©️ Copyright Protected
................
അച്ഛന്റെ മരണത്തിൽ നിന്നുള്ള നോവ് കെട്ടടങ്ങും മുമ്പേ മറ്റൊരു തീരാനഷ്ടം കൂടി ഹൃദയത്തെ പൊള്ളിച്ചു.
കൂട്ടത്തിലെ വായാടിയും ലൈലാക്ക കഴിഞ്ഞാൽ പിന്നെ, ഏറ്റവും അടുത്ത ആത്മബന്ധം എനിക്കു സമ്മാനിച്ച കാഞ്ചനയുടെ മരണം. അതൊരു ആത്മഹത്യ ആയിരുന്നിട്ടും, അങ്ങനെയൊരു തീരുമാനത്തിലേക്ക് അവളെ കൊണ്ടെത്തിച്ച സാഹചര്യമാണ് ഞങ്ങളെ കൂടുതൽ മുറിവേൽപ്പിച്ചത്.
ഒരു എയ്ഡ്സ് രോഗ ബാധിതയായി കിടക്കയിൽ ജീവനൊടുങ്ങും മുമ്പേ, സാരിത്തുമ്പിൽ അവൾ അവളുടെ ജീവിതത്തിന് അന്ത്യം കുരുക്കി.
അമ്മയെ കാണണം.. ഒരു വാക്ക് സംസാരിക്കണം എന്ന അപേക്ഷയെ നിരസിച്ച്, ആക്ഷേപിച്ച് വീട്ടുകാരും നാട്ടുകാരും കല്ലെറിഞ്ഞ് ഓടിച്ചപ്പോൾ ചിരിച്ചു കൊണ്ട് ഞങ്ങൾക്കിടയിലേക്ക് നടന്നു വന്നവൾ, അടുത്ത ദിവസം ഫാനിൽ തൂങ്ങിയാടുന്ന ഒരു ജീവച്ഛവമായി മാറിയിരുന്നു.
എയ്ഡ്സ് എന്ന വ്യാഥിയുടെ ആധിയേക്കാളേറെ കഠിനമായിരുന്നു പെറ്റമ്മയുടെ അവഗണന അവൾക്കു നൽകിയത്. വീടിനുള്ളിൽ നിന്നും അവരൊന്നു പുറത്തു വന്നിരുന്നെങ്കിൽ....
വന്നിരുന്നെങ്കിലും, അമ്മയെ കണ്ട നിർവൃതിയിൽ അവളതു തന്നെ ചെയ്യുമായിരുന്നു. ഇനി പ്രതീക്ഷകൾ ഒന്നുമില്ലാത്ത ജീവിതത്തിൽ അവൾക്കതു മാത്രമേ ചെയ്യാനാകുമായിരുന്നുള്ളൂ.... മരണശേഷം അവയവങ്ങൾ ദാനം ചെയ്യണമെന്നുണ്ടായിരുന്ന ആഗ്രഹം പോലും നിഷേധിക്കപ്പെട്ടു. ശരിക്കും കാഞ്ചന പരാജയപ്പെട്ടു. ജീവിതത്തിലും മരണത്തിനു ശേഷവും....
ശ്രീബാലയുടെ കണ്ണുകൾ ചുമരിലൂടെ ഒന്നു സഞ്ചരിച്ചു. കാഞ്ചനയുടെ ആരാധ്യതാരങ്ങൾ... അവളുടെ അസാന്നിധ്യത്തിലും ചിരി മങ്ങാതെ ഓർമപ്പെടുത്തലായി അവശേഷിച്ചിരിക്കുന്നു .
ആ നോവിന് ആറു മാസത്തിന്റെ പ്രായം. അച്ഛന്റെ വേർപാടിൽ എന്നോടൊപ്പം പങ്കുകൊണ്ട്, ലൈലാക്കയ്ക്കൊപ്പം കൂവാഗ യാത്ര വേണ്ടെന്നു വെച്ച് എനിക്ക് കൂട്ടിരുന്നവൾ. ആ സ്വാന്തനം ഒരോർമപ്പെടുത്തലായി മാറാൻ മാസങ്ങളേ വേണ്ടി വന്നുള്ളൂ.
നഷ്ടങ്ങളൊക്കെ നഷ്ടങ്ങൾ തന്നെയാണ്. നികത്താനാവാത്ത വിടവുള്ള നഷ്ടങ്ങൾ.. ' ശ്രീബാലയുടെ മിഴികളിൽ നീർ പൊടിഞ്ഞു.
