©️ Copyright Protected
✍️
............
ശിവന്റെ അച്ഛന്റെ അനുമതിയും ആശീർവാദവും വാങ്ങി നങ്കി, മുരുകനൊപ്പം ഭർത്താവിന്റെ ജോലി സ്ഥലമായ മരിയ മെമ്മോറിയൽ ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടു. ശിവന്റെ അമ്മ ഇറങ്ങുമ്പോഴും കുത്തുവാക്കുകളും ശാപ വചനങ്ങളും മുഴക്കി കൊണ്ടിരുന്നു. എന്നിട്ടും അവരുടെ കാലിൽ തൊട്ടു കുമ്പിട്ടു പ്രാർത്ഥനയോടെയാണ് അവൾ വീട്ടിൽ നിന്നും ഇറങ്ങിയത്.
അവളുടെ കൈയ്യിൽ ഒരു കവർ നെഞ്ചോടു ചേർത്ത് പിടിച്ചിരുന്നു. അതിലെന്താണെന്നൊന്നും മുരുകൻ ചോദിച്ചില്ല. ഒന്നും മിണ്ടാതെ പറയാതെ അയാൾ മുമ്പേ നടന്നു. പിന്നാലെ നങ്കിയും.
ഗേറ്റ് കടന്ന് ആശുപത്രി മുറ്റത്തേക്ക് കയറി മുരുകൻ തിരിഞ്ഞു നോക്കി. നങ്കി അയാൾക്കരികിലേക്ക് നടന്നു വന്നു നിന്നു.
"എന്താ മുരുഗണ്ണാ "
"ആ സാറന്മാര് ദേച്ചിച്ച് എന്തേലും പറഞ്ഞാ നീ കരയ്യ ഒന്നും ചെയ്യരുത് കേട്ടാ നങ്കി. "
"മ്മ്... "
""സരി വാ "
മുരുകനൊപ്പം അവൾ മുന്നോട്ടു നടന്നു.
ആശുപത്രി വരാന്തയിലേക്ക് കയറിയപ്പോഴേ കണ്ടു, രാവിലെ വന്ന സാറുന്മാരിലെ താടിക്കാരനെ. അയാൾ വരാന്തയുടെ അങ്ങേ വശത്തു നിന്നും നടന്നു വരുന്നു. മുരുകൻ നങ്കിയുടെ കാതോരം പറഞ്ഞു ;
"ആ സാറ് പാവമാ നങ്കി. മറ്റേ കണ്ണാടിക്കാരനേക്കാളും. നമ്മ ഭാഗ്യയം ആ സാറിന തന്ന കണ്ടേ... "
"ഉം..." നങ്കി മൂളി കേട്ടു.
⬛️◼️◾️▪️◾️◼️⬛️
നടന്നടുത്തെത്താറായപ്പോഴാണ് താടിക്കാരൻ അവരിരുവരെയും കണ്ടത്. ഭവ്യതയോടെ കൈ കൂപ്പി നിൽക്കുന്ന രണ്ടു രൂപങ്ങൾ. അമ്പരപ്പോടെ അയാൾ അവർക്ക് മുന്നിലേക്ക് നടന്നു വന്നു നിന്നു.
"സാറേ ഇത് നങ്കി. സിവന്റെ പെണ്ണ് "
"മനസ്സിലായി. രാവിലെ കണ്ടതല്ലേ. എന്തുപറ്റി.. ശിവന്റെ ജോലിക്കാര്യം ആണെങ്കിൽ, അയാള് വരുകയെന്നല്ലാതെ മറ്റൊരു വഴി ഇല്ല "
"അത് സാറേ.. ഞങ്ങ വന്നത്.. നങ്കി പറേന്നെ സിവൻ വരിന്ന വരെ ഓന്റെ വേല... അത് പിന്നെ.. സാറന്മാര് രാവിലെ പറഞ്ഞില്ലേ പഗരക്കാരെ ആരേലും കൊണ്ടരാൻ.. " മുരുകൻ എങ്ങനെ പറയണം എന്നറിയാതെ കുഴങ്ങി.
"ഹാ അതെ. ആരെയെങ്കിലും കിട്ടിയോ? "
"അത് സാറേ. നങ്കി പറേന്നെ ഓള് വരാന്നാ. സിവൻ വരിന്ന വരെ പഗരം ആയിട്ട്.. "
"വാട്ട് !!! ആർ യൂ ജോക്കിങ്ങ്... " താടിക്കാരൻ ഇരുവരെയും അതിശയ ഭാവത്തിൽ നോക്കി. പിന്നെ പെട്ടെന്ന് തന്റെ പ്രതികരണത്തിലുള്ള അവരുടെ അജ്ഞതയോർത്ത് സോറി പറഞ്ഞു.
