©️ Copyright Protected
.......................
ശ്രീബാലയുടെ ചുണ്ടിലെ പുഞ്ചിരി, ഹൃദയം നിറഞ്ഞ ആഹ്ലാദത്തിന്റേതായിരുന്നു. അവളുടെ കണ്ണുകളിലും ആ ആനന്ദം വിടർന്നു.
കിച്ചാമണിയുടെ മുഖത്തപ്പോൾ അമ്പരപ്പായിരുന്നു. പ്രതീക്ഷിക്കാത്ത ഒരാളെ കണ്ടപ്പോഴുള്ള ആശ്ചര്യം. പിന്നെ മെല്ലെ അയാൾ ചിരിച്ചു.
"ശ്രീബാല.... താൻ...!!"
എന്തു പറയണമെന്നറിയാതെ ഒരു ചിരിയോടെ അവൾ നിന്നു.
"താൻ വരുമെന്ന് ഞാൻ കരുതിയതേയില്ല. പോന്ന കൊല്ലം ബാല വന്നില്ലല്ലോ. അപ്പോ ഞാൻ കരുതി, ഇനി ഇങ്ങോട്ട് വരില്ല എന്ന്...."
'എനിക്ക് വരാതിരിക്കാൻ കഴിയില്ലല്ലോ കിച്ചാ....' ശ്രീബാല മനസ്സിൽ പറഞ്ഞു.
"അങ്ങനെ നെനക്കാനും കാരണമുണ്ട്. ബാലാ മാതിരി ഒരാൾക്ക് ഇവിടുത്തെ ആചാരങ്ങളും വിശ്വാസങ്ങളും ഒന്നും ചേരില്ലെന്നു തോന്നി. അതുകൊണ്ട് തന്നെ, ബാലയെ ഒരിക്കൽ കൂടി കാണൂന്ന് നെനക്കവേയില്ല.... "
കിച്ചാമണിയുടെ സംസാരത്തിൽ മറഞ്ഞും തെളിഞ്ഞും വന്ന തമിഴ്ച്ചുവ ആസ്വദിച്ചു നിൽക്കവേയാണ് തന്റെ സാരിത്തുമ്പിൽ എന്തോ ഒന്ന് പിടിച്ചു വലിക്കുന്നതായ് ശ്രീബാല ശ്രദ്ധിച്ചത്. അവൾ നിലത്തേക്ക് നോക്കി.
ഇടതു കൈയിൽ ഒതുക്കി പിടിച്ച പമ്പരത്തോടൊപ്പം തന്റെ സാരിത്തുമ്പിൽ വലിച്ചു കളിയ്ക്കുന്ന പെൺകുഞ്ഞിൽ അപ്പോഴാണവളുടെ നോട്ടം പതിഞ്ഞത്.
കിച്ചാമണി കുനിഞ്ഞവളെ കൈയിലെടുത്തു. പിന്നെ ശ്രീബാലയുടെ നേർക്ക് നോക്കി ;
"ബാലാ എന്താ ഒന്നും മിണ്ടാത്തേ...? "
"അത്.. കിച്ചാമണിക്ക് സുഖമാണോ..?" എന്തു പറയണമെന്നറിയാത്തതു പോലെ അവൾ ചോദിച്ചു.
"ഉം.....റൊമ്പ..... " അയാൾ ചിരിച്ചു, "ബാലയെ വീണ്ടും കണ്ടത് നന്നായി. ഒരു വിരുന്ന് തരണം എന്ന ആശയുണ്ടായിരുന്നു.. "
"എന്തിന് !!? "
"ഹാ, ആ വിശേഷം പറഞ്ഞില്ല അല്ലേ..
ദോ ഇത് ഏൻ പൊണ്ണ്.... പേര് ശ്രീബാല " കിച്ചാമണി കൈയിലിരുന്ന കുട്ടിയെ ഒന്നുകൂടെ ചേർത്തു പിടിച്ചു.
അയാൾ പറഞ്ഞത് മനസ്സിലാകാതെ ശ്രീബാല നെറ്റി ചുളിച്ചു.
