2020 സെപ്റ്റംബർ 4, വെള്ളിയാഴ്‌ച

അറവാണി [ഭാഗം -1️⃣1️⃣]

  

©️Copyright Protected 

.................

       "വാഴ്ത്തു... അഭിനന്ദനങ്ങൾ... " നടന്നു വന്നു നിന്നതും കിച്ചാമണി മുഖവുരയൊന്നും കൂടാതെ പറഞ്ഞു. 

   എന്തിനെന്ന ചോദ്യഭാവമുണരും മുമ്പേ അയാൾ കാര്യവും വ്യക്തമാക്കി 

     "ഈ വർഷത്തെ മിസ് കൂവാഗമല്ലേ. ഇയാൾടെ റാംപിലേക്കുള്ള ആദ്യ വരവിൽത്തന്നെ ഞാനുറപ്പിച്ചു. ഈ വർഷത്തെ സുന്ദരിപ്പട്ടം കേരളത്തിലേക്ക് ഈ മലയാളി സുന്ദരി കൊണ്ടു പോകുമെന്ന് "

    മറുപടിയൊന്നും പറയാതെ ശ്രീബാല നിന്നു. 

     "ഹോ, മറന്നു, എന്നെ പരിചയപ്പെടുത്തിയില്ല അല്ലേ ?  അതാണോ ശ്രീബാലയുടെ മുഖത്തീ അമ്പരപ്പ്. ശരി ഞാൻ -

       " - കിച്ചാമണി.... " അവൾ പെട്ടെന്ന് പറഞ്ഞു. പിന്നെ ഒരു മത്സരത്തിൽ വിജയിച്ച ഭാവത്തിൽ മെല്ലെ പുഞ്ചിരിച്ചു. 

    അവൾ പ്രതീക്ഷിച്ച അമ്പരപ്പോ അത്ഭുതമോ ഒന്നും തന്നെ കിച്ചാമണിയുടെ മുഖത്തുണ്ടായില്ല. പകരം, സ്വതവേയുള്ളതെന്ന പോലെ ഒരു ചിരി മായാതെ നിഴലിച്ചു. 

     "അപ്പൊ ലൈലാക്ക എന്നെപ്പറ്റിയും പറഞ്ഞുവല്ലേ. ഉം.... അങ്ങനെയെങ്കിൽ ഇനി ശ്രീബാലയെപ്പറ്റി പറയ്യ്. ഞാനുമറിയട്ടെ "

    "ഞാൻ പറഞ്ഞറിഞ്ഞതിനേക്കാളേറെയാണോ? " ലൈലയുടെ ശബ്ദം അവർക്കിടയിലേക്ക് വിന്യസിച്ചു. "ഇവിടെ നിന്നു സംസാരിച്ചു തന്നെ എല്ലാം പറഞ്ഞു തീർക്കണോ? "

   ശ്രീബാല അത്ഭുതത്തോടെ ലൈലയെ നോക്കി.  " എന്നെപ്പറ്റി ലൈലാക്ക എപ്പോ....? "

  ലൈലയും കിച്ചാമണിയും ചിരിച്ചു കൊണ്ട് പരസ്പരം നോക്കി. 

     "ഇവന്റെ കഥ നിന്നോട് പറഞ്ഞതിനു ശേഷം, ഉത്സവക്കാഴ്ച കാണാൻ ഞാനിറങ്ങിയപ്പോഴാ ആള് എന്റെ കൂടെ കൂടിയത്. പേരിനൊരു വിശേഷം ചോദിക്കലൊക്കെ നടത്തി നേരേ നിന്നെപ്പറ്റിയുള്ള അന്വേഷണത്തിലാ ആ കണ്ടുമുട്ടല് ചെന്നെത്തിയത്..

     .... ലൈലാക്കയോട് സംസാരിച്ചു നിന്ന കുട്ടിയേതാണെന്ന്. ഞാനൊരു ചെറിയ വിശദീകരണവും കൊടുത്തു. നിന്നെക്കുറിച്ച് ഇവനും അറിയട്ടെയെന്നു കരുതി. പക്ഷേ, നിന്നോട് ഇവനെപ്പറ്റി പറഞ്ഞതു പോലെ ഒരുപാടൊന്നും പറഞ്ഞിട്ടില്ല... "

     "ഒരു മലയാള സൗഹൃദം കൂവാഗത്തുരുവാകട്ടെ ലൈലാക്ക " കിച്ചാമണി മന്ദഹസിച്ചു.  അയാളുടെ കണ്ണുകൾ ശ്രീബാലയുടെ കണ്ണുകളിൽ കോർത്തുടക്കി. 

     "രാവിങ്ങനെ നീണ്ടു പോകില്ല " ലൈല എന്തോ ഓർമപ്പെടുത്തും പോലെ പറഞ്ഞു.  

     "ബാല ഇവിടെ പുതിയതാ. പക്ഷേ നീ അങ്ങനെയല്ല "

      "ശ്രീബാലയ്ക്ക് ഈ നാട് പുതിയതായിരിക്കാം. ഒപ്പം ഇവിടുത്തെ ആചാരങ്ങളും വിശ്വാസങ്ങളും. പക്ഷേ ഇന്നാട്ടുകാരനായിട്ടും ഈ ആചാരങ്ങളൊക്കെ എനിക്കും അന്യമായിരുന്നു ഇന്നുവരെ. ഇക്കൊല്ലം ഉത്സവം തുടങ്ങിയപ്പോഴേ ഒന്നു തീരുമാനിച്ചിരുന്നു. ഇത്തവണ കോവിലിലെ ഉത്സവം ജീവിതത്തിലൊരു പുതിയ അനുഭവത്തിന്റെ സാക്ഷ്യമാകണമെന്ന്... " 

      കിച്ചാമണിയുടെ നോട്ടം വീണ്ടും ശ്രീബാലയിലേക്ക് നീണ്ടു. ഒരു നേർത്ത പുഞ്ചിരിയോടെ പെട്ടെന്നവൾ തല കുനിച്ചു. 

                                      🔹    

         കൂത്താണ്ടർ കോവിലിനുള്ളിലെ ദീപപ്രഭ ജനലിലൂടെ മുറിക്കുള്ളിലേക്കും പ്രവേശിച്ചു. മുറിക്കുള്ളിലെ നിശബ്ദതയിൽ ശ്രീബാലയും കിച്ചാമണിയും പരസ്പരം ഒന്നും മിണ്ടാതെയിരുന്നു. നിമിഷങ്ങളുടെ ചലനം ദ്രുതഗതിയിലാണെന്ന് തോന്നിത്തുടങ്ങിയപ്പോൾ കിച്ചാമണി ആ നിശബ്ദത ഭംഗിച്ചു. 

      "ശ്രീബാലയുടെ വീട്ടിൽ ആരെല്ലാമുണ്ട് ? "

    ചോദ്യം പ്രതീക്ഷിക്കാത്തതായതു കൊണ്ട് അവൾ വിസ്മയത്തോടെ കിച്ചാമണിയുടെ മുഖത്തേക്ക് നോക്കി. പിന്നെ പറഞ്ഞു ;

    "അച്ഛൻ അമ്മ ചേട്ടൻമാർ പിന്നെയൊരു പെങ്ങളും "

    "ഇത്രയും വലിയ കുടുംബമാണോ?"  കിച്ചാമണി ആശ്‌ചര്യം പ്രകടിപ്പിച്ചു. "എന്നിട്ടും ആരുമെതിർത്തില്ലേ, തന്റെയീ മാറ്റത്തെ? "

   ആ ചോദ്യവും അവൾ പ്രതീക്ഷിച്ചതായിരുന്നില്ല. 

     "എതിർപ്പ്.. വഴക്ക്.. ഭീഷണി, ഒടുവിൽ വീടിനു പുറത്തേക്കുള്ള വഴി തുറന്നു തന്നു. ഞാൻ പോന്നു.  ശ്രീബാലയുടെ സ്വരത്തിൽ കനം തൂങ്ങി. 

      "പിന്നെ തിരിച്ചു ചെന്നിട്ടുണ്ടോ വീട്ടിലേക്ക്? "

      "മ്മ്...ഒരിക്കൽ. മക്കളെ മൂന്നായി ചുരുക്കി, മൂന്നാമത്തെ മകൻ മരിച്ചതായി പ്രഖ്യാപിച്ച അച്ഛൻ കാണാൻ കൂടി കൂട്ടാക്കിയില്ല. കൂടപ്പിറപ്പ് വീടും നാടും ഉപേക്ഷിച്ചു പോയതായി കണ്ടോളാമെന്ന് പറഞ്ഞ് സഹോദരങ്ങളും അവഗണിച്ചു. 

    .. പക്ഷേ അമ്മ... അവരിലാരുടെ തീരുമാനത്തിനൊപ്പമായിരുന്നെന്ന് എനിക്ക് മനസിലായില്ല. അടുത്തു ചെന്നിട്ടും എന്റെ മുഖത്തേക്കൊന്നു നോക്കിയില്ല. മുഖം തിരിച്ചിരുന്ന് കരയുന്നതിനിടയിൽ 'അമ്മയെ നീ മറന്നൂല്ലോ കിച്ചൂ'ന്ന് മാത്രം പറഞ്ഞു. പോകാൻ നേരം തടഞ്ഞില്ല. കരച്ചില് മാത്രം... "  

     ശ്രീബാലയുടെ ശബ്ദമിടറി. കൺകോണിൽ നനവ് പടർന്നു. 

      കിച്ചാമണി പരുങ്ങലോടെ അവളെ നോക്കി. അവൾ കരഞ്ഞു പോകുമോയെന്ന് അയാൾ ശങ്കിച്ചു. അവളുടെ മാനസികനില മാറ്റാനായി പിന്നെയുള്ള ശ്രമം. 

       "ങ്ഹാ അതുപോട്ടെ. എന്താ ശ്രീബാലയുടെ പഴയ പേര്? അന്നും ഇയാളിത്ര സുന്ദരനായിരുന്നോ കാണാൻ. കാരണം, ആരും കണ്ടാൽ ഇഷ്ടപ്പെട്ടു പോകും തന്നെയിപ്പോ. അപ്പോപ്പിന്നെ ശ്രീബാലയാകുന്നതിനു മുമ്പും സുന്ദരനായിരിക്കാനാണ് സാധ്യത. പഴയ ഫോട്ടോയുണ്ടോ കൈയ്യില്. ബാലയുടേം കുടുംബത്തിന്റേം "

       ശ്രീബാലയുടെ കണ്ണുകൾ വിടർന്നു. കിച്ചാമണി 'ബാല' എന്ന് വിളിച്ചതും അവളുടെ ഹൃദയം എന്തെന്നില്ലാതെ തുടിതുടിച്ചു. 

      അയാളുടെ തുടരെത്തുടരെയുള്ള ചോദ്യങ്ങൾ ആസ്വദിച്ചിരിക്കവെയാണ്, അങ്ങനെയൊരു വിളി കാതിലെത്തിയത്. അതുവരെയില്ലാതിരുന്ന മനോബലം 'ബാല' എന്ന ഒരു ഉച്ചാരണത്തിലൂടെ അവൾക്ക് ആയിരം ഇരട്ടിയായി കിട്ടിയത് പോലെ തോന്നി. 

      ഒപ്പം, കിച്ചാമണി അവളെക്കുറിച്ചു മാത്രമല്ല അവൾക്കു പ്രിയപ്പെട്ട കുടുംബത്തെക്കുറിച്ചും അന്വേഷിക്കുന്നു. ഇതുവരെ അധികമാരും തിരക്കാത്ത കാര്യങ്ങൾ. ലൈലയെപ്പോലെയും കാഞ്ചനയെപ്പോലെയും അടുപ്പമുള്ളവരോട് മാത്രം പറഞ്ഞിരുന്ന കാര്യങ്ങൾ. ശ്രീബാലയുടെ  ചുണ്ടിൽ നിറപുഞ്ചിരി വിടർന്നു. 

       മേശമേലിരുന്ന ഹാൻഡ്ബാഗുമായി അവൾ കിച്ചാമണിയ്ക്കരികിൽ വന്നിരുന്നു. ബാഗ് തുറന്ന് അതിനുള്ളിൽ നിന്നും ചെറിയ ഒരു ഡയറി പുറത്തേക്കെടുത്ത് കിച്ചാമണിയെ നോക്കി. അവളുടെ ചെയ്തികൾ നോക്കിയിരുന്നതല്ലാതെ അയാളൊന്നും ശബ്ദിച്ചില്ല. 

       മായാത്ത ചിരിയോടെ ഡയറി തുറന്ന് ഓരോ താളുകളായ് മറിച്ചു തുടങ്ങിയ ശ്രീബാലയുടെ വിരലുകളും കണ്ണുകളും ഏതാനും പേജുകൾക്കപ്പുറം ഫോട്ടോ പതിച്ച ഒരു താളിൽ നിശ്ചലമായ്. കിച്ചാമണി അവളുടെ മുഖത്തേക്കും ഡയറിത്താളിലെ ഫോട്ടോയിലേക്കും മാറി മാറി നോക്കി. 

                                      🔶

                                                              (തുടരും)




 

1 അഭിപ്രായം: