©️ Copyright Protected
................
നിമിഷങ്ങളുടെയും മണിക്കൂറുകളുടെയും യാത്ര കാറ്റിന്റെ വ്യത്യസ്ത ഭാവങ്ങൾ പോലെയാണ് ശ്രീബാലയ്ക്കനുഭവപ്പെട്ടത്.
ചിലപ്പോഴൊക്കെ തണുത്തുറഞ്ഞ കാറ്റുപോലെ സുഖകരമായ്... മറ്റു ചിലപ്പോൾ അസ്വസ്ഥത പകരുന്ന ചൂടുകാറ്റു പോലെ.
പക്ഷേ, അവളാഗ്രഹിച്ചത് കൊടുങ്കാറ്റ് പോലെ കടന്നു പോകുന്ന ദിവസങ്ങളെയാണ്. ഒടുവിൽ വന്നെത്തുന്ന കൂത്താണ്ടർ കോവിലിലെ ഉത്സവദിനം. കാത്തിരുപ്പും സ്വപ്നങ്ങളും സന്തോഷങ്ങളും ഇഷ്ടങ്ങളുമെല്ലാം പൂർത്തീകരിക്കുന്ന ദിവസം.
കിച്ചാമണിയെ കാണാം അന്ന്. പറയാനേറെ വിശേഷങ്ങളുണ്ട്. വാതോരാതെ സംസാരിക്കുന്ന കിച്ചാമണിയോട് പറയാനായി മനസ്സിൽ കരുതി വച്ചിരിക്കുന്ന ഒത്തിരി കാര്യങ്ങൾ. രണ്ടു വർഷത്തെ വിശേഷങ്ങൾ....
ചിന്തിച്ചാൽ എന്തു വിശേഷമാണ് നടന്നത്... ഒന്നുമില്ല. വിശേഷണങ്ങളില്ലാത്ത രണ്ടു നഷ്ടം മാത്രം നടന്നു ജീവിതത്തിൽ.
ഒന്ന്, കഴിഞ്ഞ വർഷം ഏറെ മോഹങ്ങളോടെ കാത്തിരുന്ന കൂത്താണ്ടർ കോവിലിലെ ഉത്സവനാളിൽ. പിന്നെ, ആറു മാസങ്ങൾക്കു മുമ്പും. രണ്ടും ജീവിതത്തെ ഞെട്ടിച്ചു കൊണ്ട് കടന്നു പോയി.
നഷ്ടങ്ങളെയെല്ലാം മറവിയുടെ കാണാക്കയത്തിലേക്ക് തള്ളിയിടണമെന്ന ലൈലാക്കയുടെ നിരന്തര ഉപദേശത്തെ മാനിച്ചു കൊണ്ടോ എന്തോ, ഒന്നും ഓർക്കാറില്ല ഇപ്പോ. ഓർമ്മിക്കാൻ ശ്രമിക്കാറുമില്ല.
മനുഷ്യ സഹജമായ കഴിവു തന്നെയാണ്, ഓർമയിൽ എപ്പോഴും തികട്ടി വരുന്ന കാര്യങ്ങൾ പോലും മറന്നെന്നു കാണിക്കുന്ന ഭാവം. അത് തനിക്കും ചുറ്റുമുള്ളവർക്കും നല്ലതാണെങ്കിൽ തുടരുന്നതിലും ദോഷമില്ല. എങ്കിലും.. എപ്പോഴൊക്കെയോ.....
കൂവാഗത്തേക്കുള്ള യാത്രയുടെ തയ്യാറെടുപ്പുകൾ ആരംഭിച്ചു തുടങ്ങുന്നതേയുണ്ടായിരുന്നുള്ളൂ. കാത്തിരുപ്പും മോഹങ്ങളും സ്വപ്നങ്ങളും മനസ്സിനെയും തലച്ചോറിനെയും മൂടി നിൽക്കവെ, ആ അനുഭൂതിയ്ക്കൊരു പുതിയ ഭാവം തന്നത് വല്യേട്ടന്റെ ഫോൺകോളാണ്. നാലു വർഷങ്ങൾക്കു ശേഷം, ആദ്യമായ്.... അപ്രതീക്ഷിതമായി. ഓർമ്മകളുടെ ഒരു വസന്തം തന്നെ ഞൊടിയിടയിൽ ചുറ്റിനും വിടർന്നതു പോലെ.
🔹
മുഖവുരയോടു കൂടിയാണ് ഏട്ടൻ സംസാരിച്ചു തുടങ്ങിയത്. എങ്ങനെ തുടങ്ങണമെന്നറിയാത്തതു കൊണ്ടെന്നെ പോലെ, സുഖവിവരമാരാഞ്ഞു ആദ്യം. ആ അന്വേഷണം തന്നെ സുഖകരമായിരുന്നില്ല. എന്റെ മറുപടിയ്ക്കിടയിലൂടെ മറ്റെന്തൊക്കെയോ പറയാൻ പാടുപെടുന്നതു പോലെ.
വീട്ടിലെ വിശേഷങ്ങൾ ഒരൊതുക്കമില്ലാതെ പറഞ്ഞ കൂട്ടത്തിൽ, ഏട്ടന് ജനിച്ച മകന് അമ്മ നൽകിയ പേര് 'കിഷോർ' എന്നാണെന്നറിയിച്ചപ്പോൾ ആഹ്ലാദം ഹൃദയത്തെ കവർന്നുവെങ്കിലും, അതിനെ കവച്ചു കൊണ്ട് അന്ധാളിപ്പാണുണ്ടായത്. ഏട്ടന്മാരുടെ വിവാഹം കഴിഞ്ഞിരിക്കുന്നു. വല്യേട്ടന് ഒരു കുഞ്ഞും ജനിച്ചിരിക്കുന്നു. ഒന്നും ഞാനറിഞ്ഞിരുന്നില്ല.അറിയിച്ചിരുന്നില്ല, അമ്മ പോലും.
നൊമ്പരം കണ്ണുകളെ തൊട്ടപ്പോൾ കിച്ചാമണിയുടെ വാക്കുകളോർമ്മ വന്നു ; 'വ്യക്തികളില്ലെങ്കിലും പേരുകളവശേഷിക്കും, പ്രിയപ്പെട്ടവർക്കിടയിൽ.. ' ആ വാക്കുകളിൽ ആശ്വാസം കണ്ടെത്തി. അമ്മ മറന്നിട്ടില്ല. അയിത്തം ഞാനെന്ന വ്യക്തിയ്ക്കാണ്. എനിക്കു പ്രിയപ്പെട്ടവർക്കിടയിൽ.
"അച്ഛന് നിന്നെ കാണണമെന്ന്.. " ഏട്ടന്റെ സ്വരം ഹൃദയത്തിലാണ് വന്നു തട്ടിയത്. മകൻ മരിച്ചെന്നു വിശ്വസിക്കുന്ന അച്ഛൻ വർഷങ്ങൾക്കു ശേഷം ആദ്യമായി കാണണമെന്ന് ആഗ്രഹിക്കുന്നു. സന്തോഷം വാനോളമെത്തിയ നിമിഷം.
"വരുമല്ലോ അല്ലേ ?....' ഏട്ടന്റെ ശബ്ദം വീണ്ടും. "വരണം... ഒരുപക്ഷേ ആ കൂടിക്കാഴ്ച അവസാനത്തേതാകാം.. " ഏട്ടന്റെ സ്വരമൊന്നിടറി.
ഹൃദയത്തിൽ എന്തോ കൊളുത്തിയ ഒരു വേദന അപ്പോളുരുവായി. ഒന്നൂഹിക്കാൻ കഴിഞ്ഞു. 'അച്ഛനാഗ്രഹിക്കുന്നു, അവസാനമായി ഒന്നു കാണാൻ..
ഒരു വർഷത്തിനു ശേഷം കൂവാഗത്തേക്കുള്ള യാത്രയുടെ തയ്യാറെടുപ്പിലായിരുന്ന മനസ്സ്...കിച്ചാമണിയെ കണ്ടുമുട്ടുന്ന നിമിഷം മാത്രം സ്വപ്നം കണ്ടുകൊണ്ടിരുന്ന മനസ്സ്... മരവിച്ച ചിന്തകളോടെ, കേരളത്തിലേക്കോ കൂവാഗത്തേക്കോ എന്നു തർക്കിക്കാതെ പെട്ടെന്നു തന്നെ നാട്ടിലേക്കു തിരിക്കാൻ തീരുമാനിക്കുകയായിരുന്നു. ലൈലാക്കയ്ക്കും കാഞ്ചനയ്ക്കുമൊപ്പം.
