©️ Copyright Protected
🌺🌺🌺🌺
"നങ്കീ...."
ചിന്തകളുടെ കയത്തിൽ നിന്നും ജോസഫിന്റെ സ്വരം നങ്കിയെ പിടിച്ചുയർത്തി.
"ഞാ... ഞാ ഓന്റ ഇസ്ട്ടത്തിന് നിന്നിരുന്നേ ന്റ മല്ലിക്ക് ഇങ്ങന വര്ത്തില്ലാര്ന്ന്...
കൊച്ചുപെണ്ണാ ഓള്... ന്റ മല്ലി... എനിക്ക് വേണ്ടി..." ചിറ പൊട്ടിയത് പോലെ നങ്കിയുടെ കണ്ണുകൾ ആർത്തു പെയ്തു.
ചുമരിലേക്ക് തല ശക്തമായി ആഞ്ഞിടിച്ചു കൊണ്ട് നങ്കി നെഞ്ചിൽ ഉറഞ്ഞു കൂടിയ വേദനയുടെ കനലുരുക്കി.
"നങ്കീ... നങ്കീ.." ജോസഫിന്റെ കൈകൾ നങ്കിയെ തടയാൻ ശ്രമിച്ചു.
പെട്ടെന്നാണ് ഐ സി യൂ വിനുള്ളിൽ നിന്നും നേഴ്സ് പുറത്തേക്കിറങ്ങി വന്നത്.
"സ്സാർ... മല്ലിക... ." നങ്കിയെ പാളി നോക്കി അപൂർണ്ണമായ വാക്കുകളിൽ അവർ ജോസഫിനോട് വിവരമറിയിച്ചു.
ഇറ്റുവീണ മഴത്തുള്ളി പോലെ നങ്കി നിലത്തേക്ക് ഉതിർന്നു വീണു.
.............✍️
മല്ലികയുടെ കുഞ്ഞിന്റെ കൈ പിടിച്ച് ചിതയ്ക്ക് തീ കൊളുത്തുമ്പോഴും നങ്കി കരഞ്ഞില്ല.
മനസ്സിൽ നിശബ്ദമായി നടക്കുന്ന കണക്കു കൂട്ടലുകളൊക്കെയും നിർവികാരതയുടെ മുഖംമൂടിയ്ക്കുള്ളിൽ മറച്ചു കൊണ്ട്, ആളിയെരിഞ്ഞ ചിതയുടെ അവസാന കനൽ കെട്ടടങ്ങുന്നത് വരെയും ഒരു ശില കണക്കെ മൂകസാക്ഷിയായി നങ്കി നിന്നു.
"നങ്കീ... പോഗാം..." തങ്കത്തിന്റെ കരസ്പർശം കൈത്തണ്ടയിലറിഞ്ഞപ്പോ നങ്കി തിരിഞ്ഞു നോക്കി.
മണിയനും മുരുകനും ജോസഫുമുൾപ്പെടെ ആരൊക്കെയോ ദൂരെ മാറി നിൽപ്പുണ്ട്. അവർക്കൊപ്പം കൊലുസ്സും.
"എത്തറ നേരായി നിയ്യ് ഇങ്ങന നിക്ക്ന്ന്... വാ നങ്കീ... "
"ഉം..." ഒരു നോക്ക് കൂടി എരിഞ്ഞടങ്ങിയ ചിതയിലേക്ക് നീട്ടി നങ്കി മൂളി. പിന്നെ പിന്തിരിഞ്ഞു നടന്നു.
"രണ്ടു ദിവസം കഴിഞ്ഞ് ഹോസ്പിറ്റലിലേക്ക് വരണം.. ഒരു കൗൺസിലിംഗ് ഏർപ്പെടുത്താം. നിനക്കെങ്ങനെ ഒന്ന് ഇപ്പൊ അത്യാവശ്യമാ..
മനസ്സ് ഒരുപാട് ബാധിക്കപ്പെട്ടിട്ടുണ്ട്..
ശരീരത്തിനേറ്റ മുറിവ് മാറിയാലും മനസ്സിനേ.. -
"വേണ്ട സ്സാർ..." ജോസഫിന്റെ വാക്കുകൾ മുറിച്ചു കൊണ്ട് നങ്കി ഉറച്ച സ്വരത്തിൽ പറഞ്ഞു.
"വേണ്ടാ... ഒക്കെയും എന്റ മനസ്സീ തന്ന കെടക്കട്ടെ... എന്നാലേ...
എന്റ മനസ്സില മുറിവ് എന്റ മല്ലിയാണ്.. അത് അങ്ങനൊന്നും ആറൂല്ല സ്സാർ...
ആ നോവിന് കാരണക്കാരനായോനെ മറക്കാതിരിക്കാന് ആ നോവ് എനിക്ക് എന്നും അറീണം...." ജോസഫിന്റെ മുഖത്തേക്ക് തറച്ചിരുന്ന മിഴികൾ പിൻവലിച്ച് നങ്കി മുന്നോട്ട് നടന്നു. നങ്കിയ്ക്ക് തൊട്ടു പിന്നാലെ എല്ലാർക്കും മുന്നേയായി കൊലുസ്സും.
▪️▪️▪️
മറപ്പുരയിൽ കയറി തല കുളിർക്കെ വെള്ളം കോരി ഒഴിക്കുമ്പോ നങ്കിയുടെ ശരീരം വിറയാർന്നിരുന്നു. പക്ഷേ, ഉള്ളിൽ എരിഞ്ഞു കൊണ്ടിരുന്ന പകയുടെയും വിദ്വേഷത്തിന്റെയും കനലിൽ ഇതിനോടകം ഒരായിരം തവണ ശിവനെ കത്തിച്ചു ചാമ്പലാക്കി കഴിഞ്ഞിരുന്നു നങ്കി.
മറപ്പുരയിൽ നിന്നും പുറത്തേക്കിറങ്ങിയപ്പോൾ കൈയ്യിൽ തോർത്തുമായി കാത്തു നിൽക്കുന്ന തങ്കത്തിനെ കണ്ടു.
"തല തുവർത്ത് നങ്കീ... ജൊരം വന്നാ കൊച്ചുങ്ങട നെല എന്തോവാകും " തങ്കം തന്നെ നങ്കിയുടെ മുടി തോർത്തി കൊടുത്തു.
ഇറയത്തേക്ക് നടന്നപ്പോ, മണിയനും മുരുകനും കൊച്ചുങ്ങളുമായി അവിടെ ഇരിപ്പുണ്ടായിരുന്നു.
"മണിയണ്ണാ... മോന ഈട നിർത്ത്ന്നേല് ന്തേലും..."
"നീയ്യെന്തിനാ ഇങ്ങന ചോയ്ക്ക്ന്നേ നങ്കീ... യിനി ഓന്റ പൊര ഇദ് തന്നാ.." മുരുകന്റെ കൈയ്യിലിരുന്ന കുഞ്ഞിനെ ഒന്ന് തലോടി മണിയൻ പറഞ്ഞു.
നിശ്വാസത്തോടെ നങ്കി പുരയ്ക്കുള്ളിലേക്ക് കയറി.
പാതിരാവിന്റെ ആലസ്യത്തിൽ കിടക്കുമ്പോഴും നങ്കിയുടെ കണ്ണുകളിൽ ഉറക്കം തീണ്ടിയിരുന്നില്ല. മല്ലിയുടെ അവസാന നിമിഷങ്ങൾ ഇരുട്ടിന്റെ തിരശീലയ്ക്കുള്ളിൽ വീണ്ടും വീണ്ടും തെളിഞ്ഞു വരുന്നു. കണ്ണുകൾ ഇറുകെ പൂട്ടി നങ്കി ആ കാഴ്ച മറയ്ക്കാൻ ശ്രമിച്ചു.
ഉറങ്ങാത്ത രാവ് പുലർന്നപ്പോൾ തങ്കം ചുരുണ്ടു കൂടി കിടക്കുന്നത് കണ്ടു. മുരുകനും തങ്കവും ഇന്നലെ തങ്ങിയത് ഇവിടെയാണെന്ന് നങ്കി അപ്പോഴാണ് ഓർത്തെടുത്തത്.
ചിന്തകളെയും ഓർമ്മകളെയും ചിതറാതെ മനസ്സിന്റെ കോണിലേക്ക് ഒതുക്കി വച്ച് നങ്കി എഴുന്നേറ്റു.
▪️⚫️▪️
ഇല പൊഴിയും പോലെ കൊഴിഞ്ഞു പോയ ദിവസങ്ങളിലൊരു വൈകുന്നേരം കൊച്ചുങ്ങളുമായി ഇറയത്തിരിക്കും നേരത്താണ് ലക്ഷ്മിയമ്മ മുറ്റത്തേക്ക് കയറി വന്നത്.
നങ്കിയും തങ്കവും അമർഷത്തോടെ പരസ്പരം നോക്കി.
"എന്തിനാ തള്ളേ ഈട വന്നേ...?" തങ്കം മുറ്റത്തേക്ക് പാഞ്ഞിറങ്ങി ചോദിച്ചു.
"ഞാ ന്റ ചെക്കന്റ കൊച്ചിന കാണാന് വന്നയേദ്.." ലക്ഷ്മിയമ്മ ഈർഷ്യയോടെ പറഞ്ഞു.
"ചെക്കന്റ കൊച്ചാ...!!" തങ്കം അതിശയം അഭിനയിച്ചു കൊണ്ട് ചോദിച്ചു.
"നിങ്ങട കൊലകാരൻ മോന്റ കൊച്ചല്ല ഇപ്പൊ ഈദ്... ഞങ്ങട നങ്കീട കൊച്ചാ..."
"അദ്ന് ചത്ത കൊച്ചിന.. -
മദീ... ഇനി നിങ്ങള് എന്തേലും മിണ്ടിയാ.. മറ്പടി പറേന്നത് എന്റ കൈയ്യാരിക്കും... നിങ്ങട ചെകിട്ടത്ത്...." നങ്കിയുടെ ശബ്ദം ചീറി വന്നു.
ലക്ഷ്മിയമ്മയുടെ കൈ അറിയാതെ തന്നെ കവിളിനെ പൊത്തിപ്പിടിച്ചു.
