©️ Copyright Protected
......................
തിരിഞ്ഞു നടക്കാൻ തുടങ്ങവേ കിച്ചാമണിയുടെ ശബ്ദം വീണ്ടും കാതുകളിലെത്തി. ഇഴഞ്ഞു നീങ്ങി തന്നെ പരിക്കേൽപ്പിക്കുന്ന നിമിഷങ്ങളെ മനസ്സിൽ ശപിച്ചു കൊണ്ട് ശ്രീബാല തിരിഞ്ഞു നോക്കി.
"ഒരു കാര്യം പറയാൻ വിട്ടു പോയി.. "
ഇനിയുമെന്തെന്ന ഭാവത്തിൽ അവളയാളെ നോക്കി.
"കഴിഞ്ഞ കൊല്ലം ബാലയെപ്പറ്റി തിരക്കി ഒരാൾ എന്റെയടുത്ത് വന്നിരുന്നു.
ഒരു വെള്ളക്കാരനാ... വിദേശി. ആള് ഊമയായിരുന്നു "
ആൽബർട്ടിന്റെ മുഖം ശ്രീബാലയുടെ മുന്നിൽ തെളിഞ്ഞു.
"മ്മ്.... " ഒരു മൂളൽ മാത്രം നൽകി അവളതിനോട് പ്രതികരിച്ചു.
"ബാലേടെ കുറച്ചു ഫോട്ടോ അയാൾടെ കൈയിൽ ഉണ്ടായിരുന്നു. ഫോട്ടോ കാട്ടിയാ തിരക്കിയേ... ഉത്സവം തുടങ്ങിയ നാളു തൊട്ട് അവസാനിച്ച നാളു വരെ ദിനവും എന്നെ തേടി വന്ന് ഫോട്ടോ കാണിക്കുമായിരുന്നു. ഒന്നും അറിയാതെന്ന് പറയുമ്പോ, സങ്കടപ്പെട്ട പോലെ പോകും...."
ഒരു പ്രതികരണവുമില്ലാതെയുള്ള ശ്രീബാലയുടെ നിൽപ്പിൽ അമ്പരപ്പെട്ടു കൊണ്ടു കിച്ചാമണി തുടർന്നു ;
"ഇക്കൊല്ലവും അയാൾ എന്നെ കാണാൻ വന്നു.. ഇന്ന് രാവിലെ കൂടി വന്നു. ഒരുവേള അയാൾക്ക് ബാലയോട്... " വാക്കുകൾ പാതി വഴിയിൽ മുറിച്ച് കിച്ചാമണി നിശബ്ദനായി.
തന്റെ വാക്കുകളും , വാക്കുകൾക്കിടയിൽ വന്ന നിശബ്ദതയും ശ്രീബാലയിൽ ഒരു തരത്തിലുമുള്ള ഭാവമാറ്റവും സൃഷ്ടിച്ചില്ലെന്ന് കിച്ചാമണിക്ക് മനസ്സിലായി. അവളുടെ മനസ്സും ചിന്തകളും മറ്റെങ്ങോ അലയാൻ വിട്ടതു പോലെയുണ്ട്.
"ബാലാ....." കിച്ചാമണി സ്വരമല്പം ഉയർത്തി തന്നെ വിളിച്ചു. അയാൾ ഊഹിച്ചതു പോലെ തന്നെ, ഒരു സ്വപ്നത്തിൽ നിന്നെന്നെ പോലെ ശ്രീബാല ഞെട്ടിയുണർന്നു.
"എന്താ ആലോചിക്കുന്നെ ? "
"ങ്‌ഹേ.... മ്മ്.. ഞാൻ പോണു കിച്ചാമണി. നേരം വൈകി. ലൈലാക്ക കാത്തിരിക്കുന്നണ്ടാകും... ബൈ.... "
കിച്ചാമണിയുടെ മറുപടിക്ക് കാത്തു നിൽക്കാതെ, തുടർന്നൊന്നും സംസാരിക്കാനോ കേൾക്കാനോ താല്പര്യമില്ലാത്തതു പോലെ ശ്രീബാല തിരിഞ്ഞു.
പൂഴി മണലിൽ കാലുടക്കി വീഴാൻ പോയത് പെട്ടെന്നായിരുന്നു. ഇടറിയ പാദങ്ങൾ മുന്നിലേക്ക് മടങ്ങിയതും കിച്ചാമണി പെട്ടന്നവളുടെ കൈയിൽ കടന്നു പിടിച്ചു.
🔸
കിച്ചാമണിയുടെ കൈപ്പിടിയിൽ ഞെരുങ്ങി ഉടഞ്ഞ കുപ്പിവളകൾ ശ്രീബാലയുടെ കൈത്തണ്ടയിൽ പോറലേൽപ്പിച്ചെങ്കിലും, ഒരു വീഴ്ചയിൽ നിന്നും അവളെ താങ്ങി നിർത്തി. നേരെ നിന്നുകൊണ്ട് ശ്രീബാല കിച്ചാമണിയെ നോക്കി. അയാളുടെ ദൃഷ്ടി ആഴ്ന്നിരുന്നത് അവളുടെ വെളുത്ത കൈത്തണ്ടയിലെ മുറിപ്പാടിലേക്കായിരുന്നു.
ചോര പൊടിഞ്ഞ കൈത്തണ്ടയിൽ തെളിഞ്ഞ, ഞരമ്പുകൾക്കിടയിൽ തന്റെ പേര് പച്ച കുത്തിയിരിക്കുന്നത് കിച്ചാമണി വ്യക്തമായി കണ്ടു. അയാളുടെ ചുണ്ടുകൾ അത് മന്ത്രിച്ചപ്പോൾ ശ്രീബാല ശരവേഗത്തിൽ കൈ പിൻവലിച്ചു.
"താങ്ക് യൂ..... " പതറിയ സ്വരത്തിൽ നന്ദി പറഞ്ഞൊപ്പിച്ച് അവൾ പെട്ടെന്ന് തിരിഞ്ഞു നടന്നു.
🔸
മുൻ പിൻ നോക്കാതെ മുമ്പോട്ടു നടക്കവെ എന്തോ ഓർമയിൽ തികട്ടി വന്നത് പോലെ ആകാശത്തേക്ക് നോക്കി. കിച്ചാമണി യെ കാണാൻ പുറപ്പെട്ടപ്പോൾ ആശീർവാദം ചൊരിഞ്ഞു കൊണ്ട് ഉദിച്ചു നിന്ന പൗർണമി ശോഭയുള്ള നക്ഷത്രത്തെ മിഴികൾ തിരഞ്ഞു.
മേഘക്കീറുകൾക്കിടയിലേക്ക് മറഞ്ഞു കൊണ്ടിരുന്ന താരകത്തെ കണ്ടെത്തിയപ്പോൾ, അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. അതു കാണാതിരിക്കാനെന്നവണ്ണം, ആ നക്ഷത്രത്തെ മറച്ചു കൊണ്ട് കാർമേഘം തിരശ്ശീലയിട്ടു. കണ്ണുകൾ താഴ്ത്തി മുഖം കുനിച്ച് ശ്രീബാല നടന്നു നീങ്ങി.
നടന്നു നീങ്ങുന്ന ശ്രീബാലയിൽ മാത്രം ദൃഷ്ടി പതിപ്പിച്ച് കിച്ചാമണി നിന്നു. അവളുടെ ഭാവവും പെരുമാറ്റവും മാത്രമല്ല, കൈത്തണ്ടയിൽ പച്ചകുത്തി തെളിഞ്ഞിരുന്ന സ്വന്തം പേരും അയാളെ ചിന്താക്കുഴപ്പത്തിലാക്കിയിരുന്നു. മനസ്സിനുള്ളിൽ എവിടെയോ ഒരു നൊമ്പരം കൊളുത്തി വലിക്കുന്നതായ് കിച്ചാമണിക്ക് തോന്നി.
നോക്കി നിൽക്കവേ അവളുടെ ചുവടുകൾ ഒരിടത്ത് നിലയുറപ്പിച്ചു. കിച്ചാമണി കണ്ണുകൾ കൂർപ്പിച്ചു.
ഒരുനാൾ മാത്രം ആയുസ്സുള്ള മംഗല്യത്തിന്റെ ഉപേക്ഷിക്കപ്പെടുന്ന താലിച്ചരടുകൾ, കാലാകാലങ്ങളായ് ഏറ്റുവാങ്ങുന്ന മരത്തിനു മുന്നിൽ ശ്രീബാല നിശ്ചലയായി. ഇലകൾ പൊഴിഞ്ഞ മരത്തിൽ തൂങ്ങിയാടുന്ന വർണ്ണ ബൾബുകൾക്കിടയിൽ അവളെന്തോ കൊരുത്തിട്ടു. പിന്നെ, ഒരു ഞൊടിനേരം മരത്തിന്റെ നിഴലിനോട് അഭയം പ്രാപിച്ച ശേഷം അവൾ നടന്നകന്നു.
കണ്ണിൽ നിന്നും ശ്രീബാല മറഞ്ഞതും കിച്ചാമണി മരത്തിനെ ലക്ഷ്യം വച്ചു നടന്നു. അയാളുടെ കാലുകൾ ദ്രുതഗതിയിലായിരുന്നു, ശ്വാസം പോലും അനിയന്ത്രിതമായി ഉയർന്നു താണു. എന്നാൽ പെട്ടെന്ന് ആരോ തടയിട്ടതു പോലെ കിച്ചാമണി നിന്നു. മരത്തിനരികിൽ പ്രതീക്ഷിക്കാതെ മറ്റൊരു സാന്നിധ്യം കിച്ചാമണി കണ്ടു. ആ രൂപം മുന്നോട്ടുള്ള അയാളുടെ ചലനത്തെ വിലക്കി.
🔸
ഇക്കൊല്ലത്തെ ആദ്യ താലി ഉത്സവത്തിനു മുമ്പേ സ്വീകരിച്ച്, കൂവാഗത്തിന്റെ നിശ്വാസമുതിർത്ത ചൂടുകാറ്റേറ്റ് മരം ചില്ലയൊന്നുലച്ചു. കാറ്റിലാടിയ മഞ്ഞച്ചരടിൽ കോർത്തിരുന്ന താലിയിൽ പൂശിയിരുന്ന കുങ്കുമം ആൽബർട്ട് തൊട്ടു നോക്കി. പിന്നെ, തല ഉയർത്തി ശ്രീബാല നടന്നു നീങ്ങിയ വഴിയിലെ തിരക്കിലേക്ക് നോട്ടമയച്ചു. അറവാണികളാകാൻ വന്ന സുന്ദരിമാരുടെ ചിരിക്കുന്ന മുഖങ്ങൾ മാത്രം മുന്നിൽ.
🔶
(തുടരും)
✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️
🙂 "അടുത്ത ഭാഗത്തിൽ കഥ പൂർണ്ണമാകുന്നതാണ്. ഇതുവരെയുള്ള അഭിപ്രായങ്ങൾക്കും പിന്തുണയ്ക്കും വളരെ നന്ദി..."🙏
✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️

ആൽബർട്ട് ♥️
മറുപടിഇല്ലാതാക്കൂഅവന്റെ വരവിന് വേണ്ടിയാണ് ഞാൻ കാത്തിരുന്നത് 🥰
🙂👍💜
ഇല്ലാതാക്കൂ