2022 ഫെബ്രുവരി 20, ഞായറാഴ്‌ച

നങ്കി 1️⃣7️⃣

 

©️Copyright Protected

........

നീരസത്തോടെ തന്നെ നങ്കി മുന്നിലേക്ക് കയറി.

പിറകിലെ ഡോർ തുറന്നിട്ട്‌ കൊണ്ട് ജോസഫ് ഡ്രൈവിംഗ് സീറ്റിലേക്ക് നടന്നു. കാറിനുള്ളിലേക്ക് കയറും മുമ്പ് മണിയനെ നോക്കി.

"ഇനി തനിക്കെന്താ പ്രത്യേക ക്ഷണം വേണോ കാറിൽ കേറാൻ..ഡ്യൂട്ടിക്ക് കയറേണ്ട സമയം കഴിഞ്ഞിട്ടും  താങ്ങീം തൂങ്ങീം നടക്കുവാ. കേറടോ കാറിൽ "

ജോസഫിന്റെ ആജ്ഞ കിട്ടിയതും മണിയൻ ഓടിച്ചെന്ന് പിൻസീറ്റിലേക്ക് കയറി. ഡോറും വലിച്ചടച്ചു.

ഡ്രൈവിംഗിനിടയിലും ജോസഫ് അടിക്കടി നങ്കിയെ ഗൗനിച്ചു. പുറത്തെ കാഴ്ചകളിലേക്ക് കണ്ണുനട്ട് ഇരിക്കുന്നെങ്കിലും ചിന്തകൾ മറ്റെവിടെയോ ആണെന്ന് അയാൾക്ക് തോന്നി.

"നങ്കീ...." കാറിനുള്ളിലെ നിശബ്ദതയിൽ ജോസഫിന്റെ സ്വരമുണർന്നു.

......✍️


അഗാധഗർത്തത്തിനുള്ളിൽ നിന്നും ഉയിർത്തെഴുന്നേറ്റ പോലെ നങ്കിയുടെ കണ്ണുകൾ ജോസഫിന്റെ മുഖത്ത് ആഴ്ന്നു.

"അനിയത്തിയും കുഞ്ഞും സുഖമായിരിക്കുന്നോ..?"

"ഉം..."

"ഭാവി പരിപാടി എന്താ..? ഒരു ഭർത്താവിന് കീഴിൽ ചേച്ചിയും അനിയത്തിയും ഒരുമിച്ച് ജീവിക്കാന്നോ ?" പരിഹാസ രൂപേണ ജോസഫ് ഉന്നയിച്ച ചോദ്യത്തിന്, തുറിച്ചൊരു നോട്ടം മാത്രം മറുപടിയായ് നൽകി നങ്കി.

"കനലാണ് പെണ്ണേ നീ...
ആളുന്ന തീയ്യുടെ-
ചൂടും ചുമപ്പുമണിഞ്ഞ പെണ്ണ്...."

ഒരു ചെറു കവിത ചൊല്ലി മന്ദഹാസത്തോടെ ആ നോട്ടത്തെ സ്വീകരിച്ച്,  ജോസഫ് ഡ്രൈവിംഗിലേക്ക് ശ്രദ്ധ തിരിച്ചു.

ആശുപത്രി മുറ്റത്തേക്ക് കാർ കയറ്റി ഒതുക്കി നിർത്തി ജോസഫ് ഇറങ്ങി. പിന്നാലെ മണിയനും. നങ്കിയ്ക്കായി ഡോർ തുറന്നു കൊടുത്ത് ജോസഫ് ഒതുങ്ങി നിന്നു.

കാറിനുള്ളിൽ നിന്നും പുറത്തേക്ക് ഇറങ്ങിയതും, പെട്ടെന്ന് നങ്കി വയറിൽ അമർത്തി പിടിച്ചു.

"എന്താ നങ്കി.. എന്തുപറ്റി..?" ജോസഫ് നങ്കിയുടെ കൈയിൽ മുറുകെ പിടിച്ചു ചോദിച്ചു.

"വയറ്റില് കൊള്ത്തി വലിക്ക്ന്ന പോല വേദന തോന്നി.."

"മണിയാ ഓടിച്ചെന്ന് സ്ട്രക്ച്ചർ കൂട്ടി കൊണ്ട് വാ..."

"വേണ്ട... മാറി... മാറി..." നങ്കി പെട്ടെന്ന് തടഞ്ഞു.

"പെട്ടെന്ന് വണ്ടീന്ന് എറങ്ങിയപ്പോ തോന്നീതാ.  കൊഴപ്പോല്ല... ഞാ നടന്നോളാം.."

മണിയൻ ശങ്കയോടെ ജോസഫിനെ നോക്കി.

