©️ Copyright Protected
🌷
'The Last track of my Vision '
By, Niranjan
മാഗസീനിലെ , 25ആം താളിനുള്ളിലെ ഈ കവിത ഗൗരി ഇതിനോടകം ഒരൻപതു തവണയെങ്കിലും വായിച്ചിട്ടുണ്ടാകും. വീണ്ടുമാ വരികളിലൂടെ കണ്ണോടിക്കുമ്പോഴും അവൾക്കൊരു മടുപ്പും അനുഭവപ്പെട്ടില്ല. കവിതയിലൂടെയും, അതെഴുതിയ ആളിന്റെ പേരിലൂടെയും അവൾ സദാ തന്റെ വിരലുകൾ തഴുകി രസിച്ചു.
ഈ കവിതയും അവളും തമ്മിൽ യാതൊരു ബന്ധവുമില്ല. അവളുടെ സ്വപ്നങ്ങളോ, ചിന്തകളോ, അവളോ തന്നെ അതിലെ വരികളാകുന്നുമില്ല. എന്നിട്ടും, ഗൗരിക്ക് ഈ കവിത പ്രിയപ്പെട്ടതാണ്.... അതിനെക്കാളേറെ അതെഴുതിയ വ്യക്തിയും.
🖤
അഞ്ച് വർഷമായി ഒരേ കോളേജിൽ, ഒരേ ക്ലാസ്സിൽ പഠിക്കുന്നു. എന്നിട്ടും, ഒരു അപരിചിതത്വ ഭാവമാണ് നിരഞ്ജന്. ഗൗരിയോട് മാത്രമല്ല ക്ലാസ്സിലെ സകല കുട്ടികളോടും.
ലാബുകളും പരീക്ഷണങ്ങളും അടങ്ങിയ കെമിസ്ട്രി ക്ലാസ്സുകളുടെ ഇടവേളകളിലെപ്പോഴും നിരഞ്ജൻ ലൈബ്രറിക്കുള്ളിലാണ്. പുസ്തകങ്ങൾ മാത്രം നിറഞ്ഞ ലോകമാണ് അവൻ ഇഷ്ടപ്പെടുന്നതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.
ലൈബ്രറി അവന്റ ലോകവും, പുസ്തകങ്ങൾ സുഹൃത്തുക്കളും, അവൻ രചിക്കുന്ന കവിതകൾ അവന്റ സന്തതസഹചാരിയും... ' ഗൗരി ചിരിച്ചു കൊണ്ട് ആലോചിച്ചു.
ബി. എസ്. സി ക്കു പഠിക്കുമ്പോ അവനിങ്ങനെ ഉൾവലിഞ്ഞ പ്രകൃതക്കാരനായിരുന്നില്ല. രണ്ടാം വർഷം മുതൽ അവനോട് തോന്നിയ ഇഷ്ടം, അവസാന വർഷവും പറയാൻ കഴിയാതെ പോയത് ക്യാമ്പസ് രാഷ്ട്രീയത്തിലെ ക്ഷോഭിക്കുന്ന യുവ നേതാവിനോട് ചെറിയൊരു ഭയം കൂടി തോന്നിയത് കൊണ്ടാണ്.
എം. എസ്. സി ക്കും ഒരുമിച്ചാണെന്നറിഞ്ഞപ്പോൾ അനുഭവിച്ച സന്തോഷം... നഷ്ടമാകുമെന്ന് കരുതിയ വിലപിടിച്ച പൊരുൾ തിരിച്ചു കിട്ടിയ ആഹ്ലാദം ആയിരുന്നു.
ഗൗരിക്ക് നിരഞ്ജനോട് സംസാരിക്കണമെന്നുണ്ട്. അവന്റെ കവിതകളെപ്പറ്റി അഭിപ്രായം പറയാനും ഒരുമിച്ച് നടക്കാനും, ചില സമയം അവനൊപ്പം ചിലവഴിക്കാനും അവൾക്ക് ആഗ്രഹമുണ്ട്. പക്ഷേ.... അവനാകെ മാറിപ്പോയി.
