©️Copyright Protected
🌺🌺🌺🌺
ചീവുടുകൾ മാത്രം ചിലക്കുന്ന രാവിന്റെ ആഴങ്ങൾക്കിടയിലും നങ്കി ഉറങ്ങാതെ കിടന്നു. ജനൽ പാളിയിൽ കൊട്ടുയർന്നപ്പോൾ നിറവയർ താങ്ങി എഴുന്നേറ്റു. ജനാലയ്ക്കലേക്ക് നങ്കിയുടെ കണ്ണുകൾ തുറിച്ചു ചെന്നു.
നടുമുറിയിൽ കിടക്കുന്ന ശിവന്റെ അച്ഛനെയും അമ്മയെയും നോക്കിക്കൊണ്ട് ശബ്ദമുണ്ടാക്കാതെ നങ്കി വാതിൽ തുറന്നു. പുറത്തെ ഇരുട്ടിലേക്ക് വെപ്രാളത്തോടെ ഇറങ്ങി വാതിലടച്ചു.
നിലാവ് വിതറിയ വെട്ടത്തിൽ ശിവന്റെ രൂപം നങ്കി കണ്ടു.
......✍️
ചെത്ത്കള്ളിന്റെ മണം മൂക്കിലേക്ക് ഇരച്ചു കയറിയപ്പോൾ, മനം പിരട്ടും പോലെ നങ്കി മുഖം ചുളിച്ചു.
"നിയ്യ് ഒറങ്ങീലെ...?" ശിവന്റെ സ്വരത്തിൽ അനിഷ്ടം നിറഞ്ഞു.
"ഒര് രാത്ത്റി വേട്ട ഇന്ന് ഒണ്ടെന്ന് അറിഞ്ഞ്.. അദാ ഒറങ്ങാതെ കാവലിര്ന്നേ.." പുച്ഛത്തിൽ നങ്കി മറുപടി നൽകി.
"മാറി നിക്കഡി... വർത്താനം പറാതെ. ഞാ പെണ്ണ് കെട്ടീത് എൻക്ക് തോന്ന്മ്പോ കൂട കെടക്കാൻ വേണ്ടീട്ടാ.. അദ് നിയ്യ് ആണേലും നെന്റ എളേത് ആണേലും.."
നങ്കിയെ ഒരു വശത്തേക്ക് പിടിച്ചു തള്ളി ശിവൻ വീടിനുള്ളിലേക്ക് കയറാൻ ശ്രമിച്ചു. ഒരു വലിയ വീഴ്ചയിൽ നിന്നും രക്ഷപെടാനുള്ള വെപ്രാളത്തോടെ ശിവന്റെ ഷർട്ടിന് പിറകിൽ വലിച്ചു പിടിച്ചു നങ്കി നിലയുറപ്പിച്ചു. നങ്കിയുടെ പിടുത്തത്തിൽ ശിവൻ പിന്നിലേക്ക് ആഞ്ഞു.
"വിടെടീ..." മുരൾച്ചയോടെ നങ്കിയ്ക്ക് മാത്രം കേൾക്കാൻ പാകത്തിൽ ശിവൻ അലറി.
ഷർട്ടിലെ പിടുത്തം വിട്ട ഞൊടിയിടക്കുള്ളിൽ തന്നെ, നങ്കിയിൽ നിന്നും അപ്രതീക്ഷിതമായി മറ്റൊരു നീക്കമുണ്ടായതും ശിവൻ ഞെട്ടിത്തരിച്ചു നിന്നുപോയി.
കഴുത്തിനു നേർക്ക് നീണ്ടു വന്ന വെട്ടുകത്തി നങ്കിയുടെ കൈയ്യിലിരുന്ന് വിറയാർന്നു.
"കൈയ്യൊന്ന് നീട്ടിയാ നെന്റ കഴ്ത്തു മുറീം.. എനിക്ക് ആലോയ്ക്കാനും ഒന്നൂല്ല പേടിക്കാനൂല്ല..."
"യെടീ...." ശിവൻ പല്ല് ഞെരിച്ചു.
