2022 ഫെബ്രുവരി 20, ഞായറാഴ്‌ച

നങ്കി 1️⃣8️⃣

 



©️Copyright Protected


🌺🌺🌺🌺🌺


"മേഡം പെൺകുഞ്ഞാ..., ടൈം 6.50..."

നങ്കി തല പൊക്കി നോക്കി.

ജാൻസിക്ക് മുന്നിലേക്ക് കുഞ്ഞിനെ നീട്ടിപ്പിടിക്കുന്ന നേഴ്സിന്റെ കൈകൾ നങ്കിക്ക് ഒരു മറ സൃഷ്ടിച്ചു. ജാൻസിയുടെ ആനന്ദനിർഭരമായ മുഖം മാത്രം നങ്കിയുടെ കണ്ണിൽ പതിഞ്ഞു.


"നങ്കി.. മറുപിള്ള കൂടി വരണം..." ഡോക്ടറിന്റെ നിർദേശം വന്നു.


നങ്കി വയറിൽ കൈ അമർത്തി വീണ്ടും പരിശ്രമിച്ചു. ആ ശ്രമത്തിനിടയിലും, കുഞ്ഞുമായി ജാൻസിയും നേഴ്സും കണ്ണിൽ നിന്നുമകലുന്നത് നങ്കി മങ്ങിയ കാഴ്ചയിൽ കണ്ടു


...........✍️



ലേബർ റൂമിനുള്ളിൽ തന്നെയുള്ള മറ്റൊരു മുറിയിലേക്ക് നങ്കിയെ മാറ്റി. ഇടയ്ക്കിടയ്ക്ക് തല ചരിച്ചു നോക്കും. കുഞ്ഞുമായി ജാൻസി വരുന്നുണ്ടോ എന്ന്.

"ദാ, ഇത് കുടിക്ക്.." ഫ്ലാസ്ക്കിൽ നിന്നും ചൂട് കാപ്പി ഗ്ലാസ്സിലേക്ക് ഒഴിച്ചു നേഴ്സ് നങ്കിയ്ക്ക് നേരെ നീട്ടി.

കാപ്പി ഒരിറക്ക് കുടിച്ച ശേഷം നങ്കി വീണ്ടും തല ചരിച്ചു നോക്കി. 

"പുറത്ത് വല്യ ബഹളം നടക്കുവാ... നിന്റെ അമ്മായിഅമ്മയാണെന്ന് തോന്നുന്നു കിടന്ന് ഒച്ച വക്കുന്നേ. ചീത്ത വിളീം ശാപോം ഒക്കെ മുറയ്ക്ക് ആ വായീന്ന് വരുന്നുണ്ട്. എല്ലാം നിന്നെയാ.." തെല്ല് സഹതാപം കലർന്ന ഭാവത്തിൽ നേഴ്സ് അറിയിച്ചു.

വീണ്ടും ചുണ്ടോട് അടുപ്പിച്ച ഗ്ലാസ്സ്, കൈവെള്ളയിലൊതുക്കി നങ്കി നേഴ്സിനെ നോക്കി.


"കുഞ്ഞിന ഒന്ന് കാണാൻ പറ്റ്വോ..."


അന്ധാളിപ്പോടെ നേഴ്സ് മുഖം ചുളിച്ചു.

"മേഡം സമ്മതിക്കൂന്ന് തോന്നുന്നില്ല.."

നങ്കിയുടെ മിഴികൾ താഴ്ന്നു.

മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങാനുള്ള വാതിൽ പെട്ടെന്ന് ആരോ തുറന്നു.

"ചേട്ടായീ... പ്ലീസ്..." അപേക്ഷയുടെ ഭാവത്തിൽ ജാൻസിയുടെ സ്വരം നങ്കിയുടെ കാതിൽ പതിഞ്ഞു.


നങ്കി പെട്ടെന്ന് തോർത്തെടുത്ത് നെഞ്ചിലേക്കിട്ടു.


കൈയിൽ കുഞ്ഞുമായി ജോസഫ് നങ്കിക്ക് മുന്നിലേക്ക് വന്നു.


"ചേട്ടായീ..." ജാൻസി തേങ്ങലോടെ വിളിച്ചു.


"പറഞ്ഞതൊക്കെ ഇനിയും ആവർത്തിക്കണോ.. ഒരു പീഡിയാട്രീഷൻ അല്ലേ നീ.. കുഞ്ഞുങ്ങളുടെ ഡോക്ടർ. ആ നിനക്ക് അറിയാത്ത കാര്യം അല്ലല്ലോ ഇത്.. ജനിച്ചു വീണ ഏത് കുഞ്ഞിനും ആദ്യം നൽകേണ്ടത് അമ്മയുടെ പാലാ. ആദ്യത്തെ പാലിന്റെ ഗുണമൊന്നും നിന്നോട് ക്ലാസ്സെടുക്കേണ്ട ആവശ്യം എനിക്കില്ല..


ഇത് നിന്റെ കുഞ്ഞ് തന്നാ. ആ കുഞ്ഞിന് കിട്ടേണ്ട പോഷകം നീ നിഷേധിക്കുന്ന എന്തിനാ..?


നിന്റെ കുഞ്ഞ് ഇവൾടെ വയറ്റിലാണ് ജനിച്ചതെങ്കിൽ, ഇവൾടെ മുലപ്പാൽ കുടിക്കാനുള്ള അധികാരം ഈ കുഞ്ഞിനുണ്ട്. പാലൂട്ടാനുള്ള അർഹത നങ്കിക്കും.


പിന്നെ... ഒരു നോക്ക് നങ്കി കുഞ്ഞിനെ കണ്ടു എന്ന് കരുതി നിനക്ക് കുഞ്ഞിന് മേലുള്ള അവകാശമൊന്നും നഷ്ടപ്പെടാൻ പോണില്ല. അതിന് ഞാൻ അവസരമൊരുക്കുകേമില്ല.. നിന്റെ ചേട്ടായിയാ പറയുന്നേ..


നിന്റെ കുഞ്ഞിനെ പ്രസവിക്കാൻ സമ്മതം മൂളിയ നങ്കിക്ക് വേണ്ടി നീ ഒന്നും ചെയ്തില്ലല്ലോ. ചെയ്തതൊക്കെ ഇവൾടെ... ങ്ഹും...


കുറച്ചു നേരം ഇവൾക്ക് കൊട്...ഈ കുഞ്ഞിനും.."


പറഞ്ഞു തീർത്ത്, ജാൻസിയുടെ മറുപടിക്ക് കാക്കാതെ ജോസഫ് കുഞ്ഞിനെ നങ്കിയുടെ കൈയ്യിലേക്ക് വച്ചു നൽകി.


ആവിശ്വസനീയതയോടെ നങ്കി ജോസഫിനെ നോക്കി. പിന്നെ കുഞ്ഞിനെ മാറോടണച്ചു. ജോസഫിനോടുള്ള നന്ദി, പറഞ്ഞറിയിക്കാൻ കഴിയാത്തത്ര വിധത്തിൽ നിറഞ്ഞു തുളുമ്പിയ കണ്ണുകളിൽ പ്രകടമായി.


പെട്ടെന്ന് തന്നെ ജോസഫ് മുറി വിട്ടിറങ്ങി.


കുഞ്ഞിന്റെ നെറുകയിൽ ചുണ്ടുകളമർത്തി നങ്കി

തേങ്ങി കരഞ്ഞു. പിന്നെ, മാറിലേക്ക് ആനന്ദനിർവൃതിയോടെ ചേർത്തു പിടിച്ചു.


ഒന്നും മിണ്ടാതെ ജാൻസി ചുമരിലേക്ക് കണ്ണുകളടച്ച് തല ചായ്ച്ചു നിന്നു.


"മേഡം ..." നിമിഷങ്ങളുടെ ഇടവേളക്ക് ശേഷം നങ്കിയുടെ വിളി കേട്ടതും ജാൻസി കണ്ണ് തുറന്നു.


"കുഞ്ഞ്..." നങ്കി ജാൻസിക്ക് നേർക്ക് കൈ നീട്ടി.


"നങ്കീ..."


"കുഞ്ഞിന ഒര് നോക്ക് കാണണോന്ന് കൊതിച്ചിര്ന്ന്..പശ്ശെ ഇപ്പൊ..ഒന്ന് തൊടാനും ഉമ്മ വക്കാനും ഒര് നേരമെങ്കിലും പാല് കൊട്ക്കാനും സമ്മയ്ച്ചില്ലേ... അദ് മതി എനിക്ക്. അദ് തന്ന ദാരാളം... നന്ദിയൊണ്ട്..."


ജാൻസി നങ്കിയുടെ കൈയിൽ നിന്നും കുഞ്ഞിനെ വാങ്ങി മാറോടണച്ചു. പിന്നെ നേഴ്സിന്റെ കൈയിലേക്ക് കുഞ്ഞിനെ നൽകി തിരിഞ്ഞ്  വിതുമ്പലോടെ നങ്കിയെ കെട്ടിപ്പുണർന്നു.


"ഞാനല്ലേ നന്ദി പറയണ്ടേ നിന്നോട്. ഒരമ്മയാകാനുള്ള മോഹവും ആധിയും കൊണ്ടാ നിന്നോട് ഞാൻ അങ്ങനെയൊക്കെ പെരുമാറിയെ. കുഞ്ഞിനെന്തെങ്കിലും സംഭവിക്കുമോന്ന് പേടി തോന്നി... അല്ലാതെ സ്വാർത്ഥതയോടെ നിന്നെ ഉപയോഗിച്ച്, ആവശ്യം കഴിഞ്ഞ് തള്ളിക്കളയാൻ മാത്രം മനസാക്ഷി മരവിച്ചവളല്ല ഞാൻ... വേദനിപ്പിച്ചതിനൊക്കെ സോറി നങ്കീ...എന്നോട് ക്ഷമിക്കണം..."


നങ്കിയുടെ കൈകൾ കൂട്ടിപ്പിടിച്ച് ജാൻസി ക്ഷമ യാചിച്ചു.


"ചേച്ചീ...."


"ഈ വിളി അതെനിക്ക് വേണം നങ്കി എന്നും..." ജാൻസി വീണ്ടും നങ്കിയെ കെട്ടിപ്പിടിച്ചു കരഞ്ഞു.


"എനിക്കറിയ്യാ ച്ചേച്ചി... ചേച്ചിയോട് എനിക്ക് വിരോദോന്നൂല്ല...ഇപ്പോ എനിക്ക് തോന്ന്ന്നൊണ്ട് ഒര് അമ്മയാകാനൊള്ള ഭാഗ്യമാ ചേച്ചി എനിക്ക് തന്നേന്ന്. ഇനി ഒരിക്ക കൂട അമ്മയാകാനൊള്ള ഭാഗ്യം എനിക്ക് കിട്ടൂന്ന് തോന്ന്ന്നില്ല.." നേർത്ത മന്ദഹാസത്തിൽ പറഞ്ഞു നിർത്തി നങ്കി തല കുനിച്ചു.


"അനൂ.." ലേബർ റൂമിനുള്ളിൽ നിന്നും വിക്ടറിന്റെ ശബ്ദമുയർന്നു വന്നു.


"ഇങ്ങ് കേറി വാ വിക്കി.." ജാൻസി തെല്ലുറക്കെ പറഞ്ഞു.


ഡോർ തുറന്ന് വിക്ടർ അകത്തേക്ക് കയറി. പുഞ്ചിരിയോടെ കുഞ്ഞിന്റെ കവിളിൽ ഒന്ന് തഴുകി ജാൻസിയെ നോക്കി.


"പുറത്ത് വലിയ ഒച്ചപ്പാടാ. ശിവന്റെ അമ്മക്ക് നങ്കിയെ ഇപ്പൊ തന്നെ കാണണോന്ന്.. കുഞ്ഞ് മരിച്ചൂന്ന് പറഞ്ഞതിന്റെ അങ്കക്കലി നടന്നോണ്ടിരിക്കുവാ..എല്ലാം കേട്ടിട്ടും ശിവൻ മിണ്ടാതെ നിൽപ്പുണ്ട് അവിടെ..."


ജാൻസി നങ്കിയുടെ മുഖത്തേക്ക് നോക്കി.


"ഒക്കെ പ്രതീശിച്ചത് തന്നാ..." നിസ്സംഗതയോടെ നങ്കി പറഞ്ഞു.


"കുറച്ചു കഷ്ടപ്പെട്ടിട്ടാണെങ്കിലും ഒരു കുഞ്ഞിന്റെ ബോഡിയൊക്കെ ഒപ്പിച്ചു കൊണ്ട് വന്നതാ. അവർക്ക് കാണണ്ട എന്ന് തറപ്പിച്ചു പറഞ്ഞു..നങ്കിയെ ഇനി പറയാൻ ഒന്നുമില്ല ബാക്കി. ചിലപ്പോ അവര് ഇതിനുള്ളിലേക്ക് തള്ളിക്കയറും "


"നങ്കിയെ റൂമിലേക്ക് മാറ്റാം ആദ്യം.." ജാൻസി അഭിപ്രായപ്പെട്ടു.


"റൂമിൽ പോകാനാണെങ്കിലും അവർക്ക് മുന്നിലൂടെ പോകണ്ടേ "


"അതിനെന്താ സ്സാറേ.. എന്തായാലും കാണണ്ട തന്ന അല്ലേ...അമ്മക്ക് വെഷമോണ്ട്... എനിക്കറിയ്യാദ്..എന്ന പഴി പറഞ്ഞാ കൊറയൂങ്കി പറേട്ട്..." നങ്കി മെല്ലെ എഴുന്നേറ്റു.


"നിൽക്ക് വീൽചെയർ എടുക്കട്ടെ..."


ജാൻസി ലേബർ റൂമിനുള്ളിൽ നിന്നും വീൽചെയർ കൊണ്ടു വന്നു.


"കുഞ്ഞിനെ നോക്കിക്കോ. ഞാനിപ്പോ വരാം.." നഴ്സിന് നിർദ്ദേശം നൽകി, നങ്കിയെ വീൽചെയറിലിരുത്തി ജാൻസി വിക്ടറിനെ നോക്കി.


"നങ്കിയെ റൂമിലാക്കിയിട്ട് വരാം വിക്കി "


"ഉം.. വാ " വിക്ടർ ലേബർ റൂമിനുള്ളിലേക്ക് നടന്നു.


പിന്നാലെ നങ്കിയുമായി ജാൻസിയും.



                                     ◼️▪️◼️



ലേബർ റൂമിനുള്ളിൽ നിന്നും പുറത്തെ വരാന്തയിലേക്ക് ആദ്യം വിക്ടർ ഇറങ്ങി. തൊട്ടു പിന്നിലായി നങ്കിയും ജാൻസിയും.


നങ്കി വരാന്തയിലെ പരിചിത മുഖങ്ങളിലൂടെ കണ്ണോടിച്ചു.


ദേഷ്യം കണ്ണു ചുമപ്പിച്ച ലക്ഷ്മിയമ്മയിൽ തുടങ്ങി, കൂസലോടെ നിൽക്കുന്ന ശിവനെയും സഹതാപത്തോടെ നിൽക്കുന്ന മുരുകനേയും മറികടന്ന് കരഞ്ഞു കലങ്ങിയ കണ്ണുകളുമായി നിൽക്കുന്ന തങ്കത്തിൽ നങ്കിയുടെ മിഴിയുടക്കി. അപരാധിയെ പോലെ നങ്കിയുടെ തല താഴ്ന്നു.


അമ്മയാകുക എന്ന സ്വപ്നം ജാൻസിയുടെ ഉള്ളിൽ മാത്രമല്ല നാമ്പിട്ടിരുന്നതെന്ന് നങ്കി ഓർത്തു. ഒരു പോറ്റമ്മയെങ്കിലും ആകാമെന്ന മോഹം തങ്കത്തിനുള്ളിൽ വേരുറപ്പിച്ചത് താനാണല്ലോ എന്ന കുറ്റബോധം നങ്കിയുടെ നെഞ്ചിൽ കനൽ കോരിയൊഴിച്ചു.


"യെഡി മൂദേവി..." ലക്ഷ്മിയമ്മയുടെ ശബ്ദം നങ്കിയുടെ കാതിലേക്ക് തുളഞ്ഞു കയറി. ഏറെ നേരമായുള്ള ഒച്ചപ്പാട് കൊണ്ട് തൊണ്ട അടഞ്ഞത് പോലെയുള്ള ശബ്ദമാണ് പുറത്തേക്ക് വന്നത്.


നങ്കി തല ഉയർത്തി.


"ആദിലത്ത കൊച്ച് നെന്റ വയറ്റീ കെടന്ന് ചത്തപ്പവേ ന്റ ചെക്കൻ പറഞ്ഞ്, കെട്ട പെണ്ണുങ്ങട കൊച്ചാ വയറ്റീ കെടന്ന് ചാക്ന്നേന്ന്..ന്ന് ഞാ അദ് ഒറപ്പിച്ച്...

വല്ല്യ അല്ലിറാണീഡ മട്ടീ നടക്ക്ന്നോളാ നിയ്യ്. നെന്റ ഗൊണം കൊണ്ട് ചത്ത കൊച്ചിന പെറാന പറ്റത്തോള്ള്..എനി നെന്ന എൻക്ക് കാണണ്ട. നിയ്യ് പെറ്റതിനേം കാണണ്ട. ഈട എങ്ങാനും കുയ്ച്ചിടുമ്പോ കൂട നിയ്യും കെടന്നോ... മണ്ണിട്ട് മൂടാൻ ന്റ ചെക്കനോട് ഞാ പറയ്യാം. ഓന്റ വേല അദാണല്ലോ..."


"മതി നിർത്ത് നിങ്ങള്..." ജാൻസി ലക്ഷ്മിയമ്മക്ക് മുന്നിലേക്ക് നീങ്ങി നിന്നു.

"നിങ്ങളുടെ ഊരിൽ കുഞ്ഞുങ്ങള് മരിക്കുന്നത് പുതിയ കാര്യമൊന്നുമല്ലല്ലോ.. ശരിയായ ഭക്ഷണവും വിശ്രമവും കിട്ടാതെ പ്രസവിച്ച കുഞ്ഞുങ്ങളൊക്കെ ഈ ആശുപത്രിയിൽ വച്ചും മരിച്ചിട്ടുണ്ട്.

പിന്നെ കല്യാണം കഴിക്കാൻ പോലും പ്രായമാകാത്ത കൊച്ചുപെൺകുട്ടികളെ പിടിച്ച് കെട്ടിച്ചിട്ട് ഗർഭിണി ആക്കിയാ, പ്രസവത്തോടെയും അല്ലെങ്കില് അതിനു മുമ്പും കുഞ്ഞുങ്ങള് മരിക്കുന്നത് സാധാരണമാകും.." ജാൻസി അമർഷത്തോടെ പറഞ്ഞു.


"ഈൾട അനീത്തി ഒന്ന് പെറ്റതോ. ഓള് ഈളക്കാളും എളേതല്ലേ..ഓൾഡ കൊച്ച് ചത്തില്ലല്ലോ..


പിന്ന നിങ്ങ ഈൾക്ക് കൊണ്ട് കൊട്ത്തത്ര തിന്നാനും കുടിക്കാനും ഒള്ളത് യ്യി ഊരില ഒര് പേറ്റ് പെണ്ണും കയ്ച്ചിട്ടില്ല. അദൊക്ക ഗൊണമൊള്ളതല്ലാര്ന്നോ.. അദൊക്ക കയ്ച്ചിട്ടും ഈള് പെറ്റ കൊച്ച് ചത്തെങ്കി അദ്ന് ഒര് കാരണേ ഒള്ള്..."


"എന്ത്...?" ജോസഫിന്റെ ചോദ്യം അപ്രതീക്ഷിതമായി അവർക്കിടയിലേക്ക് ഉയർന്നു വന്നു.


ശബ്ദം കേട്ടിടത്തേക്ക് നങ്കിയുടെ മിഴികൾ പാഞ്ഞു.


ജോസഫ് ലക്ഷ്മിയമ്മക്ക് തൊട്ടു മുന്നിൽ വന്നു നിന്നു.


"എന്താണ് കാരണം കേൾക്കട്ടെ..." കനത്ത ശബ്ദത്തിൽ ജോസഫ് ചോദ്യം ആവർത്തിച്ചു.


ഒരു പതർച്ചയോടെ ലക്ഷ്മിയമ്മ ഒരു ചുവട് പിന്നിലേക്ക് മാറി. പിന്നെ തറപ്പിച്ചു പറഞ്ഞു ;


"പെണ്ണ് കെട്ടതായോണ്ട്..." 


"എന്നു വച്ചാ... ഇവൾ പെഴച്ചത് കൊണ്ടാണെന്നോ.." ജോസഫ് നങ്കിയെ കൈ ചൂണ്ടി ചോദിച്ചു.


നിറഞ്ഞു തുളുമ്പിയ കണ്ണുകളോടെ നങ്കി തല താഴ്ത്തി.


"ഉം..."


"ശരി. എങ്കിൽ ഞാനൊരു കാര്യം ചോദിക്കട്ടെ.


ഇവ്... നങ്കി ഇതിന് മുമ്പും ഗർഭിണി ആയിട്ടുണ്ടെന്നും, അന്ന് മൂന്നോ നാലോ മാസത്തിൽ കുഞ്ഞ് വയറ്റില് കിടന്ന് ചത്തൂന്നും ഞാൻ കേട്ടിട്ടുണ്ട്. അന്ന് ആ കുഞ്ഞ് മരിക്കാനെന്താ കാരണം..? "


"വേറ കാര്ണോം ന്താ... പ്പോ പറഞ്ഞ തന്ന " നീരസത്തോടെ ലക്ഷ്മിയമ്മ മറുപടി നൽകി.


"മ്മ്... ശരി. അന്ന് ആ കുഞ്ഞ് മരിക്കാൻ കാരണം ഇവൾ പ്.. കെട്ട പെണ്ണായത് കൊണ്ട് തന്നെ.. സമ്മതിക്കാം..


എങ്കിലിനി അടുത്ത ചോദ്യം.


ഒരു കൊച്ചൊണ്ടാകണമെങ്കി ഒരു പെണ്ണ് മാത്രം മതിയോ... കൊച്ചിനെ ഒണ്ടാക്കാൻ ഒരാണ് കൂടി വേണോല്ലോ അല്ലേ..? പറയ്.."


ജോസഫിന്റെ ചോദ്യത്തിൽ അപമാനിതയായ പോലെ ലക്ഷ്മിയമ്മ വാ പൊത്തി.


ആവേശത്തോടെ  ശിവൻ ജോസഫിനരികിലേക്ക് പാഞ്ഞു വന്നു.


"ഡോ... ന്റ അമ്മോട് ന്ത്‌ വറ്ത്തമാനാടോ പറേന്നേ.." 


"ഓ നിനക്ക് നാവുണ്ടായിരുന്നോ. ഞാൻ കരുതി നീയത് വിഴുങ്ങിയിട്ട് നിൽക്കുവാന്ന്. മാറി നിൽക്കടാ. ഞാൻ നിന്റെ അമ്മയോട് ചോദിച്ച് തീർന്നില്ല.."


"ഒര് ചോദിയം..സ്സാറിനി ഒന്നും ചോയ്ക്കണ്ട.." ശിവൻ ജോസഫിന്റെ കൈയിൽ ആഞ്ഞു പിടിച്ചു.


അടുത്ത നിമിഷം, ഇടത് കൈ നീട്ടി ശിവന്റെ ഷർട്ടിൽ കുത്തനെ പിടിച്ച് ജോസഫ് മുഖത്തോട് മുഖം അടുപ്പിച്ചു.


"എങ്കിൽ നിന്നോട് ചോദിക്കാം. ഉത്തരം കേട്ടിട്ടേ ഈ പിടിയും വിടുള്ളൂ..അത് മതിയോ..?"


പെട്ടെന്ന് ജോസഫിന്റെ കൈയ്യിലെ പിടുത്തം വിട്ട് ശിവൻ പിന്നോട്ട് മാറാനാഞ്ഞു. ജോസഫ് ശക്തിയോടെ ശിവനെ പിന്നിലേക്ക് പിടിച്ചു തള്ളി.


"ഹാ.. ഇനി അമ്മ പറയ്, കുഞ്ഞുണ്ടാകാൻ പെണ്ണ് മാത്രം വിചാരിച്ചാൽ മതിയോ.. ങ്‌ഹേ...?


നിങ്ങള് പറയുമ്പോലെ, ആദ്യത്തെ കൊച്ച്  ഇവൾട വയറ്റീ കിടന്ന് ചത്തത് ഇവൾടെ സ്വഭാവദൂഷ്യം കൊണ്ടാണെങ്കിൽ, ഇപ്പൊ ഇവള് പ്രസവിച്ച കൊച്ച് മരിച്ചെങ്കി... അതിന് കാരണം നിങ്ങളുടെ മോനാ.. അവൻ വഴി പിഴച്ച് നടന്നിട്ടാ..


താലി കെട്ടിയ ഒരുത്തി വീട്ടിലുണ്ടായിട്ട്, രഹസ്യമായി അവൾടെ അനിയത്തിയെ കെട്ടി കൂടെ പൊറുപ്പിച്ചത് ഇവൻ നല്ല പിള്ള ആയത് കൊണ്ടാണോ..അല്ലല്ലോ.."


ലക്ഷ്മിയമ്മ ശിവന്റെ മുഖത്തേക്ക് രൂക്ഷമായി നോക്കി. പിന്നെ ജോസഫിനേയും.


"ഓൻ രഗസ്യായിട്ടല്ല ഓളെ കെട്ടിയെ. ഓൾഡ പെരേലൊള്ളോരും ഊരാളും കാണയാ കെട്ടീത്‌. പിന്ന, പുത്യ സമ്പന്തം ഓൻ ഒണ്ടാക്കീത് തന്ന ആ കൊച്ച് ചത്തേന്റ വെസമം കൊണ്ടാ.. ഓന്റ കൊച്ച് ഈൾട അനീത്തീട വയറ്റില് ഒണ്ടായതും ഓൻ താലി കെട്ടിയേ പിന്നാ..അദോണ്ട് ന്റ ചെക്കൻ പെയച്ചു പോയീന്ന് പറേണ്ട സ്സാറേ...


കെട്ടിയവനെ കാണാതായപ്പോ വേലക്കിന്നും പറഞ്ഞ് രാത്തിരി പൊരേന്ന് യിറങ്ങി പോയോളാ ഈള്.. യീ ഊരില ഒര് പെണ്ണും അങ്ങന പോഗത്തില്ല.."


"കണ്ണീച്ചോരേല്ലാത ന്തേലും വിളിച്ച് കൂവാത ലച്ച്മീക്കാ.." മുരുകൻ പ്രതികരണം പെട്ടെന്നായിരുന്നു.


"നിങ്ങക്ക് വേണ്ടീട്ടല്ലേ യ്യി പ്പെണ്ണ് നേരം കാലം നോക്കാത വേലക്കിറങ്ങിയേ.. അധൂം ആണുങ്ങ പോലും പോഗാൻ പേടിക്ക്ന്ന വേലക്ക്.. അങ്ങന നങ്കി പോയോണ്ട് നിങ്ങട പൊരേലൊള്ളോര് പഷ്ണി യില്ലാത കൂടി.. പിന്ന ഒറപ്പൊള്ള പെരേല് കെടക്കാൻ പറ്റി.."


"ഓ... കണ്ണീച്ചോര..നിയ്യ് കൊറേ പറേണ്ട...പഷ്ണി മാറ്റീതും ഒറപ്പൊള്ള പെര വന്നതൊക്ക എങ്ങനാന്ന് എൻക്കിപ്പോ മൻസ്സ്ലാക്ന്നൊണ്ട്. വേലക്ക് കൊണ്ടോയവരേം വേല കയ്ഞ്ഞ് തിരിയെ കൊണ്ട് വിട്ടോരേം ഒക്ക എൻക്ക് അറിയ്യാം.." 


"ലച്ച്മീക്കാ വേണ്ടാത്ത വറ്ത്തമാനം പറേര്ത്.." തങ്കം ഏറ്റുപിടിച്ചു.


"ഞാ ഒള്ളത് തന്നാ പറഞ്ഞേ.... കൊച്ചോണ്ടാവാത്ത നെന്റ കൂടല്ലാര്ന്നോ കൂട്ട്..'


തങ്കം തല താഴ്ത്തി.


"അമ്മാ... മദി.." നങ്കി ദയനീയമായി പറഞ്ഞു.


"അമ്മായാ... ആര്ട അമ്മാ.. യിനി നിയ്യ് എന്ന അങ്ങ്ന വിളിക്കല്ലും...ച്ചീ..."


"തങ്കം... നിയ്യ് വാ, യിനി ഞാ ഈട നിന്നാ യിവര്ട മൊകം അടിച്ചു പൊളിക്കും..." മുരുകൻ തങ്കത്തിന്റെ കൈയ്യിൽ പിടിച്ച് വലിച്ച് വേഗത്തിൽ നടന്നു നീങ്ങി.


നിറഞ്ഞ മിഴികൾ നങ്കിയിൽ നിന്നും പിൻവലിച്ച് തങ്കം നടന്നകന്നു.


"നേര് പറഞ്ഞപ്പൊ ഓൻ ഓട്ന്ന്... ത്തൂ.."


"നിങ്ങളൊരു സ്ത്രീയല്ലേ.. അമ്മയല്ലേ...?" വിക്ടർ പുച്ഛത്തോടെ ചോദിച്ചു.


"മൂന്ന് പെറ്റ അമ്മ.. എന്റ കൊച്ച്ങ്ങ ഒന്നും വയറ്റീ കെടന്നും ചത്തില്ല.. പെറ്റ് വെളിക്കോട്ടിട്ടും ചത്തില്ല.. സ്സാറിന്റ പെണ്ണിനും വയറ്റിലൊണ്ടല്ലോ, ഈൾട കൂടെ നിർത്താത മാറ്റി നിർത്തി സ്സാറേ.. യില്ലേ നിങ്ങക്കും ചത്ത പിള്ളേ തന്ന കിട്ടും..."


"ഇങ്ങോട്ട് ഉപദേശിക്കാൻ നിൽക്കാതെ, നിങ്ങളുടെ കൂത്ത് കഴിഞ്ഞെങ്കിൽ പോകാം. അമ്മയ്ക്കും... മോനും.." കടുത്ത സ്വരത്തിൽ ജോസഫ് പറഞ്ഞു.


"പോഗ്വാ.. ഈൾക്ക് കൂട്ട് നിക്കാൻ പോന്നില്ല.. വാടാ സിവാ..." നങ്കിക്ക് മുഖം കൊടുക്കാതെ ലക്ഷ്മിയമ്മ തിരിഞ്ഞു.


"അമ്മ പോ..ഞാ പൊറകെ വരാം.."


"ഊം... " ശിവനെ നോക്കി കനത്തിലൊന്ന് നീട്ടി മൂളി ലക്ഷ്മിയമ്മ അവിടം വിട്ടു.


മുരടൊന്നനക്കി, നങ്കിയെ നോക്കി ചിരി തൂകി ശിവൻ മുന്നോട്ട് വന്നു.


വെറുപ്പോടെ നങ്കി മുഖം തിരിച്ചു.


ശിവന്റെ കാൽച്ചുവടുകൾ ജോസഫിനു മുന്നിൽ നിലയുറച്ചു.


"സ്സാറിന്റ ചൂടും ചൊരുക്കും കണ്ടാ നിങ്ങ്ഡ പെണ്ണാന്ന് തോന്നൂല്ലോ നങ്കി..ഞാ താലി കെട്ടിയ പെണ്ണാ ഓള്. ഓൾക്ക് വേണ്ടി.. സ്സാറ് ചങ്കൂറ്റം കാണിക്കണ്ട..


യിനി...നിങ്ങട അനീത്തിക്ക് ചെയ്ത പോല ന്തേലും സഗായം വേണോ..? അതിനാണാ സ്സാറ് ഓളെ ച്ചുറ്റി നിക്ക്ന്നേ.. ഹ്മ്... പറ സ്സാറേ..."


ചോദ്യത്തിന് മറുപടിയെന്നോണം ജോസഫിന്റെ പ്രതികരണം പെട്ടെന്നായിരുന്നു.


കവിൾ പുകഞ്ഞതോടൊപ്പം, ചുണ്ടിൽ നുണഞ്ഞ ചോരയും തലയിലെ പെരുപ്പും കാതിനുള്ളിലെ മൂളക്കവും ശിവന് കുറച്ചു നേരത്തേക്ക് സ്ഥലകാല ബോധം നഷ്ടപ്പെടുത്തി.



തുടരും....✍️


💜



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