"നിങ്ങട എളേവളട പ്രായല്ലേ ന്റ മല്ലിക്ക് ഒണ്ടാര്ന്നൊള്ള്.. എന്നിട്ടും എല്ലാത്തിനും മിണ്ടാത കൂട്ട് നിക്കയല്ലേ നിങ്ങള് ചെയ്ദത്..
സ്റ്റേഷനീ ചെന്ന് നിങ്ങട മോന്റ പേരിന്റ കൂട നിങ്ങട പേര് കൂട ചേർത്ത് പരാതി കൊട്ത്താ പിന്നെ കൊറേ കാലം പൊറം ലോകം കാണില്ല നിങ്ങള്...
ഞാ അദ് ചെയ്യാത്തത്.. വയ്യാതായി കെടക്ക്‌ന്ന ആ അപ്പനേം നിങ്ങട പെണ്മക്കളേം ഓർത്താ..."
ലക്ഷ്മിയമ്മ തല കുനിച്ചു നിന്നു.
"ഇനി എന്റ മോന തെരക്കി നിങ്ങള് വരര്ത്... വന്നാ.. ഇങ്ങനാരിക്കില്ല ഞാ പെര്മാറ്ന്നേ...
പോ... ഈടന്ന് പോഗാനാ പറഞ്ഞേ..." നങ്കിയുടെ കൈ വഴിയിലേക്ക് നീണ്ടു.
"തൊറപ്പേട്ത്ത് അടിച്ചോടിക്കട്ടേ നങ്കീ..." തങ്കം അവജ്ഞയോടെ ചോദിച്ചു.
"വേണ്ടാക്കാ... വെറ്തെ ആ ചൂല് അഴ്ക്കാക്കണ്ട..." വെറുപ്പിന്റെ പാരമ്യതയിൽ എത്തിയ പോലെ നങ്കി മുഖം തിരിച്ചു.
ഒരങ്കത്തിന് മുതിരാതെ ലക്ഷ്മിയമ്മ തിരിഞ്ഞു നടന്നു.
"ഒന്ന് നിന്നേ..." പെട്ടെന്നെന്തോ ഓർത്തത് പോലെ നങ്കി പിൻവിളി വിളിച്ചു.
"ഇപ്പോന്താ പെട്ടന്ന് മോന കാണാന് പൂതി തോന്നിയേ... ങ്‌ഹേ...?" സംശയത്തിന്റെ ദൃഷ്ടിയോടെ ലക്ഷ്മിയമ്മയെ നോക്കി നങ്കി നിന്നു.
"അദ്... അദ്.. ഒന്നൂല്ല... തോന്നി... അത്തറേ ഒള്ള്..." വിക്കി വിക്കി എങ്ങാനോ അവർ മറുപടി പറഞ്ഞൊപ്പിച്ചു.
"ഉം...
ഈടന്ന് പോന്നേന് മുമ്പ് ഒര് കാരിയം കൂട മനസ്സില് വച്ചോ...
എന്റ ചെക്കൻ എന്റ ചെക്കൻന്ന് വിളിച്ച് കൂവൂല്ലേ.. നിങ്ങള് പെറ്റ മോനാണേലും ഓന കര്തി ഇരുന്നോ...
ഏതേലും പാതിരാവില് പൊരേ വന്ന് കേറിയാ, ഓന്റ കൂട പെറന്ന ആണേലും നിങ്ങട പെണ്മക്കള ഓന്റ മുന്നീ കൊണ്ട് നിർത്തര്ത്...
പിന്ന... അദ്ങ്ങള് മാത്രല്ല... നിങ്ങളും...." പറഞ്ഞു പൂർത്തിയാക്കി നങ്കി തിരിഞ്ഞു നടക്കുമ്പോൾ പിന്നിൽ നിന്നും ഏങ്ങലടി ഉയർന്നു.
"ക്രാ... ത്ഫൂ..." തങ്കം മുറ്റത്തേക്ക് നീട്ടി കാർക്കിച്ചു തുപ്പി നങ്കിയ്ക്ക് പിന്നാലെ വന്നു.
കുനിഞ്ഞ ശിരസ്സോടെ ലക്ഷ്മിയമ്മ ആ മുറ്റമിറങ്ങി.
"നങ്കീ.. ആ തള്ള കൊച്ചിന കാണാന് ദയ്ര്യായിട്ട് വന്നല്ലോ... ച്ചി..."
"അവര് തന്നെ തോന്നി വന്ന അല്ലക്കാ..."
"പിന്ന..!!!!?"
"ഓൻ പറഞ്ഞിട്ട് വന്നതാ...."
"നങ്കീ...?"
"ഉം. ഞാ ചോദ്ച്ചപ്പോ അവര് പതറിയ കണ്ടോ.. രാത്ത്റി ആരും കാണാത ഓൻ വന്നിട്ടൊണ്ടാകും..."
"എന്തിന്...?" തങ്കം ഭീതിയോടെ ചോദിച്ചു.
"എന്ന സൊയ്ര്യായിട്ട് ജീവിക്കാൻ ഓൻ സമ്മതിക്കൂന്ന് തോന്ന്ന്നോണ്ടാ അക്കയ്ക്ക്...
എന്തോ നിരീച്ച് വച്ചിട്ടൊണ്ട് ഓന്റ മനസ്സില്.."
"ന്റ മാടൻ തമ്പിരാനെ... ആ ചെന്നായീന്ന കൊല്ലാന് ആരൂല്ലേ യ്യി ഊരില്..."
"സിവന ആണോടീ തങ്കം.." മുരുകൻ മുറ്റത്തേക്ക് കയറിക്കൊണ്ട് ചോദിച്ചു. പിന്നാലെ മണിയനുമുണ്ടായിരുന്നു.
"വേറാരയാ.."
"അപ്പൊ ഓന്റമ്മ ഈടത്തന്ന വന്ന അല്ലേ..?"
"നിങ്ങള് കണ്ടാ..?"
"ഉം. കണ്ണും മൊഗോമൊക്ക തൊടച്ചോണ്ട് പോന്ന കണ്ട്.."
"ഓ... കൊറേ തൊടക്കും...
നങ്കീട വായീന്ന് നല്ല രണ്ട് കിട്ടി.. അദാ തള്ള അങ്ങന പോയേ..."
മണിയനും മുരുകനും നങ്കിയെ നോക്കി.
"ഓൻ രാത്ത്റി അവര പൊരേ ചെന്നിട്ടോണ്ട് മുരുഗണ്ണാ.. അദാ കൊച്ചിന കാണണോന്ന് പറഞ്ഞ് അവര് ഈട വന്നേ.."
"ആ ചെന്നായീന പിടിക്കാൻ പോലീസിന് ഇദ് വര പറ്റീല്ലല്ലോ..ഓൻ എവിടാന്ന് പോലും ഒര് പിടീം ഇല്ല.."
കണ്ടാ ഒടനെ ഓന വെടി വച്ചിടണം..." തങ്കത്തിന്റെ വാക്കുകളിൽ ശിവനോടുള്ള വെറുപ്പ് നിഴലിച്ചു.
"ഓൻ പുലീം കരടീം വല്ലോവാണോ വെടി വച്ചിടാന്. നിയ്യ് മിണ്ടാതിരി തങ്കം.." മുരുകൻ ശാസനയോടെ സ്വരമുയർത്തി.
"എൻക്ക് തോന്ന്ന്ന് മുരുഗണ്ണാ...ഓൻ കാട് കേറീട്ടൊണ്ടാകൂന്ന്..."
മണിയന്റെ വാക്കുകൾ എല്ലാവരിലും അമ്പരപ്പ് നിറച്ചു.
"നരീം പുലീമൊള്ള കാട്ടില് ഉയിര് പേടിയൊള്ള. ആരേലും പോഗുവോ മണിയാ..."
"ഓൻ അങ്ങന പേടിയൊള്ള ഒര്ത്തനല്ല.. നിങ്ങക്കൊക്ക അറിയാല്ലോ..
പോലീസ് പിടിക്കാതിരിക്കാന് ഓന് അദേ ഒള്ള് ഒര് വഴി. ഊരിന് പൊറത്ത് പോയിര്ന്നേ ഓനെപ്പഴേ അകത്തായേന.. ഇദ് കാട്ടീ തന്നാ ഓൻ കേറിയേ..." ഉറച്ച വിശ്വാസത്തിൽ മണിയൻ പറഞ്ഞു.
"പച്ചേല് കാട്ടിലൊക്ക പോലീസ്സ് തെരഞ്ഞ അല്ലേ..?" തങ്കം ആരാഞ്ഞു.
"ഉൾക്കാട്ടീ പോലീസ് കേറി കാണത്തില്ലക്കാ..."
"ഉം..."
നങ്കിയുടെ നോട്ടം അങ്ങകലെ കാണുന്ന മലനിരകളുടെ മേലെ നീണ്ടു.
"എൻക്ക് പേടിയാക്ന്ന്..." തങ്കം ആശങ്കയോടെ മണിയനെ നോക്കി.
"ഏതേലും നരി കടിച്ച് കൊന്നെങ്കി ഓന..."
"ങ്ഹും.... നരീന കൊല്ല്ന്ന നരനാ ഓൻ..." കിഴക്കൻ മലയിൽ നിന്നും കണ്ണെടുക്കാതെ നങ്കി പറഞ്ഞു.
ഭീതി നിറഞ്ഞ കണ്ണുകളോടെ തങ്കം നങ്കിയുടെ നോട്ടമെത്തുനിടത്തേക്ക് ദൃഷ്ടി പായിച്ചു.
◾️◾️◾️
ചിത്തിരയുടെ കുഞ്ഞിന്റെ നൂല് കെട്ടിനുള്ള തയ്യാറെടുപ്പിലാണ് എല്ലാവരും.
അടുക്കളയിൽ നിൽക്കുന്ന നങ്കിയ്ക്കരികിലേക്ക് മണിയൻ നടന്നു വന്നു.
"നങ്കീ..."
"ഹാ മണിയണ്ണാ... നേരായോ..?"
"ആക്ന്നേ ഒള്ള് നിയ്യ് തിടുക്കാകണ്ട...ഞാ ഒര് കാരിയം പറാൻ വന്നതാ..."
"എന്താ മണിയണ്ണാ..." നങ്കി തല ഉയർത്തി മണിയനെ നോക്കി.
"നങ്കീ... അദ് പിന്ന... നല്ലൊരീസായിട്ട് ഈട വരാന് ഒത്തിരി പേരൊന്നും ഇല്ലല്ലോ...
എന്നും പോല നീ.. ഞാ.. മുരുഗണ്ണാ.. തങ്കാക്ക പിന്ന കൊലുസ്സ്..ഇത്തറ പേരല്ലേ ഒള്ള്..." പരുങ്ങലോടെ മണിയൻ പറഞ്ഞു നിർത്തി.
"എനിക്കൊന്നും മനസ്സിലായില്ല മണിയണ്ണാ.. എന്താ പറേന്നേ.."
"അദ് പിന്ന നങ്കീ... ഞാ നമ്മ്ട ജോസ്സാറിന കൂട വിളിച്ചിട്ടൊണ്ട്..."
"ഒരാളെ ഉള്ളോ....,?" അടുപ്പിലിരുന്ന കലത്തിൽ തവിയിട്ടിളക്കുന്നതിനിടയിൽ നങ്കി തിരക്കി.
"ഉം..."
"അതിനാണോ മണിയണ്ണാ ഇത്ര വെശമിച്ചേ... പറേന്ന കേട്ടപ്പോ ഞാ കര്തി പത്തിരുപത് പേര് വര്ന്നൊണ്ടെന്ന്....
മണിയണ്ണന്റ സ്സാറ് വരട്ടെ... സ്സാറിന് കൊട്ക്കാനൊള്ള ആഹാരോക്കെ ഒണ്ട്... അതോർത്ത് വെശമിക്കണ്ട....
പോരേ...?"
"ഉം..." മണിയൻ വീണ്ടും മൂളി.
"ഉം" തിരിച്ചൊന്നു മൂളി നങ്കി മുറിയിലേക്ക് നടന്നു.
തങ്കവും മുരുകനും അപ്പോഴേക്കും കുഞ്ഞുങ്ങളെ കുളിപ്പിച്ച് ഒരുക്കാനുള്ള ഉത്സാഹത്തിലായിരുന്നു.
"അങ്ങനല്ല മനുസാ... നിങ്ങള് പൊട്ടൊന്നും തൊടീച്ച് കൊച്ചിന്റ മൊഗം അയ്ക്കാക്കണ്ട. ഞാ ചെയ്ദോളാം.."
"ഓ... പിന്ന നിയ്യ് പത്ത് കൊച്ചുങ്ങള പെറ്റ് ഒരുക്കീതാണല്ലോ..."
"ദേ മനുസാ..." തങ്കം അരിശത്തോടെ മുരുകന്റെ കൈയ്യിലൊന്നു കിഴുക്കി.
"ഹാ... കൊച്ചുങ്ങള ഒരുക്കി ഒരുക്കി രണ്ടാളും ചണ്ടയായാ..." നങ്കി അവർക്കിടയിലേക്ക് വന്നു.
"നിയ്യ് നോക്ക് നങ്കീ നെന്റ മുരുഗണ്ണൻ കൊച്ചിന്റ മൊഗത്ത് കോലം വരച്ച് വച്ചേക്ക്ന്ന..."
നങ്കി മോന്റെ മുഖത്തേക്ക് നോക്കി. പുരികത്തിന് മേലെ കരി കൊണ്ട് ഒരു റോഡ് തന്നെ തീർത്തു വച്ചിട്ടുണ്ട്. ഉള്ളിൽ ചിരി പൊട്ടിയെങ്കിലും അതടക്കിപ്പിടിച്ച് നങ്കി തങ്കത്തിനെ നോക്കി.
"മുരുഗണ്ണനും ആശ കാണില്ലേക്കാ... സാരല്ല ഇദ് തൊടച്ചിട്ട് ഒന്നൂട വരച്ചാ പോരേ..."
"ഉം.... ആശ..." തങ്കം മുരുകനെ നോക്കി ചിറി കോട്ടി.
"ന്റ നങ്കീ ഇവള് നെന്റ കൊലുസ്സിന്റ മൊഗത്ത് ചെയ്യുന്ന അത്തറേം കോലം ഞാ കൊച്ചിന്റ മൊഗത്ത് ചെയ്ദിട്ടില്ല...
പാവം കൊലുസ്സിന പിടിച്ചിരുത്തി കണ്ണും പുരികോം വരച്ച് ഇല്ലാത്ത ചെള്ളേല് ഒര് വട്ടോം വരച്ച്... ഹോ..." മുരുകൻ അസഹനീയമായതെന്തോ ഓർത്ത പോലെ മുഖം ചളുക്കി തല കുടഞ്ഞു.
തങ്കം അരിശത്തോടെ ഭർത്താവിനെ നോക്കിയിരുന്നു.
"മദി മദി... ഇനി ചണ്ട ഒണ്ടാക്കണ്ട... നല്ലൊരീസായിട്ട്..." നങ്കി തങ്കത്തിന്റെ കൈയ്യിൽ തട്ടി ആശ്വാസപ്പെടുത്തി.
