2022 ഫെബ്രുവരി 21, തിങ്കളാഴ്‌ച

നങ്കി 2️⃣2️⃣


©️ Copyright Protected

🌺🌺🌺🌺

"നീയ്യൊന്ന് പിടിച്ച് നോക്ക്...." വാശിയോടെ അതിലേറെ വൈരാഗ്യത്തോടെ നങ്കി ശിവനെ നോക്കി.

പോർക്കോഴികളുടെ ഭാവത്തിൽ, മുറ്റത്ത് മണ്ണിൽ രണ്ട് എതിരാളികളെപ്പോലെ നങ്കിയും ശിവനുമിരിക്കുന്ന കാഴ്ച കാണാൻ അയല്പക്കത്തും നടവഴിയിലും ആള് കൂടി.

രാവിലേക്കുള്ള യാത്രയുടെ മുന്നോടിയായി ഇരുള് പടർന്നു തുടങ്ങിയിരുന്നു.

ഉലഞ്ഞ ചേലയും അഴിഞ്ഞ കേശവുമായി കിതപ്പോടെ നങ്കി, ശിവനെ വെല്ലുവിളിക്കും മട്ടിലിരുന്നു.

ഇര കണ്ട ചെന്നായയെപ്പോലെ പരിസരം മറന്ന് ശിവൻ നങ്കിക്ക് മേലെ ചാടി.

എന്നാൽ, അതിനേക്കാളേറെ വേഗത്തിൽ, ശിവന്റെ അടിനാഭിക്ക് മേലെ നങ്കിയുടെ കാല് ഉയർന്നു പൊങ്ങി താണു.

ഒരലർച്ചയോടെ ശിവൻ പിന്നിലേക്ക് തെറിച്ചു വീണു.

നാവിറങ്ങിപ്പോയത് പോലെ ലക്ഷ്മിമ്മ വാ പൊത്തി പിടിച്ചു.

സകല നിയന്ത്രണവും നഷ്ടമായത് പോലെ നങ്കി മണ്ണിൽ തന്നെ ശില കണക്കെയിരുന്നു.


✍️

"മല്ലികേ...." ആർത്ത നാദത്തിൽ ലക്ഷ്മിയമ്മയുടെ വിളി കേട്ട് നങ്കി തല ഉയർത്തി.

മുറ്റത്തേക്ക് കയറാനുള്ള ഒതുക്ക് കല്ലിൽ ചവുട്ടി മല്ലിക നിൽക്കുന്നു, കാഴ്ചക്കാരുടെ കൂട്ടത്തിൽ.

"നെന്റ കൊച്ചിന് ഈള് നഞ്ഞ് കലന്ന പാല് കൊട്ത്ത്.. അദ് ചോയിച്ചേന് കാട്ടിക്കൂട്ടിയേക്ക്ന്ന കണ്ടാ... ന്റ സിവന തൊഴ്ച്ചിട്ട് ന്റ തൊണ്ട കുത്തി പൊളിക്കാൻ നോക്കി..." ലക്ഷ്മിയമ്മ ഏങ്ങലടിച്ചു കരച്ചിൽ തുടർന്നു.

മാടൻ കോവിലിലെ പ്രസാദമിരുന്ന ഇലച്ചാന്ത് നിലത്തേക്കിട്ട് കൊണ്ട് മല്ലിക മുറ്റത്തേക്ക് നടന്നു.

ശിവൻ മണ്ണിൽ കിടന്ന് പുളയുന്നുണ്ട്.

ലക്ഷ്മിയമ്മയുടെ കൈയ്യിൽ നിന്നും കുഞ്ഞിനെ വാങ്ങി മല്ലിക നങ്കിയ്ക്കരികിലേക്ക് വന്നു.

"ന്താ നിങ്ങക്ക് വേണ്ടേ... ന്റ കൊച്ചിനയാണാ...?"

നങ്കിയുടെ നോട്ടം കുഞ്ഞിലേക്ക് നീണ്ടു.

"ചത്ത കൊച്ചിന പെറ്റ നിങ്ങ്ള് ന്റ കൊച്ചിന കൂട കൊല്ലാനാണാ നോക്കിയേ...

