2021 ജൂലൈ 6, ചൊവ്വാഴ്ച

നങ്കി 1️⃣1️⃣

 


©️ Copyright Protected 

 

ഭാഗം 1️⃣️1️⃣


"ആരോ വര്ന്നക്കാ.." വെയിൽ മഞ്ഞളിപ്പിച്ച കണ്ണ് ചുളിച്ച് നങ്കി നടവഴിയിലേക്ക് കൂർത്തു നോക്കി.


തങ്കം എണീറ്റു നിന്നു.


"അദ് നെന്റ ആസ്പത്രി സാറും ഓര്ടെ പെണ്ണും.... പിന്ന വേറ ആരോ പുത്യാള് കൂട ഒണ്ടല്ലോ.."


നങ്കി എണീറ്റു. ജാൻസിയ്ക്കും വിക്ടറിനും ഒപ്പം വരുന്ന ആളെ നങ്കി തിരിച്ചറിഞ്ഞു.


                               ▪️◼️▪️


......✍️


കണ്ണട ഊരി കൈയ്യിൽ പിടിച്ചു കൊണ്ട് ജോസഫ് മുറ്റത്തേക്ക് കയറി. പിന്നാലെ വിക്ടറും ജാൻസിയും.


നങ്കി പരിഭ്രാന്തിയോടെ ജാൻസിയെ നോക്കി.


'ഓരെ തിരക്കി അന്ന് വീട്ടിൽ വന്നപ്പോഴേ യ്യി കണ്ണടക്കാരൻ കൊറച്ചു ദേശ്യക്കാരനാന്ന് മനസ്സിലായതാ. പശ്ശേ... എനിക്ക് ജോലി തരായതും ഇയ്യാള് കാരണോല്ലേ...എന്തിനാ ഇയ്യാള് ഈട വന്നേ..അപ്പൊ ജാൻസി ചേച്ചി പറഞ്ഞത് ഇയ്യാളെ പറ്റിയാരുന്നോ..താങ്കോക്ക കൂട നിപ്പോണ്ട് ഇയ്യാള് ദേശിച്ച് എന്തേലും വിളിച്ചു പറയോ മാടൻ തമ്പ്രാനെ... ' മനസ്സിൽ സംശയങ്ങളുടെ കൂട് പണിത് നങ്കി നിന്നു വിയർത്തു.


"തങ്കം ചേച്ചി.. ഇതെന്റെ ചേട്ടനാ. ജോസഫ്.. ജോസ് എന്ന് വിളിക്കും " ജാൻസി തങ്കത്തിന് പരിചയപ്പെടുത്തി കൊടുത്തു.


"ഓ...ഞാ ബെൻചെടുക്കാം.. കസേര എല്ലാരിക്കും കൂടി പറ്റത്തില്ല..." തങ്കം വെപ്രാളത്തിൽ അകത്തേക്ക് ഓടി.


കത്തുന്ന വെയിലിന്റെ ദൃഷ്ടിയിൽ നിന്നും നടന്നു മാറി ജോസഫ് പുളിമരച്ചോട്ടിലേക്ക് വന്നു നിന്നു.


നങ്കി ജാൻസിയേയും വിക്ടറിനേയും മാറി മാറി നോക്കി. അവരിരുവരും ജോസഫിനെ അനുഗമിച്ച് പുളിമരച്ചോട്ടിലേക്ക് നടന്നു.


തങ്കം ബെഞ്ചുമായി പുറത്തേക്ക് വന്നു. പുളിമരത്തിന്റെ ചുവട്ടിൽ ബെഞ്ച് കൊണ്ടിട്ട് നങ്കിയ്ക്ക് അരികിലേക്ക് പതിയെ ചെന്ന് കാതോരം രഹസ്യമായി ചോദിച്ചു ;


"പെണ്ണേ... യ്യി നേരത്തെങ്ങാനാ കട്ടൻ കൊട്ക്കുന്നേ... സമ്പാരം മധ്യോ..? എട്ക്കട്ടേ..?"


"ഉം..."


തങ്കം വീണ്ടും അകത്തേക്ക് തിടുക്കത്തിൽ നടന്നു. നങ്കി മന്ദം പുളിമരച്ചോട്ടിലേക്കും.


നിശബ്ദതയുടെ ചൂട് കഠിനമായപ്പോൾ ജാൻസി ചേട്ടനെ നോക്കി.


"ചേട്ടായി നങ്കിയെ കണ്ട് എന്തോ ചോദിക്കണോന്ന് പറഞ്ഞിട്ട്..."


"ഉം.... ശിവൻ വീട്ടിലുണ്ടോ ?" നങ്കിയോടായി ജോസഫ് ആരാഞ്ഞു.


"യില്ല.. കവലേലോട്ട് പോയി.."


"ഉം... രണ്ടു പേരേം ഒരുമിച്ച് നിർത്തി ചോദിക്കാനാ വന്നത്...ശരി, മ്മ്ഹ്.... നീ പറ നിന്റെ പൂർണ്ണ സമ്മതത്തോടാണോ ഇതിന് തയ്യാറായേ ?" തികഞ്ഞ ഗൗരവത്തിൽ ജോസഫ് ചോദിച്ചു.


നങ്കി ജാൻസിയെ നോക്കി.


"ചോദിച്ചത് കേട്ടില്ലേ..?"


"ഉം..."


"എന്ത് ?...ചോദിച്ചത് കേട്ടെന്നോ... പൂർണ്ണ സമ്മതത്തോടെയായിരുന്നെന്നോ..?"


"ന്റ സമ്മദത്തോടാ..."


"ഇവര് നീട്ടിയ പണമാണോ നിന്നെ കൊണ്ട് സമ്മതിപ്പിച്ചത് ?"


നങ്കി രൂക്ഷമായി ജോസഫിനെ നോക്കി.


"എന്താ...മറുപടി ഇല്ലേ ?"


"എനിക്ക് ആര്ടേം പണം വേണ്ടാ..."


"പിന്നെ പരോപകാരമായിട്ടോ... എങ്കിൽ നിന്റെ കൂര എങ്ങനാ പുത്തൻ വീടായത് ?"


"ചേട്ടായി പ്ലീസ്...." ജാൻസി പതിയെ വിളിച്ചു.


"ആരുടേയും പണം വേണ്ടെന്ന് ധിക്കാരത്തിൽ പറഞ്ഞതു കൊണ്ട് ചോദിച്ചതാ" ജോസഫ് അമർഷത്തോടെ പറഞ്ഞു.


"കെട്ടിയ ആണിന്റെ അധിഗാരത്തിനു മുമ്പീ ചെലപ്പോ ഒരു പെണ്ണ് എന്തിനും സമ്മയ്ച്ചു പോഗും സാർ.."


"എന്തോന്ന് അധികാരം? കെട്ടിയവന് തീറെഴുതി കൊടുത്തതാണോ നിന്നെ...അവൻ പറഞ്ഞാ എന്തും സമ്മതിക്കണോന്നാണെങ്കിൽ നാളെ അവൻ വേറൊരുത്തന്റെ കൂടെ കിടക്...


ജോസഫിന്റെ വാക്കുകൾ പൂർത്തിയാകുന്നതിനു മുമ്പേ നട്ടുച്ചക്ക് അപ്രതീക്ഷിതമായി ഒരു ഇടി വെട്ടിയ മാതിരി ഒച്ച ഉയർന്നു.


ഞെട്ടിത്തരിച്ച് ജാൻസി വാ പൊത്തി. വിക്ടറും തരിച്ചു നിന്നു പോയി.


നങ്കിയുടെ കൈപ്പടം കരണത്തു നിന്നും തെന്നി മാറിയപ്പോൾ ജോസഫ് കവിളിൽ കൈ അമർത്തി.


"നിങ്ങടെ പെങ്ങടെ കൊച്ചാ ന്റ വയറ്റീ കെടക്കുന്നേ... ഒരു ചേച്ചീടെ സിനേഹം വച്ചു നീട്ടീത് ന്ന കൊണ്ട് ആ സിനേഹത്തിന്റെ  കടം ഇങ്ങനെ വീട്ടിക്കാനാരുന്നൂന്ന് ഞാ പിന്ന അറിഞ്ഞേ.." നങ്കിയുടെ സ്വരമിടറി.


"യ്യി പ്രസവം കഴിയുമ്പഴേക്കും ന്റ ജീവിതം എന്താകൂന്ന് ഒരു പിടീയൂല്ല നിക്ക്.. യ്യി കോലം കെട്ടിച്ചോൻ തന്ന ഇപ്പോ..." തൊണ്ടയിൽ വാക്കുകൾ കുരുങ്ങിയ പോലെ നങ്കി വിമ്മിഷ്ടപ്പെട്ടു.


"നങ്കീ..." ജാൻസി അനുകമ്പയോടെ വിളിച്ചു.


"നിക്ക് ആരോടും പരാതീം യില്ല വഴക്കൂല്ലാ.. പശ്ശെ ഇങ്ങനെ ദ്റോഹിക്കരുത്.." കൈകൾ കൂപ്പി നങ്കി തേങ്ങി.


"ആ ചേച്ചി വരുന്നുണ്ട് " വിക്ടർ മുന്നറിയിപ്പ് കൊടുത്തു.


നങ്കി പെട്ടെന്ന് കണ്ണും ചിറിയും തുടച്ചു.


മൂന്നു ഗ്ലാസ്സിൽ സംഭാരം പകർന്ന് ഒരു പാത്രത്തിൽ നിരത്തി വച്ചു കൊണ്ട് തങ്കം വന്നു.


"അപ്പറത്ത ചീനൂട്ടീട അങ്ങ് ഗിളാസ്സിന് പോയി അതാ വൈഗ്യേ..." തങ്കം മുറുക്കാൻ കറ പുരണ്ട പല്ലുകൾ മുഴുക്കെ കാട്ടി ചിരിച്ചു.


"നങ്കി പെണ്ണേ.... നെനക്കൊള്ളത് അഗത്തിരുപ്പോണ്ട് കേട്ടാ.. യിങ്ങട്ട് കൊണ്ടരണോ ?"


"വേണ്ടക്കാ..."


"യിങ്ങനൊക്കെ പാത്തിറത്തില് ഗിളാസ്സ്  വച്ച് വരുന്നോർക്ക് വെള്ളം കൊട്ക്കാനൊക്ക നങ്കിയാ പടിപ്പിച്ചേ. ഈൾക്ക് അറിയാത്ത കാരിയം ഒന്നൂല്ല "


"അക്കാ...." നങ്കി മെല്ലെ വിളിച്ചു.


തങ്കം വെളുക്കനെ ചിരിച്ചു.


ഒരു നെടുവീർപ്പോടെ നങ്കി തിരിഞ്ഞു നടന്നു. ആരോടും ഒന്നും മിണ്ടാതെ, മുറ്റമിറങ്ങി വീട്ടിലേക്കുള്ള നടവഴിയേ നടന്നു.


"ന്താ പറ്റിയേ ഓൾക്ക്... ഒന്നും മിണ്ടാതെ പോന്നേ..!!!" തങ്കം അതിശയപ്പെട്ടു.


"അത്... ശ്.. ശിവനെ കുറിച്ച് സംസാരിക്കയായിരുന്നു.." ജാൻസി പെട്ടെന്ന് തോന്നിയത് പറഞ്ഞു.


"ഓ... യെന്തോ പറാനാ... ഓൻ ഒത്തിരി മാറിപ്പോയീ. കൊറച്ചു കാലായി എടയ്ക്കെട ഏടെങ്കിലും പറാതെ പോന്ന ഒരു സൂക്കേട് തൊടങ്ങീട്ട്. കയിഞ്ഞ മാസം അതേപ്പറ്റി ഞാ നങ്കീടുത്ത് ചോയിക്കണ ഓൻ കേട്ട്. അത് ഓന് പിടിച്ചില്ല. പിന്ന യീട കേറാതായി. നങ്കീടുത്തും കേറല്ലൂന്ന് പറഞ്ഞയാ. ഓളെന്തോ തിരിച്ച് പറഞ്ഞപ്പോ കലി തുള്ളിപ്പോയി.


പച്ചേല് അദീ പ്പിന്ന ഒരു ഗൊണം ഒണ്ടായി. യ്യി ന്നാട് വിട്ട ഓൻ പിന്ന ഏടേം പോയില്ല. " തങ്കത്തിന്റെ വാക്കുകളിൽ ആശ്വാസം നിശ്വാസമിട്ടു.


"ശിവൻ ഇപ്പോ എവിടെ കാണും ?" ജോസഫ് ആരാഞ്ഞു.


"ഒന്നേല് കവലെ.. യില്ലേ.. യില്ല ആട തന്ന കാണും " തങ്കം തറപ്പിച്ചു പറഞ്ഞു.


" ശിവനെ കാണാനാണേൽ ഇന്ന് വൈകുന്നേരം ഡ്യൂട്ടിക്ക് വരുമ്പോ കാണാലോ " വിക്ടർ അഭിപ്രായപ്പെട്ടു.


'അതെ' എന്നർത്ഥത്തിൽ ജാൻസി തല കുലുക്കി.


"ഉം...." നീട്ടിമൂളിക്കൊണ്ട് ജോസഫ് കവിൾ ഒന്നുകൂടി തടവി.


"എന്നാ നമുക്ക് പോകാം ചേട്ടായി..."


"മ്മ്.."


പുളിമരച്ചോട്ടിൽ നിന്നും മുറ്റത്തേക്ക് നടന്നതും, പെട്ടെന്ന്, അകലെ നിന്നും  തിരമാല കണക്കെ ഉയർന്നു വന്ന ഒച്ച എല്ലാവരുടെയും ശ്രദ്ധ തിരിച്ചു.


പൊതുവഴിയിൽ നിന്നും നടവഴിയിലേക്ക് ഇറങ്ങി വരുന്ന ആൾക്കൂട്ടത്തിനു മുന്നിൽ നടക്കുന്നത് മുരുകനാണ്. അതു കണ്ടതും തങ്കം നെഞ്ചത്തു കൈ വച്ചു.


"ന്റ മാടൻ തമ്പിരാനെ ന്തോ കൊയപ്പം പറ്റീട്ടൊണ്ടല്ലോ..." തങ്കം മുമ്പോട്ടോടി.


" എന്താ പറ്റിയേ...? "


ആൾക്കൂട്ടം തങ്കത്തിനു മുന്നിൽ ഒന്നു നിശ്ചലമായി.


മുറ്റത്തു നിൽക്കുന്നവരെ കണ്ട് മുരുകൻ ചുറ്റുപാടും ഒന്നു കണ്ണോടിച്ചു. പിന്നെ തങ്കത്തിനു നേരെ നോക്കി.


"നങ്കി ഒണ്ടാ ഈടെ..?"


"ഓളിപ്പോ പോയേ ഒള്ള്. എന്തോ പറ്റി..?"


"സിവൻ കൂരേലൊണ്ടാ "


"ആ... ആരിക്കറിയ്യാം.. നിങ്ങ കാരിയം തെളീച്ചു പറ മനിസനെ " തങ്കത്തിന്റെ ക്ഷമ കെട്ടിരുന്നു.


" ദാ സിവനെ തെരഞ്ഞ് വന്നതാ യീവര് "


മുരുകൻ പിന്നിലേക്ക് കൈ ചൂണ്ടി.


പരിചയമില്ലാത്ത കുറച്ചു മുഖങ്ങൾ പലവിധ ഭാവങ്ങളിൽ തങ്കത്തിനെ നോക്കി. ആണും പെണ്ണുമടങ്ങിയ അപരിചിതരുടെ കൂട്ടത്തിലെ വാടിത്തളർന്ന ഒരു മുഖത്ത് തങ്കത്തിന്റ കണ്ണുകൾ തറഞ്ഞു.  പന്തികേടോടെ ആ മുഖത്തിനുടമയെ അടിമുടി നോക്കവേ ഒരാന്തലോടെ തങ്കം വീണ്ടും നെഞ്ചത്തു കൈ വച്ചു.


                   ⬛️◼️◾️▪️◾️◼️⬛️


വീടിനുള്ളിലേക്ക് കയറിയപ്പോഴാണ് നിലത്ത് നീണ്ടു മലർന്നു കിടക്കുന്ന ശിവനെ കണ്ടത്. അമ്പരപ്പോടെ നങ്കി അയാളെത്തന്നെ നോക്കി നിന്നു.


'പഴങ്കഞ്ഞി കുടിച്ചേച്ച് കവലേലോട്ട് പോണ കണ്ടിട്ടാണ് ഞാ തങ്കാക്കയ്ക്കടുത്തേക്ക് പോയത്. അവ്ട മുറ്റത്തിരുന്നിട്ടും ഈവര് മടങ്ങി വര്ന്ന കണ്ടില്ലല്ലോ...' നങ്കി ആലോചിച്ചു.


വേല കഴിഞ്ഞ് വന്നാൽ കുളിച്ച് പഴങ്കഞ്ഞിയും കുടിച്ച് കവലയിലോട്ടിറങ്ങും. പിന്നെ ഉച്ചക്ക് ഉണ്ണാൻ നേരാകുമ്പോ മടങ്ങി വരും. ഉണ്ടു കഴിഞ്ഞ് പിന്നെ ഉറക്കം. വൈകുന്നേരം കാപ്പി കുടിക്കാൻ നേരമാകുമ്പോ എഴുന്നേറ്റ് കുളിച്ച് കാപ്പി കുടിയും കഴിഞ്ഞ് ആശുപത്രിയിലേക്ക് തിരിക്കും. ഇതാണ് ഇപ്പോ കുറേ നാളായിട്ടുള്ള ശിവന്റെ രീതികള്.


നങ്കി ശബ്ദമുണ്ടാക്കാതെ മുറിയിലേക്ക് നടക്കാൻ ഭാവിച്ചതും, ശിവന്റെ സ്വരം ആജ്ഞ പോലെ ഉണർന്നു.


"നില്ല്..."


നങ്കി തിരിഞ്ഞു നോക്കി.


"മൊതലാളിമാരോടക്കെ വിസേസം പറഞ്ഞ് കയ്ഞ്ഞാ... കൊണ്ടു പിടിച്ച ചറ്ച്ച ആരുന്നല്ലോ... എന്താരുന്ന്... യിനീം ആര്ക്കേലും വേണ്ടീട്ട് കൊച്ചിന ഒണ്ടാക്കണോ? അല്ല.., സലത്തില്ലാരുന്ന ആള് വരെ നെന്നത്തേടി വന്നേക്ക്ന്നല്ലോ " ശിവന്റെ ചുണ്ടിൽ പുച്ഛം നാമ്പിട്ടു.


"അവര് എന്ന മാത്തറല്ല കാണാൻ വന്നേ...നിങ്ങ്ളേം കൂഡ്യാ.. പിന്ന, നിങ്ങക്ക് വീഡു വെച്ച പോലെ  യിനീം എന്തേലും സാദിക്കാനൊണ്ടോന്ന് നെക്കറീല.. അങ്ങന ഒണ്ടേലല്ലേ വല്ലവരിക്കും വേണ്ടീട്ട് കൊച്ചിന ഒണ്ടാക്കേണ്ടി വരത്തൊള്ള്..."


നങ്കിയുടെ വാക്കുകൾ ശരം പോലെ വന്നതും ശിവൻ പതർച്ചയോടെ ചുറ്റിനും നോക്കി.


"പശ്ശെ.. യിനി അങ്ങനൊന്ന് ഒണ്ടാകൂല്ലാ...എന്ന കിട്ടൂല്ലാന്ന് " തറപ്പിച്ചു പറഞ്ഞു കൊണ്ട് നങ്കി മുറിയിലേക്ക് കയറിപ്പോയി.


അമർഷത്തോടെ ശിവൻ വീണ്ടും നിലത്തേക്ക് ചാഞ്ഞു.


കണ്ണടക്കാരന്റെ വാക്കുകൾ ഉള്ളിനെ നീറ്റിപ്പുകച്ചു കൊണ്ടിരിക്കുമ്പോഴാണ് ശിവൻ, വാക്കുകൾ ചെത്തി മിനുക്കിയ കഠാര നീട്ടിയെറിഞ്ഞത്. ഒക്കെ കൂടി നങ്കിയ്ക്ക് താങ്ങാവുന്നതിലും അപ്പുറത്തായിരുന്നു.


ജനാലപടിയിൽ ചാഞ്ഞിരുന്ന് നങ്കി അപ്പനെ ഓർത്തു. ഒത്തിരി പഠിക്കണമെന്ന് പറഞ്ഞപ്പോ, ഇഷ്ടമുള്ളത്രയും പഠിപ്പിക്കാമെന്ന് പറഞ്ഞ അപ്പൻ. ഒരു നേരം പോലും പട്ടിണിക്കിടാതെ, ഒഴിഞ്ഞ വയറുമായിരുന്ന് ഊട്ടിക്കുന്ന അപ്പൻ.


 'ഒന്നും വേണ്ടാരുന്ന്.. പഠിക്കേം വേണ്ടാ.. വയറു നെറേ തിന്നാനും വേണ്ടാ.. പുത്യ ഉടുപ്പോ.. കൊലുസ്സോ.. ഒന്നും വേണ്ടാരുന്ന്... ന്റപ്പനെ തിരിയെ തന്നാ മദ്യാരുന്ന് ദെയ്വ്വം..' ഏറെ നാളുകൾക്ക് ശേഷം നങ്കിയുടെ കണ്ണുകൾ ആർത്തു പെയ്തു. അപ്പന്റെ പഴയ കുഞ്ഞിപ്പെണ്ണായി..


    

                           ▪️◼️▪️


അസാധാരണമായി മുറ്റത്തു നിന്നുയർന്ന കോലാഹലം ശിവന്റെ ഉച്ച മയക്കത്തെ പോറലേൽപ്പിച്ചു. അരിശത്തോടെ ചാടി എണീറ്റ് വരാന്തയിലേക്ക് ചെന്ന് നോക്കിയതും, കനലിൽ ചവിട്ടിയ പോലെ മുഖം വിളർത്ത് ശിവൻ തറഞ്ഞു നിന്നു.


അയല്പക്കത്തെ വീട്ടു മുറ്റത്ത് നിന്നിരുന്ന ശിവന്റെ അമ്മ ആൾക്കൂട്ടം കണ്ട് ഓടി വന്നു. ശിവന്റെ എളേതുങ്ങളും മുറ്റത്തേക്ക് എവിടുന്നോ പാഞ്ഞു വന്നു നിന്നു. തളർന്നു കിടക്കുന്ന അപ്പന്റെ കണ്ണുകൾ മാത്രം ആവുന്നത്ര കാഴ്ചയിലേക്ക് ഏന്തി വലിഞ്ഞു നോക്കി.


"ന്താ..ന്താ..പറ്റിയെ..? യെല്ലാരും കൂട യീട വന്ന യെന്താ ?" ലക്ഷ്മിയമ്മ ആശങ്കയോടെ ചോദിച്ചു.


"സിവനെ തെരക്കി വന്നയാ ലച്ച്മീക്കാ.." മുരുകൻ മുമ്പോട്ട് നീങ്ങി നിന്നു.


"സിവനെയാ...! ഊം.. ന്താ കാരിയം?"


രൂക്ഷമായൊരു നോട്ടം ശിവനു നേരെ നീട്ടി തങ്കം വീടിനകത്തേക്ക് കയറി. പിന്നാലെ ജാൻസിയും.


അവർക്കെതിരെ നങ്കി പുറത്തേക്ക് നടന്നു വന്നു. ആൾക്കൂട്ടവും തങ്കത്തിന്റെയും ജാൻസിയുടെയും മുഖഭാവവും എന്തോ പന്തികേട് ഉളവാക്കുന്നതായി നങ്കിയ്ക്ക് തോന്നി.


'യിനി എല്ലാരും സത്യങ്ങള് അറിഞ്ഞോ തമ്പ്രാനെ...' നങ്കി വെപ്രാളത്തോടെ ജാൻസിയെ നോക്കി.


"നങ്കി നിയ്യ് വാ.." തങ്കം നങ്കിയെ മുറിയിലേക്ക് തിരികെ നടത്താൻ ശ്രമിച്ചു.


"എന്താക്കാ... എന്താ..?"


"നിയ്യ് വാ..."


"മുറിയിലേക്ക് വാ നങ്കി, ടെൻഷൻ കൂടി ബിപി എങ്ങാനും ഹൈ ആയാലോ.. ശരീരം മാത്രല്ല, മനസ്സും ആരോഗ്യപരമായി ഇരിക്കേണ്ട സമയമാ.." ജാൻസി വ്യാകുലപ്പെട്ടു.


"മനസ്സ്ന്റെ ആരോഗ്യം നമ്മക്ക് ചുറ്റിനും ഒള്ളോർടെ കയ്യിലല്ലേ..അവര്ടെ വാക്കിലും ചെയ്ത്തിലും ഒക്കെയല്ലേ.. അദ് കൂട ഒള്ളോരായാലും പുറത്തൊള്ളോരായാലും..." നങ്കിയുടെ നോട്ടം പുറത്ത് പടിക്കെട്ടിനോരം നിന്ന കണ്ണടക്കാരനിലൂടെ തെന്നി നീങ്ങി.


ജാൻസി പെട്ടെന്ന് തല കുനിച്ചു.


നങ്കി ഉമ്മറത്തേക്ക് നടന്നു.


നങ്കിയുടെ സാമീപ്യം അടുത്തറിഞ്ഞതും ശിവൻ പരുങ്ങലോടെ തല തിരിച്ചു നോക്കി.


നങ്കി മുന്നിലെ ആൾക്കൂട്ടത്തിലൂടെ കണ്ണോടിച്ചു.


"ചോയിച്ച കേട്ടില്ലേ മുരുഗാ നിയ്യ്.. പ്രച്ച്ന യെന്തുവാ ?" ലക്ഷ്മിയമ്മ കുറച്ചുറക്കെ ചോദിച്ചു.


മുരുകൻ നങ്കിയുടെ മുഖത്തേക്ക് നോക്കി.


"നിയ്യങ്ങ് കേറി പോ നങ്കിപ്പെണ്ണേ.."


അന്ധാളിപ്പോടെ നങ്കി പടിക്കെട്ടിലേക്കിറങ്ങി നിന്നു.


"എന്താ മുരുഗണ്ണാ.. ഞാ നിക്കുന്നേന് എന്താ... ഞാ അഗത്തു പോയാലും ഈട യിപ്പോ എന്തോ സമ്സാരിച്ചാലും ആടെ കേക്കും പിന്നെന്താ !?"


"കാരിയം എന്താന്ന് ഞാൻ പറയാം.." കൂട്ടത്തിൽ നിന്നും തലമുടി നരച്ച ഒരപരിചിതൻ മുന്നിലേക്ക് നീങ്ങി നിന്നു.


അയാളുടെ കൈ മറ്റാരുടെയോ കൈയ്യിൽ പിടുത്തമിട്ടിട്ടുണ്ടായിരുന്നു. 


നങ്കിയുടെ കണ്ണുകൾ പതർച്ചയോടെ ആ കൈയ്യിനുടമയിൽ ആഴ്ന്നു.


വെളുത്തു മെലിഞ്ഞ ഒരു പെണ്ണ്. അവളുടെ വിളർത്ത മുഖത്തും കുഴിഞ്ഞ കണ്ണുകളിലും കണ്ണീർച്ചാലുണങ്ങിപ്പിടിച്ച കവിളുകളിലും നോട്ടം പായിച്ച് നങ്കിയുടെ കണ്ണുകൾ മറ്റെന്തിലേക്കോ ഓടിയിറങ്ങി.


തുടരും.....




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