2022 ഫെബ്രുവരി 21, തിങ്കളാഴ്‌ച

നങ്കി 2️⃣3️⃣

 



©️Copyright Protected

🌺🌺🌺🌺


ഉറക്കത്തിന്റെ കടലാഴങ്ങളിൽ ഒരുമിച്ച് അലയുന്ന രണ്ടാത്മാക്കളെ പോലെ നങ്കിയും കൊലുസ്സും തണുത്ത മണ്ണിൽ പറ്റിച്ചേർന്നു കിടന്നു.

"നങ്കീ...."

ഇരുളിൽ നിന്നും ഒരു ശബ്ദം നങ്കിയുടെ കാതിൽ വന്ന് മുട്ടി.

സ്വപ്നത്തിലെന്ന പോലെ മൂളിയതല്ലാതെ നങ്കി എഴുന്നേറ്റില്ല.

"നങ്കീ...."

വീണ്ടും, അതേ ശബ്ദം.

നങ്കി ഞെട്ടിയെഴുന്നേറ്റു. കൊലുസ്സും.

ഇരുട്ടിന്റെ പുതപ്പ് മൂടി മുന്നിൽ നിൽക്കുന്ന രൂപത്തെ ചൂഴ്ന്നു നോക്കി. ഉറക്കച്ചടവിൽ വ്യക്തമാകുന്നില്ല.

"നങ്കീ...." വീണ്ടും ആ ശബ്ദമുണർന്നു.

തിരിച്ചറിഞ്ഞിട്ടെന്ന പോലെ നങ്കിയുടെ കണ്ണുകളും.

.............✍️

"മണിയണ്ണാ...."  പേര് വിളിച്ചു കൊണ്ട് നങ്കി ചാടിയെഴുന്നേറ്റു. ഒപ്പം കൊലുസ്സും.

മണിയൻ മൂകനായി നിന്നു.

"ന്താ മണിയണ്ണാ പ്പൊ ഈട...?!

മറുപടിയില്ലാതെ മണിയൻ നിലാവെട്ടത്തോട്ട് നീങ്ങി നിന്നു.

അമ്പരപ്പോടെ നങ്കി മണിയനെ നോക്കി. പുതച്ചു മൂടി നെഞ്ചോട് ചേർത്ത് മണിയൻ പിടിച്ചിരിക്കുന്ന പിഞ്ചു കുഞ്ഞിലേക്ക് നങ്കിയുടെ നോട്ടം ആഴ്ന്നു പതിഞ്ഞു. പെൺകുഞ്ഞാണ്.

"ന്താ മണിയണ്ണാ ഇങ്ങന... ചിത്തിരേട പേറ് കഴിഞ്ഞാ....?" സന്ദേഹത്തോടെ നങ്കി ആരാഞ്ഞു.

"ഉം.... പേറും കയ്ഞ്ഞ് അടക്കോം കയ്ഞ്ഞ്...." ഭാരപ്പെട്ട ശബ്ദത്തിൽ മണിയൻ പറഞ്ഞൊപ്പിച്ചു.

"ന്താ പറേന്നേ...?"

"ഓള് ചാകാന് കാത്തിര്ന്നതാ നങ്കിപ്പെണ്ണേ... യ്യി കൊച്ചിന ഓറ്ത്താ ഉയിരോട ഇര്ന്ന തന്ന..

ഓള പേറിന് കേറ്റ്മ്പ ഒത്തിരി രത്തം പോന്ന കണ്ട്.. ഓള് ന്നോട് പറഞ്ഞ് കൊച്ചിനൊന്നും വരാത നോക്കിയാ മദീന്ന്... ഓൾക്ക് വെസമോണ്ടാര്ന്ന്... ന്നോട് കുറ്റം ചെയ്ദന്ന്..."

മണിയന്റെ നോട്ടം എരിഞ്ഞടങ്ങിയ ചിതയിലേക്ക് നീണ്ടു. നങ്കിയും കണ്ണുകൾ അങ്ങോട്ടേക്ക് പായിച്ചു.

"ഞാ ആട നിപ്പോണ്ടാര്ന്ന്... നിയ്യ് വര്ന്നേം കണ്ട്... നെന്റ കൊലുസ്സിനേം കണ്ട്.

ആ ചിത മൊത്തം എരിഞ്ഞ് തീര്ന്നിട്ട് വരാന്ന് നെനച്ച്. അത്തറ നേരം കൂട കൊച്ചിന ഓൾക്ക് കാണാലോ...യില്ലേ ഓൾക്ക് വെസമം ആയാലാ... പെട്ടന്ന് തന്ന ഞാ കൂട ഇട്ടേച്ച് പോന്നെന്ന് കര്തിയാലാ...." മണിയന്റെ ശബ്ദമിടറി.

വിങ്ങലോടെ നങ്കി കുഞ്ഞിനെ നോക്കി.

"കര്ച്ചിലാര്ന്ന്.. ആള്. സിറ്ററ് മാര് വെള്ളോക്ക കൊട്ത്ത്. ന്നിട്ടും കരച്ചില് തന്ന. ചെലപ്പോ... അറിഞ്ഞ്ട്ടൊണ്ടാകും അമ്മ ചത്ത് പോയീന്ന്.. അല്ലേ ഇങ്ങന കരയ്യോ...."

