2020 സെപ്റ്റംബർ 26, ശനിയാഴ്‌ച

അറവാണി[ഭാഗം -1️⃣9️⃣]

 അറവാണി : അവസാന ഭാഗം 

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

©️ Copyright Protected


.......................


         തളർച്ചയോടെയാണെങ്കിലും ശ്രീബാലയുടെ കാലുകൾ പായുകയായിരുന്നു. എത്രയും പെട്ടെന്ന് അവിടെ നിന്നും ഓടിയകലണം എന്ന വ്യഗ്രതയോടെ. നിറഞ്ഞു തുളുമ്പിയ കണ്ണുകളും വിറയാർന്ന ചുണ്ടുകളും അവളുടെ വേദനയുടെ ഉറവ  പുറത്തേക്കൊഴുക്കി വിട്ടു കൊണ്ടേയിരുന്നു.


         'കിച്ചാമണിയും കൂവാഗവും കൂത്താണ്ടർ കോവിലുമൊക്കെ തനിക്ക് അന്യമായിരിക്കുന്നു. അരവാന്റെ വധു ദീർഘ സുമംഗലിയാകാൻ മോഹിക്കരുതായിരുന്നു... ശ്രീബാല വിങ്ങലടക്കി പിടിച്ചു കരഞ്ഞു. കാഞ്ചന മരണത്താൽ അനുഗ്രഹിക്കപ്പെട്ടുവെന്നു പോലും അവൾക്കു തോന്നാതിരുന്നില്ല.


         അച്ഛന്റെ ചിതയ്ക്കു മുന്നിൽ നിന്ന നിമിഷങ്ങൾ തലച്ചോറിൽ ചികഞ്ഞു വന്നു. ഒന്നുറക്കെ കരയാൻ കൊതിച്ച നിമിഷങ്ങൾ... വീണ്ടും അതേ വികാരങ്ങൾ മാത്രം ഹൃദയത്തിൽ....


         ഈ വേദനയിൽ നിന്നും രക്ഷനേടാൻ എങ്ങോട്ടോടി മറയണമെന്ന് നിശ്ചയമില്ലാത്തതു പോലെ, അവൾ  മുമ്പോട്ട് കുതിച്ചു.


                                        🔸


            ഏറെ ദൂരം പോകേണ്ടി വന്നില്ല. അതിനു മുമ്പേ ആൽബർട്ടിന്റെ കണ്ണുകൾ ശ്രീബാലയെ കണ്ടെത്തി. പിന്നെ അയാളുടെ കണ്ണും മനസ്സും  ആവേശത്തോടെ അവൾക്കരികിലേക്ക്  കുതിക്കാൻ വെമ്പുകയായിരുന്നു. ആഹ്ലാദത്തോടെ ആൽബർട്ട് ആകാശത്തേക്ക് നോക്കി സ്ത്രോത്രം ഉരുവിട്ടു. പിന്നെ മുന്നോട്ട് ചുവടുകൾ നീട്ടി വച്ചു.


          കണ്ണെത്തും ദൂരത്തു നിന്നും ശ്രീബാല ദൂരേക്ക് ഓടി മറയുകയാണെന്ന് ആൽബർട്ടിനു തോന്നി. പിടിച്ചു നിർത്താനാകില്ല എന്ന ഉൾഭയം മനസ്സിലുരുവായപ്പോൾ, ശബ്ദമുണരാത്ത നാവിൻ തുമ്പിൽ തുടിച്ചു നിന്ന അവളുടെ പേര് ഉറക്കെ വിളിക്കാൻ ശ്രമിച്ചു. അത് പാഴ്ശ്രമമായിരുന്നു എന്ന് ഞൊടിയിട വൈകാതെ ബോധം വന്നപ്പോൾ മാത്രമാണ് തന്റെ നാവിന്റെ വൈകല്യം ആൽബർട്ട് ഓർമിച്ചത്. പെട്ടെന്ന് അയാളുടെ കാലുകളും  മൂകമായി നിന്നു.


           നിരാശയോടെയും തന്നോട് തന്നെ തോന്നിയ സഹതാപത്തോടെയും അയാൾ മന്ദഹസിച്ചു. പിന്നെ, ശ്രീബാലയെ നോക്കി.


      'സ്വരം നിഷേധിക്കപ്പെട്ട തന്റെ നാവ് അവളെ പിടിച്ചു നിർത്തില്ല... ',


         ആലോചിച്ചു നിൽക്കാൻ മുതിരാതെ ആൽബർട്ട് തന്റെ രണ്ടു കൈകളും ഉയർത്തി. കഴിയുന്നത്ര ശക്തിയോടെ ഇരു കൈപ്പത്തികളും ഒന്നോടൊന്നു ചേർത്തു, ഒന്നല്ല മൂന്നു തവണ.


           ഏറെ ദൂരെയല്ലാതെ പിന്നിൽ നിന്നുമുയർന്ന കൈയ്യടി ശബ്ദം കേട്ട മാത്രയിൽ, ഒരു പിൻവിളിക്കായി കാത്തിരുന്നതു പോലെ ശ്രീബാല ഞെട്ടിത്തിരിഞ്ഞു നോക്കി.


            അവളുടെ നോട്ടം പതിഞ്ഞ മാത്രയിൽ ആൽബർട്ട് നേരിയ അണപ്പോടെ അവൾക്ക് മുന്നിലേക്ക് ഓടി വന്നുനിന്നു.


             യാതൊരു ഭാവഭേദവുമില്ലാതെ ശ്രീബാല മൂകയായ് നിന്നു. അവളുടെ ചുവന്നു കലങ്ങിയ കണ്ണുകളും, കണ്ണീർച്ചാൽ തെളിഞ്ഞ കവിളുകളും ഹൃദയം നുറുങ്ങിയ വേദനയുടെ ഓർമപ്പാടുകളായ് വിളങ്ങി. അവളുടെ മൊഴികളും മിഴികളും ഒരുപോലെ നിശബ്ദത പാലിച്ചപ്പോൾ,  ആൽബർട്ട് ആ മൗനത്തെ മാനിച്ചു കൊണ്ട് ചെറു നിശ്വാസമുതിർത്തു.


                                     🔸


              മുതുകിൽ തൂക്കിയിട്ടിരുന്ന ബാഗിനുള്ളിൽ നിന്നും ഒരു ചെറിയ കവർ പുറത്തേക്കെടുത്ത് ആൽബർട്ട് ശ്രീബാലയ്ക്കു നേരെ നീട്ടി. അതിനോട് പ്രതികരിക്കാതെ അവൾ നിർവികാരതയോടെ അയാളെ നോക്കി നിൽക്കുക മാത്രം ചെയ്തു.


             ആ അവഗണനയും പരിഗണിച്ചു കൊണ്ട് ആൽബർട്ട് പുഞ്ചിരിച്ചു. പിന്നെ സ്വയം കവറിനുള്ളിൽ നിന്നും അവൾക്കായ് കരുതി വച്ചിരുന്നവ പുറത്തേക്ക് എടുത്തു. കൈയ്യിൽ തടഞ്ഞ കുങ്കുമച്ചെപ്പ് അതിനുള്ളിൽ തന്നെ തിരികെ വച്ചു. അത് സമ്മാനിക്കാനുള്ള സമയമായില്ലെന്ന് അയാൾക്ക് തോന്നി. അവളുടെ മുഖം അത് വിളിച്ചോതുന്നുമുണ്ട്.


              കൈയിലെടുത്ത ഫോട്ടോ ഓരോന്നായി അയാൾ അവൾക്കു നേരെ കാണിച്ചു. ശ്രീബാലയുടെ കണ്ണുകൾ ഫോട്ടോയിലൂടെ സഞ്ചരിക്കുന്നതു കണ്ടപ്പോൾ, ആൽബർട്ടിന് ആത്മസംതൃപ്തി തോന്നി. ആവേശത്തോടെ അയാൾ ഓരോന്നായി അവൾക്കു മുന്നിലേക്ക് നീട്ടി.


             മിസ് കൂവാഗം മത്സരത്തിൽ പങ്കെടുത്തപ്പോഴുള്ള ചിത്രങ്ങൾ അവൾ പ്രതീക്ഷിക്കാത്തതാണെന്ന് ഓർത്തപ്പോൾ ആൽബർട്ടിന് തന്നോട് തന്നെ അഭിമാനം തോന്നി.


              മറക്കാനാഗ്രഹിക്കുന്ന ഓർമ്മകൾ ചിത്രങ്ങളായ് മുന്നിൽ നിരന്നപ്പോൾ ശ്രീബാലയുടെ കണ്ണിൽ നൊമ്പരത്തിന്റെ ചുടുനീർ  നിറഞ്ഞു. പൊള്ളിക്കുന്ന ഓർമ്മകൾ... അവളുടെ ചുണ്ടുകൾ വിറയാർന്നു. ശരീരമാസകലം ചുട്ടു പൊള്ളുന്നതു പോലെ...


               ആൽബർട്ട് ആവേശത്തിൽ ആയിരുന്നു. തീർച്ചയായും അവളെ സന്തോഷിപ്പിക്കുന്ന ഒന്ന് തന്റെ കൈവശമുണ്ടെന്ന വിശ്വാസത്തിന്റെ ആവേശം. 


              ഒടുവിലായി കരുതി വച്ചിരുന്ന അപ്രതീക്ഷിത സമ്മാനം ആൽബർട്ട്, ശ്രീബാലയ്ക്കു മുന്നിലേക്ക് നീട്ടി.  നീല നിറത്തിൽ, ഇംഗിഷ് അക്ഷരങ്ങളാൽ 'എറൗണ്ട് ' എന്ന് പേര് കുറിക്കപ്പെട്ടിരുന്ന മാഗസിൻ. മുഖച്ചിത്രമായി അവളുടെ ഫോട്ടോ. മിസ്സ്‌ കൂവാഗമായി, ചിരിച്ചു കൊണ്ടു നിൽക്കുന്നു. ശ്രീബാലയുടെ കണ്ണുകൾ ആ ചിത്രത്തെ ചൂഴ്ന്നെടുത്തു. 


            നിറഞ്ഞ പുഞ്ചിരി. അമിത ആഹ്ലാദവും, ആവേശവും അഹങ്കാരവുമൊക്കെ ശ്രീബാല സ്വന്തം  ചിത്രത്തിൽ കണ്ടെത്തി. പുച്ഛം കലർന്ന മന്ദഹാസം ചുണ്ടിന്റെ കോണിൽ സ്വയം സമർപ്പിച്ചു കൊണ്ട് അവൾ ആൽബർട്ടിനെ രൂക്ഷമായി നോക്കി. ഒരു കനൽ പൊട്ടിത്തെറിക്കുകയായിരുന്നു, അനിയന്ത്രിതമായി.


                                      🔸


             "വേണ്ടാ.... ഒന്നും വേണ്ട, ഒന്നും കാണണ്ട..... എനിക്കൊന്നും കാണണ്ടാ... " ഏങ്ങലോടെ അവൾ ആക്രോശിച്ചു.

             "ഒന്നും ആഗ്രഹിക്കാൻ അർഹതയില്ലാഞ്ഞിട്ടും, വെറുതെ സ്വപ്‌നങ്ങളൊക്കെ നെയ്തു കൂട്ടി. ഞാനാരാണെന്ന് ശരിക്കും ആലോചിക്കേണ്ടിയിരുന്നു.

            അറവാണിയാണ് ഞാൻ, ഒരു നാൾ മംഗല്യത്തിന് വിധിക്കപ്പെട്ടവൾ...അരവാന്റെ വധു കൂടുതലൊന്നും മോഹിച്ചു കൂടായിരുന്നു..." കൊച്ചുകുട്ടിയെ പോലെ അവൾ പുലമ്പി.


             അവൾ പറയുന്നതൊന്നും മനസ്സിലായില്ലെങ്കിലും, ആൽബർട്ട് നല്ലൊരു കേൾവിക്കാരനായി നിന്നു. അവളുടെ വേദന പങ്കിട്ടെടുക്കുന്നത് പോലെ. എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അയാൾക്ക്‌ നിശ്ചയമില്ലായിരുന്നു. പക്ഷേ, അവളുടെ നെഞ്ചിലെ ഭാരത്തിന്  ഈ പൊട്ടിത്തെറിയിലൂടെ തെല്ലൊരു സാന്ത്വനം കിട്ടുമെന്ന് ആൽബർട്ടിന് ഉറപ്പായിരുന്നു.


              മുന്നിൽ നിൽക്കുന്നതാരെന്നോ, അയാളുടെ പ്രതികരണം എന്തെന്നോ ചിന്തിക്കാനുള്ള മാനസികാവസ്ഥ ശ്രീബാലയ്ക്കെപ്പോഴോ നഷ്ടമായി.


           കരച്ചിലിന്റെ ആധിക്യത്തിൽ, വാക്കുകൾ ഉച്ചരിക്കാൻ ശ്വാസം അവളെ അനുവദിച്ചില്ല. വിമ്മിഷ്ടത്തോടെ അവൾ നിന്നു കിതച്ചു. പിന്നെ, സ്വയം അപരാധിയെപ്പോലെ സ്വന്തം മുടിയിൽ പിടിച്ചു വലിക്കുകയും, നെറ്റിയിൽ ആഞ്ഞടിക്കുകയും ചെയ്തു. അതു കണ്ടതും ഉള്ളു പിടഞ്ഞതു പോലെ ആൽബർട്ട് അവളുടെ കൈയ്യിൽ പിടിച്ച് തടയാൻ ശ്രമിച്ചു. 

            

             പെട്ടെന്ന്, കലിരൂപം പൂണ്ടതു പോലെ ശ്രീബാല, ആൽബർട്ടിന്റെ കൈ തട്ടിയകറ്റി. അവളുടെ കണ്ണുകളിലെ രോഷം അയാളെ ഭയപ്പെടുത്തി. വിറക്കുന്ന ഉടലോടെ, ശമിക്കാത്ത അണപ്പോടെ അവൾ കൈ ആഞ്ഞു വീശി.


            പ്രതീക്ഷിക്കാതെയുള്ള പ്രതികരണത്തിൽ അന്ധാളിച്ചു പോയ ആൽബർട്ടിന്, കൈയിൽ നിന്നും തട്ടിത്തെറിക്കപ്പെട്ട ഫോട്ടോകളിലോ  മാഗസീനിലോ ഒന്നും തന്നെ പിടിമുറുക്കാനായില്ല. മുഖത്തേക്ക്  ചുകപ്പിന്റെ ധൂളീപടലങ്ങൾ പടർന്നു വീണപ്പോഴാണ് കുങ്കുമച്ചെപ്പിന്റെയും, അതിനുള്ളിൽ കരുതി വച്ചിരുന്ന മോതിരത്തിന്റെയും കാര്യമോർത്തത്. അയാളുടെ കണ്ണുകൾ വ്യഥാ  മൺപാതയിലേക്കും വഴിയോരത്തെ കുറ്റിക്കാട്ടിലേക്കും ചിതറി പാഞ്ഞു.


         ശ്രീബാലയുടെ സ്വരം ചിലമ്പിച്ചുണർന്നു ; "എനിക്കിവിടുന്നു പോണം, എല്ലാം മറക്കണം.. ഓർമ്മിക്കാനായി ഒന്നും വേണ്ട ഈ ശ്രീബാലയ്ക്ക്..ഒന്നും..." ശബ്ദവും ശ്വാസവും ഒരുപോലെ ആയാസത്തിലായപ്പോൾ  അവൾ കിതപ്പോടെ താങ്ങി നിൽക്കാനൊരിടം നോക്കി.


         മുന്നിൽ നിൽക്കുന്ന ആൽബർട്ടിന്റെ നെഞ്ചിലേക്ക്  കൈ അമർത്തി അവൾ തന്നെ ഒരാശ്വാസം കണ്ടെത്തി. ആൽബർട്ട് ഒരു തണൽ മരം കണക്കെ അനങ്ങാതെ നിലയുറപ്പിച്ചു. ശ്വാസോച്ഛ്വാസം സാധാരണ ഗതിയിലായപ്പോ, ശ്രീബാല കൈ അടർത്തി മാറ്റി തിരിഞ്ഞു നടന്നു. തളർന്ന ശരീരം വേച്ച് വേച്ചു, ഒന്നുമുരിയാടാതെ ..


          ആൽബർട്ട് മുഖമൊന്നുമർത്തി തുടച്ച് അവൾ നടന്നകലുന്നത് നോക്കി നിന്നു. കണ്ണിൽ നിന്നും ശ്രീബാല മറഞ്ഞതും അയാൾ  നിലത്തേക്ക് കുനിഞ്ഞു ചിതറി കിടക്കുന്ന ഫോട്ടോകൾ ഓരോന്നായി മണ്ണിൽ നിന്നും കുടഞ്ഞെടുത്തു. മാഗസീനും വീണ്ടെടുത്ത് കൊണ്ട്, ആൽബർട്ടിന്റെ കണ്ണുകൾ ചുറ്റിനും ഒരിക്കൽ കൂടി പരതി. ഒഴിഞ്ഞ കുങ്കുമച്ചെപ്പ് കണ്ണിൽ തടഞ്ഞപ്പോൾ വേദന കലർന്ന ഒരു നിശ്വാസം അയാളിൽ നിന്ന് മൂകമായ് ഉണർന്നു.


                                       🔸


            ലൈലയുടെ മടിയിൽ മുഖമമർത്തി ഒരു കുഞ്ഞിനെപ്പോലെ ശ്രീബാല  ഏങ്ങലടിച്ചു കരഞ്ഞു. അവളെ ആശ്വസിപ്പിക്കാനോ കുറ്റപ്പെടുത്താനോ മുതിരാതെ ലൈല മൗനം പാലിച്ചു. എന്നാലവരുടെ വിരലുകൾ, അവളുടെ മുടിയിഴകളെ തഴുകി തലോടിക്കൊണ്ടിരുന്നു. ഒരമ്മയുടെ സ്നേഹവായ്പ്പോടെ.


         "സ്വപ്നം കാണുന്നതിനും,  ഇഷ്ടപ്പെടുന്നതിനും,  ആഗ്രഹിക്കുന്നതിനും, ഒരതിരുണ്ടെന്നും..അർഹതയുണ്ടെന്നും, മനസിലാക്കാൻ ഒരാൾ വേണ്ടി വന്നു ജീവിതത്തിൽ......"

          ഇടയ്ക്കിടെ ഓരോന്ന് പുലമ്പി ശ്രീബാല അവരുടെ മടിത്തട്ടിൽ തന്റെ വേദനയുടെ ഈറൻ ചാലൊഴുക്കി.

           "ലൈലാക്ക പറഞ്ഞതു ശരിയാ നമ്മൾ സാധാരണ സ്ത്രീകൾ അല്ല. വികാരത്തോടെയല്ല, വിവേകത്തോടെ വേണം നമ്മൾ ചിന്തിക്കാൻ... ഇല്ലെങ്കിൽ...

            കാഞ്ചന ഭാഗ്യം ചെയ്തവളാ അല്ലേ ലൈലാക്കാ....

            മരിക്കാൻ എനിക്കു പേടിയാ... അതിനു കഴിയുമായിരുന്നെങ്കിൽ എന്നേ..

             ചിലപ്പോ.. ഒരുപക്ഷേ, അരവാന്റെ വധുവാകാൻ വന്നവൾ, മറ്റൊരാളെ ഇഷ്ടപ്പെട്ടത് അരവാന് സഹിച്ചിട്ടുണ്ടാകില്ല അല്ലേ... "


           അങ്ങനെ എത്ര നേരം കടന്നു പോയെന്ന് ലൈല അറിഞ്ഞില്ല. പുറത്ത് ഉത്സവത്തിന്റെ സന്തോഷാരവം മുഴങ്ങി കേൾക്കുന്നുണ്ട്. കൂവാഗം ഉറങ്ങുകയില്ല, അരവാന്റെ ഉത്സവനാൾ തീരുന്നതു വരെ.


