©️Copyright Protected
ഭാഗം 7️⃣
........✍️
കുളി കഴിഞ്ഞ് കാപ്പിയുമായി നങ്കി വരാന്തയിലേക്ക് വന്നപ്പോഴേക്കും ശിവൻ വായും മുഖവുമൊക്കെ കഴുകി മുറ്റത്തൂടെ ഉലാത്താൻ തുടങ്ങി.
കാപ്പി നൽകി നങ്കി തിരിഞ്ഞതും പിൻവിളി എത്തി.
"നങ്കീ...നിയ്യ് യിനി വേലക്ക് പോണ്ട... ഞാ വന്നില്ലേ.."
"ഉം." ഒന്നു മൂളി തലയാട്ടി നങ്കി കൂരയ്ക്കുള്ളിലേക്ക് നടന്നു കയറി.
⬛️◼️◾️▪️◾️◼️⬛️
എന്തൊക്കെ ചോദിച്ചിട്ടും മൗനിയായി ഇരിക്കുന്ന ശിവനെ ഒന്നു തറപ്പിച്ചു നോക്കിയതിനു ശേഷം മുരുകൻ എഴുന്നേറ്റു പോയി. തങ്കം നങ്കിയോട് പുറത്തേക്ക് വരാൻ കണ്ണുകൊണ്ട് ആംഗ്യം കാട്ടിക്കൊണ്ട് പുറത്തേക്കിറങ്ങി. തങ്കത്തിന് പിന്നാലെ തന്നെ നങ്കി വെളിയിലേക്കിറങ്ങി.
"എന്താക്കാ "
"സീവന് എന്തോ പറ്റീട്ടൊണ്ട് നങ്കി. നെനക്ക് തോന്നീല്ലേ..! ചെക്കൻ വല്ല പ്റേതത്തേം കണ്ട് പേടിച്ചോ യെന്തോ..."
മറുപടി പറയാതെ നങ്കി മന്ദഹസിച്ചു.
"നിയ്യ് യിനി വേലക്ക് പോന്നണ്ടോ... യില്ലേ ഇന്ന് വൈയ്യുന്നേരം നമ്മക്ക് മാടൻ കോവിലേല് ഒന്ന് പോഗാം. ഓന്റെ പേര്ല് എണ്ണേം തിരീം മേടിച്ചു വക്കാം "
നങ്കി യാന്ത്രികമായിട്ടെന്ന പോലെ തല കുലുക്കി.
"നിയ്യ് യെന്താ പെണ്ണേ മിണ്ടാതെ നിക്കുന്നെ.."
"ഒന്നൂല്ലാക്കാ..."
"ഉം. സരി ഞാ പിന്ന വരാം "
തങ്കം മുറ്റമിറങ്ങി പോകുന്നത് നോക്കി നങ്കി നിന്നു.
വൈകുന്നേരം വരെ ശിവൻ കൂരക്കുള്ളിൽ തന്നെ കഴിച്ചു കൂട്ടി. ആരോടും ഒന്നും സംസാരിക്കാനോ പറയാനോ മെനക്കെടാതെ അയാൾ ആ പകൽ ഉറങ്ങി തീർത്തു. നങ്കിയാകട്ടെ ഒന്നും ചോദിക്കാനും ചെന്നില്ല.
വേലക്ക് പോകാനായി ശിവൻ കുളിച്ചു തയ്യാറായി ഇറങ്ങിയപ്പോ നങ്കി പണ്ടത്തെപ്പോലെ അത്താഴം പൊതി കെട്ടിയെടുത്തു. നങ്കിയുടെ മുഖത്തു നോക്കാതെ പൊതിയ്ക്കായി കൈ നീട്ടിയ ശിവന്റെ കൈയിലേക്ക് നങ്കി ഒന്നും മിണ്ടാതെ പൊതി വച്ചു നൽകി. ശിവനുള്ള പൊതിച്ചോറിനൊപ്പം മറ്റൊരു പൊതി കൂടി അവൾ കൈയ്യിൽ കരുതിയിരുന്നു എങ്കിലും, ശിവന്റെ അസാധാരണമായ പെരുമാറ്റം അവളെ ആ പൊതിക്കെട്ട് ശിവനെ ഏൽപ്പിക്കുന്നതിൽ നിന്ന് വിലക്കി.