മണിയൻ കുഞ്ഞിനെ നെഞ്ചോടു കൂടുതൽ അണച്ചു പിടിച്ചു.

മൗനത്തിന്റെ പിടിയിലമർന്ന കുറച്ചു നിമിഷങ്ങൾ.

പെട്ടെന്ന് എന്തോ ദുഃസ്വപ്നം കണ്ടുണർന്ന പോലെ കുഞ്ഞ് ഞെട്ടിയുണർന്ന് കരയാൻ തുടങ്ങി. തൊണ്ട കീറി, ഇരുളിനെ മുറിപ്പെടുത്തി കുഞ്ഞ് സ്വരം മുഴങ്ങി.

നങ്കി ആശങ്കയോടെ മണിയനെ നോക്കി.

"നെന്നോട് ഒര് കാരിയം ചോയിച്ചോട്ടെ നങ്കീ....

നെനക്ക് പ്രച്ച്ന യില്ലേ... ന്റ കൊച്ചിന്റ വെസപ്പടക്കാവോ. കൊറേ നേരായി വെള്ളേലും ഉള്ളീ ചെന്നിട്ട്.." മണിയൻ അപേക്ഷയോടെ ചോദിച്ചു.

"ഞാ...." നങ്കിയുടെ നെഞ്ചിൽ പാൽമണം പരന്നു.

"നെനക്ക് ഇസ്ട്ടല്ലേ വേണ്ടാ... വെള്ളം കൊറച്ച് കൊട്ത്താലും മദി. എൻക്ക് അറിയില്ല കൊച്ചുങ്ങക്ക് കൊട്ക്കാനൊന്നും അദാ..."

"സൊന്തം അനീത്തീട കൊച്ചിന്റ വെശപ്പ് മാറ്റീന് നഞ്ഞ് കലന്ന പാല് കൊട്ത്തെന്ന് പഴി കേട്ട് കഴിഞ്ഞ് മണിയണ്ണാ....എനിക്ക് പേടിയാ...." ചിലമ്പിച്ച സ്വരത്തിൽ നങ്കി പറഞ്ഞു.

"നഞ്ഞ്.... അദ് നെന്ന പയി പറഞ്ഞോര്ട മൻസ്സിലാ നങ്കിപ്പെണ്ണേ....

എൻക്ക് നെന്ന വിസ്വാസാ...ഇദിന പെറ്റ വയറിന്നേക്കാളും...." മണിയൻ കുഞ്ഞിനെ നങ്കിയ്ക്ക് നേർക്ക് നീട്ടി.

കരഞ്ഞ് അവശയായ കുഞ്ഞിൽ നിന്നും ഏങ്ങലടി  ഉയർന്നു താണു കൊണ്ടിരുന്നു.

നിറഞ്ഞു തുളുമ്പിയ കണ്ണുകൾ അമർത്തി തുടച്ച് നങ്കി മണിയന് പിന്നിലേക്ക് ഓടി. പൈപ്പിൽ നിന്നും വെള്ളം ചീറ്റുന്ന ശബ്ദം ഇരുട്ടിലൂടെ മണിയന്റെ കാതിൽ വന്ന് പതിച്ചു.

ചേലത്തലപ്പ് കൊണ്ട് കൈയ്യും കഴുത്തുമൊക്കെ തുടച്ച് മണിയനരികിലേക്ക് നടന്നു വന്ന്  കൈ നീട്ടി കുഞ്ഞിനെ വാങ്ങുമ്പോൾ  ആഹ്ലാദത്തോടെ നങ്കിയും കുഞ്ഞിനെ നൽകി ആശ്വാസത്തോടെ മണിയനും ചിരി കൈമാറി.

ഇരുളിന്റെ മറവിൽ കുഞ്ഞിന് പാലൂട്ടുമ്പോൾ നങ്കിയുടെ കണ്ണുകളിൽ നക്ഷത്രത്തിളക്കമേറിയിരുന്നു.

                             ⬛️◼️◾️▪️◾️◼️⬛️


നങ്കിയുടെ കണ്ണുകൾ ജാൻസിയെ ചുറ്റുവട്ടത്തൊക്കെ തിരഞ്ഞു. ചിത്തിരയുടെ കുഞ്ഞിന്റെ സംരക്ഷണമേറ്റെടുത്തിട്ട് രണ്ടു ദിവസമായി. ഈ രണ്ട് ദിവസവും ആശുപത്രിയിലുണ്ടായിരുന്നിട്ടും ജാൻസിയെ മാത്രമല്ല, വിക്ടറിനേയും എങ്ങും കണ്ടില്ല.

തന്റെ പ്രസവത്തിനും ജാൻസിയുടെ പ്രസവ നാടകത്തിനും ഒപ്പം നിന്ന നഴ്സിനെ കണ്ടതും നങ്കി ചോദിച്ചറിഞ്ഞു ജാൻസിയെപ്പറ്റി.