🔹
"ബാലാ... " ലൈലയുടെ സ്വരം ഓർമ്മകൾക്ക് കടിഞ്ഞാണിട്ടു.
"എന്താ ഇത്ര വല്യ ആലോചന.. കൂവാഗത്തെക്കുറിച്ചാണോ ? അതോ.....
പെട്ടെന്നാണവൾ കൂവാഗത്തേക്കുള്ള നാളത്തെ യാത്രയെക്കുറിച്ച് ഓർത്തത്. രണ്ടു വർഷത്തിനു ശേഷം വീണ്ടും കൂവാഗത്തേക്ക്. കിച്ചാമണിയുടെ അടുത്തേക്ക്..
വീണ്ടുമൊരു ഉത്സവനാൾ കൂടി. എന്തൊക്കെ ഓർമ്മകളാണ് കൂവാഗം പങ്കിടുന്നത്. അരവാന്റെ മുന്നിൽ വച്ച് കഴുത്തിൽ താലിയേറിയ മുഹൂർത്തം... കിച്ചാമണിയെ കണ്ടുമുട്ടിയത്... കിച്ചാമണിയ്ക്കൊപ്പം ചെലവഴിച്ച നിമിഷങ്ങൾ... ഇങ്ങനെ ഓർമ്മിക്കാനെന്നും ഇഷ്ടപ്പെടുന്ന കൂവാഗത്തിന്റെ ഓർമ്മകൾ..
.... പക്ഷേ, ഇനി മുതൽ ആ ഉത്സവനാൾ നൊമ്പരപ്പെടുത്തുന്ന ചില ഓർമ്മകൾക്കും കൂടി സാക്ഷിയാണ്. അച്ഛന്റെ ചിതയ്ക്കു മുന്നിൽ ഒരന്യനെപ്പോലെ നിന്ന മകന്റെ വേദനകളും എരിഞ്ഞുണരുന്നത് ഇതേ ഉത്സവനാളിലാണ്.
"ബാലാ.... " ലൈല വീണ്ടും ഉറക്കെ വിളിച്ചു.
"മതി സ്വപ്നം കണ്ടത്. ഇനി അധികം വൈകാതെ കൂവാഗത്തെത്തും. പിന്നെ കിച്ചാമണിയെ കാണും.. വേറെന്താ വേണ്ടേ...
അവൻ അറിയുന്നുണ്ടോ എന്തോ നീയിങ്ങനെ ഭ്രാന്ത് പിടിച്ചിരിക്കുവാണെന്ന്. കഴിഞ്ഞ കൊല്ലം ഉത്സവത്തിന് ഞാനും പോയില്ലല്ലോ, പോയിരുന്നേൽ അവനെ നേരിൽ കണ്ട് വിശേഷമൊക്കെ ചോദിക്കാമായിരുന്നു. പിന്നെ, നിന്റെ കാര്യങ്ങളൊക്കെ അറിയിക്കയും ചെയ്യാമായിരുന്നു." - ഒന്നു നിർത്തി ലൈല തുടർന്നു ;
"ഇവിടുന്ന് പോയവരോട് ഒന്നും പറയാതിരുന്നത് അവർക്കു പറഞ്ഞു ചിരിക്കാൻ നീയൊരാളാകരുതെന്നു കരുതിയാ...
എന്താ നോക്കുന്നെ, സത്യമാ പറഞ്ഞത്. മറ്റുള്ളവരെപ്പോലെ നമ്മുടെ കൂടെയുള്ളവർക്കു തന്നെ നിന്റെ ഇഷ്ടവും ആഗ്രഹവും ചിന്തകളുമൊന്നും അംഗീകരിക്കാൻ കഴിഞ്ഞെന്നു വരില്ല. അവർ ചിരിച്ചു തള്ളുകയേ ഉള്ളൂ.
ഞാനൊരഭിപ്രായം പറയട്ടെ ബാലാ..
നിന്റെയീ ഇഷ്ടം സാധ്യമാകാനുള്ള സാധ്യത ഒന്നും ഞാൻ കാണുന്നില്ല. കിച്ചാമണിയുടെ മനസ്സിലെന്താണെന്നും നമ്മൾക്കറിയില്ല...
നീ വിവാഹത്തെയും വിവാഹജീവിതത്തെയും മോഹിക്കുന്നേൽ, ഒരിക്കലും നടക്കുമെന്ന് പ്രതീക്ഷയില്ലാത്ത ഈ ഇഷ്ടത്തെ ഉപേക്ഷിച്ച്.... ഒരു.... 'ഗേ'യെ കല്യാണം... കഴിക്കുന്നതായിരിക്കില്ലേ നല്ലത്..."
ലൈലയ്ക്കു മുഖം കൊടുക്കാതെ എഴുന്നേറ്റ് കിടക്കയ്ക്കരികിലേക്ക് നടന്നു കൊണ്ട് ശ്രീബാല പറഞ്ഞു ; "കിടക്കാം ലൈലാക്ക. നേരം വൈകി.. " ചുമരിനഭിമുഖമായ് മുഖം തിരിച്ച് അവൾ കട്ടിലിലേക്ക് ചാഞ്ഞു.
തുടർന്നൊന്നും സംസാരിക്കേണ്ടെന്ന് ലൈലയ്ക്കും തോന്നി.
🔸
സേലത്തെത്തി ഒരു ഹോട്ടലിലേക്ക് ഭക്ഷണം കഴിക്കാൻ കയറിയപ്പോൾ ശ്രീബാല വഴിയരികിൽ, പച്ചകുത്താനിരിക്കുന്ന ഒരു സ്ത്രീയ്ക്കരികിലേക്ക് പോകുന്നത് ലൈല ശ്രദ്ധിച്ചു. ഏറെ വൈകാതെ അവൾ മടങ്ങി വരികയും ചെയ്തു. ചുണ്ടിൽ നിറഞ്ഞ ചിരിയോടെ, പുതിയ ഉന്മേഷത്തോടെ അവൾ ലൈലയ്ക്കരികിൽ വന്നിരുന്നു. സന്തോഷത്തിന്റെ കാരണം തിരക്കാതെ തന്നെ അവർ അവളുടെ ചിരിയിൽ പങ്കുകൊണ്ടു.
കൂവാഗത്തേക്കുള്ള യാത്ര വില്ലുപുരം പിന്നിട്ടപ്പോൾ, സൈഡ് ഗ്ലാസ്സ് നീക്കി ശ്രീബാല പുറം കാഴ്ചയിലേക്ക് നോട്ടമയച്ചു.
രണ്ടു വർഷം മുമ്പ് കണ്ട അതേ കാഴ്ചകളാണ് വീണ്ടും കാണുന്നതെന്ന് അവൾക്കു തോന്നി.
മൺപാതകൾക്കും ഉണങ്ങിക്കിടക്കുന്ന പാടങ്ങൾക്കും വീശിയടിക്കുന്ന ചൂടുകാറ്റിനും ഒന്നിനും മാറ്റമില്ലാത്തതു പോലെ... ഓർമ്മകളിലേക്ക് ഓരോ ചുവടും പിൻവച്ചു കൊണ്ട് അവൾ കണ്ണുകളടച്ചു.
നിർത്താതെയുള്ള ചിരിയും സംസാരവും ഉച്ചത്തിലായപ്പോ മയക്കം വിട്ടുണർന്നു. വണ്ടി നിർത്തിയിട്ടിരിക്കുകയാണെന്ന് തിരിച്ചറിഞ്ഞതും ഒരുൾവിളിയോടെ പുറത്തേക്ക് നോക്കി.
അകലെ ദീപപ്രഭ ചൊരിഞ്ഞു നിൽക്കുന്ന കൂത്താണ്ടർ കോവിലിലാണ് നോട്ടം പതിഞ്ഞത്. മേലാകെ കോരിത്തരിപ്പാർന്നതു പോലെ, നിറഞ്ഞു തുളുമ്പിയ മിഴികളോടെ ശ്രീബാല വണ്ടിയ്ക്കുള്ളിൽ നിന്നും പുറത്തേക്കിറങ്ങി.
ലൈല അവൾക്കരികിലേക്ക് നടന്നു ചെന്നു. അത്യാഹ്ലാദം കൊണ്ട് വീർപ്പു മുട്ടിയ പോലെ ശ്രീബാല ലൈലയെ കെട്ടിപ്പിടിച്ചു. അവളുടെ സന്തോഷം ഈറനണിയിപ്പിച്ച കണ്ണുകൾ ലൈലയിൽ ഒരുൾഭയം ഉണർത്തി.
🔸
കൂടണയാൻ പോകുന്ന കിളികൾ കോവിലിനെ തൊട്ടുരുമ്മിയെന്നവണ്ണം പറന്നു പോയി. അസ്തമിക്കാറായ സൂര്യന്റെ ശോഭ ശില്പഭംഗിയൊന്നുമില്ലാത്ത ക്ഷേത്രത്തിന് പുത്തൻ ചാരുത പകർന്നു നൽകി.
