2021 ഫെബ്രുവരി 8, തിങ്കളാഴ്‌ച

നങ്കി 1️⃣

 

          

                                         നങ്കി 


©️Copyright protected 


✍️


"നങ്കീ... നങ്കീ... "

മുറ്റത്തു നിന്നുമുള്ള വിളി കേട്ട് നങ്കി പുറത്തേക്കിറങ്ങി വന്നു.  


മുരുകനൊപ്പം നിൽക്കുന്ന അപരിചിതരായ രണ്ടു പേരെ കണ്ട് നങ്കി അമ്പരപ്പോടെ വരാന്തയിൽ കിടന്ന കസേരയ്ക്കു പിന്നിൽ ഒതുങ്ങി നിന്നു. 


"നങ്കീ ഈ സാറന്മാര് സിവനെ തെരക്കി വന്നതാ..അവനേടേ ? "


പരിഭ്രമത്തോടെ പെട്ടെന്ന് കൈ കൂപ്പി നങ്കി  മുരുകനെ നോക്കി ; "അറീല്ല മുരുഗണ്ണാ. രണ്ടീസായി ഈടന്ന് പോയിട്ട്. എന്തേലും പ്രശ്ചനയുണ്ടോ !!"


"ഈ സാറന്മാർടെ ആസ്പത്രീലാ സിവൻ വേല ചെയ്യണേ.. "


"ശിവന്റെ ഭാര്യയല്ലേ ? "


"മ്മ്... "


"ശിവൻ രണ്ടു ദിവസമായി ജോലിക്കു വന്നിട്ട്. ലീവ് ഒന്നും പറഞ്ഞിട്ടില്ല. സുഖമില്ലാതെ കിടപ്പെങ്ങാനും ആകുമെന്ന് കരുതി തിരക്കി വന്നതാ.. ഇവിടെ വന്നപ്പോ കാര്യം മനസ്സിലായി. ലീവ് ഒന്നും പറയാതെ കറങ്ങാൻ പോയിരിക്കുവാ അല്ലെ? "


നങ്കി അപരാധിയെപ്പോലെ തല കുനിച്ചു.


"എത്ര പേരാ ഒരു ജോലിക്ക് അലഞ്ഞു നടക്കണേന്ന് അറിയോ. അവന്റെ ജോലിക്കും ആള് ക്യൂവാ. നാളെ ഒരു ദിവസം കൂടി നോക്കും. വന്നില്ലേൽ ഇനി അങ്ങോട്ട് വരണ്ടാന്നു ഭർത്താവിനോട് പറഞ്ഞേക്ക്.."


മുരുകനെ നോക്കി തല കുലുക്കി കൊണ്ട് രണ്ടു പേരും മുറ്റമിറങ്ങി നടന്നു  പോകുന്നത് നങ്കി നോക്കി നിന്നു. 


"അവനേടെ പോയേ നങ്കി "


"അറീല്ല അണ്ണാ.. " അവളുടെ ശബ്ദമിടറി. കണ്ണു നിറഞ്ഞു. 


"നീ വെഷമിക്കാതെ. ഞാനാ സാറന്മാരോട് പറയാം കാര്യങ്ങള്.. " മുരുകൻ നങ്കിയെ ആശ്വസിപ്പിച്ചു കൊണ്ട് അവർക്ക് പിന്നാലെ ഓടി. 


"സാറേ... സാറന്മാരെ... "


പിന്നിൽ നിന്നുമുള്ള മുരുകന്റെ വിളി കേട്ട്  രണ്ടു പേരും ഒരുമിച്ചു തിരിഞ്ഞു നോക്കി. 


"സാറേ... സിവനെ വേലേന്ന് പറഞ്ഞു വിടല്ലേ സാറേ.. ഓൻ പാവമാ... നങ്കിയും"


"കൃത്യമായി ജോലിക്ക് വരാത്ത ഒരാളെ പിന്നെന്താടോ ചെയ്യേണ്ടേ... ഇന്നു വെളുപ്പിന് ഒരു ചാവാലിപ്പട്ടി മോർച്ചറീ കേറി ഒരു ശവം കടിച്ചു കീറാൻ നോക്കി.. " രണ്ടു പേരിൽ താടിക്കാരൻ പറഞ്ഞു. 