ജാൻസിയും വിക്ടറും കുഞ്ഞും വിദേശത്തേക്ക് പോയെന്നും, ആശുപത്രിയുടെ മേൽനോട്ടം ഇപ്പോൾ ജോസഫാണെന്നും അറിഞ്ഞതും നങ്കി മന്ദഹസിച്ചു. ജാൻസിയുടെ ഒളിച്ചോട്ടത്തെക്കുറിച്ചോർത്ത്.

കുഞ്ഞിനെ ഡിസ്ചാർജ് ചെയ്തപ്പോൾ, വീട്ടിലേക്ക് പുറപ്പെടാനിറങ്ങി ആശുപത്രി വരാന്തയിൽ നിന്നപ്പോഴാണ് ജോസഫിനെ വീണ്ടും കാണുന്നത്.

നങ്കിയെ കണ്ടിട്ടും കണ്ടില്ലെന്ന് ഭാവിച്ച് ജോസഫ് മണിയനോട് സംസാരിച്ചു. കുഞ്ഞിന്റെ ആരോഗ്യവും മണിയന്റെ ജോലിയുമൊക്കെ സംസാരത്തിലൂടെ കടന്നു പോയി. പിന്നെ, എന്താവശ്യം ഉണ്ടെങ്കിലും വന്ന് പറയണമെന്നുമൊക്കെ നിർദ്ദേശിക്കുന്നുണ്ട്.

കൊലുസ്സ് ആശുപത്രി മുറ്റത്ത് നിൽക്കുന്നത് കണ്ട് നങ്കി കുഞ്ഞുമായി കൊലുസ്സിനരികിലേക്ക് നടക്കാൻ തുടങ്ങിയതും ജോസഫിന്റെ വാക്കുകൾ നങ്കിയ്ക്ക് നേരെ വന്നു.

"നിന്റെ ഭർത്താവിന്റെ വീട്ടിൽ പ്രതിഷ്ഠ ഇരിക്കാൻ പോയിട്ടെന്തേ ചവിട്ടി പുറത്താക്കിയോ...."

മറുപടി പറയാതെ നങ്കി മുഖം തിരിച്ചു.

"ചവിട്ട് കിട്ടി സ്സാറേ... നങ്കിയ്ക്കല്ല... സിവന്.. ഓനൊള്ളത് കൊട്ത്തിട്ടാ നങ്കി ഓന്റ പെരേന്ന് എറങ്ങിയേ.." മണിയൻ ജോസഫിനുള്ള ഉത്തരം നൽകി.

"പോഗാം മണിയണ്ണാ..." നങ്കി മുന്നോട്ട് നടന്നു.

"നിൽക്ക് മണിയാ...കുഞ്ഞിനേം കൊണ്ട് വെയിലത്തു നടക്കണ്ട. ഞാൻ കൊണ്ടു വിടാം "

"വേണ്ട... ഞങ്ങള് പൊക്കോളാം..സ്സാർ..." നങ്കി പെട്ടെന്ന് പറഞ്ഞു.

"എങ്കിൽ കുഞ്ഞിനെ നീ മണിയന്റെ കൈയ്യിൽ കൊടുക്ക്. എന്നിട്ട് നടന്നു വാ. മണിയനും കുഞ്ഞും എന്റെ കാറിൽ വരും.."

നങ്കിയുടെ തല കുനിഞ്ഞു.

"ഊരിന് മുന്നീ ഞാ ഇപ്പൊ വലിയ കുറ്റക്കാരിയാ. താലി കെട്ടിയ പുരുഷനേം അയാൾട അമ്മയേം തല്ലിയവള്..

ഊരാളുകള് ന്നോട് എങ്ങന പെര്മാറൂന്ന് അറിയില്ല... സ്സാറിന്റ പേര് കൂട അയാള് തോന്നിയ പോല വിളിച്ച് പറേന്നൊണ്ട്. ഇപ്പൊ സ്സാറിന ന്റ കൂട കണ്ടാ... വെറ്തെ ഒര് കെട്ടപ്പേര് കേൾക്കണ്ട.." ജോസഫിനെ നോക്കാൻ പ്രയാസപ്പെട്ട് നങ്കി പറഞ്ഞു തീർത്തു.

"എനിക്കിതു വരെ അങ്ങനൊരു പേര് കിട്ടീട്ടില്ല. നിന്റെ കൂടെ കണ്ടോണ്ട് അങ്ങനൊരു പേര് കിട്ടാൻ യോഗം ഉണ്ടെങ്കില്.. എനിക്കതൊന്നു കേൾക്കണം...

മണിയാ.. അങ്ങോട്ടിറങ്ങി നിൽക്ക്, കാറുമായിട്ട് ഇപ്പൊ വരാം.."

ജോസഫ് നടന്നു പോയി.

"ബാ നങ്കീ...പേടിക്കാത. ചോയ്ക്കാൻ വര്ന്നോർക്കൊളള ഉത്തരം എന്റേലൊണ്ട് " മണിയൻ മുമ്പേ നടന്നു.

പിന്നാലെ നങ്കിയും.

