©️Copyright Protected
...........
മുട്ടിനു താഴെ വരെയുള്ള ട്രൗസർ, വെള്ള ഷർട്ടിനു മേലെ ജീൻസിന്റെ കരിംനീല കോട്ട്. ചെമ്പൻ നിറമാർന്ന തലമുടിയും താടി രോമങ്ങളും. കണ്ണുകൾക്ക് കവചമായി വച്ചിരിക്കുന്ന കണ്ണട. കൈയിൽ ക്യാമറ.ചുമലിൽ തൂക്കിയിട്ടിരിക്കുന്ന ബാഗ്.
ശ്രീബാല ഞൊടിയിടയിൽ തന്നെ, മുന്നിൽ വന്നു നിന്ന വിദേശിയായ അപരിചിതനെ നോക്കി കണ്ടു. ഒറ്റ നോട്ടത്തിൽ കാഞ്ചനയുടെ ആരാധ്യ ക്രിക്കറ്റ് താരമായ ഡാനിയേൽ വെട്ടോറിയെ പോലെയുണ്ട്. മുറിയിലെ ചുമരിലാകമാനമുള്ള കാഞ്ചനയുടെ ആരാധ്യ താരങ്ങളുടെ ചിത്രങ്ങളിൽ നിന്നും ന്യൂസിലാൻഡ് ക്രിക്കറ്റ് താരത്തിന്റെ മുഖം ശ്രീബാല ഓർത്തെടുത്തു.
ഒരു അഭിസംബോധന എന്ന പോലെ വിദേശി നമസ്ക്കാരം പറയുന്ന മട്ടിൽ കൈകൾ കൂപ്പി നിശബ്ദനായി തല ഒന്നു കുനിച്ചു. അന്ധാളിപ്പോടെ ശ്രീബാല അയാളെ തന്നെ നോക്കി നിന്നു.
"ഹിസ് നെയിം ഈസ് ആൽബെർട്, ഹീ ഫ്രം കാനഡ.....
മറ്റൊരു ശബ്ദം അവർക്കിടയിലേക്ക് നുഴഞ്ഞു വന്നു. ശ്രീബാല തല വെട്ടിത്തിരിച്ചു നോക്കി.
നീളം കുറഞ്ഞ ഒരു മധ്യവയസ്കൻ വിദേശിക്ക് ഒപ്പം നിൽക്കുന്നു.
"അയാം ഷണ്മുഖൻ. ടൂറിസ്റ്റ് ഗൈഡ്. ദിസ് സാർ ഈസ് ഏ...... ' സ്വന്തം ഇംഗ്ലീഷിൽ പരിക്ഷീണിതനായിട്ടെന്ന പോലെ അയാൾ ശ്രീബാലയെ ദയനീയമായി നോക്കി ; "ഉങ്കളുക്ക് തമിഴ് തെരിയുമാ? "
അവൾ അറിയാമെന്നു തല കുലുക്കുക മാത്രം ചെയ്തു.
"കടവുളേ നൻഡ്രി.... അമ്മാ ഇവർ ആൽബർട്ട്. പെരിയ ഫോട്ടോഗ്രാഫർ. കാനഡ താൻ ഊര്. സാർ ഉങ്ക ഫോട്ടോ എടുക്കിറതുക്ക് താൻ വന്തേ... " ഒറ്റ ശ്വാസത്തിൽ അത്രയും പറഞ്ഞു കൊണ്ട്, അയാൾ മുറുക്കി ചുവന്ന പല്ലുകൾ വെളുക്കെ കാട്ടി ചിരിച്ചു.
"എന്റെ ഫോട്ടോ എതുക്ക് ? "
"അതുവാ നീങ്ക താനേ ഇന്ത വർഷം അഴക് റാണി. മിസ് കൂവാഗം. സാർ ഊരിലെ പെരിയ പത്രക്കാറർ.... ന്യൂസ്പേപ്പർ ഇല്ലേ.. അതു താൻ. അതുക്ക് വേണ്ടി താൻ.. "
"സാർ എന്ന സൈലന്റ് "
ശ്രീബാലയുടെ ചോദ്യം കേട്ടതും, നിശബ്ദനായി നിന്ന ആൽബർട്ട് തന്റെ ഇടതു കൈ ഉയർത്തി വായ്ക്കുമേലെ വെച്ച് എന്തോ ആംഗ്യം കാട്ടി. അവൾ അമ്പരപ്പോടെ ഗൈഡിനെ നോക്കി.
"അവര് പേസാത്. ഊമ."
നൊമ്പരത്തോടെ ശ്രീബാല ആൽബർട്ടിനെ നോക്കി. അയാൾ ചിരിച്ചു കൊണ്ട് അവളെത്തന്നെ നോക്കി നിൽക്കുകയായിരുന്നു.