"നിങ്ങടെ ഈ ഓണം കേറാ മൂലേ ഒരു ഹോസ്പിറ്റൽ കെട്ടിയതും പോരാ. പിന്നെ നിന്റെയൊക്കെ ശവത്തിനും ഞങ്ങള് കേറി കാവലിരിക്കണോ..." പുച്ഛം കലർന്ന സ്വരത്തിൽ ഉറക്കെ പറഞ്ഞു കൊണ്ട്  കണ്ണട വെച്ച ആൾ മുഖം കോട്ടി.  


മുരുകൻ കൈ കൂപ്പി നിന്നു. 


"സാറേ.. സിവന്റെ പെണ്ണിന് ഗർഭോണ്ടായിരുന്നു. പച്ചേ, ആ കൊച്ച് വയറ്റീ കെടന്ന് ചത്തു പോയി. ആ വെഷമത്തില  സിവൻ ഏടേലും പോയതാകും. ഞാ തെരക്കി പിടിച്ചോണ്ട് വരാം ഓനെ.. "


"അതൊന്നും ഞങ്ങൾക്കറിയേണ്ട.. ജോലി വേണേൽ നാളെ വരാൻ പറയണം. ഇല്ലേൽ ഇനി അങ്ങോട്ട് വരണ്ടാന്നും... " കണ്ണടക്കാരൻ വീണ്ടും ശബ്ദമുയർത്തി. 


"ശിവന്റെ കൊച്ചെങ്ങനാ പോയത്? " താടിക്കാരൻ ആരാഞ്ഞു 


"അറീല്ല... നങ്കി പുഴേന്ന് വെള്ളോം കൊണ്ടു വരണ വഴീ തല ചുറ്റി വീണതാ.... ഗർഭോണ്ടായ പെണ്ണിന്റ കൊച്ച് വയറ്റീ കെടന്ന് ചത്താ ആ പെണ്ണ് കെട്ടു പോയതാണെന്ന്  സിവനോട് ആരോ പറഞ്ഞു. അത് ഓന് മാനക്കേടും സങ്കടോം ആയി . "


"ഫൂളിഷ്നെസ്സ്... " താടിക്കാരൻ ചുമലനക്കി പറഞ്ഞു ; "നല്ല ആഹാരോം വിശ്രമോം കിട്ടാഞ്ഞിട്ട് അബോർഷൻ ആയതാകും.. "


അയാൾ പറഞ്ഞതു മനസ്സിലാകാതെ മുരുകൻ കണ്ണു മിഴിച്ചു. 


"നങ്കി നല്ല പെണ്ണാ സാറേ. ഓൾടെ ഊര് വേറെയാ. കെട്ടു കഴിഞ്ഞേച്ച് നാലു മാസേ ആയുള്ളൂ... സിവന്റെ അപ്പാ ദേഹം കൊഴഞ്ഞ് കെടപ്പാ. അമ്മാക്കും അസുഗങ്ങളാ. ഓന് രണ്ട് എളേതങ്ങളൊണ്ട്. ഈരട എല്ലാ കാര്യോം നങ്കിയാ നോക്കുന്നേ. സിവനും ഓളെ ഉയിരാ. പച്ചേ... ആ കൊച്ച് ചത്തത്... അദ് ഓന് താങ്ങീല്ലാ സാറേ..."


"നിങ്ങൾ പറഞ്ഞത് ഓക്കേ... മനസ്സിലായി. പക്ഷേ ശിവന്റെ ജോലി, അതിന് ഒരു നീക്കുപോക്ക് പറ്റില്ല മുരുകാ.. ഒരാളില്ലാതെ അവിടെ ശരിയാകില്ല.. " താടിക്കാരൻ ഗൗരവത്തോടെ പറഞ്ഞു. 


"അല്ലെങ്കിൽ ഒരു കാര്യം ചെയ്യ്. താൻ ശിവന്റെ കൂട്ടുകാരനല്ലേ.. അവൻ വരുന്നത് വരെ താൻ പകരക്കാരനായിട്ട് വാ.. " കണ്ണടക്കാരൻ ഒരു വഴി മുന്നോട്ടു വച്ചു. 


