2020 സെപ്റ്റംബർ 10, വ്യാഴാഴ്‌ച

അറവാണി [ഭാഗം -1️⃣3️⃣]


©️ Copyright Protected

..................

       "ശ്രീബാല പറഞ്ഞതു പോലെയൊന്നും ഞാൻ മനസ്സിലുദ്ദേശിച്ചിരുന്നില്ല... "

     കിച്ചാമണി പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു തുടങ്ങി.

      "ഇയാൾടെ മുഖം വാടിയതു പോലെ കണ്ടപ്പോ മനസ്സിൽ പെട്ടെന്ന് തോന്നിയത് പറഞ്ഞു. അത്രേയുള്ളൂ. എന്റെ നാവിലേതോ ഗുളികൻ കേറിയ സമയത്ത് പറഞ്ഞു പോയതാ. ക്ഷമിക്കണം..

         ബാലയെ ഒരു പുരുഷനായ് ഞാൻ കണ്ടിരുന്നുവെങ്കിൽ ഇപ്പൊ ഈ രാത്രി തനിക്കൊപ്പം ഞാനുണ്ടാകുമായിരുന്നില്ല...

       ആ അർദ്ധത്തിന്റെ സാമ്യം നമുക്ക് മറക്കാം. പകരം ഞാൻ മറ്റൊന്നു പറയാം. കിഷോർ എന്ന കിച്ചുവിന്റെയും കിച്ചാമണിയെന്ന കിച്ചയുടെയും പേരിന്റെ സാമ്യം. എന്താ അതിൽ തെറ്റുണ്ടോ....? "

      "ഉണ്ട് " പെട്ടെന്നായിരുന്നു ശ്രീബാലയുടെ മറുപടി.

     "കൃഷ്ണമണി 'കിച്ചാമണി' ആയതു പോലെയല്ല, കിഷോർ 'ശ്രീബാല'യായത്. കിച്ചു എന്ന വ്യക്തി ഇപ്പോഴില്ല. അപ്പൊ എന്ത് സാമ്യം നമ്മൾ തമ്മിൽ? പേരിന്റെയാണെങ്കിൽ, വ്യക്തിയേയില്ല. പിന്നെ പേരെങ്ങനെ അവശേഷിക്കും....? "

     കിച്ചാമണി നിശബ്ദനായിരുന്നു. ശ്രീബാലയുടെ ചോദ്യങ്ങൾ, അതിനുത്തരം നൽകാൻ അവൾക്കു മാത്രമേ കഴിയൂവെന്ന് അയാൾക്ക് തോന്നി.

     "കിച്ചാമണി വിഷമിക്കേണ്ട. കിച്ചു എന്ന പേരിൽ വേറെ ധാരാളം ആളുകളുണ്ടല്ലോ "

     "പക്ഷേ ആ കിച്ചുമാരെയൊന്നും എനിക്കറിയില്ലല്ലോ. പിന്നെ..... " ആലോചിച്ചൊരുത്തരം കണ്ടെത്തിയ ഭാവത്തിൽ കിച്ചാമണി തുടർന്നു  ;

     "..വ്യക്തികളില്ലെങ്കിലും പേരുകൾ അവശേഷിക്കും. ആ വ്യക്തികളുടെ പ്രിയപ്പെട്ടവർക്കിടയിലെങ്കിലും. അതില്ലെന്ന് ബാലയ്ക്ക് പറയാനാകില്ലല്ലോ "

     "ശരിയാണ് ! വളരെ ശരിയാണ് " വിടർന്ന കണ്ണുകളോടെ അവൾ ചിരിച്ചു. അയാളും. നീണ്ട ചിരി. ഒടുവിൽ മൗനത്തിന്റെ പുതപ്പ് അവർക്കു മേലെ മൂടപ്പെട്ടു.

       ശ്രീബാല ജനാലയ്ക്കു പുറത്തേക്ക് നോക്കി.

      കൂത്താണ്ടർ കോവിലിനുള്ളിലെ ദീപപ്രഭ മങ്ങിയിരിക്കുന്നു. വെളിച്ചത്തിന്റെ യാത്ര ഇരുട്ടായി മുറിയിലേക്കും പ്രവേശിച്ചിരിക്കുന്നു.

      അവൾ  കിച്ചാമണിയുടെ മുഖത്തേക്ക് നോക്കി. അയാളുടെ കണ്ണുകൾ അവളെ ഒപ്പിയെടുക്കുകയായിരുന്നു. അവളുടെ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരി മുറിക്കുള്ളിലെ ഇരുട്ടിൽ അയാൾക്കവ്യക്തമായി.

                                    🔸

         ഒരു സ്വപ്നത്തിലെന്ന പോലെ ശ്രീബാല കണ്ണുകൾ തുറന്നു. സൂര്യകിരണങ്ങൾ അവളെ അലോസരപ്പെടുത്താതെ മുറിയിൽ പ്രവേശിച്ചു കഴിഞ്ഞിരുന്നു.