                                     ▪️⬛️▪️


മണിയന്റെ പുരയിലേക്ക് കുഞ്ഞുമായി കയറുമ്പോൾ നങ്കിയുടെ മനസ്സിൽ ചിത്തിരയുടെ മുഖം തെളിഞ്ഞു വന്നു. ദൈവനിയോഗം എങ്ങനെയൊക്കെയാണ് തന്നെ തേടി വരുന്നതെന്ന അമ്പരപ്പോടെ നങ്കി കുഞ്ഞിനെ മാറോടണച്ചു.

അയല്പക്കത്തും വഴിവക്കിലുമൊക്ക നിറഞ്ഞ മുഖങ്ങളിൽ മുറുമുറുപ്പുകൾ ഉയർന്നു വന്നു. പക്ഷേ തന്റേടിയായ മണിയനെ ഉറക്കെ ചോദ്യം ചെയ്യാനോ നിലയ്ക്ക് നിർത്താനോ ആരും മുതിർന്നില്ല.

കുഞ്ഞിനെ കിടത്തിയതിനു ശേഷം നങ്കി പുറത്തേക്ക് വന്നു. ജോസഫ് തിരിച്ചു പോകാനിറങ്ങുകയായിരുന്നു.

"കുടിക്കാൻ കാപ്പി എട്ക്കാം..."

"വേണ്ടാ..

മണിയാ.. ഞാനിറങ്ങുന്നു. എന്ത്‌ ആവശ്യമുണ്ടെങ്കിലും ഹോസ്പിറ്റലിൽ വന്ന് എന്നെ കണ്ടാൽ മതി. പിന്നെ ഒട്ടും വൈകാതെ ജോലിക്ക് കയറാൻ ശ്രമിക്കണം..."

"ആ.. സരി സ്സാറേ..."

തുടർന്നൊരു സംഭാഷണത്തിന് നിൽക്കാതെ ജോസഫ് അവിടം വിട്ടു.

ജോസഫിന്റെ കാർ കണ്ണിൽ നിന്ന് മറയുന്നത് വരെ നങ്കി ഒരേ നിൽപ്പ് നിന്നു.

പുരയ്ക്കകത്തേക്ക് കയറിയപ്പോൾ മണിയൻ തൊട്ടില് കെട്ടുന്നതാണ് കണ്ടത്.

"ചിത്തിരേട തുണിയൊക്ക ഈട തന്നൊണ്ട്. നെനക്ക് മാറ്റി ഉടുക്കാന് അദെടുക്ക്....

എൻക്ക് നിയ്യ് ഒന്നും ചെയ്ദ് തരണ്ട. ന്റ കൊച്ചിന നോക്കിയാ മദി.. അധും നെനക്ക് പറ്റ്ന്ന കാലം വര മാത്തറം...

ഞാ ഇറയത്ത് കെടക്കാം. ന്തേലും ഒണ്ടേ വിളിച്ചാ മദി..."  പായും തലയണയുമായി മണിയൻ പുറത്തേക്കിറങ്ങി.

നിശ്വാസത്തോടെ നങ്കി അടുക്കളപ്പുറത്തേക്കും.

കുളിച്ചിറങ്ങുമ്പോൾ മണിയൻ ആരോടോ സംസാരിക്കുന്നതാണ് കേട്ടത്. വെറും സംസാരം അല്ല...ഒച്ചയുണ്ടാക്കിയാണ് സംസാരിക്കുന്നത്. അതും തർക്കിക്കുന്ന പോലെ. നങ്കി പുരയ്ക്കകത്തു കൂടി ഇറയത്തേക്ക് നടന്നു.

മണിയന്റെ അക്കയാണ് മുറ്റത്ത് നിൽക്കുന്നത്,  കനകം.

"ഇന്നൊര്ത്തന്റ പെണ്ണിന ഞാ കൂട പൊറുപ്പിക്കാൻ കൊണ്ട് വന്നയാണെന്ന് നിങ്ങ്ളോട് ആരാ പറഞ്ഞേ... ന്റ കൊച്ചിന്റ കാരിയം നോക്കാനാ നങ്കിപ്പെണ്ണിന ഞാ പെരേ കൊണ്ട് വന്നേ..."

"നെന്റ കൊച്ചാ...." കനകം പുരികം ചുളിച്ചു.

"ആ.. ന്റ കൊച്ച് തന്ന..."

"ഊര് വിട്ട് എവന്റോ കൂട ഓടി പോയോൾക്ക് ഒണ്ടായ കൊച്ച്, നെന്റ കൊച്ച് ആഗുന്ന എങ്ങനാടാ..

ഹും.... ഓടി പോയോൾക്ക് ഒണ്ടായ കൊച്ചിന നോക്കാന് നിയ്യ് കൂട കൂട്ടിയ ഇവ്വ്ള് കൊള്ളാ...." കനകത്തിന്റെ ചൂണ്ടു വിരൽ ഇറയത്തേക്ക് നീണ്ടു.

മണിയൻ അപ്പോഴാണ് നങ്കിയെ കണ്ടത്.

"കെട്ടിയ പുരുസന ചവുട്ടി മറിച്ചിട്ട് ഓടിപ്പോയോളയേ നെനക്ക് കണ്ടൊള്ളാ കൊച്ചിന നോക്കാന്...

