©️Copyright Protected
...............✍️
🎲🎲🎲🎲🎲🎲
ജയിലിനുള്ളിലെ തടവുകാരി നേടിയ ഉന്നത വിജയത്തെക്കുറിച്ച് വാർത്തയാക്കാൻ വന്ന മാധ്യമപ്രവർത്തകനോട് സംസാരിക്കാൻ പോലും കൂട്ടാക്കാതെ നങ്കി സെല്ലിനുള്ളിൽ കഴിച്ചു കൂട്ടി.
തുടർപഠനത്തിന് താല്പര്യമില്ലെന്ന് സൂപ്രണ്ടിനെ അറിയിച്ചപ്പോൾ, അവർ ശാസിക്കുകയാണുണ്ടായത്.
"പഠിച്ച് ഡോക്ടറോ കളക്ടറോ.. അങ്ങനെ എന്തെങ്കിലുമോ ആകണോന്ന് ഞാൻ പറയുന്നില്ല... പക്ഷേ, ഒരടിസ്ഥാന വിദ്യാഭ്യാസം... അത് നേടുന്നത് കൊണ്ട് ദോഷങ്ങളൊന്നും നിനക്ക് സംഭവിക്കില്ല... നിന്റെ മക്കൾക്കും അത് ഉപകാരപ്പെടുകയെ ഉള്ള്..
ആദിവാസി ഊരുകളില്, നിന്നെപ്പോലെ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട ഒരുപാട് പെൺകുട്ടികളില്ലേ... നാളെ അവർക്കൊരു പാഠമാകണം നീ...
എത്ര വലിയ പ്രതിസന്ധികൾക്കിടയിലാ നീയീ വിജയം നേടിയേ... അത് കാണുമ്പോ അവരിൽ പലർക്കും, അല്ലെങ്കിൽ ചില മാതാപിതാക്കൾക്കെങ്കിലും തോന്നും അവരുടെ മകളെ പഠിപ്പിക്കണമെന്ന്...."
തല കുനിച്ചു നിന്നതല്ലാതെ നങ്കി ഒരു പ്രതികരണവുമുതിർത്തില്ല.
"ശരി.. ഇനി നിന്റെ ഇഷ്ടം...
പൊക്കോ..."
സെല്ലിനുള്ളിൽ എത്തിയപ്പോഴും ഉപദേശവും ശാസനയുമായി കൂടപ്പിറപ്പുകളെ പോലായവർ ചുറ്റും കൂടി.
ഉച്ചയൂണ് കഴിഞ്ഞിരുന്ന നേരത്താണ് സന്ദർശകനുണ്ടെന്ന അറിയിപ്പ് വന്നത്. നിച്ചുവിനെയല്ലാതെ മറ്റാരെയും പ്രതീക്ഷിക്കാനില്ലാതെ നങ്കി മന്ദം നടന്നു. ഉള്ളിൽ നേരിയ ചിന്താകുഴപ്പത്തോടെ, 'നിച്ചു വന്നിട്ട് പോയിട്ട് രണ്ടു ദിവസം കഴിഞ്ഞതേയുള്ളൂ... മാസത്തിൽ ഒരിക്കലാണ് അവൻ വരുന്നതും... പിന്നെ എന്താ ഇത്ര പെട്ടെന്ന്...!!!?'
വിദൂരമല്ലാതെ, അഴികൾക്കപ്പുറം ജോസ്സിന്റെ മുഖം കണ്ടതും അമ്പരപ്പോടെ ചുറ്റിനും നോക്കി. തനിച്ചാണെന്ന് മനസ്സിലായപ്പോൾ വിളറിയ മുഖത്തോടെ ചെന്നു നിന്നു.
"നിച്ചുവിനോട് എന്നെപ്പറ്റി തിരക്കിയോ..?" മുഖവുരയൊന്നും കൂടാതെ ജോസഫ് ആരാഞ്ഞപ്പോൾ പതർച്ചയോടെ നങ്കി മുഖം കുനിച്ചു.
"നിന്നെ അന്ന് കണ്ടിട്ട് തിരികെ പോകുന്ന വഴിക്കാ അവനെന്നോട് പറഞ്ഞത്...
എന്താ കാര്യം...?" തികഞ്ഞ ഗൗരവത്തോടെയുള്ള ചോദ്യം വന്നതും, എന്തു പറയണമെന്ന് നിശ്ചയമില്ലാതെ നങ്കി അയാളുടെ മുഖത്തേക്ക് നോക്കി.
"അത്... പിന്നേ... വെറ്തെ..
..സാറ് എപ്പഴും കൂട വന്നിട്ടും... പുറത്ത് നിൽക്കയാണെന്ന് നിച്ചു പറഞ്ഞപ്പോ... ചോദിച്ചതാ... അറിയാതെ..."
"ഉം....
നിന്നോടെനിക്കൊരു കാര്യം പറയാനുണ്ട്...."
എന്തെന്ന ഭാവത്തിൽ നങ്കി കണ്ണ് കൂർപ്പിച്ചു.
"ഇവിടെ നിന്നും പുറത്തിറങ്ങുമ്പോ പറയാന്ന് തീരുമാനിച്ചിരുന്നതാ... പക്ഷേ ഇപ്പോ അത് പറയേണ്ടത് അനിവാര്യമാണെന്ന് തോന്നി..
ഒരു കഥ പോലെ കേൾക്കാം നിനക്ക്... എല്ലാ കഥകൾക്കു പിന്നിലും തള്ളേണ്ടേം കൊള്ളേണ്ടേം ഒരു പാഠം കാണുമല്ലോ... ഞാൻ പറയുന്നത് കേട്ടിട്ട് നിനക്ക് തോന്നുന്നതെന്തോ അത് നിന്റെ ജീവിതത്തിൽ പ്രാവർത്തികമാക്കാം... കേട്ടതൊക്കെ അവഗണിക്കുകയാണെങ്കിൽ കൂടി അങ്ങനെയുമാകാം... നിന്റെ ഇഷ്ടം...
ങ്ഹും.." ഒരു ചെറു നിശ്വാസമുതിർത്ത് ജോസഫ് തയ്യാറെടുത്തു.
"കുറേ കൊല്ലം മുമ്പ് നടന്ന സംഭവമാണ്... നിങ്ങളുടെ ഊരിൽ നിന്നും...." ഒരു കഥയുടെ ആമുഖത്തോടെ ജോസഫ് തുടങ്ങി. അയാളുടെ വിരലുകൾ മുന്നിലെ അഴികളിൽ മുറുകി.
"ദാരിദ്ര്യവും പട്ടിണിയും രോഗവും മരണവും പിടിമുറുക്കിയ ആദിവാസി ഊരിൽ, സന്നദ്ധ പ്രവർത്തനങ്ങൾക്കെത്തിയ സാമൂഹ്യ പ്രവർത്തകർ ഒരു കൂരയിൽ നിന്നും കണ്ടെത്തിയത് പുഴുവരിച്ച ഒരു പതിനാല്കാരിയെയാ.. അഞ്ചു മാസം ഗർഭിണി കൂടിയായ ആ പെൺകുട്ടിയെ അവർ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി രക്ഷപെടുത്തി..
അച്ഛനാരെന്നറിയാത്ത കുഞ്ഞിനെ ചുമക്കുന്ന പതിനാല്കാരിക്ക് ശാരീരികമായി മാത്രമല്ല... മാനസികമായും ഒരുപാട് പീഡനനങ്ങളേറ്റിട്ടുണ്ടെന്ന് മനസ്സിലാക്കി പള്ളി വക ഒരാനാഥാലയത്തിലേക്ക് മാറ്റി പാർപ്പിച്ചു.
ഉറ്റവരും ഉടയവരുമൊന്നും തേടി വരാനില്ലാത്ത.. സ്വന്തം പേര് പോലും അറിയാത്ത പെൺകുട്ടിക്ക് മേരി എന്ന് പേര് നൽകി, അനാഥാലയത്തിന്റെ മകളാക്കി.
പരിചരണങ്ങൾക്കും വാത്സല്യത്തിനും നടുവിൽ മേരി പ്രസവിച്ചു. പ്രസവിച്ച വയറിന്റെ ദൗർബല്യവും മാനസിക സംഘർഷവും പ്രായക്കുറവുമൊക്കെ കുഞ്ഞിനേയും ബാധിച്ചു. മാനസികമായും ശാരീരികമായും വൈകല്യവുമുള്ള ഒരാൺകുഞ്ഞ്... അവന് പേരുമിട്ടു, ജോൺ. രണ്ടര വയസ്സിൽ ജന്നി വന്ന് ആ കുഞ്ഞ് മരിക്കുമ്പോ, അമ്മയായ മേരിക്ക് പതിനാറ് വയസ്സ്.
പിന്നെ നിരന്തരമായ കൗൺസിലിംഗും പ്രാർത്ഥനകളും. ഒടുവിൽ ജീവിതത്തിലേക്ക് പിടിച്ചു കയറിയത് പിച്ച വയ്ക്കുന്ന കുഞ്ഞിനെപ്പോലെ.
പിന്നീട് ചുറ്റുമുള്ളവരുടെ പ്രേരണയും സ്നേഹവും ജീവിതത്തിന്റെ പുതിയ പടവുകളിലേക്ക് കാലെടുത്തു വയ്ക്കാൻ മേരിയ്ക്ക് പ്രചോദനമായി.
ഒരു നേഴ്സായി സേവനമനുഷ്ഠിക്കുന്നതിനിടയ്ക്കാ നാട്ടില് അറിയപ്പെടുന്ന വലിയ കുടുംബമായ കന്നിന്മേലിലെ ഔസേപ്പിന്റെ മകൻ ആന്റണിയ്ക്ക് മേരിയോട് ഇഷ്ടം തോന്നിയത്.
കുടുംബക്കാരോട് വാശി പിടിച്ച് സമ്മതം വാങ്ങി മേരിയെ ചെന്ന് കണ്ടപ്പോ, മേരിക്ക് സമ്മതമല്ല. എന്തൊക്കെ പറഞ്ഞിട്ടും ഒഴിയില്ലെന്ന് മനസ്സിലായപ്പോ, തന്റെ ഭൂതകാലം മുഴുവൻ ആന്റണിയോട് മേരി വെളിപ്പെടുത്തി.
ആദിവാസി സമുദായത്തിൽ പെട്ടതാണെന്ന് തൊട്ട് ആരാലൊക്കെയോ ഗർഭം ധരിച്ച കൗമാരവും പ്രസവവും കുഞ്ഞിന്റെ മരണവും അങ്ങനെ.. അങ്ങനെ എല്ലാം തുറന്നു പറഞ്ഞു.
ഒക്കെയും കേട്ടിട്ട് ആന്റണി തിരികെ പോകുമെന്നാ മേരി കരുതിയത്. പക്ഷേ, മേരിയെ മാത്രമേ വിവാഹം കഴിക്കൂ എന്ന തീരുമാനം അണുവിട മാറ്റാതെ ആന്റണി മേരിയ്ക്ക് മുന്നിൽ നിലയുറപ്പിച്ചു. എന്നിട്ടും വഴങ്ങാത്ത മേരിയോട് കട്ടായം തന്റെ നിലപാട് അറിയിച്ചു.
ഒന്നുകിൽ മേരിയെ കെട്ടും... അല്ലെങ്കിൽ പുരോഹിതനാകും..
കന്നിന്മേൽ തറവാട്ടിലെ ഔസേപ്പിന് നാല് പെണ്ണും ഒരാണുമാ മക്കൾ. ആകെയുള്ള ഒരേ ഒരാൺതരിയെ കൈവിട്ടു പോകാതിരിക്കാൻ ഔസേപ്പ് തന്നെ മുൻകൈയെടുത്ത് മേരിയെ കൊണ്ട് വിവാഹത്തിന് സമ്മതിപ്പിച്ചു.
മേരിയുടെ കഴിഞ്ഞു പോയ കാലം ആന്റണിയെപ്പോലെ തന്നെ മനസ്സിലാക്കിയ ഔസേപ്പിന്, മകനെ ബാധിക്കാത്ത മേരിയുടെ പോയ കാലം ഒരു പ്രശ്നമായി തോന്നിയില്ല. ആന്റണിയെ തിരുത്താനാകില്ല എന്ന തിരിച്ചറിവ് കൂടി കൊണ്ടാകാം, മേരിയുടെ സമ്മതം കിട്ടിയ പാടെ കല്യാണം നടത്തി.
രണ്ടു മൂന്ന് കൊല്ലങ്ങൾക്കിപ്പുറം ആദ്യത്തെ മകൻ ജനിച്ചു. ആറു വർഷം കഴിഞ്ഞ് മകളും. ആ മകനാണ് ഇപ്പോ നിനക്ക് മുന്നിൽ നിൽക്കുന്ന ജോജു എന്ന ജോസഫ് ആന്റണി.. മകളെയും നീയറിയും... ജാനി എന്ന ജാൻസിആന്റണി.... "
അവിശ്വസനീയതയോടെ നങ്കിയുടെ കണ്ണുകൾ ജോസഫിൽ ചൂഴ്ന്നു.
"സാർ...!!!!"
"മമ്മയുടെ ആഗ്രഹമായിരുന്നു സ്വന്തം ഊരിലെ കുട്ടികൾക്കായി ഒരു സ്കൂൾ... പപ്പ, മമ്മയ്ക്ക് ആദ്യമായി സാധിച്ചു കൊടുത്ത ആഗ്രഹം അതായിരുന്നു. ആ സ്കൂളിലാണ് നീ പഠിച്ചത്..
പിന്നെ ഒരു ഹോസ്പിറ്റൽ പണിയണമെന്ന ആഗ്രഹം വർഷങ്ങൾക്കു ശേഷം അറിയിച്ചപ്പോഴും പപ്പയ്ക്ക് രണ്ടാമതൊന്ന് ആലോചിക്കാനുണ്ടായിരുന്നില്ല. അതിനുള്ള സ്ഥലവും സാഹചര്യവും സൗകര്യവുമൊക്കെ ഒത്തു വന്നത് ചീനൂരിലും. പക്ഷേ... ഉദ്ഘാടനത്തിന് മുമ്പേ പപ്പ പോയി...
ജാൻസി മെഡിസിന് പഠിക്കുമ്പോഴാ മമ്മ ഹോസ്പിറ്റൽ പണിയുന്ന ആഗ്രഹം പറയുന്നത്. ഒരു ആദിവാസി ഊരിനോട് ചേർന്ന് അങ്ങനെയൊന്ന് ചെയ്യുന്നതിനോട് ജാൻസിക്ക് എതിർപ്പായിരുന്നു.
അവൾക്കു വേണ്ടി വക്കാലത്ത് പിടിച്ച് ഒടുവിൽ തർക്കം മൂത്തപ്പോഴാ മമ്മ തന്നെ സ്വന്തം കഥ എന്നോട് പറയുന്നത്. എന്തിനും പപ്പയോട് തർക്കിക്കുന്ന താന്തോന്നിയായ മകനെ പിടിച്ചു നിർത്താൻ മമ്മയ്ക്ക് വേറെ വഴി കണ്ടില്ല എന്ന് പറയുന്നതാവും ശരി.
പഴയ ദുരനുഭവങ്ങൾ മമ്മയുടെ ആരോഗ്യത്തെ അപ്പോഴേക്കും വേട്ടയാടി തുടങ്ങിയിരുന്നു.
പിന്നെ എനിക്കൊന്നും പറയാനുണ്ടായിരുന്നില്ല... എതിർക്കാനോ വാദിക്കാനോ നിൽക്കാതെ ഞാനും പപ്പയ്ക്കൊപ്പം കൂടി. ജാൻസിക്ക് ഇന്നുമറിയില്ല പഴങ്കഥകളൊന്നും. അറിയിക്കേണ്ടെന്ന് ഞാനും തീരുമാനിച്ചു.." നേർത്ത ശബ്ദത്തിൽ പറഞ്ഞു നിർത്തി ജോസഫ് നിശ്വസിച്ചു.
ജോസഫ് കാണാതെ കൺകോണിലെ നനവ് പെട്ടെന്ന് തുടച്ചു മാറ്റി നങ്കി നിന്നു.
"പഠിച്ച് നീ.. ഐ എ എസ്സോ, ഐ പി എസ്സോ ഒന്നുമാകണ്ട.. ജയിലിൽ വെറുതെ പാഴാക്കുന്ന സമയത്തിന്റെ പാതി പഠിക്കാനായി ഉപയോഗിക്കണോന്ന് പറയുന്നത്, അതിന് കഴിവുള്ളവളാണ് നീയെന്ന ഉത്തമ ബോധ്യമുള്ളത് കൊണ്ടാ.
ആഗ്രഹിച്ചിട്ടും പഠിക്കാൻ സാധിക്കാത്ത ആയിരക്കണക്കിന് കുട്ടികളുള്ള നാട്ടിൽ, ഒരവസരം നിനക്ക് മുന്നിൽ കൈ നീട്ടി വിളിക്കുമ്പോ നിരസിച്ചു കളഞ്ഞിട്ട് പിന്നീടൊരിക്കൽ അതോർത്ത് ദുഃഖിക്കാൻ ഇടവരരുത്...
എന്റെ മമ്മ വിജയിച്ചവളാ.. ആ വിജയം എല്ലാവർക്കും ഒരു പ്രചോദനമാകണമെന്നേയുള്ളൂ.." പറഞ്ഞു നിർത്തി ജോസഫ്, നങ്കിയെ ഒരു നിമിഷം നോക്കി നിന്നു.
നങ്കിയുടെ കണ്ണുകൾ ജോസഫിൽ നിന്നും ഉൾവലിഞ്ഞു.
"ഒരു കാര്യം കൂടി...
ഞാനീ കഥ നിന്നോട് പറഞ്ഞതിന് പിന്നിൽ പല കാരണങ്ങളുണ്ട്....
.......
സമയം കിട്ടുമ്പോ ഒന്ന് ആലോചിച്ചു നോക്ക്..."
മിഴികളുയർത്താതെ നങ്കി കേട്ടു നിന്നു.
"പിന്നെ... മക്കൾക്കൊക്കെ സുഖമാ... സന്തോഷമായിരിക്കുന്നു. അവർക്ക് അറിവായിട്ടില്ലല്ലോ...
അറിവായവർ... നിന്നെ... കാത്തിരിക്കയാണ്... നീ തിരികെ വരുമ്പോ മാത്രം തിരിച്ചു കിട്ടുന്ന സന്തോഷത്തെയും..." അർദ്ധോക്തിയിൽ ജോസഫ് പറഞ്ഞു നിർത്തി.
"തങ്കാക്കയോട് വെഷമിക്കാതിരിക്കണോന്ന് പറയണം സാർ... ഞാനൊടനെ തിരിച്ചു വരൂന്നും..." നങ്കിയുടെ മറുപടി ഉടനെ വന്നു.
"ഓ...
മ്മ്... പറയാം..
.......
എങ്കിൽ, വേറെയൊന്നുമില്ലല്ലോ... എനിക്കിനി പോകാല്ലോ..." ജോസഫ് അനുമതിയ്ക്കായെന്നോണം ചോദിച്ചു.
"സാർ...ജാൻസി ചേച്ചിയും മോളും സുഖായിരിക്കുന്നോ..?
ചേച്ചി അറിഞ്ഞോ... ഇതൊക്കെ...?" ഉദ്വേഗത്തോടെ നങ്കി ആരാഞ്ഞു.
"ഉം... സുഖം..
ഞാനെല്ലാം അവളെ അറിയിച്ചു. ശിവൻ ചത്തതിൽ സന്തോഷമുണ്ടെങ്കിലും നീ ജയിലിലായതിന്റെ വിഷമമുണ്ട്..."
തണുത്ത മന്ദഹാസത്തോടെ നങ്കി അഴികളിലേക്ക് തല ചായ്ച്ചു.
"മോൾടെ പേരെന്താ സാർ...?"
"ഇസബെല്ല..."
"ഇസബെല്ല...!!" നങ്കി പേര് ആവർത്തിച്ചു.
"ഉം. ഒരുപാട് അർത്ഥമുള്ള പേരാ..."
"ആണോ...നല്ല പേരാ. ഇസ എന്ന് വിളിക്കാല്ലേ.... ഇസ മോൾ..." സ്വരത്തിലെ വിറയൽ പാട് പെട്ടൊതുക്കി നങ്കി പറഞ്ഞു.
"നങ്കീ..." ജോസഫ് മൃദുലമായി വിളിച്ചു.
"നങ്കി... ഒരർത്ഥവുമില്ലാത്ത എന്റെ പേര് പോലെ തന്നെയായി എന്റെ ജീവിതവും... പക്ഷേ.. എന്റെ മക്കള്ടെ ജീവിതം അങ്ങനെയാകരുതെന്നുണ്ട്.. "
"നിന്റെ ജീവിതത്തിന് ഒരർത്ഥവുമില്ലെന്ന് ആരാ പറഞ്ഞത്...
നിനക്കായ് രണ്ട് മക്കളില്ലേ... "
"ആ മക്കൾ അനാഥരാകാൻ ഒരുവിധത്തിൽ കാരണക്കാരി ഞാൻ തന്നെയല്ലേ.. വളർന്നു വലുതായിട്ട് ഒരുനാൾ അവരിതെന്നോട് ചോദിച്ചാ..." ആശങ്ക തൂകിയ കണ്ണുകളോടെ നങ്കി ജോസഫിനെ നോക്കി.
"അവർ നിന്റെ മക്കളാ നങ്കീ.. നീ വളർത്തുന്ന മക്കൾ.. അവരൊരിക്കലും നിന്നെ തള്ളിപറയില്ല.. "
എന്തു പറയണമെന്നറിയാതെ നങ്കി തല ചലിപ്പിച്ചു.
"നിന്റെ പേരിന് ഒരർത്ഥവുമില്ലെന്ന് ആരാ പറഞ്ഞത്. ഓരോരുത്തരും ജീവിച്ചു കാട്ടുന്നതിനനുസരിച്ചാണ് അവനവന്റെ പേരിന് പോലും പേരും പെരുമയും ഉണ്ടാകുന്നത്.
അങ്ങനെ വച്ചു നോക്കിയാൽ നിന്റെ പേരിന് ഏറെ അർത്ഥമുണ്ട്... ആത്മവിശ്വാസവും ചങ്കൂറ്റവും മാത്രമല്ല... അതിലേറെ നൈർമല്യമുള്ള പെണ്ണാ നീ..
ഒരുപാട് പേരുടെ മനസ്സിൽ ഒത്തിരി സ്നേഹത്തോടെയും ബഹുമാനത്തോടെയും നിന്റെ പേര് കുറിച്ചിടുന്ന ഒരു നാൾ തീർച്ചയായും വരും നങ്കി..."
ജോസഫ് എന്ന പരുക്കനായ മനുഷ്യന്റെ വാക്കുകൾ നങ്കി സാകൂതം കേട്ടു നിന്നു.
"സമയം കഴിഞ്ഞു...." അഴികളിൽ ലാത്തി തട്ടി കാവൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥ ഇരുവരോടുമായി പറഞ്ഞു.
"എങ്കിൽ ശരി... ഇനി ഞാനിറങ്ങുന്നു.."
"മ്മ്..."
"ഇനി നിച്ചുവുമായി വരാം..."
"ശരി സാർ..." നങ്കി തലയാട്ടി.
ജോസഫ് നടന്നകലുന്നതും നോക്കി നങ്കി നിന്നു. കണ്ണിൽ നിന്നും ആ രൂപം മാഞ്ഞതും തിരികെ സെല്ലിലേക്ക് നടന്നു.
⛈️ ⛅️ ⛈️ ⛅️ ⛈️ ⛅️
ഓടി മറയുന്ന മാസങ്ങൾക്കൊപ്പം നങ്കിയും ഓടിത്തുടങ്ങിയിട്ട് വർഷങ്ങളായിരിക്കുന്നു.
ഹയർ സെക്കന്ററിയുടെ റിസൾട്ട് പ്രതീക്ഷിച്ച പോലെ തന്നെയായിരുന്നു. പത്താം ക്ലാസ്സിൽ നേടിയ അത്ര വിജയം ഉണ്ടായില്ല. 75% എന്നത് നങ്കിയെ സംബന്ധിച്ച് വളരെ വലിയ നേട്ടമായിരുന്നു.
ജയിലിൽ നൽകുന്ന തൊഴിൽ പരിശീലനങ്ങളിൽ ഏതെങ്കിലുമൊന്ന് സായത്തമാക്കണമെന്ന് തോന്നിയപ്പോൾ, തുടർന്ന് പഠിക്കണമെന്ന ആഗ്രഹത്തെ തല്ക്കാലത്തേക്ക് ഒതുക്കി വച്ചു.
ജയിലിലെ ജോലികൾക്കും പരിശീലനങ്ങൾക്കുമിടയിലെ ഒഴിവു നേരങ്ങളിൽ അക്ഷരം പോലുമറിയാത്ത സഹതടവുകാരെ പഠിപ്പിക്കുന്ന ടീച്ചറായി മാറി നങ്കി.
മാസത്തിലൊരിക്കൽ സന്ദർശകരായി നിച്ചുവും ഒപ്പം ജോസ്സാറും വന്നു പോയി. നിനച്ചിരിക്കാതെ ചിലപ്പോഴൊക്കെ ജോസ് തനിച്ച് വരും.
എന്തെങ്കിലുമൊക്കെ കുറ്റപ്പെടുത്തി ശകാരിച്ച് കുറേ ഉപദേശിച്ച് തിരികെ പോകും. ചെറിയ രീതിയിലുള്ള വാഗ്വാദം നടത്തി നങ്കിയും തർക്കിക്കും.
ആറു വർഷങ്ങൾ ചാറ്റൽ മഴ പോലെ പെയ്തു തോർന്നു. സെല്ലിനുള്ളിലിരുന്ന് നേരം തെറ്റി പെയ്ത വേനൽ മഴയെ ആസ്വദിക്കുമ്പോഴാണ് സൂപ്രണ്ടിന്റെ വിളി വന്നത്.
"മേഡം..."
"ഹാ... നങ്കീ വാ...
നിന്നോട് ഒരത്യാവശ്യ കാര്യം പറയാനുണ്ടായിരുന്നു. ഈ വരുന്ന നവംബർ ഒന്ന്, കേരള പിറവി ദിനത്തിൽ നമ്മുടെ ജയിലിലേക്ക് ഒരു വിശിഷ്ഠാതിഥി വരുന്നുണ്ട്. കേരളം അറുപതാണ്ട് തികയ്ക്കുന്ന ആഘോഷത്തിന്റെ ഭാഗമായി കേരളത്തിലേക്ക് വരുമ്പോ സന്ദർശിക്കാൻ തെരെഞ്ഞെടുത്തിരിക്കുന്ന ആറു സ്ഥലങ്ങളിൽ ഒന്ന് നമ്മുടെ ജയിലാണ്..."
"ആരാ മേഡം അതിഥി...!!!?" നങ്കി ആകാംഷയോടെ തിരക്കി.
"ഇന്ത്യൻ വൈസ് പ്രസിഡന്റ്... ശങ്കര നായിഡു.."
അതിശയത്തോടെ നങ്കി ചിരിച്ചു.
" ശരിക്കും...!!! അതെന്താ മേഡം നമ്മുടെ ജയിൽ തെരെഞ്ഞെടുത്തെ..? "
"ഇത് കേരളത്തിലെ ആദ്യത്തെ വനിതാ ജയിലാണ് നങ്കീ. ഇവിടുത്തെ തടവുകാരുടെ നല്ല പ്രവർത്തനങ്ങളെ കുറിച്ച് വാർത്ത വരെ വന്നതല്ലേ... ഞാൻ നിന്നെ കാട്ടിയില്ലേ പത്രവാർത്ത...'
നങ്കി തലയാട്ടി.
"അതുമാത്രമല്ല... ഒരു ജയിൽ പുള്ളി പരീക്ഷ എഴുതി ഉന്നത വിജയം നേടിയതൊക്കെ അസാധാരണ സംഭവമല്ലേ... "
നങ്കിയുടെ ചുണ്ടിൽ അഭിമാനത്തിന്റെ പുഞ്ചിരി തിളങ്ങി.
"ഞാൻ നിന്നെ വിളിപ്പിച്ചത് രണ്ട് കാര്യങ്ങൾ പറയാനായിട്ടാ. നമ്മുടെ അതിഥിക്ക് നല്ലൊരു ഉപഹാരം നൽകണം. പുറത്ത് നിന്നുള്ള ഒന്നുമല്ല... നമ്മുടെ വീട്ടിലെത്തുന്ന അതിഥിക്ക് വീട്ടിലുള്ളത് കൊടുക്കുന്ന പോലെ, ജയിലിലേക്കെത്തുന്ന ഉപരാഷ്ട്രപതിക്ക് നമ്മുടെ ജയിലിലെ തന്നെ.., ഇവിടുള്ള തടവുകാരുടെ കയ്യൊപ്പ് പതിഞ്ഞ നിർമ്മിതി തന്നെ സമ്മാനമായി കൊടുക്കണം.
കൈത്തറിയിൽ അദ്ദേഹത്തിന് നല്ലൊരു കുർത്ത തയ്യാറാക്കണം. അതിൽ നിന്റെ ഹൃദ്യമായ ഒരു ഡിസൈനിംഗ് വർക്കുണ്ടായിരിക്കണം..
പിന്നെ നമ്മുടെ സ്പെഷ്യൽ വാഴക്ക അച്ചാറും. എന്തു പറയുന്നു...?"
"നല്ല ഉപഹാരങ്ങളാണ് മേഡം.." നങ്കിയും ആവേശത്തിലായി.
"ഒരു കാര്യം കൂടിയുണ്ട്..
അന്നേ ദിവസം അറുപതാം കേരളപ്പിറവി പ്രമാണിച്ച് തെരെഞ്ഞെടുക്കുന്ന മൂന്ന് തടവുകാരെ വിടുതൽ ചെയ്യും...
നിന്റെ പേരും പരിഗണിച്ചിട്ടുണ്ട്...."
അവസാനം പറഞ്ഞ വാക്കുകൾ നങ്കിയെ അമ്പരപ്പിച്ചു.
"ഞാൻ.... കൊലപാതകം ചെയ്ത എന്നെ വെറുതെ വിടുമോ...?" സന്ദേഹത്തോടെയെങ്കിലും, നേരിയ പ്രതീക്ഷയോടെ നങ്കി ചോദിച്ചു.
"വെറുതെയല്ലല്ലോ... ആറു കൊല്ലം കഴിഞ്ഞില്ലേ തടവിലായിട്ട്. ജയിലിലെ നല്ല നടപ്പും സ്വഭാവവുമൊക്കെ നോക്കിയാണ് ശിക്ഷയിലെ ഇളവിന് പരിഗണിക്കുന്നത്. അങ്ങനെ നോക്കുമ്പോ ഏറ്റവും മുന്നിൽ നിൽക്കുന്നത് നീയാണ് നങ്കീ...
രണ്ടായിരത്തി ഒൻപതിലാ നീ ശിക്ഷ കിട്ടി ഈ ജയിലിലെത്തിയത്. ഇപ്പോ രണ്ടായിരത്തി പതിനാറായി... ഇനി കൂടിപ്പോയാ മൂന്നു കൊല്ലം. അതുവരെ നിനക്ക് കാത്തിരിക്കാൻ ഇടവരാതിരിക്കട്ടെ...
ആ മൂന്നു പേരിൽ ഒരാൾ നീയാകണമെന്നാ എന്റെ ആഗ്രഹം..." സൂപ്രണ്ട് തികഞ്ഞ ആത്മാർത്ഥതയോടെ പറഞ്ഞു.
കണ്ണിലെ തിളക്കം മായാതെ തന്നെ നങ്കി ചിരി തൂകി.
"ശരി നീ ചെല്ല്... നാളെ എല്ലാവരോടുമായി ഞാനിത് അറിയിക്കാം. നീ ആ കുർത്തയിൽ ചെയ്യേണ്ട വിശിഷ്ടമായ ഡിസൈനെ കുറിച്ച് ഒന്ന് ആലോചിച്ചു നോക്ക്... മ്മ്... പൊക്കോ.."
"മേഡം ഒരു കാര്യം... എന്റെ പേര് വിടുതലിനായി പരിഗണിച്ച കാര്യം ജോസ് സാറിനോട് ഇപ്പൊ പറയരുത്.. ഒരുപക്ഷേ, എനിക്കാ ഭാഗ്യം കിട്ടിയില്ലെങ്കിൽ.. കാത്തിരിക്കുന്ന എല്ലാവർക്കും അത് വലിയ വിഷമമാകും... അതുകൊണ്ട്... മേഡം..."
"ഞാനായിട്ട് പറയില്ല പോരേ..."
"ഉം... താങ്ക് യൂ മേഡം..."
"മ്മ്.. നീ ചെല്ല്... ഞാൻ പറഞ്ഞതിനെ കുറിച്ച് നന്നായിട്ടൊന്ന് ചിന്തിക്ക്..."
തല കുലുക്കി അനുസരിച്ചു കൊണ്ട് സെല്ലിലേക്ക് നടക്കുമ്പോ നങ്കി കിനാവ് കാണുകയായിരുന്നു. മക്കൾക്കരികിലേക്ക് ഓടി ചെല്ലുന്ന നിമിഷം.
പലതവണ ജോസ് സാർ പരോളിലിറങ്ങുന്നതിനെ കുറിച്ച് സൂചിപ്പിച്ചിരുന്നു. അപ്പോഴൊക്കെ അത് നിരുത്സാഹപ്പെടുത്തുക മാത്രമേ ചെയ്തിട്ടുള്ളു.
മക്കളെ കണ്ട്.. അടുത്തറിഞ്ഞ ശേഷം, വീണ്ടുമൊരു അകൽച്ച... അത് ചിന്തിക്കാൻ കൂടി കഴിയാത്തത് കൊണ്ട് പരോളിലിറങ്ങാൻ മനസ്സ് അനുവദിച്ചതേയില്ല. തിരികെ പോകുന്നത്, ഇനി അവരെ വിട്ടകലുന്ന ഒരു സാഹചര്യം മുന്നിൽ കണ്ടു കൊണ്ടാകരുതെന്ന് തീരുമാനിച്ചുറപ്പിച്ചതാണ്.
ഒരുപാട് ശ്രമപ്പെട്ടാണ് നിച്ചുവിന്റെയും ജോസ്സാറിന്റെയുമൊക്കെ നിർബന്ധത്തെ മറികടന്നത്. പക്ഷേ, ഇപ്പോൾ സൂപ്രണ്ട് പറഞ്ഞിരിക്കുന്നത് വച്ച്... കേരളപ്പിറവി ദിനത്തിൽ ഉപരാഷ്ട്രപതി തെരെഞ്ഞെടുക്കുന്ന മൂന്നു പേരിൽ ഒന്ന് തന്റേതാണെങ്കിൽ... ആ ചിന്ത തന്നെ നങ്കിയെ പുളകം കൊള്ളിച്ചു.
എന്നോ മറന്നു പോയ ദൈവങ്ങളെയൊക്കെ നങ്കി ആ നിമിഷം ഓർത്തു.
🌴🌴🌄🌴🌴
കുർത്തയിൽ കേരളത്തിന്റെ പ്രകൃതിരമണീയത നങ്കി വരച്ചു ചേർത്തത് സൂപ്രണ്ട് വിസ്മയത്തോടെ നോക്കി കണ്ടു.
"അതിമനോഹരം നങ്കീ.... ശരിക്കും നീ ഞെട്ടിച്ചു.."
"താങ്ക് യൂ... മേഡം..."
"തുടർന്നു പഠിക്കാൻ നീ വിസമ്മതിച്ചത് നല്ലൊരു ട്യൂട്ടർ ഇല്ലാതെ മുന്നോട്ടു പോകാൻ കഴിയില്ലെന്ന ആശങ്കയിലല്ലേ...
ജയിലിൽ നിന്നും പുറത്തിറങ്ങുമ്പോ നിന്റെ പഠിത്തം മാത്രമല്ല, ഈ കഴിവും കൂടി പരിഭോഷിപ്പിക്കണം... കേട്ടോ.." വാത്സല്യത്തോടെ സൂപ്രണ്ട് നങ്കിയുടെ ചുമലിൽ തട്ടി.
സൂപ്രണ്ടിന്റെ അഭിപ്രായം കിട്ടിയതും ആവേശത്തോടെ നങ്കി തന്റെ കരവിരുത് കൂട്ടുകാരെ കാണിക്കാനായി ഓടി.
ഒരു ആഘോഷത്തിനുള്ള കാത്തിരുപ്പ് എല്ലാവരിലും പ്രകടമായി. സ്വാതന്ത്ര ജീവിതത്തിൽ നിന്നു പോലും കിട്ടാത്ത സന്തോഷവും സമാധാനവും ജയിലിലെ തടവ് ജീവിതത്തിൽ നിന്നും കണ്ടെത്തിയ ഒരുപാട് മനുഷ്യ കോലങ്ങൾ ആവേശപൂർവ്വം കേരളപ്പിറവി ദിനത്തിനായി കാത്തിരുന്നു.
അങ്ങനെയൊരു ദിവസമുണ്ടെന്നും, അത് ആഘോഷിക്കപ്പെടേണ്ടതാണെന്നും ആദ്യമായി അറിയുകയായിരുന്നു അവരിൽ ഭൂരിഭാഗം പേരും.
നങ്കിയും കാത്തിരുന്നു... ഒരു സ്വപ്നം നെയ്തു കൂട്ടി.