"അയ്യോ ! ഞാ...!!... ഇല്ല.. സാറെ എനിക്ക്... പറ്റൂല്ലാ...ഞാൻ വേറെ വേലക്ക് പോണയാ... പിന്നെ, എനിക്ക് ദയ്ര്യയമില്ല സാറെ.. " മുരുകൻ വെപ്രാളപ്പെട്ടു. 


"അപ്പോ കൂട്ടുകാരനു വേണ്ടി വക്കാലത്തു പറയാൻ വരണ്ട. ഒന്നുകിൽ അവൻ നാളെ വരണം. ഇല്ലേൽ അവൻ വരുന്നതു വരെ ഒരു പകരക്കാരൻ...പറ്റില്ലേൽ പുതിയ ആള് ജോലിക്ക് കേറും. " കണ്ണടക്കാരൻ ഉറച്ച സ്വരത്തിൽ പറഞ്ഞു കൊണ്ട് തിരിഞ്ഞു നടന്നു. ഒപ്പം തന്നെ താടിക്കാരനും.  


മുരുകൻ നിസ്സഹായനെപ്പോലെ നിന്നു. 


              ⬛️◼️◾️▪️⚫️▪️◾️◼️⬛️


"ഏൻ ചെക്കൻ ഈടന്ന് പോകാൻ കാരണം ഓള് ഒറ്റ ഒരുത്തീ..യ്യാ .... ഓള് നാശമായി പോകും... "


ശിവന്റെ അമ്മയുടെ ശാപവാക്കുകൾ കേട്ടു കൊണ്ട് നങ്കി കട്ടൻ കാപ്പിയുമായി മുരുകനും തങ്കത്തിനും അരികിലേക്ക് വന്നു. കാപ്പി അവർക്ക് നൽകി കൊണ്ട് അവൾ കട്ടളപ്പടിയിൽ ഇരുന്നു. 


"ഈനീപ്പോ എന്തോ ചെയ്യും നങ്കി. " തങ്കം കാപ്പി ഒരിറക്കു കുടിച്ചു കൊണ്ട് ചോദിച്ചു. 


"അറീല്ലക്കാ.. അപ്പന് മരുന്ന് വാങ്ങണം. വീട്ടില സാദനങ്ങളൊക്കെ തീര്ന്നു വരാ...രണ്ടീസത്തേക്കുള്ള അരിയേ ഒള്ള്.. "


"സിവൻ ഇതേട പോയേ. ചെക്കന് പ്രാന്തായാ.. "


"അടി മൂദേവി..ഏൻ ചെക്കന് പ്രാന്തൊന്നൂല്ലാ.. ഈള് ഒരുത്തിയാ ഓന്റെ നെല ഇങ്ങനാക്കിയേ.. " ശിവന്റെ അമ്മ ആക്രോശിച്ചു കൊണ്ട് പറഞ്ഞു 


"മൂദേവി നിങ്ങട...


"അക്കാ.. വേണ്ടാക്കാ.. " നങ്കി തങ്കത്തിന്റെ കൈയ്യിൽ കടന്നു പിടിച്ചു. 


"മിണ്ടാതിരുന്നാൽ സരിയാകൂല്ല നങ്കി. നീ കെടന്ന് കസ്ട്ടപ്പെടുന്നത് ഇത്തള്ള കാണുന്നില്ലേ. ഞാ ഒന്ന് സമസാരിക്കട്ടെ തള്ളയോട്. " തങ്കം കൂരക്കുള്ളിലേക്ക് കയറി. 


കൂരക്കുള്ളിലെ ഇരുട്ടിൽ നെലത്ത് പായ വിരിച്ചു കിടക്കുന്ന ശിവന്റെ അമ്മ ലക്ഷ്മിയെ തങ്കം കണ്ടു. അവൾ അവർക്കരികിലേക്ക് തല കുനിച്ചു. 

 

"പ്രാന്ത് നിങ്ങക്കാ ലച്ച്മീക്കാ. ആ പെണ്ണ് നിങ്ങക്ക് വേണ്ടി പെടുന്ന പാട് കാണാത്ത പ്രാന്ത്. സിവൻ ഏടയോ പോയേന് നിങ്ങ ആ പാവത്തിന്റെ നെഞ്ചത്തോട്ട് കേറുന്ന എന്നാത്തിനാ. ഓളെന്തു പിഴച്ചു..