           കാഞ്ചനയുടെ മരണത്തിനോടുള്ള അഞ്ജലിയായി ഇക്കൊല്ലം ഉത്സവത്തിൽ പങ്കുകൊള്ളില്ലെന്ന് ലൈല മുന്നേ കൂട്ടി തീരുമാനിച്ചതാണ്. അതുകൊണ്ട് തന്നെ, കൂവാഗത്തെത്തിയിട്ടും പുറത്തേക്കിറങ്ങാതെവീടിനുള്ളിൽ തന്നെ കഴിയുകയായിരുന്നു.


        പക്ഷേ, ഈ യാത്രയിൽ  ഒപ്പം കൂടിയത് ശ്രീബാലയ്ക്കു വേണ്ടി മാത്രമായിരുന്നു. അവളെ തനിച്ചു വിടാൻ മനസ്സ് തയ്യാറാകാതിരുന്നത് എത്രയോ നന്നായെന്ന് ഇതിനോടകം ഒരായിരം തവണ ലൈല അത്ഭുതത്തോടെ മനസ്സിലോർത്തു. തനിച്ചായിരുന്നെങ്കിൽ അവളുടെ മനോനില എന്താകുമായിരുന്നു... ' ആലോചിച്ചപ്പോൾ തന്നെ ലൈലയ്ക്കു ആധിയായി.


          മണിക്കൂറുകൾ കഴിഞ്ഞപ്പോഴാണ് സ്വബോധം വീണ്ടെടുത്തതു പോലെ ശ്രീബാല  തല ഉയർത്തിയത്.


          "നമുക്കിവിടുന്ന് പോകാം ലൈലാക്കാ..." അവളുടെ സ്വരത്തിൽ അപേക്ഷ കലർന്നിരുന്നു.


             "മ്മ്... പോകാം " ലൈലയുടെ മറുപടി വിളംബമില്ലാതെ വന്നു "നേരം വെളുക്കട്ടെ "


              നേർത്ത പുഞ്ചിരിയോടെ ശ്രീബാല അവരുടെ മടിയിലേക്ക് ഒന്നുകൂടി ചുരുണ്ടു.


                                      🔸


               പുലർച്ചെ തന്നെ കൂവാഗത്തോട് യാത്ര പറഞ്ഞ് ഇരുവരും സിറ്റിയിലേക്കുള്ള ബസ്സിൽ സ്ഥാനമുറപ്പിച്ചു.


            കൂത്താണ്ടർ കോവിലിൽ അവസാനമായി ഒരിക്കൽ കൂടി പോകണമെന്ന് മോഹമുണ്ടായിരുന്നെങ്കിലും, സ്വയം അത് അവഗണിക്കാൻ തന്നെ  ശ്രീബാല നിശ്ചയിച്ചിരുന്നു. എത്ര ശ്രമിച്ചിട്ടും മാറാതെ  ഉള്ളിന്റെയുള്ളിൽ  അരവാനോട് ചെറിയൊരു പരിഭവം നിറഞ്ഞു നിൽക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ഒരു പ്രതിഷേധം കണക്കെ അരവാന് മുഖം കൊടുക്കേണ്ടെന്നു അവൾ  ഉറച്ച തീരുമാനം തന്നെ എടുത്തു.


                ആളൊഴിഞ്ഞ ബസ്സിനുള്ളിൽ ചൂടുകാറ്റ്  ഒരു തടസ്സവുമില്ലാതെ സ്വൈര്യവിഹാരം നടത്തി. നേരം ശരിക്കുമൊന്നു പുലരാൻ ഇനിയും മണിക്കൂറുകൾ ശേഷിക്കെ പൊള്ളുന്ന ചൂട് ശരീരത്തെ വിയർപ്പിൽ മുക്കി.

 

                 ചൂടിനേക്കാൾ കഠിനമായി ശ്രീബാലയ്ക്കു അസഹനീയമായി തോന്നിയത്, കൊല്ലുന്ന നിശബ്ദതയായിരുന്നു. കടിഞ്ഞാണില്ലാത്ത ഓർമ്മകളിലേക്ക് മനസ്സിനെ വലിച്ചിടാൻ കെൽപ്പുള്ള നിശബ്ദത. കാഞ്ചനയുടെ അഭാവത്തെ ഓർമിപ്പിച്ചു ആ മൂകത.


              ലൈലയുടെ നോട്ടം ശ്രീബാലയുടെ കൈത്തണ്ടയിലേക്ക് പാളി വീണു. തീച്ചൂടിൽ കരിഞ്ഞ പാട് വീണ കൈത്തണ്ട, മനസ്സിൽ കോറിവീണ മായാത്ത മുറിവിന്റെ  ഒരു നേർ ചിത്രമാണെന്ന് ലൈലയ്ക്കു തോന്നി. സഹാനുഭൂതിയോടെ അവർ അവളുടെ കൈയിൽ മുറുകെ പിടിച്ചു.             


              ശ്രീബാല ലൈലയുടെ മുഖത്തേക്ക് നോക്കി. അവരുടെ ചുണ്ടിൽ അവൾക്കായ്  ഒരു ചിരി വിരിഞ്ഞു. മറു പുഞ്ചിരിയിലൂടെ അവളത് ഹാർദ്ദവമായി സ്വീകരിച്ചു.


               ബസ്സിനുള്ളിലേക്ക് ഡ്രൈവർ കയറിയതും, കൂവാഗത്തു നിന്നും യാത്ര പുറപ്പെടാനുള്ള  മണി മുഴങ്ങി. നിശ്വാസത്തോടെ ശ്രീബാല പുറത്തേക്ക് നോട്ടമയച്ചു. സുന്ദരിമാരുടെ വർണ്ണം വിരിഞ്ഞ  കൂവാഗം. യാത്രയാവുകയാണ്, അരവാന്റെ മണ്ണിൽ നിന്നും...


                  തല പിന്നിലേക്ക് ചായ്ച്ച് അവൾ കിടന്നു. ഓർമ്മകളൊക്കെയും ഇവിടെ ഉപേക്ഷിക്കപ്പെട്ടെങ്കിൽ...              

     

                 "എന്ന സാർ, നീങ്ക പേസറതേ മനുസ്സനുക്ക് പുരിയാത്... ഇതില ഉങ്കളുക്ക് പേച്ചേ കേടയാത്... നാനെന്ന സൊല്ലി എന്ന ഉങ്കള പുരിയ വെക്കുറത്... ഇല്ലേ നീങ്ക താൻ എന്ന സൊല്ലുറത്... കടവുളേ... "        


             കണ്ടക്ടറുടെ ശബ്ദം പിന്നിൽ നിന്നുമുയർന്നു. ശ്രീബാല തിരിഞ്ഞു നോക്കി.


             പ്രതീക്ഷിക്കാത്ത മുഖത്ത് ദൃഷ്ടി ഉടക്കിയപ്പോൾ, അവളുടെ കണ്ണുകൾ വിടർന്നു. പെട്ടെന്നവൾ തല തിരിച്ചു. എന്തിനെന്നറിയാതെ നെഞ്ചം പടപടാ മിടിച്ചപ്പോൾ ശ്രീബാല നെഞ്ചിൽ കൈ അമർത്തി. ഒരിക്കൽ കൂടി തിരിഞ്ഞു നോക്കാൻ ധൈര്യമില്ലാതെ കണ്ണുകളടച്ച് അവൾ പിന്നിലേക്ക് തല ചായ്ച്ചു.


          'തന്റെ മുഖം  ആ കണ്ണുകളിൽ പതിഞ്ഞിട്ടുണ്ടാകുമോ.. ' അവളാലോചിച്ചു.


           ഒന്നുകൂടി തിരിഞ്ഞു നോക്കാൻ തോന്നിയെങ്കിലും കണ്ണുകളിറുകെയടച്ച് ശ്രീബാല മനസ്സിനെ വിലക്കി.


                                     🔸

            എങ്ങനെയോ ടിക്കറ്റ് തരപ്പെടുത്തി ആൽബർട്ട് സീറ്റിലേക്ക് ചാരിയിരുന്നു.


            അയാളുടെ കണ്ണുകൾ ശ്രീബാലയിൽ തന്നെ നങ്കൂരമിട്ടു കിടന്നു. ശ്രീബാല തന്നെ കണ്ടതും, പെട്ടെന്ന് തിരിഞ്ഞിരുന്നതും ഒക്കെ,  മനസ്സിലാക്കിയിരുന്നെങ്കിലും ഒന്നും അറിയാത്തതായ് ഭാവിച്ച് ആൽബർട്ട് മന്ദഹസിച്ചു. പിന്നെ എന്തോ ഓർത്തെടുത്തതു പോലെ ഷർട്ടിനു മേലെ ഇട്ടിരുന്ന കോട്ടിന്റെ പോക്കറ്റിനുള്ളിലേക്ക് കൈയ്യിട്ടു.


           അറിയാതെ അവൾ  തട്ടിയെറിഞ്ഞ കുങ്കുമത്തിനും മോതിരത്തിനും പകരമായ് ഇത്തവണ അവൾക്ക് സമ്മാനിക്കാൻ അയാൾ കരുതി വച്ചിരിക്കുന്ന താലി പുറത്തേക്കെടുത്തു.  മഞ്ഞച്ചരടിലും അതിൽ കൊരുത്തിരുന്ന താലിയിലും ആൽബർട്ടിന്റെ വിരലുകൾ ഒഴുകി നടന്നു. 


               അവൾ പോകുന്നിടം വരെ പിറകെ ചെല്ലണം. പിന്നെ,  ഇത് സമ്മാനിക്കണം. നിരസിച്ചില്ലെങ്കിൽ, പിന്നീടുള്ള യാത്ര പിന്നാലെയാക്കാതെ കൂടെയാക്കണം. നെടുനിശ്വാസത്തോടെ ആൽബർട്ട് താലി തിരികെ പോക്കറ്റിനുള്ളിലേക്ക് വച്ചു.


                                      🔸

                പുറത്ത് അപ്രതീക്ഷിതമായി ചാറിയ മഴയുടെ ഈറൻ കൈകൾ ശ്രീബാലയുടെ ശരീരത്തെ  മാത്രമല്ല,  മനസ്സിനെയും കുളിരണിയിപ്പിച്ചു. അരവാന്റെ ആശീർവാദം തന്നെ തേടി വന്നതു പോലെ അവൾക്കു തോന്നി.


          അവളെ തഴുകിയ കാറ്റ് ആൽബർട്ടിനെയും പുണർന്നു കൊണ്ട് കടന്നു പോയി. 


                         🔶🙏പൂർണ്ണം🙏🔶






2020 സെപ്റ്റംബർ 22, ചൊവ്വാഴ്ച

അറവാണി [ഭാഗം -1️⃣8️⃣]


©️ Copyright Protected

......................

           തിരിഞ്ഞു നടക്കാൻ തുടങ്ങവേ കിച്ചാമണിയുടെ ശബ്ദം വീണ്ടും കാതുകളിലെത്തി. ഇഴഞ്ഞു നീങ്ങി തന്നെ പരിക്കേൽപ്പിക്കുന്ന നിമിഷങ്ങളെ മനസ്സിൽ ശപിച്ചു കൊണ്ട് ശ്രീബാല തിരിഞ്ഞു നോക്കി.

         "ഒരു കാര്യം പറയാൻ വിട്ടു പോയി.. "

         ഇനിയുമെന്തെന്ന ഭാവത്തിൽ അവളയാളെ നോക്കി.

         "കഴിഞ്ഞ കൊല്ലം ബാലയെപ്പറ്റി തിരക്കി ഒരാൾ  എന്റെയടുത്ത് വന്നിരുന്നു.

            ഒരു വെള്ളക്കാരനാ... വിദേശി. ആള് ഊമയായിരുന്നു "

           ആൽബർട്ടിന്റെ മുഖം ശ്രീബാലയുടെ മുന്നിൽ തെളിഞ്ഞു.

            "മ്മ്.... " ഒരു മൂളൽ മാത്രം നൽകി  അവളതിനോട്‌ പ്രതികരിച്ചു.

             "ബാലേടെ കുറച്ചു ഫോട്ടോ അയാൾടെ കൈയിൽ ഉണ്ടായിരുന്നു. ഫോട്ടോ കാട്ടിയാ തിരക്കിയേ... ഉത്സവം തുടങ്ങിയ നാളു തൊട്ട് അവസാനിച്ച നാളു വരെ ദിനവും എന്നെ തേടി വന്ന് ഫോട്ടോ കാണിക്കുമായിരുന്നു. ഒന്നും അറിയാതെന്ന് പറയുമ്പോ,  സങ്കടപ്പെട്ട പോലെ പോകും...."
  
         ഒരു പ്രതികരണവുമില്ലാതെയുള്ള ശ്രീബാലയുടെ നിൽപ്പിൽ അമ്പരപ്പെട്ടു കൊണ്ടു കിച്ചാമണി തുടർന്നു ;

        "ഇക്കൊല്ലവും അയാൾ എന്നെ കാണാൻ വന്നു.. ഇന്ന് രാവിലെ കൂടി വന്നു. ഒരുവേള അയാൾക്ക് ബാലയോട്... " വാക്കുകൾ പാതി വഴിയിൽ മുറിച്ച് കിച്ചാമണി നിശബ്ദനായി.

          തന്റെ വാക്കുകളും  , വാക്കുകൾക്കിടയിൽ വന്ന നിശബ്ദതയും  ശ്രീബാലയിൽ ഒരു തരത്തിലുമുള്ള ഭാവമാറ്റവും സൃഷ്ടിച്ചില്ലെന്ന്  കിച്ചാമണിക്ക് മനസ്സിലായി. അവളുടെ മനസ്സും ചിന്തകളും മറ്റെങ്ങോ അലയാൻ വിട്ടതു പോലെയുണ്ട്.

        "ബാലാ....." കിച്ചാമണി സ്വരമല്പം ഉയർത്തി തന്നെ വിളിച്ചു. അയാൾ ഊഹിച്ചതു പോലെ തന്നെ, ഒരു സ്വപ്നത്തിൽ നിന്നെന്നെ പോലെ ശ്രീബാല ഞെട്ടിയുണർന്നു.

        "എന്താ ആലോചിക്കുന്നെ ? "

        "ങ്‌ഹേ.... മ്മ്.. ഞാൻ പോണു കിച്ചാമണി. നേരം വൈകി. ലൈലാക്ക കാത്തിരിക്കുന്നണ്ടാകും... ബൈ.... "

            കിച്ചാമണിയുടെ മറുപടിക്ക് കാത്തു നിൽക്കാതെ, തുടർന്നൊന്നും സംസാരിക്കാനോ കേൾക്കാനോ താല്പര്യമില്ലാത്തതു പോലെ ശ്രീബാല തിരിഞ്ഞു.

              പൂഴി മണലിൽ കാലുടക്കി വീഴാൻ പോയത് പെട്ടെന്നായിരുന്നു. ഇടറിയ പാദങ്ങൾ  മുന്നിലേക്ക് മടങ്ങിയതും കിച്ചാമണി പെട്ടന്നവളുടെ കൈയിൽ കടന്നു പിടിച്ചു.

                                      🔸

               കിച്ചാമണിയുടെ കൈപ്പിടിയിൽ  ഞെരുങ്ങി ഉടഞ്ഞ കുപ്പിവളകൾ ശ്രീബാലയുടെ കൈത്തണ്ടയിൽ പോറലേൽപ്പിച്ചെങ്കിലും, ഒരു വീഴ്ചയിൽ നിന്നും അവളെ താങ്ങി നിർത്തി. നേരെ നിന്നുകൊണ്ട് ശ്രീബാല കിച്ചാമണിയെ നോക്കി. അയാളുടെ ദൃഷ്ടി ആഴ്ന്നിരുന്നത്  അവളുടെ വെളുത്ത കൈത്തണ്ടയിലെ മുറിപ്പാടിലേക്കായിരുന്നു.

             ചോര പൊടിഞ്ഞ കൈത്തണ്ടയിൽ തെളിഞ്ഞ, ഞരമ്പുകൾക്കിടയിൽ തന്റെ പേര് പച്ച കുത്തിയിരിക്കുന്നത് കിച്ചാമണി വ്യക്തമായി കണ്ടു. അയാളുടെ ചുണ്ടുകൾ അത് മന്ത്രിച്ചപ്പോൾ ശ്രീബാല ശരവേഗത്തിൽ കൈ പിൻവലിച്ചു.

            "താങ്ക് യൂ..... " പതറിയ സ്വരത്തിൽ നന്ദി പറഞ്ഞൊപ്പിച്ച് അവൾ പെട്ടെന്ന് തിരിഞ്ഞു നടന്നു.

                                       🔸
       
            മുൻ പിൻ  നോക്കാതെ മുമ്പോട്ടു നടക്കവെ എന്തോ ഓർമയിൽ തികട്ടി വന്നത് പോലെ ആകാശത്തേക്ക് നോക്കി. കിച്ചാമണി യെ കാണാൻ പുറപ്പെട്ടപ്പോൾ ആശീർവാദം ചൊരിഞ്ഞു കൊണ്ട്  ഉദിച്ചു നിന്ന പൗർണമി ശോഭയുള്ള  നക്ഷത്രത്തെ മിഴികൾ തിരഞ്ഞു.

          മേഘക്കീറുകൾക്കിടയിലേക്ക് മറഞ്ഞു കൊണ്ടിരുന്ന താരകത്തെ കണ്ടെത്തിയപ്പോൾ, അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. അതു കാണാതിരിക്കാനെന്നവണ്ണം, ആ നക്ഷത്രത്തെ മറച്ചു കൊണ്ട് കാർമേഘം തിരശ്ശീലയിട്ടു. കണ്ണുകൾ താഴ്ത്തി മുഖം കുനിച്ച് ശ്രീബാല നടന്നു നീങ്ങി.

            നടന്നു നീങ്ങുന്ന ശ്രീബാലയിൽ മാത്രം ദൃഷ്ടി പതിപ്പിച്ച് കിച്ചാമണി നിന്നു. അവളുടെ ഭാവവും പെരുമാറ്റവും മാത്രമല്ല, കൈത്തണ്ടയിൽ പച്ചകുത്തി തെളിഞ്ഞിരുന്ന സ്വന്തം പേരും അയാളെ ചിന്താക്കുഴപ്പത്തിലാക്കിയിരുന്നു. മനസ്സിനുള്ളിൽ എവിടെയോ ഒരു നൊമ്പരം കൊളുത്തി വലിക്കുന്നതായ് കിച്ചാമണിക്ക് തോന്നി.

             നോക്കി നിൽക്കവേ അവളുടെ ചുവടുകൾ ഒരിടത്ത് നിലയുറപ്പിച്ചു. കിച്ചാമണി കണ്ണുകൾ കൂർപ്പിച്ചു.

             ഒരുനാൾ മാത്രം ആയുസ്സുള്ള മംഗല്യത്തിന്റെ  ഉപേക്ഷിക്കപ്പെടുന്ന താലിച്ചരടുകൾ,  കാലാകാലങ്ങളായ് ഏറ്റുവാങ്ങുന്ന മരത്തിനു മുന്നിൽ ശ്രീബാല നിശ്ചലയായി. ഇലകൾ പൊഴിഞ്ഞ മരത്തിൽ തൂങ്ങിയാടുന്ന വർണ്ണ ബൾബുകൾക്കിടയിൽ അവളെന്തോ കൊരുത്തിട്ടു. പിന്നെ, ഒരു ഞൊടിനേരം മരത്തിന്റെ നിഴലിനോട് അഭയം പ്രാപിച്ച ശേഷം അവൾ നടന്നകന്നു.

