©️ Copyright Protected
..................
കാറുമായി സലിം സാർ പുറത്തു കാത്തു നിൽപ്പുണ്ടായിരുന്നു. കെട്ടിപ്പുണർന്നു കൊണ്ടാണ് സാർ നിരഞ്ജനെ സ്വീകരിച്ചത്.
"സാർ ബുദ്ധിമുട്ടണ്ടായിരുന്നു. ഞാൻ ഒരു ടാക്സിയിൽ വന്നേനെ "
"എന്ത് ബുദ്ധിമുട്ട്.. തന്നെ ഇവിടെ നിന്നും യാത്രയാക്കാൻ ഞാനുണ്ടായിരുന്നു. അതുകൊണ്ടു തിരിച്ചു വരുമ്പോ സ്വീകരിക്കാനും എനിക്ക് തന്നെ വരണമെന്ന് തോന്നി... അതിൽ സന്തോഷം മാത്രേയുള്ളൂ.
പിന്നെ ഒരു സങ്കടം.... തോമസ് ആണ്... അവന്റെ വിയോഗം. ങ്ഹാ... എല്ലാം ദൈവേച്ഛ പോലെയാണല്ലോ.. " സലിം സാർ നിശ്വസിച്ചു.
▪️
പടിക്കൽ തന്നെ കാത്തുനിൽപ്പുണ്ടായിരുന്നു അമ്മയും ചേച്ചിയും. ആനന്ദാശ്രുക്കളോടെ തൊട്ടു തലോടി കെട്ടിപ്പിടിച്ച് അമ്മ, മൂന്നര കൊല്ലത്തെ കാത്തിരുപ്പിന്റെ കഥ ഒറ്റ ശ്വാസത്തിൽ പറഞ്ഞു. മോശായി, 'കോലം കെട്ടു....' ചേച്ചിയുടെ വക വാത്സല്യം അങ്ങനെയും.
പായസം കൂട്ടിയുള്ള സദ്യയും കഴിച്ചാണ് സലിം സാർ മടങ്ങിയത്. പോകും മുമ്പ്, റിട്ടയർമെന്റ് ചടങ്ങിൽ തീർച്ചയായും പങ്കെടുക്കണമെന്ന നിർദേശവും തന്നു. 'മ്മ് ' എന്ന മൂളലിൽ മറുപടി ഒതുക്കിയെങ്കിലും, മനസ്സ് മുഴുവൻ ആ ഒരു ദിവസത്തിനായുള്ള കാത്തിരുപ്പിലായിരുന്നു.
രണ്ടാഴ്ച, നിരഞ്ജനെ സംബന്ധിച്ച് രണ്ടു കൊല്ലത്തെ ദൈർഘ്യമുള്ളതായി തോന്നി. കഴിഞ്ഞു പോകുന്ന ഓരോ ദിവസവും കലണ്ടറിൽ വട്ടമിട്ട് അടയാളപ്പെടുത്തുന്നത് കണ്ടപ്പോൾ ചേച്ചി ചോദിച്ചു, 'എന്താ കാട്ടിക്കൂട്ടുന്നേ എന്ന് '. ചിരിച്ചു കൊണ്ട് ഒഴിഞ്ഞു മാറിയതല്ലാതെ അവനൊന്നും മിണ്ടിയില്ല.
കാത്തു കാത്തിരുന്ന ദിവസത്തിന് ഒരു രാവ് പുലരാനുള്ള മണിക്കൂറുകൾ മാത്രമായപ്പോൾ നിരഞ്ജൻ, ആവേശവും ആകാംഷയും കൂടിക്കലർന്ന അവസ്ഥയിലായി. പാതിരാവിലും ഉറക്കമുപേക്ഷിച്ച കണ്ണുകളിൽ ഗൗരിയുടെ മുഖം പ്രതിഷ്ഠിച്ചു കൊണ്ട് അവൻ ചിന്താമഗ്നനായി.
വെളുപ്പിനു തന്നെ വിളിച്ചുണർത്തണമെന്ന് ചേച്ചിയെ പറഞ്ഞ് ചട്ടം കെട്ടിച്ചാണ് ഉറങ്ങാൻ കിടന്നതെങ്കിലും, അമ്മയ്ക്കും ചേച്ചിയ്ക്കും മുമ്പേ ഉണർന്നു അവൻ സലിം സാറിന്റെ റിട്ടയർമെന്റിനു പോകാൻ തയ്യാറായി.