🔹
ഓർമ്മിക്കാനേറെ ഓർമ്മകൾ നൽകിയ അച്ഛൻ.. ഇനി, എത്ര ശ്രമിച്ചാലും മറക്കാൻ കഴിയാത്ത ഓർമ പകുത്തു നൽകിയത് കത്തിയെരിഞ്ഞ ചിതയ്ക്കു മുന്നിൽ നിന്ന നിമിഷങ്ങളിലാണ്. മനസ്സ് കൈവെടിയാതെ സൂക്ഷിക്കുന്ന നിമിഷങ്ങൾ.
അച്ഛനോട് ഏറെ സംസാരിക്കാനായില്ല. അടുത്തിരുന്ന നിമിഷങ്ങൾ പകുതിയും മൗനമായിത്തന്നെ കടന്നു പോയി. ചില ഞൊടികളിൽ, അച്ഛനെന്തൊക്കെയോ സംസാരിച്ചു. ചോദിച്ചു. ഒന്നും പറയാനാകാതെ ആ കൈകളിൽ പിടിച്ചിരിക്കാൻ മാത്രമേ അപ്പോൾ കഴിഞ്ഞുള്ളൂ. പിന്നെ എപ്പോഴോ ഉറങ്ങിപ്പോയി.
അച്ഛന്റെ കൈയ്യിന്മേൽ തല ചായ്ച്ചുറങ്ങിയ മയക്കത്തിൽ നിന്നും വിളിച്ചുണർത്തിയത് അമ്മയുടെ ശബ്ദമാണ്. അച്ഛന്റെ നെഞ്ചിലേക്ക് അലമുറയോടെ വീണ അമ്മയുടെ നിലവിളി.
വിശ്വസിക്കാൻ കഴിയുന്നതിനേക്കാളേറെ അംഗീകരിക്കാനായിരുന്നു പ്രയാസം, 'അച്ഛനിനി ഇല്ലാ' എന്ന സത്യം. മരവിച്ച ശൂന്യതയായിരുന്നു മനസ്സിൽ.
പുരുഷന്മാർ എന്ന സത്യത്തിന്റെ കീഴിൽ ചേട്ടന്മാർ ഈറൻ മിഴികളെ നിയന്ത്രണത്തിലാക്കി നിന്നപ്പോൾ, അമ്മയും പെങ്ങളും സ്ത്രീ എന്ന നിസ്സഹായയുടെ രൂപത്തിൽ പൊട്ടിക്കരയുന്നുണ്ടായിരുന്നു.
എനിക്കും ഉറക്കെ കരയണമെന്ന് തോന്നി. വാത്സല്യച്ചൂടിനു പകരം മരവിച്ച തണുപ്പുണർന്ന നെഞ്ചിലേക്ക് തല ചായ്ച്ച് വേദനയുടെ കണ്ണീരുറവ തടസ്സമില്ലാതെ ഒഴുക്കണമെന്നുണ്ടായിരുന്നു. പക്ഷേ, ചുറ്റിനും കൂടി നിന്നവരുടെ കണ്ണുകൾ അതെന്നെ മാത്രം ലക്ഷ്യം വയ്ക്കുന്നതാണെന്ന് തോന്നിയപ്പോ, ആ കണ്ണുകൾക്കായ് ഒരു കാഴ്ച സൃഷ്ടിക്കേണ്ടതില്ലെന്ന് മനസ്സ് പറഞ്ഞു.
മകനെന്ന യാഥാർഥ്യം കുഴിച്ചു മൂടിക്കൊണ്ട്, അച്ഛന്റെ വേർപാടിൽ ഒന്നുറക്കെ കരയാൻ കഴിയാതെ, ചേട്ടന്മാർ അച്ഛന്റെ ചിതയിൽ തീ കൊളുത്തുന്നത് കണ്ടു നിൽക്കാൻ കഴിയുമായിരുന്നില്ല.
അച്ഛന്റെ ആത്മശാന്തിക്കായ് ഒന്നും ചെയ്തില്ല. ഒരു കർമ്മത്തിലും പങ്കുകൊണ്ടില്ല. ഉൾഭയമായിരുന്നു, ബന്ധുക്കളുടെയും നാട്ടുകാരുടെയും നാവിൽ തട്ടിക്കളിക്കുന്ന ആണും പെണ്ണും കെട്ടവനായ മൂന്നാമത്തെ മകൻ അച്ഛന് മോക്ഷം നേടി കൊടുക്കില്ല എന്ന ഭയം.
