2022 ഫെബ്രുവരി 20, ഞായറാഴ്‌ച

നങ്കി 1️⃣9️⃣



#നങ്കി

🌺🌺🌺🌺

©️Copyright Protected


ശിവന്റെ കാൽച്ചുവടുകൾ ജോസഫിനു മുന്നിൽ നിലയുറച്ചു.

"സ്സാറിന്റ ചൂടും ചൊരുക്കും കണ്ടാ നിങ്ങ്ഡ പെണ്ണാന്ന് തോന്നൂല്ലോ നങ്കി..ഞാ താലി കെട്ടിയ പെണ്ണാ ഓള്. ഓൾക്ക് വേണ്ടി.. സ്സാറ് ചങ്കൂറ്റം കാണിക്കണ്ട..

യിനി...നിങ്ങട അനീത്തിക്ക് ചെയ്ത പോല ന്തേലും സഗായം വേണോ..? അതിനാണാ സ്സാറ് ഓളെ ച്ചുറ്റി നിക്ക്ന്നേ.. ഹ്മ്... പറ സ്സാറേ..."

ചോദ്യത്തിന് മറുപടിയെന്നോണം ജോസഫിന്റെ പ്രതികരണം പെട്ടെന്നായിരുന്നു.

കവിൾ പുകഞ്ഞതോടൊപ്പം, ചുണ്ടിൽ നുണഞ്ഞ ചോരയും തലയിലെ പെരുപ്പും കാതിനുള്ളിലെ മൂളക്കവും ശിവന് കുറച്ചു നേരത്തേക്ക് സ്ഥലകാല ബോധം നഷ്ടപ്പെടുത്തി.

...............✍️

"ഇത് നീയെന്നോട് പറഞ്ഞ ചെറ്റ വർത്തമാനത്തിന് തന്നതല്ല.. നീ മുമ്പേ പറഞ്ഞ ചൂടും ചൊരുക്കും നിന്റെ മേലെ തീർത്തതുമല്ല..

ശേഷം പറഞ്ഞ ഒന്നുണ്ടല്ലോ.. ഇവൾക്ക് വേണ്ടി..,  ചങ്കൂറ്റം.. കാണിക്കണ്ടെന്ന്..അങ്ങനെ നീ പറഞ്ഞപ്പോ ഇവൾക്ക് വേണ്ടി എന്റെ ചങ്കൂറ്റമൊന്ന് കാണിക്കണോന്ന് തോന്നി. ഇവൾക്ക് വേണ്ടി മാത്രം..

പിന്നെ നീയിപ്പോ പറഞ്ഞ ചെറ്റത്തരത്തിനുള്ളത് ഞാനിപ്പോ തരുന്നില്ല. ഒന്നിച്ചു കിട്ടിയാ, ആ സുഖമങ്ങ് പോകില്ലേ.. അതുകൊണ്ടാ..."

ജോസഫ് പറഞ്ഞത് മുഴുവനും ശിവൻ കേട്ടോ എന്ന് ജാൻസിക്ക് സംശയം തോന്നി. ആഞ്ഞു തല കുലുക്കിയും ചെവി പൊത്തിയും കണ്ണുകൾ അടച്ചും തുറന്നും മറ്റേതോ ലോകത്തെന്ന പോലെയാണ് ശിവൻ നിന്നത്.

"നിങ്ങള് റൂമിലോട്ടു പോ..വെളിവാകുമ്പോ ഇവൻ പൊക്കോളും " ജോസഫിന്റെ നിർദേശം പെട്ടെന്ന് വന്നു.

നങ്കി ശിവന്റെ മുഖത്തേക്ക് മിഴിയാഴ്ത്തി.

"എന്താ നിനക്കിവനോട് എന്തേലും സംസാരിക്കണോ ?"

"വേണ്ട..." പതിഞ്ഞ സ്വരത്തിൽ ജോസഫിന് മുഖം കൊടുക്കാതെ നങ്കി മറുപടി നൽകി.