"നീയെന്താ ഇത്ര നേരത്തെ... ഞങ്ങളും കൂടി റെഡിയാകട്ടെ. സലിം സാർ ഞങ്ങളെയും വിളിച്ചതാ.. " ചായയുമായി വന്ന ചേച്ചി പറഞ്ഞു.
"അമ്മേം ചേച്ചിയും കൂടി ഒരോട്ടയിൽ അങ്ങു വാ... സാറിന്റെ കാര്യത്തിന് സമയത്തിനാണോ ഞാൻ ചെല്ലണ്ടേ... "
ചായ കുടിച്ച്, പ്രാതൽ കഴിച്ചെന്നു വരുത്തി അവനിറങ്ങി.
🖤
കോളേജ് കവാടത്തിനരികിൽ തന്നെ സലിം സാറിനു യാത്രാമൊഴി നേർന്നു കൊണ്ട് വലിയ ബാനർ പ്രതിഷ്ഠിച്ചിരുന്നു. ഗേറ്റ് കടന്ന് പാർക്കിങ്ങിലേക്ക് ബൈക്കിൽ പോകുമ്പോഴും നിരഞ്ജന്റെ കണ്ണുകൾ പരിസരമാകമാനം ചൂഴ്ന്നു.
ബൈക്ക് പാർക്ക് ചെയ്ത് കോളേജ് മുറ്റത്തേക്ക് കാലെടുത്തു വച്ചതും വല്ലാത്തൊരു അനുഭൂതി തന്നെ പിടികൂടിയതായി നിരഞ്ജനു തോന്നി. മുന്നോട്ടുള്ള ഓരോ കാൽച്ചുവടിലും, മനസ്സു കൊണ്ട് കോളേജ് കാലത്തേക്ക് അവൻ പിൻതിരിഞ്ഞു.
കണ്ണിൽ ഇരുട്ട് നിറയും മുമ്പേ കണ്ട് കീഴടക്കി, ആ കാഴ്ചയിലൂടെ കുറിക്കുന്ന വരികൾക്ക് മാത്രമായാണ് ഈ പ്രകൃതിയെ പ്രണയിച്ചിരുന്നതെന്ന് നിരഞ്ജന് തോന്നി. പല വർഷം ഈ കോളേജും മണ്ണും മരങ്ങളും തണലുകളും... പിന്നെ.. എന്തെല്ലാമൊക്കെയോ എന്റേത് മാത്രമാക്കി വച്ചിരുന്നു. എന്നിട്ടും, ഈ തിരിച്ചു വരവിൽ ഇതൊന്നും ഹൃദ്യസ്ഥമാകുന്നില്ല. എല്ലാത്തിലും ഒരപരിചിത ഭാവം മാത്രം നിറഞ്ഞു നിൽക്കുന്നതായി...
പക്ഷേ, ആ ദിവസം.... ഒരാളെ മാത്രം സാക്ഷിയാക്കി കോളേജിൽ നിന്ന് പടിയിറങ്ങിയ അവസാന ദിവസം...അതിന്നും മായാതെ നിൽക്കുന്നു. മനസ്സിൽ ആണിയിട്ട് തറപ്പിച്ച ചിത്രം പോലെ..പോറലേൽക്കാതെ...
കോളേജ് ഓഡിറ്റോറിയത്തിലേക്ക് നടന്നു ചെന്നതും പഴയ മുഖങ്ങളിൽ ചിലരെയൊക്കെ കണ്ടു. സുഖാന്വേഷണങ്ങളോടെ പലരും കെട്ടിപ്പുണർന്നും കൈ കൊടുത്തും കടന്നു പോയി. സ്റ്റേജിലെ ശേഷിക്കുന്ന അലങ്കാര പണികളുടെ തിരക്കിലമർന്നവരുടെ കൂടെ നിരഞ്ജനും കൂടി.
"ഒപ്പം പഠിച്ചിരുന്നവരെയെല്ലാം ക്ഷണിച്ചിട്ടുണ്ടോ ? " നിരഞ്ജൻ തൊട്ടടുത്തുണ്ടായിരുന്ന സഹപാഠിയോട് ജിജ്ഞാസയോടെ ചോദിച്ചു.
"ഒരാളേം വിട്ടിട്ടില്ല, ഇനി വരുന്ന പോലെയിരിക്കും "
"മ്മ്.... "
പത്തു മണിയോടെ ഓഡിറ്റോറിയത്തിലേക്ക് ആളെത്തി തുടങ്ങി. നീണ്ട പത്തു മുപ്പതു കൊല്ലത്തെ അധ്യാപന ജീവിതത്തിന് സമാപ്തി കുറിക്കുന്ന ചടങ്ങിലേക്ക് സലിം സാർ കുടുംബസമേതനായാണ് വന്നത്. അമ്മയും ചേച്ചിയും എത്തിയപ്പോൾ നിരഞ്ജൻ അവരെ ഓഡിറ്റോറിയത്തിനുള്ളിൽ കൊണ്ടിരുത്തി.
ഓഡിറ്റോറിയത്തിന്റെ കവാടത്തിനു മുന്നിൽ നിരഞ്ജൻ അക്ഷമനായി വന്നു നിന്നു. പെട്ടെന്നാണ് പരിചയമുള്ള ഒരു പെൺമുഖം എതിരെ കണ്ടത്. പേര് ഓർത്തെടുക്കാൻ നന്നേ ബുദ്ധിമുട്ടി അവൻ തല പുകച്ചു.
"ഹായ് നിരഞ്ജൻ.... എന്നെ ഓർമയുണ്ടോ, പഴയ ഒരു സഹപാഠിയാണ്.. " പേര് പറയാതെ അവൾ പരിചയപ്പെടുത്തി.
തലയാട്ടിക്കൊണ്ട് നിരഞ്ജൻ അപ്പോഴും പേര് ഓർത്തെടുക്കാൻ പരിശ്രമിക്കുകയായിരുന്നു. ഗൗരിയുടെ അടുത്ത കൂട്ടുകാരിയാണെന്നും, ക്ലാസ്സിലെ ഏക ആംഗ്ലോ ഇന്ത്യൻ സഹപാഠിയാണെന്നും അവൻ ഓർത്തെടുത്തു.
"വേണി സെബാസ്റ്റ്യൻ.. " അവൾ പേര് കൂടി വെളിപ്പെടുത്തി
"ഹാ വേണി... സത്യത്തിൽ പേര് എനിക്ക് കിട്ടിയില്ല, അതാ മിണ്ടാതെ നിന്നേ.. സോറി "
"അതിനെന്തിനാ സോറി. ക്ലാസ്സിലെ അന്തർമുഖനിൽ നിന്ന് ഇതിലധികമൊന്നും ഞാൻ പ്രതീക്ഷിക്കുന്നില്ല.."
വേണിയുടെ നാവിനിന്നും നല്ല കസർത്തുണ്ടെന്ന് നിരഞ്ജന് തോന്നി. സൗഹൃദപരമായ സുഖാന്വേഷണങ്ങൾക്കൊടുവിൽ അവൻ വളരെ യാദൃശ്ചികമെന്നോണം ഗൗരിയിൽ സംഭാഷണം കൊണ്ടെത്തിച്ചു.
"ഇപ്പോഴെന്തിനാ ഗൗരിയെ അന്വേഷിക്കുന്നത് ? " ഗൗരിയുടെ അടുത്ത കൂട്ടുകാരി എന്ന നിലയ്ക്കുള്ള അധികാര ഭാവത്തിലായിരുന്നു വേണിയുടെ ചോദ്യം.
അതിനുത്തരമായി വഴുതി വീണതു പോലെയൊരു മറുചോദ്യമാണ് അവൻ നൽകിയത് ; "ഗൗരിയുടെ കല്യാണം കഴിഞ്ഞോ...? "
പരിഹാസം കലർന്ന ചിരി തിരികെ നൽകി വേണി, ആണെന്നോ അല്ലെന്നോ ഉള്ള അർത്ഥത്തിൽ തല ചലിപ്പിച്ചു.