      കൊഴിഞ്ഞു വീണ പുഷ്പം കണക്കെയാണ് അവൾ കട്ടിലിൽ കിടന്നിരുന്നത്. സുഖമുള്ളോരാലസ്യം മനസ്സിനെയും ശരീരത്തെയും മൂടിയതു പോലെ. ചുറ്റുപാടും മറന്ന മട്ടിലുള്ള ആ കിടപ്പ് അധികനേരം നീണ്ടില്ല. ലൈലയുടെ വിളി അവളുടെ ബോധമനസ്സിനെ പിടിച്ചു കുലുക്കി ഉണർത്തി.

      അനുവാദമില്ലാതെ അകത്തേക്കു വന്ന കാറ്റ് ഉയർന്ന തേങ്ങലുകളുടെ വലിയ വിഴുപ്പ് അവൾക്കു മുന്നിലേക്ക് കുടഞ്ഞിട്ടു. ഞെട്ടുലോടെ ശ്രീബാല കട്ടിലിൽ നിന്നും ചാടിയെഴുന്നേറ്റു. അഴിഞ്ഞു വീണ ചേല വാരിയുടുക്കവെയാണ് ശ്രദ്ധിച്ചത്, കിച്ചാമണി മുറിയിലില്ല എന്നത്.

      മുറിക്കു ചുറ്റും കണ്ണോടിച്ചു കൊണ്ട് അവൾ വാതിലിനരികിലേക്ക് നടന്നു. ചാരിക്കിടന്നിരുന്ന വാതിൽ തുറന്നതും കണ്ടത് ലൈലയെയാണ്. ചുവന്നു കലങ്ങിയ കണ്ണുകളോടെ വരാന്തയിൽ കുത്തിയിരിക്കുന്ന ലൈല.

      ഒരുൾക്കിടിലത്തോടെയാണ് ശ്രീബാല പടികളിറങ്ങിയത്. അവളുടെ കണ്ണുകൾ പരിസരമാകമാനം ചൂഴ്ന്നെടുത്തു. മുന്നിലെ കാഴ്ചകൾ, അംഗീകരിക്കേണ്ട യാഥാർത്ഥ്യമാണെന്ന് വിശ്വസിക്കാൻ അവൾക്കു കഴിഞ്ഞില്ല.

     ഇന്നലെ കളിച്ചു ചിരിച്ചു നടന്ന പലരും തേങ്ങലുകളോടെ വൈധവ്യം എന്ന സത്യത്തെ  അംഗീകരിച്ച് തങ്ങളുടെ ചമയങ്ങളഴിക്കുകയാണ്.

     പൊട്ടിക്കരഞ്ഞു കൊണ്ട് കുപ്പിവളകൾ തല്ലിയുടയ്ക്കുന്നവരെ ശ്രീബാല ഞെട്ടലോടെ നോക്കി നിന്നു. വളകൾ ഉടയുന്ന ശബ്ദം അവൾക്ക് ഇന്നലെ കേട്ടു മറന്ന ചിരി പോലെ തോന്നി. നൊമ്പരം സഹിക്കാനാകാത്ത ചിലർ നിയന്ത്രണം വിട്ടതു പോലെ മണ്ണിൽ കിടന്നുരുണ്ട് അലമുറയിടുന്നു.

     "ബാലാ.. " ലൈലയുടെ പതറിയ സ്വരം കാതിലെത്തിയതും ശ്രീബാല ഞെട്ടിത്തിരിഞ്ഞു നോക്കി.

     "നമുക്ക് മടങ്ങേണ്ട സമയമായി.. എല്ലാം ഉപേക്ഷിക്കേണ്ടയും... "

      ശ്രീബാലയുടെ നോട്ടം വഴുതി ലൈലയുടെ കഴുത്തിലേക്ക് നീണ്ടു. ഇന്നലെ കണ്ട മഞ്ഞച്ചരടിൽ കോർത്ത താലി ഇന്നപ്രത്യക്ഷമായിരിക്കുന്നു. ഒരാന്തലോടെ അവൾ സ്വന്തം കഴുത്തിൽ പരതി. കണ്ണും കൈയ്യും മഞ്ഞച്ചരടിൽ പതിഞ്ഞപ്പോൾ നിശ്വാസത്തോടെ ലൈലയെ നോക്കി.

     "നീയെന്താ ആലോചിക്കുന്നേ ? " ലൈല സന്ദേഹത്തോടെ ചോദിച്ചു.

     "ലൈലാക്കാ... ഞാൻ.. എനിക്ക്.... " താലിയിൽ മുറുകെ പിടിച്ച് അവൾ തല കുനിച്ചു.

       "എന്താ നിന്റെ മനസ്സില്.. ഇവിടെത്തന്നെ താമസിക്കാമെന്നോ ? ഞാൻ പറഞ്ഞിരുന്നില്ലേ ബാലാ നമ്മളൊരിക്കലും വികാരത്തിന് കീഴ്പ്പെടാൻ പാടില്ലെന്ന്..

       അരവാന്റെ അനുഗ്രഹത്തോടെ ഇന്നലെ നമ്മൾ സുമംഗലികളായി.. അതേ അരവാന്റെ നിശ്ചയപ്രകാരം ഇന്ന് നമ്മൾ വൈധവ്യത്തെയാണ് സ്വീകരിക്കേണ്ടത്. നമ്മളത് അംഗീകരിക്കണം.

       നീ ചുറ്റിനും നോക്ക്. എന്നെപ്പോലെ, നിന്നെപ്പോലെ ചിരിച്ചു നടന്നവരാ ദാ, നെഞ്ചത്തലച്ച് അലമുറയിടുന്നത്. സഹിക്കാനാകാത്തതായിട്ടും സത്യം അവരുൾക്കൊണ്ടില്ലേ. ഞാൻ പിടിച്ചു നിൽക്കുന്നില്ലേ.

       രാവ് പുലരുന്നത് ഒരു നാൾ മംഗല്യത്തിന് വെള്ള പുതപ്പിച്ചു കൊണ്ടാണെന്ന് അറിയാതെയല്ലല്ലോ ആരും മണിയറയിലേക്ക് കടന്നത്. വികാരത്തോടെയല്ല, വിവേകത്തോടെ വേണം ചിന്തിക്കാൻ. നിനക്കിതൊന്നും അഴിച്ചുമാറ്റാനാവില്ലെങ്കീ ഞാൻ ചെയ്യാം "

     ലൈലയുടെ വാക്കുകൾ നിന്നിടത്ത്, കഴുത്തിലെ താലിച്ചരട് വലിഞ്ഞതും ആന്തലോടെ ശ്രീബാല അവരുടെ കൈകൾ തട്ടി മാറ്റി.

      "ഞാനഴിച്ചോളാം ലൈലാക്കാ.. " ഇടറിയ ശബ്ദത്തിൽ അവൾ പറഞ്ഞൊപ്പിച്ചു.

       നെടുനീളൻ നിശ്വാസത്തോടെ ലൈല പുഞ്ചിരിച്ചു.

                                  🔸

         കൈയിലൊരു ചെറിയ കവറുമായി ആൽബർട്ട്  ശ്രീബാലയെ തേടി ഇറങ്ങി. ഷണ്മുഖനെ കൂട്ടാതെ വെളുപ്പിന് തന്നെ ഇറങ്ങി പുറപ്പെട്ടതാണ്. തലേന്ന് എടുത്ത ഫോട്ടോകളുടെ ഓരോ കോപ്പിയാണ് കവറിൽ.

       ശ്രീബാലയെ ഒരിക്കൽ കൂടി കാണണം. ഫോട്ടോ നൽകണം. പിന്നെ പറയേണ്ടത് എന്താണെന്ന് നിശ്ചയമില്ല. അയാളുടെ കണ്ണുകളും  കാലുകലും പരൽമീനുകളെ പോലെ പാഞ്ഞു കൊണ്ടിരുന്നു.

        സമയം മുന്നോട്ടു കുതിക്കേ, ഷണ്മുഖനെ ഒപ്പം കൂട്ടാഞ്ഞതിൽ ആൽബർട്ടിന് നിരാശ തോന്നി. എവിടെ തെരെയണം.. ആരോട് തിരക്കണം.. എന്നറിയാനാവാതെ,  കഴിഞ്ഞ രാത്രി ശ്രീബാലയെ ആദ്യമായി അഭിമുഖികരിച്ചിടത്തേക്ക് അയാൾ വാടിയ മുഖത്തോടെ വന്നു നിന്നു.

       ചുറ്റിനും വീണ്ടും കണ്ണോടിച്ചു. തേടുന്ന മുഖം എങ്ങുമില്ല. ആൽബർട്ട് കൈയിലിരുന്ന കവർ തുറന്നു. ഉള്ളിലേക്ക് കൈ നീട്ടി  ഫോട്ടോകൾക്കൊപ്പം ഒരു ചെറിയ ചെപ്പ് കൂടി അയാൾ പുറത്തേക്ക് എടുത്തു.

       വെളുത്തു മെലിഞ്ഞ വിരലുകൾ ആ ചെപ്പ് മെല്ലെ തുറന്നു. ചെപ്പിനുള്ളിൽ നിന്നും പുറത്തേക്ക് ചാടിയ കുങ്കുമ വർണ്ണം അയാളുടെ വെളുത്ത വിരലുകളെ ചുകപ്പിച്ചു. ചെപ്പിൽ  നിന്നും മറ്റൊന്ന് കൂടി  ആ വിരലുകൾ കണ്ടെടുത്തു. ഒറ്റ കല്ലിൽ തിളങ്ങുന്ന ഒരു മോതിരം.
           
                                    🔶
                                                             (തുടരും)



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