വണ്ടിയേലൊക്ക അല്ലേ ഈള കാണാന് ആളോള് വര്ന്നദ്...

ഈള പ്പോല ഒള്ളോര ഒക്ക ഊരീന്ന് ഓട്ടിക്കണം...

ന്റ മാടൻ തമ്പിരാനെ... യ്യി ഊര് മുടിയാത കാത്തോണേ..." കനകം നെഞ്ചില് കൈവച്ചു.

"കെട്ടിയ പുരുസനെ നങ്കിപ്പെണ്ണ് അടിച്ചേല് അദ്നു കാരിയം ഒണ്ടായിട്ടാ..." മണിയൻ വാദിക്കും പോലെ നിന്നു.

"കെട്ടിയ പെണ്ണിന പുരേല് വച്ചിട്ട് രാഗസിയമായി വേറ കല്ലാണം കയ്ച്ചവൻ യ്യി നാട്ടീ തന്ന താമസിക്കുന്നൊണ്ട്. ആദിയം അവന ഓട്ടിക്ക്...

ഇദ് നോക്കക്കാ... നങ്കിപ്പെണ്ണിനെ എറക്കി വിടാന് എൻക്ക് ഉദ്ധേസമില്ല... വേറ കാരിയം എന്തേലും പറാനൊണ്ടേ ഈട നിക്ക്... യില്ലേ പെട്ടെന്ന് പോ...." മണിയൻ തിരിഞ്ഞു നടന്ന് ഇറയത്തേക്ക് പോയിരുന്നു.

"ഈള് നെന്ന വസിയം ചെയ്ദല്ലോ.... നെനക്കിപ്പോ സൊന്തം രത്തത്തെ വേണ്ടാ... അപ്പനും അമ്മയും ചത്തേല് പിന്ന നെനക്ക് ഞാ മാത്തറെ ഒണ്ടാര്ന്നൊള്ള്... അദ് നിയ്യ് മറന്നല്ല...

ഞാ പോണ്... യിനി നിയ്യ് ചത്താ കൂട ഞാ വരൂല്ല... നിയ്യും ന്റ ചാവിന് കൂടാൻ വരല്ലും..." മൂക്ക് പിഴിഞ്ഞ് ഏങ്ങലോടെ കനകം മുറ്റമിറങ്ങിപ്പോയി.

"വേണ്ടാര്ന്ന് മണിയണ്ണാ.. എന്ന അല്ലേ പറഞ്ഞ... അദ്ന് ഒര് ചണ്ട ഒണ്ടാക്കണ്ടാര്ന്ന്.." നങ്കിയുടെ സ്വരം സങ്കടത്തിലാഴ്ന്നു.

"നെനക്കെന്തറിയ്യാ നങ്കിപ്പെണ്ണേ... വെറ്തെയാ...നിയ്യ് കൂട ഇല്ലേലും, ഞാ ചത്താ ആരും വരില്ല... യ്യി പ്പോയ സൊന്തം രത്തം പോലും..." പുച്ഛം നിറഞ്ഞ ഒരു ചിരി മണിയന്റെ ചുണ്ടിൽ നാമ്പിട്ടു.

                                
                                     ⬛️▪️⬛️


ചിത്തിരയുടെ കുഞ്ഞിന്റെ അമ്മയായി ജീവിക്കാൻ തുടങ്ങിയിട്ട് ഒരാഴ്ച്ച കഴിഞ്ഞു. മണിയൻ വീണ്ടും  വേലയ്ക്ക് പോയി തുടങ്ങി. നങ്കിയും കുഞ്ഞും മാത്രമായ പകൽ നേരങ്ങളിലൊന്നിലാണ് തങ്കം നങ്കിയെ തേടി വന്നത്.

സൗഹൃദത്തിന്റെയും നിർവചിക്കാനാകാത്ത ആത്മബന്ധത്തിന്റെയും തണലിൽ നങ്കി വീണ്ടും ചേക്കേറി. മണിയൻ വേല കഴിഞ്ഞ് മടങ്ങി വരുന്നത് വരെ തങ്കം നങ്കിയ്ക്ക് തുണയായിരുന്നു.

രാത്രിയിലായാലും പകലായാലും പുരയിലുള്ളപ്പോഴൊക്കെ മണിയൻ ഇറയത്ത് തന്നെ കഴിച്ചു കൂട്ടി. ഊണും ഉറക്കവുമൊക്കെ ഇറയത്ത് തന്നെയാക്കി.

നങ്കിയോടെ അമിതമായി ഇടപഴകാനോ അധികാരം കാട്ടാനോ ഒന്നും അടിച്ചേൽപ്പിക്കാനോ മണിയൻ  മുതിർന്നില്ല.

നങ്കിയെ നങ്കിയുടെ ലോകത്തേക്ക് വിട്ടു. ഇഷ്ടമുള്ളത് ചെയ്യാനും സ്വതന്ത്രമായി ചിന്തിക്കാനുമൊക്കെ അവസരമൊരുക്കി കൊടുത്തു കൊണ്ട്.