കൊറേ നാള് ചത്ത ഒടലുകൾക്ക് കാവല് നിന്നില്ലേ... എനീം നിങ്ങ്ള് ഈട നിന്നാ ഇദിന കൊന്നിട്ട് ഞാ കൂട ചാകും. പിന്ന ന്റേം യ്യി കൊച്ചിന്റ ഒടലിന് കൂട കാവല് നിക്കേണ്ടി വരും.."

നീർ പളുങ്ക് പോലെ കണ്ണീർ തുള്ളികൾ നങ്കിയുടെ കവിളിലൂടെ ഒലിച്ചിറങ്ങി.

"കല്ലെറിഞ്ഞ് ഊരീന്ന് ഓട്ടിക്കണം യീള... കെട്ടിയ പുരുസന ചവിട്ടിയോളാ..." ലക്ഷ്മിയമ്മ വെറി പൂണ്ട പോലെ വിളിച്ചു പറഞ്ഞു.

"നിന്ന് കാറാത ന്ന പിടി തള്ളേ..." ശിവൻ മെല്ലെ എഴുന്നേറ്റിരുന്ന് അമറി.

"വന്ന് പിടിക്കെഡീ അണ്ണന..." ലക്ഷ്മിയമ്മ പെണ്മക്കളെ കൂട്ട് വിളിച്ച് മകനെ താങ്ങി എഴുന്നേൽപ്പിച്ചു.

"ന്ത്‌ നോക്കി നിക്ക്വാഡാ... ല്ലാം പോ ന്റ മുറ്റത്തൂന്ന്..." അഭിമാനത്തിനേറ്റ ക്ഷതത്തിന്റെ മുറിപ്പാട് ശിവന്റെ കണ്ണുകളിൽ ചുവന്നു.

കാഴ്ചക്കാരായി നിന്നവരോട് അമർഷം പ്രകടിപ്പിച്ച് വീടിനുള്ളിലേക്ക് കയറും മുമ്പ് നങ്കിയെ നോക്കി കണ്ണുകളിലെ കനൽ ഒരിക്കൽ കൂടി ആളിച്ചു.

"ഏടേലും പൊക്കൂടെ.... ങ്ങന കല്ലായ് നിക്കാത..." മല്ലിക വീണ്ടും പൊട്ടിത്തെറിച്ചു.

നങ്കി അനിയത്തിയുടെ മുഖത്തേക്ക് നോക്കി. ആ കണ്ണുകളിലെ നീർത്തിളക്കം അപേക്ഷയോ ആജ്ഞയോ എന്ന് നിർവചിക്കാനാകാത്തതായിരുന്നു.

മുഖം വെട്ടിത്തിരിച്ച് വീടിനുള്ളിലേക്ക് നടന്ന മല്ലിക പെട്ടെന്ന് നിന്നു. തിരിഞ്ഞു നോക്കാതെ തന്നെ പറഞ്ഞു ;

"ഞാ വാഴണോ ചാകണോ ന്ന് നിങ്ങക്ക് തീര്മാനിക്കാം...പഷേ ഒന്നൂട ഓർക്കണം. ന്തായാലും ന്റ കൂട യ്യി കൊച്ചും ഒണ്ടാകും..." മണ്ണിനെ ചവുട്ടി മെതിച്ച് മല്ലിക നടന്നു പോയി.

മണ്ണിലുറഞ്ഞ ശില പോലെ പിന്നെയും ഏറെ നേരം നങ്കി ആ ഇരുപ്പ് തുടർന്നു.

കാഴ്ചക്കാരായി നിന്നവർ പിരിഞ്ഞു പോയിരുന്നു.

രാത്രിയുടെ ഇരുളും നിശബ്ദതയും നങ്കിയെ മൂടി.

അപ്പന്റെ മുഖം മനസ്സിൽ നിറഞ്ഞപ്പോൾ നങ്കിയുടെ കണ്ണുകൾ പെയ്യാൻ തുടങ്ങി.

അപ്പന്റെ മരണം....പഠിപ്പ് നിർത്തിയത്.. ചിന്നമ്മയുടെ കാർക്കശ്യം... ഇഷ്ടമില്ലാത്ത കല്യാണം... താലി കെട്ടിയവന്റെ അധികാരം... ആദ്യത്തെ ഗർഭം...അങ്ങനെ അങ്ങനെ.... മനസ്സ് പേമാരിയിലെന്ന പോലെ നനഞ്ഞു കുതിർന്നു.

ചിന്തകളുടെ കാർമേഘം മൂടിയ ഓർമകളുടെ പെയ്ത്തൊഴുക്ക് തോർന്നു തുടങ്ങിയപ്പോൾ നങ്കി എഴുന്നേറ്റു. ഒരു തിരിഞ്ഞു നോട്ടമില്ലാതെ മുറ്റമിറങ്ങി.

നടവഴിയുടെ വലത്തേക്കാണ് തിരിഞ്ഞു നടന്നത്. എപ്പോഴത്തെയും പോലെ ഇടത്തേക്ക് പോയാൽ തങ്കത്തിന്റെ വീടിനു മുന്നിലെത്തുമ്പോ നിന്നു പോകും. കൊലുസ്സ് കാണും, ശബ്ദമുണ്ടാക്കും. അങ്ങനെയൊരു സന്ദർഭം ഒഴിവാക്കാനുള്ള തീരുമാനത്തോടെയാണ് നങ്കി വലത്തേക്ക് നടന്നത്.

പക്ഷേ, എങ്ങോട്ടേക്കെന്നറിയില്ല. ഇരുണ്ട ലോകം മുന്നിൽ വിശാലമായി കിടക്കുകയാണ്. നങ്കിയുടെ കാൽച്ചുവടുകൾ ഉറച്ചതായിരുന്നു,  പതർച്ചയില്ലാതെ.

ഇരുളിനെ കീറി മുന്നോട്ട് നടക്കവേ മാറിൽ വേദന ഉറഞ്ഞു തുടങ്ങുന്നതായറിഞ്ഞതും നങ്കിയുടെ കാലുകളുടെ വേഗം കുറഞ്ഞു. നെഞ്ചിൽ കൈ വച്ച് നിന്നു. നൊമ്പരം അധികരിക്കുകയാണ്. വിങ്ങിപ്പൊട്ടാൻ വിതുമ്പുന്ന പോലെ.

മല്ലികയുടെ കുഞ്ഞിന്റെ വിശന്നു കരയുന്ന മുഖമാണ് മനസ്സിൽ നിറഞ്ഞത്. അതുവരെ ഇല്ലാതിരുന്ന തളർച്ച നങ്കിയെ പെട്ടെന്ന് മൂടി. പിന്നെ വച്ച ഓരോ ചുവടിനും നെഞ്ചിൽ കരിങ്കല്ല് വച്ചെത്ര ഭാരവും വേദനയുമായിരുന്നു.

തളർച്ചയോടെ അവശയായി നടന്നു ചെന്നു നിന്നത്. ആശുപത്രിയുടെ പിന്നിലാണ്. മോർച്ചറിയിലേക്കുള്ള വഴിയുടെ ഗേറ്റിനു മുന്നിൽ. പോകാനായി മറ്റൊരിടവും മനസ്സിലുണ്ടായിരുന്നില്ല. എല്ലാ ജീവനുകൾക്കും ഒരന്ത്യമുണ്ടല്ലോ. ആ അവസാനത്തിന്റെ ഒരു മുഖമാണല്ലോ മോർച്ചറി. ഒടുങ്ങുന്നെങ്കിൽ അനാഥ ശവമായി ഇവിടെ തന്നെ കിടക്കട്ടെ എന്ന് തീരുമാനിച്ചു.

പണ്ട് കൊലുസ്സുമായി ചേർന്ന് നട്ട ചെടികളെ തൊട്ടുരുമ്മി നങ്കി മുന്നോട്ട് നടന്നു. ആശുപത്രിയുടെ വകയായുള്ള പറമ്പിന്റെ ഒരു മൂലയിൽ, എരിഞ്ഞടങ്ങുന്ന ഒരു ചിതയുടെ കനൽ കണ്ടു. രാവിന്റെ നെഞ്ചിലേക്ക് ഇഴഞ്ഞു കയറുന്ന പുകപടലം. ആ കാഴ്ച നോക്കി കുറച്ചു നിമിഷം നിന്നു.

ആർക്കും വേണ്ടാതെ ഉപേക്ഷിക്കപ്പെട്ട ശവങ്ങളെയും, മരണപ്പെട്ട പ്രിയപ്പെട്ടവരെ അടക്കാൻ സൗകര്യമില്ലാത്ത ഊര് നിവാസികളെയും പരിഗണിച്ച് അടുത്തിടെ തുടങ്ങിയതാണ് ഈ ശ്മശാനം. ജോസഫ് സാറിന്റേതായിരുന്നു ഇങ്ങനെയൊരു തീരുമാനം. ആ നിമിഷം നന്ദിയോടെ നങ്കി ജോസഫിനെ ഓർത്തു.

ഒരിക്കൽ രക്ഷകനെ പറ്റി ജോസഫ് പറഞ്ഞതോർത്തു. ആ ഓർമ്മയിൽ മന്ദഹസിച്ചു. 'യ്യി ചുടലപ്പറമ്പാണല്ലോ എനിക്ക് ഒടുവിൽ രശ്ശയായത്..'

ചാരമായിക്കൊണ്ടിരിക്കുന്ന ചിതയെ ഒരിക്കൽ കൂടി നോക്കി നങ്കി മോർച്ചറിയുടെ കെട്ടിടത്തിനോട് ചേർന്നുള്ള ഒഴിഞ്ഞൊരു കോണിൽ ചെന്നിരുന്നു. ചേലയ്ക്ക് മേലെ പാൽമണം തുളുമ്പിത്തുടങ്ങിയിരുന്നു. അസഹനീയമായ വേദനയിൽ വിറങ്ങലിച്ച് നങ്കി ചുരുണ്ടു കൂടി.

"നഞ്ഞ് കലന്ന പാല്...."

ലക്ഷ്മിയമ്മയുടെ സ്വരം ഇരുളിൽ മുഴങ്ങി കേൾക്കുന്നു.

മണ്ണിലേക്ക് മാറിനെ അമർത്തി കമിഴ്ന്നു കിടക്കുമ്പോൾ നങ്കിയുടെ കണ്ണുകൾ വീണ്ടും പെയ്ത്തു തുടങ്ങി.

                            ▪️◾️◼️⬛️◼️◾️▪️



നേർത്ത കരച്ചിൽ കേട്ട് തല ചരിച്ചു നോക്കിയപ്പോൾ ആശ്ചര്യത്തോടൊപ്പം ആഹ്ലാദവും ഹൃദയത്തെ മൂടി.

"കൊലുസ്സേ....." വിറയാർന്ന ശബ്ദത്തിൽ നങ്കി വിളിച്ചു.

കൊലുസ്സ് നങ്കിയ്ക്കരികിലേക്ക് ചേർന്നു കിടന്നു.

എഴുന്നേറ്റിരിക്കാൻ ആവതില്ലാതെ നങ്കി പ്രയാസപ്പെട്ടു.

കൊലുസ്സ് നങ്കിയുടെ ശരീരത്തിനോട് ചേർന്ന് ചുരുണ്ടു കൂടി.

എഴുന്നേൽക്കാനുള്ള ശ്രമം ഉപേക്ഷിച്ച് നങ്കി കൊലുസ്സിനൊപ്പം തല ചായ്ച്ചു.

"നീയ്യെങ്ങാനാ കൊലുസ്സേ... ഞാ ഈട ഒണ്ടെന്ന് അറിഞ്ഞേ...." നങ്കിയുടെ കൈ കൊലുസ്സിനെ തഴുകി കൊണ്ടിരുന്നു.

"ന്റ പൊറകെ ന്തിനാ നിയ്യ് നടക്ക്ന്നേ... തങ്കാക്കേടേം മുരുഗണ്ണന്റേം കൂട നെനക്ക് തങ്ങിക്കൂടെ.."

കൊലുസ്സ് തിരിഞ്ഞ് നങ്കിയ്ക്ക് അഭിമുഖമായി കിടന്നു. നങ്കിയുടെ മുഖത്തേക്ക് തന്റെ മുഖമുരുമ്മി.

നങ്കി വാത്സല്യത്തോടെ കൊലുസ്സിന്റെ തലയിൽ തലോടി, സ്വന്തം കുഞ്ഞിനെയെന്ന പോലെ. മാറിലെ വിങ്ങൽ നങ്കിയുടെ ശരീരമാസകലം പടർന്നു.

പെട്ടെന്നെന്തോ ഒരുൾ വിളി ഉണ്ടായത് പോലെ നങ്കി എഴുന്നേറ്റിരുന്നു.

"കൊലുസ്സേ.... നീയ്യെന്റെ കൊച്ചാണാ...?" കൊലുസ്സിന്റെ മുഖം കൈക്കുമ്പിളിലാക്കി വിതുമ്പലോടെ നങ്കി ചോദിച്ചു.

"നെന്റ മേലെ ആരും ന്നോട് അവകാശം ചോദിക്കില്ല.... ജാൻസി ച്ചേച്ചിയോ.. മല്ലിയോ... ആരും. കാരണം നീയ്യെന്റ കൊച്ചാ...." നങ്കിയുടെ ചുണ്ടുകൾ കൊലുസ്സിന്റെ നെറ്റിയിൽ അമർന്നു.

"ഞാ.. ഞാ...നെനക്ക്....ഒര് കാരിയം തരട്ടെ....?"

മനസ്സിലാകാത്ത ഭാവത്തിൽ കൊലുസ്സ് നങ്കിയുടെ കൈ വെള്ളയിലേക്ക് തല ചരിച്ചു.

കൊലുസ്സിനെ തന്റെ മടിയിലേക്ക് ചേർത്തു കിടത്തി, ചേല നുറുവുകൾക്കിടയിലൂടെ മാറിലേക്ക് മുഖമടുപ്പിച്ചു.

കൊലുസ്സ് തല ഉയർത്തി നങ്കിയെ നോക്കി.

"പേടിയൊണ്ടാ നെനക്കും....നഞ്ഞ് കലന്നിട്ടില്ല കൊലുസ്സേ...." വാവിട്ട കരച്ചിലോടെ നങ്കി വാക്കുകളുതിർത്തു.

കൊലുസ്സിന്റെ കണ്ണുകളിലും നനവ് പടർന്നു. പിന്നെ സ്വയം മുഖം നങ്കിയുടെ മാറിലേക്ക് ഒളിപ്പിച്ചു.

കണ്ണുകളടച്ച് പിന്നിലെ ചുമരിലേക്ക് ചാഞ്ഞിരിക്കുമ്പോൾ നങ്കിയുടെ ചുണ്ടുകളിൽ നേർത്ത ചിരി വിടർന്നു. ആനന്ദനിർവൃതിയോടെ കൊലുസ്സിനെ തഴുകി നങ്കി പണ്ടെങ്ങോ കേട്ടു മറന്ന താരാട്ടിന്റെ ഈരടികൾ ചൊല്ലി.

ഉറക്കത്തിന്റെ കടലാഴങ്ങളിൽ ഒരുമിച്ച് അലയുന്ന രണ്ടാത്മാക്കളെ പോലെ നങ്കിയും കൊലുസ്സും തണുത്ത മണ്ണിൽ പറ്റിച്ചേർന്നു കിടന്നു.

"നങ്കീ...."

ഇരുളിൽ നിന്നും ഒരു ശബ്ദം നങ്കിയുടെ കാതിൽ വന്ന് മുട്ടി.

സ്വപ്നത്തിലെന്ന പോലെ മൂളിയതല്ലാതെ നങ്കി എഴുന്നേറ്റില്ല.

"നങ്കീ...."

വീണ്ടും, അതേ ശബ്ദം.

നങ്കി ഞെട്ടിയെഴുന്നേറ്റു. കൊലുസ്സും.

ഇരുട്ടിന്റെ പുതപ്പ് മൂടി മുന്നിൽ നിൽക്കുന്ന രൂപത്തെ ചൂഴ്ന്നു നോക്കി. ഉറക്കച്ചടവിൽ വ്യക്തമാകുന്നില്ല.

"നങ്കീ...." വീണ്ടും ആ ശബ്ദമുണർന്നു.

തിരിച്ചറിഞ്ഞിട്ടെന്ന പോലെ നങ്കിയുടെ കണ്ണുകളും.

തുടരും......✍️

💜



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