©️ Copyright Protected
ഭാഗം 1️⃣3️⃣
"നെന്റ വയറ്റിലും ഓന്റ കൊച്ച് തന്നാ. അല്ലാത കാക്കേടോ പരുന്തിന്റോ അല്ലാ. ഏൻക്ക് ആ കൊച്ച് മദീ.."
നങ്കിയുടെ തല പെട്ടെന്ന് താഴ്ന്നു.
"ന്താഡീ മിണ്ടാത്ത.. യീൾട പേറ് ഞാ നോക്കത്തും യില്ല. ആ കൊച്ചിന തൊടത്തൂമില്ല "
ഉതിർന്നു വീഴാറായ കണ്ണീരോടെ നങ്കിയുടെ തല ഉയർന്നു.
............✍️
"പ്രസവം കഴിഞ്ഞ് കൊച്ച് ഉയിരോട ഒണ്ടാകുന്നതൊക്ക ഒടേതമ്പ്രാന്റ കൈയ്യിലാ. ചെലപ്പോ മല്ലീട കൊച്ചിന സ്നേഹിക്കാനൊള്ള യോഗാ നമ്മക്കെങ്കിലോ.."
"പ്ഫാ എരണം കേട്ടോളേ... വയറ്റില കൊച്ചിന വച്ചോണ്ട് പറാൻ കൊള്ളാന്ന ആണോഡീ നിയ്യ് പറഞ്ഞേ. ങ്ഹാ പണ്ടേ എൻക്ക് സമ്സയോം ഒണ്ടാരുന്ന്, ആദിലത്തെ കൊച്ചിന നിയ്യ് അറിഞ്ഞോണ്ട് തന്ന വയറ്റീ വച്ച് കൊന്ന യാണോന്ന്..
നെന്റ സല്യം ഒയ്ക്കാന് നെന്റ ചിന്നമ്മ നടത്തീതാണ് യ്യി കല്യാണം. നെനക്ക് ഇസ്ട്ടല്ലാരുന്നല്ലോ കല്യാണത്തിന്. നെനക്ക് പള്ളിക്കൂടത്തീ പോണം പടിച്ച് എന്തരോ ആകണം.. അദാരുന്നില്ലേ ഡീ നെന്റ ഇസ്ടം..
ന്റ സിവന് പടിപ്പൂല്ല.. ബങ്ങീല്ല. നിയ്യ് ഏതോ ലോഗ സുന്തരി.. അദൊക്ക കൊണ്ട് ഓന്റ കൊച്ചിന വേണ്ടാന്ന് ഒറപ്പിച്ചു വച്ചേക്കുവാണാ നിയ്യ് പറേഡീ.." ലക്ഷ്മിയമ്മ മല്ലികയെ മറന്ന് നങ്കിയ്ക്ക് നേരെ കുതിച്ചു.
"ന്റ പ്പനൊണ്ടാരുന്നേൽ ന്ന പഠിപ്പിച്ചേന. അപ്പൻ പോയപ്പോ ന്റ സൊപ്നങ്ങളും കൂടാ അപ്പന്റ ചിതേല് ഞാ എരിച്ചേ . പിന്ന ഞാ സൊപ്നം കാണാൻ തൊടങ്ങീത് ന്റ വയറ്റീ ഒര് ജീവൻ വച്ചൂന്ന് അറിഞ്ഞ നാള് തൊട്ടാ. പശ്ശെ അതും...." ഏങ്ങലോടെ കരഞ്ഞു കൊണ്ട് നങ്കി മുറിയിലേക്ക് ഓടി.
മല്ലികയെ രൂക്ഷമായി നോക്കിക്കൊണ്ട് ലക്ഷ്മിയമ്മ അടുക്കള മുറ്റത്തേക്ക് ചാടിത്തുള്ളി പോയി.
മല്ലിക നങ്കിയുടെ മുറിയിലേക്ക് നടന്നു.
തടി കൊണ്ടുള്ള പുത്തൻ കട്ടിലും മേശയും കസേരയുമൊക്കെ മുറിയിൽ കിടപ്പുണ്ട്. കട്ടിലിൽ ഒരു പഴന്തുണി പോലെ നങ്കിയും.