"ഗൗരി ഇപ്പോ എവിടെയാ... എന്തു ചെയ്യുന്നു... ഇന്ന് വരുമോ ഇവിടെ? "
"നിരഞ്ജൻ എല്ലാം നേരിട്ട് കണ്ട് അനുഭവിച്ച് ആസ്വദിക്കാൻ ഇഷ്ടപ്പെടുന്നയാളല്ലേ... ഐ മീൻ.... ഒരു കവിയുടെ മനോഭാവമാണല്ലോ നിരഞ്ജനിൽ കൂടുതൽ. അതുകൊണ്ട് ഞാൻ പറഞ്ഞറിയുന്നതിനേക്കാളും നന്ന് നേരിട്ട് കണ്ട് വിശേഷങ്ങളൊക്കെ ചോദിച്ചറിയുന്നതല്ലേ.... "
"അപ്പൊ ഗൗരി ഇന്ന് വരുമല്ലേ !!" നിരഞ്ജന്റെ സ്വരത്തിൽ ആവേശം തുടിച്ചു.
"വരാതെ പിന്നെ...... അവളീ കോളേജിൽ തന്നെ ലക്ച്ചറർ ആയി വർക്ക് ചെയ്യുകയാ.. "
"ഇവിടെയോ !!! അപ്പൊ ഇന്നിവിടെ വരുമല്ലോ... അല്ലാ, ഇപ്പോ കോളേജിലുണ്ടോ ഗൗരി.... " അത്ഭുതത്തോടെ ആഹ്ലാദത്തോടെ നിരഞ്ജൻ ആകാംഷാഭരിതനായി.
"നിരഞ്ജാ... വാ, ഫങ്ഷൻ തുടങ്ങാറായി. " മഹേഷ് ധൃതിയിൽ നടന്നു വന്ന് അവന്റെ ചുമലിലൂടെ കൈയ്യിട്ട് ഓഡിറ്റോറിയത്തിനുള്ളിലേക്ക് കൂട്ടിക്കൊണ്ടു പോയി. ഒരു മറുപടി പ്രതീക്ഷിച്ച് നിരഞ്ജൻ തിരിഞ്ഞു നോക്കിയെങ്കിലും വേണി മറ്റൊരു വശത്തേക്ക് നടന്നു നീങ്ങി.
🖤
"ഞാനിവിടെയിരിക്കാം " ഒഴിഞ്ഞ കസേര ചൂണ്ടി നിരഞ്ജൻ പറഞ്ഞു.
"നീയിന്ന് ഇരിക്കേണ്ടത് ഇവിടെയല്ല. വാ, ഞാൻ കാണിച്ചു തരാം " മഹേഷ് അവന്റെ കൈയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് വേദിയിലേക്ക് നടന്നു കയറി. അന്ധാളിപ്പോടെ നിരഞ്ജൻ സുഹൃത്തിനെ അനുഗമിച്ചു.
വേദിയിലിരിക്കുന്ന വിശിഷ്ട വ്യക്തികൾക്കിടയിലേക്കാണ് മഹേഷ് തന്നെ കൊണ്ടു പോകുന്നതെന്ന് മനസ്സിലാക്കിയപ്പോൾ നിരഞ്ജൻ പെട്ടെന്ന് നിന്നു.
"വേദിയിലേക്ക് എന്നെയെന്തിനാ കൂട്ടുന്നേ? "
"പറഞ്ഞില്ലേ നിന്റെ സ്ഥാനം ഇന്നവിടെയാണെന്ന് "
"എന്തിന് !!? "
"സലിം സാറിനടുത്തുള്ള ഒഴിഞ്ഞ കസേര നിനക്കുള്ളതാണ്. അവിടെ ചെന്നിരിക്ക്. വഴിയേ മനസ്സിലാകും "
വീണ്ടുമെന്തോ ചോദിക്കാൻ തുനിഞ്ഞ നിരഞ്ജനെ തടഞ്ഞു കൊണ്ട് സലിം സാർ അടുത്തേക്ക് വന്നു.
"എന്താ നിരഞ്ജാ, എന്തുപറ്റി.. "
"സാർ, എന്നെയെന്തിനാ വേദിയിലേക്ക് ക്ഷണിക്കുന്നേ? "
"ഞാൻ പറഞ്ഞു തരാം, താൻ വാ " സലിം സാർ അവന്റെ കൈയിൽ പിടുത്തമിട്ടു. എതിർക്കാനാകാതെ നിരഞ്ജൻ അയാളെ അനുസരിച്ചു.
സലിം സാറിനുള്ള, യാത്രയയപ്പായിരുന്നു ആദ്യത്തെ ചടങ്ങ്. ഈശ്വര പ്രാർത്ഥനയ്ക്കു ശേഷം, കോളേജ് പ്രിൻസിപ്പാളും, സഹ അധ്യാപകരുമൊക്കെ സാറിന്റെ അധ്യാപന ജീവിതത്തെക്കുറിച്ചും വ്യക്തി വൈഭവങ്ങളെ പറ്റിയും വാചാലരായി സദസ്സിനോട് സംസാരിച്ചു. തുടർന്ന് അദ്ദേഹത്തിന് പൊന്നാട ചാർത്തി, ഉപഹാരം സമ്മാനിച്ചു.
നിരഞ്ജന്റെ കണ്ണുകൾ സദസ്സിലാകമാനം ഓടിക്കളിച്ചു. വേദിയിലെ തന്റെ സ്ഥാനം എന്തെന്ന് അവനിനിയും വ്യക്തമായിട്ടില്ല. സലിം സാർ പറഞ്ഞതുമില്ല. പക്ഷേ, സദസ്സാകമാനം കാണാം എന്നതു കൊണ്ട് അവനാ ഇരിപ്പിടം നന്നേ ബോധിച്ചു. അധ്യാപകർക്കിടയിലും വിദ്യാർത്ഥികൾക്കിടയിലുമൊക്കെ ഒരേ ഒരു മുഖം തിരഞ്ഞു കൊണ്ട് നിരഞ്ജൻ അക്ഷമനായി.
മൈക്കിനു മുന്നിലേക്ക് സലിം സാർ നടന്നു പോയതും, തന്റെ കോളേജ് ജീവിത കാലത്തെക്കുറിച്ച് വാചാലനായി സംസാരിക്കുന്നതുമൊന്നും നിരഞ്ജൻ ശ്രദ്ധിച്ചില്ല. അവന്റെ മനസ്സിൽ ഗൗരി മാത്രമായിരുന്നു.
"നിരഞ്ജാ... " മൈക്കിലൂടെ സാറിന്റെ ശബ്ദം മുഴങ്ങിയതും, നിരഞ്ജൻ ചിന്തകളിൽ നിന്നും ഞെട്ടിയുണർന്നു. അവൻ അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കി.
വേദിക്ക് പിന്നിലേക്ക് സാർ കൈ ചൂണ്ടിയ ഇടത്തേക്ക് അവൻ മുഖം തിരിച്ചു.
ഒരു ചെറിയ തിരശ്ശീല മാറ്റപ്പെട്ടു അപ്പോൾ. അതിനു പിന്നിൽ പതിച്ചിരുന്ന വലിയ ബാനറിൽ സ്വന്തം മുഖം കണ്ട് നിരഞ്ജൻ അമ്പരന്നു. അതിൽ കുറിച്ചിരുന്ന അക്ഷരങ്ങളിലൂടെ അവന്റെ കണ്ണുകൾ പാഞ്ഞു.
'പുസ്തക പ്രകാശനം
യുവ കവി ശ്രീ. നിരഞ്ജൻ ദാസിന്റെ
കവിതകൾ കോർത്തിണക്കി
'കാഴ്ചകൾക്കുമപ്പുറം'
അക്ഷരങ്ങളിലൂടെ തീർത്ത
വാക്കുകളുടെ വർണ്ണ വസന്തം
സലിം സാറിന്റെ വാക്കുകൾ വീണ്ടും മൈക്കിലൂടെ മുഴങ്ങി
"ഇങ്ങനെയൊരു ചടങ്ങു കൂടി എന്റെ റിട്ടയർമെന്റ് നാളിൽ നടക്കുന്നതിൽ അധികം സന്തോഷം വേറെയില്ല. ഇന്നിവിടെ കൂടിയിരിക്കുന്നവരിൽ ഈ പുസ്തക പ്രകാശനത്തെപ്പറ്റി അജ്ഞാതനായ ഒരേ ഒരു വ്യക്തി 'കാഴ്ചകൾക്കുമപ്പുറം ' എന്ന കവിതാ സമാഹാരത്തിന്റെ രചയിതാവും, വളർന്നു വരുന്ന യുവ കവിയുമായ ശ്രീ. നിരഞ്ജൻ ദാസ് മാത്രമാണ്.