അകത്തു തങ്കം സംസാരിക്കുന്ന നേരത്ത് നങ്കി ഒരു തീരുമാനത്തിൽ എത്തിയിരുന്നു. അവൾ മുരുകന്റെ മുഖത്തേക്ക് നോക്കി. 


"മുരുഗണ്ണാ.. ആ സാറമ്മാര് പറഞ്ഞത് പഗരം ആരേലും ജോലിക്ക് ചെന്നാ മതീന്നല്ലേ.."


"ആ നങ്കി അങ്ങനാ പറഞ്ഞേ "


"എങ്കി മുരുഗണ്ണാ ഞാൻ പോകാം... ഓരു വരുന്ന വരെ.. "


മുരുകൻ അന്ധാളിപ്പോടെ വാ പൊളിച്ചു. 


"നീ എന്താ പറേണെ നങ്കി. സിവന്റെ വേല എന്താന്ന് നെനക്കറിയ്യാമ്മേലേ. നല്ല  ദയ്ര്യയം ഒള്ളോർക്കേ പതിനായിരം വട്ടം ആലോജിക്കണം ആ വേലക്കു കേറാൻ. അപ്പളാ നീയ്യ്... "


"ഞാൻ പോകും മുരുഗണ്ണാ. ഓരു വരുന്ന വരെ വീട്ടു ചെലവു നോക്കണ്ടേ. അപ്പന് മരുന്ന് വാങ്ങണം. അരിയും സാധനങ്ങളും ഒക്കെ തീര്ന്നു.. എനിക്കിപ്പോ നല്ല ദയ്ര്യയമുണ്ട് അണ്ണാ. ഉയിരില്ലാത്ത മനുഷരല്ലേ അവ്ടെ കിടക്കുന്നെ. പഴിയും ശാപോം ഒന്നും കേൾക്കാതെ കൊറച്ചു നേരം ഇരിക്കാല്ലോ.. " നങ്കി യുടെ സ്വരം ഉറച്ചു നിന്നു. 


"എന്നാലും നങ്കി... പഗല് അവ്ടെ കാവല് നിക്കുന്നത് ആ മണിയനാ. രാത്തിരിയല്ലേ സിവന്റെ കാവല്. അപ്പോ സിവനു പഗരം ചെല്ലുന്നോരും ആ സമയത്ത് ചെല്ലണ്ടേ !"


"മ്മ്.... " നങ്കി ആലോചനയോടെ തലയാട്ടി.  "ആ സാറന്മാരോട് ചോയിച്ചാ പഗലാക്കി തരുവോ ജോലി "


അവൾ തീരുമാനിച്ചുറപ്പിച്ചു തന്നെ എന്ന് മുരുഗനു മനസ്സിലായി. 


"ഉച്ച കയിഞ്ഞ് നമ്മക്കൊന്നു  ആശ്പത്രീല് 

 പോകാം മുരുഗണ്ണാ " നങ്കി അപേക്ഷാ ഭാവത്തിൽ മുരുകനെ നോക്കി. 


"പോഗാം"


ഒരു  നിശ്വാസം നങ്കിയിൽ നിന്നും ഉണർന്നതും മുരുകൻ  നെടുവീർപ്പോടെ എണീറ്റു. 


                       ⬛️◼️◾️▪️◾️◼️⬛️


ശിവന്റെ അച്ഛന്റെ അനുമതിയും ആശീർവാദവും വാങ്ങി നങ്കി, മുരുകനൊപ്പം ഭർത്താവിന്റെ ജോലി സ്ഥലമായ മരിയ മെമ്മോറിയൽ ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടു. ശിവന്റെ അമ്മ ഇറങ്ങുമ്പോഴും കുത്തുവാക്കുകളും ശാപ വചനങ്ങളും മുഴക്കി കൊണ്ടിരുന്നു. എന്നിട്ടും അവരുടെ കാലിൽ തൊട്ടു കുമ്പിട്ടു പ്രാർത്ഥനയോടെയാണ് അവൾ വീട്ടിൽ നിന്നും ഇറങ്ങിയത്.. 


തുടരും...... 


✍️വർണ്ണാഭമായ കഥയൊന്നുമല്ല... ഇതൊരു പെണ്ണിന്റ കഥയാണ്. നങ്കിയുടെ കഥ... അഭിപ്രായം കുറിച്ചേക്കണെ....




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