©️Copyright Protected
.............
"പോകാം സ്സാർ..." കൂപ്പു കൈകളോടെ, കണ്ണുകളിലെ ഈറൻ മറച്ചു പിടിച്ച് നങ്കി പറഞ്ഞു.
"ഓക്കേ... ദെൻ, ബൈ മിസ്റ്റർ ജോസഫ്..." ജോസഫിനോട് യാത്ര പറഞ്ഞ് സിഐ തിരിഞ്ഞു നടന്നു.
ഇൻസ്‌പെക്ടർക്ക് പിന്നാലെ നടന്നു നീങ്ങുമ്പോൾ നങ്കിയുടെ കണ്ണുകൾ തോരാതെ പെയ്യാൻ തുടങ്ങിയിരുന്നു.
................✍️
ഊര് വിട്ട് ഇത്ര ദൂരെ... ഇത്ര ദൂരം നീണ്ട യാത്ര ആദ്യമായിട്ടായിരുന്നു. പുറം കാഴ്ചകളിലേക്കാണ് കണ്ണ് നട്ടിരിക്കുന്നതെങ്കിലും, നങ്കിയുടെ മനസ്സും ചിന്തകളും ഊര് വിട്ട് പുറത്തേക്ക് വന്നില്ല.
ശിവൻ താലി കെട്ടിയ പെണ്ണായി ആ ഊരിലേക്ക് വന്നത് മുതൽ, നാലു മാസം മുമ്പ് അതേ ശിവന്റെ കൊലപാതകിയായി കൈ വിലങ്ങണിഞ്ഞ് ഊരിന് പുറത്തേക്ക് വന്നത് വരെയുള്ള സംഭവങ്ങൾ നങ്കിയുടെ ചിന്തകളിലൂടെ കടന്നു പോയി.
കാടിനുള്ളിൽ നിന്നും പോലീസുകാർക്കൊപ്പം പുറത്തേക്ക് വന്ന രംഗം നങ്കിയുടെ കണ്ണിൽ വീണ്ടും തെളിഞ്ഞു.
🍂🍂🍂🍂🍂
കാട്ടുതീ പോലെ പടർന്ന വാർത്ത കേട്ടാകും ഊരാളുകൾ മുഴുവനും കാഴ്ചക്കാരാകാൻ ഉണ്ടായിരുന്നു.
പോലീസ് ജീപ്പിലേക്ക് കയറാൻ നേരമാണ് ലക്ഷ്മിയമ്മയും പെണ്മക്കളും പാഞ്ഞു വന്നത്.
"ന്റ ചെക്കന കൊന്നാടീ എരണം കെട്ടോളേ..." അലമുറയോടെ ലക്ഷ്മിയമ്മ നങ്കിയുടെ മുടിയിൽ കുത്തിപ്പിടിച്ചു.
"നെന്ന കെട്ടീതാഡീ എന്റ ചെക്കന്റ ഉയിര് പോഗാന് കാരണം...
ഓന കൊല്ലാത വിടാര്ന്നില്ലേഡീ പാവി നെനക്ക്..."
വനിതാ പോലീസ് ബലമായി അവരെ പിടിച്ചു മാറ്റുമ്പോഴും കല്ല് കണക്കെ നിശ്ചലമായി നങ്കി നിന്നു.
"നിയ്യ് തൊലഞ്ഞ് പോഗൂഡീ... " നിലത്ത് നിന്നും മണ്ണ് വാരി നങ്കിയുടെ മേലേക്ക് വാരിയെറിഞ്ഞ് ലക്ഷ്മിയമ്മ ശാപമുതിർത്തു.
"നിങ്ങള് ശപിക്കയാണോ..?" പുച്ഛത്തോടെ ചോദ്യമുതിർത്ത് ജോസഫ് മുന്നിലേക്ക് വന്നു.
"നിങ്ങൾടെ ശാപമൊന്നും ഇനി ഇവൾക്ക് ഏൽക്കില്ല... വലിയൊരു ശാപം ഇന്നിവൾടെ ജീവിതത്തിൽ നിന്ന് ഒഴിഞ്ഞു പോയീ.. ഇനിയുള്ള കാലം ജയിലിൽ ആണെങ്കിൽ കൂടി, സ്വസ്ഥമായിരിക്കും ഇവളുടെ ജീവനും ജീവിതവും...
പിന്നെ..
നിങ്ങൾടെ തല തെറിച്ച മോൻ ചത്തോണ്ട്, രക്ഷപെട്ടിരിക്കുന്നത് നിങ്ങളുടെ ഈ രണ്ട് പെണ്മക്കളും കൂടിയാ... പെണ്ണിന്റെ ശരീരത്തോട് വെറി പിടിച്ചവന് അമ്മയെന്നോ കൂടപ്പിറപ്പെന്നോ ഒന്നും കാണില്ല..." ജോസിന്റെ സ്വരം ഉയർന്നു.
ലക്ഷ്മിയമ്മ പെണ്മക്കളെ കെട്ടിപ്പിടിച്ച് ആർത്തലച്ചു കരഞ്ഞു.
സി ഐ യും ഫോറൻസിക് ഉദ്യോഗസ്ഥരും കാട്ടിൽ നിന്നുമിറങ്ങി വന്നു. അവർക്ക് പിന്നിൽ സ്ട്രക്ച്ചറിൽ വെള്ള പുതച്ച് ശിവന്റെ ശരീരവും.
"അയ്യോ....... സിവോ...." ലക്ഷ്മിയമ്മയുടേ രോദനം കാട്ടിനുള്ളിലേക്ക് ചൂളിയിട്ടു പോയി.
"ഇവരെ പിടിക്ക്... കാണാൻ പറ്റുന്ന കോലത്തിലല്ല രൂപം.. " ഇൻസ്‌പെക്ടർ വനിതാ പോലീസിന് നിർദേശം നൽകി.
നിലത്തേക്ക് ഊർന്നു വീണ് ലക്ഷ്മിയമ്മ നെഞ്ചത്തടിച്ച് അലമുറയിട്ടു.
🍁🍁🍁🍁🍁
ജയിലിനുള്ളിലേക്ക് കാലെടുത്ത് വക്കുമ്പോഴും, ഓർമ്മകളുടെ ചുഴിയിൽ നിന്ന് കര കയറിയിരുന്നില്ല നങ്കിയുടെ മനസ്സ്.
അപരിചിതവും നിഗൂഢവും ഭീകരതയും നിറഞ്ഞ വിദൂര ലോകത്തെങ്ങോ അകപ്പെട്ടത് പോലെ ഒരു വിഭ്രാന്തി ഉടലാകെ മൂടുന്നതായി അനുഭവപ്പെട്ടതും ചിന്തകളെ വലിച്ചെറിഞ്ഞ് ബോധമണ്ഡലത്തിലേക്ക് ഇഴഞ്ഞു കയറി.
എല്ലാ നടപടി ക്രമങ്ങളും പൂർത്തിയാക്കി ജയിലഴിയ്ക്കുള്ളിലേക്ക് അടക്കപ്പെട്ടപ്പോൾ നങ്കി അറിയാതെ തന്നെ വിതുമ്പിപ്പോയി.
നവാഗതരായ ഒന്നാം വർഷക്കാരെ ക്യാമ്പസിനുള്ളിൽ റാഗിംഗിന് വിധേയരാക്കുന്നതിന് സമമായി, ജയിലിലെ പുതുമുഖമായ നങ്കിയ്ക്ക്, നാലു ചുമരുകൾക്കുള്ളിലെ തടങ്കലിലേക്ക് കയറിയ ഞൊടി മുതൽ തന്നെ ഏറെ ചോദ്യവും കുറച്ചു പ്രതിസന്ധികളും നേരിടേണ്ടി വന്നു.
കൊലപാതകമാണ് കുറ്റമെന്ന് അറിഞ്ഞപ്പോൾ അമ്പരന്ന് നിശബ്ദരായവർ, നിമിഷങ്ങൾക്കുള്ളിൽ തന്നെ, ഇത്ര ചെറിയ പ്രായത്തിലേ ഭർത്താവിനെ കൊന്നവളെ മോശക്കാരിയാക്കാനും മറന്നില്ല.
ജയിലറയുടെ ഇരുൾ നിറഞ്ഞ കോണിൽ, കാലിലേക്ക് മുഖം പൂഴ്ത്തിയിരുന്നു കരയുമ്പോൾ, നങ്കി എന്ന പത്തൊൻപതുകാരി അപ്പന്റെ പ്രിയപ്പെട്ട കൊച്ചുപെണ്ണ് മാത്രമായിരുന്നു.
🥀.
🥀🥀..
🥀🥀🥀...
ദിവസങ്ങളുടെ തിരിഞ്ഞു നോട്ടമില്ലാത്ത ഓട്ടത്തിനിടയിൽ, ജയിലിലെ പരിചിത മുഖങ്ങളിൽ ഒന്നായി മാറി നങ്കിയുടെ മുഖവും.
എന്തൊക്കെയോ കാരണങ്ങളാൽ ചിലർക്ക് പ്രിയപ്പെട്ടവളായി മാറിയപ്പോൾ തന്നെ, ഒരു കാരണവുമില്ലാതെ മറ്റു പലർക്കും ചതുർത്ഥിയും തോന്നി നങ്കി എന്ന കാട്ടുപെണ്ണിനോട്.
കലണ്ടറിൽ മാറി മറിയുന്ന ദിവസങ്ങൾ ജീവിതത്തെ ബാധിക്കാത്തത് കൊണ്ട് രാവും പകലും മാത്രമേയുണ്ടായിരുന്നുള്ളൂ ജയിൽ പുള്ളികൾക്ക്.
രണ്ട് മാസത്തോളമായ ജയിൽ ജീവിതത്തിന്റെ ഒരു പകൽ നേരത്താണ്, ഏതോ സന്ദർശകനുണ്ടെന്ന അറിയിപ്പ് കിട്ടുന്നത്.
മുരുകനോ തങ്കത്തിനോ ഇവിടെ വരെ വരാനുള്ള കാര്യപ്രാപ്തിയില്ലെന്ന തിരിച്ചറിവോ.. എന്തോ.., ജോസഫിന്റെ മുഖമാണ് നങ്കിയുടെ മനസ്സിലേക്ക് ഓടി വന്നത്.
കുഞ്ഞുങ്ങളുടെ വിശേഷങ്ങളൊക്കെ ചോദിച്ചറിയാമെന്ന ചിന്ത തന്നെ കാലുകളുടെ വേഗത കൂട്ടി.
മുറ്റമിറങ്ങി ഇടനാഴിയിലേക്ക് കയറി മുന്നോട്ടു നടക്കുമ്പോൾ ഹൃദയതാളം പതിവില്ലാതെ പെരുമ്പറ മുഴക്കാൻ തുടങ്ങി. ആദ്യത്തെ തിരിവ് കഴിഞ്ഞപ്പോൾ തന്നെ കണ്ടു, അഴികൾക്കപ്പുറം നിൽക്കുന്ന രൂപത്തെ. നങ്കിയുടെ കാലുകൾ പെട്ടെന്ന് നിശ്ചലമായി.
"നിച്ചൂ.... !!!!" തൊണ്ടക്കുഴിയിൽ കുരുങ്ങിയ വിളിയിൽ അത്ഭുതവും അമ്പരപ്പും വേദനയും നിറഞ്ഞു തൂവി.
പിന്നെ, അഴികൾ തീർത്ത അതിര് പോലും മറന്ന് ഏങ്ങലോടെ മുന്നോട്ടു കുതിച്ചു. അഴിയിൽ പാഞ്ഞു വന്നിടിച്ചതും ആണിമുന കൊണ്ട് നെറ്റി പോറി.
"അയ്യോ.... ച്ചേയീ...." നൊമ്പരത്തോടെ നിച്ചു അഴികളിൽ മുറുകെ പിടിച്ചു.
"നിച്ചൂ... സുഗാണോടാ... എത്റ നാളായി കണ്ടിട്ട്... നാളല്ല... ഒര് കൊല്ലം കഴിഞ്ഞ്... ച്ചേയിയെ മറന്നോ നിയ്യ്... എന്ന വേണ്ടാദായോ...??? " പരിഭവത്തോടെ അതിലേറെ സങ്കടത്തോടെ നങ്കി ചോദിച്ചു.