അദ്ദേഹത്തിന്റെ അനുമതിയില്ലാതെ ചെയ്ത ഈ അധികാര വിനിയോഗത്തിൽ എന്റെ പ്രിയ ശിഷ്യന് എന്തെങ്കിലും അതൃപ്തിയോ അനിഷ്ടമോ ഉണ്ടെങ്കിൽ ഈ വേദിക്ക് മുന്നിൽ നിന്നു തന്നെ ഞാൻ ക്ഷമ ചോദിക്കുന്നു... "
"സാർ... പ്ലീസ്..... " നിരഞ്ജന്റെ ശബ്ദം വിനയാന്വിതമായി.
സലിം സാർ ചിരിച്ചു കൊണ്ട് തുടർന്നു ; "നിരഞ്ജൻ സന്തോഷവാനാണെന്ന് അറിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. എങ്കിൽ നമുക്ക് വൈകാതെ പുസ്തക പ്രകാശനത്തിന്റെ ഉദ്ഘാടന വേളയിലേക്ക് കടക്കാം. അതിനു ശേഷം നിരഞ്ജൻ നമ്മോട് സംസാരിക്കുന്നതായിരിക്കും.
ഈ കവിതാ സമാഹാരം ബഹുമാന്യനായ നമ്മുടെ പ്രിൻസിപ്പാൾ ശ്രീ. രാമചന്ദ്രൻ സാറിന് നൽകി പ്രകാശനം ഉദ്ഘാടനം ചെയ്യുന്നത് മറ്റാരുമല്ല, ഈ കോളേജിന്റെ കണ്ണിലുണ്ണിയും വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട അധ്യാപികയും അധ്യാപകരുടെ പ്രിയപ്പെട്ട സഹ പ്രവർത്തകയുമായ നമ്മുടെ സ്വന്തം ഗൗരി ടീച്ചർ ആണ്....... "
സദസ്സിൽ ഉയർന്ന കൈയ്യടിക്കും ഹർഷാരവത്തിനും മേലെ, സലിം സാറിന്റെ വാക്കുകൾ കാതിൽ ആയിരം തവണ അലയടിച്ചതായി നിരഞ്ജന് തോന്നി. ഉള്ളാകെ കുളിർ മഴ പെയ്തതു പോലെ. അവന്റെ ഹൃദയമിഡിപ്പ് ഉയർന്നു. ശ്വാസോച്ഛ്വാസം കൂടി....'ഗൗരി....' നിരഞ്ജന്റെ മനസ്സിൽ ആ പേര് മാത്രമായി...
"ഗൗരി ടീച്ചറെ വേദിയിലേക്ക് സ്വാഗതം ചെയ്യുന്നു.. " മഹേഷിന്റെ സ്വരം ഉച്ചത്തിൽ ഓഡിറ്റോറിയത്തിനുള്ളിൽ പ്രതിധ്വനിച്ചു.
സ്റ്റേജിനു പിന്നിൽ നിന്നും വേദിയിലേക്ക് നടന്നു വരുന്ന രൂപം നിരഞ്ജൻ തിരിച്ചറിഞ്ഞു. സദസ്സിൽ വിദ്യാർത്ഥികളുടെ ആർപ്പു വിളി. ഗൗരിയെ കണ്ട മാത്രയിൽ നിരഞ്ജൻ അറിയാതെ എഴുന്നേറ്റു പോയി.
🖤
(തുടരും)

നന്നായിട്ടുണ്ട് ചേച്ചി.. 😍
മറുപടിഇല്ലാതാക്കൂനോക്കി ഇരിക്കുക ആയിരുന്നു...
അടുത്ത part ഇങ്ങനെ വൈകിക്കരുത്...