🌈🌈
പോലീസ് ഉദ്യോഗസ്ഥരും കറുത്ത യൂണിഫോം ധരിച്ച സുരക്ഷാ ഭടന്മാരും തീർത്ത സംരക്ഷണ കവചത്തിനുള്ളിൽ ഇന്ത്യൻ ഉപരാഷ്ട്രപതി ജയിൽ വളപ്പിലേക്ക് സന്നിഹിതനായി.
രാഷ്ട്രീയ - മാധ്യമ രംഗത്തുള്ളവരും സാമൂഹ്യ പ്രതിനിധികളും ഉൾപ്പെടെ ഒരു ചെറു നിര തന്നെ താത്കാലികമായി കെട്ടി പൊക്കിയ വേദിയിലും സദസ്സിലും കാണപ്പെട്ടു.
നങ്കി ഉൾപ്പെടെയുള്ള തടവുകാരുടെ കണ്ണിൽ വിസ്മയം ജനിപ്പിക്കുന്നതായിരുന്നു ഓരോ കാഴ്ചയും. ഉപരാഷ്ട്രപതിയെ കണ്ണിമയ്ക്കാതെ നോക്കുമ്പോഴും നങ്കിയുടെ ചുണ്ടുകൾ ഒരേ ഒരു പ്രാർത്ഥന ഇടതടവില്ലാതെ ചൊല്ലിക്കൊണ്ടിരുന്നു.
"ആ ക്യാമറേ കൂടി നമ്മളെയും ടീവീലൊക്കെ കാണിക്കുമാരിക്കും അല്ലേ നങ്കീ... എന്റെ മക്കള് കാണുമോ എന്തോ..." റഷീദയുടെ സ്വരത്തിൽ ആശങ്ക നിറഞ്ഞു.
"പിന്നേ നമ്മളെ കാണിക്കാൻ ഇരിക്കുവല്ലേ അവന്മാര്... ഒന്നു പൊടീ പെണ്ണേ.." മാലതി ആശ്വസിപ്പിക്കാനെന്നോണം പറഞ്ഞു.
"നറുക്കിട്ടെടുക്കുന്ന കൂട്ടത്തിൽ എന്റെ പേരുണ്ടേൽ.. എനിക്കെന്റെ മക്കളെ കാണാമാര്ന്ന്... കൊച്ചുങ്ങട വാപ്പ സമ്മതിക്കുമോന്നാ..."
"നീ വെറുതെ മനസ്സില് ആശയൊന്നും ഇട്ട് നിറയ്ക്കണ്ട... അതൊക്കെ ഒരു ഭാഗ്യമാ.. പേര് വീണില്ലേ പിന്നെ ചങ്ക് തകരാൻ വേറൊന്നും വേണ്ടല്ലോ. അതൊണ്ട് ഒന്നും പ്രതീക്ഷിക്കാതിരിക്ക്...
ദാ ഇവിടെ നിറഞ്ഞിരിക്കുന്ന എല്ലാത്തിന്റേം മനസ്സിൽ ഈയൊരു പ്രാർത്ഥനയേ ഇപ്പൊ കാണൂ. സ്വന്തം പേര് വിളിക്കുന്നത്..
ഞാനൊഴിച്ച്..." മാലതിയുടെ പരുപരുത്ത ശബ്ദത്തിൽ വിള്ളൽ വീണു.
നങ്കിയുടെ ചുണ്ടുകൾ പെട്ടെന്ന് നിശബ്ദമായി. മാലതി പറഞ്ഞത് ശരിയാണെന്ന് നങ്കിയ്ക്കും തോന്നി. ഏറെ പ്രതീക്ഷിച്ചിട്ട് ഒടുവിൽ ദൈവം തുണച്ചില്ലെങ്കിൽ...
ഇവിടിരിക്കുന്ന എല്ലാവരും പ്രാർത്ഥിക്കുന്നുണ്ടാകും.. വിധി പോലെ വരട്ടെ... ' മനസ്സിനെ സ്വാന്തനിപ്പിച്ച് നിർത്തി, റഷീദയുടെ മുഖത്തേക്ക് നോക്കിയപ്പോൾ നിറഞ്ഞ കണ്ണുകൾക്ക് വല്ലാത്തൊരു ഭാവമായിരുന്നു. ഒരുപക്ഷേ റഷീദ തന്നെക്കാളേറെ മോഹിക്കുന്നുണ്ടാകാം മക്കൾക്കരികിലെത്താൻ.
നിരന്തരം ശല്യമായ ഭർത്താവിന്റെ അനിയൻ ഒരിക്കൽ കേറി പിടിച്ചപ്പോൾ കൈയ്യിലിരുന്ന കറിക്കത്തിക്ക് ഒന്ന് പേടിപ്പിടിച്ചതാ റഷീദ. പക്ഷേ വിധി കരുതി വച്ചത് അവന്റെ മരണമായിരുന്നു. കഴുത്തിലൂടെ കത്തി കേറിയിറങ്ങിയപ്പോൾ അവനെക്കാളേറെ ഉച്ചത്തിൽ നിലവിളി, റഷീദയുടെ തൊണ്ടക്കുഴിയിൽ നിന്നുമുയർന്നു.
എട്ടു കൊല്ലമായി ജയിലിലെത്തിയിട്ട്. ഇന്നേവരെ കാണാനായി ഒരാൾ പോലും വന്നിട്ടില്ല. സ്വന്തം വാപ്പയോ ഉമ്മയോ സഹോദരങ്ങളോ... എന്തിന് ഭർത്താവ് പോലും..'
സൂപ്രണ്ടിന്റെ സ്വാഗത പ്രസംഗം കഴിഞ്ഞു. ഉപരാഷ്ട്രപതി സംസാരിക്കാൻ തുടങ്ങി.
നമസ്കാരം എന്ന് പറഞ്ഞു കൈകൂപ്പി കൊണ്ട് അദ്ദേഹം തുടർന്നു. ഹിന്ദിയിലായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. അത് മലയാളീകരിച്ച് ഒരു ചെറുപ്പക്കാരനുമുണ്ടായിരുന്നു വേദിയിൽ. കേരളപ്പിറവി ആശംസ തൊട്ട് സ്ത്രീകളുടെ ഉന്നമനവും ജയിലിന്റെ മികവുറ്റ പ്രവർത്തന രീതികളും തടവുകാർ കൈവരിച്ച പ്രാവീണ്യങ്ങളുമൊക്കെ വാക്കുകളിലൂടെ കടന്നു പോയി.
ഏറെ ദീർപ്പിക്കാതെ വാക്കുകൾ ചുരുക്കി അദ്ദേഹം അടുത്ത കർമ്മത്തിലേക്ക് കടന്നു. ഇതിന് ശേഷം ഉപരാഷ്ട്രപതിക്ക് മറ്റെവിടെയോ സന്ദർശിക്കാനുണ്ടെന്ന് സൂപ്രണ്ട് എല്ലാവരോടുമായി സൂചിപ്പിച്ചു.
ഒരു ചെറിയ പ്ലാസ്റ്റിക് ഡബ്ബ വേദിയിൽ ഹാജരായി. പ്രതീക്ഷ തുളുമ്പിയ കണ്ണുകളൊക്കെയും ആ ഡബ്ബയിൽ കുരുങ്ങിക്കിടന്നു. ഉപരാഷ്ട്രപതിയുടെ മുന്നിലേക്ക് സൂപ്രണ്ട് ഡബ്ബ നീട്ടിയതും സദസ്സിൽ നിന്നും സീൽക്കാരങ്ങളും മൃദുമന്ത്രണങ്ങളും ഉരുവായി.
ഒന്നു കുലുക്കിയുഴിഞ്ഞ് മുന്നിലേക്ക് നീണ്ട ഡബ്ബയിലേക്ക് ഉപരാഷ്ട്രപതി ശങ്കര നായിഡുവിന്റെ കൈകൾ നീണ്ടതും സദസ്സ് നിശബ്ദമായി. ഡബ്ബയിൽ നിന്നും പുറത്തേക്കെടുത്ത കടലാസ് തുണ്ട് നിവർത്തി, ഇംഗ്ലീഷിലെഴുതിയ പേര് മൈക്കിലൂടെ അനൗൺസ് ചെയ്തത് നിമിഷ നേരങ്ങളിലാണ്.
"സെലീന...!!!!"
ആദ്യത്തെ പേര് ജയിൽ വളപ്പിൽ മുഴങ്ങി കേട്ടു. കൈയ്യടിയോടെ ആ പേര് സ്വീകരിക്കപ്പെട്ടു.
നങ്കിയുടെ കണ്ണുകൾ സെലീനയെ തിരഞ്ഞു. തങ്ങളുടെ കൂട്ടത്തിൽ നിന്നും സന്തോഷക്കണ്ണീരരോടെ എഴുന്നേറ്റ സെലീനയെ കണ്ടപ്പോൾ നങ്കിയുടെ കണ്ണുകളും ഈറനണിഞ്ഞു.
ബുദ്ധിമാന്ദ്യമുള്ള മകളെ പീഡിപ്പിക്കാൻ ശ്രമിച്ച ഭർത്താവിനെ വെട്ടിക്കൊന്നതിനാണ് സെലീന ജയിലിലായത്. എട്ടു വർഷം കഴിഞ്ഞു ശിക്ഷ കിട്ടിയിട്ട്. ഒരു മകനുള്ളത് അനാഥാലയത്തിലാണ്. ജയിലിൽ നിന്ന് പുറത്തിറങ്ങിയിട്ട് വേണം മകനെ ഒപ്പം കൂട്ടി ഒരു പുതിയ ജീവിതം കെട്ടിപ്പടുക്കാൻ.
സെലീനയുടെ കണ്ണുകളിലെ ആനന്ദ ബാഷ്പം കണ്ടു നിന്നവരുടെ മനസ്സിനെയും പിടിച്ചു കുലുക്കി .
അടുത്ത പേര് മുഴുങ്ങിയത് അപ്രതീക്ഷിതമായിട്ടായിരുന്നു. സെലീനയിൽ പതിഞ്ഞിരുന്ന കണ്ണുകളും കാതുകളും അടുത്ത പേര് തെരെഞ്ഞെടുക്കുന്ന ഭാഗ്യക്കുറിയിലേക്ക് നോക്കാൻ മറന്നു പോയി.
"നങ്ങി....! ! ! !....." ഉപരാഷ്ട്രപതി പേര് ഉറക്കെ അനൗൺസ് ചെയ്തതും, സൂപ്രണ്ട് അദ്ദേഹത്തിനോട് എന്തോ മെല്ലെ പറഞ്ഞു.
"ഓ.. സോറി... നങ്കീ...! ! ! !" അദ്ദേഹം തന്റെ ഉച്ചാരണ പിഴവ് പെട്ടെന്ന് തിരുത്തി.
ചുറ്റിനും മുഴങ്ങിയ ഹർഷാരവത്തിൽ നങ്കി പ്രജ്ഞ അറ്റ പോലെ നിന്നു. വിശ്വസിക്കാനാകാത്ത എന്തോ കേട്ടത് പോലെ.. സത്യമാണോ സ്വപ്നമാണോ എന്ന് നിർവചിക്കാനാകുന്നില്ല. ഒരിക്കൽ കൂടി അദ്ദേഹം ആ പേര് വിളിച്ചിരുന്നെങ്കിൽ എന്ന് ഓർത്ത നിമിഷം മാലതിയുടെ കൈകൾ നങ്കിയെ തട്ടിയുണർത്തി വലിച്ചെന്നേൽപ്പിച്ചു.
"പിന്നെ കിനാവ് കാണാം.. എഴുന്നേൽക്ക് പെണ്ണേ..."
കവിളിലൂടെ ഉരുണ്ടിറങ്ങിയ കണ്ണീർ തുള്ളികൾ ആഹ്ലാദത്തോടെ കഴുത്തിലേക്ക് ചിന്നിച്ചിതറി വീണു.
സൂപ്രണ്ടിന്റെ കണ്ണുകൾ ആനന്ദത്തോടെ തന്നിലുടക്കിയപ്പോൾ മാത്രമാണ്, യാഥാർഥ്യമായ സ്വപ്നത്തിൽ നിന്നും നങ്കിയുണർന്നത്.
മക്കളും നിച്ചുവും തങ്കവും മുരുകനും ജോസുമൊക്കെ ആ നിമിഷം നങ്കിയുടെ മുന്നിലേക്ക് ഓടിയെത്തിയതായി നങ്കിയ്ക്ക് തോന്നി. കൈകൾ കൂപ്പി ആരോടെല്ലാമോ നന്ദി പ്രകടിപ്പിച്ച് കൊണ്ട് കണ്ണുകളടച്ചതും, കവിളിലൂടെ നനുത്ത പളുങ്ക് മണി പോലെ കണ്ണീർ ഒഴുകിയിറങ്ങി..
നങ്കിയെ പിടിച്ചു നിർത്തിയതിനു ശേഷം ഇരിക്കാനായി തുനിഞ്ഞ മാലതിയെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കൊണ്ട് മൂന്നാമത്തെ പേര് പ്രഖ്യാപിച്ചു.
"മാലതി..! ! !.."
വീണ്ടും സദസ്സ് ശബ്ദമുഖരിതമായി.
"ഞാ... ഞാനോ... എനിക്ക് പോകണ്ട... വേണ്ട..." ആരോടെന്നില്ലാതെ പറഞ്ഞു കൊണ്ട് മാലതിയിൽ നിന്നുമൊരു ഏങ്ങലുയർന്നു. ഒപ്പം, നെഞ്ചു തകർന്ന നൊമ്പരത്തോടെ റഷീദയുടെ കരച്ചിലും...
🦋🦋🦋
ആഘോഷമൊക്കെ അവസാനിച്ച് അതിഥികൾ മടങ്ങിയതിനു ശേഷം വിടുതലിനായി തെരെഞ്ഞെടുത്ത മൂന്നുപേരെയും സൂപ്രണ്ട് ഓഫീസ് മുറിയിലേക്ക് വിളിപ്പിച്ചു.
മാലതി കരഞ്ഞു കൊണ്ട് അപേക്ഷിച്ചു, തനിക്ക് കിട്ടിയ ഇളവ് റഷീദയ്ക്കായി നൽകണമെന്ന്. ജയിലിൽ നിന്നിറങ്ങിയാൽ പോകാനൊരിടമില്ലന്ന സത്യം തേങ്ങലോടെ പറഞ്ഞു കൊണ്ട് മാലതി പൊട്ടിക്കരഞ്ഞു. തന്റേടിയായ മാലതിയിൽ നിന്നും അങ്ങനെയൊരു പ്രതികരണം ആരും പ്രതീക്ഷിച്ചില്ല.
വിടുതൽ കിട്ടിയ മാലതിക്ക് പകരക്കാരിയായി മറ്റൊരാളെ വിടാനാവില്ലെന്ന് സൂപ്രണ്ട് വ്യക്തമാക്കിയപ്പോഴും മാലതി കരയുകയായിരുന്നു. നിയമം അനുവദിക്കാത്ത ആ പ്രവൃത്തി ചെയ്യാൻ സൂപ്രണ്ട് തയ്യാറായില്ല.
ഒടുവിൽ മാലതിയെ ഒരു അഭയകേന്ദ്രത്തിലാക്കാമെന്ന് സൂപ്രണ്ടിന്റെ വാക്കുകളെ നങ്കി ആശ്വാസപൂർവം കേട്ടു നിന്നു. അപ്പോൾ മാത്രമാണ് മാലതിയിൽ നിന്നും ഒരു നേർത്ത മന്ദഹാസമെങ്കിലും ഉതിർന്നത്.
സെലീന ആവേശത്തിലായിരുന്നു. മകനരികിലേക്ക് ഓടിച്ചെല്ലാൻ.
എല്ലാവരോടും യാത്ര പറഞ്ഞ്, വേഷം മാറി വരാൻ സൂപ്രണ്ട് നിർദ്ദേശിച്ചപ്പോൾ നങ്കി പരുങ്ങലോടെ നിന്നു.
"മേഡം... ജോസ് സാർ അറിഞ്ഞില്ലല്ലോ ശിക്ഷയിൽ ഇളവ് കിട്ടിയ കാര്യം. സാർ വരാതെ ഞാൻ എങ്ങനെയാ പോകുക..." ആശങ്കയോടെ നങ്കി ആരാഞ്ഞതും സൂപ്രണ്ട് ചിരിച്ചു.
"നിന്റെ ജോസ് സാർ ജയിലിന് പുറത്തു നിൽപ്പുണ്ട് നിന്നെയും കാത്ത്..."
"സാറോ..!!!!!" അതിശയം കൊണ്ട് നങ്കിയുടെ കണ്ണുകൾ വിടർന്നു.
"അതെ...
നമ്മുടെ അതിഥി നിസാരക്കാരനായിരുന്നില്ലല്ലോ നങ്കീ...
ഉപരാഷ്ട്രപതി ജയിലിലേക്കെത്തുന്നതും തെരെഞ്ഞെടുക്കുന്ന മൂന്നു തടവുകാർക്ക് വിടുതൽ കിട്ടുമെന്നുമുള്ളതൊക്കെ പത്രത്തിലും ടീവിയിലുമൊക്കെ വാർത്തയായി വന്നു നങ്കി. അത് കണ്ടതും ജോസ് എന്നെ വിളിച്ചിരുന്നു. നിന്റെ പേരും പരിഗണിച്ചിട്ടുണ്ടെന്ന് അറിഞ്ഞപ്പോ ആള് അന്നേ നിന്നെക്കാണാൻ വരാനിരുന്നതാ... ഞാനപ്പോ നീ പറഞ്ഞ കാര്യമറിയിച്ചു.
ഒരുപക്ഷേ ഭാഗ്യം തുണച്ചില്ലെങ്കിൽ അതൊരു വേദനയാകുമെന്ന് പറഞ്ഞതും ജോസാ പറഞ്ഞത്. ഇന്നേ ദിവസം ഇവിടെ വരാമെന്നും നിന്നെ കാത്ത് നിൽക്കാമെന്നും. നിന്റെ പേര് തെരെഞ്ഞെടുക്കപ്പെട്ടില്ലെങ്കിൽ നീയറിയാതെ തന്നെ മടങ്ങി പോകാനായിരുന്നു തീരുമാനം.
എന്തായാലും ദൈവം തുണച്ചു.. ഞാൻ ജോസിനെ വിവരമറിയിച്ചിട്ടുണ്ട്.. ഇനി നീ പുറത്തോട്ട് ഇറങ്ങിച്ചെന്നാൽ മാത്രം മതി..."
നന്ദിയോടെ നങ്കി സൂപ്രണ്ടിനെ നോക്കി.
"മക്കളെയും കൂട്ടി എന്റെ വീട്ടിലേക്ക് ഒരു ദിവസം പോരണം.. ജോസിനോട് ഞാൻ പറഞ്ഞിട്ടുണ്ട്.."
"ഉം... " ഗദ്ഗദത്താൽ വാക്കുകൾ കിട്ടാതെ നങ്കി മൂളി.
"മ്മ്... ചെല്ല്.. കൂട്ടുകാരോടൊക്കെ യാത്ര പറഞ്ഞിട്ട് വാ..."
"മേഡം.. ഉപരാഷ്ട്രപതി നമ്മുടെ ഉപഹാരം തുറന്നു നോക്കിയില്ലല്ലോ.. അദ്ദേഹത്തിന് അത് ഇഷ്ടപ്പെടുമോ എന്തോ... " നങ്കി നിരാശയോടെ പറഞ്ഞു.
"അദ്ദേഹത്തിന് തീർച്ചയായും ഇഷ്ടപ്പെടും. നീ അതോർത്ത് വിഷമിക്കണ്ട..
ചെല്ല്.. പെട്ടെന്ന് പോകാൻ തയ്യാറായി വാ... ഇനിയും വൈകിയാ വീടണയാൻ പാതിരാവാകും..."
നിറഞ്ഞ പുഞ്ചിരിയോടെ നങ്കി സൂപ്രണ്ടിന്റെ മുറി വിട്ടിറങ്ങി.
🖤🖤🖤🖤🖤
റഷീദയെ കെട്ടിപ്പിടിച്ച് കരയുമ്പോൾ തന്റെ ഹൃദയത്തിന് ആഴത്തിലൊരു മുറിവേറ്റതായി നങ്കിയ്ക്ക് അനുഭവപ്പെട്ടു. ആശ്വാസവാക്കുകൾ പോലും ശാന്തത നൽകില്ലെന്ന് അറിഞ്ഞിട്ടും നങ്കിയും മാലതിയും, റഷീദയെ സ്വാന്തനിപ്പിക്കാൻ ശ്രമിച്ചു. ഒടുവിൽ ചിരിയുടെ ഒരു നുണ സൃഷ്ടിച്ചു റഷീദ കൂട്ടുകാർക്ക് യാത്രയയപ്പ് നൽകി. റഷീദയുടെ കുടുംബത്തെ പോയി കാണാമെന്ന് മാലതി വാക്ക് കൊടുത്തപ്പോൾ വാടിത്തളർന്ന ആ മുഖത്ത് നേരിയ പ്രസരിപ്പ് വിരിഞ്ഞു.
നങ്കി ഓടിനടന്ന് എല്ലാവരോടും യാത്ര പറഞ്ഞു. അടുത്ത പരിചയക്കാരെ പോലായ പോലീസുകാരോടും യാത്ര പറയാൻ മറന്നില്ല. വിനോദിനിയുടെ സെല്ലിന് മുന്നിലെത്തി ഉള്ളിലേക്ക് നോട്ടമെറിഞ്ഞു. ഒരു നിഴൽ പോലെ വിനോദിനി അഴികൾക്ക് മുന്നിൽ പ്രത്യക്ഷമായതും നെഞ്ചിടിപ്പോടെ നങ്കി പെട്ടെന്ന് ഓടിയകന്നു.
തുടരും.....✍️
സത്യത്തിൽ അന്വേഷിച്ചപ്പോൾ അറിഞ്ഞത്, ജയിലിൽ നിന്നും തടവ് പുള്ളികളെ ഇങ്ങനെ വിടുതൽ ചെയ്യുന്നത് നിർത്തലാക്കിയിട്ട് കുറേക്കാലമായെന്നാണ്. പിന്നെ കേരളപ്പിറവി ദിനത്തിൽ ഇങ്ങനെയൊരു കാര്യം പരിഗണിക്കാറില്ലെന്നുമറിഞ്ഞു. എങ്കിലും, കഥയിൽ ചോദ്യമില്ലെന്ന വാദത്തെ കൂട്ട് നിർത്തി ഞാൻ നങ്കിയ്ക്ക് വിടുതൽ വാങ്ങി നൽകി...
അടുത്ത ഭാഗത്തിൽ നങ്കി യാത്ര പറയുകയാണ്.....✍️💜
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