"പിന്നെന്താ അടി കൊണ്ടേന്റെ സഹതാപം തോന്നുന്നുണ്ടോ... ഭർത്താവിനോട്..? " ജോസഫ് ഈർഷ്യോടെ ചോദിച്ചു.

"ഇല്ലാ.." നങ്കിയുടെ സ്വരം കനത്തു.

"എങ്കിൽ റൂമിലോട്ട് പോ..."

"ഉം..." മൂളലോടെ തലയാട്ടി നങ്കിയുമായി ജാൻസി റൂമിലേക്ക് നടന്നു. ഒപ്പം വിക്ടറും.

ജോസഫ് പുറത്തേക്കുള്ള വഴിയിലേക്ക് നടന്നു. ശിവൻ അപ്പോഴും സ്ഥലകാല ബോധം വീണ്ടെടുത്തിട്ടില്ലായിരുന്നു.

  
                                       ◼️▪️◼️

ജാൻസിയുടെ സഹായത്തോടെ നങ്കി കട്ടിലിലേക്കിരുന്നു.

"വിക്കീ, ഞാനൊന്ന് തീരുമാനിച്ചിട്ടുണ്ട്..." ജാൻസി വിക്ടറിന് അഭിമുഖമായി നിന്നു കൊണ്ട് പറഞ്ഞു തുടങ്ങി.

"മുമ്പേ നടന്ന കോലാഹലമൊക്കെ കണ്ടിട്ട് ഒന്ന് മനസ്സിലായി. പ്രസവ ശേഷമുള്ള ശുശ്രൂഷയൊന്നും നങ്കിക്ക് ആ വീട്ടീന്ന് കിട്ടാൻ പോണില്ല.

സോ.., രണ്ടാഴ്ച നങ്കി ഇവിടെ തന്നെ തങ്ങട്ടെ. ഒരു ആയയെ വെച്ച് ഇവൾക്ക് വേണ്ടതൊക്കെ ചെയ്യിക്കാം. പിന്നെ മതി വീട്ടിലേക്കുള്ള മടക്കം..എന്താ വിക്കി ?" ജാൻസി വിക്ടറിന്റെ അഭിപ്രായം ആരാഞ്ഞു.

"അങ്ങോട്ടേക്കിനി പോകണോ... അവരുടെ പെരുമാറ്റം തന്നെ..."

"പോണം സ്സാർ..." നങ്കിയുടെ ശബ്ദം വിക്ടറിന്റെ വാക്കുകളെ മുറിച്ചു.

"എന്റനീത്തീം ഓൾഡ കൊച്ചും ആടയാ ഒള്ളെ. എനിക്ക് പോണം.. അവര്ട സ്തിദി എന്തായീന്ന് അറീണം.. കൊച്ചുപെണ്ണാ ഓള്..." നങ്കിയുടെ സ്വരമിടറി.

"പോകാം. എന്തായാലും രണ്ടാഴ്ച കഴിയട്ടെ. എന്നിട്ട് മതി.. നീ കിടക്കാൻ നോക്ക്..

ഞങ്ങൾ പിന്നെ വരാം. ഇനി എന്റെ പ്രസവത്തിനുള്ള വഴി നോക്കണ്ടേ..." ജാൻസിയുടെ നോട്ടം വീർപ്പിച്ച വയറിലേക്ക് നീണ്ടു.

മുറിക്ക് പുറത്തേക്ക് ഇറങ്ങും മുമ്പ് ജാൻസി ഒരിക്കൽ കൂടി നങ്കിയെ നോക്കി.

"ഈ രണ്ടാഴ്ച അപ്പുറത്തെ മുറിയിൽ ഞാനുമുണ്ടാകും. കുഞ്ഞുമായി. കുഞ്ഞിന് പാലൂട്ടാൻ നേരാകുമ്പോ ഇവിടേക്ക് വരാൻ എളുപ്പമാകൂല്ലോ.."