പിണക്കം കൊണ്ടെന്ന പോലെ തങ്കം മുരുകന് എതിരായി പിന്തിരിഞ്ഞിരുന്ന് തന്റെ ജോലി തുടർന്നു.
കുളി കഴിഞ്ഞ് മണിയനും അവർക്കൊപ്പം കൂടി.
"അല്ലാ മണിയാ... കൊച്ചിന് പേരൊക്ക ഒറപ്പിച്ച് വച്ചാ.. ആ നേരാകുമ്പോ വിളിക്കേണ്ടതാ..." മുരുകൻ ഓർമ്മപ്പെടുത്തി.
"നങ്കി പറേട്ടെ ഒര് പേര്..." മണിയൻ അഭിപ്രായപ്പെട്ടു.
"ഞാ..." അമ്പരപ്പോടെ നങ്കി മണിയനെ നോക്കി.
"അദ് സരിയാ നങ്കി പറേം.. ഓൾക്ക് പുത്യ പുത്യ പേരൊക്കെ അറിയ്യാം..
നിയ്യ് നമ്മ്ട യ്യി കൊച്ചു നിച്ചൂന് പള്ളിക്കൂടത്തീ വിളിക്കാന് ഇട്ട പേരെന്താ നങ്കീ... ഞാ മറന്ന് പോയീ.." തങ്കം ആലോചനയോടെ തല ചൊറിഞ്ഞു.
"അദ് പഴേ പേരാക്കാ... ഹരി..."
"ഹരി... അദ് കൊള്ളാല്ലോ...." മുരുകൻ അഭിപ്രായപ്പെട്ടു.
"ആദ്യായിട്ട് പഠിച്ചു തുടങ്ങ്ന്നത് ഹരി എന്നെഴുതിയല്ലേ..." നങ്കി ചിരിച്ചു കൊണ്ട് പറഞ്ഞു.
"അദൊന്നും എൻക്കറീല്ല..." മുരുകൻ കൈ മലർത്തി.
നങ്കി തങ്കത്തിന്റെ മടിയിൽ കിടത്തിയിരുന്ന നിച്ചൂനെ തലോടി.
"ഇവന നെറേ പഠിപ്പിക്കണം.. നല്ലതും കെട്ടതും തിരിച്ചറിയാൻ പാകമാക്കണം...
പഠിത്തത്തിന്റ ആവശ്യോം നേട്ടോം ഒക്ക യ്യി ഊരാള്കള് എന്റ മോനിലൂട അറിഞ്ഞു തുടങ്ങണം...
തുടക്കം ഇവ്നിലൂട ആക്ന്ന കൊണ്ടാ യ്യി പേര് തന്ന ഇട്ടേ..."
"ഓ... അപ്പൊ മോളുക്കോ...?" തങ്കം ആരാഞ്ഞു.
"ഉം... മോൾക്ക്...
ഇതൾ..."
"ഇതളോ.. !!! ?"
"മ്മ്... ഇതൾ...
ഒര് ചെറിയ കാറ്റില് പോലും പൊഴിയാത്ത... എത്ര വലിയ വെയിലിലും വാടാത്ത ഇതളായി എന്റ മോള് വളരണം.... " കൈയ്യിലിരുന്ന കുഞ്ഞിന്റെ നെറുകയിലേക്ക് നങ്കി ചുണ്ടുകളമർത്തി.
ആ കാഴ്ച കണ്ടതും മണിയന്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു.
"അപ്പൊ മോള പടിപ്പിക്കണ്ടേ...?"
"വേണം.... വെറ്തെ പടിപ്പിക്കാനല്ല... നല്ല ഒര് ജോലി കിട്ടാനൊള്ള അത്ത്രേം പഠിപ്പിക്കണം...
പിന്ന മോന നിച്ചൂന്ന് വിളിക്ക്ന്ന പോല മോള നമ്മക്ക് മണിക്കുട്ടീന്ന് വിളിക്കാം... മണിയണ്ണന്റ മോള് മണിക്കുട്ടി..."
"അദ് കൊള്ളാം...പച്ചേല് നങ്കീ.... ഇവര്ട രണ്ട് പേർടേം പേര് തമ്മീ ഒര് ചേർച്ചേമില്ലല്ലോ..."
"പേരില് ചേർച്ച എന്തിനാക്കാ...
ഒരാൾക്ക് ഒരാള് കൂട്ടായി വളന്നാ പോരേ...
"മദീല്ലേ... ങ്ഹും. എങ്കി മദി.." തങ്കം സന്തോഷത്തോടെ ചിരിച്ചു. ആ ചിരിയിൽ എല്ലാവരും പങ്ക് ചേർന്നു.
ചരട്കെട്ടിന് നേരമടുത്തപ്പോഴാണ് ജോസഫ് വന്നത്. പിന്നെ വൈകാതെ ചടങ്ങിലേക്ക് കടക്കാനുള്ള തിടുക്കമായിരുന്നു മണിയന്.
അരഞ്ഞാണം കെട്ടി കരിവളയുമിട്ടതിന് ശേഷം മണിയൻ കുഞ്ഞിന്റെ കാതിൽ പേര് ചൊല്ലി. പിന്നെ എല്ലാവർക്കും കേൾക്കാനായി ഉറക്കെ പറഞ്ഞു.