                കണ്ണിൽ നിന്നും ശ്രീബാല മറഞ്ഞതും കിച്ചാമണി മരത്തിനെ ലക്ഷ്യം വച്ചു നടന്നു. അയാളുടെ കാലുകൾ ദ്രുതഗതിയിലായിരുന്നു, ശ്വാസം പോലും അനിയന്ത്രിതമായി ഉയർന്നു താണു.  എന്നാൽ പെട്ടെന്ന് ആരോ തടയിട്ടതു പോലെ കിച്ചാമണി നിന്നു. മരത്തിനരികിൽ പ്രതീക്ഷിക്കാതെ മറ്റൊരു സാന്നിധ്യം  കിച്ചാമണി കണ്ടു. ആ രൂപം മുന്നോട്ടുള്ള അയാളുടെ ചലനത്തെ വിലക്കി.

                                   🔸

               ഇക്കൊല്ലത്തെ ആദ്യ താലി ഉത്സവത്തിനു മുമ്പേ സ്വീകരിച്ച്,  കൂവാഗത്തിന്റെ നിശ്വാസമുതിർത്ത ചൂടുകാറ്റേറ്റ് മരം ചില്ലയൊന്നുലച്ചു. കാറ്റിലാടിയ മഞ്ഞച്ചരടിൽ കോർത്തിരുന്ന  താലിയിൽ പൂശിയിരുന്ന കുങ്കുമം ആൽബർട്ട് തൊട്ടു നോക്കി. പിന്നെ, തല ഉയർത്തി ശ്രീബാല നടന്നു നീങ്ങിയ വഴിയിലെ തിരക്കിലേക്ക് നോട്ടമയച്ചു. അറവാണികളാകാൻ വന്ന സുന്ദരിമാരുടെ ചിരിക്കുന്ന മുഖങ്ങൾ മാത്രം മുന്നിൽ.

                                     🔶

                                                       (തുടരും)

✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️

🙂 "അടുത്ത ഭാഗത്തിൽ കഥ പൂർണ്ണമാകുന്നതാണ്. ഇതുവരെയുള്ള അഭിപ്രായങ്ങൾക്കും പിന്തുണയ്ക്കും വളരെ നന്ദി..."🙏

✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️



2020 സെപ്റ്റംബർ 20, ഞായറാഴ്‌ച

അറവാണി [ഭാഗം -1️⃣7️⃣]


©️ Copyright Protected

.......................

           ശ്രീബാലയുടെ ചുണ്ടിലെ പുഞ്ചിരി, ഹൃദയം നിറഞ്ഞ ആഹ്ലാദത്തിന്റേതായിരുന്നു. അവളുടെ കണ്ണുകളിലും ആ ആനന്ദം വിടർന്നു.

           കിച്ചാമണിയുടെ മുഖത്തപ്പോൾ അമ്പരപ്പായിരുന്നു. പ്രതീക്ഷിക്കാത്ത ഒരാളെ കണ്ടപ്പോഴുള്ള ആശ്ചര്യം. പിന്നെ മെല്ലെ അയാൾ ചിരിച്ചു.

           "ശ്രീബാല.... താൻ...!!"

       എന്തു പറയണമെന്നറിയാതെ ഒരു ചിരിയോടെ അവൾ നിന്നു.

             "താൻ വരുമെന്ന് ഞാൻ കരുതിയതേയില്ല. പോന്ന കൊല്ലം ബാല വന്നില്ലല്ലോ. അപ്പോ ഞാൻ കരുതി, ഇനി ഇങ്ങോട്ട് വരില്ല എന്ന്...."

         'എനിക്ക് വരാതിരിക്കാൻ കഴിയില്ലല്ലോ കിച്ചാ....' ശ്രീബാല മനസ്സിൽ പറഞ്ഞു. 

             "അങ്ങനെ നെനക്കാനും കാരണമുണ്ട്. ബാലാ മാതിരി ഒരാൾക്ക് ഇവിടുത്തെ ആചാരങ്ങളും വിശ്വാസങ്ങളും ഒന്നും ചേരില്ലെന്നു തോന്നി. അതുകൊണ്ട് തന്നെ, ബാലയെ ഒരിക്കൽ കൂടി കാണൂന്ന് നെനക്കവേയില്ല.... "

           കിച്ചാമണിയുടെ സംസാരത്തിൽ  മറഞ്ഞും തെളിഞ്ഞും വന്ന തമിഴ്ച്ചുവ ആസ്വദിച്ചു നിൽക്കവേയാണ് തന്റെ സാരിത്തുമ്പിൽ എന്തോ ഒന്ന് പിടിച്ചു വലിക്കുന്നതായ് ശ്രീബാല ശ്രദ്ധിച്ചത്. അവൾ നിലത്തേക്ക് നോക്കി.

            ഇടതു കൈയിൽ ഒതുക്കി പിടിച്ച പമ്പരത്തോടൊപ്പം തന്റെ സാരിത്തുമ്പിൽ വലിച്ചു കളിയ്ക്കുന്ന പെൺകുഞ്ഞിൽ അപ്പോഴാണവളുടെ നോട്ടം പതിഞ്ഞത്.

             കിച്ചാമണി കുനിഞ്ഞവളെ കൈയിലെടുത്തു. പിന്നെ ശ്രീബാലയുടെ നേർക്ക് നോക്കി ;

             "ബാലാ എന്താ ഒന്നും മിണ്ടാത്തേ...? "

             "അത്..  കിച്ചാമണിക്ക് സുഖമാണോ..?" എന്തു പറയണമെന്നറിയാത്തതു പോലെ അവൾ ചോദിച്ചു.

              "ഉം.....റൊമ്പ..... " അയാൾ ചിരിച്ചു,  "ബാലയെ വീണ്ടും കണ്ടത് നന്നായി. ഒരു വിരുന്ന് തരണം എന്ന ആശയുണ്ടായിരുന്നു.. "

             "എന്തിന് !!? "

             "ഹാ, ആ വിശേഷം പറഞ്ഞില്ല അല്ലേ..
ദോ ഇത് ഏൻ പൊണ്ണ്.... പേര് ശ്രീബാല " കിച്ചാമണി കൈയിലിരുന്ന കുട്ടിയെ ഒന്നുകൂടെ ചേർത്തു പിടിച്ചു.

             അയാൾ പറഞ്ഞത് മനസ്സിലാകാതെ ശ്രീബാല നെറ്റി ചുളിച്ചു.

             "അയ്യോ ബാലാ, ഇപ്പോ തമിഴ് ആണ് അധികം നാവില്.. പക്ഷേ, മലയാളം മറന്നിട്ടുമില്ല. ഞാൻ പറഞ്ഞത് ഇതെന്റെ മകളാണെന്നാ.. "

             കിച്ചാമണി പറഞ്ഞത് വീണ്ടും മനസ്സിലാകാത്തതു പോലെ ശ്രീബാല കണ്ണും കാതും കൂർപ്പിച്ചു.

            "എന്റെ ജീവിതത്തിലെ ആദ്യത്തെയും അവസാനത്തേയും അറവാണി ബാലയാണ്. താൻ ശരിക്കും വല്യ ഭാഗ്യം ആണ് എനിക്കു തന്നത്..

              അന്നൊന്ന് യാത്ര പോലും പറയാതെ പിരിയേണ്ടി വന്നപ്പോ സങ്കടം തോന്നി. ഒരു കൂട്ടുകാരനെ പാമ്പ് കൊത്തി, അതാ എനിക്ക്  ബാലയോട് ഒരു വാക്ക് പോലും പറയാതെ പോകേണ്ടി വന്നത് "

             "ഞാനറിഞ്ഞിരുന്നു.. " ശ്രീബാലയുടെ സ്വരം നേർത്തുയർന്നു.

              "ഉം.... അന്ന് ഉച്ചയ്ക്കാ തിരിച്ചു വന്നേ. വീട്ടില്  ചെന്നപ്പോ അവിടെ മാമനിരിക്കുന്നു. അമ്മേടെ അണ്ണൻ. ബാലയോട് പറഞ്ഞിട്ടില്ലേ അമ്മാ അപ്പാ കല്യാണക്കഥ..

              അപ്പാ മരിച്ച് ഞങ്ങള് ഇങ്ങ് വന്നിട്ടും,  അമ്മയോട് ക്ഷമിക്കാനോ ഒന്നു കാണാനോ വരാതിരുന്ന മാമൻ അന്ന് വീട്ടില് വന്നത് പാട്ടിക്ക് വേണ്ടിയായിരുന്നു. അമ്മയുടെ അമ്മ... പാട്ടി സുഖമില്ലാതെ കിടപ്പിലായിരുന്നു.  അപ്പോഴാ മകളെ കാണണോന്ന് ആശ വന്നത്.

             പാട്ടിക്ക് വേണ്ടിയാണേലും മാമൻ വീട്ടിൽ വന്ന് ഞങ്ങളെ വിളിച്ചു. അങ്ങനെ അമ്മയ്ക്ക് വീണ്ടും പിറന്ന വീട്ടിൽ കാലു കുത്താൻ പറ്റി.

             പാട്ടിയുടെ ആശയിലാ  മാമന്റെ മോളെ എനിക്ക് കല്യാണം കഴിച്ചു ചെയ്തു തരാൻ തീരുമാനമായത് "

            കേൾക്കാൻ പാടില്ലാത്ത എന്തോ കേട്ടത് പോലെ ശ്രീബാലയുടെ ശരീരമൊന്ന് വിറച്ചു. ശരീരമാസകലം തീ കോരിയിട്ടതു പോലെ അവൾ വിയർത്തു.

             കിച്ചാമണി തന്റെ കഥ  പറഞ്ഞു കേൾപ്പിക്കുന്ന ആവേശത്തിൽ തുടർന്നു ;

             "ഒരു മാസത്തിലേ കല്യാണം നടന്നു. മാമാ മകളാണേലും ശരിക്കുമൊന്ന് കണ്ടതൊക്കെ തന്നെ കല്യാണനാളിലാ.

            ചെമ്പകം'ന്നാ അവൾടെ പേര്. പത്തൊമ്പത് വയസ്സേ ഉള്ളൂ കല്യാണം നടക്കുമ്പോ. ഒരു അപ്പാവി... ഞാനെന്നാ ഉയിർ... എനിക്കും..... " കിച്ചാമണിയുടെ സ്വരം ആർദ്രമായി.

             ശ്രീബാലയുടെ കണ്ണുകൾ അയാളുടെ മുഖത്തു നിന്നും വഴുതിയകന്നു.

             "അമ്മയ്ക്കായിരുന്നു സന്തോഷമെല്ലാം. സ്വന്തബന്ധമെല്ലാം തിരിച്ചു കിട്ടിയതിന്റെ സന്തോഷം. അമ്മാ എപ്പോഴും പറയും എന്റെ അറവാണിയായ് വന്ന പെണ്ണിന്റെ ഭാഗ്യമാ എല്ലാമെന്ന്.

             ചെമ്പകം ഗർഭമായപ്പോഴേ തീരുമാനിച്ചതാ പിറക്കുന്നത് പെൺകുഞ്ഞാണേൽ തന്റെ പേര് തന്നെ ഇടണോന്ന്. അരവാന്റെ ആശീർവാദം കൊണ്ട്  അങ്ങനെ തന്നെ നടന്നു. അമ്മയ്ക്കും ചെമ്പകത്തിനും മുഴു സമ്മതമായിരുന്നു. ഭാഗ്യം കൊണ്ടു തന്ന ആളിന്റെ പേരല്ലേ...

            പക്ഷേ, ഞാനത് കൊണ്ടു മാത്രമല്ല ബാലയുടെ പേര് തെരഞ്ഞെടുത്തേ. എന്റെ ജീവിതത്തിൽ ആദ്യമായ് കടന്നു വന്ന പെൺ.. '- നാവിൽ വന്നത് മുഴുമിപ്പിക്കാതെ കിച്ചാമണി തിരുത്തി ; -
                    "മ്മ്.. അറവാണിയല്ലേ... അവസാനത്തേയും. പിന്നെ, ഒരു സുഹൃത്തിന്റെ ഓർമ പോലെയും ആകട്ടേന്നു കരുതി.

             കിച്ചാമണി നിറഞ്ഞ ചിരിയോടെ ശ്രീബാലയെ നോക്കി. അവളുടെ മുഖത്തെ പരവേശം അപ്പോഴാണയാൾ ശ്രദ്ധിച്ചത്.

            "എന്താ ബാലാ എന്തുപറ്റി... എന്താ ഒന്നും മിണ്ടാതെ നിൽക്കുന്നേ ? "

             "ലൈലാക്ക കാത്തിരിക്കയാ... " നാവിലപ്പോൾ വന്നത് അവൾ പറഞ്ഞൊപ്പിച്ചു ; " പോട്ടെ.... പോണം. ഇപ്പൊ വരാന്ന് പറഞ്ഞ് ഇറങ്ങിയതാ " ശ്രീബാലയുടെ ശബ്ദമിടറി.

                 കറുത്ത് മെലിഞ്ഞ ഒരു പെൺകുട്ടി അവർക്കരികിലേക്ക് നടന്നു വന്നു. അവൾ കിച്ചാമണിയുടെ കൈയിൽ നിന്നും കുട്ടിയെ വാങ്ങി. പിന്നെ ശ്രീബാലയെ നോക്കി ചിരിച്ചു.

             "ബാലാ ഇതാ ചെമ്പകം.. " കിച്ചാമണി പരിചയപ്പെടുത്തി.

          വേഷം സാരിയാണെങ്കിലും, ഒരു കൊച്ചു പെൺകുട്ടിയാണ് മുന്നിൽ നിൽക്കുന്നതെന്ന് ശ്രീബാലയ്ക്ക് തോന്നി. കുങ്കുമം നെടുങ്കനെ ചാർത്തിയ സിന്ദൂരരേഖയും, ചുമന്നകൽ മൂക്കുത്തിയും,  പല നിറത്തിലുള്ള പൂക്കൾ കൊണ്ടലങ്കരിച്ച കേശവും....'

            ചെമ്പകത്തിന്റെ അലങ്കാരത്തിലൂടെ കണ്ണൊന്നു പായിച്ച ശ്രീബാല അവളുടെ കഴുത്തിൽ തന്റെ നോട്ടമവസാനിപ്പിച്ചു. കഴുത്തിനോട്‌ ഒട്ടിക്കിടക്കുന്ന മഞ്ഞച്ചരടിന് അവളുടെ കറുപ്പു നിറവും ഇഴ ചേർത്ത് അഴക് ചാലിച്ചത് പോലെ. ശ്രീബാലയുടെ കണ്ണിൽ നീർ പൊടിഞ്ഞു.

          ചെമ്പകം ഭർത്താവിന്റെ അരികിലേക്ക് നീങ്ങി ചെവിയിൽ എന്തോ പറഞ്ഞു. അവരുടെ നോട്ടമൊന്നു മാറിയ നേരം ശ്രീബാല പെട്ടെന്ന് തന്റെ കണ്ണുകൾ അമർത്തി തുടച്ചു. പിന്നെ, ഒരു യാത്രാമൊഴിയ്ക്കായി കിച്ചാമണിയെ നോക്കി.

              ഭാര്യ എന്തോ പറഞ്ഞതിന്റെ ഭാവമാറ്റം അപ്പോഴയാളുടെ മുഖത്ത് പ്രകടമായിരുന്നു. ഒരു വിഷമാവസ്ഥയിൽ എന്ന പോലെ കിച്ചാമണി, ശ്രീബാലയെ നോക്കി.

            "എന്താ കിച്ചാമണി..." അറിയാനുള്ള ആഗ്രഹമില്ലെങ്കിലും വെറുതെയെന്നോണം അവളന്വേഷിച്ചു.

             "അത് ബാലാ.. ചെമ്പകത്തിനൊരാഗ്രഹം. ഞങ്ങൾക്കിങ്ങനെയൊരു ജീവിതം കിട്ടിയത് ബാല എന്റെ അറവാണിയായ് വന്നതിന്റെ ഭാഗ്യം കൊണ്ടാണല്ലോ..

              ബാലയെ പോലുള്ളവരുടെ ആശീർവാദവും ഭാഗ്യം തരൂന്നാണല്ലോ. ഇവൾ പറയുന്നേ ബാല മോൾടെ തലേല് കൈവെച്ച് അനുഗ്രഹിച്ചാൽ കുഞ്ഞിന്റെ ഭാവി നല്ലതാകൂന്നാ. അന്ന് ബാലയും പറഞ്ഞിരുന്നില്ലേ നിങ്ങളെപ്പോലുള്ളവരുടെ ആശീർവാദം.... " കിച്ചാമണി വാക്കുകൾ പൂർത്തിയാക്കാതെ നിർത്തി.

            ശ്രീബാലയുടെ ചുണ്ടിന്റെ കോണിൽ തണുത്ത മന്ദഹാസം വിടർന്നു. കിച്ചാമണിയുടെ വാക്കുകൾക്ക് തുടർച്ചയെന്നോണം അവളുടെ സ്വരമുണർന്നു ;

             "ഹിജഡകളുടെ ആശീർവാദം നല്ലത് തന്നെയാണ്. വളരെ നല്ലത്. കിച്ചാമണിയുടെ കുഞ്ഞിനെ അനുഗ്രഹിക്കുന്നത് കൊണ്ട് ഭാഗ്യം കിട്ടിയത് എനിക്കാ... ഒരിക്കലും സ്വന്തം കുഞ്ഞിന്റെ തലയിൽ തൊട്ട് അനുഗ്രഹിക്കാൻ ഭാഗ്യമില്ലാത്ത എനിക്ക്, എന്റെ... എന്റെ ആദ്യത്തെയും അവസാനത്തേതുമായ അരവാന്റെ കുഞ്ഞിനെ  അനുഗ്രഹിക്കാൻ കഴിയുന്നത് ഭാഗ്യം തന്നെയാ....

             പിന്നെ, ഭാവി...അത് നല്ലതാക്കേണ്ടത് നിങ്ങളാണ്. പതിനെട്ടു വയസ്സിലേ ആരുടേയും ഭാര്യാ പദവി നേടി കൊടുക്കാതെ, നല്ലൊരു വിദ്യാഭ്യാസം മോൾക്ക് സമ്മാനിക്കാൻ ശ്രമിക്കണം. അതാണിവൾക്ക് വേണ്ടത്.." 

              കേട്ടതൊന്നും തലയിൽ കേറാത്ത ഭാവത്തിൽ ചെമ്പകം ഭർത്താവിനെ നോക്കി. കിച്ചാമണി ഗൗരവ ഭാവത്തിൽ തലയാട്ടുന്നുണ്ടായിരുന്നു.

             കൈത്തലമുയർത്തി കുഞ്ഞിന്റെ നെറുകയിൽ വയ്ക്കുമ്പോൾ തന്റെ കൈ വിറക്കുന്നത് ശ്രീബാല അറിഞ്ഞു. വീണുടഞ്ഞ സ്വപ്‌നങ്ങൾ പോലെ കുപ്പിവളകൾ കൈയിൽ കിടന്നു ചിലച്ചു.

                                  🔸

           "നാളെത്തന്നെയാക്കട്ടെ ബാലയ്ക്കുള്ള വിരുന്ന്  " കിച്ചാമണി പ്രതീക്ഷയോടെ ചോദിച്ചു.

           "ഇല്ല കിച്ചാമണി, ഞാൻ നാളെ പുലർച്ചെ മടങ്ങും. കഴിഞ്ഞ കൊല്ലം ഇവിടുത്തെ ഉത്സവനാളിലാ എന്റെയച്ഛൻ... എനിക്ക് പോണം. അച്ഛനു വേണ്ടി ബലിയിടണം.

           അരവാന്റെ ഉത്സവനാൾ പ്രിയപ്പെട്ട ഇഷ്ടങ്ങളുടെ,  നഷ്ടങ്ങൾ മാത്രം ഓർമിപ്പിക്കുന്ന ദിവസമാ എനിക്കിനി.

          ലൈലാക്ക പറയാറുണ്ട്, ഞങ്ങളുടെ വേദനകളും വികാരങ്ങളും മറ്റുള്ളവർക്ക് കാഴ്ചയ്ക്കുള്ള നേരമ്പോക്ക് മാത്രമായിരിക്കുമെന്ന്. എനിക്കിപ്പോ അത് മനസ്സിലാക്കാൻ കഴിയുന്നുണ്ട്.

          ഞാൻ പറഞ്ഞത്, അച്ഛനു വേണ്ടി എനിക്കന്ന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ഇനിയെങ്കിലും വേണം.

          എന്റെ ആശീർവാദം നിങ്ങളുടെ ബാലയ്ക്ക് നൽകിയല്ലേ. ഇനി വീട്ടിലേക്കില്ല. ഹിജഡകളുടെ പ്രാർത്ഥനയും നല്ലതായിരിക്കുമല്ലോ. ഞാൻ പ്രാർത്ഥിക്കാം എന്നും. കൂവാഗവും കൂത്താണ്ടർ കോവിലും അരവാനുമൊക്കെ എന്നുമെന്റെ മനസ്സിലുണ്ടാകും.

        പിന്നെ, കിച്ചാമണിയുടെ ശ്രീബാലയേയും ചെമ്പകത്തിനേം ഒന്നും.... ആരേം.. മറക്കില്ല. ഇനി ഇങ്ങോട്ടേക്കൊരു യാത്ര ഉണ്ടാകില്ല കിച്ചാമണി....ഒരിക്കലും "

          കിച്ചാമണിയുടെ കണ്ണുകൾ ആഴത്തിൽ ശ്രീബാലയിൽ പതിഞ്ഞിരുന്നു. അവൾ മുന്നോട്ട് വന്ന് ചെമ്പകത്തിന്റെ കൈയിലിരുന്ന കുഞ്ഞിന്റെ നെറ്റിയിൽ ചുംബിച്ചു. പിന്നെ ആർക്കും മുഖം കൊടുക്കാതെ തിരിഞ്ഞു.

                                    🔶

                                                           (തുടരും)



2020 സെപ്റ്റംബർ 18, വെള്ളിയാഴ്‌ച

അറവാണി [ഭാഗം-1️⃣6️⃣]


©️ Copyright Protected

................

            അച്ഛന്റെ മരണത്തിൽ നിന്നുള്ള നോവ്  കെട്ടടങ്ങും മുമ്പേ മറ്റൊരു തീരാനഷ്ടം കൂടി ഹൃദയത്തെ പൊള്ളിച്ചു.

        കൂട്ടത്തിലെ വായാടിയും ലൈലാക്ക കഴിഞ്ഞാൽ പിന്നെ, ഏറ്റവും അടുത്ത ആത്മബന്ധം എനിക്കു സമ്മാനിച്ച കാഞ്ചനയുടെ മരണം. അതൊരു ആത്മഹത്യ ആയിരുന്നിട്ടും, അങ്ങനെയൊരു തീരുമാനത്തിലേക്ക് അവളെ കൊണ്ടെത്തിച്ച സാഹചര്യമാണ് ഞങ്ങളെ കൂടുതൽ മുറിവേൽപ്പിച്ചത്.

        ഒരു എയ്ഡ്‌സ് രോഗ ബാധിതയായി കിടക്കയിൽ ജീവനൊടുങ്ങും മുമ്പേ,  സാരിത്തുമ്പിൽ അവൾ അവളുടെ ജീവിതത്തിന് അന്ത്യം കുരുക്കി.

        അമ്മയെ കാണണം.. ഒരു വാക്ക് സംസാരിക്കണം എന്ന അപേക്ഷയെ നിരസിച്ച്, ആക്ഷേപിച്ച് വീട്ടുകാരും നാട്ടുകാരും കല്ലെറിഞ്ഞ് ഓടിച്ചപ്പോൾ ചിരിച്ചു കൊണ്ട് ഞങ്ങൾക്കിടയിലേക്ക് നടന്നു വന്നവൾ,  അടുത്ത ദിവസം ഫാനിൽ തൂങ്ങിയാടുന്ന ഒരു ജീവച്ഛവമായി മാറിയിരുന്നു.

        എയ്ഡ്‌സ് എന്ന വ്യാഥിയുടെ ആധിയേക്കാളേറെ കഠിനമായിരുന്നു പെറ്റമ്മയുടെ അവഗണന അവൾക്കു നൽകിയത്. വീടിനുള്ളിൽ നിന്നും അവരൊന്നു പുറത്തു വന്നിരുന്നെങ്കിൽ....

           വന്നിരുന്നെങ്കിലും, അമ്മയെ കണ്ട നിർവൃതിയിൽ അവളതു തന്നെ ചെയ്യുമായിരുന്നു. ഇനി പ്രതീക്ഷകൾ ഒന്നുമില്ലാത്ത ജീവിതത്തിൽ അവൾക്കതു മാത്രമേ ചെയ്യാനാകുമായിരുന്നുള്ളൂ.... മരണശേഷം അവയവങ്ങൾ ദാനം ചെയ്യണമെന്നുണ്ടായിരുന്ന ആഗ്രഹം പോലും നിഷേധിക്കപ്പെട്ടു. ശരിക്കും കാഞ്ചന പരാജയപ്പെട്ടു. ജീവിതത്തിലും മരണത്തിനു ശേഷവും....

           ശ്രീബാലയുടെ കണ്ണുകൾ ചുമരിലൂടെ ഒന്നു സഞ്ചരിച്ചു. കാഞ്ചനയുടെ ആരാധ്യതാരങ്ങൾ... അവളുടെ അസാന്നിധ്യത്തിലും ചിരി മങ്ങാതെ ഓർമപ്പെടുത്തലായി അവശേഷിച്ചിരിക്കുന്നു .

         ആ നോവിന് ആറു മാസത്തിന്റെ പ്രായം. അച്ഛന്റെ വേർപാടിൽ എന്നോടൊപ്പം പങ്കുകൊണ്ട്, ലൈലാക്കയ്ക്കൊപ്പം കൂവാഗ യാത്ര വേണ്ടെന്നു വെച്ച് എനിക്ക് കൂട്ടിരുന്നവൾ. ആ സ്വാന്തനം ഒരോർമപ്പെടുത്തലായി മാറാൻ മാസങ്ങളേ വേണ്ടി വന്നുള്ളൂ.

          നഷ്ടങ്ങളൊക്കെ നഷ്ടങ്ങൾ തന്നെയാണ്. നികത്താനാവാത്ത വിടവുള്ള നഷ്ടങ്ങൾ.. ' ശ്രീബാലയുടെ മിഴികളിൽ നീർ പൊടിഞ്ഞു.

                                     🔹

        
          "ബാലാ... " ലൈലയുടെ സ്വരം ഓർമ്മകൾക്ക് കടിഞ്ഞാണിട്ടു.

       "എന്താ ഇത്ര വല്യ ആലോചന.. കൂവാഗത്തെക്കുറിച്ചാണോ ? അതോ.....

       പെട്ടെന്നാണവൾ കൂവാഗത്തേക്കുള്ള നാളത്തെ യാത്രയെക്കുറിച്ച് ഓർത്തത്. രണ്ടു വർഷത്തിനു ശേഷം വീണ്ടും കൂവാഗത്തേക്ക്. കിച്ചാമണിയുടെ അടുത്തേക്ക്..

       വീണ്ടുമൊരു ഉത്സവനാൾ കൂടി. എന്തൊക്കെ ഓർമ്മകളാണ് കൂവാഗം പങ്കിടുന്നത്. അരവാന്റെ മുന്നിൽ വച്ച് കഴുത്തിൽ താലിയേറിയ മുഹൂർത്തം...  കിച്ചാമണിയെ കണ്ടുമുട്ടിയത്... കിച്ചാമണിയ്ക്കൊപ്പം ചെലവഴിച്ച നിമിഷങ്ങൾ... ഇങ്ങനെ ഓർമ്മിക്കാനെന്നും ഇഷ്ടപ്പെടുന്ന കൂവാഗത്തിന്റെ ഓർമ്മകൾ..

       .... പക്ഷേ, ഇനി മുതൽ ആ ഉത്സവനാൾ നൊമ്പരപ്പെടുത്തുന്ന ചില ഓർമ്മകൾക്കും കൂടി സാക്ഷിയാണ്. അച്ഛന്റെ ചിതയ്ക്കു മുന്നിൽ ഒരന്യനെപ്പോലെ നിന്ന മകന്റെ വേദനകളും എരിഞ്ഞുണരുന്നത് ഇതേ ഉത്സവനാളിലാണ്.

        "ബാലാ.... " ലൈല വീണ്ടും ഉറക്കെ വിളിച്ചു.

        "മതി സ്വപ്നം കണ്ടത്. ഇനി അധികം വൈകാതെ കൂവാഗത്തെത്തും. പിന്നെ കിച്ചാമണിയെ കാണും.. വേറെന്താ വേണ്ടേ...

         അവൻ അറിയുന്നുണ്ടോ എന്തോ നീയിങ്ങനെ ഭ്രാന്ത് പിടിച്ചിരിക്കുവാണെന്ന്. കഴിഞ്ഞ കൊല്ലം ഉത്സവത്തിന് ഞാനും പോയില്ലല്ലോ, പോയിരുന്നേൽ അവനെ നേരിൽ കണ്ട് വിശേഷമൊക്കെ ചോദിക്കാമായിരുന്നു. പിന്നെ, നിന്റെ കാര്യങ്ങളൊക്കെ അറിയിക്കയും ചെയ്യാമായിരുന്നു." - ഒന്നു നിർത്തി ലൈല തുടർന്നു ;

       "ഇവിടുന്ന് പോയവരോട് ഒന്നും പറയാതിരുന്നത് അവർക്കു പറഞ്ഞു ചിരിക്കാൻ നീയൊരാളാകരുതെന്നു കരുതിയാ...

      എന്താ നോക്കുന്നെ, സത്യമാ പറഞ്ഞത്. മറ്റുള്ളവരെപ്പോലെ നമ്മുടെ കൂടെയുള്ളവർക്കു തന്നെ നിന്റെ  ഇഷ്ടവും ആഗ്രഹവും ചിന്തകളുമൊന്നും അംഗീകരിക്കാൻ കഴിഞ്ഞെന്നു വരില്ല. അവർ ചിരിച്ചു തള്ളുകയേ ഉള്ളൂ.

         ഞാനൊരഭിപ്രായം പറയട്ടെ ബാലാ..
നിന്റെയീ ഇഷ്ടം സാധ്യമാകാനുള്ള സാധ്യത ഒന്നും ഞാൻ കാണുന്നില്ല. കിച്ചാമണിയുടെ മനസ്സിലെന്താണെന്നും നമ്മൾക്കറിയില്ല...

        നീ വിവാഹത്തെയും വിവാഹജീവിതത്തെയും മോഹിക്കുന്നേൽ, ഒരിക്കലും നടക്കുമെന്ന് പ്രതീക്ഷയില്ലാത്ത ഈ ഇഷ്ടത്തെ ഉപേക്ഷിച്ച്.... ഒരു.... 'ഗേ'യെ കല്യാണം... കഴിക്കുന്നതായിരിക്കില്ലേ നല്ലത്..."

          ലൈലയ്ക്കു മുഖം കൊടുക്കാതെ എഴുന്നേറ്റ്  കിടക്കയ്ക്കരികിലേക്ക് നടന്നു കൊണ്ട്  ശ്രീബാല പറഞ്ഞു ; "കിടക്കാം ലൈലാക്ക. നേരം വൈകി.. " ചുമരിനഭിമുഖമായ് മുഖം തിരിച്ച് അവൾ കട്ടിലിലേക്ക്  ചാഞ്ഞു.

           തുടർന്നൊന്നും സംസാരിക്കേണ്ടെന്ന് ലൈലയ്ക്കും തോന്നി.

                                  🔸

             സേലത്തെത്തി ഒരു ഹോട്ടലിലേക്ക് ഭക്ഷണം കഴിക്കാൻ കയറിയപ്പോൾ ശ്രീബാല വഴിയരികിൽ,  പച്ചകുത്താനിരിക്കുന്ന ഒരു സ്ത്രീയ്ക്കരികിലേക്ക് പോകുന്നത് ലൈല ശ്രദ്ധിച്ചു. ഏറെ വൈകാതെ അവൾ മടങ്ങി വരികയും ചെയ്തു. ചുണ്ടിൽ നിറഞ്ഞ ചിരിയോടെ, പുതിയ ഉന്മേഷത്തോടെ അവൾ ലൈലയ്ക്കരികിൽ വന്നിരുന്നു. സന്തോഷത്തിന്റെ കാരണം തിരക്കാതെ തന്നെ അവർ അവളുടെ ചിരിയിൽ പങ്കുകൊണ്ടു.

            കൂവാഗത്തേക്കുള്ള യാത്ര വില്ലുപുരം പിന്നിട്ടപ്പോൾ, സൈഡ് ഗ്ലാസ്സ് നീക്കി ശ്രീബാല പുറം കാഴ്ചയിലേക്ക് നോട്ടമയച്ചു.

            രണ്ടു വർഷം മുമ്പ് കണ്ട അതേ കാഴ്ചകളാണ് വീണ്ടും കാണുന്നതെന്ന് അവൾക്കു തോന്നി.

            മൺപാതകൾക്കും ഉണങ്ങിക്കിടക്കുന്ന പാടങ്ങൾക്കും വീശിയടിക്കുന്ന ചൂടുകാറ്റിനും ഒന്നിനും മാറ്റമില്ലാത്തതു പോലെ... ഓർമ്മകളിലേക്ക് ഓരോ ചുവടും പിൻവച്ചു കൊണ്ട് അവൾ കണ്ണുകളടച്ചു.

           നിർത്താതെയുള്ള ചിരിയും സംസാരവും ഉച്ചത്തിലായപ്പോ മയക്കം വിട്ടുണർന്നു. വണ്ടി നിർത്തിയിട്ടിരിക്കുകയാണെന്ന് തിരിച്ചറിഞ്ഞതും ഒരുൾവിളിയോടെ പുറത്തേക്ക് നോക്കി.

            അകലെ ദീപപ്രഭ ചൊരിഞ്ഞു നിൽക്കുന്ന കൂത്താണ്ടർ കോവിലിലാണ് നോട്ടം പതിഞ്ഞത്. മേലാകെ കോരിത്തരിപ്പാർന്നതു  പോലെ, നിറഞ്ഞു തുളുമ്പിയ മിഴികളോടെ ശ്രീബാല വണ്ടിയ്ക്കുള്ളിൽ നിന്നും പുറത്തേക്കിറങ്ങി.

            ലൈല അവൾക്കരികിലേക്ക് നടന്നു ചെന്നു. അത്യാഹ്ലാദം കൊണ്ട്  വീർപ്പു മുട്ടിയ പോലെ ശ്രീബാല ലൈലയെ കെട്ടിപ്പിടിച്ചു. അവളുടെ സന്തോഷം ഈറനണിയിപ്പിച്ച കണ്ണുകൾ ലൈലയിൽ ഒരുൾഭയം ഉണർത്തി.

                                    🔸  

            കൂടണയാൻ പോകുന്ന കിളികൾ കോവിലിനെ തൊട്ടുരുമ്മിയെന്നവണ്ണം പറന്നു പോയി. അസ്തമിക്കാറായ സൂര്യന്റെ ശോഭ ശില്പഭംഗിയൊന്നുമില്ലാത്ത ക്ഷേത്രത്തിന് പുത്തൻ ചാരുത പകർന്നു നൽകി.

            കോവിലിന്റെ കെട്ടിട ഭാഗങ്ങളിൽ പതിഞ്ഞ സൂര്യപ്രകാശം  ശ്രീബാലയുടെ മുഖത്ത് ആത്മനിർവൃതിയുടെ കിരണമായി പ്രതിഫലിച്ചു.  അവൾ മുഖമുയർത്തി ആകാശത്തേക്ക് നോക്കി.

           സൂര്യനിനിയും യാത്ര പറഞ്ഞു പോയിട്ടില്ല. സന്ധ്യയെ സ്വന്തമാക്കാൻ നിലാവിന്റെ തേരിൽ ചന്ദ്രനും വന്നിട്ടില്ല. പക്ഷേ, പൗർണമിശോഭയോടെ ഒരു നക്ഷത്രം ഉദിച്ചു നിൽക്കുന്നുണ്ട്.

          വിടർന്ന മിഴികളോടെ അതിനെത്തന്നെ നോക്കി നിൽക്കവേ, എരിഞ്ഞു കത്തുന്ന ഒരു ചിതയും അച്ഛന്റെ മുഖവും അവളുടെ മുന്നിൽ തെളിഞ്ഞു. നോക്കി നോക്കി നിൽക്കവേ ആ താരകത്തിന് കൂടുതൽ തിളക്കം വയ്ക്കുന്നത് പോലെ... സ്നേഹം കനിഞ്ഞ്,  ആശീർവാദം പൊഴിക്കുന്നത് പോലെ... ശിരസ്സു നമിച്ചുകൊണ്ട് ശ്രീബാല മനസ്സാൽ അച്ഛനെ തൊഴുതു.

              ഇത്തവണ ഉത്സവത്തിനു രണ്ടു ദിവസം മുമ്പേ കൂവാഗത്തെത്തിയത്, എല്ലാം കണ്ട് ആസ്വദിച്ച് ആഘോഷമാക്കാൻ വേണ്ടി കൂടിയാണ്. പത്മിനിയും സംഘവും കച്ചവടനിരത്തിലേക്ക് ഇറങ്ങിക്കഴിഞ്ഞു.

             കുങ്കുമ നിറത്തിലുള്ള പട്ടുസാരിയണിഞ്ഞ് ശ്രീബാല വീടിനുള്ളിൽ നിന്നും പുറത്തേക്ക് വന്നതും ലൈല അടിമുടി അവളെ നോക്കി.

           "ഈ സാരിയല്ലേ അന്നും നീയുടുത്തേ !!

          മറുപടി ഒരു ചിരിയിലൊതുക്കി ശ്രീബാല മുഖം കുനിച്ചു. നാണത്താൽ അവളുടെ കവിളുകൾ ചുവന്നു തുടുക്കുന്നത് ലൈല കണ്ടു .

          "ഉത്സവത്തിന് ഇനിയും രണ്ടു നാളുണ്ട്. ഇക്കൊല്ലം നമ്മള് നേരത്തെയാ.... " ലൈല ഒരോർമപ്പെടുത്തൽ എന്ന പോലെ പറഞ്ഞു.

          "അറിയാം ലൈലാക്കാ... പിന്നെ, ഞാനൊന്ന് എല്ലാം ചുറ്റി കണ്ടിട്ടു വരാം...

           രക്ഷിതാവിനോട്‌ അനുമതി ചോദിക്കുകയെന്ന വണ്ണം അവൾ ലൈലയുടെ കൈയിൽ പിടിച്ചു.

         മറുപടിയായ് തലയൊന്നനക്കി ലൈല മുന്നറിയിപ്പ് നൽകി ; "സൂക്ഷിച്ച്..... "

        നിറഞ്ഞ ചിരിയോടെ ശരവേഗത്തിൽ തന്നെ ശ്രീബാല തിരക്കിലേക്ക് ഊളിയിട്ടു.

                                  🔸

       
           കൂത്താണ്ടർ കോവിലിനുള്ളിൽ അരവാനു മുന്നിൽ തൊഴുകൈകളോടെ ഏറെ നേരം നിന്നു. തിരക്കേറിത്തുടങ്ങിയപ്പോൾ പുറത്തേക്കിറങ്ങി.

           പരിചയം പുതുക്കുന്ന വർത്തമാനവും ചിരികളുമായി പലരും കടന്നു പോയി. വിശേഷങ്ങൾ കേട്ടും പറഞ്ഞും ശ്രീബാല നടന്നു.