നങ്കിയും മണിയന്റെ ലോകത്തേക്ക് കടക്കാൻ ശ്രമിച്ചില്ല. ആ പുരയിൽ അവരെ ബന്ധിപ്പിച്ച ഒന്നേ ഒന്ന് ചിത്തിരയുടെ കുഞ്ഞ് മാത്രമായിരുന്നു.

തങ്കവുമായി വർത്താനം പറഞ്ഞിരുന്ന ഒരു സന്ധ്യാ നേരത്താണ് മണിയൻ വേല കഴിഞ്ഞ് വന്നു കയറിയത്.

മുഷിഞ്ഞ വേഷവും ഉറയ്ക്കാത്ത കാലുകളും കണ്ണുകളിലെ മയക്കവും നങ്കിയെ അമ്പരപ്പിച്ചു. ചിത്തിരയുടെ മരണ ശേഷം ആദ്യമായാണ് മണിയനെ ഈ കോലത്തിൽ കാണുന്നത്. കുഞ്ഞിന് വേണ്ടിയാണ് ഇനിയുള്ള ജീവിതമെന്ന് പറഞ്ഞ ദിവസം മറ്റൊരു തീരുമാനവും പ്രഖ്യാപിച്ചിരുന്നു, ഇനി ഒരിക്കലും കള്ള് കുടിക്കില്ലെന്ന്....

"നിയ്യ് കുടിച്ചിട്ടൊണ്ടാ മണിയാ...?" തങ്കം മണിയനെ ചൂഴ്ന്നു നോക്കി.

മറുപടി പറയാതെ മണിയൻ നങ്കിയ്ക് മുന്നിലേക്ക് വന്നു നിന്നു.

നങ്കി ഒരു ചുവട് പിന്നിലേക്ക് മാറി. ചെത്ത് കള്ളിന്റെ രൂക്ഷഗന്ധം നങ്കിയ്ക്ക് ശിവന്റെ ഓർമ്മപ്പെടുത്തലുണ്ടാക്കി.

"ഞാ ഒര്.. കാരിയം ചോയിച്ചാ.. നിയ്യ്.. നിയ്യ്..നേര് പറയ്യോ..?" മണിയന്റെ ശബ്ദം കുഴഞ്ഞു മറിഞ്ഞു പുറത്തേക്ക് വന്നു.

നിശബ്ദയായി മണിയനെ രൂക്ഷമായി നോക്കി നങ്കി ആ ചോദ്യത്തോട് പ്രതികരിച്ചു.

"ഞാ കുടിച്ചേല് നെനക്ക് ദേസ്യം ഒണ്ടെന്ന് അറിയ്യാം... പച്ചേല്... കുടിക്കാത എൻക്ക് പറ്റൂല്ലാര്ന്ന് നങ്കീ...

ഞാ ഇന്ന് അറിഞ്ഞ കാരിയം... അദ് നേരാണോന്ന് എൻക്ക് നെന്നോട് ചോയിക്കണം... അദ്ന് എൻക്ക് കുടിക്കണാര്ന്ന്..."

"എന്ത്‌...?" നങ്കി തിരിയെ ചോദിച്ചു.

"ചോദിക്ക്..."

"അദ്.... അദ്...ചത്ത് പോയ കൊച്ചില്ലേ.. നിയ്യ് പെറ്റ... അദ്... അദ്.. ആസ്പത്രീല ആ സ്സാറിന്റ കൊച്ചാണാ... വിറ്ററു സാറിന്റ...

ആ സ്സാറിന്റ കൊച്ചിന ആണാ നിയ്യ് പെറ്റ...?"

"ചത്ത് പോയ് കൊച്ചാ....!!?" തങ്കം ഉറക്കെ ചോദിച്ചു.

"അക്കാ.... ഞാ ചോദ്ക്കട്ട്..." നങ്കി തങ്കത്തിനെ തടഞ്ഞു. പിന്നെ മണിയനെ നോക്കി.

"എനിക്ക് രണ്ട് കാരിയം അറിയ്യണം. ന്നിട്ട് ഞാ ആ ചോദിയത്തിന്റ ഉത്തരം തരാം...

ഒന്ന്... വിക്റ്റർ സ്സാറിന്റ കൊച്ചിനയാ ഞാ പെറ്റേന്ന് മണിയണ്ണനോട് ആരാ പറഞ്ഞേ...?"

"അദ്..... സിവൻ... വേല കൈഞ്ഞ് വര്മ്പോ ഓന കണ്ട്... എന്ന കാത്ത് നിപ്പോണ്ടാര്ന്ന്...."

തങ്കത്തിന്റെ മുഖം ദേഷ്യം കൊണ്ട് വിറച്ചു.

"ഉം...

യിനി.... അയാള്ട കൂടാണാ.. ഇന്ന് ഇങ്ങന കുടിച്ചേ..."

"..... ഉം...." അറച്ചറച്ച് മണിയൻ മൂളി.

നങ്കി തങ്കത്തിന്റെ മുഖത്തേക്ക് നോക്കി.

"ശരി... എനി മണിയണ്ണന്റ ചോദിയത്തിന്റ ഉത്തരം ഞാ തരാം...