ഒന്നും മിണ്ടാതെ ശിവൻ ഇറങ്ങി പോയപ്പോൾ നങ്കി ചാണകം മെഴുകിയ വരാന്തയിലേക്ക് ഇരുന്നു. അരികിൽ തന്നെ ആ പൊതിയും വച്ചു. അവളുടെ നോട്ടം ശിവൻ നടന്നു മറഞ്ഞ നടവഴിയിൽ കുരുങ്ങി കിടന്നു.
എപ്പോഴോ മയക്കത്തിലേക്ക് ഊർന്നു വീണ നങ്കിയെ തങ്കം വിളിച്ചുണർത്തി.
"നീയ്യിത് യെന്തോന്ന് ഇരുപ്പാ പെണ്ണേ. കോവില് പോണ്ടേ..."
പെട്ടെന്ന് വേലിപ്പത്തലിനരികെ ഒരനക്കം കേട്ട് തങ്കം തിരിഞ്ഞു നോക്കി.
"യിതേതാ യീ പട്ടി..?"
നങ്കി പെട്ടെന്ന് എത്തി നോക്കി
"കൊലുസ്സേ...." ആവേശത്തോടെ വിളിച്ചു കൊണ്ട് നങ്കി പൊതിക്കെട്ടുമായി കൊലുസ്സിനരികിലേക്ക് ഓടി.
തങ്കം അമ്പരപ്പോടെ നോക്കി നിന്നു.
"യെനിക്കറിയാരുന്ന് നിയ്യ് ന്നെ തേടി വരൂന്ന്. ദാ ഞാ നെനക്ക് കഴിക്കാനൊള്ള എട്ത്ത് വച്ചിര്ന്ന് കണ്ടാ..." നങ്കി പൊതി നീട്ടി കാണിച്ചു.
കൊലുസ്സ് നങ്കിയെ തൊട്ടുരുമ്മി ദയനീയമായി കരഞ്ഞു.
"നിയ്യെന്തിനാ കരേന്നെ.. ഞാ യിനി അവ്ടെ വരില്ലാന്നേയൊള്ള്. നെനക്ക് ന്നെ വന്ന് കാണാലോ... ഞാ നെനക്ക് കഴിക്കാനുള്ള എന്നും എട്ത്ത് വച്ചേക്കാം. ബാ ആദിയം ഇദ് കഴിക്ക്. നെനക്ക് പിടിച്ച ഒണക്കമീനൊണ്ടിതിൽ. ബാ.. " നങ്കി പൊതി കൊലുസ്സിന് മുന്നിൽ തുറന്നു വച്ചു.
പക്ഷേ ഒന്ന് മണത്തു പോലും നോക്കാതെ കൊലുസ്സ് നങ്കിയെ തൊട്ടുരുമ്മി തന്റെ സ്നേഹം പ്രകടിപ്പിച്ചു നിന്നു.
"മദി നെന്റ സിനേഹം. കഴിക്കാൻ നോക്ക് പെണ്ണേ.." നങ്കി കൊലുസ്സിന്റെ തലയിൽ തലോടി.
"യിതാണാ ഓര് പറഞ്ഞ പട്ടി.." തങ്കം മൂക്കത്ത് വിരൽ വച്ചു.
"കൊലുസ്സ്... ഇവൾടെ പേര് അതാ അക്കാ.."
തങ്കം ചിരിച്ചു.
കൊലുസ്സ് മെല്ലെ കഴിച്ചു തുടങ്ങി. ഇടയ്ക്കിടെ തല ഉയർത്തി നങ്കിയെ നോക്കി. നങ്കിയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. കൊലുസ്സിന്റെയും.