"അയ്യോ ബാലാ, ഇപ്പോ തമിഴ് ആണ് അധികം നാവില്.. പക്ഷേ, മലയാളം മറന്നിട്ടുമില്ല. ഞാൻ പറഞ്ഞത് ഇതെന്റെ മകളാണെന്നാ.. "
കിച്ചാമണി പറഞ്ഞത് വീണ്ടും മനസ്സിലാകാത്തതു പോലെ ശ്രീബാല കണ്ണും കാതും കൂർപ്പിച്ചു.
"എന്റെ ജീവിതത്തിലെ ആദ്യത്തെയും അവസാനത്തേയും അറവാണി ബാലയാണ്. താൻ ശരിക്കും വല്യ ഭാഗ്യം ആണ് എനിക്കു തന്നത്..
അന്നൊന്ന് യാത്ര പോലും പറയാതെ പിരിയേണ്ടി വന്നപ്പോ സങ്കടം തോന്നി. ഒരു കൂട്ടുകാരനെ പാമ്പ് കൊത്തി, അതാ എനിക്ക് ബാലയോട് ഒരു വാക്ക് പോലും പറയാതെ പോകേണ്ടി വന്നത് "
"ഞാനറിഞ്ഞിരുന്നു.. " ശ്രീബാലയുടെ സ്വരം നേർത്തുയർന്നു.
"ഉം.... അന്ന് ഉച്ചയ്ക്കാ തിരിച്ചു വന്നേ. വീട്ടില് ചെന്നപ്പോ അവിടെ മാമനിരിക്കുന്നു. അമ്മേടെ അണ്ണൻ. ബാലയോട് പറഞ്ഞിട്ടില്ലേ അമ്മാ അപ്പാ കല്യാണക്കഥ..
അപ്പാ മരിച്ച് ഞങ്ങള് ഇങ്ങ് വന്നിട്ടും, അമ്മയോട് ക്ഷമിക്കാനോ ഒന്നു കാണാനോ വരാതിരുന്ന മാമൻ അന്ന് വീട്ടില് വന്നത് പാട്ടിക്ക് വേണ്ടിയായിരുന്നു. അമ്മയുടെ അമ്മ... പാട്ടി സുഖമില്ലാതെ കിടപ്പിലായിരുന്നു. അപ്പോഴാ മകളെ കാണണോന്ന് ആശ വന്നത്.
പാട്ടിക്ക് വേണ്ടിയാണേലും മാമൻ വീട്ടിൽ വന്ന് ഞങ്ങളെ വിളിച്ചു. അങ്ങനെ അമ്മയ്ക്ക് വീണ്ടും പിറന്ന വീട്ടിൽ കാലു കുത്താൻ പറ്റി.
പാട്ടിയുടെ ആശയിലാ മാമന്റെ മോളെ എനിക്ക് കല്യാണം കഴിച്ചു ചെയ്തു തരാൻ തീരുമാനമായത് "
കേൾക്കാൻ പാടില്ലാത്ത എന്തോ കേട്ടത് പോലെ ശ്രീബാലയുടെ ശരീരമൊന്ന് വിറച്ചു. ശരീരമാസകലം തീ കോരിയിട്ടതു പോലെ അവൾ വിയർത്തു.
കിച്ചാമണി തന്റെ കഥ പറഞ്ഞു കേൾപ്പിക്കുന്ന ആവേശത്തിൽ തുടർന്നു ;
"ഒരു മാസത്തിലേ കല്യാണം നടന്നു. മാമാ മകളാണേലും ശരിക്കുമൊന്ന് കണ്ടതൊക്കെ തന്നെ കല്യാണനാളിലാ.
ചെമ്പകം'ന്നാ അവൾടെ പേര്. പത്തൊമ്പത് വയസ്സേ ഉള്ളൂ കല്യാണം നടക്കുമ്പോ. ഒരു അപ്പാവി... ഞാനെന്നാ ഉയിർ... എനിക്കും..... " കിച്ചാമണിയുടെ സ്വരം ആർദ്രമായി.