വിക്ട്ടർ സ്സാറിന്റ കൊച്ചിനയാ ഞാ പെറ്റേ... മണിയണ്ണൻ അങ്ങനല്ലേ അറിഞ്ഞേക്ക്ന്ന. അപ്പൊ അദ് തന്നാ നേര്.." അമർഷത്തോടെ നങ്കി പറഞ്ഞു.

മണിയന്റെ കണ്ണുകളിൽ അവിശ്വസനീയത നിറഞ്ഞു.

"നീ... ഛെയ്... ഞാ നെന്നപ്പറ്റി ഇങ്ങന നിരീച്ചില്ല നങ്കീ..." മണിയൻ മുഖം തിരിച്ചു.

"മണിയാ..... -" തങ്കം ശാസനയോടെ വിളിച്ചു.

"വേണ്ടാക്കാ...കള്ള് വാങ്ങിക്കൊട്ത്തവന്റ വാക്കിന വെല മതിച്ച് വന്ന അല്ലേ... അങ്ങന തന്നിരിക്കട്ട്..."

"ഓൻ പറഞ്ഞ നേരാന്ന് നിയ്യും സമ്മയ്ച്ചില്ലേ..." മണിയൻ നീരസത്തോടെ പറഞ്ഞു.

"എന്ന പറ്റി എല്ലാം നെൻക്കറിയ്യാം. ചിത്തിര ഇന്നൊര്ത്തന്റ കൂട ഓടി പോഗാനൊള്ള കാരണം വര...

ആ നിയ്യ് എന്നിട്ടും ന്നോട്... ഒര് വാക്ക് പറയ്യാര്ന്ന്..." കൂടുതലൊന്നും പറയാനോ കേൾക്കാനോ നിൽക്കാതെ മണിയൻ ഇറങ്ങിപ്പോയി.

നങ്കി കുഞ്ഞിനെ നെഞ്ചോടണച്ചിരുന്നു.

"ആ സീവൻ നെന്റ പൊറകെ തന്നൊണ്ട്. ഏടേം സൊസ്തായിട്ട് ചീവിക്കാൻ ഓൻ സമ്മയ്ക്കൂല്ലാന്ന് തോന്ന്ന്ന്...." തങ്കം പല്ല് ഞെരിച്ചു ദേഷ്യം പ്രകടിപ്പിച്ചു കൊണ്ട് പറഞ്ഞു.

ഒന്നും മിണ്ടാതെ നങ്കി പുറത്തെ ഇരുട്ടിലേക്ക് നോക്കിയിരുന്നു.

       
                                    ▪️▪️

വെളുക്കുവോളം നങ്കിയ്ക്കും കുഞ്ഞിനും കൂട്ടിരുന്നിട്ട് തങ്കം പുരയിലേക്ക് പോയി. രാത്രി തിരക്കി വന്ന മുരുകനോട് തങ്കം എല്ലാം വിശദമായി പറഞ്ഞിരുന്നു. തക്കം കിട്ടിയാ ശിവനെ വീട്ടിക്കൊല്ലുമെന്ന് രോഷപ്പെട്ടു കൊണ്ട് മുരുകൻ രാത്രി തന്നെ വീട്ടിലേക്ക് മടങ്ങി.

കുഞ്ഞിനെ കുളിപ്പിച്ച് ഒരുക്കി കൊണ്ടിരുന്നപ്പോഴാണ് മുറ്റത്ത് തങ്കത്തിന്റെ ശബ്ദം കേട്ടത്. കുഞ്ഞുമായി നങ്കി ഇറയത്തേക്കിറങ്ങി.

തങ്കം മാത്രമല്ല, ഒപ്പം മുരുകനും മണിയനുമുണ്ടായിരുന്നു. തലേന്നത്തെ അതേ മുഷിഞ്ഞ വേഷത്തിൽ.

"ഇന്ന് വേലയില്ലേ മുരുഗണ്ണാ...?" നങ്കി മുരുകനോടായി ചോദിച്ചു.

"യില്ല... പോയില്ല..

നങ്കിപ്പെണ്ണേ... മണിയന് നെന്നോട് മാപ്പ് പറേണോന്ന്..

ഓന കുറ്റം പറാന് ഒക്കത്തില്ല... ഓൻ സമ്സയം ചോയിച്ച കാരിയം നിയ്യ് സമ്മയ്ച്ച് കൊട്ത്തില്ലേ...അപ്പൊ പിന്ന ഓനെന്താ വേണ്ട....

ഇന്നല രാത്തിരി ആ കൊളത്തിന്റ അട്ത്ത് കെടക്ക്‌ന്ന കണ്ട് ഞാ പൊരേ കൂട്ടിക്കൊണ്ട് പോയേദ്.. ഈട വന്നപ്പോ തങ്കം കാരിയമെല്ലാം പറഞ്ഞോണ്ട് എൻക്ക് സമ്പവം മൻസ്സിലായി..

നേരം പൊലന്നപ്പോ, തലേല് കെട്ടെറങ്ങിയപ്പോ ഞാ ഒള്ള നേര് മണിയന് പറഞ്ഞ് കൊട്ത്ത്...അദ് വേണോന്ന് എൻക്ക് തോന്നി..കേട്ടപ്പ ഓന് നെന്നോട് മാപ്പ് പറേണോന്ന് പറഞ്ഞ്. അദാ കൂട തന്ന വന്ന..." മുരുകൻ വിശദമായി എല്ലാം പറഞ്ഞു.