          മറ്റു ചില കാഴ്ചകളിലേക്ക് നോട്ടമകറ്റിയപ്പോൾ , അരവാന്റെ ഉത്സവം കൂവാഗത്തെ ജനങ്ങളുടെയും മംഗല്യം കാത്തിരിക്കുന്ന തന്നെപ്പോലുള്ളവരുടെയും മാത്രം സ്വന്തമല്ലെന്ന് അവൾക്കു തോന്നി.

        സ്ത്രീ ജന്മത്തിൽ നിന്നും പുരുഷ ശരീരത്തിലേക്ക് ജീവിതം മാറ്റിയവരും, 'ഗേ' എന്ന മറ്റൊരു സത്യത്തിൽ ജീവിക്കുന്നവരും 
കൂത്താണ്ടർ കോവിലിലെ ഉത്സവത്തിന്റെ പങ്കാളികളാണ്. അരവാൻ എല്ലാവർക്കും നായകനായി മാറുകയാണ്.

         തിരക്കിനിടയിൽ സുന്ദരികളുടെ നേരേ ക്യാമറാക്കണ്ണുകൾ നീട്ടി നടക്കുന്ന ചില വിദേശികൾ അവളുടെ ശ്രദ്ധയിൽപ്പെട്ടു. അപ്പോഴാണ് രണ്ടു വർഷത്തിനുള്ളിൽ ആദ്യമായി അവൾ ആൽബർട്ടിനെ ഓർത്തത്.  അവളുടെ കണ്ണുകൾ മുന്നിൽ കണ്ട വെള്ളക്കാരിൽ ഒന്നു  പരതി. പരിചയമുള്ള ആ മുഖം,  കൂട്ടത്തിൽ ഉണ്ടോയെന്ന്.
  
            ആൽബർട്ടിനെ ഓർത്തപ്പോൾ കാഞ്ചനയെ ഓർമ വന്നു. തലയൊന്ന് കുടഞ്ഞു കൊണ്ട് അവൾ ആ ചിന്തകളെ ഉപേക്ഷിച്ചു,  ആൽബർട്ടിനെയും. 

            മനസ്സ് അസ്വസ്ഥമാകാൻ തുടങ്ങിയതായി ശ്രീബാലയ്ക്ക് തോന്നി. ഹൃദയവും കണ്ണുകളും തുടിക്കുന്നത് ഒരേയൊരു മുഖം കാണാനാണ്. പക്ഷേ അതുമാത്രം സംഭവിക്കുന്നില്ല. ഒരു തളർച്ച തന്നെ പൊതിയുന്നതായി അവൾക്ക് തോന്നി.

          പെട്ടെന്നാണ്, പ്രതീക്ഷിക്കാതെ ഒരു സ്വരം കാതിലൂടെ തുളച്ച് ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങിയത്.

           'ഏയ്... ബാലാ നില്ല്...... '

        ശ്രീബാല നിശ്ചലയായിപ്പോയ്.

          തനിക്കരികിലേക്ക് പാറി വന്ന ശബ്ദം.. അത് ആരുടേതെന്ന് തിരിച്ചറിയാൻ അവൾക്ക് ഒരു ഞൊടി പോലും ചിന്തിക്കേണ്ടി വന്നില്ല...

         ശ്രീബാല പെട്ടെന്ന് തിരിഞ്ഞു. അടുത്ത നിമിഷം അവളുടെ കാൽ ചുവട്ടിലേക്ക് എന്തോ ആഞ്ഞു വീണു.

          പക്ഷേ, മറ്റൊന്നിനെയും, മറ്റാരെയും ശ്രദ്ധിക്കുന്ന മന:സ്ഥിതിയിലായിരുന്നില്ല അവളുടെ മനസ്സ്.

         നേരിയ അണപ്പോടെ മുന്നിലേക്ക് ഓടിവന്നു നിന്ന കിച്ചാമണിയിൽ മാത്രമായ് അവളുടെ ലോകം ചുരുങ്ങി.

                                   🔶

                                                             (തുടരും)



   

           

2020 സെപ്റ്റംബർ 15, ചൊവ്വാഴ്ച

അറവാണി [ഭാഗം -1️⃣5️⃣]


©️ Copyright Protected

................

        നിമിഷങ്ങളുടെയും മണിക്കൂറുകളുടെയും യാത്ര കാറ്റിന്റെ വ്യത്യസ്ത ഭാവങ്ങൾ പോലെയാണ് ശ്രീബാലയ്ക്കനുഭവപ്പെട്ടത്.

       ചിലപ്പോഴൊക്കെ തണുത്തുറഞ്ഞ കാറ്റുപോലെ സുഖകരമായ്... മറ്റു ചിലപ്പോൾ അസ്വസ്ഥത പകരുന്ന ചൂടുകാറ്റു പോലെ.

        പക്ഷേ, അവളാഗ്രഹിച്ചത് കൊടുങ്കാറ്റ് പോലെ കടന്നു പോകുന്ന ദിവസങ്ങളെയാണ്. ഒടുവിൽ വന്നെത്തുന്ന കൂത്താണ്ടർ കോവിലിലെ ഉത്സവദിനം. കാത്തിരുപ്പും സ്വപ്‌നങ്ങളും സന്തോഷങ്ങളും ഇഷ്ടങ്ങളുമെല്ലാം പൂർത്തീകരിക്കുന്ന ദിവസം.

        കിച്ചാമണിയെ കാണാം അന്ന്. പറയാനേറെ വിശേഷങ്ങളുണ്ട്. വാതോരാതെ സംസാരിക്കുന്ന കിച്ചാമണിയോട് പറയാനായി മനസ്സിൽ കരുതി വച്ചിരിക്കുന്ന ഒത്തിരി കാര്യങ്ങൾ. രണ്ടു വർഷത്തെ വിശേഷങ്ങൾ....

          ചിന്തിച്ചാൽ  എന്തു വിശേഷമാണ് നടന്നത്... ഒന്നുമില്ല. വിശേഷണങ്ങളില്ലാത്ത രണ്ടു നഷ്ടം മാത്രം നടന്നു ജീവിതത്തിൽ.

         ഒന്ന്, കഴിഞ്ഞ വർഷം ഏറെ മോഹങ്ങളോടെ കാത്തിരുന്ന കൂത്താണ്ടർ കോവിലിലെ ഉത്സവനാളിൽ. പിന്നെ, ആറു മാസങ്ങൾക്കു മുമ്പും. രണ്ടും ജീവിതത്തെ ഞെട്ടിച്ചു കൊണ്ട് കടന്നു പോയി.

         നഷ്ടങ്ങളെയെല്ലാം മറവിയുടെ കാണാക്കയത്തിലേക്ക്  തള്ളിയിടണമെന്ന ലൈലാക്കയുടെ നിരന്തര ഉപദേശത്തെ മാനിച്ചു കൊണ്ടോ എന്തോ, ഒന്നും ഓർക്കാറില്ല ഇപ്പോ. ഓർമ്മിക്കാൻ ശ്രമിക്കാറുമില്ല.

        മനുഷ്യ സഹജമായ കഴിവു തന്നെയാണ്, ഓർമയിൽ എപ്പോഴും തികട്ടി വരുന്ന കാര്യങ്ങൾ പോലും മറന്നെന്നു കാണിക്കുന്ന ഭാവം. അത് തനിക്കും ചുറ്റുമുള്ളവർക്കും നല്ലതാണെങ്കിൽ തുടരുന്നതിലും ദോഷമില്ല. എങ്കിലും.. എപ്പോഴൊക്കെയോ.....

          കൂവാഗത്തേക്കുള്ള യാത്രയുടെ തയ്യാറെടുപ്പുകൾ ആരംഭിച്ചു തുടങ്ങുന്നതേയുണ്ടായിരുന്നുള്ളൂ. കാത്തിരുപ്പും മോഹങ്ങളും സ്വപ്നങ്ങളും മനസ്സിനെയും തലച്ചോറിനെയും മൂടി നിൽക്കവെ, ആ അനുഭൂതിയ്ക്കൊരു പുതിയ ഭാവം തന്നത് വല്യേട്ടന്റെ ഫോൺകോളാണ്. നാലു വർഷങ്ങൾക്കു ശേഷം, ആദ്യമായ്.... അപ്രതീക്ഷിതമായി. ഓർമ്മകളുടെ ഒരു വസന്തം തന്നെ ഞൊടിയിടയിൽ ചുറ്റിനും വിടർന്നതു പോലെ.

                                   🔹

          മുഖവുരയോടു കൂടിയാണ് ഏട്ടൻ സംസാരിച്ചു തുടങ്ങിയത്. എങ്ങനെ തുടങ്ങണമെന്നറിയാത്തതു കൊണ്ടെന്നെ പോലെ, സുഖവിവരമാരാഞ്ഞു ആദ്യം. ആ അന്വേഷണം തന്നെ സുഖകരമായിരുന്നില്ല. എന്റെ മറുപടിയ്‌ക്കിടയിലൂടെ മറ്റെന്തൊക്കെയോ പറയാൻ പാടുപെടുന്നതു പോലെ.

         വീട്ടിലെ വിശേഷങ്ങൾ ഒരൊതുക്കമില്ലാതെ പറഞ്ഞ കൂട്ടത്തിൽ, ഏട്ടന് ജനിച്ച മകന് അമ്മ നൽകിയ പേര് 'കിഷോർ' എന്നാണെന്നറിയിച്ചപ്പോൾ ആഹ്ലാദം ഹൃദയത്തെ കവർന്നുവെങ്കിലും, അതിനെ കവച്ചു കൊണ്ട് അന്ധാളിപ്പാണുണ്ടായത്. ഏട്ടന്മാരുടെ വിവാഹം കഴിഞ്ഞിരിക്കുന്നു. വല്യേട്ടന് ഒരു കുഞ്ഞും ജനിച്ചിരിക്കുന്നു. ഒന്നും ഞാനറിഞ്ഞിരുന്നില്ല.അറിയിച്ചിരുന്നില്ല, അമ്മ പോലും.

      നൊമ്പരം കണ്ണുകളെ തൊട്ടപ്പോൾ  കിച്ചാമണിയുടെ വാക്കുകളോർമ്മ വന്നു ; 'വ്യക്തികളില്ലെങ്കിലും പേരുകളവശേഷിക്കും, പ്രിയപ്പെട്ടവർക്കിടയിൽ.. ' ആ വാക്കുകളിൽ ആശ്വാസം കണ്ടെത്തി. അമ്മ മറന്നിട്ടില്ല. അയിത്തം ഞാനെന്ന വ്യക്തിയ്ക്കാണ്. എനിക്കു പ്രിയപ്പെട്ടവർക്കിടയിൽ.

       "അച്ഛന് നിന്നെ കാണണമെന്ന്.. " ഏട്ടന്റെ സ്വരം ഹൃദയത്തിലാണ് വന്നു തട്ടിയത്. മകൻ മരിച്ചെന്നു വിശ്വസിക്കുന്ന അച്ഛൻ വർഷങ്ങൾക്കു ശേഷം ആദ്യമായി കാണണമെന്ന് ആഗ്രഹിക്കുന്നു. സന്തോഷം വാനോളമെത്തിയ നിമിഷം.

        "വരുമല്ലോ അല്ലേ ?....' ഏട്ടന്റെ ശബ്ദം വീണ്ടും. "വരണം... ഒരുപക്ഷേ ആ കൂടിക്കാഴ്ച അവസാനത്തേതാകാം.. " ഏട്ടന്റെ സ്വരമൊന്നിടറി.

         ഹൃദയത്തിൽ എന്തോ കൊളുത്തിയ ഒരു വേദന അപ്പോളുരുവായി. ഒന്നൂഹിക്കാൻ കഴിഞ്ഞു. 'അച്ഛനാഗ്രഹിക്കുന്നു, അവസാനമായി ഒന്നു കാണാൻ..

          ഒരു വർഷത്തിനു ശേഷം കൂവാഗത്തേക്കുള്ള യാത്രയുടെ തയ്യാറെടുപ്പിലായിരുന്ന മനസ്സ്...കിച്ചാമണിയെ  കണ്ടുമുട്ടുന്ന നിമിഷം മാത്രം സ്വപ്നം കണ്ടുകൊണ്ടിരുന്ന മനസ്സ്... മരവിച്ച ചിന്തകളോടെ,  കേരളത്തിലേക്കോ കൂവാഗത്തേക്കോ എന്നു തർക്കിക്കാതെ പെട്ടെന്നു തന്നെ നാട്ടിലേക്കു തിരിക്കാൻ തീരുമാനിക്കുകയായിരുന്നു. ലൈലാക്കയ്ക്കും കാഞ്ചനയ്ക്കുമൊപ്പം.
       
                                   🔹

           ഓർമ്മിക്കാനേറെ ഓർമ്മകൾ നൽകിയ അച്ഛൻ.. ഇനി, എത്ര ശ്രമിച്ചാലും മറക്കാൻ കഴിയാത്ത ഓർമ പകുത്തു നൽകിയത് കത്തിയെരിഞ്ഞ ചിതയ്ക്കു മുന്നിൽ നിന്ന നിമിഷങ്ങളിലാണ്. മനസ്സ് കൈവെടിയാതെ സൂക്ഷിക്കുന്ന നിമിഷങ്ങൾ.

          അച്ഛനോട്‌ ഏറെ സംസാരിക്കാനായില്ല. അടുത്തിരുന്ന നിമിഷങ്ങൾ പകുതിയും മൗനമായിത്തന്നെ കടന്നു പോയി. ചില ഞൊടികളിൽ, അച്ഛനെന്തൊക്കെയോ സംസാരിച്ചു. ചോദിച്ചു. ഒന്നും പറയാനാകാതെ  ആ കൈകളിൽ പിടിച്ചിരിക്കാൻ മാത്രമേ അപ്പോൾ കഴിഞ്ഞുള്ളൂ. പിന്നെ എപ്പോഴോ ഉറങ്ങിപ്പോയി.

          അച്ഛന്റെ കൈയ്യിന്മേൽ തല ചായ്ച്ചുറങ്ങിയ മയക്കത്തിൽ നിന്നും വിളിച്ചുണർത്തിയത് അമ്മയുടെ ശബ്ദമാണ്. അച്ഛന്റെ നെഞ്ചിലേക്ക് അലമുറയോടെ വീണ അമ്മയുടെ നിലവിളി.

         വിശ്വസിക്കാൻ കഴിയുന്നതിനേക്കാളേറെ  അംഗീകരിക്കാനായിരുന്നു പ്രയാസം, 'അച്ഛനിനി ഇല്ലാ' എന്ന സത്യം. മരവിച്ച ശൂന്യതയായിരുന്നു മനസ്സിൽ.

           പുരുഷന്മാർ എന്ന സത്യത്തിന്റെ കീഴിൽ ചേട്ടന്മാർ ഈറൻ മിഴികളെ നിയന്ത്രണത്തിലാക്കി നിന്നപ്പോൾ, അമ്മയും പെങ്ങളും സ്ത്രീ എന്ന നിസ്സഹായയുടെ രൂപത്തിൽ പൊട്ടിക്കരയുന്നുണ്ടായിരുന്നു.

          എനിക്കും ഉറക്കെ കരയണമെന്ന് തോന്നി. വാത്സല്യച്ചൂടിനു പകരം മരവിച്ച തണുപ്പുണർന്ന നെഞ്ചിലേക്ക് തല ചായ്ച്ച് വേദനയുടെ കണ്ണീരുറവ തടസ്സമില്ലാതെ ഒഴുക്കണമെന്നുണ്ടായിരുന്നു. പക്ഷേ, ചുറ്റിനും കൂടി നിന്നവരുടെ കണ്ണുകൾ അതെന്നെ മാത്രം ലക്ഷ്യം വയ്ക്കുന്നതാണെന്ന് തോന്നിയപ്പോ,  ആ കണ്ണുകൾക്കായ് ഒരു കാഴ്ച സൃഷ്ടിക്കേണ്ടതില്ലെന്ന് മനസ്സ് പറഞ്ഞു.

          മകനെന്ന യാഥാർഥ്യം കുഴിച്ചു മൂടിക്കൊണ്ട്, അച്ഛന്റെ വേർപാടിൽ ഒന്നുറക്കെ കരയാൻ കഴിയാതെ, ചേട്ടന്മാർ അച്ഛന്റെ ചിതയിൽ തീ കൊളുത്തുന്നത് കണ്ടു നിൽക്കാൻ കഴിയുമായിരുന്നില്ല.

        അച്ഛന്റെ ആത്മശാന്തിക്കായ് ഒന്നും ചെയ്തില്ല. ഒരു കർമ്മത്തിലും പങ്കുകൊണ്ടില്ല.  ഉൾഭയമായിരുന്നു,  ബന്ധുക്കളുടെയും നാട്ടുകാരുടെയും നാവിൽ തട്ടിക്കളിക്കുന്ന ആണും പെണ്ണും കെട്ടവനായ മൂന്നാമത്തെ മകൻ അച്ഛന് മോക്ഷം നേടി കൊടുക്കില്ല എന്ന ഭയം.

        ഒരു സ്ത്രീയായ് പുതിയ ജന്മം സ്വയം സ്വീകരിച്ചിട്ടും ഉള്ളിലെ നോവ് പ്രകടിപ്പിക്കാൻ കഴിയാതെ, അങ്ങനെ ഏറെ നേരം നിൽക്കാൻ സാധിക്കില്ല എന്ന് ബോധ്യമായപ്പോ അമ്മയുടെ മുഖം മനഃപൂർവം മറന്നു കൊണ്ട് വല്യേട്ടനോട്‌ മടങ്ങുന്ന കാര്യം ശബ്ദമിടറാതെ പറഞ്ഞൊപ്പിച്ചു. ഒപ്പം ഒരപേക്ഷയും ;

         "ഒരു നാൾ അമ്മയും അച്ഛൻ ആവശ്യപ്പെട്ടതു പോലെ എന്നെ കാണാനുള്ള ആഗ്രഹം അറിയിച്ചാൽ... വിളിക്കരുതെന്നെ. കഴിയില്ലെനിക്ക്, ഒരന്യയെപ്പോലെ കാഴ്ച്ചക്കാരിയായ് മാറി നിൽക്കാൻ.

      എല്ലാം കഴിഞ്ഞതിനു ശേഷം അറിയിച്ചാൽ മതി. അവിടെ നാലുചുമരുകൾക്കുള്ളിലെ മുറിയിൽ എനിക്ക് ഉറക്കെ കരയാമല്ലോ.. അതുമതി.... "

       ഏട്ടന്റെ മറുപടി ഊന്നൽ നൽകാത്ത ഒരു ചോദ്യമായിരുന്നു. അതിനുത്തരം നൽകാൻ എനിക്ക് കഴിഞ്ഞതുമില്ല.

        "നിനക്കാ നാലുചുമരുകൾക്കുള്ളിൽ പൊട്ടിക്കരഞ്ഞ് വേദന തീർക്കാം. മക്കളെ ജീവനുതുല്യം സ്നേഹിക്കുന്ന അമ്മയ്ക്കും തോന്നും മകനെ ഒരു നോക്ക് കാണണമെന്ന അതിയായ ആഗ്രഹം. അത് കണ്ടില്ലെന്ന് നടിക്കാൻ ഞങ്ങൾക്കാവില്ല.

       എന്നെക്കാളും അമ്മയുടെ മനസ്സ് മനസ്സിലാക്കാൻ നിനക്ക് കഴിയില്ലേ....നിന്റെ മനസ്സും ഒരു പെണ്ണിന്റേത് തന്നെയല്ലേ ഇപ്പോ...? "

        എന്തു പറയണമെന്നറിയാതെ നിശബ്ദനായി നിന്ന എന്റെ ചുമലിൽ ഏട്ടൻ തട്ടി. ഒരു യാത്രാമൊഴി എന്നപോലെ ശിരസ്സനക്കി.

         അമ്മയ്ക്കരികിൽ ഏറെനേരമിരുന്നു. യാത്ര പറയുമ്പോൾ ആ മുഖത്തേക്ക് നോക്കിയിരുന്നില്ല.

         ചടങ്ങുകൾ അവസാനിക്കും മുൻപേ... ചിതയെരിഞ്ഞടങ്ങും മുൻപേ.. ബന്ധുക്കളും നാട്ടുകാരും മടങ്ങും മുൻപേ മകനായ ഞാൻ ആ വീട്‌ വിട്ടിറങ്ങി. അമ്മയെന്നോട് ക്ഷമിച്ചിട്ടുണ്ടാകില്ല, അച്ഛനും..

                                      🔶
            
                                                           (തുടരും)



2020 സെപ്റ്റംബർ 12, ശനിയാഴ്‌ച

അറവാണി [ഭാഗം -1️⃣4️⃣]


©️Copyright Protected

........................

       കോവിലിനുള്ളിലെ ഉത്സവത്തിന്റേതായ അവശേഷിപ്പുകൾക്കിടയിൽ ശ്രീബാല കണ്ണുകളടച്ച് കൈകൾ കൂപ്പി നിന്നു.

      'എന്നുമെന്നും അരവാന്റെ അറവാണിയാകാൻ കഴിഞ്ഞിരുന്നെങ്കിൽ...

     കണ്ണു തുറന്ന് ശ്രീകോവിലിനുള്ളിലേക്ക് ഒരു  ഞൊടി നോക്കി നിന്നതിനു ശേഷം അവൾ തിരിഞ്ഞു. ലൈലയുടെ മുഖമാണ് ദൃഷ്ടിയിൽ പതിഞ്ഞത്. കൊടിയ വേദനയെ കണ്ണിലൊളിപ്പിച്ചു നിൽക്കുന്ന ലൈല.

       "പോകാം.. " അടഞ്ഞ ശബ്ദത്തിൽ ലൈല പറഞ്ഞു.

    അനുസരണയുള്ള കുട്ടിയെപ്പോലെ തലയാട്ടിക്കൊണ്ട് ശ്രീബാല പരിസരമൊന്നാകെ വീക്ഷിച്ചു.

     എന്താണെന്ന് ലൈല ചോദിച്ചില്ല. ഇവിടെ നിന്നും പോകുന്നതിനെക്കുറിച്ചല്ലാതെ മറ്റൊന്നിനെപ്പറ്റിയും അവളോട് സംസാരിക്കില്ലെന്ന് അവർ തീർച്ചപ്പെടുത്തിയിരുന്നു.

       "കിച്ചാമണിയെ കണ്ടില്ലല്ലോ ലൈലാക്കാ... രാവിലെ ഉണർന്നതു മുതൽ തെരയുവാ ഞാൻ.... " ചിതറിക്കിടക്കുന്ന  ആൾക്കൂട്ടത്തിലേക്ക് കണ്ണയച്ച് അവൾ പരാതിപ്പെട്ടു.

        "കിച്ചാമണിയെ ശരിക്കുമങ്ങ് ബോധിച്ചൂന്ന് തോന്നുന്നല്ലോ നായികയ്ക്ക്.. " കാഞ്ചനയുടെ മുഖത്ത് കുസൃതി നിഴലാടി. തുടർന്നെന്തോ പറയാൻ ഭാവിച്ച അവളുടെ വായ് മൂടിക്കൊണ്ട് ലൈലയുടെ നോട്ടവും ശ്രീബാലയുടെ നേർക്കുള്ള ചോദ്യവും ഒരുമിച്ചുയർന്നു.

      "എന്തിനാ അവനെ കാണുന്നേ? "

      "യാത്ര പറയണ്ടേ... വേണം പറയണം. പറഞ്ഞിട്ട് പോകാം ലൈലാക്കാ. ഇനിയെന്നാ കാണുന്നേ. കിച്ചാമണി വരാതിരിക്കില്ല.. "

      സഹാനുഭൂതിയോടെ ലൈല അവളുടെ മുഖത്തേക്ക് നോക്കി.

      "അവൻ വരില്ല... " സെലീന ഉറച്ച സ്വരത്തിൽ പ്രഖ്യാപിച്ചു.

      "അവന്റ കൂട്ടുകാരനെ പാമ്പ് കടിച്ചു. പുലർച്ചെ. പൊക്കിക്കൊണ്ടു പോയ കൂട്ടത്തിൽ അവനുമുണ്ടായിരുന്നു "

      "അതു നീയെങ്ങനറിഞ്ഞു !!? " ലൈല തിരക്കി.

      "കടിയേറ്റതേ..,  എന്റെ മണവാളനാ " ചുണ്ടിലെ ചിരി മായാതെ സെലീന അതു പറഞ്ഞതും,  ശ്രീബാലയുടെ മുഖം വാടി.
 
     "എന്നിട്ടും നിനക്ക് സങ്കടമില്ലേ !!"

       "എന്തിന് ! അയാള് ചാകത്തയൊന്നുമില്ലെടീ.. ആ കൊത്തിയതിനേക്കാളും കൂടിയ വിഷമുള്ളവനാ. വാക്കും മനസ്സും ദുഷിച്ച മനുഷ്യൻ മൂർഖനേക്കാളും വിഷമുള്ളോനാ " പറഞ്ഞു തീരവേ സെലീനയുടെ ചുണ്ടിലെ ചിരിയും മറഞ്ഞു.

     "അതുകൊണ്ടായിരിക്കും പാമ്പവനെ വീട്ടിൽ കേറി കൊത്തീത്. ഇനിയാ പാമ്പ് ചത്തിട്ടുണ്ടാകുമോ എന്തോ.. " മാധുരിയുടെ അഭിപ്രായം ഉടനടി വന്നതും സെലീന ചിരിച്ചു.

    "അതിനെന്റെ മണിയറ വീടായിരുന്നില്ലല്ലോ "

     "പിന്നെ ! "

        "കരിഞ്ഞുണങ്ങിയ ഒരു വയലായിരുന്നു എന്റെ മണിയറ. കൂരിരുളായിരുന്നു അതിന്റെ ചുമരുകൾ. കരിയിലകൾ മെത്തയും. ഉഷ്ണമകറ്റാൻ കാറ്റും, കാവലിന് മിന്നാമിനുങ്ങുകളും ആവോളം. പിന്നേ... "
ആലോചനാ ഭാവത്തിൽ അവൾ നിൽക്കവേ, കോലാർന്ന അവളുടെ മുടിയിഴകൾക്കിടയിൽ  പൊങ്ങി നിന്ന കരിയിലക്കഷണം പത്മിനി എടുത്തു കളഞ്ഞു. 

       നനഞ്ഞൊട്ടിയ മുടിയിഴകൾക്കിടയിൽ ഉപേക്ഷിക്കാനാകാത്ത ഓർമ്മകൾ പോലെ ഇലപ്പാടുകൾ അപ്പോഴും അവശേഷിച്ചു.

      "മതി.. മതി അവൾടെ ഒരു സാഹിത്യ വർണന. വാ പുറപ്പെടാം. " ലൈല തിടുക്കം കൂട്ടി.

       ശ്രീബാല പരിസരമൊന്നാകെ ഒരിക്കൽ കൂടി വീക്ഷിച്ചു.

       "പോകാം " ലൈലയുടെ ശബ്ദം വീണ്ടും. അവർ അവളുടെ കൈപ്പത്തിയിൽ തന്റെ വിരലുകളമർത്തി.

       മിഴികളും മൊഴികളും  ഒരു നിമിഷം മൗനം പൂണ്ടതു പോലെ ശ്രീബാല നിന്നു. പിന്നെ നെടുവീർപ്പോടെ ലൈലയുടെ കൈപ്പിടിയിൽ നിന്നും സ്വന്തം കൈ വേർപെടുത്തി കൊണ്ട് പറഞ്ഞു ; "പോകാം "

     ആ  വാക്ക്  സൃഷ്ടിച്ച ഭാരം കൊണ്ടെന്നെ പോലെ,  കൂമ്പിയ മിഴികളോടെ ലൈലയ്ക്കു മുഖം കൊടുക്കാതെ അവൾ കൂത്താണ്ടർ കോവിലിനു പുറത്തേക്കു നടന്നു.

                                   🔸

           കച്ചവടക്കാരിൽ ഏറെക്കുറെ തങ്ങളുടെ കെട്ടു മുറുക്കി മടക്ക യാത്രയ്ക്കുള്ള അവസാനവട്ട ഒരുക്കത്തിലാണ്. ഉത്സവത്തിന്റെ അവശേഷിപ്പുകൾക്കിടയിൽ വീണ്ടുമാരെയൊക്കെയോ പ്രതീക്ഷിച്ച് കച്ചവടക്കണ്ണുമായി ഇരിക്കുന്നവരെ നോക്കി ശ്രീബാല നടന്നു.

      പെട്ടെന്നവളുടെ ശ്രദ്ധ അപ്രതീക്ഷിതമായ ഒരു കാഴ്ചയിൽ ചെന്നു പതിച്ചു.

      ഇലകളധികവും പൊഴിഞ്ഞു പോയ ഒരു മരത്തിന്റെ ചില്ലകളിൽ തൂങ്ങിയാടുന്ന താലിച്ചരടുകൾ. ഉപേക്ഷിക്കപ്പെട്ട നിസ്സഹായാവസ്ഥയിൽ മരണം വരിച്ചതു പോലെ, പുതുമ മാറാത്ത മഞ്ഞച്ചരടുകൾ ചായാനൊരു നെഞ്ചില്ലാതെ കാറ്റിന്റെ താളത്തിൽ ആടിയുലയുന്നു. മനസ്സിനെ അസ്വസ്ഥമാക്കുന്ന കാഴ്ച കണ്ടതു പോലെ പെട്ടെന്നവൾ ദൃഷ്ടി നിലത്തേക്കൂന്നി നടന്നു.

       ഒരു ചുവട് മുന്നോട്ടു വയ്ക്കാനാഞ്ഞ കാൽപ്പാദം പെട്ടെന്ന് പിൻവലിച്ചു കൊണ്ട് ശ്രീബാല പിന്നിലേക്ക് മാറി. ലൈല നിലത്തേക്ക് നോക്കി. മണ്ണിൽ പുരണ്ടു കിടക്കുന്ന താലിച്ചരട്.

      "ഓ, ഇതാരോ ഉപേക്ഷിച്ചു പോയതാ. എന്തായാലും ചവിട്ടിയില്ലല്ലോ. ങ്ഹും, ഇനിയുമെത്ര കാണും ഉപേക്ഷിക്കപ്പെട്ട നിലയിൽ. ഒരു ദിവസം മാത്രമുള്ള ദാമ്പത്യവും അതോടെ ആയുസ്സവസാനിക്കുന്ന താലിയും "

      മറുപടിയൊന്നും പറയാതെ ശ്രീബാല ഇറുക്കി മടക്കി വച്ചിരിക്കുന്ന തന്റെ വലതു കൈ വെള്ളയിലേക്ക് പാളി നോക്കി. ഒന്നുകൂടി  ബലമായി കൈവിരലുകൾ മുറുക്കെ അടച്ച്,   ഒരു  നിശ്വാസത്തോടെ വണ്ടിയ്ക്കരികിലേക്ക് നടന്നു. പിന്നീടൊന്നിലേക്കും അവളുടെ ശ്രദ്ധ നീണ്ടില്ല.

                                       🔸

       ഓരോരുത്തരായി വണ്ടിക്കുള്ളിലേക്ക് കയറി. ഏറ്റവും ഒടുവിലായി നിന്ന ശ്രീബാല, ഒരിക്കൽ കൂടിയെന്ന പോലെ തിരിഞ്ഞു നോക്കി.

        ശില്പചാരുതയും ആഢ്യത്വവും ഒന്നുമില്ലാത്ത കൂത്താണ്ടർ കോവിൽ മൂകസാക്ഷി കണക്കെ നിൽക്കുന്നു. മനസ്സിൽ ആ കാഴ്ചയൊരു ചിത്രമായി പ്രതിഷ്ഠിച്ചു കൊണ്ട് അവൾ ചുറ്റിനും നോക്കി. കണ്ണുകൾ ഞൊടിയിടയിൽ  പരിസരമാകമാനം ചികഞ്ഞു. പെട്ടെന്നൊരു കാഴ്ചയിൽ മിഴിയുടക്കി.

          കാഞ്ചനയുടെ ആരാധ്യ താരത്തിന്റെ മുഖമുള്ള ആൽബർട്ട്. തലേന്ന് പരിചയപ്പെട്ടിടത്തു തന്നെ അയാൾ നിൽക്കുന്നു. കുനിഞ്ഞ ശിരസ്സോടെ,  ഒരു നിശ്ചല ഛായാ ചിത്രം പോലെ. അതേ വേഷം.    അയാളുടെ ദൃഷ്ടിയിൽ അവൾ പതിഞ്ഞിരുന്നില്ല.

          ആ കാഴ്ച അവഗണിച്ചു കൊണ്ട്, തന്നെ ചൂഴ്ന്ന നിരാശയോടെ അവൾ വണ്ടിക്കുള്ളിലേക്ക് കയറി.

       മൺപാതയിലൂടെ പരസ്പരം തൊട്ടുരുമ്മിയെന്നവണ്ണം വാഹനങ്ങൾ ഓരോന്നായി യാത്ര തുടർന്നു.

        ഏറെ മുന്നിലെത്തിയ വണ്ടിക്കുള്ളിൽ നിന്നും ശ്രീബാല ഒരു പിൻനോട്ടമയച്ചു. കൂത്താണ്ടർ കോവിലും കൂവാഗവും കിച്ചാമണിയുമെല്ലാം അകന്നകന്നു പോവുകയാണെന്ന് അവൾക്കു തോന്നി. പിന്നെ തിരിഞ്ഞ് സീറ്റിലേക്ക് തല ചായ്ച്ചു കിടന്നു. വീശിയടിച്ച ചൂടു കാറ്റുണർത്തിയത്  കൂവാഗത്തിന്റെ യാത്രാമൊഴിയാണെന്ന് അവൾ വെറുതെ സങ്കല്പിച്ചു.

          കൂവാഗത്തേക്കുള്ള യാത്രയിൽ വണ്ടിയിൽ അലയടിച്ചിരുന്ന സന്തോഷാരവം മടക്കയാത്രയിൽ ഉൾവലിഞ്ഞിരിക്കുന്നു. കാറ്റു മാത്രം എല്ലാവരോടും നൊമ്പരങ്ങൾ  പങ്കിടുന്നതു പോലെ.

       മുഖം തഴുകി കടന്നു പോയ കാറ്റ് പകർന്നു  നൽകിയിട്ടെന്ന പോലെ ശ്രീബാലയുടെ കൺകോണിൽ നീർ പൊടിഞ്ഞു. കണ്ണു തുടച്ചു കൊണ്ടവൾ വലതു കൈവെള്ള പതിയെ തുറന്നു. മഞ്ഞച്ചരടിൽ കോർത്ത താലി തളർന്നു കിടക്കുന്നു. ആരും കാണാതെ ബാഗിനുള്ളിലേക്കത് ഭദ്രമായി ഒതുക്കി വച്ചു കൊണ്ട് അവൾ നെടുവീർപ്പിട്ടു.

                                                            (തുടരും)



   

     

2020 സെപ്റ്റംബർ 10, വ്യാഴാഴ്‌ച

അറവാണി [ഭാഗം -1️⃣3️⃣]


©️ Copyright Protected

..................

       "ശ്രീബാല പറഞ്ഞതു പോലെയൊന്നും ഞാൻ മനസ്സിലുദ്ദേശിച്ചിരുന്നില്ല... "

     കിച്ചാമണി പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു തുടങ്ങി.

      "ഇയാൾടെ മുഖം വാടിയതു പോലെ കണ്ടപ്പോ മനസ്സിൽ പെട്ടെന്ന് തോന്നിയത് പറഞ്ഞു. അത്രേയുള്ളൂ. എന്റെ നാവിലേതോ ഗുളികൻ കേറിയ സമയത്ത് പറഞ്ഞു പോയതാ. ക്ഷമിക്കണം..

         ബാലയെ ഒരു പുരുഷനായ് ഞാൻ കണ്ടിരുന്നുവെങ്കിൽ ഇപ്പൊ ഈ രാത്രി തനിക്കൊപ്പം ഞാനുണ്ടാകുമായിരുന്നില്ല...

       ആ അർദ്ധത്തിന്റെ സാമ്യം നമുക്ക് മറക്കാം. പകരം ഞാൻ മറ്റൊന്നു പറയാം. കിഷോർ എന്ന കിച്ചുവിന്റെയും കിച്ചാമണിയെന്ന കിച്ചയുടെയും പേരിന്റെ സാമ്യം. എന്താ അതിൽ തെറ്റുണ്ടോ....? "

      "ഉണ്ട് " പെട്ടെന്നായിരുന്നു ശ്രീബാലയുടെ മറുപടി.

     "കൃഷ്ണമണി 'കിച്ചാമണി' ആയതു പോലെയല്ല, കിഷോർ 'ശ്രീബാല'യായത്. കിച്ചു എന്ന വ്യക്തി ഇപ്പോഴില്ല. അപ്പൊ എന്ത് സാമ്യം നമ്മൾ തമ്മിൽ? പേരിന്റെയാണെങ്കിൽ, വ്യക്തിയേയില്ല. പിന്നെ പേരെങ്ങനെ അവശേഷിക്കും....? "

     കിച്ചാമണി നിശബ്ദനായിരുന്നു. ശ്രീബാലയുടെ ചോദ്യങ്ങൾ, അതിനുത്തരം നൽകാൻ അവൾക്കു മാത്രമേ കഴിയൂവെന്ന് അയാൾക്ക് തോന്നി.

     "കിച്ചാമണി വിഷമിക്കേണ്ട. കിച്ചു എന്ന പേരിൽ വേറെ ധാരാളം ആളുകളുണ്ടല്ലോ "

     "പക്ഷേ ആ കിച്ചുമാരെയൊന്നും എനിക്കറിയില്ലല്ലോ. പിന്നെ..... " ആലോചിച്ചൊരുത്തരം കണ്ടെത്തിയ ഭാവത്തിൽ കിച്ചാമണി തുടർന്നു  ;

     "..വ്യക്തികളില്ലെങ്കിലും പേരുകൾ അവശേഷിക്കും. ആ വ്യക്തികളുടെ പ്രിയപ്പെട്ടവർക്കിടയിലെങ്കിലും. അതില്ലെന്ന് ബാലയ്ക്ക് പറയാനാകില്ലല്ലോ "

     "ശരിയാണ് ! വളരെ ശരിയാണ് " വിടർന്ന കണ്ണുകളോടെ അവൾ ചിരിച്ചു. അയാളും. നീണ്ട ചിരി. ഒടുവിൽ മൗനത്തിന്റെ പുതപ്പ് അവർക്കു മേലെ മൂടപ്പെട്ടു.

       ശ്രീബാല ജനാലയ്ക്കു പുറത്തേക്ക് നോക്കി.

      കൂത്താണ്ടർ കോവിലിനുള്ളിലെ ദീപപ്രഭ മങ്ങിയിരിക്കുന്നു. വെളിച്ചത്തിന്റെ യാത്ര ഇരുട്ടായി മുറിയിലേക്കും പ്രവേശിച്ചിരിക്കുന്നു.

      അവൾ  കിച്ചാമണിയുടെ മുഖത്തേക്ക് നോക്കി. അയാളുടെ കണ്ണുകൾ അവളെ ഒപ്പിയെടുക്കുകയായിരുന്നു. അവളുടെ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരി മുറിക്കുള്ളിലെ ഇരുട്ടിൽ അയാൾക്കവ്യക്തമായി.

