©️ Copyright Protected
🌺🌺🌺🌺
മണിയൻ നങ്കിയുടെ മുഖത്തേക്ക് നോക്കി.
"ഇനി ഒര് കല്യാണം ന്റ മനസ്സിലും ഇല്ലക്കാ... " ഒരു തീർപ്പ് പോലെ പറഞ്ഞു കൊണ്ട് നങ്കി കാപ്പി മണിയനും മുരുകനും നൽകി തിരിഞ്ഞ് നടക്കവേ മണിയന്റെ പിൻവിളി വന്നു.
"നങ്കീ....
... ആസ്പത്രീല സ്സാറ് എന്നും നെന്ന പറ്റി തെരക്കും...
നെനക്ക് സുഗാണോ... സിവൻ പ്രച്ച്ന എന്തേലും ചെയ്യ്ന്നോണ്ടാ... ഇങ്ങന എന്നും എന്തേലും ചോയിക്കും..."
നങ്കി തങ്കത്തിനെ നോക്കി. ഒരു പുഞ്ചിരി തങ്കത്തിന്റെ ചുണ്ടിൽ തത്തിക്കളിച്ചു.
നങ്കി മണിയനെ നോക്കി.
"അനീത്തിക്ക് ഉപകാരം ചെയ്ദ അല്ലേ... അതാവും..." നങ്കിയുടെ അഭിപ്രായം പെട്ടെന്ന് വന്നു.
..............✍️
"നിയ്യ് കൊച്ച് പെണ്ണാ നങ്കീ... ഇനിയും കാലം കെടക്കയാ. എല്ലാരും സിവന പോലാണോ... ഓന്റ മുമ്പീ ജയിക്കാനേലും നിയ്യ് വേറ കെട്ടണം. ഓൻ മാത്തറം അങ്ങന പെണ്ണും കൊച്ചുമായി ജീവിക്കണ്ട.." മുരുകൻ ഗൗരവത്തോടെ പറഞ്ഞു.
"പെട്ടന്ന് വേണ്ട.. പച്ചേ.. ഒരാള് വേണം കൂട. നെന്റപ്പനും കൊതിക്ക്ന്നൊണ്ടാകും നിയ്യ് സന്തോസായിട്ട് ജീവിക്ക്ന്ന കാണാന്..."
നങ്കിയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി, അപ്പനെ ഓർത്ത മാത്രയിൽ.
പെട്ടെന്ന് പ്രതീക്ഷിക്കാതെ വീട്ടു മുറ്റത്തേക്ക് ഒരു കാർ കടന്നു വന്നു. ജോസഫിന്റെ കാർ തിരിച്ചറിഞ്ഞിട്ടെന്നവണ്ണം നങ്കി തിടുക്കത്തിൽ കണ്ണുകൾ അമർത്തി തുടച്ചു.
കാറിൽ നിന്നുമിറങ്ങിയത് മണിയനൊഴികെ എല്ലാവർക്കും അപരിചിതനായ വ്യക്തിയായിരുന്നു. ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവർ.
"മണിയാ, നങ്കിയെ ആശ്പത്രീലോട്ട് കൂട്ടിക്കൊണ്ട് വരാൻ പറഞ്ഞ് ജോസ്സാറ്.." അയാൾ ഇറങ്ങിയ പാടെ പറഞ്ഞു.
എന്തിനെന്ന ചോദ്യഭാവത്തിൽ നങ്കി മണിയനെ നോക്കി.
"ന്താ കണ്ണാ കാരിയം...?" മണിയൻ തിരക്കി.
"നങ്കീട എളേത് ആശ്പത്രീലൊണ്ട്... മല്ലിക. സ്സാറ് ഇത്റേം പറഞ്ഞാ മദീന്ന് പറഞ്ഞ്.."
നങ്കിയുടെ നെഞ്ചിലൂടെ കൊള്ളിയാൻ പാറി.
"മല്ലീ... ഓൾക്കെന്താ പറ്റിയേ...?"
"കൂട്ടീട്ട് വരാനാ ജോസ്സാറ് പറഞ്ഞേ.."
"അക്കാ എനിക്ക് പോണം... ഓൾക്കെന്തോ പറ്റീട്ടൊണ്ട്.. അദാ ന്ന കാണണോന്ന് പറഞ്ഞേ... നമ്മക്ക് പോഗാം..." നങ്കി പുരയ്ക്കുള്ളിലേക്ക് ഓടിപ്പോയി കുഞ്ഞിനെയുമെടുത്ത് തിരികെ വന്നു.
"പോഗാം...മോളേം കൊണ്ട് പോഗാം. യില്ലേ എന്ന കാണാത മോള് കരയ്യും..."
ആരുടേയും അനുവാദത്തിനോ അഭിപ്രായത്തിനോ കാത്ത് നിൽക്കാതെ നങ്കി കാറിനുള്ളിൽ കയറിയിരുന്നു.
പുരയുടെ വാതിൽ കൊട്ടിയടച്ചു കൊണ്ട് മണിയൻ കാറിന്റെ മുൻസീറ്റിൽ കയറി. പിന്നിൽ നങ്കിയ്‌ക്കൊപ്പം തങ്കവും മുരുകനും.
▪️🔳▪️
ആശുപത്രി മുറ്റത്തു നിർത്തിയിട്ടിരുന്ന പോലീസ് ജീപ്പിനരികിലായി കൊണ്ട് നിർത്തിയ കാറിൽ നിന്നും എല്ലാവരും പുറത്തേക്കിറങ്ങി. നങ്കിയുടെ കണ്ണുകൾ ജീപ്പിലേക്ക് പാളി വീണു.
"ഓഫീസ് മുറീലോട്ട് ചെന്നാ മദി.." ഡ്രൈവറുടെ നിർദേശം വന്നതും നങ്കി കുഞ്ഞുമായി ഓഫീസ് മുറി ലക്ഷ്യമാക്കി ഓടി.
അകത്തേക്ക് കയറാനുള്ള അനുമതിയ്ക്ക് കാക്കാതെ നങ്കി മുറിക്കുള്ളിലേക്ക് പാഞ്ഞു കയറി.
നങ്കിയെ കണ്ടതും ജോസഫ് പെട്ടെന്ന് എഴുന്നേറ്റു. ജോസഫിനൊപ്പം ഇരിക്കുന്ന പോലീസ് ഉദ്യോഗസ്ഥനേയും ഗൈനക്കോളജിസ്റ്റ് ഡോക്ടറെയും കണ്ടപ്പോൾ നങ്കിയുടെ ചിന്തയിൽ എന്തൊക്കെയോ കുഴഞ്ഞു മറിഞ്ഞു.
"വാ ഇരിക്ക് നങ്കീ...." ജോസഫ് ഒഴിഞ്ഞു കിടന്ന ഇരിപ്പിടം ചൂണ്ടിക്കാട്ടി വിളിച്ചു.
"മല്ലീ... ഓളേടയാ...?" ആശങ്കയോടെ നങ്കി ആരാഞ്ഞു.
"പറയാം.. നീയിരിക്ക്.."
ചേച്ചി കുഞ്ഞിനെ ഒന്ന് പിടിക്ക്..." വാതിൽക്കൽ നിൽക്കുന്ന തങ്കത്തിനോടായി ജോസഫ് പറഞ്ഞു.
"എനിക്ക് ഇരിക്കണ്ട... ന്റ മല്ലീന കണ്ടാ മദി..."
"നിന്നോട് ആദ്യം ഇരിക്കാനാ പറഞ്ഞേ... " ശാസനയോടെ ജോസഫിന്റെ സ്വരമുയർന്നു.
വിതുമ്പലോടെ നങ്കി ഇരുന്നു.
"ഉള്ളത് അതുപോലെ പറയാം... എല്ലാം മനസ്സിലാക്കാനും അതിനനുസരിച്ചു പ്രവർത്തിക്കാനും കഴിവുള്ള പെണ്ണാ നീ.. അതുകൊണ്ടു തന്നെ ഒന്നും മറച്ചു വയ്ക്കുന്നില്ല.." മുഖവുരയോടെ ജോസഫ് തുടങ്ങി.
നങ്കിയ്ക്ക് നെഞ്ചിൽ വലിയ പാറക്കല്ലെടുത്തു വച്ചതു പോലെ ഭാരമനുഭവപ്പെടാൻ തുടങ്ങി.
"ഇന്ന് വെളുപ്പിന് കുഞ്ഞിനേയും കൊണ്ട് മല്ലിക ഓടി വന്ന് വീണത് ഇവിടുത്തെ ആംബുലൻസിന്റെ മുന്നിലേക്കാ.. അതിലെ ഡ്രൈവർ അപ്പൊത്തന്നെ ഇവിടെ എത്തിച്ചു.
നിന്റെ അനിയത്തിയാണെന്ന് മനസ്സിലാക്കിയിട്ട് ഡോക്ടറാ എന്നെ വിളിച്ച് വിവരം പറഞ്ഞത്.
ഭർതൃപീഡനമാണ് കേസ്. അതുകൊണ്ട് പോലീസിനെ ഞാൻ വിവരമറിയിച്ചു. ശിവൻ ഒളിവിൽപ്പോയെന്നാ അറിഞ്ഞേ...." ഒന്നു നിർത്തി ജോസഫ് ഡോക്ടറെ നോക്കി.
തുടർന്ന് സംസാരിച്ചത് ഡോക്ടറാണ്. പോലീസ് ഉദ്യോഗസ്ഥന്റെ മുഖത്തേക്ക് നോക്കിയാണ് അവർ പറഞ്ഞു തുടങ്ങിയത്.
"മല്ലിക ഗർഭിണി ആയിരുന്നു. അബോർഷൻ സംഭവിച്ചിട്ടുണ്ട്. ഭർത്താവ് വയറ്റില് ചവിട്ടിയെന്നാ ചോദിച്ചപ്പോ പറഞ്ഞത്..
ആദ്യത്തെ പ്രസവം കഴിഞ്ഞിട്ട് മൂന്ന് മാസം ആകുന്നതേ ഉള്ളൂ. സിസേറിയൻ ആയിരുന്നു. ആരോഗ്യക്കുറവും പ്രായക്കുറവുമൊക്കെ കൊണ്ട് അത് വളരെ റിസ്ക്കുമായിരുന്നു. അങ്ങനെയുള്ളൊരാൾ ഇത്ര പെട്ടെന്ന് വീണ്ടും ഗർഭിണി ആയാൽ... മാത്രമല്ല.. അപകടപരമായ രീതിയിലാണ് അബോർഷനും നടന്നിരിക്കുന്നത്..
ഇപ്പോ മല്ലിക വളരെ ക്രിട്ടിക്കലായ ഒരു സ്റ്റേജിലാണ്..."
നങ്കിയുടെ ഹൃദയം പെരുമ്പറ പോലെ മുഴുങ്ങി തുടിച്ചു.
"ശരിക്കും പറഞ്ഞാൽ.. ആ കുട്ടി ഒരു റേപ്പിന് ഇരയായ പോലെയാണ് ഇപ്പോഴത്തെ അവസ്ഥ. ഭർത്താവാണെങ്കിൽ കൂടി തീർത്തും ക്രൂരമായ ബലാത്സംഗം തന്നെയാണ് നടത്തിയിരിക്കുന്നത്.. ശാരീരികമായി ഒരുപാട് ബാധിക്കപ്പെട്ടിട്ടുണ്ട്...."
ഒരാർത്ത നാദത്തോടെ നങ്കി പെട്ടെന്ന് കണ്ണുകൾ പൊത്തി മുഖം തിരിച്ചു.
വാതിൽക്കൽ നിന്നും തങ്കത്തിന്റെ ഏങ്ങലും ഉയർന്നു.
"നങ്കീ..." ജോസഫ് മെല്ലെ വിളിച്ചു.
" മല്ലിക ഇപ്പൊ ഐ സി യൂവിലാണ്. നിന്നെ കാണണമെന്നാ പറയുന്നത്. നിന്നോട് സംസാരിക്കണമെന്നും.
സാറിന് മല്ലികയുടെ മൊഴി എടുക്കണം. മല്ലിക നിന്നോട് സംസാരിക്കുമ്പോ സാറും കൂടെ കാണും.. "
നങ്കി മുഖമുയർത്തി ജോസഫിനെ നോക്കി.
" എനിക്ക്...ഓള കാണണം... " നങ്കി ജോസഫിന്റെ കൈയ്യിൽ മുറുകെ പിടിച്ചു പറഞ്ഞു.
ജോസഫ് തല കുലുക്കി.
◼️▪️◼️
ഐ സി യൂവിനുള്ളിലേക്ക് ഇൻസ്‌പെക്ടർക്കും മറ്റൊരു പോലീസുകാരനുമൊപ്പം കയറുമ്പോൾ നങ്കിയുടെ കാലുകൾ വിറയാർന്നിരുന്നു.
ചവുട്ടി മെതിച്ച കരിയില പോലെ കിടക്കുന്ന മല്ലിക ആദ്യ കാഴ്ചയിൽ തന്നെ നങ്കിയുടെ ഹൃദയം തകർത്തു.
തടിച്ചു വീർത്ത കണ്ണും കവിളും, മുറിവേറ്റ നെറ്റിയും, ചുണ്ടുകളിലെ തിണർപ്പും നങ്കി ഒരു ഞൊടി നോക്കി നിന്നു. പിന്നെ ചിലമ്പിച്ച ശബ്ദത്തിൽ വിളിച്ചു ;
"മല്ലീ...."
ആ വിളിക്ക് കാത്തു കിടന്നിട്ടെന്ന പോലെ മല്ലിക ആയാസപ്പെട്ട് കണ്ണ് തുറന്നു. അരികിൽ നങ്കിയെ കണ്ടതും കരയാൻ മറന്നത് പോലെ നേർത്ത ചിരി തൂകി.
"ച്ചേയീ..." ഉടലാഴങ്ങളിലെവിടെ നിന്നോ ശബ്ദം വലിച്ചെടുത്ത് മല്ലിക വിളിച്ചു.
കരയരുതെന്ന് മനസ്സിനെ വിലക്കിയിട്ടും നങ്കിയുടെ കണ്ണുകൾ അനുസരണക്കേട് കാട്ടി നിറഞ്ഞൊഴുകി.
"ഞാ കര്തി ച്ചേയിക്കെന്നോട് ദേസ്യാകൂന്ന്.. പഷേ.. എൻക്കറിയ്യാര്ന്ന് ച്ചേയി വരൂന്ന്...." പ്രയാസപ്പെട്ട് സംസാരിക്കുമ്പോഴും വികൃതമായ ചുണ്ടിലെ ചിരി മായാതിരിക്കാൻ മല്ലിക ശ്രമിച്ചു.
നങ്കിയുടെ കൈകൾ മല്ലികയുടെ മുടികളെ തൊട്ട് തലോടിക്കൊണ്ടിരുന്നു.
"ഞാ ഒര് കാരിയം പറേട്ടെ...
ച്ചേയിയോട് ഞാ..ഇസ്..ട്ടക്കേട് കാട്ടീ..തൊക്കെ വെറ്തെ ആര്ന്ന്... ച്ചേയി ആട്ന്ന്..പോഗാൻ വേണ്ടി തന്ന ചെയ്ദതാ... പഷേ അദ് എൻക്ക് ആട സുഗിച്ചു ജീവിക്കാന്..അല്ലാര്ന്ന്... ച്ചേയി ഏടേലും പോയി രഷപെടാനാര്ന്ന്..."
ചലനമറ്റത് പോലെ നങ്കിയുടെ കൈകൾ മല്ലികയുടെ മുടിയിൽ നിശ്ചലമായി.
"നിയ്യ് ന്താ പറേന്ന മല്ലീ....!!!!?"
"ഉം... ച്ചേയി ആസ്പത്രീലാര്ന്നപ്പോ അയാള് ന്നോട് പറഞ്ഞ്..ച്ചേയി പെറ്ന്ന കൊച്ചിന്റ കാരിയോം.. അദ്ന് കിട്ടിയ പൈസക്കാ പെര പുദുക്കീതും എന്നൊക്ക... ആ കൊച്ച് ചത്തെന്ന് പറഞ്ഞ നൊണയാന്ന് എൻക്ക് അറിയ്യാര്ന്ന്...
അയാള് ദുസ്ട്ടനാ ച്ചേയീ... എൻക്ക് പേടിയ്യാര്ന്ന്.." ഭീതി നിറഞ്ഞ കണ്ണുകളോടെ മല്ലിക നങ്കിയുടെ കൈകളിൽ മുറുകെ പിടിച്ചു.
"ച്ചേയി ആസ്പത്രീല് ആയേ പിന്ന..അയാള് എന്നും രാത്തിരി ന്റ കൂട കെടക്കാൻ വരും. വേണ്ടാന്ന് പറഞ്ഞപ്പോ കൊച്ചിന കൊല്ലൂന്ന് പറഞ്ഞ്..പേടിച്ചിട്ട് ഞാ കരയ്യും. ലച്ച്മി മാമി ഞാ കരേന്ന കേട്ടാലും ഒന്നും ചോയിക്കില്ല...
പേറു കയ്ഞ്ഞ് ച്ചേയി തിരിച്ച് ആട വന്നപ്പോ.. എൻക്ക് പേടിയായി. അയാള് ച്ചേയിയോടും ഇങ്ങനൊക്ക ചെയ്യൂന്ന്. അയാക്ക് ദേസ്യാര്ന്ന്.. ഈടത്ത സ്സാറ് അയ്യാള അടിച്ചേല്. ച്ചേയിയെക്കൊണ്ട് പഗരം ചോയ്ക്കൂന്ന് പറഞ്ഞ്.
അദാ ച്ചേയിയെ ആട നിർത്തണ്ടാന്ന് എൻക്ക് തോന്നിയേ.. അന്ന് അങ്ങനൊക്ക സമ്സാരിച്ചേ..
ച്ചേയി അയാള ചവിട്ടിയ അന്ന്.. ച്ചേയി ആട തന്ന നിന്നാ രാത്തിരി അയാള് ച്ചേയിയെ കൊല്ലൂന്ന്.. എൻക്ക് ഒറപ്പാര്ന്ന്..അദോണ്ട് മാമി പറഞ്ഞ പോല കൊച്ചിന.. നഞ്ഞ് കലന്ന പാല് കൊട്ത്തെന്ന് പറഞ്ഞ് ഞാ.. ഞാ കൂട ച്ചേയിയെ പഴി പറഞ്ഞേ..."
അവിശ്വസനീയതയോടെ നങ്കി അനിയത്തിയെ നോക്കി.
"മല്ലീ... നിയ്യ്... നെനക്ക് ഒര് വാക്ക് എന്നോട് പറയാര്ന്ന്.. എങ്കി ഞാ നെന്നേം കൊച്ചിനേം കൊണ്ട് ഏടേലും രഷപെട്ടേന..."
"അറിയ്യാം... ച്ചേയി അങ്ങന ചെയ്യാനേ നോക്കൂന്ന്. പഷേ അയാള് നമ്മള വെറ്തെ വിടില്ല.. പൊറകെ വരുമാര്ന്ന്. ച്ചേയിയേലും രഷ..പെടണോന്ന് തോന്നി.
നമ്മട അപ്പൻ ഒണ്ടാര്ന്നേ നമ്മക്ക് ഇങ്ങന വര്ത്തില്ലാര്ന്ന്... ന്റ അമ്മ കാരണോല്ലേ ച്ചേയിക്ക് അയാള.. കെട്ടേണ്ടി വന്ന. ഇല്ലാര്ന്നേ കൊറേ പടിക്കാര്ന്ന്...
ആസ്പത്രീല സ്സാറ് ച്ചേയിയെ.. പഠിപ്പിക്കാന്നൊക്ക പറഞ്ഞിര്ന്നില്ലേ... അദാ... ആ പെരേന്ന് ച്ചേയിയെ ഞാ ഓടിച്ചേ... " ഒരു കുസൃതി ഒപ്പിച്ച പോലെ മല്ലിക പുഞ്ചിരിച്ചു.
"ച്ചേയി വേറ കല്ലാണം കയിക്കണം... മണിയണ്ണനോ... ഈടത്തെ സ്സാറോ ആരേലും മദി. പഷേ കെട്ടണം. അപ്പൊ അയാള് ച്ചേയീടത്ത് വരാം പേടിക്കും.."
നിസ്സംഗതയോടെ കേട്ടിരുന്നതല്ലാതെ നങ്കി പ്രതികരിച്ചില്ല.
മല്ലിക വീണ്ടും തുടർന്നു. ഒക്കെയും പറഞ്ഞു തീർക്കാനുള്ള തിടുക്കത്തോടെ.
"ഇന്നല രാത്തിരി കുടിച്ചിട്ട് വന്ന് എന്ന പിടിച്ചപ്പോ ഞാ അയാള പിടിച്ച് തള്ളി. അപ്പൊ ച്ചേയി ചവുട്ടിയ കാരിയം പറഞ്ഞ് ഒച്ചയിട്ട്. പിന്നെ ച്ചേയിയെ കൊറേ ചീത്ത പറഞ്ഞ് അപ്പൊ ഞാ ദേസിച്ച് എന്തോ പറഞ്ഞതും അയാള് ന്റ മോന്ത പിടിച്ച് ചൊമരേല് ഇടിച്ച്..." വാക്കുകൾക്കൊപ്പം തലേന്ന് രാത്രിയിലെ സംഭവങ്ങളുടെ ഓർമ്മയിൽ മല്ലികയുടെ മുഖം ഭയം കൊണ്ട് കോച്ചുകയും, നങ്കിയുടെ കൈകളിലെ പിടുത്തം മുറുക്കുകയും ചെയ്തു.
" ഞാ ഒച്ച വച്ചപ്പോ പിന്നേം അടിച്ച്..
പിന്ന.. എന്ന....
പറ്റാതായപ്പോ ഞാ.. ഞാ അയാട കാത് കടിച്ച് മുറിച്ച്... ദേഹം നൊന്തപ്പോ.. ചാടി എണീറ്റ് ന്റ വയറ്റീ ചവുട്ടി... ഒത്തിരി.. ചവുട്ടി... ഞാ കരഞ്ഞിട്ടും ആരും വന്നില്ല... ന്റ കൊച്ചും....
പിന്നേം അയാള്...
പിന്ന ഒണന്നപ്പോ.. അയാള കണ്ടില്ല.. അപ്പൊ കൊച്ചിനേം കൊണ്ട് ഞാ ആ പൊരേന്ന് എറങ്ങി ഓടി. അധും ആരും കണ്ടില്ല...
ഏതോ വണ്ടീട മുന്നിലാ ഓടി വീണേ... പിന്ന ഒണന്നപ്പോ ഈടാ..."
"അല്ലാഹ്.... "മൊഴി എഴുതിക്കൊണ്ടിരുന്ന പോലീസുകാരൻ എഴുത്ത് നിർത്തി നെടുവീർപ്പോടെ വിളിച്ചു.
മല്ലിക കണ്ണെത്തി അയാളെ നോക്കി. പിന്നെ വീണ്ടും നങ്കിയിലേക്ക് കണ്ണയച്ചു.
"ച്ചേയീ...ന്റ വയറ്റീ കൊച്ചൊണ്ടാര്ന്ന്... അദ് പോയീ..
എൻക്ക് ഇനിയൊര്.. കൊച്ചൊന്നും വേണ്ടാര്ന്ന്... പിന്നേം വേദന ഒന്നും സഗിക്കാനും വയ്യാര്ന്ന്.... അയാള് തന്ന ആ കൊച്ചിന കൊന്ന്...
ഒര്പാട് തവണ ചാകണോന്ന് നിരീച്ചതാ... പഷേ പേടിയാര്ന്ന്... ഇപ്പോ ആ പേടിയില്ല. ദേഹം മൊത്തത്തില് നോവ്കാ ച്ചേയീ... യ്യി നോവീന്ന് എൻക്ക് രഷപെട്ടാ മദി.."
"നെനക്ക് ഒന്നും വരൂല്ല മല്ലീ ..." പാഴ്‌വാക്കെന്ന് അറിഞ്ഞിട്ടും നങ്കി പറഞ്ഞു.
അതിന് മറുപടിയായി മല്ലിക മന്ദഹസിച്ചു.
"ന്റ കൊച്ചിന ഞാ ച്ചേയിക്ക് തരാ... മുന്നേ തരണോന്ന് നിരീച്ചതാ. പിന്ന അയാള പേടിച്ചാ...
ച്ചേയീ നോക്ക്ന്ന പോല നോക്കാന് എൻക്കറിയ്യില്ല... ച്ചേയി കണ്ട അല്ലേ വെസന്ന് കരേന്ന..." മല്ലിക നങ്കിയുടെ കൈ താങ്ങി തന്റെ മാറിന് മേലെ വച്ചു.
"മോന് കരേമ്പോ ഞാ പാല് കൊട്ക്കും. എത്തറ പാല് കൊട്ത്താലും കരച്ചിലാര്ന്ന്.. ഒരീസം ഞാ അമത്തി നോക്കീപ്പോ പാലല്ല ചോരയാ വന്നേ... ഞാ..പേടിച്ച് പോയി..ച്ചേയീ.. " ഒരു കൊച്ചുകുട്ടിയുടെ നിഷ്‌ക്കളങ്കതയോടെ മല്ലിക പറഞ്ഞു.
നങ്കിയുടെ കണ്ണുകൾ മല്ലികയുടെ എല്ലിച്ച മാറിലേക്ക് വഴുതി വീണു.
"ച്ചേയിയാ ന്റ മോന്റ വെസപ്പ് മാറ്റിയെ... ച്ചേയീ തന്നാ ഓന്റെ അമ്മ...
സന്തോസായാ ച്ചേയിക്ക്...?" മല്ലികയുടെ വിരൽത്തുമ്പ് നങ്കിയുടെ മുഖം പിടിച്ചുയർത്തി.
"ച്ചേയീ....
എൻക്ക് വാക്ക് താ... വേറ കല്ലാണം ചെയ്യാന്ന്... " മല്ലികയുടെ വിടർന്ന കൈവെള്ള നങ്കിയ്ക്ക് നേരെ നീണ്ടു.
ഒരാലോചനയ്ക്കും മുതിരാതെ അനിയത്തിയുടെ ആശ്വാസത്തിനായി നങ്കി ആ കൈയ്യിലേക്ക് തന്റെ കൈ ചേർത്തു.
നിശ്വാസമുതിർന്ന പുഞ്ചിരിയോടെ മല്ലിക നങ്കിയുടെ കൈ അമർത്തി പിടിച്ചു.
നിശബ്ദതയുടെ നിഴൽ നടന്നു തുടങ്ങിയപ്പോൾ പോലീസുകാർ പുറത്തേക്കിറങ്ങി.
"ച്ചേയീ...." മൗനത്തിന്റെ നേർത്ത ഇടവേളയ്ക്കു ശേഷം മല്ലിക വിളിച്ചു.
"തങ്കം മാമി വന്നിട്ടൊണ്ടാ....?"
"ഉം..."
"എൻക്കൊന്ന് കാണണം..."
നങ്കി പുറത്തേക്കിറങ്ങി. പെട്ടെന്ന് തന്നെ തങ്കവുമായി തിരികെ വന്നു.
മല്ലികയുടെ കിടപ്പ് കണ്ടതും തങ്കം വിതുമ്പാൻ തുടങ്ങി.
"അക്കാ..." നങ്കി മെല്ലെ വിളിച്ചു.
തങ്കം മുഖം തുടച്ചു കൊണ്ട് മല്ലികയ്ക്കരികിലേക്ക് ചെന്നു.
"മാമീ... മാമിക്ക് എന്ന ഇസ്ട്ടല്ലാന്ന് അറിയ്യാം.. പഷേ ന്റ ച്ചേയീന ഇസ്ട്ടാണല്ലോ. ച്ചേയിയോട് ഞാ കൊറേ കാരിയം പറഞ്ഞിട്ടൊണ്ട്.. അദൊക്ക ച്ചേയീ മാമിക്ക് പറഞ്ഞു തരും... അപ്പൊ... അപ്പൊ എന്നോടൊള്ള ദേസ്യോക്ക മാറും..." മല്ലിക തങ്കത്തിന്റെ കൈയ്യിൽ പിടിച്ചു.
"ന്റ കൊച്ചിന ഇനി ഞാ ച്ചേയിയാ നോക്ക്ന്നേ... പഷേ ന്റ ച്ചേയിയ നോക്കാന് ഇപ്പൊ മാമിയേ ഒള്ള്. ഞങ്ങക്ക് മാമിയെ പോല ഒര് അമ്മയാര്ന്ന് ഒണ്ടാര്ന്നേ... ച്ചേയിക്കും എൻക്കും ഇപ്പൊ ഇങ്ങനൊന്നും പറ്റത്തില്ലാര്ന്ന്...
ന്റ ച്ചേയിയെ നോക്കണേ... അയാള്... ഇനീം വരും. എൻക്ക് പേടിയാ...
ച്ചേയി വാക്ക് തന്ന് വേറ കല്ലാണത്തിന്... മണിയണ്ണനോ... ഈടത്തെ സ്സാറോ... അദ് ആരാണേലും മാമിയും മുരുഗമ്മാമനും കൂട നടത്തി കൊട്ക്കണം...." തങ്കത്തിന്റെ കൈയ്യിലെ പിടുത്തം മല്ലിക മുറുക്കി. വാക്ക് ഉറപ്പിക്കും പോലെ.
തങ്കം നങ്കിയുടെ മുഖത്തേക്ക് നോക്കി. മല്ലികയിൽ കണ്ണുനട്ട് ശില പോലെ നിൽക്കുകയാണ് നങ്കി.
"ന്റ ച്ചേയിയെ അയാള് കൊല്ലാത നോക്കണം... "
"മല്ലീ..." തങ്കം വിങ്ങലോടെ വിളിച്ചു.
"ഒത്തിരി മിണ്ടീട്ടാന്ന് തോന്ന്ന്ന്... വായൊക്കെ നോവ്ന്ന്..."
"നിയ്യ് കൊറച്ച് ഒറങ്ങ്.. " നങ്കി മല്ലികയുടെ തലയിൽ തഴുകി നെറ്റിയിൽ ഉമ്മ വച്ചു.
മല്ലിക കൈ നീട്ടി നങ്കിയെ മുഖത്തോടടുപ്പിച്ചു. പിന്നെ ചോര ഉണങ്ങിപ്പിടിച്ച ചുണ്ടുകളാൽ ഇരു കവിളുകളിലും മുത്തി.
"ഒന്ന് ന്റ ച്ചേയിക്ക്... പിന്നൊന്ന് ന്റ മോന്.. ച്ചേയി കൊട്ത്താ മദി പിന്ന..."
നങ്കിയുടെ കണ്ണിൽ നിന്നുമൊഴുകിയിറങ്ങിയ കണ്ണീർ മല്ലികയുടെ കവിളിൽ പളുങ്ക്മണി പോലെ ചിതറിത്തെറിച്ചു.
"നിച്ചൂന ഒര് നോക്ക് കാണണോന്ന് ഒണ്ടാര്ന്ന്... ഓനിക്ക് എന്ന ഇസ്ട്ടല്ല. ച്ചേയിയെ ഒത്തിരി ഇസ്ട്ടാ... ഓന്റ പേരാ ന്റ മോന് ച്ചേയി ഇട്ടേന്ന് ഓനോട് പറേണോന്ന് നിരീച്ചിര്ന്നതാ...
ഓൻ ഇദൊക്ക അറിഞ്ഞാ... അയാള വെട്ടിക്കൊല്ലും... ഒറപ്പാ..." കണ്ണുകളിൽ മയക്കം പിടിക്കാൻ തുടങ്ങിയപ്പോഴും മല്ലിക പറഞ്ഞു കൊണ്ടിരുന്നു.
"ഞാ മോന കണ്ടാര്ന്ന്... എനി കാണണ്ട... എൻക്ക് കരച്ചില് വരും...
ച്ചേയിയെ കണ്ടല്ലോ... അദ് മതി..... അ... മ്മ്... മ്....
മല്ലിക കണ്ണുകളടച്ചു. നേരിയ ശ്വാസോച്ഛാസം വരണ്ട മാറിനെ ഉയർത്തുകയും താഴ്ത്തുകയും ചെയ്തു കൊണ്ടിരുന്നു.
വാ പൊത്തി കരഞ്ഞു കൊണ്ട് തങ്കം പുറത്തേക്ക് ഓടിയിറങ്ങി.
മല്ലികയെ നോക്കിത്തന്നെ ചുവടുകൾ വച്ചു കൊണ്ട് നങ്കി പിന്നിലേക്ക് നടന്നു. ഒരു വിളി മല്ലികയിൽ നിന്നുമുയരുമെന്ന് കാതോർത്ത്...
▪️▪️▪️
ഐ സി യൂ വിന് പുറത്തേക്കിറങ്ങിയതും തങ്കം ഏങ്ങലോടെ പൊട്ടിക്കരഞ്ഞു.
നങ്കി ചുമരിലേക്ക് ചാഞ്ഞു നിന്നു.
"പുറത്തേതെങ്കിലും ഹോസ്പിറ്റലിലേക്ക് കൊണ്ടു പോയാലോ ഡോക്ടർ...?" ഇൻസ്‌പെക്ടർ ഡോക്ടറോട് ആരാഞ്ഞു.
"നോ... സാർ... ഈ അവസ്ഥയിൽ അങ്ങനെ കൊണ്ടു പോയിട്ടും കാര്യമില്ല "
"കാലൻ... അവന വെടി വച്ച് കൊല്ലണം സ്സാറേ.." തങ്കം ഉറക്കെ പറഞ്ഞു.
"ഒളിവീന്ന് കിട്ടട്ടെ ആദ്യം. കൊച്ചു പെങ്കൊച്ചിനെ കെട്ടിയതും പോരാ... റാസ്ക്കൽ.." പല്ല് ഞെരിച്ച് രോഷം പ്രകടിപ്പിച്ചു കൊണ്ട് ഇൻസ്‌പെക്ടർ നടന്നു പോയി.
"നങ്കീ...."
ചിന്തകളുടെ കയത്തിൽ നിന്നും ജോസഫിന്റെ സ്വരം നങ്കിയെ പിടിച്ചുയർത്തി.
"ഞാ... ഞാ ഓന്റ ഇസ്ട്ടത്തിന് നിന്നിരുന്നേ ന്റ മല്ലിക്ക് ഇങ്ങന വര്ത്തില്ലാര്ന്ന്...
കൊച്ചുപെണ്ണാ ഓള്...
ന്റ മല്ലി... എനിക്ക് വേണ്ടി..." ചിറ പൊട്ടിയത് പോലെ നങ്കിയുടെ കണ്ണുകൾ ആർത്തു പെയ്തു.
ചുമരിലേക്ക് തല ശക്തമായി ആഞ്ഞിടിച്ചു കൊണ്ട് നങ്കി നെഞ്ചിൽ ഉറഞ്ഞു കൂടിയ വേദനയുടെ കനലുരുക്കി.
"നങ്കീ... നങ്കീ.." ജോസഫിന്റെ കൈകൾ നങ്കിയെ തടയാൻ ശ്രമിച്ചു.
പെട്ടെന്നാണ് ഐ സി യൂ വിനുള്ളിൽ നിന്നും നേഴ്സ് പുറത്തേക്കിറങ്ങി വന്നത്.
"സ്സാർ... മല്ലിക... ." നങ്കിയെ പാളി നോക്കി അപൂർണ്ണമായ വാക്കുകളിൽ അവർ ജോസഫിനോട് വിവരമറിയിച്ചു.
ഇറ്റുവീണ മഴത്തുള്ളി പോലെ നങ്കി നിലത്തേക്ക് ഉതിർന്നു വീണു.
തുടരും.....✍️
🙂💜🙂💜🙂💜🙂💜🙂💜🙂💜🙂💜🙂💜🙂💜🙂
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