കോവിലിന്റെ കെട്ടിട ഭാഗങ്ങളിൽ പതിഞ്ഞ സൂര്യപ്രകാശം ശ്രീബാലയുടെ മുഖത്ത് ആത്മനിർവൃതിയുടെ കിരണമായി പ്രതിഫലിച്ചു. അവൾ മുഖമുയർത്തി ആകാശത്തേക്ക് നോക്കി.
സൂര്യനിനിയും യാത്ര പറഞ്ഞു പോയിട്ടില്ല. സന്ധ്യയെ സ്വന്തമാക്കാൻ നിലാവിന്റെ തേരിൽ ചന്ദ്രനും വന്നിട്ടില്ല. പക്ഷേ, പൗർണമിശോഭയോടെ ഒരു നക്ഷത്രം ഉദിച്ചു നിൽക്കുന്നുണ്ട്.
വിടർന്ന മിഴികളോടെ അതിനെത്തന്നെ നോക്കി നിൽക്കവേ, എരിഞ്ഞു കത്തുന്ന ഒരു ചിതയും അച്ഛന്റെ മുഖവും അവളുടെ മുന്നിൽ തെളിഞ്ഞു. നോക്കി നോക്കി നിൽക്കവേ ആ താരകത്തിന് കൂടുതൽ തിളക്കം വയ്ക്കുന്നത് പോലെ... സ്നേഹം കനിഞ്ഞ്, ആശീർവാദം പൊഴിക്കുന്നത് പോലെ... ശിരസ്സു നമിച്ചുകൊണ്ട് ശ്രീബാല മനസ്സാൽ അച്ഛനെ തൊഴുതു.
ഇത്തവണ ഉത്സവത്തിനു രണ്ടു ദിവസം മുമ്പേ കൂവാഗത്തെത്തിയത്, എല്ലാം കണ്ട് ആസ്വദിച്ച് ആഘോഷമാക്കാൻ വേണ്ടി കൂടിയാണ്. പത്മിനിയും സംഘവും കച്ചവടനിരത്തിലേക്ക് ഇറങ്ങിക്കഴിഞ്ഞു.
കുങ്കുമ നിറത്തിലുള്ള പട്ടുസാരിയണിഞ്ഞ് ശ്രീബാല വീടിനുള്ളിൽ നിന്നും പുറത്തേക്ക് വന്നതും ലൈല അടിമുടി അവളെ നോക്കി.
"ഈ സാരിയല്ലേ അന്നും നീയുടുത്തേ !!
മറുപടി ഒരു ചിരിയിലൊതുക്കി ശ്രീബാല മുഖം കുനിച്ചു. നാണത്താൽ അവളുടെ കവിളുകൾ ചുവന്നു തുടുക്കുന്നത് ലൈല കണ്ടു .
"ഉത്സവത്തിന് ഇനിയും രണ്ടു നാളുണ്ട്. ഇക്കൊല്ലം നമ്മള് നേരത്തെയാ.... " ലൈല ഒരോർമപ്പെടുത്തൽ എന്ന പോലെ പറഞ്ഞു.
"അറിയാം ലൈലാക്കാ... പിന്നെ, ഞാനൊന്ന് എല്ലാം ചുറ്റി കണ്ടിട്ടു വരാം...
രക്ഷിതാവിനോട് അനുമതി ചോദിക്കുകയെന്ന വണ്ണം അവൾ ലൈലയുടെ കൈയിൽ പിടിച്ചു.
മറുപടിയായ് തലയൊന്നനക്കി ലൈല മുന്നറിയിപ്പ് നൽകി ; "സൂക്ഷിച്ച്..... "
നിറഞ്ഞ ചിരിയോടെ ശരവേഗത്തിൽ തന്നെ ശ്രീബാല തിരക്കിലേക്ക് ഊളിയിട്ടു.
🔸
കൂത്താണ്ടർ കോവിലിനുള്ളിൽ അരവാനു മുന്നിൽ തൊഴുകൈകളോടെ ഏറെ നേരം നിന്നു. തിരക്കേറിത്തുടങ്ങിയപ്പോൾ പുറത്തേക്കിറങ്ങി.
പരിചയം പുതുക്കുന്ന വർത്തമാനവും ചിരികളുമായി പലരും കടന്നു പോയി. വിശേഷങ്ങൾ കേട്ടും പറഞ്ഞും ശ്രീബാല നടന്നു.