അനിയത്തിയെ കണ്ട് നങ്കി എഴുന്നേറ്റിരുന്നു.
"നിയ്യ് കൊറച്ചു നേരം കടക്ക് മല്ലീ. ശീണം ഒണ്ട് നെന്റ മുഖത്ത്.."
നിലത്തേക്കിരിക്കാൻ തുനിഞ്ഞ മല്ലികയെ നങ്കി കട്ടിലിൽ പിടിച്ചിരുത്തി.
"ഇവ്ട കെട.. എനി നെനക്കും... നെനക്ക് അവകാശ ഒള്ളതല്ലേ ഇദൊക്ക.."
"ച്ചേയി ന്താ പറേന്നേ..എൻക്ക് ഒന്നിലും അവകാശോന്നും വേണ്ടാ.."
"നിച്ചു സ്കൂളില് പോന്നില്ലേ യിപ്പോ ?" നങ്കി വിഷയം മാറ്റാനായി ചോദിച്ചു.
"ഏടന്ന്...ഓനിപ്പോ കൊടീം പിടിച്ച് ന്തോ സമരത്തിനും ജാതക്കും ഒക്ക പോഗുവാ. ഒരീസം നിച്ചു ഒര് വേല ഒപ്പിച്ച് ച്ചേയി. അമ്മേന്റ പുത്യ ഫർത്താവിന്റ തലമണ്ട കൊടി കെട്ടിയ വടി കൊണ്ടടിച്ച് പൊട്ടിച്ച്. കവലെ വച്ചാരുന്ന്... പശ്ശെ ന്തോ ഭാഗ്യം കേസ്സൊന്നും ആയില്ല.
പശ്ശെ... പിന്ന അമ്മക്ക് നിച്ചൂന കണ്ടൂടാതായി. പണ്ടേ അവര് രണ്ടും പോരാ. ച്ചേയീട കാരിയം പറഞ്ഞ് ഓനെപ്പോം അമ്മോട് ചണ്ടയാ. ഇദൂട ആയപ്പോ അമ്മ ഓനോട് വീട്ടീന്ന് എറങ്ങി പോഗാൻ പറഞ്ഞ്. ന്റ കാരിയത്തി ഒര് തീര്മാനം അറിഞ്ഞട്ടേ ഓൻ പോത്തോളന്നു പറഞ്ഞ്. അദാ അയാള് ന്നേം കൂട്ടി പെട്ടെന്ന് ഈടക്ക് വന്നേ.."
അമ്പരപ്പായിരുന്നു നങ്കിയുടെ മുഖത്ത്. 'നിച്ചു.. ഓനെത്ര വയസ്സൊണ്ട്... പെറ്റ അമ്മ തന്ന വീട്ടീന്ന് എറങ്ങി പോകാൻ പറഞ്ഞേക്കുന്നു... എത്തറ നാളായ് ഓന കണ്ടിട്ട്... ഒന്ന് വരുക കൂടീല്ല... ഈടൊള്ളോര ഓന് ഇഷ്ടല്ല... ഓര ഒട്ടും കണ്ടൂട.. '
"ച്ചേയീ... "
മല്ലികയുടെ സ്വരം നങ്കിയുടെ ചിന്തകൾക്ക് വിരാമമിട്ടു.
"ഉം..."
"ചെലപ്പോ തോന്നും ച്ചേയീട മാത്രല്ല ന്റേം നിച്ചൂന്റേം കൂട ചിന്നമ്മയാ അമ്മേന്ന്..."
നങ്കി വാത്സല്യത്തോടെ അനിയത്തിയുടെ മുഖത്തേക്ക് നോക്കി.
"കൊച്ചിന്റ അനക്കോക്കെ ഗൗനിക്കൊന്നൊണ്ടാ നിയ്യ് ?"
മറുപടി പറയാതെ മല്ലിക മന്ദഹസിച്ചു.
"നിയ്യ് കൊറച്ചു നേരം കെടന്നൊറങ്ങ്...ഉം..." നങ്കി മല്ലികയുടെ കൈയിൽ തലോടി പറഞ്ഞു.
തല കുലുക്കി കൊണ്ട് മല്ലിക ചരിഞ്ഞു കിടന്നു.