"പ്രാന്ത് പിടിച്ച പോലായീ ഞാന്...ന്റനീത്തി... ഓളൊരു കൊച്ചുപെണ്ണാന്ന് പോലും നോക്കാത ഒര് കൊച്ചിന്റ അമ്മ ആക്കീതും പോരാ, കൊച്ചിന കീറി എട്ത്തേന്റ മുറിവ് ഇനീം ഒണങ്ങീട്ടില്ല...ആ പേറ്റ് നോവ്വ് തീരും മുന്നേ കൂട കെടക്കാൻ വന്നേക്ക്ന്ന്.. ഛീ..
തോന്ന്മ്പോ എട്ക്കാനും വെക്കാനും ഓള് കളിക്കോപ്പല്ല... ഓളെന്നല്ല ഒര് പെണ്ണും ആര്ടേം കളിക്കോപ്പല്ല..പെണ്ണ്ങ്ങക്കും ഒണ്ട് ദേഷ്യോം സങ്കടോം സന്തോഷോം ആശേം വാശീമൊക്കെ. എല്ലാം നഷ്ടപ്പെട്ട് ഒരാൾക്ക് പിന്ന ഒന്നും നോക്കാനില്ല. അദ് ആണായാലും പെണ്ണായാലും...
ഞായിപ്പോ അങ്ങന ഒര് നെലേലാ... വെറ്തെ പരീശീക്കര്ത്... ഇപ്പൊ ഈടന്ന് നിങ്ങള് പോണം. യില്ലേ ഈ പിച്ചാത്തി നിങ്ങ്ട കഴ്ത്ത് വെട്ടും..." നങ്കി വെട്ട്കത്തിയിൽ പിടി മുറുക്കി.
ശിവന്റെ തൊണ്ട വരണ്ടു പോയി. സമനില തെറ്റിയത് പോലുള്ള നങ്കിയുടെ ഭാവം അയാളിൽ ഭീതി ഉളവാക്കി.
"ഞാ പോഗാം..." ആയാസപ്പെട്ട് ശബ്ദമെടുത്ത് ശിവൻ പറഞ്ഞൊപ്പിച്ചു.
മുറ്റത്ത് നിന്നും നടവഴിയിലേക്കുള്ള ഇറക്കം വരെ കത്തിയും നീട്ടിപ്പിടിച്ച് നങ്കി ശിവനെ പിന്തുടർന്നു.
നടവഴിയിലേക്കിറങ്ങി ശിവൻ തിരിഞ്ഞു നോക്കി.
"യിപ്പോ നിയ്യ് കാട്ടിയേന് ഞാ പഗരം തന്ന്ര്ക്കും... സിവനാ പറേന്നേ "
നടവഴിയിലെ കരിയിലകൾ ചവുട്ടി മെതിച്ച് ശിവൻ നടന്നു പോയി.
നെടുനീളൻ നിശ്വാസത്തോടെ നങ്കി പേരക്കുള്ളിലേക്ക് നടന്നു. കാലുകൾ വിറയാർന്ന നെടുവീർപ്പ് മുഴുക്കി മുന്നോട്ടു കിതച്ചു.
കതകുകളൊക്കെ ബന്ധിച്ച് മുറിയിലെത്തിയപ്പോ കുഞ്ഞ് ഉണർന്ന് കരയുന്നുണ്ടായിരുന്നു.
"മല്ലീ.. മല്ലീ..." നങ്കി മല്ലികയെ തട്ടിയുണർത്തി.
ഉറക്കച്ചടവോടെ എഴുന്നേറ്റ് മല്ലിക കോട്ടുവായിട്ടു.
"ന്താ ച്ചേയീ... "
"കൊച്ച് കരേന്ന കേക്ക്ന്നില്ലേ നിയ്യ്... പാല് കൊട്ക്ക് "
"ഞാ ഒറങ്ങിപ്പോയി. പാല് കൊട്ത്തിട്ടല്ലേ ഒറക്കി കെടത്തിയെ പിന്നന്തിനാ യ്യി കൊച്ച് കരേന്നേ " ഉറക്കം കെടുത്തിയതിന്റെ നീരസത്തോടെ മല്ലിക കുഞ്ഞിനെ കൈയ്യിലെടുത്തു.
"കുഞ്ഞ് മുള്ളേം ചെയ്ത്. പാല് മാത്തറല്ലേ കുടിക്ക്ന്നേ, അപ്പൊ വെശക്കും.. നിയ്യ് ചിണുങ്ങാത കൊച്ചിന് പാല് കൊട് "
"ഉം... പിന്ന ച്ചേയീ, ച്ചേയീട പേറു കഴ്ഞ്ഞാ രാത്തിറി രാത്തിറി രണ്ട് കൊച്ചുങ്ങക്കും ച്ചേയി പാല് കൊട്ക്കണേ. എൻക്ക് വയ്യ ഒറക്കം വിട്ട് എയ്ന്നേൽക്കാൻ..."
നങ്കി മല്ലികയെ ഉറ്റു നോക്കി. ഒരു കൊച്ചിന്റെ അമ്മയായ പക്വത ഇനിയും കൈവന്നിട്ടില്ലാത്ത അനിയത്തിയോട് നങ്കിക്ക് വാത്സല്യവും സഹതാപവും ഒക്കെ തോന്നി.
"ഞാ പെറ്റാലും ഇല്ലേലും എനിക്ക് കൊച്ചുങ്ങ രണ്ടാ എന്നും.." നങ്കിയുടെ കൈ മല്ലികയുടെ തലയിലൂടെ തഴുകിയിറങ്ങി.
⬛️◼️◾️▪️◾️◼️⬛️
ആശുപത്രിയിൽ പരിശോധനക്ക് പോകാനായി തയ്യാറായി നിന്നപ്പോഴാണ് ശിവൻ കയറി വന്നത്.
മുഖത്തെ വലിഞ്ഞു മുറുകിയ പേശികൾക്കിടയിൽ കണ്ണുകൾ തീക്കട്ട പോലെ ചുമന്നു കിടപ്പുണ്ടായിരുന്നു, നങ്കിയെ ദഹിപ്പിക്കാനുള്ളത്ര കനൽ ഒളിപ്പിച്ചു വച്ച പോലെ കണ്ണുകൾ എരിഞ്ഞു.
തീക്ഷ്ണമായ ആ നോട്ടത്തെ പാടെ അവഗണിച്ചു കൊണ്ട് തന്നെ നങ്കി നിന്നു.
"ദ് കൊറച്ച് ചേലയും തുണീമൊണ്ട്. നെനക്കൊള്ളതാ..." ശിവൻ കൈയ്യിലിരുന്ന കവർ മല്ലികയ്ക്ക് നൽകി.
ആവേശത്തോടെ മല്ലിക കവർ പിടിച്ചു വാങ്ങി.
"ഞാ ആസ്പത്രീല വേല നിർത്തി... യിനി പാറമടേലോ വല്ലോം വേലക്ക് പോണം.."
ആരോടെന്നില്ലാതെ ശിവൻ പറഞ്ഞ വാക്കുകൾ ലക്ഷ്മിയമ്മയുടെ നെഞ്ചിലാണ് തറച്ചത്.
"ന്റ മാഡൻ തമ്പിരാനെ.. ഞാ യെന്താ കേക്ക്ന്നേ... നെനക്ക് പ്റാന്ത് പിടിച്ചാടാ സിവനേ...കായി കിട്ടുന്ന വേല കൊണ്ട് കളഞ്ഞാ നിയ്യ് !?"
"ങ്ങാ പ്റാന്താ.. എന്ക്കും പ്റാന്ത് പിടിക്കും... അപ്പൊ ന്തൊക്കെ നടക്കൂന്ന് ല്ലാർക്കും കാട്ടിത്തരാം ഞാന്..." നങ്കിയെ ഒരിക്കൽ കൂടി എരിക്കും വണ്ണം നോക്കി ശിവൻ നടന്നു പോയി.
നങ്കി മല്ലികയുടെ മുഖത്തേക്ക് നോക്കി. തിളങ്ങുന്ന കണ്ണുകളോടെ പുത്തൻ ചേലയിൽ മുഴുകി നിൽക്കുകയായിരുന്നു മല്ലിക.
"ഒര് മൂശാട്ട പെരേ വന്ന് കേറി ഈടം മുടിഞ്ഞ്... യിനി ന്തൊക്കെ കണ്ണീ കാണും ന്റെ മാഡൻ തമ്പിരാനെ.." ലക്ഷ്മിയമ്മ, മല്ലികയെ നോക്കി ആക്രോശിച്ചു കൊണ്ട് അടുക്കളയിലേക്ക് ചവുട്ടി തുള്ളി പോയി.
"ഞാ ആശ്പത്രീലോട്ട് പോകുവാ. ചെലപ്പോ ഉച്ചയാകും വരാന്. കൊച്ചിന... കൊച്ചിന് നേരത്തിന് പാല് കൊട്ക്കണേ..
മല്ലീ..." നങ്കി ഉച്ചത്തിൽ വിളിച്ചു.
പറഞ്ഞതൊന്നും കേൾക്കാതെ ചേലകളുടെ ഭംഗി ആസ്വദിച്ചു കൊണ്ട് നിന്ന മല്ലിക ഞെട്ടലോടെ തല ഉയർത്തി.
"ന്താ ച്ചേയീ..!?"
"ഞാ ആശ്പത്രി പോകുവാ. കൊച്ചിന കരയിക്കാത നോക്ക്ണോന്ന്..."
"ഉം.."
നങ്കി പെട്ടെന്ന് തന്നെ തിരിഞ്ഞു നടന്നു. മനസ്സ് കലുഷിതമായിരിക്കുന്നു. ഒരു നെരിപ്പോട് ഉള്ളിൽ പുകയാൻ തുടങ്ങി.
"അക്കാ.." തങ്കത്തിന്റെ വീട്ടുപടിക്കലേക്ക് കയറി നിന്ന് നങ്കി ഉറക്കെ വിളിച്ചു.
"നീയ്യിത് ഏട പോണ് പെണ്ണേ !?"
"ആശ്പത്രീല്. ഇന്ന് പരിശോധന ഒണ്ട്.."
"നീയ്യെന്നോട് പറാഞ്ഞ എന്താ. ഞാ കൂട വന്നേനല്ലോ "
"വേണ്ട. പശ്ശെ അക്കാ എനിക്ക് ഒര് സഹായം ചെയ്യണം "
"ന്ത് !?"
"ഞാ വര്ന്ന വരെ മല്ലീട കൂട തന്ന ഒണ്ടാകണം.."
തങ്കം സന്ദേഹത്തോടെ പുരികമുയർത്തി.
"നരീട മുന്നീ വീണ് പോയ കിളിക്കുഞ്ഞിന്റ അമ്മയെ പോല നിക്കുവാ ഞാ... വേറ വഴീല്ല.." നങ്കിയുടെ കണ്ണുകൾ ഈറനായി.
"സീവനൊണ്ടാ പെരേല് ?"
"ഉം "
"സരി നിയ്യ് പോയ് വാ. ആട ഞാ പോഗാം. പശ്ശെല്.. നിയ്യ് തനിയ...പേറ് അട്ത്തിരിക്കുവാ. മുന്നേകൂട്ടി പറഞ്ഞിര്ന്നേ ഓര് വന്നേന നെന്റ കൂട "
"ന്തിനാക്കാ മുരുഗണ്ണന്റ ഒരീസത്തെ വേല വെറ്തെ കളേന്നേ..എനിക്ക് വലീയ പ്രശ്ന ഒന്നൂല്ല. ഞാ തനിയ പോയിട്ട് വരാം..." നങ്കി ആശ്വാസം കലർന്ന പുഞ്ചിരിയോടെ നടവഴിയിലേക്ക് തിരിഞ്ഞു.
▪️◼️▪️
"നങ്കീ.." പരിചയമുള്ള സ്വരത്തിൽ പിൻവിളി കേട്ടപ്പോ നങ്കി തിരിഞ്ഞു നോക്കി.
മണിയനാണ്.
"നീയ്യ് ഏട പോണ് ?"
"ആശ്പത്രീല് "
"ഹാ യെങ്കി ഒര്മിച്ച് പോഗാം..."
"മണിയണ്ണൻ ഇന്നും വൈഗീല്ലോ.."
"ഉം..വൈഗി. ആ പുത്യ സാറ് കണ്ടാലേ ഒള്ള് പ്രച്നം..."
നങ്കി മന്ദഹസിച്ചു.
പിന്നീട് കുറച്ചു ദൂരം ഇരുവരും നിശബ്ദരായി. ഒരു ചെറിയ ഇടവേളയ്ക്കു ശേഷം മണിയൻ സംസാരിച്ചു തുടങ്ങി.
"ന്റ പെണ്ണ് തിരിയെ വന്ന് നങ്കി... യിന്നലെ വേല കയിഞ്ഞ് പെരേ ചെന്നപ്പോ ഓളവിടൊണ്ട്... മുറ്റത്ത് കേറീല്ല. നടവഴീല മരത്തിന്റ ചോട്ടീ ഇരിക്ക്ന്ന്..."
വിസ്മയത്തോടെ നങ്കി മണിയനെ നോക്കി.
"പാറമടേല് വേലക്ക് വന്ന ലോറിക്കാരന്റ കൂട എറങ്ങിപ്പോയപ്പോ ഓളെന്നെ ഓറ്ത്തില്ല... പശ്ശെ ഇപ്പോ ഓറ്ത്ത് ഓന് ഓള മട്ത്തെന്ന് തോന്ന്ന്ന്.. യില്ലേ പിന്ന എന്ന തേടി വരത്തില്ലല്ലോ അല്ലേ..." മണിയന്റെ ചുണ്ടിൽ മന്ദഹാസം വിരിഞ്ഞു.
നങ്കിയുടെ കണ്ണിൽ സഹതാപവും.
"ഓള്ടെ വയറ്റി കൊച്ചൊണ്ട്... ഓന്റെയാ...
നെന്റത്തറെം വയറൊണ്ട്.. പേറ് ഒടനെ കാണും..
ഓൻ ആള് സരിയല്ലാര്ന്ന് നങ്കി. ഓളെ കൊറേ അടിച്ചേക്ക്ന്ന്.. മൊഗമൊക്ക നീർ വന്ന്... ഓള് കൊറേ അന്ബവിച്ചേക്ക്ന്ന്...
കള്ള് ആര്ന്ന് വയറ് നെറയേങ്കിലും ഞാ ഓള മേല് നോവിച്ചിട്ടില്ല നങ്കി... അദാ കണ്ടപ്പോ... ഞാ കര്ഞ്ഞ് പോയി. നാട്ടാര് എന്ന പഴിക്കും.. അദ് പോട്ട്... ഞാ കൂട മുഖം തിരിച്ചാ ഓള് ചാവത്തെ ഒള്ള് എൻക്കറിയ്യാം...
ഞാ ഓളെ വീട്ടീ കേറ്റി... ഇന്നലെ തന്ന ആസ്പത്രീലും കൊണ്ട് പോയി...
ഞാ.. ഞാ ചെയ്തേല് തെറ്റൊണ്ടാ നങ്കിപ്പെണ്ണേ... നിയ്യ് പറയ്..." ഒരു സുഹൃത്തിനോടെന്ന പോലെ മണിയൻ ആരാഞ്ഞു.
നിറകണ്ണുകളോടെ പുഞ്ചിരിച്ചു കൊണ്ട് നങ്കി തലയാട്ടി. ഇല്ലെന്നർത്ഥത്തിൽ.
"നിങ്ങള് വലിയ ആളാ മണിയണ്ണാ.. വലിയ മനസ്സൊള്ള ആള്. അങ്ങനൊള്ളോർക്കേ ഇങ്ങന ചെയ്യാൻ പറ്റൂ..."
മണിയൻ നിഷ്കളങ്കനെ പോലെ ചിരിച്ചു.
നങ്കി കണ്ണുകൾ തുടച്ചു. പിന്നെ എന്തോ ഓർത്ത പോലെ നടത്തം നിർത്തി മണിയനെ നോക്കി.
"ആ കൊച്ചോ...ഓൾടെ വയറ്റിലൊള്ള ആ കൊച്ചിനേം കൂടാണോ നിങ്ങള് സീകരിച്ചേ..?"
"ഹാ..ഒന്ന്മറിയാത്ത ആ കൊച്ചിന പിന്ന എന്ത് ചെയ്യാനാ... തെറ്റ് ചെയ്ദെ വല്യോരല്ലേ... ഇനീം പൊറം ലോഗത്ത് വരാത്ത ആ കൊച്ച്ന് വേണ്ടിയാ നങ്കി, സരിക്കും ഞാ ഓളോട് പൊറുത്തെ...യില്ലേ അദ്നേം കൊന്നിട്ട് ഓള് ചത്താലോ...."
വിടർന്ന കണ്ണുകളോടെ നങ്കി മണിയനെ നോക്കി.
"ഇനി എന്നേലും നിങ്ങക്കൊര് കൊച്ചൊണ്ടായാലും, അദിന കൂട നിർത്തണം.. സൊന്തം പോല തന്ന കാണണം. അഗറ്റി നിർത്തര്ത്..."
"ഹും... ഞങ്ങട കൊച്ച്....
ഓളെന്ന വിട്ട് പോയ എന്തിനാന്ന് നങ്കിയ്ക്കറിയ്യോ...
ഒര്.. ഒര് കൊച്ചിന ഒണ്ടാക്കാനൊള്ള ഗൊണം..എൻ..എൻക്ക്...ഇല്ലാഞ്ഞിട്ടാ..." മണിയന്റെ ശബ്ദമിടറി...
"കല്ലാണം കയ്ച്ച ഒര് പെണ്ണ് ഒരാണീന്ന് പ്റതീസിക്ക്ന്നത് ഒര് കൊച്ചിന തന്നല്ലേ നങ്കി... അതിന് ഗൊണമില്ലാത്തോനാണേ, പെണ്ണ് ഇട്ടേച്ചും തന്ന പോഗുവല്ലേ..."
മറുപടി ഇല്ലാതെ നങ്കി മിഴിയകറ്റി. പിന്നെ പതിയെ മുന്നോട്ട് നടന്നു. നിറഞ്ഞ കണ്ണുകൾ മണിയനിൽ നിന്ന് മറച്ചു പിടിച്ച്.
വീണ്ടും അവർക്കിടയിൽ മൗനം നിറഞ്ഞു.
കുറച്ചു ദൂരം നടന്നപ്പോൾ, കിതപ്പോടെ നങ്കി നിന്നു.
"ന്ത് പറ്റി നങ്കി..?"
"തല ചുറ്റ്ന്ന പോല..."
"നിയ്യ് ഇരി കൊറച്ചു നേരം..."
വഴിയോരത്തെ ഒരു മരക്കുറ്റിയിലേക്ക് മണിയൻ നങ്കിയെ പിടിച്ചിരുത്തി.
"യ്യി വയറും വച്ച് നീയ്യെന്തിനാ തനിയെ വന്ന്.. ആ തങ്കാക്കയെ കൂട കൂട്ടാര്ന്നില്ലേ.."
"എനിക്ക് കൊഴ്പ്പോന്നൂല്ല... ഇച്ചിരി ഇര്ന്നാ മതി.."
നങ്കി തലയ്ക്കു താങ്ങായ് കൈ കൊടുത്തിരുന്നു.
"മണിയണ്ണൻ പൊക്കോ. ഒത്തിരി വൈഗി.. ഞാ കൊറച്ചു കഴ്ഞ്ഞ് എഴ്ന്നേറ്റ് വരാം.."
"നെന്ന ഈ നെലേല് ഈട തനിയെ ഇട്ടിട്ട് പോകാനാ... ഉം..നിയ്യ് ഇര്ക്ക്.. ഞാ ഈട നിക്കാം.."
നിമിഷങ്ങൾ ഓടി മറയെ, ആ വഴിവക്കിൽ നങ്കിയും മണിയനും രണ്ട് നിഴലുകൾ പോലെ അവശേഷിച്ചു.
▪️◼️▪️
ദൂരെ നിന്നും വരുന്ന കാറിലേക്ക് മണിയന്റെ നോട്ടം പതിഞ്ഞു. വളരെ വേഗത്തിൽ വന്ന കാർ അവർക്ക് മുന്നിൽ പൊടിപടലങ്ങളുടെ തിരശ്ശീലയും ചരൽക്കല്ലുകളെ ഞെരിച്ചമർത്തിയ ആരവവും ഉയർത്തി നിന്നു.
നങ്കി മെല്ലെ എഴുന്നേറ്റു.
കാറിൽ നിന്നുമിറങ്ങിയ ജോസഫ് നങ്കിയെ അടിമുടി നോക്കി.
"നിനക്കെന്താ സുഖമില്ലേ ?"
"നങ്കിക്ക് തല ചുറ്റി സ്സാറേ..." മണിയൻ നങ്കിയുടെ അവശത കണക്കിലെടുത്ത് പറഞ്ഞു.
"താനെന്താ ഇവിടെ ?"
"അത്.. ആസ്പത്രീലോട്ട് പോഗുമ്പളാ നങ്കിപ്പെണ്ണിനെ കണ്ടേ..നങ്കീം ആസ്പത്രീലോട്ട് പോഗുവാര്ന്ന്. അപ്പപ്പിന്ന ഒര്മിച്ച് പോഗാന്ന് നിരീച്ച്.."
കൈത്തണ്ട ഉയർത്തി ജോസഫ് വാച്ചിലേക്ക് ദൃഷ്ടിയൂന്നി.
അതിനർത്ഥം മനസ്സിലാക്കിയിട്ടെന്നവണ്ണം മണിയൻ തല കുനിച്ചു.
"നിന്റെ കൂടെ വരാൻ വീട്ടിലാരുമില്ലേ...ഇയാളില്ലാരുന്നെങ്കിൽ ബോധമില്ലാതെ വഴീല് കിടന്നേനല്ലോ..." കനത്ത സ്വരത്തിൽ ജോസഫ് ചോദിച്ചു.
"അത്തറ വലിയ കൊഴപ്പോന്നൂല്ല എനിക്ക്..."
"എണീച്ചു നിൽക്കാൻ വയ്യെങ്കിലും തലക്കനത്തിനു കുറവൊന്നുമില്ല... നാവിനും..." ജോസഫ് അരിശത്തോടെ പറഞ്ഞു.
"ഉം.... കാറിൽ കേറ്. ഞാൻ ഹോസ്പിറ്റലിലേക്കാ.. ഇനി നടക്കണ്ട.."
"ഞാ നടന്ന് പൊക്കോളാം... തലച്ചുറ്റല് മാറി "
"നിന്നെ കൂടെ കൊണ്ട് പോകാൻ കൊതിച്ചിട്ടൊന്നുമല്ല... വയറ്റിൽ കിടക്കുന്ന കുഞ്ഞിനെ ഓർത്തിട്ടാ. മര്യാദയ്ക്ക് കാറിൽ കയറ്.."
"പോ നങ്കി.. ഇനീം തല ചുറ്റിയാ ന്തോ ചെയ്യും..." മണിയൻ ജോസഫിനെ പിന്താങ്ങി പറഞ്ഞു.
മനസ്സില്ലാമനസ്സോടെയെങ്കിലും നങ്കി തല കുലുക്കി.
മുന്നിലെ ഡോർ തുറന്ന് ജോസഫ് നങ്കിയെ നോക്കി നിന്നു.
" ഞാ പുറകെ കേറാം..." നങ്കി പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.
" അപ്പൊ ഞാനെന്താ ഡ്രൈവറായി മുന്നിലിരിക്കാനോ...? " എടുത്തടിച്ച പോലെ ജോസഫ് ചോദിച്ചു.
" അതല്ല... ഞാ... "
" കേറ്... "
നീരസത്തോടെ തന്നെ നങ്കി മുന്നിലേക്ക് കയറി.
പിറകിലെ ഡോർ തുറന്നിട്ട് കൊണ്ട് ജോസഫ് ഡ്രൈവിംഗ് സീറ്റിലേക്ക് നടന്നു. കാറിനുള്ളിലേക്ക് കയറും മുമ്പ് മണിയനെ നോക്കി.
"ഇനി തനിക്കെന്താ പ്രത്യേക ക്ഷണം വേണോ കാറിൽ കേറാൻ..ഡ്യൂട്ടിക്ക് കയറേണ്ട സമയം കഴിഞ്ഞിട്ടും താങ്ങീം തൂങ്ങീം നടക്കുവാ. കേറടോ കാറിൽ "
ജോസഫിന്റെ ആജ്ഞ കിട്ടിയതും മണിയൻ ഓടിച്ചെന്ന് പിൻസീറ്റിലേക്ക് കയറി. ഡോറും വലിച്ചടച്ചു.
ഡ്രൈവിംഗിനിടയിലും ജോസഫ് അടിക്കടി നങ്കിയെ ഗൗനിച്ചു. പുറത്തെ കാഴ്ചകളിലേക്ക് കണ്ണുനട്ട് ഇരിക്കുന്നെങ്കിലും ചിന്തകൾ മറ്റെവിടെയോ ആണെന്ന് അയാൾക്ക് തോന്നി.
"നങ്കീ...." കാറിനുള്ളിലെ നിശബ്ദതയിൽ ജോസഫിന്റെ സ്വരമുണർന്നു.
തുടരും...✍️
💜
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