2021 ജൂലൈ 6, ചൊവ്വാഴ്ച

നങ്കി 8️⃣



©️Copyright Protected


ഭാഗം 8️⃣


..........✍️


നങ്കി ശിവന്റെ മുഖത്തേക്ക് നോക്കി.


കൈയ്യിലിരുന്ന ഗ്ലാസ്‌ മേശമേൽ വച്ചു കൊണ്ട് ശിവൻ എഴുന്നേറ്റു.


"സാറ് പറഞ്ഞു കൊയപ്പം ഒന്നുമൊണ്ടാവില്ലന്ന്.. പിന്നെ നമ്മ്‌ടെ കൂര പുദുക്കി വീഡ് വെച്ച് തരാന്ന് പറഞ്ഞ്. കായി തരാന്നും പറഞ്ഞ്. യെത്തറേന്ന് പറഞ്ഞില്ല. ന്നാലും ഞാ സമ്മയിച്ച്.."


ശിവന്റെ വാക്കുകൾ അവജ്ഞയോടെ മാത്രമേ നങ്കിയ്ക്ക് കേൾക്കാൻ ആയുള്ളൂ.


"നിയ്യും സമ്മയിക്കണം നങ്കി.. ഞാ വാക്കു കൊട്ത്തദാ.."


"നങ്കീ..." ജാൻസി പതിഞ്ഞ സ്വരത്തിൽ വിളിച്ചു.


                                   ⬛️


"എന്തു വേണേലും തരാം.. എത്ര വേണേലും തരാം.. ഒരു കുഞ്ഞ്.. അതുമാത്രം എനിക്ക്... ഞങ്ങൾക്ക്..പ്ലീസ്..."


നങ്കിയുടെ ചുണ്ടിൽ പുച്ഛം കലർന്ന ചിരി വിരിഞ്ഞു.


"ചേച്ചി യെന്ന ബന്തം വച്ച് നീട്ടീദ് ഇദിനാരുന്നല്ലേ?"


"അല്ല നങ്കീ.. അങ്ങനല്ല. നിന്നെപ്പറ്റി വിക്കി പറഞ്ഞറിഞ്ഞതിനു ശേഷമാ ഞാൻ നിന്നോട് കൂട്ടു കൂടിയത്. നിന്റെ പെരുമാറ്റവും നിഷ്കളങ്കതയുമൊക്കെ ഇഷ്ടപ്പെട്ടിട്ടാ അനിയത്തിയായി കരുതിയത്. നിന്നെപ്പോലൊരു പെണ്ണ്.. അങ്ങനെ നീ മാത്രേയുള്ളൂ നങ്കി..."


"യീ കാട്ടുമൂലേ കെടക്ക്ന്ന യെനിക്ക് ഒരു യോഗ്യതേം യില്ല... ഈശൊരനെ ഓർത്ത് യെന്നെ വിഡണം... " കൈകൾ കൂപ്പി നങ്കി നിന്നു. എങ്ങനെയെങ്കിലും ഒഴിഞ്ഞു മാറണം എന്നത് മാത്രമായിരുന്നു അവളുടെ ചിന്ത.


"നങ്കീ... നീ സമ്മയിച്ചേ ഒക്കൂ.." ശിവന്റെ സ്വരം കനത്തു.


"ശിവാ... ഇരിക്ക്, ഞാൻ സംസാരിക്കാം. വെറുതെ നിങ്ങൾക്കിടയിൽ ഒരു പ്രശ്നം സൃഷ്ടിക്കണ്ട.." വിക്ടർ രംഗം ശാന്തമാക്കാൻ ശ്രമിച്ചു.


"ഞാ പറഞ്ഞ ഈള് അന്സരിക്കണ്ടേ സാറേ.." ശിവൻ അമർഷത്തോടെ പറഞ്ഞു.


"അങ്ങനെയൊരു നിയമം ഇല്ല ശിവാ. പരസ്പരം മനസ്സിലാക്കയും വിട്ടുകൊടുക്കയും ചേർത്തു വയ്ക്കുകയും ചെയ്യുന്നതിലാ വിവാഹ ജീവിതം വിജയിക്കുന്നെ.. അല്ലാതെ അടിച്ചേൽപ്പിക്കുന്നതിലും അധികാരം പ്രയോഗിക്കുന്നതിലുമല്ല.." വിക്ടർ കനത്ത സ്വരത്തിൽ പറഞ്ഞു.


ശിവൻ തല കുനിച്ചു നിന്നു. വിക്ടർ നങ്കിയുടെ മുഖത്തേക്ക് നോക്കി. അവളിൽ ഒരു ഭാവ വ്യത്യാസവും ഉരുവായില്ല.


"നങ്കീ തന്നെ ഞങ്ങൾ നിർബന്ധിക്കില്ല. പക്ഷേ എനിക്ക് പറയാനുള്ളത് മുഴുവൻ കേൾക്കണം.