എത്ര പറഞ്ഞിട്ടും ആശുപത്രിയിലേക്ക് കൊലുസ്സ് മടങ്ങിപ്പോയില്ല. ഇരുട്ടിയിട്ടും വേലിക്കെട്ടിനരികെ ചുരുണ്ടു കിടന്നു. ആരെങ്കിലും കല്ലെടുത്ത് എറിയുമോ എന്ന ഭയമായിരുന്നു നങ്കിയ്ക്ക്. ഒടുവിൽ എങ്ങനെയൊക്കെയോ കൂടെ കൂട്ടി മുരുകന്റെയും തങ്കത്തിന്റെയും അടുത്തെത്തിച്ചു.
"ഓള് ഒരു ശല്യോം ഒണ്ടാക്കത്തില്ല മുരുഗണ്ണാ. കഴിക്കാനും കൊടുക്കണ്ടാ. ഞാ കൊടുത്തിട്ടുണ്ട്. യിന്നീ വെളീല് കെടന്ന് ഒറങ്ങിക്കോട്ടെ... ആശ്പത്രീ തിരിച്ച് പോകാൻ പറഞ്ഞിട്ട് പോകുന്നൂവില്ല. വഴീ കെടന്നാ ആരേലും കല്ലെങ്ങാനും എറിഞ്ഞാ..." നങ്കി അപേക്ഷയോടെ മുരുകനെ നോക്കി.
"നിയ്യ് വെസമിക്കണ്ട നങ്കി. ഇന്നല്ല വേണേലെന്നും ഇവ്ടെ കെടന്നോട്ടെ. ഞങ്ങക്ക് ഒരു പ്രച്നേം യില്ല. ഇവ്ടെ ഞങ്ങ രണ്ടു പേരും മാത്തറല്ലേ ഒള്ള് " തങ്കം നങ്കിയെ ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു.
നങ്കി മുരുകനെ നോക്കി.
മുരുകൻ ചിരിച്ചു കൊണ്ട് തലയാട്ടി. ഒരു മന്ദാഹാസത്തോടെ നങ്കിയുടെ കണ്ണുകൾ ഈറനായി.
കൊലുസ്സിന്റെ തലയിൽ ഒന്നു തലോടിക്കൊണ്ട് നങ്കി മുറ്റമിറങ്ങി.
വരാന്തയുടെ കോണിൽ തങ്കം ചണച്ചാക്ക് വിരിച്ച് കൊലുസ്സിന് കിടക്ക ഒരുക്കി. നങ്കി കണ്ണിൽ നിന്നും മറഞ്ഞതും കൊലുസ്സ് തന്റെ പുതിയ കിടക്കയിലേക്ക് ചുരുണ്ടു.
⬛️◼️◾️▪️◾️◼️⬛️
വെളുപ്പിനെ തന്നെ കൊലുസ്സ് നങ്കിയുടെ കൂരയ്ക്കു മുന്നിൽ ഹാജരായി. ഒരു പാത്രത്തിൽ കട്ടൻകാപ്പി ഒഴിച്ചു കൊടുത്തിട്ട് നങ്കി തന്റെ ജോലിയിലേക്ക് കടന്നു.
ജോലി കഴിഞ്ഞ് മടങ്ങി വരേണ്ട സമയം കഴിഞ്ഞും ശിവനെ കാണാഞ്ഞ് നങ്കിയ്ക്ക് ആധിയായി. അവൾ നടവഴി കയറി തങ്കത്തിന്റെ വീട്ടിലേക്ക് നടന്നു പിന്നാലെ കൊലുസ്സും.
മുറ്റത്തു തന്നെ നിൽപ്പുണ്ടായിരുന്നു മുരുകനും തങ്കവും.
"ഓര് വേല കഴിഞ്ഞ് ഇതുവരെ വന്നില്ല മുരുഗണ്ണാ"
"ന്റെ മാടൻ തമ്പിരാനേ... ചെക്കൻ പിന്നേം നാട് വിട്ടാ " തങ്കം നെഞ്ചത്ത് കൈ വച്ചു.
"ഓ... നീയ്യൊന്ന് മിണ്ടാണ്ടിരി താങ്കോം. ഓന് വേല വല്ലോം അദികം കാണും നങ്കി. നിയ്യ് വെസമിക്കാതെ " മുരുകൻ നങ്കിയെ അശ്വസിപ്പിക്കാൻ ശ്രമിച്ചു.
"സമയം കൊറേ ആയി അദാ.." നങ്കി വേവലാതിപ്പെട്ടു.
ഈ സമയം നടവഴി തുടങ്ങുന്നിടത്ത് ഒരു കാറ് വന്നു നിന്നു. കാറിൽ നിന്നും ആദ്യം വിക്ടർ പുറത്തേക്കിറങ്ങി തൊട്ടുപിന്നാലെ ജാൻസിയും. വിക്ടർ കാറിനു പിറകിലെ ഡോർ തുറന്നതും ശിവൻ അമാന്തിപ്പോടെ പുറത്തിറങ്ങി. ശിവനെ കണ്ടപാടെ കൊലുസ്സ് കുരച്ച് ഒച്ചയുണ്ടാക്കാൻ തുടങ്ങി.
"ദോണ്ടേ സിവൻ " തങ്കം റോഡിലേക്ക് കൈ ചൂണ്ടി.
"വിട്ടർ സാറും പെണ്ണും കൂടൊണ്ടല്ലോ " മുരുകൻ കൈലിയുടെ മടക്കിക്കുത്തഴിച്ചിട്ടു.
വിക്ടർ ജാൻസിയോട് എന്തോ പറഞ്ഞതും ശിവൻ പെട്ടെന്ന് തല ഉയർത്തി നോക്കുന്നത് മൂന്നു പേരും കണ്ടു.
നടവഴി ഇറങ്ങി വീട്ടു പടിക്കലെത്തി വിക്ടർ മുരുകനെ നോക്കി ;
"ഞങ്ങൾക്ക് അങ്ങോട്ടേക്ക് വരുമല്ലോ അല്ലേ മുരുകാ "
"അയ്യോ സാറേ ബാ സാറെ... വര്ന്നേല് പ്രച്ന ഒന്നൂല്ല. കേറി ഇരിക്കാന് വെടിപ്പൊള്ള കസേരയൊന്നൂല്ലാന്നേ ഒള്ള് "
"ഇരിക്കുന്ന ഒന്നുമില്ല മുരുകാ. അതിനുള്ള സമയമില്ല "
നങ്കിയുടെ നോട്ടം ശിവനിൽ തറഞ്ഞു നിന്നു. ശിവനാകട്ടെ മറ്റെവിടെക്കോ ദൃഷ്ടി ഒളിപ്പിച്ചും.
"മുരുകന്റെ മക്കളുണർന്നില്ലേ?" വിക്ടർ കൂര മൊത്തത്തിൽ ഒന്ന് ഉഴിഞ്ഞു നോക്കി ചോദിച്ചു.
"ഞങ്ങക്ക് കൊച്ചുങ്ങ ഇല്ല സാറേ. ഞങ്ങ രണ്ട് പേരും മാത്തറെ ഒള്ളിവ്ടെ "
"പച്ചേല് യിന്നലെ ഞങ്ങക്കൊരു കൊച്ചിനെ കിട്ടി. യീ നങ്കിപ്പെണ്ണ് തന്നതാ " തങ്കം ആവേശത്തോടെ പറഞ്ഞു.
"കൊച്ചിനെയോ..!!?" ജാൻസിയുടെ സ്വരം അതിശയത്തോടെ ഉണർന്നു.
"ഉം... ദാ നിക്കുന്നു... കൊലുസ്സ്.." തങ്കം നിഷ്‌ക്കളങ്കമായ ചിരിയോടെ നങ്കിയ്‌ക്കരികിൽ നിൽക്കുന്ന കൊലുസ്സിനെ ചൂണ്ടി പറഞ്ഞു.
"ഹാ ഇത് നമ്മുടെ ഹോസ്പിറ്റലിലെ അന്തേവാസി അല്ലേ ?"
"അതെ നങ്കീടെ അടുത്ത ആളാ " ജാൻസി ചിരിച്ചു കൊണ്ട് വിക്ടറിനെ നോക്കി.