അവിശ്വസനീയതയോടെ നങ്കി ജാൻസിയെ നോക്കി.

ഒരു മന്ദഹാസം നങ്കിക്ക് നേരെ നീട്ടി ജാൻസി മുറി വിട്ടു. വിക്ടറും.

സന്തോഷക്കണ്ണീർ കവിളിനെ തൊട്ടുരുമ്മി ഒഴുകിയിറങ്ങിയതും നങ്കി പൊട്ടിക്കരഞ്ഞു.

                                   ▪️◼️▪️

നെഞ്ചിൽ കനലെരിയുന്ന ആത്മ സംഘർഷം നടന്നിട്ടും, നങ്കിയെ സംബന്ധിച്ച് രണ്ടാഴ്ച ആത്മ നിർവൃതിയുടേത് കൂടിയായിരുന്നു.

ജാൻസിയും കുഞ്ഞും മിക്കപ്പോഴും നങ്കിയുടെ മുറിയിൽ തന്നെയുണ്ടാകും. വിക്ടർ പിന്നെ വന്നിട്ടില്ല. ജാൻസിക്കും കുഞ്ഞിനും വേണ്ടിയുള്ള മുറിയിൽ മാത്രമേ വിക്ടർ സന്ദർശകനായി ചെല്ലാറുള്ളൂ.

ജോസഫിനെ അന്ന് കണ്ടതാണ്. മുഖമടച്ച് ഒരടി ശിവന് കൊടുത്ത അന്ന്. പിന്നെ കണ്ടിട്ടേയില്ല. കാണാനായി വന്നിട്ടുമില്ല....

വരുമെന്ന് നങ്കി പ്രതീക്ഷിച്ചിരുന്ന ഒരാൾ തങ്കമായിരുന്നു. പക്ഷേ, തങ്കവും വെറും കാത്തിരുപ്പ് മാത്രം നൽകി.

ആരും തേടി വന്നില്ലെങ്കിൽ കൂടി, കുഞ്ഞിനെ അരികിൽ കിട്ടിയ നിമിഷങ്ങളിൽ മറ്റ് സങ്കടങ്ങളെയൊക്കെ മറവിയുടെ ഓരത്തേക്ക് നങ്കി നീക്കി വച്ചു.

ഒരു ചൊവ്വാഴ്ച ഉച്ചയോട് അടുപ്പിച്ച നേരത്താണ്,  ഒട്ടും പ്രതീക്ഷിക്കാതെ രണ്ട് സന്ദർശകർ മുറിയിലേക്ക് കയറി വന്നത്. ജാൻസിയും കുഞ്ഞും അന്നേരം നങ്കിയ്‌ക്കൊപ്പം ഉണ്ടായിരുന്നില്ല.

"നങ്കീ..." മുറിയിലേക്ക് കയറാനുള്ള അനുമതിക്കായി മണിയൻ വാതിൽക്കൽ നിന്ന് വിളിച്ചു.

ചിന്തകളുടെ കുരുക്കിനുള്ളിൽ നിന്നും ഞെട്ടിത്തിരിഞ്ഞ് നങ്കി നോക്കി.

മണിയനും ഒപ്പം നിറഞ്ഞു തൂങ്ങിയ വയറുമായി അസ്ഥികോലം പോലൊരു പെണ്ണും.

"വാ മണിയണ്ണാ..." നങ്കി സന്ദേഹം കൂടാതെ അകത്തേക്ക് ക്ഷണിച്ചു.

മുറിക്കുള്ളിലേക്ക് കയറിയതും മണിയൻ പരിചയപ്പെടുത്തി.

"നങ്കീ.. ഇദ് ചിത്തിര... ന്റ..." വാക്കുകൾ അപൂർണ്ണമാക്കി പൂരിപ്പിക്കാനുള്ള അവസരം നങ്കിക്ക് നൽകി മണിയൻ നിന്നു.

"ഹാ... മൻസ്സ്ലായി... വാ..ഇരിക്ക് " നങ്കി ചിത്തിരയെ കട്ടിലിലേക്ക് ഇരിക്കാൻ ക്ഷണിച്ചു.

വാടിയ ചേമ്പിൻ തണ്ട് പോലെ ചിത്തിര കട്ടിലിൽ വന്നിരുന്നു. മണിയൻ മുന്നിൽ കിടന്ന കസേരയിലും ഇരിപ്പുറപ്പിച്ചു.

ചിത്തിരയുടെ ഭാവങ്ങൾ നങ്കിക്ക് ഉള്ളിൽ ഭയമുരുവാക്കി. കൊലുന്ന കോലിനോട് ചേർത്ത് വലിയ പാറക്കഷ്ണം കെട്ടിവച്ചത് പോലുണ്ട് നിറവയറുമായുള്ള ചിത്തിരയുടെ ഇരുത്തം. പാറയുടെ ഭാരത്തൽ കോല് ഒടിഞ്ഞു പോകുമെന്ന പോലെയുണ്ട്...

"പേറ് അട്ത്തിര്ക്കയാ നാളെ വന്ന് കെടക്കണോന്ന് പറഞ്ഞ്...

നെന്റ കാരിയമൊക്ക ഊരില് എല്ലാരും പറഞ്ഞ് അറിഞ്ഞ്ര്ന്ന്... പിന്ന കാണാ വന്ന നെനക്ക് സങ്കടം ആകുവോന്ന് നെനച്ചാ വരാഞ്ഞേ..

ന്ന് പ്പോ ഈട വരെ വന്നപ്പോ ചിത്തിരക്കും നിന്ന കാണണോന്ന് പറഞ്ഞ്.. അദാ വന്നേ "

നങ്കി മന്ദഹാസത്തോടെ ചിത്തിരയെ നോക്കി. ജീവനില്ലാത്ത ഒരു ചിരി മറുപടിയായ് നങ്കിക്ക് ലഭിച്ചു.

"ആര് വരും കൂട്ട്ന്..?"

"ആര് വരാന്... പഗല് ഞാ ആസ്പത്രീ തന്ന ഒണ്ടല്ലോ, വേലക്കെടേല് വന്ന് നോക്കീട്ട് പോഗാന്ന് കര്തുന്ന്... പിന്ന രാത്തിറി പൊറത്ത് വരാന്തേല് തങ്ങാം. കുളിക്കാനൊക്ക പെരേല് പോയാ മദീല്ലോ.. പേറ് കഴീന്ന വരെ അതേ ഒള്ള് മാറ്ഗം..."

"നാളെ ഞാ വീട്ടീ പോകും. പേറിന് കേറ്റുന്ന ദിവ്സം ഒക്കൂങ്കി മണിയണ്ണൻ എന്ന വിളിക്ക്. ഞാ വരാം..."

"നങ്കീ..."

"എല്ലാരേം പോല എന്ന കെട്ടവളും കൊച്ച് വാഴാത്തവളും ആണെന്ന് നിരീക്കുന്നുണ്ടെങ്കില് സാരല്ല...

..യില്ലേ..തങ്കാക്കയോട് ചോയിച്ചു നോക്കാം. കൊച്ചിന്റ കാര്യായോണ്ട് ചെലപ്പോ സമ്മയ്ക്കും.."

"നിയ്യ് പറഞ്ഞ പോലൊക്ക തോന്നീര്ന്നേൽ ഞാ യീളേം കൂട്ടി നെന്ന കാണാൻ യിപ്പോ ഈട വര്മായ്രുന്നാ...

പറേന്നോര് ന്തേലും പറേട്ടെ നങ്കിപ്പെണ്ണേ... എൻക്കറിയ്യാം... നെന്നപ്പോലൊര് പെണ്ണ് നമ്മ്ട ഊരിലില്ലാ... സിവന് നെന്ന അറിയ്യാമ്പറ്റീല്ലാ.. ഓൻ വെവരമില്ലാത്തോനായി..."

