2022 ഫെബ്രുവരി 20, ഞായറാഴ്‌ച

നങ്കി 2️⃣1️⃣

 

©️ Copyright Protected

🌺🌺🌺🌺


"അദ്... ആ സ്സാറില്ലേ..നെന്റ ചേച്ചീട ആങ്ങളച്ചെക്കൻ...."

കഴിക്കുന്നത് നിർത്തി നങ്കി തല ഉയർത്തി നോക്കി മൂളി;

"ഉം..."

"ഓര്ക്ക് നെന്ന ഇസ്ട്ടാണാ.... എൻക്ക് അങ്ങന തോന്നീ.."

"അറീല്ലക്കാ... അല്ല, അങ്ങനൊന്നൂല്ല... അക്കക്ക് തോന്നീതാ.."

"എൻക്ക് മാത്രല്ല നെന്റ മുരുഗണ്ണനും തോന്നീതാ. ഞങ്ങ ഈട അദേ പറ്റി സമ്സാരിച്ച്. ഓര്ക്ക് നെന്ന ഇസ്ട്ടാ പെണ്ണേ. യില്ലേ അന്ന് സിവനോട് നെനക്ക് വേണ്ടി അങ്ങിന ചണ്ടയിഡോ..

അന്ന് തന്ന ആ സമ്സാരോം മട്ടുവൊക്ക കണ്ടിട്ട് ഞാ ഒറപ്പിച്ചതാ. ഓര്ക്ക് നെന്ന സരിക്കും ഇസ്ട്ടാ. നിയ്യ് പള്ളിക്കൂടത്തിലൊക്ക പോയതല്ലേ. അദൊക്ക അറിഞ്ഞിട്ടാകും. അങ്ങന ആളിക്ക് നെന്ന ഇസ്ട്ടാണേ നിയ്യ് കൂട പോണം നങ്കി പെണ്ണേ. നല്ല മാനിസനാ. നെന്ന പോന്ന് പോല നോക്കും എൻക്ക് ഒറപ്പാ. നെന്റ ഡോട്ടറമ്മേ പോലല്ലാ. അധും എൻക്ക് ഒറപ്പാ...."

"അദ് നടക്കില്ല അക്കാ..." ഉറച്ച സ്വരത്തിൽ നങ്കി പറഞ്ഞു.

അന്ധാളിപ്പോടെ മുരുകനും നങ്കിയും പരസ്പരം നോക്കി.

.........✍️


"ഓര്ഡ അനീത്തീന്റ കൊച്ചിന പെറ്റ ഞാ എങ്ങന ഓര...."

"ആ സ്സാറിന് ഇസ്ട്ടാണേലോ...?"

"ഇസ്ട്ടമല്ലക്കാ... സഹതാപം... അദാണ്..."

"നിയ്യ്... -

"തങ്കോ..." മുരുകൻ നീട്ടി വിളിച്ചു.

എന്തോ പറയാൻ തുടങ്ങിയ തങ്കം പെട്ടെന്ന് ഭർത്താവിനെ നോക്കി.

"നീയ്യെന്തിനാ ഓരോന്ന് ചോയ്ച്ച് ഓള വെസമിപ്പിക്ക്ന്നേ. പ്പോ ഓള് വയറ് നെറച്ച് ന്തേലും തിന്നട്ട്...." മുരുകൻ നങ്കിയെ ശാസിച്ചു.

"ഉം... നിയ്യ് തിന്ന്.. കൊറച്ചൂട എട്ക്കട്ടെ.." വിഷയം വിട്ട് തങ്കം ആരാഞ്ഞു.

"വേണ്ടക്കാ.. മദി.."

നങ്കി എഴുന്നേറ്റു അടുക്കളപ്പുറത്തേക്ക് നടന്നു. കൂടെ തങ്കവും.

"നിയ്യ് പാത്തറം ആട വച്ചേര നങ്കി ഞാ മോറി വച്ചോളാദ്.."

"ഞാ കഴ്കാക്കാ..."

നങ്കി പാത്രം കഴുകി കൊണ്ടു നിൽക്കവേ കൊലുസ്സ് പിന്നാമ്പുറത്തേക്ക് വന്നു.

"നിയ്യ് ആ സീവന്റ കാല് കണ്ടാര്ന്നോ..

ചണ്ട നടന്ന അന്ന് ഓര്ട കൈ ആ കന്നാലി ഒടച്ച നേരം നമ്മ്ട കൊലുസ്സ് ഓടി വന്ന് ഓന്റ കാലിന്മേ ഒര് കടി. ഓൻ തൊള്ള തൊറന്നാ അലറ്യേ... ന്നിട്ടും ഈള് കടി വിട്ടില്ല.." തങ്കം അഭിമാനത്തോടും ആഹ്ലാദത്തോടും പറഞ്ഞു.