"മ്മ്... പിന്നെ ഞങ്ങൾ വന്നത് നങ്കിയെ ഒന്നു കാണാനാ " വിക്ടർ ഗൗരവത്തോടെ നങ്കിയെ നോക്കി "ഇന്നലെ ശിവൻ ഓഫീസിൽ വന്നപ്പോഴാ നങ്കി ഇനി അങ്ങോട്ടേക്ക് ഇല്ല എന്ന് മനസ്സിലായെ. ശിവൻ മടങ്ങി വരുന്നത് വരെ മാത്രമായിരുന്നല്ലോ നങ്കിയുടെ സേവനം.."
"എന്താ സാർ..?"
"അത്... ഇവിടെ വച്ചല്ല. വൈകുന്നേരം ശിവനൊപ്പം നങ്കിയും ഹോസ്പിറ്റലിലേക്ക് വാ. നമുക്ക് അവിടെ വച്ച് സംസാരിക്കാം. എന്തു പറയുന്നു "
"ങ്ഹാ വരാം സാർ.."
"എങ്കിൽ ശരി, ഞങ്ങളിറങ്ങുന്നു മുരുകാ.." വിക്ടർ മുരുകന്റെ ചുമലിൽ ഒന്നു തട്ടി ചിരിച്ചു കൊണ്ട് തിരിഞ്ഞു.
"നങ്കീ..." ജാൻസി നങ്കിയുടെ കൈകളിൽ മുറുകെ പിടിച്ചു. ജാൻസിയുടെ അപ്പോഴത്തെ ഭാവം നങ്കിയെ ശരിക്കും അമ്പരപ്പിച്ചു.
"ഒന്നു വര്വോ.." ആളൊഴിഞ്ഞിടത്തേക്ക് ജാൻസി നങ്കിയെ ക്ഷണിച്ചു.
സംശയത്തോടെ നങ്കി ജാൻസിക്കൊപ്പം മാറി നിന്നു.
വളരെ പതുക്കെയാണ് ജാൻസി സംസാരിച്ചത്. അവളുടെ പെരുമാറ്റം നങ്കിയ്ക്ക് ശരിക്കും അത്ഭുതമായി.
"ശിവനോട് ഞങ്ങൾ കാര്യം പറഞ്ഞിട്ടുണ്ട്. ശിവൻ നങ്കിയോട് അതിനെപ്പറ്റി സംസാരിക്കയാണെങ്കിൽ പ്ലീസ്...പോസിറ്റീവ് ആയൊരു തീരുമാനം എടുക്കണം.."
ഒന്നും പിടികിട്ടാതെ നങ്കി നെറ്റി ചുളിച്ചു.
"പിന്നെ... ആരോടും ഇക്കാര്യത്തെപ്പറ്റി ഒന്നും പറയരുത്. നമ്മൾ നാലു പേരൊഴിച്ച് വേറാരും, പ്രത്യേകിച്ച്... നിങ്ങളുടെ സൈഡിലുള്ള ആരും ഒന്നും അറിയരുത്...
"അനൂ.." വിക്ടർ ജാൻസിയെ വിളിച്ചു കൊണ്ട് വലതു കൈ ഉയർത്തി വാച്ചിൽ തൊട്ടു കാണിച്ചു.
"ഹാ ദാ വരുന്നു വിക്കി... ഒരു മിനുട്ട്.
ഉപേക്ഷ വിചാരിക്കരുതേ നങ്കി. നിന്റെ ഈ കൈകൾ കാലിനു സമമായി പിടിച്ച് അപേക്ഷിക്കയാ...
ജാൻസി നങ്കിയുടെ ഇരു കൈകളും കൂട്ടിപ്പിടിച്ചു. നങ്കി പെട്ടെന്ന് കൈകൾ പിൻവലിച്ചു.
"ചേച്ചീ.. എന്താദ്...?"
"ഇപ്പോ പ്രാർത്ഥനയോടെ ഞാൻ മുന്നിൽ കാണുന്ന ദൈവം നീയാ നങ്കി. ഇനിയും നിന്ന് സംസാരിക്കുന്നില്ല. വൈകുന്നേരം ഹോസ്പിറ്റലിൽ വച്ച് കാണാം. പിന്നെ ഇപ്പൊ മുരുകനും വൈഫും എന്തേലും ചോദിച്ചാ നിനക്കൊരു ജോലിക്കാര്യത്തെ പറ്റി സംസാരിച്ചതാണെന്ന് പറഞ്ഞാൽ മതി. അപ്പൊ പോട്ടെ നങ്കി.." ജാൻസി ഒരിക്കൽ കൂടി നങ്കിയുടെ കൈകളിൽ മുറുകെ അമർത്തി കൊണ്ട് തിരിഞ്ഞു നടന്നു.
