©️Copyright Protected
#നങ്കി
🌺🌺🌺🌺
ഒതുക്ക് കല്ല് ചവുട്ടി മുറ്റത്തേക്ക് കയറിയതും കണ്ടത് ശിവന്റെ എളേതുങ്ങളെയാണ്.
കൂട്ടത്തിൽ മൂത്തത് നങ്കിയെ കണ്ടതും മുഖം തിരിച്ച് കാണാത്ത ഭാവത്തിൽ നിന്നു. എളേത് ഒരു തണുത്ത ചിരിയോടെ നങ്കിയെ വരവേറ്റു.
പിന്നാമ്പുറത്തു നിന്ന് കുളിച്ചീറനായി മുൻവശത്തേക്ക് വന്ന മല്ലിക നങ്കിയെ കണ്ട അന്ധളിപ്പോടെ നിശ്ചലയായി നിന്നു.
"മല്ലീ..."
നങ്കിയുടെ വിളി ഉയർത്തിയ ഞെട്ടലിൽ തരിച്ചുണർന്ന് മല്ലിക ദേഷ്യം നുരഞ്ഞ മിഴികളോടെ നങ്കിയെ നോക്കിക്കൊണ്ട് വീടിനുള്ളിലേക്ക് ഓടിക്കയറി.
കാൽ വിരലുകളിലൂടെ നരച്ച മരവിപ്പ് ദേഹമാസകാലം മൂടുന്നതായി നങ്കിക്ക് തോന്നി....
......✍️
"എറങ്ങടീ ന്റ മുറ്റത്തൂന്ന്..." ലക്ഷ്മിയമ്മയുടെ ആക്രോശം വീടിനുള്ളിൽ നിന്നും പുറത്തേക്ക് ഇടിത്തീ പോലെ വന്നു.
ചവുട്ടി തുള്ളി ലക്ഷ്മിയമ്മ നങ്കിയ്ക്ക് മുന്നിലേക്ക് പാഞ്ഞു വന്നു നിന്നു.
"നെന്റ പുത്യ ഒടേണ്മാരോട പൊക്കോണം..ഈട കേറി പോഗര്ത്..."
"ഓള് ഏട പോഗാന്...? " ശിവൻ മുറ്റത്തേക്കിറങ്ങി വന്ന് അമ്മയോടാരാഞ്ഞു.
"ഏടേലും പോഗട്ട്.."
"ഓളെന്റെ പെണ്ണാ... ഞാ കെട്ടിയ താലി ഇപ്പളും ഓൾഡ കയ്ത്തിലൊണ്ട്.... അപ്പൊ ഓള് തങ്ങേണ്ട ഈട തന്നാ...." ജോസഫിന്റെ മുഖത്ത് നോക്കി വക്രിച്ച ചിരിയോടെ ശിവൻ പറഞ്ഞു.
"നെനക്കിനീം മദിയായില്ലേ സ്സിവാ...."
"യില്ല...." അർത്ഥം വച്ചൊരു മറുപടി നൽകി ശിവൻ നങ്കിയുടെ മുഖത്തേക്ക് നോക്കി.
ജാൻസി നങ്കിയ്‌ക്കരികിലേക്ക് നീങ്ങി നിന്ന് കാതോരം മുഖം ചേർത്തു.
"ഇവിടെ നിൽക്കണ്ട നങ്കി. ഞങ്ങളുടെ കൂടെ പോര്. ശിവന്റെ ഭാവം കണ്ടിട്ട് എനിക്ക് തന്നെ പേടി തോന്നുന്നു. നിന്നെ ഇവൻ കൊല്ലാതെ കൊല്ലും.."
ജാൻസിയുടെ മുഖത്തേക്ക് നോക്കി നിർജ്ജീവമായ ഒരു പുഞ്ചിരി നൽകി നങ്കി ഇല്ലെന്നർത്ഥത്തിൽ തലയാട്ടി.
"ഓനെന്ന കൊന്നാലും ന്റ മല്ലീം കൊച്ചും...ഉയിരോട വേണം ച്ചേച്ചി.... എനിക്കറിയാം ഓൾഡ ചോര വരെ ഊറ്റിക്കുടിക്കും യ്യി ചെന്നായി... ഓള ഈടന്ന് രഷിക്കണം. അധിന് ഞാ ഈട തന്ന വേണം..."
"നിന്നെ കണ്ടതും മല്ലിക പോയ പോക്ക് കണ്ടില്ലേ..."
"ഓള് കൊച്ചു പെണ്ണാ ച്ചേച്ചി... ഓൾക്ക് ഒന്നും അറീല്ല. ഇനി എന്തൊക്കെ നടന്നാലും ന്റ മല്ലീം കൊച്ചും സുരഷിതായാലേ ന്റ നെഞ്ചില കല്ല് ഇറങ്ങൂ..."
"ജാൻസീ... പോകാം. എനിക്ക് പോയിട്ട് അത്യാവശ്യമുണ്ട്..." തികഞ്ഞ ഗൗരവത്തിൽ പറഞ്ഞു കൊണ്ട് ജോസഫ് തിരിഞ്ഞു നടന്നു.
"ഒന്ന് നിക്ക് സ്സാറേ... ഒര് കാരിയം പറാനൊണ്ട്..." ഒന്നു രണ്ടടി മുന്നോട്ട് വച്ച് ശിവൻ തെല്ലുറക്കെ പറഞ്ഞു.
"യിനി ഈട സ്സാറിനേം.. യ്യി ച്ചേച്ചി സ്സാറിനേം.. ച്ചേച്ചി സ്സാറിന്റ കെട്ടിയോന് സ്സാറിനേം കാണാമ്പാടില്ല... ഇദ് ന്റ വീടാ... സീവന്റെ വീട്.."
"ജാൻസി വാ... പട്ടി ശല്യം ഒരുപാടുള്ള ഏരിയയാ. ഒരേറ് കൊടുത്തിട്ടൊന്നും കാര്യമില്ല.. കഴുത്തില് കുരുക്കിട്ട് തന്നെ വീഴ്ത്തണം. കണ്ട ചാവാലി പട്ടികളെയൊക്കെ..." ശിവന്റെ മുഖത്ത് നോക്കി പറഞ്ഞു നിർത്തി ജോസഫ് മുഷ്ടിയൊന്ന് ചുരുട്ടി.
ശിവൻ ഒരു ചുവട് പിന്നിലേക്ക് മാറി.
ജോസഫ് മുറ്റമിറങ്ങിയതും, അനുകമ്പയോടെ നങ്കിയെ നോക്കി ജാൻസി തിരിഞ്ഞു നടന്നു.
"ച്ചേച്ചീ...."
ജാൻസി പെട്ടെന്ന് തിരിഞ്ഞു നോക്കി. പിൻവിളി കേട്ട് ജോസഫും.
ജാൻസിക്കരികിലേക്ക് ചെന്ന് കുഞ്ഞിനെ ഒരിക്കൽ കൂടി ചുംബിച്ച ശേഷം, ആർക്കും മുഖം കൊടുക്കാതെ നങ്കി വീടിനുള്ളിലേക്ക് ഓടിക്കയറി.
ധ്രുതഗതിയിൽ ജോസഫ് നടവഴി കേറി നടന്നു.
⬛️◼️◾️▪️◾️◼️⬛️
നനഞ്ഞ മുടി കോതിക്കൊണ്ട് നിന്ന മല്ലിക മുറിയുടെ വാതിൽക്കൽ കാൽപെരുമാറ്റം കേട്ട് തിരിഞ്ഞു നോക്കി.
ഉറങ്ങിക്കിടക്കുന്ന കുഞ്ഞിലേക്ക് മിഴി നട്ടു നിൽക്കുന്ന നങ്കിയെയാണ് കണ്ടത്.
"നെന്റ ച്ചേയീ പേറൊക്ക കയ്ഞ്ഞ് തിരിച്ച് വന്ന്.." നങ്കിക്ക് പിറകിൽ നിന്നും ശിവൻ മുറിയിലേക്ക് കയറി വന്നു.
"അദ്ന്...?" മല്ലികയുടെ ചോദ്യം ഉളി പോലെ പാഞ്ഞു വന്നു.
നങ്കി അനിയത്തിയുടെ മുഖത്തേക്ക് ആഴത്തിൽ മിഴിയൂന്നി.
"ഓള് യിനി യ്യി പെരേല് കാണും.... അത്തറ ഒള്ള്..."
"പെരേലല്ലേ... യ്യി മുറീലല്ലല്ലോ...?"
മല്ലിക തന്നാണോ മുന്നിൽ നിൽക്കുന്നതെന്ന് നങ്കിയ്ക്ക് സന്ദേഹമായി.
"എനിക്ക് യീ പെരേല് എടം തന്നാ മദി... യ്യി മുറീല് വേണ്ടാ..കൊച്ചിന ഒന്ന് കാണാൻ കേറി വന്നതാ..."
"യെന്തിന്....? ന്റ കൊച്ചിന കണ്ണ് വച്ച് കൊല്ലാനാ...?" തുറിച്ച കണ്ണുകളോടെ മല്ലിക വിറപൂണ്ടു.
"മല്ലീ..." അവിശ്വസനീയതയോടെ നങ്കി വിളിച്ചു.
"ഓള് പറഞ്ഞ കേട്ടില്ലേ... ആ കൊച്ചിന കൂടി കൊല്ലാന് വന്നേദ് കെട്ടവള്..." ലക്ഷ്മിയമ്മയും മുറിയിലേക്ക് ഇരച്ചു കയറി.
ആർക്കും മുഖം കൊടുക്കാൻ നിൽക്കാതെ നങ്കി പെട്ടെന്ന് മുറി വിട്ടിറങ്ങി.
ശിവന്റെ എളേതുങ്ങളുടെ മുറിക്കുള്ളിലെ മൂലയിൽ, മുട്ടുകാലിലേക്ക് മുഖമമർത്തി ഏങ്ങലടിക്കുമ്പോ അപ്പന്റെ കൊച്ചുപെണ്ണായി മാറുകയായിരുന്നു നങ്കി.
മുറിക്കുള്ളിലെ ഇരുട്ടിനേയും നിശബ്ദതയേയും മറന്ന് മയക്കത്തിലേക്ക് വഴുതി വീണ നിമിഷത്തിലാണ് മുടിയിഴകൾക്ക് മേലെ ഒരു കൈ സ്പർശം നങ്കി അറിഞ്ഞത്. ഞെട്ടിപ്പിടഞ്ഞ് തല ഉയർത്തിയപ്പോൾ വക്രിച്ച ചിരിയോടെ നിൽക്കുന്ന മുന്നിലിരിക്കുന്ന ശിവനെയാണ് കണ്ടത്. മുന്നിലെ രണ്ട് പല്ലുകൾ ഒടിഞ്ഞു പോയിരിക്കുന്നു.