ഉച്ചവെയിൽ നീങ്ങിത്തുടങ്ങിയപ്പോ നങ്കി എഴുന്നേറ്റു. മല്ലികയ്ക്കു കൂടി കട്ടിൽ പങ്കിട്ടു കൊണ്ടാണ് കിടന്നത്. അഴിഞ്ഞു വീണ മുടി വാരിക്കെട്ടി കട്ടിലിൽ നിന്നും ഇറങ്ങവേ മല്ലികയുടെ മുഖത്തേക്കൊന്നു നോക്കി. ഉറക്കത്തിന്റെ അടിവാരത്തിലെവിടെയോ മേഞ്ഞലയുകയാണ് മല്ലിയെന്ന് നങ്കിയ്ക്ക് തോന്നി.
നടുമുറിയിൽ നിലത്ത് ഉച്ചമയക്കത്തിൽ ആണ്ടു കിടക്കുന്ന ശിവന്റെ എളേതുങ്ങളെയും കയറ്റു കട്ടിലിൽ കിടക്കുന്ന അപ്പനെയും മറികടന്ന് നങ്കി പുറത്തേക്കിറങ്ങി. അമ്മേ കാണുന്നില്ല. അയല്പക്കത്തെവിടെയെങ്കിലുമിരുന്ന് പതം പറഞ്ഞ് കരയുന്നുണ്ടാകും.
തങ്കത്തിന്റെ വീട്ടിലേക്ക് പോകാനിറങ്ങവേയാണ് നടവഴി ഇറങ്ങി വരുന്ന ശിവനെ കണ്ടത്. ദേഹത്തൂടെ എന്തോ അരിച്ചു കയറുന്നത് പോലെ നങ്കി മേലൊന്ന് കുടഞ്ഞു. പിന്നെ ദ്രുതഗതിയിൽ ശിവനരികിലേക്ക് നടന്നു.
മുറ്റത്തേക്കെത്തും മുമ്പേ അതിരിലെ വേലിക്കെട്ടിനരികെ ശിവന് മുന്നിൽ വഴി തടസ്സമായി നങ്കി നിന്നു.
നങ്കിയുടെ ചുവന്നു കലങ്ങിയ കണ്ണുകളിലും കണ്ണീർച്ചാലുണങ്ങിക്കിടക്കുന്ന കവിളുകളിലും വിറപൂണ്ട അധരങ്ങളിലും നോക്കി ശിവൻ ചിരിച്ചു.
കുറ്റബോധം ലവലേശം തീണ്ടാത്ത മുഖത്തു നിന്നും തനിക്കു നേരെ വന്ന ചിരിയോട്, മണ്ണിലേക്ക് കാർക്കിച്ചു തുപ്പി നങ്കി പ്രതിഷേധം പ്രകടമാക്കി.
"ഡീ..." കലിപൂണ്ട പോലെ ശിവൻ വിളിച്ചു.
"പ്പോ ന്ന നോക്കി ചിരിച്ച ചിരി യില്ലേ അദ് ന്റ മുഖത്തേക്ക് തുപ്പിയ പോലാ എനിക്ക് തോന്നീത്. അദ് ഞാ തിരിച്ച് തന്നതാ..." പുച്ഛത്തോടെ നങ്കി പറഞ്ഞു.
"നെന്റ അനീത്തിക്ക് കൂടി ഒര് ജീവിദം കൊട്ത്ത് ഞാ അത്തറെ ഒള്ള്..."
"ജീവിതോ !!? ങ്ഹും. ജീവിതം കൊട്ക്കയല്ല കെടുത്തുവാ ചെയ്‌തേ...
എനിക്ക് എത്തറ വയസ്സൊണ്ടന്ന് അറിയോ നിങ്ങക്ക്..? പത്തൊമ്പത്...