വിക്ടറും ജാൻസിയും നടവഴി കയറിയതും തങ്കം നങ്കിക്ക് അരികിലേക്ക് വന്നു.
"ആ പെങ്കൊച്ച് എന്തോന്നാ നങ്കി പറഞ്ഞേ "
"അറീല്ലക്കാ... ഒന്നും മനസ്സിലായില്ല. എന്തൊക്കെയോ പറഞ്ഞു "
"എന്തടാ സിവാ കാരിയം.. നെനക്ക് അറിയൂല്ലേ ?" മുരുകൻ ശിവനോടായി ചോദിച്ചു.
"ആ... അറീല്ല. ഞാ ഒന്ന് കുളിക്കട്ടെ " ശിവൻ ധൃതിയിൽ വീട്ടിലേക്ക് നടന്നു.
നങ്കി മുരുകനെയും തങ്കത്തെയും മാറി മാറി നോക്കി. എന്തോ പന്തികേടുണ്ടെന്ന് ഇരുവർക്കും തോന്നി.
"ഞാ പിന്ന വരാം..." നങ്കിയും ശിവനെ അനുഗമിച്ച് മുറ്റമിറങ്ങി.
⬛️◼️◾️▪️◾️◼️⬛️
തലേന്നാൾ പോലെ തന്നെ ശിവന്റെ മൂകതയിലൂടെ ഒരു പകൽ കൂടി സായംസന്ധ്യയ്ക്കായ് വഴി മാറി കൊടുത്തു.
നങ്കിയുടെ മനസ്സ് ആകെ കലുഷിതമായിരുന്നു. ജാൻസിയുടെ വാക്കുകളും ശിവന്റെ പെരുമാറ്റവും നങ്കിയെ ചിന്താ കുഴപ്പത്തിലാക്കി. ഒരുതരം ഒളിച്ചോട്ടം അല്ലെങ്കിൽ ഒഴിഞ്ഞു മാറൽ ശിവൻ നടത്തുന്നതായി അവൾക്ക് തോന്നി.
എത്രയും പെട്ടെന്ന് വൈകുന്നേരമാകാൻ അവൾ കാത്തിരുന്നു.
കുളിച്ചൊരുങ്ങി ശിവനൊപ്പം പുറപ്പെടുമ്പോഴും നങ്കിയുടെ മനസ്സിൽ ചോദ്യോത്തരങ്ങളുടെ പിടിവലി നടക്കുകയായിരുന്നു.
ശിവനു പിന്നിലായി നങ്കിയും നങ്കിയ്‌ക്കൊപ്പം കൊലുസ്സും 'മേരി മെമ്മോറിയൽ ഹോസ്പിറ്റൽ ' ലക്ഷ്യമാക്കി നടന്നു.
ഓഫീസ് മുറിക്ക് മുന്നിലെത്തി ശിവൻ ശങ്കിച്ചു നിന്നു.
"കേറ്ന്നില്ലേ..." നങ്കി മുന്നോട്ട് നീങ്ങി നിന്നു ചോദിച്ചു.
"ങ്‌ഹേ.... ഹാ.... കേറുവാ "
ശിവൻ മെല്ലെ വാതിൽക്കലേക്ക് നടന്നപ്പോൾ നങ്കി തിരിഞ്ഞ് കൊലുസ്സിനെ നോക്കി. വരാന്തയ്ക്കപ്പുറം മുറ്റത്ത് സ്ഥാനമുറപ്പിച്ച് ഇരുന്നു കഴിഞ്ഞിരുന്നു കൊലുസ്സപ്പോൾ.
"നങ്കീ.. ബാ.." ശിവന്റെ വിളി കാതിൽ വന്നു തറച്ചു.