നങ്കി അതിശയത്തോടെ കൊലുസ്സിനെ നോക്കി.

"അപ്പൊ കൊലുസ്സ് അങ്ങന ചെയ്ദില്ലാര്ന്നേ ഓൻ ന്റ മനിസന്റ കൈയ്യ് വലിച്ചൂരി മണ്ണീ ഇട്ടേന...

ഈള് ഈൾട അപ്പന രച്ചിച്ചയാന്ന് ഞാ എടക്കെട പറേം... അപ്പൊ നെന്റ മുരുഗണ്ണന്റ ചിരി കാണാനൊള്ളയാ..." തങ്കം പതിഞ്ഞ സ്വരത്തിൽ പറഞ്ഞു ചിരിച്ചു.

നങ്കി വാത്സല്യത്തോടെ കൊലുസ്സിനെ തലോടി.

"ഉച്ചക്ക് തിന്നാൻ കാലാവ്മ്പോ നിയ്യ് ഈട വരണം കേട്ടാ നങ്കീ.."

"വേണ്ടാക്കാ... ഇപ്പൊ കഴിച്ചേ ശരിക്കും നെറഞ്ഞു. ന്റ പള്ള മാത്രല്ല.... മനസ്സും.."

"നിയ്യ് ആട തന്ന നിക്കാൻ തീര്മാനിച്ചാ..?"

"ഉം....

ഒടന തന്ന മല്ലിക്ക്...മല്ലിക്ക്...രണ്ടാതും വയറ്റിലൊണ്ടാകും...ഒറപ്പാ.. അപ്പൊ... അപ്പൊ ഓൾഡ കൊച്ചിന നോക്കണം...ഓളെന്നോട് വാക്ക് വാങ്ങിച്ചതാ..

ന്റ പേറ് കഴ്ഞ്ഞ് വര്മ്പോ ന്റ കൊച്ചിനേം ഓൾഡ കൊച്ചിനേം ഞാ തന്ന നോക്കണോന്ന്.. ഓള് കൊച്ച്പെണ്ണല്ലേ... രാത്ത്റി ഒറക്കമൊയ്ഞ്ഞ് ഇരിക്കാനൊന്നും വയ്യാന്ന്...

പ്പോ ഓൾക്ക് കൊറച്ച് മാറ്റോക്ക ഒണ്ടേലും, ന്റ സഹായം ന്തായാലും വേണ്ടി വരും... അദ്ന് ഞാ ആട വേണം.. അമ്മാ നോക്കില്ല.. ഒറപ്പാ..." വിതുമ്പൽ കടിച്ചമർത്തി നങ്കി പറഞ്ഞു തീർത്തു.

"നീയ്യെന്തോക്കെയാ നങ്കിപ്പെണ്ണേ യ്യി പറേന്നേ...നെന്ന വേണ്ടാത്തോര്ടത്ത് ന്തിനാ നിയ്യ് നിക്ക്ന്നേ..."

നിറഞ്ഞു തുളുമ്പിയ കണ്ണുകളോടെ നങ്കി തങ്കത്തിനെ നോക്കി.

"ഓളേം കൊച്ചിനേം രഷിക്കാനാ ഞാ നോക്ക്ന്നേ... പശ്ശെ....

ന്നലെ രാത്ത്റി ആ കുഞ്ഞ് കരഞ്ഞത് പ്പോഴും ന്റ കാതീന്ന് പോയിട്ടില്ല... അദ്ന് ഒന്നും പറ്റര്ത്... ഓള് പെറ്റതാണേലും, ന്റ നെഞ്ചിന്റ ചൂട് തട്ടി ഒറങ്ങീര്ന്ന കൊച്ചാ... അദ്ന വിട്ട് ഞാ ഏടേം പോഗില്ല...

വെശന്ന് അദ് കരഞ്ഞപ്പോ.. ന്റ നെഞ്ജീന്ന് പാലൊഴുക്വാര്ന്ന്... ന്റേം മോനായോണ്ടല്ലേ അങ്ങന വന്നേ... ങ്‌ഹേ.. അല്ലേക്കാ..." നങ്കിയുടെ കൈകൾ തങ്കത്തിന്റെ കൈകളെ വരിഞ്ഞു മുറുക്കി

"നിയ്യെന്താ കാണിക്ക്ന്നേ.. ന്റെ കൈയ്യ് നോവ്ന്ന് നങ്കീ.. വിട് നിയ്യ്..."

പുറത്തെ ശബ്ദം കേട്ട് പെരയ്ക്കുള്ളിൽ നിന്നും മുരുകൻ ഇറങ്ങി വന്നു.