ശ്രീബാലയുടെ കണ്ണുകൾ അയാളുടെ മുഖത്തു നിന്നും വഴുതിയകന്നു.
"അമ്മയ്ക്കായിരുന്നു സന്തോഷമെല്ലാം. സ്വന്തബന്ധമെല്ലാം തിരിച്ചു കിട്ടിയതിന്റെ സന്തോഷം. അമ്മാ എപ്പോഴും പറയും എന്റെ അറവാണിയായ് വന്ന പെണ്ണിന്റെ ഭാഗ്യമാ എല്ലാമെന്ന്.
ചെമ്പകം ഗർഭമായപ്പോഴേ തീരുമാനിച്ചതാ പിറക്കുന്നത് പെൺകുഞ്ഞാണേൽ തന്റെ പേര് തന്നെ ഇടണോന്ന്. അരവാന്റെ ആശീർവാദം കൊണ്ട് അങ്ങനെ തന്നെ നടന്നു. അമ്മയ്ക്കും ചെമ്പകത്തിനും മുഴു സമ്മതമായിരുന്നു. ഭാഗ്യം കൊണ്ടു തന്ന ആളിന്റെ പേരല്ലേ...
പക്ഷേ, ഞാനത് കൊണ്ടു മാത്രമല്ല ബാലയുടെ പേര് തെരഞ്ഞെടുത്തേ. എന്റെ ജീവിതത്തിൽ ആദ്യമായ് കടന്നു വന്ന പെൺ.. '- നാവിൽ വന്നത് മുഴുമിപ്പിക്കാതെ കിച്ചാമണി തിരുത്തി ; -
"മ്മ്.. അറവാണിയല്ലേ... അവസാനത്തേയും. പിന്നെ, ഒരു സുഹൃത്തിന്റെ ഓർമ പോലെയും ആകട്ടേന്നു കരുതി.
കിച്ചാമണി നിറഞ്ഞ ചിരിയോടെ ശ്രീബാലയെ നോക്കി. അവളുടെ മുഖത്തെ പരവേശം അപ്പോഴാണയാൾ ശ്രദ്ധിച്ചത്.
"എന്താ ബാലാ എന്തുപറ്റി... എന്താ ഒന്നും മിണ്ടാതെ നിൽക്കുന്നേ ? "
"ലൈലാക്ക കാത്തിരിക്കയാ... " നാവിലപ്പോൾ വന്നത് അവൾ പറഞ്ഞൊപ്പിച്ചു ; " പോട്ടെ.... പോണം. ഇപ്പൊ വരാന്ന് പറഞ്ഞ് ഇറങ്ങിയതാ " ശ്രീബാലയുടെ ശബ്ദമിടറി.
കറുത്ത് മെലിഞ്ഞ ഒരു പെൺകുട്ടി അവർക്കരികിലേക്ക് നടന്നു വന്നു. അവൾ കിച്ചാമണിയുടെ കൈയിൽ നിന്നും കുട്ടിയെ വാങ്ങി. പിന്നെ ശ്രീബാലയെ നോക്കി ചിരിച്ചു.
"ബാലാ ഇതാ ചെമ്പകം.. " കിച്ചാമണി പരിചയപ്പെടുത്തി.
വേഷം സാരിയാണെങ്കിലും, ഒരു കൊച്ചു പെൺകുട്ടിയാണ് മുന്നിൽ നിൽക്കുന്നതെന്ന് ശ്രീബാലയ്ക്ക് തോന്നി. കുങ്കുമം നെടുങ്കനെ ചാർത്തിയ സിന്ദൂരരേഖയും, ചുമന്നകൽ മൂക്കുത്തിയും, പല നിറത്തിലുള്ള പൂക്കൾ കൊണ്ടലങ്കരിച്ച കേശവും....'
ചെമ്പകത്തിന്റെ അലങ്കാരത്തിലൂടെ കണ്ണൊന്നു പായിച്ച ശ്രീബാല അവളുടെ കഴുത്തിൽ തന്റെ നോട്ടമവസാനിപ്പിച്ചു. കഴുത്തിനോട് ഒട്ടിക്കിടക്കുന്ന മഞ്ഞച്ചരടിന് അവളുടെ കറുപ്പു നിറവും ഇഴ ചേർത്ത് അഴക് ചാലിച്ചത് പോലെ. ശ്രീബാലയുടെ കണ്ണിൽ നീർ പൊടിഞ്ഞു.
ചെമ്പകം ഭർത്താവിന്റെ അരികിലേക്ക് നീങ്ങി ചെവിയിൽ എന്തോ പറഞ്ഞു. അവരുടെ നോട്ടമൊന്നു മാറിയ നേരം ശ്രീബാല പെട്ടെന്ന് തന്റെ കണ്ണുകൾ അമർത്തി തുടച്ചു. പിന്നെ, ഒരു യാത്രാമൊഴിയ്ക്കായി കിച്ചാമണിയെ നോക്കി.
ഭാര്യ എന്തോ പറഞ്ഞതിന്റെ ഭാവമാറ്റം അപ്പോഴയാളുടെ മുഖത്ത് പ്രകടമായിരുന്നു. ഒരു വിഷമാവസ്ഥയിൽ എന്ന പോലെ കിച്ചാമണി, ശ്രീബാലയെ നോക്കി.
"എന്താ കിച്ചാമണി..." അറിയാനുള്ള ആഗ്രഹമില്ലെങ്കിലും വെറുതെയെന്നോണം അവളന്വേഷിച്ചു.
"അത് ബാലാ.. ചെമ്പകത്തിനൊരാഗ്രഹം. ഞങ്ങൾക്കിങ്ങനെയൊരു ജീവിതം കിട്ടിയത് ബാല എന്റെ അറവാണിയായ് വന്നതിന്റെ ഭാഗ്യം കൊണ്ടാണല്ലോ..
ബാലയെ പോലുള്ളവരുടെ ആശീർവാദവും ഭാഗ്യം തരൂന്നാണല്ലോ. ഇവൾ പറയുന്നേ ബാല മോൾടെ തലേല് കൈവെച്ച് അനുഗ്രഹിച്ചാൽ കുഞ്ഞിന്റെ ഭാവി നല്ലതാകൂന്നാ. അന്ന് ബാലയും പറഞ്ഞിരുന്നില്ലേ നിങ്ങളെപ്പോലുള്ളവരുടെ ആശീർവാദം.... " കിച്ചാമണി വാക്കുകൾ പൂർത്തിയാക്കാതെ നിർത്തി.
ശ്രീബാലയുടെ ചുണ്ടിന്റെ കോണിൽ തണുത്ത മന്ദഹാസം വിടർന്നു. കിച്ചാമണിയുടെ വാക്കുകൾക്ക് തുടർച്ചയെന്നോണം അവളുടെ സ്വരമുണർന്നു ;
"ഹിജഡകളുടെ ആശീർവാദം നല്ലത് തന്നെയാണ്. വളരെ നല്ലത്. കിച്ചാമണിയുടെ കുഞ്ഞിനെ അനുഗ്രഹിക്കുന്നത് കൊണ്ട് ഭാഗ്യം കിട്ടിയത് എനിക്കാ... ഒരിക്കലും സ്വന്തം കുഞ്ഞിന്റെ തലയിൽ തൊട്ട് അനുഗ്രഹിക്കാൻ ഭാഗ്യമില്ലാത്ത എനിക്ക്, എന്റെ... എന്റെ ആദ്യത്തെയും അവസാനത്തേതുമായ അരവാന്റെ കുഞ്ഞിനെ അനുഗ്രഹിക്കാൻ കഴിയുന്നത് ഭാഗ്യം തന്നെയാ....
പിന്നെ, ഭാവി...അത് നല്ലതാക്കേണ്ടത് നിങ്ങളാണ്. പതിനെട്ടു വയസ്സിലേ ആരുടേയും ഭാര്യാ പദവി നേടി കൊടുക്കാതെ, നല്ലൊരു വിദ്യാഭ്യാസം മോൾക്ക് സമ്മാനിക്കാൻ ശ്രമിക്കണം. അതാണിവൾക്ക് വേണ്ടത്.."
കേട്ടതൊന്നും തലയിൽ കേറാത്ത ഭാവത്തിൽ ചെമ്പകം ഭർത്താവിനെ നോക്കി. കിച്ചാമണി ഗൗരവ ഭാവത്തിൽ തലയാട്ടുന്നുണ്ടായിരുന്നു.
കൈത്തലമുയർത്തി കുഞ്ഞിന്റെ നെറുകയിൽ വയ്ക്കുമ്പോൾ തന്റെ കൈ വിറക്കുന്നത് ശ്രീബാല അറിഞ്ഞു. വീണുടഞ്ഞ സ്വപ്‌നങ്ങൾ പോലെ കുപ്പിവളകൾ കൈയിൽ കിടന്നു ചിലച്ചു.
🔸
"നാളെത്തന്നെയാക്കട്ടെ ബാലയ്ക്കുള്ള വിരുന്ന് " കിച്ചാമണി പ്രതീക്ഷയോടെ ചോദിച്ചു.
"ഇല്ല കിച്ചാമണി, ഞാൻ നാളെ പുലർച്ചെ മടങ്ങും. കഴിഞ്ഞ കൊല്ലം ഇവിടുത്തെ ഉത്സവനാളിലാ എന്റെയച്ഛൻ... എനിക്ക് പോണം. അച്ഛനു വേണ്ടി ബലിയിടണം.
അരവാന്റെ ഉത്സവനാൾ പ്രിയപ്പെട്ട ഇഷ്ടങ്ങളുടെ, നഷ്ടങ്ങൾ മാത്രം ഓർമിപ്പിക്കുന്ന ദിവസമാ എനിക്കിനി.
ലൈലാക്ക പറയാറുണ്ട്, ഞങ്ങളുടെ വേദനകളും വികാരങ്ങളും മറ്റുള്ളവർക്ക് കാഴ്ചയ്ക്കുള്ള നേരമ്പോക്ക് മാത്രമായിരിക്കുമെന്ന്. എനിക്കിപ്പോ അത് മനസ്സിലാക്കാൻ കഴിയുന്നുണ്ട്.
ഞാൻ പറഞ്ഞത്, അച്ഛനു വേണ്ടി എനിക്കന്ന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ഇനിയെങ്കിലും വേണം.
എന്റെ ആശീർവാദം നിങ്ങളുടെ ബാലയ്ക്ക് നൽകിയല്ലേ. ഇനി വീട്ടിലേക്കില്ല. ഹിജഡകളുടെ പ്രാർത്ഥനയും നല്ലതായിരിക്കുമല്ലോ. ഞാൻ പ്രാർത്ഥിക്കാം എന്നും. കൂവാഗവും കൂത്താണ്ടർ കോവിലും അരവാനുമൊക്കെ എന്നുമെന്റെ മനസ്സിലുണ്ടാകും.
പിന്നെ, കിച്ചാമണിയുടെ ശ്രീബാലയേയും ചെമ്പകത്തിനേം ഒന്നും.... ആരേം.. മറക്കില്ല. ഇനി ഇങ്ങോട്ടേക്കൊരു യാത്ര ഉണ്ടാകില്ല കിച്ചാമണി....ഒരിക്കലും "
കിച്ചാമണിയുടെ കണ്ണുകൾ ആഴത്തിൽ ശ്രീബാലയിൽ പതിഞ്ഞിരുന്നു. അവൾ മുന്നോട്ട് വന്ന് ചെമ്പകത്തിന്റെ കൈയിലിരുന്ന കുഞ്ഞിന്റെ നെറ്റിയിൽ ചുംബിച്ചു. പിന്നെ ആർക്കും മുഖം കൊടുക്കാതെ തിരിഞ്ഞു.
🔶
(തുടരും)

👌🏼👌🏼♥️♥️
മറുപടിഇല്ലാതാക്കൂഅരവാന്റെ ഉത്സവ നാൾ നഷ്ടങ്ങൾ മാത്രം ആണല്ലോ ബാലക്ക്...
"മ്മ്.... 🙁
ഇല്ലാതാക്കൂ