ഓഫീസ് മുറിയ്ക്കുള്ളിൽ ജാൻസിയും വിക്ടറും മാത്രമേ ഉണ്ടായിരുന്നുള്ളു. നങ്കിയെ കണ്ടതും ജാൻസി എഴുന്നേറ്റ് ചെന്ന് അവളുടെ കൈയിൽ പിടിച്ചു കസേരയിൽ കൊണ്ടിരുത്തി. ശിവനും അവൾക്ക് സമീപമിരുന്നു.
"നങ്കിയോട് ശിവൻ എന്തെങ്കിലും സൂചിപ്പിച്ചിരുന്നോ... ഇന്നിവിടെ വരാൻ പറഞ്ഞതിനെപ്പറ്റി..?" വിക്ടർ നേരം പാഴാക്കാതെ വിഷയത്തിലേക്ക് കടക്കാൻ ശ്രമിച്ചു.
"ഇല്ല സാർ " നങ്കി പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.
"ഉം.... എങ്കിൽ ഞങ്ങൾ തന്നെ പറയാം. ആവശ്യക്കാർ ഞങ്ങളാണല്ലോ..." വിക്ടറിന്റെ സ്വരത്തിലുണ്ടായ വ്യതിയാനം നങ്കി തിരിച്ചറിഞ്ഞു.
"നങ്കിയ്ക്ക് നല്ല പൊതുവിജ്ഞാനമുണ്ടെന്ന് എനിക്കറിയാം. എന്നും വൈകുന്നേരം ജോലിക്കായ് വരുമ്പോ അന്നന്നത്തെ പത്രം ഓഫിസിൽ നിന്ന് എടുത്ത് വായിക്കുന്നത് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. അപ്പൊപ്പിന്നെ....'വാടക ഗർഭപാത്രം' എന്നാലെന്താണെന്നും അറിയാമായിരിക്കുമല്ലോ അല്ലേ.....?"
ഒരു ഞെട്ടൽ നങ്കിയ്ക്കുള്ളിൽ പിറവി കൊണ്ടു. നെറ്റി ചുളിച്ച് കണ്ണും കാതും കൂർപ്പിച്ച് അവൾ വിക്ടറിനെ തന്നെ ഉറ്റു നോക്കി.
"എന്റെയും ജാൻസീടേം കല്യാണം കഴിഞ്ഞിട്ട് മൂന്നു വർഷം കഴിഞ്ഞു. കുട്ടികളില്ല. വിശേഷം ചോദിച്ചു കൊണ്ടേയിരിക്കുന്ന വീട്ടുകാരോടും നാട്ടുകാരോടും ഇപ്പൊ കുട്ടികളൊന്നും വേണ്ടെന്നാ ഞങ്ങൾ തീരുമാനിച്ചിരിക്കുന്നതെന്ന് നുണയും തറപ്പിച്ചു പറഞ്ഞിട്ടുണ്ട്. പക്ഷേ...."വാക്കുകൾക്ക് ഇടവേള നൽകി വിക്ടർ ജാൻസിയുടെ മുഖത്തേക്ക് നോക്കി.
ജാൻസിയുടെ കണ്ണുകൾ നങ്കിയിൽ അഭയം കണ്ടെത്തിയ ഭാവത്തിൽ നങ്കിയുടെ മുഖത്തു പതിഞ്ഞിരുന്നു.
"ജാൻസിക്ക്... അമ്മയാകാൻ കഴിയില്ല...അതിനുള്ള ഭാഗ്യം കർത്താവ് ഞങ്ങൾക്ക് നൽകീല്ല..
വിക്ടറിന്റെ ആ വാക്കുകൾ നങ്കിയുടെ ഹൃദയത്തിൽ മുള്ളായി തറച്ചു. അവൾ ജാൻസിയുടെ മുഖത്തേക്ക് നോക്കി. ആ കണ്ണുകൾ പെയ്തു തുടങ്ങിയിരുന്നു. നങ്കിയുടെ ഹൃദയം ആർദ്രമായി.
