.........................
മൂന്നര വർഷം.....ഓർത്തു നോക്കുമ്പോൾ, കണ്ണടച്ച് തുറക്കുന്ന വേഗമായിരുന്നില്ല ഈ കാലയളവിനെങ്കിലും, ഇടം വലം ഗൗനിക്കാതെ ഓടിത്തീർത്ത ഒരു മാരത്തോൺ പോലെയാണ് നിരഞ്ജന് അനുഭവപ്പെട്ടത്.
നാട്ടിൽ നിന്നും കാനഡയിലേക്കുള്ള യാത്ര ജീവിതത്തെ പ്രതീക്ഷിക്കാത്ത വഴിത്തിരിവിൽ കൊണ്ടെത്തിക്കുമെന്ന് അവൻ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല.
സർജറിക്കു മുമ്പും ശേഷവുമായി ആറു മാസം തോമസ് ഡോക്ടറുടെ വീട്ടിൽ ഒരംഗത്തെ പോലെ താമസം. ഔദ്യോഗിക ജീവിതത്തിന്റെ തിരക്കുകളിൽ മുഴുകിയ ഡോക്ടർ, സ്വന്തം വീട്ടിൽ സൃഷ്ടിച്ച അഭാവത്തിലേക്കാണ് നിരഞ്ജൻ ചെന്നു കയറിയത്.
അദ്ദേഹത്തിന്റെ തളർവാതം ബാധിച്ച അമ്മയ്ക്ക് മറ്റൊരു മകനായും, ഭാര്യയ്ക്ക് സഹോദരനായും മക്കൾക്ക് നല്ലൊരു കളിക്കൂട്ടുകാരനായും ലഭിച്ച തസ്തിക ശരിക്കും ആസ്വദിച്ച ആറു മാസം. വിജയകരമായ സർജറിക്കു ശേഷമുള്ള വിശ്രമത്തിനുമൊടുവിൽ നാട്ടിലേക്ക് തിരിച്ചു പോകാൻ തയ്യാറെടുത്തപ്പോൾ സ്നേഹപൂർവമായി തടഞ്ഞ കുടുംബത്തോട് യാത്ര പറഞ്ഞിറങ്ങിയത് നന്നേ ക്ളേശപ്പെട്ടാണ്.
തോമസ് ഡോക്ടർ വച്ചു നീട്ടിയ ജോലിക്ക് ഒരു ചെറിയ കാലതാമസം ആവശ്യപ്പെട്ടത്, നാട്ടിലെത്തി അമ്മയെയും ചേച്ചിയെയും കണ്ട് വിധിയെ മറികടന്ന സന്തോഷം പങ്കു വെക്കുവാൻ മാത്രമായിരുന്നില്ല, ഗൗരി..... അവളെ കാണണമെന്ന അതിയായ മോഹം ചിന്തകളെ അലോസരപ്പെടുത്താൻ തുടങ്ങിയത് കൊണ്ടു കൂടിയാണ്.
മടങ്ങി വരുമെന്ന് വാക്ക് നൽകി ഡോക്ടർക്കൊപ്പം വിമാനത്താവളത്തിലേക്ക് പുറപ്പെട്ടപ്പോൾ അറിഞ്ഞിരുന്നില്ല ആ കുടുംബത്തിലേക്കുള്ള തിരിച്ചു പോക്കിന് മണിക്കൂറുകളുടെ താമസമേ ഉണ്ടായിരുന്നുള്ളൂ എന്ന്.
എയർപോർട്ടിലേക്ക് അര കിലോമീറ്റർ ശേഷിക്കേ കാത്തിരുന്ന ദുരന്തം തോമസ് ഡോക്ടറുടെ ജീവൻ മാത്രമല്ല കവർന്നത് അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ആത്മാവ് കൂടിയായിരുന്നു. ഡോക്ടറുടെ അമ്മയുടെ ശരീരത്തിന്റെ തളർച്ച അവരുടെ മനസ്സിനെക്കൂടി കീഴ്പ്പെടുത്തി. അദ്ദേഹത്തിന്റെ ഭാര്യയ്ക്കേറ്റ ആഘാതമായിരുന്നു കഠിനം. മനോനില നഷ്ടപ്പെട്ട അവസ്ഥയിൽ സ്വന്തം കുട്ടികളെപ്പോലും അവർ മറന്നു. കുട്ടികളാകട്ടെ ഏതോ തുരുത്തിൽ ഒറ്റപ്പെട്ട പോലെയും.
പെട്ടെന്നൊരു തിരിച്ചുപോക്ക് അസാധ്യമെന്ന് തിരിച്ചറിഞ്ഞ ദിവസങ്ങൾ. അപകടത്തിൽ നിന്ന് തല നാരിഴക്ക് രക്ഷപെട്ടത് ദൈവനിയോഗം പോലെയാണ് തോന്നിയത്. ആറു മാസം ആ വീട്ടിൽ വഹിച്ചിരുന്ന താത്കാലിക സ്ഥാനം അവനിലേക്ക് വീണ്ടും എത്തപ്പെട്ടു. കാണണമെന്ന അമ്മയുടെ മോഹത്തെപ്പോലും നീട്ടിവെച്ചു കൊണ്ട് മൂന്നരക്കൊല്ലം....ഡോക്ടറിനു വേണ്ടി.. അദ്ദേഹത്തിന്റെ എല്ലാമെല്ലാമായ കുടുംബത്തിനു വേണ്ടി..
ഡോക്ടർ തോമസിനോടുള്ള കടപ്പാട് എന്നിട്ടും ശേഷിക്കുന്ന പോലെ. അദ്ദേഹത്തിന്റെ ഭാര്യ സാധാരണ ജീവിതത്തിലേക്ക് മടങ്ങി വന്ന നാൾ, വീണ്ടുമാ വീട്ടിൽ ആർത്തനാദം മുഴങ്ങി. അനാഥയായ അന്യമതക്കാരിയെ ജീവിതത്തിലേക്ക് കൈ പിടിച്ചു കയറ്റിയ തോമസ് എന്ന മനുഷ്യനായിരുന്നു റംസിയ എന്ന വീട്ടമ്മയുടെ ലോകം. ഓർമ്മകളിൽ കുഴഞ്ഞു വീണ് ആ പാവം അലമുറയിട്ടു.
സ്വയം പ്രാപ്തരായി മാറിയ ഡോക്ടറുടെ മക്കൾ അച്ഛന്റെ നന്മയെ പിന്തുടരുന്നവരാണെന്ന് മനസ്സിലാക്കിയ നിമിഷം നാട്ടിലെ പ്രിയപ്പെട്ടവർക്കിടയിലേക്ക് തിരിച്ചു പോകാൻ നിരഞ്ജൻ തീരുമാനിച്ചു. പക്ഷേ, വിധി വീണ്ടും അവനെ തടഞ്ഞു. ഡോക്ടറുടെ അമ്മയുടെ വിയോഗത്തിന്റെ രൂപത്തിൽ. ഒന്നര മാസം വീണ്ടും....
മൂന്നരക്കൊല്ലത്തെ ജീവിതത്തിലൂടെ മനസ്സിനെ ഒന്ന് പിൻ ചലിപ്പിച്ച് നിരഞ്ജൻ നിശ്വസിച്ചു. നഷ്ടമൊന്നുമുണ്ടായിട്ടില്ല. ഡോക്ടർ വെച്ചു നീട്ടിയ ജോലി സ്വീകരിച്ച് സ്വന്തം കുടുംബത്തിനു വേണ്ടി സമ്പാദിച്ചിട്ടുണ്ട്. ചേച്ചിയുടെ കല്യാണത്തെക്കുറിച്ചോർത്ത് ഇപ്പോ ആവലാതിയും ഇല്ല.
നഷ്ടങ്ങളൊക്കെയും ഡോക്ടർ തോമസിനാണ് ഉണ്ടായത്. സ്വന്തം ജീവൻ പോലും.... പ്രതീക്ഷ നഷ്ടപ്പെട്ട ജീവിതത്തിൽ നിന്നും എന്നെ കൈ പിടിച്ചു കയറ്റിയ മനുഷ്യൻ.... ' നിരഞ്ജന്റെ കൺകോണുകൾ നനഞ്ഞു.
ഡോക്ടറുടെ ഭാര്യയോടും മക്കളോടും യാത്ര പറഞ്ഞിറങ്ങവേ അവൻ മൂകനായി. വിമാനത്താവളത്തിലേക്ക് ഒപ്പം വരാമെന്നുള്ള അദ്ദേഹത്തിന്റെ മക്കളുടെ അഭിപ്രായത്തെ സ്നേഹപൂർവം നിരസിച്ചു. ടാക്സിയിലേക്ക് കയറും മുമ്പ് ഒരിക്കൽ കൂടി ആ വീട്ടിലേക്ക് നോക്കി. അമ്മയ്ക്കും മക്കൾക്കും പിന്നിൽ ഡോക്ടറും അദ്ദേഹത്തിന്റെ അമ്മയും കൈ വീശി യാത്രയയപ്പ് നൽകി നിൽക്കുന്നതായി അവന് തോന്നി. നൊമ്പരത്തോടെ തലയാട്ടി യാത്ര പറഞ്ഞ് നിരഞ്ജൻ ടാക്സിയിലേക്ക് കയറി.
🖤
നാട്ടിലേക്ക് തിരിക്കാൻ തീരുമാനമെടുത്ത് രണ്ടു ദിവസം കഴിഞ്ഞപ്പോഴാണ്, സലിം സാറിന്റെ വിളി വന്നത്. വിദ്യാർത്ഥികൾക്കൊക്കെ പ്രിയങ്കരനായ സാറിന്റെ റിട്ടയർമെന്റിനോടനുബന്ധമായി ആ പഴയ കെമിസ്ട്രി ബാച്ചിന്റെ ഒരു റീ യൂണിയൻ സംഘടിപ്പിച്ചിരിക്കുന്നുവെന്ന്.
സാറിനായിരുന്നു ഞങ്ങളുടെ ക്ലാസ്സിന്റെ ചുമതല. മഹേഷിന്റെതാകും റീ യൂണിയനു പിന്നിലെ തല. 'സാറിന്റെ വിരമിക്കൽ ഞങ്ങൾ അവിസ്മരണീയമാക്കും... ' ഒരിക്കൽ ക്ലാസ്സിൽ വച്ച് അവൻ പ്രഖ്യാപിച്ചിരുന്നു. പിന്നീടങ്ങോട്ടുള്ള ദിവസങ്ങളിൽ എന്നോ നടക്കേണ്ടുന്ന സാറിന്റെ റിട്ടയർമെന്റായിരുന്നു അവന്റെ ചിന്തകളിൽ പോലും...
'ഗൗരി.. ' നിരഞ്ജന്റെ മനസ്സ് പെട്ടെന്ന് തുടിച്ചു. അവളെപ്പറ്റി യാതൊരു വിവരവും അവനറിയുമായിരുന്നില്ല. അന്വേഷിച്ചിരുന്നില്ല എന്നത് മറ്റൊരു സത്യം. അല്ലെങ്കിൽ, ആരോടന്വേഷിക്കണമെന്ന് അവന് ഗ്രാഹ്യമില്ലായിരുന്നു....റീ യൂണിയന്റെ അന്ന് ഗൗരിയെ കാണാം.. അവളറിഞ്ഞിട്ടുണ്ടാകുമോ എന്റെ കാഴ്ചയെ ബാധിക്കാനിരുന്ന ഗ്രഹണത്തെ തോൽപ്പിച്ച കഥ. എന്നെപ്പറ്റി അവളന്വേഷിച്ചിരിക്കണം ആരോടെങ്കിലും.... എനിക്കല്ലേ ഒന്നും സാധ്യമാകാതെ പോയത്.
ഗൗരിയുടെ മുഖം ഓർത്തു കൊണ്ട് നിരഞ്ജൻ പുഞ്ചിരിച്ചു. ഫ്ലൈറ്റിനുള്ളിലുള്ളതിനേക്കാൾ കുളിർമ നിരഞ്ജന്റെ മനസ്സിനെ പൊതിഞ്ഞു. നാട്ടിലെത്തിയാൽ ആദ്യം കാണണമെന്ന് കൊതിച്ചിരുന്ന മുഖം. ഇനി നേരിട്ടുള്ള കാഴ്ച അന്നാകട്ടെ, സലിം സാറിന്റെ റിട്ടയർമെന്റ് നാളിൽ. അവന്റെ ചുണ്ടിൽ വീണ്ടും ചിരി നിറഞ്ഞു.
🖤
വിമാനത്താവളത്തിൽ നിന്നും പുറത്തേക്കിറങ്ങി നിരഞ്ജൻ ചുറ്റും നോക്കി. ഇവിടേക്കുള്ള ആദ്യ പ്രവേശനം നടന്നത് മൂന്നരക്കൊല്ലം മുമ്പായിരുന്നു. അന്ന് കണ്ടതിൽ നിന്നും ഒരു മാറ്റവും ഉണ്ടായിട്ടില്ല.
മൂന്നരക്കൊല്ലം അതൊരു വലിയ അകലമായി നിരഞ്ജന് തോന്നിയില്ല. ആ വിശ്വാസം ഉള്ളത് കൊണ്ടാണ് ഗൗരിയെ കാണാനും മനസ്സ് വെമ്പുന്നത്. ഗൗരിയുടെ മനസ്സിനും മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടാകില്ല എന്നതാണ് അവന്റെ വിശ്വാസം... പ്രതീക്ഷ..
വർണ്ണങ്ങൾ മാഞ്ഞു തുടങ്ങിയ അവന്റെ മനസ്സിലേക്ക് പ്രതീക്ഷ നഷ്ടപ്പെടാത്ത ജീവിതത്തിന്റെ ചിത്രങ്ങൾ കോറിവരച്ചിട്ടത് ഗൗരിയാണ്. അവൾ തന്നെ എല്ലാം മറക്കുമോ... ഇല്ല, ഒരിക്കലുമില്ല... ' നിരഞ്ജൻ ഉറച്ച വിശ്വാസം കലർന്ന നെടുവീർപ്പിട്ടു.
🖤
(തുടരും)

😍😍👌🏼👌🏼❤️❤️
മറുപടിഇല്ലാതാക്കൂ