മറ്റു ചില കാഴ്ചകളിലേക്ക് നോട്ടമകറ്റിയപ്പോൾ , അരവാന്റെ ഉത്സവം കൂവാഗത്തെ ജനങ്ങളുടെയും മംഗല്യം കാത്തിരിക്കുന്ന തന്നെപ്പോലുള്ളവരുടെയും മാത്രം സ്വന്തമല്ലെന്ന് അവൾക്കു തോന്നി.
സ്ത്രീ ജന്മത്തിൽ നിന്നും പുരുഷ ശരീരത്തിലേക്ക് ജീവിതം മാറ്റിയവരും, 'ഗേ' എന്ന മറ്റൊരു സത്യത്തിൽ ജീവിക്കുന്നവരും
കൂത്താണ്ടർ കോവിലിലെ ഉത്സവത്തിന്റെ പങ്കാളികളാണ്. അരവാൻ എല്ലാവർക്കും നായകനായി മാറുകയാണ്.
തിരക്കിനിടയിൽ സുന്ദരികളുടെ നേരേ ക്യാമറാക്കണ്ണുകൾ നീട്ടി നടക്കുന്ന ചില വിദേശികൾ അവളുടെ ശ്രദ്ധയിൽപ്പെട്ടു. അപ്പോഴാണ് രണ്ടു വർഷത്തിനുള്ളിൽ ആദ്യമായി അവൾ ആൽബർട്ടിനെ ഓർത്തത്. അവളുടെ കണ്ണുകൾ മുന്നിൽ കണ്ട വെള്ളക്കാരിൽ ഒന്നു പരതി. പരിചയമുള്ള ആ മുഖം, കൂട്ടത്തിൽ ഉണ്ടോയെന്ന്.
ആൽബർട്ടിനെ ഓർത്തപ്പോൾ കാഞ്ചനയെ ഓർമ വന്നു. തലയൊന്ന് കുടഞ്ഞു കൊണ്ട് അവൾ ആ ചിന്തകളെ ഉപേക്ഷിച്ചു, ആൽബർട്ടിനെയും.
മനസ്സ് അസ്വസ്ഥമാകാൻ തുടങ്ങിയതായി ശ്രീബാലയ്ക്ക് തോന്നി. ഹൃദയവും കണ്ണുകളും തുടിക്കുന്നത് ഒരേയൊരു മുഖം കാണാനാണ്. പക്ഷേ അതുമാത്രം സംഭവിക്കുന്നില്ല. ഒരു തളർച്ച തന്നെ പൊതിയുന്നതായി അവൾക്ക് തോന്നി.
പെട്ടെന്നാണ്, പ്രതീക്ഷിക്കാതെ ഒരു സ്വരം കാതിലൂടെ തുളച്ച് ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങിയത്.
'ഏയ്... ബാലാ നില്ല്...... '
ശ്രീബാല നിശ്ചലയായിപ്പോയ്.
തനിക്കരികിലേക്ക് പാറി വന്ന ശബ്ദം.. അത് ആരുടേതെന്ന് തിരിച്ചറിയാൻ അവൾക്ക് ഒരു ഞൊടി പോലും ചിന്തിക്കേണ്ടി വന്നില്ല...
ശ്രീബാല പെട്ടെന്ന് തിരിഞ്ഞു. അടുത്ത നിമിഷം അവളുടെ കാൽ ചുവട്ടിലേക്ക് എന്തോ ആഞ്ഞു വീണു.
പക്ഷേ, മറ്റൊന്നിനെയും, മറ്റാരെയും ശ്രദ്ധിക്കുന്ന മന:സ്ഥിതിയിലായിരുന്നില്ല അവളുടെ മനസ്സ്.
നേരിയ അണപ്പോടെ മുന്നിലേക്ക് ഓടിവന്നു നിന്ന കിച്ചാമണിയിൽ മാത്രമായ് അവളുടെ ലോകം ചുരുങ്ങി.
🔶
(തുടരും)

നന്നായിട്ടുണ്ട് 👌🏼👌🏼
മറുപടിഇല്ലാതാക്കൂആൽബർട്ട് ♥️
ആൾ വന്നിട്ടുണ്ടാവുമോ ഈ തവണ...
I'm waiting for that...
എന്നാലും കാഞ്ചന 😔
🙂👍
ഇല്ലാതാക്കൂ..... 🙁