മുഴങ്ങുന്ന വാക്കുകൾ പ്രസംഗിക്കുന്ന നേതാവിൽ നിന്നും, അർത്ഥമുള്ള വരികൾ നിശബ്ദമായി കുറിക്കുന്ന കവിയിലേക്കുള്ള ചുവടു മാറ്റം. ഇപ്പോഴുള്ള നിരഞ്ജൻ അവനെ അറിഞ്ഞിരുന്നവർക്കെല്ലാം അപരിചിതനാണ്.
എങ്കിലും.... ഗൗരിക്കെന്നും പ്രിയപ്പെട്ടവൻ തന്നെ... 'അവളുടെ ചുണ്ടിൽ മൃദു മന്ദഹാസം പൊടിഞ്ഞു.
ഓരോന്നോർത്ത് ഗൗരി മാഗസീനിൽ തന്നെ തല ചായ്ച്ച് കിടന്നുറങ്ങി.
🖤
രാവിലെ കോളേജിലേക്ക് നടക്കവെ കണ്ടു നിരഞ്ജനെ. അവന്റെ കണ്ണുകൾ ചുറ്റും എന്തോ നിരീക്ഷിക്കുകയായിരുന്നു. വെമ്പലോടെ എന്തോ തേടുന്നത് പോലെ.
ഗൗരിക്ക് ആദ്യം ചിരിയാണ് വന്നത്. എന്നും കാണുന്ന ഈ കോളേജും അതിനു മുന്നിലെ വഴിയും, ഇവിടെ എന്താണിത്ര കാണാനുള്ളത്... പെട്ടെന്നവൾക്കൊരു സംശയം തോന്നി. 'ഇനി ഒരുപക്ഷേ ഏതെങ്കിലും പെണ്ണിനെയാണ് തേടുന്നതെങ്കിൽ.... ' അവളുടെ ഉള്ളിൽ ഒരാന്തൽ ഉണ്ടായി. അടുത്ത നിമിഷം തന്നെ, അവളുടെ കണ്ണുകൾ നിരഞ്ജന്റെ കണ്ണുകളെ ചൂഴ്ന്നു.
'അല്ലാ .... ആ കണ്ണുകൾ ഒരു പെണ്ണിനെയും തേടുന്നില്ല. അത് ഈ പ്രകൃതിയെ ചുറ്റിപ്പറ്റി നിറയുകയാണ്. എന്നെപ്പോലും ആ കണ്ണുകൾ ഗൗനിക്കുന്നില്ല... പിന്നെയെങ്ങനെ മറ്റൊരു പെണ്ണിനെ ! ഇതൊരു കവിയുടെ തേടലാണ്.. ' ഗൗരി ഒരു അനുമാനത്തിലെത്തി.
🖤
"നിരഞ്ജാ... "
ക്ലാസ്സ് മുറിയിലേക്ക് പോകാനുള്ള ഇടനാഴിയിലേക്ക് കാലെടുത്തു വച്ചതും ഗൗരി ഉറക്കെ വിളിച്ചു. അവനുമായി നടക്കാൻ ഒരവസരം കിട്ടിയത് മുതലാക്കണമെന്ന് അവൾക്ക് തോന്നി.
നിരഞ്ജൻ തിരിഞ്ഞു നോക്കി. ഗൗരി അവനരികിലേക്ക് വേഗത്തിൽ നടന്നടുത്തു.
"ഞാനും ക്ലാസ്സിലേക്കാ, നമുക്കൊരുമിച്ച് പോകാം.. "
അമ്പരപ്പോടെ തലയാട്ടി അവൻ മുന്നോട്ടു നടന്നു.
"മാഗസീനിലെ പുതിയ കവിത കൊള്ളാം.. ഞാൻ വായിച്ചു.. "
ഒരു സംഭാഷണത്തിന് തുടക്കമിടാനുള്ള വ്യഗ്രതയോടെ അവൾ പറഞ്ഞു.
"താങ്ക്സ് " നിരഞ്ജൻ മറുപടി ഒരു നന്ദി വാക്കിലൊതുക്കി.
"നിരഞ്ജൻ പണ്ടേ കവിതയൊക്കെ എഴുതുമോ... ബി എസ് സി ക്കു പഠിക്കുമ്പോ ഇങ്ങനെ ഒരു കവിയെ ഞാൻ നിരഞ്ജനിൽ കണ്ടിട്ടേയില്ല അതുകൊണ്ട് ചോദിച്ചതാ. "
"മ്മ്.. എഴുതാറുണ്ടായിരുന്നു "
"അതേയോ...." ഗൗരിക്ക് ആവേശം കൂടി. എങ്ങനെയും സംസാരം നീട്ടണം.
"ഒരു പുസ്തകം ഇറക്കാലോ എല്ലാ കവിതയും ചേർത്ത്. അങ്ങനൊരു പ്ലാനുണ്ടോ നിരഞ്ജന് "
അതിനു മറുപടി പറയാതെ അവൻ അവളുടെ മുഖത്തേക്ക് നോക്കി.
"ഇണ്ടേൽ പറയണം.. എന്റെ ഒരങ്കിളിന് ഇതിലൊക്കെ വല്യ താല്പര്യാ. ആളോട് പറഞ്ഞാ മതി. എന്തു സഹായവും ചെയ്തു തരും "
"ഗൗരി ക്ലാസ്സിലേക്കല്ലേ, പൊയ്ക്കോളൂ, ഞാൻ ലൈബ്രറിയിലേക്കാ. ഒരു ബുക്ക് വയ്ക്കാനുണ്ട് " അത്രയും പറഞ്ഞു കൊണ്ട് നിരഞ്ജൻ ലൈബ്രറിയിലേക്കുള്ള വഴിയിലേക്ക് തിരിഞ്ഞു നടന്നു.
അവൻ പോകുന്നതും നോക്കി ഗൗരി മിണ്ടാതെ നിന്നു.
ആദ്യത്തെ പീരിയഡ് തുടങ്ങുന്നതിനു മുമ്പേ തന്നെ നിരഞ്ജൻ ക്ലാസ്സിലെത്തി. അവന്റെ വരവും നോക്കിയിരുന്ന ഗൗരിയുടെ ചുണ്ടിൽ ചിരി വിരിഞ്ഞു. ലൈബ്രറിയിൽ നിന്നും പുതിയ പുസ്തകവും കൈയ്യിൽ കരുതി നിരഞ്ജൻ തന്റെ ഇരിപ്പിടത്തിൽ വന്നിരുന്നു.
"എത്ര നാളായി തുടങ്ങിയിട്ട്... നീയിങ്ങനെ നോക്കിയിരുന്ന് കാലം കഴിക്കത്തെയുള്ളൂ " വേണിയുടെ സ്വരം കാതിൽ നുഴഞ്ഞു കയറിയപ്പോൾ, ഗൗരി നിരാശയോടെ കൂട്ടുകാരിയെ നോക്കി.
"ഇഷ്ടപ്പെട്ട കവിതകളെ കുറിച്ച് സംസാരിക്കാൻ ചെന്നപ്പോ തന്നെ ലൈബ്രറിയിൽ പോണം എന്ന് പറഞ്ഞ് ഒഴിഞ്ഞ ആളോട്, ഞാനെന്തു പറയാനാ "
" ഇത് അവസാന വർഷമാ. ഇനി പി ജി ക്ക് ഒരുമിച്ച് പഠിക്കുമ്പോ പറയാം എന്നാണോ. അത് നടക്കുമെന്ന് ഒരു വിശ്വാസോം എനിക്കില്ല. എം എസ് സി തന്നെ ഒരുമിച്ച് കിട്ടിയത് എന്തോ നിന്റെ ഭാഗ്യമാ മോളേ...കിട്ടിയ അവസരം പാഴാക്കാതെ എന്തേലും വേഗം ചെയ്യാൻ നോക്ക്..
രണ്ടു മാസം കൂടി കഴിഞ്ഞാ ഫൈനൽ എക്സാം ഇങ്ങെത്തും. അതു കൂടി കഴിഞ്ഞാൽ പലരും പല വഴിക്കാകും. പിന്നെ കിടന്നു നിലവിളിച്ചിട്ട് ഒരു കാര്യോം ഇല്ല.. " വേണി ഒരുപദേശം നൽകുന്ന മട്ടിൽ പറഞ്ഞു.
"അല്ലേൽ തന്നെ കവിക്ക് ആരാധികമാർ കൂടുതലാ.. നമ്മുടെ ക്ലാസ്സിലും കോളേജിലും, അതു മറക്കണ്ട " റസിയയുടെ വകയും ഓർമപ്പെടുത്തൽ വന്നു.
ഗൗരി കൂട്ടുകാരികളെ ദയനീയമായി നോക്കി.
"നീ ബേജാറാകാൻ പറഞ്ഞതല്ല, ഇനിയും വൈകരുതെന്ന് ഓർമിപ്പിച്ചതാ.. " റസിയ ഗൗരിയുടെ ചുമലിൽ തട്ടി ആശ്വാസിപ്പിച്ചു.
നെടുവീർപ്പോടെ തല കുലുക്കി ഗൗരി, നിരഞ്ജനിലേക്ക് മിഴി പറിച്ചുനട്ടു.
🖤
കൂട്ടുകാർ പകർന്നു നൽകിയ ധൈര്യവും മുറുകെ പിടിച്ച്, ഗൗരി വൈകുന്നേരം ക്ലാസ് കഴിഞ്ഞതും നിരഞ്ജനെ തേടിയിറങ്ങി. കോളേജ് ഗേറ്റ് കടക്കും മുമ്പ് തന്നെ അവൾ അവനെ കണ്ടെത്തി.
"നിരഞ്ജാ.. "
അവന്റെ നോട്ടം പതിഞ്ഞപ്പോൾ അവളൊന്നു പതറി.
"കവിതകൾ പബ്ലിഷ് ചെയ്യുന്ന കാര്യം പറയാനാണേൽ ഗൗരി, ഞാനിപ്പോ അതിനൊന്നും പറ്റിയ ഒരു സാഹചര്യത്തിലല്ല. എനിക്കു വേണ്ടി ഇത്രയും ചിന്തിക്കുന്ന ഒരു സുഹൃത്തുണ്ടായതിൽ സന്തോഷമുണ്ട് "
"അത് ഞാൻ... "
"കവിത ഇങ്ങനെയെങ്കിലും എഴുതാനാകുന്നതിൽ തൃപ്തനാ ഞാൻ. നാളെ ജീവിതം അതുകൂടി നിഷേധിച്ചാൽ..." നിരഞ്ജൻ ഒരു ഞൊടി നിർത്തി.
"....എന്നെപ്പോലുള്ളവരുടെ ജീവിതപ്രശ്നങ്ങൾ കവിതയിൽ കുറിക്കുന്ന വരികൾക്കും മേലെയാണ് ഗൗരി. അതൊന്നും തന്നെപ്പോലൊരാൾക്ക് പറഞ്ഞാൻ മനസ്സിലാവില്ല.
"എനിവേ..താങ്ക്സ്.... എന്റെ കവിതകൾ ഇത്രയേറെ ഇഷ്ടപ്പെടുന്നതിന്.. " ഒരു മന്ദഹാസം കൂടി അവൾക്ക് നൽകി നിരഞ്ജൻ നടന്നകന്നു.
ഗൗരിയുടെ കണ്ണുകൾ ഈറനായി. നിരഞ്ജന്റെ വാക്കുകൾ പകുതിയും അവളുടെ തലയിലേറിയതേയില്ല. അവൾ പറയാൻ വന്നതെന്തെന്ന് മനസ്സിലാക്കാൻ അവൻ ശ്രമിച്ചതുമില്ല. അവളുടെ വേദന അതുമാത്രമായിരുന്നു.
🖤
പിറ്റേന്ന് ഗൗരിയെ കണ്ടപ്പോൾ നിരഞ്ജന്റെ ചുണ്ടിൽ അവൾക്കായി ഒരു പുഞ്ചിരി പൊഴിഞ്ഞു. അതുകണ്ട മാത്രയിൽ ഗൗരി ആനന്ദത്തിന്റെ നെറുകയിൽ ഊഞ്ഞാലാടി. അവളുടെ സ്വപ്‌നങ്ങൾക്കും പ്രതീക്ഷകൾക്കും ആയിരം ചിറക് വച്ചു.
ഫൈനൽ പരീക്ഷക്കുള്ള തീയതി അന്ന് പ്രഖ്യാപിച്ചു.
"അവന്റെ മുമ്പിൽ ചെല്ലുമ്പോ എന്തോ എന്നെ തടയും... കവിത എഴുതാനുള്ള കഴിവുണ്ടായിരുന്നേൽ, അങ്ങനെ എഴുതി കുറിച്ച് കൊടുക്കാമായിരുന്നു.. "
"ഹോ... അവൻ കവി ആയത് കാര്യായി.. കരാട്ടെ ബ്ലാക്ക് ബെൽറ്റ് ആയിരുന്നേലോ " വേണി ഉറക്കെ ചിരിച്ചു കൊണ്ട് പറഞ്ഞു.
ഗൗരി അവളുടെ തലയ്ക്കു ഒരു കിഴുക്ക് കൊടുത്തു.
"നിങ്ങൾ നോക്കിക്കോ ഞാനവനോട് ഉടനെത്തന്നെ എന്റെയിഷ്ടം തുറന്നു പറയും.."
"ഉവ്വുവ്വേ..... " വേണി തല കുലുക്കി.
എന്തോ തീരുമാനിച്ചുറപ്പിച്ച പോലെ ഗൗരി നെടുവീർപ്പിട്ടു.
🖤
അത്താഴം കഴിക്കാൻ ഇരുന്നപ്പോൾ മുഖവുര ഒന്നുമില്ലാതെ തന്നെ അവൾ തന്റെ ഇഷ്ടത്തെക്കുറിച്ച് വീട്ടിൽ അവതരിപ്പിച്ചു.
മിശ്ര വിവാഹത്തിലൂടെ കോളിളക്കം സൃഷ്ടിച്ച അച്ഛനും അമ്മയും നിശബ്ദരായിരുന്നു. ആ പ്രതികരണം അവൾക്ക് തീരെ ഇഷ്ടമായില്ല. കഴിക്കുന്നത് നിർത്തി എഴുന്നേൽക്കാൻ ഭാവിച്ചപ്പോൾ അച്ഛൻ കൈയ്യിൽ പിടിച്ചിരുത്തി.
"ഇപ്പോ എന്റെ മോള് അത്താഴം കഴിക്ക്.. കല്യാണം എന്തായാലും ഉടനെ കഴിക്കില്ലല്ലോ.. "
"അച്ഛാ ഞാൻ... "
"സ്നേഹിക്കുന്നവനോട് ഇഷ്ടം തുറന്നു പറയാൻ ധൈര്യമില്ല, ഇവിടെ ഞങ്ങളോട് നീ നടത്തുന്ന ഭരണം അപാരമാണല്ലോ " അമ്മയുടെ വക മറുപടി.
"എന്തായാലും ഇത്രയും നാള് കാത്തില്ലേ.. പരീക്ഷ ഇങ്ങ് ആയ സ്ഥിതിക്ക് ഇനി അത് കഴിയട്ടെ... എന്താ അത് പോരേ "
ഗൗരി അച്ഛന്റെ മുഖത്തേക്ക് ഉറ്റു നോക്കി.
"ഉം..... മോള് കഴിക്ക്, നാലു വർഷമായി മനസ്സിൽ കൊണ്ടു നടക്കുന്ന ഇഷ്ടമല്ലേ, നമുക്ക് നോക്കാം.." അച്ഛന്റെ വാക്കുകൾ അവൾക്ക് ആശ്വാസം പകർന്നു.
രാത്രി കിടക്കാൻ നേരമാണ് ആനി ഭർത്താവിനോട് മകളെപ്പറ്റി സംസാരിച്ചത്. മാധവൻ ചിരിയോടെ ഭാര്യയെ നോക്കി.
