2021 മാർച്ച് 31, ബുധനാഴ്‌ച

നങ്കി 4️⃣

 

©️Copyright Protected

.....✍️


തിരിഞ്ഞു നടക്കും മുമ്പേ വിക്ടർ മുരുകനെ നോക്കി. 



"തങ്കോം...തങ്കോം... " നടവഴി എത്തിയപ്പോഴേ മുരുകൻ നീട്ടി വിളിച്ചു. 


മുറ്റം തൂത്തുവാരിക്കൊണ്ടു നിന്ന തങ്കം കഴുത്തുയർത്തി നോക്കി. 


"നിങ്ങ എന്തുവാ മനുച്ചനേ വിളിച്ചു കൂവുന്നേ "


മുരുകൻ മുറ്റത്തേക്ക് നടന്നു കയറി. 


"ഡീയേ നെന്നോട് ഒരു കാരിയം പറയട്ടെ. ഇനി മുതല് നീയെന്നെ മുക്കീന്നു വിളിച്ചാ മതി "


"മുക്കീന്നാ.. നിങ്ങ എന്തോന്നാ യീ പറേന്നെ? "


"എടിയേ വിട്ടറിനെ വിക്കീന്ന് വിളിക്കാങ്കി മുരുഗനെ മുക്കീന്ന് വിളിച്ചൂടെ " മുരുകൻ പുരികമുയർത്തി ചോദിച്ചു. 


"വിട്ടറോ അതെന്തുവാ സാതനം "


"അത് സാതനം ഒന്നുവല്ലടി പെണ്ണേ. സിവൻ വേല ചെയ്യണ ആസ്പത്റീല സാറിന്റെ പേരാ വിട്ടറ്. ആ സാറിനെ സാറിന്റെ പെണ്ണ് വിളിക്കുന്നേ വിക്കീന്നും. കൊള്ളാല്ലേ .ങ്ഹാ "


തങ്കം മൂക്കത്ത് വിരൽ വച്ചു. "ഇതെന്തോന്ന് പേരാ.. ഒരു ചേലും ചെവ്ത്തേമില്ലാത്ത പേര് "


"ഓ.... നെനക്ക് എന്തോ വെവരമൊണ്ട് പെണ്ണേ "


"എനിക്ക് വെവരമില്ല... നിങ്ങ നങ്കീടെ വിസേസം പറ മനുച്ചാ "


"നങ്കിക്ക് എന്താ വിസേസം... ഓള് വേലക്ക് കേറി"


"കേറിയാ... പാവം പെണ്ണ്. ആ തല തെറിച്ച സിവൻ ഏട പോയോ ന്തോ...അല്ലണ്ണാ നങ്കി... ഓൾക്ക് കൊയപ്പം ഒന്നൂല്ലാല്ലോ അല്ലേ "


"യെന്ത് കൊയപ്പം.. ആ മണിയന്റെ നാവിന്റെ കൊയപ്പേ ആസ്പത്റിക്ക് ഒള്ളൂ. വേറെ ഒരു പ്രച്ചനയും ഇല്ല. ഞാ രാത്തിരി കഴിക്കാന് വട വാങ്ങിച്ചു കൊടുത്തേച്ചാ വര്ന്നേ.. " 


"എനിക്ക് എന്തോ പേടി... രാത്തിരി മോച്ചറീന്ന് പ്റേതം ഒന്നും എറങ്ങി വരൂല്ലല്ലോ അല്ലേ "


"ഒന്നു പോടീ പ്റേതം.... " മുരുകൻ തങ്കത്തിന്റെ തലയിൽ ഒന്നു കൊട്ടി കൊണ്ട് കൂരക്കുള്ളിലേക്ക് കയറി. 


"ന്റെ മാടൻ തമ്പ്രാനേ...നങ്കിയെ കാത്തു രച്ചിക്കണേ.." തങ്കം നെഞ്ചിൽ കൈ വച്ചു പ്രാർത്ഥിച്ചു. 


                     

                        ⬛️◼️◾️▪️◾️◼️⬛️


മോർച്ചറിയ്ക്കു മുന്നിൽ ഒരു നിഴൽച്ചിത്രം കണക്കെ നങ്കി നിന്നു. ഒരു മേശയും കസേരയും ബെഞ്ചും പിന്നെ കുറച്ചു സ്ട്രെക്ചറുകളും മോർച്ചറി വരാന്തയിൽ കിടപ്പുണ്ട്. ആശുപത്രിയുടെ പിറകിലാണ് മോർച്ചറി. ഒരു ഇടനാഴിയി ആശുപത്രിയെയും മോർച്ചറിയെയും തമ്മിൽ ബന്ധിപ്പിക്കാനുണ്ട്. 


അത്ര വലിയ ആശുപത്രി ഒന്നുമല്ല. പക്ഷേ, ഈ ഓണം കേറാ മൂലയിലെ ജനങ്ങൾക്കും അടുത്ത പ്രദേശങ്ങളിൽ ഉള്ളവർക്കും ഇതൊരു വലിയ ആശ്രയം തന്നെയാണ്. 


നങ്കി കൈയ്യിലിരുന്ന കവർ മേശപ്പുറത്തേക്ക് വച്ചു കൊണ്ട് കസേരയിൽ ഇരുന്നു. 


മണിയൻ പറഞ്ഞത് പ്രകാരം വലിയ ആയാസപ്പെട്ട ജോലിയൊന്നുമില്ല. അങ്ങനെയാണെങ്കിൽ തന്നെയും അത് ചെയ്യാനുള്ള മനസ്സുറപ്പോടെയാണ് നങ്കി ആശുപത്രിയിലേക്ക് വന്നത്. അവൾ ഇടനാഴിയുടെ നീങ്ങി ശൂന്യതയിലേക്ക് നോക്കിയിരുന്നു. 