ഓൾക്ക് പതിനഞ്ചോ... പതിനാറോ. കൊച്ച് പെണ്ണാ ഓള്. കല്യാണം കഴിക്കാനൊള്ള പ്രായാണോ ഓൾടെ.. "
"നെന്റ ചിന്നമ്മേട രണ്ടാം സമ്പന്തക്കാരന്റ കൈയ്യീന്ന് രച്ചിക്കയാ ചെയ്തേ. യില്ലേ ഓൻ അമ്മേം പെണ്ണിനേം വച്ചോണ്ടിര്ന്നേന "
"ഓ... പശ്ശെ യിപ്പോ ഓളെ കാണുമ്പോ തോന്നുന്നേ പുലീടത്ത്ന്ന് നരി രഷിച്ച മാങ്കുട്ടീന പോലാ.."
"യെടീ...."
"സത്ത്യല്ലേ...ഈടേം രണ്ട് പെങ്കൊച്ചുങ്ങ ഒണ്ടല്ലോ. അദുങ്ങ്ളിലൊന്നിൻ്റ പ്രായല്ലേ ന്റ മല്ലിക്കൊള്ള്. രശ്ശിക്കാനാരുന്നേൽ അവരപ്പോലെ ഓളേം കണ്ടേന... അല്ലാത ഒര് കൊച്ചുപെണ്ണിന്റ വയറ്റില് ഒര് കൊച്ചിന ഒണ്ടാക്കുവല്ല ചെയ്യ്ന്നേ "
"നെനക്ക് സഗിക്കാൻ പറ്റുന്നില്ലെ ഓളോട് ഓള വീട്ടീ പൊക്കൊള്ളാൻ പറ. എൻക്ക് പ്രച്ചന ഒന്നൂല്ല "
നങ്കി അറപ്പോടെ ശിവനെ നോക്കി.
"പശ്ശെ എനിക്ക് പ്രശ്നോണ്ട്.."
നങ്കിയെ തള്ളിമാറ്റി മുമ്പോട്ട് പോകാൻ തുനിഞ്ഞ ശിവന്റെ കൈയിൽ നങ്കി കയറി പിടിച്ചു. ഒരു കൈ വേലിക്കമ്പിൽ പിടുത്തമിട്ട് വീഴാതിരിക്കാനും നങ്കി ശ്രമിച്ചു.
"എൻക്ക് വേലക്ക് പോണം "
"നിച്ചൂന് വേല തരാക്കാന്ന് വാക്ക് കൊട്ത്താര്ന്നോ ?"
"ങ്ഹും... വേലയോ! ഓനോ...! ന്ന ഒര് വെലേം നെലേം കൽപ്പിക്കാത്തോന് വേല അല്ല തരാക്ക്ന്നേ "
"അപ്പൊ കാരിയ സാദ്യത്തിനൊള്ള അടവാര്ന്ന് അതും.. അല്ലേ?"
പല്ലിറുമ്മി അരിശത്തോടെ ശിവൻ നങ്കിയുടെ കൈ തട്ടിമാറ്റി.
"യെന്നക്കാളും ആസ്പത്രീല മൊതലാളിമാരോട് നെനക്കല്ലേ അടുപ്പം. നിയ്യ് ഒര് വാക്ക് പറഞ്ഞാ മദീ വേലേം കിട്ടും യില്ലേ, വേല ചെയ്യാത കൂലീം കിട്ടും.."
നങ്കിയെ വകഞ്ഞു മാറ്റി ശിവൻ നടന്നു പോയി.
ശരീരം തളർന്ന പോലെ വേലിക്കമ്പിൽ പിടിച്ച് പിന്നെയും കുറച്ചു നേരം കൂടി നങ്കി നിന്നു, എന്തൊക്കെയോ ചിന്തകളിൽ മുഴുകി. പിന്നെ വീട്ടിലേക്ക് തന്നെ തിരികെ നടന്നു.
⬛️◼️◾️▪️◾️◼️⬛️
സ്കാനിംഗിനായി മല്ലികയെ നേഴ്സിനൊപ്പം വിട്ട് ജാൻസി നങ്കിയുമായി മുറിയിലേക്ക് നടന്നു.
വരാന്തയുടെ ഓരം ചേർന്ന് വരുന്ന ജോസഫിനെ കണ്ട് നങ്കി പെട്ടെന്ന് തല കുനിച്ചു. അവർക്കരികിലെത്തി ജോസഫ് നിന്നു .