മറുപടി ഇല്ലാതെ നങ്കി നിശ്വസിച്ചു.

പെട്ടെന്നാണ് ചിത്തിരയുടെ കൈകൾ നങ്കിയുടെ കൈകളിൽ പിടുത്തമിട്ടത്.

"അക്കാ...ഞാ ചെയ്ദ തെറ്റ്ന് ഊരില് ല്ലാരും ഇവരയും കൂട ഒദ്ക്കി വച്ച്...ന്ന പിന്നേം കൂട കൂട്ടീന്. പ്പോ ന്നോട് ഇങ്ങന സമ്സാരിക്കയും കൂട ഇര്ത്ത്കേം അക്കാ ചെയ്ദപ്പോ...എൻക്ക്... " കണ്ഠമിടറി എങ്ങലോടെ ചിത്തിര നങ്കിയുടെ ചുമലിലേക്ക് തല ചായ്ച്ചു.

എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ നങ്കി മണിയന്റെ മുഖത്തേക്ക് നോക്കി. നനവൂറിയ കണ്ണുകൾ നങ്കിയിൽ നിന്ന് മറച്ചു പിടിച്ച് മണിയൻ പെട്ടെന്നെന്തോ ഓർത്തെടുത്തത് പോലെ ആവേശം കൊണ്ടു.

"ഹാ നങ്കി... നെന്റ കൊലുസ്സ് യ്യി ആസ്പത്രി മുറ്റത്ത് തന്നൊണ്ട്. ഞാ എന്നും കാണും. ചെല നേരത്ത് അങ്ങ് മുരുഗണ്ണന്റ പെരേ പോയിട്ട് ഓള് പിന്നേം ഈട തന്ന വന്ന് നിക്കും. നെന്ന കാത്ത് നിക്കുവാന്ന് ഒറപ്പാ..പാവം..."

നങ്കിയുടെ കണ്ണുകൾ കുറ്റബോധം കൊണ്ടും സന്തോഷം കൊണ്ടും ആർദ്രമായി.

ഒരുപക്ഷേ ഇപ്പോഴീ ലോകത്ത്  ആത്മാർത്ഥമായി, ഒന്നും പ്രതീക്ഷിക്കാതെ തന്നെ സ്നേഹിക്കുന്ന ഒരേ ഒരു ജീവൻ കൊലുസ്സ് മാത്രമാണെന്ന് നങ്കി ഓർത്തു. മറവിയുടെ ഇരുട്ടിലേക്ക് എപ്പോഴോ താൻ തള്ളിയിട്ട കൊലുസ്സിനെ ഓർത്ത് നങ്കി വിതുമ്പി ആഹ്ലാദം കൊണ്ടു.

ഏറെ നേരം നീണ്ടുപോയ സംഭാഷണവും പരസ്പരമുള്ള ആശ്വസിപ്പിക്കലും സൗഹൃദവും മൂവരും ആസ്വദിച്ചു. പിന്നെ നങ്കിയോട് യാത്ര പറഞ്ഞ് ചിത്തിരയുമായി മണിയനിറങ്ങി.

ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരി മായാതെ തന്നെ നങ്കി കണ്ണുകളടച്ച് കിടന്നു.


                            ⬛️◼️◾️▪️◾️◼️⬛️


കാർ നിർത്തി ജോസഫ് ആദ്യമിറങ്ങി. പിന്നിൽ കുഞ്ഞിനെ മടിയിലിരുത്തി നങ്കിയും ഒപ്പം  ജാൻസിയും ഇറങ്ങാൻ മടി കൊണ്ടെന്ന പോലെയിരുന്നു.

ഒരിക്കൽ കൂടിയെന്നോണം നങ്കി കുഞ്ഞിനെ മാറോടണച്ച് നെറ്റിയിൽ തുരുതുരാ മുത്തം നൽകി.  പിന്നെ ജാൻസിയുടെ കൈകളിലേക്ക് കുഞ്ഞിനെ നൽകി.

"യ്യി ജന്മത്തേക്ക് എനിക്ക് ഓർമ്മിക്കാനൊള്ളത് യ്യി  രണ്ടായ്ച്ച കിട്ടി ച്ചേച്ചി... ഒത്തിരി നന്ദിയൊണ്ട്... ഇദ് മതി എനിക്ക്..." നങ്കിയുടെ കണ്ണുകളിലെ ഈറൻ, ജാൻസിയുടെ കണ്ണുകളിലേക്ക് പടർന്നു കയറി.

"എനിക്കിത് കഴിഞ്ഞ് പോയിട്ട് വേറെ ജോലിയുണ്ട്.." ജോസഫ് കാറിനു പുറത്തു നിന്ന് അക്ഷമയോടെ പറഞ്ഞു.

"ചേട്ടായിക്കിത്ര തിരക്കായിരുന്നേ എന്തിനാ കൂട്ട് വന്നേ. വിക്കി വരാന്ന് പറഞ്ഞതല്ലേ..." കാറിൽ നിന്നും പുറത്തേക്കിറങ്ങി ജാൻസി ചോദിച്ചു.

മറുപടി പറയാതെ ജോസഫ് നടവഴിയിലേക്ക് തിരിഞ്ഞു.

"ഒന്നാമത് ആ ശിവന്റെ അമ്മയോട് ഓരോ ചോദ്യവും ചോദിച്ച് പിന്നെ, കിട്ടേണ്ടതായിരുന്നെങ്കി കൂടി ശിവന് അടിയും കൊടുത്തിട്ട് ചേട്ടായി അവരുടെ വീട്ടിലേക്ക് വരണ്ടായിരുന്നു. ഇനി ഇപ്പൊ എന്തൊക്കെ നടക്കുവോ എന്തോ.. ന്റെ കർത്താവേ.." ജാൻസി ആകാശത്തേക്ക് നോക്കി.

ജോസഫ് പെങ്ങളുടെ മുഖത്തേക്ക് നോക്കി.

"എന്ത് നടക്കാൻ...? പാറമടേ ജോലി കഴിഞ്ഞ് അവൻ വീട്ടിലുള്ള നേരം നോക്കി ഇങ്ങോട്ടേക്ക് പുറപ്പെട്ടത് അവനെ കാണാൻ തന്നാ. ഇല്ലേ അവന്റമ്മ ഇവളെ വീട്ടിൽ കേറ്റിയില്ലെങ്കിലോ...

ആ നരിമടേ കേറീല്ലേ ഉറക്കം വരില്ലാന്ന് പറഞ്ഞ് ഓരോന്ന് ഇങ്ങനെ നിൽക്കുവല്ലേ...

പിന്നെ അവനെ അടിച്ചത് വെറുതെയൊന്നുമല്ല. അവന്റെ ഭാര്യ എനിക്കിട്ടൊരെണ്ണം ഒരിക്കൽ തന്നിരുന്നു. അതിന് അവൾടെ മുന്നിൽ വച്ച് തന്നെ ഭർത്താവിനിട്ടൊന്ന് തിരിച്ചു കൊടുത്തതാ അത്രേയുള്ള്.." ജോസഫ് വീണ്ടും നടവഴിക്ക് നേർക്ക് നടക്കാൻ തുടങ്ങി.

നങ്കി പതർച്ചയോടെ ജാൻസിയെ നോക്കി.

നങ്കി നിൽക്കെ തന്നെ നങ്കിയെ ഉദ്ദേശിച്ച് ചുറ്റി വളഞ്ഞ രീതിയിൽ ജോസഫ് പറയുന്ന വാക്കുകൾ, അവളെ അവഗണിക്കയാണോ അതോ...പരിഗണനയുടെ മറ്റൊരു വഴിയാണോ എന്ന് ജാൻസിക്ക് സംശയം തോന്നി.

"എന്തായാലും ചേട്ടായിക്ക് നീ ആ വീട്ടിലേക്ക് തന്നെ മടങ്ങുന്നത് തീരെ ഇഷ്ടമായിട്ടില്ല..." ജാൻസി അഭിപ്രായപ്പെട്ടു.

മിഴികൾ താഴ്ത്തി നങ്കി ജോസഫിനെ അനുഗമിച്ചു. ഒപ്പം ജാൻസിയും.

നടവഴിയുടെ ഇറക്കമിറങ്ങിയതും പിന്നിൽ നിന്നുമൊരു നേർത്ത കരച്ചിൽ നങ്കിയുടെ കാതിലേക്ക് നുളഞ്ഞു കയറി.

ഞെട്ടിത്തിരിഞ്ഞ് നങ്കി പിന്നിലേക്ക് മിഴി പായിച്ചു.

'കൊലുസ്സ്...' !!!!!!

കിതപ്പോടെ വാലാട്ടി കടലോളം സ്നേഹം കണ്ണിൽ നിറച്ച് നിൽക്കുന്നു..

മണിയൻ പറഞ്ഞ ഓർമ്മയിൽ, ആശുപത്രി മുറ്റത്തേക്കിറങ്ങിയതും ചുറ്റിനും കണ്ണോടിച്ചു നോക്കിയിരുന്നു കൊലുസ്സിനെ. കണ്ടതേയില്ല. കാറിനുള്ളിൽ കയറി മുറ്റം കഴിഞ്ഞ് ഗേറ്റ് കടക്കുവോളവും തിരഞ്ഞു.

ഇപ്പോഴിതാ മുന്നിൽ അണപ്പോടെ നിൽക്കുന്നു. കാറിനു പിറകിൽ പിന്തുടർന്ന് ഓടിക്കിതച്ചു വന്നതിന്റെ പാരവശ്യത്തോടെ.

ശാരീരിക അവശതകളെയും മറികടന്ന്, നെഞ്ചിൽ നുരഞ്ഞു പൊന്തിയ വികാരവായ്പ്പോടെ നങ്കി കൊലുസ്സിനരികിലേക്ക് ഓടി. തന്റെ കുഞ്ഞിനെയെന്ന പോലെ വാരിപ്പുണർന്നു കരഞ്ഞു.

സ്നേഹം പറഞ്ഞറിയിക്കാൻ കഴിയാത്ത ആ മിണ്ടാപ്രാണി തന്റെ സന്തോഷവും സങ്കടവും പരാതിയും പരിഭവവും,  ദയനീയമായി കരഞ്ഞും വാലാട്ടിയും നങ്കിയുടെ നെഞ്ചിലേക്ക് ചാഞ്ഞു വീണും ദേഹമാസകാലം നക്കിത്തുടച്ചും പ്രകടിപ്പിച്ചു.

ആശ്ചര്യത്തോടെ ജാൻസി, സഹോദരനെ നോക്കി. ജോസഫും അതേ ഭാവത്തിൽ തന്നെയായിരുന്നു.

"ന്നോട് ഷമിക്ക് കൊലുസ്സേ... ഞാ നെന്ന മറന്നേന്.." കൊലുസ്സിന്റെ കൈകൾ കൂട്ടിപ്പിടിച്ച് നങ്കി അപേക്ഷിച്ചു.

നങ്കിയുടെ കൈകളിൽ നക്കി ഉരുമ്മി കൊലുസ്സ് ക്ഷമയും സ്വീകരിച്ചു.

മുരടനക്കി ജോസഫ് നങ്കിയുടെയും കൊലുസ്സിന്റെയും ശ്രദ്ധ അവരുടേത് മാത്രമായ ലോകത്ത് നിന്നും തിരികെ വിളിച്ചു.