"ഒരു കുഞ്ഞിനെ ദത്തെടുക്കുന്നതിനെ കുറിച്ചൊക്കെ ഞങ്ങൾ ആലോചിച്ചതാ. പിന്നെ ജാൻസി തന്നെ അത് വേണ്ടെന്ന് തീരുമാനിച്ചു. ഞങ്ങളുടെ തന്നെ അംശത്തിലുള്ള ഒരു കുഞ്ഞ്... അതാണവളുടെ ആഗ്രഹം. അവൾക്ക് അതിന് കഴിയില്ലെങ്കിലും...എനിക്ക്... എന്റെ..." വാക്കുകൾ മുറിച്ച് വിക്ടർ നെടുവീർപ്പിട്ടു.
"വെള്ളം... കുഡിക്കാന്. വെള്ളം വേണം.." ശിവന്റെ സ്വരമുണർന്നു.
നങ്കി ശിവന്റെ മുഖത്തേക്ക് നോക്കി. അങ്ങനെ ഒരാൾ കൂടി അവിടെ ഉണ്ടായിരുന്നു എന്ന് അപ്പോഴാണ് അവർ മൂന്നുപേരും ഓർത്തത്.
വിക്ടർ മുന്നിലിരുന്ന ഗ്ലാസ്സിൽ വെള്ളം പകർന്ന് ശിവന് നൽകി.
"വാടക ഗർഭപാത്രം എന്നൊരു മാർഗം ഞങ്ങൾക്ക് മുന്നിൽ തെളിഞ്ഞു. സത്യത്തിൽ ഒരാലോചന മാത്രേ ഞങ്ങൾക്ക് ഉണ്ടായിരുന്നുള്ളു. പിന്നെ നങ്കിയെ കണ്ടപ്പോൾ...അറിഞ്ഞപ്പോൾ... ജാൻസി തന്നെയാണ്...ഞങ്ങളുടെ സ്വപ്നം യഥാർത്ഥ്യമാക്കാനായി കർത്താവ് കാണിച്ചു തന്നതാണ് നങ്കിയെ എന്ന്...
പെട്ടെന്ന് പൊള്ളലേറ്റ പോലെ നങ്കി ചാടിയെണീറ്റു. അവളുടെ കണ്ണുകൾ കൂരമ്പുകളായ് വിക്ടറിലും ജാൻസിയിലും തറഞ്ഞു.
"സാറെന്താ പറേന്നെ....?"
"ഞങ്ങളിന്ന് രാവിലെ ശിവനോട് സംസാരിച്ചിരുന്നു നങ്കി..." ജാൻസിയും എഴുന്നേറ്റു, "ശിവന് പ്രശ്നമൊന്നുമില്ല. സമ്മതാണ്. ഇനി നങ്കി കൂടി....
കേട്ട വാക്കുകൾ വിശ്വസിക്കാനാകാതെ നങ്കി ജാൻസിയെ രൂക്ഷമായി നോക്കി.
"അതെ നങ്കി ശിവൻ സമ്മതിച്ചു.." വിക്ടറിന്റെ ശബ്ദം.
നങ്കി ശിവന്റെ മുഖത്തേക്ക് നോക്കി.
കൈയ്യിലിരുന്ന ഗ്ലാസ് മേശമേൽ വച്ചു കൊണ്ട് ശിവൻ എഴുന്നേറ്റു.
"സാറ് പറഞ്ഞു കൊയപ്പം ഒന്നുമൊണ്ടാവില്ലന്ന്.. പിന്നെ നമ്മ്‌ടെ കൂര പുദുക്കി വീഡ് വെച്ച് തരാന്ന് പറഞ്ഞ്. കായി തരാന്നും പറഞ്ഞ്. യെത്തറേന്ന് പറഞ്ഞില്ല. ന്നാലും ഞാ സമ്മയിച്ച്.."
ശിവന്റെ വാക്കുകൾ അവജ്ഞയോടെ മാത്രമേ നങ്കിയ്ക്ക് കേൾക്കാൻ ആയുള്ളൂ.
"നിയ്യും സമ്മയിക്കണം നങ്കി.. ഞാ വാക്കു കൊട്ത്തദാ.."
"നങ്കീ..." ജാൻസി പതിഞ്ഞ സ്വരത്തിൽ വിളിച്ചു.
തുടരും........

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