"നങ്കീടെ അനിയത്തിയെ ചെക്കപ്പിന് കൊണ്ടു വന്നു. സ്കാനിംഗിന് പോയിരിക്കയാ "
"ഉം..." നങ്കിയുടെ മുഖത്തേക്ക് നോക്കി ജോസഫ് മൂളി.
"എനിക്ക് നങ്കിയോടൊന്ന് സംസാരിക്കണം. തനിച്ച്..."
"ചേട്ടായീ..."
"എന്തേ ഞാൻ സംസാരിക്കുന്നതിൽ നിനക്ക് ബുദ്ധിമുട്ടുണ്ടോ ?"
"എനിക്കൊണ്ട്..." നങ്കി തല ഉയർത്തി ജോസഫിനെ നോക്കി.
"എനിക്ക് ഒന്നും സമ്സാരിക്കാനില്ല.."
"പക്ഷേ എനിക്കുണ്ട്. ജാനി നീ റൂമിലേക്ക് പൊക്കോ. നങ്കിയെ ഞാൻ വിട്ടോളാം "
"പശ്ശെ.." നീരസത്തോടെ നങ്കി ജാൻസിയെ നോക്കി.
നിസ്സഹായയെപ്പോലെ ജാൻസി തലയാട്ടി. പിന്നെ മുറിയിലേക്ക് നടന്നു.
"ന്താ പറാനുള്ളേ..?" അനിഷ്ടം പ്രകടമാക്കിക്കൊണ്ട് തന്നെ നങ്കി ചോദിച്ചു.
"പറയാനല്ല, ചിലത് ചോദിക്കാനും കുറച്ചു സംസാരിക്കാനും..
നെറ്റി ചുളിച്ച് ചോദ്യഭാവത്തിൽ നങ്കി ജോസഫിനെ നോക്കി.
"നീ ചേനില ഗവണ്മെന്റ് ഹൈ സ്കൂളിൽ പഠിച്ചിട്ടുണ്ടോ ?"
മറുപടി പറയാതെ നങ്കിയുടെ കണ്ണുകൾ വിസ്മയം പൂണ്ടു.
"ചോദിച്ച കേട്ടില്ലേ ?"
"മ്മ്... ആ പഠിച്ചിട്ടൊണ്ട് "
ഇത്തവണ അത്ഭുതം കൂറിയത് ജോസഫിന്റെ കണ്ണുകളാണ്.
"എത്ര വരെ പഠിച്ചു !?"
"പത്തില് പാതി "
"അതെന്താ പാതിക്ക് പഠിപ്പ് നിർത്തിയെ !!?"
"ന്തിനാ യിദൊക്കെ ചോയ്ക്ക്ന്നേ. ഞാ യിനി ഈട ജോലിക്ക് വര്ന്നില്ലല്ലോ " നങ്കി സംശയത്തോടെ ചോദിച്ചു.
ഒരു മന്ദഹാസത്തോടെ ജോസഫ് പാന്റ്സിന്റെ പോക്കറ്റിൽ നിന്നും പേഴ്‌സ് പുറത്തെടുത്തു. പിന്നെ അതിനുള്ളിൽ നിന്നും ഒരു ഫോട്ടോയും. അയാളത് നങ്കിയ്ക്ക് അഭിമുഖമായി പിടിച്ചു. നങ്കി ആ ഫോട്ടോയിലേക്ക് ചൂഴ്ന്നു നോക്കി.
"ഇദ്ദേഹത്തെ ഓർമ്മയുണ്ടോ ?"
ഫോട്ടോയിലേക്ക് നോക്കി നിൽക്കേ നങ്കിയുടെ കണ്ണുകൾ വിടർന്നു. ഒരു പുഞ്ചിരിയോടെ തല കുലുക്കി നങ്കി ജോസഫിനെ നോക്കി.
"യ്യി സ്സാറ്... ന്റ സ്കൂളിൽ വന്നിട്ടോണ്ട്. എനിക്ക്.. എനിക്ക് സമ്മാനോം തന്നിട്ടൊണ്ട് "
"ഞങ്ങളുടെ പപ്പയാണ്. എന്റെയും ജാൻസിയുടേം "
ആശ്ചര്യത്തോടെ നങ്കി ജോസഫിനെ നോക്കി. അന്നാദ്യമായി നങ്കിയുടെ കണ്ണിൽ അയാളോടുള്ള ബഹുമാനം തിളങ്ങി.