ശിവന്റെ നിശ്വാസം നെറ്റിയിലേക്ക് വീണു കിടന്ന മുടിയിഴകളെ ഉയർത്തിയപ്പോൾ വെറുപ്പോടെ നങ്കി മുഖം തിരിച്ചു.
"നിയ്യ് വരൂന്ന് ഞാ ഒറപ്പിച്ചതാ പെണ്ണേ... നെന്റനീത്തീം കൊച്ചും ഈട ഒള്ളപ്പോ നീയ്യ് വേറ ഏടേം പോഗത്തില്ലാന്ന് എൻക്കറിയ്യാം..." ശിവന്റെ കൈ നങ്കിയുടെ കൈ വിരലുകളെ തൊട്ടു.
പൊള്ളാലേറ്റ പോലെ കൈ പിൻവലിച്ച് നങ്കി ചാടിയെഴുന്നേറ്റു. ശിവനും.
"ചാടണ്ട നിയ്യ്... യിനി യെവനും നെന്നത്തേടി ഈട വര്ത്തില്ല... യ്യി സിവൻ സമ്മയ്ക്കില്ല അദ്ന്... നെന്റ അനീത്തി നെന്നോട് മിണ്ട്ന്ന വിദം കണ്ടാ...ഇങ്ങന തന്നാ യ്യി ഊരാൾക്ക് എല്ലാർക്കും നെന്നോടിപ്പോ. നെന്ന മാത്തറല്ല രച്ചിക്കാൻ വര്ന്നവരേം കൂട ഉയിരോട കുയ്ച്ചിടും ഊരാള് യെല്ലാരും ചേര്ന്ന്.."
"നിങ്ങട കൂട കഴിയുന്നേലും നല്ലേ ഉയിരോട മണ്ണിന്നടീ കെടന്ന് ചാക്ന്നതാ.." നങ്കി കടുത്ത സ്വരത്തിൽ പറഞ്ഞു.
"യെഡീ..." പല്ല് ഞെരിച്ചു പിടിച്ച് മുന്നോട്ടാഞ്ഞ ശിവൻ പെട്ടെന്ന് നിന്നു, പിന്നിൽ ആളനക്കം കേട്ട്.
മല്ലികയാണ്.
"തിന്നാനൊള്ളെ എട്ത്ത് വച്ചിട്ടൊണ്ട്..." നീരസം ശബ്ദത്തിൽ പ്രകടമാക്കിക്കൊണ്ട് തന്നെ മല്ലിക പറഞ്ഞു.
"ഉം..." തുടർന്നൊന്നും സംസാരിക്കാൻ നിൽക്കാതെ കനത്തിലൊന്നു മൂളി ശിവൻ മുറിവിട്ടിറങ്ങിപ്പോയി. പിന്നാലെ മല്ലികയും.
കൊഴിഞ്ഞു വീണ പൂവിതൾ പോലെ നങ്കി നിലത്തേക്കിരുന്നു. കണ്ണുകൾ വറ്റി വരണ്ടിരുന്നു.
▪️⬛️▪️
ഒഴിഞ്ഞ വയറുമായി വെറും നിലത്ത് ചുരുണ്ടു കിടക്കുമ്പോഴും നങ്കിയുടെ മനസ്സ് നിറയെ മല്ലികയുടെ മാറ്റത്തെക്കുറിച്ചുള്ള അമ്പരപ്പായിരുന്നു. തങ്കം പറഞ്ഞ് ചില സൂചനകൾ അറിഞ്ഞിരുന്നുവെങ്കിലും, ഇത്രയേറെ അകൽച്ച കാട്ടുമെന്ന് നങ്കി ചിന്തിച്ചിരുന്നതേയില്ല.
തണുപ്പ് പാദങ്ങളിലൂടെ ഇഴഞ്ഞ് ഉടലിലേക്ക് കയറിയപ്പോൾ നങ്കി വില്ലുപോലെ വളഞ്ഞു കിടന്നു. വിശപ്പും ദാഹവും അസ്വസ്ഥത കാട്ടി തുടങ്ങിയെങ്കിലും എഴുന്നേറ്റില്ല. ആശുപത്രിയിൽ വച്ച് ഉച്ചയ്ക്ക് ഊണ് കഴിച്ചതാണ്. പിന്നെ, കാറിനുള്ളിലിരുന്ന് കുടിച്ച വെള്ളമത്രയും കണ്ണുകൾ ധാരധാരയായി ഒഴുക്കി കളഞ്ഞു.
എന്തെങ്കിലും കഴിച്ചോന്ന് ആരും തിരക്കിയതുമില്ല... കഴിക്കാനായി ആരും വിളിച്ചതുമില്ല.. മല്ലി പോലും...' നങ്കി വീണ്ടും ചുരുണ്ടു.
നെഞ്ചിൽ ഉറഞ്ഞു കൂടുന്ന കനം മാറിലേക്ക് അരിച്ചിറങ്ങുന്നത് നങ്കി അറിഞ്ഞു. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ട് അസ്വസ്ഥതകൾ കൂടുകയാണ്. തൊട്ടപ്പുറത്തെ മുറിയിൽ നിന്നും കുഞ്ഞിന്റെ കരച്ചിൽ ചുമരിനെയും ഇരുളിനെയും നിശബ്ദതയേയും കീറിമുറിച്ച് നങ്കിയുടെ മാറിലേക്ക് ഇരച്ചു കയറി.
ഞെട്ടലോടെ ചാടിയെഴുന്നേറ്റത് പെട്ടെന്നാണ്. ശിവന്റെ എളേതുങ്ങൾ പായയിൽ ചുരുണ്ടു കിടന്ന് ഉറങ്ങുന്നു.
കുഞ്ഞിന്റെ കരച്ചിലിന്റെ ആക്കം കൂടുന്നുണ്ട്. ഒപ്പം മല്ലികയുടെ ചിലമ്പിച്ചതും അവ്യക്തവുമായ പിറുപിറുക്കങ്ങളും മൂളലും ഞരക്കങ്ങളും ഒക്കെ കേൾക്കുന്നുണ്ട്. മല്ലിയും കരയുവാണോ...' നങ്കി കാതോർത്തു. കുഞ്ഞിന്റെ കരച്ചിലിന്റെ മുഴക്കത്തിനിടയിൽ മറ്റ് ശബ്ദങ്ങളൊക്കെ അമർന്നു പോകുന്നു. ഇപ്പൊ ശ്വാസം പിടിച്ചാണ് കുഞ്ഞ് കരയുന്നത്. നങ്കിയുടെ മാറും വിങ്ങിക്കരയാൻ തുടങ്ങി, പാൽമണം പരത്തിക്കൊണ്ട്..
കുഞ്ഞിനെ എടുക്കാനുള്ള വ്യാഗ്രതയിൽ മുറിക്ക് പുറത്തേക്ക് ഓടിയിറങ്ങി ഒരു ചുവട് നീങ്ങിയതേ ഉള്ളൂ, ലക്ഷ്മിയമ്മയുടെ സ്വരം നങ്കിയ്ക്ക് കൂച്ചുവിലങ്ങിട്ടു.
"ഏട പോന്ന്.. ചാടിത്തുള്ളി...?"
"കൊച്ച് കരേന്ന്.. കൊറേ നേരായി..." ദയനീയമായി നങ്കി മറുപടി നൽകി.
"അയ്‌ന്... കൊച്ച് അദിന്റ അപ്പന്റേം അമ്മേടേം കൂടാ ഒള്ളേ. നിയ്യ് പോണ്ട കാരിയം ന്താ...?"
"കൊറേ നേരായി... കരച്ചില് നിറ്ത്ത്ന്നില്ലാ..." നങ്കിയുടെ സ്വരം വിങ്ങി.
"നെന്റ കൊച്ച് അല്ലല്ലോ അദ്.. മല്ലിക്കറിയ്യാം ഓൾഡ കൊച്ചിന നോക്കാന്.. നിയ്യ് ആരാടീ കെട്ടോളെ ന്റ ചെക്കന്റ കൊച്ചിന നോക്കാന്.. യിനി അദ്നേം കൂട കൊല്ലാനാ നിയ്യ് ഈട വന്നേക്ക്ന്നേന്ന് എൻക്ക് നന്നായറിയ്യാം...ആ കൊച്ചിന നിയ്യ് തൊട്ടാ പിന്ന നെന്റ കൈ ഞാ അട്പ്പത്ത് വച്ചെരിക്കും... ഓര്ത്തോ നിയ്യ്.."
മാറിൽ കൈ അമർത്തി നങ്കി നിന്ന് തേങ്ങി.
മറപ്പുരയിലേക്ക് നടക്കുമ്പോഴും കുഞ്ഞിന്റെ കരച്ചിൽ നങ്കിയുടെ കാതുകളെയും മനസ്സിനെയും നീറ്റിപ്പുകച്ചു കൊണ്ടിരുന്നു. മറപ്പുരയ്ക്കുള്ളിലെ ഇരുട്ടിൽ മാറിൽ നിറഞ്ഞു തുളുമ്പിയ വിങ്ങൽ പുറത്തേക്ക് ഒഴുക്കി കളയുമ്പോഴും തൊണ്ട വരണ്ട് ആർത്തലച്ച് കരയുന്ന കുഞ്ഞിന്റെ ശബ്ദം നങ്കിയുടെ നെഞ്ചിലേക്ക് ആഴ്ന്നാഴ്ന്നിറങ്ങി.
വെളുപ്പിനെ ഉണർന്ന് കുളിക്കുമ്പോഴും നെഞ്ചിലെ വിങ്ങൽ ശമിച്ചിരുന്നില്ല. കരഞ്ഞ് കരഞ്ഞ് എപ്പോഴോ ഉറങ്ങിപ്പോയ കുഞ്ഞിനൊപ്പം ഒരു ചുമരിനപ്പുറം മയക്കത്തിലേക്ക് വീണെങ്കിലും നങ്കി രാവ് വെളുക്കാൻ കാത്ത് കിടക്കുകയായിരുന്നു.
കുളിച്ചീറനായി മുറിക്കുള്ളിലെത്തി എന്ത് ചെയ്യണമെന്ന് തിട്ടമില്ലാതെ നിൽക്കുമ്പോഴാണ് കുഞ്ഞിന്റെ കരച്ചിൽ വീണ്ടും കേൾക്കുന്നത്. ഒപ്പം മല്ലികയുടെ ഒച്ചപ്പാടും കേൾക്കാം. ആരോടൊക്കെയോ ഉള്ള അമർഷം കുഞ്ഞിനോട് തീർക്കുകയാണ് മല്ലിക. നങ്കിയ്ക്ക് ആദ്യമായി അനിയത്തിയോട് ദേഷ്യം തോന്നി.
ശിവൻ വേലയ്ക്കായി പോകുന്നതും കാത്ത് മുറിക്കുള്ളിൽ തന്നെ ചടഞ്ഞിരുന്നു. നടവഴി കയറി ശിവൻ പോകുന്നത് കണ്ടതും നങ്കി മുറിക്ക് പുറത്തേക്കിറങ്ങി.
മല്ലിക കൊച്ചിനെ പിന്നാമ്പുറത്ത് കുളിപ്പിക്കുന്ന ശബ്ദം കേൾക്കുന്നുണ്ട്. ലക്ഷ്മിയമ്മയെ എവിടെയും കാണുന്നില്ല. നങ്കി പെട്ടെന്ന് തന്നെ മുറ്റമിറങ്ങി നടന്നു. തങ്കത്തിന്റെ പുരയിലേക്ക്.
▪️◼️▪️
നങ്കിയെ കണ്ടതും കൊലുസ്സ് ഓടി വന്നു. മുറ്റത്തേക്ക് കയറാതെ വഴിവക്കിൽ തന്നെ നിന്ന് നങ്കി തങ്കത്തിനെ തിരഞ്ഞു. ആളനക്കമോ ഒച്ചപ്പാടോ ഒന്നുമില്ലെന്ന് കണ്ട് പിന്തിരിഞ്ഞതും തങ്കത്തിന്റെ വിളി വന്നു.
നങ്കി പെട്ടെന്ന് തിരിഞ്ഞു നോക്കി.
പുരയ്ക്കുള്ളിൽ നിന്നും തങ്കം നങ്കിയ്‌ക്കരികിലേക്ക് ഓടി വന്നു.
"പോഗാണോ നിയ്യ്...ഒന്നും മിണ്ടാത...നെനക്കും പെണക്കാണോ പെണ്ണേ..." തങ്കത്തിന്റെ സ്വരമിടറി.
"പിണക്കോ.. എനിക്കോ.. പിണക്കാരുന്നേ ഞാ ഈട ഇപ്പൊ വരാരുന്നോ ? പിണക്കം അക്കക്കല്ലേ.. അദോണ്ടല്ലേ ന്നേ ഒന്ന് കാണാൻ കൂടി വരാതിര്ന്നേ.. ഊരാള് എല്ലാം കര്തുംമ്പോല എന്ന കെട്ട പെണ്ണാന്ന് നിരീച്ച് കാണും ല്ലേ..?
"നിയ്യ് വാ..." കൂടുതലൊന്നും സംസാരിക്കാൻ മുതിരാതെ തങ്കം നങ്കിയുടെ കൈയ്യിൽ പിടിച്ചു വലിച്ച് പുരയ്ക്കകത്തേക്ക് നടന്നു.
തകര ഷീറ്റ് മേൽക്കൂര പാകിയ പുരയ്ക്കകത്തെ ഇരുട്ടിൽ മുരുകനിരിക്കുന്നത് നങ്കി കണ്ടു. കഴുത്തിലൂടെ ചുറ്റിയ നീളൻ തുണിയിൽ വലതു കൈ തൂക്കിയിട്ടിരിക്കുന്നു.
"അയ്യോ മുരുഗണ്ണാ.. എന്ത്‌പറ്റീ...?"
"ആ സിവൻ ഒടച്ചതാ..." വെറുപ്പോടെയും വിദ്വേഷത്തോടെയും തങ്കം ഉത്തരം നൽകി.
"അക്കാ...!?"
"ഉം.. നേരാ. നെന്റ പേറ് നടന്ന അന്ന് ആസ്പത്രീല് വച്ച് ചണ്ട ഒണ്ടായില്ലേ.. അന്ന് രാത്തിരി ഓൻ കള്ള് മോന്തീട്ട് ഈട വന്ന് പ്രച്ച്ന ഒണ്ടാക്കീ. എന്ന പിടിച്ച് തള്ളി, യ്യി മനിസന്റ കൈ പിടിച്ച് തിരിച്ച് ഒടച്ച്.." മൂക്ക് ചീറ്റി കണ്ണ് തുടച്ച് തങ്കം നിന്നു.
"മിണ്ടാതെടീ... നിയ്യത് വിട്ടേര നങ്കിപ്പെണ്ണേ.." മുരുകന്റെ ശബ്ദമുണർന്നു.
"ഞാ..കാരണം.." നങ്കി വിതുമ്പലോടെ തങ്കത്തിന്റെ കൈയിൽ പിടിച്ചു.
"നിയ്യ് കാരണം ഒന്ന്വല്ല വെറ്തെ മനസ്സ് വെസമിപ്പിക്കാത.. ഞങ്ങക്ക് സങ്കടം നെന്റ കൊച്ചിന്റ ഉയിര് പോയത് ന്റ കൂട കൂടീട്ടാന്ന് പറഞ്ഞതാ.
എൻക്ക് കൊച്ച് ഒണ്ടാകത്തില്ല ഒള്ളത് തന്നാ... അദ്ന് ഭാഗിയം ആ മാഡൻ തമ്പിരാൻ തന്നില്ല. പച്ചേല് നെനക്ക് വിസേസം ഒണ്ടെന്നറിഞ്ഞ നാള് തൊട്ട് ആ കൊച്ചിന ഒന്ന് കാണാൻ ഇര്ന്ന ഞാ കാരണാ... ന്റ എരണക്കേട് കാരണാ നെന്റ കൊച്ച് ചത്ത് പോയേന്ന് പറഞ്ഞപ്പോ..." വാക്കുകൾ മുറിച്ച് തങ്കം പൊട്ടിക്കരഞ്ഞു.
"ഞാ പെറ്റ കൊച്ച് ഉയിരോടൊണ്ട്... പിന്നങ്ങനാ നിങ്ങട എരണം കൊണ്ട് അദ് ചത്തെന്ന് പറേന്നെ ?" നങ്കിയുടെ ചോദ്യം ഒരുത്തരമായിരുന്നു. തങ്കത്തിന്റെ നിഷ്ക്കളങ്കമായ സന്ദേഹങ്ങൾക്കുള്ള ഉത്തരം.
നാവിൽ നിന്നും വഴുതി വീണതല്ല, മറച്ചു വച്ച ഈ സത്യം അറിയാനുള്ള എല്ലാ അവകാശവും യോഗ്യതയും അധികാരവും തങ്കത്തിനും മുരുകനും ഉണ്ടെന്ന് ബോധ്യം വന്നിട്ട് തന്നെ നങ്കി തുറന്നു പറഞ്ഞതാണ്.
കേട്ടത് സത്യമോ മിഥ്യയോ എന്ന ഭാവത്തിൽ അന്ധാളിച്ചു നിൽക്കുന്ന തങ്കത്തിനെയും മുരുകനേയും നോക്കി നങ്കി തുടർന്നു. പഴങ്കഥ പോലൊരു കഥ. മുരുകനേയും തങ്കത്തിനേയും സംബന്ധിച്ച് നങ്കി പറയുന്നതൊക്കെ അവരുടെ സ്വപ്നങ്ങൾക്ക് പോലും അതീതമായ കാര്യങ്ങളായിരുന്നു.
ഒക്കെയും പറഞ്ഞു തീർത്ത് നങ്കി ഇരുവരെയും നോക്കി കൈകൾ കൂപ്പി.
"ന്നോട് പൊറുക്കണം.. നിങ്ങള ക്കൂട കനവ് കാണാൻ എടയാക്കിയേന്...ഷമ ചോദ്ക്കാൻ എനിക്ക് വേറാരും ഇല്ല. തെറ്റ് ചെയ്ദന്ന് തോന്നീത് നിങ്ങള് രണ്ട് പേരോടും മാത്തറാ...." നങ്കിയുടെ തല കുനിഞ്ഞു.
നിശബ്ദത കൊടുമ്പിരി കൊണ്ട പെരയ്ക്കകത്ത് നങ്കിയുടെ തേങ്ങലും മൂകമായി.
തങ്കത്തിന്റെ കൈകൾ നങ്കിയുടെ ചുമലിൽ അമർന്നു.
"ഇത്തറ ചെറീയ വയസ്സില യിനി നിയ്യ് ന്താ നങ്കിപ്പെണ്ണേ പെടാനൊള്ളേ... നെന്റപ്പനൊണ്ടാരുന്നേൽ ഇങ്ങനൊന്നും നടക്കില്ലാര്ന്ന്..
ഇപ്പൊ എൻക്ക് തോന്ന്ന്ന്.. ഞാ കാത്തിര്ന്നത് ന്റ മോള്ക്കൊള്ള കൊച്ചിന ആണെന്ന്..."
നങ്കി അമ്പരപ്പോടെ തങ്കത്തിനെ നോക്കി.
"നിയ്യ് ന്റ മോളാന്ന് തോന്നി പോഗാ നങ്കിയേ..." വിറയാർന്ന ചുണ്ടുകളോടെ പറഞ്ഞൊപ്പിച്ച് തങ്കം നങ്കിയെ നെഞ്ചിലേക്ക് ചായ്‌ച്ച് പൊട്ടിക്കരഞ്ഞു.
മുരുകന്റെ മിഴികളും നിറഞ്ഞു പെയ്തു.
"ഓൻ സരിക്കും ഒര് നരിയാ... കുറുനരി.." മുരുകൻ പല്ല് ഞെരിച്ചു കൊണ്ട് പറഞ്ഞു.
" എല്ലാം ചെയ്ദിട്ടും ഒന്ന്മറിയാത്ത പോല നടക്കുന്ന ചെന്നായീ... നെന്ന കെട്ടവളെന്ന് ഓന്റമ്മ ഒറക്കെ പറഞ്ഞിട്ടും വായ തൊറക്കാത്ത ചെറ്റ... "
നങ്കിയും തങ്കവും മുരുകനെ നോക്കി.
"ഇനി നേര് ഊരില് പറഞ്ഞാ തന്ന ന്ന കുറ്റക്കാരി ആക്കേ ഒള്ള് മുരുഗണ്ണാ...എങ്ങനാണേലും വേറൊരാള്ട കൊച്ചിന അല്ലേ പെറ്റെ.."
"ന്നാലും ഇങ്ങനൊക്ക പറ്റുവോ !! കൊച്ചൊണ്ടാകാത്തോർക്ക് കൊച്ചിന ഒണ്ടാക്കിക്കൊട്ക്ക്ന്ന സൂത്രം..." തങ്കം അതിശയത്തോടെ കണ്ണ് മിഴിച്ചു.
"ആ കൊച്ച് ഉയിരോട ഒണ്ടെന്ന് അറിഞ്ഞപ്പോ ന്റ വെസമം ഒക്ക പോയീ നങ്കീ. ആട്ട, കൊച്ച് ആര പോലിരിക്കാ... നെന്ന പോല തോന്നിയാ..."
"ന്റ വയറ്റീ കെടന്നൂന്നേ ഒള്ളക്കാ, കൊച്ച് ഓര്ട തന്നാ. ജാൻസിച്ചേച്ചീടേം ആ സ്സാറിന്റേം.
നമ്മ്ള് കൊറച്ച് നാളത്തേക്ക് തങ്ങാന് ഒര് പെര വാടകയ്ക്ക് എട്ക്ക്ന്ന പോല..." നിസ്സംഗതയോടെ പറഞ്ഞു നങ്കി നിശ്വസിച്ചു.
"അദാ ആ പെണ്ണ് നെന്നോട് അതികാരം ഒക്ക കാട്ടിയെ. ഓൾഡ കൊച്ച് വയറ്റീ കെടക്ക്ന്നേന്റയാര്ന്ന്... മ്മ്ഹ്...
ന്നാലും നെനക്ക് കാണാനും പാല് കൊട്ക്കാനും ഒക്ക പറ്റിയല്ലോ... ഭാഗിയം....
എന്ക്കും... ഒര് വട്ടം കാണണന്ന് ഒണ്ട്. പറ്റുവോ നങ്കീ... ഒത്തിരി കൊതിയോട കാത്തിര്ന്നോണ്ടാകും...."
"ഞാ.... ഇനി അവര കാണുവോന്ന് എനിക്ക് തന്ന നിച്ചയം ഇല്ലക്കാ. ന്നാലും ഞാ സ്രമിക്കാം...
അക്കാ ആശുപത്രീല് വരാണേൽ ഒര് തവണേലും കൊച്ചിന കാട്ടിത്തരണോന്ന് നെനച്ചിരുന്നയാ... പശ്ശെ..."
"ഈ മനിസൻ ഇങ്ങന കെടക്കുമ്പോ എങ്ങന വരാനാ നങ്കീ. വേലയ്ക്ക് പിന്ന പോയിട്ടില്ല. കൈ നേരയാവാത ഇനി പോഗാനും ഒക്കത്തില്ല..."
"നെന്റളേത് എങ്ങനുണ്ട് നങ്കി ?" മുരുകൻ ആരാഞ്ഞു.
"എന്റനീത്തിയെ ആട കണ്ടില്ല മുരുഗണ്ണാ...
ഇപ്പൊ ആ പൊരേലൊള്ളത് ആടത്തെ പുതിയ സമ്പന്തക്കാരിയാ... ഓള്ക്ക് എന്നോട് ഒര് ബന്തോം ഇല്ല പരിചോമില്ല... ന്നോട് ദേഷ്യോം ആണ്..." നേരിയ മന്ദഹാസത്തോടെ നങ്കി മറുപടി നൽകി.
"ഞാ പറഞ്ഞില്ലേ ഓള് മാറീന്ന്. ഓൻ മാറ്റീ. പിന്ന ഓന്റ അമ്മ ഒണ്ടല്ലോ...
ഛീ... നന്ദിയില്ലാത്തോള്..." തങ്കം അരിശത്തോടെ മുഖം ചീറ്റി.
"ഓള് കൊച്ച് പെണ്ണല്ലേ അക്കാ..."
"കൊച്ചുപെണ്ണാ...ന്ന ദേസിയം പിടിപ്പിക്കാത നങ്കി നിയ്യ്....
നീയ്യെന്തിനാ പിന്നേം ആട ത്തന്നെ പോയേ. നെന്റ ആസ്പത്രീല ച്ചേഛീട്ത്ത് പറഞ്ഞാ കൂട കൊണ്ട് പോഗത്തില്ലേ നെന്ന..പോയി രശ്ശപെടാൻ നോക്ക് നങ്കി.. പിന്ന എടക്കെട ഞാളെ രണ്ട് പേരേം ഒന്നോർത്താ മദി..."
"അങ്ങന രഷപെടാൻ പറ്റുവോ അക്കാ എനിക്ക്. ഓളെന്റ അനീത്തി അല്ലേ..."
"അനീത്തി.. ന്നിട്ട് ഓൾക്ക് നെന്ന വേണ്ടല്ലോ.."
"ഓള് വരും. ന്ന മൻസ്സിലാക്കി തേടി വരും..."
തങ്കം അനിഷ്ടത്തോടെ അടുക്കളയിലേക്ക് നടന്നു.
"ഓര് ന്തോ പറഞ്ഞ് നങ്കീ... അന്ന് തന്ന ആ സ്സാറിന് സിവന്റേം ഓന്റമ്മേടേം വർത്താനം പിടിച്ചില്ലാര്ന്ന്. ഞാ കര്തി ഇനി ഓര് നെന്ന ഈടക്ക് വിടത്തില്ലാന്ന്.. കൂട കൊണ്ട് പോവൂന്നാ ഞാ നെനച്ചേ " മുരുകൻ കയറ്റു കട്ടിലിലേക്ക് ചാരിക്കിടന്ന് കൊണ്ട് ചോദിച്ചു.
"ഒര് അനാഥാസ്രമത്തീ ചേർക്ക്ന്ന കാരിയം ച്ചേച്ചി പറഞ്ഞ്... മല്ലിയേം കൊച്ചിനേം കൂട കൊണ്ട് പോണോന്നാ നിരീക്കുന്നെ. അദിന് വേണ്ടീട്ടാ... വന്ന തന്ന..."
"അനാതാസിറമോ.... അദെന്തോന്നാ..!!?" ഒരു പത്രത്തിൽ കപ്പയും കറിയുമായി തങ്കം നടന്നു വന്നു.
"ആരും ഇല്ലാത്തോരെ പാർപ്പിക്കുന്ന സ്ഥലാ അക്കാ..."
"അവ്ട ആക്കാനാണോ ഓള് മെനക്കെട്ന്നേ... കൊള്ളാല്ലാ. ഓൾക്കൊര് കൊച്ചിന ഒണ്ടാക്കി കൊട്ത്തപ്പ കണ്ടടത്ത് കൊണ്ടിട്വാണാ നെന്ന..!
ന്നാ ഇദ് തിന്ന്. കാലത്ത് ഒണ്ടാക്കീതാ.." നങ്കിയെ നിലത്തേക്കിരുത്തി മുന്നിൽ കപ്പയും കറിയും വച്ചു കൊണ്ട് തന്നെ തങ്കം ജാൻസിയെ കുറ്റപ്പെടുത്തി.
"നിയ്യ് ആടൊന്നും പോണ്ടാ നങ്കീ... ഓള് പോട്ടെ, വല്യ ഡോട്ടറമ്മ...
നിയ്യ് എട്ത്ത് തിന്ന് പെണ്ണേ..."
വിതുമ്പലോടെ നങ്കി തല ഉയർത്തി.
"ന്താ കരേന്നെ നിയ്യ്..?"
"ഇന്നല ആസ്പത്രീന്ന് ഉച്ചക്ക് ഉണ്ടതാ...ഇന്ന് രാവില കുളിക്കാൻ നേരം വെള്ളം കൊറേ കുടിച്ച് ശീണോം ദാഹോം വെശപ്പ്മൊക്ക മാറ്റീതാ... ന്നാലും പേറ് കഴ്ഞ്ഞോണ്ടാകും വെശപ്പ് പിന്നേം തോന്ന്ന്നേ..." സംസാരിച്ചു കൊണ്ട് തന്നെ നങ്കി കപ്പ ഒരു കഷ്ണം എടുത്ത് വായിലേക്കിട്ടു.
നിറഞ്ഞു തുളുമ്പിയ കണ്ണുകളോടെ തങ്കം മുരുകനെ നോക്കി. അനുകമ്പയോടെയും വാത്സല്യത്തോടെയും നങ്കിയെ നോക്കിയിരിക്കുകയായിരുന്നു മുരുകനും.
"നെനക്ക് നേരത്തെ പറഞ്ഞൂടായിരുന്നാ നങ്കി... ഞാ അന്നേരേ വെളമ്പത്തില്ലാരുന്നോ...?" തങ്കം ശാസനയോടെ പറഞ്ഞു.
നേർത്ത ചിരിയിൽ മറുപടി ഒതുക്കി നങ്കി വിശപ്പടക്കി.
"ഒന്ന് ചോയ്ക്കട്ടെ നങ്കി...?" തങ്കം മുഖവുരയോടെ ചോദിച്ചു.
"ന്താക്കാ...?"
"അദ്... ആ സ്സാറില്ലേ..നെന്റ ചേച്ചീട ആങ്ങളച്ചെക്കൻ...."
കഴിക്കുന്നത് നിർത്തി നങ്കി തല ഉയർത്തി നോക്കി മൂളി;
"ഉം..."
"ഓര്ക്ക് നെന്ന ഇസ്ട്ടാണാ.... എൻക്ക് അങ്ങന തോന്നീ.."
"അറീല്ലക്കാ... അല്ല, അങ്ങനൊന്നൂല്ല... അക്കക്ക് തോന്നീതാ.."
"എൻക്ക് മാത്രല്ല നെന്റ മുരുഗണ്ണനും തോന്നീതാ. ഞങ്ങ ഈട അദേ പറ്റി സമ്സാരിച്ച്. ഓര്ക്ക് നെന്ന ഇസ്ട്ടാ പെണ്ണേ. യില്ലേ അന്ന് സിവനോട് നെനക്ക് വേണ്ടി അങ്ങിന ചണ്ടയിഡോ..
അന്ന് തന്ന ആ സമ്സാരോം മട്ടുവൊക്ക കണ്ടിട്ട് ഞാ ഒറപ്പിച്ചതാ. ഓര്ക്ക് നെന്ന സരിക്കും ഇസ്ട്ടാ. നിയ്യ് പള്ളിക്കൂടത്തിലൊക്ക പോയതല്ലേ. അദൊക്ക അറിഞ്ഞിട്ടാകും. അങ്ങന ആളിക്ക് നെന്ന ഇസ്ട്ടാണേ നിയ്യ് കൂട പോണം നങ്കി പെണ്ണേ. നല്ല മാനിസനാ. നെന്ന പോന്ന് പോല നോക്കും എൻക്ക് ഒറപ്പാ. നെന്റ ഡോട്ടറമ്മേ പോലല്ലാ. അധും എൻക്ക് ഒറപ്പാ...."
"അദ് നടക്കില്ല അക്കാ..." ഉറച്ച സ്വരത്തിൽ നങ്കി പറഞ്ഞു.
അന്ധാളിപ്പോടെ മുരുകനും നങ്കിയും പരസ്പരം നോക്കി.
തുടരും.....✍️
💜
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