"ച്ചേയീ... ഞാ.. ഞാ ഊര് വിട്ട് പോയിട്ട് കൊറേ മാസായി.. മദ്റാസ്സിലാര്ന്ന്... ഊരില് നിക്കാൻ തോന്നീല... മല്ലീന കൂട ആ നെറി കെട്ടവൻ കെട്ടിയേ പിന്ന, ഏടേലും പോയാ മദീന്ന് ആര്ന്ന്.. അങ്ങനാ മദ്റാസ്സീ പോയേ..
പഷേ..., ഞാ പോഗര്താര്ന്ന് അല്ലേ ച്ചേയീ...
മല്ലീന കേറി പിടിച്ച അന്നേ ഓന്റ കഴ്ത്ത് ഞാ വെട്ടീര്ന്നെങ്കി ഇങ്ങന ഒന്നും വര്ത്തില്ലാര്ന്ന്..." കുറ്റബോധത്തോടെ നിച്ചു തല കുനിച്ചു.
"തലേല് വരച്ച വര മാറ്റാൻ പറ്റില്ലല്ലോ.. ഇദൊക്ക ഇങ്ങന തന്നെ നടക്കേണ്ടതാര്ന്ന്... നിയ്യ് ഊര് വിട്ട് പോയത് നന്നായീന്നാ എനിക്ക് തോന്ന്ന്നത്... കൊച്ച് ചെക്കനല്ലേ നിയ്യ്.. നിയ്യ് ജയിലീ കെടക്ക്‌ന്നത് കാണേണ്ടി വന്നില്ലല്ലോ എനിക്ക്...
പിന്നെ... പിന്നങ്ങനാ നിയ്യ് ഒക്ക അറിഞ്ഞേ..?"
"കഴ്ഞ്ഞ വാരം ഒര് കടേന്ന് ഉച്ചക്ക് തിന്നാന് ചോറ് വാങ്ങീത് പൊതിഞ്ഞിര്ന്ന മലയാളം പേപ്പറില് ച്ചേയീട ഫോട്ടോ കണ്ടാ ഞാ നോക്കീത്.. കൊറച്ചു മാസം പഴേ പത്രായിര്ന്ന്, അതില വാർത്ത വായിച്ചപ്പോ ഞാ കരഞ്ഞ് പോയി..
പിന്ന.. എങ്ങനേം തിരിച്ച് വരണോന്നായി. മൂന്നീസം മുമ്പാ വന്നത്. ഊരില് ചെന്ന് തെരക്കീപ്പോ ആശ്പത്രീല സാറിന്റ കാര്യമാ അറിഞ്ഞേ.. ജോസച്ചായന്റ.. പിന്ന ഇച്ചായന പോയി കണ്ട്.. ഇച്ചായന്റ കൂട ആയിര്ന്ന്.. ഇത്രീസം.."
"ഇ.. ഇച്ചായൻ... !!!!?" അതിശയത്തോടെ നങ്കി നിച്ചുവിനെ നോക്കി.
"ഉം... ഇച്ചായനാ പറഞ്ഞേ അങ്ങന വിളിച്ചാ മദീന്ന്.."
"ഓ... എന്നിട്ട് സ്സാ.. സ്സാറിന് സുഗാണോ..?"
"ഇച്ചായൻ ഇവ്ട നിപ്പോണ്ടല്ലോ.. ച്ചേയി ചോദിച്ചോ..." നിച്ചു തന്റെ വലതു വശത്തേക്ക് കൈ ചൂണ്ടി പറഞ്ഞു.
അപ്പോൾ മാത്രമാണ് നങ്കി ജോസിനെ കണ്ടത്. ഒതുങ്ങി മാറി നിൽക്കുന്ന ജോസഫിനെ കണ്ട് നങ്കിയുടെ കണ്ണുകൾ വിടർന്നു.
"ഇച്ചായന് തെരക്കായോണ്ടാ ച്ചേയിയെ വന്ന് കാണാൻ പിന്നേം വൈഗിയേ...
നമ്മളെപ്പോലൊള്ളോരെ കൂട നിർത്താനും മനസ്സൊള്ള മന്ഷ്യരൊണ്ടെന്ന് ഇച്ചായന കണ്ടപ്പോഴാ മനസ്സിലായെ.."
നിച്ചുവിന്റെ വാക്കുകൾക്ക് കാതു കൊടുത്ത് നങ്കി തല കുനിച്ചു.
"ച്ചേയി എന്താ മിണ്ടാതെ നിക്കുന്നേ..!!?"
"ങ്‌ഹേ... ഹ്.. ഒന്നൂല്ല... കൊച്ചുങ്ങള കണ്ടാ നിയ്യ്... എന്റ മക്കക്ക് സുഗാണോ..?"
"ഉം... കണ്ട്... രണ്ട് പേരേം എന്റ കൈയ്യിലെട്ത്ത്..
മല്ലീട മോന് എന്റ പേരാല്ലേ...
ച്ചേയി ആശിച്ച് ഇട്ട പേരാന്ന് തങ്കം മാമി പറഞ്ഞ്..." നിച്ചുവിന്റെ സ്വരമിടറി.
"നിന്ന ഒന്ന് കാണണോന്ന് ആശ ഉണ്ടാര്ന്ന് മല്ലിക്ക്.. എപ്പഴും ചണ്ട കൂടൂങ്കിലും നിന്ന ഒത്തിരി ഇഷ്ടാര്ന്ന്... നിയ്യ് മിണ്ടാത്ത സങ്കടം പറഞ്ഞിര്ന്ന് എന്നോട്... ഓൾഡ ഇഷ്ടത്തോടേം സമ്മദത്തോടേം നടന്ന കല്യാണായിരുന്നില്ലല്ലോ.. ചിന്നമ്മ പറഞ്ഞിട്ടല്ലേ മല്ലി കല്യാണത്തിന് നിന്ന് കൊട്ത്തേ..പിന്ന നിയ്യെന്തിനാ ഓളോട് പിണങ്ങിയെ.."
"അമ്മ... അവര് തന്നാ ഒക്കത്തിനും കാരണം... ദേഷ്യാര്ന്ന് അപ്പൊ എല്ലാരോടും...
മല്ലി ചാകാനും ച്ചേയി ജയിലിലാകാനും ഒക്ക അവര് തന്നാ കാരണം...
നമ്മ്ട അപ്പനൊണ്ടാര്ന്നേ ഇങ്ങനൊന്നും വര്ത്തില്ലാര്ന്ന്..." നിച്ചു എന്ന പതിനാറുകാരനിൽ നിന്നും വിതുമ്പലുയർന്നു.
കൺകോണിലെ നീർ തുടച്ച് നങ്കി നെടുവീർപ്പിട്ടു.
"ചേച്ചിയും അനിയനും കരഞ്ഞും ചിണുങ്ങിയും തീർന്നോ..?" ജോസഫ് മുന്നിലേക്ക് നീങ്ങി നിന്ന് ചോദിച്ചു.
മുഖം അമർത്തി തുടച്ച് നിച്ചു തല ഉയർത്തി.
"അയ്യോ.. ഇച്ചായനൊണ്ടെന്ന കാര്യം മറന്നു പോയീ.."
"ഉം... മറക്കും...
മറക്കാനും.. കണ്ടില്ലെന്ന് നടിക്കാനുമൊക്കെയാണല്ലോ എളുപ്പം.." ജോസഫ് ആരോടെന്നില്ലാതെ പറഞ്ഞു.
ഒന്നും മനസ്സിലാകാതെ നിച്ചു നെറ്റി ചുളിച്ചപ്പോൾ, നങ്കി എങ്ങനെ പ്രതികരിക്കണമെന്നറിയാതെ നിന്നുഴറി.
"ച്ചേയീ.. സുഗാണോന്ന് തിരക്കീട്ട്, ഇച്ചായനോട് ഒന്നും മിണ്ടീലല്ലോ..." നിച്ചു ഓർമ്മപ്പെടുത്തി.
"അദ്.. പിന്ന..."
എന്ത് ചോദിക്കണമെന്നറിയാതെ പരുങ്ങി നിന്ന നങ്കിയ്ക്ക് മുന്നിലേക്ക് ജോസഫ് വന്നു നിന്നു.
അഴികൾ തീർത്ത അതിരുകൾക്കപ്പുറം നിൽക്കുന്ന നങ്കിയുടെ നെഞ്ചിടിപ്പ് ജോസഫിന്റെ കാതിൽ മുഴങ്ങി കേട്ടു.
കൈകൾ കൂപ്പി നങ്കി മിഴികളുയർത്തി.
"ഒര്പാട് നന്ദിയുണ്ട് സ്സാർ.. എന്റനിയനെ കൂട നിർത്തിയേന്...
....
പിന്ന....
..........
അദ്.... ഒര് സഹായം കൂട ചോദിക്കയാ... ബുദ്ധിമുട്ടാവൂലേ.. ഇവ്ന്.. ഒര് ജോലി കൂട കൊട്..ക്കണം.. ഇങ്ങന അലയാത ഏടേലും തങ്ങൂലോ.. ഞാ തിരിയെ വര്ന്ന വര.. ഏടെയും പോഗാത പിടിച്ച് നിർത്താനാ... " സഹായമഭ്യർത്ഥിച്ചതിന്റെ ജാള്യതയോടെ നങ്കി തല കുനിച്ചു.
"ജോലിയോ... ഇവനോ... എന്ത് ജോലിയാണ് ഉദ്ദേശിക്കുന്നത്...?" ജോസഫ് പരിഹാസ രൂപേണ ചോദിച്ചു.
"ഞാ ഇനി എവ്ടേം പോഗില്ല ച്ചേയീ.. ച്ചേയി തിരിച്ച് വര്ന്ന വര മണിക്കുട്ടിയേം നിച്ചൂനേം നോക്കി കഴിയും...."
നങ്കി, നിച്ചുവിന്റെ മുഖത്തേക്ക് നോക്കി.
"ഇവനെത്ര വയസ്സുണ്ട്...?" ജോസഫ് നങ്കിയോടായി ചോദിച്ചു.
"പത്.. -
"നിന്നോടല്ല... നിന്റെ ച്ചേയിയോടാ..." മറുപടി പറയാനാഞ്ഞ നിച്ചുവിനെ ജോസഫ് തടഞ്ഞു.
"പതിനാറ്..." പതർച്ചയോടെ നങ്കി പറഞ്ഞു .
"പതിനാറാം വയസ്സില് ഇവനെന്ത് ജോലിയാ കൊടുക്കേണ്ടേ.. ഹാ... ഒരൊഴിവുണ്ട്... നിനക്കറിയാവുന്ന ജോലിയാ... ആശുപത്രി മോർച്ചറിക്ക് ഒരു സെക്യൂരിറ്റിയുടെ വേക്കൻസിയുണ്ട്.. അതുമതിയോ... ങ്‌ഹേ..?"
നങ്കിയുടെ കണ്ണുകൾ ജോസഫിന്റെ മുഖത്ത് തറഞ്ഞിരുന്നു.
"എന്താ നോക്കി പേടിപ്പിക്കുന്നെ...
പതിനാറല്ല.. പത്ത് വയസ്സിലും ജോലി ചെയ്യുന്ന പിള്ളേരുണ്ട്.. പഠിക്കാൻ വേണ്ടി ജോലി ചെയ്ത് കഷ്ടപ്പെടുന്നവരുമുണ്ട്... ആദ്യം ഇവൻ പടിക്കട്ടെ.. എന്നിട്ടാകാം, ഉദ്യോഗസ്ഥനാകുന്നത്.."
വിടർന്ന മിഴികളോടെ നങ്കി ജോസഫിനെ തന്നെ ഉറ്റുനോക്കി നിന്നു.
ആ നോട്ടത്തെ അവഗണിക്കുന്ന മട്ടിൽ അയാൾ നിച്ചുവിന് നേരെ തിരിഞ്ഞു.
"നിനക്ക് പഠിക്കാനുള്ള ഏർപ്പാടൊക്കെ ഞാൻ ചെയ്യാം.. പഠിത്തമൊക്കെ കഴിഞ്ഞിട്ട് മതി ചേച്ചീടെ മക്കൾക്ക് കൂട്ടിരിക്കുന്നത്... ഇപ്പോ അവരെ നോക്കാൻ രണ്ടു പേരുണ്ടല്ലോ. അതുതന്നെ ധാരാളം..
ഊര് തെണ്ടി നടക്കാൻ നിൽക്കാതെ മര്യാദയ്ക്ക് പഠിക്കാൻ നോക്ക്... മനസ്സിലായോ..?"
"ഉം... " അനുസരണയുള്ള കുട്ടിയെപ്പോലെ നിച്ചു തലകുലുക്കി.
തികഞ്ഞ ഗൗരവത്തോടെ ജോസഫിന്റെ ദൃഷ്ടി നങ്കിയ്ക്ക് മേലെ വീണു.
"ഇനി നിന്റെ ഉദ്ദേശമെന്താ... ശിക്ഷ കഴിയുന്നത് വരെ ജയിലിലെ ശാപ്പാടും തിന്ന് കഴിഞ്ഞു കൂടാന്നോ...?"
"ഇവ്ടെ വയറും നെറച്ച് ആരും വെറ്തെയിരിക്ക്ന്നില്ല.. മേലനങ്ങി വേലയും ചെയ്യ്ന്നൊണ്ട്..." നങ്കി തെല്ല് അരിശത്തോടെ പറഞ്ഞു.
"ഓ... എങ്കിൽ വേലയും ശാപ്പാടും കഴിഞ്ഞ് കിട്ടുന്ന നേരത്ത്, ചുരുണ്ടു കൂടി ഉറങ്ങാതെ വല്ലതും പഠിക്കാൻ നോക്ക്.."
അമ്പരപ്പോടെ നങ്കി നെറ്റി ചുളിച്ചു.
"മനസ്സിലായില്ലേ...?
പത്താം ക്ലാസ്സിൽ പാതിക്ക് നിർത്തിയ പഠിപ്പ് ഇവിടെ തുടങ്ങാൻ.. വെറുതെ കിടന്ന് ഉറങ്ങുന്ന സമയം മതി പഠിക്കാൻ.. "
"ഞാ... ഇനി..!!!"
"എന്തേ വയ്യേ... രണ്ട് കൊച്ചുങ്ങളുടെ അമ്മ ആയത് കൊണ്ടോ അതോ ജയിൽ പുള്ളിയാണെന്ന കാരണമോ... എന്തായാലും നിന്റെ മനസ്സ് പോലെ..
മന്ത്രിയെ വരെ പോയി കണ്ട് നിനക്ക് ജയിലിനുള്ളിൽ പഠിക്കാനുള്ള അനുമതിയും സംവിധാനങ്ങളുമൊക്കെ ശരിയാക്കിയിട്ടുണ്ട്. സൂപ്രണ്ടിനോട് എല്ലാം സംസാരിച്ചും കഴിഞ്ഞു. ബാക്കിയൊക്കെ സൂപ്രണ്ട് നിന്നോട് പറയും...
പിന്നെ നിനക്ക് തീരുമാനിക്കാം.. എന്തു വേണമെന്ന്...
ശരി... ഞങ്ങൾ... ഇറങ്ങുകയാ...
തീരുമാനം സൂപ്രണ്ടിനോട് പറഞ്ഞാൽ മതി..."
എന്തുപറയണമെന്നറിയാതെ നങ്കി തല കുലുക്കി.
"വാടാ.." നിച്ചുവിനെ വിളിച്ചു കൊണ്ട് ജോസഫ് തിരിഞ്ഞു നടന്നു.
"ച്ചേയീ...
പോഗുവാ... ഇനി.. പിന്ന വരാം..
മനസ്സ് വെശമിപ്പിക്കര്ത്...
പിന്ന...
ച്ചേയിക്ക് പഠിക്കണോന്ന് വലിയ ആശ ആയിര്ന്നില്ലേ... ഇച്ചായൻ പറഞ്ഞ പോല ച്ചേയി പഠിക്ക്... ഞാനും പഠിക്കാം... പഠിച്ച് ജോലി കിട്ടി കഴ്ഞ്ഞാ കൊച്ചുങ്ങളെ നമ്മക്ക് നല്ല പോല വളത്താലോ..."
"മ്മ്..."
"അപ്പൊ പോട്ടെ ച്ചേയീ...."
"നിച്ചൂ... സ്സാറ് പറേന്ന അന്സരിച്ച് നിക്കണം നിയ്യ്.. ഒര് ബുദ്ധിമുട്ടും ഒണ്ടാക്കര്ത് സാറിന്...മനസ്സിലായാ..."
"ആ... ച്ചേയീ..."
"ശരി ചെല്ല്...." നങ്കിയുടെ കണ്ണുകൾ മുമ്പേ പോയ ജോസഫിലേക്ക് നീണ്ടു.
തലയാട്ടി ഒരിക്കൽ കൂടി യാത്ര ചോദിച്ചു കൊണ്ട് നിച്ചു ജോസഫിനെ അനുഗമിച്ചു.
കണ്ണിൽ ഉരുണ്ടു കൂടിയ നീർമുത്തുകളെ പൊഴിച്ചുടച്ചു കൊണ്ട് നങ്കി ജയിലറയിലേക്ക് ചുവടുകൾ പിൻവലിച്ചു.
⏳️⏳️⏳️⏳️⏳️
ഒരു കൊച്ചുകുട്ടിയുടെ ഉത്സാഹത്തോടെ പഠിക്കാൻ തുടങ്ങിയപ്പോൾ, കാത്തിരുപ്പിന് പുതിയൊരു ഭാവവും വന്നതായി നങ്കിയ്ക്ക് തോന്നി.
ജയിൽ വളപ്പിലെയും അടുക്കളയിലേയുമൊക്കെ ജോലി കഴിഞ്ഞ് കിട്ടുന്ന നേരങ്ങളിലൊക്കെ പുസ്തകങ്ങളായി നങ്കിയുടെ കൂട്ട്.
നിച്ചുവുമായി ഒരു തവണ വന്നതിൽ പിന്നെ ജോസഫ്, ഒരിക്കൽ പോലും നങ്കിയെ കാണാനായി വന്നതേയില്ല. മുരുകൻ രണ്ടു തവണ നിച്ചുവിനോപ്പം വന്നു.
ജയിലിനുള്ളിലായ നങ്കിയെ കാണാൻ മനസ്സുറപ്പില്ലാത്തതിനാൽ തങ്കം വരില്ലെന്ന ഉറച്ച തീരുമാനത്തിലാണ്. നങ്കിയും ആ തീരുമാനത്തിനോട് യോജിച്ചു.
തങ്കത്തിനെ കണ്ടാൽ കുഞ്ഞുങ്ങളെ കാണണമെന്ന മോഹമുദിക്കുമെന്ന് നങ്കിയ്ക്കറിയാം. അതുകൊണ്ട് തങ്കത്തിന് സന്ദർശന വിലക്ക് നങ്കി തന്നെ ഏർപ്പെടുത്തി.
പക്ഷേ നങ്കിയുടെ മനസ്സിനെ എന്തുകൊണ്ടോ ജോസഫിന്റെ അഭാവം അലട്ടാൻ തുടങ്ങി.
നിച്ചുവിനെയും മുരുകണ്ണനെയും പല തവണ കൂട്ടിക്കൊണ്ട് വന്നിട്ടും ജയിലിനുള്ളിലേക്ക് വരാതെ പുറത്ത് തന്നെ അവർക്കായ് കാത്തു നിൽക്കുന്നു. അന്വേഷിക്കാതെ തന്നെ നിച്ചു എല്ലായ്പോഴും പറയും ഇച്ചായൻ പുറത്ത് കാത്ത് നിൽക്കയാന്ന്...
എത്ര ആലോചിച്ചിട്ടും ജോസ്സാറ് തന്നെ കാണാൻ കൂട്ടാക്കാത്തതിന്റെ കാരണം നങ്കിയ്ക്ക് പിടികിട്ടിയില്ല.
തുടർന്ന് പഠിക്കണമെന്ന നിർദേശം അതേപടി അനുസരിക്കുകയാണുണ്ടായത്.. 'പിന്നേമെന്താ പെട്ടെന്ന്....?'
രാവിലെ നിച്ചു വന്നു പോയതിന് ശേഷം നങ്കിയുടെ തലയെ ചൂടു പിടിപ്പിക്കുന്ന മട്ടിൽ ഈ ചോദ്യം, മനസ്സ് ആവർത്തിച്ചു കൊണ്ടിരുന്നു.
നാളെ അവസാന വർഷ പരീക്ഷ തുടങ്ങുകയാണ്. പുസ്തകം തുറന്നു വച്ചിട്ടും ചിന്തകൾ കാടു കയറാൻ തുടങ്ങി. ഒടുവിൽ പുസ്തകമടച്ചു വച്ച്, ഇരുൾ പരക്കുന്ന ജയിൽ വളപ്പിലേക്ക് മിഴി നീട്ടി അഴികളിൽ തല ചായ്ച്ചിരുന്നു. നിച്ചുവിനോട് പലയാവർത്തി ചോദിക്കണമെന്ന് നിനച്ചിട്ടും ചോദിച്ചില്ല... മനസ്സ് നിർബന്ധിച്ചിട്ടും വിവേകം എതിർത്തു. സ്വയമൊരു തിരിച്ചറിവ് തോന്നുമ്പോൾ മനസ്സിനെ വിലക്കും..
കാട്ടുപെണ്ണ്... വിവാഹിത... രണ്ടു കുട്ടികളുടെ അമ്മ...വിധവ... ഇപ്പോ കൊലപാതകിയായി ജയിലിലും... ' ഇങ്ങനെയുള്ള തനിക്ക്, പ്രതിസന്ധികളിൽ താങ്ങായ പുരുഷനോട് ആരാധനയോ..!!??? സ്വയം നിഷേധിക്കും മട്ടിൽ നങ്കി തല ചലിപ്പിച്ചു.
രാത്രിയാഹാരം കഴിഞ്ഞ് കിടന്നപ്പോൾ കടന്നു വന്ന ജീവിതാനുഭാവങ്ങളുടെ ഓർമ്മകൾ ഒരു ചിതൽപ്പുറ്റ് പോലെ മനസ്സിൽ ഉയർന്നു വന്നു.
ശിവനും മല്ലിയും മണിയനും ലക്ഷ്മിയമ്മയും പെൺമക്കളുമൊക്കെ ആ വാല്മീകത്തിൽ നിന്നും ചിതലുകളായ് പുറത്തേക്ക് വന്നു. ശിവന്റെ രൂപത്തിലുള്ള ചിതല് കണങ്കാലിലൂടെ മെല്ലെ നങ്കിയുടെ മേലേക്ക് നുഴഞ്ഞു കയറി.
അരയിലൂടെ ആ ചിതൽ ഇഴഞ്ഞു നടക്കാൻ തുടങ്ങിയതും ഞെട്ടിപ്പിടഞ്ഞ് നങ്കി ഉണർന്നു. ആരുടെയോ കൈകൾ വയറിനെ ചുറ്റിപ്പിണഞ്ഞിരിക്കുന്നു. ഒരുൾക്കിടിലത്തോടെ കുതറി മാറാൻ ശ്രമിച്ചപ്പോൾ പിടി മുറുകി. ഉറക്കെ നിലവിളിച്ചു കൊണ്ട് സർവ്വശക്തിയുമെടുത്ത് കാല് പിന്നിലേക്ക് ആഞ്ഞു ചവിട്ടി.
ജയിൽ വളപ്പ് ആകമാനം ഉണർന്നു. നങ്കിയ്ക്കൊപ്പം സെല്ലിലുണ്ടായിരുന്ന മറ്റ് സഹതടവുകാരും ഒച്ചപ്പാടോടെ ഉണർന്നു. ബൾബുകൾ തെളിഞ്ഞു.
നിലത്ത് നിന്നും ചാടിഎഴുന്നേറ്റ് നങ്കി പിന്നിലേക്ക് നോക്കി. അടിവയറിൽ പൊത്തിപ്പിടിച്ച് ഞരങ്ങുന്ന വിനോദിനിയെയാണ് കണ്ടത്. രണ്ടാഴ്ച ആയിട്ടേയുള്ളൂ വിനോദിനി ജയിലിലെത്തിയിട്ട്. ആരോടും മിണ്ടാട്ടമില്ലാതെ ഉൾവലിഞ്ഞ പ്രകൃതക്കാരിയായ വിനോദിനി എന്തിന് തന്നെ കയറി പിടിച്ചു എന്ന് നങ്കിയ്ക്ക് മനസ്സിലായില്ല.
"എന്താ പെണ്ണേ... എന്തോ പറ്റീ...!!?" കൂട്ടത്തിൽ സീനിയറായ മാലതി തിരക്കി.
പതർച്ചയോടെ നങ്കി നടന്നത് പറഞ്ഞു. അപ്പോഴേക്കും സൂപ്രണ്ടും കാവൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരും സെല്ലിലേക്കെത്തി.
സംഭവം കേട്ടതും സൂപ്രണ്ട് വിനോദിനിയുടെ മുടിക്കെട്ടിൽ കുത്തിപ്പിടിച്ചു.
"എന്തിനാടീ നീയീപ്പെണ്ണിനെ കേറിപ്പിടിച്ചേ...?" സൂപ്രണ്ടിന്റെ ഒച്ച സെല്ലിൽ മുഴങ്ങി.
"ഇവൾടെ സൂക്കേട് മറ്റേത് സാറേ... വന്നിട്ട് കൊറച്ചീസം ആയില്ലേ.. ഒറക്കം കിട്ടിക്കാണില്ല... എരപ്പ..." മാലതി ആക്രോശിച്ചു.
"ഇനി എത്ര കൊല്ലം കടക്കണോടീ നീയിതിനകത്ത്.." മറ്റൊരു സഹതടവുകാരിയായ റഷീദ പല്ല്ഞെരിച്ചു.
"നിന്റെയൊന്നും ചോദ്യം ചെയ്യല് വേണ്ട... കിടന്നുറങ്ങാൻ നോക്ക് എല്ലാണോം...
നങ്കീ നിനക്ക് കുഴപ്പമൊന്നുമില്ലല്ലോ..."
മറുപടി പറയാതെ ഇല്ലെന്നർത്ഥത്തിൽ നങ്കി തലയാട്ടി.
"ഇനി ഇവള് ഇവിടെ കിടക്കണ്ട... ഒറ്റയ്ക്കൊരു സെല്ലിലിട്ടാ മതി. നാളെത്തന്നെ ഡോക്ടറെ വിളിക്കണം ഇവൾക്ക് നല്ലൊരു ചികിത്സേടെ കുറവുണ്ട്... "
"എന്നെ വിട്... എനിക്കിവിടെ കിടന്നാ മതി.." വിനോദിനി ചീറി.
"നിന്നെ എവിടെ കിടത്തണോന്ന് ഞാൻ തീരുമാനിച്ചോളാം.. വാടീ ഇവിടെ... ആണെന്നോ പെണ്ണെന്നോ ഇല്ലാത്ത കുറേ ജന്മങ്ങള്...
ഇവളെ പിടിച്ചോണ്ട് വാ.." സൂപ്രണ്ട് വിനോദിനിയെ ചുമരിലേക്ക് പിടിച്ചു തള്ളി, കാവൽ പോലീസിനോട് ആജ്ഞ നൽകി സെല്ല് വിട്ടിറങ്ങിപ്പോയി.
നങ്കിയെ ദഹിപ്പിക്കുന്ന തരത്തിൽ നോട്ടമയച്ച് വിനോദിനി സെല്ല് വിട്ടിറങ്ങി.
"ഹോ... എന്നാലുമെന്റെ മാലതീ... ഇങ്ങനേമുണ്ടോ പെണ്ണുങ്ങള്.. " റഷീദ അന്ധാളിപ്പോടെ താടിക്ക് കൈ കൊടുത്തു.
"കാമുകന്റ കൂട ചേർന്ന് പതിനൊന്ന് വയസ്സൊള്ള മോള കൊന്നതാ അവൾടെ കുറ്റം.." മാലതി തന്റെ അറിവ് പങ്ക് വച്ചു.
"എന്നാലും നമ്മളിത്ര പേര് കൂടുണ്ടായിട്ടും ഈ പെണ്ണിന കേറി പിടിച്ചല്ലോ... " റഷീദ നങ്കിയെ അടിമുടി നോക്കി പറഞ്ഞു.
"അവളെ കുറ്റം പറയാൻ പറ്റുവോ.. കുറച്ചു ദിവസായില്ലേ ജയിലീ വന്നിട്ട്. മനുഷ്യനല്ലേ... ഓരോരോ ആഗ്രഹങ്ങള് തോന്നൂല്ലേ..." അതുവരെ നിശബ്ദയായി നിന്ന റീന തമാശ കണക്കെ പറഞ്ഞു.
"ആണോ.. എങ്കി കുറച്ചു മുന്നേ നിനക്കിത് പറയാര്ന്ന്... അവള ഒറ്റയ്ക്കൊരു സെല്ലീ ആക്കത്തില്ലാര്ന്ന് നിന്നെ കൂട വിട്ടേനേ... " തെല്ല് അരിശത്തോടെ മാലതി, റീനയ്ക്കുള്ള മറുപടി കൊടുത്തു.
അതിഷ്ട്പ്പെടാതെ റീന തന്റെ പായിലേക്ക് ചുരുണ്ടു കൂടി.
"നീ കിടക്കാൻ നോക്ക് നങ്കീ... അവള് പോയില്ലേ..." നങ്കിയുടെ ചുമലിൽ തട്ടി മാലതി ആശ്വസിപ്പിച്ചു.
"ഉം..." മൂളലോടെ നങ്കി പുറത്തേക്ക് ദൃഷ്ടി നീട്ടി.
ഏറെ നാളുകൾക്ക് ശേഷം നങ്കിയുടെ കണ്ണിൽ കാർമേഘം മൂടി. പിന്നെ വെളുക്കുവോളം അത് തോരാതെ പെയ്യാൻ തുടങ്ങി.
🕛🕧🕐🕒🕕
എസ് എസ് എൽ സി യുടെ റിസൾട്ടിനായുള്ള കാത്തിരുപ്പിലായിരുന്ന ജയിൽ അങ്കണത്തിലേക്ക് സൂപ്രണ്ട് വന്നത്, പത്താം ക്ലാസ്സ് 82% മാർക്കോടെ നങ്കി വിജയിച്ചിരിക്കുന്നു എന്ന വാർത്തയുമായാണ്.
മധുരം നങ്കിയ്ക്ക് പങ്കിട്ടു കൊണ്ട് സൂപ്രണ്ട് ആശംസ അറിയിച്ചു.
നിറഞ്ഞു തൂകിയ നീർകണങ്ങൾ കാഴ്ച മറച്ചുവെങ്കിലും, തടങ്കലിനുള്ളിൽ തനിക്ക് അമ്മയുടെയും സഹോദരിയുടെയുമൊക്കെ സ്നേഹം തന്ന മുഖങ്ങളിലെ ആഹ്ലാദം നങ്കി അടുത്തറിഞ്ഞു.
"ആങ്ങളക്കൊച്ചൻ വന്നിട്ടുണ്ട് കാണാൻ.." സന്തോഷ പ്രകടനത്തിനിടയ്ക്ക് സൂപ്രണ്ട് അറിയിച്ചു.
ഇടനാഴിയിലൂടെ നടക്കുമ്പോൾ ജോസഫ് വന്നിട്ടുണ്ടാകുമോ എന്ന ചോദ്യം നങ്കിയെ അലട്ടാൻ തുടങ്ങി. നിച്ചുവിന്റെ രൂപം കണ്ണിൽ വെളിവായതും തികട്ടി വന്ന സങ്കടമൊതുക്കി ചുണ്ടിൽ ചിരി വിരിയിച്ചു.
"ച്ചേയീ...." ആഹ്ലാദവും ആവേശവും നിറഞ്ഞു കവിഞ്ഞ ശബ്ദത്തിൽ നിച്ചു ഉറക്കെ വിളിച്ചു.
"ഞങ്ങള് രാവില തൊട്ടേ പുറത്തൊണ്ടാര്ന്ന്... ച്ചേയി ജയിക്കൂന്ന് ഒറപ്പാര്ന്ന്... പഷേ ഇച്ചായൻ പറഞ്ഞ് റിസൾട്ട് അറിഞ്ഞിട്ട് കേറി കണ്ടാ മതീന്ന്..
ച്ചേയി ലഡു കഴിച്ചോ...?"
"ഉം..."
"ഇച്ചായൻ വാങ്ങീതാ.. സൂപ്രണ്ടിന്റെ കയ്യീ കൊട്ത്തിട്ട് അകത്തെല്ലാർക്കും കൊട്ക്കണോന്ന് പറഞ്ഞ്...
ച്ചേയിക്കൊരു കാര്യറിയ്യോ.. ഇച്ചായന്റെ അകന്ന ബന്തുവാ സൂപ്രണ്ട്... ഇന്ന് അവര് സമ്സാരിക്ക്ന്ന കേട്ടപ്പഴാ ഞാനറിഞ്ഞേ..."
നിച്ചുവിന്റെ വാക്കുകളെ അതിശയത്തോടെ ശ്രവിച്ചു നിന്ന നങ്കി തെല്ല് മൗനത്തിന് ശേഷം ചോദിച്ചു ;
"സാറെന്താ.. എന്നെക്കാണാൻ വരാത്തെ...?" പതിഞ്ഞ സ്വരത്തിൽ ചോദ്യമുതിർത്ത് നങ്കി അഴികളിൽ വിരലമർത്തി.
"അറീല്ല... ച്ചേയിയെ കണ്ടിട്ട് ഞാൻ ചെല്ലുമ്പോ ഇച്ചായൻ എല്ലാം ചോദിച്ചറിയും. ച്ചേയി എന്തൊക്കെ പറഞ്ഞ്... എന്തൊക്കെ ചോദിച്ച് എന്നൊക്കെ..."
നങ്കി മിഴികൾ താഴ്ത്തി. നങ്കിയുടെ ഭാവമാറ്റം മനസ്സിലാക്കി നിച്ചു പറഞ്ഞു തുടങ്ങി.
"ച്ചേയി എല്ലാരെപ്പറ്റീം തെരക്കില്ലേ.. കൊച്ചുങ്ങളെ മുരുകമ്മാമനേം തങ്കമ്മാമിയേം ഒക്കെ അതൊക്കെ ഞാൻ പറയും...
തങ്കം മാമീം ചോദിക്കും...
ഒരിക്ക മാമി പറഞ്ഞ്, ഇച്ചായൻ ചോദിക്കുമ്പോ ച്ചേയി ഇച്ചായനേം തിരക്കിയെന്നു പറയണോന്ന്... കഴിഞ്ഞ വന്നിട്ട് പോയപ്പോ ഞാൻ അങ്ങനെ പറഞ്ഞ്...
പഷേ ഇച്ചായൻ എന്ന തറപ്പിച്ച് നോക്കീട്ട് ചോദിച്ചു തിരക്കിയോന്ന്... അപ്പൊ ഞാൻ ഇല്ലെന്ന് സത്യം പറഞ്ഞ്... മേലാൽ നുണ പറയര്തെന്ന് പറഞ്ഞ്..."
"നീയ്യെന്തിനാ നുണ പറഞ്ഞേ..?" നങ്കി ശാസനയോടെ ചോദിച്ചപ്പോൾ നിച്ചുവിന്റെ തല കുനിഞ്ഞു.
"ഇന്ന് ഞാൻ പറയാം ച്ചേയി ഇച്ചായനെ തിരക്കീന്ന്..."
"വേണ്ട... പറയണ്ട... " നങ്കിയുടെ ശബ്ദം കനത്തു.
"നിയ്യ് പൊക്കോ നിച്ചൂ..."
"ച്ചേയീ...!!"
"എന്റ മക്കക്ക് സുഖല്ലേ...?"
"ഉം..."
"ശരി നിയ്യ് ചെല്ല്...
പിന്നെ...,
ഞാൻ പറഞ്ഞ മനസ്സിലായോ... സാറിനെ ഞാൻ തിരക്കിയെന്നു നിയ്യ് പറയണ്ട..."
അനുസരണയുള്ള കുട്ടിയെപ്പോലെ നിച്ചു തല കുലുക്കി.
തുടരും......✍️
💜
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