ഞങ്ങളുടെ ഈ ആവശ്യത്തിന് വേണ്ടി ഞങ്ങൾക്ക് എവിടെ വേണമെങ്കിലും പോകാം. വിദേശത്തു പോകാനും ഞങ്ങൾ തയ്യാറാ. പക്ഷേ അങ്ങനെ ഒരു യാത്ര സ്വന്തങ്ങളും ബന്ധങ്ങളുമൊക്കെ ധാരാളമുള്ള ഏതെങ്കിലും സ്ഥലത്തേക്കേ കൊണ്ടെത്തിക്കൂ. അത് ഞങ്ങളാഗ്രഹിക്കുന്നില്ല.


കാരണം.....,  എല്ലാവർക്കും മുന്നിൽ ഞങ്ങൾക്ക് കാട്ടേണ്ടത് ഞങ്ങളുടെ സ്വന്തം കുഞ്ഞിനെ തന്നെയാകണമെന്നാ ആഗ്രഹം. അതിന് ഞങ്ങൾക്ക് ഇവിടെ നിൽക്കണം. എങ്കിലേ അത് സാധിക്കൂ. ജാൻസിയുടെ മമ്മയുടെ ഓർമ്മയ്ക്കായി നിർമ്മിച്ച ഈ ഹോസ്പിറ്റലിൽ.


ആരും ഒന്നുമറിയില്ല. നമ്മൾ നാലു പേരും പിന്നെ, ഇവിടുത്തെ ഏറ്റവും അടുത്ത വിശ്വസ്ഥരായ രണ്ടോ മൂന്നോ സ്റ്റാഫും. മറ്റെല്ലാവർക്കും മുന്നിൽ ജാൻസി ഗർഭിണിയായി തന്നെ അറിയപ്പെടും. നങ്കി സമ്മതിക്കുകയാണെങ്കിൽ...


.....നങ്കിയുടെ ഗർഭ കാലം, ജാൻസി ഗർഭിണിയായി മറ്റുള്ളവർക്ക് മുന്നിൽ അനുകരിക്കും. നങ്കിയെ പ്രസവത്തിനായി കയറ്റുമ്പോ തന്നെ ജാൻസിയെയും ലേബർ റൂമിൽ കയറ്റും. പിന്നെ പ്രസവം കഴിയുമ്പോ... " വിക്ടർ വാക്കുകൾക്ക് ഇടവേള നൽകി നങ്കിയെ നോക്കി.


നങ്കിയുടെ മുഖത്ത് മിന്നി മറഞ്ഞ ഭാവങ്ങൾ അയാൾ നോക്കി കണ്ടു.


"അപ്പൊ ഞാ പ്രസവിച്ച കൊച്ച് എന്തിയേന്ന് മറ്റുള്ളോര് ചോദിച്ച എന്താ പറയ്യാ..?"


"ചത്തു പോയീന്ന് പറേണം.." ശിവൻ വളരെ ലാഘവത്തോടെ പറഞ്ഞു.


തുറിച്ച കണ്ണുകളോടെ നങ്കി രൂക്ഷമായി ശിവനെ നോക്കി. അവളുടെ ആ നോട്ടത്തിൽ ശിവൻ ദാഹിച്ചു പോകുമോയെന്ന് ജാൻസി സന്ദേഹപ്പെട്ടു.


"ഗർഭോണ്ടായ പെണ്ണിന്റെ കൊച്ച് വയറ്റീ കെടന്ന് ചത്താ ആ പെണ്ണ് പെഴ്ച്ചതാണെന്ന് വിശോസിക്കുന്ന നിങ്ങക്ക് ഇദ് കൊഴപ്പോയില്ലേ...?" നങ്കി പുച്ഛവും വെറുപ്പും കലർന്ന സ്വരത്തിൽ ചോദിച്ചു.


"അയിന് ഈ കൊച്ചൊണ്ടാകാൻ നിയ്യ് യീ സാറിന്റെ കൂട കടക്കുവൊന്നും വേണ്ടന്നാ സാറ് പറഞ്ഞേ. വേറെന്തോ വൈത്യം ചെയ്താ മദീന്ന്..."


നങ്കിയ്ക്ക് തല പെരുക്കുന്നത് പോലെ തോന്നി.


ശിവന്റെ സംസാരം നങ്കിയുടെ എതിർപ്പിന്റെ ശക്തി കൂട്ടുക മാത്രമേ ചെയ്യൂവെന്ന് ജാൻസിക്ക് തോന്നി. അമർഷത്തോടെ ജാൻസി ശിവനെ നോക്കി.


"നങ്കീ...ശിവന്റെ അറിവില്ലായ്മ നിനക്കറിയില്ലേ.. പറയുന്ന രീതിയിലെ കുഴപ്പമാണ്.." ജാൻസി നങ്കിയെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.


"ഞങ്ങളീക്കാര്യം ആദ്യം നങ്കിയോട് സംസാരിക്കാനിരുന്നതാ..പിന്നെ തീരുമാനിച്ചു ശിവൻ കൂടി വന്നിട്ട് ആകാമെന്ന്. അതാ ഇന്ന് രാവിലെ തന്നെ ശിവനോട് കാര്യങ്ങളൊക്ക സംസാരിച്ചേ. ഒട്ടും വൈകരുതെന്ന് തോന്നി. ചിലപ്പോ നിങ്ങൾക്കിടയിൽ എന്തെങ്കിലും ശാരീരി...' വിക്ടറിന് മുഴുമിപ്പിക്കാനായില്ല 


"മദീ.... മദി.." നങ്കി പെട്ടെന്ന് ഇരു ചെവികളും പൊത്തിപ്പിടിച്ചു കൊണ്ടലറി. പിന്നെ പെട്ടെന്ന് മുറി വിട്ട് പുറത്തേക്ക് ഓടിയിറങ്ങി.


    

                    ⬛️◼️◾️▪️◾️◼️⬛️


നങ്കിയ്ക്ക് പിന്നാലെ കൊലുസ്സും ഓടി. മോർച്ചറിയ്ക്കു മുന്നിൽ അവർ തീർത്ത പൂന്തോട്ടത്തിനു മുന്നിൽ നങ്കി ഓടി വന്നു നിന്നു. കൊലുസ്സ് അങ്കലാപ്പോടെ നങ്കിയെ പകച്ചു നോക്കി നിന്നു.


കൊലുസ്സിന്റെ ഉറക്കെയുള്ള കുര കേട്ട് മണിയൻ പുറത്തേക്ക് ഇറങ്ങി വന്നു. വാവിട്ടു കരയുന്ന നങ്കിയെ കണ്ട് മണിയൻ അമ്പരന്നു.


"വേലയ്ക്ക് വരാൻ പറ്റാത്തേന്റെ സങ്കടം തീര്ക്കുവാണോ യിങ്ങനെ നെലവിളിച്ച്.." മണിയൻ പരിഹാസത്തോടെ ചോദിച്ചു.


മറുപടിയൊന്നും പറയാതെ നങ്കി തന്നെ തൊട്ടുരുമ്മി നിന്ന് കരയുന്ന കൊലുസ്സിനെ കെട്ടിപ്പിടിച്ച് ഏങ്ങലടിച്ചു.


"രണ്ട്നും പ്റാന്തായാ....!"  മണിയൻ അന്ധാളിപ്പോടെ മോർച്ചറിയുടെ ചവിട്ടു പടിയിൽ കാഴ്ചക്കാരനായി വന്നിരുന്നു.


നങ്കിയുടെ കരച്ചിൽ കാണക്കാണെ മണിയന് അവളോട് സഹതാപം തോന്നി.


ഏറെ നേരമെടുത്താണ് നങ്കി സംയമനം പാലിച്ചത്. ചേലത്തലപ്പു കൊണ്ട് മുഖം അമർത്തി തുടച്ചതിനു ശേഷം എന്തൊക്കെയോ ചിന്തകളിൽ ആണ്ട് കുറച്ചു നേരം കൂടി ഇരുന്നു. പിന്നെ ഒരു നെടുവീർപ്പോടെ കൊലുസ്സിനെ മാറ്റി, മണ്ണിൽ കൈ കുത്തി എഴുന്നേൽക്കാൻ നേരത്താണ് മണിയനെ കാണുന്നത്.


"തീര്ന്നാ കരച്ചിലും നെലവിളീം.. കൊറച്ചു നേരം കൂടി ഒണ്ടാര്ന്നേൽ കാണാര്ന്ന്..."


നങ്കി ദേഷ്യത്തോടെ മണിയനെ നോക്കിക്കൊണ്ട് എഴുന്നേറ്റു.


"യീ മോർച്ചറീ ശവങ്ങളൊന്നും യിപ്പോയില്ല, ഒണ്ടാര്ന്നേൽ നിങ്ങക്ക് രണ്ടാക്കും ഒര് കൂട്ടിന് എണീറ്റ് വന്നിര്ന്ന് കരഞ്ഞേനെ " ബീഡി കൈയിലെടുത്തു കൊണ്ട് മണിയൻ പറഞ്ഞു.


ഒന്നും മിണ്ടാതെ തുറിച്ച നോട്ടം മാത്രം മറുപടിയായ് നൽകി നങ്കി തിരികെ നടന്നു. ഓഫീസ് മുറി ലക്ഷ്യമാക്കി. നിഴലായ് കൊലുസ്സും.


ബീഡി കൈയിൽ തന്നെ ചുരുട്ടി പിടിച്ച് മണിയൻ നങ്കിയെ നോക്കിയിരുന്നു.


                              ◼️▪️◼️


ഓഫീസ് മുറിയ്ക്കുള്ളിൽ നങ്കിയാൽ ഉപേക്ഷിക്കപ്പെട്ട പോലെ മൂന്നു ശരീരങ്ങൾ അപ്പോഴും അവശേഷിച്ചിരുന്നു.


വിക്ടർ നിശബ്ദനായി ചിന്തകളിൽ മുഴുകിയും ജാൻസി കണ്ണുകളെ തോരാതെ പെയ്യിച്ചും, ശിവൻ പതിഞ്ഞ ശബ്ദത്തിൽ എന്തൊക്കെയോ മുറുമുറുത്തു കൊണ്ടുമിരുന്നു. 


അനുമതിയ്ക്ക് കാത്തു നിൽക്കാതെ നങ്കി മുറിക്കുള്ളിലേക്ക് കയറി. നങ്കിയുടെ തിരിച്ചുവരവ് അപ്രതീക്ഷിതമായതു പോലെ മൂന്നു പേരും അമ്പരപ്പോടെ എഴുന്നേറ്റു. ജാൻസിയുടെ കണ്ണുകളിൽ പ്രതീക്ഷയുടെ തിളക്കം തുളുമ്പി.


നങ്കി ജാൻസിയുടെ മുഖത്തേക്ക് കണ്ണുകളുടക്കി.


"ഞാ സമ്മദം പറയാൻ വന്നതാ..ന്റെ സമ്മദം നിങ്ങക്കും ന്റെ വീട്ടിലൊള്ളോർക്കും സന്തോശം തര്ന്നതാണേൽ അദു മതി യെനിക്ക്...


യിനി യെന്താ ചെയ്യണ്ടെന്ന് ഓരോട് പറഞ്ഞാ മതി. ഞാ യിപ്പോ പോഗുവാ.." മറുപടിയ്ക്ക് കാത്തു നിൽക്കാതെ നങ്കി മുറി വിട്ടിറങ്ങി.


ജാൻസി ആഹ്ലാദത്തോടെ വിക്ടറെ ഓടിച്ചെന്നു പുണർന്നു. തെളിഞ്ഞ ചിരിയോടെ ശിവൻ നെഞ്ചു വിരിച്ച് നിന്നു.


തങ്കത്തിന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ നിൽക്കാതെ നങ്കി വേഗം കൂരയിലേക്ക് നടന്നു. പിന്നാലെ നടന്നു വന്നിരുന്ന കൊലുസ്സിനെയും അവഗണിച്ചു കൊണ്ട് നങ്കി കൂരയ്ക്കുള്ളിലേക്ക് ഓടി കയറി.


                     ⬛️◼️◾️▪️◾️◼️⬛️


ഇരുൾ മൂടിയ മുറിയ്ക്കുള്ളിൽ തീർത്തും അന്യരായി മാറിക്കഴിഞ്ഞിരുന്നു നങ്കിയും ശിവനും.


ഒരാഴ്ച്ചയ്ക്കുള്ളിൽ തന്നെ വിക്ടറിന്റെയും ജാൻസിയുടെയും കുഞ്ഞിനായുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായി.


വയറു വേദനയ്ക്കു മരുന്ന് വാങ്ങണം എന്ന് അപ്പനേം അമ്മേം പറഞ്ഞ് വിശ്വസിപ്പിച്ചു ശിവൻ നങ്കിയുമായി ആശുപത്രിയിലേക്ക് പുറപ്പെട്ടു. പിന്നാലെ കൂടിയ കൊലുസ്സിന് നേർക്ക് കല്ലെടുത്തെറിയാൻ തുനിഞ്ഞ ശിവനെ നങ്കി രൂക്ഷമായി നോക്കിയതും ശിവൻ ആ ഉദ്യമത്തിൽ നിന്നും പിന്മാറി.


വളരെ സ്നേഹാദ്രമായ സ്വീകരണമാണ് ജാൻസി നങ്കിയ്ക്ക് നൽകിയത്. ഒന്നിനോടും ഊഷ്മളമായി പ്രതികരിക്കാതെ നങ്കി നിർവികാരതയോടെ നിന്നു. വിക്ടറിന് മുഖം കൊടുക്കാതെ.., ഒരു നോട്ടം പോലും ശിവനിലേക്ക് നീളാതെ..തികഞ്ഞ അവഗണനയോടെ നങ്കി തനിക്കു മുന്നിലായി തുറക്കപ്പെട്ട വാതിലിലൂടെ ലേബർ റൂമിനുള്ളിലേക്ക്  കയറി.


  

                              ◾️◾️◾️


തുടരും.....




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