                                    🔸

         ഒരു സ്വപ്നത്തിലെന്ന പോലെ ശ്രീബാല കണ്ണുകൾ തുറന്നു. സൂര്യകിരണങ്ങൾ അവളെ അലോസരപ്പെടുത്താതെ മുറിയിൽ പ്രവേശിച്ചു കഴിഞ്ഞിരുന്നു.

      കൊഴിഞ്ഞു വീണ പുഷ്പം കണക്കെയാണ് അവൾ കട്ടിലിൽ കിടന്നിരുന്നത്. സുഖമുള്ളോരാലസ്യം മനസ്സിനെയും ശരീരത്തെയും മൂടിയതു പോലെ. ചുറ്റുപാടും മറന്ന മട്ടിലുള്ള ആ കിടപ്പ് അധികനേരം നീണ്ടില്ല. ലൈലയുടെ വിളി അവളുടെ ബോധമനസ്സിനെ പിടിച്ചു കുലുക്കി ഉണർത്തി.

      അനുവാദമില്ലാതെ അകത്തേക്കു വന്ന കാറ്റ് ഉയർന്ന തേങ്ങലുകളുടെ വലിയ വിഴുപ്പ് അവൾക്കു മുന്നിലേക്ക് കുടഞ്ഞിട്ടു. ഞെട്ടുലോടെ ശ്രീബാല കട്ടിലിൽ നിന്നും ചാടിയെഴുന്നേറ്റു. അഴിഞ്ഞു വീണ ചേല വാരിയുടുക്കവെയാണ് ശ്രദ്ധിച്ചത്, കിച്ചാമണി മുറിയിലില്ല എന്നത്.

      മുറിക്കു ചുറ്റും കണ്ണോടിച്ചു കൊണ്ട് അവൾ വാതിലിനരികിലേക്ക് നടന്നു. ചാരിക്കിടന്നിരുന്ന വാതിൽ തുറന്നതും കണ്ടത് ലൈലയെയാണ്. ചുവന്നു കലങ്ങിയ കണ്ണുകളോടെ വരാന്തയിൽ കുത്തിയിരിക്കുന്ന ലൈല.

      ഒരുൾക്കിടിലത്തോടെയാണ് ശ്രീബാല പടികളിറങ്ങിയത്. അവളുടെ കണ്ണുകൾ പരിസരമാകമാനം ചൂഴ്ന്നെടുത്തു. മുന്നിലെ കാഴ്ചകൾ, അംഗീകരിക്കേണ്ട യാഥാർത്ഥ്യമാണെന്ന് വിശ്വസിക്കാൻ അവൾക്കു കഴിഞ്ഞില്ല.

     ഇന്നലെ കളിച്ചു ചിരിച്ചു നടന്ന പലരും തേങ്ങലുകളോടെ വൈധവ്യം എന്ന സത്യത്തെ  അംഗീകരിച്ച് തങ്ങളുടെ ചമയങ്ങളഴിക്കുകയാണ്.

     പൊട്ടിക്കരഞ്ഞു കൊണ്ട് കുപ്പിവളകൾ തല്ലിയുടയ്ക്കുന്നവരെ ശ്രീബാല ഞെട്ടലോടെ നോക്കി നിന്നു. വളകൾ ഉടയുന്ന ശബ്ദം അവൾക്ക് ഇന്നലെ കേട്ടു മറന്ന ചിരി പോലെ തോന്നി. നൊമ്പരം സഹിക്കാനാകാത്ത ചിലർ നിയന്ത്രണം വിട്ടതു പോലെ മണ്ണിൽ കിടന്നുരുണ്ട് അലമുറയിടുന്നു.

     "ബാലാ.. " ലൈലയുടെ പതറിയ സ്വരം കാതിലെത്തിയതും ശ്രീബാല ഞെട്ടിത്തിരിഞ്ഞു നോക്കി.

     "നമുക്ക് മടങ്ങേണ്ട സമയമായി.. എല്ലാം ഉപേക്ഷിക്കേണ്ടയും... "

      ശ്രീബാലയുടെ നോട്ടം വഴുതി ലൈലയുടെ കഴുത്തിലേക്ക് നീണ്ടു. ഇന്നലെ കണ്ട മഞ്ഞച്ചരടിൽ കോർത്ത താലി ഇന്നപ്രത്യക്ഷമായിരിക്കുന്നു. ഒരാന്തലോടെ അവൾ സ്വന്തം കഴുത്തിൽ പരതി. കണ്ണും കൈയ്യും മഞ്ഞച്ചരടിൽ പതിഞ്ഞപ്പോൾ നിശ്വാസത്തോടെ ലൈലയെ നോക്കി.

     "നീയെന്താ ആലോചിക്കുന്നേ ? " ലൈല സന്ദേഹത്തോടെ ചോദിച്ചു.

     "ലൈലാക്കാ... ഞാൻ.. എനിക്ക്.... " താലിയിൽ മുറുകെ പിടിച്ച് അവൾ തല കുനിച്ചു.

       "എന്താ നിന്റെ മനസ്സില്.. ഇവിടെത്തന്നെ താമസിക്കാമെന്നോ ? ഞാൻ പറഞ്ഞിരുന്നില്ലേ ബാലാ നമ്മളൊരിക്കലും വികാരത്തിന് കീഴ്പ്പെടാൻ പാടില്ലെന്ന്..

       അരവാന്റെ അനുഗ്രഹത്തോടെ ഇന്നലെ നമ്മൾ സുമംഗലികളായി.. അതേ അരവാന്റെ നിശ്ചയപ്രകാരം ഇന്ന് നമ്മൾ വൈധവ്യത്തെയാണ് സ്വീകരിക്കേണ്ടത്. നമ്മളത് അംഗീകരിക്കണം.

       നീ ചുറ്റിനും നോക്ക്. എന്നെപ്പോലെ, നിന്നെപ്പോലെ ചിരിച്ചു നടന്നവരാ ദാ, നെഞ്ചത്തലച്ച് അലമുറയിടുന്നത്. സഹിക്കാനാകാത്തതായിട്ടും സത്യം അവരുൾക്കൊണ്ടില്ലേ. ഞാൻ പിടിച്ചു നിൽക്കുന്നില്ലേ.

       രാവ് പുലരുന്നത് ഒരു നാൾ മംഗല്യത്തിന് വെള്ള പുതപ്പിച്ചു കൊണ്ടാണെന്ന് അറിയാതെയല്ലല്ലോ ആരും മണിയറയിലേക്ക് കടന്നത്. വികാരത്തോടെയല്ല, വിവേകത്തോടെ വേണം ചിന്തിക്കാൻ. നിനക്കിതൊന്നും അഴിച്ചുമാറ്റാനാവില്ലെങ്കീ ഞാൻ ചെയ്യാം "

     ലൈലയുടെ വാക്കുകൾ നിന്നിടത്ത്, കഴുത്തിലെ താലിച്ചരട് വലിഞ്ഞതും ആന്തലോടെ ശ്രീബാല അവരുടെ കൈകൾ തട്ടി മാറ്റി.

      "ഞാനഴിച്ചോളാം ലൈലാക്കാ.. " ഇടറിയ ശബ്ദത്തിൽ അവൾ പറഞ്ഞൊപ്പിച്ചു.

       നെടുനീളൻ നിശ്വാസത്തോടെ ലൈല പുഞ്ചിരിച്ചു.

                                  🔸

         കൈയിലൊരു ചെറിയ കവറുമായി ആൽബർട്ട്  ശ്രീബാലയെ തേടി ഇറങ്ങി. ഷണ്മുഖനെ കൂട്ടാതെ വെളുപ്പിന് തന്നെ ഇറങ്ങി പുറപ്പെട്ടതാണ്. തലേന്ന് എടുത്ത ഫോട്ടോകളുടെ ഓരോ കോപ്പിയാണ് കവറിൽ.

       ശ്രീബാലയെ ഒരിക്കൽ കൂടി കാണണം. ഫോട്ടോ നൽകണം. പിന്നെ പറയേണ്ടത് എന്താണെന്ന് നിശ്ചയമില്ല. അയാളുടെ കണ്ണുകളും  കാലുകലും പരൽമീനുകളെ പോലെ പാഞ്ഞു കൊണ്ടിരുന്നു.

        സമയം മുന്നോട്ടു കുതിക്കേ, ഷണ്മുഖനെ ഒപ്പം കൂട്ടാഞ്ഞതിൽ ആൽബർട്ടിന് നിരാശ തോന്നി. എവിടെ തെരെയണം.. ആരോട് തിരക്കണം.. എന്നറിയാനാവാതെ,  കഴിഞ്ഞ രാത്രി ശ്രീബാലയെ ആദ്യമായി അഭിമുഖികരിച്ചിടത്തേക്ക് അയാൾ വാടിയ മുഖത്തോടെ വന്നു നിന്നു.

       ചുറ്റിനും വീണ്ടും കണ്ണോടിച്ചു. തേടുന്ന മുഖം എങ്ങുമില്ല. ആൽബർട്ട് കൈയിലിരുന്ന കവർ തുറന്നു. ഉള്ളിലേക്ക് കൈ നീട്ടി  ഫോട്ടോകൾക്കൊപ്പം ഒരു ചെറിയ ചെപ്പ് കൂടി അയാൾ പുറത്തേക്ക് എടുത്തു.

       വെളുത്തു മെലിഞ്ഞ വിരലുകൾ ആ ചെപ്പ് മെല്ലെ തുറന്നു. ചെപ്പിനുള്ളിൽ നിന്നും പുറത്തേക്ക് ചാടിയ കുങ്കുമ വർണ്ണം അയാളുടെ വെളുത്ത വിരലുകളെ ചുകപ്പിച്ചു. ചെപ്പിൽ  നിന്നും മറ്റൊന്ന് കൂടി  ആ വിരലുകൾ കണ്ടെടുത്തു. ഒറ്റ കല്ലിൽ തിളങ്ങുന്ന ഒരു മോതിരം.
           
                                    🔶
                                                             (തുടരും)



2020 സെപ്റ്റംബർ 7, തിങ്കളാഴ്‌ച

അറവാണി [ഭാഗം -1️⃣2️⃣]


©️ Copyright Protected 

..................

     ഫോട്ടോയിൽ ചൂണ്ടുവിരൽ തൊട്ടു കൊണ്ട് ശ്രീബാല ഓരോ മുഖങ്ങളെ പരിചയപ്പെടുത്തി.

     "ഇത് അച്ഛൻ... അമ്മ... ചേട്ടന്മാര് ശ്രീറാമും കിരണും. ഇരട്ടകളാ. അച്ചില് വാർത്തെടുത്ത പോലെയാ അല്ലേ സാമ്യം. ഒരുപാട് പേർ പറഞ്ഞിട്ടുണ്ട്..

      ങ്ഹാ.. പിന്നെ ഇത് ശ്രീബാല. ഞാനല്ല, ഞങ്ങളുടെ പെങ്ങൾ. സുന്ദരിയാ മോള്. അമ്മയെപ്പോലെ... " ശ്രീബാലയുടെ സ്വരം താഴ്ന്നു.

     കിച്ചാമണിയുടെ ശ്രദ്ധ ഫോട്ടോയിൽ പതിഞ്ഞിരിക്കുകയായിരുന്നു. അവൾ പരിചയപ്പെടുത്താതെ അവശേഷിപ്പിച്ച ഒരു മുഖത്തിൽ അയാളുടെ കണ്ണുകൾ കുരുങ്ങിക്കിടന്നു.

      ആ മുഖത്തു നിന്നും ഒപ്പിയെടുക്കുന്നതു പോലെ,  വളരെ സാവധാനത്തിൽ ഒരു പുഞ്ചിരി അയാളുടെ ചുണ്ടിൽ പ്രത്യക്ഷമായിക്കൊണ്ടിരുന്നു. അതു കാൺകെ ശ്രീബാലയുടെ കണ്ണുകളിൽ നാണം തിര തള്ളി.

      "ഇത് കിഷോർ. അമ്മയുടെ കിച്ചു. പക്ഷേ ഇപ്പൊ കിച്ചുവില്ല. ശ്രീബാല, ശ്രീബാല മാത്രം. "

     കിച്ചാമണി അവളുടെ മുഖത്തേക്ക് നോക്കി.

      "ശ്രീമോള് ജനിച്ച് കുറച്ചായപ്പോ എന്നെ നാട്ടിലാക്കി. അമ്മേടെ വീട്ടില്.

      കൈക്കുഞ്ഞായ അവളെയും, ചേട്ടന്മാരുടെ പഠിത്തവും ശ്രദ്ധ തെറ്റാതെ കൊണ്ടു പോകാനും  എന്റെ ബാല്യം  അശ്രദ്ധയിലാണ്ടു പോകാതിരിക്കാനുമായി ഡൽഹിയിൽ നിന്നും ഞാൻ കേരളത്തിലേക്ക് മുറിച്ചുമാറ്റപ്പെട്ടു. 

     അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും കരുതലിൽ മറ്റെല്ലാ കൊച്ചുമക്കളേക്കാളും സ്നേഹവും വാത്സല്യവും അനുഭവിച്ച് നാലു വർഷം. ഏഴാം വയസ്സിൽ വീണ്ടും ഡൽഹിയിലേക്ക്.

     സഹോദരങ്ങൾക്കിടയിൽ അപരിചിതനായി, തന്റേടമില്ലാത്ത കുട്ടിയെപ്പോലെ അമ്മയുടെ സാരിത്തുമ്പിൽ പിടിച്ചു മറഞ്ഞു നിന്ന കൗമാരം. ഏഴാം സ്റ്റാൻഡേർഡ് വരെ അമ്മ ടീച്ചറായിരുന്ന സ്കൂളിലായിരുന്നു പഠിത്തം. പെൺകുട്ടികൾക്ക് മാത്രമായുള്ള സ്കൂളിൽ.

       പിന്നത്തെ കൊല്ലം എന്റെ വാശിയും കരച്ചിലും വകവയ്ക്കാതെ അച്ഛൻ പുതിയ സ്കൂളിലാക്കി. പെൺകുട്ടികളും ആൺകുട്ടികളും ഉള്ള സ്കൂളിൽ. എന്റെ ഭാവവും പെരുമാറ്റവുമൊക്കെ അച്ഛനെ ചിന്തിപ്പിച്ചു കാണണം.... " ശ്രീബാല ചിരിയോടെ നിർത്തി.

       കിച്ചാമണി നിശബ്ദനായിരുന്നു. അയാളുടെ പ്രതികരണത്തോടു എങ്ങനെ പ്രതികരിക്കണമെന്നറിയാതെ അവൾ കൂട്ടിച്ചേർത്തു ;

      "അച്ഛന്റെ കാർക്കശ്യത്തിനും അമ്മയുടെ കണ്ണീരിനും ഈശ്വരനെന്റെ തലയിലെഴുതിയത് തിരുത്താനായില്ല. അത്രമാത്രമേ എനിക്ക് തോന്നിയിട്ടുള്ളൂ..പഴയതൊന്നും ഞാനധികം ചികയുന്നില്ല. എല്ലാം നടന്നു കഴിഞ്ഞ കാര്യങ്ങളല്ലേ... "

       ശ്രീബാലയുടെ മുഖത്തെ ചിരി മങ്ങി. അതുകണ്ടതും കിച്ചാമണി പെട്ടെന്ന് പറഞ്ഞു.

     "കിഷോർ സുന്ദരനായിരുന്നു. എങ്കിലും ഭംഗി കൂടുതൽ ശ്രീബാലയ്ക്കാണ്. ഈ ബാലയ്ക്ക്. 

       താൻ ശരിക്കുമൊരു പെണ്ണായിരുന്നെങ്കിൽ.... എങ്കിൽ നമ്മൾ കട്ടുമുട്ടുമായിരുന്നില്ല അല്ലേ..? താനിവിടെ വരികയേ ഇല്ലായിരുന്നു. ഇതൊക്കെ ദൈവത്തിന്റെ തീർപ്പുകളാണ്. ഓരോരുത്തരെ എങ്ങനെയൊക്കെ ബന്ധിപ്പിക്കണമെന്ന് ആ പുള്ളിക്കാരൻ തീരുമാനിച്ചു വച്ചിട്ടുണ്ട്.....

       ഹാ പിന്നെ നമ്മൾ തമ്മിലൊരു സാമ്യമുണ്ട്. പറയട്ടെ.... " കിച്ചാമണി മുഖവുരയോടെ ചോദിച്ചു.

       മൗനമായിരുന്നു അയാൾക്കു കിട്ടിയ മറുപടി.

      "ശരി, മൗനം സമ്മതമായി സ്വീകരിച്ച് ഞാൻ പറയാം.... 'അർദ്ധം' എന്ന വാക്കിന്റെ സാമ്യമുണ്ട് നമ്മൾ തമ്മിൽ.... "

     മനസ്സിലാകാത്ത ഭാവത്തിൽ ശ്രീബാല പുരികം ചുളിച്ചു.

      "മനസ്സിലായില്ലല്ലേ ? വ്യക്തമാക്കാം. ഞാനൊരു അർദ്ധ തമിഴനാണ്. അച്ഛനും അമ്മയും തമിഴർ. പക്ഷേ ഞാൻ ജനിച്ചതും വളർന്നതും കേരളത്തിൽ മലയാളിയായി. എന്നാലിപ്പോ ജീവിക്കുന്നത് കൂവാഗത്തിൽ തമിഴനായ്. അപ്പൊ ഞാൻ പകുതി മലയാളിയും പകുതി തമിഴനുമല്ലേ..... "

      ശ്രീബാലയുടെ കണ്ണുകൾ ആഴത്തിൽ കിച്ചാമണിയിൽ പതിഞ്ഞു. എന്താണയാൾ അടുത്തതായ് പറയാൻ പോകുന്നതെന്നറിയാനുള്ള ഒരാകാംക്ഷ അവളുടെയുള്ളിൽ മുളപൊട്ടി.

     ഒരാലോചനയ്ക്കും ഇട നൽകാതെ കിച്ചാമണി തുടർന്നു ;

      "ശ്രീബാലയുടെ കാര്യത്തിലാണെങ്കിൽ, ജനിച്ചതൊരാണായ്. പക്ഷേ,  വിധി ഇയാളെയൊരു പെണ്ണാക്കി മാറ്റി. നിങ്ങളുടെയൊക്കെ ഉള്ളിന്റെയുള്ളിൽ ശരിക്കും വേദനയുണ്ടാകും അല്ലേ...

        നമ്മുടെ വ്യക്തിത്വം മറ്റുള്ളവർ പരിഹസിക്കും വിധം നഷ്ടപ്പെടുന്നത് സഹിക്കാൻ ആർക്കും കഴിയില്ല. അപ്പോപ്പിന്നെ പകുതി ആണും പകുതി പെണ്ണുമായുള്ള ജീവിതം.... "

      കിച്ചാമണി മുഴുമിപ്പിച്ചില്ല. ശ്രീബാലയുടെ രൂക്ഷമായ നോട്ടം അയാളുടെ വാക്കുകളെ വിഴുങ്ങിക്കളഞ്ഞു. ഇന്നവളെ അഭിമുഖികരിച്ചതിൽ ആദ്യമായിട്ടായിരുന്നു അങ്ങനെയൊരു ഭാവമാറ്റം അയാൾ ദർശിച്ചത്.

     "ഞാൻ  ആണും പെണ്ണും കെട്ടവളല്ല....." ശ്രീബാലയുടെ കനത്ത സ്വരം കിച്ചാമണിയുടെ  കാതിൽ വന്നു തറച്ചു.

      "പെണ്ണ് തന്നെയാണ്. അമ്മയാകാൻ കഴിയില്ലെന്നേയുള്ളൂ. നിങ്ങൾക്കിടയിലുമില്ലേ അമ്മയാകാൻ  കഴിവില്ലാത്ത സ്ത്രീകൾ. അവരെയൊക്കെ കിച്ചാമണി ആണും പെണ്ണും കെട്ടവരായിട്ടാണോ കാണുന്നത്... "

        തുറിച്ച കണ്ണുകളോടെ ശ്രീബാല കിച്ചാമണിയെത്തന്നെ നോക്കിയിരുന്നു. അവളുടെ കോപത്തിന്റെ ആഴം വാക്കുകളിലും കണ്ണുകളിലും പ്രതിഫലിച്ചപ്പോൾ അതുൾക്കൊള്ളാനാവാത്തവനെപ്പോലെ കിച്ചാമണി തലകുനിച്ചു.

