2020 സെപ്റ്റംബർ 12, ശനിയാഴ്‌ച

അറവാണി [ഭാഗം -1️⃣4️⃣]


©️Copyright Protected

........................

       കോവിലിനുള്ളിലെ ഉത്സവത്തിന്റേതായ അവശേഷിപ്പുകൾക്കിടയിൽ ശ്രീബാല കണ്ണുകളടച്ച് കൈകൾ കൂപ്പി നിന്നു.

      'എന്നുമെന്നും അരവാന്റെ അറവാണിയാകാൻ കഴിഞ്ഞിരുന്നെങ്കിൽ...

     കണ്ണു തുറന്ന് ശ്രീകോവിലിനുള്ളിലേക്ക് ഒരു  ഞൊടി നോക്കി നിന്നതിനു ശേഷം അവൾ തിരിഞ്ഞു. ലൈലയുടെ മുഖമാണ് ദൃഷ്ടിയിൽ പതിഞ്ഞത്. കൊടിയ വേദനയെ കണ്ണിലൊളിപ്പിച്ചു നിൽക്കുന്ന ലൈല.

       "പോകാം.. " അടഞ്ഞ ശബ്ദത്തിൽ ലൈല പറഞ്ഞു.

    അനുസരണയുള്ള കുട്ടിയെപ്പോലെ തലയാട്ടിക്കൊണ്ട് ശ്രീബാല പരിസരമൊന്നാകെ വീക്ഷിച്ചു.

     എന്താണെന്ന് ലൈല ചോദിച്ചില്ല. ഇവിടെ നിന്നും പോകുന്നതിനെക്കുറിച്ചല്ലാതെ മറ്റൊന്നിനെപ്പറ്റിയും അവളോട് സംസാരിക്കില്ലെന്ന് അവർ തീർച്ചപ്പെടുത്തിയിരുന്നു.

       "കിച്ചാമണിയെ കണ്ടില്ലല്ലോ ലൈലാക്കാ... രാവിലെ ഉണർന്നതു മുതൽ തെരയുവാ ഞാൻ.... " ചിതറിക്കിടക്കുന്ന  ആൾക്കൂട്ടത്തിലേക്ക് കണ്ണയച്ച് അവൾ പരാതിപ്പെട്ടു.

        "കിച്ചാമണിയെ ശരിക്കുമങ്ങ് ബോധിച്ചൂന്ന് തോന്നുന്നല്ലോ നായികയ്ക്ക്.. " കാഞ്ചനയുടെ മുഖത്ത് കുസൃതി നിഴലാടി. തുടർന്നെന്തോ പറയാൻ ഭാവിച്ച അവളുടെ വായ് മൂടിക്കൊണ്ട് ലൈലയുടെ നോട്ടവും ശ്രീബാലയുടെ നേർക്കുള്ള ചോദ്യവും ഒരുമിച്ചുയർന്നു.

      "എന്തിനാ അവനെ കാണുന്നേ? "

      "യാത്ര പറയണ്ടേ... വേണം പറയണം. പറഞ്ഞിട്ട് പോകാം ലൈലാക്കാ. ഇനിയെന്നാ കാണുന്നേ. കിച്ചാമണി വരാതിരിക്കില്ല.. "

      സഹാനുഭൂതിയോടെ ലൈല അവളുടെ മുഖത്തേക്ക് നോക്കി.

      "അവൻ വരില്ല... " സെലീന ഉറച്ച സ്വരത്തിൽ പ്രഖ്യാപിച്ചു.

      "അവന്റ കൂട്ടുകാരനെ പാമ്പ് കടിച്ചു. പുലർച്ചെ. പൊക്കിക്കൊണ്ടു പോയ കൂട്ടത്തിൽ അവനുമുണ്ടായിരുന്നു "

      "അതു നീയെങ്ങനറിഞ്ഞു !!? " ലൈല തിരക്കി.

      "കടിയേറ്റതേ..,  എന്റെ മണവാളനാ " ചുണ്ടിലെ ചിരി മായാതെ സെലീന അതു പറഞ്ഞതും,  ശ്രീബാലയുടെ മുഖം വാടി.
 
     "എന്നിട്ടും നിനക്ക് സങ്കടമില്ലേ !!"

       "എന്തിന് ! അയാള് ചാകത്തയൊന്നുമില്ലെടീ.. ആ കൊത്തിയതിനേക്കാളും കൂടിയ വിഷമുള്ളവനാ. വാക്കും മനസ്സും ദുഷിച്ച മനുഷ്യൻ മൂർഖനേക്കാളും വിഷമുള്ളോനാ " പറഞ്ഞു തീരവേ സെലീനയുടെ ചുണ്ടിലെ ചിരിയും മറഞ്ഞു.

     "അതുകൊണ്ടായിരിക്കും പാമ്പവനെ വീട്ടിൽ കേറി കൊത്തീത്. ഇനിയാ പാമ്പ് ചത്തിട്ടുണ്ടാകുമോ എന്തോ.. " മാധുരിയുടെ അഭിപ്രായം ഉടനടി വന്നതും സെലീന ചിരിച്ചു.

    "അതിനെന്റെ മണിയറ വീടായിരുന്നില്ലല്ലോ "

     "പിന്നെ ! "

        "കരിഞ്ഞുണങ്ങിയ ഒരു വയലായിരുന്നു എന്റെ മണിയറ. കൂരിരുളായിരുന്നു അതിന്റെ ചുമരുകൾ. കരിയിലകൾ മെത്തയും. ഉഷ്ണമകറ്റാൻ കാറ്റും, കാവലിന് മിന്നാമിനുങ്ങുകളും ആവോളം. പിന്നേ... "
ആലോചനാ ഭാവത്തിൽ അവൾ നിൽക്കവേ, കോലാർന്ന അവളുടെ മുടിയിഴകൾക്കിടയിൽ  പൊങ്ങി നിന്ന കരിയിലക്കഷണം പത്മിനി എടുത്തു കളഞ്ഞു. 

       നനഞ്ഞൊട്ടിയ മുടിയിഴകൾക്കിടയിൽ ഉപേക്ഷിക്കാനാകാത്ത ഓർമ്മകൾ പോലെ ഇലപ്പാടുകൾ അപ്പോഴും അവശേഷിച്ചു.

      "മതി.. മതി അവൾടെ ഒരു സാഹിത്യ വർണന. വാ പുറപ്പെടാം. " ലൈല തിടുക്കം കൂട്ടി.

       ശ്രീബാല പരിസരമൊന്നാകെ ഒരിക്കൽ കൂടി വീക്ഷിച്ചു.

       "പോകാം " ലൈലയുടെ ശബ്ദം വീണ്ടും. അവർ അവളുടെ കൈപ്പത്തിയിൽ തന്റെ വിരലുകളമർത്തി.

       മിഴികളും മൊഴികളും  ഒരു നിമിഷം മൗനം പൂണ്ടതു പോലെ ശ്രീബാല നിന്നു. പിന്നെ നെടുവീർപ്പോടെ ലൈലയുടെ കൈപ്പിടിയിൽ നിന്നും സ്വന്തം കൈ വേർപെടുത്തി കൊണ്ട് പറഞ്ഞു ; "പോകാം "

     ആ  വാക്ക്  സൃഷ്ടിച്ച ഭാരം കൊണ്ടെന്നെ പോലെ,  കൂമ്പിയ മിഴികളോടെ ലൈലയ്ക്കു മുഖം കൊടുക്കാതെ അവൾ കൂത്താണ്ടർ കോവിലിനു പുറത്തേക്കു നടന്നു.

                                   🔸

           കച്ചവടക്കാരിൽ ഏറെക്കുറെ തങ്ങളുടെ കെട്ടു മുറുക്കി മടക്ക യാത്രയ്ക്കുള്ള അവസാനവട്ട ഒരുക്കത്തിലാണ്. ഉത്സവത്തിന്റെ അവശേഷിപ്പുകൾക്കിടയിൽ വീണ്ടുമാരെയൊക്കെയോ പ്രതീക്ഷിച്ച് കച്ചവടക്കണ്ണുമായി ഇരിക്കുന്നവരെ നോക്കി ശ്രീബാല നടന്നു.

      പെട്ടെന്നവളുടെ ശ്രദ്ധ അപ്രതീക്ഷിതമായ ഒരു കാഴ്ചയിൽ ചെന്നു പതിച്ചു.

      ഇലകളധികവും പൊഴിഞ്ഞു പോയ ഒരു മരത്തിന്റെ ചില്ലകളിൽ തൂങ്ങിയാടുന്ന താലിച്ചരടുകൾ. ഉപേക്ഷിക്കപ്പെട്ട നിസ്സഹായാവസ്ഥയിൽ മരണം വരിച്ചതു പോലെ, പുതുമ മാറാത്ത മഞ്ഞച്ചരടുകൾ ചായാനൊരു നെഞ്ചില്ലാതെ കാറ്റിന്റെ താളത്തിൽ ആടിയുലയുന്നു. മനസ്സിനെ അസ്വസ്ഥമാക്കുന്ന കാഴ്ച കണ്ടതു പോലെ പെട്ടെന്നവൾ ദൃഷ്ടി നിലത്തേക്കൂന്നി നടന്നു.

       ഒരു ചുവട് മുന്നോട്ടു വയ്ക്കാനാഞ്ഞ കാൽപ്പാദം പെട്ടെന്ന് പിൻവലിച്ചു കൊണ്ട് ശ്രീബാല പിന്നിലേക്ക് മാറി. ലൈല നിലത്തേക്ക് നോക്കി. മണ്ണിൽ പുരണ്ടു കിടക്കുന്ന താലിച്ചരട്.

      "ഓ, ഇതാരോ ഉപേക്ഷിച്ചു പോയതാ. എന്തായാലും ചവിട്ടിയില്ലല്ലോ. ങ്ഹും, ഇനിയുമെത്ര കാണും ഉപേക്ഷിക്കപ്പെട്ട നിലയിൽ. ഒരു ദിവസം മാത്രമുള്ള ദാമ്പത്യവും അതോടെ ആയുസ്സവസാനിക്കുന്ന താലിയും "

      മറുപടിയൊന്നും പറയാതെ ശ്രീബാല ഇറുക്കി മടക്കി വച്ചിരിക്കുന്ന തന്റെ വലതു കൈ വെള്ളയിലേക്ക് പാളി നോക്കി. ഒന്നുകൂടി  ബലമായി കൈവിരലുകൾ മുറുക്കെ അടച്ച്,   ഒരു  നിശ്വാസത്തോടെ വണ്ടിയ്ക്കരികിലേക്ക് നടന്നു. പിന്നീടൊന്നിലേക്കും അവളുടെ ശ്രദ്ധ നീണ്ടില്ല.

                                       🔸

       ഓരോരുത്തരായി വണ്ടിക്കുള്ളിലേക്ക് കയറി. ഏറ്റവും ഒടുവിലായി നിന്ന ശ്രീബാല, ഒരിക്കൽ കൂടിയെന്ന പോലെ തിരിഞ്ഞു നോക്കി.

        ശില്പചാരുതയും ആഢ്യത്വവും ഒന്നുമില്ലാത്ത കൂത്താണ്ടർ കോവിൽ മൂകസാക്ഷി കണക്കെ നിൽക്കുന്നു. മനസ്സിൽ ആ കാഴ്ചയൊരു ചിത്രമായി പ്രതിഷ്ഠിച്ചു കൊണ്ട് അവൾ ചുറ്റിനും നോക്കി. കണ്ണുകൾ ഞൊടിയിടയിൽ  പരിസരമാകമാനം ചികഞ്ഞു. പെട്ടെന്നൊരു കാഴ്ചയിൽ മിഴിയുടക്കി.

          കാഞ്ചനയുടെ ആരാധ്യ താരത്തിന്റെ മുഖമുള്ള ആൽബർട്ട്. തലേന്ന് പരിചയപ്പെട്ടിടത്തു തന്നെ അയാൾ നിൽക്കുന്നു. കുനിഞ്ഞ ശിരസ്സോടെ,  ഒരു നിശ്ചല ഛായാ ചിത്രം പോലെ. അതേ വേഷം.    അയാളുടെ ദൃഷ്ടിയിൽ അവൾ പതിഞ്ഞിരുന്നില്ല.

          ആ കാഴ്ച അവഗണിച്ചു കൊണ്ട്, തന്നെ ചൂഴ്ന്ന നിരാശയോടെ അവൾ വണ്ടിക്കുള്ളിലേക്ക് കയറി.

       മൺപാതയിലൂടെ പരസ്പരം തൊട്ടുരുമ്മിയെന്നവണ്ണം വാഹനങ്ങൾ ഓരോന്നായി യാത്ര തുടർന്നു.

        ഏറെ മുന്നിലെത്തിയ വണ്ടിക്കുള്ളിൽ നിന്നും ശ്രീബാല ഒരു പിൻനോട്ടമയച്ചു. കൂത്താണ്ടർ കോവിലും കൂവാഗവും കിച്ചാമണിയുമെല്ലാം അകന്നകന്നു പോവുകയാണെന്ന് അവൾക്കു തോന്നി. പിന്നെ തിരിഞ്ഞ് സീറ്റിലേക്ക് തല ചായ്ച്ചു കിടന്നു. വീശിയടിച്ച ചൂടു കാറ്റുണർത്തിയത്  കൂവാഗത്തിന്റെ യാത്രാമൊഴിയാണെന്ന് അവൾ വെറുതെ സങ്കല്പിച്ചു.

          കൂവാഗത്തേക്കുള്ള യാത്രയിൽ വണ്ടിയിൽ അലയടിച്ചിരുന്ന സന്തോഷാരവം മടക്കയാത്രയിൽ ഉൾവലിഞ്ഞിരിക്കുന്നു. കാറ്റു മാത്രം എല്ലാവരോടും നൊമ്പരങ്ങൾ  പങ്കിടുന്നതു പോലെ.

       മുഖം തഴുകി കടന്നു പോയ കാറ്റ് പകർന്നു  നൽകിയിട്ടെന്ന പോലെ ശ്രീബാലയുടെ കൺകോണിൽ നീർ പൊടിഞ്ഞു. കണ്ണു തുടച്ചു കൊണ്ടവൾ വലതു കൈവെള്ള പതിയെ തുറന്നു. മഞ്ഞച്ചരടിൽ കോർത്ത താലി തളർന്നു കിടക്കുന്നു. ആരും കാണാതെ ബാഗിനുള്ളിലേക്കത് ഭദ്രമായി ഒതുക്കി വച്ചു കൊണ്ട് അവൾ നെടുവീർപ്പിട്ടു.

                                                            (തുടരും)



   

     

2 അഭിപ്രായങ്ങൾ: