©️ Copyright Protected
..................
ഫോട്ടോയിൽ ചൂണ്ടുവിരൽ തൊട്ടു കൊണ്ട് ശ്രീബാല ഓരോ മുഖങ്ങളെ പരിചയപ്പെടുത്തി.
"ഇത് അച്ഛൻ... അമ്മ... ചേട്ടന്മാര് ശ്രീറാമും കിരണും. ഇരട്ടകളാ. അച്ചില് വാർത്തെടുത്ത പോലെയാ അല്ലേ സാമ്യം. ഒരുപാട് പേർ പറഞ്ഞിട്ടുണ്ട്..
ങ്ഹാ.. പിന്നെ ഇത് ശ്രീബാല. ഞാനല്ല, ഞങ്ങളുടെ പെങ്ങൾ. സുന്ദരിയാ മോള്. അമ്മയെപ്പോലെ... " ശ്രീബാലയുടെ സ്വരം താഴ്ന്നു.
കിച്ചാമണിയുടെ ശ്രദ്ധ ഫോട്ടോയിൽ പതിഞ്ഞിരിക്കുകയായിരുന്നു. അവൾ പരിചയപ്പെടുത്താതെ അവശേഷിപ്പിച്ച ഒരു മുഖത്തിൽ അയാളുടെ കണ്ണുകൾ കുരുങ്ങിക്കിടന്നു.
ആ മുഖത്തു നിന്നും ഒപ്പിയെടുക്കുന്നതു പോലെ, വളരെ സാവധാനത്തിൽ ഒരു പുഞ്ചിരി അയാളുടെ ചുണ്ടിൽ പ്രത്യക്ഷമായിക്കൊണ്ടിരുന്നു. അതു കാൺകെ ശ്രീബാലയുടെ കണ്ണുകളിൽ നാണം തിര തള്ളി.
"ഇത് കിഷോർ. അമ്മയുടെ കിച്ചു. പക്ഷേ ഇപ്പൊ കിച്ചുവില്ല. ശ്രീബാല, ശ്രീബാല മാത്രം. "
കിച്ചാമണി അവളുടെ മുഖത്തേക്ക് നോക്കി.
"ശ്രീമോള് ജനിച്ച് കുറച്ചായപ്പോ എന്നെ നാട്ടിലാക്കി. അമ്മേടെ വീട്ടില്.
കൈക്കുഞ്ഞായ അവളെയും, ചേട്ടന്മാരുടെ പഠിത്തവും ശ്രദ്ധ തെറ്റാതെ കൊണ്ടു പോകാനും എന്റെ ബാല്യം അശ്രദ്ധയിലാണ്ടു പോകാതിരിക്കാനുമായി ഡൽഹിയിൽ നിന്നും ഞാൻ കേരളത്തിലേക്ക് മുറിച്ചുമാറ്റപ്പെട്ടു.
അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും കരുതലിൽ മറ്റെല്ലാ കൊച്ചുമക്കളേക്കാളും സ്നേഹവും വാത്സല്യവും അനുഭവിച്ച് നാലു വർഷം. ഏഴാം വയസ്സിൽ വീണ്ടും ഡൽഹിയിലേക്ക്.
സഹോദരങ്ങൾക്കിടയിൽ അപരിചിതനായി, തന്റേടമില്ലാത്ത കുട്ടിയെപ്പോലെ അമ്മയുടെ സാരിത്തുമ്പിൽ പിടിച്ചു മറഞ്ഞു നിന്ന കൗമാരം. ഏഴാം സ്റ്റാൻഡേർഡ് വരെ അമ്മ ടീച്ചറായിരുന്ന സ്കൂളിലായിരുന്നു പഠിത്തം. പെൺകുട്ടികൾക്ക് മാത്രമായുള്ള സ്കൂളിൽ.
പിന്നത്തെ കൊല്ലം എന്റെ വാശിയും കരച്ചിലും വകവയ്ക്കാതെ അച്ഛൻ പുതിയ സ്കൂളിലാക്കി. പെൺകുട്ടികളും ആൺകുട്ടികളും ഉള്ള സ്കൂളിൽ. എന്റെ ഭാവവും പെരുമാറ്റവുമൊക്കെ അച്ഛനെ ചിന്തിപ്പിച്ചു കാണണം.... " ശ്രീബാല ചിരിയോടെ നിർത്തി.
കിച്ചാമണി നിശബ്ദനായിരുന്നു. അയാളുടെ പ്രതികരണത്തോടു എങ്ങനെ പ്രതികരിക്കണമെന്നറിയാതെ അവൾ കൂട്ടിച്ചേർത്തു ;
"അച്ഛന്റെ കാർക്കശ്യത്തിനും അമ്മയുടെ കണ്ണീരിനും ഈശ്വരനെന്റെ തലയിലെഴുതിയത് തിരുത്താനായില്ല. അത്രമാത്രമേ എനിക്ക് തോന്നിയിട്ടുള്ളൂ..പഴയതൊന്നും ഞാനധികം ചികയുന്നില്ല. എല്ലാം നടന്നു കഴിഞ്ഞ കാര്യങ്ങളല്ലേ... "
ശ്രീബാലയുടെ മുഖത്തെ ചിരി മങ്ങി. അതുകണ്ടതും കിച്ചാമണി പെട്ടെന്ന് പറഞ്ഞു.
"കിഷോർ സുന്ദരനായിരുന്നു. എങ്കിലും ഭംഗി കൂടുതൽ ശ്രീബാലയ്ക്കാണ്. ഈ ബാലയ്ക്ക്.
താൻ ശരിക്കുമൊരു പെണ്ണായിരുന്നെങ്കിൽ.... എങ്കിൽ നമ്മൾ കട്ടുമുട്ടുമായിരുന്നില്ല അല്ലേ..? താനിവിടെ വരികയേ ഇല്ലായിരുന്നു. ഇതൊക്കെ ദൈവത്തിന്റെ തീർപ്പുകളാണ്. ഓരോരുത്തരെ എങ്ങനെയൊക്കെ ബന്ധിപ്പിക്കണമെന്ന് ആ പുള്ളിക്കാരൻ തീരുമാനിച്ചു വച്ചിട്ടുണ്ട്.....
ഹാ പിന്നെ നമ്മൾ തമ്മിലൊരു സാമ്യമുണ്ട്. പറയട്ടെ.... " കിച്ചാമണി മുഖവുരയോടെ ചോദിച്ചു.
മൗനമായിരുന്നു അയാൾക്കു കിട്ടിയ മറുപടി.
"ശരി, മൗനം സമ്മതമായി സ്വീകരിച്ച് ഞാൻ പറയാം.... 'അർദ്ധം' എന്ന വാക്കിന്റെ സാമ്യമുണ്ട് നമ്മൾ തമ്മിൽ.... "
മനസ്സിലാകാത്ത ഭാവത്തിൽ ശ്രീബാല പുരികം ചുളിച്ചു.
"മനസ്സിലായില്ലല്ലേ ? വ്യക്തമാക്കാം. ഞാനൊരു അർദ്ധ തമിഴനാണ്. അച്ഛനും അമ്മയും തമിഴർ. പക്ഷേ ഞാൻ ജനിച്ചതും വളർന്നതും കേരളത്തിൽ മലയാളിയായി. എന്നാലിപ്പോ ജീവിക്കുന്നത് കൂവാഗത്തിൽ തമിഴനായ്. അപ്പൊ ഞാൻ പകുതി മലയാളിയും പകുതി തമിഴനുമല്ലേ..... "
ശ്രീബാലയുടെ കണ്ണുകൾ ആഴത്തിൽ കിച്ചാമണിയിൽ പതിഞ്ഞു. എന്താണയാൾ അടുത്തതായ് പറയാൻ പോകുന്നതെന്നറിയാനുള്ള ഒരാകാംക്ഷ അവളുടെയുള്ളിൽ മുളപൊട്ടി.
ഒരാലോചനയ്ക്കും ഇട നൽകാതെ കിച്ചാമണി തുടർന്നു ;
"ശ്രീബാലയുടെ കാര്യത്തിലാണെങ്കിൽ, ജനിച്ചതൊരാണായ്. പക്ഷേ, വിധി ഇയാളെയൊരു പെണ്ണാക്കി മാറ്റി. നിങ്ങളുടെയൊക്കെ ഉള്ളിന്റെയുള്ളിൽ ശരിക്കും വേദനയുണ്ടാകും അല്ലേ...
നമ്മുടെ വ്യക്തിത്വം മറ്റുള്ളവർ പരിഹസിക്കും വിധം നഷ്ടപ്പെടുന്നത് സഹിക്കാൻ ആർക്കും കഴിയില്ല. അപ്പോപ്പിന്നെ പകുതി ആണും പകുതി പെണ്ണുമായുള്ള ജീവിതം.... "
കിച്ചാമണി മുഴുമിപ്പിച്ചില്ല. ശ്രീബാലയുടെ രൂക്ഷമായ നോട്ടം അയാളുടെ വാക്കുകളെ വിഴുങ്ങിക്കളഞ്ഞു. ഇന്നവളെ അഭിമുഖികരിച്ചതിൽ ആദ്യമായിട്ടായിരുന്നു അങ്ങനെയൊരു ഭാവമാറ്റം അയാൾ ദർശിച്ചത്.
"ഞാൻ ആണും പെണ്ണും കെട്ടവളല്ല....." ശ്രീബാലയുടെ കനത്ത സ്വരം കിച്ചാമണിയുടെ കാതിൽ വന്നു തറച്ചു.
"പെണ്ണ് തന്നെയാണ്. അമ്മയാകാൻ കഴിയില്ലെന്നേയുള്ളൂ. നിങ്ങൾക്കിടയിലുമില്ലേ അമ്മയാകാൻ കഴിവില്ലാത്ത സ്ത്രീകൾ. അവരെയൊക്കെ കിച്ചാമണി ആണും പെണ്ണും കെട്ടവരായിട്ടാണോ കാണുന്നത്... "
തുറിച്ച കണ്ണുകളോടെ ശ്രീബാല കിച്ചാമണിയെത്തന്നെ നോക്കിയിരുന്നു. അവളുടെ കോപത്തിന്റെ ആഴം വാക്കുകളിലും കണ്ണുകളിലും പ്രതിഫലിച്ചപ്പോൾ അതുൾക്കൊള്ളാനാവാത്തവനെപ്പോലെ കിച്ചാമണി തലകുനിച്ചു.
"ഒരുപാട് സർജറികളിലൂടെയാ ഞങ്ങൾ ഞങ്ങളെ മാറ്റിയെടുക്കുന്നത്. രൂപത്തിനും ഭാവത്തിനും ശബ്ദത്തിനുമൊക്കെ കീറിമുറിക്കലുകൾ നടത്തിയിട്ടുണ്ട്.
.. പക്ഷേ... പക്ഷെ, മനസ്സിനെ മാറ്റിയെടുക്കാൻ ഒരു സർജറിയും ഞങ്ങൾ ചെയ്തിട്ടില്ല. അതു ചെയ്യുന്നത് നിങ്ങളെയും ഞങ്ങളെയും സൃഷ്ടിച്ച ദൈവം തന്നെയാണ്. അല്ലെങ്കിൽ, ശാസ്ത്രം കുറിക്കുന്ന ജനിതക തകരാറും..
ഒരു പെണ്ണായ് മാറണമെന്ന് ഒരാണിന്റെ മനസ്സും വെറുതെ വെമ്പില്ല. സ്വയം നിയന്ത്രിക്കും പല തവണ. കഴിയില്ലെന്ന് ബോധ്യമാകുമ്പോ മരണം വരെയെത്തും ആലോചന.
മറ്റുള്ളവർക്ക് മുന്നിൽ പരിഹാസ്യരായി ജീവിക്കണമെന്ന് ആരും ആഗ്രഹിക്കില്ല. ഞങ്ങളുമങ്ങനെ തന്നെയാ. എന്നിട്ടും ജീവിക്കാനാ കൊതിക്കുന്നേ, ജീവിതത്തെ സ്നേഹിക്കാനാ ആഗ്രഹിക്കുന്നേ. ഒന്നേയുള്ളു ജീവിതമെന്ന് വിശ്വസിച്ച് ദൈവം വിധിച്ച വേഷം കെട്ടി ജീവിക്കാൻ തയ്യാറാവുകയാ ഞങ്ങളെപ്പോലുള്ളവർ. എന്നിട്ടും ഞങ്ങളെ അംഗീകരിക്കാനോ മനസ്സിലാക്കാനോ നിങ്ങളാരും തയ്യാറല്ല..... "
ശ്രീബാലയുടെ സ്വരം വിതുമ്പി നിന്നു.
"ബാലാ.. " എന്തു പറയണമെന്നറിയാതെ കിച്ചാമണി വിളിച്ചു.