"ന്താ... ന്താ യീട..?"

നങ്കി പെട്ടെന്ന് തങ്കത്തിന്റെ കൈയ്യിലെ പിടുത്തം വിട്ടു.

"ഞാ... ഞാ പോണ്... ന്റ കൊച്ച് കരയ്യാവും..പിന്ന വരാ..." നങ്കി വെപ്രാളത്തിൽ പറഞ്ഞു.

"നെനക്കെന്താ പറ്റിയെ നങ്കി...? ആ സ്സാറിന പറ്റി ഈള് പിന്നേം ന്തേലും ചോയ്ച്ചാ..." മുരുകൻ തങ്കത്തിനെ കടുപ്പത്തിൽ നോക്കിക്കൊണ്ട് നങ്കിയോട് ചോദിച്ചു.

"അദൊന്നുവല്ല...ആ പെരേലോട്ട് പിന്നേം പോഗ്ണ്ട കാരിയമെന്താന്ന് ചോയിച്ചയാ ഞാ...!

"ഓള് അദേ പറ്റി ഒക്ക മുമ്പേ പറഞ്ഞയല്ലേ.. പിന്നേം  നീയ്യെന്തിനാ കുത്തി കുത്തി ചോയ്ക്ക്ന്നേ...

നിയ്യ് പ്പോ പോ നങ്കി...യിനീം നിന്നാ ലച്ച്മീക്കായോ  സിവനോ തെരക്കി വന്ന് ഒര് ചണ്ടയൊണ്ടാകും. ന്തിനാ വെറ്തെ... "

നങ്കി തലയാട്ടിക്കൊണ്ട് തങ്കത്തിനെ നോക്കി.

"കൈയ്യ് ഒര്പാട് നൊന്താക്കാ..."

"പ്പോ മാറി..." തങ്കം തെളിഞ്ഞ ചിരിയോടെ പറഞ്ഞു.

"മ്മ്....ഞാ പിന്ന വരാ...." തങ്കത്തിന്റെ കൈയ്യിൽ മെല്ലെ തൊട്ടു കൊണ്ട് നങ്കി തിരിയെ നടന്നു.

                                     ▪️◼️▪️

കുഞ്ഞിന്റെ കരച്ചിൽ കേട്ട് കൊണ്ടാണ് നങ്കി വീടിനുള്ളിലേക്ക് ചെന്നു കയറിയത്. മുറിക്കുള്ളിൽ നിന്നും മല്ലികയുടെ പിറുപിറുക്കലുകൾ കേൾക്കാം.

ലക്ഷ്മിയമ്മയെ എങ്ങും കാണാത്തതിന്റെ ധൈര്യത്തിൽ നങ്കി മല്ലികയുടെ മുറിയിലേക്ക് നടന്നു.

കട്ടിലിൽ പഴന്തുണി പോലെ കിടക്കുന്ന കുഞ്ഞിലാണ് നോട്ടം ചെന്ന് പതിഞ്ഞത്. മല്ലിക തുണിയൊക്കെ പെറുക്കി മടക്കി വക്കുകയാണ്.

തൊണ്ട കീറി കരയുന്ന കുഞ്ഞിനെ വക വയ്ക്കാതെ നിൽക്കുന്ന മല്ലികയെ മനസ്സിൽ തോന്നിയ ദേഷ്യത്തോടെ തന്നെ വിളിച്ചു.

"മല്ലീ..."

ഏതോ ചിന്തയിൽ നിന്നും ഞെട്ടിയുണർന്ന പോലെ മല്ലിക തല ഉയർത്തി നോക്കി. വാതില്ക്കൽ നങ്കിയെ കണ്ടതും ചോദ്യ ഭാവത്തിൽ നെറ്റിചുളിച്ചു.

"കൊച്ച് കരേന്ന കേക്ക്ന്നില്ലേ നീയ്.."

"ന്റ കൊച്ചല്ലേ കരേന്നേ അദ്ന് ച്ചേയിക്കെന്താ...?" മല്ലികയുടെ മറുചോദ്യം ശരവേഗത്തിൽ വന്നു.

"ഓ... ആ വിളി മറന്ന്ട്ടില്ലാ..." നങ്കി മന്ദഹസിച്ചു.

"ച്ചേയിക്കിപ്പോ ന്താ വേണ്ട..?" മല്ലിക നങ്കിയ്ക്ക് മുന്നിലേക്ക് പാഞ്ഞു വന്നു.

"കൊച്ചിന്റ കരച്ചില് മാറണം.."

