാറിന്റെ പേരാ നല്ലേ. ഇങ്ക്ലീസ് പേര്... " മുരുകൻ വീണ്ടും ചിരിച്ചു. "ഇതേലത്തെ പേര് ഇനീം ഉണ്ടേല് പറഞ്ഞു തരോ സാറേ "


"എന്തിനാ മുരുകാ? "


"നങ്കിക്ക് കൊച്ചുങ്ങ ഒണ്ടാകുമ്പോ ഇടാനാ "


വിക്ടർ നങ്കി യുടെ മുഖത്തേക്ക് നോക്കി. അവൾ തല കുനിച്ചിരിപ്പാണ്. 


"ശരി മുരുകന്റെ ചോദ്യങ്ങള് തീർന്നെങ്കിൽ ഇനി ഞാൻ ചോദിക്കട്ടെ നങ്കിയോട്.. "


മുരുകൻ തല കുലുക്കി. "തീര്ന്നു സാറേ "


"ഓക്കേ..."


നങ്കി തല ഉയർത്തി. 


"നങ്കി എത്ര വരെ പഠിച്ചിട്ടുണ്ട്? " 


"പത്താം ക്ലാസ്സില് പാതിക്ക് പഠിപ്പ് നിർത്തി " 


"അതെന്താ !? "


"അപ്പാ മരിച്ചപ്പോ ചിന്നമ്മ ഇനി പഠിക്കാൻ പോകണ്ടാന്ന് പറഞ്ഞു "


"ചിന്നമ്മയോ !? "


"ഉം...അപ്പാ രണ്ടാത് കെട്ടീതാ. അമ്മ മരിച്ചപ്പോ "


"അമ്മ എങ്ങനാ മരിച്ചേ? "


നങ്കി മറുപടി പറയാതെ വിക്ടറിനെ ഉറ്റു നോക്കി. ആ നോട്ടത്തിന്റെ അർത്ഥം മനസ്സിലാക്കിയിട്ടെന്ന വണ്ണം വിക്ടർ ചിരിച്ചു. 


"ഇതൊരു ഹോസ്പിറ്റൽ അല്ലേ. അപ്പൊ ഇവിടെ ജോലിക്ക് ഒരാളെ തെരഞ്ഞെടുക്കുന്നതിനു മുമ്പ് അവരുടെ കുടുംബ പശ്ചാത്തലമൊക്കെ അറിഞ്ഞിരിക്കേണ്ട അത്യാവശ്യം ഉണ്ട്. ദാറ്റ്സ് ആൾ... "


"അമ്മക്ക് മഞ്ഞപ്പിത്തമായ്രുന്നു.. " 


"മ്മ്... നങ്കിക്ക് സഹോദരങ്ങളില്ലേ? "


"അനിയൻ ഒണ്ടായിരുന്നു... ഓനും മഞ്ഞപ്പിത്തം വന്നാ... " നങ്കിയുടെ സ്വരം താഴ്ന്നു. 


"ചിന്നമ്മയ്ക്കു മക്കളുണ്ടോ? "


"ഉം.... രണ്ട് "


"ഓക്കേ.... അപ്പോ ശരി. നിങ്ങള് വാ മണിയനെ കണ്ട് ജോലിയുടെ കാര്യങ്ങളൊക്കെ ചോദിച്ചറിഞ്ഞു മനസ്സിലാക്കണം. "


വിക്ടർ പുറത്തേക്ക് പോകാനായി എഴുന്നേറ്റതും മുറിയിലേക്ക് ആരോ വന്നു കയറി. നങ്കിയും മുരുകനും എഴുന്നേറ്റു. വിക്ടർ ചിരിച്ചു കൊണ്ട് ആഗതയെ സ്വീകരിച്ചു. 


"ജാനി ഇത് മോർച്ചറിയുടെ സെക്യൂരിറ്റി ശിവന്റെ ഭാര്യയും സുഹൃത്തുമാ.. " വിക്ടർ പരിചയപ്പെടുത്തി. 


"ങ്ഹാ...അച്ചായൻ പറഞ്ഞു കാര്യങ്ങള്" ആഗത ചിരിയോടെ പറഞ്ഞു. 


"ഹാ... ഇത് ജാൻസി. ഈ ഹോസ്പിറ്റലിന്റെ കൊച്ചുമുതലാളി മാത്രമല്ല, ഇവിടുത്തെ പ്രധാന ഡോക്ടർ കൂടിയാണ്. പിന്നെ എന്റെ ഭാര്യയും.. " വിക്ടർ ആഗതയെ നങ്കിയ്ക്കും മുരുകനും പരിചയപ്പെടുത്തി. 


 ഇരുവരും കൈ കൂപ്പി വണങ്ങി. 


"കൊച്ചുമുതലാളി.. ഒന്നു പോ വിക്കി... " ജാൻസി വിക്ടറിന്റെ തോളിൽ തട്ടി. 


"ഞാൻ ഇവരെ മണിയനെ ഒന്നു കാട്ടട്ടെ. ജോലിയുടെ രീതികളൊക്കെ നങ്കിയ്ക്ക് അറിയണ്ടേ " 


"മ്മ്...ഓക്കേ " ജാൻസി മൂവരെയും നോക്കി ചിരിച്ചു തലയാട്ടി. 


"വാ പോകാം " വിക്ടർ പുറത്തേക്ക് നടന്നു. ജാൻസിയെ നോക്കി തല കുലുക്കി കൊണ്ട് നങ്കി അയാളെ അനുഗമിച്ചു. 


                      ⬛️◼️◾️▪️◾️◼️⬛️


മണിയൻ പുശ്ചവും പരിഹാസവും നിറഞ്ഞ ഭാവത്തിൽ നങ്കിയെ നോക്കി. 


"ഈതൊക്കെ സരിയാകുവോ സാറെ " അയാൾ വിക്ടറിനെ നോക്കി ചോദിച്ചു. 


"ശരിയാകൂന്ന് ഉറപ്പുള്ളതു കൊണ്ടല്ലേ ജോലിക്ക് എടുത്തേ. മണിയൻ ജോലിയുടെ രീതികളൊക്കെ നങ്കിയ്ക്ക് ഒന്നു പറഞ്ഞു കൊടുക്ക്. "


"സരി സാറേ " അയാൾ നീരസത്തോടെ തലയാട്ടി. 


തിരിഞ്ഞു നടക്കും മുമ്പേ വിക്ടർ മുരുകനെ നോക്കി. 


"മണിയൻ നങ്കിയ്ക്ക് എല്ലാം പറഞ്ഞു കൊടുത്തതിനു ശേഷം മുരുകൻ തിരിച്ചു പോയാൽ മതി കേട്ടോ " 

 

"അത്രേ ഒള്ള് സാറേ " മുരുകൻ കറ പിടിച്ച പല്ലുകൾ വെളുക്കെ കാട്ടി ചിരിച്ചു. 


വിക്ടർ നങ്കിയെ നോക്കി ചിരിച്ചു കൊണ്ട് നടന്നു പോയി. 


                    ⬛️◼️◾️▪️◾️◼️⬛️


തുടരും....