"തമാശയല്ല സാർ.. കാര്യായിട്ട് തന്നെയാ.. " നങ്കി യുടെ സ്വരം ഉണർന്നു.
താടിക്കാരൻ ആശ്ചര്യത്തോടെ അവളെ നോക്കി. അയാളുടെ മുഖത്തു വിരിഞ്ഞ അതിശയം തിരിച്ചറിഞ്ഞു കൊണ്ട് മുരുകൻ ചിരിച്ചു.
"നങ്കി പള്ളിക്കൂടത്തിൽ പഠിച്ചിട്ടുണ്ട് സാറേ. ഓൾക്ക് ഇങ്ക്ലീസ് ഒക്കെ അറിയാം"
"റിയലി... !!!!... "
"മ്മ്... സാറിന് പറഞ്ഞു കൊട നങ്കി"
"ഓരു വരുന്ന വരെ. ആ ജോലി ഞാൻ ചെയ്യാം സാർ.. ആ ജോലി പോയാ പിന്നേ... " നങ്കി അപേക്ഷയോടെയും പ്രതീക്ഷയോടെയും അയാളെ നോക്കി.
അപ്പോഴും ആശ്ചര്യം വിടാതെ താടിക്കാരൻ അവളെത്തന്നെ ഉറ്റുനോക്കി നിന്നു.
"നീ എത്തറ വരെ പഠിച്ചിട്ടൊണ്ടൊന്നൊക്കെ പറ നങ്കി.. "
ഒന്നും മിണ്ടാതെ നങ്കി മുരുകനെ നോക്കി.
"എന്താ വിക്ടർ.. എന്തുപറ്റി? "
മൂവരും ചോദ്യമുയർന്നിടത്തേക്ക് നോക്കി. രാവിലെ കണ്ട കണ്ണടക്കാരനെ കണ്ടതും മുരുകൻ പരുങ്ങി. താടിക്കാരനെപ്പോലെയല്ല കണ്ണടക്കാരൻ. ആളിച്ചിരി ദേഷ്യക്കാരനാ. മുരുകൻ എന്തിനോ സകല ദൈവങ്ങളെയും മനസ്സിൽ വിളിച്ചു കൂട്ടി.
"അച്ചായാ ഇത് ആ ശിവന്റെ വൈഫാണ്. ഇവര് ആ ജോലിക്കാര്യം സംസാരിക്കാൻ വന്നതാ. " വിക്ടർ എന്ന് കണ്ണടക്കാരൻ വിളിച്ച താടിക്കാരൻ പറഞ്ഞു.
"ഓ..എന്താ ഇയാൾ ജോലി ഏറ്റെടുക്കാൻ തയ്യാറായോ? "
"ഏയ്.. ജോലിക്ക് പകരം ആളെക്കൊണ്ട് വന്നതു തന്നാ. പക്ഷേ മുരുകൻ അല്ല "
"പിന്നെ !"
"ശിവൻ മടങ്ങി വരുന്നതു വരെ ദാ ശിവന്റെ വൈഫ് അയാൾക്ക് പകരക്കാരനായി ജോലി ചെയ്യാമെന്ന് "
കണ്ണടക്കാരൻ നെറ്റി ചുളിച്ചു. ആയാൾ നങ്കി യുടെ മുഖത്തേക്ക് കണ്ണു കൂർപ്പിച്ചു.
തല കുനിച്ചു നിൽക്കുന്ന മുരുകന് സമീപം നങ്കി തല ഉയർത്തി കണ്ണിമയ്‌ക്കാതെ അയാളിൽ പ്രതീക്ഷ അർപ്പിച്ചു നിന്നു.
"ശിവന്റെ ഡ്യൂട്ടി രാത്രി ആയിരുന്നു. ആ സമയത്തേ പകരക്കാരനായി വരുന്ന ആൾക്കും നിൽക്കാൻ പറ്റൂ " കണ്ണടക്കാരൻ ഓർമപ്പെടുത്തി.
"അറിയാം സാർ. എനിക്ക് കൊഴപ്പോയില്ല " നങ്കി യുടെ സ്വരം ഉറച്ചു നിന്നു.
"മ്മ്... പേടിയില്ലെന്ന് അർത്ഥം "
"ഉയിരില്ലാത്ത മനുഷർക്കല്ലേ അവ്ടെ കാവലിരിക്കണ്ടേ പേച്ചും മൂച്ചും ഒള്ള മനുഷന്മാർക്കല്ലല്ലോ...പിന്നെന്തു പേടിക്കാനാ സാറെ... "
നങ്കി യുടെ വാക്കുകളിൽ വിസ്മയം പൂണ്ട് വിക്ടർ കണ്ണു മിഴിച്ചു. കണ്ണടക്കാരൻ ചിരി തൂകി തല കുലുക്കി.
"തിരിച്ചറിയൽ രേഖേടെ ഒരു കോപ്പി ഓഫീസിൽ ഏൽപ്പിച്ച് രജിസ്റ്ററിൽ പേരെഴുതി ഒപ്പിട്ട് ഇന്ന് വൈകിട്ട് തൊട്ടുള്ള ഡ്യൂട്ടിക്ക് തന്നെ കേറിക്കോ. പിന്നെ ആ മണിയനോട് ഞാൻ പറഞ്ഞേക്കാം. അവൻ ജോലീടെ രീതിയൊക്കെ പറഞ്ഞു തരും.. "
" പക്ഷേ അച്ചായാ..." വിക്ടർ സന്ദേഹത്തോടെ വിളിച്ചു.
"എന്താടാ? "
"മോർച്ചറീടെ കാവൽ എന്നൊക്കെ വെച്ചാൽ... വേറെന്തെങ്കിലും ജോലി -"
"- വേണ്ട സാർ. എനിക്ക് ഓരുടെ ജോലി തന്നെ മതി. പഗരം വേറാരേലും വന്നാ....ഇല്ലാ.. ഓര് തിരിച്ചു വരുമ്പോ ഈ വേല വേണം സാർ...." നങ്കി കൈ കൂപ്പി നിന്നു.
കണ്ണടക്കാരൻ വിക്ടറിനെ നോക്കി ചിരിച്ചു ;
"അങ്ങ് എവറെസ്റ്റിൽ മാത്രല്ല, ചന്ദ്രനിൽ വരെ പെണ്ണുങ്ങളു കയറി. പിന്നാണോ വിക്ടറേ ഒരു മോർച്ചറിയുടെ മുന്നിലിരിക്കാൻ ആലോചിക്കേണ്ടേ.. " അയാൾ തിരിഞ്ഞു നങ്കി യെ നോക്കി ;
"നിന്റെ ഭർത്താവ് വരുന്ന വരെ നീ ജോലിക്കു വരുവാണേൽ നൂറു രൂപ അധികം നിനക്ക് ശമ്പളം തരും. എന്തായാലും ഇന്ന് നിന്ന് നോക്ക്. പേടി പിടിക്കുന്നുണ്ടോ ഇല്ലയോ എന്ന് നാളെ അറിയാല്ലോ. മ്മ്.. ചെല്ല്.. ദോ അതാ ഓഫീസ് " അയാൾ വരാന്തയുടെ അങ്ങേ തലയ്ക്കലെ മുറി ചൂണ്ടി കാട്ടി.
"നിങ്ങള് നടന്നോ ഞാൻ അങ്ങോട്ട് വരാം " വിക്ടർ മുരുകനോടായി പറഞ്ഞു.
തല കുലുക്കി കൊണ്ട് ഇരുവരും നടന്നു നീങ്ങി.
"അച്ചായാ.. "
"ആ പെണ്ണിന്റ കണ്ണിൽ നല്ല ദൃഡനിശ്ചയമുണ്ട്. അവൾക്കത്ര ധൈര്യമുണ്ടേൽ പിന്നെ നമ്മളെന്തിനാ പിന്തിരിപ്പിക്കുന്നേ. എന്തായാലും ഇന്നത്തേക്ക് ഒരു കാവൽക്കാരൻ.. അല്ല കാവൽക്കാരിയെ കിട്ടിയില്ലേ.. " ചിരിച്ചു കൊണ്ട് വിക്ടറിന്റെ ചുമലിൽ ഒന്നു തട്ടി അയാൾ നടന്നകന്നു.
⬛️◼️◾️▪️◾️◼️⬛️
തുടരും......

അടുത്ത ഭാഗം എന്താ late ആക്കുന്നത്
മറുപടിഇല്ലാതാക്കൂ