ചേലത്തലപ്പ് കൊണ്ട് മുഖം അമർത്തി തുടച്ച് നങ്കി എഴുന്നേറ്റു.

"വാ.."

വിളിക്കായ് കാത്തിരുന്നത് പോലെ കൊലുസ്സ് ചാടിയെണീറ്റു.

   
                                         ◾️

തങ്കത്തിന്റെ പുരയ്ക്ക് മുന്നിലെത്തിയപ്പോൾ നങ്കി ഒന്ന് നിന്നു.

മുറ്റമാകമാനവും പിന്നാമ്പുറത്തേക്കുമൊക്കെ ഒന്നോടിച്ചു നോക്കി. ആരെയും കാണുന്നില്ലെന്നത് കണ്ടതും വീണ്ടും നടന്നു. ഒന്ന് രണ്ടടി ചുവട് വച്ചതിന് ശേഷമാണ് കൊലുസ്സ് കൂടെയില്ലെന്നുള്ളത് ശ്രദ്ധിച്ചത്.

നങ്കി തിരിഞ്ഞു നോക്കി.

തങ്കത്തിന്റെ വീടിനു മുന്നിൽ തന്റെ നടത്തമവസാനിപ്പിച്ച് കൊലുസ്സ് നിൽക്കുന്നു.

"കൊലുസ്സേ..."

വാലാട്ടി പ്രതികരിച്ചു കൊണ്ട് കൊലുസ്സ് അവിടെത്തന്നെ നിന്നു.

"ങ്ഹും...പട്ടിക്ക് പോലും പോകാൻ ഇഷ്ടമില്ല അങ്ങോട്ടേക്ക്..." ജോസഫ് പുശ്ചത്തോടെ പറഞ്ഞു.

നങ്കി രൂക്ഷമായി ജോസഫിനെ നോക്കി.

"എന്തേ ഭർത്താവിന്റെ വീടിനെ പറഞ്ഞപ്പോ നൊന്തോ..?"

"കൊലുസ്സെന്നാ ഓൾഡ പേര്..." കനത്ത സ്വരത്തിൽ നങ്കി മറുപടി നൽകി.

"ഓ....അതിനേലും വിവരമുണ്ട് അത്ര തന്നെ.."

"നടക്ക് ചേട്ടായീ..." ജാൻസി ജോസഫിന്റെ ചുമലിൽ മെല്ലെ തള്ളി.

   
                                      ▪️◼️▪️


ഒതുക്ക് കല്ല് ചവുട്ടി മുറ്റത്തേക്ക് കയറിയതും കണ്ടത് ശിവന്റെ എളേതുങ്ങളെയാണ്.

കൂട്ടത്തിൽ മൂത്തത് നങ്കിയെ കണ്ടതും മുഖം തിരിച്ച് കാണാത്ത ഭാവത്തിൽ നിന്നു. എളേത് ഒരു തണുത്ത ചിരിയോടെ നങ്കിയെ വരവേറ്റു.

പിന്നാമ്പുറത്തു നിന്ന് കുളിച്ചീറനായി മുൻവശത്തേക്ക് വന്ന മല്ലിക നങ്കിയെ കണ്ട അന്ധളിപ്പോടെ നിശ്ചലയായി നിന്നു.

"മല്ലീ..."

നങ്കിയുടെ വിളി ഉയർത്തിയ ഞെട്ടലിൽ തരിച്ചുണർന്ന് മല്ലിക ദേഷ്യം നുരഞ്ഞ മിഴികളോടെ നങ്കിയെ നോക്കിക്കൊണ്ട് വീടിനുള്ളിലേക്ക് ഓടിക്കയറി.

കാൽ വിരലുകളിലൂടെ നരച്ച മരവിപ്പ് ദേഹമാസകാലം മൂടുന്നതായി നങ്കിക്ക് തോന്നി....


തുടരും....✍️

💜








അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