"ഹാ... നല്ല പേരാണല്ലോ മണിയാ..." ജോസഫ് അഭിപ്രായപ്പെട്ടു.
"നങ്കി പറഞ്ഞ പേരാ..." തങ്കം പെട്ടെന്ന് വിളിച്ചു പറഞ്ഞു.
"ഓ.... നൈസ്..."
അതു കേട്ടതും തങ്കം വെളുക്കെ ചിരിച്ചു.
പോക്കറ്റിൽ നിന്നും പുറത്തെടുത്ത ചെറിയ ഡബ്ബയിൽ നിന്നും ഒരു കുഞ്ഞ് സ്വർണ്ണവളയുമായി ജോസഫ് മണിയനരികിലേക് ചെന്നു. ഇതളിന്റെ കൈയ്യിലേക്ക് വള അണിഞ്ഞ ശേഷം കുഞ്ഞു വിരലുകളിൽ ഒന്ന് മുത്തി.
ശേഷം, നങ്കിയ്ക്കരികിലേക്ക് വന്നു. അതേ ഡബ്ബയിൽ നിന്നും ഒരു ചെറിയ മാല എടുത്ത് നിച്ചുവിന്റെ കഴുത്തിലേക്ക് അണിഞ്ഞു.
"വേണ്ടാ സ്സാർ..." നങ്കി തടയാൻ ശ്രമിച്ചു.
"മാല കുഞ്ഞിന്റെ കഴുത്തിലല്ലേ ഇട്ടത്.. നിന്റെയല്ലല്ലോ..."
തല താഴ്ത്തി നങ്കി പെട്ടെന്ന് പുരയ്ക്കുള്ളിലേക്ക് കയറിപ്പോയി. പിന്നെ ജോസഫിന്റെ മുന്നിലേക്ക് അബദ്ധത്തിൽ പോലും ചെന്നു ചാടാതിരിക്കാൻ ശ്രമിച്ചു.
ഉച്ചയ്ക്കുള്ള ഊണും കഴിഞ്ഞാണ് ജോസഫ് മടങ്ങിയത്. മടങ്ങും മുമ്പ് മോർച്ചറിയുടെ ഇന്നത്തെ രാത്രി ഡ്യൂട്ടിക്ക് വരണമെന്ന് മണിയനെ നിർദ്ദേശിക്കുകയും ചെയ്തു.
തിരക്കുകളൊക്കെ ഒഴിഞ്ഞ നേരം എല്ലാവരും ഉച്ചമയക്കത്തിലേക്ക് കടന്നു. ഇറയത്ത് തന്നെ രണ്ടിടങ്ങളിലായി മുരുകനും മണിയനും കിടന്നു.
ഉറക്കത്തിലാണ്ട തങ്കത്തിനെ ഒന്ന് നോക്കിയതിന് ശേഷം നങ്കി ജനാലയ്ക്കരികിൽ വന്നു നിന്നു. മിഴികൾ ദൂരേക്ക് പാഞ്ഞു.
നീണ്ടു നിവർന്ന് ആലസ്യത്തിൽ കിടക്കുന്ന ഒരു പെൺകൊടിയെപ്പോലെ കിഴക്കൻ മലനിര നങ്കിയുടെ കണ്ണിൽ നിറഞ്ഞു. മലനിരയെ പൊതിഞ്ഞ കൊടും കാട്ടിലേക്ക് കണ്ണ് ചൂഴ്ന്നപ്പോൾ, കാടിന് ഒരു ചെന്നായയുടെ വന്യഭാവം നിറയുന്നതായി നങ്കിയ്ക്ക് തോന്നി.
ഏറെ നേരത്തെ നിൽപ്പിന് ശേഷം കുഞ്ഞുങ്ങൾക്കരികിലായി ചെന്നു കിടന്നു.
⬛️▪️⬛️
കിണറ്റിൽ നിന്നും വെള്ളം കോരുന്ന ശബ്ദം കേട്ടാണ് നങ്കി ഉണർന്നത്. നേരം സന്ധ്യയോട് അടുത്തിരുന്നു. മണിയൻ കുളിക്കാനുള്ള തയ്യാറെടുപ്പാണെന്ന് കണ്ട്, നങ്കി കാപ്പി ഇടാൻ തുടങ്ങി.
തങ്കവും മുരുകനും കൊച്ചുങ്ങളും ഉണർന്നിട്ടില്ല.
കുളി കഴിഞ്ഞ് മണിയൻ ഇറയത്തേക്ക് വന്നപ്പോൾ നങ്കി കാപ്പിയുമായി ചെന്നു.
"രാത്തിരി ഡൂട്ടിക്ക് ആ ആ വേലു വര്ത്തില്ലന്ന് തോന്ന്ന്ന്.. അദാ ജോസ്സാറ് ഞാ ചെല്ലണോന്ന് പറഞ്ഞേ..."
"ഉം... "
"എൻക്കിപ്പോ കൊറേ അവതി ആയില്ലേ.."
"എന്തേലും കഴ്ച്ചിട്ട് പോഗാം മണിയണ്ണാ.. "
"വേണ്ടാ നങ്കീ.. നീയ്യൊരു പൊതി തന്നാ മദി..."
തലയാട്ടിക്കൊണ്ട് അകത്തേക്ക് കയറാൻ തുടങ്ങിയപ്പോഴാണ് മണിയൻ വിളിച്ചത്.
"നങ്കീ... എൻക്ക് നെന്നോട് കൊറച്ച് സമ്സാരിക്കണം..."
എന്താണെന്ന ഭാവത്തിൽ നങ്കി തിരിഞ്ഞു നിന്നു.
"ഇങ്ങന എത്തറ നാള് വാഴാനാ നങ്കീ നെന്റ തീര്മാനം ? മല്ലിക്ക് കൊട്ത്ത വാക്ക് നെറവേറ്റണ്ടേ...?" ഗൗരവം ഒട്ടും ചോരാതെ തന്നെ മണിയൻ ചോദിച്ചു.
"ആ വാക്ക് ഞാ വെറ്തെ കൊട്ത്ത്താ മണിയണ്ണാ.. ഇനി ഒര് കല്യാണം ഒന്നും എന്റ മനസ്സിലില്ല.."
"വെറ്തെ കൊട്ത്തതാ... അങ്ങന പറേല്ലും നങ്കീ. നിയ്യ് നെന്റ അനീത്തിക്ക് വാക്ക് കൊട്ത്തദ് ഓൾഡ ഏത് നെലമേലാന്ന് ഒന്ന് ഓർത്ത് നോക്ക്...
ഓൾക്ക് കിട്ടിയ അവസാന ആസ്വാസം അതല്ലേ നങ്കീ..."
വിതുമ്പലോടെ നങ്കിയുടെ തല താഴ്ന്നു.
"നീയേലും നല്ലാ വാഴണം നങ്കീ..
നെന്റ കൂട ഒള്ളോര് എന്നും നെന്റ കൂട കാണൂന്നൊണ്ടാ.. മനിസന്റ കാര്യല്ലേ നങ്കീ.."
"എന്തിനാ മണിയണ്ണാ ഇങ്ങനൊക്ക പറേന്നേ.."
"നേരല്ലേ പറഞ്ഞേ.. ആര് എപ്പോ പോകൂന്ന് ആര്ക്കറിയ്യാം.. എന്തോ എന്റ മൻസ്സിലൊള്ളത് മൊത്തം നെന്നോട് പറേണോന്ന് തോന്ന്ന്ന്... അത്തറേ ഒള്ള്...
അങ്ങന എൻക്ക് എന്തേലും പറ്റിയാ നങ്കീ.. എന്റ മോള.. നിയ്യ്.... തങ്കാക്കക്കും മുരുഗണ്ണനും കൊട്ക്കണം.."
"മണിയണ്ണാ...!!"
"വേറൊന്നും കൊണ്ടല്ല നങ്കീ... നെനക്കൊര് കുടുമ്പം ഒണ്ടാകാനാ... എൻക്കറിയ്യാ നെന്റ കൂട എന്റ മോള് നല്ലായി വാഴൂന്ന്. ഓള പടിപ്പിക്കാനും അമ്മയെപ്പോല സ്നേഗിക്കാനും നെന്നെക്കൊണ്ടേ ഒക്കൂ.. പച്ചേല്... പച്ചേല്... രണ്ട് കൊച്ചുങ്ങട...
വേണ്ട വേറൊന്നും ആലോയ്ക്കണ്ട... തങ്കാക്കേടേം മുരുഗണ്ണന്റേം കനവല്ലേ ഒര് കൊച്ച്... അപ്പൊ ഞാ ഇല്ലേ... ഓര്ക്ക് കൊട്ത്താ മദി എന്റ മോള... അത്തറേ ഒള്ള്...
പിന്ന നിച്ചു നെന്റ കൂട തന്ന ഒണ്ടാകണം. അധും മല്ലീട അവസാന സന്തോസായിര്ന്ന്..."
"മദി മണിയണ്ണാ... മദി. ഇനി എനിക്കൊന്നും കേക്കണ്ട..ഉയിരോട ഇരിക്ക്ന്ന നിങ്ങള് ഇദ് ഏട പോഗാനാ... വെറ്തെ ഓരോന്ന് നിരീച്ച്..." തുടർന്നൊരു സംസാരത്തിന് ഇട കൊടുക്കാതെ നങ്കി പുരയ്ക്കുള്ളിലേക്ക് തിടുക്കത്തിൽ കയറിപ്പോയി.
പിന്നെ വേലയ്ക്കിറങ്ങും വരെ മണിയൻ ഒന്നും മിണ്ടിയില്ല.
ഉറക്കമുണർന്നു വന്ന തങ്കത്തിന്റെ കൈയ്യിലിരുന്ന മണിക്കുട്ടിയ്ക്കും, മുറ്റത്ത് നിന്ന മണിയന്റെ നെഞ്ചിലിടം പിടിച്ച നിച്ചുവിനും ഓരോ മുത്തം നൽകി മണിയനിറങ്ങി.
തുടരും.....✍️
🙂💜
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