      "ഒരുപാട് സർജറികളിലൂടെയാ ഞങ്ങൾ ഞങ്ങളെ മാറ്റിയെടുക്കുന്നത്. രൂപത്തിനും ഭാവത്തിനും ശബ്ദത്തിനുമൊക്കെ കീറിമുറിക്കലുകൾ നടത്തിയിട്ടുണ്ട്. 

    .. പക്ഷേ... പക്ഷെ, മനസ്സിനെ മാറ്റിയെടുക്കാൻ ഒരു സർജറിയും ഞങ്ങൾ ചെയ്തിട്ടില്ല. അതു ചെയ്യുന്നത് നിങ്ങളെയും ഞങ്ങളെയും സൃഷ്ടിച്ച ദൈവം തന്നെയാണ്. അല്ലെങ്കിൽ, ശാസ്ത്രം കുറിക്കുന്ന ജനിതക തകരാറും.. 

      ഒരു പെണ്ണായ് മാറണമെന്ന് ഒരാണിന്റെ മനസ്സും വെറുതെ വെമ്പില്ല. സ്വയം നിയന്ത്രിക്കും പല തവണ. കഴിയില്ലെന്ന് ബോധ്യമാകുമ്പോ മരണം വരെയെത്തും ആലോചന. 

       മറ്റുള്ളവർക്ക് മുന്നിൽ പരിഹാസ്യരായി ജീവിക്കണമെന്ന് ആരും ആഗ്രഹിക്കില്ല. ഞങ്ങളുമങ്ങനെ തന്നെയാ. എന്നിട്ടും ജീവിക്കാനാ കൊതിക്കുന്നേ, ജീവിതത്തെ  സ്നേഹിക്കാനാ ആഗ്രഹിക്കുന്നേ. ഒന്നേയുള്ളു ജീവിതമെന്ന് വിശ്വസിച്ച് ദൈവം വിധിച്ച വേഷം കെട്ടി ജീവിക്കാൻ തയ്യാറാവുകയാ ഞങ്ങളെപ്പോലുള്ളവർ. എന്നിട്ടും ഞങ്ങളെ അംഗീകരിക്കാനോ മനസ്സിലാക്കാനോ നിങ്ങളാരും തയ്യാറല്ല..... " 

      ശ്രീബാലയുടെ സ്വരം വിതുമ്പി നിന്നു. 

     "ബാലാ.. " എന്തു പറയണമെന്നറിയാതെ കിച്ചാമണി വിളിച്ചു. 

     "ജീവിതത്തിലേക്കോ മരണത്തിലേക്കോ എന്നുറപ്പില്ലാതെ കിടന്ന നാളുകൾ ഏറെയുണ്ട്. മരണത്തിന്റെ കിടക്കയിലേക്ക് ചാഞ്ഞവർക്ക് എണ്ണവുമില്ല. 

      ആശുപത്രി വരാന്തയിൽ നേരിടേണ്ടത് അണുബാധയെ മാത്രമല്ല. തരണം ചെയ്യേണ്ടുന്ന ഒരുപാട് കാര്യങ്ങളുടെ അനുഭവങ്ങൾ പഠിച്ചു തുടങ്ങിയത്  അവിടുന്നാ. 

       അർത്ഥം വെച്ചുള്ള നോട്ടങ്ങളും മുനയുള്ള വാക്കുകളും കുത്തുന്ന പരിഹാസങ്ങളും അങ്ങനെയങ്ങനെ ഒത്തിരി കാര്യങ്ങൾ... ആ മരണക്കിടക്കയിൽ നിന്നും ജീവിതത്തിലേക്കുള്ള വിജയം നേടി പുറത്തേക്കിറങ്ങുമ്പോൾ ആദ്യം കാതിലെത്തുന്നത് 'ആണും പെണ്ണും കെട്ടവനെന്ന വിളിയാണ്... " ശ്രീബാലയുടെ ചുണ്ടിൽ പരിഹാസം പൊടിഞ്ഞു. 

       കിച്ചാമണി മൂകനായ് ഇരുന്നു. അവൾ നിർത്തിയിടത്തു നിന്നും മൗനം തന്റെ വാചാലത തുടർന്നപ്പോൾ കിച്ചാമണി ആശ്വാസം കണ്ടെത്തിയതു പോലെ നിശ്വാസമുതിർത്തു. 

       പക്ഷേ, അയാളുടെ നിശബ്ദത മുറിവേൽപ്പിച്ചതു പോലെ ശ്രീബാലയുടെ കണ്ണിൽ നീർ പൊടിഞ്ഞു. 

       "കിച്ചാമണിക്കറിയോ 'അറവാണി എന്നാ മോശം വാക്കാ മലയാളത്തിൽ. പക്ഷേ ഇവിടെ ഈ കൂവാഗത്ത് അതൊരു പദവിയാ... അരവാൻ എന്ന ധീരന്റെ ഭാര്യ എന്ന പദവി. അഭിമാനം ജനിപ്പിക്കുന്ന അംഗീകാരം... അറവാണി എന്നു പറയുന്നതിൽ പോലും അഭിമാനം.... 

        പക്ഷേ, എവിടെയും ഞങ്ങൾ ഹിജഡകളാണ്. മുദ്ര ചാർത്തപ്പെട്ട  പേര്.  ഹിജഡകളെ നിങ്ങൾക്കാവശ്യമാണ് ആഘോഷങ്ങളിൽ ആടിപ്പാടാനും മംഗള മുഹൂർത്തങ്ങളിൽ ആശീർവാദം നേടാനും വേണ്ടി മാത്രം. പിന്നെ ഞങ്ങൾ നാടിനും സംസ്കാരത്തിനും ചേർന്നവരല്ലാത്തതാകുന്നു. ആണും പെണ്ണും കെട്ട വർഗമാകുന്നു... "

      നിയന്ത്രണം വിട്ടതു പോലെ അവൾ തന്റെ കണ്ണീർച്ചങ്ങല പൊട്ടിച്ചെറിഞ്ഞു. 

      ഏങ്ങലടിച്ചു കരയുന്ന ശ്രീബാലയുടെ മുഖത്തേക്ക് കിച്ചാമണി കുറ്റവാളിയുടെ ഭാവത്തോടെ നോക്കി. 

     പിന്നെ കുറ്റബോധം നിറഞ്ഞ സ്വരത്തിൽ മെല്ലെ പറഞ്ഞു ; "സോറി.... "

        ശ്രീബാല മുഖമുയർത്തി നോക്കി. 


                                                            (തുടരും)



2020 സെപ്റ്റംബർ 4, വെള്ളിയാഴ്‌ച

അറവാണി [ഭാഗം -1️⃣1️⃣]

  

©️Copyright Protected 

.................

       "വാഴ്ത്തു... അഭിനന്ദനങ്ങൾ... " നടന്നു വന്നു നിന്നതും കിച്ചാമണി മുഖവുരയൊന്നും കൂടാതെ പറഞ്ഞു. 

   എന്തിനെന്ന ചോദ്യഭാവമുണരും മുമ്പേ അയാൾ കാര്യവും വ്യക്തമാക്കി 

     "ഈ വർഷത്തെ മിസ് കൂവാഗമല്ലേ. ഇയാൾടെ റാംപിലേക്കുള്ള ആദ്യ വരവിൽത്തന്നെ ഞാനുറപ്പിച്ചു. ഈ വർഷത്തെ സുന്ദരിപ്പട്ടം കേരളത്തിലേക്ക് ഈ മലയാളി സുന്ദരി കൊണ്ടു പോകുമെന്ന് "

    മറുപടിയൊന്നും പറയാതെ ശ്രീബാല നിന്നു. 

     "ഹോ, മറന്നു, എന്നെ പരിചയപ്പെടുത്തിയില്ല അല്ലേ ?  അതാണോ ശ്രീബാലയുടെ മുഖത്തീ അമ്പരപ്പ്. ശരി ഞാൻ -

       " - കിച്ചാമണി.... " അവൾ പെട്ടെന്ന് പറഞ്ഞു. പിന്നെ ഒരു മത്സരത്തിൽ വിജയിച്ച ഭാവത്തിൽ മെല്ലെ പുഞ്ചിരിച്ചു. 

    അവൾ പ്രതീക്ഷിച്ച അമ്പരപ്പോ അത്ഭുതമോ ഒന്നും തന്നെ കിച്ചാമണിയുടെ മുഖത്തുണ്ടായില്ല. പകരം, സ്വതവേയുള്ളതെന്ന പോലെ ഒരു ചിരി മായാതെ നിഴലിച്ചു. 

     "അപ്പൊ ലൈലാക്ക എന്നെപ്പറ്റിയും പറഞ്ഞുവല്ലേ. ഉം.... അങ്ങനെയെങ്കിൽ ഇനി ശ്രീബാലയെപ്പറ്റി പറയ്യ്. ഞാനുമറിയട്ടെ "

    "ഞാൻ പറഞ്ഞറിഞ്ഞതിനേക്കാളേറെയാണോ? " ലൈലയുടെ ശബ്ദം അവർക്കിടയിലേക്ക് വിന്യസിച്ചു. "ഇവിടെ നിന്നു സംസാരിച്ചു തന്നെ എല്ലാം പറഞ്ഞു തീർക്കണോ? "

   ശ്രീബാല അത്ഭുതത്തോടെ ലൈലയെ നോക്കി.  " എന്നെപ്പറ്റി ലൈലാക്ക എപ്പോ....? "

  ലൈലയും കിച്ചാമണിയും ചിരിച്ചു കൊണ്ട് പരസ്പരം നോക്കി. 

     "ഇവന്റെ കഥ നിന്നോട് പറഞ്ഞതിനു ശേഷം, ഉത്സവക്കാഴ്ച കാണാൻ ഞാനിറങ്ങിയപ്പോഴാ ആള് എന്റെ കൂടെ കൂടിയത്. പേരിനൊരു വിശേഷം ചോദിക്കലൊക്കെ നടത്തി നേരേ നിന്നെപ്പറ്റിയുള്ള അന്വേഷണത്തിലാ ആ കണ്ടുമുട്ടല് ചെന്നെത്തിയത്..

     .... ലൈലാക്കയോട് സംസാരിച്ചു നിന്ന കുട്ടിയേതാണെന്ന്. ഞാനൊരു ചെറിയ വിശദീകരണവും കൊടുത്തു. നിന്നെക്കുറിച്ച് ഇവനും അറിയട്ടെയെന്നു കരുതി. പക്ഷേ, നിന്നോട് ഇവനെപ്പറ്റി പറഞ്ഞതു പോലെ ഒരുപാടൊന്നും പറഞ്ഞിട്ടില്ല... "

     "ഒരു മലയാള സൗഹൃദം കൂവാഗത്തുരുവാകട്ടെ ലൈലാക്ക " കിച്ചാമണി മന്ദഹസിച്ചു.  അയാളുടെ കണ്ണുകൾ ശ്രീബാലയുടെ കണ്ണുകളിൽ കോർത്തുടക്കി. 

     "രാവിങ്ങനെ നീണ്ടു പോകില്ല " ലൈല എന്തോ ഓർമപ്പെടുത്തും പോലെ പറഞ്ഞു.  

     "ബാല ഇവിടെ പുതിയതാ. പക്ഷേ നീ അങ്ങനെയല്ല "

      "ശ്രീബാലയ്ക്ക് ഈ നാട് പുതിയതായിരിക്കാം. ഒപ്പം ഇവിടുത്തെ ആചാരങ്ങളും വിശ്വാസങ്ങളും. പക്ഷേ ഇന്നാട്ടുകാരനായിട്ടും ഈ ആചാരങ്ങളൊക്കെ എനിക്കും അന്യമായിരുന്നു ഇന്നുവരെ. ഇക്കൊല്ലം ഉത്സവം തുടങ്ങിയപ്പോഴേ ഒന്നു തീരുമാനിച്ചിരുന്നു. ഇത്തവണ കോവിലിലെ ഉത്സവം ജീവിതത്തിലൊരു പുതിയ അനുഭവത്തിന്റെ സാക്ഷ്യമാകണമെന്ന്... " 

      കിച്ചാമണിയുടെ നോട്ടം വീണ്ടും ശ്രീബാലയിലേക്ക് നീണ്ടു. ഒരു നേർത്ത പുഞ്ചിരിയോടെ പെട്ടെന്നവൾ തല കുനിച്ചു. 

                                      🔹    

         കൂത്താണ്ടർ കോവിലിനുള്ളിലെ ദീപപ്രഭ ജനലിലൂടെ മുറിക്കുള്ളിലേക്കും പ്രവേശിച്ചു. മുറിക്കുള്ളിലെ നിശബ്ദതയിൽ ശ്രീബാലയും കിച്ചാമണിയും പരസ്പരം ഒന്നും മിണ്ടാതെയിരുന്നു. നിമിഷങ്ങളുടെ ചലനം ദ്രുതഗതിയിലാണെന്ന് തോന്നിത്തുടങ്ങിയപ്പോൾ കിച്ചാമണി ആ നിശബ്ദത ഭംഗിച്ചു. 

      "ശ്രീബാലയുടെ വീട്ടിൽ ആരെല്ലാമുണ്ട് ? "

    ചോദ്യം പ്രതീക്ഷിക്കാത്തതായതു കൊണ്ട് അവൾ വിസ്മയത്തോടെ കിച്ചാമണിയുടെ മുഖത്തേക്ക് നോക്കി. പിന്നെ പറഞ്ഞു ;

    "അച്ഛൻ അമ്മ ചേട്ടൻമാർ പിന്നെയൊരു പെങ്ങളും "

    "ഇത്രയും വലിയ കുടുംബമാണോ?"  കിച്ചാമണി ആശ്‌ചര്യം പ്രകടിപ്പിച്ചു. "എന്നിട്ടും ആരുമെതിർത്തില്ലേ, തന്റെയീ മാറ്റത്തെ? "

   ആ ചോദ്യവും അവൾ പ്രതീക്ഷിച്ചതായിരുന്നില്ല. 

     "എതിർപ്പ്.. വഴക്ക്.. ഭീഷണി, ഒടുവിൽ വീടിനു പുറത്തേക്കുള്ള വഴി തുറന്നു തന്നു. ഞാൻ പോന്നു.  ശ്രീബാലയുടെ സ്വരത്തിൽ കനം തൂങ്ങി. 

      "പിന്നെ തിരിച്ചു ചെന്നിട്ടുണ്ടോ വീട്ടിലേക്ക്? "

      "മ്മ്...ഒരിക്കൽ. മക്കളെ മൂന്നായി ചുരുക്കി, മൂന്നാമത്തെ മകൻ മരിച്ചതായി പ്രഖ്യാപിച്ച അച്ഛൻ കാണാൻ കൂടി കൂട്ടാക്കിയില്ല. കൂടപ്പിറപ്പ് വീടും നാടും ഉപേക്ഷിച്ചു പോയതായി കണ്ടോളാമെന്ന് പറഞ്ഞ് സഹോദരങ്ങളും അവഗണിച്ചു. 

    .. പക്ഷേ അമ്മ... അവരിലാരുടെ തീരുമാനത്തിനൊപ്പമായിരുന്നെന്ന് എനിക്ക് മനസിലായില്ല. അടുത്തു ചെന്നിട്ടും എന്റെ മുഖത്തേക്കൊന്നു നോക്കിയില്ല. മുഖം തിരിച്ചിരുന്ന് കരയുന്നതിനിടയിൽ 'അമ്മയെ നീ മറന്നൂല്ലോ കിച്ചൂ'ന്ന് മാത്രം പറഞ്ഞു. പോകാൻ നേരം തടഞ്ഞില്ല. കരച്ചില് മാത്രം... "  

     ശ്രീബാലയുടെ ശബ്ദമിടറി. കൺകോണിൽ നനവ് പടർന്നു. 

      കിച്ചാമണി പരുങ്ങലോടെ അവളെ നോക്കി. അവൾ കരഞ്ഞു പോകുമോയെന്ന് അയാൾ ശങ്കിച്ചു. അവളുടെ മാനസികനില മാറ്റാനായി പിന്നെയുള്ള ശ്രമം. 

       "ങ്ഹാ അതുപോട്ടെ. എന്താ ശ്രീബാലയുടെ പഴയ പേര്? അന്നും ഇയാളിത്ര സുന്ദരനായിരുന്നോ കാണാൻ. കാരണം, ആരും കണ്ടാൽ ഇഷ്ടപ്പെട്ടു പോകും തന്നെയിപ്പോ. അപ്പോപ്പിന്നെ ശ്രീബാലയാകുന്നതിനു മുമ്പും സുന്ദരനായിരിക്കാനാണ് സാധ്യത. പഴയ ഫോട്ടോയുണ്ടോ കൈയ്യില്. ബാലയുടേം കുടുംബത്തിന്റേം "

       ശ്രീബാലയുടെ കണ്ണുകൾ വിടർന്നു. കിച്ചാമണി 'ബാല' എന്ന് വിളിച്ചതും അവളുടെ ഹൃദയം എന്തെന്നില്ലാതെ തുടിതുടിച്ചു. 

      അയാളുടെ തുടരെത്തുടരെയുള്ള ചോദ്യങ്ങൾ ആസ്വദിച്ചിരിക്കവെയാണ്, അങ്ങനെയൊരു വിളി കാതിലെത്തിയത്. അതുവരെയില്ലാതിരുന്ന മനോബലം 'ബാല' എന്ന ഒരു ഉച്ചാരണത്തിലൂടെ അവൾക്ക് ആയിരം ഇരട്ടിയായി കിട്ടിയത് പോലെ തോന്നി. 

      ഒപ്പം, കിച്ചാമണി അവളെക്കുറിച്ചു മാത്രമല്ല അവൾക്കു പ്രിയപ്പെട്ട കുടുംബത്തെക്കുറിച്ചും അന്വേഷിക്കുന്നു. ഇതുവരെ അധികമാരും തിരക്കാത്ത കാര്യങ്ങൾ. ലൈലയെപ്പോലെയും കാഞ്ചനയെപ്പോലെയും അടുപ്പമുള്ളവരോട് മാത്രം പറഞ്ഞിരുന്ന കാര്യങ്ങൾ. ശ്രീബാലയുടെ  ചുണ്ടിൽ നിറപുഞ്ചിരി വിടർന്നു. 

       മേശമേലിരുന്ന ഹാൻഡ്ബാഗുമായി അവൾ കിച്ചാമണിയ്ക്കരികിൽ വന്നിരുന്നു. ബാഗ് തുറന്ന് അതിനുള്ളിൽ നിന്നും ചെറിയ ഒരു ഡയറി പുറത്തേക്കെടുത്ത് കിച്ചാമണിയെ നോക്കി. അവളുടെ ചെയ്തികൾ നോക്കിയിരുന്നതല്ലാതെ അയാളൊന്നും ശബ്ദിച്ചില്ല. 

       മായാത്ത ചിരിയോടെ ഡയറി തുറന്ന് ഓരോ താളുകളായ് മറിച്ചു തുടങ്ങിയ ശ്രീബാലയുടെ വിരലുകളും കണ്ണുകളും ഏതാനും പേജുകൾക്കപ്പുറം ഫോട്ടോ പതിച്ച ഒരു താളിൽ നിശ്ചലമായ്. കിച്ചാമണി അവളുടെ മുഖത്തേക്കും ഡയറിത്താളിലെ ഫോട്ടോയിലേക്കും മാറി മാറി നോക്കി. 

                                      🔶

                                                              (തുടരും)