നങ്കി പതിയെ മുന്നോട്ട് നടന്നതും ജോസഫ്, മണിയനെ നോക്കി വേണ്ടെന്ന അർത്ഥത്തിൽ തല കുലുക്കി.

"ഇവരെ എവിടുന്ന് കിട്ടി അച്ചായന്..?"

വരാന്തയിലേക്ക് കയറിയതും വിക്ടറിന്റെ ചോദ്യം കേട്ട് മൂവരും ഓഫീസ് മുറിക്ക് മുന്നിലേക്ക് നോക്കി.

വിക്ടറിനൊപ്പം ജാൻസിയുമുണ്ട്.

"വരുന്ന വഴി കിട്ടി... അപ്പൊ തന്നെ കൂടെ കൂട്ടി.."
നങ്കിയുടെ മുഖത്തേക്കും നോട്ടമെറിഞ്ഞ് ജോസഫ്  മറുപടി നൽകി.

"നിനക്ക് നല്ല ക്ഷീണമുണ്ടല്ലോ നങ്കി... ആകെ വിളറി കോലം കേട്ട് .." ജാൻസി നങ്കിയെ അടിമുടി നോക്കി പറഞ്ഞു.

"ഓൾക്ക് വയീല് വച്ച് തല ചുറ്റി.. സ്സാറെ കണ്ടോട്ട് ഇപ്പോ ഈട എത്തി... ഇല്ലാര്ന്നേ ഇപ്പോം ആട കുത്തിയിര്ന്നേന..പിന്ന വണ്ടീന്ന് എറങ്ങീപ്പോ വയറ്റില് വേദനേംണ്ടായീ.." മണിയൻ നങ്കിയുടെ അവസ്ഥ വ്യക്തമായി വിശദീകരിച്ചു.

"വാട്ട്...?? " ജാൻസി പരിഭ്രാന്തിയോടെ നങ്കിയെ നോക്കി.

"എന്നിട്ടാണോ നീയിങ്ങനെ കൂസലോടെ നിൽക്കുന്നെ... ഒപി ഒന്നുമെടുക്കണ്ട.. വാ ഇപ്പൊ തന്നെ ഗീതയെ കേറി കാണാം. പ്രസവതീയതി കൂടി അടുത്തിരിക്കുവാ. എന്നിട്ടുമിത്ര കെയർലെസ്സായി ഇത്ര ദൂരം നടന്നു വന്നല്ലോ നീ..

വാ.." ജാൻസി തിടുക്കത്തിൽ നങ്കിയുടെ കൈയ്യിൽ പിടിച്ച് ഗൈനക്കോളജിസ്റ്റിന്റെ മുറിയിലേക്ക് നടന്നു.

അനുസരിക്കാൻ വിധേയ ആയവളെപ്പോലെ നങ്കി,  ജാൻസിയെ അനുഗമിച്ചു.

                                 
                                    ◼️◾️◼️


ഡോക്ടറെ കാണിച്ച് പരിശോധനയും സ്കാനിംഗുമൊക്കെ കൂടെ നിന്ന് നടത്തിയതിന് ശേഷം നങ്കിയുമായി നേരെ ഓഫീസ് മുറിയിലേക്കാണ് ജാൻസി വന്നത്.

"ഡോക്ടറെന്തു പറഞ്ഞു.." വിക്ടർ ആരാഞ്ഞു.

"പ്രസവം ഉടനെയുണ്ടാകും..സോ, ഞാനൊരു കാര്യം തീരുമാനിച്ചു.

ഇനി അങ്ങോട്ടുമിങ്ങോട്ടുമുള്ള ഈ യാത്ര അത്ര സേഫ് ആല്ല. അതുകൊണ്ട്, ഇനി പ്രസവം കഴിയും വരെ നങ്കി ഇവിടെ തങ്ങണം.. ഹോസ്പിറ്റലിൽ തന്നെ. ഒരു മുറി നമുക്ക് ശരിയാക്കി കൊടുക്കാവുന്നയല്ലെ ഉള്ളൂ.."

"വേണ്ട.. അദ് വേണ്ട... " നങ്കി എതിർക്കാൻ ശ്രമിച്ചു.

"വേണം. നിന്റെ വയറ്റിൽ കിടക്കുന്നത് എന്റെ കുഞ്ഞാ. സോ, അതിന്റെ സുരക്ഷ നോക്കേണ്ടത് എന്റെ അത്യാവശ്യമാ.." ജാൻസിയുടെ സ്വരം കനത്തു.

നങ്കിയുടെ തല താഴ്ന്നു.

"ശിവൻ ജോലി നിർത്തി പോയി. ഇനി എന്തുറപ്പാ ഞങ്ങളുടെ കുഞ്ഞിന്റെ കാര്യത്തിൽ. കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ കൊള്ളാത്തവനാണെന്ന് ഭാര്യേടെ അനിയത്തിയെ രഹസ്യമായി കെട്ടിയപ്പോഴേ മനസ്സിലായി. ഇനി ചിലപ്പോ നമ്മുടെ കുഞ്ഞിനെ വെച്ച് വേണേലും അവൻ വില പേശും. ഇല്ലേ ആർക്കേലും വിറ്റ് കളയില്ലെന്ന് എന്താ ഉറപ്പ്..?" രോഷം കൊണ്ട് ജാൻസി എന്തൊക്കെയോ വിളിച്ചു പറഞ്ഞു.

"ഞാ ചത്താലും നിങ്ങട കൊച്ചിന നിങ്ങക്ക് തന്ന കിട്ടും.." ചിലമ്പിച്ചതെങ്കിലും, തികഞ്ഞ ഗൗരവത്തിൽ നങ്കി പറഞ്ഞു.

"കിട്ടണം. അതിനു വേണ്ടി തന്നാ ഞാൻ പറയുന്നേ.. ഇനി പ്രസവം കഴിയുന്ന വരെ നീ ഇവിടെ ഉണ്ടാകണോന്ന്. എന്റെ കണ്മുന്നിൽ.

നിന്റെ വീട്ടിൽ കാര്യം ഞങ്ങളറിയിച്ചോളാം. വയറു വേദനയും തല ചുറ്റലുമൊക്കെ ഉണ്ടായതല്ലേ.. അതൊക്കെ തന്നെ ധാരാളം, ആശുപത്രിയിൽ കിടക്കാൻ. നീ ഇവിടിരിക്ക്, റൂമൊക്കെ ശരിയാക്കിയിട്ട് വിളിക്കാം.."

ജാൻസിയും വിക്ടറും പുറത്തേക്കിറങ്ങി.

ഒരു ശില കണക്കെ നങ്കി കസേരയിലക്കിരുന്നു. ചിന്തകളുടെ ഭാരം കനത്തപ്പോൾ മേശമേലേക്ക് തല ചായ്ച്ചു. ഉറക്കം കണ്ണുകളെ പുതച്ചത് പെട്ടെന്നായിരുന്നു.

അച്ഛനൊപ്പമുള്ള ഓർമകളെ സ്വപ്നത്തിൽ വീണ്ടെടുത്ത് നങ്കി മയങ്ങി.
.
.
.
അച്ഛനിൽ നിന്നും ശിവനിലേക്ക് സ്വപ്നം വഴി മാറിയപ്പോൾ നങ്കി ഞെട്ടിയുണർന്നു.

കണ്ണുകൾ നേരെ ചെന്ന് പതിഞ്ഞത് മേശക്കെതിർവശത്തിരുന്ന ജോസഫിലേക്കാണ്. ഞെട്ടലോടെ ചാടിയെഴുന്നേൽക്കാനാണ് ആദ്യം ശ്രമിച്ചത്.

"ചാടിപ്പിടിച്ച് എഴുന്നേൽക്കണ്ട.. ഇരിക്ക് " ജോസഫ് ആജ്ഞ പോലെ പറഞ്ഞു.

നങ്കിക്ക് ജാള്യത തോന്നി. പരിസരം മറന്ന് ഉറങ്ങിയതിന്. ഒപ്പം ആശ്ചര്യവും, മുറിയിലേക്ക് ഒരാൾ കടന്നു വന്നതും എതിരെ ഇരുന്നതുമൊന്നും അറിയാൻ കഴിയാത്ത പാകത്തിൽ താൻ ഉറക്കത്തിലേക്ക് വഴുതി വീണതിൽ.

"നിനക്ക് കുടിക്കാൻ വെള്ളം വേണോ?"

"ഉം.."

ജോസഫ് മേശമേലിരുന്ന കുപ്പിവെള്ളം നങ്കിക്ക് നേരെ നീട്ടി.

വെള്ളം ഒരിറക്ക് കുടിച്ചു കൊണ്ട് നങ്കി മന്ദഹസിച്ചു.

"എന്താ നീ ചിരിക്കുന്നേ !!?"

"പൊറമേ കാണ്ന്ന പോലല്ല സ്സാർ ചെലര്ട മനസ്സ്..അട്ത്തറിയുമ്പഴാ ഓര്ട നന്മ അറീന്നേ. പിന്ന, അട്ത്തറിയാന്ന് കര്തുന്ന പലര്ടേം മനസ്സില  നേര് അറിയുമ്പോ നിനച്ചിരിക്കാത്ത ഞെട്ടലും തോന്നും.."

"ഇപ്പൊ ആരുടെ മനസ്സിലെ നന്മയാ തിരിച്ചറിഞ്ഞേ ?" ജോസഫ് തെല്ല് ജിജ്ഞാസയോടെ ചോദിച്ചു.

"മണിയണ്ണന്റെ..." സംശയലേശമന്യേ നങ്കി ഉത്തരം നൽകി.

"ഓ..., അപ്പൊ ഞെട്ടലുണ്ടാക്കിയതോ ?"

"പലരിക്കും ഞാ ഒര് കളിക്കോപ്പാണ് സ്സാർ.. ഇഷ്ടത്തിന് ഉപയോഗിച്ചിട്ട് ഉപേശിക്കാൻ പാകമൊള്ള കളിക്കോപ്പ്.. ഇപ്പോ എന്റ മേല് അവകാശോള്ള ഒടമസ്ത്തര് എന്ന ഒര് അലമാരേല് സൂഷിച്ചു വക്കാൻ പോകയാ.. അവര്ട ആവശ്യം കഴിയ്ന്ന വര.. ഞാ.." പറയാൻ വന്നത് പൂർത്തിയാക്കാതെ നങ്കി നിർത്തി.

"എന്തേ നിർത്തിയത്..?"

"ഒന്നൂല്ല.."

"ആരോടാണ് പറയുന്നതെന്ന് ഇപ്പോഴാണോ ബോധം വന്നേ..പെങ്ങളെ കുറിച്ചുള്ള കുറ്റം, ആങ്ങളയോട്... ഉം...." ജോസഫ് തമാശ രൂപേണ പറഞ്ഞു.

"ഞാ ആര്ടേം കുറ്റം പറഞ്ഞില്ല.."

"എങ്കിൽ ശരി. അതുപോട്ടെ, ഞാനൊരു കാര്യം ചോദിക്കട്ട്.

നിന്നെ രക്ഷിക്കാൻ ഒരാൾ വരികയാണെങ്കിൽ നീയെന്ത് ചെയ്യും. രക്ഷപെടാൻ ശ്രമിക്കുമോ.. അതോ.. വിധി എന്ന് വിചാരിച്ച് ഈ ജീവിതം ജീവിച്ച് തീർക്കുമോ..?"

സംശയഭാവത്തിൽ നങ്കി ജോസഫിനെ തന്നെ നോക്കിയിരുന്നു.

"ഒരു കളിപ്പാട്ടമായി നിന്നെ കാണാ...'-

മുറിയിലേക്ക് പെട്ടെന്ന് കയറി വന്ന ജാൻസി, ജോസഫിന്റെ വാക്കുകളെ മുറിച്ചു. ഒപ്പം അവരുടെ സംഭാഷണത്തിന് വിരാമവും.

"ആഹാ ചേട്ടായി ഇവിടുണ്ടായിരുന്നോ...! ഞാനും വിക്കിയും നങ്കിക്ക് തങ്ങാനുള്ള മുറി ഏർപ്പാടാക്കാൻ പോയതാ "

"തങ്ങാനോ...! എന്തിന് ?"

"ഇവൾടെ പ്രസവം അടുത്ത് വരുകാ. സോ, ഇനി ഇവൾ ഇവിടെ നമ്മുടെ കണ്മുന്നിലുണ്ടാകുന്നതാ നല്ലത്..

നങ്കീ വാ.." ജോസഫിന്റെ ചോദ്യത്തിനുള്ള മറുപടി നൽകി കൊണ്ട് ജാൻസി നങ്കിയെ ക്ഷണിച്ചു.

"വിക്കി, വീട്ടിലോട്ട് പോയിട്ടുണ്ട്. നിന്നെ അഡ്മിറ്റ്‌ ചെയ്ത കാര്യം അറിയിക്കാൻ. കണ്ടില്ലെങ്കിലും അന്വേഷിച്ചാരും വരുമെന്ന് എനിക്ക് തോന്നുന്നില്ല.."

ജാൻസിയുടെ വാക്കുകളിലെ മുള്ള് നങ്കിയെ നോവിച്ചു.

മുറിവിട്ടിറങ്ങും മുമ്പ് നങ്കി ജോസഫിനെ തിരിഞ്ഞ് നോക്കി.

"എന്നപ്പോല ഒര്പാട് നങ്കിമാരൊണ്ട് സ്സാർ ഈട. പഠിക്കാൻ ആശയും കഴിവും ഒണ്ടായിട്ടും, കല്യാണം എന്ന ഒര് കുരുക്കിൽ കുടുങ്ങിപ്പോയ ഒര്പാട് പെങ്കുട്ടികള്.. പതിന്നാലും പതിനഞ്ചും വയസ്സില് ഗർഫിണി ആകുന്ന.. അമ്മയാകുന്ന, ചെലപ്പോ പ്രസവത്തോട ചത്തു പോയ..

സ്സാറ് പറഞ്ഞില്ലേ രശ്ശിക്കാൻ വര്ന്ന ആളെപ്പറ്റി.. അങ്ങന ഒരാള് വര്ന്നുണ്ടേല് എനിക്ക് മാത്രല്ല സ്സാർ.. ഊരില ഒര്പാട് പെങ്കുട്ടികള്ടേം രശ്ശയാകണം.."

ജോസഫ് മന്ദഹസിച്ചു.

ഒരു നേർത്ത ചിരിയോടെ നങ്കി പുറത്തേക്ക് നടന്നു.


                            ⬛️◼️◾️▪️◾️◼️⬛️



നിരാശയോടെ തങ്കം നിന്നു.

"വിശമിക്കണ്ടക്കാ.. പേറ് ആകുമ്പഴക്കും വന്നാ മതി. മുരുഗണ്ണന്റ കാര്യം നോക്കണ്ടേ.. അദാ ഞാ പറേന്നേ.. ഈട എനിക്ക് ഒര് കൊഴപ്പോയില്ല..."

"എന്നാലും നിയ്യ് തനിച്ച്..."

"തനിച്ച്.... ങ്ഹും...

എന്റ മനസ്സ് നെറയെ മല്ലീം കൊച്ചുമാ.. ഓള് ഇനി ആട..." നങ്കിയുടെ കണ്ണിൽ ഭീതി നിറഞ്ഞു.

"ലച്ച്മീക്കായോട് ഞാ ഇന്ന് കൊറേ കാരിയം പറഞ്ഞ്..ചെക്കനേം പെണ്ണിനേം ഗൗവ്നിച്ചില്ലേല് അട്ത്ത പേറ് പത്ത് മാസത്തിനുള്ളീ നടക്കൂന്ന് പറഞ്ഞ് കൊട്ത്ത്.. നിയ്യ് വെസമിക്കണ്ട. ലച്ച്മീക്കാ നോക്കിക്കോളും. നിന്റ പേറിന്റന്നെ ലച്ച്മീക്കാ വര്ത്തൊള്ള്. സീവന്റ അപ്പനേം എളേത്ങ്ങളേം ഇട്ടേച്ച് ഈട വന്ന് നിക്കാൻ പറ്റില്ലാല്ലോ..."

"ആരും വര്ണോന്നില്ലക്കാ.." നിസ്സംഗതയോടെ മറുപടി നൽകി നങ്കി ജനാലയിലൂടെ പുറത്തേക്ക് നോട്ടമയച്ചു നിന്നു.

                                        ◾️


കുളി കഴിഞ്ഞ് രാവിലത്തെ കാപ്പി കഴിച്ചു കൊണ്ടിരുന്നപ്പോഴാണ്, കുഞ്ഞുമായി മല്ലിക മുറിയിലേക്ക് കയറി വന്നത്, ഒപ്പം തങ്കവും. നങ്കിയോട് സുഖവിവരം അന്വേഷിക്കുന്നതിന് മുമ്പ്, തലേന്ന് നങ്കി വീട്ടിൽ നിന്നിറങ്ങിയ നേരം തൊട്ട് ഇന്ന് രാവിലെ വരെയുള്ള വിവരങ്ങൾ ഒന്നൊഴിയാതെ മല്ലിക പറഞ്ഞു തീർത്തു.

രാത്രി കൂട്ട് കിടക്കാൻ ശിവന്റെ എളേതുങ്ങള് വന്നതും. കുഞ്ഞ് കരയുന്ന കേട്ട് ശിവന്റെ അമ്മ ഒച്ച വച്ച്, തന്നെ എഴുന്നേൽപ്പിച്ചതുമൊക്കെ മല്ലിക പരിഭവത്തോടെ പറഞ്ഞു.

"ച്ചേയി എന്നായിനി പൊരേ വര്ന്നേ. എൻക്ക് ച്ചേയി ഇല്ലാത പറ്റൂന്ന് തോന്ന്ന്നില്ല.. മാമീട ഒച്ച കേട്ട് തല പൊട്ടുവാ. പിന്ന യ്യി കൊച്ചിന്റ കരച്ചിലും.. ഇന്നല ഓര് മുറീല് കെടക്കാൻ വന്ന്. മാമി സമ്മയ്ച്ചില്ല... ഓര് ദേശിച്ച് പൊരേന്ന എറങ്ങിപ്പോയി...പിന്ന ഇദ് വര വന്നില്ലാ..."

"കൊച്ച്പിള്ളയൊന്നും അല്ലല്ല കാണാത പോഗാന്.  നെനക്ക് വേതന വല്ലോം പിന്ന തോന്നിയാ നങ്കി.." തങ്കം നീരസത്തോടെ മല്ലികയ്ക്ക് മുഖം തിരിച്ച് നങ്കിയോടായി ചോദിച്ചു.

"ഇല്ല..." മല്ലികയുടെ കുഞ്ഞിനെ ലാളിച്ചു കൊണ്ട് നങ്കി മറുപടി നൽകി.

"നിയ്യ് കൊച്ചിന നല്ല പോല നോക്കണം മല്ലി.. ഒത്തിരി കരയിപ്പിക്കര്ത്.. അമ്മ എന്ത് പറഞ്ഞാലും നിയ്യ് തർക്കിക്കാൻ പോകര്ത്.."

"ഉം..." മല്ലിക അലസ ഭാവത്തിൽ മൂളി.

സംസാരിച്ചു കൊണ്ടിരിക്കെ പുറത്ത് വാതിലിൽ ആരോ തട്ടി അകത്തേക്ക് കയറാൻ അനുവാദം ചോദിച്ചു.

"വാ സ്സാർ..." ശബ്ദം തിരിച്ചറിഞ്ഞ് നങ്കി അകത്തേക്ക് ക്ഷണിച്ചു.

ജോസഫ് കയറി വന്നു.

"ശല്യപ്പെടുത്തിയെങ്കിൽ സോറി... ഉടനെ പോകാം.."

"കൊഴപ്പോംല്ല സ്സാർ.."

"ദാ.. മൂന്ന് പുസ്തകങ്ങളുണ്ട് വായിച്ചിട്ട് കേടുപാട് കൂടാതെ തിരിച്ചു തരണം. ഇവിടെ വെറുതെ കിടന്ന്... അല്ല, അലമാരക്കുള്ളിൽ വെറുതെയിരുന്ന് മുഷിയേണ്ടെന്ന് കരുതി കൊണ്ട് വന്നതാ..."

ജോസഫ് കൈയ്യിലിരുന്ന പുസ്തകങ്ങൾ നങ്കിക്ക് നേരെ നീട്ടി. വിസ്മയത്തോടെയും ജോസഫിന്റെ വാക്കുകളിലെ നർമം ആസ്വദിച്ച് കൊണ്ടും നങ്കി പുസ്തകങ്ങൾ വാങ്ങി.

"താങ്ക് യൂ സ്സാർ.." നിറഞ്ഞ പുഞ്ചിരിയോടെ നങ്കി പറഞ്ഞു.

മറുപടിയായ് ചിരിച്ചു കൊണ്ട് തലയാട്ടി ജോസഫ് മുറിവിട്ട് പോയി.

"കാണ്ന്ന പോല അല്ല ആള് അല്ലേ നങ്കിപ്പെണ്ണേ..." തങ്കം അഭിപ്രായപ്പെട്ടു.

"മ്മ്... അല്ലക്കാ...." ജോസഫ് നടന്നു മറഞ്ഞ വഴിയേ നോക്കി നങ്കി ആ അഭിപ്രായം ശരി വച്ചു.


                           ⬛️◼️◾️▪️◾️◼️⬛️



എന്തെങ്കിലുമൊക്കെ കഴിക്കാനായി തയ്യാറാക്കി കൊണ്ട് തങ്കം എന്നും നങ്കിയെ കാണാനായി വരും. ഊരിലെ വിശേഷങ്ങളൊക്കെ പങ്കുവക്കും. ചില വൈകുന്നേരങ്ങളിൽ മുരുകനും ഒപ്പം കാണും. മല്ലികയേയും കുഞ്ഞിനേയും അന്ന് വന്നതിൽ പിന്നെ കണ്ടിട്ടേ ഇല്ല. പിന്നെ, പ്രതീക്ഷിക്കാതെ കടന്നു വരുന്ന സന്ദർശകനായി ജോസഫും.

ദിവസങ്ങളുടെ പോക്ക് കണ്ണടച്ചു തുറക്കുന്നത് പോലെയാണെന്ന് നങ്കിക്ക് തോന്നി. ഒന്നും ചെയ്യാനില്ലാത്ത പകലുകളിലും, ഉറക്കം എത്തി നോക്കാത്ത രാവുകളിലും ജോസഫ് തന്ന പുസ്തകങ്ങൾ വെറുതെ വായിക്കും. സ്കൂളിൽ നിന്ന് ഇറങ്ങിയതിനു ശേഷം പുസ്തകങ്ങളിലേക്ക് ചേക്കേറിയത് ഈ പുസ്തകങ്ങൾ കിട്ടിയതിന് ശേഷം മാത്രമാണ്.

പുസ്തകത്തിനുള്ളിൽ പലയിടത്തും വരയും കുറിപ്പുമൊക്കെ കാണാം. ചില വാചകങ്ങൾക്ക് അടിയിൽ പേന കൊണ്ട് നീട്ടി വരച്ചിരിക്കുന്നു. നങ്കി വീണ്ടുമാ വരികളിലൂടെ കണ്ണോടിക്കും.

*      'ആ നിസ്സംഗതയ്ക്ക് ഒരു ഇളക്കവും തട്ടാതെ
ദസ്തയേവ്സ്കി അവളുടെ കണ്ണുകളിലേക്ക് നോക്കി.

    പിന്നെ പതിഞ്ഞ സ്വരത്തിൽ ചോദിച്ചു :

    'കുറേ നാൾ മുമ്പാണ്. ഞാനെന്റെ ഹൃദയം പൂട്ടി അതിന്റെ താക്കോൽ എവിടെയോ വലിച്ചെറിഞ്ഞു. ഇപ്പോൾ ഓർക്കുന്നില്ല അതെവിടെയാണെന്ന്. എവിടെയെങ്കിലും കിടന്ന് നിനക്ക് കിട്ടിയോ അത് ?. എന്റെ ഹൃദയത്തിന്റെ താക്കോലും കൊണ്ടാണോ നീ വന്നിരിക്കുന്നത് ? "

      അന്ന വിളറിപ്പോയി.

*    'ചിലപ്പോൾ ചിലരുടെ മൗനം അവരുടെ അലർച്ചയേക്കാൾ ഭയാനകമാണ്...'

ഓരോ വരികളും വീണ്ടും മനസ്സിരുത്തി വായിച്ചു കൊണ്ട് നങ്കി ചിരിക്കും.

മറ്റു ചിലപ്പോൾ, പുസ്തകം മടക്കി വച്ച് നിറവയറിന്റെ അനക്കങ്ങൾ ശ്രദ്ധിക്കും. ഓരോ തുടിപ്പ് കാണുമ്പോഴും നങ്കിയുടെ കണ്ണുകൾ നിറയും.

ഒരു നോക്കെങ്കിലും കുഞ്ഞിനെ കാണാനാകുമോ എന്ന് ആധിയോടെ ആലോചിക്കും. ഒരു മുത്തമെങ്കിലും നൽകണം. അത് മതി. ജാൻസി സമ്മതിക്കുമെന്ന ഒരു വിശ്വാസവും നങ്കിക്കില്ല. പേറ്റ് വേദന തനിക്കാണെങ്കിലും, കുഞ്ഞ് സ്വന്തമാകുന്നത് വരെ ജാൻസി ഉള്ളിൽ പ്രാണവേദന അനുഭവിക്കുന്നുണ്ടെന്ന് നങ്കിക്ക് മനസ്സിലായി. അമ്മയാകാൻ കൊതിക്കുന്ന പെണ്ണിന്റെ മനസ്സ് നങ്കിക്ക് ഊഹിക്കാൻ കഴിയുന്നുണ്ട്.

ദിവസങ്ങൾ ഒന്നുമുരിയാടാതെ നങ്കിയെ കടന്നു പോയി. രണ്ടാഴ്ചയിലേറെയായി ഈ മുറിക്കുള്ളിൽ അടയ്ക്കപ്പെട്ടിട്ട്. ചില വൈകുന്നേരങ്ങളിൽ മുറിക്ക് മുന്നിലെ ഇടനാഴിയിലൂടെ ഒന്ന് നടക്കാനിറങ്ങും അത്ര തന്നെ.

അന്നത്തെ നടത്തം കഴിഞ്ഞ് മുറിയിലെത്തിയപ്പോ  എന്തൊക്കയോ അസ്വസ്ഥതകൾ തോന്നി. കട്ടിലിലിരുന്നും കിടന്നും നോക്കി. വയറിനുള്ളിൽ ചെറിയ വേദന തോന്നി തുടങ്ങുന്നുണ്ട്. കട്ടിലിനോട് ചേർന്ന് ചുമരിലുള്ള സ്വിച്ചിൽ ഏന്തി വലിഞ്ഞ് വിരലമർത്തി. കുറച്ചപ്പുറമുള്ള നേഴ്സ്മാരുടെ മുറിയിൽ ബെല്ല് മുഴങ്ങാൻ പാകത്തിലാണ് സ്വിച്ചിന്റെ പ്രവർത്തനം. ഒപ്പം മുറിക്ക് പുറത്തെ ബൾബ് മിന്നുകയും അണയുകയും ചെയ്യും.

സ്വിച്ചിൽ വിരലമർന്ന നിമിഷം തന്നെ മറ്റൊന്ന് കൂടി സംഭവിച്ചു. വയറിൽ കൈ അമർത്തി, നങ്കി കാൽച്ചുവട്ടിലേക്ക് നോക്കി. വെള്ളം നീരുറവയിൽ നിന്നെന്നെ പോലെ കാൽപ്പാദങ്ങളിലേക്ക് ഒഴുകി വരുന്നു. വെള്ളം പൊട്ടിയിറങ്ങിയതും, പ്രസവം അടുത്തിരിക്കുന്നു എന്ന അറിവിന്റെ ആധിയിൽ നങ്കി വാതിൽക്കലേക്ക് മിഴി ഉയർത്തി.

               
                                    ◼️▪️◼️


ജാൻസിയെ കൂടാതെ ഒരു ഡോക്ടറും രണ്ട് നേഴ്സുമാരും മാത്രമേ ലേബർ റൂമിൽ ഉണ്ടായിരുന്നുള്ളൂ. ജാൻസിയുടെ ഏറ്റവും വിശ്വസ്തരായ ആളുകൾ മാത്രമേ പ്രസവ സമയത്ത് കൂടെ ഉണ്ടാകൂ എന്ന് പറഞ്ഞത്, വേദനയ്ക്കിടയിലും നങ്കി ഓർത്തു.

"നങ്കീ, രണ്ട് കൈയ്യും വയറിലിങ്ങനെ വച്ചിട്ട് നന്നായി മുക്ക്... ഉം... ശ്രമിക്ക്.." ഡോക്ടർ ഉറക്കെ പറയുന്നത് കേൾക്കാം.

നങ്കി സർവ്വശക്തിയുമെടുത്ത് മുക്കി. നിറഞ്ഞു തുളുമ്പിയ കണ്ണുകളിൽ ജാൻസിയുടെ മുഖം അവ്യക്തമായി കാണുന്നുണ്ട്.

"നങ്കീ.. കുഞ്ഞിന്റെ തല പുറത്തേക്ക് വരുന്നുണ്ട്.. നന്നായിട്ട് ശ്രമിക്ക്...പെട്ടെന്ന് പുറത്ത് വന്നില്ലെങ്കില് ഇനി കുഞ്ഞിന് ശ്വാസം മുട്ടും..."

ഡോക്ടറിന്റെ സ്വരം കാതിൽ മുഴങ്ങി.

നങ്കി കണ്ണുകളടച്ച്, പല്ല് കടിച്ചു പിടിച്ച് വീണ്ടും ശ്രമിച്ചു.

"നേഴ്‌സ്...'

ഡോക്ടർ നേഴ്സിന് എന്തോ നിർദേശം കൊടുത്തു. എന്താണതെന്ന് നങ്കി കേട്ടില്ല.

നേഴ്സ് വയറിനരികിലേക്ക് നീങ്ങി നിന്നതും, വയറിനു മേലെ കൈ വച്ച് ആഞ്ഞമർത്തിയതും പെട്ടെന്നായിരുന്നു.

"അമ്മാ...." നങ്കി ആർത്തു വിളിച്ചു.

ഒരു കുരുന്നിന്റെ തൊണ്ട കീറിയുള്ള കരച്ചിലിന്റെ ഉച്ചസ്ഥായിയിൽ നങ്കിയുടെ ശബ്ദം തേങ്ങിയലിഞ്ഞു.

"മേഡം പെൺകുഞ്ഞാ..., ടൈം 6.50..."

നങ്കി തല പൊക്കി നോക്കി.

ജാൻസിക്ക് മുന്നിലേക്ക് കുഞ്ഞിനെ നീട്ടിപ്പിടിക്കുന്ന നേഴ്സിന്റെ കൈകൾ നങ്കിക്ക് ഒരു മറ സൃഷ്ടിച്ചു. ജാൻസിയുടെ ആനന്ദനിർഭരമായ മുഖം മാത്രം നങ്കിയുടെ കണ്ണിൽ പതിഞ്ഞു.

"നങ്കി.. മറുപിള്ള കൂടി വരണം..." ഡോക്ടറിന്റെ നിർദേശം വന്നു.

നങ്കി വയറിൽ കൈ അമർത്തി വീണ്ടും പരിശ്രമിച്ചു. ആ ശ്രമത്തിനിടയിലും, കുഞ്ഞുമായി ജാൻസിയും നേഴ്സും കണ്ണിൽ നിന്നുമകലുന്നത് നങ്കി മങ്ങിയ കാഴ്ചയിൽ കണ്ടു.


തുടരും....✍️

💜




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