"ഞാ പെറ്റ കൊച്ചാ... ച്ചേയി ന്റ കൊച്ചിന ഓർത്ത് സങ്കടപ്പെടണ്ടാ. ന്റ കൊച്ച് കരയ്യോ ചിരിക്കോ ന്തേലും ചെയ്ദോട്ട.. ചെലപ്പ ഞാ ഇദിന തല്ലി കൂട കരയിക്കും, ചോയ്ക്കാൻ ആരും ന്റഡ്ത്ത് വരണ്ടാ.."

ചെകിട്ടത്തൊരടി ആയിരുന്നു നങ്കിയുടെ മറുപടി. മല്ലികയുടെ കാതിൽ നിന്നും കമ്മൽ നിലത്തേക്ക്  തെറിച്ചു വീണു.

"നിയ്യ് പെറ്റ കൊച്ച് തന്നാ. പശ്ശെ ആരോടേലും ഒള്ള കലി കൊച്ചിന്റ മേല തീർത്താ നെനക്കൊള്ളത് ഞാ തരും ഇങ്ങന തന്ന..."

നങ്കി മുറിവിട്ടിറങ്ങിയതും മല്ലിക തുളുമ്പിയ കണ്ണുകളോടെ വാതിൽ കൊട്ടിയടച്ചു.

മുറിയിലെത്തിയിട്ടും നങ്കിയുടെ ദേഷ്യം ശമിച്ചിരുന്നില്ല. ചുമരിലേക്ക് കൈ ആഞ്ഞടിച്ച് നങ്കി ഉള്ളിലെ ചൂട് കുറച്ചു.

കുഞ്ഞിന്റെ കരച്ചിൽ നിന്നിരുന്നു. മാറിന്റെ ഭാരം കൂടുന്നതായി നങ്കിക്ക് തോന്നി. താൻ പെറ്റ കുഞ്ഞിന്റെ മുഖം മനസ്സിലേക്ക് ഇരച്ചു കയറിയപ്പോൾ നങ്കി ഒരു തേങ്ങലോടെ നിലത്തേക്ക് ചുരുണ്ടിരുന്നു.

ലക്ഷ്മിയമ്മയുടെ സ്വരമാണ് മയക്കത്തിൽ നിന്നുമുണർത്തിയത്.

"സിവനിങ്ങ് വരട്ട്.. ഓൻ ഈടന്ന് പോയ പൊറകെ ചമഞ്ഞൊര്ങ്ങി ഏടാ ഓള് പോയേന്ന് എൻക്കറിയാ...ഓനിങ്ങ് വരട്ട്..."

നങ്കി ജനാലയ്ക്ക് പുറത്തേക്ക് നോക്കി.
നേരം ഉച്ചയോടടുത്തിരുന്നു.

നങ്കി കേൾക്കാനായി പിന്നെയും ഉച്ചത്തിൽ ലക്ഷ്മിയമ്മ എന്തൊക്കെയോ വിളിച്ചു പറയ്യുന്നുണ്ടായിരുന്നു.

ഒന്നിനും മനസ്സ് കൊടുക്കാതെ നിലത്തേക്ക് ചരിഞ്ഞു കിടന്നു. മാറിലെ വേദന കൈകളിലേക്കും പടർന്നിരിക്കുന്നു. മുറിയിലെ ഇരുട്ടിലേക്ക് ഇഴഞ്ഞു നീങ്ങി നങ്കി ഉറഞ്ഞു കൂടിയ വേദനയെ ബലമായി അമർത്തി. പാൽമണം ചേലഞൊറികൾക്ക് മേലെ പരന്നു.

നിറഞ്ഞു തുളുമ്പുന്ന മിഴികളും മാറും ഇരുട്ടിലൊളിപ്പിച്ച് നങ്കി മുറിയുടെ മൂലയിൽ ചുരുണ്ടു കൂടി.

                                     
                                     ▪️⚫️▪️


കുഞ്ഞിന്റെ കരച്ചിൽ കേട്ട് ഞെട്ടി ഉണരുമ്പോൾ, എന്തോ സ്വപ്നം കണ്ട പരവേശത്തിലായിരുന്നു നങ്കി. ഒരു ഞൊടി വേണ്ടി വന്നു ശരീരത്തിനേയും മനസ്സിനേയും വർത്തമാനകാലത്തിലേക്ക് കൊണ്ടു വരാൻ.

മുറിയിലെ മങ്ങലിൽ അമ്പരന്ന് ജനാലയ്ക്ക് പുറത്തേക്ക് മിഴി നീട്ടിയപ്പോഴാണ് നേരം സന്ധ്യയോട് അടുത്തിരിക്കുന്നുവെന്ന് തിരിച്ചറിഞ്ഞത്. ഇത്ര നേരം സകലതും മറന്ന് എങ്ങനെ ഉറക്കത്തിലാണ്ടു പോയി എന്ന് ആശ്ചര്യത്തോടെ ആലോചിച്ചിരിക്കുമ്പോഴാണ് മനസ്സിനെയും ചിന്തകളെയും ശരീരത്തെയും ഒരു കുഞ്ഞ് രോദനം പിടിച്ചുലച്ചത്.

മുറിക്ക് പുറത്തേക്കിറങ്ങി മല്ലികയുടെ മുറിയിലേക്ക് കണ്ണെത്തി നോക്കി. കതക് ചാരിയിട്ടിരിക്കുകയാണ്. ശിവൻ വന്നിട്ടുണ്ടാകുമെന്ന് ഊഹിച്ച് മറപ്പുരയിലേക്ക് നടന്നു. മാറിന്റെ നൊമ്പരം കൂടിയിരിക്കുകയാണ്. ശരീരമാസകലം വേദന പൊതിഞ്ഞിരിക്കുന്നു.

മറപ്പുരയിൽ നിന്ന് പുറത്തിറങ്ങിയപ്പോഴും കുഞ്ഞിന്റെ കരച്ചിലിന് ഒരയവും വന്നിട്ടില്ലെന്ന് നങ്കി ശ്രദ്ധിച്ചു.

മനസ്സ് കുഞ്ഞിനരികിലേക്ക് ആഞ്ഞതും, ശരീരം അതിനെ പിന്തുടർന്ന് പാഞ്ഞു.

അനുവാദം ചോദിക്കാനോ കാത്തു നിൽക്കാനോ മെനക്കെടാതെ നങ്കി മല്ലികയുടെ മുറിയിലേക്ക് ഓടിക്കയറി. ഒറ്റ നോട്ടത്തിൽ മുറി ശൂന്യമായിരുന്നു.

കട്ടിലിൽ നിന്നും കുഞ്ഞിന്റെ തളർന്ന കരച്ചിൽ കേട്ടതും നങ്കിയുടെ കണ്ണുകൾ കട്ടിലിനെ പൊതിഞ്ഞു. അസ്ഥി കോലം പോലെ കണക്കെ കിടക്കുന്ന കുഞ്ഞിനെ കണ്ടതും നങ്കിയുടെ നെഞ്ചം ഉരുകി. മാറിൽ പാൽ ചുരന്നു. തൊട്ടടുത്ത നിമിഷം ഒന്നുമാലോചിക്കാതെ കുഞ്ഞിനെ വാരിപ്പുണർന്ന് മാറോട് ചേർത്ത് നങ്കി ഏങ്ങലടിച്ചു.

മുലപ്പാൽ നാവിൽ നുണഞ്ഞ നിമിഷം കുഞ്ഞിന്റെ മിഴി തോർന്നു, നങ്കിയുടെയും. നെഞ്ചിന്റെ ചൂടിലേക്ക് കുഞ്ഞിനെ വീണ്ടും വീണ്ടും അണച്ചു പിടിച്ച് നങ്കി നിർവൃതി പൂണ്ടു.

"ഡീ..." കാതിനെ പ്രകമ്പനം കൊള്ളിക്കുമാറ് ലക്ഷ്മിയമ്മയുടെ അലർച്ച മുഴങ്ങിയത് പെട്ടെന്നായിരുന്നു.

നങ്കി ഞെട്ടിത്തിരിഞ്ഞു.

"അയ്യോ... ന്റ കൊച്ചിന് നഞ്ഞ് കൊട്ത്ത് കൊന്നേ... യ്യി കെട്ടോള്..." അലമുറയിട്ട് ആർത്തലച്ച് ലക്ഷ്മിയമ്മ പാഞ്ഞു വന്ന് കുഞ്ഞിനെ, നങ്കിയുടെ ചൂടിൽ നിന്നും വലിച്ചെടുത്തു.

"അമ്മാ..." നങ്കി ദയനീയമായി വിളിച്ചു.

"മാറടീ..." കുഞ്ഞുമായി ലക്ഷ്മിയമ്മ പുറത്തേക്കോടി.

കിണറ്റിൻ ചോട്ടിലേക്കായിരുന്നു അവർ പാഞ്ഞ് ചെന്ന് നിന്നത്. ചരുവത്തിൽ നിന്നും വെള്ളം മൊന്തയിൽ മുക്കി എടുത്ത് കുഞ്ഞിന്റെ പിഞ്ചു ദേഹത്തിലേക്ക് തലവഴിയേ ഒഴിക്കുമ്പോഴും നങ്കിയെ ഉറക്കെ ശപിക്കുന്നുണ്ടായിരുന്നു.

കിണറ്റു വെള്ളത്തിന്റെ ഉറഞ്ഞ തണുപ്പിൽ ആ കുഞ്ഞ് ശരീരം വിറങ്ങലിച്ചു നിലവിളിച്ചു.

നങ്കി ഓടി വന്ന് അവരെ തടയാൻ ശ്രമിച്ചു.

"അമ്മാ കുഞ്ഞ് കൊച്ചായിദ്, മദി നിറ്ത്ത്...ചത്ത് പോകും യ്യി പാവം..."

"ചാകൂടി. എൻക്കറിയ്യാദ്. നഞ്ഞ് നെറഞ്ഞ നെന്റ മൊലപ്പാല് കൊട്ത്തതേ ഇദിന കൊല്ലാനല്ലേ.. പാപീ..."

"വെഷന്ന് കരഞ്ഞ കൊച്ചിന്റ വെഷപ്പ് മാറ്റ്കയാ ഞാ ചെയ്ദെ. അല്ലാത വെഷം കൊട്ക്കയല്ല.."

"നിയ്യാരാഡീ യ്യി കൊച്ചിന്റ വെസപ്പ് മാറ്റാന്...നെന്റ ഉള്ള് നെറയെ നഞ്ഞാ... അദ് നീയ്യ് കെട്ടവളായോണ്ടാ. വയറ്റീ കെടന്നതും പിന്ന പൊറത്ത് വന്നേം ഒക്ക ഉയിരില്ലാത്ത കൊച്ച്ങ്ങളായത് അദ് കൊണ്ട് മാത്തറാ. യെനി യ്യി കൊച്ചിന കൂട നെന്റ നഞ്ഞ് കൊട്ത്ത് കൊല്ലാൻ നോക്കീതല്ലേഡീ നിയ്യ്..." ലക്ഷ്മിയമ്മ വായിൽ വന്നതൊക്കെ വിളിച്ചു കൂവി.

"ന്റ കൊച്ചിന ഞാ കൊന്നൂന്ന് യിനി പറഞ്ഞാ..." രൂക്ഷമായി ലക്ഷ്മിയമ്മയെ നോക്കി നങ്കി മുരണ്ടു.

നങ്കിയുടെ അപ്പോഴത്തെ ഭാവം അവരെ ഒന്ന് ഭയപ്പെടുത്തി.

"ന്താ.. ന്താ യീട?" കനത്ത ശബ്ദത്തിൽ ചോദ്യമുതിർത്ത് ശിവൻ അവർക്കിടയിലേക്ക് കടന്നു വന്നു.

"ടാ സീവാ... യ്യി കെട്ടോള് നെന്റ കൊച്ചിന് ഓൾഡ നഞ്ഞ് നെറഞ്ഞ പാല് കൊട്ത്ത്..."

തുറിച്ച കണ്ണുകളോടെ ലക്ഷ്മിയമ്മയിൽ നോട്ടമുറപ്പിച്ച് നിൽക്കുന്ന നങ്കിയെ ശിവൻ അടിമുടി നോക്കി.

കൈ വിരലുകൾ നിവർത്തുകയും മടക്കുകയും, കാൽ വിരലുകൾ മണ്ണിനെ ചവുട്ടിത്തിരുമ്മുകയും ചെയ്യുന്ന നങ്കിയെ ശിവൻ ആസ്വദിച്ചു.

"നിയ്യെന്താടാ മിണ്ടാത്ത...?" ലക്ഷ്മിയമ്മ അരിശത്തോടെ ചോദിച്ചു.

"ഈൾട കൂട കൊച്ചല്ലേ...പാല് കൊട്ത്തേല് ന്താ കുറ്റം.." നങ്കിയുടെ ഒരു നോട്ടം പ്രതീക്ഷിച്ച് ശിവൻ പറഞ്ഞു.

പക്ഷേ ലക്ഷ്മിയമ്മയുടെ മുഖത്ത് നിന്നും നങ്കിയുടെ ദൃഷ്ടിക്ക് ചലനമുണ്ടായില്ല.

"നീയ്യെന്താടാ പറേന്നേ. ചത്ത കൊച്ചിന പെറ്റോളാ ഈള്..."

"അദ്ന് നിങ്ങക്കെന്താ. ചത്തതും ഇപ്പൊ ഉയിരോട ഈട ഒള്ളതും ന്റ കൊച്ച് തന്നല്ലേ. ഈൾക്ക് ന്റ പെണ്ണായി യ്യി പെരേല് തങ്ങാനൊള്ള അവകാസം ഒണ്ടേല്, എൻക്കൊണ്ടായ കൊച്ചിലും അവകാസം ഒണ്ട്.." ശിവൻ നങ്കിയ്ക്കരികിലേക്ക് നടന്നു ചെന്നു.

"യ്യി കുലം മുടിയാന് യിനി വേറൊന്നും വേണ്ടാ... ന്റ മാഡൻ തമ്പിരാനെ.." ലക്ഷ്മിയമ്മ നെഞ്ചത്ത് കൈ വച്ച് നിലവിളിച്ച് കുഞ്ഞുമായി തിണ്ണയിൽ പോയിരുന്നു.

പതം പറഞ്ഞുള്ള അവരുടെ കരച്ചിൽ മുഴങ്ങി കേൾക്കുന്നുണ്ട്.

ചുമലിൽ ശിവന്റെ കൈ സ്പർശം അറിഞ്ഞതും നങ്കി ഞെട്ടിപ്പിടഞ്ഞ് മാറി.

"ആ കൊച്ചില് നെനക്ക് അവകാസം വേണേല്... എൻക്ക് നെന്നേലും എല്ലാ അതികാരോം വെണോം. അങ്ങന ഒണ്ടായാ ഈട ആരും നെന്ന ഫരിക്കാന് വരില്ല.." വക്രിച്ച ചിരിയോടെ ശിവൻ പറഞ്ഞു.

"ന്റനീത്തീട കൊച്ചാ അദ്. ഞാ പെറ്റില്ലേലും ന്റ കൊച്ചു കൂടാ. അദ്ന് യിനി ആര്ടേം സമ്മദം എനിക്ക് വേണ്ട. കൊച്ചിന കാട്ടി കൂട പൊറുപ്പിക്കാന്ന് കനവും കാണണ്ട..."

"യെഡി..."

"ഡാ സീവാ... ഇന്ന് നിയ്യ് വേലക്ക് പോയ പൊറകെ ഓള് ഓൾക്ക് വേണ്ടോര കാണാൻ പോയീ..." ലക്ഷ്മിയമ്മ എഴുന്നേറ്റ് അവർക്കിടയിലേക്ക് വന്നു, പുതിയ കനലുമായി.

ചോദ്യഭാവത്തിൽ ശിവൻ അമ്മയെ നോക്കി.

"ആ തങ്കത്തിനേം ഓൾഡ കെട്ടിയവനേം കാണാന്.."

ദേഷ്യം വലിഞ്ഞു മുറുകിയ മുഖത്തോടെ ശിവൻ നങ്കിയെ നോക്കി.

"എനി യ്യി പെരേന്ന് ഓരെ കാണാനായ് നിയ്യ് പോകര്ത്..." താക്കീതെന്ന പോലെ ശിവൻ മുന്നറിയിപ്പ് കൊടുത്തു.

"കാണാതിരിക്കാൻ ഓരെന്ത് കുറ്റാ ചെയ്ദെ..?"

"ഓര്ട കുറ്റോം കൊറവും എൻക്കറിയ്യാ..നിയ്യിനി ആട പോഗല്ലും. അത്തറ തന്ന.. ഇന്ന് പോയിട്ട് കണ്ടല്ല ഞാ കൊട്ത്ത സമ്മാനം. എനീം ന്ന കൊണ്ട് അങ്ങന ചെയ്യിക്കര്ത്.."

"ആ പാവ്വങ്ങളോട് അങ്ങന ചെയ്യാന് എങ്ങന തോന്നി.. നിങ്ങള് ഊര് സഞ്ചാരത്തിന് പോയപ്പോ ഒരേ ഒണ്ടാര്ന്നൊള്ള് കൂട നിക്കാന്. ന്നിട്ട്.... ഛെ..."

"ഓര് കൂട നിന്നേന്റ കൊണമൊന്നും നിയ്യ് പറേണ്ട. നെന്റ വയറ്റി കൊച്ചിന ഒണ്ടാക്കാനും അതിന കൊല്ലാനും ഓര് തന്നാ കൂട നിന്നേ..." ലക്ഷ്മിയമ്മ പറഞ്ഞു തീർന്നതും നങ്കിയുടെ കൈ അവരുടെ തൊണ്ടയിൽ പിടുത്തമിട്ടു.

"ഇനി വായീ വര്ന്ന അഴ്ക്ക്‌ ന്റ മേല തൂവിയാ നിങ്ങട കൊരവള്ളി കടിച്ചെടുക്കും ഞാന്...ന്റ അപ്പന്റേം അമ്മേടേം സ്താനാ ഓർക്കൊള്ളേ.. ഓര പറ്റി പറഞ്ഞാ.." സകല നിയന്ത്രണവും വിട്ട് നങ്കി അമറി.

ലക്ഷ്മിയമ്മ ശ്വാസം കഴിക്കാൻ പാട് പെട്ട് കണ്ണ് തള്ളി.

"അയ്യോ അമ്മാ....!!!" ശിവന്റെ എളേതുങ്ങൾ വിളിച്ചു കൂവി.

കാഴ്ചക്കാരനെപ്പോലെ നിന്ന ശിവൻ, ലക്ഷ്മിയമ്മയുടെ മരണവെപ്രാളം കണ്ടതും ഓടിച്ചെന്ന് ബലമായി നങ്കിയെ പിടിച്ചു മുറ്റത്തേക്ക് തള്ളിയിട്ടു.

നങ്കിയുടെ പിടുത്തം വിട്ടതും ആഞ്ഞു ശ്വാസം വലിച്ച് ലക്ഷ്മിയമ്മ നിന്നു ചുമച്ചു.

"ഓര പറഞ്ഞാ നെൻക്ക് നോവ്വോ..." ശിവന്റെ കൈ നങ്കിയുടെ മുടിക്കുത്തിൽ പിടുത്തമിട്ടു.

സർവ്വശക്തിയുമെടുത്ത് നങ്കി ശിവന്റെ പിടുത്തത്തിൽ നിന്നും മോചിതയായി.

"നോവ്വും. നിങ്ങള പ്പോല നന്ദികേട് ഞാ പഠിച്ചിട്ടില്ല..."

"ഡീ...." അരിശത്തോടെ ശിവൻ കൈ ആഞ്ഞു വീശി.

പതറാതെ നങ്കിയുടെ കൈ ശിവന്റെ കൈയ്യിൽ പിടുത്തമിട്ടു.

"കൊല്ലടാ സിവാ ഓള..." ലക്ഷ്മിയമ്മ അടഞ്ഞ ശബ്ദത്തിൽ ആക്രോശിച്ചു.

"ന്ന തൊട്ടാ.. നെന്ന കൊന്നിട്ടെ ഞാ ചാവൂ..." ശിവന്റെ കൈയിലെ പിടി വിടാതെ തുറിച്ച കണ്ണുകളോടെ പല്ല് കടിച്ച് ഞെരിച്ചു പിടിച്ചു കൊണ്ട് നങ്കി പറഞ്ഞു.

"ഓള് വിളിച്ച കേട്ടാ നീയ്യെന്ന്...." ലക്ഷ്മിയമ്മ എരി തീയിലേക്ക് എണ്ണയൊഴിച്ചു കൊണ്ടിരുന്നു.

"നെന്റ ഉസിര് എന്നോടാ... ഞാ ഒന്ന് പിടിച്ചാ നിയ്യ് ന്റ  കാലീ പറ്റി കെട്ക്കും..

ആര കണ്ടാഡി നിയ്യ് തുള്ള്ന്നേ.. ആ മുരുഗനേയാ... അധോ ആ പൊറംന്നാട്ട്കാരനേയാ..."

"നീയ്യൊന്ന് പിടിച്ച് നോക്ക്...." വാശിയോടെ അതിലേറെ വൈരാഗ്യത്തോടെ നങ്കി ശിവനെ നോക്കി.

പോർക്കോഴികളുടെ ഭാവത്തിൽ, മുറ്റത്ത് മണ്ണിൽ രണ്ട് എതിരാളികളെപ്പോലെ നങ്കിയും ശിവനുമിരിക്കുന്ന കാഴ്ച കാണാൻ അയല്പക്കത്തും നടവഴിയിലും ആള് കൂടി.

രാവിലേക്കുള്ള യാത്രയുടെ മുന്നോടിയായി ഇരുള് പടർന്നു തുടങ്ങിയിരുന്നു.

ഉലഞ്ഞ ചേലയും അഴിഞ്ഞ കേശവുമായി കിതപ്പോടെ നങ്കി, ശിവനെ വെല്ലുവിളിക്കും മട്ടിലിരുന്നു.

ഇര കണ്ട ചെന്നായയെപ്പോലെ പരിസരം മറന്ന് ശിവൻ നങ്കിക്ക് മേലെ ചാടി.

എന്നാൽ, അതിനേക്കാളേറെ വേഗത്തിൽ, ശിവന്റെ അടിനാഭിക്ക് മേലെ നങ്കിയുടെ കാല് ഉയർന്നു പൊങ്ങി താണു.

ഒരലർച്ചയോടെ ശിവൻ പിന്നിലേക്ക് തെറിച്ചു വീണു.

നാവിറങ്ങിപ്പോയത് പോലെ ലക്ഷ്മിമ്മ വാ പൊത്തി പിടിച്ചു.

സകല നിയന്ത്രണവും നഷ്ടമായത് പോലെ നങ്കി മണ്ണിൽ തന്നെ ശില കണക്കെയിരുന്നു.


തുടരും.....

💜💜💜💜✍️






അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