ഒരു സ്ത്രീയായ് പുതിയ ജന്മം സ്വയം സ്വീകരിച്ചിട്ടും ഉള്ളിലെ നോവ് പ്രകടിപ്പിക്കാൻ കഴിയാതെ, അങ്ങനെ ഏറെ നേരം നിൽക്കാൻ സാധിക്കില്ല എന്ന് ബോധ്യമായപ്പോ അമ്മയുടെ മുഖം മനഃപൂർവം മറന്നു കൊണ്ട് വല്യേട്ടനോട് മടങ്ങുന്ന കാര്യം ശബ്ദമിടറാതെ പറഞ്ഞൊപ്പിച്ചു. ഒപ്പം ഒരപേക്ഷയും ;
"ഒരു നാൾ അമ്മയും അച്ഛൻ ആവശ്യപ്പെട്ടതു പോലെ എന്നെ കാണാനുള്ള ആഗ്രഹം അറിയിച്ചാൽ... വിളിക്കരുതെന്നെ. കഴിയില്ലെനിക്ക്, ഒരന്യയെപ്പോലെ കാഴ്ച്ചക്കാരിയായ് മാറി നിൽക്കാൻ.
എല്ലാം കഴിഞ്ഞതിനു ശേഷം അറിയിച്ചാൽ മതി. അവിടെ നാലുചുമരുകൾക്കുള്ളിലെ മുറിയിൽ എനിക്ക് ഉറക്കെ കരയാമല്ലോ.. അതുമതി.... "
ഏട്ടന്റെ മറുപടി ഊന്നൽ നൽകാത്ത ഒരു ചോദ്യമായിരുന്നു. അതിനുത്തരം നൽകാൻ എനിക്ക് കഴിഞ്ഞതുമില്ല.
"നിനക്കാ നാലുചുമരുകൾക്കുള്ളിൽ പൊട്ടിക്കരഞ്ഞ് വേദന തീർക്കാം. മക്കളെ ജീവനുതുല്യം സ്നേഹിക്കുന്ന അമ്മയ്ക്കും തോന്നും മകനെ ഒരു നോക്ക് കാണണമെന്ന അതിയായ ആഗ്രഹം. അത് കണ്ടില്ലെന്ന് നടിക്കാൻ ഞങ്ങൾക്കാവില്ല.
എന്നെക്കാളും അമ്മയുടെ മനസ്സ് മനസ്സിലാക്കാൻ നിനക്ക് കഴിയില്ലേ....നിന്റെ മനസ്സും ഒരു പെണ്ണിന്റേത് തന്നെയല്ലേ ഇപ്പോ...? "
എന്തു പറയണമെന്നറിയാതെ നിശബ്ദനായി നിന്ന എന്റെ ചുമലിൽ ഏട്ടൻ തട്ടി. ഒരു യാത്രാമൊഴി എന്നപോലെ ശിരസ്സനക്കി.
അമ്മയ്ക്കരികിൽ ഏറെനേരമിരുന്നു. യാത്ര പറയുമ്പോൾ ആ മുഖത്തേക്ക് നോക്കിയിരുന്നില്ല.
ചടങ്ങുകൾ അവസാനിക്കും മുൻപേ... ചിതയെരിഞ്ഞടങ്ങും മുൻപേ.. ബന്ധുക്കളും നാട്ടുകാരും മടങ്ങും മുൻപേ മകനായ ഞാൻ ആ വീട് വിട്ടിറങ്ങി. അമ്മയെന്നോട് ക്ഷമിച്ചിട്ടുണ്ടാകില്ല, അച്ഛനും..
🔶
(തുടരും)

കിടു എഴുത്ത് ചേച്ചി 👌🏼
മറുപടിഇല്ലാതാക്കൂവിഷമിപ്പിച്ചു 😪
വായനക്കാരെ പിടിച്ചിരുത്തുന്ന ഒരിത് ഉണ്ട് എഴുത്തിൽ 🔥
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..
🙂🙏🙏🙏🙏💜👍
ഇല്ലാതാക്കൂ