                    ⬜️◻️◽️▫️◽️◻️⬜️ 


"ഞാ ഒരു കാരിയം ചോയിക്കട്ടെ നങ്കി.. നെനക്ക് ആരോടേലും വേറെ ഇസ്ട്ടം ഒണ്ടോ... "


നീട്ടിപ്പിടിച്ച കാപ്പി ഗ്ലാസുമായി നിന്നതല്ലാതെ നങ്കി ഒന്നും ഉരിയാടിയില്ല. ഗ്ലാസ്‌ കൈയ്യിലേക്ക് വാങ്ങാതെ ശിവൻ തല കുനിച്ചിരുന്നു. 


"ഓരോത്തര് പറേന്നെ... വയറ്റി കെടന്നു കൊച്ചു ചാകുന്നെ പെഴച്ച പെൺ- "പറഞ്ഞു തീരും മുമ്പേ ശിവന്റെ മുഖം കാപ്പിയുടെ ചൂടറിഞ്ഞു. 


അന്ന് പോയതാണ് എവിടേക്കെന്നോ എന്നു വരുമെന്നോ പറയാതെ... 


വലിച്ചു കൊണ്ടു വരുന്ന സ്ട്രെക്ചറിന്റെ മുരൾച്ച നങ്കിയെ ഓർമ്മകളിൽ നിന്നും പിടിച്ചുണർത്തി. 


                     ⬜️◻️◽️▫️◻️⬜️


മോർച്ചറിയുടെ വാതിൽ അവൾ മലർക്കെ തുറന്നു കൊടുത്തു. പെട്ടെന്ന് തണുപ്പ് അവളുടെ പാദത്തിലേക്ക് അരിച്ചു കയറി. പൊള്ളലേറ്റതു പോലെ നങ്കി കാലുകൾ പൊക്കി മാറ്റി. അവൾ സ്ട്രെക്ചറിൽ കിടത്തിയിരുന്ന വെള്ളത്തുണിയാൽ മൂടിയിരുന്ന ശരീരത്തിലേക്കൊന്നു പാളി നോക്കി. 


"പേടിയുണ്ടോ " സ്ട്രെക്ചറിന്റെ ഒരു തലയ്ക്കൽ നിന്ന അറ്റൻഡർ നേരിയ ചിരിയോടെ ചോദിച്ചു. 


"ഇല്ല " 


"നാളെ വെളുപ്പിന് കൊണ്ടു പോകേണ്ട ബോഡിയാ.." മോർച്ചറിക്കുള്ളിലേക്ക് കയറുന്നതിനിടയിൽ അയാൾ പറഞ്ഞു. 


ഏതാനും നിമിഷങ്ങൾക്കകം ഒഴിഞ്ഞ സ്ട്രെക്ചറുമായി അവർ തിരിച്ചു വന്നു. നങ്കി മോർച്ചറിയുടെ വാതിൽ വലിച്ചടച്ചു. 


"അടുത്ത ഊരിലുള്ള ആളാ. ഇന്നിനി ഈ രാത്രി കാട്ടുമൂലയിലേക്ക് ആംബുലൻസ് വിടണ്ടാന്നാ ജോസ് സാറിന്റെ ഓഡർ... "


പരസ്പരം സംസാരിച്ചു കൊണ്ട് അവർ ഇടനാഴിയിലൂടെ തിരിച്ചു പോയി. 

 

നങ്കി കസേരയിൽ തിരികെ വന്നിരുന്നു. മണിയൻ പറഞ്ഞു തന്ന കാര്യങ്ങളിലേക്ക് ചിന്ത വിട്ടു. അങ്ങനെ ചിന്തകളുടെ മണൽപ്പരപ്പിലേക്ക് മനസ്സിനെ മേയാൻ വിട്ട് 

നങ്കി ഇരുന്നു. 


പട്ടിയുടെ ഉച്ചത്തിലുള്ള കുര കേട്ടാണ് നങ്കി ഞെട്ടി ഉണർന്നത്. മോർച്ചറിയിൽ നിന്നും ആശുപത്രിയ്ക്കു പിറകിലുള്ള റോഡിലേക്കുള്ള ഗ്രില്ലിട്ട വാതിലിനപ്പുറം നിന്നാണ് പട്ടി ഒച്ച വയ്ക്കുന്നത്. അതിനു നുഴഞ്ഞു കയറാൻ തക്കവണ്ണം വിടവ് ഗ്രില്ലിന് ഇടയിലുണ്ട്. അവൾ അതിനെ നോക്കി ഇരുന്നു. 


പിന്നെ പെട്ടെന്ന് എന്തോ ഓർത്തതു പോലെ മേശപ്പുറത്തിരുന്ന കവറിനുള്ളിൽ നിന്നും ഒരു പൊതി പുറത്തേക്കെടുത്തു. തിരിച്ചു പോകും മുമ്പ് മുരുകൻ വാങ്ങിച്ചു കൊടുത്ത മസാല വട പൊതി തുറന്നെടുത്ത് അവൾ പട്ടിക്കരികിലേക്ക് ചെന്നു. ഗ്രില്ലിന്റെ വിടവിലൂടെ വട അതിനു നേരെ നീട്ടി. ഭയത്തോടെ മുരണ്ടു കൊണ്ട് പിന്നിലേക്ക് മാറിയെങ്കിലും പിന്നെ വാലാട്ടി മെല്ലെ മുന്നോട്ടു വന്ന് വട വായ്ക്കുള്ളിലാക്കി. 


                      ⬛️◼️◾️▪️◾️◼️⬛️


തുടരും....... 



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