"ഞാ... ജാൻസിയേച്ചി..!!"
"മ്മ്.."
"സ്സാറിപ്പോ ?"
"പപ്പാ...മരിച്ചിട്ട് ഒന്നര കൊല്ലമായി. പപ്പേടെ സ്വപ്നമായിരുന്നു, മമ്മേടെ ഓർമ്മയ്ക്കായി ഒരു ഹോസ്പിറ്റൽ. അതും ഒരു ട്രൈബൽ ഏരിയ കേന്ദ്രീകരിച്ച് വേണോന്നും. പക്ഷേ ഹോസ്പിറ്റലിന്റെ ഉൽഘാടനത്തിനു മുമ്പേ പപ്പാ പോയി.."
നങ്കിയുടെ കണ്ണിൽ നീർ പൊടിഞ്ഞു.
"നീ പഠിപ്പ് നിർത്തിയതിന്റെ കാരണം പറഞ്ഞില്ല " ജോസഫ് ചോദ്യം ഓർമപ്പെടുത്തി.
"അത്.. പത്തില് പഠിക്കുമ്പഴാ അപ്പൻ മരിച്ചേ. പിന്ന ചിന്നമ്മ പഠിക്കാൻ വിട്ടില്ല.."
"ഓ..."
"സാറിന് എന്ന എങ്ങന...?" ചോദ്യം അപൂർണമാക്കി നങ്കി നിന്നു.
"ശിവനെ തിരക്കി വീട്ടിൽ വന്നപ്പോഴല്ല, ജോലിക്കാര്യത്തിനായി നീ ഇവിടെ വന്നപ്പോഴാ എവിടെയോ മുൻപ് കണ്ട മുഖപരിചയം തോന്നിയത്. അന്ന് ചോദിച്ചില്ല.. പിന്നെ ഓർത്തതുമില്ല..
പിന്നെ ഈ വരവിൽ നിന്നെപ്പറ്റി ജാൻസിയും വിക്ടറും പറഞ്ഞറിഞ്ഞ ശേഷമാ നിന്നെ ഓർത്തെടുക്കാൻ ശ്രമിച്ചത്..
പപ്പാ നിന്റെ സ്കൂളിൽ വന്നിട്ടുണ്ട്, സമ്മാനം തന്നിട്ടുണ്ടെന്ന് പറഞ്ഞില്ലേ.. അന്ന് പപ്പയ്ക്കൊപ്പം ഞാനുമുണ്ടായിരുന്നു. ഇല്ലായ്മകളിൽ നിന്നും പഠിച്ചു ജയിക്കുന്ന ഒരാദിവാസി പെൺകുട്ടിയെ, മൊത്തതിൽ ഉഴപ്പനായ മകന് കാട്ടി കൊടുക്കാൻ കൂടെ കൂട്ടിയതാ പപ്പ. ഞാനന്ന് കോളേജ് സ്റ്റുഡന്റാ. സപ്ലി എഴുതി നടന്ന എനിക്കുള്ള കുത്തിക്കാട്ടലായിരുന്നു നിനക്കുള്ള സമ്മാനം.. " ജോസഫ് ഓർമ്മകളിൽ മന്ദഹസിച്ചു.
നങ്കിയുടെ ചുണ്ടിലും ചിരി വിരിഞ്ഞു.
"നിങ്ങൾ തമ്മിലുള്ള പ്രശ്നമൊക്കെ ഒത്തു തീർപ്പായോ ?" വിക്ടറിന്റെ ശബ്ദം അവർക്കിടയിലേക്ക് കടന്നു വന്നു. ജാൻസിയും അയാൾക്കൊപ്പം ഉണ്ടായിരുന്നു.
"ഹാ...തീർപ്പായി വരുന്നു.." ജോസഫ് മറുപടി നൽകി. "നീ ഇവനേം കൂട്ടി വന്നതാ അല്ലേ. നങ്കിയോട് ഞാനെങ്ങനെ പെരുമാറൂന്ന് പേടിച്ച്.." ജോസഫ് ജാൻസിയോടാരാഞ്ഞു.