"സോറി.... "തെറ്റ് ചെയ്തത് പോലെ അവൾ ക്ഷമ ചോദിച്ചു. പിന്നെ അയാൾ നേരത്തെ നൽകിയ അഭിസംബോധന മറന്നിട്ടില്ലെന്ന പോലെ കൈകൾ കൂപ്പി തിരിച്ച് നമസ്കാരം പറഞ്ഞു.
അൽബർട്ടിന്റെ കണ്ണുകൾ വിടർന്നു.
അയാൾ അവളോട് ആംഗ്യത്തിൽ എന്തൊക്കെയോ പറഞ്ഞു. തിരിച്ച് അവൾ നന്ദി പറഞ്ഞതും, ഗൈഡ് ആശ്ചര്യത്തോടെ ചിരിച്ചു.
"സാറെന്നമ്മാ സൊല്ലുത്... " ഷണ്മുഖൻ ജിജ്ഞാസയോടെ ചോദിച്ചു.
"അത്.... മിസ് കൂവാഗം ആയതുക്ക് വിഷ് സൊന്നത് ..."
"എന്നമ്മാ സൊല്ലുറത്, ഇംഗ്ലീഷ് കഷ്ടം ആണതിനാലേ ടൂറിസ്റ്റാ പേസ മുടിയാത്ത ആളെ കെടച്ചപ്പോ പെരിയ തൊല്ല ഇല്ലേന്ന് നിനച്ചേ. ആണാ, പേസ മുടിയാതത് താൻ പെരിയ കഷ്ടോന്ന് ഇന്നക്ക് ഒരു നാളിലെ പുരിഞ്ചത്....കടവുളേ " ഷണ്മുഖന്റെ ദൃഷ്ടി കോവിലിനു നേർക്ക് നീണ്ടു.
ആൽബർട്ട് വീണ്ടും ശ്രീബാലയോട് എന്തോ പറഞ്ഞു. അവൾ 'ഓക്കേ' എന്ന് സമ്മതിച്ചു. പിന്നെ ഫോട്ടോയ്ക്ക് പോസ്സ് ചെയ്യും വിധത്തിൽ നിന്നു. രണ്ടു മൂന്നു സ്റ്റിൽ എടുത്തതിനു ശേഷം അയാൾ ക്യാമറ അവൾക്കു നേരേ നീട്ടി എടുത്ത ചിത്രങ്ങൾ കാണിച്ചു കൊടുത്തു.
നിറഞ്ഞ ചിരിയോടെ അവൾ ആൽബർട്ടിനെ നോക്കി.
ഒരു നേർത്ത പുഞ്ചിരിയോടെ അയാൾ വീണ്ടുമെന്തോ ആംഗ്യം കാണിച്ചു. പിന്നെയുമെന്തോ പറയാൻ തുടക്കമിട്ടെങ്കിലും ഒരു കുട്ടിയുടെ അങ്കലാപ്പോടെ തന്റെ മൗനത്തിനു മേലെയും മൂകനായി മാറി.
"സാർ ഇപ്പൊ എന്നമ്മാ സൊന്നെ ? "
"അത് ...നാൻ റൊമ്പ അഴകായിരുക്കെന്ന് "
"വേറെ ഏതോ കൂട സാർ സൊല്ല വന്തതേ.. " ഷണ്മുഖൻ ആൽബർട്ടിനെ ഉറ്റു നോക്കി.
ആൽബർട്ടിന്റെ കണ്ണുകൾ ശ്രീബാലയിൽ പതിഞ്ഞിരുന്നു. അയാൾക്ക് അവളോട് എന്തോ ഒന്ന് പറയാനുണ്ടെന്ന് തോന്നും ആ നിൽപ്പ് കണ്ടാൽ.
"സാർ വാട്ട്.... ?
എന്തു പറയും, എങ്ങനെ പറയും എന്നറിയാത്തവനെപ്പോലെ ആൽബർട്ട് പരുങ്ങി.
ഷണ്മുഖന്റെ ചുണ്ടിൽ എന്തോ അർത്ഥം വെച്ച ചിരി നിറഞ്ഞു.
"സാർ.... യൂ ലൈക് ഹെർ.... അല്ലിയാ. ഐ അണ്ടർസ്റ്റാൻഡ്....
ആൽബർട്ട് ഷണ്മുഖനോട് പ്രതികരിക്കാതെ ശ്രീബാലയുടെ മുഖത്തേക്ക് നോക്കി. അവളുടെ മിഴികൾ മറ്റെവിടേക്കോ പറിച്ചു നട്ടിരുന്നു ആ നിമിഷം. അവളുടെ മുഖത്ത് പെട്ടെന്നുണ്ടായ മാറ്റം ആൽബർട്ട് ശ്രദ്ധിച്ചു.
കണ്ണുകൾക്ക് തിളക്കം കൂടി, ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിക്ക് നൂറഴക്. കവിളുകൾ ചുവന്നു തുടുത്തു. ആരാലോ നിയന്ത്രിക്കപ്പെട്ട പോലെ അവൾ ഒരു ചുവടു മുന്നോട്ടു വച്ചു.
"കിച്ചാമണി..... " അവളുടെ ചുണ്ടുകൾ മെല്ലെ മന്ത്രിച്ചു.
തൊട്ടു മുന്നിൽ നിന്ന ആൽബർട്ട് അമ്പരപ്പോടെ ഒരു വശത്തേക്ക് ഒഴിഞ്ഞു മാറി. പിന്നെ തിരിഞ്ഞു ശ്രീബാലയുടെ നോട്ടം പതിഞ്ഞിടത്തേക്ക് നോക്കി.
ഒരു ചെറുപ്പക്കാരൻ അവർക്കരികിലേക്ക് നടന്നടുക്കുന്നുണ്ടായിരുന്നു. മന്ദസ്മിതത്താൽ ശോഭിതമായ അയാളുടെ മുഖം എവിടെയോ കണ്ടു മറന്നത് പോലെ ആൽബർട്ടിനു തോന്നി. ഒരുപാട് ചിന്തിച്ചു മിനക്കെടും മുമ്പേ ഓർമയിൽ തികട്ടി വന്നു, മിസ് കൂവാഗം മത്സരത്തിനിടയിൽ ശ്രീബാലയുടെ ഓരോ വരവിനും പാട്ടിലൂടെ പുതുമ നൽകിയ ചെറുപ്പക്കാരനെ.
ആൽബർട്ട് മിഴികൾ താഴ്ത്തി. അയാളുടെ മൊഴികൾ മാത്രമല്ല, മിഴികളും ആ നിമിഷം മൂകമായി. അയാൾ ഒരിക്കൽ കൂടി അവളുടെ മുഖത്തേക്ക് നോക്കി. അവളുടെ ദൃഷ്ടിയിൽ മറ്റാരും ഇനിയില്ലെന്ന് മനസ്സിലാക്കിയിട്ടെന്ന പോലെ ആൽബർട്ട് തിരിഞ്ഞു നടന്നു.
ശ്രീബാലയും കിച്ചാമണിയും പരസ്പരം പുഞ്ചിരി സമ്മാനിച്ചു കൊണ്ട് നേർക്കു നേർ നടന്നു വന്നു നിന്നു.
🔹
"എന്താ ലൈലാ എന്തുപറ്റി..? "
ലൈലയുടെ നോട്ടമപ്പോഴും ശ്രീബാലയിലായിരുന്നു. കാഞ്ചനയുടെ ശ്രദ്ധയും അവളിലേക്ക് നീണ്ടു.
" അവളെക്കുറിച്ചാലോചിക്കുമ്പോ... ആ മനസ്സ് എന്റേതോ നിന്റേതോ പോലെയല്ല കാഞ്ചീ... അതാണെനിക്ക്.. " ലൈലയുടെ കണ്ണുകളിൽ നനവൂറി. നിറഞ്ഞു തുളുമ്പിയ വാത്സല്യം പോലെ ശ്രീബാലയിൽ തന്നെ അത് കുരുങ്ങി നിന്നു.
കാഞ്ചന ചിരിയോടെ ലൈലയുടെ ചുമലിൽ കൈയിട്ടു.
"നിങ്ങളവളെ അവളുടെ വഴിക്ക് വിട്. എല്ലാ കയ്പ്പും മധുരവും തള്ളലും തഴുകലും പുണരലും പൊള്ളലും അവൾ അനുഭവിച്ചു തന്നെ അറിയട്ടെ.
അവളൊരു പട്ടമല്ല, ഒരു നൂലിൻ തുമ്പത്തും ബന്ധനസ്ഥയായി കിടക്കാൻ. പറക്കട്ടെ.. പറവയെപ്പോലെ. കഴിയുന്നത്ര പൊക്കത്തിൽ, ദൂരത്തിൽ. തളരുമ്പോ തണലു നൽകാൻ നമ്മള് താഴെയുണ്ടായാ മതി. അതല്ലേ നല്ലത് "
"തളരുമ്പോ താങ്ങുന്നതിനേക്കാളും നല്ലത്, തളരാതെ കൈ പിടിച്ചു നടത്തുന്നതല്ലേ "
"പക്ഷേ തനിച്ചു നടക്കാനാഗ്രഹിക്കുന്നവരുടെ, മുന്നോട്ടു കുതിക്കാനായുന്നവരുടെ കൈകൾ വിടുക തന്നെ വേണം ലൈലാ. ഇല്ലെങ്കിലാ വിരലുകൾ നമുക്ക് നേരെ തന്നെ ഉയരും "
ലൈലയുടെ കണ്ണുകൾ കാഞ്ചനയുടെ മുഖത്ത് നങ്കൂരമിട്ടു. കേട്ടതൊക്കെ ശരി വയ്ക്കും പോലെ തലയാട്ടിക്കൊണ്ട് ചെറു നിശ്വാസവും അവരിൽ നിന്നുമുയർന്നു.
🔶
(തുടരും)

നന്നായിട്ടുണ്ട് ചേച്ചി...
മറുപടിഇല്ലാതാക്കൂWaiting for next part.