"ജീവിതത്തിലേക്കോ മരണത്തിലേക്കോ എന്നുറപ്പില്ലാതെ കിടന്ന നാളുകൾ ഏറെയുണ്ട്. മരണത്തിന്റെ കിടക്കയിലേക്ക് ചാഞ്ഞവർക്ക് എണ്ണവുമില്ല.
ആശുപത്രി വരാന്തയിൽ നേരിടേണ്ടത് അണുബാധയെ മാത്രമല്ല. തരണം ചെയ്യേണ്ടുന്ന ഒരുപാട് കാര്യങ്ങളുടെ അനുഭവങ്ങൾ പഠിച്ചു തുടങ്ങിയത് അവിടുന്നാ.
അർത്ഥം വെച്ചുള്ള നോട്ടങ്ങളും മുനയുള്ള വാക്കുകളും കുത്തുന്ന പരിഹാസങ്ങളും അങ്ങനെയങ്ങനെ ഒത്തിരി കാര്യങ്ങൾ... ആ മരണക്കിടക്കയിൽ നിന്നും ജീവിതത്തിലേക്കുള്ള വിജയം നേടി പുറത്തേക്കിറങ്ങുമ്പോൾ ആദ്യം കാതിലെത്തുന്നത് 'ആണും പെണ്ണും കെട്ടവനെന്ന വിളിയാണ്... " ശ്രീബാലയുടെ ചുണ്ടിൽ പരിഹാസം പൊടിഞ്ഞു.
കിച്ചാമണി മൂകനായ് ഇരുന്നു. അവൾ നിർത്തിയിടത്തു നിന്നും മൗനം തന്റെ വാചാലത തുടർന്നപ്പോൾ കിച്ചാമണി ആശ്വാസം കണ്ടെത്തിയതു പോലെ നിശ്വാസമുതിർത്തു.
പക്ഷേ, അയാളുടെ നിശബ്ദത മുറിവേൽപ്പിച്ചതു പോലെ ശ്രീബാലയുടെ കണ്ണിൽ നീർ പൊടിഞ്ഞു.
"കിച്ചാമണിക്കറിയോ 'അറവാണി എന്നാ മോശം വാക്കാ മലയാളത്തിൽ. പക്ഷേ ഇവിടെ ഈ കൂവാഗത്ത് അതൊരു പദവിയാ... അരവാൻ എന്ന ധീരന്റെ ഭാര്യ എന്ന പദവി. അഭിമാനം ജനിപ്പിക്കുന്ന അംഗീകാരം... അറവാണി എന്നു പറയുന്നതിൽ പോലും അഭിമാനം....
പക്ഷേ, എവിടെയും ഞങ്ങൾ ഹിജഡകളാണ്. മുദ്ര ചാർത്തപ്പെട്ട പേര്. ഹിജഡകളെ നിങ്ങൾക്കാവശ്യമാണ് ആഘോഷങ്ങളിൽ ആടിപ്പാടാനും മംഗള മുഹൂർത്തങ്ങളിൽ ആശീർവാദം നേടാനും വേണ്ടി മാത്രം. പിന്നെ ഞങ്ങൾ നാടിനും സംസ്കാരത്തിനും ചേർന്നവരല്ലാത്തതാകുന്നു. ആണും പെണ്ണും കെട്ട വർഗമാകുന്നു... "
നിയന്ത്രണം വിട്ടതു പോലെ അവൾ തന്റെ കണ്ണീർച്ചങ്ങല പൊട്ടിച്ചെറിഞ്ഞു.
ഏങ്ങലടിച്ചു കരയുന്ന ശ്രീബാലയുടെ മുഖത്തേക്ക് കിച്ചാമണി കുറ്റവാളിയുടെ ഭാവത്തോടെ നോക്കി.
പിന്നെ കുറ്റബോധം നിറഞ്ഞ സ്വരത്തിൽ മെല്ലെ പറഞ്ഞു ; "സോറി.... "
ശ്രീബാല മുഖമുയർത്തി നോക്കി.
(തുടരും)

♥️♥️🔥🔥
മറുപടിഇല്ലാതാക്കൂ🙂💜💜
ഇല്ലാതാക്കൂസൂപ്പർ മുത്തേ
മറുപടിഇല്ലാതാക്കൂതാങ്ക് യൂ....
ഇല്ലാതാക്കൂ