"എന്റെ മോൾ ശരിക്കും ഒരു പാവമാ. അവൾടെ അമ്മേടെ സ്വഭാവത്തിന്റെ പകുതി പോലും അവൾക്ക് കിട്ടിയിട്ടില്ല "
"അതിന് അവൾടെ അമ്മയ്ക്കെന്താ ഒരു കുഴപ്പം? "
"അവൾടെ അമ്മ ഒരു ചട്ടമ്പി ആയിരുന്നില്ലേ... ഇഷ്ടം തോന്നിയ പുരുഷനെ ഭീഷണിപ്പെടുത്തി ഇഷ്ടം സ്വന്തമാക്കിയ വില്ലത്തി.... അത് വെച്ച് നോക്കുമ്പോ എന്റെ മോള് പാവമാ. നാലു കൊല്ലമായി മനസ്സിൽ തന്നെ അടക്കി വച്ചിരിക്കുന്ന ഇഷ്ടം.. "
"ചട്ടമ്പി... ഞാനോ? " ആനി ഭർത്താവിന്റെ കൈയ്യിൽ ആഞ്ഞു പിച്ചി.
"ഹാ.... ഞാൻ പറഞ്ഞില്ലേ ചട്ടമ്പി എന്ന്.. ചട്ടമ്പി മാത്രമല്ല, ദുഷ്ടയും " മാധവൻ കൈ തടവി കൊണ്ട് പറഞ്ഞു. പിന്നെ, ഉറക്കെ ചിരിച്ചു.
"ആ പയ്യനെ ഒന്ന് കാണണ്ടേ... നമ്മുടെ മോളേ നാലു കൊല്ലം തളച്ചിട്ടവനെ " ആനി ഭർത്താവിനെ വിഷയത്തിലേക്ക് തിരിച്ചു കൊണ്ടു വന്നു.
"മ്മ്...... "
"എന്താ ഒരു ആലോചന.. "
"നിനക്ക് തോന്നുന്നുണ്ടോ ആനി, അവൻ ആ ഇഷ്ടം തിരിച്ചറിഞ്ഞിട്ടില്ല എന്ന്. ഒരുമിച്ച് ഇത്ര കൊല്ലം കൂടെയുണ്ടായിട്ടും... "
"അതിന് മോള് അവളുടെ ഉള്ളിലുള്ളത് ഇതുവരെ തുറന്നു പറഞ്ഞിട്ടേയില്ലല്ലോ, പിന്നെ അവള് പറഞ്ഞില്ലേ അവനാരുമായും വല്യ കൂട്ടില്ല എന്ന്. അങ്ങനെയുള്ള ആള് എങ്ങനെ അറിയാനാ? "
മറുപടി പറയാതെ മാധവൻ മന്ദഹസിച്ചു.
"എന്താ.... "
"ചിലതൊക്കെ പറയാതെ തന്നെ മനസ്സിലാക്കുന്ന കാര്യങ്ങളല്ലേ ആനി. പ്രണയമെന്നത് നിശബ്ദമായി അനുഭവിച്ചറിയുന്ന ഒന്നാ.... പറയാതെ അറിയുന്ന ഒന്ന്.. "
"അപ്പൊ മോൾടെ ഇഷ്ടം ആ പയ്യൻ അറിഞ്ഞിട്ടുണ്ടാകുമെന്നാണോ.. !"
"അവൻ മനസ്സിലാക്കിയിട്ടുണ്ടാകും...പക്ഷേ, അറിഞ്ഞില്ലെന്നു ഭാവിക്കുന്നു.... "
ആനി ഭർത്താവിനെ ഉറ്റു നോക്കി.
"എന്തായാലും പരീക്ഷ തീരും വരെ കാത്തിരിക്കാം.. എന്തു നടക്കൂന്ന് നോക്കട്ടെ, ഗൗരിക്കുട്ടി ആയിട്ടു തന്നെ തുറന്നു പറയുമോ, അതോ കവി...... മ്മ്... നോക്കാം "വാക്കുകൾ അപൂർണ്ണമാക്കി മാധവൻ നിശ്വസിച്ചു.
🖤
(തുടരും)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