നങ്കിയ്ക്ക് മുന്നിലേക്ക് വന്ന് മണിയൻ എന്തോ പറയാൻ തുനിഞ്ഞതും നങ്കി തടഞ്ഞു.

"ഷമ ഒന്നും വേണ്ട മണിയണ്ണാ... ഞാ നേര് മറച്ച് വച്ചതും ഒര് തെറ്റല്ലേ... ഇന്നല ചോദിച്ചപ്പ പോലും ഒന്നും പറയാഞ്ഞത് അപ്പൊ തോന്നിയ ദേശിയോം സങ്കടോം കൊണ്ടാ...

യിനി കൊച്ചിന് വേണ്ടി ജീവിക്കണോന്ന് പറഞ്ഞ ആള്... ഒരിക്കലും കുടിക്കില്ലാന്ന് തീര്മാനിച്ചിട്ട്  കുടിച്ചിട്ട് വന്ന കണ്ടപ്പോ...

അധും.... അയാള്ട കൂട...." നങ്കിയുടെ കണ്ണിൽ നീർ പൊടിഞ്ഞു.

മണിയന്റെ തല കുനിഞ്ഞു.

കുഞ്ഞുമായി നങ്കി പുരയ്ക്കുള്ളിലേക്ക് കയറിപ്പോയി. പിന്നാലെ തങ്കവും.

"ഓന കൊല്ലയാ വേണ്ടേ...." മുരുകൻ പല്ല് ഞെരിച്ചു.

"നങ്കിയ്ക്ക് വേണ്ടി ചെലപ്പ ഞാ തന്ന അദ് ചെയ്യും മുരുഗണ്ണാ...." മണിയൻ മുഷ്ടി ചുരുട്ടി അരഭിത്തിയിലേക്ക് ആഞ്ഞടിച്ചു കൊണ്ട് പറഞ്ഞു.

"നങ്കിയ്ക്ക് വേണ്ടി... ഞാ ഒന്ന് ചോയിക്കട്ടെ മണിയാ..." മുരുകൻ മുഖവുരയോടെ ചോദിച്ചു.

എന്തെന്ന ഭാവത്തിൽ മണിയൻ മിഴിയൂന്നി.

"എന്തായാലും നിങ്ങ്ള് രണ്ടും ഒര് പൊരേ താമസിക്ക്ന്ന്... അപ്പ... നിങ്ങക്കങ്ങ് ഒന്നായ്ക്കൂടേ... ഒര് താലി കെട്ടീട്ട്...."

കൈയ്യിൽ കാപ്പിയുമായി ഇറങ്ങി വന്ന നങ്കി മുരുകന്റെ വാക്കുകൾ കേട്ട് പടിക്കൽ തന്നെ നിന്നു പോയി.

"ഇല്ല... അദ് സരിയാവില്ല മുരുഗണ്ണാ..." മണിയന്റെ മറുപടി പെട്ടെന്ന് വന്നു.

"അദെന്താ...?" ചോദ്യവുമായി തങ്കം പുറത്തേക്ക് വന്നു.

നങ്കിയേയും തങ്കത്തിനേയും കണ്ട് മണിയന്റെ തല കുനിഞ്ഞു.

"പറേഡ മണിയാ... പ്രച്ച്ന എന്താ..?"

"നങ്കിയ്ക്ക് നല്ലൊര് തൊണ വേണം... ഒര് കൊറവും ഇല്ലാത്ത..."

"അദ്ന് നെനക്കെന്താ കൊറവ്..!!!?"

മണിയൻ നങ്കിയുടെ മുഖത്തേക്ക് നോക്കി.

"ഇനി ഒര് കല്യാണം ന്റ മനസ്സിലും ഇല്ലക്കാ... " ഒരു തീർപ്പ് പോലെ പറഞ്ഞു കൊണ്ട് നങ്കി കാപ്പി മണിയനും മുരുകനും നൽകി തിരിഞ്ഞ് നടക്കവേ മണിയന്റെ പിൻവിളി വന്നു.

"നങ്കീ....

... ആസ്പത്രീല സ്സാറ് എന്നും നെന്ന പറ്റി തെരക്കും...

നെനക്ക് സുഗാണോ... സിവൻ പ്രച്ച്ന എന്തേലും ചെയ്യ്ന്നോണ്ടാ... ഇങ്ങന എന്നും എന്തേലും ചോയിക്കും..."

നങ്കി തങ്കത്തിനെ നോക്കി. ഒരു പുഞ്ചിരി തങ്കത്തിന്റെ ചുണ്ടിൽ തത്തിക്കളിച്ചു.

നങ്കി മണിയനെ നോക്കി.

"അനീത്തിക്ക് ഉപകാരം ചെയ്ദ അല്ലേ... അതാവും..." നങ്കിയുടെ അഭിപ്രായം പെട്ടെന്ന് വന്നു.

തുടരും.....✍️

💜



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