"അത് പിന്നെ...." ജാൻസി നിന്നു പരുങ്ങി.
"ഹാ.. അതുപോട്ടെ, നിങ്ങൾക്കൊരു കാര്യം അറിയണോ.. ജില്ലാ തലത്തിൽ സ്പെല്ലിങ് ബീ കോംപറ്റീഷന് ഒന്നാം സ്ഥാനം നേടിയ ആളാ മുന്നിൽ നിൽക്കുന്നത് "
അവിശ്വസനീയ ഭാവത്തോടെ വിക്ടർ നങ്കിയെ നോക്കി.
"ശരിക്കും !!"
"ഹാ... അതേ. നിന്റെ അമ്മായിഅച്ഛനീന്ന് ട്രോഫി വരെ വാങ്ങീട്ടുണ്ട് "
"ഹേ !! ഇത് ഞെട്ടിപ്പിക്കുന്ന വാർത്ത ആണല്ലോ..." ജാൻസി അതിശയിച്ചു.
"അപ്പൊ ഏത് ഇംഗ്ലീഷ് വേർഡ് പറഞ്ഞാലും കറക്റ്റ് സ്പെല്ലിങ് പറയോ ?"
"ഇല്ല സാർ... അതൊക്കെ വിട്ടു പോയി.. മറന്നു "
"എന്ത് മറക്കാൻ.. ഇതൊക്കെ എല്ലാർക്കും കിട്ടുന്ന കഴിവൊന്നമല്ല നങ്കീ. ജില്ലയിൽ ഒന്നാം സ്ഥാനം എന്നൊക്കെ വെച്ചാ.. അത്രക്കും കഴിവുണ്ടായിട്ടല്ലേ...എത്ര പേർക്ക് സാധിക്കുന്ന കാര്യമാ..തെറ്റാതെ ഒരു വാക്കിന്റെ സ്പെല്ലിങ് പറയുക എന്നത്. അതും ഒരു ലിമിറ്റഡ് ടൈമിൽ ഒട്ടും പരിചയമില്ലാത്ത വാക്കുകളൊക്കെ അല്ലേ മത്സരത്തിൽ ചോദിക്കുന്നത്.." വിക്ടർ ആരാഞ്ഞു.
"മ്മ്..."
"രാജ്യാന്തര തലത്തിലൊക്കെ മത്സരങ്ങളുണ്ടല്ലോ. അതിലൊന്നും പങ്കെടുത്തിട്ടില്ലേ.."
"ഇല്ലാ ചേച്ചി.."
"അതെന്താ !!"
"ഒര് പെങ്കൊച്ചിന് അതും ആദിവാസി പെങ്കൊച്ചിന് അദൊക്ക സൊപ്നം കാണുന്നേനും മേലയാര്ന്ന്..."
"പിന്നെ പഠിത്തവും നിർത്തേണ്ടി വന്നല്ലേ..?"
മറുപടിയായ് നങ്കി മന്ദഹസിക്കുക മാത്രം ചെയ്തു.
"ച്ചേയീ.." മല്ലിക നങ്കിയെ വിളിച്ചു കൊണ്ട് നടന്നു വന്നു.
"സ്കാനിംഗ് കഴിഞ്ഞാ ?"
"ഉം.."
നങ്കി തിരിഞ്ഞ് ജോസഫിനെ നോക്കി.
"സാറെ ഞാ യിനി പോട്ടെ. ഡോക്ട്ടറെ സ്കാൻ ചെയ്ത പേപ്പറ് കാണിക്കണം. യീൾട പ്രസവം അട്ത്തിരിക്കയാ. തീയതി ചോയിച്ചറിയണം.."
"ശരി.. പൊക്കോ "
നങ്കി ജാൻസിയെ നോക്കി തലയാട്ടി തിരിഞ്ഞു നടന്നു. ഒന്നു രണ്ട് ചുവട് മുന്നോട്ടു വച്ചതും ജോസഫിന്റെ പിൻവിളി പ്രതീക്ഷിക്കാതെ വന്നു.
"നങ്കീ..."
തുടരും......

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