2020 ഓഗസ്റ്റ് 10, തിങ്കളാഴ്‌ച

അറവാണി [ഭാഗം -4️⃣]

©️ Copyright Protected 

............ 

      പഴയനടി പത്മിനിയോടുള്ള ആരാധനയിലാണ് ശെൽവരാഘവൻ എന്ന പയ്യൻ തന്നിലുള്ള സ്ത്രെെണത പുറത്തു കൊണ്ടുവന്നപ്പോൾ പേര് പത്മിനി എന്നാക്കിയത്. പത്മിനി മാത്രമല്ല, മാധുരി എന്ന പേരിനു പിന്നിലും ഒരു നടിയോടുള്ള ആരാധനയുണ്ട്.  

      ശ്രീബാല സ്വന്തം പേര് മനസ്സിൽ പറഞ്ഞു. 'ശ്രീബാല' ! എന്ത് പ്രത്യേകതയാണ് എന്റെ പേരിനുള്ളത്..? എന്തൊക്കെയോ, ആരൊക്കെയോ ഓർമയിൽ നിറഞ്ഞതു പോലെ വിഷാദഛായ കലർന്ന ഒരു പുഞ്ചിരി അവളുടെ ചുണ്ടിൽ വിടർന്നു. 

       നാവിക ഉദ്യോഗസ്ഥനായ ബാലകൃഷ്ണന്റെയും സ്കൂളധ്യാപികയായ ശ്രീദേവിയുടെയും നാലുമക്കളിൽ മൂന്നാമനായ കിഷോർ, അമ്മയുടെ കിച്ചു ശ്രീബാലയായത് അപ്രതീക്ഷിതമായിട്ടായിരുന്നോ ? രണ്ടാൺകുട്ടികൾക്കു ശേഷം മൂന്നാമതൊരു പെൺകുഞ്ഞിനായ് ആഗ്രഹിച്ചവർക്ക് ഈശ്വരൻ വീണ്ടും നൽകിയത് ഒരാൺകുഞ്ഞിനെ. പ്രതീക്ഷകളും ആഗ്രഹങ്ങളും തകർത്ത കുഞ്ഞിനെ വെറുക്കാതെ അവഗണിക്കാതെ,  ഒരു മകനു നൽകേണ്ട സ്നേഹം ഏറ്റക്കുറച്ചിലുകളില്ലാതെ നൽകിയ  അച്ഛനും അമ്മയ്ക്കും മൂന്നു വർഷത്തിനു ശേഷം അവർ കാത്തിരുന്ന പെൺകുഞ്ഞിനെ ത്തന്നെ ഈശ്വരൻ കനിഞ്ഞു നൽകി. 

         ശ്രീബാല പുറത്തേക്ക് നോക്കി. പ്രകൃതിയെ പുതച്ചു നിൽക്കുന്ന ഇരുട്ട് കാഴ്ചകളെ മൂടി മറച്ചിരിക്കുന്നു. ഒഴുകിയെത്തിയ കാറ്റ് മുടിയിഴകളെ ഇളക്കി പറത്തി കടന്നുപോയി. നെറ്റിയിലേക്കു തെറിച്ചു  വീണ മുടിയിഴകൾ ഒതുക്കുവാനായ് കൈ ഉയർത്തിയതും കൈയിൽ നിറഞ്ഞു കിടന്ന കുപ്പിവളകൾ ആരവം പോലെ ശബ്ദമുണ്ടാക്കി. വലതു കൈത്തണ്ടയിൽ പച്ചകുത്തി തെളിഞ്ഞിരിക്കുന്ന അക്ഷരങ്ങളിൽ അവളുടെ മിഴി പതിഞ്ഞു.  'ശ്രീബാല' അമ്മയുടെയും അച്ഛന്റെയും പേരുകളിൽ നിന്നും ഉരുത്തിരിച്ച്,  കാത്തിരുന്ന മകൾക്കായ് ഓമനിച്ചിട്ട പേര്. 

        ഒരു ജന്മത്തിൽ തന്നെയുള്ള ഈ മറുപിറവിയിൽ, മറച്ചുവെച്ച  വ്യക്തിത്വം ജീവൻ വെച്ച് വെളിച്ചത്തിലേക്ക് വന്നപ്പോൾ അനുവാദം ചോദിക്കാതെ, അധികാരമായി നേടിയെടുത്തത് പേര് മാത്രമായിരുന്നു. കിഷോറിൽ നിന്ന് ശ്രീബാലയിലേക്ക് ഒരു ചുവടുപോലും ദൂരമുണ്ടായിരുന്നില്ല. പുതിയ ജീവിതത്തിൽ എല്ലാം സ്വയം തീരുമാനിച്ചു. 

                                    🔶

                                                (തുടരും)



2 അഭിപ്രായങ്ങൾ: