©️Copyright Protected
🌺🌺🌺🌺
"മദി മണിയണ്ണാ... മദി. ഇനി എനിക്കൊന്നും കേക്കണ്ട..ഉയിരോട ഇരിക്ക്ന്ന നിങ്ങള് ഇദ് ഏട പോഗാനാ... വെറ്തെ ഓരോന്ന് നിരീച്ച്..." തുടർന്നൊരു സംസാരത്തിന് ഇട കൊടുക്കാതെ നങ്കി പുരയ്ക്കുള്ളിലേക്ക് തിടുക്കത്തിൽ കയറിപ്പോയി.
പിന്നെ വേലയ്ക്കിറങ്ങും വരെ മണിയൻ ഒന്നും മിണ്ടിയില്ല.
ഉറക്കമുണർന്നു വന്ന തങ്കത്തിന്റെ കൈയ്യിലിരുന്ന മണിക്കുട്ടിയ്ക്കും, മുറ്റത്ത് നിന്ന മണിയന്റെ നെഞ്ചിലിടം പിടിച്ച നിച്ചുവിനും ഓരോ മുത്തം നൽകി മണിയനിറങ്ങി.
............✍️
നങ്കിയ്ക്കും കുഞ്ഞുങ്ങൾക്കും കൂട്ടായി തങ്കവും മുരുകനും അന്ന് മണിയന്റെ പുരയിൽ തന്നെ തങ്ങി.
അത്താഴം കഴിഞ്ഞതും മുരുകൻ ഇറയത്ത് ഉറങ്ങാനിടം കണ്ടെത്തി. ഒരു കോണിൽ കൊലുസ്സും സ്ഥാനം പിടിച്ചു. കുഞ്ഞുങ്ങളെ ഉറക്കിയതിനു ശേഷം നങ്കിയും തങ്കവും കിടന്നു.
മല്ലികയുടെ മരണ ശേഷം നങ്കിയ്ക്ക് ഉറക്കമില്ലാത്ത രാത്രികളായിരുന്നു കൂടുതലും. വേലയ്ക്കിറങ്ങും മുമ്പ് മണിയൻ പറഞ്ഞിട്ട് പോയ വാക്കുകളോർത്ത് കിടന്ന നങ്കി, അന്നത്തെ ഉറക്കത്തേയും പടിക്കു പുറത്ത് നിർത്തി.
കിഴക്കൻ മലയിലെ ഉൾക്കാട്ടിലൂടെ മനസ്സിനെ മേയാൻ വിട്ട നങ്കി പെട്ടെന്ന് ഒരുൾവിളി ഉണ്ടായത് പോലെ ചാടിയെഴുന്നേറ്റു.
"അക്കാ... തങ്കാക്കാ..." തങ്കത്തിനെ കുലുക്കി വിളിച്ചുണർത്തി നങ്കി മുൻവാതിൽ തുറന്നു.
അപ്പോഴേക്കും ഒച്ച കേട്ട് മുരുകനും ഉണർന്നു.
"എന്താ നങ്കീ.. എന്താ പറ്റീ..?"
"മുരുഗണ്ണാ.. പൊറത്ത് കെടക്കണ്ട.. അഗത്ത് കേറി കെടക്ക്... കൊലുസ്സിനേം അഗത്ത് കെടത്തിയാ മദീ..."
"എന്താ... നങ്കീ... പെട്ടെന്ന് എന്താ ഒണ്ടായേ..?" പരിഭ്രാന്തിയോടെ ചുറ്റുവട്ടത്താകമാനം നോക്കി തങ്കം തിരക്കി.
"ഒന്നും ഒണ്ടായിട്ടല്ലക്കാ... പഷേ.. പൊറത്ത് കെടക്കണ്ട... അഗത്ത് കേറി കെടക്ക് മുരുഗണ്ണാ..."
മുരുകൻ നടുമുറിയിലേക്ക് പായ വിരിച്ചു.
"ബാ കൊലുസ്സേ..." നടുമുറിയിൽ തന്നെ ഒരു കോണിൽ ചാക്ക് വിരിച്ച് നങ്കി കൊലുസ്സിനെ വിളിച്ചു.
ഏറെ നേരം എല്ലാവരും നടുമുറിയിൽ തന്നെ കഴിച്ചു കൂട്ടി.
"ഇനി മണിയണ്ണനേം ഒറ്റക്ക് പൊറത്ത് കെടത്തണ്ട...
നമ്മളൊക്ക കര്തി ഇരിക്കണം...
ആശ്പത്രീലായോണ്ട് ഇന്ന് പേടിക്കണ്ട.." നങ്കി ഇടതടവില്ലാതെ ഓരോന്ന് പുലമ്പിക്കൊണ്ടിരുന്നു.
"കനവേതേലും കണ്ടാ നങ്കീ നിയ്യ്...?"
"കനവല്ലക്കാ... ഓന കര്തിയിരിക്കണം...
ഇന്ന് മണിയണ്ണൻ വേലയ്ക്കിറങ്ങ്ന്നേന് മുമ്പ് എന്ന്മില്ലാത്ത പോല കൊറേ കാരിയം പറഞ്ഞാ എറങ്ങീത്... അതൊക്ക ഓർക്ക്മ്പോ നെഞ്ച് പടപടാന്ന് ഇടിക്കയാ..."
"എന്ത് കാരിയം...?" മുരുകൻ ആകാംക്ഷയോടെ ആരാഞ്ഞു.
"അദ്....
................." മണിയൻ പറഞ്ഞതൊക്കെയും നങ്കി ഒന്നൊഴിയാതെ പറഞ്ഞു.
"ഓനെന്തൊക്കയാ പറഞ്ഞേക്ക്ന്ന... നാള വേല കയ്ഞ്ഞ് വരട്ടെ ഞാ ചോയ്ക്കാം... ഇന്ന് ഇത്തറേം സന്തോസോള്ള കാരിയം നടന്നിട്ട് ഒടന ചാക്ന്ന വർത്താനം പറേണ്ട കാരിയെന്താര്ന്ന്...?" മുരുകന്റെ സ്വരത്തിൽ ദേഷ്യം നിറഞ്ഞു.
"മണിയൻ പറഞ്ഞ ഒര് കാരിയം അങ്ങന വെറ്തെ കളേണ്ട... നെന്റ കല്ലാണക്കാരിയം..." തങ്കം ഓർമ്മപ്പെടുത്തി.
പെട്ടെന്ന് ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്ന് നിച്ചു കരയാൻ തുടങ്ങി.
"മോന് ഒണർന്നക്കാ..." ഒഴിഞ്ഞു മാറാൻ കിട്ടിയ അവസരം മുതലാക്കി നങ്കി എഴുന്നേറ്റു മുറിയിലേക്ക് പോയി.
"ഓളെ ഇനി നോക്കണ്ട..." തങ്കം ഭർത്താവിനോടായി പറഞ്ഞു കൊണ്ട് മുറിയിലേക്ക് കയറി.
ഏതൊക്കെയോ ചിന്തകളിൽ മനസ്സുഴറി മുരുകൻ തല ചായ്ച്ചു.
▪️▪️▪️
ഉറക്കമില്ലാത്ത രാവ് ഇരുണ്ടു വെളുത്തപ്പോൾ നങ്കി എഴുന്നേറ്റ് കുളിച്ചീറനായി എന്നത്തേയും പോലെ സൂര്യഭഗവാനെ തൊഴുത് അടുക്കളപ്പണിയിലേക്ക് കയറി.
കട്ടൻ കാപ്പി തയ്യാറാക്കി അടുപ്പത്തു നിന്ന് ഇറക്കി മാറ്റി, ഇലയടയ്ക്കുള്ളതൊക്കെ ഒരുക്കി അടുപ്പത്തേക്ക് വച്ചു. വേല കഴിഞ്ഞു വരുന്ന മണിയണ്ണനെ കാത്തിരുത്താതെ തിന്നാനും കുടിക്കാനുമുള്ളത് കൊടുക്കണം അത്രയും ആലോചിച്ചുറപ്പിച്ചു കൊണ്ട് നങ്കി തിടുക്കത്തിൽ ഓരോന്നും ചെയ്തു.
രാവിലെത്തേക്കിനുള്ള അടുക്കളപ്പണി ഒന്നൊതുങ്ങിയപ്പൊ കുഞ്ഞുങ്ങളുടെ തുണിയുമായി അലക്കാനിറങ്ങി. പുറം പണി ഓരോന്ന് ചെയ്യുമ്പോഴും നങ്കിയുടെ നോട്ടം വഴിയിലേക്ക് പാഞ്ഞു.
നേരം പുലർന്ന് വെയിൽ തെളിഞ്ഞിട്ടും മണിയനെ കാണാഞ്ഞപ്പോൾ നങ്കിയുടെ ഉള്ളിൽ ഉത്കണ്ഠ ഉറയാൻ തുടങ്ങി.
"മുരുഗണ്ണാ..."
"ങ്ഹാ നങ്കീ.. ഞാ പെരേലോട്ട് പോന്ന്. ആട പോയി കുളിച്ച് തുണിയൊക്കെ മാറീട്ട് വരാം. ഈട വന്ന് വല്ലോം തിന്നിട്ടല്ലേ എൻക്ക് വേലയ്ക്ക് പോഗാൻ ഒക്കത്തോള്..."
"മണിയണ്ണന കാണ്ന്നില്ലല്ലോ മുരുഗണ്ണാ. വരേണ്ട നേരോക്ക് കഴിഞ്ഞ്..." ആശങ്കയോടെ നങ്കി പറഞ്ഞു.
"വെയിലാക്ന്ന അല്ലേ ഒള്ള് നങ്കീ... വേല കയ്ഞ്ഞ് വരാന് കാലായോ...?"
"ആ അക്കാ... ഞാ രാത്തിറി ആട വേലയ്ക്ക് പോയിര്ന്നപ്പോ ഇന്നേരത്തിന് മുന്നേ തിരിയെ വര്ത്തില്ലാര്ന്നോ..?.. "
"കൊറച്ചു നേരം കൂട നമ്മക്ക് നോക്കാം നങ്കീ.. ഞാ പെരേ പോയി കുളിച്ചിട്ട് വര്ന്ന വരെ ഓൻ വന്നില്ലേ, ഞാ ആസ്പത്രീ പോയി നോക്കാം..
കൊറേ നാള് മൊടക്കമൊക്ക ആയോണ്ട് ഓൻ കൊറച്ചതിക നേരം വേല ചെയ്യ്ന്ന ആകും. നിയ്യ് വെസമിക്കാത...
തങ്കോം.. ഞാ പോയിട്ട് എള്പ്പ വരാ..."
"ഉം..."
മുരുകൻ മുറ്റമിറങ്ങിയതും, കൊലുസ്സും പിന്നാലെ അനുഗമിച്ചു.
മുരുകൻ പോയതും, തങ്കം നങ്കിയ്ക്കരികിലേക്ക് വന്നു.
"മണിയനിന്നല പറഞ്ഞ കാരിയങ്ങളോർത്തിട്ടാ നെനക്ക് ഇങ്ങന പേടി.. വേല കയ്ഞ്ഞ് ഓനിങ്ങ് വരട്ട് നല്ല വർത്താനം ഞാ പറേന്നോണ്ട്.." തങ്കം പിന്നാമ്പുറത്തേക്ക് നടന്നു പോയി.
നങ്കിയുടെ കണ്ണുകൾ വീണ്ടും വഴിയിലേക്ക് പാഞ്ഞു.
നേരം കടന്നു പോകെ, മുരുകനും മടങ്ങി വരാൻ വൈകുന്നത് കണ്ട് തങ്കത്തിനും ഉള്ളിൽ ആധിയായി. ഇറയത്ത് കുഞ്ഞുങ്ങളുമായി ഇരുവരും വഴിവക്കിലേക്ക് കണ്ണും നട്ടിരുന്നു. പരസ്പരം ഒന്നുമുരിയാടിയില്ല.
അകലെ നിന്ന് കൊലുസ്സിന്റെ കുര കേൾക്കാൻ തുടങ്ങിയപ്പോൾ നങ്കി ചാടിയെഴുന്നേറ്റു.
"കൊലുസ്സിന്റ ഒച്ച അല്ലേ കേക്ക്ന്നേ..?"
പറഞ്ഞു തീരും മുമ്പേ കൊലുസ്സ് മുറ്റത്തേക്ക് പാഞ്ഞു വന്നു കയറി നങ്കിയുടെ ചേലത്തുമ്പിൽ കടിച്ചു വലിക്കാൻ തുടങ്ങി. എങ്ങോട്ടോ കൂട്ടിക്കൊണ്ടു പോകാൻ ശ്രമിക്കും പോലെ.
ഒരാന്തലോടെ തങ്കം പിടഞ്ഞെഴുന്നേറ്റു.
"ഓര്ട കൂടല്ലേ കൊലുസ്സ് ഈടന്ന് പോയേ.. ഇപ്പോ ഈള് മാത്തറമെന്താ തിരിച്ച് വന്നേ..
ഓരിക്ക് എന്തോ പറ്റീട്ടൊണ്ട് നങ്കീ... ന്റ മാടൻ തമ്പിരാനേ..." തങ്കം നെഞ്ചത്തലച്ച് കരയാൻ തുടങ്ങി.
നെഞ്ചിൽ നിറഞ്ഞ ഭീതിയെ അടക്കിപ്പിടിച്ച് നങ്കി തങ്കത്തിനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
"കൊലുസ്സ് നമ്മള ഏടോ കൂട്ടീട്ട് പോഗാൻ വന്നദാക്കാ... നമ്മക്ക് യീൾഡ കൂട പോയി നോക്കാം..."
കൊലുസ്സിന് പിന്നാലെ നെഞ്ചിൽ നിറഞ്ഞ കനലിനെ അടക്കിപ്പിടിച്ച് നങ്കിയും തങ്കവും കുഞ്ഞുങ്ങളെ മാറോടണച്ചു പിടിച്ചു കൊണ്ട് ഓടി.
ഏറെ ദൂരം പോകേണ്ടി വന്നില്ല. പൊട്ടക്കുളത്തിനടുത്തെ ആൾക്കൂട്ടം ഇരുവരുടെയും കണ്ണിൽ ദൃശ്യമായി. പോലീസ് ജീപ്പിനും ആംബുലൻസിനുമപ്പുറം ജോസഫിന്റെ കാർ കണ്ടതും നങ്കിയുടെ കാലുകൾ ഭാരം വച്ചത് പോലെ മന്ദഗതിയിലായി.
'ആർക്കോ അപകടം സംഭവിച്ചുവെന്ന് മനസ്സിലായി... പക്ഷേ, ആർക്കാണെന്ന് വ്യക്തമായിട്ടില്ല. ഇതുവരെ മണിയനും മുരുകനും മാത്രമായിരുന്നു ആശങ്കയുടെ കരിനിഴലിൽ നിറഞ്ഞിരുന്നത്... ഇപ്പൊ, ജോസഫിന്റെ കാർ കണ്ടതും നങ്കിയുടെ ആകുലതയിലേക്ക് ഒരു മുഖം കൂടി ചേർക്കപ്പെട്ടു.
സഹോദരന്റേയും സ്നേഹിതന്റേയും സംരക്ഷകന്റേയും ഭാവത്തിൽ തനിക്കൊപ്പം നിന്നവർ.... ഇവരിലാർക്കെന്ത് സംഭവിച്ചാലും തന്റെ ഹൃദയത്തിന് മുറിവേൽക്കുമെന്ന് നങ്കിയ്ക്ക് ബോധ്യമായി.
ചുറ്റിനും കണ്ണോടിച്ചു കൊണ്ട് വേവുന്ന കാൽച്ചുവടുകളോടെ നടക്കവേ, പെട്ടെന്ന് കൊലുസ്സ് കുളത്തിന് കുറച്ചു മാറി ചെന്ന് ശബ്ദമുണ്ടാക്കി നങ്കിയുടെ ശ്രദ്ധ അവിടേക്ക് തിരിക്കാൻ ശ്രമിച്ചു.
നോട്ടം പാളി കൊലുസ്സിലേക്കും, കൊലുസ്സിൽ നിന്ന് മുന്നിൽ ദൃശ്യമായ വസ്തുവിലേക്കും കണ്ണ് ഞൊടിയിടെ പാഞ്ഞു പതിഞ്ഞപ്പോൾ, നങ്കിയുടെ കാലുകളുടെ ചലനമറ്റു. ഹൃദയത്തിലേക്ക് ആരോ കത്തി മുന ആഴ്ന്നിറക്കിയത് പോലെ നങ്കി വേച്ചുപോയി.
"നങ്കീ..." പിന്നിൽ നിന്നും കാതോരത്തെത്തിയ വിളി കാതങ്ങൾക്കുമപ്പുറം എങ്ങു നിന്നോ ആണെന്ന് തോന്നി.
"ന്റ മാടൻ തമ്പിരാനേ.. കാത്തു...ഞാ പേടിച്ച് പോയീ... " സന്തോഷാശ്രുവോടെ തങ്കത്തിന്റെ ശബ്ദവും കാതിൽ വന്നു പതിഞ്ഞു.
"നങ്കീ..." വീണ്ടും പിൻവിളി വന്നതും മരവിച്ച മനസ്സിനെ മുറുകെ പിടിച്ച് നങ്കി ഞെട്ടിയുണർന്നു.
പിന്നെ നിലയില്ലാക്കയത്തിലേക്കെന്ന പോലെ പിന്നിലേക്ക് മറിഞ്ഞു.
വീഴും മുമ്പേ താങ്ങിപ്പിടിച്ച കൈകളിൽ കുഞ്ഞും സുരക്ഷിതമായി ഇടം കൊണ്ടു.
⚪️⚫️⚪️
പെയ്യാൻ വിതുമ്പുന്ന കണ്ണുകളോടെ നങ്കി വിരൽ ചൂണ്ടിയപ്പോഴാണ് തങ്കം കൊലുസ്സിനെയും, കൊലുസ്സിന് മുന്നിലായുള്ള ചോറ്റു പാത്രത്തെയും കാണുന്നത്.
"ന്റ മാടൻ തമ്പിരാനെ... ചതിച്ചാ..." നെഞ്ചത്തടിച്ച് അലമുറയിട്ടു തങ്കം.
ജോസഫിന്റെ കൈകളെ വിടുവിച്ചു കൊണ്ട് നങ്കി നിലത്തേക്കിരുന്നു. കണ്ണിൽ നിന്നും ഊർന്നു വീണ നീർത്തുള്ളിയ്ക്ക് കനൽ നിറഞ്ഞ പകയുടെ ചൂടുണ്ടായിരുന്നു.
"ഞാ പെരേലോട്ട് പോഗുമ്പളാ കൊളത്തിന്നട്ത്ത് ചോറ്റ്പാത്തിരം കണ്ടേ.. മണിയൻ ഇന്നല കൊണ്ട് പോന്ന കണ്ട ഓർമ്മേല്, അദ് ഓന്റയാന്ന് എൻക്ക് തിരിഞ്ഞ്.. അപ്പൊത്തന്ന എന്തോ അബകടം ഒണ്ടായിട്ടൊണ്ടന്ന് തോന്നിദ് കൊണ്ട് ഓന ഈടെല്ലാം തെരഞ്ഞ് പച്ചേ.... കണ്ടില്ല...
പിന്ന നേര ആസ്പത്രീലോട്ട് ഓടി.. സ്സാറല്ലേ നമ്മള സഗായിക്കാന് ഒള്ള്. അദോണ്ട് ആട ഓടിച്ചെന്ന്. പച്ചേ ഞാ ചെന്ന നേരത്ത് സ്സാറ ആട ഇല്ലാര്ന്ന്. പിന്ന ആടൊള്ളോര് മറ്റേ.. കറക്കി ചെവീ വക്കുന്ന സാദനത്തീ കൂട സ്സാറെ വിളിച്ച് വര്ത്തി.. സ്സാറാ പോലീസ്കാര കൂട്ടീട്ട് വന്ന് കാട്ടിലൊക്ക തെരയാൻ വിട്ടേ..." മുരുകൻ തങ്കത്തിനോടായി, നങ്കിയ്ക്ക് കൂടി കേൾക്കാൻ പാകത്തിൽ പറഞ്ഞു.
"സ്സാറേ.... ഇദിനാത്തെങ്ങും ഒന്നൂല്ല..." കൊളത്തിനുള്ളിലെ തിരച്ചിൽ നിർത്തി ആരോ വിളിച്ചു പറയുന്ന കേട്ടു.
"ഇനി കാട്ടിലന്വേഷിച്ചു പോയവര് വരട്ടെ..." ഇൻസ്‌പെക്ടർ ആരോടെന്നില്ലാതെ പറഞ്ഞു.
ജോസഫ് ഇൻസ്‌പെക്ടർക്കരികിലേക്ക് നടന്നു പോകുന്നത് നങ്കി നോക്കിയിരുന്നു. വനത്തിനുള്ളിലേക്ക് നോക്കിയും കൈ ചൂണ്ടിയുമൊക്കെ ഇരുവരും സംസാരിച്ചു തുടങ്ങി.
"ഞാ കാരണം... മണിയണ്ണനും..." പതിഞ്ഞ ശബ്ദത്തിൽ തേങ്ങലോടെ നങ്കി ആത്മഗതം പറഞ്ഞു.
"ഓനൊന്നും വരൂല്ല നങ്കീ.. ഓൻ ആണൊരുത്തനാ...." മുരുകൻ വെറുതെയെങ്കിലും ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
നങ്കിയുടെ കണ്ണുകൾ കാടിന്റെ നിഗൂഢതയിലേക്ക് ചൂഴ്ന്നിറങ്ങി.
നിമിഷങ്ങൾ മുന്നോട്ട് നീങ്ങാൻ മടി പിടിച്ച് ഇഴഞ്ഞു നീങ്ങിക്കൊണ്ടിരുന്നു. അരമണിക്കൂറിലേറെയായി കാത്ത് നിൽക്കുന്നതിന്റെ മുഷിപ്പ് കാഴ്ചക്കാരാകാൻ വന്നവരിലൊക്കെ പ്രകടമായി തുടങ്ങി.
പുലിയുടെയും നരിയുടെയുമൊക്കെ പഴങ്കഥകൾ അവിടവിടെയായി ഉയർന്നു വന്നു.
പെട്ടെന്ന് കാടിളകുന്നത് പോലൊരു പ്രതീതി ഉണ്ടായി. എല്ലാ കണ്ണുകളും കാതുകളും അങ്ങോട്ടേയ്ക്ക് കോർത്തു.
കമ്പിവേലിയ്ക്കപ്പുറത്ത് ദൃശ്യമായ രംഗം നങ്കിയുടെ കണ്ണിലും ഉടക്കി.
പോലീസും ഊരാൾക്കാരും അടങ്ങിയ ഒരു ചെറു സംഘം കാട്ടിൽ നിന്നുമിറങ്ങി വന്നു. വേലിയ്ക്കിപ്പുറത്തേക്ക് നൂഴ്ന്നിറങ്ങാനുള്ള അവരുടെ പ്രയത്നത്തിന് തടസ്സം കൈകളിൽ താങ്ങിപ്പിടിച്ചിരിക്കുന്ന ഒരു മനുഷ്യ ശരീരമായിരുന്നു.
ആ കാഴ്ച കണ്ട മാത്രയിൽ നങ്കി പിടഞ്ഞെണീറ്റു.
എങ്ങനെയൊക്കെയോ ഇപ്പുറത്തേക്ക് വലിഞ്ഞും നൂഴ്ന്നുമിറങ്ങിയ സംഘം ആ ശരീരം ആംബുലൻസിൽ നിന്നുമിറക്കി വച്ച സ്‌ട്രെച്ചറിൽ കൊണ്ട് വന്നു വച്ചു.
ജോസഫിന്റെ കണ്ണുകൾ നങ്കിയെ തേടി വന്നു.
നങ്കി അതിനരികിലേക്ക് ഓടി.. അരികിലെത്തി നിശ്ചലയായി.
രക്തമുണങ്ങിപ്പിടിച്ച മണിയന്റെ ശരീരത്തിലേക്ക് ഒരു നോക്കേ നോക്കിയുള്ളൂ. ദിക്കുകൾ പൊട്ടുമാറ് ഒരാർത്തനാദം നങ്കിയുടെ തൊണ്ടയിൽ നിന്നും പിറവി കൊണ്ടു.
കല്ലായി നിൽക്കാൻ കഴിയാതെ, കണ്ണീരിന്റെ ഉറവ തകർത്ത് നങ്കി ആർത്തലച്ചു.
മുരുകൻ ഒരു നോക്കേ നോക്കിയുള്ളൂ.. പിന്നെ ഒരു കാഴ്ചക്കാരനാകാൻ ത്രാണിയില്ലാതെ മാറിനിന്നു. കുറച്ചു നാൾ കൊണ്ട് കൂടപ്പിറപ്പിന്റെ സ്നേഹം തന്ന മണിയന്റെ ശരീരത്തിലേക്ക് നോക്കി തങ്കം അലമുറയിട്ടു.
"കാടിന്റെ കുറച്ചുള്ളിൽ ഒരു അരുവിയുണ്ട് സാർ.. അവിടെ കിടന്നതാ..
പുലി പിടിച്ചതാണെന്ന് തോന്നുന്നു.
ഞങ്ങൾ പോകുന്ന വഴിക്ക് ഒരെണ്ണത്തിനെ കണ്ടിരുന്നു. പടക്കമൊക്കെ പൊട്ടിച്ച് എറിയേണ്ടി വന്നു ഓടിക്കാൻ..." കൂട്ടത്തിലെ പോലീസുകാരൻ ഇൻസ്‌പെക്ടറോട് വിശദമാക്കി.
ഇൻസ്‌പെക്ടർ മണിയന്റെ ശരീരത്തിലേക്ക് കണ്ണ് പായിച്ചു.
കഴുത്തിലും തലയിലുമൊക്കെ ആഴത്തിൽ മുറിവേറ്റിട്ടുണ്ട്.
"പിടിച്ചത് പുലി തന്നെ.. പക്ഷേ, മനുഷ്യപ്പുലിയാ..."
എല്ലാ കണ്ണുകളും ഇൻസ്‌പെക്ടറിൽ പതിഞ്ഞു.
"സീവൻ...!!!.... ??? " ഭീതിയോടെ തങ്കം മുരുകന്റെ കൈയ്യിൽ പിടുത്തമിട്ടു.
"പുലിയൊക്കെയുള്ള കാട്ടിൽ അവനെങ്ങനെ !!...?"
ജോസഫ് അമ്പരപ്പോടെ ഇൻസ്‌പെക്ടറെ നോക്കി.
"ആ പുലിയക്കാളും വലീയ ദുസ്ട്ടനാ സ്സാറേ ഓൻ..."
"കാട് മൊത്തത്തിൽ സെർച്ച് ചെയ്യണം... കാടിന്റെ ഒരതിർത്തി കർണ്ണാടകവുമായിട്ടാണ്.. സോ കർണ്ണാടക പോലീസിന്റെ സഹായം കൂടി തേടണം...
നിങ്ങൾ വേറെയൊന്നും കണ്ടില്ലേ കാട്ടിൽ.. അസാധാരണമായ ഒന്നും..? ഒരാൾ താമസിക്കുന്നതിന്റെ ലക്ഷണങ്ങളൊന്നും തന്നെ കണ്ടില്ലേ..?" ഇൻസ്‌പെക്ടർ കാട്ടിലേക്ക് തിരച്ചിലിനു പോയ പോലീസുകാരോട് അന്വേഷിച്ചു.
"ഇല്ല സാർ... പ്രത്യേകിച്ച് ഒന്നും തന്നെയില്ലായിരുന്നു.."
"ഉം...
ഹാ.. ഈ ബോഡി പോസ്റ്റ്മോർട്ടം ചെയ്യണം. ഹോസ്പിറ്റലിലോട്ട് കൊണ്ടുപോകാം..." ജോസഫിനോടായി പറഞ്ഞു കൊണ്ടു ഇൻസ്‌പെക്ടർ ജീപ്പിനരികിലേക്ക് നടന്നു.
എന്തൊക്കെയോ സംസാരിച്ചു കൊണ്ട് ജോസഫും ഇൻസ്‌പെക്ടറെ അനുഗമിച്ചു.
ആംബുലൻസിലേക്ക് മണിയന്റെ ശരീരം കയറ്റാനായി എടുത്തതും നങ്കി പെട്ടെന്ന് തടഞ്ഞു.
അവസാനമായിട്ടെന്നവണ്ണം മണിക്കുട്ടിയുടെ പിഞ്ചുകൈ കൊണ്ട് മണിയന്റെ ശരീരത്തിൽ തൊടുവിച്ചു. മണിയൻ ജന്മം നൽകിയതല്ലെങ്കിലും, മണിയന്റെ മകളായി തന്നെ ആ കുഞ്ഞിനെ വളർത്തുമെന്ന് മനസ്സു കൊണ്ട് വാക്ക് നൽകി നങ്കി പിന്മാറി.
ആംബുലൻസിൽ മൃദദേഹത്തെ അനുഗമിച്ച് ആശുപത്രിയിലെത്തിയപ്പോഴേക്കും നങ്കിയുടെ മനസ്സിൽ ഇനിയെന്ത് എന്ന ചോദ്യത്തിനുള്ള ഉത്തരം തീരുമാനമായി കഴിഞ്ഞിരുന്നു.
⬛️◼️◾️▪️◾️◼️⬛️
ഓരോ മരണത്തിനിടയിലുമുള്ള അകലം നേരിയത് മാത്രമായിരുന്നെങ്കിലും, ഓരോ നഷ്ടവും നൽകിയ ആഘാതം നങ്കിയെ സംബന്ധിച്ച് നികത്താനാവാത്തതായിരുന്നു.
ചിത്തിരയും മല്ലികയും എരിഞ്ഞടങ്ങിയിടത്ത് തന്നെ മണിയനും ചിതയൊരുങ്ങി. കുഞ്ഞു മണിക്കുട്ടിയുടെ കുരുന്നിളം കൈയ്യാൽ അപ്പനെ ദഹിപ്പിക്കുകയും ചെയ്തു.
"നങ്കീ... ബാ..." കരച്ചിലിന്റെ ആധിക്യത്തിൽ അടഞ്ഞ ശബ്ദത്തോടെ തങ്കം വിളിച്ചു.
തിരിഞ്ഞൊരു ചുവട് വച്ച് നങ്കി നിന്നു. മണിയന്റെ സ്വരം കാതിൽ നിറയുന്നു. ഓർമ്മകളുടെ ചൂട് കാറ്റ് കൺപീലികളെ വരെ തഴുകി കടന്നു പോയി.
'....... ആ ചിത മൊത്തം എരിഞ്ഞ് തീര്ന്നിട്ട് വരാന്ന് നെനച്ച്.... അത്തറ നേരം കൂട കൊച്ചിന ഓൾക്ക് കാണാലോ...യില്ലേ ഓൾക്ക് വെസമം ആയാലാ... പെട്ടന്ന് തന്ന.. ഞാ കൂട ഇട്ടേച്ച് പോന്നെന്ന് കര്തിയാലാ...."
ചിത്തിരയുടെ ചിതയെരിഞ്ഞടങ്ങിയ രാത്രിയിൽ, ഇടറിയ ശബ്ദത്തിൽ മണിയൻ പറഞ്ഞ വാക്കുകൾ നങ്കിയുടെ നെഞ്ചിനെ വീണ്ടും കുത്തി നോവിച്ചു.
"ഞാ പിന്ന വരാക്കാ...
ഈ ചിത ഒന്ന് കത്തി തീരട്ട്... " നങ്കി വീണ്ടും ചിതയ്ക്കഭിമുഖമായി നിന്നു.
ഒരു നിർബന്ധത്തിന് മുതിരാതെ തങ്കം തിരികെ നടന്നു.
ആളുന്ന ചിതയും എരിയുന്ന കനലും കാണക്കാണെ നങ്കിയുടെ മനസ്സും നീറിപ്പുകഞ്ഞു കൊണ്ടിരുന്നു. ആലയിലെ ചുട്ടു പഴുത്ത ഇരുമ്പ് പോലെ പൊള്ളുന്ന, ഹൃദയത്തെ നങ്കി അടക്കിപ്പിടിച്ചു.
'ഒരു ചെന്നായിന്റെ ഉയിരുള്ള ഉടൽ എരിയുന്ന കാണും വരെയും.... നെഞ്ചില ഈ തീയ്യ് ആറര്ത്... യ്യി ചൂടും ചൂരും ഓരോ ഞൊടിയും ഞാ അന്ഭവിച്ചറിയണം... യ്യി വേവ് ഞാ അറിയ്യണം...'
മോർച്ചറിക്ക് മുന്നിലൂടെ തിരികെ നടക്കുമ്പോൾ വീശിയെത്തിയ കാറ്റ് ഒരു നറു ഗന്ധം നങ്കിയ്ക്ക് സമ്മാനിച്ചു. ഓർമ്മകളുടെ ശീതലമ കലർന്ന സുഗന്ധം. നങ്കി തല വെട്ടിച്ചു നോക്കി.
കൊലുസ്സുമായി ചേർന്ന് നട്ട ചെടികളൊക്കെയും പൂത്ത് തളിർത്ത് കൗമാരം വിട്ട് നിൽക്കുന്നു. ആ കാഴ്ച നങ്കിയുടെ കണ്ണിൽ നീർത്തിളക്കം നിറച്ചു.
നട്ട അവകാശം മാത്രേ തനിക്കും കൊലുസ്സിന്മുള്ളൂ... പോറ്റി വളർത്തിയത് മണിയനെന്ന മനുഷ്യനാണ്.. '
മണിയനെന്ന പുരുഷന്റെ കുറവുകളിൽ നഷ്ടം കണ്ടെത്തി ഓടിപ്പോയപ്പോൾ, ആ മനുഷ്യന്റെ മനസ്സിലെ നിറവ് തിരിച്ചറിയാൻ കഴിയാതെ പോയതിന് നങ്കിയ്ക്ക് ചിത്തിരയോട് പരിഭവവും സഹതാപവും തോന്നി.... ഒക്കെ തിരിച്ചറിഞ്ഞതോ... ഏറെ വൈകിയും....
'....... നങ്കിപ്പെണ്ണേ.. യ്യീ ചെടി ഒക്ക ഈട നിക്കും. മണിയൻ ഈട ഒള്ള കാലത്തോളം... ഞാ ചത്താ യീട കുയ്ച്ചിടാൻ സമ്മയിക്കണോന്ന് മൊദലാളി സാറിനോട് ഞാ പറഞ്ഞു വച്ചേക്കുവാ...ചെലപ്പോ ആരും യില്ലാത്ത മണിയൻ ചത്താ യ്യി ചെടികളൊക്ക കരഞ്ഞാലാ..."
വീണ്ടും വീണ്ടും മണിയന്റെ വാക്കും ശബ്ദവും ഉടലിനെ പൊതിയുകയാണ്. നങ്കി പൂത്തു നിൽക്കുന്ന കുറ്റിമുല്ലയെ തഴുകി.
"മണിയണ്ണനു വേണ്ടിയൊള്ള കണ്ണീരാണോ നിയ്യീ പൊഴിക്ക്ന്ന മണം..... മ്മ്ഹ്...? " വിതുമ്പലോടെ ചോദ്യമുതിർത്ത് നങ്കി കണ്ണുകളടച്ചു.
ഒരു രാത്രി സമ്മാനിച്ച ശൂന്യതയിൽ കരഞ്ഞു തളർന്നുറങ്ങിയപ്പോൾ ഇവിടെ നിന്നുമാണ്... മണിയണ്ണൻ കൂടെ കൂട്ടിയത്.. അതേയിടത്ത് തന്നെ വീണ്ടും...
"നങ്കീ... "
കണ്ണുകൾ അമർത്തി തുടച്ച് നങ്കി തിരിഞ്ഞു നോക്കി.
"ഈ രാത്രി നിങ്ങളാരും മടങ്ങി പോകണ്ട... ഇവിടെ ഹോസ്പിറ്റലിൽ തങ്ങാം. റൂം റെഡിയാക്കിയിട്ടുണ്ട്.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടുമ്പോ അറിയാം മണിയന്റെ മരണ കാരണം.. അതുവരെ നിങ്ങൾ ഇവിടെ തങ്ങുന്നതാകും നല്ലത്...
ഇൻസ്‌പെക്ടറും ഇതാണ് നിർദേശിച്ചിരിക്കുന്നത്..." ജോസഫ് അറിയിച്ചു.
"മരണ കാരണം ഇനിയെന്താ സ്സാർ അറിയ്യാനൊള്ളേ.. പുലി പിടിച്ചതല്ലേ..?"
"പുലീ... ആ പുലി ഏതാണെന്ന് ഉറപ്പിക്കാൻ റിപ്പോർട്ട് കിട്ടണം..."
"നാളെ രാവില തിരിച്ചു പോണം സ്സാർ... പെരേലോട്ട്..."
"നീയെന്തിനാ വാശി പിടിക്കുന്നേ... ഇവിടെ തങ്ങിയാൽ നിന്നെ ആരെങ്കിലും പിടിച്ചു തിന്നുമോ..?
ഇനി ആ മുരുകനും ഭാര്യയും കൂടിയല്ലേ കൂടെയുള്ളൂ.. അവരെക്കൂടി കൊലയ്ക്ക് കൊടുക്കണോ നിനക്ക്..? " ദേഷ്യവും അതിലുപരി ആശങ്കയും നിറഞ്ഞ സ്വരത്തിൽ ജോസഫ് ചോദിച്ചു.
നങ്കി അയാളെത്തന്നെ ഉറ്റു നോക്കി നിന്നു.
"രണ്ട് കുഞ്ഞുങ്ങൾ കൂടി കൂടെയുണ്ടെന്നുള്ള ബോധം വേണം..." അമർഷത്തിൽ അത്രയും പറഞ്ഞ് ജോസഫ് തിരിഞ്ഞു നടന്നു.
"എന്റ കൂട നിക്ക്ന്ന ആരിക്കും ഇനി ഒന്നും സമ്പവിക്കര്ത്.. ആരിക്കും.. ഇപ്പൊ..അതേ എന്റ മനസ്സിലൊള്ള് സ്സാർ..." ഉറച്ച സ്വരത്തിൽ ഉറക്കെ ജോസഫ് കേൾക്കാനായി നങ്കി പറഞ്ഞു.
"എങ്കിൽ ഇവിടെ തങ്ങണം... " ജോസഫ് തറപ്പിച്ചു പറഞ്ഞു.
"ഉം..." നങ്കി മൂളി സമ്മതിച്ചു.
⚫️⚫️⚫️
സന്തോഷം നിറഞ്ഞ ഒരു പകൽ ഇരുണ്ടു വെളുത്തപ്പോൾ, ഒരിയ്ക്കലുമുണങ്ങാത്ത ഒരു മുറിവ് സമ്മാനിച്ചിരിക്കുന്നു വിധി... ഈ രാത്രിയും ഉറക്കമില്ലാത്തതാണ്...
കുഞ്ഞുങ്ങളുറക്കമായി. മുരുകനും തങ്കവും ഉറങ്ങാതെ ഏറെ നേരമിരുന്നെങ്കിലും, ഇന്നത്തെ പകൽ നൽകിയ ആഘാതത്തിന്റെ തളർച്ച ഇരുവരുടെയും കണ്ണുകളെ വൈകിയെങ്കിലും മയക്കി.
നങ്കി എഴുന്നേറ്റു.
കുഞ്ഞുങ്ങൾക്കരികിൽ വന്ന് നെറുകയിൽ മുത്തം കൊടുത്തപ്പോൾ അനിയന്ത്രിതമായി കണ്ണുകൾ നിറഞ്ഞൊഴുകി.
നിശബ്ദത തളം കെട്ടിയ മുറിയ്ക്കുള്ളിൽ ശ്വാസോച്ഛാസത്തിന്റെ നേരിയ മന്ത്രണം മാത്രം ഉയർന്നു കേൾക്കാം.
പിന്നെ മണിയന്റെ ചിതയെരിഞ്ഞടങ്ങിയ മണ്ണിൽ നിന്നുമെടുത്ത കരിങ്കട്ട കൊണ്ട് ചുമരിൽ എഴുതി തുടങ്ങി.
'എന്നെ ആരും തേടി വരരുത്
ഉയിരോടെ ഉണ്ടാകുമെങ്കിൽ ഞാൻ തിരികെ വരും
എന്റെ മക്കളുടെ അടുത്തേക്ക് '
വടിവൊത്ത അക്ഷരത്തിൽ അത്രമാത്രമെഴുതി,
ശ്വാസം പോലും അടക്കിപ്പിടിച്ച് നങ്കി മുറിയ്ക്ക് പുറത്തേക്കിറങ്ങി. ഇടനാഴിയിലെ ശൂന്യതയും നങ്കിയ്ക്ക് ആശ്വാസം നല്കുന്നതായിരുന്നു.
ഇടനാഴിയും കടന്ന് മോർച്ചറിയ്ക്ക് മുന്നിലേക്ക് നടക്കുമ്പോൾ കൊലുസ്സ് മാത്രമായിരുന്നു നങ്കിയുടെ ഉള്ളിൽ ആശങ്ക വിതറിയത്. ഒരുവേള കണ്ടുപോയാൽ തന്നെ പിന്തുടരുമെന്ന് ഉറപ്പുള്ള തന്റെ നിഴൽ.
കൊലുസ്സിന്റെ കണ്ണിലൊരു കാഴ്ചയാകാൻ മുതിരാതെ നങ്കി ശ്രദ്ധയോടെ മോറച്ചറിക്ക് മുന്നിലെത്തി. പിന്നെ അവിടെ നിന്നും ശ്മാശാനത്തിലൂടെ ആശുപത്രിയ്ക്ക് പിന്നിലെ റോഡിലേക്ക്.
റോഡിലേക്കിറങ്ങും മുമ്പ് മണിയനെ ദഹിപ്പിച്ചിടത്തേക്ക് ഒരിക്കൽ കൂടി നോക്കി. പിന്നെ ദ്രുതഗതിയിൽ പുറത്തേക്ക് നടന്നു..
കിഴക്കൻ മലയുടെ അടിവാരത്തേക്ക്...
തുടരും....✍️
💜
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